ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, November 26, 2026

*ചിത്രവിവരണം – ഒന്നാം ക്ലാസ്*

കുട്ടി: മുഹമ്മദ് മാസിൻ കെ
ജി. എൽ. പി. എസ്. താഴക്കോട്, മുക്കം, കോഴിക്കോട്
പ്രവർത്തനം: *ക്ലാസിൽവെച്ച് നടത്തിയ വ്യക്തിഗത രചന*
⭕ഒന്നാം ക്ലാസിലെ 
മുഹമ്മദ് മാസിൻ  ചിത്രത്തെ നിരീക്ഷിച്ച് സ്വതന്ത്രമായി 23 വാക്യങ്ങളുള്ള ദൈർഘ്യമുള്ള രചന നടത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമായ നേട്ടമാണ്.
ഇവിടെ കുട്ടി ചിത്രം നിരീക്ഷിച്ച് വിവരങ്ങൾ കണ്ടെത്തുക മാത്രമല്ല, നേരത്തേ പഠിച്ച ഭാഷാനുഭവങ്ങളെ പുതിയൊരു സന്ദർഭത്തിൽ പ്രയോഗിക്കുകയും ചെയ്തിരിക്കുന്നു.
*കുട്ടിയുടെ രചനയിലെ സവിശേഷമായ മികവുകൾ*
✅ആശയവികാസം
ചിത്രത്തെക്കുറിച്ച് ഒന്നോ രണ്ടോ വാക്യങ്ങൾ എഴുതിയിട്ട് അവസാനിപ്പിക്കുന്നില്ല. കൂടുതൽ കാര്യങ്ങൾ എഴുതാനുള്ള ശ്രമം തുടരുന്നു. ഒന്നാം ക്ലാസിലെ എഴുത്തുപഠനത്തിൽ ഇത് പ്രധാനപ്പെട്ട ഒരു സൂചനയാണ്.
✅അന്വേഷണാത്മകമായ നിരീക്ഷണം
ചിത്രത്തിൽ എന്തെല്ലാമുണ്ട് എന്ന അന്വേഷണം കുട്ടി നടത്തി. വസ്തുക്കളെ തിരിച്ചറിയുന്നതിൽ മാത്രം ഒതുങ്ങാതെ മനുഷ്യരും മറ്റു ജീവികളും എന്തെല്ലാം ചെയ്യുന്നു എന്ന് പരിശോധിച്ചു. ചിത്രത്തിലെ പ്രവർത്തനങ്ങളെയും അവയുടെ വൈവിധ്യത്തെയും ശ്രദ്ധിച്ചു.
✅സൂക്ഷ്മമായ നിരീക്ഷണശേഷി
മനുഷ്യരുടെ പ്രവർത്തനങ്ങൾക്കൊപ്പം പ്രകൃതിയിലെ സൂക്ഷ്മമായ ദൃശ്യങ്ങളിലേക്കും കുട്ടിയുടെ ശ്രദ്ധ എത്തി. മരവും ഇലയും നനയുന്നു, മീനും കാടും നനയുന്നു, പൂവും പൂവിന്റെ ഇലയും നനയുന്നു തുടങ്ങിയ നിരീക്ഷണങ്ങൾ അതിന് ഉദാഹരണമാണ്.
✅പഠിച്ച കവിതയുടെ ഭാഷാപരമായ സ്വാധീനം
ഇതാണ് ഈ രചനയിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്.
നേരത്തേ പഠിച്ച മഴക്കാലം എന്ന കവിതയിലെ
മലയും കാടും ഇലയും മരവും
കിളിയും മഴയില്‍ നനയുന്നു
ഈ വരികളോട് സാമ്യമുള്ള പ്രയോഗങ്ങൾ കുട്ടി സ്വന്തം രചനയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പഠിച്ച ഭാഷാരൂപങ്ങൾ ഓർമയിൽ സൂക്ഷിക്കുകയും പുതിയൊരു സന്ദർഭത്തിൽ അവയെ പുനരുപയോഗിക്കുകയും ചെയ്യുന്നു. ഇത് കേവലം അനുകരണമല്ല. ലഭ്യമായ ഭാഷാസമ്പത്തിനെ പുതിയ ആശയപ്രകാശനത്തിന് ഉപയോഗിക്കുന്ന സർഗാത്മകമായ ഭാഷാപ്രയോഗമാണ്.
✅ഭാഷാനുഭവങ്ങളുടെ സമന്വയം
കവിതയിലൂടെ നേടിയ ഭാഷാനുഭവം ചിത്രവിവരണത്തിലേക്ക് കൊണ്ടുവരാൻ കുട്ടിക്ക് കഴിഞ്ഞു. വായനയും കവിതാസ്വാദനവും എഴുത്തും പരസ്പരം ബന്ധപ്പെടുന്ന ഭാഷാപഠനത്തിന്റെ മനോഹരമായ ഉദാഹരണമാണിത്.
*ബോധനശാസ്ത്രപരമായ പ്രാധാന്യം*
ഈ രചനയിൽ മൂന്ന് തലത്തിലുള്ള വളർച്ച കാണാം:
    • ചിത്രം നിരീക്ഷിച്ച് വിവരങ്ങൾ കണ്ടെത്തുന്നു.
    • നിരീക്ഷിച്ച കാര്യങ്ങളെ സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു.
    • മുമ്പ് പഠിച്ച കവിതയിലെ ഭാഷാപ്രയോഗങ്ങളെ പുതിയ രചനയിൽ സർഗാത്മകമായി വിന്യസിക്കുന്നു.
കുട്ടി ചിത്രം വായിച്ചു. പ്രകൃതിയെ നിരീക്ഷിച്ചു. ജീവികളുടെ പ്രവർത്തനങ്ങൾ കണ്ടെത്തി. പഠിച്ച കവിതയെ ഓർത്തു. ആ ഭാഷ സ്വന്തം രചനയിൽ സന്നിവേശിപ്പിച്ചു.
ഒന്നാം ക്ലാസിലെ ഒരു കുട്ടിയുടെ എഴുത്തിൽ തിരിച്ചറിയേണ്ട വിലപ്പെട്ട ഭാഷാപഠനനേട്ടങ്ങൾ ഇവയാണ്.💯
*വ്യക്തിഗത എഡിറ്റിംഗോ ക്ലാസ് എഡിറ്റിംഗോ?*
ഓരോ കുട്ടിയും സ്വന്തം രചന മാത്രം മെച്ചപ്പെടുത്തുന്നതിനു പകരം, എല്ലാവരുടെയും രചനകൾ ചേർത്ത് ഒരു മികച്ച ക്ലാസ് രചന സൃഷ്ടിക്കുന്ന രീതി ആലോചിക്കാം. പ്രത്യേകിച്ചും എല്ലാ കുട്ടികളും ചിത്രസാധ്യത മുഴുവന്‍ രചനയല്‍ പ്രയോജനപ്പെടുത്താതെ ഒന്നോ രണ്ടോ വാക്യങ്ങളില്‍ അവസാനിപ്പിച്ചപ്പോള്‍. മുഹമ്മദ് മാസിൻ ഇനിയും രചന മെച്ചപ്പെടുത്തുകയും വേണം. *സമര്‍ഥരെ അതിസമര്‍ഥരാക്കുന്നതും പിന്തുവേണ്ടവരെ സഹായിക്കുന്നതുമായ പ്രവര്‍ത്തനമായി ക്ലാസ് പൊതുഉല്പന്നരീതിയെ മാറ്റാം.* 
👉🏻ഘട്ടം 1: രചനകൾ പങ്കുവെക്കൽ
ഓരോ കുട്ടിയും സ്വന്തം രചന വായിക്കുന്നു. മറ്റുള്ളവർ ശ്രദ്ധയോടെ കേൾക്കുന്നു. ഓരോ രചനയിൽനിന്നും വ്യത്യസ്തമായ ആശയങ്ങൾ കണ്ടെത്തുന്നു. ( ടീച്ചര്‍ അവ രേഖപ്പെടുത്തണം)
👉🏻ഘട്ടം 2: ആശയശേഖരണം
എല്ലാ കുട്ടികളുടെയും രചനകളിൽനിന്ന് ആശയങ്ങൾ ബോർഡിൽ രേഖപ്പെടുത്തുന്നു.
ഉദാഹരണത്തിന്:
    • മഴ പെയ്യുന്നു.
    • മരവും ഇലയും നനയുന്നു.
    • പൂവും പൂവിന്റെ ഇലയും നനയുന്നു.
    • മീനുകൾ നീന്തുന്നു.
    • പുഴയിൽ വെള്ളം നിറയുന്നു.
    • കന്നുകാലികൾ വെള്ളം കുടിക്കുന്നു.
    • കുട്ടികൾ മഴയിൽ കളിക്കുന്നു.
കുട്ടികളുടെ വാക്യങ്ങള്‍ സ്വീകരിക്കുമ്പോള്‍ ചിലപ്പോള്‍ എല്ലാ ആശയങ്ങളും വന്നെന്നിരിക്കില്ല, അവരുടെ ചിന്തയെ ചിത്രസൂക്ഷ്മതയിലേക്ക് നയിക്കണം. അതിനായി വിശകലന ചോദ്യങ്ങളാവാം.
