ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, June 19, 2025

ബോര്‍ഡെഴുത്തും ക്ലാസ് എഡിറ്റിംഗും

 ധാരാളം മുറിച്ചോക്കുകളുമായി ഒന്നാം ക്ലാസില്‍ ഒരു ബോക്സുണ്ട്. തനിക്ക് മാത്രമല്ല കുട്ടികള്‍ക്ക് കൂടി വരയ്കാനും എഴുതാനും കൂടിയുള്ളതാണ് ബോര്‍ഡ് എന്ന്  കരുതുന്ന ടീച്ചറുമുണ്ട്. ബോര്‍ഡ് രൂകല്പന ചെയ്തവര്‍ ടീച്ചറെ മാത്രമേ കണ്ടുള്ളൂ. ബോര്‍ഡിന്റെ ഉയരം ഒന്നാം ക്ലാസിലെ കൊച്ചുകുട്ടികളുടെ ഉയരവുമായി നീതിപ്പെടാത്തതാണ്. അധ്യാപകകേന്ദ്രിത സങ്കല്പത്തില്‍ കുട്ടിക്ക് അനുവദനീയമല്ല ബോര്‍ഡെഴുത്ത്.  എഴുതിപ്പഠിച്ചു തുടങ്ങുന്ന കാലത്ത് തന്നെ കുട്ടികള്‍ക്കായി ബോര്‍ഡ് അനുവദിച്ചുകൊടുക്കണം. അത്തരം ഒരു മാറ്റമാണ് ഒന്നാം ക്ലാസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്

ലേഖനപ്രക്രിയയുടെ ഭാഗമായി ചാര്‍ട്ടെഴുത്തിന് ശേഷം ബോര്‍ഡെഴുത്ത് ടീച്ചര്‍ നടത്തുന്നുണ്ട്. ഒരു ഘട്ടം കഴിയുമ്പോള്‍ സംയുക്തയെഴുത്ത് ആരംഭിക്കും. ടീച്ചര്‍ കുട്ടികളുടെ പങ്കാളിത്തത്തോടെ എഴുതും. സന്നദ്ധയെഴുത്താണ് മറ്റൊരു രീതി. ആത്മവിശ്വാസമുള്ള കുട്ടികള്‍ക്ക് ബോര്‍ഡില്‍ വന്ന് എഴുതാം. മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ വരുത്താം. അതിന് ശേഷമാണ് ടീച്ചര്‍ ആ വാക്യം എഴുതുക 

തുടക്കം മുതല്‍ കുട്ടികള്‍ക്ക് ബോര്‍ഡില്‍ എഴുതാന്‍ അവസരം ഒരുക്കുന്ന പ്രവര്‍ത്തനമാണ് ക്ലാസ് എഡിറ്റിംഗിന്റെ ഭാഗമായ നടത്തുന്ന ബോര്‍ഡെഴുത്ത്. 

ബോര്‍ഡെഴുത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍

  1. ചില കുട്ടികള്‍ എഴുതുന്നത് വായിക്കാന്‍ പറ്റാത്തത്ര ചെറുതായാണ്. അതിനാല്‍ എഡിറ്റിംഗ് വേളയില്‍ എല്ലാവര്‍ക്കും കാണാനാകുന്നില്ല. കുട്ടികള്‍ ബോര്‍ഡിനടുത്തേക്ക് വരേണ്ടി വരുന്നു. ചോക്ക് ഉപയോഗിച്ച് എങ്ങനെ ബോര്‍ഡില്‍ എഴുതണമെന്ന പരിശീലനം കുട്ടികള്‍ക്ക് കിട്ടിയിട്ടില്ലല്ലോ. അതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. കൈമുട്ടിച്ച് എഴുതിയാല്‍ അക്ഷരം ചെറുതാകും. ചോക്കിന്റെ തുമ്പ് മാത്രം മുട്ടിച്ച് എഴുതുമ്പോള്‍ കൈയുടെ ചലനസ്വാതന്ത്ര്യം കൂടും. വലുപ്പത്തില്‍ എഴുതാന്‍ കഴിയും. കുട്ടികളെക്കൊണ്ട് ബോര്‍ഡില്‍ വട്ടം വരപ്പിച്ച് പരിശീലിപ്പിക്കാവുന്നതാണ്. പരിഹരിക്കാവുന്ന പ്രശ്നം പരിഹരിക്കപ്പെടാതെ പോകുന്നത് എഡിറ്റിംഗിന്റെ പ്രാധാന്യം തിരിച്ചറിയാത്തത് മൂലമാണ്
  2. ആദ്യം എഴുതിയത് പിന്നീട് വരുന്നവര്‍ എഴുതുമ്പോള്‍ മാ‍ഞ്ഞുപോകുന്നു.  സ്ഥലലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. മുകളിലത്തെ ചിത്രം നോക്കൂ. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുന്നപ്ര സ്കൂളില്‍ ഞാന്‍ ചെന്നപ്പോള്‍ എല്ലാ കുട്ടികളെയും  ബോര്‍ഡില്‍ എഴുതിക്കാന്‍ സ്വീകരിച്ച തന്ത്രമാണ്. ആദ്യ കൂട്ടര്‍ ബഞ്ചില്‍ കയറി നിന്ന് എഴുതും. അത് അവരെക്കൊണ്ട് സാധ്യമായ ഉയരത്തിലായിരിക്കും. അടുത്ത കൂട്ടരും ബഞ്ചില്‍ നിന്ന് അതിന് താഴെ എഴുതും. മൂന്നാം കൂട്ടര്‍ തറയില്‍ നിന്നെഴുതും. നാലാം കൂട്ടര്‍ക്കും അവസരം കിട്ടും. എല്ലാവരും എഴുതിയത് വായിക്കാനാകും.
  3. കുട്ടികളുടെ എണ്ണം കൂടുതലുള്ള വിദ്യാലയത്തില്‍  ചെയ്യ്വുന്ന ഒരു കാര്യം നാല് ചുവരിലും കുട്ടികളുടെ ഉയരം പരിഗണിച്ച് ചാര്‍ട്ട് പേപ്പറോ, റീല്‍പേപ്പറോ ഒട്ടിച്ച് അതില്‍ എഴുതാന്‍ അവസരം കൊടുക്കുക എന്നതാണ്. കണ്ണൂര്‍ തെരൂരിലെ റിഷാദ് മാഷിന്റെ ക്ലാസ് സന്ദര്‍ശിച്ചപ്പോള്‍ ഇത്തരം സാധ്യത ഫലപ്രദമായി ഉപയോഗിച്ചതായി കാണാന്‍ കഴിഞ്ഞു. ചുവടെ കൊട്ടാരക്കര ഠൗൺ യു പി എ സി ൽ കുട്ടികൾക്ക് എഴുത്തിടം ഉണ്ടാക്കിയതിൻ്റെ വീഡിയോ.
  1. അടുത്ത സാധ്യത ഗ്രൂപ്പുകള്‍ക്ക് ഓരോ ദിവസവും അവസരം നല്‍കുക എന്നതാണ്. അതായത് എല്ലാവര്‍ക്കും എല്ലാദിവസവും എഴുത്തനുഭവം കിട്ടില്ല എന്ന പരിമിതി ഉണ്ട്. എന്നാല്‍ എഴുതിയത് വിശകലനം ചെയ്യാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കുകയും ചെയ്യും.
  2.  ടീച്ചറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളും ഉണ്ട് അതില്‍ ഒന്ന്. കുട്ടി എഴുതിയാല്‍ ഉടന്‍ തെറ്റ് കണ്ടുപിടിച്ചേ എന്ന മട്ടില്‍ എഴുതിയ കുട്ടിയെക്കൊണ്ടുതന്നെ തിരുത്തിക്കലാണത്.  ടീച്ചര്‍തന്നെ തിരുത്തി എഴുതി നല്‍കുന്ന പ്രവണതയും ഉണ്ട്. കുട്ടികളാണ് ആത്യന്ത്രികമായി തിരുത്തേണ്ടത് എന്നതിന് ഊന്നല്‍ ലഭിക്കണം.

ക്ലാസ് എഡിറ്റിംഗ്  ഒന്നാം ക്ലാസില്‍

  • പഠനത്തിന്റെ അവിഭാജ്യഘടകമാണ് തെറ്റുകള്‍. നടക്കാന്‍ പഠിക്കുന്ന കുട്ടി വീഴുന്നതുപോലെയാണത്. അല്ലെങ്കില്‍ ഡ്രൈവിംഗ് പഠിക്കുമ്പോള്‍ നിരന്തരം പിശകുകള്‍ സംഭവിക്കുന്നതുപോലെയാണ്. ഓരോ തിരുത്തലും ശരിയിലേക്കുള്ള പടവുകയറ്റമാണ്.
  • ജീവിതത്തില്‍ സ്വന്തം തെറ്റുകള്‍ വിശകലനം ചെയ്യാനും തിരുത്താനും കഴിയണം. എഴുത്തിന്റെ എല്ലാ ഘട്ടങ്ങളിലും എഴുത്തും തിരുത്തലും പുരനെഴുത്തും  വേണ്ടിവരും. അത് സാഹിത്യമെഴുതുന്നവരും ആധാരമെഴുതുന്നവരും പത്രവാര്‍ത്തയും പ്രബന്ധവും എല്ലാം എഴുതുന്നവരും പിന്തുടരുന്ന രീതിയാണ്. ആദ്യം കരട് എഴുതുക.അത് വായിച്ച് നോക്കി തിരുത്തല്‍ വരുത്തിയ ശേഷം അസല്‍ എഴുതുക. ഇത്തരം ഭാഷാപരിശോധന ശേഷി ആര്‍ജിച്ചാലേ തന്റെ രചനയുടെ വിശകലന വായന നടക്കൂ. ചെറിയ ക്ലാസ് മുതല‍ എഡിറ്റിംഗ് പരിശീലിക്കേണ്ടതുണ്ട്.
  • വ്യക്തിഗത യത്നത്തിന് മുമ്പ് സംഘയത്നം എന്നത് മനശ്ശാസ്ത്രപരമായ സമീപനമാണ്. അതിനാലാണ് ക്ലാസിലെ എല്ലാവരും ചേര്‍ന്നുള്ള എഡിറ്റിംഗ് പ്രക്രിയ നിര്‍ദ്ദേശിക്കുന്നത്. 
  • ഇന്ന് നാം പഠിച്ച വാക്കോ വാക്യമോ ബോര്‍ഡില്‍ വന്ന് എഴുതാമോ എന്നാണ് സാധാരണയായി എഡിറ്റിംഗിനായി ഒന്നാം ക്ലാസില്‍  ആവശ്യപ്പെടേണ്ടത്. എന്നാല്‍ ചില ചിഹ്നങ്ങളില്‍ ഫോക്കസ് ചെയ്യേണ്ടി വരുമ്പോള്‍ വാക്കോ വാക്യമോ നിര്‍ദ്ദേശിക്കുന്നതില്‍ തെറ്റില്ല.  
  • കുട്ടികള്‍ എഴുതുന്നതിന് മുമ്പ് പഠിച്ച വാക്കുകളും വാക്യങ്ങളും പറയിക്കുന്നത് നന്നായിരിക്കും
  • കേട്ടെഴുത്ത് രീതിയില്‍ നടത്താതിരിക്കുക. 
  • തെറ്റുവന്നാലും സാരമില്ല അറിയാവുന്നതുപോലെ എഴുതിയാല്‍ മതി എന്ന് പറഞ്ഞ് പ്രചോദിപ്പിക്കണം
  • സ്വയം സന്നദ്ധരാകാത്ത കുട്ടികളാരെന്ന് ടീച്ചര്‍ കണ്ടെത്തണം. അവരെ വിളിച്ച് സഹായം നല്‍കി ഒരു വാക്കെങ്കിലും എഴുതിക്കണം.
  • ചിലര്‍ മറ്റുള്ളവര്‍ എഴുതിയത് നോക്കി എഴുതുന്നുണ്ടാകും . സാരമില്ല. മറ്റുള്ളവര്‍ കാണാത്ത വിധം എഴുതാനാരോടും നിര്‍ദ്ദേശിക്കേണ്ടതില്ല. ഇത് പഠനത്തിന്റെ ചുവടുകളാണ്. മത്സരപ്പരീക്ഷയല്ല.
  • ഒരാഴ്ച ശീലിച്ച് കഴിയുമ്പോള്‍ ക്ലാസ് എഡിറ്റിംഗിന് ഏകദേശം എത്രസമയം വേണ്ടിവരും എന്ന് ഉറപ്പിക്കാനാകും. അതനുസരിച്ചാകണം  തുടര്‍ന്നുള്ള ആസൂത്രണക്കുറിപ്പ് തയ്യാറാക്കേണ്ടത്. 

ക്ലാസ് എഡിറ്റിംഗിനുള്ള നിര്‍ദ്ദേശങ്ങള്‍

ഉയര്‍ന്ന ക്ലാസില്‍ ആശയതലത്തിലെ എഡിറ്റിംഗ് ആണ് ആദ്യം നടക്കുക. എന്തെങ്കിലും ആശയം വിട്ടുപോയിട്ടുണ്ടോ? ആശയങ്ങളുടെ ക്രമം ശരയാണോ എന്നായിരിക്കും പരിശോധിക്കുക. പിന്നെ വാക്യതലത്തിലേക്ക് വരും.

ഒന്നാം ക്ലാസില്‍ കുട്ടികള്‍ക്ക് എളുപ്പം എഡിറ്റ് ചെയ്യാവുന്ന കാര്യങ്ങളാണ് ആദ്യം പരിഗണിക്കുന്നത്

  1. വാക്കകലം പാലിച്ചോ?- വാക്കുകള്‍ തമ്മില്‍ അകലമിട്ടാണോ എഴുതിയത് എന്ന് ചോദിക്കാം. കുട്ടികള്‍ക്ക് അതിന്റെ യുക്തി ബോധ്യപ്പെടണം. പറവ പാറി എന്ന് പറയുമ്പോള്‍ പറവ കഴിഞ്ഞ് അല്പം നിറുത്തിയ ശേഷമല്ലേ പാറി എന്ന് പറയുന്നത്. ഓരോ വാക്കിനും അതിരിട്ടാണ് പറച്ചില്‍. അത് എഴുതുമ്പോഴും ബാധകമാണ്. ഓരോ വാക്കും പ്രത്യേകം പ്രത്യേകം എഴുതണം. അകലം വളരെ കൂടാതിരിക്കുകയും വേണം. 
  2. അക്ഷരങ്ങള്‍ തമ്മിലുള്ള അകലം-അക്ഷരങ്ങള്‍ തമ്മില്‍ ചേര്‍ന്ന് ഒട്ടിയ രീതിയില്‍ ആരെങ്കിലും എഴുതിയിട്ടുണ്ടോ?  തറ എന്നത് ചേര്‍ന്ന് പോയാല്‍  ത്ന പോലെയാകും. 
  3. അക്ഷരങ്ങള്‍ ശരിയായ രീതിയിലാണോ എഴുതിയത്? ( അക്ഷരഘടന). എഴുതിപ്പഠിക്കുന്നത് ശരിയായ രീതിയിലാകണം. കൈയക്ഷരം എല്ലാവരുടെയും ഒരുപോലെയാകണമെന്നില്ല. ആകുകയുമില്ല. എന്നതുകൊണ്ട് ടീച്ചര്‍ വടിവില്‍ എഴുതണ്ട എന്നര്‍ഥമാക്കരുത്.അതുപോലെയാണ് ഘടന പാലിച്ചെഴുതുന്നതും.
  4. ഏതെങ്കിലും അക്ഷരം വിട്ടുപോയിട്ടുണ്ടോ?  ഈ ചോദ്യം ചോദിക്കുമ്പോള്‍ ചിലപ്പോള്‍ കുട്ടികളുടെ കണ്ണില്‍ പെട്ടിട്ടുണ്ടാകില്ല. കുട്ടികള്‍ കണ്ടെത്തുന്നില്ല എങ്കില്‍ ദേ ഈ വാക്കില്‍ ഏതെങ്കിലും അക്ഷരം വിട്ടപോയിട്ടുണ്ടോ എന്ന് ഫോക്കസ് ചെയ്ത് ചോദിക്കുന്നതില്‍ തെറ്റില്ല. ഏത് കുട്ടിയാണ് അത് എഴുതിയതെന്ന് ഒരിക്കലും പരമാര്‍ശിക്കരുത്. 
  5. ഏതെങ്കിലും അക്ഷരം മാറിപ്പോയിട്ടുണ്ടോ? കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി ത യ്ക്ക് പകരം ന ആയിപ്പോയിട്ടുണ്ടോ?  എന്ന് ചോദിക്കാം. കുട്ടികളുടെ എഴുത്തിനെ ടീച്ചര്‍ സ്കാന്‍ ചെയ്തിരിക്കണം. എങ്കിലേ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാനാകൂ. ഇവിടെയും ആവശ്യമെങ്കില്‍ ഫോക്കസ് ചെയ്ത് ചോദിക്കാം. രൂപസാമ്യം, ഉച്ചാരണസാമ്യം, തിട്ടമില്ലായ്മ  ഇവ കാരണം അക്ഷരം  മാറിപ്പോകാം. ഉച്ചാരസ്വാധീനം മൂലമുള്ളത് ഉച്ചരിച്ച് ബോധ്യപ്പെടുത്തി തിരുത്തണം. സന്ധ്യക്ക് ചന്തയില്‍ പോയി സിന്ദൂരം വാങ്ങി എന്ന വാക്യത്തിലെ ന്ധ, ന്ത, ന്ദ എന്നിവയുടെ വ്യത്യാസം ഉച്ചരിച്ച് ബോധ്യപ്പെടാതെ ചന്തയ്ക്ക് ന്തയാണ് എന്ന രീതിയില്‍ കാണാപാഠമാക്കിയാല്‍ എഴുത്ത് ശരിയാകും ഉച്ചാരണം ശരിയാകില്ല.
  6. ഏതെങ്കിലും വാക്കില്‍ ചിഹ്നം വിട്ടുപോയിട്ടുണ്ടോ?
  7. ഏതെങ്കിലും വാക്കില്‍ ചിഹ്നം മാറിപ്പോയിട്ടുണ്ടോ? ഈ രണ്ട് ചോദ്യങ്ങളും ചോദിച്ച ശേഷം ശരിയായി ചിഹ്നം ചേര്‍ത്തവയ്ക്ക് ശരി അടയാളമിടാന്‍ ഒന്നോ രണ്ടോ കുട്ടികളെ ക്ഷണിക്കാവുന്നതാണ്. അതിന് ശേഷം ശരികിട്ടാത്തവ തിരുത്താനായി സന്നദ്ധരായ വേറെ രണ്ടുപേരെ ക്ഷണിക്കാം. എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് പറയിച്ച ശേഷമാകണം മെച്ചപ്പെടുത്തല്‍ 

 ഒരു ഘട്ടം കഴിയുമ്പോള്‍ കുട്ടികള്‍തന്നെ എഡിറ്റിംഗ് മാനദണ്ഡങ്ങള്‍ പറയണം. അങ്ങനെ സംഭവിക്കണമെങ്കില്‍ ഒരേ ക്രമത്തില്‍ എന്നും വിശകലനം നടത്തണം. ഇനി ഏത് കാര്യമാണ് പരിഗണിക്കേണ്ടത് എന്ന് അവരോട് ചോദിക്കുകയും വേണം.

രണ്ടാം ടേം കഴിയുമ്പോള്‍ ഏതെങ്കിലും വാക്ക് അധികമായി വന്നിട്ടുണ്ടോ? വാക്യത്തില്‍ ഏതെങ്കിലും വാക്ക് വിട്ട് പോയിട്ടുണ്ടോ എന്ന് ചോദിക്കണം. മൂന്നാം ടേമില്‍ ചിഹ്നന പരിഗണനയും എഡിറ്റിംഗിലേക്ക് കടന്നുവരും.

കൂട്ടെഴുത്ത് പത്രം, സഹവര്‍ത്തിത രചനകള്‍ എന്നിവയെല്ലാം പരസ്പരം എഡിറ്റ് ചെയ്യുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങളാണ്. സഹവര്‍ത്തിത പഠനസംഘങ്ങള്‍ രൂപീകരിച്ചുള്ള രചനാപ്രവര്‍ത്തനങ്ങളും എഴുത്ത് ഭാഷ മെച്ചപ്പെടുത്തുന്നതിനുള്ള രീതിയാണ്. 


ക്ലാസ് എഡിറ്റിംഗ് പ്രവർത്തനം കൃത്യമായി നടത്തുന്നതിൽ പ്രയാസം നേരിടുന്നുണ്ടോ?
എല്ലാവർക്കും ഒരുമിച്ച് ക്ലാസിലെ ബോർഡിൽ എഴുതാൻ കഴിയാത്ത അവസ്ഥയും ചിലരുടെ ഉയരത്തിനനുസരിച്ച് നമ്മുടെ ബോർഡുകൾ വഴങ്ങാത്തതും സ്വതന്ത്രമായി എഴുതാനുള്ള കുട്ടികളുടെ അവസരം നഷ്ടമാവുന്നതും ക്ലാസ് റൂമിൽ ഇനി പ്രതിസന്ധിയാവില്ല. എത്ര അളവിലും നമുക്ക് ക്ലാസിൻ്റെ ചുമരിൽ എഴുത്ത് പ്രതലം ഉണ്ടാക്കാം. 10 കുട്ടികൾക്ക് 45x200 Cm അളവിലുള്ള ഒരു black board Sticker മതിയാവും.  140 രൂപ മുതൽ ഇവ flipkart ലും Amazone ലും ലഭ്യമാണ്.  ആവശ്യത്തിനനുസരിച്ച് മുറിച്ചും സെറ്റ് ചെയ്യാവുന്നതാണ്. എഴുതുന്നവ മായ്ച്ച് വീണ്ടും ഉപയോഗിക്കാം. ഇവ ദീർഘകാലം ഈടു നിൽക്കും. നല്ല റേറ്റിംഗ് ഉള്ളവ വാങ്ങാൻ ശ്രദ്ധിക്കണേ..

No comments: