വിസ്മയിപ്പിച്ച അവതരണം ! എന്ത് ഭാവം! മികച്ച അഭിനയം!
Name tree പ്രവർത്തനം ഇന്നാണ് ചെയ്തത്. ഇന്ന് ആ പ്രവർത്തനത്തോടെ ക്ലാസ്സ് തുടങ്ങി. സുന്ദരമായ name tree കുട്ടികൾ ഉണ്ടാക്കി. എല്ലാവരും അവരുടെ names തിരിച്ചറിയുന്നുണ്ട്. നല്ല സന്തോഷം തോന്നി.
- രൂപങ്ങൾ തിരിച്ചറിയുന്ന പ്രവർത്തനം ആയിരുന്നു പിന്നീട് ചെയ്തത്. ഏതാനും കുട്ടികൾക്ക് വട്ടം, ചതുരം, ത്രികോണം എന്നൊക്കെ രൂപങ്ങളുടെ പേരറിയാം. പ്രവർത്തനം നന്നായി പൂർത്തീകരിച്ചു.
- പിന്നീട് താരിളം തെയ്യാരാ എന്ന വായ്ത്താരി താളമിട്ട് ചുവട് വെച്ച് പാടി. ഒന്നാം മല മാമല പൂമല എന്ന വരികൾ ചേർത്ത് പാടുന്ന പ്രവർത്തനം കുട്ടികൾ ഏറെ ആസ്വദിച്ചു ചെയ്തു.
- അവർക്ക് വരികൾ കൂട്ടിച്ചേർക്കാൻ പറ്റുന്നുണ്ട്.
- ആ വരികളിലെ വാക്കുകൾ തെറ്റാതെ ശ്രദ്ധിച്ചു വരികൾ കൂട്ടിച്ചേർത്ത് പാടുന്നത് കണ്ടപ്പോൾ അദ്ഭുതപ്പെട്ടു.
- കുട്ടികളുടെ ശ്രദ്ധയാണ് അവിടെ ഞാൻ ശ്രദ്ധിച്ചത്.
- ആസ്വദിച്ചു ചെയ്യുന്നു. ഞാനും ആസ്വദിച്ചു. എന്തൊരു ചന്തം അത് കാണാൻ ! എന്തു രസം അത് കേൾക്കാൻ !
- നല്ല കുറേ പാട്ടുകാരെ ഞാൻ ഇന്ന് കണ്ടെത്തിയിട്ടുണ്ട്. ഫിദയും സഹ്റയും അഫ് ലഹും ആണ് ഇന്ന് ഏറ്റവും നന്നായി പാടിയത്.
- പിന്നെ passing sound എന്ന activity ചെയ്തു. ഒരു ടീം പറഞ്ഞു പറഞ്ഞു വന്ന് അവസാനത്തെ ആൾ പറഞ്ഞപ്പോൾ വേറെ ആയി. ക്ലാസ്സിൽ ആകെ ചിരി. രണ്ടാമത്തെ ടീമിൽ ആദ്യത്തെ ആൾ പറഞ്ഞതു തന്നെ അവസാനത്തെ കുട്ടിയും പറഞ്ഞു. എല്ലാവരും ശ്രദ്ധയോടെ കേട്ടു കൈമാറി. സ്റ്റിക്കർ സമ്മാനം ആയി നൽകി.
- അടുത്തതായി പ്ലേറ്റ്, പ്ലാസ്റ്റിക് കുപ്പി വായ്ഭാഗം വെട്ടിയതും വെച്ച് ഏതിൽ ആണ് കൂടുതൽ വെള്ളം കൊള്ളുക എന്ന് നോക്കൽ ആയിരുന്നു. 3 പേർ കുപ്പിയിൽ ആണെന്നും ബാക്കിയുള്ളവർ പ്ലേറ്റിൽ ആണെന്നും പറഞ്ഞു.
- എങ്ങനെ തീരുമാനിക്കും എന്നതിന് മർജാന പരിഹാരം പറഞ്ഞു. വെള്ളം ഒഴിച്ച് നോക്കാം എന്ന്.
- അങ്ങനെ അവർ വെള്ളം ഒഴിച്ചു നോക്കി. പ്ലേറ്റിൽ ആണ് കൂടുതൽ വെള്ളം കൊള്ളുന്നത് എന്ന് കണ്ടെത്തി.
- പിന്നെ അമ്മയെവിടെ എന്ന കഥ ഞാൻ പറഞ്ഞു കൊടുത്തു. ചോദ്യങ്ങൾ ചോദിച്ചു. കൃത്യമായി കുട്ടികൾ ഉത്തരങ്ങൾ പറഞ്ഞു.
- ആശയഗ്രഹണം നടന്നിട്ടുണ്ട്.
- അഭിനയിച്ചു നോക്കിയാലോ എന്ന് ചോദിച്ചപ്പോൾ എല്ലാവരും ready. കഥാപാത്രങ്ങളെ അവർ തന്നെ തീരുമാനിച്ചു.കുറച്ചു പേർ ആദ്യം അവതരിപ്പിച്ചു. എന്നെ വിസ്മയിപ്പിച്ച അവതരണം ! എന്ത് ഭാവം! മികച്ച അഭിനയം.
- അവതരണം വീഡിയോ റെക്കോർഡ് ചെയ്യാൻ മാത്രം ഉണ്ടാവില്ല എന്ന മുൻവിധി കാരണം ഞാൻ അത് റെക്കോർഡ് ചെയ്തില്ല. എന്റെ ആ മുൻവിധി തെറ്റായിരുന്നു. വളരെ മികച്ച അവതരണം ആണ് എന്റെ കുട്ടികൾ കാഴ്ച വെച്ചത്.
