ആദ്യം കുട്ടികള്‍ പ്രവര്‍ത്തനങ്ങളില്‍ ലയിച്ചതിന്റെ ചിത്രങ്ങള്‍ കാണാം.
1
പ്രീസ്കൂളില്‍ പോയവര്‍ക്കും കത്രിക ഉപയോഗിക്കാനറിയില്ല. കുട്ടികള്‍ പാട്ട് ഇഷ്ടമായില്ലെന്നും പറഞ്ഞു, അവര്‍ വിലയിരുത്തിത്തുടങ്ങി, കഥാപാത്രങ്ങളോടും അവര്‍ക്ക് നിലപാടുണ്ട്. കൂമണ്ണ സ്കൂളിലെ ഉമ്മുല്‍ഖൈര്‍ ടീച്ചറുടെ കുറിപ്പ് വായിക്കാം
പാട്ടിനൊത്ത് താളം പിടിക്കാനായി കൂട്ടുകാരിൽ നിന്നും പെൻസിൽ വാങ്ങി
ഇന്ന് സൂക്ഷ്മ സ്ഥൂല പേശി വികാസത്തിനുള്ള ചക്കപ്പഴത്തിലേക്ക് വഴി കാണിക്കൽ കുട്ടികൾ തിനിച്ച് മുറിച്ചു. പല രീതിയിൽ വെട്ടിയവരുണ്ടായിരുന്നു
ചിലർ കത്രിക കൊണ്ട് പേപ്പർ റെഡിയാവാതെ വന്നപ്പോൾ കൈ കൊണ്ട് കീറിയെടുത്തു . റോഡ് 2 കഷ്ണമായെന്ന് പറഞ്ഞ് കരച്ചിൽ വക്കത്ത് വരെ എത്തി . ടീച്ചർ ഇടപെട്ടു 80 ശതമാനം പേരും കുഴപ്പമില്ലാതെ കത്രിക കൊണ്ട് തന്നെ മുറിച്ചെടുത്തു. ഫെല്ല മെഹക്ക് കത്രിക കൊണ്ട് മുറിക്കാൻ കഴിയാതെ വന്നപ്പോൾ എനിക്ക് ടീച്ചർ തന്ന കത്രിക മൂർച്ച കുറവാണെന്ന് പറഞ്ഞ് തിരികെ തന്നു . അവൾക്ക് മുറിക്കാൻ സഹായിച്ചത് സയാൻ ആയിരുന്നു. പശ തേച്ച് തനിയെ ഒട്ടിച്ചു
ചക്കപ്പഴപ്പാട്ട് ആദ്യ തവ കേട്ടപ്പോൾ തന്നെ ഇഷ്ട്ടമായി . ഇന്നലെ കഴിച്ച ചക്ക വിശേഷം പലരും പങ്കുവെച്ചു.
പാട്ടിനൊത്ത് താളം പിടിക്കാനായി കൂട്ടുകാരിൽ നിന്നും പെൻസിൽ വാങ്ങി 2 പെൻസിൽ ചേർത്ത് താളം പിടിച്ചു ഏറ്റു ചൊല്ലി
മഴ വന്നേ മഴ വന്നേ പാട്ട് ഇഷ്ട്ടമായില്ല എന്നു പറഞ്ഞു. ഏറ്റു ചൊല്ലാൻ പ്രയാസമായി തോന്നി
ടീച്ചറേ... ഇന്നലെ പാടിയ ഉരുണ്ടുരുണ്ടു പാട്ട് പാടിയാൽ മതി എന്നും പറഞ്ഞു
കഥയിലെ ചോദ്യങ്ങളോട് പ്രതികരിച്ചെങ്കിലും മാനിനേയും മുയലിനേയും തിനാൻ നിൽക്കുന്ന സിംഹത്തെ സഹായിക്കില്ല എന്നു പറഞ്ഞു
കൂമണ്ണ എൽപി എസ്
2
കുട്ടികള്‍ക്ക് പഠനകൗതുകമുണ്ടാക്കുക എന്നതാണ് പഠനത്തിലേക്കുള്ള പടവ്. പല പ്രവര്‍ത്തനങ്ങളിലും പഠനവെല്ലുവിളി ഉണര്‍ത്തുക എന്നത് വിസ്മരിക്കപ്പെടുന്നു. ഒന്നൊരുക്കത്തിലെ നിറം മാറുമോ എന്ന പ്രവര്‍ത്തനത്തെക്കുറിച്ച് വിന്‍സി ടീച്ചര്‍.
ചെയ്ത പ്രവർത്തനങ്ങളൊക്കെ കൃത്യമായി ചെയ്യിക്കാൻ കഴിഞ്ഞു.
കോഴിയമ്മയുടെ കഥ പോലെ ചെമ്പരുന്തിന്റെ കഥയും കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ടു. 23 കുട്ടികളും ചെമ്പരുന്തിന് നിറം കൊടുത്തു. കുട്ടികൾ വളരെ ഇഷ്ടത്തോടെ ചെയ്ത ഒരു പ്രവർത്തനമായിരുന്നു. മഴ വന്നേ മഴ വന്നേ എന്ന പാട്ടിൽ ഹായ് ഹായ് ഹോയ് ഹോയ് ഈ വരികൾ കുട്ടികൾക്ക് ഇഷ്ടപ്പെട്ടെങ്കിലും ബാക്കിയുള്ള വരികൾ പാടുന്നതിൽ കുറച്ചു ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പൂവിന് നിറം മാറുമോ? പ്രവർത്തനം വളരെ കൗതുകത്തോടെയാണ് കുട്ടികൾ ചെയ്തത്. ഈ പ്രവർത്തനം കുട്ടികളിൽ ജിജ്ഞാസ ഉണർത്തി. എല്ലാ പ്രവർത്തനങ്ങളും ഒരു ദിവസം ചെയ്യാൻ പറ്റിയില്ലെങ്കിലും ചെയ്ത പ്രവർത്തനങ്ങളൊക്കെ കൃത്യമായി ചെയ്യിക്കാൻ കഴിഞ്ഞു. ഗണിത പ്രവർത്തനങ്ങളായ വലുത് ചെറുത്, വട്ടത്തിൽ നിന്നും വട്ടത്തിലേക്ക് , പെ റുക്കാം അടുക്കാം തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാം വളരെ ആവേശത്തോടെ കൂടി തന്നെയാണ് കുട്ടികൾ ചെയ്തത്.
വിൻസി
മേപ്പയ്യൂർ LPS, കോഴിക്കോട്
3
പ്രവര്‍ത്തനങ്ങളെ സര്‍ഗാത്മകമായി വികസിപ്പിക്കുന്നതെങ്ങനെയെന്നതിന് നല്ല ഉദാഹരണമാണ് പരുന്തിന്റെ കാഴ്ചകള്‍ ചിത്രീകരിക്കാന്‍ അവസരം ഒരുക്കിയത്. കോഴിക്കോട് നിന്നുള്ള കുറിപ്പ്.
മാനത്തൂടെ പറക്കുന്ന പരുന്ത് എന്തൊക്കെ കാഴ്ചകൾ കണ്ടിരിക്കും
ചെമ്പരുന്തിന്റെ കഥ കുട്ടികൾ വളരെ താല്പര്യപൂർവം കേട്ടിരുന്നു. പാവം കോഴിക്കുഞ്ഞിനെയോർത്ത് സങ്കടപ്പെട്ട മുഖങ്ങൾ അത് ഒരു പാവക്കുട്ടിയാണെന്നറിഞ്ഞ് സന്തോഷിച്ചു... എങ്കിലും പാവം പരുന്ത്... അതിന് വിശക്കുന്നില്ലേ.. ഇനി എന്ത് ചെയ്യും എന്ന് ചോദിച്ച വിരുതന്മാരും ഉണ്ട് 😀. 24 കുട്ടികളും പരുന്തിനു നിറം നൽകി.. ശേഷം മാനത്തൂടെ പറക്കുന്ന പരുന്ത് എന്തൊക്കെ കാഴ്ചകൾ കണ്ടിരിക്കും എന്ന സ്വതന്ത്ര ചിത്രരചനയ്ക്കുള്ള പ്രവർത്തനം കൂടി നൽകി... ചില ചിത്രങ്ങൾ അദ്ഭുതപ്പെടുത്തുന്നവ യായിരുന്നു...1 കുട്ടിയ്ക്ക് വരയ്ക്കാൻ നല്ല പ്രയാസമുണ്ടായി.. എങ്കിലും അധ്യാപികയുടെ സഹായത്തോടെ പ്രവർത്തനം പൂർത്തിയാക്കി.മഴപ്പാട്ട് നല്ല രസകരമായിരുന്നു... ആദ്യ വരികൾ എല്ലാവരും സ്വന്തമായി പാടുന്നുണ്ട്... അവസാന വരികൾ കുറച്ച് പ്രയാസം നേരിട്ടു... പക്ഷെ ഓഡിയോയോടൊപ്പം താളമിട്ട് താത്പര്യത്തോടെ പാടി..ഗണിതത്തിലെ പ്രവർത്തനം വളരെ ആവേശത്തോടെ... മത്സരബുദ്ധിയോടെ ചെയ്തു. മുഴുവൻ പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞില്ല...
91 94969 19969
കോഴിക്കോട്
4
ചെയ്യുന്നത് ശരിയാകുമോ എന്ന് ചിന്തിക്കാത്തവരുണ്ടാകില്ല. കുട്ടികളുടെ കാര്യവും അങ്ങനെ തന്നെ. പൂര്‍ണ്ണത ഉടന്‍ ആവശ്യപ്പെട്ട് കുട്ടികളെ ചില അധ്യാപര്‍ സമ്മര്‍ദ്ദത്തിലാക്കും. ചിലര്‍ അത് ശരിയായില്ല എന്ന് കുറ്റം പറയും. എന്നാല്‍ ശിശുപക്ഷസമീപനക്കാര് സാരമില്ല. ഇത്രയും ശരിയാ. അടുത്ത തവണ നന്നാക്കാം എന്ന് പറയും. അല്ലെങ്കില്‍ ഇങ്ങനെചെയ്താലോ എന്ന് ചോദിക്കും. കൈത്താങ്ങാണ് കരുത്ത് എന്നറിയാവുന്ന ശ്രീജടീച്ചറുടെ കുറിപ്പ് വായിക്കൂ.
സാരല്യ എന്ന് ഞാനും..
ഇന്ന് പ്രവർത്തനങ്ങൾ മുഴുവനായില്ല പരിസ്ഥിതി ദിനാഘോഷ ത്തിന്റെ ഭാഗമായി പൂന്തോട്ടം ഉണ്ടാക്കി..
Attendance .. English acyivity . (നാളെ അഭിരാമി atrendance വിളിച്ചോളാം എന്ന് പറഞ്ഞിട്ടുണ്ട്.)
ചക്കപ്പഴത്തിലേക്ക് വഴി വെട്ടി ഒട്ടിക്കാൻ കത്രിക കൊടുത്തപ്പോൾ ആത്മീകയും റയാനും നല്ല കൃത്യമായി വെട്ടിയെടുത്തു. അവര്‍ വീട്ടിലും ഇങ്ങനെ ചിത്രങ്ങൾ വെട്ടിയെടുക്കാറുണ്ടത്രേ. ഇന്നലെ പൂവ് വെട്ടാൻ കത്രിക ചോദിച്ചവർ ഇന്ന് കൈ കൊണ്ട് കീറട്ടെ എന്ന് ചോദിച്ചു. കീറി മുറിച്ച പോലെ ഒക്കെ ആണ് വെട്ടിയെടുത്തത്... കുറച്ചു കീറി പോയിട്ടാ എന്ന് പറഞ്ഞു.. സാരല്യ എന്ന് ഞാനും.. 🙂
പ്രത്യേക പരിഗണന ആരവ് ന് ,വേറൊരു പേപ്പറും കത്രികയും കൊടുത്തു കുറച്ചു മാറ്റി ഇരുത്തിയാണ് മറ്റുള്ളവർക്ക് ചെയ്യാൻ ചാർട് കൊടുത്തത്.
ചില സന്ദർഭങ്ങൾ ഞാൻ ഫോട്ടോ, വീഡിയോ ഒക്കെ എടുക്കാൻ മറന്നു പോകും. അത്രക്കും busy ആകും..
*ഗ്ലാസ് അടുക്കി വയ്ക്കുന്ന കളി നല്ല ആവേശമായിരുന്നു.
Cwsn 2 കുട്ടികളെയും ഈ കളിയിൽ ഉൾപെടുത്താൻ സാധിച്ചു..
*സിംഹത്തിന്റെ, മാനിന്റെ മുയലിന്റെ ഒക്കെ കഥ കേൾക്കാൻ ഏറെ ഇഷ്ടം..
*പാട്ടുകൾ എല്ലാം സ്പീക്കറിൽ വച്ചു കൊടുത്തു കേൾപ്പിക്കയായിരുന്നു..
* parents ആരും ഫീഡ് ബാക്ക് ഗ്രൂപ്പിൽ പറയുന്നില്ല.
വീട്ടിൽ ചെന്ന് എന്നും അമ്മമാർ വിശേഷങ്ങൾ ചോദിക്കുന്നുണ്ട്, കഥ പറഞ്ഞു കൊടുക്കുന്നുണ്ട് എന്ന് കുട്ടികൾ എന്റെ അടുത്ത് വന്നു പറയും..
ശ്രീജ
Glps kunnamkulam.
5
ക്ലാസില്‍ നടക്കുന്ന കാര്യങ്ങള്‍ വീട്ടുകാരെ അറിയിക്കുന്ന സുഭിടീച്ചറുടെ മനസ്സ് നന്നായി കുട്ടികള്‍ക്കറിയാം. അതിനാല്‍ എല്ലാം ഡോക്യുമെന്റാക്കാന്‍ അവരും ആഗ്രഹിക്കുന്നു. ഒന്നൊരുക്കം മികച്ച ഡോക്യുമെന്റേഷനുള്ള അവസരം കൂടിയാക്കി മാറുകയാണ്.
ടീച്ചർ വീഡിയോ എടുക്കു ഞങ്ങൾ പറിക്കാം,
ടീച്ചറെ ഇന്നു നമ്മൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന കുരുന്നുകളുടെ ചോദ്യത്തിലൂടെ ആണ് ഞാൻ ക്ലാസ്സിലേക്ക് എത്തിയത്, വളരെ സന്തോഷത്തോടെ അവർ ഓരോ പ്രവർത്തനവും ഏറ്റെടുക്കാൻ തുടങ്ങി എന്ന് ഞാൻ മനസ്സിലാക്കി തുടങ്ങി,, പൂക്കളുടെ നിറം മാറുന്ന പ്രവർത്തനം ചെയ്യാനായി അതിൽ ഒരു വിരുതൻ ആണ് പൂക്കൾ കണ്ടെത്തിയത്, കൂട്ടുകാരെയും എന്നെയും കൂട്ടി പൂക്കൾ പറിക്കാൻ പോയി, അപ്പോഴേക്കും വന്നു കമന്റ് ടീച്ചർ വീഡിയോ എടുക്കു ഞങ്ങൾ പറിക്കാം, അങ്ങനെ പൂക്കളുമായി ക്ലാസ്സിൽ എത്തി എല്ലാം സെറ്റ് ചെയ്യുവാനയും കൂടെ കൂടി എല്ലാരും, തുടർന്ന് പരീക്ഷണം ചെയ്തു, ഓരോ ഇടവേളയിലും ഓടി ഓടി പോയി നോക്കും എന്താ മാറ്റം എന്ന്,,, ഉച്ചക്ക് ശേഷം ടീച്ചറെ ഓടി വാ നിറം മാറി എന്ന് പറഞ്ഞു എന്നെ വിളിച്ചു, അവർ തന്നെ വെള്ളത്തിൽ നിന്നും പൂക്കൾ എടുത്തു നോക്കി,,,,, ഞാൻ വീട്ടിൽ ചെന്ന് ഉജാലവെള്ളത്തിൽ ഇങ്ങനെ ചെയ്യും എന്ന് കൊച്ചുമിടുക്കാൻ പറഞ്ഞു,, വളരെ ആക്റ്റീവ് ആയി ക്ലാസ്സ് റൂമിന് മാറ്റി എടുക്കാൻ സാധിച്ചു, ഓരോ പ്രവർത്തങ്ങളും ഒരുപാട് സന്തോഷത്തോടെ അവർ ഏറ്റെടുക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം 🥰🥰🥰🥰
MDUPS വെള്ളാറ മേമല
സുഭി സുരേന്ദ്രൻ
6
ഭിന്നശേഷിയുള്ള കുട്ടികളെ തുടക്കം മുതൽ മറ്റു കുട്ടികൾ സഹായിക്കണം. ഗ്രൂപ്പ് പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ക്ലാസുകളിൽ ഇത് ഉയർന്ന തോതിൽ സംഭവിക്കും. ടീച്ചറുടെ ഉള്ളിൽ കരുതലുണ്ടാവുകയും വേണം.
ടീച്ചറും കുട്ടികളും സന്തോഷത്തിലാണ്.
*മൂന്നാം ദിവസം
എല്ലാ പ്രവർത്തനങ്ങളും ചെയ്യാൻ കഴിഞ്ഞു. കൈ കൊണ്ട് ഞൊടിക്കുന്നത് ശബ്ദക്കുറവ് ഉണ്ടായിരുന്നു. പക്ഷെ സന്തോഷത്തിൽ അവർ പാടി നടന്നു.
- അഡിനും ഭിന്നശേഷിയുള്ള 2 കുട്ടികൾക്കും കത്രിക പിടിക്കാൻ അറിയുന്നില്ല. ആയിഷയാണ് അവർക്ക് മുറിച്ചു നല്‍കിയത്.
ചക്കപ്പഴപ്പാട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഉച്ചനേരത്തും തന്തിനം പാടി നടന്നു.
വാർമഴവില്ല്- നിർമാണം എല്ലാവർക്കും ഇഷ്ടപ്പെട്ട പ്രവർത്തനമായി. സൂര്യനുദിച്ചു... തുടങ്ങിയ വരികൾ കുട്ടികൾക്ക് ബുദ്ധിമുട്ടായിരുന്നു.
സ്പോഞ്ചിന് ദാഹം-വായയില്ലാതെ വെള്ളം എങ്ങനെ കുടിക്കും ? അതുകൊണ്ട് ചെറിയ വായ ഉണ്ടാക്കി.
കപ്പിന്റെ പ്രവർത്തനം വളരെയധികം ഇഷ്ടപ്പെട്ടു എന്ന് കുട്ടികൾ തന്നെ പറഞ്ഞു.
എന്തായാലും ടീച്ചറും കുട്ടികളും സന്തോഷത്തിലാണ്.
ഇന്ന് 3 പാട്ട് കാണാതെ പാടാൻ ബുദ്ധിമുട്ടാണ്. അതിൽ കുറവ് വരുത്താമായിരുന്നു.
7
ക്ലാസിൽ കുട്ടികൾ 31 ലധികമാണെങ്കിൽ സമയബന്ധിതമായി പ്രവർത്തനങ്ങൾ തീരില്ല. അപ്പോൾ ചില പ്രവർത്തനങ്ങൾ ഒഴിവാക്കേണ്ടി വരാം. അങ്ങനെയുള്ള ക്ലാസുകളില്‍ ദിനാചരണപ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ വേണ്ടിവരും. കൂടുതല്‍ ഗ്രൂപ്പുകളുണ്ടാക്കി എല്ലാവര്ക്കും പങ്കാളിത്തം ഉറപ്പാക്കാനും ആലോചിക്കണം.
സമയം തികയാത്തതിന് കാരണങ്ങളുണ്ട്.
ഇന്ന് പരിസ്ഥിതി ദിന സന്ദേശത്തോടു കൂടി തുടങ്ങി. മഴപ്പാട്ടു പാടി. ചക്കപ്പാട്ട് നല്ല രസമായിരുന്നു. വഴി എല്ലാവർക്കും ഒട്ടിക്കണം.41 പേർക്കും വഴി വരച്ചു കൊടുക്കാൻ പ്രയാസമായതിനാൽ ബോർഡിൽ ചക്കയുടെ ചിത്രം വരച്ച് വഴി വരച്ചു കൊടുക്കാൻ എല്ലാവർക്കും അവസരം നൽകി പ്രശ്നം പരിഹരിച്ചു. സിംഹത്തിന്റെ കഥ പറഞ്ഞു. കാട്ടിലെ വിശേഷങ്ങൾ പറയാൻ വലിയ ഉത്സാഹമായിരുന്നു കുരുന്നുകൾക്ക്. മഴവില്ല് ഉണ്ടാക്കാമെന്ന് പറഞ്ഞപ്പോൾ അതിലേറെ ഉത്സാഹം. A4 ഷീറ്റിലാണ് മഴവില്ല് ഒട്ടിച്ചത്. ഇംഗ്ലീഷ് രണ്ട് ആക്ടിവിറ്റീസും ചെയ്തു. ഗണിതം, പരീക്ഷണം എന്നിവ ചെയ്യാൻ സമയം കിട്ടിയില്ല. പരിസ്ഥിതി ദിന പരിപാടികളും പെരുന്നാൾ പരിപാടികളും ഉണ്ടായതു കാരണമാണ് സമയം കിട്ടാതിരുന്നത്.
8
കുട്ടികള്‍ പ്രശ്നപരിഹാരകരാണ്. എങ്ങനെ ഓരോ പ്രശ്നത്തിനും അവരുടെതായ പരിഹാരം ഉണ്ടാകുന്നു എന്ന് നിരീക്ഷിക്കണം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട പഠനനൈപുണിയാണ് പ്രശ്നപരിഹരണശേഷി. നിരന്തരവിലയിരുത്തലിനായുള്ള നിരീക്ഷണം നടത്തുമ്പോഴാണ് ഇതൊക്കെ ശ്രദ്ധയില്‍പെടുക.
മുറിഞ്ഞുപോയ വഴിയും തെളിയിച്ചെടുത്ത വഴിയും
ഇന്ന് പരിസ്ഥിതി ദിനാഘോഷം ഉണ്ടായിരുന്നതിനാൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചില്ല.മഴ വന്നേ മഴ വന്നേ എന്ന ഗാനം വളരെ മനോഹരമായി അവതരിപ്പിച്ചു. ഹായ് .. .ഹായ്.. ഹോയ് ..ഹോയ്.. എന്ന് കുട്ടികൾ പാടി നടന്നു. ചക്കപ്പാട്ട് കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ടു .ചക്ക പഴുത്തില്ല പച്ചയായി വീട്ടിലുണ്ട് എന്ന് സ്റ്റെഫിന്റെ കമൻറ്. നല്ല മധുരം ടീച്ചർ, എനിക്കിഷ്ടമാ എന്നായി സൗരവ് .☺️
കുട്ടികളെ രണ്ട് ഗ്രൂപ്പ് ആയി തിരിച്ച് വഴി കണ്ടുപിടിക്കാം നിറം നൽകാം എന്ന പ്രവർത്തനം നൽകി. കത്രിക ഉപയോഗിച്ച് വെട്ടാൻ കുറച്ച് അധികം സമയം വേണ്ടിവന്നു .ഒരാൾ കൃത്യതയോടെ മുറിച്ചെടുത്തു .രണ്ടുപേർ മുറിച്ചപ്പോൾ വഴി മുറിഞ്ഞു പോയി പക്ഷേ അവർ അതിനെ ചേർത്ത് വെച്ച് ഒട്ടിച്ച് ചക്കയുടെ അടുത്തേക്ക് വഴി കാണിച്ചു. ചിത്രങ്ങൾക്ക് മനോഹരമായി കളർ നൽകി.പ്രവർത്തനത്തിന്റെ വീഡിയോയും ഫോട്ടോയും ക്ലാസ് ഗ്രൂപ്പിൽ നൽകി.
