ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, March 31, 2011

ഒരു വട്ടം കൂടിയീ പഴയ വിദ്യാലയ..

ഇന്ന് ഒരു സ്കൂള്‍ വര്‍ഷം അവസാനിക്കുന്നു..
സ്കൂളനുഭവങ്ങളുടെ ഓര്‍മ്മകള്‍ നിങ്ങള്‍ക്കും ഉണ്ടാകും.ഒരിക്കലും മറക്കാനാവാത്ത സ്കൂള്‍ ജീവിതം ബ്ലോഗുകളില്‍വരച്ചിടാറുണ്ട് .അത്തരം രണ്ട് സ്മരണകള്‍..വായിക്കൂ..
ആദ്യം നിഥിന്‍..(http://schooldinangal.blogspot.com/)

സ്കൂള്‍ ദിനങ്ങള്‍

അദ്ധ്യാപന,അദ്ധ്യായന ദിനങ്ങളിലെ അനുഭവങ്ങളിലൂടെ.....



".......കളികള്‍ മടുത്ത് വീട്ടിലെത്തി. വള്ളങ്ങളെല്ലാം വീടിനടുത്തുള്ള ചെറിയ വെള്ളക്കുഴിയില്‍ പാര്‍ക്ക് ചെയ്തു.
"ഇനിയിപ്പോ ന്താചെയ്യാ?"
അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് രാജന്‍ സാര്‍ പറഞ്ഞ പരീക്ഷണത്തെ .
..പുതിയൊരു കേസുകെട്ട് കിട്ടിയതിന്റെ സന്തോഷത്തൊടെ അകത്തേക്ക് ഓടി. ഒരു കുഴല്‍ സംഘടിപ്പിക്കണമല്ലോ.... സ്റ്റോറിലും അടുക്കളയിലും മേശയക്കകത്തുമെല്ലാം നോക്കി. ഒന്നും കിട്ടിയില്ല. പെന്‍സിലായിരുന്നു അക്കാലത്തെ പ്രധാന ആയുധം. പേനയുണ്ടായിരുന്നെങ്കില്‍ കുഴലൊപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു. അപ്പച്ചന്റെ പേനകള്‍ കാണാന്‍ കിട്ടാറില്ല. കാരണം അതിന്റെ പരിപ്പിളക്കാന്‍ ഞാനുണ്ടല്ലോ. അങ്ങനെ പരിപ്പിളകി അകാലചരമം പ്രാപിച്ച എത്രയോ ഉപകരണങ്ങള്‍ - കാല്‍കുലേറ്ററുകള്‍, കളിപ്പാട്ടങ്ങള്‍ അങ്ങനെയങ്ങനെ...... ഓര്‍മ്പോള്‍ തന്നെ കുളിരു കോരുന്നു കൈ കുരുകുരുക്കുന്നു. അതാവും എന്റെ കണ്‍വട്ടത്ത് വരാന്‍ പേനകള്‍ മടിക്കുന്നത്.
കുഴലൊന്നും കിട്ടാതെ വഷണ്ണനായി വീടിന്റെ ഉമ്മറപ്പടിയില്‍ കുത്തിയിരിപ്പ് തുടങ്ങി. പരീക്ഷിക്കാന്‍മുട്ടീട്ട് ഇരിക്കാനും വയ്യ. അങ്ങനെയിരിക്കുമ്പോഴാണ് മുറ്റത്ത് ചെടി നനയ്ക്കുന്ന ഹോസ് കണ്ടത്. "കിട്ടിപ്പോയ്. കുഴല് കിട്ടിപ്പോയ്."
മുറ്റത്തേക്ക് ചാടിയിറങ്ങി ഹോസ് കയ്യിലെടുത്തു. എന്തൊരു നീളം! ഇത്രെം വേണ്ട. മുറിച്ചാലോ..?
ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി. പരിസരത്തെങ്ങും ആരുമില്ല. നേരേ അടുക്കളയിലേക്കോടി. അമ്മച്ചി എന്തോ പണിത്തിരക്കിലാണ്. ഒച്ചയുണ്ടാക്കാതെ കത്തി എടുത്തു. അത് അമ്മച്ചികണ്ടു.
"എന്തിനാടാ കത്തി. "
"ഒന്നുമില്ലമ്മേ... "
"എടാ അവിടെയുമിവിടെയും വെട്ടി കൈമുറിക്കരുത്."
"ഇല്ലമ്മേ......" എന്ന് പറഞ്ഞ് പുറത്തേക്കോടി.
ഞന്‍ പണി തുടങ്ങി. മുറിക്കാന്‍ തുടങ്ങിയപ്പോഴാണ് അതത്ര എളുപ്പമല്ലെന്ന് മനസിലായത്.
ഇതുകണ്ട ചേട്ടന്‍ എന്റെ അടുത്ത് വന്നു.
"എന്തിനാടാ അത് മുറിക്കുന്നത്. "
"ഒരു സൂത്രത്തിനാ. മുറിച്ചു തന്നാ കാണിച്ചു തരാം. "
സൂത്രം എന്ന് കേട്ടപ്പോ ചേട്ടന്‍ വീണു.
(അങ്ങനെ എത്ര എത്ര സൂത്രങ്ങള്‍. ഒര്‍ത്തു ചിരക്കാന്‍ പലതുമുണ്ട്.)
"ഉം. കത്തിയിങ്ങു താ..."
വെട്ടിയും കണ്ടിച്ചും ഒരു വിധത്തില്‍ ചേട്ടന്‍ ഒരു കഷ്ണം മുറിച്ചെടുത്തു.
കുഴലുകിട്ടയപാടേ ഞാനോടി ആ വെള്ളക്കുഴിക്കടുത്തേക്ക്.
"നിക്കടാ ഞാനും വരുന്നു". ചേട്ടനും പുറകേയോടി.
"എന്ത് സൂത്രമാടാ.. വേഗം കാണിക്ക്.."
"ദേ നോക്കിക്കോ ഞാന്‍ ഈ കുഴലിന്റെ ഈയറ്റം വെള്ളത്തില്‍ മുക്കാമ്പോവാ.....
അപ്പോ വെള്ളം മോളിലോട്ട് കേറിവരും. "
അങ്ങനെ ആകാംഷയോടെ ഞാന്‍ ആ കുഴലിന്റെ ഒരറ്റം വള്ളത്തില്‍ മുക്കി
".......""......."
ഒന്നും സംഭവിച്ചില്ല.
"
ഞാന്‍ വിചാരിച്ചു വെള്ളം പൊങ്ങിവന്ന് കുഴലിന്റെ മുകളിലെത്തുമെന്ന്. "
"ഛേ... കുന്തം.... അവന്റെ ഒരു പൊട്ട പരീക്ഷണം എന്റെ കയ്യും കളഞ്ഞ് ഞാന്‍ കൊഴല് മുറച്ചത് വെറുതേയായി.......ഒരു മന്തബുത്തി ശാസ്ത്രജ്ഞന്‍..... "( ഈ വിളി പിന്നീട് പലപ്പോഴായി ഞാന്‍ കേട്ടിട്ടുണ്ട് )
ചേട്ടന്‍ പോയി.
ഞാന്‍ വീണ്ടും പരീക്ഷണം തുടര്‍ന്നു. കുഴലിന്റെ മറ്റെ അറ്റത്തുകൂടി ഞാന്‍ ഒരു കണ്ണ് ചേര്‍ത്തു വച്ച് നോക്കി. കുറച്ചെങ്കിലും വെള്ളം പൊങ്ങിയിട്ടുണ്ടെങ്കിലോ?
ഇല്ല. ഒന്നും കാണുന്നില്ല. കൂരിരുട്ടുമാത്രം.
എന്റെ ഒളിഞ്ഞു നോട്ടം കണ്ടിട്ടാവും, ആ ചെളിവെള്ളപ്പരപ്പില്‍ കണ്ണുമാത്രം പുറത്തുകാണിച്ച് ഒരു മാക്രിക്കുട്ടന്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്നു ‍! അവന്റെ പല്ല് വെള്ളത്തിനടിയിലാണ്. ഒരുപക്ഷേ അവന്‍‌ എന്നെ കളിയാക്കി ചിരിക്കുന്നുണ്ടാവും. അലവലാതി. അവനെ കൊഞ്ഞനംകുത്തി കാട്ടി ഞാന്‍ പരീക്ഷണം അവസാനിപ്പിച്ചു. അപ്പേഴേക്കും വീട്ടിലെ അടുക്കളയില്‍ നിന്ന് ചാള വറക്കണ മണവും പേറി വന്ന ഒരു മന്ദമാരുതന്‍ എന്റെ മൂക്കില്‍ വന്ന് ബ്രേക്കിട്ടു. ഹാവൂ.... നല്ല വിശപ്പ്.
"അമ്മച്ചീ...... വെശക്കണ്....... "
ഇതിനെയാണ് വിശപ്പിന്റെ വിളി എന്ന് പറയുന്നത്. ഞാന്‍ വീട്ടിലേക്കോടി.


അതോടെ ആ പരീക്ഷണം മറന്നു. പിന്നീടെപ്പോഴോ
രാജന്‍ സാറിനോട് ഇതെ പറ്റി ചോദിച്ചപ്പോള്‍ തീര്‍ത്തും വണ്ണം കുറഞ്ഞ കുഴലാണ് ഉപയോഗിക്കേണ്ടിയിരുന്നത് എന്ന് മനസിലായി. പിന്നെ ചെയ്തു നോക്കണമെന്നു കരുതിയെങ്കിലും മറ്റ് കുരുത്തക്കേടുകള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ക്കിടയില്‍ അത് മറന്നു.
----------------------------------------------------------------------------------------------------
വര്‍ഷങ്ങള്‍ കടന്നുപോയി. ഞാന്‍ അഞ്ചാം ക്ലാസുകാരനായി. അപ്പോഴേക്കും താമസം
അങ്കമാലിയിലേക്ക് മാറ്റിയിരുന്നു. സെന്റ് ജോസഫ്സ് ഹൈസ്കൂളായിരുന്നു പിന്നീടുള്ള ലീലാവിലാസങ്ങള്‍. കന്യാസ്ത്രിയമ്മമാര്‍ നടത്തുന്ന സ്കൂളാണ്, നല്ല തല്ലുകിട്ടും എന്നൊക്കെ പറഞ്ഞു കേട്ടിട്ടുള്ളതിനാല്‍ വലിയ പേടിയൊടെയാണ് സ്കൂളിലേക്ക് കടന്നു ചെന്നത്. എന്തിനൊക്കയാ തല്ലു കിട്ടുക എന്നറിയില്ല. അതിനാല്‍ പതിവു കുരുത്തക്കേടുകള്‍ കാട്ടാന്‍ പേടിക്കണം. അതായിരുന്നു അന്നത്തെ അവസ്ഥ. ശാസ്ത്രത്തോട് എന്നെ കൂടുതല്‍ അടുപ്പിച്ച ജാന്സി ടീച്ചറും ഭൌതിക ശാസ്ത്രത്തോട് എന്ന കൂടുതല്‍ അടുപ്പിച്ച ലില്ലി പോള്‍ സിസ്റ്ററും ഈ സകൂളിലെ അധ്യാപകരാണ്. അന്നത്തെ സയന്‍സ്ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഞാന്‍ ഒരുപാട് ആസ്വദിച്ചിരുന്നു.
അങ്ങനെയിരിക്കെ ആരോ എനിക്കൊരു ഹീറോപേന തന്നു. പഴയതാണെങ്കിലും കുഴപ്പമില്ലാതെ എഴുതാം. ഉപയോഗിക്കാതിരുന്ന് മഷി കട്ടപിടിച്ചതിന്റെ ചില കുഴപ്പങ്ങള്‍ കാണുന്നുണ്ട്. സാരമില്ല ശരിയാക്കിയെടുക്കാം എന്നു കരുതി.


അങ്ങനെ അവനെ ഒപ്പറേഷന്‍ തീയറ്ററിലെത്തിച്ചു. ഡോക്ടറും നേഴ്സും എല്ലാം ഞാന്‍ തന്നെ. ഒരു പാത്രം വെള്ളവുമായി തീയറ്ററിനകത്തുകയറി കതകടച്ചു. ആരേലും കണ്ടാ കുഴപ്പമാ. ഞാന്‍ അതിന്റെ പരിപ്പിളക്കുവാണെന്ന് പറഞ്ഞ് വഴക്കുപറയും. എന്തിനാ അതിന് അവസരം കൊടുക്കുന്നത്?
ഓപ്പറേഷന്‍ തുടങ്ങി. ഒരോ പാര്‍ട്സായി അവനെ അഴിച്ച് ആദ്യം വെള്ളത്തിലിട്ടു. പിന്നെ നന്നായി കഴുകി വൃത്തിയാക്കി. നിബ്ബിന്റെ ഭാഗം വലിച്ചൂരിയപ്പോഴാണ് ഒരു കുഴല്‍ പ്രത്യക്ഷപ്പെട്ടത്. ഒരു നേര്‍ത്തകുഴല്‍. ആ കുഴല്‍ എനിക്കിഷ്ടപ്പെട്ടു. തിരിച്ചും മറിച്ചും അതിനെ നോക്കി. അപ്പോഴാണ് അതിനുള്ളില്‍ ഒരറ്റത്തായി കുറച്ച് വെള്ളം ഇരിക്കുന്നത് കണ്ടത്. തിരിച്ചിട്ടും മറിച്ചിട്ടും അതു താഴേക്ക് വീഴുന്നില്ല. കുഴലിനകത്ത് എന്തെങ്കിലും വസ്തു ഇരുന്ന് അടഞ്ഞിട്ടുണ്ടാകുമെന്ന് കരുതി ശക്തിയായി ഒന്നൂതി.
"ഫൂ......"
വെള്ളം തെറിച്ചുപോയി. വീണ്ടും അത് വെള്ളത്തലിട്ട് കഴുകി. വീണ്ടും പഴയ അവസ്ഥ. അല്പം വെള്ളം മാത്രം പോണില്ല. ഇതെന്തുകഥ? പലവട്ടം ശ്രമിച്ചിട്ടും അതുതന്നെ ഫലം. ട്യൂബിന്റെ ഒരറ്റം വെള്ളത്തിലോന്ന് തോട്ടുനൊക്കി. ആ അദ്ഭുതം സംഭവിച്ചു. ട്യൂബിലൂടെ വെള്ളം പാത്രത്തിലെ വെള്ളത്തിന്റെ നിരപ്പില്‍ നിന്ന് ഒരല്പം ഉയര്‍ന്നു. ആ പഴയ പരീക്ഷണത്തിന്റെ ഒര്‍മകള്‍ മനസില്‍ നിറഞ്ഞു. സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ആ പരീക്ഷണം വിജയം കണ്ടു. അതും അപ്രതീക്ഷിതമായി. ആരോടും പറയാന്‍ പറ്റാതെ ഞാന്‍ വീര്‍പ്പുമുട്ടി. പറയാന്‍ പുറത്തിറങ്ങാല്‍ എന്റെ ഓപ്പറേന്‍ കഥ പുറത്താവുമല്ലോ...
ഊരിയടുത്ത പാര്‍ട്സ് പഴയപടി വയ്ക്കാന്‍ പറ്റുമോ എന്ന് എനിക്ക് അപ്പോഴും നിശ്ചയമില്ലായിരുന്നു. എന്തായാലും ആ ചെറിയ കുഴല്‍ ഒഴിവാക്കി പേന റീഅസംമ്പിള്‍ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ചെയ്തിട്ടും പേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കുഴപ്പമൊന്നും സംഭവിച്ചില്ല. കുറച്ച് മഷി കൂടതലായി പുറത്തു വരന്നുണ്ടോ എന്നൊരു സംശയം മാത്രം. ആ മാജിക്ക് ചേട്ടനെയും കാണിച്ചുകൊടുത്തു. സ്കൂളില്‍ കൊണ്ടു പോയി കൂട്ടുകാരേയും കാണിച്ചുകൊടുത്തു. ആ കുഴല്‍ ഞാന്‍ വളരെക്കാലം സൂക്ഷിച്ചു വച്ചു.