- റെക്കോർഡ് ചെയ്യാൻ വേണ്ടി ഞാൻ വീണ്ടും ചെയ്യാമോ എന്ന് ചോദിച്ചു. പിന്നെന്താ അവർ റെഡി. അങ്ങനെ ആ അവതരണം റെക്കോർഡ് ചെയ്തു.
- അത് TV യിൽ അവരെ ഒന്ന് കാണിച്ചാലോ എന്ന് തോന്നി. അങ്ങനെ കാണിച്ചപ്പോൾ അവർക്ക് എന്തൊരു ഇഷ്ടം! ഒരു പത്തു പന്ത്രണ്ട് തവണ അത് എന്നെക്കൊണ്ട് വീണ്ടും വീണ്ടും play ചെയ്യിച്ചു. അവർ അവരുടെ തന്നെ അവതരണം ആസ്വദിക്കുകയായിരുന്നു. അവർക്ക് അത് മതി വരുന്നില്ല.
- അപ്പോൾ ഒരു parent ക്ലാസ്സിൽ വന്നു. ആ വീഡിയോ കണ്ടു. ഈ ഡയലോഗ് ഒക്കെ അവർക്ക് പറഞ്ഞു കൊടുത്തു പറയുകയാണോ എന്നൊരു ചോദ്യം. കുട്ടികളോട് തന്നെ ഞാൻ അത് ചോദിച്ചു. അല്ല, ഞങ്ങൾ ഒറ്റയ്ക്ക് പറഞ്ഞതാണെന്ന് കുട്ടികൾ. അവർക്ക് വീണ്ടും അഭിനയിക്കണം. നാളെ ചെയ്യാം എന്ന് പറഞ്ഞു.
- കഥ വീട്ടിൽ ചെന്ന് പറഞ്ഞു കൊടുക്കാൻ പറഞ്ഞിട്ടുണ്ട്. മർജാന വീട്ടിൽ നിന്ന് കഥ പറഞ്ഞത് എനിക്ക് അയച്ചു തന്നു. ഗംഭീരം തന്നെ. നന്നായി പറഞ്ഞിട്ടുണ്ട് അവൾ. ഇന്ന് ക്ലാസ്സ് കഴിഞ്ഞപ്പോൾ കുട്ടികൾക്കും എനിക്കും നല്ല സന്തോഷം.
പ്രസന്ന എ.പി
GLPS പലകപ്പറമ്പിൽ, മങ്കട, മലപ്പുറം
വിദ്യാഭ്യാസ വകുപ്പിനോടുള്ള അപേക്ഷ .
സന്നദ്ധതാപ്രവർത്തനങ്ങൾ പ്രവേശനോത്സവ ദിവസമടക്കം ഇന്ന് ഏഴാം ദിവസത്തിൽ എത്തിനിൽക്കുകയാണ്. കുട്ടികൾ വളരെ ആസ്വദിച്ചും താല്പര്യത്തോടെയുമാണ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. കഥയും പാട്ടും നിർമ്മാണവും നിറം നൽകലും അഭിനയവും എല്ലാം കൂടി ഒന്നാം ക്ലാസിൽ അക്ഷരാർത്ഥത്തിൽ
ഉത്സവമേളം തന്നെ.
ഈ പ്രവർത്തനങ്ങളിലൂടെ പാഠഭാഗങ്ങളിലേക്ക് വളരെ സമർത്ഥമായ വഴി വെട്ടലും നടന്നിരിക്കുന്നു.
കുട്ടികൾക്ക് മടുപ്പോ മടിയോ മുഷിച്ചിലോ ഒട്ടുമില്ലാതെ കളിച്ചും രസിച്ചും സ്വയമറിയാതെ പഠിച്ചും മുന്നേറുകയാണ്.
കൂട്ടത്തിൽ പറയട്ടെ 17 വർഷങ്ങളായുള്ള എൻ്റെ ഒന്നാം ക്ലാസ് അനുഭവത്തിൽ ഇത്രയും നല്ല ഒരു സന്നദ്ധതാ പ്രവർത്തന പാക്കേജ് കിട്ടിയിട്ടില്ല. ഇത് ബുക്കായി പ്രിൻ്റ് ചെയ്ത് വരും വർഷങ്ങളിലേക്കും ഉപയോഗിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് എനിക്ക് വിദ്യാഭ്യാസ വകുപ്പിനോടുള്ള അപേക്ഷ .
കഴിഞ്ഞ ഏഴു ദിവസത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളെ വിലയിരുത്തിയാൽ അവർ താഴെ പറയുന്ന ശേഷികൾ നേടിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്.
