ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, June 2, 2011

പ്രവേശനോത്സവം ജില്ലകളിലൂടെ..

പ്രവേശനോത്സവം പ്രകൃതിസൗഹൃദപരം; ആതവനാട് ഹൈസ്‌കൂളില്‍ ആദ്യദിന മധുരമായ് ചക്കയും മാങ്ങയും
ആതവനാട്: ബക്കറ്റുകണക്കിന് ചക്കച്ചുളയും മാങ്ങാക്കഷ്ണങ്ങളും മുന്നില്‍ നിരന്നപ്പോള്‍ ചിലര്‍ക്ക് നാവില്‍ വെള്ളമൂറി. അവധിക്കാലത്തിന്റെ ഓര്‍മയില്‍ പക്ഷെ ആരും വാരിവലിച്ചെടുത്തില്ല. അവര്‍ക്കിത് പുതിയ സ്‌കൂളിലെ ആദ്യത്തെ ദിവസമാണ്. ആതവനാട് മാട്ടുമ്മല്‍ ഗവ. ഹൈസ്‌കൂളിലാണ് ചക്കയും മാങ്ങയും, ചെറുപഴവും കൈതച്ചക്കയുമെല്ലാം പ്രവേശനോത്സവത്തിന് മാധുര്യമേകിയത്. പുതിയ ക്ലാസ് മുറികളില്‍ വീര്‍പ്പടക്കിനിന്ന എട്ടാംക്ലാസുകാരുടെ മുഖത്ത് ആദ്യം കൗതുകവും പിന്നെ ആഹ്ലാദവുമായിരുന്നു. പത്തിലെ ചേച്ചിമാരും, അധ്യാപകരും ചേര്‍ന്ന് പഴങ്ങള്‍ വിതരണം ചെയ്തതോടെ പ്രവേശനോത്സവം പ്രകൃതിസൗഹൃദപരം കൂടിയായി.
മിഠായിക്കും, മധുരപലഹാരങ്ങള്‍ക്കും പകരം, വിഷമില്ലാത്ത പ്രകൃതിയുടെ മധുരംനല്‍കി പുതിയ കൂട്ടുകാരെ സ്വീകരിക്കാമെന്ന ആശയം മുന്നോട്ട് വെച്ചതും കുട്ടികളാണ്. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയില്‍ ഉരുത്തിരിഞ്ഞ ആശയം പിന്നീട് അധ്യാപകരും പി.ടി.എയും അംഗീകരിക്കുകയായിരുന്നു. പത്താംതരത്തിലെ 209 കുട്ടികളാണ് പഴങ്ങളത്രയും ശേഖരിച്ചത്. ചക്കച്ചുള പറിച്ചതും മാങ്ങയും കൈതച്ചക്കയും മുറിച്ച് ചെറുകഷ്ണങ്ങളാക്കിയും അവര്‍ തന്നെ.
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 90ശതമാനം വിജയം നേടിയ സ്‌കൂളില്‍ മുന്നൂറ് കുട്ടികളാണ് ഇത്തവണ 8-ാം ക്ലാസില്‍ പ്രവേശനം നേടിയത്. മുന്‍വര്‍ഷങ്ങളിലേക്കാള്‍ ഉയര്‍ന്ന പ്രവേശനമായതിനാല്‍ 75 പുതിയ ബെഞ്ചും ഡെസ്‌കും ജില്ലാപഞ്ചായത്ത് സ്‌കൂളിന് അനുവദിച്ചിട്ടുണ്ട്.
ഇതിനുപുറമെ തങ്ങള്‍ക്ക് അറിവ് പകര്‍ന്നുനല്‍കുന്ന ഓരോ അധ്യാപകനേയും എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ അവരുടെ പേരില്‍ വൃക്ഷത്തൈ നട്ട് പരിപാലിച്ച് 'അധ്യാപകമരം' എന്ന പദ്ധതിയും സ്‌കൂള്‍ രൂപം നല്‍കിയിട്ടുണ്ട്.
പ്രധാനാധ്യാപകനമായ കെ.ടി. രാമകൃഷ്ണന്‍ പ്ലസ്ടു പ്രിന്‍സിപ്പാള്‍, ജയാ സോമന്‍, അധ്യാപകരായ ബിജു, മജീദ്, നളിനി, ഷെരീഫ്, രാജന്‍, പി.ടി.എ. പ്രസിഡന്റ് ഖാലിദ് എന്നിവരാണ് പ്രവേശനോത്സവത്തിന് നേതൃത്വം നല്‍കിയത്.
---
തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനോത്സവത്തിന് വര്‍ണാഭമായ തുടക്കം. ചിണുങ്ങിയും ചിരിച്ചും അക്ഷരമുറ്റത്ത് എത്തിയ കരുന്നുകള്‍ക്ക് മധുരവും സമ്മാനങ്ങളും നല്‍കി വരവേറ്റു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നേമം ഗവണ്മെന്റ് യു.പി.എസില്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിച്ചു.
നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ദിവസമാണ്. മന്ത്രി എന്ന നിലയില്‍ ആദ്യപൊതുപരിപാടിയാണിത്. ആ നിലയ്ക്ക് എന്റേയും പ്രവേശനോത്സവമാണിതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
എ. സമ്പത്ത് എം.പി. അധ്യക്ഷനായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി ജെയിംസ് വര്‍ഗിസ്, എസ്. എസ്. എ. പ്രോജക്ട് ഡയറക്ടര്‍ ഡോ.കെ.വി. കുഞ്ഞികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അന്‍സജിത റസ്സല്‍, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.മണികണ്ഠന്‍, ശൈലേഷ്‌കുമാര്‍, എന്നിവര്‍ പ്രസംഗിച്ചു.
നേമം യു.പി.എസില്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ നന്ദുവിനും വര്‍ഷയ്ക്കും കിരീടം നല്‍കിയാണ് പ്രവേശനോത്സവത്തിന് മന്ത്രി തുടക്കം കുറിച്ചത്.
സൗജന്യ പാഠപുസ്തകങ്ങള്‍, ലാപ്‌ടോപ്പ്, ലൈബ്രറി പുസ്തകങ്ങള്‍, വൃക്ഷത്തൈ, ഗ്രാന്റ് എന്നിവ ചടങ്ങില്‍ വിതരണം ചെയ്തു.
--
ചിരിച്ചും ചിണുങ്ങിയും കുരുന്നുകള്‍; പ്രവേശനോത്സവം കേമമായി
തിരുവനന്തപുരം: അക്ഷരമുറ്റത്ത് ചിരിച്ചും ചിണുങ്ങിയും എത്തിയ നൂറുകണക്കിന് കുരുന്നുകള്‍. ഇവര്‍ക്ക് മധുരവും സമ്മാനങ്ങളുമൊരുക്കി മുതിര്‍ന്ന കുട്ടികളും അധ്യാപകരും.
ജില്ലയില്‍ സ്‌കൂള്‍ പ്രവേശനോത്സവങ്ങള്‍ക്ക് നിറപ്പകിട്ടാര്‍ന്ന തുടക്കം.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലയിലെ വിവിധ സ്‌കൂളുകളിലായി പതിനായിരത്തിലേറെ വിദ്യാര്‍ഥികളാണ് ആദ്യക്ഷരം കുറിക്കാന്‍ എത്തിയത്. സ്‌കൂളുകള്‍ തലേന്ന് തന്നെ ബലൂണുകളും ബഹുവര്‍ണപേപ്പറുകളും കൊണ്ട് അലങ്കരിച്ചിരുന്നു. പേപ്പര്‍ തൊപ്പികള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി മധുരം വരെ കരുതിയിരുന്നു.
  • കളിപ്പാട്ടങ്ങള്‍ക്കും
  • സമ്മാനങ്ങള്‍ക്കും പുറമെ
  • സ്‌കൂള്‍ബോള്‍,
  • പുസ്തകങ്ങള്‍,
  • നോട്ടുബുക്കുകള്‍,
  • ടിഫിന്‍ ബോക്‌സ്,
  • വാട്ടര്‍ ബോട്ടിലുകള്‍ എന്നിവയും സ്‌കൂളുകാരും വിവിധ സംഘടനകളും കരുതിയിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉപജില്ലാ സ്‌കൂള്‍തലങ്ങളിലും പ്രവേശനോത്സവ ഉദ്ഘാടനങ്ങള്‍ നടന്നു.
പൂര്‍വ വിദ്യാര്‍ഥികള്‍ പ്രവേശനോത്സവത്ത്തില്‍
. തൈക്കാട് മോഡല്‍ സ്‌കൂളിലെ പ്രവേശനോത്സവം പൂര്‍വവിദ്യാര്‍ഥി കൂടിയായ ഡോ. എ. മാര്‍ത്താണ്ഡപിള്ള ഉദ്ഘാടനം ചെയ്തു. പൂര്‍വവിദ്യാര്‍ഥികളായ ആര്‍ക്കിടെക്ട് ജി. ശങ്കര്‍. പി.എസ്.സി. അംഗം ഡോ. എം.കെ. ജീവന്‍ എന്നിവരെ ആദരിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തി, പ്രിന്‍സിപ്പല്‍ എസ്. മോഹനന്‍ പിള്ള, പ്രഥമാധ്യാപകന്‍ ഡി. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്ലാസ്സ് മുറികള്‍ ഉണര്‍ന്നു ; ഇനി പഠനകാലം


കൊല്ലം: മഴയുടെ അകമ്പടിയില്‍ കുരുന്നുകള്‍ അക്ഷരമുറ്റത്ത് പദമൂന്നി. പരിഭ്രമവും ആകാംക്ഷയും മിന്നിമാഞ്ഞ മിഴികളോടെ എത്തിയ കൊച്ചുകൂട്ടുകാരെ പ്രവേശനോത്സവത്തിന്റെ നിറപ്പകിട്ടില്‍ വിദ്യാലയങ്ങള്‍ സ്വാഗതം ചെയ്തു. ചിലര്‍ ക്ലാസ്സ് മുറികളില്‍ കരച്ചില്‍ പാഠം പഠിച്ചു. കൗതുകത്തോടെ എത്തിയ നവാഗതരും വേനലവധിയുടെ ഇടവേളയ്ക്കുശേഷം പുതിയ ക്ലാസ്സിലെത്തിയ വിദ്യാര്‍ഥികളും ചേര്‍ന്ന് ആദ്യദിനം ഉത്സവമാക്കി.

പുത്തനുടുപ്പും കുഞ്ഞുബാഗുമായി അച്ഛനമ്മമാരുടെ വിരലില്‍ തൂങ്ങിയാണ് നവാഗതര്‍ ആദ്യദിനം എത്തിയത്. ഒന്നാംക്ലാസ്സിലെത്തിയ കുരുന്നുകളെ, പൂച്ചെണ്ടും ബലൂണും മിഠായികളും നല്‍കി അധ്യാപകരും മറ്റു വിദ്യാര്‍ഥികളും സ്വീകരിച്ചു. തിളങ്ങുന്ന കടലാസില്‍ തീര്‍ത്ത തൊപ്പിയണിഞ്ഞും സ്‌കൂളിലെ കളിപ്പാട്ടങ്ങളും ഊഞ്ഞാലും സ്വന്തമാക്കിയും കൊച്ചുകൂട്ടുകാര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.
പോലീസ് മാമന്മാര്‍
നിരവധി സ്‌കൂളുകളില്‍ പുത്തന്‍ കൂട്ടുകാരെ വരവേല്‍ക്കാന്‍ 'പോലീസ് മാമന്‍മാര്‍' എത്തി. റോഡുസുരക്ഷയുടെ ആദ്യപാഠങ്ങള്‍ക്കൊപ്പം മിഠായിയുടെ മധുരവും പകര്‍ന്നാണ് ട്രാഫിക് പോലീസുകാര്‍ ആദ്യദിനം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവിട്ടത്.

ജില്ലയില്‍ കാല്‍ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ബുധനാഴ്ച ഒന്നാംക്ലാസ്സില്‍ എത്തിയെന്നാണ് ഏകദേശകണക്ക്. പുതിയ ക്ലാസ്സുകളില്‍ പ്രവേശനം നടത്താന്‍ സ്‌കൂളുകള്‍ക്ക് ഇനിയും സമയം അനുവദിച്ചിട്ടുണ്ട്.

എല്ലാ സ്‌കൂളുകളിലും വര്‍ണാഭമായ പ്രവേശനോത്സവമാണ് സംഘടിപ്പിച്ചത്. അഷ്ടമുടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ജയന്തി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്.എല്‍.സജികുമാര്‍ അധ്യക്ഷനായി. ബി.ആര്‍.സി.തലത്തിലും ഓരോ കേന്ദ്രത്തില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.
സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍
മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും നിരവധി സ്‌കൂളുകളില്‍ ഒന്നാംക്ലാസ്സുകാര്‍ക്കായി സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ എസ്.എസ്.എ.ഒരുക്കിയിരുന്നു. ടൈല്‍ പാകിയ ക്ലാസ്സ് മുറിയും കമ്പ്യൂട്ടറുമൊക്കെ കൊച്ചുകൂട്ടുകാര്‍ക്ക് കൗതുകം പകര്‍ന്നു.
ഗതാഗതക്കുരുക്ക്
രാവിലെ കുട്ടികളുമായി രക്ഷാകര്‍ത്താക്കള്‍ സ്‌കൂളിലേക്ക് ഇറങ്ങിയതോടെ പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമായി. സ്‌കൂള്‍ തുറന്നതോടെ ബസുകളിലും തിരക്കേറി. ബുധനാഴ്ച രാവിലെ എട്ടുമുതല്‍ 10 വരെ പല പ്രധാന ജങ്ഷനുകള്‍ ഗതാഗതക്കുരുക്കിലമര്‍ന്നു. സ്‌കൂളിനു സമീപമുള്ള ഭൂരിഭാഗം ബസ് സ്റ്റോപ്പുകളിലും ഗതാഗത നിയന്ത്രണത്തിന് പോലീസിന്റെ സേവനം ലഭ്യമാക്കിയിരുന്നു. തോരാതെ പെയ്ത മഴ കുട്ടികളുടെ സ്‌കൂള്‍ യാത്ര ദുസ്സഹമാക്കി. ബുധനാഴ്ച രാവിലെമുതല്‍ സ്‌കൂള്‍ ബസുകളും നിരത്തിലിറങ്ങി. എല്ലാ സ്‌കൂളുകളിലും ആദ്യദിനത്തിലെ അധ്യയനം ഉച്ചയോടെ അവസാനിച്ചതിനാല്‍ ആ സമയത്തും ഗതാഗതക്കുരുക്ക് രൂക്ഷമായി.
-----
വര്‍ണപ്പകിട്ടോടെ തുടക്കം
പത്തനംതിട്ട: സ്‌കൂള്‍ പ്രവേശോത്സവത്തിന് ജില്ലയില്‍ വര്‍ണപ്പകിട്ടോടെ തുടക്കം. ജില്ലാതല ഉദ്ഘാടനം കൊടുമണ്‍ എസ്.സി.വി.എല്‍.പി. സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോര്‍ജ് ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. പഴകുളം മധു അധ്യക്ഷത വഹിച്ചു.
വര്‍ണപ്പകിട്ടാര്‍ന്ന ഘോഷയാത്ര
കൊടുമണ്‍ ഹൈസ്‌കൂളില്‍നിന്ന് ആരംഭിച്ച വര്‍ണപ്പകിട്ടാര്‍ന്ന ഘോഷയാത്ര കൊടുമണ്‍ എസ്.സി.വി.എല്‍.പി.സ്‌കൂളില്‍ എത്തിച്ചേര്‍ന്നതോടെ പ്രവേശോത്സവത്തിന്റെ ജില്ലാതല പരിപാടികള്‍ക്ക് തുടക്കമായി.
ജില്ലാ പഞ്ചായത്ത് വൈസ്​പ്രസിഡന്റ് പി.വിജയമ്മ പാഠപുസ്തക വിതരണവും ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.വിജയമ്മ പഠനോപകരണ വിതരണവും കൊടുമണ്‍ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.കെ.ഉദയകുമാര്‍ യൂണിഫോം വിതരണവും നിര്‍വ്വഹിച്ചു.
കൊടുമണ്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.വിജയന്‍ നായര്‍,ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.ഗോപകുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.പി.ശിവരാമന്‍, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ആര്‍.രവീന്ദ്രന്‍ നായര്‍,ഹെഡ്മിസ്ട്രസ് എന്‍.എ.റോസമ്മ എന്നിവര്‍ പ്രസംഗിച്ചു.
നഗരസഭാതല പ്രവേശോത്സവം
പത്തനംതിട്ട നഗരസഭാതല പ്രവേശോത്സവം ചെയര്‍മാന്‍ അഡ്വ. എ.സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ മണ്ണില്‍ അധ്യക്ഷതവഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.ജി.പ്രകാശ്, മുന്‍ കൗണ്‍സിലര്‍ സല്‍മബാബു, ഹെഡ്മിസ്ട്രസ് മണിയമ്മ, ബി.ആര്‍.സി. ഗീത, അജിത, അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.
വരയരങ്ങ്, നാടന്‍പാട്ട് അവതരണം
കോന്നി ഗവ.എല്‍.പി.സ്‌കൂളില്‍ പ്രവേശോത്സവത്തോടനുബന്ധിച്ച് വരയരങ്ങ്, നാടന്‍പാട്ട് അവതരണം എന്നിവ നടന്നു. പ്രവേശോത്സവം എസ്.ജിതേഷ് ഉദ്ഘാടനം ചെയ്തു.
സ്‌കൂളില്‍ പണിത സ്റ്റേജ്,അസംബ്ലി പന്തല്‍ എന്നിവയുടെ ഉദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ബാബു വെളിയത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ലീലാരാജന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ റോബിന്‍ പീറ്റര്‍, ഹരിദാസ് ഇടത്തിട്ട, പഞ്ചായത്തംഗം ഉദയകുമാര്‍, പ്രഥമ അധ്യാപിക ശോഭന എന്നിവര്‍ പ്രസംഗിച്ചു.
പ്രവേശോത്സവത്തിന്റെ റാന്നി ബ്ലോക്കുതല ഉദ്ഘാടനം വെച്ചൂച്ചിറ കോളനി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പുത്തന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു. വെച്ചൂച്ചിറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്തംഗം കെ.കെ.പ്രഹ്ലാദന്‍,ഗ്രാമപ്പഞ്ചായത്തംഗം ടി.കെ.ജയിംസ്, പ്രിന്‍സിപ്പല്‍ വി.പി.കൃഷ്ണന്‍കുട്ടി, ഡയറ്റ് ഫാക്കല്‍റ്റിയംഗം കെ.സുലോചന, പി.ടി.എ. പ്രസിഡന്റ് ആര്‍.വരദരാജന്‍, ഫില്‍സിമോള്‍, കെ.ആന്റണി, ആര്‍.ശ്രീലത, ഇ.എം. അജയഘോഷ് എന്നിവര്‍ പ്രസംഗിച്ചു. പ്രവേശോത്സവ ഭാഗമായി വര്‍ണശബളമായ ഘോഷയാത്രയും ഉണ്ടായിരുന്നു.
പഴവങ്ങാടി പഞ്ചായത്തിലെ ചക്കിട്ടാംപൊയ്ക 46-ാം നമ്പര്‍ അങ്കണ്‍വാടിയിലെ പ്രവേശോത്സവം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു.
ഗ്രാമപ്പഞ്ചായത്തംഗം ലാലു വറുഗീസ് അധ്യക്ഷതവഹിച്ചു. ഉഷാകുമാരി,സുരേഷ്‌കുമാര്‍,റോസമ്മ വറുഗീസ്, ഗീത, സിന്ധു,മോളി കുറിയാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
സ്വീകരിക്കാന്‍ പോലീസും
ഹെഡ്മിസ്ട്രസ് പി.ആര്‍.വിജയമ്മ അധ്യക്ഷതവഹിച്ചു. വനിതാ പോലീസുകാര്‍ ഉള്‍പ്പെടെയുള്ള പോലീസുകാരും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളും ചേര്‍ന്നാണ് അടൂര്‍ ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശകവാടത്തില്‍നിന്ന് നവാഗതരെ സ്വീകരിച്ചത്.
തുടര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഇവരെ ഒരുമിച്ചിരുത്തി മധുരം വിതരണം ചെയ്തു. പ്രൊഫ. ജി.മാധവന്‍നായര്‍ പ്രവേശോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ടി.പ്രകാശ് അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ കെ.പി.സുഗതന്‍, സി.ഐ.അലക്‌സ് ബേബി, ഹെഡ്മിസ്ട്രസ് ആര്‍.റഷീദാമ്മാള്‍, അടൂര്‍ അഡീഷണല്‍ എസ്.ഐ. വിജയകുമാര്‍, സ്റ്റാഫ്‌സെക്രട്ടറി പി.ആര്‍.ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ലാതല പ്രവേശോത്സവം
തിരുവല്ല:ഉപജില്ലാതല പ്രവേശോത്സവം ചുമത്ര ഗവ.യു.പി.സ്‌കൂളില്‍ നടന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലിന്‍ഡ തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ടി.മനോജ് അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍മാരായ ശുഭ സഞ്ജു, അനു വി.ജോണ്‍, എ.ഇ.ഒ. സീനിയര്‍ സൂപ്രണ്ട് ജോസ് വി.ചെറിയാന്‍, ഹെഡ്മാസ്റ്റര്‍ ജേക്കബ് എം.ജോര്‍ജ്ജ്, സജിമാത്യു എന്നിവര്‍ പ്രസംഗിച്ചു .
മല്ലപ്പള്ളി: ബ്ലോക്ക്തല പ്രവേശോത്സവം പ്രസിഡന്റ് അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ശാന്തി പി.നായര്‍ അധ്യക്ഷത വഹിച്ചു.

---
ആദ്യപഠനദിവസം കുട്ടികള്‍ക്ക് ഉത്സവമായി



ചെങ്ങന്നൂര്‍: താലൂക്കിലെ വിവിധ സ്‌കൂളുകളില്‍ പ്രവേശനോത്സവം കൊണ്ടാടി. കുട്ടികള്‍ക്ക് മധുരം നല്‍കി എതിരേറ്റു. സ്‌കൂളുകള്‍ അലങ്കരിക്കുകയും ചെയ്തിരുന്നു. പ്രവേശനോത്സവത്തിന്റെ താലൂക്കുതല പരിപാടി ചെങ്ങന്നൂര്‍ കിഴക്കേനട ഗവ. യു.പി. ജി.എസ്സില്‍ നടന്നു. നഗരസഭാ കൗണ്‍സിലര്‍ ശ്രീദേവി ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഗീതാമണി അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഈശ്വരന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്ലാനിങ് ഓഫീസര്‍ എന്‍. ശ്രീകുമാര്‍, ബാലന്‍ ചെങ്ങന്നൂര്‍, ശ്രീവത്സന്‍, ഷാജി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

മികച്ച വിദ്യാഭ്യാസം കുട്ടികളുടെ അവകാശം
മികച്ച വിദ്യാഭ്യാസം കുട്ടികളുടെ അവകാശം', 'ഞാന്‍ അധ്യാപകന്‍', 'എന്റെ വിദ്യാലയം മികച്ച വിദ്യാലയം' തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് അങ്ങാടിക്കല്‍ എസ്.സി.ആര്‍,വി. ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശനോത്സവത്തിന് നവാഗതരെ എതിരേറ്റത്. സ്‌കൂള്‍ മാനേജര്‍ കെ. രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് എസ്. രമാദേവി അധ്യക്ഷത വഹിച്ചു. എം. ഹരികൃഷ്ണന്‍, എം.കെ. മനോജ്, സാജു വര്‍ഗീസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
കുരുന്നുപൂക്കളെ സ്വാഗതം ചെയ്യാന്‍ പൂക്കള്‍
മധുരപലഹാരം, പഠനോപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തു. കലാപരിപാടികളും നടന്നു. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പാട്ടുംപാടി നൃത്തമാടി കുട്ടികളെ എതിരേറ്റു. റോസാപ്പൂക്കള്‍ നല്കിയാണ് അവരെ സ്വീകരിച്ചത്.


----
മഴയുടെ കൂട്ടില്‍ കുരുന്നുകള്‍ പള്ളിക്കൂടങ്ങളിലേക്ക്


വൈക്കം: കുലശേഖരമംഗലം ഗവ. എല്‍.പി. സ്‌കൂളിലെ പ്രവേശോത്സവം വാര്‍ഡംഗം പോള്‍തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.ജി. വിജയന്‍ അധ്യക്ഷനായി. പ്രഥമാധ്യാപിക ഗിരിജാദേവി, സുന്ദരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ദീപം തെളിച്ചും മധുരം വിതരണം ചെയ്തുമാണ് കുട്ടികളെ വരവേറ്റത്. പഠനോപകരണ വിതരണവും നടന്നു.
---
ഉടുമ്പന്‍ചോലയിലെ കുട്ടികള്‍ ഇനി പഠനം നിര്‍ത്തി പണിക്കുപോകില്ല
ഉടുമ്പന്‍ചോല: നാലാം ക്ലാസ്സിനുശേഷം പഠനസൗകര്യമില്ലാത്തതിനാല്‍ പഠനം നിര്‍ത്തി ഏലത്തോട്ടങ്ങളില്‍ കൂലിവേലയ്ക്ക് പോയിരുന്ന കുട്ടികള്‍ക്ക് ഇനി പഠനം തുടരാം. രാഷ്ട്രീയ മാധ്യമിക് ശിക്ഷക് അഭിയാന്‍ പദ്ധതിപ്രകാരം ഉടുമ്പന്‍ചോല തമിഴ് മീഡിയം എല്‍.പി. സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തിയതിന്റെ ആഹ്ലാദത്തിലാണ് സ്‌കൂള്‍ അധികൃതരും നാട്ടുകാരും. 1999ല്‍ ആരംഭിച്ച ഈ സ്‌കൂളില്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളിലായി എല്ലാവര്‍ഷവും 150 കുട്ടികള്‍ പഠിക്കുന്നു. നാലാം ക്ലാസ്സിനുശേഷം സ്‌കൂള്‍ പി.ടി.എ.യും ഗ്രാമപ്പഞ്ചായത്തും ചേര്‍ന്ന് കുട്ടികളെ പ്രൈവറ്റായി പഠിപ്പിച്ച് തമിഴ്‌നാട്ടില്‍ കൊണ്ടുപോയി പത്താംക്ലാസ് പരീക്ഷ എഴുതിക്കുന്ന രീതിയാണ് നിലനിന്നിരുന്നത്. എന്നാല്‍, നാലാം ക്ലാസ്സിനുശേഷം കുട്ടികളില്‍ 50 ശതമാനം മാത്രമാണ് തുടര്‍പഠനം നടത്തിയിരുന്നത്.
കേന്ദ്ര മാനവ വിഭവശേഷിവകുപ്പിന്റെ പദ്ധതിപ്രകാരം ഈ സ്‌കൂളില്‍ 9, 10 ക്ലാസ്സുകളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഒമ്പതാം ക്ലാസ്സിലേക്ക് 30 കുട്ടികളും പത്തിലേക്ക് 25 പേരും നിലവിലുണ്ട്. അഞ്ചുമുതല്‍ എട്ടുവരെ ക്ലാസുകള്‍കൂടി ഇവിടെ അനുവദിച്ചാല്‍ മാത്രമേ ഹൈസ്‌കൂളിന്റെ പ്രയോജനം പൂര്‍ണമായുംലഭിക്കുകയുള്ളൂ. അല്ലെങ്കില്‍ അഞ്ചുമുതല്‍ എട്ടുവരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് മുമ്പത്തേതുപോലെ പ്രൈവറ്റായി പഠിക്കേണ്ടിവരും. യു.പി. ക്ലാസുകള്‍ അനുവദിക്കേണ്ടത് സംസ്ഥാന സര്‍ക്കാരായതിനാല്‍ ഗ്രാമപ്പഞ്ചായത്ത് അതിനുവേണ്ട ശ്രമം നടത്തിവരികയാണെന്ന് പ്രസിഡന്റ് കണ്ണന്‍ കാമരാജ് അറിയിച്ചു.
എല്‍.പി. സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തിയ സാഹചര്യത്തില്‍ സ്‌കൂളിനുള്ള ഒട്ടേറെ പരിമിതികള്‍ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. സ്‌കൂളിന് സമീപത്ത് ഗ്രാമപ്പഞ്ചായത്ത് നിര്‍മിച്ച റൂറല്‍ മാര്‍ക്കറ്റ് കെട്ടിടം താത്കാലികമായി ക്ലാസ്സുകള്‍ നടത്താന്‍ കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്.
ആഹ്ലാദം അലതല്ലിയ പ്രവേശോത്സവമാണ് ഇത്തവണ നടന്നത്. കുട്ടികള്‍ മാലയിട്ടും മിഠായി നല്‍കിയും ആര്‍പ്പുവിളിയോടെ നവാഗതരെ സ്വീകരിച്ചു. പ്രവേശോത്സവത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.എന്‍. മുരളി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കണ്ണന്‍ കാമരാജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എസ്. കണ്ണന്‍, ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു ഉദയകുമാര്‍, എന്‍.പി. സുനില്‍കുമാര്‍, സുധാകര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.ബി. അജിതകുമാരി, അധ്യാപകന്‍ മുരുകേശന്‍, പി.ടി.എ. പ്രസിഡന്റ് പി. രാമന്‍, എം.പി.ടി.എ. പ്രസിഡന്റ് രാജാത്തി എന്നിവര്‍ പ്രസംഗിച്ചു.
---
ആവേശമുണര്‍ത്തി പ്രവേശോത്സവം
തൊടുപുഴ: ചന്നം പിന്നം പെയ്തിറങ്ങിയ മഴത്തുള്ളികള്‍ നനയിച്ച പുത്തന്‍കുടകളും ഉടുപ്പുകളും ബാഗും ചെരിപ്പുമായി ഒരായിരം പ്രതീക്ഷകളോടെ അവര്‍ ക്ലാസ്സിലെത്തി. ഇനി പഠനത്തിന്റെ നാളുകള്‍. പുത്തന്‍സ്വപ്നങ്ങള്‍ കാണാനും അത് എത്തിപ്പിടിക്കാനുമുള്ള ആത്മസമര്‍പ്പണത്തിന്റെ ദിവസങ്ങള്‍.
ജില്ലയില്‍ 1,37,000 ത്തിനടുത്ത് വിദ്യാര്‍ഥികളാണ് ബുധനാഴ്ച ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ എത്തിയത്. ഒന്നാംക്ലാസ്സില്‍ മാത്രമായി എണ്ണായിരത്തിനടുത്ത് വിദ്യാര്‍ഥികള്‍ ജില്ലയില്‍ പ്രവേശംനേടി.
മുഴുവന്‍ സ്‌കൂളുകളിലും ഉത്സവപ്രതീതി ജനിപ്പിച്ച പ്രവേശോത്സവത്തോടെയാണ് പുതിയ അധ്യയനവര്‍ഷത്തിന് തുടക്കമായത്. പുത്തന്‍ കൂട്ടുകാരെ പൂക്കളും മധുരവും നല്‍കി അധ്യാപകരും മുതിര്‍ന്ന കുട്ടികളും സ്വീകരിച്ചു.
ജില്ലാതല സ്‌കൂള്‍ പ്രവേശോത്സവം വണ്ടിപ്പെരിയാര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് കോഴിമല ഉദ്ഘാടനംചെയ്തു. നൂറ് കുട്ടികളാണ് മലയാളം, തമിഴ്, ഇംഗ്ലീഷ് മീഡിയത്തിലായി സ്‌കൂളില്‍ പ്രവേശം നേടിയത്.
പൊതുവിദ്യാഭ്യാസരംഗത്തെ സ്‌കൂളുകളില്‍ ചേര്‍ന്ന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച അധയനവും, പരിശീലനവും ഉറപ്പുവരുത്തുന്നതിന് അധ്യാപകര്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണമെന്ന് അലക്‌സ് കോഴിമല പറഞ്ഞു. വണ്ടിപ്പെരിയാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി.വിജയാനന്ദ് അധ്യക്ഷതവഹിച്ചു.
പുതിയ കുട്ടികള്‍ക്കുള്ള ഉപഹാരങ്ങള്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ്​പ്രസിഡന്റ് ഷാജി പൈനാടത്തും, പഠനോപകരണങ്ങള്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ഏഞ്ചലിന്‍ മേബിളും വിതരണംചെയ്തു.
യു.പി.സ്‌കൂളിനുള്ള ലാപ്‌ടോപ്പുകളുടെ വിതരണം എസ്.എസ്.എ. ജില്ലാ പദ്ധതി ഓഫീസര്‍ വി.എന്‍.ഷാജി നിര്‍വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയധ്യക്ഷന്‍ ഡി.സുന്ദര്‍രാജ്, ഇ.മുഹമ്മദ്, പീരുമേട് എ.ഇ.ഒ. സി.എന്‍.തങ്കച്ചന്‍, റെജിനാള്‍ഡ്, ശ്രീകുമാര്‍, ജിബി പോള്‍, രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജെസി ജോസഫ് സ്വാഗതവും എസ്.എസ്.എ. ജില്ലാ പദ്ധതി ഓഫീസര്‍ എം.ഐ.ഷൈലജ നന്ദിയുംപറഞ്ഞു.

സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ നവാഗതര്‍ക്ക് സ്വീകരണം
തൊടുപുഴ: മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ നവാഗതര്‍ക്ക് സ്വീകരണം നല്‍കി. പൂച്ചെണ്ടുകളും മധുരപലഹാരങ്ങളും നല്‍കിയാണ് പോലീസ് കേഡറ്റുകള്‍ കുട്ടികളെ സ്വീകരിച്ചത്. പ്രവേശോത്സവത്തിന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോര്‍ജ് ജോസഫ്, കമ്യൂണിറ്റി പോലീസ് ഓഫീസര്‍ ബിജോയി മാത്യു, തൊടുപുഴ സ്റ്റേഷനിലെ പോലീസ് ഓഫീസര്‍മാരായ ജോയിക്കുട്ടി ജോസഫ്, പി.എം.ജോണ്‍, ടി.കെ. സുകു എന്നിവര്‍ നേതൃത്വംനല്‍കി.

ശിശുസൗഹൃദ ക്ലാസ്മുറി
കട്ടപ്പന: ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശിശുസൗഹൃദ ക്ലാസ്മുറി സൃഷ്ടിച്ചാണ് നവാഗതരെ വരവേറ്റത്. പ്രമുഖ ചിത്രകാരന്‍ ജോസ് ആന്റണിയാണ് ആകര്‍ഷകമായ ചിത്രങ്ങളും രൂപങ്ങളുമൊരുക്കി ക്ലാസ്മുറി രൂപകല്പനചെയ്തത്
ഒന്നാം ക്ലാസില്‍ പ്രവേശനംനേടിയ മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോം, ബുക്ക്, പേന എന്നിവ സമ്മാനമായി നല്‍കി. പ്രവേശോത്സവ യോഗത്തില്‍ ഹെഡ്മിസ്ട്രസ് പ്രസന്നകുമാരി പി.യു.ജോസഫ് മാത്യു, ഗിരിജുകുമാരി എന്‍.വി.ടോമി ഫിലിപ്പ്, സാജു ഫിലിപ്പ്, ശ്രീലത കെ, രജനിമോള്‍.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.

കിരീടം ചാര്‍ത്തി പനിനീര്‍പ്പൂച്ചെണ്ട് നല്‍കി..
പണിക്കന്‍കുടി: പണിക്കന്‍കുടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശോത്സവത്തിന്റെ ഭാഗമായി നവാഗതരായ 50 കുട്ടികളെയും കിരീടം ചാര്‍ത്തി പനിനീര്‍പ്പൂച്ചെണ്ട് നല്‍കിയാണ് സ്വീകരിച്ചത്. പ്ലസ്ടു ക്ലാസ്സുകളിലേതുള്‍പ്പെടെ ആയിരത്തോളം കുട്ടികള്‍ ചേര്‍ന്ന നവാഗതര്‍ക്ക് സ്വാഗതഗാനമാലപിച്ചു.
പി.ടി.എ. പ്രസിഡന്റ് ജിജി സി.ജെ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവേശോത്സവ സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈനി സജി ഉദ്ഘാടനം ചെയ്തു. പഠനോപകരണങ്ങളുടെ വിതരണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയാ വിജയന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ.എന്‍. സന്തോഷ്, ഹെഡ്മാസ്റ്റര്‍ ഷെല്ലി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
മുനിയറ: കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതിപ്രകാരം ഹൈസ്‌കൂളായി ഉയര്‍ത്തിയ മുനിയറ ഗവ. യു.പി. സ്‌കൂളിലെ പ്രവേശോത്സവം ജനപ്രതിനിധികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യംകൊണ്ടു ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈനി സജി ഹൈസ്‌കൂള്‍തല പ്രവേശോത്സവം ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയാ വിജയന്‍ നവാഗതരെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. പി.ടി.എ. പ്രസിഡന്റ് ജയ്‌മോന്‍ കാരക്കടയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ സലീല മുരളീധരന്‍ പ്രൈമറിതല പ്രവേശോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മായാ സന്തോഷ് കുട്ടികള്‍ക്ക് പ്രവേശോത്സവഗീതം ചൊല്ലിക്കൊടുത്തു. ഒന്നാം ക്ലാസ്സില്‍ പുതുതായി 12 പേര്‍ എത്തിച്ചേര്‍ന്നു. എട്ടാം ക്ലാസ്സില്‍ 28 പേരും ഒമ്പതാം ക്ലാസ്സില്‍ 15 പേരും പത്താം ക്ലാസ്സില്‍ 12 പേരും ഇന്ന് പ്രവേശം നേടി.

ആദിവാസികളെ ഉത്സവലഹരിയിലാഴ്ചത്തി കണ്ണംപടി ഗവ.ട്രൈബല്‍ ഹൈസ്‌കൂളില്‍ പ്രവേശോത്സവം.
ഉപ്പുതറ:ആദിവാസികളെ ഉത്സവലഹരിയിലാഴ്ചത്തി കണ്ണംപടി ഗവ.ട്രൈബല്‍ ഹൈസ്‌കൂളില്‍ പ്രവേശോത്സവം. സ്‌കൂളിന് 100 ശതമാനം വിജയം സമ്മാനിച്ച എസ്.എസ്.എല്‍.സി. ബാച്ചിലെ കുട്ടികള്‍ക്ക് കാഷ് അവാര്‍ഡ്‌വിതരണവും നടത്തി. ഒന്നാംക്ലാസ്സില്‍ ചേര്‍ന്ന 16 കുട്ടികളെ മധുരപലഹാരം നല്‍കി കൊട്ടും കുരവയുമായാണ് ക്ലാസ്സിലേക്ക് സ്വീകരിച്ചത്.
പ്രവേശോത്സവം ജില്ലാ പഞ്ചായത്തംഗം ജാന്‍സിഷാജി ഉദ്ഘാടനം ചെയ്തു. 100 ശതമാനം വിജയം നേടിയ എസ്.എസ്.എല്‍.സി. ബാച്ചിലെ കുട്ടികള്‍ക്ക് ഉപ്പുതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സാബു വേങ്ങവേലില്‍ കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സ്‌കൂള്‍ മാഗസിന്‍, പഞ്ചായത്തംഗം സരോജനി ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. ടി.ആര്‍.ജയകൃഷ്ണന്‍, ജിനീഷ് ജോര്‍ജ്, ഇ.ആര്‍.ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.ടി.എ. പ്രസിഡന്റ് ശശി കൊട്ടരം അദ്ധ്യക്ഷനായിരുന്നു.

പ്രവേശോത്സവവും ശിശുസൗഹൃദ ക്ലാസ്‌റൂമിന്റെ ഉദ്ഘാടനവും
തൊടുപുഴ:ഡയറ്റ്‌ലാബ് യു.പി.സ്‌കൂള്‍ പ്രവേശോത്സവവും ശിശുസൗഹൃദ ക്ലാസ്‌റൂമിന്റെ ഉദ്ഘാടനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രവേശോത്സവം വാര്‍ഡ് കൗണ്‍സിലര്‍ നെജി ഷാഹുല്‍ ഹമീദും, ജില്ലയിലെ ആദ്യ ശിശുസൗഹൃദ ക്ലാസ്‌റൂം ഡയറ്റ് ലക്ചറര്‍ അമര്‍നാഥും ഉദ്ഘാടനം ചെയ്തു.
-----
സ്‌കൂളുകളില്‍ ആഘോഷമായി പ്രവേശനോത്സവം

തൃപ്പൂണിത്തുറ: പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകളില്‍ കുട്ടികളെ സ്വീകരിച്ചത് ദീപക്കാഴ്ചയൊരുക്കിയും മിഠായി നല്‍കിയുമൊക്കെയായിരുന്നു. പ്രവേശനോത്സവം സ്‌കൂളുകളില്‍ ആഹ്ലാദം നിറഞ്ഞതായി.
---
ജില്ലാതല പ്രവേശനോത്സവം
ചേര്‍പ്പ്: സ്‌കൂള്‍ പ്രവേശനോത്സവം തൃശ്ശൂര്‍ ജില്ലാതല ഉദ്ഘാടനം ചേര്‍പ്പ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാഹു ഹാജി അധ്യക്ഷനായി.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീല ഭരതന്‍ പാഠപുസ്തകങ്ങളുടെ വിതരണം നടത്തി. പി. പ്രേമചന്ദ്രന്‍, കെ.വി. മെജോ ബ്രൈറ്റ്, പി.വി. കൃഷ്ണകുമാര്‍, അഡ്വ. താര മണികണ്ഠന്‍, കെ.പി. ഗോപിനാഥന്‍, ഇന്ദിര ടീച്ചര്‍, ലില്ലി ഔസേപ്പ്, കെ.എ. റോസിലി, കെ.ആര്‍. കനകം എന്നിവര്‍ പ്രസംഗിച്ചു.
---
ഉത്സവമായി; സ്‌കൂള്‍ മുറ്റങ്ങളില്‍

പാലക്കാട്: പലനിറങ്ങളില്‍ അണിഞ്ഞൊരുങ്ങിയ ക്ലാസ്മുറികളും തോരണംചാര്‍ത്തിയ സ്‌കൂള്‍മുറ്റവും മധുരവും സമ്മാനങ്ങളും നല്‍കിയുള്ള വരവേല്പുമൊക്കെയായി ജില്ലയില്‍ സ്‌കൂള്‍ പ്രവേശനോത്സവം ആഘോഷപ്രതീതിയിലായി.

ജില്ലയിലെ 976 സ്‌കൂളിലും 'പഠനം പാല്‍പ്പായസമാക്കുക' എന്ന ലക്ഷ്യത്തോടെയാണ് പ്രവേശനോത്സവ കൂട്ടായ്മകള്‍ നടന്നത്. ഏകദേശം 30,000ത്തോളം കുട്ടികള്‍ ജില്ലയിലെ സ്‌കൂളുകളില്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയതായാണ് കണക്കുകള്‍. കുഴല്‍മന്ദം സി.എ.എച്ച്.എസ്.എസ്സില്‍ ആഘോഷത്തിമിര്‍പ്പിലാണ് ജില്ലാതല പ്രവേശനോത്സവം നടന്നത്.

വാദ്യമേളത്തിന്റെ അകമ്പടിയില്‍
കുട്ടികളുടെ ഘോഷയാത്രയോടെ ജില്ലാതല പ്രവേശനോത്സവം
തുടങ്ങിയത്. കോല്‍ക്കളി, ഒപ്പന, മാര്‍ഗംകളി, തിരുവാതിര...തുടങ്ങിയതോടെ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടിയ കുരുന്നുകള്‍ കലാരൂപങ്ങളും അവതരിപ്പിച്ചു. കുഴല്‍മന്ദം പെരിയ പാലത്തുനിന്ന് തുടങ്ങിയ ഘോഷയാത്ര സ്‌കൂള്‍ മൈതാനത്ത് സമാപിച്ചു.

ജില്ലാ-ബ്ലോക്ക്-ഗ്രാമ-മുനിസിപ്പല്‍ തലങ്ങളിലും സ്‌കൂള്‍ തലങ്ങളിലും പ്രത്യേക പ്രവേശനോത്സവം നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍.കണ്ടമുത്തന്‍, സ്റ്റാന്‍ഡിങ്കമ്മിറ്റിയംഗം എസ്.അബ്ദുള്‍ റഹ്മാന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കുഞ്ചന്‍, പി.സി.അശോക്കുമാര്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.രാമകൃഷ്ണന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി.ഷിനി, സ്‌കൂള്‍മാനേജര്‍ കെ.ഒ.റപ്പായി തുടങ്ങിയവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. കുട്ടികളുടെ സ്വാഗത ഗാനാലാപനവുമുണ്ടായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍.കണ്ടമുത്തന്‍ പ്രവേശനോത്സവം ഉദ്ഘാടനംചെയ്തു. എസ്.അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ എ.രാമകൃഷ്ണന്‍ സംസാരിച്ചു. എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ എം.സേതുമാധവന്‍ പരിപ്രേഷ്യം അവതരിപ്പിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും യു.എസ്.എസ്.സ്‌കോളര്‍ഷിപ്പ്, രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ എന്നിവ നേടിയവരെയും ചടങ്ങില്‍ അനുമോദിച്ചു.
----

---
ജില്ലാതല പ്രവേശനോത്സവം കിഴിശ്ശേരിയില്‍ നടന്നു
മലപ്പുറം: ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം കിഴിശ്ശേരി ജി.എല്‍.പി.എസ്സില്‍ നടന്നു. ജില്ലാ കളക്ടര്‍ പി.എം. ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. അരീക്കോട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എം.സി. മുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു.
ജില്ലയിലെ പൊതുവിദ്യാഭ്യാസ കൂട്ടായ്മയുടെ പ്രതീകമായ വിദ്യാലയ വൃക്ഷത്തില്‍ സ്വന്തം പേരെഴുതിയ ഇല ചേര്‍ത്തുവെച്ചുകൊണ്ടാണ് ജില്ലാ കളക്ടര്‍ ഉദ്ഘാടനംചെയ്തത്.
അന്താരാഷ്ട്ര വനവര്‍ഷത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
പൊതു വിദ്യാഭ്യാസം മികച്ച രീതിയില്‍ രൂപപ്പെടുത്തിയെടുക്കുന്നതിന് എല്ലാ വിഭാഗം ആളുകളുടെയും സഹകരണം ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച വിദ്യാലയമെന്ന നിലയ്ക്കാണ് പ്രവേശനോത്സവത്തിന് ഈ വിദ്യാലയം തിരഞ്ഞെടുത്തത്.
ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ കെ.പി. ജല്‍സീമിയ, ജില്ലാ പഞ്ചായത്തംഗം അഡ്വ. മനാഫ്, ബ്ലോക്ക് പഞ്ചായത്തംഗം കെ. ഹംസ, പഞ്ചായത്ത് പ്രസിഡന്റ് ഷൈല ഗഫൂര്‍, വൈസ് പ്രസിഡന്റ് അലവി, അംഗങ്ങളായ കെ. റസാഖ്, കെ. രാധ, ഫാത്തിമ സുഹ്‌റ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. രാമചന്ദ്രന്‍. ഡയറ്റ് പ്രിന്‍സിപ്പല്‍ പി. കെ. ഇബ്രാഹിംകുട്ടി, കിഴിശ്ശേരി പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
എസ്.എസ്.എ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സുബ്രഹ്മണ്യന്‍ സ്വാഗതവും സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി. അഹമ്മദ് നന്ദിയും പറഞ്ഞു.
----
അക്ഷരമുറ്റത്തെത്തിയ കുരുന്നുകള്‍ക്ക് ആവേശമേകി പ്രവേശനോത്സവം
താമരശ്ശേരി: അത്ഭുതവും ആകാംക്ഷയും കലര്‍ന്ന ഭാവത്തോടെ അക്ഷരമുറ്റത്തെത്തിയ കുരുന്നുകള്‍ക്ക് പ്രവേശനോത്സവത്തിലെ താളമേളങ്ങള്‍ ആവേശമായി.

ആവിലോറ എം.എം.എ.യു.പി. സ്‌കൂളില്‍ ചെണ്ടയും കൊമ്പും കുഴലും ഇലത്താളവും മുത്തുക്കുടകളും സൃഷ്ടിച്ച വര്‍ണാഭവും സംഗീതാത്മകവുമായ അന്തരീക്ഷത്തിലാണ് ഒന്നാം ക്ലാസ്സുകാരെ എതിരേറ്റത്. അവര്‍ക്ക് മധുരപലഹാരവും നല്കി. പ്രവേശനോത്സവം പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് കുറുങ്ങോട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി. യഹ്ക്കൂബ് അധ്യക്ഷത വഹിച്ചു. എന്‍. ഗോപീറാം, കെ.കെ. ഷഹര്‍ബാന്‍, എന്‍. പ്രേമ, സി. രാധാകൃഷ്ണന്‍, ആമിന ഒടുപാറ എന്നിവര്‍ പ്രസംഗിച്ചു. പി. സെയ്ദ് സ്വാഗതവും കെ. ഖാദര്‍ നന്ദിയും പറഞ്ഞു.

എളേറ്റില്‍ ജി.എം.യു.പി. സ്‌കൂളില്‍ നാടന്‍പാട്ടിന്റെയും ചെണ്ടമേളത്തിന്റെയും താളപ്പൊലിമയോടെയാണ് നവാഗതരെ എതിരേറ്റത്. ബലൂണുകളും മിഠായികളും നല്കി അവരെ ക്ലാസ്മുറിയിലേക്ക് ആനയിച്ചു.
നാടന്‍പാട്ട് കലാകാരന്‍ ശ്രീധരന്‍ കുരുവട്ടൂര്‍ പാട്ടുപാടി കുട്ടികളെ രസിപ്പിച്ചു. പ്രവേശനോത്സവം പി.ടി.എ. പ്രസിഡന്റ് പി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. മാളിയേക്കല്‍ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ പി.പി. സ്‌കറിയ, റുഖിയ ബക്കര്‍, ടി.എം. ആലിക്കോയ എന്നിവര്‍ പ്രസംഗിച്ചു.

എളേറ്റില്‍ ഈസ്റ്റ് എ.എം.എല്‍.പി. സ്‌കൂളില്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് വിളംബരജാഥ, മധുരപലഹാരവിതരണം, സദ്യ എന്നിവയുണ്ടായി. പി.ടി.എ. പ്രസിഡന്റ് പി.കെ. അഷ്‌റഫിന്റെ അധ്യക്ഷതയില്‍ മാനേജര്‍ എം. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പി.പി. മുഹമ്മദ് സാലി, എം. അബ്ദുല്‍സമദ്, വി.പി. സലീം, എം. ജമീല, കെ.കെ. ആരിഫ എന്നിവര്‍ നേതൃത്വം നല്കി.

പൂനൂര്‍ എ.എം.എല്‍.പി. സ്‌കൂളില്‍ നവാഗതരെ മുതിര്‍ന്ന കുട്ടികള്‍ പൂച്ചെണ്ട് നല്കി സ്വീകരിച്ചു. ചെണ്ടവാദ്യം അകമ്പടിയായി. അധ്യാപിക മറിയ സ്വാഗതഗാനം ആലപിച്ചു. ഹെഡ്മാസ്റ്റര്‍ ആലി വി.കെ. അധ്യക്ഷത വഹിച്ചു.
---
ആവേശപൂര്‍വം അക്ഷരമുറ്റത്തേക്ക്‌
കല്പറ്റ: അധ്യയനവര്‍ഷാരംഭത്തില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആവേശപൂര്‍വം അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ചു. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും നവാഗതരെ വരവേല്‍ക്കാന്‍ പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നു.
മിഠായിയും ബലൂണും തൊപ്പിയും മറ്റും നല്‍കിയാണ് കുരുന്നുകളെ അക്ഷരമുറ്റത്തേക്ക് സ്വാഗതം ചെയ്തത്.
പുതുതായി സ്‌കൂള്‍ പ്രവേശനം നേടിയവരില്‍ കരയുന്ന മുഖങ്ങള്‍ പൊതുവെ കുറവായിരുന്നു. നേരത്തേ നഴ്‌സറിയില്‍ പോയിരുന്നവര്‍ക്ക് വിദ്യാലയാന്തരീക്ഷവുമായി എളുപ്പത്തില്‍ പൊരുത്തപ്പെടാന്‍ കഴിഞ്ഞു.
പുത്തനുടുപ്പും വര്‍ണക്കുടകളുമായി അച്ഛനമ്മമാര്‍ക്കൊപ്പം ചിരിച്ചുല്ലസിച്ചാണ് ഭൂരിഭാഗം കുരുന്നുകളും സ്‌കൂളുകളിലെത്തിയത്.
അധ്യാപകരും മുതിര്‍ന്ന കുട്ടികളും ചേര്‍ന്ന് നവാഗതരെ സ്വീകരിച്ചു. ആദ്യ ദിനത്തില്‍ ഒന്നാംക്ലാസില്‍ കൂട്ടക്കരച്ചിലുയരുന്ന പതിവ് മാറി. പ്രവേശനോത്സത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ നവാഗതര്‍ പാട്ടും കഥയുമൊക്കെ അവതരിപ്പിച്ച് കൈയടി നേടി.
സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം മൂലങ്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.വിജയ നിര്‍വഹിച്ചു. നവീകരിച്ച പ്രീ-പ്രൈമറി വിഭാഗം ഇ.പി.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന അവാര്‍ഡുകള്‍ യഥാക്രമം ജില്ലാ പഞ്ചായത്ത് അംഗം കെ.വി.ശശിയും നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി.കുര്യാക്കോസും നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ റസാഖ് മുഖ്യ പ്രഭാഷണം നടത്തി.
പ്രവേശനോത്സവത്തിന്റെ നഗരസഭാതല ഉദ്ഘാടനം മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നഗരസഭാ ചെയര്‍മാന്‍ എ.പി. ഹമീദ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.കെ. അബു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.കെ. വത്സല, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ മുജീബ് കേയംതൊടി, പി.പി. ആലി, വി.പി. ശോശാമ്മ, ഉമൈബ മൊയ്തീന്‍കുട്ടി, കൗണ്‍സിലര്‍മാരായ എം.കെ. ശിവന്‍, വസന്തകുമാരി, ആയിഷ പള്ളിയാല്‍, കെ.ബി. വസന്ത, ഒ. സരോജിനി, സി.കെ. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.
കല്പറ്റ എസ്.ഡി.എം. എല്‍.പി. സ്‌കൂളില്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ അശ്വജിത്ത് പാട്ടുപാടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ കെ. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് എം. അഷറഫ്, എം.പി.ടി.എ. പ്രസിഡന്റ് മിനിരമേശ്, പി.കെ. ബാബുരാജ്, പ്രധാനാധ്യാപിക എം.പി. ബാലാംബിക, പി.ആര്‍. ഗിരിനാഥന്‍ എന്നിവര്‍ സംസാരിച്ചു. കുരുന്നുകള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
സുഗന്ധഗിരി ജി.യു.പി. സ്‌കൂളില്‍ പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് റസീന മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ പ്രവേശനം നേടിയവരിലേറെയും. ഗ്രാമപ്പഞ്ചായത്തംഗം ലിന്റ ജോണ്‍ സംസാരിച്ചു.
പല്പാറ അസ്ഹര്‍ എല്‍.പി. സ്‌കൂളില്‍ വര്‍ണക്കുടകളും നെയിംബാഡ്ജുകളും നല്‍കി നവാഗതരെ എതിരേറ്റു. കുട്ടികള്‍ക്ക് സമ്മാനങ്ങളും മധുരപലഹാരങ്ങളും നഗരസഭ നല്‍കിയ പഠനോപകരണങ്ങളും വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദുജോസ് ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ. പ്രസിഡന്റ് റസ്മിയ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഗീതരാജഗോപാല്‍, എന്‍.കെ. അബ്ദുള്‍ഖാദര്‍, മുന്‍ കൗണ്‍സിലര്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു.
അക്ഷരലോകത്തേക്ക്പ്രവേശിച്ച കുരുന്നുകളുടെ പാദമുദ്ര പല നിറങ്ങളില്‍ വെള്ളത്തുണിയില്‍ പതിപ്പിച്ച് കല്പറ്റ എച്ച്.ഐ.എം.യു.പി.സ്‌കൂള്‍ പ്രവേശനോത്സവം വ്യത്യസ്ത അനുഭവമാക്കി. കുരുന്നുകള്‍ക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു. വിദ്യാര്‍ഥികളെ തൊപ്പിയണിയിച്ച് ക്യാമ്പിലേക്കാനയിച്ചു. പ്രധാനാധ്യാപിക കെ.പി. സഫിയ പ്രവേശനോത്സവത്തിന് നേതൃത്വം നല്‍കി.
കമ്പളക്കാട് ജി.യു.പി. സ്‌കൂളില്‍ കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തംഗം ഹംസ കടവന്‍ ഉദ്ഘാടനം ചെയ്തു.
എം. സെബാസ്റ്റ്യന്‍, കെ. മൊയ്തീന്‍, എം.വി. ജോസഫ്, സി.ടി. സലിം, ഹംസ കല്ലിങ്ങല്‍, ജോസ് കെ. സേവ്യര്‍, ത്രേസ്യാമ്മ മാത്യു എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പി.ടി.എ. നവാഗതര്‍ക്ക് നോട്ടുപുസ്തകങ്ങളും പെന്‍സിലും വിതരണം ചെയ്തു. മധുരപലഹാരങ്ങളും നല്‍കി. കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായി.
മേപ്പാടി ഗവ. ഹൈസ്‌കൂളില്‍ ഗ്രാമപ്പഞ്ചായത്തംഗം സി. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.എസ്. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി.എം. സീതാദേവി, എം.പി.ടി.എ. പ്രസിഡന്റ് ശ്രീലത, സ്റ്റാഫ് സെക്രട്ടറി പി.വി. ബിജു എന്നിവര്‍ സംസാരിച്ചു.
കല്ലുപാടി ഗവ. എല്‍.പി. സ്‌കൂളില്‍ പഞ്ചായത്തംഗം പി.ജെ. ബിനേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ബി.കെ. സോജന്‍ അധ്യക്ഷത വഹിച്ചു. എന്‍.ടി. ജോര്‍ജ്, വി.പി. പ്രകാശന്‍, ഷീജ, എല്‍.സി., സ്വപ്നബിജു എന്നിവര്‍ സംസാരിച്ചു.
പനമരം ഗവ. എല്‍.പി. സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. വാസു ഉദ്ഘാടനം ചെയ്തു. വി.കെ. അസ്മത്ത് അധ്യക്ഷത വഹിച്ചു. സി.എച്ച്. നാസര്‍, എം.സി. സെബാസ്റ്റ്യന്‍, പി. ഓമന എന്നിവര്‍ സസാരിച്ചു.
നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുമ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ. എന്‍.ഐ. തങ്കമണി, എ.ഇ.ഒ. ഡൊമിനിക്, സാവിയോ, മൂലങ്കാവ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ വി.കെ.അപ്പുക്കുട്ടന്‍, പി.എസ്.ഷാജിത, എം.എ.രാജന്‍, പി.പി.പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.
ബത്തേരി അസംപ്ഷന്‍ എ.യു.പി.സ്‌കൂളിലെ പ്രവേശനോത്സവം സ്‌കൂള്‍ മാനേജര്‍ ഫാ.സ്റ്റീഫന്‍ കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് ടി.എല്‍.സാബു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ പി.ടി.വര്‍ക്കി, ഷീബ രമേശ്, ടി.ടി.ബെന്നി, പി.വി.മാത്യു, പി.എ.വര്‍ഗീസ്, സി.മേരി, കെ.മാത്യു, ജോയ് സി.ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എ. നല്‍കുന്ന സൗജന്യ പാഠപുസ്തകം സ്‌കൂള്‍ മാനേജര്‍ വിതരണംചെയ്തു.
പുതുതായി ഹൈസ്‌കൂള്‍ അനുവദിച്ച കാപ്പിസെറ്റ് ഗവ. സ്‌കൂളിലും ഉത്സാഹത്തിമിര്‍പ്പോടെ വിദ്യാഭ്യാസവര്‍ഷത്തിന് തുടക്കമായി. നിലവില്‍ യു.പി. സ്‌കൂളുള്ള ഈ വിദ്യാലയത്തില്‍ ഹൈസ്‌കൂള്‍ ക്ലാസുകള്‍ക്കും തുടക്കമായി. എട്ടാംക്ലാസില്‍ മൂന്നു ഡിവിഷനുകളിലായി നൂറോളം കുട്ടികളെത്തി. ഒമ്പതില്‍ 24 പേരും പത്തില്‍ 20 പേരുമാണ് ഇതുവരെ പ്രവേശനം നേടിയത്.
പുല്പള്ളി ഗ്രാമപ്പഞ്ചായത്തിലെ സ്‌കൂള്‍ പ്രവേശനോത്സവം പാക്കം ഗവ. എല്‍.പി. സ്‌കൂളില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ടി. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ലീല കുഞ്ഞിക്കണ്ണന്‍ അധ്യക്ഷയായിരുന്നു. സരോജിനി കുട്ടികൃഷ്ണന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മജീദ്, പി.ടി.എ. പ്രസിഡന്റ് ടി.ആര്‍. മോഹനന്‍, അധ്യാപകന്‍ തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബദല്‍സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ആഘോഷങ്ങളില്ലാതെ വിദ്യാലയത്തിലെത്തി മടങ്ങി
മുഖ്യധാരാ വിദ്യാലയങ്ങള്‍ പ്രവേശനം ഉത്സവമാക്കിയപ്പോള്‍ നാഥനില്ലാതായ ബദല്‍സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ആഘോഷങ്ങളില്ലാതെ വിദ്യാലയത്തിലെത്തി മടങ്ങി. ഈ സ്‌കൂളുകളിലെ അധ്യാപകരുടെ സേവന-വേതന കരാര്‍ പുതുക്കാന്‍ എസ്.എസ്.എ. ഇതുവരെ തയ്യാറാകാത്തത് ഈ സംവിധാനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വനവര്‍ഷത്തിന്റെ സന്ദേശവുമായി ഇല ആല്‍ബം
കല്പറ്റ ഗവ. എല്‍.പി. സ്‌കൂളില്‍ നഗരസഭാ കൗണ്‍സിലര്‍ കെ. അജിത ഉദ്ഘാടനം ചെയ്തു. വനവര്‍ഷത്തിന്റെ സന്ദേശവുമായി ഇല ആല്‍ബം നല്‍കി വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.കെ. രാമചന്ദ്രന്‍ നവാഗതരെ സ്വീകരിച്ചു.

ലോക ശിശുദിന സന്ദേശയാത്ര
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ലോക ശിശുദിന സന്ദേശയാത്ര പ്രവേശനോത്സവത്തിന് കൗതുക കാഴ്ച ഒരുക്കി.
പി.ടി.എ. പ്രസിഡന്റ് എന്‍.പി. അസ്സൈനാര്‍, അധ്യക്ഷത വഹിച്ചു. കെ. അശോക്കുമാര്‍, ഇ. മുസ്തഫ എന്നിവര്‍ സംസാരിച്ചു. ബിന്ദുതോമസ്, പി.എ. ഹാരിഫ, പി.എന്‍.കാര്‍ത്യായനി, പി. ഷീജ, അംബുജാക്ഷി എന്നിവര്‍ നേതൃത്വം നല്‍കി.


കൊട്ടും പാട്ടുമായി പ്രവേശനോത്സവം
കണ്ണൂര്‍: അലങ്കരിച്ച സ്‌കൂളുകള്‍. കന്നിവരവുകാര്‍ക്ക് മധുരപലഹാരങ്ങള്‍. സ്വീകരിക്കാന്‍ മുത്തുക്കുടയും ചെണ്ടമേളവുമായി ഘോഷയാത്ര. സ്‌കൂളുകളില്‍ പ്രവേശനോത്സവം ആഘോഷച്ഛായയില്‍ നടന്നു.

തടിക്കടവ് ഗവ. യു.പി. സ്‌കൂളിലായിരുന്നു ജില്ലാതല ഉദ്ഘാടനം. രാവിലെ 9.30ന് ഘോഷയാത്രയോടെ കുട്ടികളെ എതിരേറ്റു. നാട്ടുകാരും കുടുംബശ്രീ പ്രവര്‍ത്തകരും ഘോഷയാത്രയില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ. സരള ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍ അധ്യക്ഷയായി.
കുട്ടികള്‍ക്കുള്ള പഠന കിറ്റുകള്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം മനുതോമസും
യൂണിഫോം ഡി.ഡി.ഇ. ഓഫീസ് സീനിയര്‍ സൂപ്രണ്ട് മോഹനനും വിതരണം ചെയ്തു. സ്‌കൂളിലെ നവീകരിച്ച പ്രീ പ്രൈമറി ക്ലാസിന്റെ ഉദ്ഘാടനം എസ്.എസ്.എ. ജില്ലാ പ്രോഗ്രം ഓഫീസര്‍ കെ.അജിത്ത് കുമാര്‍ നിര്‍വഹിച്ചു.
ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. പ്രഭാകരന്‍, റോസമ്മ തൈക്കുന്നുപുറം, ഗ്രേസി ജോര്‍ജ്, പി.രാജീവന്‍, ഷെര്‍ളി വര്‍ഗീസ്, കെ.കെ. രവീന്ദ്രന്‍, ഷാന്റി ഫ്രാന്‍സിസ്, രമേശന്‍ കരയില്‍, രജിത ശ്രീധരന്‍, കെ.ജെ. ജോസഫ് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ സി.ജെ.ഔസേപ്പ് നന്ദി പറഞ്ഞു. നിരവധി നാട്ടുകാരും രക്ഷിതാക്കളും ചടങ്ങിനെത്തിയിരുന്നു.
കുട്ടികള്‍ക്ക് പായസവും ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും ആദ്യദിനത്തില്‍ ഒരുക്കിയിരുന്നു.

കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ പ്രവേശനോത്സവം കണ്ണൂര്‍ ധര്‍മ്മസമാജം സ്‌കൂളില്‍ നടന്നു. നഗരസഭാ ചെയര്‍പേഴസ്ണ്‍ എം.സി.ശ്രീജ ഉദ്ഘാടനം ചെയ്തു.

വി.എം. രാധാമണി അധ്യക്ഷയായി. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം മാധവന്‍ മാസ്റ്റര്‍, എന്‍.പി. നാരായണന്‍, ടി.കെ.സുരേഷ് ബാബു, ടി.വി. അജിത, സി.സദാനന്ദന്‍, കെ.സി.കെ. മഹിജാബി, കെ.സി.എന്‍. ബാലകൃഷ്ണന്‍, ദിലീപ് കുമാര്‍, തങ്കം വിനോദന്‍, എം. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. എ.ഇ.ഒ ഇ.വസന്തന്‍ സ്വാഗതവും പ്രധാനാധ്യാപിക സുജാത നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ച് നടന്നു. പുതുതായി സ്‌കൂളിലെത്തിയ കൂട്ടുകാരെ മധുരപലഹാരങ്ങള്‍ നല്‍കി സ്വീകരിച്ചു.

കണ്ണൂര്‍ സൗത്ത് ഉപജില്ലയുടെ പ്രവേശനോത്സവ ചടങ്ങുകള്‍ നടാല്‍ ഊര്‍പ്പഴശ്ശിക്കാവ് യു.പി. സ്‌കൂളിലാണ് ഒരുക്കിയത്. 12 കുട്ടികള്‍ മാത്രമാണ് ആദ്യ ദിനത്തില്‍ ഇവിടെ എത്തിയതെങ്കിലും ഈ വര്‍ഷം മുതല്‍ അലങ്കരിച്ച സ്‌കൂളാണ് അവര്‍ക്കായി തയ്യാറായത്. മുറ്റത്ത് പൂന്തോട്ടവും പെഡഗോഗി പാര്‍ക്കും തയ്യാറായി കഴിഞ്ഞു.
പാര്‍ക്കിന്റെ ഉദ്ഘാടനവും ആദ്യ ദിനത്തില്‍ നടന്നു. എടക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ സി.വിജയന്‍ അധ്യക്ഷനായി.
പഠനോപകരണ കിറ്റ് ബ്ലോക്ക് പ്രോഗ്രം ഓഫീസര്‍ എം.പി. പ്രദീപന്‍ വിതരണം ചെയ്തു. വി. ബാലകൃഷ്ണന്‍, സി.ഭാനുമതി, കെ.കെ. വിനോദ് കുമാര്‍, കെ.വി. കരുണാകരന്‍, വേദപ്രകാശ്, കെ. പ്രസന്ന എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക ടി.പി. ബേബിസുധ സ്വാഗതവും ചിത്രലത നന്ദിയും പറഞ്ഞു.

നെയ്ത്തിരി വിളക്കുമേന്തിയാണ് കൊച്ചു കൂട്ടുകാര്‍ ഒന്നാം ക്ലാസിന്റെ പടികടന്നത്.
മയ്യില്‍ എ.എല്‍.പി. സ്‌കൂളിലാണ് തളിപ്പറമ്പ് സൗത്ത് ഉപജില്ല പ്രവേശനോത്സവ ചടങ്ങുകള്‍ ഒരുക്കിയത്. ഒന്നാം ക്ലാസില്‍ ഇവിടെയെത്തിയത് 70 കുട്ടികളാണ്. അതിനു പുറമെ മറ്റ് ക്ലാസുകളിലേക്ക് 25 പുതിയ കുട്ടികളും പുതുതായി എത്തി. എല്ലാവരേയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ സ്‌കൂളിലേക്ക് സ്വീകരിച്ച് ആനയിച്ചു.
കയ്യില്‍ ഒരു നെയ്ത്തിരി വിളക്കുമേന്തിയാണ് കൊച്ചു കൂട്ടുകാര്‍ ഒന്നാം ക്ലാസിന്റെ പടികടന്നത്. എ.ഇ.ഒ എ.കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.കെ. ശശി അധ്യക്ഷനായി. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ഇ.കെ. ദേവരാജന്‍ സംസാരിച്ചു. പ്രധാനാധ്യാപിക കെ.കെ. ഓമന സ്വാഗതം പറഞ്ഞു.

അക്ഷരദീപം
ഇരിക്കൂര്‍ ഉപജില്ലയിലെ ചടങ്ങുകള്‍ കേന്ദ്രീകരിച്ചത് നെടിയങ്ങ ഗവ. യു.പി. സ്‌കൂളിലാണ്. 39 കുട്ടികള്‍ ഇവിടെ ഒന്നാം ക്ലാസില്‍ പ്രവേശനം നേടി. ശ്രീകണ്ഠപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജുമോന്‍ ഉദ്ഘാടനം ചെയ്തു. കെ.രജനി അധ്യക്ഷയായി. അക്ഷരദീപം തെളിയിക്കല്‍ ചടങ്ങ് എ.ഇ.ഒ പി.വി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനകിറ്റ് വിതരണം ബി.പി.ഒ. വിജയന്‍ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് എം.പി.അശോകന്‍, സബാസ്റ്റിയന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക എം.എസ്. സുലോചന സ്വാഗതവും എ.വി. ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു. എല്‍.എസ്.എസ്. സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി.

പാനൂര്‍ ഉപജില്ലയിലെ പ്രവേശന ഉത്സവം പാനൂര്‍. യു.പി.സ്‌കൂളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഹറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പ്രവീണ്‍ കുമാര്‍ അധ്യക്ഷനായി. എ.ഇ.ഒ കെ.പി. വാസു, ബി.പി.ഒ. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബലൂണൂകളും വര്‍ണ്ണ കടലാസുകളും കൊണ്ട് അലങ്കരിച്ച സ്‌കൂള്‍ മുറ്റത്തേക്ക് ഒന്നാം ക്ലാസ് പ്രവേശനത്തിനായി 55 കുട്ടികളെത്തി. രക്ഷിതാക്കളും നാട്ടുകാരുമടക്കം അഞ്ഞൂറോളം പേര്‍ ചടങ്ങിനെത്തിയിരുന്നു. പായസവും മധുരവും വിതരണം ചെയ്ത് അവര്‍ ചടങ്ങിന് കൊഴുപ്പേകി.

-----
അക്ഷരത്തോണിയിലേറി കുരുന്നുകള്‍ എത്തി

നീലേശ്വരം: ഉത്സവപ്രതീതിയില്‍ ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം അക്ഷരത്തോണിയിലേറി കുരുന്നുകള്‍ അക്ഷരലോകത്തേക്ക് പ്രവേശിച്ചു. ബിരിക്കുളം എ.യു.പി. സ്‌കൂളില്‍ നടന്ന കാസര്‍കോട് ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം 'മഴമ' സംഘടനാമികവ് കൊണ്ടും ഗ്രാമീണ കൂട്ടായ്മകൊണ്ടും ആവേശംവിരിയിച്ചു.

'ഞാനും എന്റെ കുട്ടികളും ഒപ്പം വിദ്യാലയവും മികവിലേക്ക്' എന്ന സന്ദേശവുമായി അധ്യാപകരും ഉത്സവത്തില്‍ പങ്കാളികളായി. കേരളത്തിന്റെ പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്ന ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയില്‍ തീര്‍ത്ത അക്ഷരത്തോണിയിലേറിയാണ് പുതുതായി പ്രവേശനം തേടിയ 43 കുരുന്നുകളും വിദ്യാലയത്തില്‍ എത്തിയത്. വര്‍ണ്ണക്കടലാസുകള്‍കൊണ്ട് അലങ്കരിച്ച വള്ളത്തില്‍ നിറങ്ങള്‍ചാലിച്ച് ഒരുക്കിയ ജലാശയത്തിലാണ് തൊപ്പിയും തലപ്പാവും മാലയും അണിഞ്ഞ് ബലൂണും മറ്റുമായി കുരുന്നുകള്‍ അക്ഷരത്തോണിയിലേറി എത്തിയത്.
കാരിമൂല നക്ഷത്ര വനിതാ വാദ്യകലാ സംഘത്തിന്റെ ശിങ്കാരിമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ഘോഷയാത്രയായി കുരുന്നുകളെ വിദ്യാലയമുറ്റത്തേക്ക് ആനയിച്ചു. തുടര്‍ന്ന് സ്വാഗതനൃത്തശില്പവും അരങ്ങേറി.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാ ദേവി ജില്ലാപ്രവേശനോത്സവം ഉദ്ഘാടനംചെയ്തു. പരപ്പ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്‍ അധ്യക്ഷയായിരുന്നു.
  • നവാഗതരായ കുരുന്നുകളെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ് വരവേറ്റു. പഠനോപകരണങ്ങള്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി.രത്‌നാവതിയും
  • നവീകരിച്ച ക്ലാസ് മുറികള്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.
  • യൂണിഫോം വിതരണം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സുജാതയും
  • കുട വിതരണം പി.വി.രവിയും ഭക്ഷണപാത്രങ്ങളുടെ വിതരണം ടി.കെ.ചന്ദ്രമ്മയും ഉദ്ഘാടനംചെയ്തു.
  • പ്രവേശനോത്സവ പത്രം 'മഴത്താര' എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. പി.രാജന്‍ പ്രകാശനംചെയ്തു.
  • കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ വിദ്യാഭ്യാസ വിഷന്‍ അവതരിപ്പിച്ചു. പഞ്ചായത്തംഗങ്ങളായ എ.വിധുബാല, കെ.പി.ചിത്രലേഖ, വി.കുഞ്ഞുമാണി, കെ.ഇബ്രാഹിം, എ.ഇ.ഒ കെ.പി.പ്രകാശ്കുമാര്‍, ബി.പി.ഒ കെ.വസന്തകുമാര്‍, കെ.രവീന്ദ്രന്‍, കെ.ഇ.ഭട്ട്, പി.അനിത, വി.എന്‍.സൂര്യകല, ടി.കെ.ഹര്‍ഷ, എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ എ.ആര്‍.വിജയകുമാര്‍ സ്വാഗതവും പി.ടി.എ. പ്രസിഡന്റ് പി.എന്‍.രാജ് മോഹന്‍ നന്ദിയുംപറഞ്ഞു.
  • സംഗീതശില്പം
  • ഉണര്‍ത്തുപാട്ട്,
  • നാടന്‍പാട്ട് തുടങ്ങിയ കലാപരിപാടികളും നടന്നു.
  • സദ്യയും ഒരുക്കിയിരുന്നു

കടപ്പാട് -
Mathrubhumi









No comments: