1.മടക്കാനും ഒട്ടിക്കാനും ഒക്കെ പിന്തുണച്ചു
പ്രസന്നടീച്ചര്‍, പലകപ്പറമ്പ്, ജി എല്‍ പി എസ്, മലപ്പുറം:
ഇന്ന് ക്ലാസ്സിൽ 30 പേരാണ് present. പകുതി പേരും പിന്തുണ വേണ്ടവരാണ്. മഴപ്പാട്ട് പാടി, അഭിനയിച്ചു. ഈ പ്രവർത്തനത്തിൽ എല്ലാവരും നന്നായി പങ്കെടുത്തു. മഴക്കാഴ്ചകൾ- ചിത്രം വരയ്ക്കാനും നിറം നൽകാനും കുട്ടികൾക്ക് പറ്റുന്നുണ്ട്. കൂടുതൽ സമയം വേണ്ടി വരുന്നു. Slow ആയ കുറച്ചു കുട്ടികൾ ഉണ്ട്. മീൻ നിർമാണം കുട്ടികൾ വളരെ ഇഷ്ടത്തോടെ ചെയ്തു. കൃത്യമായി മടക്കാൻ, ഒട്ടിയ്ക്കാൻ ഒക്കെ കുറച്ചു പേർക്ക് മാത്രമേ പറ്റുന്നുള്ളൂ. കഥ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. ബലൂൺ സ്വന്തമായി വീർപ്പിക്കാൻ 6 പേർക്ക് കഴിഞ്ഞില്ല. സഹായിച്ചു. പകുതിയോളം പേർക്ക് കെട്ടിക്കൊടുത്തു. ചെറുത് വലുത് കളി ഇഷ്ടപ്പെട്ടു. നന്നായി എല്ലാവരും ചെയ്തു. കുമിള പറത്താൻ സമയം കിട്ടിയില്ല.
Move and freeze, hi ഹലോ game കുട്ടികൾ ആസ്വദിച്ചു ചെയ്തു. അവസാനം 15 മിനുട്ട് കിട്ടിയപ്പോൾ സുമ്പ ഡാൻസ് ചെയ്തു.
2.മഴപ്പാട്ട് പൊളിച്ചു
Ummulkhair: ജി എല്‍ പി എസ് കൂമണ്ണ
മീനിനെ നിർമ്മിക്കാൻ കൂടുതൽ സമയം വേണ്ടി വന്നു പിന്തുണ വേണ്ടവരെ സഹായിച്ചപ്പോൾ എല്ലാവരും ഓടി വന്നു.നിർമ്മാണം കഴിഞ്ഞില്ല
എൻ്റെ സയാൻ ഒന്നാന്തരം മീനിനെ നിർമ്മിച്ചു. കുറച്ച് കുട്ടികളെ അവൻ സഹായിക്കുന്നതായി കാണാൻ സാധിച്ചു
ചിത്രം വര സൂപ്പറായി. റിഫ നന്നായി മഴയും കൂടെ 6 സൂര്യനേയും വരച്ചു. ഇതെങ്ങനെ സാധിച്ചു മിടുക്കിയാണല്ലോ പറഞ്ഞപ്പോൾ മഴ വന്നപ്പോൾ നമ്മൾ കുടയില്ലാതെ നനഞ്ഞത് പെട്ടെന്ന് ഉണക്കാൻ വന്നവരാണെന്ന് പറഞ്ഞു
ഷാംപൂ ഉപയോഗിച്ചാൽ മതി കുമിള പറത്താൻ👍
ചെറുത് വലുത് കളിയാണ് കൂടുതൽ ഇഷ്ട്ടമായത്
മീൻ നിർമ്മാണം സമയം തികയാതെ വന്നതിനുകാരണം മടക്കാൻ പ്രയാസമായതും സഹായം വേണ്ട കുട്ടികൾ കൂടുതലായതും
മഴപ്പാട്ട് പൊളിച്ച് എല്ലാവരും തലയിൽ കൈ വെച്ച് അഭിനയം എന്താണെന്ന് ചോദിച്ചപ്പോൾ തല നനഞ്ഞാൽ പനി വരും ത്രേ
എനിക്കിഷ്ട്ടമായി
മഴ ഇടി ശബ്ദം കേൾപ്പിച്ചപ്പോൾ
കടുവയുടെ ശബ്ദം,
ബീച്ചിൽ തിരമാലയുടെ ശബ്ദം എന്ന് പറഞ്ഞവരും ഉണ്ട്
