ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, November 26, 2010

ക്ലാസില്‍അക്കാദമിക ഉന്മേഷം ആസ്വദിക്കാനാകണം


സജീവമായ ക്ലാസ് പഠനോല്പ്പന്ന സമൃദ്ധമായിരിക്കും.
ക്ലാസില്‍ കയറുമ്പോള്‍ തന്നെ സ്കൂളിന്റെ അക്കാദമിക ഉന്മേഷം ആസ്വദിക്കാനാകണം .
ക്ലാസില്‍ പല പഠന ശൈലി ഉള്ള കുട്ടികള്‍ അവര്‍ക്ക് ദൃശ്യാനുഭവം ഒരുക്കാന്‍ സ്വീകരിച്ച പലവിധ ആവിഷ്കാരങ്ങളുടെ തെളിവുകള്‍.
കൂട്ട് പഠനം ഉജ്വലിപ്പിച്ചതിന്റെ സൂചനകള്‍, പഠനപ്രക്രിയയുടെ വിട്ടു വീഴ്ചയില്ലാത്ത നിലപാടിന്റെ അടയാളങ്ങള്‍..
പണ്ട് സ്വന്തം കീശയില്‍ നിന്നും പണം മുടക്കിയാണ് പഠനസഹായ സാധനങ്ങള്‍ ഒരുക്കിയിരുന്നത്.
പിന്നെ അധ്യാപക സൌഹൃദമായ്.
ടീച്ചര്‍ ഗ്രാന്റ് എല്ലാ സ്കൂളിനും കിട്ടിത്തുടങ്ങി.
പുതിയ പഠന രീതിക്ക് പിന്തുണ.

ടീച്ചര്‍ ഗ്രാന്റ് വിനിയോഗം എസ് ആര്‍ ജി കൂടി തീരുമാനിക്കണം.
മിക്ക സ്കൂളുകളിലും ഇങ്ങനെ തീരുമാനിക്കാറുണ്ട്.(...?)

  • എല്ലാ മാസവും എസ് ആര്‍ ജിയില്‍ ഗ്രാന്റ് വിനിയോഗം ചര്‍ച്ച ചെയ്യുന്നവരാണ് തേര്‍ഡ് ക്യാംപുകാര്‍.
  • അതാണല്ലോ വേണ്ടതും.


അഞ്ച് കോളത്തില്‍ അത് രേഖപ്പെടുത്തും
  1. ക്ലാസ്/ വിഷയം,
  2. യൂനിറ്റ്
  3. നിര്‍മിക്കേണ്ട പഠനോപകരണം
  4. വാങ്ങേണ്ടവ
  5. ശേഖരിക്കെണ്ടവ
ഈ ലിസ്റ്റ് ക്രോഡീ കരിച്ചു പൊതു ലിസ്റ്റ് ഉണ്ടാക്കി സാധനങ്ങള്‍ വാങ്ങും.നിര്‍മിക്കും.
എല്ലാ മാസവും നിങ്ങളുടെ സ്കൂളില്‍ ഇത്തരം ചര്‍ച്ച നടക്കാറുണ്ടോ .

ചില സ്കൂളുകളില്‍ക്ലാസില്‍ ചെന്നാല്‍ മരുഭൂമിയുടെ പ്രതീതി.
അപ്പോള്‍ നടക്കുന്നതോ തൊട്ടു മുന്‍പ് കഴിഞ്ഞതോ ആയ പാഠങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കാണില്ല.
മുന്‍ വര്‍ഷത്തെ കാണും.
പുരാവ്സ്തുക്കല്‍ മാറ്റാന്‍ കൂടി തയ്യാറാവാത്തവരുണ്ട്
കുറെ ക്ലാസുകള്‍ കണ്ടു.സജീവതയുടെ അടയാളങ്ങള്‍ ഉള്ളവയും ഇല്ലാത്തവയും.
എന്താണ് ഈ വ്യത്യാസത്തിനു കാരണം.അഞ്ഞൂറ് രൂപാ വീതം കിട്ടിയത് ക്ലാസില്‍വേണ്ടവിധം പ്രതിഫലിക്കാത്താതിന്റെ കാരണം?
  • മനോഭാവം.
  • സമയമില്ലയ്ക
  • പ്രക്രിയാപരമായ അവ്യക്തത
  • അക്കാദമിക നേതൃത്വം ആവേശവും അന്ഗീകാരവും നല്‍കാത്തത്.
  • ആശയ ദാരിദ്ര്യം
  • സന്നദ്ധതക്കുറവു
  • ക്ലാസ് മികവില്‍ എത്തണം എന്ന ലക്‌ഷ്യം നിര്നയിക്കാത്ത്തത്.
കാരണം പലതാവ്വും.ഫലം ഒന്ന് തന്നെ -കുട്ടികള്‍ക്ക് മികച്ച പഠന അനുഭവങ്ങള്‍ നഷ്ടമാകുന്നു.

ഏതു ക്ലാസിലും : മുന്‍ വ്യവഹാര രൂപത്തിന്റെ നാലോ അഞ്ചോ എഡിറ്റ്
ചെയ്യപ്പെട്ട ഗ്രൂപ്പ് ഉല്പന്നം,ടീച്ചര്‍ വേര്‍ഷന്‍ (ഇംഗ്ലീഷ്,ഹിന്ദി, മലയാളം )ഇവ കാണണ്ടേ? ഗണിതത്തിന്റെ സെമിനാര്‍/പ്രശനപരിഹരണ റിപ്പോര്‍ട്ട്‌,പട്ടികാ വിശകലന ചാര്‍ട്ട്, ഗ്രൂപ്പ് ചാര്‍ട്ടുകള്‍,ശാസ്ത്രം,സാമൂഹിക ശാസ്ത്രം ഇവയുടെയും കണ്ടെത്ടലുകളും അവയുടെ രേഖപ്പെടുത്തലും ....പതിപ്പുകള്‍,ഓരോ കുട്ടിയുടെയും മാഗസിന്‍,ക്ലാസ് മാഗസിന്‍,ശേഖരങ്ങള്‍,പോര്‍ട്ട്‌ ഫോളിയോ,ഡിസ്പ്ലേ ബോര്‍ഡില്‍ പലവിധ കുറിപ്പുകള്‍ ,ചിത്രങ്ങള്‍, ചാര്ടുകള്‍, പഠനോല്‍പ്പന്നങ്ങള്‍...
വിഷയാടിസ്ഥാനത്ത്തില്‍ പ്രത്യേക സ്ഥലം നല്‍കി ഇവയൊക്കെ ക്രമീകരിക്കണം.
ഏതു എസ് ആര്‍ ജി മിനിട്സ് നോക്കിയാലും :ഓരോ മാസവും ടീച്ചര്‍ ഗ്രാന്റ് വ്നിയോഗം അവലോകനം ചെയ്തതിന്‍ രേഖകള്‍,ആസൂത്രണം ചെയ്തതിന്‍ ആലോചനകള്‍, പുതിയ അന്വേഷണങ്ങള്‍...
ക്ലാസുകള്‍ സമൃദ്ധമാകട്ടെഎന്ന് ആഗ്രഹിക്കാം .ആഗ്രഹത്തിനനുസരിച്ച് പ്രവര്‍ത്തിക്കാം.

21 comments:

ഇ.എ.സജിം തട്ടത്തുമല said...

അർപ്പണമനോഭാവമുള്ള ഏതാനും അദ്ധ്യാപകരെങ്കിലും സ്കൂളുകളിൽ ഉണ്ടായാലേ പുതിയ പാഠ്യപദ്ധതി ഫലം കാണുകയുള്ളൂ. അർപ്പണമനോഭാവം പോട്ടേ, ഒരു അന്വേഷണാത്മകതയോ, പുതിയ പുതിയ അറിവുക്കളാൽ അപ്ഡേറ്റഡ് ആകുനാനുള്ള താല്പര്യമോ ഇന്ന് ബഹുഭൂരിപക്ഷം അദ്ധ്യാപകർക്കും ഇല്ലെന്നു വേദനയോടെ പറയട്ടെ. പത്രം പോലും വായിക്കാൻ ഇന്ന് നല്ലൊരു വിഭാഗം അദ്ധ്യാപർ പ്രത്യേകിച്ച് അദ്ധ്യപികമാർ മിനക്കെടുന്നില്ലെന്നത് അല്പം ലജ്ജയോടെ പറയട്ടെ.പണ്ട് അത്തരക്കാർക്കും പഠിപ്പിക്കാം. കാരണം പുസ്തകം നോക്കി വായിച്ചാൽ മതി. എന്നാൽ ഇന്ന് പൊതുവിജ്ഞാനം കമ്മിയായ അദ്ധ്യാപകർക്ക് എങ്ങനെ കുട്ടികളെ വേണ്ടവിധം പഠിപ്പിക്കാനാകും? എന്തി്ന്, കീ ബോർഡിലും മൌസിലും തൊട്ടാൽ കറണ്ടടിക്കുമെന്ന് ഭയന്ന് കമ്പ്യൂട്ടർ ലാബിൽതന്നെ കയറാത്ത അദ്ധ്യാപകർ ഇപ്പോഴുമുണ്ട്. താങ്കൾ തന്നെ പറയൂ ഇന്റെനെറ്റിൽ ഈ ബ്ലോഗെന്ന ഒരു മാദ്ധ്യമത്തിന്റെ സാദ്ധ്യതകൾ മനസിലാക്കിയിട്ടുള്ള എത്ര അദ്ധ്യാപകർ കേരളത്തിൽ ഉണ്ട്?

പണ്ട് അദ്ധ്യാപകരിൽ ഒരു വിഭാഗത്തിന് അവർ പഠീപ്പിക്കാൻ സമർത്ഥരല്ലെങ്കിലും അവർ സാമൂഹ്യബാദ്ധ്യത പ്രകടമാ‍ക്കിയിരുന്നു. കുട്ടികളോടും രക്ഷകർത്താക്കളോടും അവർക്ക് വൈകാരിക ബന്ധം ഉണ്ടായിരുന്നു.സ്കൂളിന്റെ പൊതുവായ കാര്യങ്ങളീൽ അവർ സദാ സേവന തല്പരരായിരുന്നു. ഇന്ന് സ്കൂളിന്റെ മറ്റു പൊതുകാര്യങ്ങളിൽ ഭാഗഭാക്കാകുന്നവർ വളരെ വിരളം. അദ്ധ്യാപനം എന്നത് ഒരു ജീവിതോപാധി മാതമല്ല; വരും തലമുറയ്ക്ക് ജീവിതോപധികൾ കണ്ടെത്തുന്നതിന് അവരെ പ്രാപ്തരാക്കേണ്ടവരും , അവരെ സമൂഹത്തിൽ ജീവിക്കാൻ പരിശീലിപ്പിക്കേണ്ടവരും മറ്റും മറ്റുമാണ് അദ്ധ്യാപകർ. . അതുകൊണ്ട് തന്നെ വെറും ഒരു സർക്കാർ ഉദ്യോഗമായി അദ്ധ്യാപനത്തെയും കാണുന്നവർക്ക് നമ്മുടെ ഇപ്പോഴത്തെ പാഠ്യപദ്ധതിയെ ശരിയായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല. ഒരു ബി എഡിന്റെയോ റ്റി.റ്റി സിയുടേയോ പിൻബലത്തിൽ മാത്രം ഇനിയുള്ളകാലം ആദ്ധ്യാപകവൃത്തിയുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന സത്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടുണ്ടോ? അദ്ധ്യാപകർ നിരന്തരപരിശീലനത്തിന് വിധേയമായാൽ മാത്രമേ നല്ല നിലയിൽ കുട്ടികളെ പഠിപ്പിക്കാൻ കഴിയൂ. എന്നാൽ വർഷത്തിൽ ഒന്നോ രണ്ടോ ദിവസം നടത്തുന്ന കോഴ്സുകളിൽ പോലും പിരാകിക്കൊണ്ടു പോയിരുന്ന് ഉറങ്ങി വണ്ടിക്കൂലിയും കൈപറ്റി പോകുന്ന അലസരും മടിയരുമായ അദ്ധ്യാപകർക്ക് നമ്മുടെ വിദ്യാലയങ്ങളെ നല്ല നിലയിൽ മുന്നോട്ടു നയിക്കാൻ ആകില്ല. സ്കൂളുകളിൽ ഡെയ്ലി വേജുകൾ ഉണ്ടെങ്കിൽ അവരെ പരിശീലനത്തിനു വിട്ടിട്ട് മറ്റുള്ളവർ വീട്ടിലിരിക്കുന്നതും ഈയുള്ളവൻ കണ്ടിട്ടുണ്ട്.

പഠിപ്പിക്കാനുള്ള കഴിവും അറിവും താല്പര്യവും കണക്കിലെടുത്ത് അദ്ധ്യാപക നിയമനം നടത്തുന്ന കാലത്തു മാത്രമേ നമ്മുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടൂ‍. അല്ലാതെ ഒരു റ്റി.റ്റി.സിയും യും അല്ലെങ്കിൽ ബി.എഡും കുറെ ജി.കെ കാണാതെ പഠിച്ച് പാസാകുന്ന പി.എസ്.സി റാങ്കും നോക്കി അദ്ധ്യാപക നിയമനം നടത്തുന്ന കാലത്തോളം നമ്മുടെ വിദ്യാലയങ്ങളുടെ പൊതു സ്ഥിതി ഇങ്ങനെ ഒക്കെയേ ഇരിക്കൂ.
സത്യത്തിൽ ബി.എഡ്,റ്റി.റ്റി സി എന്നീ കോഴ്സുകൾ തന്നെ അനാവശ്യങ്ങളാണ് എന്നാണ് ഈയുള്ളവന്റെ അല്പം കടന്നതെന്നു തോന്നാവുന്ന അഭിപ്രായം.. യു.പി വരെ പഠിപ്പിക്കാൻ ബിരുദവും, ഹൈസ്കൂളിൽ പഠിപ്പിക്കാൻ ബിരുദാനന്തര ബിരുദവും മാത്രം മാനദണ്ഡമായി എടുത്താൽ മതിയാകും. പഠിപ്പിക്കാനുള്ള കഴിവു പരിശോധിക്കുന്നതിനു പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ജേർണലിസം എന്നൊരു കോഴ്സ് ഇല്ലാതിരുന്ന കാലത്തും നല്ല വിവരമുള്ള പത്ര പ്രവർത്തകർ ഉണ്ടായിട്ടുണ്ട്. ജേർണലിസമൊന്നും അല്ല അതിന്റെ മാനദണ്ഡം. എന്നതുപോലെ ബി.എഡും, റ്റി.റ്റി സിയും കൊണ്ട് നല്ല അദ്ധ്യാപകരും ആകാൻ കഴിയില്ല. അർപ്പണബോധം ‌(ഇത് മുൻ കൂട്ടി മനസിലാക്കാൻ കഴിയില്ലെന്ന് വാദത്തിനു സമ്മദിക്കാം), പഠിപ്പിക്കാനുള്ള കഴിവ് , അറിവിന്റെ വ്യാപ്തി ഇതൊക്കെ പരിശോധിക്കപ്പെടേണ്ടതാണ്. സർവ്വജ്ഞപീഠം കയറിയവരേ ആദ്ധ്യാപകർ ആകാവൂ എന്നൊന്നും ഈ പറഞ്ഞതിന് അർത്ഥമില്ല.

ഇ.എ.സജിം തട്ടത്തുമല said...

ഒരുപാട് പറയാനുണ്ട്.എങ്കിലും ഒന്നുകൂടി പറഞ്ഞ് തൽക്കാലം സംതൃപ്തി അടയാം. ഇവിടുത്തെ അൺ എയിഡഡ് സ്കൂളുകളിൽ നക്കാപിച്ചാ ശമ്പളത്തിനു പഠിപ്പിക്കുന്ന യാതൊരു അംഗീകൃത യോഗ്യതകളും ഇല്ലാത്ത അദ്ധ്യാപകർ പഠിപ്പിക്കുന്ന കുട്ടികളുടെ നിലവാരം പൊതു വിദ്യാലയങ്ങളിലെ ബി.എഡുകാരും എം.എഡുകാരും സെറ്റുകാരും നെറ്റുകാരും പഠിപ്പിക്കുന്ന കുട്ടികൾക്ക് ഇല്ലാതെ പോകുന്നത് എന്തുകൊണ്ട്? നമ്മുടെ സർക്കാർ സ്കൂൾ അദ്ധ്യാപകർ അവരുടെ മക്കളെ അവരോളം വിദ്യാഭ്യാസയോഗ്യതകൾ ഇല്ലാത്ത അദ്ധ്യാപകർ പഠിപ്പിക്കുന്ന അൺ എയ്ഡഡ് സ്കൂളുകളിൽ അയക്കുന്നതെന്തുകൊണ്ട്?

സുഹൃത്തേ വിദ്യാഭ്യാസവുമായി ബന്ധമുള്ള ഒരു ബ്ലോഗ് കണ്ടപ്പോൾ മനസിലുള്ള ചില കാര്യങ്ങൾ എഴുതി പോയെന്നേയുള്ളൂ. ഈ അഭിപ്രായങ്ങൾ ഈയുള്ളവൻ അവർകളുടെ കമന്റ് സംഭരണിയായി ഉപയോഗിക്കുന ബ്ലോഗിൽ ഇപ്പോൾ തന്നെ പ്രസിദ്ധീകരിക്കുകയുമാണ്.http://easajimabhiprayangal.blogspot.com. താങ്കൾക്ക് ഈ കമന്റ് ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ താങ്കളുടെ ബ്ലോഗിൽ നിന്ന് ഇത് ഡിലീറ്റ് ചെയ്യവുന്നതല്ലെയുള്ളൂ!

main blog: http://easajim.blogspot.com

സ്നേഹപൂർവ്വം ബ്ലോഗിലെ ഒരു വഴിപോക്കൻ!

drkaladharantp said...

സജി,
ഇത് സ്തുതിപാറകര്‍ക്കുള്ള ബ്ലോഗ്‌ അല്ല.താങ്കളുടെ നിരീക്ഷണം പ്രസക്തമാണ്.സമൂഹം എന്നൊരു സംവിധാനം തന്റെ ലോകത്തിനു പുറത്തുണ്ടെന്നു കരുതുമ്പോഴാണ് അധ്യയനം സാമൂഹിക പ്രവര്‍ത്തനം കൂട്യിയായി മാറുന്നത്.ഇത് നിരന്തരം നാം ഓര്‍മിപ്പിച്ചു കൊണ്ടിരിക്കണം.നല്ല വിമര്‍ശകരാവുകയും വേണം.അപ്പോളരിയാതെ നേര്‍ വിപരീതമായ നിലപാടില്‍ എത്തുന്നോ എന്ന് സംശയം പ്രകടിപ്പിക്കാന്‍ അനുവദിക്കുക.സമൂഹത്തെ കാണാത്ത അണ്‍ എയിഡെഡ് വിദ്യാലയങ്ങളില്‍ നേരെ ചൊവ്വേ നല്ല പഠനം നടക്കുന്നുവന്നു കരുതുന്നെങ്കില്‍ അതും തിരുത്തണം.നാം ക്വാളിറ്റിയെ നിര്‍വചിക്കണം.ഈ ബ്ലോഗില്‍ കൂടി സാധ്യതകള്‍ അന്വേഷിച്ച സ്കൂളുകളെ അര്‍പ്പനമാനോഭാവമുള്ള അധ്യാപകരെയാണ് പരിചയപ്പെടുത്തുന്നത്.അത് എല്ലാ അലസ അധ്യാപകര്‍ക്കും പുറത്തുവരാന്‍ പ്രചോദനം നലകുമെന്ന പ്രത്യാശയില്‍.മനോഭാവവും ഒരു നിര്മിതിയാണ്.അത് മാറ്റാന്‍ കഴിയും.വീണ്ടും ഇടപെടുമല്ലോ.

ജയിംസ് സണ്ണി പാറ്റൂർ said...

കോണ്‍വെന്റ് സ്കൂളുകളെ വെല്ലുന്ന ഒരു സര്‍ക്കാര്‍
പള്ളിക്കുടം എനിക്കു കാണുവാനിടയായി. മൂക്കത്ത്
വിരല്‍ വെച്ച് ഞാന്‍ ആ സ്കൂളിലെ ക്സാസു മുറികളും
പരിസരവും നടന്നു കണ്ടു. മികവുറ്റ ടോയ് ലെറ്റ് സൌ
കര്യങ്ങള്‍. താങ്കളുടെ ബ്ലോഗില്‍ കാണിച്ചിരിക്കുന്നതു
പോലെ വര്‍ണ്ണ ശബളമായ ക്ലാസ് മുറികള്‍ തറയില്‍
ടൈല്‍സ്.തിരുവനന്തപുരത്തെ നെടുമങ്ങാട് താലൂക്കുക
ളിലുള്ള ആനാട് ഗവ.യുപി സ്കൂളാണ് അത്. അതു
കണ്ടപ്പോള്‍ മറ്റു സര്‍ക്കാര്‍ സ്കൂളുകളുടെ അവസ്ഥ
എന്റെ മുന്നില്‍ തെളിഞ്ഞു വന്നു.മനസ്സു വെയ്ക്കണം
സര്‍ക്കാരോ അധികാരികളോ അല്ല നമ്മള്‍ ജനങ്ങള്‍
പിന്നെ വിജയത്തിന്റെ കാര്യം. സ്വകാര്യ സ്കൂളുകള്‍
ചെയ്യുന്നതു പോലെ പത്തില്‍ രണ്ടു ഡിവിഷനും
അത്രയും കുട്ടികളും മാത്രം മതിയെങ്കില്‍ എല്ലാ
സര്‍ക്കാര്‍ സ്കൂളുകളും നൂറില്‍ നൂറു നേടും.

ജയിംസ് സണ്ണി പാറ്റൂർ said...

ഒരു തിരുത്തുണ്ടേ. ആനാട് ഗവ. എല്‍. പി.സ്കൂളാണത്.

drkaladharantp said...

"കോണ്‍വന്റ് സ്കൂളുകളെ വെല്ലുന്ന എന്ന പ്രയോഗം" മലയാളിമനസ്സിലുള്ള (തുടച്ചുനീക്കേണ്ട) ധാരണയെ സൂചിപ്പിക്കുന്നു.ഇത് നിര്‍ദോഷമല്ല .അവയാണ് മികച്ചത് എന്ന് അബോധപൂര്‍വം പ്രചരിപ്പിക്കുകയാണ്.
..ഫീസ്‌ വാങ്ങി പത്രാസ് കാണിക്കുന്നതാണോ കോണ്‍വന്റ് സംസ്കാരം .? . ഈ അടുത്തിടെ അത്തരം സ്കൂളിലെ ഒരു കഥ വായിച്ചു .പൂച്ചകള്‍ അപ്പം പങ്കു വച്ച ആ പഴയ കഥ .കുരങ്ങന്‍ വന്നു പറ്റിച്ചത് .സ്കൂളുകാര്‍ അപ്പം മാറ്റി കേക്ക് ആക്കി.എങ്ങനെയുണ്ട് ?.ബേക്കറി സംസ്കാരം കൂടി കൊച്ചുമാനസ്സില്‍ കയറ്റാമല്ലോ..?കഥയുടെ പുനരാവിഷ്കാരം പോലും മലിനമാണ്‌..ആനാട് സ്കൂള്‍ പോലെ എല്ലാ സ്കൂളുമാക്കാന്‍ കഴിയും.പൊതുവിദ്യാലയങ്ങളുടെ പരാധീനതകള്‍ പരിഹരിക്കേണ്ട സമൂഹത്തിലെ ഒരു വിഭാഗം അവയെ കയ്യൊഴിയാന്‍ തുടങ്ങിയിട്ടും അവ മതനിരപേക്ഷവും മാനവികതയില്‍ അധിഷ്ടിതവും വിവേചന രഹിതവുമായ വിദ്യാഭ്യാസത്തെ ഉയര്‍ത്തി പിടിക്കുന്നു.ശക്തിപകരാന്‍ ഒപ്പം ആളുണ്ടാവണം

ഇ.എ.സജിം തട്ടത്തുമല said...

കലാധർ മാഷെ,

ഞാൻ അൺ എയ്ഡഡ് സ്കൂളിന്റെ വക്താവല്ല.രണ്ടുതരം മീഡിയം സമ്പ്രദായത്തെ നഖശിഖാന്തം എതിർക്കുന്ന ആളാണ്. ഇംഗ്ലീഷിനും മലയാളത്തിനും തുല്യപ്രാധാന്യമുള്ള വിദ്യാഭ്യാസത്തെ അനുകൂലിക്കുകയും ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ എന്നൊരു സമ്പ്രദായം തന്നെ നിരോധിക്കണമെന്ന് തീവ്രമായി തന്നെ വാദിക്കുകയും ചെയ്യുന്നു.അല്ലെങ്കിൽ പൊതുവിദ്യാലയങ്ങൾ മുഴുവൻ ഇംഗ്ലീഷ് മീഡിയം ആ‍ക്കിക്കൊണ്ട് അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ ദുർബലപ്പെടുത്തണം.കാരണം പൊതു വിദ്യാലയങ്ങളിൽ പഠനമാധ്യമം എന്ന നിലയ്ക്കല്ലാതെ തന്നെ മലയാള ഭാഷ നന്നായി പഠിപ്പിക്കാൻ സാധിക്കും. പണ്ടൊക്കെ ഈ അൺ എയിഡഡ് സ്കൂളുകളിൽ വലിയ സമ്പന്നരും ഉന്നതോദ്യോഗസ്ഥരുമാണ് കുട്ടികളെ അയച്ചിരുന്നതെങ്കിൽ ഇപ്പോൾ ഇടത്തരക്കാരും അതിലും താഴെ വരുമാനമുള്ളവരും പോലും ഇംഗ്ലീഷ് മിഡിയം സ്കൂളുകളിലേയ്ക്കാണ് കുട്ടികളെ അയക്കുന്നത്. ഇത് കണ്ടില്ലെന്നു നടിച്ച് ആദർശം വിളമ്പി നടന്നാൽ ഭാവിയിൽ സർക്കാർ സ്കൂളുകൾ തകരും. തൽക്കാലം എല്ലാ സർക്കാർ സ്കൂളുകളിലും ഓരോ ഡിവിഷൻ എങ്കിലും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചുകൊണ്ട് ഈ വെല്ലുവിളിയെ അതിജീവിക്കണമെന്നാണ് ഈയുള്ളവന്റെ അഭിപ്രായം. ഇടത്തരക്കാരുടെ കുട്ടികളെയെങ്കിലും കുറച്ചൊക്കെ പൊതുവിദ്യാലയത്തിലേയ്ക്ക് ആകർഷിക്കാൻ ഇതിലൂടെ കഴിയും എന്ന് ചിലയിടങ്ങളിലെ അനുഭവങ്ങൾ തെളിയിക്കുന്നു. മറ്റൊരു മാറ്റം ചിലയിടങ്ങളിൽ ഇന്ന് ദൃശ്യമാ‍കുന്നുണ്ട്. പണ്ടത്തെ പോലെ അൺ എയിഡഡ് സ്കൂളുകളെകുറിച്ച് വലിയ മതിപ്പില്ല. എണ്ണം പെരുകിയപ്പൊൾ അവയുടെ ഗുണത്തിലും ഇടിച്ചിൽ ഉണ്ടായിരിക്കുന്നുവെന്ന് പരക്കെ അഭിപ്രായമുണ്ട്. പിന്നെ സ്വന്തം മക്കളെ സ്റ്റാറ്റസിന് അൺ എയിഡഡിൽ വിടുന്നവരാണ് നല്ലൊരുപങ്ക്‌!മറ്റൊന്ന് ഞാൻ എടുത്ത് പറയട്ടെ; എന്റെ സുഹൃത്തുക്കളായ ചില അദ്ധ്യാപകർ ഇതു പറയുമ്പോഴാണ് മുഖംചുളിക്കുന്നത്. അതായത് പൊതു വിദ്യാലയത്തിൽ അവരുടെ കുട്ടികളെ അയക്കില്ല. ഇത് മാറണം. മാറ്റണം. സ്വന്തം മക്കളെ പൊതുവിദ്യാലയത്തിൽ തന്നെ പഠിപ്പിക്കണമെന്നത് അദ്ധ്യാപകരുടെ സർവീസ് റൂളിന്റെ ഭാഗമാക്കണം. നോ‍ക്കൂ, ആർക്കും സർക്കാർ വിദ്യാലയങ്ങൾ വേണ്ട, സർക്കാർ ആശുപത്രികൾ വേണ്ട, സർക്കാർ ബസുകൾ വേണ്ട, പക്ഷെ എല്ലാവർക്കും സർക്കാർ ജോലി വേണം. ഈ മനോഭാവം മാറിയേ പറ്റൂ. മലയാളം മീഡിയം സ്കൂളുകളിൽ മതിപ്പില്ലാത്തവർ പൊതു വിദ്യാലയങ്ങളിൽ ആദ്ധ്യാപകരാകാനും പാടില്ല എന്നു തന്നെ ഞാൻ പറയും. അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.എന്റെ പിതാവ് സർക്കാർ സ്കൂൾ അദ്ധ്യാപകനായിരുന്നു. ഞാൻ പഠിച്ചതും സർക്കാർ സ്കൂളിൽ തന്നെ. സർക്കാർ സ്കൂളിൽ പഠിച്ചതുകൊണ്ട് ഭാവിതുലഞ്ഞു എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നില്ല.

drkaladharantp said...

പ്രതികരിച്ച രണ്ടു സുഹൃത്തുക്കളും നന്മയുടെ വക്താക്കള്‍ തന്നെ .
നാം മുറുകെ പ്പിടിക്കേണ്ട ചിലതുണ്ട്.അതിലൊന്നാണ് ആദര്‍ശം.അത് പൊളിഞ്ഞാല്‍ പിന്നെ ഇരുളല്ലേ. പൊതു വിദ്യാലയങ്ങളിലെ ഇംഗ്ലീഷ് ആണ് പ്രശ്നമെങ്കില്‍ അതില്‍ മാറ്റം വരുത്താന്‍ കഴിയും.ഈ ബ്ലോഗില്‍ത്തന്നെ ഉദാഹരണങ്ങള്‍ നിരവധി കൊടുത്തിട്ടുണ്ട്‌.പോപ്പുലര്‍ പോസ്റ്റില്‍ "ഹായി മാധുര്യമുള്ള..എന്ന പോസ്റ്റ്‌ നോക്കൂ.,അതെപോലെ തേര്‍ഡ് ക്യാമ്പ് സ്കൂള്‍ വിശേഷങ്ങളും.എനിക്ക് ഉറപ്പുണ്ട് മലയാളം മീഡിയം സ്കൂളില്‍ ഇംഗ്ലീഷ് നന്നായി പഠിപ്പക്കാന്‍ കഴിയുമെന്ന്.അത് പോരെ.പൊതുവിദ്യാലയങ്ങളില്‍ എത്തുന്ന കുട്ടികള്‍ക്ക് ബഹു ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കരുത്തു വേണം.അതിനു വഴിയുണ്ട്.അത് സാധ്യവുമാണ്‌.കുറുക്കു വഴികള്‍ പരിഹാരമല്ല.ഞാന്‍ പറയുന്നതില്‍ നല്ലത് അധ്യാപകര്‍ അനുഭവം പങ്കിടുന്നതാവും.ചൂണ്ടുവിരല്‍ അതിനു അവസരം ഒരുക്കും.

ഇ.എ.സജിം തട്ടത്തുമല said...

പുതിയ പാഠ്യക്രമവുമായി ബന്ധപ്പെട്ട് ഈയുള്ളവൻ അവർകളുടെ അഭിപ്രായങ്ങളുടെ സംഗ്രഹം താഴെ പറയുന്നു.വീണുകിട്ടിയ ഒരു വിഷയത്തിൽ പിടിച്ച് മനസിലുള്ള ചില അഭിപ്രായങ്ങളെ തുറന്നുവിടുന്നു എന്നുമാത്രം. ഇവ അക്കമിട്ടു കൊടുക്കുന്നത് അടുക്കും ചിട്ടയുമില്ലാതെ തോന്നുമ്പടി എഴുതി പോകുന്നത് വായിക്കുന്നവർക്ക് ബുദ്ധിമുട്ടാകാതിരിക്കനാണ്. ശിഥിലമായി കാര്യങ്ങൾ പറഞ്ഞു പോവുകയാണ്. സമയക്കുറവുതന്നെ കാരണം. ആവശ്യമെങ്കിൽ ഇത് ചിട്ടപ്പെടുത്തി പിന്നീട് എഴുതിക്കൊള്ളും! മറ്റൊന്ന് ഇതെല്ലാം എന്റെ അഭിപ്രായങ്ങൾ മാത്രമല്ല. വിമർശകരുടെ സ്വാധീനത്തിൽ പെട്ട് രൂപപ്പെട്ട അഭിപ്രായങ്ങളും ഉണ്ടായേക്കാം. ചർച്ചയ്ക്ക് വേണ്ടി എല്ലാം പങ്കുവയ്ക്കുന്നു.

1. ഗ്രേഡിം സിസ്റ്റത്തിലുള്ള പുതിയ പാഠ്യപദ്ധതിയുടെ ഉദ്ദേശ്യശുദ്ധി, അതുൾക്കൊള്ളുന്ന മാനവികമൂല്യങ്ങൾ എന്നിവ അംഗീകരിക്കുന്നു.

2. അദ്ധ്യാപക കേന്ദ്രീകൃതമായ വിദ്യാഭ്യാസത്തിൽനിന്നും വിദ്യാർത്ഥികേന്ദ്രീകൃതമായ വിദ്യാഭ്യസത്തിലേയ്ക്കുള്ള മാറ്റം എന്നത് നല്ലൊരു പരിധിവരെ അംഗീകരിക്കുന്നു. എന്നാൽ വിദ്യ പകർന്നു നൽകുന്നതിൽ അദ്ധ്യാപകർക്കുള്ള ചെറുതല്ലാത്ത പങ്ക് നിഷേധിക്കനാകില്ല.

3. പഴയ റാങ്ക്, ഡിസ്റ്റിംഷൻ, ഫസ്റ്റ് ക്ലാസ്സ്, സെക്കൻഡ് ക്ലാസ്സ്, തേർഡ്ക്ലാസ്സ് എന്നിവയല്ല, പരീക്ഷകളിൽ ലഭിക്കുന്ന മാർക്ക് ഉൾപ്പെടെ കണക്കിലെടുത്ത് നൽകുന്ന ഗ്രേഡിംഗ് സമ്പ്രദായം തന്നെയാണ് കൂടുതൽ മെച്ചം.

4.ഇപ്പോൾ ഉപരിപഠനത്തിനുള്ള യോഗ്യത ഡി പ്ലസും അതിനു മുകളിലും ഉള്ള ഗ്രേഡാണ്. എന്നാൽ പ്ലസ് ടു തലം വരെ ഒരു ക്ലാസ്സിലും കുട്ടികൾക്ക് ഡി-പ്ലസിൽ താഴെയുള്ള ഗ്രേഡ് നൽകി ഉപരിപഠനത്തിന് അയോഗ്യരാക്കേണ്ട കാര്യമില്ല. കാരണം തോൽവി കുട്ടികളെ മാനസികമായി തകർക്കും. തുടർന്നു പഠിക്കാനുള്ള ആത്മവിശ്വാസവും താല്പര്യവും നഷ്ടപ്പെടാൻ തോൽവി കാരണമാകും.

5. പാഠ്യേതര പ്രവർത്തനങ്ങളും അതിനു നൽകുന്ന ഗ്രേഡും ആവശ്യം തന്നെ. എന്നാൽ എഴുത്തുപരീക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം.

6. വിദ്യാഭ്യാസത്തിന്റെ ഒരു തലത്തിലും ഇന്റേർണൽ മാർക്ക് ഏർപ്പെടുത്താൻ പാടില്ല. മാർക്ക് അദ്ധ്യാപകന്റെ ഔദാര്യമാകുന്ന ഈ സമ്പ്രദായം ലോകത്ത് എവിടെ നടക്കുന്നെങ്കിലും അത് ചൂഷണത്തിനും പക്ഷപാതിത്വത്തിനും ഇടയാക്കും. ഇന്റേർണൽ മാർക്ക് വ്യക്തിഗതമായതിനാൽ അനീതി സംഭവിക്കാനുള്ള സാദ്ധ്യത പരിഹരിക്കാനാകില്ല.

7. പ്രോജ്ക്റ്റും അസെയിന്മെന്റും മറ്റു പാഠ്യേതരപ്രവർത്തനങ്ങളും, ജനറൽ നോളജും പാഠ്യപദ്ധതിയുടെ ഭാഗമാകണം. അവയെല്ലാം കൂടി ചേർത്ത് ഒരു വിഷയമാക്കി അതിനും പരീക്ഷ നടത്തണം. പക്ഷെ ഇന്നത്തെ രീതി തൃപ്തികരം അല്ല.

8. ഇന്നത്തെ പാഠപുസ്തകങ്ങളുടെ ഉള്ളടക്കം, പുസ്തകങ്ങളുടെ അനാവശ്യ വലിപ്പം എന്നിവ അംഗീകരിക്കനാകില്ല. ഉള്ളടക്കം ദുർഗ്രാഹ്യങ്ങളും അതിൽ നൽകുന്ന നിർദ്ദേശങ്ങൾ പലതും അപ്രായോഗികങ്ങളും ചിലതൊക്കെ ബാല മാസികകളിലെ പദപ്രശ്നങ്ങൾ പോലെയുമാണ്. പുസ്തകത്തിൽ നൽകുന്ന ചില ചോദ്യങ്ങളും നിർദേശങ്ങളും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷകർത്താക്കൾക്കും മിക്കപ്പോഴും അൺസോൾവ്ഡ് പ്രോബ്ലമായി (കീറാമുട്ടി- അപരിഹാര്യമായ പ്രശ്നം) ആയി തീരുകയാണ്.

ഇ.എ.സജിം തട്ടത്തുമല said...

9. പഠനഭാരം ലഘൂകരിക്കുന്നതിനെ കുറിച്ച് പുതിയ പാഠ്യ പദ്ധതിയുടെ പ്രചാരകർ തന്നെ വാചാലരാകുന്നുണ്ട്. എന്നാൽ പഠന ഭാരം പണ്ടത്തേതിന്റെ എത്രയോ ഇരട്ടി കഠിനമാണ് ഇന്ന്. പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരീക്ഷകളും എല്ലാം കഠിനം തന്നെ!

10. പാഠപുസ്തകങ്ങളിൽ അന്വേഷിക്കൂ, കണ്ടെത്തൂ, പരിസരപുസ്തകത്തിൽ എഴുതൂ, സെമിനാർ സംഘടിപ്പിക്കൂ എന്നൊക്കെ എഴുതി പിടിപ്പിച്ചിരിക്കുന്നത് എല്ലാം അതേപടി പിൻപറ്റുക പ്രയാസമാണ്. അതുകൊണ്ടു തന്നെ ഇന്ന് ബഹുഭൂരിപക്ഷം സ്കൂളുകളിലും കുട്ടികളിലും അതൊന്നും നടപ്പിലാകുന്നുമില്ല.

11. പാഠപുസ്തകങ്ങളിലെ അപൂർണ്ണത, ദുർഗ്രാഹ്യത, ഹിന്റുകൾ മാത്രം നൽകിയിട്ട് ബാക്കി അന്വേഷിക്കാനും കണ്ടെത്താനും പൂരിപ്പിക്കാനും പറയുക എന്നതൊന്നും ശരിയായ ഒരു രീതിയല്ല. അനേഷിക്കാനും കണ്ടെത്താനും മാത്രമായി സ്കൂളിലേക്ക് വരുന്ന ശാസ്ത്രപ്രതിഭകൾ അല്ല കുട്ടികൾ എല്ലാവരും. അന്വേഷിച്ചതും കണ്ടെത്തിയതുമായ കുറെ കാര്യങ്ങൾ പഠിക്കാനാണ്. പാഠപുസ്തകങ്ങൾ കാര്യങ്ങൾ കൂടുതൽ സംശയങ്ങൾക്കിട വരാത്തവിധം വ്യക്തമായി അറിവുകൾ എഴുതി പിടിപ്പിച്ചവയായിരിക്കണം. (ഗ്രേഡിംഗിനു മുൻപ് നിലവിലിരുന്ന പാഠപുസ്തകങ്ങളാണ് നല്ല മാതൃകകൾ എന്ന് തന്നെ ഈയുള്ളവൻ കരുതുന്നത്)

12. പാഠപുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്തിട്ട് പാഠപുസ്തകങ്ങളിൽ നൽകിയിട്ടുള്ള വിവരങ്ങളുമായി പുലബന്ധമില്ലാത്ത ചോദ്യങ്ങളേ ചോദിക്കൂ എന്ന വാശി ഇപ്പോൾ നിലവിലുണ്ട്. ഇത് ശരിയല്ല. ഇത് കുട്ടികളെ പാഠപുസ്തകങ്ങളിൽ നിന്ന് അകറ്റും. ഇപ്പോൾ പുസ്തകമെടുത്ത് പഠിക്കാൻ വീട്ടിൽ രക്ഷകർത്താക്കൾ പറയുമ്പോൾ പുസ്തകത്തിലുള്ളതൊന്നും പരീക്ഷയ്ക്ക് വരില്ലെന്ന് കുട്ടികൾ പരാതിപ്പെടുന്ന സ്ഥിതിയുണ്ട്. പിന്നെ പാഠപുസ്തകങ്ങൾ എന്തിന്? പരീക്ഷകൾ മതിയല്ലോ.

13. ഇന്നത്തെ പല പരീക്ഷാ ചോദ്യങ്ങൾക്കും കുട്ടികൾ മാത്രമല്ല അദ്ധ്യാപകർ വിചാരിച്ചാലും ഉത്തരം നൽകാനാകില്ല. എന്തിന്, ഇപ്പോഴത്തെ ചോദ്യപേപൊപറുകൾ സർവ്വജ്ഞപീഠം കയറിയവർ പോലും വായിച്ചാൽ ഭ്രാന്തുപിടിക്കും.

14. വളച്ചുകെട്ടി ചോദ്യം ചോദിച്ച് കുട്ടികളെ ആശയക്കുഴപ്പത്തിലാക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. അതിന്റെ ആവശ്യമില്ല.

15. പാഠപുസ്തകങ്ങൾക്കപ്പുറത്തുള്ള അറിവുകൾ പരിശോധിക്കാൻ ജനറൽ നോളജ് ഉൾപ്പെടെ ഉള്ള ഒരു പ്രത്യേക പേപ്പർ സിലബസിൽ ഉൾപ്പെടുത്തി അതിന് പ്രത്യേക എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും വയ്ക്കണം. അല്ലാതെ മറ്റു സാധാരണ വിഷയങ്ങളുടെ പരീക്ഷയ്ക്ക് കാടു കയറി ചോദ്യം ചോദിക്കേണ്ട കാര്യമില്ല.

16. ഓരോന്നിനും- എഴുത്തുപരീക്ഷ , പ്രായോഗിക പരീക്ഷ, പാഠ്യേതര പ്രവർത്തനങ്ങൾ- മാർക്കും ഗ്രേഡും ഒക്കെ ഏർപ്പെടുത്തി എല്ലാം കൂടി കൂട്ടി മൊത്തത്തിൽ കുട്ടികൾക്ക് ഓരോ ഗ്രേഡ് നൽകുകയാണ് വേണ്ടത്.

ഇ.എ.സജിം തട്ടത്തുമല said...

17. പത്താം തരം കഴിഞ്ഞാൽ എല്ലാ കുട്ടികൾക്കും പ്ലസ് ടു വിനു സ്കൂളുകളിൽ തുടർ പഠനത്തിന് അവസരമുണ്ടാകണം. ഇന്ന് അല്പം ഗ്രേഡ് കുറഞ്ഞു പോയാൽ കുട്ടികൾക്ക് പ്ലസ് ടൂവിന് അഡ്മിഷൻ കിട്ടാറില്ല. എന്നാൽ പണമോ സ്വാധീനമോ ഉള്ള രക്ഷകർത്താക്കൾ ഉള്ള കുട്ടികൾക്ക് അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം ലഭിക്കുകയും ചെയ്യും. ഇതൊന്നുമില്ലാത്ത പാവപ്പെട്ട കുട്ടികൾ മറ്റു മാർഗ്ഗങ്ങൾ തേടി പോകേണ്ടിവരും.

18. സ്കൂളുകളിൽ ഹയർ സെക്കണ്ടറി പ്രവേശനം കിട്ടാത്ത കുറച്ചുകുട്ടികൾ ഓപ്പൺ സ്കൂൾ-പ്രൈവറ്റ് രജിസ്റ്റ്ട്രേഷൻ സൌകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാൽ ഓപ്പൺ- പ്രൈവറ്റ് വിദ്യാർത്ഥികളെ രണ്ടാം തരക്കാരായാണ് പൊതുവേ കണക്കാക്കുന്നത്. പരീക്ഷയ്ക്ക് പേപ്പർ നോക്കുന്നതിലും , കണ്ടിന്യുവസ് ഇവാലുവേഷന്റെ മാർക്കിടുന്നതിലും ഒക്കെ പ്രകടമായ പക്ഷപാതിത്വം നിലനിൽക്കുന്നുണ്ട്.

19. സ്കൂളുകളിൽ പ്ലസ്-ടു പഠനത്തിന് ഇംഗ്ലീഷാണ് പഠനമാധ്യമമായി സ്വീകരിച്ചിട്ടുള്ളത്. എന്നാൽ മലയാളത്തിലും പരീക്ഷ എഴുതാമെന്ന ഒരു അനുഗ്രഹം ഉണ്ട്. ഹയർ സെക്കണ്ടറിയിൽ കുട്ടികളുടെ ഇംഗ്ലീഷ് സ്റ്റാൻഡാർഡ് മനസിലാക്കി മിക്ക സ്കൂളുകളിലും മലയാളത്തിൽ തന്നെ അദ്ധ്യാപനം നടത്തി വരികയാണ് ഇപ്പോൾ. അതുതന്നെ നല്ലതും. പ്ലസ്- ടൂ വരെ മലയാളം മീഡിയത്തിൽ പഠിപ്പിക്കേണ്ട കാര്യമേയുള്ളൂ. ഇംഗ്ലീഷ് ഓർ മലയാളം എന്ന പഠനരീതിയും പരീക്ഷയെഴുത്തും ആവശ്യമില്ലാത്തതാണ്. പ്ലസ്-ടൂവിലെ വിവിധ വിഷയങ്ങളിൽ ഇംഗ്ലീഷിലുള്ള പാ‍ഠപുസ്തകങ്ങൾ കുട്ടികൾക്ക് വായിച്ചു മനസിലാക്കാൻ കഴിയില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്.

ഇ.എ.സജിം തട്ടത്തുമല said...

20. ഇംഗ്ലീഷ് മീഡിയം സ്കൂൾ, മലയാളം മീഡിയം സ്കൂൾ എന്ന തരം തിരിവ് എടുത്ത് കളയണം. പഠന മാധ്യമം ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയും മാതൃഭഷയിലാകണം. ഒപ്പം ഇംഗീഷിൽ കുട്ടികൾക്ക് സംസാരിക്കാൻ അടക്കം കഴിയുന്ന നിലയിൽ നല്ല സിലബസ് നൽകി പഠിപ്പിക്കണം. സ്കൂൾ തലം മുതൽ ബിരുദതലം വരെ ഇംഗ്ലീഷ് പഠിച്ചിട്ടും ഇംഗ്ലീഷിൽ ശരാശരി നിലവാരം പോലും പുലർത്താൻ ബഹുഭൂരിപക്ഷത്തിനും കഴിയുന്നില്ലെന്ന യാഥാർത്ഥ്യം മനസിലാക്കി ഇംഗ്ലീഷ് പഠനത്തെ ഉടച്ചു വാർക്കണം.

21.പാഠപുസ്തകങ്ങളുടെ കാര്യം ഒന്നുകൂടി പറയട്ടെ. പാഠപുസ്തകം മുഴുവൻ കാണാപാഠം പഠിക്കാനുള്ളതല്ല. കാണാപാഠം രീതിയല്ല നല്ലത് എന്നത് ശരിതന്നെ. എന്നാൽ കുട്ടികൾ അവരുടെ പ്രായത്തിൽ കുറച്ച് കാര്യങ്ങൾ കാണാതെ പഠിക്കുന്നതിൽ തെറ്റൊന്നുമില്ല.

ഉദാഹരണത്തിന് പണ്ട് മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ഒക്കെ പദ്യഭാഗങ്ങൾ കാണാതെ എഴുതാൻ പരീക്ഷയ്ക്ക് ചോദിക്കുമായിരുന്നു. അതിനാൽ കുട്ടികൾ പല ക്ലാസുകളിലായി ധാരാളം പദ്യങ്ങൾ കാണാപാഠം പഠിക്കുമായിരുന്നു.ഇത് അവരിൽ കാവ്യ ബോധവും താള ബോധവും നൽകിയിരുന്നു. കവിത വായിക്കുവാനും ആസ്വദിക്കുവാനും കവിത എഴുതുവാനും ഇത് കുട്ടികൾക്ക് പ്രചോദനം നൽകിയിരുന്നു. വൃത്തങ്ങളും അലങ്കാരങ്ങളും മറ്റും ഒക്കെ അക്കാലത്ത് പഠിപ്പിച്ചിരുന്നു. ഇന്ന് അതൊന്നുമില്ല.

22. മറ്റൊരുദാഹരണം പണ്ട് ചരിത്രവിഷയത്തിലും മറ്റും ഉപന്യാസങ്ങൾ എഴുതാൻ പരീക്ഷയ്ക്ക് ചോദിച്ചിരുന്നു. അതു കാരണം പല കുട്ടികളും പ്രധാനപ്പെട്ട പല ചരിത്രസംഭവങ്ങളും കാണാതെ പഠിച്ച് മന:പാഠമാക്കിയിരുന്നു. അതു കൊണ്ട് ഗുണമല്ലാതെ ഒരു ദോഷവും വന്നിട്ടില്ല.

അതുപോലെ വർഷങ്ങളും മറ്റും പരീക്ഷയ്ക്ക് എഴുതേണ്ടിവരുമെന്നതിനാൽ ചരിത്രത്തിലെ പ്രധാന സംഭവങ്ങളുടെ വർഷങ്ങളും തീയതികളും ഒക്കെ പലരും ഹൃദിസ്ഥമാക്കിയിരുന്നു. ഈ കാണാപാഠം പഠിക്കൽ ഇപ്പോൾ നിരിത്സാഹപ്പെടുത്തിയിരിക്കുന്നു. ആങ്ങനെ അതൊന്നും നിരുത്സാഹപ്പെടുത്തേണ്ട യാതൊരു ആവശ്യവും ഇല്ല. എന്നാൽ പഠനമെന്നാൽ കാണാപാഠം പഠിക്കൽ മാത്രമാണെന്ന് കരുതുന്ന വിദ്യഭ്യാസ രീതി പ്രോത്സാഹന ജനകമല്ലതാനും!

23. ഇന്ന് കൊച്ചു കുട്ടികളിൽ പകർത്തെഴുത്ത് എന്നൊന്നില്ല. ടൂ ലെയിൻ ബൂക്കിലും ഫോർലെയിൻ ബൂക്കിലും ഒക്കെ പണ്ട് പാഠമെഴുതിച്ചിരുന്നത് കൈയ്യക്ഷരം നന്നാകാനും അക്ഷരമുറയ്ക്കാനും അക്ഷരത്തെറ്റുകൾ ഒഴിവാക്കാനും സഹായിച്ചിരുന്നു. ഇന്ന് അതൊന്നുമില്ലാത്തത് കഷ്ടം തന്നെ.

24. പണ്ട് വാക്കുകൾ കേട്ടെഴുത്തിടുമായിരുന്നു. അതിൽ എല്ലാ എണ്ണവും ശരിയക്കാൻ വേണ്ടി കുട്ടികളിൽ മത്സരം ഉണ്ടായിരുന്നു. അതുകൊണ്ട് കഠിനമായ പദങ്ങൾ പോലും കുട്ടികൾ തെറ്റില്ലാതെ എഴുതാൻ പഠിച്ചിരുന്നു. ഇന്ന് മിക്ക കുട്ടികളും എഴുതുന്നതിൽ ഗുരുതരമായ അക്ഷരത്തെറ്റുകൾ കാണുന്നുണ്ട്.

25. പണ്ട് കുട്ടികൾ അക്ഷരമുറയ്ക്കുന്നത് സ്കൂളിൽ വച്ചാണ്. എന്നാൽ ഇന്ന് അക്ഷരമുറയ്ക്കണമെങ്കിൽ ഒന്നുകിൽ മുമ്പേ നഴ്സറിയിൽ പോയി പഠിച്ചിട്ടുവരണം. അല്ലെങ്കിൽ രക്ഷിതാക്കൾ വീട്ടിൽ വച്ച് അക്ഷരം പഠിപ്പിച്ച് ഉറപ്പിച്ചു വിടണം. അതിനൊന്നും കഴിയാത്ത വീടുകളിൽ നിന്നും വരുന്ന കുട്ടികളുടെ കാര്യം പരിതാപകരമാകുന്നു. അക്ഷരം പഠിപ്പിക്കൽ സ്കൂളുകളുടെ ചുമതലയല്ലാ എന്ന രീതിയിലായിരിക്കുന്നു ഇന്ന് കാര്യങ്ങൾ. ഇത് ശരിയല്ല. അക്ഷരമുറയ്കാത്ത കുട്ടികളിൽ ഒരു വിധ വിദ്യാഭ്യാസ രീതിയും പരീക്ഷിച്ചിട്ട് കാര്യമില്ല. അക്ഷരങ്ങൾ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ശിലകളാണ്.

ഇ.എ.സജിം തട്ടത്തുമല said...

26. ഇന്നത്തെ ചോദ്യ കടലാസുകളെക്കുറിച്ച് ഒന്നുകൂടി. ഇന്നത്തെ ചോദ്യ കടലാസുകൾ പേജ് എണ്ണം കൊണ്ടു തന്നെ കുട്ടികളെ പേടിപ്പിക്കുന്നുണ്ട്. നമ്മളൊക്കെ പഠിക്കുന്ന കാലത്ത് ഏറിവന്നാൽ നാലുപുറമേ ഒരു ചോദ്യക്കടലാസിനുണ്ടാവുകയുള്ളൂ. ഇന്നത്തേതോ? ചോദ്യങ്ങളുടെ എണ്ണം കുറവായാൽ പോലും ചോദ്യം സങ്കീർണ്ണവും ഉത്തരങ്ങൾ അപ്രാപ്യവും ആയിരിക്കും. ചോദ്യപേപ്പറാകട്ടെ ഒരു ബൂക്ക് ലെറ്റ് തന്നെയാണ്. പാഠപുസ്തകങ്ങൾ പോലെ തന്നെ വലിയ ചുമടുകളാണ് ചോദ്യ കടലാസുകൾ.

27. പണ്ട് നമ്മൾ പഠിച്ച പുസ്തകങ്ങൾ നല്ല കയ്യൊതുക്കം ഉള്ളവയും ഉള്ളടക്കത്തിൽ നല്ല നിലവാരം പുലർത്തുന്നവയും ആയിരുന്നു. ഇന്നത്തെ പാഠപുസ്തകങ്ങൾ ബാഗുകളുടെ വലിപ്പവും വർദ്ധിപ്പിച്ചിരിക്കുന്നു. പുസ്തകങ്ങളിലെ ഉള്ളടക്കങ്ങളാകട്ടെ ഭ്രാന്തമായ കുറെ ജല്പനങ്ങളും.
തോളിൽ തൂക്കിയ വൻ ചുമടുകളുമായി കുട്ടികൾ സ്കൂളുകളിലേയ്ക്ക് പോകുന്ന ദയനീയമായ കാഴചകളാണ് നാം ഇന്നു കാണുന്നത്.

28. എല്ലാറ്റിലും ഉപരി ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. ഇന്നത്തെ പാഠ്യപദ്ധതിക്ക് എന്തെങ്കിലും മെച്ചങ്ങൾ ഉണ്ടെന്നു സമ്മതിക്കുമ്പോൾ തന്നെ ആയത് അതിന്റേതായ രീതിയിൽ ഫലപ്രദമായി പഠിപ്പിക്കാൻ പ്രാപ്തരായ അദ്ധ്യാപകർ നന്നേ വിരളമാണ്. ഇനി കുറച്ചു പേർ ഇത് ഫലപ്രദമായി നടപ്പിലാക്കൻ കഴിവുള്ളവരായാൽതന്നെ അങ്ങനെയല്ലാത്തവരാണ് ഭൂരിപക്ഷം എന്നതിനാൽ ഇത് പരാജയപ്പെടുകയാണ്. ഏറെ കഴിവുകളും ആത്മാർത്ഥതയും അർപ്പണ ബോധവുമുള്ള അദ്ധ്യാപകർ വിരളമായ ഒരു സമൂഹത്തിൽ ഇത്തരം പരിഷ്കാരങ്ങൾ കൊണ്ട് കാര്യമായ ഒരു പ്രയോജനവും ഉണ്ടാകില്ലെന്നു കൂടി പറയട്ടെ.

ഇ.എ.സജിം തട്ടത്തുമല said...

29. മറ്റൊരു അപ്രിയ സത്യം കൂടി പറയാം. സ്കൂൾ മസ്റ്റർ, ലേബർ ഇന്ത്യ തുടങ്ങിയ ചില പ്രസിദ്ധീകരണങ്ങളും ഗൈഡുകളും വിപണിയിൽ ലഭിക്കാതെ വന്നാൽ അദ്ധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ഒരു പോലെ വിഷമിക്കും. ചില അദ്ധ്യാപകർ ഈ ഫീൽഡ് തന്നെവിടും. കുട്ടികളോട് ഈ ഗൈഡുകൾ ഒന്നും വാങ്ങരുതെന്നു പറയുകയും അദ്ധ്യാപകർ അവ രഹസ്യമായി വീട്ടിൽ വാങ്ങിവച്ച് റഫർ ചെയ്യുകയും ചെയ്യും. സ്വന്തം മക്കൾക്കും വാങ്ങിക്കൊടുക്കും. (സാധരണ അദ്ധ്യാപകരേക്കാൾ സമർത്ഥരായവർ തയ്യാറാക്കുന്ന ഇത്തരം ഗൈഡുകൾ കുട്ടികളോ അദ്ധ്യാപകരോ വാങ്ങി വായിക്കുന്നത് നല്ലതെന്നല്ലാതെ അതൊരപരാധമായി ഈയുള്ളവൻ കാണുന്നില്ല)

30. ഇന്ന് കുട്ടികൾ സ്വന്തമായി എഴുതി കൊടുക്കേണ്ട പ്രോജാക്റ്റുകളും അസൈന്മെന്റുകളും അന്വേഷണകുറിപ്പുകളും ഭൂരിഭാഗവും കുട്ടികൾ പഠിക്കുന്ന ട്യൂട്ടോറിയൽ കോളേജുകളിലെ അദ്ധ്യാപകർ തയ്യാറാക്കി കൊടുക്കുന്നവയാണ്. അല്ലെങ്കിൽ മുതിർന്ന മറ്റാരെങ്കിലും. എന്നിട്ട് പുതിയ പാഠ്യപദ്ധതി കുട്ടികളിൽ ഉണ്ടാക്കാൻ പോകുന്ന പരിവർത്തനങ്ങളെക്കുറിച്ച് വീമ്പുപറഞ്ഞിട്ടെന്തുകാര്യം?

എന്തിനു സ്കൂൾകുട്ടികളെ മാത്രം പറയുന്നു? ബി-എഡിനും മറ്റും പഠിക്കുന്ന മുതിർന്ന കുട്ടികൾ സബ്മിറ്റ് ചെയ്യേണ്ട പല പഠനപ്രവർത്തനങ്ങളും പ്ലസ്ടൂ വരെ പോലും പഠിച്ചിരിക്കാൻ ഇടയില്ലാത്തതും, ഇത്തരം കാര്യങ്ങൾ തയ്യാറാക്കി കൊടുക്കുന്നവരുമായ കൊട്ടേഷൻ സംഘങ്ങളെ കൊണ്ടാണ് ചെയ്യിക്കുന്നതെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്? പ്രോജക്റ്റും അസൈന്മെന്റും പോലും കൂലിക്കെഴുതി കൊടുത്ത് വരുമാനം ഉണ്ടാക്കുന്നവർ എത്രയോ പേരുണ്ട് നമ്മുടെ നാട്ടിൽ. കൂടുതൽ എന്തിനു പറയുന്നു, മുൻ കാല പ്രബന്ധങ്ങൾ സംഘടിപ്പിച്ച് പകർത്തിയെഴുതി സമർപ്പിച്ച് ഡോക്ടറേറ്റുകൾ നേടുന്നവരുള്ള നാടാണല്ലോ ഇത്!

ഇ.എ.സജിം തട്ടത്തുമല said...

31. യു.പി തലം വരെ പഠിപ്പിക്കാൻ ഡിഗ്രിയും, ഹൈസ്കൂൾ - പ്ലസ് ടൂ തലങ്ങളിൽ പഠിപ്പിക്കാൻ പി.ജിയും അടിസ്ഥാന യോഗ്യതയാക്കിയിട്ട് റ്റി.റ്റി.സി, ബി-എഡ് എന്നീ അനാവശ്യ കോഴ്സുകൾതന്നെ എടുത്തു കളയണമെന്നാണ് ഈയുള്ളവന്റെ അഭിപ്രായം. റ്റി.റ്റി.സിയുടെയും, ബി.എഡിന്റെയും സിലബസിലെ അത്യാവശ്യം ഭാഗങ്ങൾ ഡിഗ്രീ, പി.ജി തലത്തിലേയ്ക്ക് കൂട്ടിച്ചേർക്കാവുന്നതേയുള്ളൂ.

32. എന്തൊക്കെ അവകാശവാദങ്ങൾ ഉന്നയിച്ചാലും പൊതുവിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കാനുള്ള താല്പര്യം ആളുകളിൽ കുരഞ്ഞു വരുന്നു എന്നത് നിഷേധിക്കാനാകില്ല. എണ്ണം പെരുകുന്ന അൺ എയ്ഡഡ് സ്കൂളുകൾ തന്നെ ഇതിനുദാഹരണമാണ്. ഇതൊക്കെ അറിയാമെങ്കിലും വരട്ടുതത്വങ്ങളും മുറുകെപിടിച്ചിരുന്നാൽ നമ്മുടെ പൊതു വിദ്യാലയങ്ങളും ഒപ്പംതന്നെ നമ്മുടെ മലയാള ഭാഷയും സംസ്കാരവും ഒക്കെ പുരാവസ്തുക്കളായി മാറും.

അതുകൊണ്ടൊക്കെത്തന്നെ പുതിയ പരിഷ്കാരങ്ങളിൽ നിലനിർത്തേണ്ടത് നിലനിർത്തുകയും ഒഴിവാക്കേണ്ടവ ഒഴിവാക്കുകയും ചെയ്യണം. അതുപോലെ പഴയ പാഠ്യപദ്ധതികളിൽ നിന്നും സ്വീകരിക്കാവുന്നവ സ്വീകരിക്കുകയും ആ‍വശ്യമില്ലാത്തവയും കാലോചിതമല്ലാത്തവയും ഒഴിവാക്കുകയും ചെയ്യണം. പുതിയരീതി പൂർണ്ണമായും കുറ്റമറ്റതെന്നോ പഴയത് പൂർണ്ണമായും കുറ്റം നിറഞ്ഞതെന്നോ പറയാൻ ഈയുള്ളവനവർകൾ ആഗ്രഹിക്കുന്നില്ല. രണ്ടിലുമുണ്ട് തള്ളേണ്ടതും കൊള്ളേണ്ടതും

ഇ.എ.സജിം തട്ടത്തുമല said...

യോജിപ്പുകളും വിയോജിപ്പുകളും പ്രതീക്ഷിച്ചുകൊണ്ട് തൽക്കാലം ഇത്രയും പറഞ്ഞുവയ്ക്കുന്നു!

drkaladharantp said...

പ്രിയ സുഹൃത്ത്‌ വിദ്യാഭ്യാസത്തെ കുറിച്ച് കുറെ ചിന്തിച്ചു.അത് നല്ല കാര്യം.നല്ല തുടക്കം.പക്ഷെ ചാഞ്ചാട്ടം കൂടുതലാണ്.ഒരു നില പാടില്ലായ്മ പ്രകടം.
അതിനു എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും താങ്കളുടെ കുറിപ്പില്‍ നിന്നുംചൂണ്ടിക്കാനിക്കാനാകും.ഒന്ന് മാത്രം ഇവിടെ സാമ്പിളിന് നല്‍കുന്നു
"1.തൽക്കാലം എല്ലാ സർക്കാർ സ്കൂളുകളിലും ഓരോ ഡിവിഷൻ എങ്കിലും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചുകൊണ്ട് ഈ വെല്ലുവിളിയെ അതിജീവിക്കണമെന്നാണ് ഈയുള്ളവന്റെ അഭിപ്രായം
2.ഇംഗ്ലീഷ് മീഡിയം സ്കൂൾ, മലയാളം മീഡിയം സ്കൂൾ എന്ന തരം തിരിവ് എടുത്ത് കളയണം. പഠന മാധ്യമം ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയും മാതൃഭഷയിലാകണം. ഒപ്പം ഇംഗീഷിൽ കുട്ടികൾക്ക് സംസാരിക്കാൻ അടക്കം കഴിയുന്ന നിലയിൽ നല്ല സിലബസ് നൽകി പഠിപ്പിക്കണം."
ഇങ്ങനെ പരസ്പര വിരുദ്ധമായി പറയുന്നത് പരിഹരിക്കണം .എനിക്ക് വിയോജിപ്പുകള്‍ ഉണ്ട് പലതിലും.ചിലതില്‍ യോജിപ്പും.
യോജിക്കാത്ത കാര്യങ്ങല്‍ക്കുള്ള മറുപടി/പ്രതികരണം ചൂണ്ടു വിരലിലെ പ്രകാശാനങ്ങളിലൂടെ ഉണ്ടാവും.നിത്യവും.സംവാദം താങ്കളുടെ ബ്ലോഗിലും നടത്താന്‍ അവസരം ഉണ്ടാക്കിയതിനു നന്ദി.

ഇ.എ.സജിം തട്ടത്തുമല said...

ഇംഗ്ലീഷ് മീഡിയം നിറുത്തലാക്കുക എന്നത് നമ്മെപോലെ ചിലരുടെ സ്വപ്നം മാത്രമാണ്. അത് നടത്താൻ ബാദ്ധ്യതപ്പെട്ടവർക്കുപോലും അതു കഴിയില്ല. കഴിയാത്തിടത്തോളം പൊതുവിദ്യാലയങ്ങൾക്ക് ദോഷം തന്നെ. അതിന് പ്രായോഗികമായി നിലവിലുള്ള വ്യവസ്ഥിതിയിൽ ചെയ്യാൻ കഴിയുന്നത് പൊതു വിദ്യാലയങ്ങളിലും ഇമ്മ്ഗ്ലീഷ് മീഡിയം കൂടിയേ തീരൂ‍ എന്നുള്ളവർക്ക് അവസരം ഒരുക്കുക എന്നതാണ്. ഇത് നിത്യാനുഭവങ്ങളുടെയും പ്രായോഗിക ചിന്തകളുടെയും സമർദ്ദത്താൽ ഉണ്ടാകുന്ന നിലപാടാണ്.

പിന്നെ നിലപാടുകളിലെ വൈരുദ്ധ്യം കുറച്ചൊക്കെ ബോധപൂർവ്വം വരുത്തിയതു തന്നെ. അത് ആദ്യം തന്നെ സൂചിപ്പിച്ചിട്ടൂള്ളതാണ്. മാത്രവുമല്ല പുതിയ പാഠ്യക്രമം ചിലപ്പോൾ നല്ലതായും ചിലപ്പോൾ മോശമായും തോന്നുന്ന അനുഭവം ഉണ്ട്. പഴയതിന്റെ സ്ഥിതിയും അതുതന്നെ. അതൊക്കെ സ്വാഭാവികമാണ്. ശരിക്കും ഈയുള്ളവന്റെ നിലപാട് പുരോഗമനപരം എന്നു വരികൾക്കിടയിൽ വായിച്ചെടുക്കാവുന്നതാണ്. പക്ഷെ അന്ധമായി ഇത് കുറ്റമറ്റതെന്ന് പറഞ്ഞ് സ്തുതി പാടാൻ കഴിയില്ല. അതിന്റെ കാര്യവും ഇല്ലല്ലോ. ആട്ടെ നമുക്കിനിയും സംവദിക്കാം; ഇതൊന്നും അധികം ആരും കാണാനും അറിയാനും ഇടവരുന്നില്ലെന്ന ദൌർഭാഗ്യം നിലനിൽക്കുല്പോഴും.

മറ്റൊന്ന് ഈ പുതിയ പാ‍ഠ്യക്രമത്തെ പോസിറ്റീവായി കാണുകയും ഇത് വിജയകരമാക്കാൻ കഴിയുന്നത് ചെയ്യാനും ശ്രമിക്കുന്ന ഒരു അദ്ധ്യാപകൻ എന്ന് മനസിലാക്കിയതുകൊണ്ടാണ് ഇവിടെ ചില കുറിപ്പുകളുമായി ഈയുളവൻ കടന്നുവന്നത്! അല്ലെങ്കിൽപിന്നെ ഇവിടെ വന്ന് തർക്കിച്ചിട്ട് എന്തുകാര്യം?

ഇ.എ.സജിം തട്ടത്തുമല said...

ഇംഗ്ലീഷ് മീഡിയം നിറുത്തലാക്കുക എന്നത് നമ്മെപോലെ ചിലരുടെ സ്വപ്നം മാത്രമാണ്. അത് നടത്താൻ ബാദ്ധ്യതപ്പെട്ടവർക്കുപോലും അതു കഴിയില്ല. കഴിയാത്തിടത്തോളം പൊതുവിദ്യാലയങ്ങൾക്ക് ദോഷം തന്നെ. അതിന് പ്രായോഗികമായി നിലവിലുള്ള വ്യവസ്ഥിതിയിൽ ചെയ്യാൻ കഴിയുന്നത് പൊതു വിദ്യാലയങ്ങളിലും ഇമ്മ്ഗ്ലീഷ് മീഡിയം കൂടിയേ തീരൂ‍ എന്നുള്ളവർക്ക് അവസരം ഒരുക്കുക എന്നതാണ്. ഇത് നിത്യാനുഭവങ്ങളുടെയും പ്രായോഗിക ചിന്തകളുടെയും സമർദ്ദത്താൽ ഉണ്ടാകുന്ന നിലപാടാണ്.

ഇ.എ.സജിം തട്ടത്തുമല said...

പിന്നെ നിലപാടുകളിലെ വൈരുദ്ധ്യം കുറച്ചൊക്കെ ബോധപൂർവ്വം വരുത്തിയതു തന്നെ. അത് ആദ്യം തന്നെ സൂചിപ്പിച്ചിട്ടൂള്ളതാണ്. മാത്രവുമല്ല പുതിയ പാഠ്യക്രമം ചിലപ്പോൾ നല്ലതായും ചിലപ്പോൾ മോശമായും തോന്നുന്ന അനുഭവം ഉണ്ട്. പഴയതിന്റെ സ്ഥിതിയും അതുതന്നെ. അതൊക്കെ സ്വാഭാവികമാണ്. ശരിക്കും ഈയുള്ളവന്റെ നിലപാട് പുരോഗമനപരം എന്നു വരികൾക്കിടയിൽ വായിച്ചെടുക്കാവുന്നതാണ്. പക്ഷെ അന്ധമായി ഇത് കുറ്റമറ്റതെന്ന് പറഞ്ഞ് സ്തുതി പാടാൻ കഴിയില്ല. അതിന്റെ കാര്യവും ഇല്ലല്ലോ. ആട്ടെ നമുക്കിനിയും സംവദിക്കാം; ഇതൊന്നും അധികം ആരും കാണാനും അറിയാനും ഇടവരുന്നില്ലെന്ന ദൌർഭാഗ്യം നിലനിൽക്കുല്പോഴും.

ഇ.എ.സജിം തട്ടത്തുമല said...

മറ്റൊന്ന് ഈ പുതിയ പാ‍ഠ്യക്രമത്തെ പോസിറ്റീവായി കാണുകയും ഇത് വിജയകരമാക്കാൻ കഴിയുന്നത് ചെയ്യാനും ശ്രമിക്കുന്ന ഒരു അദ്ധ്യാപകൻ എന്ന് മനസിലാക്കിയതുകൊണ്ടാണ് ഇവിടെ ചില കുറിപ്പുകളുമായി ഈയുളവൻ കടന്നുവന്നത്! അല്ലെങ്കിൽപിന്നെ ഇവിടെ വന്ന് തർക്കിച്ചിട്ട് എന്തുകാര്യം?