വാർമഴവില്ല് എന്ന പ്രവർത്തനത്തിൽ കഥ ശ്രദ്ധയോടെ കേട്ട് ചോദ്യങ്ങൾക്ക് പ്രതികരിച്ചു .സിംഹം മുയലിനെയും മാനിനെയും തിന്നാത്തതിനാൽ സിംഹത്തിനെ ഇഷ്ടപ്പെട്ടു. അതിനാൽ സിംഹത്തെ മഴവില്ല് ഉണ്ടാകാൻ സഹായിക്കാം എന്നായി. കരുതിയിരുന്ന സാമഗ്രികൾ ഉപയോഗിച്ച് മനോഹരമായി മഴവില്ല് എല്ലാവരും തയ്യാറാക്കി.🥰
വിജില വർഗ്ഗീസ്
ഗവ. യു പി എസ് ആഞ്ഞിലിപ്ര
9
ഇന്നലെ ബിന്ദുഷടീച്ചര് കോഴിക്കോട് നിന്ന് ഒരു വീഡിയോ അയച്ചുതന്നു. കട്ടിലില്‍ കമഴ്ന്ന് കിടന്ന് കുട്ടി ഏങ്ങലടിച്ച് കരയുന്നു. രക്ഷിതാവ് അതിന്റെ വീഡിയോ ടീച്ചര്‍ക്ക് നല്കി. എന്താ കരയാന്‍ കാരണം? വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പ്രിയപ്പെട്ട ക്ലാസില്‍ പോകാന്‍ പറ്റാത്തതിന്റെ വിഷമമാണ്. മൂന്ന് ദിവസംകൊണ്ട് കുട്ടികള്‍ എത്രമാത്രം ഒന്നാം ക്ലാസിനെ ഇഷ്ടപ്പെട്ടിരിക്കുന്നു, ക്ലാസിലെ അനുഭവം ആഹ്ലാദവും വിജയവും പങ്കാളിത്തമധുരവും ഉള്ളതാകുമ്പോള്‍ കുട്ടികള്‍ മടിച്ചിരിക്കില്ല. അശ്വതിടീച്ചറും സമാനമമായ അനുഭവമാണ് പങ്കിടുന്നത്.
ഒരു കുട്ടി പോലും ക്ലാസ്സിലേക്ക് വരുവാൻ മടി കാണിക്കുകയോ..ക്ലാസിൽ വന്ന് കരയുകയോ ചെയ്യുന്നില്ല.
മഴ വന്നേ മഴ വന്നേ മഴ വന്നേ മഴ വന്നേ.. എന്ന മഴപ്പാട്ട് പാടിക്കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്..
അതിനുശേഷം അധ്യാപിക ചോദിച്ച ചോദ്യങ്ങൾക്കെല്ലാം കുട്ടികൾ സ്വതന്ത്ര പ്രതികരണം നടത്തി..
വഴി കണ്ടുപിടിക്കാൻ നിറം നൽകാൻ എന്ന പ്രവർത്തനത്തിനു തൊട്ട്മുൻപുള്ള ചക്കപ്പഴപ്പാട്ട് കുട്ടികൾക്ക് വളരെ ഇഷ്ടമായി. എല്ലാവരും നന്നായി അഭിനയിച്ചു.... വഴി കാണിക്കുന്ന പ്രവർത്തനവും കുട്ടികൾക്ക് വളരെ ഇഷ്ടമായി..
വാർമഴവില്ല് കഥ അവതരിപ്പിച്ചപ്പോൾ പുല്ലുകൾ വകഞ്ഞു മാറ്റി ഒരാൾ വരുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ..സിംഹം പുലി എന്നിങ്ങനെ വിളിച്ചുപറഞ്ഞു..
പാട്ടുപാടി..
മഴവില്ല് നിർമ്മിച്ചു..
- ഒരാൾ മാത്രമാണ് ചെയ്യാനായി മടി കാണിച്ചിരുന്നത്..ആ കുട്ടി ഭിന്നശേഷി വിഭാഗത്തിൽ പെട്ടതാണ്..
സ്പോഞ്ചിന് ദാഹം
ഈ പ്രവർത്തനവും ഗ്രൂപ്പ് തലത്തിൽ നൽകിയതിനാൽ വാശിയോടെ തന്നെ കുട്ടികൾ പ്രവർത്തനം ചെയ്തു..
ഇന്ന് പരിസ്ഥിതി ദിനത്തിന്റെ പ്രവർത്തനങ്ങൾ കൂടി ഉണ്ടായിരുന്നതിനാൽ ഇത്രയും ചെയ്യാൻ സാധിച്ചുള്ളൂ..
ഒന്നാം ക്ലാസിൽ കുഞ്ഞുമക്കൾ വളരെ സന്തോഷത്തോടുകൂടിയാണ് എത്തുന്നത്..
കുട്ടികൾ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി താല്പര്യമുള്ളവർ ആയി തീർന്നിരിക്കുന്നു..
ഒരു കുട്ടി പോലും ക്ലാസ്സിലേക്ക് വരുവാൻ മടി കാണിക്കുകയോ..ക്ലാസിൽ വന്ന് കരയുകയോ ചെയ്യുന്നില്ല..
ഇപ്രാവശ്യത്തെ വിദ്യാപ്രവേശ് കഥ കേൾക്കാനും പാട്ടുപാടാനും കളിക്കാനും പേശി വികാസം സാധ്യമാകുന്ന തരത്തിലുള്ളതും കുട്ടികളുടെ നിലവാരത്തിന് യോജിക്കുന്നതും ആണ്
അശ്വതി
തൃശൂർ
10
കുട്ടികള്‍ക്ക് താല്പര്യമുണ്ടെങ്കില് പ്രവര്‍ത്തനങ്ങള്‍ വേഗം തീരുമെന്നാണ് ശ്രീജടീച്ചര്‍ പറയുന്നത്. താല്പര്യം ഉയര്‍ത്തുന്നതില്‍ അധ്യാപകരുടെ അവതരണരീതിയും പ്രോത്സാഹനവും നല്കുന്ന അംഗീകാരവും നിര്‍ണായകമാണ്. അതില്ലാത്ത ക്ലാസുകളില്‍ പ്രവര്‍ത്തനം ഇഴയും. ആസൂത്രണവേളയില്‍ത്തന്നെ ഇത്തരം കാര്യങ്ങളില്‍ കരുതലുണ്ടാകണം.
കുട്ടികൾ താല്പര്യത്തോടെ കൂടി ചെയ്യുമ്പോൾ പ്രവർത്തനങ്ങൾ കൂടുതൽ കൊടുക്കാനും വേഗത്തിൽ തീർക്കാനും കഴിയും
ആകെ-12 കുട്ടികൾ
ആദ്യ ദിവസങ്ങളിൽ പ്രവർത്തനങ്ങൾ ചെയ്തുതീർക്കാൻ കുറച്ച് പ്രയാസം അനുഭവപ്പെട്ടെങ്കിലും രണ്ടും മൂന്നും ദിവസങ്ങളിലെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പൂർത്തീകരിക്കാൻ കഴിഞ്ഞു. മീൻ നിർമ്മാണം, മഴവിൽ നിർമ്മാണം, പരുന്തിന് നിറം നൽകൽ എന്നിവയെല്ലാം കുട്ടികൾ വളരെ താല്പര്യത്തോടെ കൂടി പൂർത്തീകരിച്ച പ്രവർത്തനങ്ങളാണ്. കടലാസിൽ നിന്ന് പൂവിനെ കീറിയെടുക്കുക എന്ന പ്രവർത്തനം കുട്ടികൾ ചെയ്യുമോ എന്ന് സംശയം തോന്നിയിരുന്നു. എന്നാൽ മികച്ച രീതിയിൽ കുട്ടികൾ ആ പ്രവർത്തനവും പൂർത്തിയാക്കി. കഥ കേൾക്കാനും പാട്ടുപാടാനും അഭിനയിക്കാനും എല്ലാ കുട്ടികളും ഒരുപോലെ താൽപര്യം കാണിക്കുന്നുണ്ട്. കഥ പറയുമ്പോൾ ബാക്കി ഉണ്ടായേക്കാവുന്ന കഥ കുട്ടികൾ ഊഹിച്ചു പറയുന്നു. പാട്ട് കേട്ടതിൽ നിന്ന് ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരവും ലഭിക്കുന്നു. മൂന്നു ദിവസങ്ങളിലായി നടന്ന എല്ലാ പ്രവർത്തനവും കുട്ടികൾ വളരെ താല്പര്യത്തോടെ കൂടിയാണ് ഏറ്റെടുത്തു പൂർത്തീകരിച്ചത്. കുട്ടികൾ താല്പര്യത്തോടെ കൂടി ചെയ്യുമ്പോൾ പ്രവർത്തനങ്ങൾ കൂടുതൽ കൊടുക്കാനും വേഗത്തിൽ തീർക്കാനും അധ്യാപിക എനിക്കും വളരെ സന്തോഷം🥰
അധ്യാപിക - ശ്രീജ എം. എസ്
ഗവ.എൽ പി സ്കൂൾ മലയാറ്റൂർ.
അങ്കമാലി സബ് ജില്ല
എറണാകുളം
11.
ഔദ്യോഗികമായി മറ്റ് ചുമതലകള്‍ ചെയ്യേണ്ടിവരുന്നവരുണ്ടാകും. പ്രത്യേകിച്ചും പ്രഥമാധ്യാപകര്‍. അവര്‍ ഒരു ക്ലാസിന്റെ പൂര്‍ണ്ണച്ചുമതല ഏറ്റെടുത്താല്‍ ആഗ്രഹിക്കുന്ന രീതിയില്‍ എല്ലാം തീരില്ല. തൊട്ടുയര്‍ന്ന ക്ലാസിലെത്തുമ്പോള്‍ അതിന്റെ വാട്ടം കുട്ടികള്‍ക്കുണ്ടാകും. എന്താണ് പരിഹാരം? ക്ലാസ് ടീച്ചര്‍ സമ്പ്രദായത്തില്‍ അല്പം അയവ് വരുത്താം. പക്ഷേ പരിശീലനത്തില്‍ പങ്കെടുക്കണം. ടീം വര്‍ക്കും നടക്കണം. ഒന്നൊരുക്കം സമയമാനേജ്മെന്റിലുള്ള ട്രൈ ഔട്ട് കൂടിയാണ്. അതിന്റെ തിരിച്ചറിവുകള്‍ പ്രയോജനപ്പെടുത്താനാകണം.
സോപ്പ് ലായനിയിൽ കുമിള ഉണ്ടാകാൻ ബുദ്ധിമുട്ടായി
ഒന്നൊരുക്കം രണ്ടാമത്തെ ദിവസമാണ് സ്റ്റാർട്ട് ചെയ്തത്. മിന്നൽ, ഇടി audio കേൾപ്പിച്ചപ്പോൾ ഇടി യുടെ ശബ്ദം തിരിച്ചറിഞ്ഞെങ്കിലും മിന്നൽ തിരിച്ചറിയാൻ video കാണിച്ചു. കുമിള നിർമാണം കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിലും സോപ്പ് ലായനിയിൽ കുമിള ഉണ്ടാകാൻ ബുദ്ധിമുട്ടായിരുന്നു.പ്രവർത്തനങ്ങൾക്ക് സമയം തികയുന്നില്ല 2 പ്രവർത്തനം മാത്രമേ ഒരുദിവസം ചെയ്യാൻ പറ്റിയുള്ളൂ. Official ജോലി കൂടി ചെയ്തുതീർക്കാനുള്ളതുകൊണ്ടായിരുന്നു. എങ്കിലും കുഞ്ഞുങ്ങൾക്ക് ഏറെ രസകരമായിരുന്നു ഓരോ പ്രവർത്തനങ്ങളും..
ഷീബ
തിരുവനന്തപുരം
12
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരുന്നുണ്ട്. അത് സ്വാഭാവികമാണ്. ഒത്തിരി നൈപുണികള്‍ ഇടകലര്‍ന്നതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. അത്രയും സമയം വേണ്ടിവരുന്നത് നഷ്ടമായി കരുതേണ്ടതില്ല. അതനുസരിച്ച് മറ്റ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണം. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വരുന്ന ദിവസങ്ങളില്‍ മറ്റ് പ്രവര്‍ത്തനങ്ങളുടെ എണ്ണം കുറയ്കുന്നതും ആലോചിക്കാവുന്നതാണ്.
ഒന്നൊരുക്കം മൂന്നാം ദിവസം പിന്നിട്ടപ്പോൾ ഒന്നാം ക്ലാസുകാർ ഏറെ ആവേശത്തിലാണ്.
- മഴ നടത്തം എന്ന പ്രവർത്തനത്തിലെ മഴപ്പാട്ട് എല്ലാവരും പാടി അഭിനയിച്ചു.
- മീനിനെ നിർമ്മിക്കാനുള്ള പ്രവർത്തനത്തിൽ കുറച്ചധികം പിന്തുണ വേണ്ടി വന്നുവെങ്കിലും എല്ലാവരും അവരവരുടെ മീനിനെ നിറം നൽകി ഭംഗിയാക്കി ചാർട്ടിൽ ഒട്ടിച്ചു.
- കുമിള പറത്തൽ പ്രവർത്തനം അവർ ഏറെ ആസ്വദിച്ചു ചെയ്തു.
- കോഴിയമ്മയുടെയും കുഞ്ഞുങ്ങളുടെയും കഥ ക്ലാസ്സിൽ പറഞ്ഞുകൊടുത്തത് വീട്ടിൽ പോയി എല്ലാവരും രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. ക്ലാസ് ഗ്രൂപ്പിൽ കുറെ കുട്ടികൾ വീഡിയോ അയച്ചു തരികയും ചെയ്തു.
- ബലൂൺ വീർപ്പിക്കൽ ഒരു മത്സരമായി ഏറ്റെടുത്തപ്പോൾ കുറെ പേരുടെ ബലൂൺ പെട്ടെന്ന് പൊട്ടി. ബലൂണിന് നൂലുകെട്ടാൻ കുറച്ചുപേർ പ്രയാസപ്പെട്ടു. പ്രതീക്ഷിച്ചതിലും കൂടുതൽ സമയം ഈ പ്രവർത്തനത്തിന് ചിലവഴിച്ചു ഈ പ്രവർത്തനം കുട്ടികളെ ഏറെ ആകർഷിച്ചു.
- രണ്ടാം ദിനത്തിലെ നിറം മാറുന്ന പൂവ് എന്ന പ്രവർത്തനം കുട്ടികൾ ഗ്രൂപ്പായി ചെയ്തു. മഞ്ഞയും ചുവപ്പും ഫുഡ് കളർ ആയിരുന്നു ഉപയോഗിച്ചിരുന്നത്. വെള്ളപ്പൂവ് ചുവപ്പും മഞ്ഞയും ആയപ്പോൾ അവരുടെ കണ്ണുകളിൽ കൗതുകം വിടർന്നു.
- ചെടിയെ ഭംഗിയാക്കാനുള്ള പ്രവർത്തനത്തിൽ കുറച്ചുപേരുടെ ചെമ്പരത്തിപ്പൂവ് മുറിഞ്ഞു പോയെങ്കിലും ഭൂരിഭാഗം പേരും ശ്രദ്ധയോടെ ചെമ്പരത്തിപ്പൂ കൈകൊണ്ട് മുറിച്ചെടുത്ത് ചാർട്ടിൽ ഒട്ടിച്ചു.
- മൂവ് ആൻഡ് ഫ്രീസ്കളിയും ഹായ് ഹലോ കളിയും ആസ്വദിച്ചു. അക്കിടി പറ്റിയ പരുന്ത് എന്ന പ്രവർത്തനത്തിൽ എല്ലാവരും ഒരേപോലെ പങ്കാളികളായി.
- പരുന്തിന് നിറം നൽകി ഭംഗിയാക്കി.
- മൂന്നാം ദിനത്തിലെ മഴവില്ല് നിർമ്മാണം കുട്ടികൾ വളരെ ആവേശത്തോടെ ഏറ്റെടുത്തു. കത്രിക ഉപയോഗിച്ച് മഴവില്ലിന്റെ വർണ്ണങ്ങൾ കളർ എഫോറിൽ മുറിച്ചെടുക്കാൻ കുറച്ചുപേർ പ്രയാസപ്പെട്ടു.പിന്തുണയോടെ എല്ലാവരും ഗ്രൂപ്പുകളിൽ ഇരുന്ന് വ്യക്തിഗതമായി എ ഫോർ ഷീറ്റ് മഴവില്ല് ഒട്ടിച്ചു.ഈ പ്രവർത്തനത്തിനും പ്രതീക്ഷിച്ചതിൽ കൂടുതൽ സമയം വേണ്ടിവന്നു.
- സ്പോഞ്ചിനും ദാഹം എന്ന പ്രവർത്തനത്തിൽ സ്പോഞ്ച് വെള്ളം കുടിക്കുമോ എന്ന് ചോദിച്ചപ്പോൾ ക്ലാസ്സിലെ ഭൂരിഭാഗം കുട്ടികളും സ്പോഞ്ച് വെള്ളം കുടിക്കും എന്ന് ഊഹിച്ചു പറഞ്ഞു.ഇത് ഗ്രൂപ്പ് തലത്തിൽ ചെയ്തപ്പോൾ കുട്ടികൾ ഏറെ ആസ്വദിച്ചു. വഴി കണ്ടുപിടിക്കാൻ എന്ന പ്രവർത്തനവുംഗ്രൂപ്പ് തലത്തിൽ ചെയ്തു.
അശ്വതി പി പി
Gups.Tharuvana
വയനാട്
13
ഒന്നൊരുക്കത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ കുറിപ്പ്. ഓരോദിവസവും കഴിയുമ്പോള്‍ പ്രവര്‍ത്തനത്തിലേക്ക് കുട്ടികള്‍ വരുന്നു. ആദ്യദിനങ്ങളിലെ പ്രയാസവും കുറയുന്നു.തൻ്റെ ഗ്രൂപ്പിനെ ജയിപ്പിക്കാൻ ഉള്ള ഒരു ആവേശം അത് ഒന്നു വേറെ തന്നെ
ഒന്നും രണ്ടും ദിവസങ്ങളിലെ പ്രവർത്തനങ്ങൾ ചെയ്യാൻ വളരെ ബുദ്ധിമുട്ടി. മൂന്നാം ദിവസത്തെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ ചെയ്യാൻ കഴിഞ്ഞു. വിരലുകൾ കൊണ്ട് കൈയടിച്ചത് കുറച്ച് കുട്ടികൾക്ക് ബുദ്ധിമുട്ടായി തോന്നി. തുടർന്ന് വന്ന മഴ പാട്ടും ചക്ക പാട്ടും കുട്ടികൾക്ക് വളരെ ഇഷ്ടമായി. കുട്ടികളുടെ പേരിൽ നിന്നും ചക്കയിലേക് വഴി വരച്ചതും അവർക്ക് ഒത്രി ഇഷ്ടമായി. തനിയെ വെട്ടാനും പശ തേച്ച് ഒട്ടിക്കാനും നല്ല ഉത്സാഹം കാണിച്ചു.കഥ നന്നായി ആസ്വദിച്ചു. സിംഹവും മാനും ആകാശത്ത് കണ്ട മഴവിൽ ഒട്ടിച്ചു. സ്പോഞ്ചിനെ വെള്ളം കുടിപ്പിക്കാൻ അവർ നന്നായി പരിശ്രമിച്ചു. ഗ്ലാസ് എടുത്ത് കൊണ്ടുപോയി തൻ്റെ ഗ്രൂപ്പിനെ ജയിപ്പിക്കാൻ ഉള്ള ഒരു ആവേശം അത് ഒന്നു വേറെ തന്നെ ആയിരുന്നു. ഇന്ന് എല്ലാ പ്രവർത്തനവും നന്നായി ചെയ്തു. കുട്ടികൾ ആസ്വദിച്ച് ചെയ്തു.
Ghs aroor
Total students-9
Koothattukulam sub district
14
എങ്ങനെയാണ് ഒരു ടീച്ചര്‍ ആസ്വദിച്ച് അധ്യാപനം നടത്തുന്നത് എന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ ബിന്നിടീച്ചറുടെ ക്ലാസ് കാണാന്‍ പറയും. ഒന്നൊരുക്കത്തിന്റെ മൂന്ന് ദിവസങ്ങളിലയുെ കുറിപ്പുകള്‍ അതിന് ഉദാഹരണമാണ്. ഒന്നൊരുക്കം തുടങ്ങുന്നതിന് മുമ്പ് ടീച്ചര്‍ പറഞ്ഞു എന്റെ കുട്ടികള്‍ പ്രീപ്രൈമറി അനുഭവമില്ലാത്തവരാണ്. ഇതൊന്നും അവര്‍ ചെയ്യില്ല. പക്ഷേ കുട്ടികള്‍ ടീച്ചറെ അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് മൂന്നു ദിവസവും ക്ലാസില്‍ ഉണ്ടായത്. വളരെ വിശദമായി ടീച്ചര്‍ രക്ഷിതാക്കള്‍ക്ക് കുറിപ്പുകള്‍ ഇടുന്നു. രക്ഷിതാക്കളും പ്രതികരിക്കാന്‍ തുടങ്ങി. ഒന്നൊരുക്കത്തിന്റെ മിച്ച ഡോക്യുമെന്റേഷനായി ടീച്ചറുടെ കുറിപ്പുകള്‍ മാറുന്നുണ്ട്.
"കോഴി പൊരിക്കുന്നതിന് എൻ്റെ ഉമ്മ ഇടലുണ്ട് "
ജൂൺ 5
ഇന്ന് നാല് പ്രവർത്തനങ്ങളാണ് നടന്നത്.
- മഴത്തുള്ളിപ്പാട്ട് പാടി ആഘോഷമായാണ് തുടങ്ങിയത്.
- കോഴിയമ്മയുടെ കഥയും അവർ ഓർമ്മിച്ച് പറഞ്ഞു.
- പൂവിന് നിറം നൽകാം-ആദ്യ പ്രവർത്തനം പൂക്കൾക്ക് നിറം നൽകുന്ന പ്രവർത്തനമായിരുന്നു. പൂക്കളുടെ പേരുകൾ പറയുകയും അതിൽ വെളുത്ത പൂക്കൾ ഏത് എന്ന് പറയുകയും ചെയ്തു .റോസ ചെമ്പരത്തി , മല്ലിക ഇവയൊക്കെയാണ് എല്ലാവരും പറഞ്ഞത്. വെളുത്ത പൂവ് മല്ലികപ്പൂവാണെന്നും പറഞ്ഞു. പൂക്കൾക്ക് നിറം നൽകൽ വളരെ താല്പര്യപൂർവം ചെയ്തു. നന്ത്യാർ വട്ടപ്പൂവാണ് ഞാൻ കൊണ്ടു പോയിരുന്നത്. മണമില്ലാത്ത ഒരിനം . ആ പൂവിൻ്റെ പേരും പറഞ്ഞു കൊടുത്തു. അതിന് മണമില്ല എന്ന് മണത്തുനോക്കി തിരിച്ചറിയുകയും ചെയ്തു. ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങൾ നിർദേശിച്ചിരുന്നതിനാൽ വളരെ കൃത്യമായി 4 ഗ്രൂപ്പുകളും പ്രവർത്തനം ചെയ്തു. പൂവിൻ്റെ നിറം മാറുന്നുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിച്ചു. ഏകദേശം ഒരു മണിക്കൂറോളം കഴിഞ്ഞപ്പോൾ പൂവിൻ്റെ നിറം ശരിക്കും മഞ്ഞയും ചുവപ്പും ആയി മാറിയത് അവരെ ശരിക്കും അത്ഭുതപ്പെടുത്തി. ചുവന്ന നിറം കണ്ടപ്പോൾ "കോഴി പൊരിക്കുന്നതിന് എൻ്റെ ഉമ്മ ഇടലുണ്ട് " എന്ന് റുഫൈദ പറയുകയും ചെയ്തു. ചെയ്ത കാര്യങ്ങൾ ക്രമമായി പറയുകയും ചെയ്തു.
- അക്കിടി പറ്റിയ പരുന്ത്- രണ്ടാം പ്രവർത്തനം അക്കിടി പറ്റിയ പരുന്തിൻ്റെ കഥ. പരുന്ത് പറന്നിറങ്ങുന്നതും കോഴിക്കുഞ്ഞിനെ കൊണ്ടു പോകുന്നതും ഒക്കെ അഭിനയിച്ചു. പരുന്തിന് നിറം നൽകൽപ്രവർത്തനം ശരിക്കും എന്നെ അത്ഭുതപ്പെടുത്തി.നിറങ്ങൾ സ്വയം തെരഞ്ഞെടുത്ത് ഭംഗിയായി നിറം നൽകി. 3 പേർക്കു മാത്രമാണ് നിറം നൽകലിന് ഇനിയും പൂർണ്ണത വരേണ്ടത് എന്ന് തിരിച്ചറിഞ്ഞു. ഞാൻ ഉച്ച ഭക്ഷണത്തിന് തൊട്ടുമുമ്പാണ് ചിത്രം നൽകിയത്. ഞാൻ ഭക്ഷണം കഴിച്ചു വരുമ്പോഴേക്കും കുട്ടികൾ തനിയെ നിറം നൽകൽ പൂർത്തിയാക്കിയിരുന്നു.
- കല്ലുകൾ ക്രമീകരിക്കാം- മൂന്നാമത്തെ പ്രവർത്തനം വലുപ്പം കനം എന്നിവയും അടിസ്ഥാനത്തിൽ കല്ലുകൾ ക്രമീകരിക്കുന്നതായിരുന്നു. ആദ്യം ചെറിയ ആശയകുഴപ്പമുണ്ടായിരുന്നെങ്കിലും ട്രയൽ കഴിഞ്ഞപ്പോൾ ശരിയായി. വലിയ മത്സരബുദ്ധിയോടെ പ്രവർത്തനം പൂർത്തീകരിച്ചു. ആദ്യ പൂർത്തീകരിച്ച ഗ്രൂപ്പിന് ചോക്ക് സമ്മാനമായി നൽകുകയും ചെയ്തു. എല്ലാവരും പ്രവർത്തനത്തിൽ പങ്കെടുത്തു.
- Walk walk- നാലാമത്ത പ്രവർത്തനം ഇംഗ്ലീഷുമായി ബന്ധപ്പെട്ടതായിരുന്നു. Come on , stand in a Circle തുടങ്ങിയ ചെറിയ കാര്യങ്ങൾ ഇംഗ്ലീഷിൽ കേട്ടാൽ അവർ മനസ്സിലാക്കുന്നു എന്നത് സന്തോഷം തരുന്നു. വെള്ളത്തിൽക്കൂടിയും വഴുതുന്ന സ്ഥലത്തു കൂടിയും ചൂടുള്ള ഇടത്തു കൂടിയും ഒക്കെ നടക്കുന്നത് വളരെ തന്മയത്വത്തോടെ അവർ അഭിനയിച്ചു.
- സ്വതന്ത്രസമയം, 3 മണി മുതൽ 4 മണി വരെയും സമയം സ്വതന്ത്ര സമയമായി നൽകി. കൂടുതൽ പേരും ചിത്രം വരയ്ക്കുകയാണ് ചെയ്തത്. വളരെ ഇഷ്ടത്തോടെയും താല്പര്യത്തോടെയും കൂടിയാണ് കുഞ്ഞുങ്ങൾ ഓരോ ദിവസവും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.
ബിന്നി ഐരാറ്റിൽ
ജി ഡബ്ല്യു എൽ പി എസ് ബേള കാസറഗോഡ്
15
ഇതരസംസ്ഥാനക്കാരായ കുട്ടികള്‍ ഉള്ള ക്ലാസില്‍ കേരളത്തിന്റെ സാംസ്കാരികാനുഭവം അവരിലെത്തിക്കുക എന്നത് ഒരു പ്രശ്നമാണ്. ക്രിസ്റ്റീനടീച്ചര് അതാണ് ഉയര്‍ത്തുന്നത്. കുട്ടികളുടെ പ്രതികരണങ്ങളുടെ ചാരുത നഷ്ടപ്പെടാതെ ടീച്ചര്‍ എഴുതുന്നത് ടീച്ചറും ക്ലാസില്‍ കുട്ടിയായി മാറിയതിനാലാണ്. അത് പ്രധാനമാണ്. ഒന്നാം ക്ലാസില്‍ ടീച്ചറില്ല. കുട്ടികളേ ഉള്ളൂ.തീർത്ഥയ്ക്കും സിദ്ധാർത്ഥിനും പരുന്തിന്റെ നിറമെന്താണെന്നറിയില്ല.!
ഇന്ന് മൂന്നാം ദിനം
പരുന്തിന്റെ കഥ പറഞ്ഞ് ആരംഭിച്ചു. റാഞ്ചിക്കൊണ്ടുപോയത് കളിപ്പാവ കോഴിക്കുഞ്ഞാണെന്നറിഞ്ഞപ്പോ....പരുന്തിന് അമളി പറ്റിയെന്നറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം!😄 ചമ്മി നാണം കെട്ടുനിൽക്കണ പരുന്തിനെ കാണണോ എന്ന് ചോദിച്ചു. വേണം..... എന്ന് ഒരേ സ്വരത്തിലവർ. അങ്ങനെ പരുന്തിന്റെ ചിത്രം കാണിച്ചു. നോക്കട്ടെ ....ടീച്ചറെ.... കാണിച്ചേ ടീച്ചറേ..... പരുന്തിന്റെ മുഖത്തു നോക്കി അയ്യേ.... നാണം കെട്ട പരുന്തേ.... എന്ന് എയ്ൻ തെരേസ. എല്ലാർക്കും സ്വന്തമായി ഒരു പരുന്തിനെ കിട്ടിയപ്പോൾ സന്തോഷമായി. നിറം കൊടുത്താലോ ? എന്ന ചോദ്യത്തിന് നല്ല പ്രതികരണം. അപ്പോഴാണ് ഒരു പ്രശ്നം വന്നത്. ഒന്നല്ല രണ്ടു പ്രശ്നം.
- തീർത്ഥയ്ക്കും സിദ്ധാർത്ഥിനും പരുന്തിന്റെ നിറമെന്താണെന്നറിയില്ല.!
- ഒറീസക്കാരായ കുട്ടികൾക്ക് പരുന്തെന്താണെന്ന് മനസിലായുമില്ല.
പരുന്തിന്റെ ഒറിജിനൽ പടം സെർച്ചു ചെയ്തു കാണിച്ചു. പക്ഷേ അത്രയ്ക്ക് മനസിലായില്ല.
പിന്നീട് ചക്കപ്പഴത്തിന്റെ പാട്ട് പാടി. audio കുറേ തവണ കേൾപ്പിച്ചു. ഡസ്കിൽ താളമടിച്ച് പാടി. audio യുടെ കൂടെ പാടി.
ടീച്ചറേ... മഴേടെ പാട്ട് മതിയെന്നൊരാൾ.
പിന്നീട് ചാർട്ടിന്റെ നാലു മൂലകളിൽ ഒട്ടിച്ച കുട്ടികൾക്ക് വഴി കാണിക്കുന്ന പ്രവർത്തനമായിരുന്നു. വഴി വരച്ചു കിട്ടാൻ വല്യ ഉത്സാഹം. ഒട്ടിക്കാനതിലേറെയും..ഈ ക(തിക കേടാണോ ടീച്ചറേ...എനിക്കു വെട്ടാൻ പറ്റുന്നില്ല.: കൂട്ടത്തിലൊരാളുടെ സങ്കടം.
കൈ വഴങ്ങാത്ത അവനെ സഹായിച്ചു. കത്രിക മാറ്റിക്കൊടുത്തു. കത്രിക പിടിക്കേണ്ട വിധവും ചലിപ്പിക്കേണ്ട വിധവും സാവകാശം കാണിച്ചു മനസിലാക്കി.
ഒറീസക്കകാരോട് കട്ട്ഹൽ തിന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ചക്കപ്പഴത്തിന്റെ മധുരം അവരുടെ നാവിലുമെത്തി.
പിന്നെ വാർമഴവില്ലിന്റെ പാട്ടായി.... പടമായി. പക്ഷേ മഴവില്ലിന്റെ പ്രവർത്തനം പൂർത്തിയാക്കാനായില്ല.
പരിസര നടത്തത്തിനു പോയതിനാൽ സ്പോഞ്ചിനെ വെള്ളം കുടിപ്പിച്ചുമില്ല. എങ്കിലും ഇന്നത്തെ ദിവസവും മക്കൾ നന്നായി ആസ്വദിച്ചു.
ക്രിസ്റ്റീന ജേക്കബ്
ഗവ.എൽ.പി.എസ് കാട്ടാമ്പാക്ക്
കോട്ടയം
16
ക്ലാസ് മാനേജ്മെന്റിന്റെ പ്രശ്നം പരിഹരിക്കപ്പെടേണ്ടതുണ്ട്. മുപ്പതിനോനടുത്ത് കുട്ടികളുള്ള ക്ലാസില്‍ ഒരു പ്രവര്‍ത്തനം തീരാന്‍ എത്രസമയം വേണ്ടിവരും എന്ന് കുറിച്ച് വെക്കണം. പ്രവര്‍ത്തനത്തിന്റെ സ്വഭാവമനുസരിച്ചുതന്നെ. അതനുസരിച്ച് ടീച്ചിംഗ് മാന്വലില്‍ മാറ്റം വരുത്തേണ്ടിവരും. കൂടുതല്‍ കുട്ടികളുള്ള അധ്യാപകരുടെ കൂട്ടായ്മ ഉണ്ടാക്കുന്നതും ഗുണം ചെയ്യും. പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമാണ് ടീച്ചര്‍ ഉയര്‍ത്തുന്നത്.
ഇനിയും നൽകാനുള്ള പ്രവർത്തനങ്ങൾ കൂടി കൂടിവരികയാണ്.
ഒന്നൊരുക്കം രണ്ടാം ദിവസമാണ് തുടങ്ങിയത്..എനിക്കും എൻ്റെ സഹ അധ്യാപികയ്ക്കും 29 വീതം കുട്ടികളാണ് ഒന്നിൽ ഉള്ളത്.. രണ്ടോമൂന്നോ പ്രവർത്തനങ്ങൾ മാത്രമാണ് ഞങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയുന്നത്... ചെയ്യുന്ന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം ഉറപ്പാക്കി പിന്തുണ നൽകി പോകുമ്പോൾ ഇനിയും നൽകാനുള്ള പ്രവർത്തനങ്ങൾ കൂടി കൂടിവരികയാണ്... ഒന്നൊരുക്കത്തിൽ കുഞ്ഞുങ്ങളും രക്ഷിതാക്കളും സന്തുഷ്ടരാണ് ...
91 97443 51357:
തിരുവനന്തപുരം
17
തുടക്കം മുതല്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നതിന് ഊന്നല്‍ ലഭിക്കണം. സഹകരണാത്മകമായ ബന്ധം വളര്‍ത്തിയെടുക്കണം. അപ്പോള്‍ അവര്‍ സംതൃപ്തരാകും. ആ സന്തുഷ്ടിയെ പ്രയോജനപ്പെടുത്തി മുന്നേറാനും കഴിയും
നല്ല അഭിപ്രായമാണ് രക്ഷിതാക്കൾ പറഞ്ഞത്.
രണ്ടാം ദിവസമേ ഞങ്ങൾക്കും തുടങ്ങാൻ പറ്റിയിട്ടുള്ളൂ. കുട്ടികളും രക്ഷിതാക്കളും സന്തുഷ്ടരാണ്. രക്ഷിതാക്കളോട് ക്ലാസിനെ പറ്റിയുള്ള അഭിപ്രായങ്ങൾ മെസ്സേജ് അയക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു .നല്ല അഭിപ്രായമാണ് രക്ഷിതാക്കൾ പറഞ്ഞത്. കഥ പറഞ്ഞുകൊടുത്ത ശേഷം കുട്ടികളോട് ആ കഥ തിരിച്ചു പറയാൻ ആവശ്യപ്പെട്ടു. അവർ സ്വന്തം ഭാഷയിൽ ആ കഥ തിരിച്ചു പറഞ്ഞു തന്നു. വീട്ടുകാരോടും പോയി കഥ പറഞ്ഞു കൊടുക്കണം എന്നു പറഞ്ഞത് വീട്ടിലും ചെയ്തു എന്ന് രക്ഷിതാക്കൾ പറഞ്ഞു. കുമിള പറത്തിയ പ്രവർത്തനത്തിൽ ചിലരുടെ വായിലെങ്കിലും സോപ്പ് വെള്ളത്തിൻറെ അംശം വീണത് ഒരു ചെറിയ ടെൻഷനുളവാക്കി. ഉടനെ വായ കഴുകി വന്നതുകൊണ്ട് വേറെ കുഴപ്പമൊന്നും ഉണ്ടായില്ല.
+91 72930 14968:
തിരുനന്തപുരം
18
കുട്ടികള്‍ വീട്ടില്‍ച്ചെന്ന് വിശേഷങ്ങള്‍ പറയണമെങ്കില്‍ അവര്‍ അത്രയ്ക് ആസ്വദിച്ചിട്ടുണ്ടാകണം. ആസ്വദിച്ച് പഠിക്കുന്നതിനുള്ള അടിത്തറയിടലായി ഒന്നൊരുക്കം
വീട്ടിൽ ചെന്നു വിശേഷങ്ങൾ പറഞ്ഞു
ജൂൺ മൂന്നാം തീയതി മുതൽ ഞാൻ എന്റെ ക്ലാസ്സിൽ ഒന്നൊരുക്കം സന്നദ്ധതാ പ്രവർത്തനങ്ങൾ തുടങ്ങി. എന്റെ കുഞ്ഞുങ്ങൾ വളരെ താല്പര്യത്തോടെയാണ് ഇത് വരെയുള്ള പ്രവർത്തനം ഏറ്റെടുത്തത്. മഴ നടത്തവും, മഴപ്പാട്ടും അവർക്കു ഒരുപാട് ഇഷ്ടമായി. വീട്ടിൽ ചെന്നു വിശേഷങ്ങൾ പറഞ്ഞത് വളരെ ഇഷ്ടത്തോടെയായിരുന്നുവെന്ന് പേരെന്റ്സ് പറഞ്ഞു. മഴച്ചിത്രത്തിൽ ഒരാൾ വഴിയിലെ ചെളിയാണ് വരച്ചത്. നിർമാണ പ്രവർത്തനത്തിൽ മീൻ നിർമിക്കാൻ 2 പേർക്ക് കുറച്ചു പ്രയാസം ഉണ്ടായി. പരീക്ഷണം ചെയ്തപ്പോൾ എല്ലാവർക്കും കുമിള വന്നില്ല. കുമിള വരാൻ കുറച്ചു താമസം ഉണ്ടായി. അതുപോലെ ചെമ്പരത്തി പൂവ് കീറിയെടുക്കാൻ ഒരാൾക്ക് മാത്രമേ പറ്റിയുള്ളു. English, maths പ്രവർത്തനവും ചെയ്തു. Module ൽ തന്നിരിക്കുന്ന ക്രമത്തിലാണ് ഞാൻ ക്ലാസ്സിൽ ഇത് ചെയ്യുന്നത്.
ടിന്റുമോൾ
ചെങ്ങന്നൂർ സബ്ജില്ല
19
ചുണക്കുട്ടികളായ ഒന്നാം ക്ലാസുകാരെക്കുറിച്ചാണ് അനുപമടീച്ചര്‍ പറയുന്നത്. എല്ലാവരും ചുണയുള്ളവര്തന്നെ അവര്‍ക്ക് അത് പ്രകാശിപ്പിക്കാനുള്ള സ്വാതന്ത്ര്യവും സ്നേഹവും അവസരവും ക്ലാസില്ഡ ഉണ്ടാകണമെന്നുമാത്രം. കുട്ടികള്‍ ഇപ്പോഴും കേട്ട് പഴകിയ കഥകളിലാണ് എന്ന സൂചനയും കുറിപ്പിലുണ്ട്. പുതിയ കഥകളുടെ ലോകത്തേക്ക് നയിക്കാന്‍ വായനോത്സവും വഴിയൊരുക്കട്ടെ.
മറ്റുള്ളവരെയും സഹായിക്കാനുള്ള ശ്രമം കണ്ടപ്പോൾ സന്തോഷം തോന്നി.
ഒന്നാം ക്ലാസ്സിലെ ഒന്നാം ദിനം വളരെ സന്തോഷം നിറഞ്ഞതായിരുന്നു. ചുണക്കുട്ടികളായ കുറെ കുഞ്ഞുമക്കളാണ് എത്തിയിരിക്കുന്നത് എന്തിനും ആവേശത്തോടെ ഓടി എത്തുന്നവർ. മഴപ്പാട്ട് താളത്തിൽ പാടാനും, ചെറുത് വലുത് തിരിച്ചറിഞ്ഞു കളിക്കാനും ബലൂൺ വീർപ്പിക്കാനും അവർ തന്നെ മുന്നിട്ടിറങ്ങി. ബലൂൺ വീർപ്പിക്കുന്നതിൽ സൗപർണിക മിടുക്കി ആയിരുന്നു, ആദ്യം തന്നെ തന്റെ ബലൂൺ വീർപ്പിച്ച ശേഷം മറ്റുള്ളവരെയും സഹായിക്കാനുള്ള ശ്രമം കണ്ടപ്പോൾ സന്തോഷം തോന്നി. മില്ല്യാൻ വീർപ്പിച്ച വലിയ ബലൂൺ ആണ് കോഴിയമ്മയുടെയും കുഞ്ഞുങ്ങളുടെയും കളിക്ക് എടുത്തത്. കോഴിയമ്മയുടെയും മക്കളുടെയും കഥ അവതരിപ്പിക്കാൻ കഥ ഇഷ്ടം ആണെന്ന് ചോദിച്ചപ്പോൾ കുറേ കഥകൾ അവർ തന്നെ പറഞ്ഞു തന്നു അതിൽ ആനയുടെയും തയ്യല്‍ക്കാരന്റെയും കഥയും മുന്തിരി കിട്ടാതെ പോയ കുറക്കന്റെയും കഥ ഉണ്ടായിരുന്നു. ഒന്നാം ക്ലാസ്സ് ഒന്നാന്തരം തന്നെ 💖🙏
അനുപമ എം
ചെങ്ങന്നൂർ സബ്ജില്ല
20
കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒന്നാം ക്ലാസുകളാണ് ചോറ്റുപാറയിലുളളത്. രക്ഷിതാക്കളെ വിശ്വാസത്തിലെടുക്കുന്നത് കുട്ടികളുടെ പ്രകടനങ്ങള്‍ കൊണ്ടാണ്. എല്ലാദിവസവും വിശദമായ കുറിപ്പുകളാണ് ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ അവര്‍ പങ്കിടുന്നത്. അതിന്റെ ഫലം ക്ലാസില്‍ പ്രതിഫലിക്കും. അധ്യാപകരുടെ ആത്മവിശ്വാസം കൂടിക്കൊണ്ടിരിക്കുന്നതുകൊണ്ടാണ് രക്ഷിതാക്കള്‍ക്കുള്ള കുറിപ്പും വലുതായിക്കൊണ്ടിരിക്കുന്നത്
ഓരോ ദിവസത്തെയും പ്രവർത്തനങ്ങളുടെ കുറിപ്പ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യുന്നു.
ഇടിയുടെയും മഴയുടെയും ഓഡിയോ കേൾപ്പിച്ചപ്പോൾ കുട്ടികൾക്ക് അത് എന്താണെന്ന് വേഗത്തിൽ തിരിച്ചറിയാൻ കഴിഞ്ഞു. തുടർന്ന് നടത്തിയ മഴപ്പാട്ടും അഭിനയവും എല്ലാം വളരെ ഭംഗിയായി കുട്ടികൾ ചെയ്തു. മഴപ്പാട്ട് എല്ലാ കുട്ടികളും തന്നെ ഇതിനോടകം കാണാതെ പഠിക്കുകയും ചെയ്തു. മഴയുടെ ചിത്രം വരയ്ക്കാനും നിറം നൽകാനും ഒക്കെ ഏറെ താല്പര്യമായിരുന്നു. ചിത്രം വരയ്ക്കാൻ പറഞ്ഞപ്പോൾ ആദ്യം അറിയില്ല എന്ന് പറഞ്ഞെങ്കിലും കൂട്ടുകാരുടെ ചിത്രം വര കണ്ടപ്പോൾ എല്ലാവരും വളരെ പെട്ടെന്ന് തന്നെ വരയ്ക്കുകയും ചെയ്തു. മഴത്താളം ഉണ്ടാക്കലും മഴനടത്തം (അഭിനയിക്കലും) എല്ലാം കുട്ടികൾ നന്നായി ചെയ്തു. മുൻപിൽ പിൻപിൽ എന്നിവ കുട്ടികൾക്ക് വളരെ പെട്ടെന്ന് മനസ്സിലായി. എന്നാൽ വലത് ഇടത് എന്നീ നിർദ്ദേശങ്ങൾ രണ്ടുമൂന്നു തവണ പറഞ്ഞു കൊടുക്കേണ്ടതായി വന്നു. അതുപോലെ മീൻ നിർമ്മിക്കാനുള്ള പ്രവർത്തനം കുട്ടികൾ വളരെ താല്പര്യത്തോടെ പൂർത്തിയാക്കി. 5 കുട്ടികൾക്ക് ഈ നിർമ്മാണത്തിൽ പിന്തുണ ആവശ്യമായി വന്നു. പരുന്തിന്റെ കഥ കുട്ടികൾ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. തുടർന്ന് പരുന്തിന് നിറം നൽകി ഭംഗിയാക്കുകയും ചെയ്തു. നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും (പരീക്ഷണങ്ങളും കളികളും കഥയും പാട്ടും) കുട്ടികൾ വീട്ടിൽ ചെന്ന് പറയുകയും ചെയ്യുന്നുണ്ട്. ഓരോ ദിവസത്തെയും പ്രവർത്തനങ്ങളുടെ കുറിപ്പ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യുന്നു. വളരെ ആശങ്കയോടെയാണ് ഒന്നൊരിക്ക പ്രവർത്തനങ്ങളുമായി ക്ലാസിലേക്ക് കടന്നതെങ്കിലും ടീച്ചർ നൽകുന്ന ഓരോ പ്രവർത്തനങ്ങളും കുട്ടികൾ വളരെ താല്പര്യത്തോടെ ഏറ്റെടുത്ത പൂർത്തിയാക്കുമ്പോൾ ആത്മവിശ്വാസവും കൂടുതൽ കാര്യങ്ങൾ ചെയ്യിപ്പിക്കാൻ ഉള്ള താല്പര്യവും ഉണ്ടാകുന്നു. ഇതുവരെ നൽകിയ എല്ലാ പ്രവർത്തനങ്ങളും വളരെ ഭംഗിയായി പൂർത്തിയാക്കാൻ സാധിച്ചു.
Bindu MB
RPMLPS CHOTTUPARA
ഇടുക്കി.
21
ഒരു പുതിയപ്രവര്‍ത്തനം ക്ലാസില്‍ നല്‍കുന്നതിനുമുമ്പ് അധ്യാപകര്‍ അത് ചെയ്ത് നോക്കണം. അങ്ങനെ ചെയ്യാത്തവരുടെ ക്ലാസില്‍ പൂക്കള്‍ക്ക് നിറം മാറിയില്ല. സോപ്പുുമിള ഉണ്ടായില്ല. സ്പോഞ്ച് വെള്ളം കുടിച്ചില്ല. അത്തരം പരാജയങ്ങളുടെ തിരിച്ചറിവുകള്‍ മുന്നോട്ട് നയിക്കട്ടെ. പ്രസന്നടീച്ചര്‍ ക്ലാസില്‍ രക്ഷിതാക്കള്‍ വന്ന് അതിശയിച്ച കാര്യം പങ്കിടുന്നുണ്ട്. ക്ലാസിലെ പഠനോല്പന്നങ്ങള് ആകര്‍ഷകമായി ക്രമീകരിക്കാനും ഒന്നൊരുക്കം അവസരം നല്കുന്നു. ക്ലാസ് റൂം ലേ ഔട്ട് ചെറിയ കാര്യമല്ല
ഇത് അവർ ഒറ്റയ്ക്ക് ചെയ്തതാണോ എന്ന് ചോദിച്ച് അവർ അദ്ഭുതപ്പെട്ടു.
ഇന്നലെ നടക്കാതെ പോയ walk walk എന്ന activity യും കുമിള പറത്താം എന്ന പ്രവർത്തനവും ഇന്ന് ചെയ്തു. കുമിള പറത്തൽ കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നീട് മഴപ്പാട്ട് ഓഡിയോ വെച്ച് ഒപ്പം പാടി അഭിനയിച്ചു. പിന്നെ വഴി കണ്ടു പിടിക്കാം എന്ന പ്രവർത്തനം ആയിരുന്നു. മത്സരം ആയിട്ടാണ് അത് ചെയ്തത്. നല്ല ആവേശത്തിൽ കുട്ടികൾ ഇതിൽ പങ്കെടുത്തു. ഞാൻ വിചാരിച്ചതിലും ഭംഗിയായി ഈ പ്രവർത്തനം അവർ ചെയ്തു. കുട്ടികൾ കത്രിക ഉപയോഗിച്ച് കൃത്യമായും വൃത്തിയായും വെട്ടുന്നുണ്ട്. 👌🏻 പശ ആവശ്യത്തിന് മാത്രം എടുത്ത് ഒട്ടിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. കൂട്ടായ പ്രവർത്തനം ഗ്രൂപ്പിൽ നടക്കുന്നുണ്ട്. ചിലർ മാറി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു. എങ്കിലും ഇടപ്പെട്ട് അവരെക്കൂടി പ്രവർത്തനത്തിൽ ഉൾപെടുത്തുവാൻ സാധിച്ചു. സ്പോഞ്ചിൽ വെള്ളം ഒഴിച്ചപ്പോൾ സ്പോഞ്ച് വെള്ളം കുടിച്ചില്ല. പുതിയ സ്പോഞ്ച് ആയിട്ടാണെന്ന് തോന്നുന്നു. ഈ പ്രവർത്തനം വിചാരിച്ചതു പോലെ ഫലം കണ്ടില്ല. അവസാനം പോകാൻ നേരം 10 minute കൊണ്ടാണ് Rhythmic movement ചെയ്തത്. സമയം തികഞ്ഞില്ല. ഇന്ന് കുറച്ചു parents ക്ലാസ്സിൽ വന്നു പ്രവർത്തനങ്ങൾ കണ്ടു. വഴി ഒട്ടിക്കുമ്പോഴാണ് അവർ വന്നത്. ഇത് അവർ ഒറ്റയ്ക്ക് ചെയ്തതാണോ എന്ന് ചോദിച്ച് അവർ അദ്ഭുതപ്പെട്ടു. Yes. അവർക്ക് കഴിയുമല്ലോ 😄. അവരും അപ്പോഴാണ് തിരിച്ചറിയുന്നത് കുട്ടികൾക്ക് ഒറ്റയ്ക്ക് ഇതൊക്കെ ചെയ്യാൻ കഴിയുമെന്ന്. 😄
ഇന്ന് ചെയ്യേണ്ടിയിരുന്ന 3 പ്രവർത്തനങ്ങൾ കൂടി ചെയ്യാൻ സമയം തികഞ്ഞില്ല. അതുകൊണ്ടു തന്നെ ഇന്ന് കുറച്ചു സന്തോഷം കുറച്ചു സങ്കടം.
പ്രസന്ന എ.പി
ജി.എൽ.പി.എസ് പലകപ്പറമ്പിൽ
മങ്കട, മലപ്പുറം
22
ആറന്മുളയിലെ സുമി ടീച്ചര്‍ ഈ വര്‍ഷം ഞങ്ങള്‍ പൊളിക്കും എന്നാണ് പറയുന്നത്. സചിത്രനോട്ട് ബുക്ക് അവതരിപ്പിച്ച വര്‍ഷം കോഴഞ്ചേരിയില്‍ നടത്തിയ ഒന്നാം ക്ലാസുകാരുടെ വാര്ഷികസംഗമത്തില് ടീച്ചര്‍ ക്ലാസിലെ എല്ലാ കുട്ടികളെയും കൊണ്ടുവന്ന് നടത്തിയ വിസ്മയപ്രകടനം ഓര്‍മ്മയിലുണ്ട്. ആ ആത്മവിശ്വാസമാണ് ഈ വര്‍ഷത്തെ ഓരോ ദിനവും വിജയദിനമായിരിക്കും എന്ന് പ്രഖ്യാപിക്കാന്‍ കാരണം. അഭിവാദ്യങ്ങള്‍
ഈ വർഷം ഞങ്ങൾ പൊളിക്കും
ഒന്നൊരുക്കത്തിന് ഒന്ന് ഒരുങ്ങി വരാൻ ഞാൻ ഒരു ദിവസം താമസിച്ചു . രണ്ടുദിവസത്തെ പ്രവർത്തനം പൂർത്തിയായി മൂന്നാം ദിവസത്തെ പ്രവർത്തനം പൂർത്തിയായിട്ടില്ല. 🌈രണ്ട് ദിവസത്തെ പ്രവർത്തനങ്ങളെ പറ്റി പറയുകയാണെങ്കിൽ വളരെ മികച്ചത്. കുട്ടികളുമായി കൂട്ട് കൂടാൻ പറ്റി.
🌈അംഗൻ വാടിയിലും, ആശാട്ടിമാരുടെയും അടുത്ത് പോകാൻ മടി കാണിച്ച കുട്ടികൾ താല്പര്യത്തോടെ സ്കൂളിൽ വരുന്നു. അവരുടെ ടീച്ചർ (ഞാൻ )അടിപൊളി ആണത്രേ😉. ഒരു വിരുതൻ പറഞ്ഞതാണ്.
🌈രണ്ട് ദിവസത്തെയും കഥകൾ വളരെ താല്പര്യത്തോടെ കേട്ടിരുന്നു. മുഖത്ത് വിരിയുന്ന ഭാവങ്ങളോ നവരസങ്ങൾ മൊത്തം വന്നു. എന്റെ അധ്യാപന ജീവിതത്തിൽ ഇത്ര ശ്രദ്ധയോടെ കുട്ടികൾ കഥ കേട്ടിരിക്കുന്നത് കണ്ടിട്ടില്ല. പിറ്റേ ദിവസം കഥ കുട്ടികൾ പറഞ്ഞപ്പോൾ തൃപ്തിയായി. ലക്ഷ്യം നേടിയിരിക്കുന്നു.
🌈 കുമിള പറത്താം പ്രവർത്തനം വളരെ മികച്ചത്. മതിയാക്കാം എന്ന് പറഞ്ഞപ്പോൾ പോരാന്നു. പരസ്പരം സഹകരിച്ചു കുട്ടികൾ കുമിള പറത്തിയത് സന്തോഷം ഉളവാക്കി. ആരിലും മത്സരം കണ്ടില്ല പരസ്പരം സഹായിച്ചു😇. ഇതിനിടയിൽ വിമർശനങ്ങളും ഉണ്ട്. ടീച്ചർ പഞ്ചസാരയിൽ കുളിപ്പിച്ചിട്ടാണ് അത്രേ ഒരു വിരുതന് കുമിള കിട്ടാത്തത്.😂.
🌈 വേടന്റെ പാട്ടൊക്കെ പാടുന്നവരുടെ അടുത്ത് മഴപ്പാട്ടും മഞ്ഞുതുള്ളി പാട്ടും എങ്ങനെ കൊണ്ടുപോകും എന്നൊരു ആശങ്കയുണ്ടായിരുന്നു. എന്നാൽ അതും വിജയം. 😊
🌈ഏതായാലും ഞാനും എന്റെ കുട്ടികളും ഹാപ്പി. ഈ വർഷം ഞങ്ങൾ പൊളിക്കും.🌈
SUMI. V
GSNVLPS, ULLANNUR
ARANMULA
23
ഒന്നൊരുക്കം മൂന്നാം നാൾ പ്രവർത്തനങ്ങൾ ആരംഭിച്ചത് നിറം മാറുമോ പൂക്കൾക്ക് 🌼🌸🌷❓ നന്ത്യാർവട്ടം പൂക്കൾ രണ്ട് നിറത്തിലുള്ള വെള്ളത്തിൽ മുക്കിയപ്പോൾ തന്നെ പൂക്കളുടെ നിറം മാറി. കുട്ടികൾക്ക് കൗതുകം തോന്നി. അവരുടെ മുഖത്തെ സന്തോഷവും, നിറഞ്ഞ ആഹ്ളാദവും കണ്ടപ്പോൾ എനിക്കേറേ സന്തോഷമായി. കുട്ടികൾ എല്ലാവരും മഴപ്പാട്ട് കൈ കൊട്ടി പാടി അതിൽ ചിലർ കാലുകൾ ചവിട്ടി താളം പിടിക്കുന്നുണ്ടായിരുന്നു. തുടർന്ന് പരിസ്ഥിതി ദിന പ്രവർത്തനങ്ങളിൽ എന്റെ മക്കൾ കിയാം കിയാം കുരുവി ഞാനൊരു കിയാം..
എന്ന കുട്ടിപ്പാട്ടിൽ പല ചെടികളായി മാറി ഒരാൾ കുഞ്ഞിക്കുരുവി ആയി മഴക്കാലത്ത് താമസിക്കാൻ വാസസ്ഥലം അന്വേഷിച്ചു നടക്കുന്ന കുഞ്ഞിക്കുരുവിക്കും, താമസിക്കാൻ ഇടം നൽകിയ വാഴക്കും, കാറ്റും, മഴയും വന്നപ്പോൾ താമസിക്കാൻ ഇടം നൽകാത്ത പേരാ, മാവ്, പ്ലാവ്, തേക്ക്, പുളി, നെല്ലി, ആഞ്ഞിലി ഇവർക്കെല്ലാവർക്കും സ്ക്കൂളിൽ നിന്നും പെൻസിൽ സമ്മാനവും നൽകി. എനിക്ക് ഏറേ അഭിമാനം തോന്നി വെറും രണ്ടു ദിനത്തെ ഒഴിവു സമയം കൊണ്ട് ഇവരെ എനിക്ക് ഇത്രയും ആക്കാൻ കഴിഞ്ഞു ഈ ഒരു വർഷം കൊണ്ട് ഞാൻ മനസ്സിൽ ആഗ്രഹിക്കുന്ന കുറച്ച് സ്വപ്നങ്ങൾ ഉണ്ട് അത് ഇവരിലൂടെ പൂവണിയിക്കാൻ സാധിക്കും എന്നെനിക്കുറപ്പായി🌷🌸🌼
ജെസ്സി ഡോമിനിക്ക്
എസ്. എൻ.വി. എൽ.പി.എസ്, തുമ്പോളി,
ആലപ്പുഴ.
24
ഒന്നൊരുക്കം പ്രവർത്തനങ്ങൾ എല്ലാം തന്നെ കുട്ടികൾ ആവേശപൂർവ്വം ഏറ്റെടുത്തു.
കുട്ടികൾക്ക് പ്രയാസം നേരിട്ട ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ
- താളം 1, 2, 3, 4 താളത്തിനൊത്ത് പാടാൻ എല്ലാവർക്കുംകഴിഞ്ഞില്ല. ആരെല്ലാമെന്ന് എനിക്ക് കണ്ടെത്താൻ കഴിയുന്നില്ല.(Tr ൻ്റെ താളബോധത്തിൻ്റെ പ്രശ്നവുമുണ്ട്. അത് മനസ്സിലായത് ഓഡിയോ ഇട്ട് കൊടുത്ത് അവതരിപ്പിച്ചപ്പോഴാണ് )
- ചെടിയെ ഭംഗിയാക്കാം. ഭംഗിയുള്ള ചെമ്പരത്തി പൂക്കൾ പ്രതീക്ഷിച്ച എനിക്ക് തെറ്റി.ഞാൻ കരുതിയത് ഇപ്പോൾ എല്ലാവരും നല്ല രീതിയിൽ കീറി തരുമെന്നാണ് . കീറി വന്നപ്പോൾ പലർക്കും ചെമ്പരത്തി പൂവില്ല .ചെറിയപേപ്പർ തുണ്ടുകൾ മാത്രം😭
- കുറഞ്ഞ സമയത്തിനുള്ളിൽ വ്യക്തിഗതമായി കുട്ടികളെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.
രണ്ടാം ദിവസത്തെ പ്രവർത്തനം നടക്കുന്നതേ ഉള്ളൂ. (വിദ്യാഭ്യാസ ബന്ദ് ദിവസം പ്രവർത്തനങ്ങൾ നടന്നില്ല)
എല്ലാവരും പതുക്കെ പോണേ. പ്രവർത്തനങ്ങൾ ഒഴിവാക്കി പോകാൻ എനിക്ക് കഴിയില്ല.
കുട്ടികൾ സന്തോഷത്തിലാണ്. എനിക്ക് പ്രത്യേകത തോന്നിയ ചില കാര്യങ്ങൾ കുറിക്കട്ടെ.
- മഴ നടത്തത്തിനുശേഷമുള്ള വാചിക അവതരണത്തിൽ - തണുത്തു വിറച്ചു, വലത്തോട്ട് കാറ്റടിച്ചു, രണ്ടു പേർ ചേർന്ന് കുടയിൽ പോയി എന്നിങ്ങനെ കുട്ടികൾ പറഞ്ഞത് അരവത് ശ്രദ്ധിക്കുന്നതിൻ്റെ തെളിവല്ലേ.
- മീനിനെ നിർമ്മിക്കുന്നത് ഞാൻ തന്നെ എല്ലാവർക്കും മടക്കി കൊടുക്കേണ്ടി വരും എന്ന മുൻവിധിയോടെയാണ് പോയത് പക്ഷേ 10 കുട്ടികൾക്കേ സഹായിക്കേണ്ടി വന്നുള്ളൂ. 20 കുട്ടികൾ തനിയെ ചെയ്തു. വാലും ചിറകും കണ്ണും വായും ചെതുമ്പലും വരച്ചു ചേർക്കുകയാണ് ചെയ്തത്.മീനിൽ നിന്ന് വേറിട്ടു നിന്ന ചിറകും വാലുമൊക്കെ ഉണ്ടായിരുന്നുഎങ്കിലും കുട്ടി വര ഓരോന്നും മികച്ചതായിരുന്നു. കുമിള പറത്താം.
- പ്രശ്നം കുട്ടികളിൽ നിന്നു തന്നെ വന്നു. ഈർക്കിൽ ത്രികോണാകൃതിയിൽ ആക്കിയപ്പോൾ മിഷിത പറഞ്ഞു ടീച്ചറേ കുമിള എപ്പോഴും റൗണ്ടിൽ തന്നെയല്ലേ എന്ന്. അതു കേട്ട ചില മിടുക്കർ അത് തിരുത്തി 'അല്ല ത്രികോണത്തിലും ചതുരത്തിലുമുള്ള കുമിള വരും എന്നായി.
- കോഴിയമ്മയുടെ വായിൽ കുരുങ്ങിയ നൂലിൻ്റെ മറ്റേ അറ്റത്ത് പന്ത്, ബലൂൺ, ഒച്ച്, ആമ, എന്നിവ പറഞ്ഞു. ബലൂൺ വീർപ്പിച്ച് ഒറ്റയ്ക് തന്നെ കെട്ടാൻ അഭിരാമിയ് ക്ക് കഴിഞ്ഞു.അവൾ മറ്റുള്ളവരെ സഹായിച്ചു
- ബലൂൺ വീർപ്പിച്ച ചില വീരന്മാർ അതുകെട്ടിയപ്പോൾ അതിൻ്റെ കാറ്റ് പോയി. വീണ്ടും അഴിച്ച് വീർപ്പിച്ചു. നാലഞ്ച് കുട്ടികൾക്ക് വീർപ്പിക്കാൻ കഴിഞ്ഞില്ല.
- ചെമ്പരത്തിപൂവ് കൈ കൊണ്ട് മുറിച്ചെടുക്കാൻ പ്രയാസപ്പെട്ടു . വീട്ടിലിരുന്ന് കീറി പരിശീലിക്കാൻ നിർദ്ദേശം നൽകി.
- വെള്ള പൂവിനെ നിറം മാറ്റാൻ പെയിൻ്റ് അടിച്ചാ മതിയെന്ന് എൻ്റെ കുരുന്നുകൾ. ഇന്നലെ വെള്ളത്തിലിട്ടു വച്ചിരുന്ന പൂക്കൾ തിങ്കളാഴ്ച അഴുകി പോയിട്ടുണ്ടാകുമോ? അതോ നിറം മാറിക്കാണുമോ?
- ചെയ്ത കാര്യങ്ങൾ വാചിക മായി അവതരിപ്പികാൻ കഴിയുന്നുണ്ട്. ഓരോരുത്തരായി പറയുമ്പോൾ വിട്ടു പോയ ഭാഗം മറ്റു കുട്ടികൾ കൂട്ടിച്ചേർത്ത് പറയുന്നു
സൗമ്യ എസ് നായർ
കൊട്ടാരക്കര ഠൗൺ യു പി എസ്
ആദ്യദിനം അല്പം പ്രയാസം നേരിട്ടു. അവധി കാലത്തിനുശേഷംവിദ്യാലയത്തിലേക്ക് കടന്നു വന്നതിന്റെ ഒരു കാലതാമസം മാത്രമായിരുന്നു അതെന്ന് പിന്നീട് എനിക്ക് മനസ്സിലായി മഴ നടത്തം ആരംഭിച്ചപ്പോൾ അതുവരെ ഇല്ലാതിരുന്ന ഒരു സന്തോഷവും താല്പര്യവും കുട്ടികളിൽ കാണാനിടയായി. ഓരോ പ്രവർത്തനത്തിനും നല്ല രീതിയിൽ തന്നെ കുട്ടികൾ പ്രതികരിക്കുന്നുണ്ട് മഴപ്പാട്ടും ആംഗ്യം കാണിക്കലുംവളരെ ഭംഗിയായി തന്നെ കുട്ടികൾ ചെയ്യുന്നു മീൻ നിർമ്മിക്കുന്നതിനും നിറം നൽകുന്നതിനും മറ്റു നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒക്കെ കുട്ടികൾക്ക് സാധിക്കുന്നുണ്ട് വളരെ കുറച്ചുപേർക്ക് തനിയെ പേപ്പർ മടക്കാനും പേപ്പർ കീറി എടുക്കുന്നതിനും ചെറിയ രീതിയിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട് .
പക്ഷേ മറ്റ് ഗ്രൂപ്പ് അംഗങ്ങൾ അവരെ സഹായിക്കുന്നതായി ഞാൻ മനസ്സിലാക്കി ചെറിയ രീതിയിൽ കൈത്താങ്ങ് അധ്യാപിക നൽകുന്നുണ്ട് എന്നാൽ കേമന്മാരായ മറ്റു ചിലർക്ക് ആകട്ടെ അധ്യാപികയുടെ സഹായം ഒന്നും വേണ്ട.ചോദ്യങ്ങൾക്ക് എല്ലാംവളരെ നന്നായി അവർ പ്രതികരിക്കുന്നുണ്ട്.കഥ പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ അക്കിടി പറ്റിച്ച കളിപ്പാട്ടത്തെ കുറിച്ച് കുട്ടികൾ പറഞ്ഞു.ഇതുവരെയുള്ള പ്രവർത്തനങ്ങൾ നന്നായി തന്നെ അവർ ആസ്വദിക്കുന്നുമുണ്ട് ചെയ്യുന്നുമുണ്ട്.അവരുടെ താൽപര്യം കാണുമ്പോൾ എനിക്കും അതിയായ സന്തോഷവും അതിലേറെ സംതൃപ്തിയും അനുഭവപ്പെടുന്നുണ്ട്
അദ്ധ്യാപിക: ദീപ പി. വി.
ഗവ യു . പി. എസ്. പീച്ചാനിക്കാട്
അങ്കമാലി സബ്ജില്ല
ആകെ കുട്ടികൾ - 16
വീഡിയോകൾ '
കുടുതൽ ചിത്രങ്ങൾ
No comments:
Post a Comment