കാപ്പിലറി റൈസ്

പിന്നീടെപ്പോഴോ അത് കാണാതെ പോയി. ചിലപ്പൊ എന്റെ 'ആക്രിപ്പെട്ടി'യില്‍ സൂക്ഷ്മമായി ഒന്നു തെരഞ്ഞാലത് കിട്ടുമായിരിക്കും. എനിക്ക് കിട്ടുന്ന ലൊട്ട് ലൊടുക്ക് സാധനങ്ങള്‍ എല്ലാം പെറുക്കിയിടുന്ന പെട്ടയാണ് ഈ 'ആക്രിപ്പെട്ടി'. ആ കാലം മുതല്‍ക്കുള്ള പല സാധനങ്ങളും- കാന്തങ്ങള്‍, നട്ടുകള്‍, കേടായ ഇലക്ടോണിക് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ (ചിലത് ഞാന്‍ കേടാക്കിയവയാണ് കേട്ടോ), കളിപ്പാട്ടങ്ങളുടെ ഭാഗങ്ങള്‍ അങ്ങനെ പോകുന്നു ആക്രിപ്പെട്ടിയില്‍ സൂക്ഷിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ്. ചേട്ടനാണ് അതിന് ആക്രിപ്പെട്ടി എന്ന് പേരു ചമച്ചത്.

എന്റെ ചില ആക്രിപ്പെട്ടികള്‍
----------------------------------------------------------------------------------------------------
കാലം എല്ലാ പതിബന്ധങ്ങളെയും തട്ടി തെറിപ്പിച്ചങ്ങനെ മുന്നേറി. ഞാന്‍ ഒന്‍പതാം
ക്ലാസിന്റെ കട്ടിളപ്പടിയും താണ്ടി മുന്നോട്ട് കടന്നു. അപ്പോഴേക്കും മാന്നാനത്തെ സെന്റ് എഫ്രേംസ് സൂളിലിലക്ക് എന്നെ പറിച്ചു നട്ടു. താമസം സെന്റ് അലോഷ്യസ് ബോര്‍ഡിങ്ങിലും. ചേട്ടന്റെ സെമിനാരിയില്‍ പോക്ക് അമ്മച്ചിയുടെ അസുഖം യാത്രാ ബുദ്ധിമുട്ട് അങ്ങയെ അതിന്റെ കാരണങ്ങള്‍ പലതായിരുന്നു. വാടാന്‍ കൂട്ടാക്കാതെ അവിടെയും ഞാന്‍ എന്റെ വേരുകള്‍ പടര്‍ത്തി. പ്രത്ത്യേകിച്ച് ലക്ഷ്യങ്ങളോ കാഴ്ച്ചപ്പാടുകളോ ഒന്നും എനിക്കില്ലായിരുന്നു. പഠിച്ച് പഠിച്ച് എങ്ങുമെത്തണമെന്ന ചിന്തകളും ഇല്ലായിരുന്നു അക്കാലത്ത്. പഠിപ്പിക്കുന്ന കാര്യം ഇഷ്ടപ്പട്ടാല്‍ അതിന്റെ പിന്നാലെ അല്പനേരം ചിന്തയെ അഴിച്ചുവിടും. ഇഷ്ടമില്ലാത്തവ പഠിക്കാന്‍ മെനക്കെടാറില്ല. പരീക്ഷ വരുമ്പോള്‍ എന്തെങ്കുമൊക്കെ പഠിച്ചൊപ്പിക്കും. അതില്‍ കവിഞ്ഞൊരു പഠനമൊന്നും ഇല്ല. അതുകൊണ്ട് കൊട്ടപ്പടി മാര്‍ക്കൊന്നും കിട്ടിയിരുന്നില്ല. എല്ലാത്തിനേം പ്രായോഗിക തലത്തില്‍ നോക്കിക്കാണാന്‍ ഇഷ്ടപ്പട്ടിരുന്നത് കൊണ്ട് അത്തരത്തില്‍ ബന്ധങ്ങള്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് പലതും മനസില്‍ തട്ടിയില്ല എന്നതാണ് സത്യം.
അങ്ങനെയിരിക്കേ ആ പഴയ പരീക്ഷണം ക്ലാസ് മുറിയിലേക്ക്.... 'കൊഹെഷന്‍' 'അഡ്ഹെഷന്‍' തുടങ്ങിയ കഠിന പദങ്ങളുടെ അകംമ്പടിയോടെ അവന്‍ കടന്നു വന്നു. "കേശികത്വം" .
ജോഷി സാറാണ് ഇതെല്ലാം പറഞ്ഞ് ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ചത്. കാര്യം പറഞ്ഞു വന്നപ്പോളല്ലേ മനസിലായത്, ഇത് നമ്മുടെ ഹീറോപ്പേനയുടെ കുഴല്‍ പറഞ്ഞുതന്ന രഹസ്യമല്ലേ. ആ സംഭവ പരമ്പര ചലചിത്ര രൂപേണ മനസില്‍ തെളിഞ്ഞു. സാറു പറഞ്ഞ കാര്യങ്ങള്‍ ശരിക്ക് മനസില്‍ പതിഞ്ഞു. വിളക്കില്‍ എങ്ങനെയാണ് എണ്ണ മുകളിലേക്ക് കയറുന്നത്, കിളച്ചിട്ടാല്‍ മണ്ണിന്റെ ജലാംശം നഷ്ടപ്പെടാതെ സംരക്ഷിക്കാം തുടങ്ങിയ കാര്യങ്ങളൊക്കെ പകലുപോലെ വ്യക്തമായി. പഴയ ആ അനുഭത്തിന്റെ വില ഞാന്‍ തിരച്ചറിഞ്ഞു. ചില അനുഭവങ്ങള്‍ അങ്ങനെയാണ് അതിന്റെ ഓര്‍മകള്‍ നമ്മെ വിടാതെ പിന്‍തുടര്‍ന്നുകൊണ്ടേയിരിക്കും.
ഒന്‍പതാം ക്ലാസിലെ പുതയ ഭൌതികശാസ്ത്ര പുസ്തകത്തിലും ഈ പഠഭാഗം ഉണ്ട്. കേശികത്വത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ മനസിലാക്കണമെന്നുണ്ടെങ്കില്‍ ആ പുസ്തകം ഇവിടുന്ന് ഡൌണ്‍ലോഡ് ചെയ്ത് വായിക്കുക. പുതിയ പുസ്തകത്തില്‍ എത്ര രസകരമായിട്ടാണ് ആ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. പുതിയ പാഠ്യപദ്ധതിയുടെ ഈ കാലഘട്ടത്തില്‍ സ്കൂളില്‍ പഠിക്കാന്‍ കഴിയാത്തത് ഒരു വലിയ നഷ്ടം തന്നയാണ്.
------------------------------------------------------------------------------------------------------
കാലം വീണ്ടും ഒരു സ്റ്റേഷനിലും നിര്‍ത്താതെ ചൂളം വിളിച്ച് മുന്നാട്ടോടി. ഞാന്‍ +2 വിലകപ്പെട്ടു. അവിടെയുമെത്തി ഈ കേശികത്വം. 'കാപ്പിലറി ആക്ഷന്‍' എന്ന ആംഗലേയ കുപ്പായവുമണിഞ്ഞായിരുന്നു അവന്റെ വരവ്. കൂടുതല്‍ അടുത്തറിഞ്ഞപ്പോഴാണ് കേശികത്വം രണ്ടു രരത്തിലുണ്ട് എന്ന് മനസിലായത്. കേശിക ഉയര്‍ച്ചയും കേശിക താഴ്ച്ചയും. അവയെ പറ്റി വിശദീകരിച്ച് കാടുകയറുന്നില്ല. ശാസ്തീയ വശങ്ങള്‍‌ മനസിലാക്കാന്‍ ഈവിടെ ക്ലിക്ക് ചെയ്യുക.അന്നും ഈ സംഭവ പരമ്പര മനസില്‍ ആടി തിമിര്‍ത്തു.



കാര്യങ്ങളെ അര്‍തഥ പൂര്‍ണമായി മനസിലാക്കാന്‍ ജീവിതാനുഭവങ്ങള്‍ ഒരുപാട് സഹായിക്കും. കാണാനും കേള്‍ക്കാനും തൊടാനും അനുഭവിക്കാനും കഴിയുന്ന കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസിലാക്കാനും ഒര്‍മയില്‍ തങ്ങിനില്‍ക്കാനും സഹായിക്കും. നിത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാനുള്ള മാര്‍ഗങ്ങള്‍ രൂപീകരിക്കാനും ആ അനുഭവങ്ങള്‍ നമുക്ക് കൂട്ടായി വരും.

പിന്‍കുറിപ്പ്:
ചാക്രിക ആരോഹണ രീതി (സ്പൈറല്‍ അപ്രൊച്ച്) എന്താണെന്ന് ടിടിസി ക്ലാസില്‍ പഠിച്ചത് ഓര്‍മ വരുന്നു. ഒരേ കാര്യം കുട്ടി പല ക്ലാസുകളില്‍ പഠിക്കുന്നുണ്ട്. ഓരോ ക്ലാസിലും കുട്ടി നേടുന്ന അറിവിന്റെ വ്യാപ്തി കൂടികൂടി വരും. മനശാസ്ത്രപരമായ ഈ രിതിയാണ് ചാക്രിക ആരോഹണ രീതി. പാഠ്യ പദ്ധതി തയ്യാറാക്കുമ്പോള്‍ ഈ രീതി അവലമ്പിക്കുന്നുണ്ട്. എന്റെ ഈ അനുഭവങ്ങള്‍ ചാക്രിക ആരോഹണ രീതിയെ അടിവരയിടുന്നു എന്നൊരു തോന്നല്‍.

------
രേമേഷ് അരൂരിന്റെ ബ്ലോഗില്‍ നിന്നും...( Blogger (Blogspot) - remesharoor)


'കുരു ദക്ഷിണ'


രൂര്‍ ഗവ:യു .പി .സ്കൂളില്‍ ആയിരുന്നു .എന്‍റെ പ്രാഥമിക വിദ്യാഭ്യാസം.തുറവൂര്‍ ഉപജില്ലയിലെ മാതൃകാ സ്കൂള്‍ ആയിരുന്നു അക്കാലത്ത് ഞങ്ങളുടെ സ്കൂള്‍.മോഡല്‍ എന്ന് പറഞ്ഞാല്‍ മോഡല്‍ അത്ര തന്നെ ! എങ്ങനെ ആകാതിരിക്കും ഞാനൊക്കെയല്ലേ അവിടുത്തെ പഠിപ്പിസ്റ്റുകള്‍.

ഏഴ് ബി യില്‍ ആയിരുന്നു ഞങ്ങളുടെ ക്ലാസ്,എ മുതല്‍ ഡി വരെ നാല് ഡിവിഷനുകള്‍ ഉണ്ടെങ്കിലും സി ക്ലാസ്സുകാരായിരുന്നു ഞങ്ങള്‍ ബി ക്കാരുടെ പ്രധാന ശത്രുക്കള്‍ .ഞങ്ങള്‍ ഇന്ത്യ ആണെങ്കില്‍ അവര്‍ പാക്കിസ്ഥാന്‍ ആയിരുന്നു. അവര്‍ കോങ്ക്രസ്സ് ആയിരുന്നെങ്കില്‍ ഞങ്ങള്‍ കമ്യുണിസ്റ്റ് !, ഞങ്ങള്‍ പാണ്ഡവര്‍ ,അവര്‍ കൌരവര്‍ ...ഞങ്ങള്‍ ദേവന്മാര്‍ അവര്‍ അസുര ന്മാര്‍ ..ഇങ്ങനെയായിരുന്നു അന്നത്തെ ഒരു ലൈന്‍.ഏഴു സിയിലെ സുനിത.പി.നായര്‍ എന്ന ഒരു മാലാഖക്കുട്ടിയെ മാത്രം ഞാന്‍ വെറുതെ വിടുന്നു.അല്ലെങ്കിലും എല്ലാ വില്ലന്മാരുടെ കൂട്ടത്തിലും എതിര്‍പക്ഷത്തെ സ്നേഹിക്കുന്ന ഒരു പാവം പാവം രാജകുമാരി ഉണ്ടാകുമല്ലോ !

അപ്പര്‍ പ്രൈമറി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ മനസ്സില്‍ പതിഞ്ഞ രണ്ട് അധ്യാപകര്‍ക്കുള്ള ഗുരു ദക്ഷിണയാണ് ഈ പോസ്റ്റ് .രണ്ട് പേരും ജീവനോടെ ഉള്ളതിനാലും അവരുടെ തണ്ടും തടിയും ഉള്ള ആണ്‍ മക്കള്‍ എന്നെ മാര്‍ക്ക് ചെയ്യും എന്നതിനാലും തല്ക്കാലം പേരുകള്‍ മാറ്റിപ്പറയുന്നു..
ഒരാള്‍ പോടക്കണ്ണന്‍ എന്ന് വിളിപ്പേരില്‍ ആദരിക്കപ്പെടുന്ന ശുഭാകരന്‍ സാര്‍. ഞങ്ങളുടെ ശത്രുക്കളായ ഏഴു സിക്കാരുടെ പട നായകന്‍ ! സാമാന്യം നന്നായി കോങ്കണ്ണ് ഉള്ള അദ്ദേഹത്തിനു ഏതു വിഷയത്തിലാണ് മികവു എന്ന് ചോദിച്ചേക്കരുത്.
സകല കലാവല്ലഭന്‍ എന്ന് മാത്രമാണ് അതിനു മറുപടി .
രണ്ടാമത്തെ ഗുരുവരന്‍ ശ്രീ ഡേവിഡ് സാര്‍ ,കണക്കും ഫിസിക്സും ആണ് അങ്ങേര്‍ക്കു പഥ്യം.ഞങ്ങള്‍ ഏഴു ബിക്കാരുടെ ജീവാത്മാവും പരമാത്മാവും ആയി ശോഭിക്കുന്ന മഹാനുഭാവന്‍ .ഞങ്ങള്‍ട ക്ലാസ് ടീച്ചര്‍ .
രണ്ട് പേരും ഞങ്ങളുടെ സ്വന്തം നാട്ടുകാര്‍.ജോലികിട്ടിയപ്പോള്‍ മുതല്‍ റിട്ടയര്‍ ചെയ്യുന്നത് വരെ ഒരേ സ്കൂളില്‍ തന്നെ പഠിപ്പിച്ചു പഠിപ്പിച്ചു (പീഡിപ്പിച്ചു പീഡിപ്പിച്ചു എന്നും പറയാം )രണ്ട് പേരും അരൂര്‍ക്കരയിലെ കുട്ടികളെ ഒരു വഴിക്കാക്കി.

രണ്ട് പേരും ദുര്‍വാസാവ് മഹര്‍ഷിയെ പോലെ ക്ഷിപ്ര കോപികളും ക്ഷിപ്ര പ്രസാദികളും ആണ്. പ്രായത്തില്‍ മുതിര്‍ന്ന
ശുഭാകരന്‍ സാറിനാണ് ഇച്ചിരി കോപം കൂടുതല്‍ .സാറിനു പുന്നാരം വന്നാല്‍ ഞങ്ങള്‍ കുട്ടികളെ "അസത്തെ, മൂശേട്ടെ ,
അധിക പ്രസംഗി" എന്നൊക്കെ വിളിച്ചു ആദരിച്ച് കളയും. ബാലപീഡന നിയമത്തെപ്പറ്റി അക്കാലത്ത് കുട്ടികള്‍ക്ക് വല്ല വിവരവും ഉണ്ടായിരുന്നെങ്കില്‍ ശുഭാകരന്‍ സാറൊക്കെ അന്നേ അകത്താകുമായിരുന്നു !
ഡേവിഡ് സാറും ചില്ലറക്കാരനോന്നും അല്ല .ഞങ്ങള്‍ കുട്ടികള്‍ തമ്മില്‍ ഒരു രസത്തിന് പിച്ചുകയോ മാന്തുകയോ ചെയ്യുമ്പോള്‍ സ്വാഭാവികമായും ഒരാള്‍ക്ക്‌ അല്പം കൂടുതല്‍ പരിക്ക് പറ്റുമല്ലോ ! അവന്റെ തിരുവാ...
കീറിപ്പൊളിഞ്ഞു കരച്ചിലിന്റെ രൂപത്തില്‍ ആയാല്‍ ഉടന്‍ വരികയായി ഡേവിഡ് സാറിന്റെ ശകാരം
"ഹോ ഹോ ..നീ അവന കൊന്നാ ..ഈ പണ്ടാരങ്ങളൊക്കെ ഇങ്ങാട്ട് വരുവല്ലാ മനുഷേന കഷ്ടപ്പെടുത്താന്‍ !!"
പിന്നെ വാദിക്കും പ്രതിക്കും സാറിന്റ വക ഗരുഡന്‍ തൂക്കം ,മുട്ടേല്‍ നിരങ്ങല്‍ തുടങ്ങിയ ശിക്ഷകള്‍ ആസ്വദിക്കാം :
അനുഭവിച്ചു പണ്ടാരടങ്ങാം !
ചോക്ക് പൊടി പുരണ്ട ആ മന്തന്‍ കൈകള്‍ കൊണ്ടു തലക്കിട്ടു രണ്ട് കിഴുക്കലും കൂടി കിട്ടിയാല്‍
അന്നത്തെ കാര്യം കുശാല്‍ ആയി !

എപ്പോളും അരയില്‍ എന്തോ തപ്പിനോക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു ഡേവിഡ് സാറിനു. മുണ്ട് അഴിഞ്ഞു പോകുന്നുണ്ടോ എന്ന് നോക്കുന്നത് പോലെ !
"ഈ പണ്ടാറക്കാലന്‍ സാറിന്റെ തുണി ഉരിഞ്ഞു വീണു മാനം പോകണേ ന്റീശ്വരാ" എന്ന് എത്ര തവണ ഞങ്ങള്‍ പ്രാര്‍ഥിച്ചിട്ടുണ്ട് എന്നറിയാമോ ! അരയിലെ താക്കോല്‍ കൂട്ടം അവിടെത്തന്നെ ഉണ്ടോ എന്ന് അദ്ദേഹം പരിശോധിക്കുന്നതാണെന്നും ഇതേക്കുറിച്ച് ഒരു കിംവദന്തി ഉണ്ട് .

ഏഴു ബിക്കാരും സിക്കാരും തമ്മില്‍ ശത്രുത ഉള്ളത് പോലെ ഈ അധ്യാപകര്‍ തമ്മിലും കടുത്ത ശത്രുത ഉണ്ടായിരുന്നു വെന്നാണ് അക്കാലത്ത് ഞങ്ങള്‍ വിശ്വസിച്ചു പോന്നിരുന്നത്. ഒരിക്കല്‍ ഏഴു സിക്കാരെ ഹൈഡ്രജന്‍ ഉണ്ടാക്കുന്ന പരീക്ഷണം കാണിക്കുന്നതിനിടയില്‍ ശുഭാകരന്‍ സാറിന്റെ കൈയില്‍ ആസിഡ് വീണു. ഈ വാര്‍ത്ത കേട്ടു‌ ഡേവിഡ് സാര്‍ പറഞ്ഞത് ഓര്‍മവരുന്നു :

"ഹോ! ഹോ !അറിയാം മേലാത്ത കാര്യം ചെയ്യരുതെന്ന് ആ കെളവനോടു ഞാന്‍ നൂറു കുറി പറഞ്ഞിട്ടുണ്ട് ..
പണ്ടാരം അടങ്ങാന്‍ ...എന്നാലും കേക്കേല .പഠിപ്പിക്കാനോ അറിയാം മേല.. ന്നാ.. .വെറുതെ മനുഷേന മെനക്കെടുത്താതിരുന്നൂടെ ...."

തന്‍റെ മേഖലയായ സയന്‍സില്‍ ചുക്കും ചുണ്ണാമ്പും അറിയാത്ത ശുഭാകരന്‍ സാര്‍ കൈകടത്തിയത്തിലുള്ള പ്രതിഷേധം കൂടിയായിരുന്നു അത് .
ഒരിക്കല്‍ കുട്ടികളുടെ റബര്‍ ബാന്‍ഡുകള്‍ പതിവായി മോഷ്ടിചെടുക്കുന്ന ഒരു "ഭയങ്കരനെ" ശുഭാകരന്‍ സാറ് കയ്യോടെ പൊക്കി!
ആ കള്ളന്‍ ഇപ്പോള്‍ ഞങ്ങളുടെ നാട്ടിലെ ചുമട്ടു തൊഴിലാളി യൂനിയന്ടെ നേതാവാണ്‌, ഇപ്പോളും പണി പഴയത് തന്നെ !തല്ക്കാലം ആ പേരും ഒളിച്ചു വയ്ക്കുന്നു ,വെറുതെ ധര്‍മ്മത്തല്ല്
മേടിച്ചു കൂട്ടുന്നത്‌ എന്തിനാ !!, കട്ടെടുത്ത റബര്‍ ബാന്‍ഡുകള്‍ ഓരോന്നായി ആ ഭീകരന്റെ ചെവികളിലും ,കൈകളിലും ഒക്കെ ഇടുവിച്ചു ക്ലാസ്സുകള്‍ തോറും അര്‍മാദിച്ചു കൊണ്ടു നടന്നു അദ്ദേഹം .
ഓരോ ക്ലാസ്സില്‍ എത്തുമ്പോളും
" ദേ ഈ ജന്തുവാണ് നിങ്ങളുടെ റബര്‍ കട്ടെടുത്ത കായം കുളം കൊച്ചുണ്ണി ..ഇവന്‍ കള്ളനാണ് ...ഇവനെ നോക്കി എല്ലാവരും കൊഞ്ഞനം കുത്തടാ " എന്ന് പറയും .
അതുകേട്ടു ഉത്സാഹത്തോടെ കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് ആ പെരുംകള്ളനെ നോക്കി കൊഞ്ഞനം കുത്തും ..അവനെ കൊഞ്ഞനം കാട്ടുന്നു എന്ന വ്യാജേന ചില വിരുതന്മാര്‍ ശുഭാകരന്‍ സാറിന്റെ നേരെയും കൊഞ്ഞനം കുത്തി ആത്മ സംതൃപ്തി അടയും .

അധ്യാപകര്‍ വരാത്ത ക്ലാസുകളില്‍ നുഴഞ്ഞു കയറി മിന്നല്‍ ആക്രമണം നടത്തി കുട്ടികളോട് പാഠപുസ്തകങ്ങളിലെ
അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചു പീഡിപ്പിക്കുകയാണ് അദ്ദേഹത്തിന്‍റെ മറ്റൊരു പരിപാടി. ക്ലാസില്‍ വര്‍ത്തമാനം പറയരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ട്, ഓഫീസ് റൂമിലേക്ക്‌ പോവുകയും അവിടെ ചെല്ലാതെ വാതിലിനു മറയില്‍ ഒളിഞ്ഞു നിന്നു വര്‍ത്തമാനം പറയുന്നവരെ കണ്ടു പിടിച്ചു ചെവിയില്‍ പിച്ചിത്തൂക്കുക, തുടയില്‍ നുള്ളിതിരുമ്മി തൊലി പൊട്ടിക്കുക തുടങ്ങിയ പരിഷ്കാരങ്ങളും ക്രൂര വിനോദങ്ങളും നടപ്പാക്കി അദ്ദേഹം . സാര്‍ ക്ലാസ്സില്‍ വന്നാല്‍ ആകപ്പാടെ ഒരു കണ്ഫ്യുഷനാണ് ഞങ്ങള്‍ക്ക്
കോങ്കണ്ണ് അദ്ദേഹത്തിനാനെങ്കിലും അതുമൂലമുള്ള മാനഹാനിയും ശാരീരിക പീഡനങ്ങളും ഞങ്ങള്‍ പാവം കുട്ടികളാണ്
അനുഭവിച്ചു പോന്നത് .

ആദ്യം ഞാന്‍ ,രണ്ടാമത് ദിലീപ് മൂന്നാമത് പ്രദീപ്‌ ,നാലാമന്‍ സ്കന്ദന്‍ .അഞ്ചാമന്‍ വിനോദ് എന്നിങ്ങനെയാണ് മുന്‍ നിര ബെഞ്ചിലെ ഹാജര്‍ .ഏതെങ്കിലും ഒരു പരട്ട ചോദ്യം ചോദിച്ചിട്ട് മുന്‍ ബെഞ്ചിലേക്ക് നോക്കി അദ്ദേഹം "നീ..."എന്ന് പറയുമ്പോള്‍ ആ ബെഞ്ചിലെ എല്ലാവരും കൂടി സ്വിച്ചിട്ട പോലെ എഴുനേറ്റു നിന്നു ഉത്തരം തപ്പിപ്പിടിക്കേണ്ട ഗതികേടിലാകും.
കാരണം, ആരോടാണ് അദ്ദേഹം ചോദ്യം ചോദിച്ചതെന്ന് കണ്ടു പിടിക്കാന്‍ ഒരു നിവൃത്തിയും ഇല്ല.!
ഒരിക്കല്‍ സ്കൂളിനടുത്തെ കാര്‍ത്യായനി ദേവീ ക്ഷേത്രത്തില്‍ വെടി പൊട്ടുന്നത് കേട്ട ‌ ഉടനെ എന്നോടാണെന്നു തോന്നുന്നു "വെടിമരുന്നു കണ്ടു പിടിച്ചത് ആര് ? "ആണെന്ന് ശുഭാകരന്‍ സാര്‍ ചോദിച്ചു. എനിക്ക് വല്ലതും അറിയാമോ !ഞാനല്ലെന്നു മാത്രം അറിയാം !ചിലപ്പോള്‍ ഓട്ടോ റിക്ഷ സ്റ്റാന്റില്‍ ദിവസവും രാവിലെ തലയില്‍ നിറയെ മുല്ലപ്പൂവൊക്കെ വച്ചു വന്നു നിറചിരിയോടെ നില്‍ക്കാറുള്ള തങ്കമണി ചേച്ചി ആയിരിക്കുമോ ? ..ഞാന്‍ ഉത്തരങ്ങള്‍ തപ്പുന്നതിനിടയില്‍
ബഞ്ചില്‍ രണ്ടാമതിരുന്ന ദിലീപിന് തോന്നി സാര്‍ അവനോടാണ് ചോദിച്ചതെന്ന് !അഥവാ സാറിന്റെ നോട്ടം കിട്ടിയത് ദിലീപിനാണ് .അവന്‍ പിരിഞ്ഞു പിരിഞ്ഞു എഴുന്നേറ്റു നിന്നു പറഞ്ഞു :
"വാസു പ്പിള്ള "
ഞങ്ങള്‍ട നാട്ടിലെ വെടിക്കെട്ടുകാരനാണ് വാസുപ്പിള്ള. അയാള്‍ ഉത്സവ എഴുന്നള്ളിപ്പിനിടെ വാണം ഒക്കെ
നന്നായി വിടുന്നത് ഞങ്ങള്‍ ആസ്വദിച്ചു കണ്ടു കൊതിച്ചിട്ടുണ്ട് .
ഉടനെ കോപിച്ചു മുഖം വക്രിച്ചു പിടിച്ചു സാര്‍ ..
:"ഫാ അസത്തെ നിന്നോട് ആരെങ്കിലും ചോദിച്ചോഡാ വകന്തേ ...!"
ഉടനെ മൂന്നാമതിരുന്ന പ്രദീപ്‌ എണീറ്റ്‌ പറഞ്ഞു: "അതിനു ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ സാര്‍ "
"എടാ ജന്തു നീ അവിട ഇരിയടാ" വീണ്ടും ശുഭാകരന്‍ സാറിന്റെ അലര്‍ച്ച .
ടിം ..എല്ലാവരും കൂടി ഒന്നിച്ചു ഇരുന്നു !
കണ്ഫ്യുഷന്‍ ...കണ്ഫ്യുഷന്‍ ..ആരോടാണ് ഇരിക്കാന്‍ പറഞ്ഞതെന്ന് !! ഫലത്തില്‍ എല്ലാവര്ക്കും കിട്ടി നുള്ളും പിച്ചും തിരുമ്മും! ഹൌ !!

പെണ് കുട്ടികളോടാണ് സാറിനു പുന്നാരം കൂടുതല്‍. ഒരിക്കല്‍ ഇമ്പോസിഷന്‍ എഴുതാതെ വന്നതിനു
ഞങ്ങളുടെ ക്ലാസിലെ പത്രാസുകാരി ശ്രീദേവിയേയും, അനിതയേയും ഒക്കെ ശുഭാകരന്‍ സാര്‍ നിര്‍ത്തി പൊരിക്കുന്നത് കണ്ടു ഞങ്ങള്‍ ഊറിച്ചിരിച്ചു
"ഓ...അവളുടെ മോന്തായം കണ്ടില്ലേ അസത്ത്!!" ആ സമയത്തെ സാറിന്റെ മുഖം കണ്ടാല്‍ പട്ടി പോലും പിന്നെ വെള്ളം കുടിക്കില്ല .അത്ര പുച്ഛ രസമാണ്‌ ആ തിരുമുഖത്തു വിളയാടുന്നത്!
വായാടിയുടെ നായ്കുട്ടികളെ ഇതില്‍ നിന്നും ഒഴിവാക്കുന്നു. പേടികൊണ്ടാണേ...
ഞങ്ങളുടെ ഏഴു ബി ഡിവിഷന്‍റെ ഐശ്വര്യമായ ഡേവിഡ് സാര്‍ ഇല്ലാതെ വരുമ്പോള്‍ ആ പിരിയഡുകള്‍ ശുഭാകരന്‍ സാറിന്റെ ഏഴ് സിയുമായി കൂട്ടിക്കലര്‍ത്തി എടുക്കുന്ന പതിവും ഉണ്ടായിരുന്നു .പഠിപ്പിക്കല്‍ അല്ല പീഡിപ്പിക്കല്‍ ആയിരുന്നു അപ്പോള്‍ നടന്നു വരാറ്! ഇന്ത്യന്‍ പട്ടാളം പാകിസ്താന്‍ ക്യാമ്പില്‍ അകപ്പെട്ട അവസ്ഥ !
അതിഥികളായ ഞങ്ങള്‍ പാവപ്പെട്ട ഏഴു ബിക്കാരെ വിളിച്ചു വരുത്തി അപമാനിക്കുന്ന പണിയായിരുന്നു അദ്ദേഹത്തിനു.
ഏഴു സി പണക്കാരുടെയും അഹങ്കാരികളുടെയും പുസ്തകപ്പെട്ടി ഉള്ളവരുടെയും ക്ലാസ്സായിരുന്നു . അവര്‍ക്ക് എല്ലാം ഉണ്ടായിരുന്നെങ്കിലും കോങ്കണ്ണന്‍ സാറിന്റെ ശിഷ്യന്മാര്‍ എന്ന ചീത്തപ്പേര് മാത്രം ഒരു മാനക്കേട്‌ പോലെ അവരുടെ ക്ലാസ്സിനു മുന്നില്‍ തൂങ്ങിക്കിടന്നു ! സത്യത്തില്‍ വകന്തകളും മൂശേട്ടകളും ഏഴു സി ക്കാരായിരുന്നു എന്ന് അവിടെ പാട്ടായിരുന്നു .
അവര്‍ക്ക് മേശവിരിപ്പ് പോലെയുള്ള ആഡംബരങ്ങളും ഉണ്ടായിരുന്നു..
ആ മിക്സഡ്‌ പിരീഡില്‍ ഞങ്ങള്‍ ഇരിക്കുമ്പോള്‍ ഞങ്ങളുടെ ക്ലാസ്സിലെ ആര്‍ക്കും ഉത്തരം പറയാന്‍ പറ്റാത്ത ഒരു ചോദ്യം സാര്‍ ചോദിക്കും..എന്താണെന്നോ ?
"മേശ വിരി ഉള്ള ക്ലാസ്സേതു ?"
പെട്ടെന്ന് പെരുവഴിയില്‍ വച്ചു ഉടുതുണി നഷ്ടപ്പെട്ടവരെ പോലെ ഞങ്ങള്‍ ഇളിഭ്യരായി ഇരിക്കുമ്പോള്‍ ഞങ്ങളുടെ ആജന്മ ശത്രുക്കളുടെ ഉത്തരം ഇടിമുഴക്കം പോലെ വരും:
"ഏഴു സി "
"വെള്ളിയാഴ്ച മീറ്റിംഗ് നടത്തുമ്പോള്‍ കേക്കും ചായേം വിതരണം ചെയ്ത ക്ലാസ് ഏതു ?" അടുത്ത കുത്ത് !
"ഏഴു സി " വീണ്ടും പാകിസ്ഥാന്റെ ഇടിമുഴക്കം !!
ചമ്മി നാറി ഞങ്ങള്‍ ആ പിരീഡു തീരും വരെ ചുളുങ്ങി കൂടി അവിടെ കഴിച്ചു കൂട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
ആ നാണക്കേട്‌ മാറ്റാന്‍ പിറ്റേന്ന് തന്നെ ക്ലാസ്സില്‍ പിരിവു നടത്തി പതിനെട്ടു കിലോമീറ്റര്‍ അകലെയുള്ള തോപ്പും പടി വരെ നടന്നു
പോയി മേശവിരി വാങ്ങി ക്ലാസ്സില്‍ കൊണ്ടുവന്നിട്ടെ ഞങ്ങള്‍ അടങ്ങിയുള്ളു .
മേശവിരിഏതു കടയില്‍ കിട്ടുമെന്ന് അറിയാത്തതിനാല്‍ ഓരോ കടയിലും തിരക്കി തിരക്കിയാണ് ഞങ്ങള്‍ നടന്നു നടന്നു തോപ്പുംപടിയിലെ ഞങ്ങളുടെ മാനം രക്ഷിച്ച ആ കട കണ്ടു പിടിച്ചത് !
ഞങ്ങള്‍ പത്തിലൊക്കെ ആയപ്പോള്‍ സാറന്മാര്‍ ഒക്കെ മാറി .ഞങ്ങളും കുറച്ചൊക്കെ മാറി .പൊടിമീശയോക്കെ വരാന്‍ തുടങ്ങി ട്രൌസറില്‍ നിന്നു മുണ്ടിലേക്ക് മാറി. ഒരിക്കല്‍ ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന് ക്ലാസ് കട്ടു ചെയ്തു ചേര്‍ത്തല
ചാരങ്ങാട്ടു തീയറ്ററില്‍ ഒരു സിനിമ കാണാന്‍ പോയി .നൂണ്‍ ഷോ...
നല്ല "എ " ക്ലാസ്സ് പടമാണ് .ന്ന് വച്ചാല്‍ നല്ല ഒന്നാം തരം എന്ന് !!!

മീശയൊക്കെ കിളിച്ചു വരാന്‍ തുടങ്ങിയത് കൊണ്ടു സിഗരട്ട് വലിയും ആഘോഷമായി നടക്കുന്നുണ്ട്.
സ്ക്രീനില്‍ കെട്ടിമറിയുന്ന അനുരാധയും ടി ജി രവിയും. .കെ എസ് ഗോപാലകൃഷ്ണന്‍ എന്ന എ ക്ലാസ് സംവിധായകന്റെ സര്‍ഗ സൃഷ്ടി കണ്ടു ഞങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചു ഇരിപ്പാണ് .മുന്നില്‍ തലയില്‍ തുണിയിട്ട ഒരു കാര്‍ന്നോരെ കണ്ടു ആദ്യം ഞങ്ങള്‍ പതുങ്ങിയെങ്കിലും കഥ മുറുകിയപ്പോള്‍ അതൊക്കെ മറന്നു.

ഇടയ്ക്ക് സിഗരട്ട് ആഞ്ഞു ആഞ്ഞു വലിച്ചു ഞങ്ങള്‍ പൌരുഷം വിളംബരം ചെയ്തും സീനുകളുടെ എരിവും പുളിയും അനുസരിച്ച് ട്രെബിളും ബാസ്സും മാറ്റി മാറ്റി വളിപ്പ് കമന്റുകള്‍ അടിച്ചു വിട്ടും കാഴ്ച കൊഴുപ്പിച്ചു .

പടം തീര്‍ന്നു പുറത്തിറങ്ങി ഞങ്ങള്‍ തെക്കുവടക്ക് ശ്രദ്ധിക്കാതെ വലിച്ചു വിടുമ്പോള്‍ മുന്നില്‍ തീയറ്ററില്‍ ഇരുന്ന തലേമുണ്ടുകാരന്‍ മുന്നേ നടക്കുന്നു ..ആ നടപ്പിനും , പിന്‍ഭാഗത്തിനും ഒക്കെ ഡേവിഡ് സാറിന്റെ ഒരു മുഖ ച്ഛായ! വെറും ച്ഛായ അല്ല ! ഡേവിഡ് സാര്‍ തന്നെ!! .
തീയറ്റര്‍ വളപ്പിനുള്ളില്‍ വച്ചു തന്നെ എല്ലാവര്ക്കും എല്ലാം മനസിലായി.
പെട്ടെന്ന് ഡേവിഡ് സാര്‍ ഞങ്ങളുടെ ക്ലാസിലെ പേടിത്തൊണ്ടന്‍ അപ്പുവിനെ പോലെ പറഞ്ഞു "
ഞാന്‍ ..ഇവിടെ ട്രഷറിയില്‍ ബില്ലുമാ..റാ ന്‍ ,, നിങ്ങളെന്താ ഇവിടെ ?"
"അത് സാര്‍ ഞങ്ങള്‍ ഇവിടെ ഗൈഡു വാങ്ങാന്‍ ..." ഞങ്ങളും പറഞ്ഞൊപ്പിച്ചു !

വീണ്ടും വര്‍ഷങ്ങള്‍ പറന്നു പോയി .
ഡിഗ്രി പഠനം ഒക്കെ കഴിഞ്ഞു ഞങ്ങള്‍ അരൂരില്‍ ഒരു പാരലല്‍ കോളേജു തുടങ്ങി "പാഠശാല "അതായിരുന്നു പേര്.
ഞാന്‍ ഇന്ഗ്ലിഷ് മാഷായി. നിറയെ ശിഷ്യ സുഹൃത്തുക്കള്‍ . ഒരിക്കല്‍ സ്റ്റാഫ് റൂമില്‍ തനിച്ചിരുന്നു പുറത്തെ തളര്‍ന്ന വെയിലിനെ നോക്കി എന്തോ ആലോചിക്കുകയായിരുന്നു ഞാന്‍ . അപ്പോള്‍
ഗേറ്റ് കടന്നു വരുന്നു പഴയ ഗുരുനാഥന്‍... ഡേവിഡ്സാര്‍‍ !!!.
കഴിഞ്ഞ ദിവസം ക്ലാസ്സ് കട്ടു ചെയ്തു ഉച്ചപ്പടം കാണാന്‍ പോയതിനു
രക്ഷ കര്‍ത്താവിനെ വിളിച്ചു കൊണ്ടുവരാന്‍ പറഞ്ഞു ഞാന്‍ ക്ലാസ്സില്‍ നിന്നു ഇറക്കി വിട്ട സാമ്സനും ഉണ്ട് കൂടെ .
സാറിനെ കണ്ട പാടെ ഞാന്‍ എണീറ്റ്‌ അദ്ദേഹത്തിനായി കസേര നീക്കിയിട്ടു. അദ്ദേഹം ഇരുന്നില്ല .
"സാര്‍ ഇതെന്റെ മകനാണ് സാംസന്‍ ..." അദ്ദേഹം എന്‍റെ ശിഷ്യനെ ചൂണ്ടി പറഞ്ഞു..
ഞാന്‍ ഒന്ന് പകച്ചു , സംശയിച്ചു ! അദ്ദേഹത്തിനു എന്നെ മനസിലായില്ലേ ?!!
" സാര്‍ ഞാന്‍ "
ഞാന്‍ അദ്ദേഹത്തെ ഓര്‍മപ്പെടുത്താന്‍ ശ്രമിച്ചു
".അറിയാം....... രമേശ്‌ അല്ലേ ..അധ്യാപകരെ പ്രായം നോക്കാതെ ബഹുമാനിക്കണം എന്നാ പ്രമാണം "
.അദ്ദേഹം പറഞ്ഞു .
പിന്നെ മകന്റെ സ്വഭാവ ദൂഷ്യത്തെ ക്കുറിച്ചും പഠന നിലവാരത്തെക്കുറിച്ചും ഞങ്ങള്‍ എന്തൊക്കെയോ പറഞ്ഞു . .

പോകാന്‍ നേരം ഡേവിഡ് സാര്‍ സാംസനെ ചൂണ്ടി കാണിച്ചിട്ട് എന്നോട് പറഞ്ഞു .
"സാര്‍ ഇവനെ ഒന്ന് ഉപദേശിക്കണം ..."
എനിക്ക് ചിരിവന്നു ..പണ്ട് അനുരാധപ്പടം കാണാന്‍ വന്ന തലേ മുണ്ടുകാരന്റെ ചമ്മിയ ഓര്‍മയും !
പറ്റിയ പാര്ട്ടിയോടാണ് ശുപാര്‍ശ, ഇങ്ങേര്‍ക്ക് ഓര്‍മക്കേടും ഉണ്ടോ ന്റീശ്വരാ ..ഞാന്‍ മനസ്സില്‍
ചോദിച്ചു : സാറിന്റെയല്ലേ ശിഷ്യന്‍ .ഉപദേശത്തിനു നല്ല ആത്മാര്‍ഥത ഉണ്ടാകും !! ഹി.. ഹി
"ഇവന് സിഗരട്ട് വലിയും ചീത്ത സിനിമ കാണലും ച്ചിരി കൂടുതലാണ് "
അത് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്തും ഒരു കള്ളച്ചിരി ഉണ്ടായിരുന്നോ ?
ഞാന്‍ സാംസനെ നോക്കി മനസ്സില്‍ പറഞ്ഞു അത് പിന്നെ അങ്ങിനെയല്ലേ വരൂ ..

" ഇവന്‍ ‍ ആരുടെയാ മോന്‍ !!! "
"വിത്ത്‌ ഗുണം പത്തു ഗുണം "


വാല്‍ക്കഷണം : കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് റിട്ടയര്‍ ചെയ്തു വിശ്രമ ജീവിതം നയിക്കുന്ന ശുഭാകരന്‍ സാറിന്റെ വീട്ടില്‍ നാട്ടിലെ ഓണാഘോഷപ്പിരിവിനായി ഞങ്ങള്‍ പഴയ മൂന്നു ശിഷ്യര്‍ ചെന്നു. ഞങ്ങളെ കണ്ട പ്പോള്‍ അദ്ദേഹത്തിന്‍റെ മുഖം വിടര്‍ന്നു. പിരിവു ചോദിക്കുന്നതിനു മുന്‍പാണ് കേട്ടോ. വയസായിരിക്കുന്നു !കോങ്കണ്ണിനു മാത്രം ഒരു മാറ്റവുമില്ല ! കയറി ഇരിക്കാന്‍ പറഞ്ഞപ്പോള്‍ എന്നോടാണ് എന്നോടാണ് എന്ന് കരുതി എല്ലാവരും മത്സരിച്ചു കയറി ഇരുന്നു . "നീ ഇപ്പോള്‍ എവിടെയാണ് ?" സാര്‍ ചോദിച്ചു. "പത്രത്തില്‍ ആണ് " രണ്ടാമനായ ഞാന്‍ മറുപടി പറഞ്ഞു ." നിന്നോടോന്നും ചോദിച്ചില്ലല്ലോടാ ,എന്ന് സാര്‍ . "അതിനു ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ എന്ന് മൂന്നാമനും! ഇതോടെ ആ വീട്ടിലെ പിരിവു ഗോവിന്ദ ആയി !

3 comments:

mini//മിനി said...

വായിച്ചു, ഇനി പ്രിന്റെടുത്ത്‌വെച്ച്, നന്നായി വായിച്ച് പഠിച്ചിട്ട് വായിക്കാം. ഇങ്ങനെയുള്ളവർ ധാരാളം ഉണ്ട്.

Nidhin Jose said...
This comment has been removed by the author.
Nidhin Jose said...

സാര്‍,
നന്ദി. ഈയുള്ളവന്‍ ഏഴുതികൂട്ടിയ പൊട്ടത്തരങ്ങള്‍ ഇവിടെ പ്രസിദ്ധീകരിച്ചതിന്....