    • ചിത്രത്തിൽ കാണുന്ന ഏതെങ്കിലും കാര്യം എഴുതാൻ വിട്ടുപോയിട്ടുണ്ടോ?
    • മനുഷ്യർ എന്തെല്ലാം ചെയ്യുന്നു എന്ന് എഴുതിയിട്ടുണ്ടോ?
    • മറ്റു ജീവികൾ എന്തെല്ലാം ചെയ്യുന്നു?
    • വെള്ളം എവിടെയെല്ലാം കാണാം?
    • വെള്ളം എന്തെല്ലാം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു?
👉🏻ഘട്ടം 3: സമാന ആശയങ്ങൾ കണ്ടെത്തൽ
ഇനി കുട്ടികളോട് ചോദിക്കാം:
    • ഏതൊക്കെ ആശയങ്ങളാണ് ഒരേ കൂട്ടത്തിൽ വരുന്നത്?
    • ചെടികളെയും മരങ്ങളെയും കുറിച്ചുള്ള ആശയങ്ങൾ ഏതൊക്കെയാണ്?
    • മനുഷ്യരെക്കുറിച്ചുള്ള ആശയങ്ങൾ ഏതൊക്കെയാണ്?
    • മറ്റു ജീവികളെക്കുറിച്ചുള്ള ആശയങ്ങൾ ഏതൊക്കെയാണ്?
    • വെള്ളത്തെക്കുറിച്ചുള്ള ആശയങ്ങൾ ഏതൊക്കെയാണ്?
കുട്ടികൾ തന്നെ ആശയങ്ങളെ കൂട്ടങ്ങളാക്കട്ടെ. മനുഷ്യരെക്കുറിച്ചുള്ള ആശയങ്ങള്‍ക്ക് ശരി അടയാളം, ജിവികളെക്കുറിച്ചുള്ളവയ്ക് നക്ഷത്രം അടയാളം എന്നിങ്ങനെ അടയാളങ്ങളിടാം.
👉🏻ഘട്ടം 4: ആശയക്രമീകരണം
    • മഴ പെയ്യുന്നതുമായി ബന്ധപ്പെട്ടവ
    • കുളം, പുഴ, കടല്‍, കിണര്‍ എന്നിവയുമായി ബന്ധപ്പെട്ടവ
    • മനുഷ്യരുമായി ബന്ധപ്പെട്ടവ
    • മറ്റു ജീവികളുമായി ബന്ധപ്പെട്ടവ
എന്നിങ്ങനെ ക്രമം തീരുമാനിക്കാം. എല്ലാവര്‍ക്കും അവരവരെഴുതിയതില്‍ ഈ പരിഗണന വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാം. ടീച്ചര്‍ ബോര്‍ഡില്‍ ക്രോഡീകരിച്ചതില്‍ നിന്നും ആശയം സ്വീകരിച്ച് സ്വന്തം എഴുത്ത് വിപുലപ്പെടുത്താം.  മുഹമ്മദ് മാസിനിനെ പോലെയുള്ളവര്‍ക്ക് ചിതറിക്കിടക്കുന്ന സമാന ആശയങ്ങള്‍ അടുപ്പിച്ചെഴുതി സ്വന്തം രചന മെച്ചപ്പെടുത്താം.
👉🏻ഘട്ടം 5: രചനയുടെ ക്രമം തീരുമാനിക്കൽ
ഇനി കുട്ടികളുമായി ചർച്ച ചെയ്യാം:
    • ആദ്യം എന്താണ് എഴുതേണ്ടത്?
    • അതിനുശേഷം ഏത് ആശയം വരണം?
    • സമാന ആശയങ്ങൾ അടുത്തടുത്ത് എഴുതിയാലോ?
    • അവസാനിപ്പിക്കാൻ എന്തെങ്കിലും നല്ലൊരു ആശയമുണ്ടോ?
കുട്ടികളുടെ നിർദേശങ്ങൾ പരിഗണിച്ച് ആശയങ്ങളുടെ ക്രമം തീരുമാനിക്കാം.
👉🏻ഘട്ടം 6: ക്ലാസ് രചന തയ്യാറാക്കൽ
എല്ലാവരുടെയും ആശയങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ ചേർന്ന് ഒരു രചന തയ്യാറാക്കുന്നു. അധ്യാപകൻ എഴുത്തിന് സഹായിക്കുന്നു. രചനയുടെ ഉടമസ്ഥത കുട്ടികൾക്കായിരിക്കണം.
ഇത് ഒരു കൂട്ടായ എഴുത്തുപ്രവർത്തനം മാത്രമല്ല. കുട്ടികൾക്ക് ആശയങ്ങളെ വർഗീകരിക്കാനും ബന്ധപ്പെടുത്താനും ക്രമീകരിക്കാനും ലഭിക്കുന്ന പ്രായോഗിക പരിശീലനം കൂടിയാണ്.
പ്രത്യേകിച്ച് മൂന്ന് കാര്യങ്ങൾ ശ്രദ്ധേയമാണ്:
    1. വ്യക്തിഗത രചനകൾ ക്ലാസിന്റെ പൊതുസമ്പത്തായി മാറുന്നു.
    2. മറ്റുള്ളവരുടെ ആശയങ്ങൾ സ്വീകരിക്കുകയും സ്വന്തം ആശയങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.
    3. വ്യത്യസ്ത ആശയങ്ങളെ ക്രമീകരിച്ച് ഒരു സമഗ്രരചന സൃഷ്ടിക്കുന്നു.
ഒരാളുടെ രചനയിലെ മികവ് മറ്റുള്ളവർക്കും പഠനവിഭവമാകുന്നു.
എല്ലാവരുടെയും ആശയങ്ങൾ ഉൾപ്പെടുത്തുക എന്നതുകൊണ്ട് എല്ലാ വാക്യങ്ങളും നിർബന്ധമായും ഉൾപ്പെടുത്തണമെന്നില്ല. സമാന ആശയങ്ങൾ തിരിച്ചറിഞ്ഞ് ആവർത്തനം ഒഴിവാക്കാം. എന്നാൽ *വ്യത്യസ്തമായ നിരീക്ഷണങ്ങളും കുട്ടികളുടെ തനതായ ഭാഷാപ്രയോഗങ്ങളും നഷ്ടപ്പെടരുത്.*
മുഹമ്മദ് തമീം പി എസ് എഴുതിയ വിവരണപ്പാട്ട് വേറിട്ട രചനയാണ്
അതിന്റെ തനിമയില്‍ അത് നിലനില്‍ക്കട്ടെ.
_*മരമുണ്ട് കിളിയുണ്ട് കൂടുമുണ്ട്*_ , 
_*കുളമുണ്ട് പുഴയുണ്ട് മീനുമുണ്ട്,*_ 
*_വീടുണ്ട് മുറ്റമുണ്ട് ചെടിയുമുണ്ട്_*
ഈ പാട്ടിലെ ചില വരികള്‍ ആവര്‍ത്തിക്കുന്നുണ്ട്. കുട്ടികള്‍ക്ക് വരികള്‍ കൂട്ടിച്ചേര്‍ക്കാന്‍ അവസരം നല്‍കാം. അതുപോലെ മാസിന്റെ രചനയിലെ കവിതാഭാഷയോട് സാമ്യമുള്ള വരികൾ പോലുള്ള സവിശേഷ പ്രയോഗങ്ങൾ ക്ലാസ് രചനയിലും നിലനിർത്താൻ ശ്രദ്ധിക്കണം.
ക്ലാസുല്പന്നത്തിലേക്ക് വികസിക്കുന്ന ഈ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ നേട്ടം, കുട്ടികൾക്ക് എഴുതാൻ പഠിപ്പിക്കുക മാത്രമല്ല, എന്തെഴുതണം, എങ്ങനെ ക്രമീകരിക്കണം, എന്തുകൊണ്ട് അങ്ങനെ ക്രമീകരിക്കണം എന്ന് ചിന്തിക്കാൻ അവസരം നൽകുന്നു എന്നതാണ്. 🛑ശ്രദ്ധിക്കുക ഒന്നാം ക്ലാസിലെ കുട്ടികള്‍ എല്ലാവരും ഇങ്ങനെ ആശയക്രമീകരണം നടത്തി എഴുതരണമെന്ന് നാം ആഗ്രഹിക്കുന്നില്ല. അഞ്ചോ ആറോ കാര്യം എഴുതിയാല്‍ മതി. എന്നാല്‍ സമര്‍ഥരായ കുട്ടികള്‍ തൊട്ടടുത്ത ഉയര്‍ന്ന തലത്തിലേക്ക് പോകണം. ടീച്ചര്‍ വേര്‍ഷന്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ നല്ലത് കുട്ടികളുടെ എഴുത്തില്‍ നിന്നും ചിന്തയില്‍ നിന്നും ആശയങ്ങള്‍ സ്വീകരിച്ച് പൊതു ഉല്പന്നം തയ്യാറാക്കുന്നതാണ്. വ്യക്തിഗത രചനയില്‍ അവസാനിക്കുമ്പോള്‍ ഓരോ കുട്ടിക്കും സ്വന്തം രചനമെച്ചപ്പെടുത്താനുള്ള ഇടം അടയുകയരുമരുത്. 

No comments: