ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, August 22, 2024

നിരന്തരമൂല്യ നിർണയം പാളിയതെവിടെ?


*നിരന്തരവിലയിരുത്തല്‍ പാളിപ്പോയതെങ്ങനെ?* 



ലോകത്തെമ്പാടും എഴുത്തുപരീക്ഷയിലൂടെ മാത്രം കുട്ടികളെ വിലയിരുത്തുന്നത് ശാസ്ത്രീയമല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷത്തെ പഠനം രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന എഴുത്തു പരീക്ഷയിലൂടെ വിലയിരുത്തുമ്പോള്‍ അത് ഓര്‍മ്മ പരിശോധന മാത്രമാകും എന്നതിനപ്പുറം കുട്ടി നേടിയ വിവിധങ്ങളായ കഴിവുകളെ കണ്ടെത്താന്‍ സഹായകവുമല്ല എന്ന് നിരീക്ഷിക്കപ്പെട്ടു. പരീക്ഷാ രീതികളില്‍ തന്നെ മാറ്റം വന്നു. എഴുത്തുപരീക്ഷ, വാചാപ്പരീക്ഷ, പ്രകടനവിലയിരുത്തല്‍ എന്നിങ്ങനെ വിവിധ സാധ്യതകള്‍ പ്രയോജനപ്പെടുത്തി. കൂടുതല്‍ കുട്ടികളെ കുറഞ്ഞ സമയം കൊണ്ട് വിലയിരുത്താന്‍ ശ്രമിക്കുമ്പോള്‍ പ്രായോഗികമായ പ്രശ്നങ്ങള്‍ ഏറെ അഭിമുഖീകരിക്കേണ്ടിയും വന്നു. ആധികാരികമായ പഠനത്തെളിവുകള്‍ക്ക് മൂല്യം കല്പിക്കണമെന്ന നിലപാടുകള്‍ ശക്തമായി. നിരന്തര വിലയിരുത്തലുംകൂടി ചേരുമ്പോഴാണ് സമഗ്രത കൈവരിക്കുകയെന്നും അത് വൈജ്ഞാനിക മേഖല മാത്രം പരിഗണിച്ചാകരുതെന്നും കുട്ടിയുടെ എല്ലാവിധ കഴിവുകളും ക്രഡിറ്റ് ചെയ്യപ്പെടണമെന്നും പുരോഗമന സമൂഹം തീരുമാനിച്ചു. തുടര്‍ന്ന് നിരന്തര വിലയിരുത്തലിന്റെ വ്യത്യസ്ത പ്രയോഗരൂപങ്ങള്‍ വികസിപ്പിക്കാനുള്ള അന്വേഷണങ്ങള്‍ നടന്നു. കേരളത്തില്‍ 1996 ല്‍ ആരംഭിച്ച പാഠ്യപദ്ധതി പരിഷ്കരണം പത്താം ക്ലാസിലെത്തിയ വര്‍ഷമാണ് അപാകതകളില്ലാത്ത വിധം പ്രായോഗികത പരിഗണിച്ച് എങ്ങനെ നിരന്തര വിലയിരുത്തല്‍ പത്താം ക്ലാസില്‍ ഉള്‍ച്ചേര്‍ക്കാം എന്ന് ആലോചിക്കുന്നത്. 2005ല്‍ നിരന്തര വിലയിരുത്തലിന് മാര്‍ഗരേഖ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. അപ്പോള്‍ത്തന്നെ അതിന്റെ പരിമിതികളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പ്രൊഫ.നൈനാൻ കോശി ചെയർമാനും എം കെ ചന്ദ്രൻ കൺവീനറുമായി രൂപീകരിച്ച കേരള വിദ്യാഭ്യാസ സമിതി 2005 ൽ പ്രസിദ്ധീകരിച്ച കേരള വിദ്യാഭ്യാസം പുതിയ സമസ്യകൾ എന്ന ലഘു ഗ്രന്ഥം നിരന്തര മൂല്യനിർണയം വഴിതെറ്റുന്നതിനെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. സംസ്ഥാന തലത്തിൽ അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചവരിലൊരാളായ വി.കെ.ശശിധരൻ എഴുതിയ ആ ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ പരിശോധിക്കാം.

" *നിരന്തരവും സമഗ്രവുമായ മൂല്യനിർണയം* 

ആസൂത്രിത പഠനാനുഭവങ്ങളിലൂടെ കടന്നുപോകുന്ന കുട്ടി ഏതേതു ചിന്താ പ്രക്രിയകളിലൂടെ കടന്നു പോയിട്ടുണ്ട് എന്നും അതിന്റെ ഫലമായി എന്തെല്ലാം പഠനമാണ് നടന്നിട്ടുള്ളതെന്നും വിലയിരുത്തപ്പെടണം. പഠനാ ന്തരീക്ഷത്തിൽനിന്നും തികച്ചും വേറിട്ട ഒരു സംവിധാനത്തിനും ഈ വില യിരുത്തൽ പൂർണമായ രീതിയിൽ സാദ്ധ്യമല്ല. പഠനാനുഭവങ്ങൾ ഒരുക്കിക്കൊടുത്ത അദ്ധ്യാപികക്കു മാത്രമേ ഓരോ പഠനാനുഭവവും കുട്ടിയിലുണ്ടാക്കിയ മാറ്റങ്ങൾ നിരീക്ഷിക്കാനും രേഖപ്പെടുത്താനും കഴിയൂ.

സന്ദർഭത്തിനനുസരിച്ച് പ്രോജക്റ്റുകൾ, സെമിനാറുകൾ, അസൈൻമെന്റുകൾ. ശേഖരണങ്ങൾ, പഠനയാത്രകൾ, അഭിമുഖങ്ങൾ, പരീക്ഷണങ്ങൾ തുടങ്ങി വൈവിദ്ധ്യപൂർണമായ പഠനാനുഭവങ്ങളാണ് കൂട്ടിക്കു ലഭിക്കുന്നത്. ഈ പഠനാനുഭവങ്ങളിലൂടെ ഏതുരീതിയിൽ കുട്ടി കടന്നു പോകുന്നു എന്ന നിരീക്ഷണവും രേഖപ്പെടുത്തലുമാണ് തുടർ മൂല്യനിർണയം

സ്വാഭാവികമായും ഇവിടെ ചില ഒത്തുതീർപ്പുകളും നീക്കുപോക്കുകളും ആവശ്യമായി വന്നു.

പഠനാനുഭവങ്ങളുടെ വൈവിദ്ധ്യം ഒരു പ്രശ്‌നമായി വന്നു. 

ഓരോ പഠനാനുഭവത്തെയും മൂല്യനിർണയ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി രേഖപ്പെടുത്തുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നുവന്നു. അപ്പോഴാണ് നിരന്തര മൂല്യനിർണയത്തിന് 5 ഇനങ്ങൾ എന്ന തീരുമാനം വന്നത്. 

പിന്നീട് ഇതിലും വെട്ടിച്ചുരുക്കലുകൾ വരുത്തുകയുണ്ടായി.

വിവിധ വിഷയങ്ങളിൽ വിനിമയം ചെയ്യാനുള്ള പാഠ്യവസ്തു‌തകൾ ഒരേ രീതിയിലുള്ള പഠനാനുഭവങ്ങളിലൂടെയല്ല വിനിമയം ചെയ്യപ്പെടു ന്നത്. ശാസ്ത്ര വിഷയങ്ങൾക്കവലംബിക്കുന്ന രീതി ഭാഷാ വിഷയങ്ങളിൽനിന്നു വ്യത്യസ്തതമാവാം. 

ഇവിടെയും ഒരു ഒത്തു തീർപ്പിന്റെ ഭാഗമായി പൊതു ഇനങ്ങളും പൊതു മൂല്യനിർണയ സൂചകങ്ങളും സ്വീകരിക്കേണ്ടി വന്നു.

പഠനം നടക്കുന്നത് ഇത്തരം പ്രവർത്തനങ്ങളിലൂടെ മാത്രമാണെന്നിരിക്കേ, വർഷത്തിൽ ഒരു പ്രോജക്റ്റും ഒരു അസൈൻമെന്റും എന്ന രീതി യിൽ ഇളവുകൾ അനുവദിക്കുന്നതിൽ കാര്യമില്ല. പക്ഷേ, പ്രായോഗിക മായി ഇവിടെയും നമുക്ക് ഒത്തുതീർപ്പുകൾക്കു വഴങ്ങേണ്ടിവന്നു.

തുടർമൂല്യനിർണയത്തിൻ്റെ ഭാഗമായി ക്ലാസ് ടെസ്റ്റുകൾ വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെട്ടു. യഥാർത്ഥത്തിൽ നിലനിൽക്കേണ്ട ചല ഇനങ്ങളും അപ്രത്യക്ഷമായപ്പോഴും ക്ലാസ് ടെസ്റ്റുകൾ നിലനിന്നു.

മൂല്യനിർണയ ഇനങ്ങളിലെ തുടർച്ചയും നൈരന്തര്യവും ഏട്ടിലൊതുങ്ങി.

പ്രായോഗികതയുടെ പേരിൽ ഓരോ ടേമിലും അദ്ധ്യാപിക ഇന്നിന്ന തുടർ മൂല്യനിർണയ ഇനങ്ങളാണ് പൂർത്തിയാക്കേണ്ടതെന്ന നിർദ്ദേശം കൂടി യായപ്പോൾ അനുയോജ്യമായ പഠനാനുഭവങ്ങൾ ഒരുക്കിക്കൊടുക്കേണ്ട ഫെസിലിറ്റേറുടെ റോളിൽനിന്നും മാറാൻ അവർ നിർബ്ബന്ധിതയായി.

സമീപനരേഖ വിഭാവനം ചെയ്യുന്ന തുടർ മൂല്യനിർണയത്തിനാവശ്യമായ സമയം അപര്യാപ്‌തമായതും പരീക്ഷ എന്ന പഴയ ഭീകരന്റെ വിശ്വാസ്യതയുടെ പ്രശ്‌നവും തുടർ മൂല്യനിർണയത്തിൻ്റെ വെയിറ്റേജ് കുറയ്ക്കുകയും ടെർമിനൽ മൂല്യനിർണയത്തിൻ്റെ വെയിറ്റേജ് കൂട്ടുകയും ചെയ്തു.

എങ്ങനെയെങ്കിലും ചില ഉൽപ്പന്നങ്ങൾ എന്ന തെറ്റായ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. 

പ്രോജക്റ്റ് റിപ്പോർട്ടുകൾ ന്യൂസ് സ്റ്റാൻഡുകളിൽ വില്പപനക്കെത്തിയത്.

രണ്ടു കാര്യങ്ങളിലെങ്കിലും നാം ഒത്തുതീർപ്പിനു തയ്യാറായാലേ തിരവധി ഒത്തുതീർപ്പുകളിൽനിന്നു നമുക്കു മോചനം ലഭിക്കൂ. 

1. തുടർ മൂല്യനിർണയത്തിന്റെ പൊതു ചട്ടക്കൂടിനകത്ത് അദ്ധ്യാപികയ്ക്ക് വിപുലമായ സ്വാതന്ത്ര്യം അനുവദിക്കുക. അദ്ധ്യാപികയെ വിശ്വാസത്തിലെടുക്കാതെ തരമില്ല.

2. പരീക്ഷയുടെ വിശ്വാസ്യത എന്ന പൊങ്ങുതടി ഉപേക്ഷിക്കുക.

ഏറെ പ്രയാസപ്പെടാതെ പല പ്രശ്നങ്ങളും പരിഹരിക്കാവുന്നതേയുള്ളൂ.

 വിപുലമായ ശിൽപ്പശാലകളിലൂടെയും പരിശീലനങ്ങളിലൂടെയും ഓരോ പാഠ്യപദ്ധതി ഉദ്യേശ്യങ്ങൾക്കും ഇണങ്ങുന്ന പഠനാനുഭവങ്ങൾ നൽകാൻ അദ്ധ്യാപികയെ പ്രാപ്‌തയാക്കുകയും ഈ പഠനാനുഭവങ്ങൾ അതത് സമയത്ത് മൂല്യനിർണയം നടത്താനും രേഖപ്പെടുത്താനുമുള്ള പൊതു നിർദ്ദേശങ്ങൾ രൂപീകരിക്കുകയും വേണം.

 നിലവിലുള്ള പീര്യേഡിൻ്റെ സമയക്രമം പുനപ്പരിശോധിക്കണം. ആഴ്ച്ചയിൽ കേവലം രണ്ട് പീര്യേഡ് മാത്രം ലഭ്യമാവുന്ന വിഷയങ്ങൾ പോലുമുണ്ട്. ഉള്ള പീര്യേഡിൽനിന്നു തന്നെ പതിമൂന്നാമത്തെ വിഷയത്തിന് കൂടി സമയം കണ്ടെത്തേണ്ടിവരുന്നു എന്നതും പ്രശ്നമാണ്.

ക്ലാസുകളിലെ കുട്ടികളുടെ എണ്ണം ശാസ്ത്രീയമായി പരിമിതപ്പെടു ത്തണം. ലോവർ പ്രൈമറി ക്ലാസുകളിൽ പരമാവധി 25 കുട്ടികൾ, അപ്പർ പ്രൈമറിയിൽ 30 കുട്ടികൾ ഹൈസ്‌കൂൾ ക്ലാസുകളിൽ 35 കുട്ടികൾ, ഹയർ സെക്കൻഡറിയിൽ 40 കുട്ടികൾ എന്നിങ്ങനെ പരിമിതപ്പെടുത്തുന്നതാവും സൗകര്യം

 മൂല്യനിർണയ രേഖകൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ സജ്ജീകരിക്കണം. രേഖപ്പെടുത്തലിന് കമ്പ്യൂട്ടർ സംവിധാനങ്ങൾ ഉപയോഗിക്കണം

അദ്ധ്യാപികയെ കൂടുതലായി വിശ്വാസത്തിലെടുക്കുന്നതോടൊപ്പം ഫലപ്രദമായ മോണിറ്ററിംഗ് സംവിധാനം ശക്തിപ്പെടുത്തണം.

കലാ കായിക പ്രവൃത്തി പരിചയ മേഖലകളിൽ അദ്ധ്യാപകരെ നിയമിക്കണം."

കേരള വിദ്യാഭ്യാസ സമിതി പ്രസിദ്ധീകരിച്ച ഈ കുറിപ്പിൽ നിന്നും പ്രകടമാകുന്നത് ഇങ്ങനെ സംഗ്രഹിക്കാം.

1. 2005ല്‍ നടപ്പിലാക്കിയ നിരന്തരവിലയിരുത്തലിൻ്റെ പരിമിതികൾ അന്ന് എല്ലാവർക്കും അറിയാമായിരുന്നു.

2. ഒത്തുതീര്‍പ്പിന്റെ ഭാഗമായി നിരന്തരമൂല്യനി‍ര്‍ണയത്തില്‍ വെള്ളം ചേര്‍ക്കപ്പെടുകയുണ്ടായി.

3. പ്രാരംഭഘട്ടത്തിലെ ലഘൂകരിക്കല്‍ പിന്നീട് തിരുത്താനുള്ള ശ്രമം ഉണ്ടായില്ല.

"ഏറെ വര്‍ഷമായി പരിശ്രമിച്ചിട്ടും പ്രായോഗികമായ മാതൃക ഇനിയും രൂപപ്പെടുത്താന്‍ കഴിയാത്ത നിരന്തരവിലയിരുത്തലില്‍ തനതായ മാതൃക വികസിപ്പിക്കാനുള്ള അന്വേഷണങ്ങള്‍ ഏറ്റെടുക്കണം" എന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മാര്‍ഗരേഖയില്‍ സൂചിപ്പിക്കുമ്പോള്‍ വലിയൊരു തിരിച്ചറിവ് വിദ്യാഭ്യാസ വകുപ്പിനുണ്ടെന്ന് വ്യക്തം. ഏറ്റെടുക്കേണ്ട അടിയന്തിര കടമകളിലൊന്ന് ഗുണനിലവാരം ഉയര്‍ത്താനായി നിരനന്തര വിലയിരുത്തല്‍ ശക്തിപ്പെടുത്തുക എന്നതാണെന്നും വകുപ്പിന് ബോധ്യമുണ്ട്. നിലവിലുള്ള പ്രശ്നങ്ങളെ യാഥാർഥ്യബോധത്തോടെ വിശകലനം ചെയ്താലല്ലാതെ മുന്നേറുവാന്‍ ഒറ്റ മൂലികളില്ല.

 *പ്രധാന പ്രശ്നങ്ങള്‍* 

1. രേഖപ്പെടുത്തലിന് നൽകിയ അമിത പ്രാധാന്യമാണ് നിരന്തര വിലയിരുത്തലിനെ സങ്കീർണമാക്കിയ ഒരു ഘടകം.

2. കുട്ടിയെ തീരെ വിശ്വാസത്തിലെടുത്തില്ല.

3. സ്വയം വിലയിരുത്തലും പരസ്പര വിലയിരുത്തലും അധ്യാപികയും കുട്ടിയും ചേർന്ന് ലക്ഷ്യം തീരുമാനിക്കലും കൂട്ടായി വിലയിരുത്തൽ നടത്തലും പരിഗണിക്കപ്പെട്ടില്ല.

4. പൊതുപ്പരീക്ഷയ്ക്ക് എങ്ങനെ സ്കോർ നൽകുമെന്നാണ് മുഖ്യമായും ആലോചിച്ചത്.

5. പാഠപുസ്തകം തയ്യാറാക്കുമ്പോൾ നിരന്തര വിലയിരുത്തൽ കണക്കിലെടുത്ത് ഉള്ളടക്കം, വിനിമയ സമയം എന്നിവ പൊരുത്തപ്പെടുത്തുന്നില്ല. (ഇത്തവണ പാഠപുസ്തകം പരിഷ്കരിച്ചപ്പോഴും അത് സംഭവിച്ചതായി തോന്നുന്നില്ല. പല ക്ലാസുകളിലെയും അധ്യാപക സഹായി അതാണ് സൂചിപ്പിക്കുന്നത്.)

6. ചെയ്തു നോക്കി പ്രായോഗികവും ഫലപ്രദവുമാണെന്ന് ഉറപ്പു വരുത്താതെ ഒറ്റയടിക്ക് നടപ്പിലാക്കുന്ന ഉത്തരവിറക്കലാണ് കേരളത്തില്‍ പിന്തുടരുന്നത്. 2005 മുതൽ 2023 വരെ കാലയളവിൽ ശാസ്ത്രീയമായ നിരന്തര വിലയിരുത്തൽ രീതികൾ വികസിപ്പിക്കാൻ SCERTക്ക് കഴിയുമായിരുന്നു. പടവുകള്‍ എന്ന പേരില്‍ നിരന്തരവിലയിരുത്തലിനുള്ള മാര്‍ഗരേഖ എസ് സി ഇ ആര്‍ ടി തയ്യാറാക്കിയത് വിസ്മരിക്കുന്നില്ല.

എസ് എസ് യുടെ നേതൃത്വത്തില്‍ പ്രോഫ. അനിതാ റാംപാലിനെ പോലെയുള്ളവരെ വരുത്തി ശില്പശാല നടത്തിയിരുന്നു. റാംപാല്‍ പറഞ്ഞത് അധ്യാപകരെ വിവിധ രീതികള്‍ പരിചയപ്പെടുത്തുകയും അതിന്റെ വെളിച്ചത്തില്‍ മാതൃകകള്‍ വികസിച്ചു വരികയും വേണം എന്നാണ്. എന്നാല്‍ എസ് സി ഇ ആര്‍ ടി ആ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചില്ല.

7. പഠനത്തിനായുള്ള വിലയിരുത്തല്‍, പഠനത്തിന്റെ വിലയിരുത്തല്‍, പഠനംതന്നെ വിലയിരുത്തല്‍ എന്നീ ആശയങ്ങള്‍ സൈദ്ധാന്തിക തലത്തില്‍ ചര്‍ച്ച ചെയ്യുന്നതല്ലാതെ പ്രായോഗിക രൂപം വികസിപ്പിച്ചില്ല. ഡി എല്‍ എഡിന് ( ടി ടി സി) തോറ്റ ഒരു കുട്ടി പറഞ്ഞത് വിലയിരുത്തലിന്റെ മൂന്നു മാനങ്ങളും ചര്‍ച്ച ചെയ്ത തന്റെ അധ്യാപികയ്ക് ഇതില്‍ ഒരു രീതിപോലും പ്രയോജനപ്പെടുത്തി എന്നെ സഹായിക്കാനായില്ല എന്നാണ്.

കേന്ദ്രീകൃതമായി തയ്യാറാക്കുന്ന ടീച്ചിംഗ് മാന്വലിന്റെ പകര്‍പ്പെടുത്താല്‍ മതി എന്ന തരത്തില്‍ വരെ കാര്യങ്ങള്‍ ദുര്‍ബലമായി. നിലന്തരവിലയിരുത്തലിനെ പ്രതിഫലിപ്പിക്കുന്ന വിലയിരുത്തല്‍കോളം ചെറുവിരല്‍ വീതിയിലേക്ക് ഒതുങ്ങി.

8. സർക്കാരുകളും മേധാവികളും മാറുന്നതല്ലാതെ കാതലായ മാറ്റം പ്രകടമാകുന്നില്ല. പിന്നോട്ട് പോക്ക് പ്രകടമാണ് താനും. നിരന്തരവിലയിരുത്തലിന് നോട്ട് ബുക്കും ക്ലാസ് ടെസ്റ്റും മാത്രമായി ചുരുക്കുകയും പാഠപുസ്തകത്തില്‍ നിന്നും പ്രൊജക്ട്, സെമിനാര്‍ അടക്കമുള്ള അന്വേഷണാത്മക പ്രവര്‍ത്തനങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്തു.

9. ഗവേഷണ സംസ്കാരം വളർത്തിയെടുക്കാതെ അനുയോജ്യമായ നിരന്തരവിലയിരുത്തല്‍ രീതികൾ വികസിപ്പിക്കാനാകില്ല.

10. ഇടറിപ്പോകുന്നവരെ കൈത്താങ്ങ് നൽകി ഒപ്പം നിറുത്താൻ കഴിയാത്ത നിരന്തര മൂല്യനിർണയം ഒരു ഭംഗിവാക്ക് മാത്രമാണ്. പിന്നാക്കമാകുന്നവരെ ഓരോ യൂണിറ്റിലും എങ്ങനെ പിന്തുണയ്കുന്നു എന്നതാണ് ആലോചിക്കേണ്ടത്.

11. മോണിറ്ററിംഗ് സംവിധാനം ദുര്‍ബലമായി. 2005ല്‍ ഡി.ഇ.ഒ.യുടെ നേതൃത്വത്തിൽ ഡയറ്റ്, ഡി.ആർ.ജി, എസ്.ആർ.ജി പ്രതിനിധികൾ അടങ്ങുന്ന മോണിറ്ററിങ്ങ് കമ്മിറ്റി ഗവൺമെൻ്റ് രൂപീകരിച്ചിരുന്നു. ഈ സമിതിയിൽ 13 അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി രൂപീകരിച്ച വിദ്യാഭ്യാസ ജില്ലാതല കോർ കമ്മിറ്റിയില്‍ (ഇ.ഡി.സി.സി.) എസ്.എസ്.എ. ട്രയിനർമാർ (എച്ച്.എസ്.എ.). ഡി.ആർ.ജി. അംഗങ്ങൾ, ഐറ്റി സ്‌കൂൾ മാസ്റ്റർ ട്രയിനർ എന്നിവർ ഉൾപ്പെട്ടിരുന്നു. ഈ കമ്മിറ്റി എല്ലാ ആഴ്‌ചയും ചേർന്ന് സ്കൂ‌ൾ സന്ദർശനഫലങ്ങൾ വിശകലനം ചെയ്യണം എന്നു നിര്‍ദേശിക്കപ്പെട്ടു. മോണിറ്ററിംഗ് കമ്മറ്റിയുടെ ചുമതലകള്‍ ഇവയായിരുന്നു.

1. പഠനവും മൂല്യനിർണയവുമായി ബന്ധപ്പെട്ട് സ്‌കൂൾ തലത്തിൽ നേരിടുന്ന പ്രശ്ന‌ങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കല്‍.

2. സ്‌കൂൾ തല സബ്‌ജക്ട് കൗൺസിലിൽ പങ്കെടുത്ത് നിരന്തരമൂല്യനിർണയം സമയബന്ധിതമായി നിർവഹിക്കാൻ മാർഗ നിർദ്ദേശങ്ങൾ നല്കൽ

3. സ്‌കൂൾ ഹെഡ്‌മാസ്റ്ററുമായി പ്രവർത്തന പുരോഗതി ചർച്ച ചെയ്ത‌് സബ്‌ജക്ട് കൗൺസിലുകളുടെ സമയരൂപരേഖ തയ്യാറാക്കൽ

4. നിരന്തര മൂല്യനിർണയം ഫലപ്രദമായി നടപ്പാക്കുന്നതിന് ആവശ്യമായ വിഭവ പിന്തുണ, സാമഗ്രികൾ എന്നിവ ഉറപ്പാക്കൽ.

5. എസ്.ആർ.ജി. യോഗത്തിൽ പങ്കെടുത്ത് വിഷയാടിസ്ഥാനത്തിൽ സി.ഇ.യുടെ പുരോഗ ഗതി അവലോകനം ചെയ്യൽ.

6. രക്ഷകർതൃബോധവല്ക്കരണം -ആസൂത്രണം ചെയ്യൽ.

7. ഓരോ ആഴ്‌ചയും വിവിധ സ്‌കൂളുകളിൽ നിന്നും ലഭിച്ച പ്രതികരണങ്ങൾ നിശ്ച ഫോർമാറ്റിൽ ഡി.ഇ.ഒ, എസ്.‌സി.ഇ.ആർ.ടി., ഡി.പി.ഐ. എന്നിവർക്ക് അയക്കൽ.

8. വിവിധ വിഷയങ്ങളുടെ നിരന്തരമൂല്യ നിർണയ ഉത്പന്നങ്ങൾ റാൻ്റമായി  വിലയിരുത്തുകയും ശരിയായ ദിശയിലാണ്' പോകുന്നത് എന്നുറപ്പാക്കുകയും ചെയ്യൽ.

ഒരു വിഭാഗം അധ്യാപകസംഘടനകളും മാനേജ്മെന്റുകളും തങ്ങളുടെ വിദ്യാലയങ്ങളില്‍ പുറത്തുനിന്നുള്ളവരാരും വന്ന് വിലയിരുത്തല്‍ നടത്തേണ്ടതില്ല എന്ന നിലപാട് എടുക്കുകയും വിദ്യാഭ്യാസ വകുപ്പ് അതിന് വഴങ്ങുകയും നിരന്തരവിലയിരുത്തല്‍ വിദ്യാലയങ്ങള്‍ക്ക് തന്നിഷ്ടപ്രകാരം മാര്‍ക്ക് നല്‍കാനുള്ള സംവിധാനമായി മാറുകയും ചെയ്തു. സുതാര്യതയില്ലാതായത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് തള്ളിയിട്ടു എന്ന് മനസ്സിലാക്കാം. പൊതുസമൂഹത്തിന് ബോധ്യപ്പെടണമെങ്കില്‍ വിശ്വാസ്യതയുള്ള രീതികള്‍ പിന്തുടരണം എന്ന തത്വമാണ് ബലികഴിക്കപ്പെട്ടത്. നിരന്തര വിലയിരുത്തലല്ല മറിച്ച് അത് നടപ്പിലാക്കിയ രീതിയാണ് പാളിപ്പോയതെന്ന് തിരിച്ചറിയണം. പരിഹാരം നിരന്തര വിലയിരുത്തല്‍ കാര്യക്ഷമമാക്കുക തന്നെയാണ്. അത് എല്ലാ ദൗര്‍ബല്യങ്ങളോടെയും തുടരാന്‍ അനുവദിച്ചാല്‍ കുട്ടികളുടെ പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കും.

 *ദേശീയ മാർഗരേഖ ചൂണ്ടിക്കാട്ടിയത്* 
എന്‍ സി ഇ ആര്‍ ടി 2019ല്‍ പ്രസിദ്ധീകരിച്ച നിരന്തര വിലയിരുത്തല്‍ മാര്‍ഗരേഖയില്‍ പഠനത്തിനായുള്ള വിലയിരുത്തലിനെ സംബന്ധിച്ച ആശയങ്ങള്‍ പങ്കിടുന്നുണ്ട്. വിലയിരുത്തല്‍ വിദ്യാലയാധിഷ്ഠിതവും പഠനപ്രക്രിയയുടെ അവിഭാജ്യഘടകവുമാകണം. ടേമിലോ വര്‍ഷാവസാനമോ മാത്രം വിലയിരുത്തുക എന്ന സമീപനം മാറണം. കുട്ടികളില്‍ പരീക്ഷാസമ്മര്‍ദ്ദവും ഭയവും സൃഷ്ടിക്കാന്‍ ഇത്തരം പരീക്ഷകള്‍ വഴിയൊരുക്കും. വിലയിരുത്താല്‍ ഒരു രീതി മാത്രം സ്വീകരിക്കുന്നത് അഭികാമ്യമല്ല. വൈവിധ്യമുള്ള മാര്‍ഗങ്ങളിലൂടെ പഠനത്തെളിവുകള്‍ ശേഖരിക്കാന്‍ കഴിയണം. ആധികാരിക തെളിവുകളെയാണ് അടിസ്ഥാനമാക്കേണ്ടത്. കുട്ടിയുടെ സമഗ്രവികാസത്തിനു ലക്ഷ്യമിടുന്ന വിദ്യാഭ്യാസം വിലയിരുത്തലിലും സമഗ്രത പ്രതിഫലിപ്പിക്കണം. കുട്ടി പഠനത്തിന്റെ ഭാഗമായി വിദ്യാലയത്തിനകത്തും പുറത്തും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തലിനുള്ള സന്ദര്‍ഭങ്ങള്‍ കൂടിയാണ്. പാര്‍ശ്വവത്കൃതരും ഭിന്നശേഷിതരുമടക്കം വ്യത്യസ്ത പഠനാവശ്യമുള്ള കുട്ടികള്‍ക്ക് സവിശേഷ പഠനപരിഗണന നല്‍കുന്നതിന് കഴിയണം. അവരുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് അവരെ ഉള്‍ച്ചേര്‍ക്കുന്ന പഠനപ്രക്രിയ നിരന്തരവിലയിരുത്തലിന്റെ ഭാഗമാണ്. കുട്ടികളുടെ പഠനവേഗത, പഠനശൈലി, പഠനപിന്തുണാന്തരീക്ഷം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ കണക്കിലെടുക്കണം. തെളിവുകളുടെ അടിസ്ഥാനത്തില്‍ നിശ്ചിത കാലയളവിലെ പഠനപ്രക്രിയയുടെ ഭാഗമായി കുട്ടിയിലുണ്ടാകുന്ന പഠനപുരോഗതിയുടെ രൂപരേഖ ടീച്ചര്‍ തയ്യാറാക്കണം. എന്‍ സി ഇ ആര്‍ ടി പഠനപുരോഗതി രേഖയുടെ മാതൃക അവതരിപ്പിക്കുന്നുണ്ട്. ഓരോ വിഷയത്തിലെയും ഓരോ പഠനനേട്ടത്തിലും ഓരോ ടേമിലും കുട്ടി എന്ത് പുരോഗതി നേടി എന്ന് കൃത്യമായി കണ്ടെത്താവുന്നതും ഗുണാത്മക കുറിപ്പുകളിലൂടെ വിശദീകരിക്കുന്നതമായ രീതിയാണത്. ഒരു വിഷയത്തെ ഒന്നായി കണ്ട് പൊതു ഗ്രേഡ് പറയലല്ല അത്. പഠനത്തിന്റെ ഓരോ സൂക്ഷ്മശേഷിയിലും കുട്ടിയുടെ നില കൃത്യമായി രേഖപ്പെടുത്താന്‍ ആ രേഖ നിര്‍ദ്ദേശിക്കുന്നു. ആധുനിക സാങ്കേതിക വിദ്യ വികസിച്ച ഈ കാലഘട്ടത്തില്‍ അതിനാവശ്യമായ സംവിധാനങ്ങള്‍ വികസിപ്പിക്കാവുന്നതേയുള്ളൂ. കുട്ടിയുടെ പഠനവിടവ് പരിഹരിക്കാന്‍ സഹായകമല്ലാത്ത രേഖപ്പെടുത്തല്‍ പ്രയോജനപ്രദവുമല്ല.

 *നിരന്തര വിലയിരുത്തലും ഗുണതയും ലക്ഷ്യമിടുന്ന അധ്യാപകര്‍* *എന്തിനായിരിക്കണം ഊന്നല്‍ നല്‍കേണ്ടത്?* 

1. ഓരോ യൂണിറ്റും വിഭാവനം ചെയ്യുന്ന പഠന ലക്ഷ്യങ്ങള്‍  വ്യക്തതയും നിലവാര സൂചനകൾ പ്രതിഫലിക്കുന്നതുമായ വിധത്തിൽ മെച്ചപ്പെടുത്തൽ

2. അവ നേടാന്‍ പര്യാപ്തമായ പഠനാനുഭവങ്ങള്‍ വികസിപ്പിക്കൽ ( അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നിരന്തര നവീകരണത്തിന് വിധേയമാകണം പ്രക്രിയ. ഇവിടെ ഒരു വര്‍ഷം അധ്യാപകസഹായി തയ്യാറാക്കിയാല്‍ അടുത്ത അഞ്ചുവര്‍ഷവും അതില്‍ ഒരു മാറ്റവും വരുത്താറില്ല. വഴക്കമില്ലാത്ത രീതികള്‍ പുനപ്പരിശോധനയ്ക്ക് വിധേയമാകണം), 
3. ആ പഠനാനുഭവങ്ങളിലൂടെ മാത്രം ലക്ഷ്യം നേടാതെ പോകുന്ന കുട്ടികളാരെന്ന് കണ്ടെത്തലും അവരുടെ പ0ന പ്രശ്നങ്ങളുടെ കാരണങ്ങൾ വിശകലനം ചെയ്യലും,

4. ആ കുട്ടികളുടെ പ്രശ്ന കാരണങ്ങൾ അഭിസംബോധന ചെയ്യുന്നതിനായി പ്രക്രിയയില്‍  മാറ്റങ്ങൾ വരുത്തലും മറ്റു പിന്തുണാനുഭവങ്ങൾ ഒരുക്കലും

5. ക്ലാസിലെ എല്ലാ കുട്ടികളും ഒരോ യൂണിറ്റിലും വിജയാനുഭവത്തിന്റെ ഉടമകളാകുന്ന അവസ്ഥ സൃഷ്ടിക്കൽ
6. നേട്ടം പൊതു സമൂഹം, രക്ഷിതാക്കൾ, അക്കാദമിക സംവിധാനങ്ങൾ എന്നിവയുമായി പങ്കിട്ട് പഠന നിലവാരത്തിൻ്റെ വിശ്വസനീയത പ്രഖ്യാപിക്കൽ

ഇതെല്ലാം നടക്കണമെങ്കില്‍ പര്യാപ്തമായ പഠനദിനങ്ങള്‍ കുട്ടിക്കും അധ്യാപികയ്കും ലഭിക്കണം. കേന്ദ്ര സിലബസ് നോക്കി സെക്കണ്ടറിയിലെയും ഹയര്‍സെക്കണ്ടറിയിലെയും ഉള്ളടക്കം തീരുമാനിച്ചാല്‍ പോര ആ സിലബസ് വിനിമയം ചെയ്യുന്നതിന് അവര്‍ക്ക് ലഭിക്കുന്ന സമയവും കേരളത്തിലെ അധ്യാപകര്‍ക്ക് ലഭിക്കുന്ന സമയവും താരതമ്യം ചെയ്യണം. പൊരുത്തപ്പെടുത്തണം. നിരന്തര വിലയിരുത്തല്‍ കൂടി പരിഗണിച്ച് പാഠ്യപദ്ധതി ശരിക്കും വിനിമയം ചെയ്യാന്‍ എത്ര സാധ്യായ മണിക്കൂറുകള്‍ വേണമെന്ന് ശാസ്ത്രീയമായി പറയുകയും വേണം. നിരന്തരവിലയിരുത്തല്‍ ശാസ്ത്രീയമാക്കും ശാസ്ത്രീയമാക്കും എന്നു പറയുന്നതിലും ശാസ്ത്രീയത വേണമെന്നു ചുരുക്കം

.................. മാതൃഭൂമി ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്


1 comment:

Vidhu Nair said...

നിരന്തരമൂല്യനിർണ്ണയം സാധ്യമാകും. ലോകത്തിലെ നിരവധി രാജ്യങ്ങളിൽ ഫലപ്രദമായി ഇപ്രകാരം വിലയിരുത്തൽ നടക്കുന്നുണ്ട് . ഇക്കാര്യത്തിൽ നമ്മുടെ പരിശീലന സംവിധാനം പരാജയപ്പെട്ടതും വിലയിരുത്തൽ പ്രക്രിയ ഉൾക്കാഴ്ചയോടെ തയ്യാറാക്കാൻ സാധിക്കാതെ പോയതുമാണ് നമ്മുടെ അധ്യാപകരെ നിരന്തരമൂല്യനിര്ണയത്തിന്റെ കാതലറിയാതെ നിസ്സാരവൽക്കരിക്കുവാൻ പ്രേരിപ്പിച്ചത്. സത്യസന്ധമായും ഡാറ്റ അധിഷ്ഠിതമായും വ്യക്തതയുള്ള മാതൃക സാറിന് അയക്കുന്നു.