എഴുത്തും പുനരെഴുത്തും എന്നത് എഴുത്ത് മെച്ചപ്പെടുത്തുന്നതിന്റെ അനിവാര്യപ്രക്രിയ ആണ്. നോബല്‍ സമ്മാന ജേതാവായ ഏണസ്റ്റ് ഹെമിംഗ് വേ പറഞ്ഞത് "I rewrote the ending to A Farewell to Arms, the last page of it, thirty-nine times before I was satisfied." മുപ്പത്തൊമ്പത് തവണ ഒരു പേജ് മാറ്റിയെഴുതിയത്രേ! ലിയോ ടോൾസ്റ്റോയ് തന്റെ യുദ്ധവും സമാധാനവും എഴുതിയപ്പോള്‍ ആദ്യത്തെ മുപ്പത് പേജുകള്‍ പതിനഞ്ച് തവണ മാറ്റി എഴുതി.
വലിയ വലിയ സാഹിത്യമെഴുത്തുകാര്‍ ആദ്യം എഴുതുന്നത് വായിച്ച് നോക്കി വീണ്ടും വായിച്ച് തൃപ്തിനിലയിലെത്തിയ ശേഷമാണ് പ്രസിദ്ധീകരിക്കുന്നത്.
രചനാപ്രവര്‍ത്തനം നടത്തുന്ന കുട്ടികളും രചന മെച്ചപ്പെടുത്തണം.
അവരുടെ ചിന്തയില്‍ എഡിറ്റിംഗ് മാനദണ്ഡങ്ങള്‍ വരണം.
ഒന്നാം ക്ലാസ് മുതല്‍ എഡിറ്റിംഗ് നടത്താന്‍ കുട്ടികളെ പരിശീലിപ്പിക്കണം. അപ്പോള്‍ ലളിതമായ തലങ്ങള്‍ പരിഗണിച്ചാല്‍മതി.
(ഒന്നാം ക്ലാസിലെ കുട്ടികളില്‍ ചിലര്‍ ഇങ്ങനെ എഴുതി: ആമരം. ഈ മരം. പുമരംമരം നിറ പുപുകള്‍)
• എഴുതിയത് മറ്റുള്ളവര്‍ക്ക് വായിക്കാന്‍ കഴിയുന്ന വലുപ്പത്തിലാണോ?
• വാക്കകുകള്‍ തമ്മിലുള്ള അകലം പാലിച്ചിട്ടുണ്ടോ?
• അക്ഷരങ്ങള്‍ പരസ്പരം മുട്ടിച്ചെഴുതിയിട്ടുണ്ടോ?
• അക്ഷരങ്ങള്‍ മാറിപ്പോയിട്ടുണ്ടോ? വിട്ടുപോയിട്ടുണ്ടോ?
• ചിഹ്നങ്ങള്‍ വിട്ടുപോയിട്ടുണ്ടോ? മാറിപ്പോയിട്ടുണ്ടോ?
• ഓരോ വാക്യവും അവസാനിക്കുമ്പോള്‍ കുത്ത് ഇട്ടിട്ടുണ്ടോ?
കുട്ടികള്‍ അന്നന്ന് പഠിച്ച വാക്യങ്ങള്‍ ബോര്‍ഡില്‍ വന്നെഴുതുകയും അവ ക്ലാസില്‍ പൊതുവായി ടീച്ചറും കുട്ടികളും ചേര്‍ന്ന് ഓരോരോ മാനദണ്ഡങ്ങള്‍ പ്രകാരം പരിശോധിച്ച് മെച്ചപ്പെടുത്തുകയും തുടര്‍ന്ന് അവരവരുടെ ബുക്കിലെഴുതിയത് പരിശോധിക്കുകയും ചെയ്യുന്ന രീതിയാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. മുപ്പത് മിനിറ്റ് വേണ്ടിവരും. പല ടീച്ചര്‍മാരും നിര്‍ണ്ണായകമായ ഈ ഘട്ടം ഒഴിവാക്കുകയാണ് ചെയ്യുന്നത്.
രണ്ടാം ക്ലാസ് മുതല്‍ എഡിറ്റിംഗില്‍ കൂടുതല്‍ മാനദണ്ഡങ്ങള്‍ ചേര്‍ക്കണം.
മറ്റുള്ളവര്‍ക്ക് വായിക്കാന്‍ കൂടിയാണ് താനെഴുതുന്നതെന്ന ധാരണ കുട്ടികള്‍ക്ക് വേണം.
1. ഉള്ളടക്കപരം Content Editing) ( പറയാനുള്ള കാര്യങ്ങളെല്ലാം വന്നിട്ടുണ്ടോ? ഏതെങ്കിലും പ്രധാനകാര്യം വിട്ടുപോയിട്ടുണ്ടോ? ഒരേ കാര്യം ആവര്‍ത്തിച്ചെഴുതിയിട്ടുണ്ടോ? വ്യക്തമാണോ? കൂടുതല്‍ വിശദീകരണം വേണ്ട ഭാഗമുണ്ടോ?)
2. ആശയക്രമീകരണം/ ഘടന (Organization Editing). ആശയങ്ങളുടെ ക്രമത്തില്‍ എന്തെങ്കിലും മാറ്റം ആവശ്യമുണ്ടോ? ആശയങ്ങള്‍ മാറുന്നത് അനുസരിച്ച് ഖണ്ഡിക തിരിച്ചെഴുതിയോ? തുടക്കവും ഒടുക്കവും ഉണ്ടോ?
3. വാക്കുകളുടെയും വാക്യങ്ങളുടെയും പരിശോധന (Language Editing)
വാക്യത്തിന് വ്യക്തതയുണ്ടോ? (രണ്ടാം ക്ലാസിലെ കുട്ടി എഴുതിയത്: പുഴ കണ്ടു, താറാവ് കണ്ടു, താറാവ് തുള്ളികളിക്കുന്നു, കുറച്ച് മീന്‍കള്‍ കളിക്കുന്നു), വാക്കുകളുടെ ക്രമം ശരിയാണോ? വാക്ക് ആവര്‍ത്തിക്കുകയോ വിട്ടുപോവുകയോ ചെയ്തിട്ടുണ്ടോ? അനുയോജ്യമായ വാക്കാണോ? വാക്കുകളില്‍ എന്തെങ്കിലും മാറ്റം ആവശ്യമുണ്ടോ? വാക്യഭംഗിയുണ്ടോ?
4. അക്ഷരങ്ങളും വാക്കുകളും പരിശോധിക്കൽ (Proofreading)
വാക്കകലം പാലിച്ചിട്ടുണ്ടോ? പദങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഇരട്ടിപ്പും മറ്റ് മാറ്റങ്ങളും വരുത്തേണ്ടതുണ്ടോ? അക്ഷരങ്ങള്‍ മാറിപ്പോയിട്ടുണ്ടോ? വിട്ടുപോയിട്ടുണ്ടോ? ചിഹ്നങ്ങള്‍ മാറിപ്പോയിട്ടുണ്ടോ? വിട്ടുപോയിട്ടുണ്ടോ? കുത്തും കോമയുമൊക്കെ ഇട്ടിട്ടുണ്ടോ?
ഇവയെല്ലാം ഒന്നിച്ച് അവതരിപ്പിച്ച് ഭാരം ഉണ്ടാക്കരുത്. പല അവസരങ്ങളിലായി രചന എങ്ങനെ എഡിറ്റ് ചെയ്യാം എന്ന് പരിശീലിപ്പിക്കണം.
കുട്ടിയുടെ ചിന്തയിലാണ് എഡിറ്റിഗ് ബോധം ഉണ്ടാകേണ്ടത്. എല്ലാം ടീച്ചര്‍ കണ്ടെത്തി തിരുത്തിക്കൊടുത്താല്‍ രചനപരിശോധിച്ച് പ്രശ്നം കണ്ടെത്തി മെച്ചപ്പെടുത്താനുള്ള കഴിവിനെ പരിമിതപ്പെടുത്തും.
• ഏത് രചനയ്കും കരട് എഴുത്തും തിരുത്തും പുനരെഴുത്തും നിര്‍ബന്ധിക്കണം.
ഇടം പേജില്‍ കരടും വലംപേജില്‍ മെച്ചപ്പെടുത്തി എഴുതിയതും എന്ന രീതി ചെറിയ ക്ലാസ് മുതല്‍ വേണ്ടതുണ്ട്.
• പല അധ്യാപകരും പ്രൂഫ് റീഡിംഗിന്റെ തലം മാത്രമാണ് പരിഗണിക്കുന്നത്. ഓര്‍ക്കുക ഏറ്റവും സമര്‍ഥയായ കുട്ടിക്കും ഇനിയും എത്തേണ്ട ഒരു ഉയര്‍ന്നതലം ഉണ്ടായിരിക്കും. അത് ആശയപരവും ആവിഷ്കാരപരവും ആയിരിക്കാം. അതിനാല്‍ അക്ഷരത്തെറ്റ് വരുത്തുന്ന കുട്ടികളെ മാത്രം കേന്ദ്രീകരിച്ചാവരുത് എഡിറ്റിംഗ് എല്ലാവരെയും സാധ്യമായ തൊട്ടടുത്ത ഉയര്‍ന്ന തലത്തിലെത്തിക്കണം.
• വ്യക്തിഗത എഡിറ്റിംഗ് , ജോഡികളായുള്ള എഡിറ്റിംഗ്, ഗ്രൂപ്പ് എഡിറ്റിംഗ്, സഹവര്‍ത്തിത എഡിറ്റിംഗ്, ടീച്ചറുടെ കൈത്താങ്ങോടെയുള്ള എഡിറ്റിംഗ് ഇവയെല്ലാം സാധ്യതകളാണ്.
• ടീച്ചറുടെ കൈത്താങ്ങ് എല്ലാ കുട്ടികള്‍ക്കും ലഭിക്കണമെങ്കില്‍ ഓരോ ദിവസവും നിശ്ചിത എണ്ണം കുട്ടികള്‍ക്കായി നീക്കി വയ്കുകയും അവരെ വ്യക്തിഗതമായി വിളിച്ച് ചര്‍ച്ച ചെയ്യുകയും വേണം. ടീച്ചര്‍- കുട്ടി വ്യക്തിഗത രചനാവിശകലനം ഒഴിവാക്കരുത്.
ഇതെല്ലാം നടക്കണമെങ്കില്‍ ടീച്ചര്‍ക്ക് സമയം കിട്ടണം
അധ്യാപകസഹായിയില്‍ ഇതിനുള്ള സമയവും രീതിയും ഓരോ രചനാസന്ദര്‍ഭത്തിലും നീക്കി വയ്കണം. ഇപ്പോള്‍ ടീച്ചര്‍ വേര്‍ഷനെ കേന്ദ്രീകരിച്ചുള്ള പകര്‍ത്തിയെഴുതിക്കലായി മാറിയിട്ടുണ്ട്. പാഠങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും എണ്ണം പുനപ്പരിശോധനയ്ക് വിധേയമാക്കണം. ഭാഷാപാഠപുസ്തകങ്ങളില്‍ അവസാനത്തെ കുറെ പാഠങ്ങള്‍ ഓപ്ഷണല്‍ ആക്കുന്നതും ആലോചിക്കണം.
എഡിറ്റിംഗ് പ്രക്രിയ എല്ലാ ക്ലാസുകളിലും നടക്കുകയാണെങ്കില്‍ കുട്ടികളുടെ ഭാഷാപരമായ പ്രശ്നങ്ങള്‍ വളരെയേറെ പരിഹരിക്കാന്‍ കഴിയും.
കേരളകരിക്കുലം ചട്ടക്കൂടില്‍ ഇങ്ങനെ പറയുന്നു
"വ്യവഹാരരൂപനിര്‍മ്മിതിയും മെച്ചപ്പെടുത്തലും ചിട്ടയായി നടക്കുന്ന പ്രക്രിയയിൽ ആശയം, വാക്യം, പദം, അക്ഷരം, ശൈലി തുടങ്ങിയ തലങ്ങളിൽ സ്വന്തം രചനയെ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും ആവശ്യമായ സഹായങ്ങളും ഒരുക്കുന്നുണ്ട് (എഡിറ്റിങ് പ്രക്രിയ). ഇവിടെയെല്ലാം വ്യാകരണപരമായി ശരിയും ശുദ്ധവും ശക്തവുമായ പദങ്ങൾ, പ്രയോഗങ്ങൾ, ശൈലികൾ എന്നിവ സ്വായത്തമാക്കാൻ കുട്ടിക്കു സാധിക്കും. സ്വന്തം ബുദ്ധിയും ചിന്തയുമുപയോഗിച്ച് ശരിതെറ്റുകൾ തിരിച്ചറിയാനും മികവിലേക്കും എത്താൻ കഴിയുന്ന സിദ്ധാന്ത രൂപവത്കരണമാണ് കുട്ടി ഇവിടെ നടത്തുന്നത്.
ഇങ്ങനെയുണ്ടാകുന്ന യുക്തിബോധം കുട്ടിയുടെ ഉള്ളിൽ നിന്നു പ്രവർത്തിക്കുന്ന മാനസിക/ജ്ഞാതൃ ഉപകരണമായി സുസ്ഥിരമായി നിലനിൽക്കുകയും പിന്നീടുള്ള ഭാഷാസന്ദർഭങ്ങളിൽ സ്വയം വിലയിരുത്തി മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.”
അധ്യാപകസഹായി എഴുതിയപ്പോള്‍ ഇവ എങ്ങനെ പ്രതിഫലിപ്പിച്ചു എന്ന് പരിശോധിക്കണം.
ഇംഗ്ലീഷ് മാധ്യമക്ലാസുകളിലെ കുട്ടികളുടെ എണ്ണക്കൂടുതല്‍ ഒരു തടസ്സമാണ്. എങ്ങനെയെങ്കിലും അന്തിമോല്പന്നം മാത്രം ബുക്കില്‍ ഉണ്ടായാല്‍ മതി എന്ന് കരുതുന്ന അധ്യാപകര്‍ ഓരോ കുട്ടിയേയും മികവിന്റെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്നില്ല

No comments:
Post a Comment