3. വളരെ സന്തോഷത്തോടെ പ്രവർത്തനങ്ങൾ ചെയ്തു
അൻസി എൻ ആർ , ഗവ. എൽപിഎസ് പാണയം , ആറ്റിങ്ങൽ ഉപജില്ല, 91 75928 97935: ഇന്നത്തെ പ്രവർത്തനങ്ങൾ തുടങ്ങുമ്പോൾ തന്നെ ചെയ്തു തീർക്കാൻ സമയം കിട്ടോ എന്ന് സംശയിച്ചു. സ്കൂളിൻ്റെ ചാർജ് കൂടി ഉള്ളതിനാൽ തുടക്കം അല്പം ലേറ്റ് ആയി. മഴയുടെ ശബ്ദം ഇട്ടപ്പോൾ തന്നെ കുട്ടികൾ പെട്ടന്ന് തിരിച്ചറിഞ്ഞു .മഴപ്പാട്ട് വളരെ താൽപര്യം ഉണർത്തുന്ന ഒന്നായിരുന്നു. ഒരാള് കൂടെ പാടാതെ മാറി നിന്നു. പിന്നീട് മറ്റുള്ളവർക്ക് ഒപ്പം പാടാൻ തുടങ്ങി. അക്ഷരങ്ങൾ തിരിഞ്ഞു വരാത്തത് കൊണ്ടാണ് മോള് പാടാതെ മാറി നിന്നത് . മഴ നടത്തം വളരെ ഇഷ്ടപ്പെട്ടു. വീണ്ടും വീണ്ടും പറയൂ ടീച്ചർ എന്നായിരുന്നു അവരൊടെ ആവശ്യം .മഴ അനുഭവം പറഞ്ഞതിന് ശേഷം ചിത്രം വരയുടെ സമയം കുട്ടികൾ മഴ പാട്ട് പാടികൊണ്ട് ആണ് ചിത്രം വര നടത്തിയത്. അതിനെ പ്രോത്സാഹിപ്പിച്ചു ഞാനും കൂടെ പാടി. കഥ പറഞ്ഞപ്പോൾ ഞാൻ എല്ലാവരോടും പറഞ്ഞു ഈ കഥ വീട്ടിൽ പറഞ്ഞിട്ട് നാളെ വീട്ടിൽ നിന്നും ടീച്ചറിന് പുതിയ കഥ കൊണ്ട് വരണം എന്ന്. കുമിള പറത്തുന്ന പ്രവർത്തനം നടത്താൻ സമായ കുറവ് വന്നതിനാൽ നാളെ ചെയ്യാനായി മാറ്റി. മീൻ നിർമ്മിച്ച് അപ്പോഴാണ് ക്ലാസ്സിൽ വരച്ചിരിക്കുന്ന പുഴ കണ്ടത് അതിൽ കൊണ്ട് വച്ചോട്ടെ എന്ന് ചോദ്യം ആയിരുന്നു ഒരാള് . വളരെ സന്തോഷത്തോടെ പ്രവർത്തനങ്ങൾ ചെയ്തു നാളെയും മീൻ ഉണ്ടാക്കാം എന്ന് പറഞ്ഞാണ് സ്കൂളിൽ നിന്നും വീട്ടിലേക്ക് പോയത്
4. എനിക്ക് ദേഷ്യം ഇല്ലന്ന് ഉറപ്പിക്കാൻ അടുത്ത് വന്നു ഉമ്മ തരുന്നു..GLPS Kunnamkulam, Thrissur ജില്ല, 91 94006 53855:
എന്റെ ക്ലാസ്സിൽ 9 പേര്. 2 പേര് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ.. ബാക്കിയുള്ള 7 പേരും കൃത്യമായി കാര്യങ്ങൾ ഗ്രഹിക്കുന്ന കുട്ടികൾ ആണ്...ഇന്ന് മഴ പ്പാട്ട്, മഴ നടത്തം, മീൻ നിർമാണം, കുമിള പറത്തൽ പ്രവർത്തനങ്ങൾ നടത്തി.
- രണ്ടു പേരിൽ ഒരാൾ ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ മാത്രം പങ്കെടുക്കും, കൈയിൽ പശ ആവുന്നത്, ചോറ് വാരി ഉണ്ണുന്നത് ഒന്നും ഇഷ്ടമില്ല.
- പിന്നെ ഉള്ള ഒരാൾ മീൻ നിർമിക്കാൻ കൊടുത്ത കടലാസ് ചുരുട്ടി കളഞ്ഞു മറ്റുള്ളവരുടെ കൂടെ എടുക്കാൻ ശ്രമിക്കും.. ഒരെണ്ണം ഉണ്ടാക്കി കൊടുത്തു. അവനെ ഇരുത്തി ബാക്കിയുള്ളവർക്ക് നിർദേശം കൊടുക്കുമ്പോഴേക്കും അതും കീറി കളഞ്ഞു.. 😢. ഒരു വിധത്തിൽ അവന്റെ കൂടെ ഇരുന്നാണ് മറ്റുള്ളവരെ കൊണ്ട് ആ പ്രവർത്തനം പൂർത്തിയാക്കിയത്.. കുമിള പറത്തുന്നത് ക്ലാസ്സിന് പുറത്തായത് കൊണ്ട് വല്യ പ്രശ്നങ്ങൾ ഉണ്ടായില്ല..
കഥ മുഴുവനാക്കാൻ കഴിഞ്ഞില്ല. ബലൂൺ വീർപ്പിച്ചു കെട്ടി എല്ലാവരും കളിക്കാൻ തുടങ്ങിയപ്പോഴേക്കും ഈ കൂട്ടി അവന്റെ ബലൂൻ കടിച്ചു പൊട്ടിച്ചു.. പിന്നെ മറ്റുള്ളവരുടെ ബലൂണിനയുള്ള ബഹളം.. അത് ഒത്തു തീർപ്പാക്കി കഴിഞ്ഞപ്പോഴേക്കും സമയം നാല് മണി ആയി..ചിലപ്പോ സങ്കടം തോന്നും.. എനിക്ക് ദേഷ്യം ഇല്ലന്ന് ഉറപ്പിക്കാൻ അടുത്ത് വന്നു ഉമ്മ തരുന്നു...സംസാരിക്കാനും ബുദ്ധിമുട്ട് ഉണ്ട്..
മഴ ചിത്രവും വെറുതെ കുത്തി വരക്കുകയാണ് ചെയ്തത്
എന്നാലും കഥ കേൾക്കാൻ ഇഷ്ടമാണ്. നൂലിന്റെ അറ്റത്തു നോക്കു.എന്തോ സാധനം? ഇതൊക്കെ പറയുമ്പോൾ ശ്രദ്ധയോടെ നോക്കിയിരിക്കുന്നുണ്ട്.
5. വിജയിച്ചവർക്ക് ചോക്ക് സമ്മാനം
ബിന്നി ഐരാറ്റിൽ,
ജി ഡബ്ലു എൽ പി സ്കൂൾ ബേള
*ജൂൺ 3*
ഇന്ന് ക്ലാസ് തുടങ്ങിയത് വലുത് - ചെറുത് കളിയോടെയാണ്. വലുത് എന്നു പറയുമ്പോൾ വലിയ വട്ടത്തിലേക്കും ചെറുത് എന്നു പറയുമ്പോൾ ചെറിയ വട്ടത്തിലേക്കും ചാടുക എന്നതായിരുന്നു പ്രവർത്തനം. വലുത്, ചെറുത് എന്ന ഗണിതാശയത്തോടൊപ്പം കുട്ടികളുടെ കായിക ചലനങ്ങളും പ്രോത്സാഹിപ്പിക്കാൻ ഈ പ്രവർത്തനത്തിലൂടെ കഴിഞ്ഞു.
കുട്ടികൾ വളരെ ഉത്സാഹത്തോടെ കളിയിൽ പങ്കെടുത്തു. വിജയിച്ചവർക്ക് ചോക്ക് സമ്മാനമായി കൊടുത്തതും ഇഷ്ടമായി. കളി വീണ്ടും വീണ്ടും കളിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. വീഡിയോ ചുവടെ ചേർക്കുന്നു
തുടർന്ന് ഇന്നലെ പാടിയ മഴപ്പാട്ട് വീണ്ടും പാടി രസിച്ചു.
*Walk freez*
രണ്ടാമത്തെ പ്രവർത്തനം ഇംഗ്ലീഷുമായി ബന്ധപ്പെട്ടതായിരുന്നു. Walk എന്നു പറയുമ്പോൾ നടക്കുകയും freeze എന്നു പറയുമ്പോൾ അനങ്ങാതെ നിൽക്കുകയുമാണ് പ്രവർത്തനം.നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക, അഭിനയിക്കുക എന്നീ ശേഷികൾ ലക്ഷ്യം വച്ചുള്ള പ്രവർത്തനമായിരുന്നു. നിർദേശങ്ങൾ ഇംഗ്ലീഷിൽ പറഞ്ഞു. പിന്നീട് മലയാളം കൂടി ചേർത്തു പറഞ്ഞു. കുട്ടികൾ നിർദേശങ്ങൾക്കനുസരിച്ച് ഇഷ്ടത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.ഭിന്നശേഷിയുള്ള അനുഷയ്ക്കു മാത്രം പ്രവർത്തനങ്ങളിൽ പിന്തുണ വേണ്ടി വന്നു.
*കോഴിയമ്മയുടെ കഥ*
കഥകൾ കേട്ട് അവയെക്കുറിച്ച് പറയുന്നതിനും സന്ദർഭങ്ങളെ അഭിനയിച്ചു കാണിക്കുവാനുമുള്ള ശേഷി ലക്ഷ്യം വച്ചുള്ളതായിരുന്നു കോഴിയമ്മയുടെ കഥ.
കുട്ടികൾ താല്പര്യത്തോടെ കഥ കേട്ടിരുന്നു. കഥയ്ക്കു ശേഷം കഥയിലെ കഥാപാത്രങ്ങളെക്കുറിച്ചും കഥയിലെ സംഭവങ്ങളെക്കുറിച്ചും പറഞ്ഞു.
തുടർന്ന് ബലൂൺ വീർപ്പിക്കൽ പ്രവർത്തനം.
കുട്ടികൾക്ക് ഒത്തിരി ഇഷ്ടമായി.വീർപ്പിക്കാൻ പറ്റാത്തവർക്ക് പറ്റുന്ന വർ സഹായിച്ചു.ബലൂൺ കെട്ടാനും പരസ്പരം സഹായിച്ചു.
തുടർന്ന് ഉത്സാഹത്തോടെ ബലൂൺ തട്ടിക്കളിച്ചു.
*ചിത്രം വര*
ഉച്ചയ്ക്ക് ശേഷം കോഴിയമ്മയുടെ കഥയിലെ രംഗങ്ങൾ ചിത്രീകരിച്ചു. നിറവും നൽകി ചിത്രം വര കുട്ടികൾക്ക് ഏറെ ഇഷ്ടമാണല്ലോ
*മഴപ്പാട്ട്*
രണ്ടാമതൊരു മഴപ്പാട്ട് കൂടി പാടി. ഈണത്തിലും താളത്തിലും പാട്ടുകൾ പാടി ആസ്വദിക്കുക എന്നതും അഭിനയിക്കുക എന്നതും ലക്ഷ്യം വച്ചുള്ള പ്രവർത്തനമായിരുന്നു.
ആംഗ്യത്തോടെ, താളത്തോടെ പാട്ടു പാടിയതിനു ശേഷം മീൻ നീന്തുന്നതും തവള തുള്ളുന്നതുമൊക്കെ രസമായി അവതരിപ്പിച്ചു.
*മീൻ നിർമ്മാണം*
ഇന്നത്തെ അവസാന പ്രവർത്തനം മീൻ നിർമ്മാണമായിരുന്നു. ആദ്യമടക്ക് 5 പേരൊഴികെ എല്ലാവരും തനിയെ മടക്കി . പിന്നെയുള്ള മടക്കിനും മുറിക്കാനുമൊക്കെ പലർക്കും സഹായം വേണ്ടി വന്നു. ചിലർ മുറിച്ചത് ആകൃതിയില്ലാത്ത കഷണങ്ങളായി.4 പേർ തനിയെ മുറിച്ചു.
ബാക്കിയുള്ളവർക്ക് പലഘട്ടങ്ങളിലും പിന്തുണ നൽകി.
മീൻ നീർമ്മാണം പൂർത്തിയായിട്ടില്ല.ബാക്കി നാളെ ചെയ്യും.
6.കുട്ടികൾ വളരെ ആക്റ്റീവ് ആയിട്ട് പങ്കെടുത്തു
സവിത, ജിഎച്ച്എസ്എസ് kallar വട്ടിയാർ സ്കൂള്‍
മഴപ്പാട്ട്, അഭിനയം, മീൻ നിർമാണം നടന്നോളു കുട്ടികൾ വളരെ ആക്റ്റീവ് ആയിട്ട് പങ്കെടുത്തു. കുട്ടികൾക്ക് വളരെ സന്തോഷം ആയി. മികച്ച രീതിയിൽ ചിത്രം വരച്ചു. ഉണ്ടാക്കിയ മീനെ രക്ഷിതാക്കളെ കാണിക്കണം എന്ന് പറഞ്ഞു വീട്ടിൽ കൊണ്ടു പോയി സർ
7. ഒരു കുട്ടി ഉണക്കാനിട്ട യൂണിഫോം മഴയത്ത് നനഞ്ഞ സങ്കടം ചിത്രത്തിൽ പകർത്തി.
VRUP സ്കൂൾ muthukurussi
ഇന്ന് മഴ പ്പാട്ടോടെ തുടങ്ങി .
രസകരമായിരുന്നു ഞാനും കുട്ടികളും നന്നായി ചെയ്തു ഇപ്പോൾ ഗ്രൂപ്പിൽ മഴപ്പാട്ട് voice വരാൻ തുടങ്ങി മഴ ചിത്രം വരച്ചു. ഒരു കുട്ടി ഉണക്കാനിട്ട യൂണിഫോം മഴയത്ത് നനഞ്ഞ സങ്കടം ചിത്രത്തിൽ പകർത്തി.
ബലൂൺ പറത്തൽ സൂപ്പർ ആയി
8. വെള്ളപ്പൊക്കമാണ് ഒന്നും കാണാൻ പറ്റുന്നില്ല
വിന്‍സി, മേപ്പയൂര്‍ കോഴിക്കോട്
മഴയുടെ ചിത്രം 23 കുട്ടികളും വരച്ചു. ഒരു കുട്ടി വെറും വെള്ളം മാത്രമാണ് വരച്ചത്. ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത് വെള്ളപ്പൊക്കമാണ് ഒന്നും കാണാൻ പറ്റുന്നില്ല എന്നാണ് മറുപടി പറഞ്ഞത്. മഴ പാട്ട് എല്ലാ കുട്ടികൾക്കും ഇഷ്ടപ്പെട്ടു. മഴ എന്ന് ഞാൻ പാടിയപ്പോൾ പുഴഎന്നും മഴ മഴ എന്ന് പാടിയപ്പോൾ പുഴ പുഴഎന്നും അവർ പാടി. മൂന്നു കുട്ടികൾ മഴ എന്ന പാടിയപ്പോൾ മഴ എന്നു തന്നെയാണ് പാടിയത്. ആ മൂന്ന് കുട്ടികൾക്ക് തന്നെയായിരുന്നു പിന്നീടുള്ള പ്രവർത്തനങ്ങളിലും പഠന പിന്തുണ ആവശ്യമുള്ളതായി വന്നത്.
9. കുട്ടികൾ പ്രവർത്തനങ്ങളെല്ലാം ഉത്സാഹത്തോടെ ഏറ്റെടുത്തു
ഷാഹിന
ക്ലാസിൽ 41 കുട്ടികൾ എങ്ങനെ ഈ പ്രവർത്തനങ്ങളെല്ലാം ചെയ്തു തീർക്കുമെന്ന ആശങ്കയോടെ തുടങ്ങി. പക്ഷെ എന്റെ ആശങ്കകളെല്ലാമകറ്റി കുട്ടികൾ പ്രവർത്തനങ്ങളെല്ലാം ഉത്സാഹത്തോടെ ഏറ്റെടുത്തു 🥰രണ്ടു പേർക്ക് കുറച്ചു പിന്തുണ കൊടുക്കേണ്ടിവന്നു. തുടക്കം ഗംഭീരം 🌹🌹🌹
10. ചിലരുടെ സങ്കല്പത്തിൽ മഴ ചെരിഞ്ഞു പെയ്തു, മറ്റ് ചിലരുടെ നേരെ ചെയ്തു.
ജസി ഡൊമിനിക്ക് , തുമ്പോളി, ആലപ്പുഴ
രാവിലെ തന്നെ പുറത്ത് മഴ പെയ്യുന്നതു കൊണ്ട് ആശയത്തിൽ എത്താൻ അധികം സമയം വേണ്ടി വന്നില്ല. നേരിൽ അനുഭവം പങ്കിട്ടു. ചിലർ മഴ വരുന്നതിന് മുൻപ് പ്രകൃതിയിലുണ്ടാക്കുന്ന പ്രധാന മാറ്റങ്ങൾ വരെ പറഞ്ഞു. തുടർന്ന് മഴ ചെയ്യുന്ന ശബ്ദവ്യതിയാനങ്ങൾ കൈവിരലുകൾ കൊട്ടി ഉണ്ടാക്കി, മഴ ശക്തിയായി ചെയ്യുന്ന ശബദം ഉണ്ടാക്കിയപ്പോൾ എല്ലാവരും ശരീരം വരെ ഇളക്കി ആസ്വദിച്ചു. തുടർന്ന് മഴപ്പാട്ട് പാടി. മഴ ചിത്രം വരച്ചു, ചിലരുടെ സങ്കല്പത്തിൽ മഴ ചെരിഞ്ഞു പെയ്തു, മറ്റ് ചിലരുടെ നേരെ ചെയ്തു. രണ്ട് പേർ ഇതിൽ ഉൾപ്പെടാതെ നിന്നു . അതിൽ ഒരാൾക്ക് നല്ലപോലെ നേരിട്ട് പിന്തുണ വേണം മറ്റൊരാൾ മഴ ചിത്രം അല്ല വരച്ചത്. പക്ഷെ ആകർഷകമായ കളർ കോമ്പിനേഷൻ ആയിരുന്നു, അവന് കേൾക്കാൻ കഴിയില്ല, പറയാനും വയ്യ🙏
11. ഞാനും അവർക്കൊപ്പം ആസ്വദിച്ചു
സുഭി MDUPS വെള്ളാറ മേമല
എനിക്ക് 4കുട്ടികൾ ആണ് ഉള്ളതു അതിൽ മഴ ചിത്രം വരയ്ക്കാൻ പറഞ്ഞപ്പോൾ അറിയില്ല എന്ന് ആരും പറഞ്ഞില്ല ഇഷ്ടം ഉള്ള ചിത്രം മഴയെ കുറിച്ച് വരച്ചോളൂ എന്ന് പറഞ്ഞു, അവർ അവരുടേതായ രീതിയിൽ വരച്ചു ഞാനും അവർക്കൊപ്പം ആസ്വദിച്ചു 🥰🥰
12. ടീച്ചറുടെയും കുട്ടികളുടെയും സ്കൂൾ പരിസരത്തു കൂടിയുള്ള ഓട്ടം നല്ലൊരു കായിക പ്രവർത്തനമായി
ബിന്ദു ചോറ്റുപാറ, ഇടുക്കി
എൻറെ ക്ലാസ്സിൽ 39 കുട്ടികളാണ് ഉള്ളത്. പ്രവർത്തനങ്ങൾ എല്ലാം കുട്ടികൾ വളരെ ആവേശത്തോടെ ഏറ്റെടുത്തു. മഴ വരയ്ക്കാൻ ആർക്കും തന്നെ സഹായം വേണ്ടിവന്നില്ല. എന്നാൽ മീനിനെ വരയ്ക്കാൻ സഹായം വേണ്ടിവന്നു. കുറച്ചു കുട്ടികൾ പിന്തുണയില്ലാതെ വളരെ ഭംഗിയായി വരയ്ക്കുകയും ചെയ്തു. ഒന്നാം ദിവസം പ്രവർത്തനങ്ങൾ വളരെ നന്നായി പൂർത്തിയായി.
കോഴിയമ്മയുടെ കഥ കുട്ടികൾക്ക് ഏറെ ഇഷ്ടമായി. ടീച്ചർ കോഴിയമ്മയായി ബലൂണിൻ്റെ നൂലും കടിച്ച് ഓടിയതും കോഴിക്കുഞ്ഞുങ്ങളായി കുറച്ചു കുട്ടികൾ പിറകെ ഓടിയതും കുട്ടികളായി കുറച്ചു പേർ അഭിനയിച്ചതുമൊക്കെ എല്ലാവരും നന്നായി ആസ്വദിച്ചു. ഒടുവിൽ കുട്ടികളെല്ലാവരും ചേർന്ന് ടീച്ചറമ്മക്കോഴി കടിച്ചു പിടിച്ച നൂലിൻ്റെ അറ്റത്തെ ബലൂൺ ഒന്നിച്ചു പിടിച്ചപ്പോൾ നല്ല ശബ്ദത്തിൽ ബലൂൺ പൊട്ടിയതും രസമായി. ടീച്ചറുടെയും കുട്ടികളുടെയും സ്കൂൾ പരിസരത്തു കൂടിയുള്ള ഓട്ടം നല്ലൊരു കായിക പ്രവർത്തനമായി.ഇതു കണ്ട രണ്ടാം ക്ലാസിലെ മക്കൾക്കും അഭിനയിക്കാൻ മോഹം. അവർക്കും കഥ പറഞ്ഞു കൊടുത്ത് അവരോടൊപ്പവും ഞാൻ നൂലും കടിച്ചോടി😄😄
13. അവസാനം ആവേശം മൂത്ത് ഈർക്കിൽ കളഞ്ഞ്കൈ കൊണ്ടും കുമിളയുണ്ടാക്കി ചിലർ
ക്രിസ്റ്റീന, ഗവ.എൽ.പി.എസ് കാട്ടാമ്പാക്ക്, കോട്ടയം
മഴപ്പാട്ടോടു കൂടി ആരംഭിച്ച ഇന്നത്തെ ദിവസം മൊഡ്യൂൾ അനുസരിച്ച് സമയബന്ധിതമായി തീർന്നു. മഴച്ചിത്രങ്ങൾ എല്ലാവരും വരച്ചു.മീൻ നിർമ്മാണത്തിൽ ഒന്നുരണ്ടു പേർക്ക് പിന്തുണ നല്കേണ്ടി വന്നു. കുമിള പറത്താനുള്ള പ്രവർത്തനം കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു. സാവകാശം ഊതിയവർക്ക് കുമിള നിർമ്മിക്കാനായി.
*കണ്ടെത്തലുകൾ*
ചതുരാകൃതിയിൽ കെട്ടിയ ഈർക്കിൽ ഉപയോഗിച്ച് കുമിളകൾ നിർമ്മിക്കാൻ സാധിച്ചു. ത്രികോണാകൃതിയിലുള്ള ഈർക്കിൽ ഉപയോഗിച്ചപ്പോൾ കുമിളകളൊന്നും വന്നില്ല.
ഓവൽ ആകൃതിയിലും കുമിളകൾ വന്നു.
അതുപോലെ വൃത്താകൃതിയിലും.
പഞ്ചസാര ചേർത്തപ്പോൾ സോപ്പുലായനി കൂടുതൽ പതയുന്നത് കുട്ടികളിലും സഹ അധ്യാപകരിലും കൗതുകമുണർത്തി.
പഞ്ചസാര ചേർത്ത ലായനിയിൽ നിന്നും കുമിളകൾ ഉണ്ടാക്കി.പക്ഷേ പഞ്ചസാര ചേർക്കാത്ത ലായനിയിലെ കുമിളകളേക്കാൾ കൂടുതൽ സവിശേഷതകളൊന്നും പഞ്ചാര കുമിളകൾക്ക് കണ്ടില്ല. അവസാനം ഒരു കുസൃതി പഞ്ചാര സോപ്പുലായനി എന്റെ കണ്ണുവെട്ടിച്ച് രുചിച്ചും നോക്കി🥴.
അവസാനം ആവേശം മൂത്ത് ഈർക്കിൽ കളഞ്ഞ്കൈ കൊണ്ടും കുമിളയുണ്ടാക്കി ചിലർ. എന്തായാലും ഈ ഒരു പ്രവർത്തനം കുട്ടികളും സഹാധ്യാപകരും ഒന്നു പോലെ ഏറ്റെടുത്തു.
14. കുട്ടികൾക്ക് സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ഇന്ന്.
ജൂലിയറ്റ് കോട്ടയം
അസംബ്ലിക്ക് ശേഷം മഴ നടത്തം, മഴക്കൈയടി, മഴപ്പാട്ടോടെ ക്ലാസ് ആരംഭിച്ചു.കുട്ടികളെല്ലാം മഴപ്പാട്ട് താളത്തിൽ ആസ്വദിച്ചു പാടി. തുടർന്ന് മഴയുമായി ബന്ധപ്പെട്ട അഭിനയ പ്രവർത്തനങ്ങൾ എല്ലാവരും നന്നായി ചെയ്തു. കോഴിയമ്മയുടെയും കുഞ്ഞുങ്ങളുടെയും കഥ പറഞ്ഞു . 6 , 7 കുട്ടികൾ കഥ നന്നായി ശ്രദ്ധിച്ചു നന്നായി പറഞ്ഞു. മഴയുടെ ചിത്രം വരയ്ക്കാനുള്ള പ്രവർത്തനം എല്ലാവരും നന്നായി ചെയ്തു. കടലാസുകൊണ്ട് മീനിനെ ഉണ്ടാക്കുന്ന പ്രവർത്തനത്തിന് കൂടുതൽ സമയമെടുത്തു.എല്ലാവരും മീനിനെ ഉണ്ടാക്കി.കുട്ടികൾക്ക് ഇഷ്ടപ്പെട്ടു. വീട്ടിൽ കൊണ്ടു പൊയ്ക്കോട്ടെ എന്ന് ചോദിച്ചു. Move and freeze , Hi... Hello പ്രവർത്തനങ്ങളും ചെയ്തു. ചെറുത് വലുത് , കുമിള പറത്താം പ്രവർത്തനങ്ങൾ ചെയ്യാൻ സമയം തികഞ്ഞില്ല. നാളത്തേക്ക് ഇവ ചെയ്യാൻ തീരുമാനിച്ചു.ഇന്ന് എല്ലാ കുട്ടികളും ഹാജരായിരുന്നു (19 പേർ).കുട്ടികൾക്ക് സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ഇന്ന്.
15. ഏവരുടെയും പിന്തുണ സഹകരണം ഇന്നത്തെ പ്രോഗ്രാം വളരെ സജീവ മാക്കി തീർത്തു
Gups പൂവരണി
ക്ലാസ്സ് ഒന്ന് 1(3/6/25)
രാവിലെ 9am ആയപ്പോൾ കുട്ടികൾ വന്നു.
അവരെ ക്ലാസ്സ് റൂമിൽ സ്വീകരിക്കാനായി കഴിഞ്ഞദിവസം കണ്ട ഒരു വിദേശ സ്കൂളിലെ welcome പ്രോഗ്രാം പോലെ പ്രത്യേകരീതിയിൽ ഡാൻസ് സിമ്പിൾ സ്റ്റെപ്പോടു കൂടി good മോർണിംഗ് പാടി കുട്ടികളെ വളരെ ആകർഷകമായ രീതിയിൽ ക്ലാസ്സ് മുറിയിലേയ്ക് ഓരോരുത്തരെയും സ്വീകരിച്ചു..
തുടർന്ന്
ഈശ്വര പ്രാർത്ഥന യോടെ ക്ലാസ്സ് ഒന്ന് അക്ഷരക്കൂട്, വിദ്യ പ്രവേശ് ഒന്നാം ദിന പ്രവർത്തനങ്ങൾ ആരംഭിച്ചു. പേര് ചൊല്ലി പറഞ്ഞു കളിയിലൂടെ പരസ്പരം പരിചയം പുതുക്കി
തുടർന്ന് മഴ പ്രധാന തീം ആയി ചർച്ചകൾ, അഭിനയം, ഗാനം, റീൽസ്, വീഡിയോ പ്രദർശനം.. ചിത്രകല zoomba ഡാൻസ് പരിശീലനം ഇവ നടത്തി നിർമാണപ്രവർത്തനം, പരീക്ഷണം എന്നിവ നാളെത്തേയ്ക്ക് മാറ്റി വച്ചു .
കുട്ടികൾ ആദ്യ ദിനം തന്നെ ഉത്സാഹത്തോടെ എല്ലാ പ്രവർത്തനങ്ങളിലും പങ്ക് ചേർന്നു.. ഇന്നത്തെ പ്രവർത്തനങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽപങ്ക് വച്ചു അതിൽ രക്ഷിതാക്കൾ പിന്തുണ നൽകി
സ്കൂൾ ഹെഡ്മാസ്റ്റർ ക്ലാസ്സ് ഒന്ന് വിദ്യ പ്രവേശ് ന് ആശംസകൾ അറിയിച്ചു മധുരംനൽകി ക്ലാസ്സ് 2/3/4 ലെ കുട്ടികൾ അധ്യാപകർ ഏവരുടെയും പിന്തുണ സഹകരണം ഇന്നത്തെ പ്രോഗ്രാം വളരെ സജീവ മാക്കി തീർത്തു.. ✨
നാളത്തേയ്ക്ക് ഉള്ള ഒരുക്കങ്ങൾ ചെയ്തു.
No comments:
Post a Comment