അറിവിന്റെ ഓണമുള്ള സ്കൂള്‍.
"വീടുകളില്‍ ഞങ്ങളുടെ സര്‍വേക്ക് ഗുണമുണ്ടായി.കിണറിന്റെ സൈഡില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ സര്‍വേ നടത്തിയപ്പോള്‍ അവര്‍ അതൊഴുക്കി കളഞ്ഞു. കിണറിനു വല ഇല്ലായിരുന്നു. വലയിട്ടു. കിണറിന്റെ അടുത്ത് കാട് ഉണ്ടായിരുന്നു.അത് പറിച്ചു കളഞ്ഞു. മറ്റൊരു വീട്ടില്‍ താഴെപ്പറയുന്ന മാറ്റങ്ങളുണ്ടായി. .."വിദ്യാ മോളുടെ കുറിപ്പില്‍ നിന്ന്.
അശ്വതി ഇങ്ങനെ എഴുതി.".ഞങ്ങള്‍ സര്‍വേ നടത്തി. ഞാന്‍ അഞ്ചു വീട്ടില്‍ പോയി. കുറച്ചു വീട്ടിലെ കിണര്‍ മലിനമായിരുന്നു. ഞാന്‍ അവരോട് പറഞ്ഞു. വലയിടണം. ഭിത്തി കെട്ടണം, പാത്രം അടുത്തു വെച്ച് കഴുകരുത് , കിണറിനടുത്ത് തുണി അലക്കരുത്, മൃഗങ്ങളെ കുളിപ്പിക്കരുത്, കിണറിനടുത്ത് നിന്ന് കുളിക്കരുത്,എല്ലാ വര്‍ഷവും കിണര്‍ തേകണം, കാടുകള്‍ പറിക്കണം. ഇത്രയും പറഞ്ഞപ്പോള്‍ അവര്‍ അത് അനുസരിച്ചു.പാത്രം കഴുകുന്നതും തുണി അലക്കുന്നതും ഒക്കെ മാറ്റിയാണ് ചെയ്യുന്നത്.ഇതാണ് സര്‍വേക്ക് ശേഷം വന്ന മാറ്റങ്ങള്‍."
തൊട്ടിയും കയറും നിലത്തു വീഴാതിരിക്കാന്‍ അവര്‍ അത് തൂക്കിയിട്ട കാര്യമാണ് ആശ്വിന്കുമാര്.പി പറയുന്നത്.ചാണകക്കുഴി മാറ്റിയ വീടും ഉണ്ട്.
ക്ലാസ്സിലെ ഓരോരുത്തര്‍ക്കും ഇതുപോലെ വിവരിക്കാനുണ്ട്. നാലാം ക്ലാസുകാരുടെ ഒരു കൊച്ചു സര്‍വേ .നാട്ടില്‍ ചെറിയ അവബോധം വളര്‍ത്തി.കൊച്ചു മാറ്റവും . ഇത് പഠനപ്രവര്‍ത്തനത്തിന്റെ ഭാഗം. എന്നാല്‍ ഒരു ശുചിത്വ കാംപൈന്‍.( തെളിമ എന്ന പുസ്തകം മുന്നോട്ടു വെച്ച ആശയങ്ങളുടെ സാക്ഷാത്കാരം.) ഇവിടെ കുട്ടികള്‍ വേറെയും പരീക്ഷണങ്ങള്‍ ചെയ്യുന്നു. ഓരോരുത്തരും ചെയ്യണം എന്നാലല്ലേ അത് അവരുടെ സ്വന്തം പരീക്ഷണമാകൂ.. ചെയ്തതിന്റെ വിശേഷങ്ങളും കണ്ടെത്തലും പറയുമ്പോള്‍ അത്യുല്സ്താഹം.ചിത്രം നോക്കൂ. ( ഇവരല്ലേ ലിറ്റില്‍ സയന്റിസ്റ്റുകള്‍.)
മുണ്ടക്കയം ട്രൈബല്‍ സ്കൂളില്‍ പഠിക്കുന്നത് സാധാരണക്കാരുടെ മക്കള്‍. മുപ്പത്തിയെട്ടു ശതമാനം സാമൂഹികമായി പിന്നോക്കം നില്ക്കുന്നവര്. ബാക്കിയുള്ളവരും സാമ്പത്തികമായി ഇടത്തരവും അതിനു താഴെയും.ഇവിടുത്തെ ടീച്ചര്മാര് എല്ലാ പ്രവര്‍ത്തനവും കുട്ടികളെ കൊണ്ട് ചെയ്യിക്കുന്നു. സ്കൂളിനു വലിയ പത്രാസ്സില്ല. പരസ്യമില്ല.പൊടിപ്പും തൊങ്ങലുമില്ല.വണ്ടിയും സമാന്തര ഇംഗ്ലീഷ് മീഡിയവും ആണ് പുതിയ അടയാളമെങ്കില്‍ അതുമില്ല. ഒന്നുണ്ട് .ഓരോ കുട്ടിയേയും പരിഗണിക്കുന്ന വലിയ മനസ്സ്. (ഇന്നലെ സൂചിപ്പിച്ച അതേ സ്കൂള്‍ തന്നെ.) ഓരോ കുട്ടിക്കും പോര്‍ട്ട് ഫോളിയോ ഫയല്‍. ഓരോ യൂണിറ്റിനും പൊതു ഫയല്‍ .അതില്‍ എല്ലാമുണ്ട്. അദ്ധ്യയനത്തിന്റെ അടയാളങ്ങള്‍.പഠനത്തിന്റെ സംസാരിക്കുന്ന തെളിവുകള്‍. അതെ , അറിവിന്റെ ഓണം ഈ സ്കൂളിലുണ്ട് എന്നും .
2 comments:
ചൂണ്ടുവിരലിന്റെ എല്ലാ വായനക്കാര്‍ക്കും ,അണിയറ പ്രവര്‍ത്തകര്‍ക്കും ഹൃദ്യമായ ഓണാശംസകള്‍! അറിവിന്റെ, അത്യുത്സാഹതിന്റെ ഓണം പള്ളിക്കൂടങ്ങളില്‍ വിപ്ലവം സൃഷ്ടിക്കട്ടെ.....
all the best
thalis tm, brc balusseri
Post a Comment