ഇതിനോടകം 105 ഡയറിക്കുറിപ്പുകൾ എഴുതി ഒന്നാം ക്ളാസിലെ താരങ്ങളായ ലെനിൻ ബിജുവിനും ലിയോൺ ബിജുവിനും (ഇരട്ടക്കുരുന്നുകൾ ) അഭിനന്ദനങ്ങൾ.
അമ്മയുടെ കുറിപ്പ് വായിക്കാം
"എൻ്റെ പേര് രേശ്മ
കിഴക്കമ്പലം ഗവ.എൽ പി സ്കൂളിൽ ഒന്നാം ക്ളാസിൽ പഠിക്കുന്ന ലെനിൻ്റെയും ലിയോണിൻ്റെയും അമ്മയാണു ഞാൻ...
ഇരട്ടകളാണെൻ്റെ കുഞ്ഞുങ്ങൾ. അത് കൊണ്ടു തന്നെ പഠന കാര്യത്തിൽ രണ്ട് പേരെയും ഒപ്പം കൊണ്ടു പോകാൻ വലിയ പ്രയാസമാവും എന്നാണ് ഞാൻ കരുതിയിരുന്നത്.കാരണം, UKGക്ളാസിൽ നിന്ന് പഠിച്ച അക്ഷരങ്ങളെല്ലാം രണ്ടു മാസത്തെ അവധിക്കു ശേഷം അവർ മറന്നു പോയിരുന്നു.
എന്നാൽ സംയുക്ത ഡയറി എഴുതാൻ തുടങ്ങിയതോടെ എൻ്റെ ആശങ്കകൾ അകന്ന് തുടങ്ങി. എഴുതി തുടങ്ങിയപ്പോൾ എങ്ങനെയാ എഴുതേണ്ടതെന്ന് സംശയങ്ങൾ ഒരുപാടുണ്ടായിരുന്നു.പിന്നെ ടീച്ചർ ക്ലാസ് പി.ടി.എ ക്ക് എഴുതേണ്ട രീതിയും കഴിഞ്ഞ വർഷത്തെ കുട്ടികൾ എഴുതിയ മാതൃകകളും പരിചയപ്പെടുത്തിത്തന്നു.പിന്നീട് നല്ല രീതിയിൽ ഡയറിയെഴുതിക്കാൻ എനിക്ക് കഴിഞ്ഞു. അവധി ദിവസങ്ങളിലും ഡയറിയെഴുതാതെ അവർ സമ്മതിക്കില്ല എന്ന അവസ്ഥയായി.
രണ്ടു പേർ ഉള്ളതിനാൽ വ്യത്യസ്ത അനുഭവങ്ങൾ കുറിക്കണമെന്നത് ചില ദിവസങ്ങളിൽ പ്രതിസന്ധിയുണ്ടാക്കി. രണ്ടു പേർക്കും ഇഷ്ടപ്പെട്ട കാര്യം ഒന്നു തന്നെയായിരിക്കും എന്നതായിരുന്നു കാരണം. അങ്ങനെ ചില കുറിപ്പുകൾ ഒരു പോലുള്ളവയായി. ടീച്ചർ സമ്മതിച്ചില്ല. ഒരേ കാര്യമാണെങ്കിലും വ്യത്യസ്തമായ രീതിയിൽ എഴുതേണ്ടതെങ്ങനെയെന്ന് ടീച്ചർ പറഞ്ഞു തന്നു. അങ്ങനെ അതിനും പരിഹാരമായി
ആദ്യമൊക്കെ എഴുതുമ്പോൾ എൻ്റെ സഹായവും എഴുത്തും വേണ്ടി വന്നു.ഇപ്പോൾ അവർ എന്നെ എഴുതാൻ സമ്മതിക്കുന്നേയില്ല. ക്ളാസിൽ ഞങ്ങൾ ഒറ്റക്കാലോ എഴുതുന്നത് എന്നതാണു ന്യായം. എങ്കിൽ അതു തന്നെ നല്ലത് എന്ന് എനിക്കും തോന്നി.ആ തീരുമാനം ഏറ്റവും ഉചിതമായതായിരുന്നു.ഇപ്പൊ രണ്ട് പേരും വീട്ടിലെ അപ്പാപ്പനും അമ്മാമയുമായി കൂട്ടുകൂടി അറിയാത്ത കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ഡയറിയെഴുതാൻ എൻ്റെ അടുത്തെത്തും. അപ്പാപ്പനും അമ്മാമയുമാണ് ഡയറിയെഴുതേണ്ട വിഷയം വിശദീകരിച്ചു കൊടുക്കുന്നത്. അതിനായി വീടിൻ്റെ പരിസരത്തും പറമ്പിലും തോട്ടുവക്കത്തും കടയിൽ പോകുമ്പോഴും അവരുടെ കൂടെ കൂടും അവർ. നാലോ അഞ്ചോ വാക്യമാക്കി അനുഭവ വിവരണത്തെ ചുരുക്കി പറഞ്ഞു കൊടുക്കൽ മാത്രമായി എൻ്റെ ജോലി ചുരുങ്ങിക്കിട്ടി.
എൻ്റെ കുട്ടികൾക്ക് ഈ സംയുക്ത ഡയറി ഒരു അക്ഷരമാല കൂടിയാണ്. അവർ അക്ഷരങ്ങൾ കൂട്ടി വായിക്കാനും എഴുതാനും പഠിച്ചത് ഡയറി എഴുത്തിലൂടെയാണ്. അവർ ചുറ്റുപാടിനെ ശ്രദ്ധിക്കാനും കാണുന്നതിനെ കുറിച്ചൊക്കെ പറയാനും തുടങ്ങിയതും ഡയറിയെഴുത്തിലൂടെയാണ്.
സ്കൂളിൽ ചെല്ലുമ്പോൾ ടീച്ചർ ഡയറി വായിപ്പിക്കുകയും സ്റ്റാറും ചെറിയ സ്റ്റിക്കറും നൽകുകയും ചെയ്യുന്നത് ഡയറിയെഴുതാൻ വലിയ പ്രോത്സാഹനം തന്നെയാണ്.
കഴിഞ്ഞ വർഷം ഒന്നാം ക്ളാസിലെ നന്ദിത എഴുതിയ ഡയറി ഈ വർഷം ടെക്സ്റ്റ് ബുക്കിൽ വന്നതും അവൾക്ക് സ്കൂളിൽ നിന്ന് സമ്മാനം കിട്ടിയതും ടീച്ചർ പറയുന്നതും അവർക്ക് പ്രചോദനമായിട്ടുണ്ട്. ഡയറി കൂടാതെ സ്കൂളിൽ നിന്ന് കൊണ്ടുവരുന്ന കുഞ്ഞു ലൈബ്രറി ബുക്കുകളും കുഞ്ഞുങ്ങൾ വായിക്കാൻ ശ്രമിക്കുന്നുണ്ട്.
എൻ്റെ മക്കളുടെ കൂടെ ഈ ഡയറിക്കുറിപ്പുകൾ എഴുതാനിരിക്കുമ്പോൾ എനിക്ക് ഓർമ വരുന്നത് നന്ദനാരുടെ " ഉണ്ണിക്കുട്ടൻ്റെ ലോകം." എന്ന പുസ്തകമാണ്.സംയുക്ത ഡയറിക്ക് ഒരു പാട് നന്ദി
രേശ്‌മ ബിജു,
കിഴക്കമ്പലം
No comments:
Post a Comment