1️⃣ പരിചിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ചിത്രം വരയ്ക്കാനുള്ള കഴിവ്
2️⃣ചിത്രങ്ങൾക്ക് നിറം നൽകാനുള്ള കഴിവ്
3️⃣ സംഘമായി പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള കഴിവ്
4️⃣ പാട്ടുകൾ ഈണത്തിലും താളത്തിലും ആംഗ്യത്തോടെയും സംഘമായി അവതരിപ്പിക്കുന്നതിനുള്ള കഴിവ്
5️⃣ കഥകൾ കേട്ട് ആസ്വദിക്കുന്നതിനുള്ള കഴിവ്
6️⃣ കഥയിലെ കഥാപാത്രങ്ങൾ സംഭവങ്ങൾ പറയുന്നതിനുള്ള കഴിവ്
7️⃣കഥ തൻ്റേതായ രീതിയിൽ പറയുന്നതിനുള്ള കഴിവ്
8️⃣ കഥയെ അധ്യാപികയുടെ സഹായത്തോടെ സംഭാഷണരൂപത്തിൽ അവതരിപ്പിക്കുന്നതിനുള്ള കഴിവ്
9️⃣ കഥയെ അധ്യാപികയുടെ സഹായത്തോടെ പാവനാടകരൂപത്തിൽ അവതരിപ്പിക്കുന്നതിനുള്ള കഴിവ്
🔟കത്രിക ഉപയോഗിച്ച് മുറിക്കുന്നതിനുള്ള കഴിവ്
1️⃣1️⃣ പശ തേച്ച് ശ്രദ്ധാപൂർവം ഒട്ടിക്കുന്നതിനുള്ള കഴിവ്
1️⃣2️⃣ വസ്തുകളെ വലുത് - ചെറുത് എന്ന് തിരിച്ചറിയുന്നതിനും വലുപ്പക്രമത്തിൽ ക്രമീകരിക്കുന്നതിനുമുള്ള കഴിവ്
1️⃣3️⃣ വിവിധ രൂപങ്ങൾ തിരിച്ചറിയുന്നതിനുള്ള കഴിവ്
1️⃣4️⃣ ഇംഗ്ലീഷിലുള്ള ലളിതമായ നിർദ്ദേശങ്ങൾ മനസ്സിലാക്കുന്നതിനുള്ള കഴിവ്
1️⃣5️⃣ സ്വന്തം പേര് ഗ്രാഫിക്കലായി തിരിച്ചറിയുന്നതിനുള്ള കഴിവ്
1️⃣5️⃣ സാമഗ്രികൾ ശ്രദ്ധാപൂർവം കൈകാര്യം ചെയ്ത് ലളിതമായ പരീക്ഷണങ്ങളിൽ ഏർപ്പെടാനുള്ള കഴിവ്
പെട്ടെന്ന് തോന്നിയ മേൽപ്പറഞ്ഞവ കൂടാതെ ഇനിയുമുണ്ടാകും. കുട്ടികൾ ശേഷി മുഴുവനായി നേടിയെന്നല്ല മറിച്ച് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാനുള്ള സന്നദ്ധതയും താല്പര്യവും കഴിവും കുട്ടികളിൽ വികസിച്ചു വരുന്നു എന്നാണ് മനസിലാക്കേണ്ടത്.
സന്നദ്ധതാ പ്രവർത്തനങ്ങൾ അക്ഷരാത്ഥത്തിൽ കുട്ടികളെ പഠനസന്നദ്ധരാക്കാനുള്ള പ്രവർത്തനങ്ങൾ തന്നെയായി മാറി.
അധ്യാപകരും വളരെ ആസ്വദിച്ചു തന്നെയാണ് പ്രവർത്തനങ്ങൾ ചെയ്യുന്നത് എന്നു തന്നെയാണ് ധാരാളം അധ്യാപകരുടെ പ്രതികരണങ്ങളിൽ നിന്ന് കിട്ടുന്നത്. 10 ദിവസത്തെ സന്നദ്ധതാ പ്രവർത്തനങ്ങൾ വെള്ളം ചേർക്കാതെ നടത്തിയാൽ അതിലൂടെ കുട്ടികളിൽ ഉണ്ടാകുന്ന ഗുണപരമായ മാറ്റം സ്വാഭാവികമായ പഠനത്തിലേക്ക് നയിക്കുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. സ്വാഭാവികമായി പഴുക്കുന്ന പഴത്തിൻ്റെ മധുരം പോലെ തന്നെയാകട്ടെ സന്നദ്ധതയോടെയുള്ള പഠനവും
ഒത്തിരി സന്തോഷം
ഒത്തിരി സംതൃപ്തിയും.
ബിന്നി ഐരാറ്റിൽ
ജി ഡബ്ല്യു എൽ പി എസ്, ബേള കാസറഗോഡ്
അച്ഛനും അമ്മയും കുഞ്ഞുങ്ങളും പങ്കെടുത്ത ഓണ് ലൈന് ക്ലാസ് പി ടി എ
⏹️താളത്തിൽ കൈകൊട്ടാം എന്ന പ്രവർത്ത നത്തിലൂടെ ഇന്നത്തെ ക്ലാസ് ആരംഭിച്ചത്.
തന്നാരം തക തന്നാരം
തന്നാരം തക തന്നാരം
താളത്തിൽ
കുഞ്ഞുങ്ങൾ പാടി
ഒപ്പം വരികൾ കൂട്ടിച്ചേർന്നും പാടി😍
[മഴവില്ല് കണ്ടു തന്നാരം
കാറ്റു വിശി തന്നാരം
ഇലകൾ വീണൂ തന്നാരം
മരങ്ങളാടി തന്നാരം
വെള്ളം പൊങ്ങി തന്നാരം
തവളകൾ പാടി തന്നാരം
പാമ്പ് വന്നു തന്നാരം
മീനെ കണ്ടു തന്നാരം]
ഏറെ സന്തോഷം നൽകി, കുഞ്ഞുങ്ങളുടെ
പ്രതികരണങ്ങൾ.
⏹️ രൂപങ്ങൾ തിരിച്ചറിയാം പ്രവർത്തനം കുഞ്ഞുങ്ങളുടെ ഗ്രൂപ്പുകൾ നന്നായി തന്നെ ചെയ്തു.
ഗ്രൂപ്പ് പ്രവർത്തനത്തിന് ശേഷം കുഞ്ഞുങ്ങൾ രൂപങ്ങൾ വരക്കാം എന്ന് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ചിത്രം വരച്ച് നിറം കൊടുക്കാൻ അവസരം നൽകി.
- ചിത്രം വരയും നിറം നൽകലും ആദ്യത്തേതിൽ നിന്നും കൂടുതൽ മെച്ചപ്പെടുന്നുണ്ട്.
⏹️ കൈയുറ പറവ
പ്രവർത്തനം കുഞ്ഞുങ്ങൾ നിർദ്ദേശത്തിനനുസരിച്ച് നന്നായി തന്നെ ചെയ്തു. തൂവൽ ഒട്ടിക്കൽ ഒക്കെ ശ്രദ്ധിച്ചു ചെയ്യാൻ കുഞ്ഞുങ്ങൾ ശ്രമിച്ചു.
- നിർമ്മാണ പ്രവർത്തനങ്ങൾ ആദ്യത്തേതിൽ നിന്നു കൂടുതൽ ശ്രദ്ധയോടെ കുഞ്ഞുങ്ങൾ ചെയ്യുന്നുണ്ട്.
⏹️ ആരാണ് കേമൻ.
4 ഗ്രൂപ്പുകളായാണ് പ്രവർത്തനം ചെയ്തത്. 3 ഗ്രൂപ്പിൻ്റെ ഊഹം കുപ്പിൽ വെള്ളം കൂടുതൽ എന്നായിരുന്നു
1 ഗ്രൂപ്പ് പാത്രത്തിൽ എന്നും . തുടർന്ന് വെള്ളം അളന്ന് കുപ്പിയിലും പാത്രത്തിലും ഒഴിച്ച് കൃത്യമായി കണ്ടെത്തി പറഞ്ഞു.
ചിത്രത്തിന് ഷെയ്ഡ് ചെയ്യുകയും ചെയ്തു. ഗ്രൂപ്പംഗങ്ങൾക്കെല്ലാം പ്രവർത്തനത്തിൽ പങ്കാളിത്തം ഉണ്ടായിരുന്നു
⏹️ Name Tree,
Rhythmic Clap പ്രവർത്തനങ്ങളിലും കുഞ്ഞുങ്ങൾ ഏറെ താല്പര്യത്തോടെ തന്നെ പങ്കെടുത്തു.
ഓരോ ദിവസം കഴിയുമ്പോഴും ഒന്നൊരുക്കം പ്രവർത്തനങ്ങളിൽ കുഞ്ഞുങ്ങൾ കൂടുതൽ ശ്രദ്ധയോടെ പങ്കാളികളാകുന്നു.
- പാഠഭാഗങ്ങളിലേയ്ക്ക് പോകുമ്പോൾ കൂടുതൽ മികവോടെകുഞ്ഞുങ്ങളെ നയിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസം ഉണ്ടാകുന്നുണ്ട്.
⏹️⏹️⏹️⏹️
**ONLINE PTA*
ഇന്ന് ആദ്യ ആഴ്ചയിലെ online class PTA കൂടുകയുണ്ടായി. 12 പേരിൽ 11 രക്ഷിതാക്കൾ പങ്കെടുത്തു. ഒരാൾക്ക് പങ്കെടുക്കാൻ സാധിക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു.
Cഹോസ്പിറ്റലിൽ ആയതിനാലാണ് ]
കഴിഞ്ഞ 6 ദിവസ ങ്ങളിലായി ക്ലാസ് റൂമിൽ നടന്ന പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കളുടെ അഭിപ്രായം തേടി.
- 7 കുട്ടികൾ കൃത്യമായി ക്ലാസ്റും പ്രവർത്തനങ്ങൾ വീട്ടിൽ ചെന്ന് പറയുന്നുണ്ട്.
- 4 പേർ രക്ഷിതാക്കൾ ചോദിക്കുമ്പോഴാണ് പറയുന്നത് എന്ന് പറഞ്ഞു.
- ഗ്രൂപ്പിൽ ഓരോ ദിവസത്തേയും പ്രവർത്തനങ്ങളുടെ വിശദീകരണം നൽകുന്നതിനാൽ അതിൻ്റെ അടിസ്ഥാനത്തിൽ ചോദിച്ച് കുഞ്ഞുങ്ങളെ കൊണ്ട് പറയിക്കാറുണ്ട് എന്ന് 4 രക്ഷിതാക്കളും പറഞ്ഞു.
- അക്കാദമിക മാസ്റ്റർ പ്ലാനെ ക്കുറിച്ചും വായനോത്സവത്തെ ക്കുറിച്ചും മീറ്റിംഗിൽ പറഞ്ഞു.
- 'കുഞ്ഞുങ്ങൾക്ക് വീട്ടിൽ നിന്നും പൂർണപിൻ തുണ നൽകാം എന്നും രക്ഷിതാക്കൾ ഉറപ്പു നൽകി.
- ഏറെ സന്തോഷം നൽകിയ ഒരു കാര്യം അച്ഛനും അമ്മയും കുഞ്ഞുങ്ങളുമായാണ് മീറ്റിംഗിൽ പങ്കെടുത്തത് എന്നതാണ്.
ക്ലാസ് PTA ( School ൽ ) നടക്കുമ്പോഴും ഇതുപോലെ അച്ഛനും അമ്മയും പങ്കെടുക്കാൻ ശ്രമിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. അടുത്ത ആഴ്ച വീണ്ടും online PTA കൂടാം എന്നും തീരുമാനിച്ചു.
ജി എച്ച് എസ് എസ്
വലിയഴീക്കൽ
ഒരു പ്രവർത്തനം പോലും skip ചെയ്യാൻ തോന്നുന്നില്ല..
ഒന്നൊരുക്കം ആറാം ദിവസം. ഇന്ന് അഞ്ച് പ്രവർത്തനങ്ങളെ ചെയ്യാൻ സാധിച്ചുള്ളു.
ഉറുമ്പുകൾ വരി വരിയായി പോകുന്ന ചിത്രത്തിൽ ഇലകൾ വരയ്ക്കാൻ പറഞ്ഞപ്പോൾ ഒരാൾ എളുപ്പത്തിൽ വാരി പൂശി നിറം കൊടുത്തു.. ഇങ്ങനെ വരച്ചാൽ കുഴപ്പമില്ലല്ലോ എന്ന് ചോദിച്ചു.. അത് പറ്റില്ല ഉറുമ്പിനു കൂട് വക്കാൻ ഇലകൾ കാണണം എന്ന് ഞാനും.. 🙂
- പ്രത്യേക ശ്രദ്ധ വേണ്ട രണ്ട് പേരുണ്ട്. ഒരാൾക്കു നിറങ്ങൾ തിരിച്ചറിയുന്നില്ല.. എടുത്തു കൊടുത്ത നിറങ്ങൾ വച്ചു കുത്തി വരക്കും. കൈ പിടിച്ചു ചെയ്യണം.
- ഒരാൾ സ്കൂളിൽ വരാനും ഇഷ്ടമില്ലാത്ത ആളാണ്. രാവിലെ വന്നു കുറച്ച് നേരം ഒന്നിലും ശ്രദ്ധിക്കാതെ ഉള്ള ഇരിപ്പാണ്.
- അവന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കി വരുന്നതേയുള്ളു.. പാട്ട്, കഥകൾ, കളികൾ, ഇഷ്ടം ഉണ്ട്.
* ടിഷ്യൂ പേപ്പറിൽ പച്ച വരകൾ വരയ്ക്കാൻ കൊടുത്തപ്പോൾ നിവർത്തി വച്ചു നല്ല ചന്തത്തിൽ വരകൾ വരച്ചു മിടുക്കികൾ.ഒട്ടിച്ചു കഴിഞ്ഞു നനച്ചപ്പോൾ നല്ല ഭംഗിയായി കണ്ടപ്പോൾ മറ്റുള്ളവർക്കും അങ്ങനെ ചെയ്യണം എന്നായി..🙂 പശ തേക്കാനും ഒട്ടിക്കാനും സഹായം വേണ്ടി വന്നില്ല.. വെള്ളം കോരി ഒഴിക്കാതിരിക്കാൻ കൈ നനച്ചു പതുക്കെ നനക്കാൻ കാണിച്ചു കൊടുത്തു.. ചിത്രങ്ങൾ കണ്ടപ്പോൾ എല്ലാവർക്കും സന്തോഷം 🥰
* കസേരകളിൽ പേര് വച്ചു കളിച്ചപ്പോൾ cwsn കുട്ടിയെ മറ്റുള്ളവർ സഹായിച്ചു. ഒരു മിടുക്കിക്ക് എല്ലാ കൂട്ടുകാരുടെയും പേര് തിരിച്ചറിയാം. 👍🏻 ഹരിപ്രസാദ് ന് ഈ കളി വേണ്ടത്രേ..
* ഗണിത കളിയിൽ 4 പേര് വീതമുള്ള ഗ്രൂപ്പ് ആയപ്പോൾ ഒരാൾ ലീഡർ ആയി എന്റെ കൂടെ നിന്ന് coin കൊടുത്തു. അടുത്ത റൗണ്ടിൽ അവനും അവസരം കൊടുത്തു..എന്റെ മിടുക്കികൾ ആണ് എപ്പോഴും വാശിയോടെ കളിക്കുന്നത്..
* ഇലകൾ വിയർക്കുമോ? എന്ന് മനസ്സിലാക്കാൻ പറ്റിയിട്ടില്ല. നമുക്ക് നാളെ വന്നിട്ട് നോക്കാം എന്ന് പറഞ്ഞു cover എടുത്തു വച്ചിട്ടുണ്ട്
* എന്നും പഠിച്ച പാട്ടുകൾ വായ്താരി ചേർത്ത് പാടുന്നുണ്ട്..
* ഒരു പ്രവർത്തനം പോലും skip ചെയ്യാൻ തോന്നുന്നില്ല.. അത്രയും രസകരമാണ് ഓരോ പ്രവർത്തന രീതികൾ..
ശ്രീജ ..
Glps kunnamkulam
ഇല വിയർത്തു ടീച്ചറേ....
ഇന്നത്തെ ഒന്നാമത്തെ പ്രവർത്തനത്തിനായി എല്ലാ കുഞ്ഞുങ്ങൾക്കും ചിത്രം വരച്ചു നൽകി. ഇലകൾ അവർ സ്വയം വരച്ചു.
- മൂന്നുപേർക്ക് ചെറിയ സഹായം നൽകി .
എല്ലാവരും മനോഹരമായി കളർ ചെയ്തു ചിത്രം പൂർത്തിയാക്കി. വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിൽ നൽകി.
ഇല വിയർക്കുമോ എന്ന പ്രവർത്തനത്തിൽ കുട്ടികളുമായി ചേർന്ന് ഇലകൾ ശേഖരിച്ചു. അവർ തന്നെ ഇല കവറിൽ ആക്കി .
- റബ്ബർ ബാൻഡ് ഇടാൻ സഹായം നൽകി.
രണ്ടുമണിക്കൂർ കഴിഞ്ഞാണ് നിരീക്ഷിച്ചത് അധികം വെയിലില്ലാത്തതിനാൽ വിയർപ്പ് കുറവായിരുന്നു. കുഞ്ഞുങ്ങൾ ഇടയ്ക്കിടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇല വിയർത്തു ടീച്ചറേ.... എന്ന് നീട്ടി വിളിച്ച് കവറും എടുത്തു , ഓടിയെത്തിയത് സ്റ്റെഫിനായിരുന്നു.ബാക്കിയുള്ളവരും ഒപ്പം കൂടി🥰 റബ്ബർ ബാൻഡ് അഴിച്ചെടുത്ത് വെള്ളത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു.
മാജിക് ഇല പ്രവർത്തനം മനോഹരമായി പൂർത്തീകരിച്ചു കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു .
- മാർക്കർ ഉപയോഗിച്ച് വരച്ചപ്പോൾ ടിഷ്യൂ പേപ്പർ കീറിപ്പോയത് സങ്കടമായി. സാരമില്ല ,പേപ്പർ കീറാൻ ഉള്ളതാണല്ലോ എന്ന് പറഞ്ഞപ്പോൾ സന്തോഷം☺️ രണ്ടുപേർ ടിഷ്യൂ പേപ്പറിലേക്ക് വെള്ളം തളിച്ചപ്പോൾ കൂടിപ്പോയി.മറ്റൊരു ടിഷ്യൂപേപ്പർ ഉപയോഗിച്ച് അധിക വെള്ളം നീക്കി.
ഉണങ്ങാനായി ക്ലാസിന്റെ ഒരു സൈഡിലേക്ക് മാറ്റിവെച്ചു. പ്രവർത്തനങ്ങൾ ചേർത്ത് വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിൽ നൽകി. എല്ലാ മാജിക് ചിത്രങ്ങളും അതിമനോഹരമായിരുന്നു.
ആരാദ്യം എന്ന പ്രവർത്തനം ക്ലാസിനു വെളിയിലാണ് ക്രമീകരിച്ചത് ഒത്തിരി തവണ ട്രാക്കിലൂടെ ഉരുട്ടി കളിച്ചു നിരീക്ഷണത്തിലൂടെ ആദ്യമെത്തിയ ബോൾ ആരുടെതാണെന്ന് അവർ തന്നെ കണ്ടെത്തി .
ഇംഗ്ലീഷ് പ്രവർത്തങ്ങളും നിർദ്ദേശങ്ങൾക്കനുസരിച്ച് പൂർത്തീകരിച്ചു..ബെഞ്ചിൽ ആയിരുന്നു പേര് ഒട്ടിച്ച് നൽകിയത്. എല്ലാവരും സ്വന്തം പേര് വേഗം കണ്ടെത്തി. കുട്ടികൾ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തനങ്ങൾ ഭംഗിയായി പൂർത്തിയാക്കുന്നുണ്ട്.🥰
വിജില
മാവേലിക്കര
6 ദിവസത്തെ പ്രവർത്തനങ്ങൾ കൊണ്ട് ഭൂരിഭാഗം കുട്ടികൾക്കും നല്ല മാറ്റം
ഇന്നത്തെ എല്ലാ പ്രവർത്തനങ്ങളും വളരെ രസകരമായി ചെയ്യാൻ കഴിഞ്ഞു.
പച്ചില വരച്ചു ചേർക്കുന്ന പ്രവർത്തനം 3 കുട്ടികൾ ക്ക് മാത്രം ചെറിയ സഹായം നൽകേണ്ടി വന്നു.ബാക്കിയെല്ലാരും നല്ല രീതിയിൽ ചെയ്തു.
തുടർന്ന് ഇല വിയർക്കുമോ? എന്ന പരീക്ഷണം വളരെ താല്പര്യത്തോടെ ഏറ്റെടുത്തു.നിഗമനത്തിലെത്തി.
- മരം ഉണ്ടാക്കാം എന്ന പ്രവർത്തനം ഭിന്നശേഷി കുട്ടി ഉൾപ്പെടെ നന്നായി ചെയ്യ്തു. അവർ തന്നെ വെള്ളം ഒറ്റിച്ചപ്പോൾ ഹായ് നല്ല രസം എന്ന് പറഞ്ഞു പോയി.
ആരാദ്യം-ഞാൻ എന്ന വാശിയോടെ പലരും കളിക്കാൻ തുടങ്ങി.
- നല്ല ശ്രദ്ധയോടെ ചെയ്യാൻ സാവൻ,ഫഹദ്,ആയിഷ ഇവർക്ക് കഴിഞ്ഞു.തുടർന്ന് പലതവണ പരിശീലനം ചെയ്തു നോക്കി ഞങ്ങൾക്കും പറ്റും എന്ന് അവർ തെളിയിച്ചു.
ഇംഗ്ലീഷിലെ പ്രവർത്തനം ആദ്യത്തേത് നല്ല താളത്തിൽ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. രണ്ടാമത്തെ വർക്ക് വളരെ പെട്ടെന്ന് 60% കുട്ടികളും ചെയ്തു.
എന്തായാലും 6 ദിവസത്തെ പ്രവർത്തനങ്ങൾ കൊണ്ട് ഭൂരിഭാഗം കുട്ടികൾക്കും നല്ല മാറ്റം കാണാൻ കഴിഞ്ഞു.
മലയാളം മീഡിയം- പഠിക്കാൻ കഴിയാത്ത കുട്ടികൾക്ക് എന്ന പലരുടെയും വിശ്വാസത്തെ മാറ്റിമറിക്കാൻ സന്നദ്ധത പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.
ടീച്ചർ മറക്കുമോ ?
പച്ചിലകൾ എന്ന പ്രവർത്തനത്തിൽ ഉറുമ്പുകൾ എന്തിനാവും മരത്തിൽ കയറിയത്?
ആഹാരം തേടി, മുകളിൽ നിന്ന് ആകാശം കാണാൻ തുടങ്ങി പല ഉത്തരത്തിൽ മുസമ്മിൽ പറഞ്ഞതാണ് കൂട് ഉണ്ടാക്കാനെന്ന് ശേഷം ഗ്രൂപ്പായി നിറയെ ഇലകൾ വരച്ചു, നിറം നൽകി ആർക്കും സഹായം വേണ്ടി വന്നില്ല.
ഇല വിയർക്കുമോ?
കവറിൽ കെട്ടിവെച്ചു
പിന്നെ ഓരോ പത്ത് മിനിറ്റിലും ചോദ്യങ്ങളായിരുന്നു
- തുറക്കാനായോ?
- എപ്പോൾ തുറക്കും?
- ടീച്ചർ മറക്കുമോ ?
വൈകുന്നേരം തുറന്ന് കാണിച്ചു
മഴ കാരണം വിയർപ്പ് കുറവായിരുന്നു
QR Code Scan ചെയ്തു
പാട്ടിനൊത്ത് 2 പേർ ഗ്രൂപ്പായിരുന്നു താളം പിടിച്ചു
Name strips - chair ഇല്ലാത്തതിനാൽ game ചെറുതായി മാറ്റം വരുത്തി
2 പേർ സ്വന്തം പേര് കണ്ടു പടിച്ചില്ല ബാക്കിപേർ ok
മാജിക് ഇല ടിഷ്യു പേപ്പർ കൊണ്ട് മരത്തിൻ്റെ ഇല നിർമ്മിച്ചു. തനിയെ ചെയ്തതിനാൽ കുറച്ച് പേർ വെള്ളം കൂടുതൽ ഉപയോഗിച്ചതിനാൽ പ്രയാസമായി നാളെ വരുമ്പോഴേക്ക് നന്നായി ഉണങ്ങട്ടെ ! ബെഞ്ചിൽ നിരത്തി വെച്ചു വീട്ടിൽ പോയി എങ്കിലും ഭംഗിയുള്ള മരം നിർമ്മിച്ച സന്തോഷത്തിലാണ് എല്ലാവരും
വെള്ളമില്ല എന്ന ഊഹത്തിലായിരുന്നു ഭൂരിഭാഗം
എനിക്കിന്ന് 5 പ്രവർത്തനങ്ങളാണ് പൂർത്തിയാക്കാൻ സാധിച്ചത്. 18 കുട്ടികളാണ് ക്ലാസിൽ ഹാജർ ഉണ്ടായിരുന്നത്. എല്ലാ പ്രവർത്തനങ്ങളിലും എല്ലാവരും തന്നെ പങ്കെടുത്തു. ഇലയിൽ വെള്ളമുണ്ടോ എന്ന പ്രവർത്തനം കുട്ടികൾ വളരെ ആവേശത്തോടെയും അത്ഭുതത്തോടെയും ആണ് നിരീക്ഷിച്ചത്. വെള്ളമില്ല എന്ന ഊഹത്തിലായിരുന്നു ഭൂരിഭാഗം ആളുകളും ഉണ്ടായിരുന്നത്.
ഉറുമ്പുകൾക്ക് കൂടുണ്ടാക്കാൻ ഇലകൾ വരച്ചു ചേർക്കുന്ന പ്രവർത്തനം ഭംഗിയായി ചെയ്തു. വീട്ടിലെത്തി വീണ്ടും ഉണ്ടാക്കി നോക്കുമെന്ന് കുട്ടികൾ തന്നെ പറയുന്നു
- നാലുപേർക്ക് ഈ പ്രവർത്തനത്തിൽ പിന്തുണ ആവശ്യമായി വന്നു.
കുട്ടികളുടെ പേര് കണ്ടെത്തി സീറ്റ് കണ്ടെത്തുന്ന പ്രവർത്തനം ഭംഗിയായി തന്നെ നടന്നു.
- മൂന്നു കുട്ടികൾക്ക് പിന്തുണ വേണ്ടിവന്നു. എന്നാൽ അതിന്റെ മൂന്നാമത്തെ റൗണ്ട് ആയപ്പോഴേക്കും എല്ലാ കുട്ടികളും അവരവരുടെ പേര് തിരിച്ചറിയുന്ന നിലയിലേക്ക് വന്നു. സന്തോഷം തോന്നി.
ഗണിതത്തിന്റെ ബോൾ എറിയുന്ന പ്രവർത്തനവും ഇംഗ്ലീഷിന്റെ മറ്റ് ആക്ടിവിറ്റീസും മുഴുവൻ കുട്ടികൾക്കും തന്നെ പൂർത്തിയാക്കാനായി സാധിച്ചു. നിർദ്ദേശങ്ങൾ ആവർത്തിക്കേണ്ടി വന്നു. എങ്കിലും കുട്ടികൾ അത് പാലിച്ചുകൊണ്ട് തന്നെ പ്രവർത്തനങ്ങൾ നടത്തി.
ഹസീന എ യു
GHSഓടപ്പള്ളം, വയനാട്
കുഞ്ഞുങ്ങൾ ഇന്നും വളരെ ഉഷാറായി പ്രവർത്തങ്ങൾക്ക് കൂടി
ഇന്നു 7പ്രവർത്തങ്ങളിൽ 6പ്രവർത്തങ്ങൾ പൂർത്തിയാക്കാൻ സാധിച്ചു. രാവിലെ മുതൽ മഴ ആയതിനാൽ ഇല വിയർക്കുമോ എന്ന പ്രവർത്തനം ചെയ്യുവാൻ സാധിച്ചില്ല.. ബാക്കി എല്ലാ പ്രവർത്തനങ്ങൾ നന്നായി പൂർത്തിയാക്കാൻ സാധിച്ചു. 🥰കുഞ്ഞുങ്ങൾ ഇന്നും വളരെ ഉഷാറായി പ്രവർത്തങ്ങൾക്ക് കൂടി 👍പച്ചിലകൾക്കു നിറം നൽകാൻ ഉള്ള പ്രവർത്തനം തുടക്കത്തിൽ നൽകിയപ്പോൾ സ്വന്തം ആയി ഇലകൾ ഇഷ്ടം ഉള്ള രീതിയിൽ വരച്ചു നിറം നൽകി, ഒരാൾക്ക് വരയിലും നിറം നൽകാനും ചെറിയ കൈത്താങ്ങൽ നൽകി ബാക്കി ഉള്ളവർ സ്വന്തം ആയി ഇലകൾ വരച്ചു നിറം നൽകി... ഇംഗ്ലീഷ് ആക്ടിവിറ്റി വളരെ പെട്ടെന്ന് കുട്ടികൾ പൂർത്തിയാക്കി അവർ വളരെ പെട്ടെന്ന് സ്വന്തം പേരുകൾ കണ്ടെത്താനും സ്വന്തം പേരുകൾ എഴുതിയ കസേര കണ്ടെത്താനും കുഞ്ഞുങ്ങൾക്ക് സാധിച്ചു. 4കുട്ടികൾ ഉള്ള ക്ലാസ്സിൽ ഇന്നു 3കുഞ്ഞുങ്ങൾ ആണ് ഹാജർ ആയതു, അവരിൽ ഒരാൾക്ക് ചെറിയ ചെറിയ കൈത്താങ്ങൽ നൽകേണ്ടി വന്നു ബാക്കി കുട്ടികൾ നിർദ്ദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുകയും പ്രവർത്തനങ്ങൾ പൂർത്തിയാക്കയും ചെയ്തു 🥰
സുഭി സുരേന്ദ്രൻ
MDUPS വെള്ളറ മേമല
പത്തനംതിട്ട. വെണ്ണികുളം sub
കുഞ്ഞുങ്ങൾ സന്തോഷത്തോടെ തുള്ളിച്ചാടി
*ഒന്നൊരുക്കം ആറാം ദിനം*
ഓരോ ദിവസവും കടന്നു പോകുമ്പോൾ കൂടുതൽ ആവേശകരമായ അനുഭവങ്ങളാണ് നമ്മുടെ കുഞ്ഞുമക്കൾക്കും രക്ഷകർത്താക്കൾക്കും പറയാനുള്ളത്. എല്ലാവരും ആവേശപൂർവ്വം ഒത്തൊരുമിച്ച് പ്രവർത്തനങ്ങൾ എല്ലാം ചെയ്യുന്നു. 🚣ഇന്ന് പേപ്പർ കൊണ്ടുള്ള വഞ്ചി നിർമ്മാണം നടന്നു. ചില കുട്ടികൾക്ക് മാത്രമേ അത് നിർമ്മിക്കാൻ അറിവുണ്ടായിരുന്നുള്ളു. പറയുന്നതു പോലെ മറ്റെല്ലാവരും അത് നിർമ്മിക്കാൻ ആവേശം കാട്ടി. പലവർണ്ണ പേപ്പറുകളിൽ നിർമ്മാണം പൂർത്തിയായപ്പോൾ അതി മനോഹരമായിരുന്നു കുഞ്ഞുങ്ങൾ അത് പിടിച്ചു കൊണ്ട് തുള്ളി ചാടുന്നത് കാണാൻ. കുഞ്ഞുങ്ങളിലെ നിർമ്മാണ വാസന ചെറു പ്രായത്തിൽ തന്നെ അതിലൂടെ അവർ മികച്ച അനുഭവങ്ങൾ പങ്കിടാനും സാധിച്ചു.
🌈 തുടർന്ന് മഴവില്ല് നിർമ്മാണം നടന്നു. ഏഴു വർണ്ണങ്ങളിൽ കടലാസ്സുകൾ മുറിച്ച് കുട്ടികൾ തന്നെ ഒട്ടിച്ച് ( ഏതൊക്കെ നിറങ്ങൾ എന്ന് അവർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു ) കുട്ടികൾ എല്ലാവരും വളരെ സഹകരണത്തോടെ സംഘ പ്രവർത്തനമാണ് നടത്തിയത്. പരസ്പരം അഭിപ്രായങ്ങൾ പറഞ്ഞുo കുഞ്ഞുങ്ങളുടെ ആശയ വിനിമയം നല്ലതുപോലെ നടന്നു. കുഞ്ഞു മനസ്സിൽ മഴവില്ല് നിർമ്മാണം പൂർത്തിയായപ്പോൾ ഉണ്ടായ സന്തോഷം വളരെ വലുതായിരുന്നു. കൂട്ടായ പ്രവർത്തനം മൂലം ഒരു മഴവിൽ ഉണ്ടാക്കി എന്ന ആത്മാഭിമാനം കാണാമായിരുന്നു. പഠിപ്പിച്ച മഴപ്പാട്ട് ഈണത്തിലും താളത്തിലും പാടി.
Jessy Dominic
SNVLPS Thumpoly Alappuzha
No comments:
Post a Comment