ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, June 15, 2019

പൊതുവിദ്യാലയങ്ങളിൽ നിശ്ശബ്ദവസന്തം


പൊതുവിദ്യാലയങ്ങൾ മാറുകയാണ്. സർക്കാർ സ്കൂളുകൾ രണ്ടാംതരം പൗരന്മാരെയാണ് സൃഷ്ടിക്കുന്നതെന്ന പൊതുബോധത്തിനും വലിയ മാറ്റം വന്നിരിക്കുന്നു. സർക്കാർ, എയ്ഡഡ് സ്കൂളുകൾ അടച്ചുപൂട്ടലിന്റെ മുനമ്പിലായിരുന്ന കാലത്തുനിന്ന് കേരളം അതിവേഗം ബഹുദൂരം മുന്നേറി എന്നു വ്യക്തമാക്കുന്നതാണ് സർക്കാരിന്റെ ആറാം പ്രവൃത്തിദിന കണക്കെടുപ്പ്.
ഈ വർഷം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ 1.63 ലക്ഷം വിദ്യാർഥികളാണ് കൂടുതൽ ചേർന്നിട്ടുള്ളത്. ആകെയുള്ള 37.16 ലക്ഷം വിദ്യാർഥികളിൽ 11.69 ലക്ഷം സർക്കാർ മേഖലയിലും 21.58 ലക്ഷം എയ്ഡഡ് മേഖലയിലുമാണ്. അൺ എയ്ഡഡിൽ 3.89 ലക്ഷം കുട്ടികളുണ്ട്. ഈവർഷം 38,000 കുട്ടികളാണ് അൺ എയ്ഡഡിൽ കുറഞ്ഞത്. പൊതുവിദ്യാലയങ്ങൾ തിരിച്ചുപിടിക്കുകയെന്ന സർക്കാർനയം വലിയ വിജയം നേടിയിരിക്കയാണെന്ന പ്രകടമായ സൂചനയാണിത്. മൂന്നുവർഷം പിന്നിട്ട പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് മികച്ച ഫലം കണ്ടുതുടങ്ങി എന്നർഥം.
ആഗോളീകരണത്തിന്റെ ഭാഗമായി തൊണ്ണൂറുകളുടെ തുടക്കംമുതൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തഴച്ചുവളർന്നതോടെ സർക്കാർ നേരിട്ടുനടത്തുന്ന പൊതുവിദ്യാലയങ്ങൾ ദൈന്യത്തിന്റെ പ്രതീകങ്ങളായി മാറി.
പൊട്ടിപ്പൊളിഞ്ഞ, നല്ല ബെഞ്ചും ഡെസ്കുമില്ലാത്ത, നല്ല ശൗചാലയങ്ങളില്ലാത്ത, വലിയ വിജയങ്ങളില്ലാത്ത, മലയാളംമാത്രം സംസാരിക്കുന്ന, സമരങ്ങൾ നടക്കുന്ന ഇടമെന്ന പ്രതിച്ഛായയായിരുന്നു പൊതുവിദ്യാലയങ്ങളുടേത്. സമരങ്ങളില്ലാത്ത, ഇംഗ്ലീഷ് സംസാരിക്കുന്ന, വലിയ സൗകര്യങ്ങളും വലിയ ഫീസും വാങ്ങുന്ന സ്വകാര്യ സ്കൂൾ സംരംഭങ്ങൾക്ക് മുന്നിൽ പൊതുവിദ്യാലയം എന്നത് പരാജയത്തിന്റെ പ്രതീകമായി. അതാണ് ഇപ്പോൾ പഴങ്കഥയായി മാറിയത്.
പൊതുവിദ്യാലയം എന്നത് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന യത്നമാണ് ഇവിടെ വിജയം കണ്ടത്. ഏതു സ്വകാര്യ വിദ്യാലയത്തോടും കിടപിടിക്കാൻ ശേഷിയുള്ള ഒന്നായി പൊതു വിദ്യാലയത്തെ മാറ്റിയെടുക്കാൻ കഴിയുമെന്ന് തെളിയിക്കാനായത് സർക്കാരിന്റെ നിശ്ചയദാർഢ്യം തന്നെയാണ്. വിദ്യാഭ്യാസരംഗത്ത് ഒരു നിശ്ശബ്ദ വിപ്ലവത്തിനുതന്നെയാണ് ഇതു വഴിയൊരുക്കിയിരിക്കുന്നത്. കേരളത്തിന് എന്തുകൊണ്ടും അഭിമാനിക്കാവുന്ന നേട്ടമാണിത്.
പരീക്ഷാഫലത്തിലും പൊതുവിദ്യാലയങ്ങൾ നല്ലമാറ്റം കാഴ്ചവെക്കുന്നുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിൽ സർക്കാർ, എയ്ഡഡ് മേഖലയിൽ 2017-829 വിദ്യാലയങ്ങൾ 100 ശതമാനം വിജയം നേടിയപ്പോൾ 2018-ൽ അത് 1176-ഉം 2019-1312 -ഉം ആയി വർധിച്ചിട്ടുണ്ട്. തീർത്തും മത്സരാധിഷ്ഠിതമായ ലോകത്ത് പൊതുവിദ്യാലയങ്ങൾക്ക് കൈവന്ന ഈ നവോന്മേഷം നിലനിർത്തുകയെന്നത് പ്രധാനമാണ്. പൊതുജന പങ്കാളിത്തവും തദ്ദേശസ്ഥാപനങ്ങളുടെ സക്രിയമായ ഇടപെടലും ഇതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതു തുടർന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.
അടിസ്ഥാനസൗകര്യങ്ങൾ വളർത്തിയെടുക്കാൻ ആവശ്യമായ നിക്ഷേപം പൊതുവിദ്യാലയങ്ങളിൽ അനിവാര്യമാണ്. കമ്പോളത്തിലെ ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്താനാവില്ല. ഭാവിയുടെ നിക്ഷേപമാണ് അവിടെ നടക്കുന്നത്. പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുകയെന്നത് വിദ്യ നേടാനുള്ള ഏതൊരു വിദ്യാർഥിയുടെയും അവകാശം സംരക്ഷിക്കുക എന്നതുതന്നെയാണ്. അതു പണംകൊടുത്ത് വിദ്യ വാങ്ങാൻ ശേഷിയുള്ളവർക്ക് മാത്രമായിക്കൂടാ. സമൂഹത്തെ ആഴത്തിൽ വിഭജിക്കുന്നതിനു മാത്രമേ അതു വഴിയൊരുക്കൂ. പൊതുവിദ്യാലയങ്ങൾ സംരക്ഷിച്ചെങ്കിൽമാത്രമേ ഈ വിഭജനത്തിന്റെ മുറിവുകൾ നമുക്ക് തുടച്ചുനീക്കാനാവൂ. സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആ വഴിയിലെ മാർഗദീപമായി മാറട്ടെ.
(14 Jun 2019,  ന് മാതൃഭൂമി എഴുതിയ എഡിറ്റോറിയല്‍ ആണിത്)

 

Monday, June 10, 2019

ഭൂമിശാസ്ത്ര ലാബ് -പുതുവര്‍ഷത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന സംരംഭം


 കഴിഞ്ഞ വര്‍ഷം ശാസ്ത്രപാര്‍ക്ക് അപ്പര്‍ പ്രൈമറി വിദ്യാലയങ്ങളെ സജീവമാക്കി.
പ്രവര്‍ത്തനാധിഷ്ഠിത പഠനത്തില്‍ വലിയൊരു ഇടപെടലായിരുന്നു അത്. മലപ്പുറത്തെ ലേണിംഗ് ടീച്ചേഴ്സ് എന്ന അധ്യാപകക്കൂട്ടം വികസിപ്പിച്ച ശാസ്ത്രപഠനേപകരണങ്ങള്‍ കേരളമാകെ വ്യാപിപ്പിക്കാന്‍ സര്‍വശിക്ഷാ അഭിയാന്‍ മുന്‍കൈയെടുത്തു. ഇപ്പോള്‍ അടുത്ത മേഖലയിലേക്ക് ലേണിംഗ് ടീച്ചേഴ്സ് കാല്‍വെച്ചിരിക്കുന്നു. ദേശീയ നിലവാരപഠനത്തിലും മറ്റും കുട്ടികള്‍ പിന്നാക്കമാകുന്ന വിഷയമാണ് സാമൂഹിക ശാസ്ത്രം. അതില്‍ തന്നെ ജ്യോഗ്രാഫിയുമായി ബന്ധപ്പെട്ട ആശയങ്ങള്‍ സ്വാംശീകരിക്കാന്‍ കുട്ടികള്‍ ഏറെ പ്രയാസപ്പെടുന്നു. അധ്യാപകര്‍ക്കും വേണ്ടത്ര അധ്യാപനതൃപ്തി അനുഭവിക്കാനാകുന്നില്ല. ഈ പ്രശ്നത്തെയാണ് മനോജും സംഘവും അഭിസംബോധന ചെയ്തത്. അപ്പര്‍ പ്രൈമറി , സെക്കണ്ടറി തലങ്ങളില്‍ പ്രയോജനപ്പെടുത്താവുന്ന മുപ്പതോളം ഉപകരണങ്ങള്‍ അവര്‍ വികസിപ്പിച്ചു. അതിന്റെ വിശദദാംശങ്ങളാണ് മനോജ് കുറിക്കുന്നത്. അതു വായിക്കാം,
"സൗരയൂഥാശയങ്ങളുടെ ഫലപ്രദമായ വിനിമയങ്ങളിൽക്ലാസ് മുറികളിലെ പരാജയങ്ങൾ എന്തുകൊണ്ട് ? പരിഹാരങ്ങൾ എന്തെല്ലാം?
ഒരു ശരാശരി പ്രൈമറി അധ്യാപകനായ എന്നെ പല വർഷങ്ങളായി നിരന്തരം വേദനിപ്പിച്ചു പോന്ന ഒരു പ്രശ്നമായിരുന്നു ഇത്.
ആകാശഗോളങ്ങളോടുള്ള ഇഷ്ടം കൊണ്ടാവാം ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ  ഒരു അവസരം SCERT യുടെ സഹായത്തോടെ ലഭിച്ചപ്പോൾ ആവേശത്തോടെ സ്വീകരിച്ചു
കഴിവിന്റെ പരമാവധി ആത്മാർത്ഥമായി ഈ project പ്രവർത്തനവുമായി മുന്നോട്ടു പോയി.
ഒരു വ്യക്തിക്ക് നിലനിൽക്കുന്ന പരിമിതികളെല്ലാം മറികടക്കാൻ എന്റെ പ്രിയപ്പെട്ട ലേണിംഗ് ടീച്ചേഴ്സ് കൂട്ടായ്മ ഒന്നടങ്കം പിന്തുണയുമായി ഈ പ്രവർത്തനത്തോടൊപ്പം കൂട്ടുനിന്നു.

വിഷയത്തോടുള്ള ആത്മബന്ധം കൊണ്ടുതന്നെ പരമാവധി മെച്ചപ്പെടുത്താൻ സ്വയം പ്രയത്നിച്ചാണ് project പ്രവർത്തനo നിർവഹിച്ചതും ഉപകരണങ്ങൾ രൂപകല്പന ചെയ്തതു പ്രബന്ധo തയ്യാറാക്കിയതും  അവതരിപ്പിച്ചതും

അദ്യ കണ്ടെത്തൽ മുതൽ അവസാനം വരെ ആവേശം തന്ന ഈ പ്രൊജക്റ്റ് . 9 മാസങ്ങൾ കൊണ്ട് രൂപപ്പെട്ട യൂണിവേഴ്സൽ പാരലൽ Earth , Solstice and SeasonDemonstrator ഉൾപ്പെടെ യുള്ള 28 ഉപകരങ്ങളുടെ പ്രവർത്തന വിജയം നൽകിയ ഊർജ്ജവും ആവേശവും പറഞ്ഞറിയിക്കാനാവുനതല്ല.
പല രാത്രികളെയും പകലാക്കിയ അധ്വാനങ്ങൾ വിരലുകൾക്ക് നൽകിയ കടുത്ത വേദനകളെ മറക്കാൻ ഉപകരണങ്ങളുടെ പ്രവർത്തന വിജയം മതിയായിരുന്നു

ഇന്ന് ഏറെ ചാരിതാർത്ഥ്യത്തോടെ പറയാം 
നമ്മുടെ class മുറികൾ നേരിടുന്ന സൗരയൂഥശയങ്ങളുമായി ബന്ധപ്പെട്ട വിനിമയ പ്രശ്നങ്ങൾക്ക് അധ്യാപകരെ കൃത്യമായി സഹായിക്കാൻ ഈ 28 ഉപകരണങ്ങൾക്ക് കഴിയും.
ഈ മേഖലയിലെ ആശയ വിനിമയത്തിൽ നിലനിൽക്കുന്ന പ്രതിബന്ധങ്ങൾക്ക് ഇവയൊരു ശാശ്വത പരിഹാരമാണ് -

പുതുതായി രൂപകൽപന ചെയ്ത ഉപകരണങ്ങളായതു കൊണ്ടു തന്നെ പുതിയ നാമകരണവും വേണ്ടി വന്നു - ഒരു പക്ഷേ ഇന്നതെ സാങ്കേതിക പദാവലിയിൽ അതിഥികളായി വരും നാളുകളിൽ എന്നെങ്കിലും എഴുതിച്ചേർത്തേക്കാവുന്ന ഏതാനും വാക്കുകൾ !!!

ഇത് ഞാൻ ചെയ്ത പ്രൊജക്റ്റ്, എന്ന് പറയുന്നതിനേക്കാൾ നല്ലത് - പ്രൊജക്റ്റ് മനോജിനെ ക്കൊണ്ട് ചെയ്യിച്ച പ്രവൃത്തി എന്ന്  മാറ്റി പറയുന്നതാവും ഈ വിജയത്തെ സൂചിപ്പിക്കാൻ കൂടുതൽ ഉചിതമായ ഭാഷ --

ഏറ്റവും മികവാർന്ന പ്രവർത്തനം എന്ന് ജഡ്ജസ് വിലയിരുത്തപ്പെട്ട തോടൊപ്പം ഒരു ഡബിൾ Ph D ക്കുള്ള ഔന്നിത്യം ഈ ഗവേഷണപ്രവർത്തന ത്തിനുണ്ട് എന്ന് പറഞ്ഞ Dr  MA സുധീർ PhD - Prof Emeritus Gandhl Gram University യുടെ വാക്കുകൾ കേട്ട സന്തോഷത്തെ വിവരിക്കാൻ കഴിയുന്നില്ല-
ഒരു പാട് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ഈ പ്രവർത്തനത്തിനു പിന്നിൽ ഒരു പാട് പേരുടെ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള സഹായങ്ങളുണ്ട് -
ഈ പ്രൊജക്റ്റ് നടപ്പക്കിയ വിദ്യാലയങ്ങൾ, GHSS പുതുപ്പറമ്പിലെ HM -Betty George ഉൾപ്പെടെ യുളള മുഴുവൻ അധ്യാപകരും, മണ്ണഴി Aups ലെ HM നളിനി ടീച്ചർ, Gopinathan മാസ്റ്റർ തുടങ്ങിയ മറ്റധ്യാപകർ , പ്രൊജക്റ്റ് അവതരണത്തിനായി  പ്രേരിപ്പിച്ച പ്രിയ സുഹൃത്ത് ശ്രീ വാസുദേവൻ മാസ്റ്റർ , ഒരു പാട് സ്വകാര്യവശ്യങ്ങൾ  ഈ പ്രവർത്തനങ്ങളാൽ വേണ്ടി സ്വയം ത്യജിക്കേണ്ടി വന്ന എൻ്റെ കുടുംബാംഗങ്ങൾ
മറ്റു പ്രിയ ജനങ്ങൾ :
കൂടെ നിന്ന് പിന്തുണയും ഊർജവും നൽകി കരുത്തു പകർന്ന എൻ്റെ പ്രിയപ്പെട്ട ലേണിംഗ് ടീച്ചേഴ്സ് കൂട്ടായ്മ
ഓരോരുത്തരോടും പ്രത്യേകം നന്ദിയും - കടപ്പാടും മാത്രം..''

ഇത് അഭിമാന മുഹൂർത്തം 

അമൂർത്തമായ സൗരയൂഥാശയങ്ങളെ മൂർത്തമായി ക്ലാസ്സ് മുറികളിൽ അവതരിപ്പിക്കാൻ 28 ഉപകരണങ്ങൾ അധ്യാപക സമൂഹത്തിന് നൽകാനായ ഒരധ്യാപകൻ്റെ ചരിതാർത്ഥ്യം
അത് -
ഇഷ്ട വിഷയമായ ജ്യോതിശാസ്ത്രവുമായി ബസപ്പെട്ട് കാലങ്ങളായി ക്ലാസ്സ് മുറികളിൽ നിലനിന്നിരുന്ന ആശയ വിനിമയ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരത്തിനു കൂടിയാവുമ്പോൾ - ഈ പ്രവർത്തനം എൻ്റെ *ജന്മസാഫല്യം* കൂടിയാവുന്നു -
ഒരു പക്ഷേ എൻ്റെ കൈകളാൽ  2015ൽ ഇന്ത്യൻ President ശ്രീ. പ്രണബ് മുഖർജിയിൽ നിന്നും ഏറ്റുവാങ്ങിയ അധ്യാപകർക്കുള്ള പരമോന്നത ബഹു മതിയായ  *ദേശീയ അധ്യാപക അവാർഡ്* നോളം തന്നെ അവിസ്മരണീയമാക്കിയഅധ്യാപന മുഹൂർത്തങ്ങളിൽ ഒന്ന് -

ഓരോ അധ്യപകർക്കും ഗവേഷകരാകാം എന്നതിൻ്റെ തെളിവുകളാണ് ഈ അനുഭവ സാക്ഷ്യം -
ഉള്ളിൽ വേദനകളായി മാറിയ പ്രശ്നങ്ങളുടെ ആത്മാർത്ഥമായ പ്രശ്ന പരിഹര ണാ ന്വേഷണങ്ങളാണ് ഓരോ നല്ല ഗവേഷണവും എന്ന് പറയാൻ ആണ് ഈ അനുഭവം എന്നെ പഠിപ്പിക്കുന്നത്-

ഇത്തരം പ്രവർത്തനങ്ങൾക്ക് ഗവേഷണ ബിരുദങ്ങൾ ഒന്നും നൽകി നാം സമ്മാനിതരാകുന്നില്ലെങ്കിലും ഒരു നല്ല നാളേക്ക് വേണ്ടി അധ്യാപകർക്കും കുട്ടികൾക്കുമായി ചിലത് ചെയ്യാനായി എന്ന ആത്മ സംതൃപ്തി നൽകുന്ന മഹാ ബിരുദങ്ങൾ പ്രതിഫലമായിട്ടുണ്ട്- തീർച്ച.

SCERT യുടെ അവതരണ വേദിയിൽ ഏറ്റു വാങ്ങിയ അഭിനന്ദനങ്ങളാണ് ഈ കുറിപ്പിൻ്റെ കരുത്തും കാരണവും -

ഈ പ്രവർത്തനത്തിന് കൂടെ നിന്നവർക്കെല്ലാം തുല്യമായ ഈ വിജയത്തെ സഹർഷം 
സവിനയം 
സമർപ്പിക്കുന്നു '' -: 
അഭിമാന മുഹൂർത്തങ്ങൾ സമ്മാനിച്ച പ്രബന്ധാവതരണ അവസരത്തിന് ഒരു പാട് നന്ദി -


SCERT യുടെ  വൃക്തിഗത ഗവേഷണ വിഷയമായി  മലപ്പുറം ലേണിംഗ് ടീച്ചേഴ്സ് കഴിഞ്ഞ വർഷം ഏറ്റെടുത്ത ഗവേഷണ പ്രവർത്തനമാണിത്-
പ്രശ്നത്തിൻ്റെ കാരണങ്ങൾ കണ്ടെത്താനായി എന്നതിനപ്പുറം അധ്യാപക സമൂഹത്തിന് സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാവുന്ന 28 പ്രവർത്തന മാതൃകകൾ തയ്യാറാക്കാൻ സാധിച്ചു എന്ന അഭിമാനം കൂടി ഞങ്ങൾക്കുണ്ട് -
 സാമൂഹ്യ ശാസ്ത്രം അധ്യാപകർക്ക് സൗരയൂഥാശയങ്ങൾ കുട്ടികളിലേക്കെത്തിക്കാൻ ഇനി മുതൽ 28 സഹായക ഉപകരണങ്ങൾ കൂടിയുണ്ടാകും -
പലതും മുമ്പില്ലാതിരുന്നവ ആയതിനാൽ  രൂപകല്പന മുതൽ നിർമ്മാണവും പേരിടീൽ കർമവും വരെ ഞങ്ങൾക്ക് സസന്തോഷം ഏറ്റെടുക്കേണ്ടി വന്നു -

പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ 35ൽ പരം സൗരയൂഥാശയങ്ങൾ കുട്ടികളിലേക്കെത്തിക്കാൻ ഇന്ന് Class മുറികളിലെ ഏക ഉപാധി ഒരു ഗ്ലോബ് മാത്രമാണ് -
ഈ ഗ്ലോബ് Class മുറികളിൽ യഥാർത്ഥ രീതിയിലാണോ കൈകാര്യം ചെയ്യുന്നത്?
അന്വേഷണം ചെന്നെത്തിയത് ഞെട്ടിപ്പക്കുന്ന അറിവിലേക്കായിരുന്നു
അറിയുന്നവർ വളരെ വിരളവും -
ഒരു ചായക്കപ്പ് മേശപ്പുറത്ത് വെക്കുന്ന ലാഘവത്തോടെ യാണ് പലരും ഇന്ന് ഗ്ലോബ് ക്ലാസ്സ് മുറികളിലെ വിശദീകരണത്തിനായി വെക്കുന്നത്-
ഗൗരവമേറിയ ഇത്തരം ഒട്ടേറെ കണ്ടെത്തലുകൾക്ക് കാരണമായത് ക്ലാസ്സ് മുറികളിലെ അവസ്ഥ കൾ ഒരു നീറലായി സ്വയം തോന്നിയതുകൊണ്ടാണ് - ഓരോ അധ്യാപകനും തൻ്റെ ഉള്ളു നീറുന്ന ക്ലാസ്സ് റൂ പ്രശ്നങ്ങളെ സ്വയം എറ്റെടുക്കാനും പരിഹാരം കണ്ടത്താനും സാധിക്കുകയാണെങ്കിൽ !- അവ പരിഹരിക്കാൻ തന്നാലാവുന്നത് ചെയ്യുകയാണെങ്കിൽ അതു തന്നെയാണ് ഗവേഷണ o എന്ന് എന്നെ പഠിച്ച അനുഭവ പാഠമാണിത്-

ഈ ഗവേഷണ ഫലമായി ക്ലാസ്സ് റൂ  സഹായത്തിനായി രൂപപ്പെട്ട ഉപകരണങ്ങളും ആശയങ്ങളും -
1 പോളാർ സാറ്റലൈറ്റസ് worlking Model - Std VBS
2. Geo Stationary സാറ്റലൈറ്റസ് working model - Std V Bട
3  Why there is no edipse during e a ch Month?_ Demonstrator- BS, SS
4. Day and Night apparatus - BS
5 ' constellations - the real View_BS Std VI
6. Solar system_ Vertical Plane BS , SS STD 5
7 ചന്ദ്രൻ്റെ ഭ്രമണാക്ഷ സവിശേഷത - B ട Std VI  ,SS
8 ' Birth Star Demonstrator, 9. ഞാറ്റുവേല Demonstrator, 10. രാശി Demonstrator- Bട,, SS
11 ' Earth- Moon vertical model SS
I2 ' Earth Sun Vertical model - SS
13. Latitude and Longitude Tracer -  SS
14. Time Zone - and Cylindrical Projection - Demonstrator SS
15. Earth Amosphere Demonstrator SS
16. വൃദ്ധിക്ഷയം - Demonstrator-SS, BS
I7 ' സമാന്തര ഭൂമി SS
18- Universal Parallel Earth -S S
I9. Anular Eclipse viewer and Demonstrator-SS
20. Jumbo Ecliptic Sky. Demonstrator SS
21 ' Pointerട - SS
22. TIde demonstrator_SS
23. Node - anti node - demonstrator-SS
24 ' അയനം demonstrator SS
25' രാശി, നാൾ, ഞാറ്റുവേള _ 3 - in - One demonstrator SS
26- Sundial - SS
തുടങ്ങി 28ൽ പരം ഉപകരണങ്ങൾ ഇനി സാമൂഹ്യ ശാസ്ത്ര ക്ലാസ്സുകളെ പതിന്മടങ്ങ് കാര്യക്ഷമമാക്കും -
സ്വയം പഠിക്കാനും,
അറിയാവുന്നവ പങ്കുവെക്കാനുo ലേണിംഗ് ടീച്ചേഴ്സ് ഇനിയും ഉണർന്നിരിക്കും -


മനോജ് കോട്ടക്കൽ  കൺവീനർ
ലേണിംഗ് ടീച്ചേഴ്സ്
മലപ്പുറം

,

Sunday, May 26, 2019

അഭിമാനരേഖ ഒരു സാധ്യതയാണ്

പ്രേംജിത് തന്റെ വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് മികവിന്റെ സാക്ഷ്യപത്രം നല്‍കാറുണ്ട്. അത് ഈ ബ്ലോഗില്‍ പരിചയപ്പെടുത്തിയിരുന്നു. ഇത്തവണത്തെ അധ്യാപകശില്പശാലയുടെ അടിസ്ഥാനത്തില്‍ അത് ഒന്നു കൂടി മൂര്‍ത്തമാക്കാനാണ് അവിടുത്തെ അധ്യാപകര്‍ ആലോചിച്ചത്.
പ്രേംജിത്തിന്റെ കുറിപ്പ് ചുവടെ

ചുണ്ടവിളാകം സ്കൂളിൽ കഴിഞ്ഞ മൂന്നു നാലു വർഷമായി കൂട്ടുകാരുടെ പഠനത്തിന് പ്രചോദകമായി ചില സ്റ്റിക്കറുകളും സർട്ടിഫിക്കറ്റുകളും നൽകുക പതിവായിരുന്നു. നോട്ടുബുക്കുകളിലാണ് അവരിത് ഒട്ടിച്ച് സൂക്ഷിച്ചിരുന്നത് . ഇക്കഴിഞ്ഞ അധ്യാപക പരിശീലനത്തിൽ കുട്ടികളെ സംബന്ധിച്ച "അഭിമാനരേഖ "യെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. നല്ല ആശയം' ''
എന്തൊക്കെയാണ് അഭിമാന രേഖയിൽ ഉണ്ടായിരിക്കേണ്ടത് ?ടേം മൂല്യനിർണയത്തിന്റെ രേഖപ്പെടുത്തലുകൾ ഇതിൽ ആവശ്യമുണ്ടോ ?ആരാണ് ഇതിൽ രേഖപ്പെടുത്തൽ നടത്തുക ?എന്തൊക്കെ രേഖപ്പെടുത്തലുകൾ ?
പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങളുടെ വിദ്യാലയത്തിലെ SRG ഇത് വിശദമായി ചർച്ച ചെയ്തു.
താഴെ കാണുന്ന കാര്യങ്ങളാണ് ചർച്ചയിലൂടെ ക്രോഡീകരിച്ചത് ....

 • കൂട്ടുകാരെ സംബന്ധിച്ച ഗുണാത്മക സൂചകങ്ങൾ TM ന്റെ വിലയിരുത്തൽ പേജിന്റെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തണം
 • നത്തിന്റെ മികവുകൾ ,അവളിൽ കാണുന്ന സവിശേഷ ഗുണങ്ങൾ ,മൂല്യങ്ങൾ ,മനോഭാവങ്ങൾ എന്നിവയൊക്കെ ഇതിൽ രേഖപ്പെടുത്തണം
 • ടേം മൂല്യനിർണ്ണയത്തിന് ലഭിച്ച ഗ്രേഡുകൾ രേഖപ്പെടുത്തണം
 • കൂട്ടുകാർക്ക് കിട്ടുന്ന സമ്മാനങ്ങൾ ,സ്റ്റിക്കറുകൾ , വിവിധ മത്സര വിജയങ്ങൾ എന്നിവയെ സംബന്ധിച്ച രേഖപ്പെടുത്തലും വേണം
 • വിദ്യാലയം തന്നെ ഒരു പഠനോപകരണമായി മാറുമ്പോൾ കുട്ടി ഉപയോഗിച്ച പ0ന സങ്കേതങ്ങളെ കുറിച്ചും രേഖപ്പെടുത്തൽ ആകാം
 • കൂട്ടുകാരുടെ പഠനോല്പന്നങ്ങൾ ,സ്വയം നിർമ്മിച്ച പ0നോപകരണങ്ങൾ എന്നിവയെ സംബന്ധിച്ചും രേഖപ്പെടുത്തൽ ഉണ്ടാകണം
 • ക്ലാസ് ചുമതലയുള്ള അധ്യാപിക ,പ്രത്യേക വിഷയങ്ങൾ / മേഖലകൾ കൈകാര്യം ചെയ്യുന്നവർ ,SSG അംഗങ്ങൾ ,HM എന്നിവർക്ക് രേഖപ്പെടുത്തൽ നടത്താം ...
  രക്ഷിതാവിന് അഭിപ്രായം എഴുതുന്നതിനും HM, Tr ,.... സാക്ഷ്യപ്പെടുത്തുന്നതിനും ഉള്ള സംവിധാനം ഉണ്ടാകണം
 • കൂട്ടുകാരുടെ പോർട്ട് ഫോളിയോയുടെ ഭാഗമാകണം അഭിമാന രേഖ
 • കുട്ടിത്തമുള്ള ചിത്രങ്ങളുള്ള നന്നായി ഡിസൈൻ ചെയ്ത (ഓട്ടോ ഗ്രാഫ് ബുക്ക് പോലെ '' '') ചെറിയ ബുക്ക് ലെറ്റായാൽ കൂട്ടുകാർക്ക് നന്നായി ഇഷ്ടപ്പെടും
 • "അഭിമാന രേഖ " ഓരോ രക്ഷിതാവിനും വേണമെങ്കിൽ സ്വന്തം കുട്ടിയ്ക്ക് നൽകാവുന്നതാണ് (വീട്ടിൽ സൂക്ഷിക്കാൻ.... ) അതിൽ രേഖപ്പെടുത്തൽ അവന്റെ/ അവളുടെ സാന്നിധ്യത്തിൽ നടത്തി നോക്കണം .... അവളുടെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയായിരിക്കും...
  കൂട്ടിച്ചേർക്കലുകൾ പ്രതീക്ഷിക്കുന്നു...
  ആദരവോടെ
  പ്രേംജിത്ത് പി.വി

പ്രേം ജിത്തിനെപ്പോലെ ധാരാളം അധ്യാപകരുണ്ട്
അധ്യാപനം അഭിമാനമായി കരുതുന്നവര്‍
അഭിമാനം അധ്യയനനിലവാരത്തിലെ മികവാണെന്നു തിരിച്ചറിയുന്നവര്‍
അവര്‍ക്ക് കേവലം മാര്‍ക് ലിസ്റ്റുകള്‍ പോരാതെ വരും
കുട്ടികളെക്കുറിച്ച് തോരാതെ പറയാനുളളപ്പോള്‍ അക്കങ്ങള്‍ കൊണ്ടോ ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യാക്ഷരങ്ങള്‍ കൊണ്ടോ അവ പ്രതിഫലിപ്പിക്കുക അസാധ്യമാണെന്നു തിരിച്ചറിയുന്നവര്‍
എന്താണ് പ്രായോഗികമായി ചെയ്യാനാവുക?
 • പഠനനേട്ടങ്ങള്‍ വിശകലനം ചെയ്യുക
 • പ്രധാനപ്പെട്ടവ കണ്ടെത്തുക
 • മുന്‍ഗണന നിശ്ചയിക്കുക
 • അവയുടെ ഗുണതാസൂചകങ്ങള്‍ വികസിപ്പിക്കുക, കഴിയുമെങ്കില്‍ റൂബ്രിക്സ് തന്നെയാകട്ടെ
 • ഉയര്‍ന്ന നിലയിലേക്ക് എത്തിച്ചേരുന്നതിനു മുന്‍ വര്‍ഷം സ്വീകരിച്ച പ്രക്രിയ വിമര്‍ശനാത്മകമായി വിശകലനം ചെയ്യുക
 • പ്രക്രിയാപരമായ വിടവുകള്‍ പരിഹരിക്കുക
 • എന്തു പഠനത്തെളിവ് കിട്ടണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന്റെ ഒരു ഏകദേശ ചിത്രം മനസില്‍ കാണുക
 • അധ്യയനത്തിനു ശേഷം അങ്ങനെ തീവ്രമായി ആഗ്രഹിച്ച പഠനനേട്ടത്തില്‍ ക്ലാസ് നിലവാരം എങ്ങനെയെന്നു കണ്ടെത്തുക. ഒരു ബാര്‍ ഗ്രാഫാകാം
അതൊടൊപ്പം ആ പഠനത്തെളിവുകള്‍ വിശകനം ചെയ്ത് കുട്ടിയെക്കുറിച്ച് ചെറു കുറിപ്പെഴുതുക. അത് മനസില്‍ നിന്ന് ഒഴുകി വരുന്ന വാക്യങ്ങളാകണം. മനസുകൊണ്ടെഴുതണം. ബുദ്ധികൊണ്ടാകരുത്.
അവ കുട്ടികള്‍ സൂക്ഷിച്ചുവെക്കും
ഒരിക്കലും മറക്കില്ല
നമ്മളും

Friday, May 24, 2019

പൂമാലസ്കൂളിലെ മെന്റര്‍മാപ്പിംഗ്


എന്താണ് മെന്റര്‍മാപ്പിംഗ്?
വിദ്യാര്‍ഥികളെ ചെറുപ്രായത്തില്‍ തന്നെ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ മനശാസ്ത്രടെസ്റ്റുകള്‍ക്ക് വിധേയമാക്കി  അവരുടെ അവസ്ഥ തിരിച്ചറിഞ്ഞ് നിരന്തരം കൗണ്‍സലിംഗും ബിഹേവിയറല്‍ തെറാപ്പിയും നല്‍കി പിന്നാക്കാവസ്ഥ പരിഹരിക്കാനുളള ഇടപെടലാണ് മെന്റര്‍ മാപ്പിംഗ് പ്രോഗ്രാം
കണ്ടെത്തലുകള്‍
 • ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെ പഠിക്കുന്നവരില്‍ 23.31%കുട്ടികളും പ്രത്യേക പരിഗണന ആവശ്യമുളളവരാണ്
 • ഒന്നു മുതല്‍ നാലുവരെ പഠിക്കുന്ന സമയത്ത് പ്രത്യേക കരുതല്‍ പ്രവര്‍ത്തനങ്ങളൊന്നും കുട്ടികള്‍ക്ക് ലഭിക്കുന്നില്ല.
ഉപയോഗിച്ച മനശാസ്ത്രപഠനരീതികള്‍
 • Gesell Drawing test ഒന്നാം ക്ലാസിലാണ് നടത്തിയത്. വെര്‍ബല്‍ സ്കെയിലും പെര്‍ഫോമന്‍സ് സ്കെയിലും തമ്മിലുളള അന്തരം കണക്കാക്കി


 • Seguin Form Board Test രണ്ടാം ക്ലാസില്‍  നടത്തി. രണ്ടാം ക്ലാസിലെ മുപ്പത്തിയേഴ് കുട്ടികളില്‍ ഏഴു കുട്ടികള്‍ക്ക് പ്രത്യേക പരിഗണന ആവശ്യമാണെന്നു കണ്ടെത്തി

 • മൂന്നാം ക്ലാസില്‍ ഡ്രോ എ മാന്‍ ടെസ്റ്റാണ് നടത്തിയത്.ചിത്രത്തിന്റെ വിശദാംശവും ചിത്രത്തിലെ ഒഴിവാക്കലുകളും മറ്റു പ്രത്യേകതകളും വിശകലനം ചെയ്തു
 • നാലാം ക്ലാസില്‍ ഓരോ കുട്ടിയുടെയും സ്വഭാവപ്രകൃതം മനസിലാക്കുന്നതിനാണ Temperament Schedule Tests നടത്തിയത്
 • അഞ്ചാം ക്ലാസില്‍ മോറല്‍ വാല്യു ടെസ്റ്റാണ് നടത്തിയത്. പതിനൊന്നു കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയും കൗണ്‍സലിംഗും നല്‍കി
 • ആറാം ക്ലാസില്‍ bell's adjustment test നടത്തി. കുട്ടിക്ക് ആരോഗ്യപരമായും സാമൂഹിക പരമായും വൈകാരികമായും എത്രമാത്രം പൊരുത്തപ്പെടാനാകുന്നുണ്ട് എന്നാണ് കണ്ടെത്തിയത്.
 • ഏഴാം ക്ലാസില്‍ സെല്‍ഫ് എസ്റ്റീം സ്കെയില്‍ ആണ് പ്രയോജനപ്പെടുത്തിയത്. ശരാശരിയില്‍ താഴെയുളള ഏഴ് കുട്ടികളെ കണ്ടെത്തി. ആത്മവിശ്വാസക്കുറവുളള കുട്ടികളുടെ കുടുംബപശ്ചാത്തലം വിശകലനം ചെയ്തു. തകര്‍ന്ന കുടുംബങ്ങളില്‍ നിന്നുളളവരും സാമ്പത്തികഭദ്രതയില്ലാത്ത വീടുകളില്‍ നിന്നുളളവരുമാണ് കുട്ടികള്‍. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സലിംഗ് നല്‍കി
 • ഹൈസ്കൂള്‍ ക്ലാസുകളില്‍ പേഴ്സണാലിറ്റി ടെസ്റ്റാണ് നടത്തിയത്. BFI ഉപയോഗിച്ചു.
 • ഒമ്പതാം ക്ലാസില്‍ കുട്ടികളുടെ പഠനശീലം, ആറ്റിററ്യൂഡ് എന്നിവ പഠനവിധേയമാക്കി.
 • പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികളിലും അവരുടെ പഠനതാല്പര്യമേഖല കണ്ടെത്തുന്നതിനുളള ടെസ്റ്റ് നടത്തി.
 • പ്ലസ് ടുവിലെ മുഴുവന്‍ കുട്ടികളിലും കരിയര്‍ പ്രിഫറന്‍സ് റിക്കോര്‍ഡ് ഉപോഗിച്ച് മുന്‍ഗണനകള്‍ കണ്ടെത്തി

ഉപയോഗിച്ച മനശാസ്ത്രപഠനോപാധികളുടെ ശാസ്ത്രീയത സംബന്ധിച്ച് അഭിപ്രായ പ്രകടനം നടത്തുന്നതിന് എനിക്ക് വൈദഗ്ധ്യം പോര. എങ്കിലും കുട്ടികളുടെ സവിശേഷ പ്രശ്നങ്ങള്‍ അതത് മേഖലയിലുളള വിദഗ്ധരുടെ സഹകരണത്തോടെ കണ്ടെത്തി അത് മറികടക്കാനുളള ഈ ഉദ്യമം മാനിക്കപ്പെടേണ്ടതുണ്ട്.
ഓരോ കുട്ടിയും തനിമയുളള വ്യക്തിയാണ്
ആ വ്യക്തിയുടെ വികാസം അതി പ്രാധാന്യമുളളതുമാണ്
മെറിന്‍ പോള്‍ എന്ന സൈക്കോളജിസ്റ്റ് & കൗണ്‍സിലര്‍ ആണ് ഈ പദ്ധതിയില്‍ പൂമാല വിദ്യാലയത്തെ സഹായിച്ചത്
പൂമാല വ്യത്യസ്തമായ അന്വേഷണങ്ങള്‍ നടത്തുന്ന വിദ്യാലയമാണ്.
എസ് സി ഇ ആര്‍ ടിയിലെ റിസേര്‍ച്ച് ഓഫീസര്‍ ശ്രീ കെ രമേശ്, വി വി ഷാജി എന്നിവരും ഇതിനു പിന്നിലുണ്ടായിരുന്നു

Friday, April 26, 2019

മികച്ച വിലയിരുത്തല്‍ ഉയര്‍ന്ന നിലവാരം

ഏതൊരു പ്രക്രിയയും അതിന്റെ ഓരോ ഘട്ടത്തിലും ഗുണതാപരിശോധനയ്ക്
വിധേയമായെങ്കില്‍ മാത്രമേ മികച്ച നിലവാരമുളള ഉല്പന്നം ലഭ്യമാകൂ എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഉപയോഗിക്കുന്ന രീതി, സാമഗ്രികള്‍ അത് നല്‍കിയ ഫലം, അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച മെച്ചപ്പെടുത്തല്‍ എന്നിവയെല്ലാം തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ സമീപിക്കുന്നവര്‍ക്കേ ഗുണത ഉറപ്പാക്കാന്‍ കഴിയൂ.
വിദ്യാലയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിന് നിരവധി ടൂളുകള്‍ ലഭ്യമാണ്. അവയൊക്കെ ഏറിയും കുറഞ്ഞും ഉപയോഗിക്കുന്നവരാണ് അധ്യാപകര്‍. ഇപ്പോഴുളള അവസ്ഥയില്‍ സംതൃപ്തിപ്പെടാതെ കൂടുതല്‍ ഉയരം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കേ ചലനങ്ങള്‍ സൃഷ്ടിക്കാനാകൂ. അങ്ങനെയല്ലാത്തവര്‍ ജ‍ഡത്വത്തിലാണ്. നിലനില്‍ക്കുന്ന അവസ്ഥയില്‍ തന്നെ തുടരാനാഗ്രഹിക്കുന്ന അധ്യാപകരാണവര്‍. ബാഹ്യമോ ആന്തരികമോ ആയ പ്രചോദനോര്‍ജം മൂലമേ ചലനാത്മകമാകാന്‍ അവര്‍ക്ക് കഴിയൂ.ഒരു തുളളി ജലം വീണാല്‍ പൊട്ടിക്കിളിര്‍ക്കുന്നതുപോലെ ചിലര്‍ ഉയര്‍ന്നുവരും. ഈ അക്കാദമിക വര്‍ഷം വേറിട്ട അക്കാദമിക വര്‍ഷമാകണമെന്ന് തീരുമാനിക്കണം. നിരവിധി അധ്യാപനപ്രോജക്ടുകള്‍ ഏറ്റെടുക്കണം. അതിലൊന്നാകട്ടെ വിദ്യാലയാധിഷ്ടിത ഗുണതാനിര്‍ണയ പരിപാടി.(School Based Assessment- SBA)
വിദ്യാലയത്തിന്/ക്ലാസിന് ഒരു വിലയിരുത്തല്‍ നയം
എന്തെല്ലാമാണ് അതിലുണ്ടാവുക? ചെറിയ കുറിപ്പ് തയ്യാറാക്കി നോക്കിയാലോ?
 • ആമുഖവും ലക്ഷ്യങ്ങളും
 • എല്ലാ കുട്ടികളെയും വിലയിരുത്തുന്നതു സംബന്ധിച്ച എന്റെ സമീപനം
 • എല്ലാ കഴിവുകളും പഠനനേട്ടങ്ങളും വിലയിരുത്തുന്ന സമീപനം ( ഞാന്‍ എങ്ങനെ ചെയ്യും?)
 • അധ്യാപികയും കുട്ടികളും രക്ഷിതാക്കളും വിലയിരുത്തലില്‍ പങ്കാളികളാകുന്ന സമീപനം
 • നിരന്തരവിലയിരുത്തലിനായി സ്വീകരിക്കുന്ന തന്ത്രങ്ങളും അവ സംബന്ധിച്ച എന്റെ നിലപാടും
 • എന്റെ വിഷയത്തിലെ ആധികാരിക പഠനത്തെളിവുകളെക്കുറിച്ചുളള ധാരണ
 • പഠനഫലവിശകലനരീതികള്‍ ( ഞാന്‍ പിന്തുടരാനാഗ്രഹിക്കുന്നവ)
 • രക്ഷിതാക്കളുമായി പങ്കിടുന്ന രീതികള്‍, കാലയളവ്
ഈ ഉപശീര്‍ഷകങ്ങള്‍ വായിച്ച നിങ്ങള്‍ സ്വയം പരിശോധിക്കൂ. ഏതെല്ലാം കാര്യത്തില്‍ സ്വന്തം ക്ലാസിനെ സംബന്ധിച്ച് നിങ്ങള്‍ക്ക് വ്യക്തതയുണ്ട്? അധ്യാപകസഹായിയിലുളളതും പരിശീലനത്തില്‍ കേട്ടതുമായ കാര്യങ്ങള്‍ യാന്ത്രികമായി ചെയ്തു പോകുന്നു എന്നതിനപ്പുറം ആസൂത്രിതമായ ഒരു പദ്ധതി ഇല്ല എന്നു തോന്നുന്നുണ്ടോ?
ഞാന്‍ അധ്യാപികയാണെങ്കില്‍ എന്തു ചെയ്യും?
 • എന്റെ ക്ലാസിലെ ഓരോ വിഷയത്തിലെയും ഓരോ യൂണിറ്റും കഴിയുമ്പോള്‍ കുട്ടികള്‍ അതിലൂടെ എത്തിച്ചേരേണ്ട പ്രധാന കഴിവുകളും അതിന്റെ ഗുണസവിശേഷതകളും ലിസ്റ്റ് ചെയ്യും
 • എന്തു തെളിവാണ് ഈ നിലവാരത്തില്‍ എത്തി എന്ന് അഭിമാനപൂര്‍വം പറയാനെനിക്കുണ്ടാവുക? അത്തരം പഠനത്തെളിവുകളുടെ സാധ്യത കണ്ടെത്തുകയും അവ ലിസ്റ്റ് ചെയ്യുകയും ആണ് അടുത്ത നടപടി.
ഈ പറഞ്ഞ കാര്യങ്ങളില്‍ അവ്യക്തതയുണ്ടോ? യൂറോപ്പിലെ നവോത്ഥാനവും ഇന്ത്യയിലെ നവോത്ഥാനവും സംബന്ധിച്ച് കുട്ടിക്ക് അപ്പര്‍ പ്രൈമറി ക്ലാസുകളില്‍ പഠിക്കാനുണ്ട്.
യൂണിറ്റ് എത്തിച്ചേരേണ്ട കഴിവ് ഗുണതാസവിശേഷതകള്‍ പഠനത്തെളിവ്
യൂറോപ്പ് പരിവര്‍ത്തന പാതയില്‍
(നവോത്ഥാനം യൂറോപ്പില്‍)
നവോത്ഥാനം സമൂഹത്തെ എങ്ങനെ ഏതെല്ലാം മേഖലകളില്‍ പുരോഗമനാത്മകമായി സ്വാധീനിച്ചു എന്ന് തെളിവുകളുടെ പിന്‍ബലത്തോടെ അവതരിപ്പിക്കാന്‍ കഴിയുക
നവോത്ഥാനത്തെ 
നിര്‍വചിക്കാനും ലളിതമായി വിശദീകരിക്കാനും കഴിയും
നവോത്ഥാനമുണ്ടാ
കാനിടയായ സാഹചര്യം സംബന്ധിച്ച ചരിത്രധാരണ
യുണ്ട്
നവോത്ഥാനം സാമൂഹിക ജീവിതത്തില്‍ വിവിധ 
മേഖലകളില്‍ വരുത്തിയ 
മാറ്റങ്ങള്‍ ഉദാഹരിക്കാനും നവോത്ഥാനത്തിന്റെ ചരിത്രപരമായ പ്രസക്തി വ്യക്തമാക്കാനും കഴിയും
നവോത്ഥാനപൂര്‍വലോകവും നവോത്ഥാനാനന്തര
ലോകവും താരതമ്യം 
ചെയ്യാനാകും.
വിവിധ സ്രോതസുകളില്‍ 
നിന്ന് നവോത്ഥാനം 
സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനും അവയെ അപഗ്രഥിച്ച് നിഗമനങ്ങളിലെത്തിച്ചേരാനും വര്‍ത്തമാന കാലവുമായി ബന്ധിപ്പിച്ച് നിരീക്ഷണങ്ങള്‍ അവതരിപ്പിക്കാനും കഴിയും
സമത്വാവബോധം സൃഷ്ടിക്കുന്നതില്‍ നവോത്ഥാനം വഹിച്ച പങ്ക് , നവോത്ഥാന ആശയങ്ങളെ പിന്നോട്ടടിക്കാനുളള പ്രവണതകള്‍ എന്നിവ വമര്‍ശനാത്മകമായി നോക്കിക്കാണാനുളള കഴിവ്
നവോത്ഥാനസന്ദേശം ഉള്‍ക്കൊണ്ട് സ്വന്തം ജീവിതത്തെയും സമൂഹത്തെയും മെച്ചപ്പെടുത്താനുളള 
മനോഭാവവും നിലപാടുകളും
സെമിനാര്‍ 
പ്രബന്ധം ( വ്യക്തിഗതം),
സെമിനാര്‍ 
പ്രക്രിയ
 ( അവതരണം,
 ചര്‍ച്ച എന്നിവ മൊബൈല്‍
ഫോണില്‍ വീഡിയോ ചെയ്തത്),
സംവാദം ( വീഡിയോ) ,
സംവാദത്തെ സംബന്ധിച്ച സ്വയം വിലയിരുത്തല്‍ കുറിപ്പ്,
യൂണിറ്റ് വിലയിരുത്തല്‍ രേഖ 
 ( കുട്ടികള്‍ 
സ്വയം തയ്യാറാക്കിയത്

ഓരോ കുട്ടിയുടെയും പഠനശൈലി പരിഗണിച്ചുളള വിലയിരുത്തല്‍
ാന്‍ പരിഗണിക്കുന്ന മറ്റൊരു കാര്യം എല്ലാ കുട്ടികളും തനിമയുളളവരാണെന്നാണ്. അതിനാല്‍ത്തന്നെ അവരെ വിലയിരുത്താനുളള തന്ത്രങ്ങളും ടൂളുകളും വ്യത്യസ്തമാകും
ഉദാഹരണത്തിന് എസ് കെയുടെ യാത്രാവിവരണം പഠിക്കാനുണ്ടായിരുന്നു. അത്തരം യാത്രാവിവരണങ്ങള്‍ വായിച്ച് പ്രധാന ആശയങ്ങളും രചനാസവിശേഷതകളും കണ്ടെത്താന്‍ കുട്ടികള്‍ക്ക് കഴിവുണ്ടോ എന്നറിയാന്‍ വേണ്ടി ഒരു പുതിയ യാത്രാവിവരണം അവര്‍ക്ക് നല്‍കിയ ശേഷം ബഹുവിധസാധ്യതകള്‍ തുറന്നിടുന്ന ചോദ്യങ്ങള്‍ നല്‍കും. അതിലേതെങ്കിലും ഒന്ന് കുട്ടിക്ക് തെരഞ്ഞെടുക്കാം.
 • ഈ യാത്രാവിവരണത്തെ അടിസ്ഥാനമാക്കി ഒരു ആശയഭൂപടം നിര്‍മിക്കകല്‍
 • ഒരു ചിത്രീകരണം നടത്തല്‍ ( പ്രധാന കാഴ്ചകള്‍ ചിത്രീകരിച്ച ശേഷം അതിന് അടിക്കുറിപ്പെഴുതല്‍)
 • യാത്ര നടത്തിയ ആളുമായി ഇതേ കാര്യത്തെക്കുറിച്ചുളള സാങ്കല്പിക അഭമുഖം തയ്യാറാക്കല്‍
 • ഓരോ ഖണ്ഡികയിലെയും പ്രധാന ആശയം ദൃശ്യമാധ്യമത്തിലെ പ്രധാനവാര്‍ത്തയായി വരത്തക്ക വിധം വാക്യങ്ങള്‍ തയ്യാറാക്കല്‍
 • നല്‍കിയ യാത്രാവിവരണവും പഠിച്ച യാത്രാവിവരണവും താരതമ്യം ചെയ്യല്‍
ഒരു രീതിയില്‍ മാത്രം ഉത്തരം എഴുതിയാലേ അത് ഉളളടക്കധാരണയെ പ്രതിഫലിപ്പിക്കൂ എന്ന സമീപനം ഇവിടെ പൊളിക്കുകയാണ്. വൈവിധ്യത്തെ മാനിക്കണം.പഠനശൈലിയെ മാനിക്കണം. ഇതൊന്നുമല്ലാതെ കുട്ടിക്ക് വാചികമായി അവതരിപ്പിക്കുന്നതിനും അവസരം കൊടുക്കാം.
സ്വയം വിലയിരുത്തലിനും പരസ്പര വിലയിരുത്തലിനുമുളള മാര്‍ഗരേഖകള്‍
ങ്ങനെയാണ് കുട്ടികള്‍ സ്വയം വിലയിരുത്തുക? അതിന് അവരെ പരിശീലിപ്പിച്ചിട്ടുണ്ടോ?
ക്ലാസില്‍ ഒരു നാടകം ആവിഷ്കരിച്ചു എന്നിരിക്കട്ടെ. അതില്‍ അഭിനയ പങ്കാളിയായ കുട്ടിയുടെ വിലയിരുത്തല്‍, അതിന്റെ കാഴ്ചക്കാരിയായ കുട്ടിയുടെ വിലയിരുത്തല്‍, സ്ക്രിപ്റ്റ് എഴുതാന്‍ കൂടിയവരുടെ വിലയിരുത്തില്‍ എല്ലാം വ്യത്യസ്തമാണ്. ഓരോരുത്തരോടും അവരുടേതായ നിലയില്‍ സ്വയം വിലയിരുത്താന്‍ പറയൂ
അഭിനേതാവ് ( സ്വന്തം കാര്യം)
 • കഥപാത്രമായി ലയിച്ച് അഭിനയിക്കാന്‍ കഴിഞ്ഞു ( വളരെ നന്നായി, ഒരുവിധം..?)
 • സംഭാഷണം നന്നായിരുന്നു എന്നു പറഞ്ഞാല്‍ മതിയോ? ( ഫലപ്രദമായിരുന്നു, വ്യക്തതയുണ്ടായിരുന്നു, ഭാവത്തിന് അനുസൃതമായിരുന്നു,, എല്ലാവര്‍ക്കും കേള്‍ക്കാവുന്ന വിധമായിരുന്നു, സ്വാഭാവികതയുണ്ടായിരുന്നു ഇവയില്‍ ഏതൊക്കെ ബാധകമാണ് അവ കൂട്ടിച്ചേര്‍ത്ത് പറയാമോ എന്നു ചോദിച്ചാലോ?)
 • അഭിനയം, ശരീരഭാഷ എന്നിവ ഇനിയും മെച്ചപ്പെടണം.
സഹ അഭിനേതാക്കളുടെ കാര്യമാണ് വിലയിരുത്തുന്നതെങ്കില്‍ എന്തെല്ലാം കൂട്ടിച്ചേര്‍ക്കും? ( ഏതേതംശങ്ങളില്‍ മെച്ചപ്പെടണമെന്നു കൂടി പറയണ്ടേ?)
ഇങ്ങനെ ഓരോ പക്ഷത്തു നിന്നും സ്വയം വിലയിരുത്തല്‍ നടത്തേണ്ട രീതികള്‍ പരിശോധിച്ച് അത്തരം അനുഭവം ഉണ്ടാക്കിയ ശേഷം ഓരോ പ്രവര്‍ത്തനവും ചില സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം വിലയിരുത്തണമെന്നും ഇഷ്ടമുളള സൂചകങ്ങള്‍ വികസിപ്പിക്കാമെന്നുും പറഞ്ഞാലോ? അവര്‍ നിര്‍മിക്കുന്ന സൂചകങ്ങളുടെ പരമിതി ബോധ്യപ്പെട്ട് മെച്ചപ്പെടുത്താന്‍ അവസരമുണ്ടാക്കിയാല്‍ പോര?
പരസ്പര വിലയിരുത്തലിനും സ്വയം വിലയിരുത്തലിനുമായി കുട്ടികളുടെ പങ്കാളിത്തത്തോടെ ചെറിയ മാര്‍ഗരേഖ തയ്യാറാക്കുന്നത് നന്നായിരിക്കും. അതു പ്രകാരം വിലയിരുത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഓരോ യൂണിറ്റിലും ഏതെന്ന് തീരുമാനിക്കുകയും ആവാം.
സ്വയം വിലയിരുത്തലും അധ്യാപികയുടെ വിലയിരുത്തല്‍ -പൊരുത്തം
ഓരോ യൂണിറ്റ് കഴിയുമ്പോഴും ആ യൂണിറ്റിനെക്കുറിച്ച് കുട്ടി സ്വന്തം ഗ്രേഡ് ഇടട്ടെ. എന്തുകൊണ്ട് ആ ഗ്രേഡ് നല്‍കി എന്ന സാധൂകരണ്ക്കുറിപ്പും വേണം. അധ്യാപികയും കുട്ടിക്ക് ഗ്രേ‍ഡും ഗുണാത്മക കുറിപ്പും തയ്യാറാക്കിയിട്ടുണ്ടാകും. രണ്ടു കൂട്ടരും നല്‍കിയ ഗ്രേഡ് പരസ്പരം പങ്കിടുകയും പൊരുത്തം ബോധ്യപ്പെടുകയും സാധൂകരണങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യാണോ?
പോര്‍ട്ട് ഫോളിയോ
എന്റെ തെരഞ്ഞെടുത്ത രചനകള്‍ എന്നൊരു രേഖ തയ്യാറാക്കിയാലോ? ഒന്നാം ക്ലാസ് മുതല്‍ വളരുന്ന ഒന്ന്. അതില്‍ ഓരോ മാസവും കുട്ടി മൂല്യമുളളത് എന്ന് തനിക്ക് തോന്നുന്നവ ഉള്‍പ്പെടുത്തട്ടെ. എല്ലാ വിഷയത്തിലും വേണമെന്ന കര്‍ശനനിബന്ധന വേണ്ടതില്ല. അധ്യാപിക നിര്‍ദേശിക്കുന്നവയാകണമെന്നുമില്ല. മികച്ചതെന്നു കുട്ടിക്ക് തോന്നുന്നവയാണ് അതിലുണ്ടാവുക. അതിനോടുളള പോസിറ്റീവായ പ്രതികരണം അധ്യാപികയുടെ ഭാഗത്തു നിന്നും ഉണ്ടാകണം. ക്രമേണ കുട്ടിയുമായുളള ആശയവിനമയത്തിലൂടെ വിഷയപ്രാതിനിധ്യവും കഴിവുകളുടെ വ്യാപ്തിയും വൈവിധ്യവും പ്രതിനിധാനം ചെയ്യുന്നവ ഉള്‍പ്പെടുത്താനാകുണം.
ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ
വിദ്യാലയങ്ങള്‍ ഹൈടെക്ക് ആകുന്നു. എല്ലാ അധ്യാപകരും ഹൈടെക് രീതിയില്‍ അധ്യാപനം നടത്താന്‍ പോകുന്നു. അപ്പോള്‍ പഠനത്തെളിവുകളും ഹൈടെക്ക് ആയാലോ?
പല രീതികളില്‍ ഇതു ചെയ്യാം. ഉയര്‍ന്ന ക്ലാസുകളില്‍ കുട്ടിക്ക് തന്നെ അപ് ലോഡ് ചെയ്യാവുന്ന തരത്തില്‍ സംവിധാനം രൂപപ്പെടുത്താം.
ഏറ്റവും ലളിതമായ രീതികളില്‍ തുടങ്ങുന്നതാണ് അഭികാമ്യം
നമ്മുടെ ക്ലാസിന്റെ നിലവാരം , മികവ് എന്നന്നേക്കുമായി സൂക്ഷിക്കുന്നതിനും സമൂഹവുമായി അഭിമാന പൂര്‍വം പങ്കിടുന്നതിനും ക്ലാസ് ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ ആരംഭിക്കുന്ന വിവരം കുട്ടികളുമായി പങ്കിടാം. ഓരോ യൂണിറ്റുമായും ബന്ധപ്പെട്ട് എന്തെല്ലാം ഉള്‍പ്പെടുത്താം എന്നു തീരുമാനിക്കണം
 1. വാചികാവതരണങ്ങള്‍ ( വ്യക്തിഗതം) കഥാവായന, പുസ്തകപരിചയം, പ്രബന്ധാവതരണം, പ്രസംഗം, നിരൂപണം, താരതമ്യ പഠനം, കവിതാവതരണം, ശാസ്ത്രപ്രഭാഷണം, ചരിത്രപ്രഭാഷണം, പ്രോജക്ടുകള്‍...
 2. വാചികാവതരണങ്ങള്‍ ( ഗ്രൂപ്പ്), സെമിനാര്‍, സംവാദം, ചര്‍ച്ച,
 3. ആവിഷ്കാരങ്ങള്‍ ( കൊറിയോഗ്രാഫി, നാടകം...)
 4. നിര്‍മാണപ്രവര്‍ത്തനങ്ങള്‍
 5. തത്സമയ പ്രകടനങ്ങള്‍ ( ക്ലാസ് പി ടി എയിലെ അവതരണം, അഭിമുഖം, ശാസ്ത്രപരീക്ഷണം..)
 6. രേഖകള്‍ ( നോട്ട്ബുക്ക്, ഫയല്‍ ചെയ്തവ തുടങ്ങിയ പോര്‍ട്ട് ഫോളിയോയിലെ ഇനങ്ങള്‍ )
ഇവയെല്ലാം വീഡിയോഫോര്‍മാറ്റിലാക്കി അഞ്ചോപത്തോ മിനിറ്റ് ദൈര്‍ഘ്യമുളള ഡോക്യുമെന്റാക്കാം. അതല്ല ഒറ്റയ്ക് നില്‍ക്കുന്ന രീതിയിലും ആലോചിക്കാം. ഏതായാലും ആമുഖാവതരണവും ലക്ഷ്യവും വ്യക്തമാക്കിയിരിക്കണം. മൂന്നാമതൊരാള്‍ക്ക് മനിസിലാകും വിധം നിലവാരത്തെ വ്യാഖ്യാനിക്കാനും ശ്രദ്ധിക്കണം. എല്ലാ കുട്ടികള്‍ക്കും ഏതെങ്കിലും തരത്തില്‍ പ്രാതിനിധ്യം ഉണ്ടാകുന്നതിനു ശ്രമിക്കണം.
ഓരോ കുട്ടിക്കുമുളള ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ ആണ്. ഓരോ വിഷയം തിരിച്ച് ഓരോ വിഷയത്തിലും മേഖലതിരിച്ച് കമ്പ്യൂട്ടറില്‍ സൂക്ഷിക്കാവുന്നതാണ്
ലേണിംഗ് ലോഗ്
ഇതു കുട്ടിയുടെ സ്വന്തം രേഖയാണ്. എനിക്കെന്തെല്ലാം കഴിവുകള്‍ ഈ ആഴ്ചയില്‍ നേടാനായി? എനിക്ക് ഏതെല്ലാം മേഖലകളില്‍ സഹായം ആവശ്യമുണ്ട്. പഠനവുമായി ബന്ധപ്പെട്ട് ഈ ആഴ്ചയിലെ പ്രധാന കാര്യങ്ങള്‍, അവ്യക്തതയുളളവ, സ്വയം പഠനം നടത്തിയവ, വായിച്ച പുസ്തകങ്ങള്‍, പങ്കെടുത്ത പരിപാടികള്‍ എന്നിവയെല്ലാം ആകര്‍ഷകമായ രീതിയില്‍ കുറിക്കാം. ഈ രേഖ കുട്ടിയെ വിലയിരുത്താനും കുട്ടിയുടെ പഠനപ്രയാസം കണ്ടെത്തി സഹായിക്കാനും കുട്ടിയെ അംഗീകരിക്കാനും ഉപയോഗിക്കാം. ഇത്തരം രേഖകകള്‍ കുട്ടികളുടെ ആത്മബോധവും പഠനത്തിലുളള ഉടമസ്ഥതാവബോധവും വികസിപ്പിക്കും
അഭിമാനതാരങ്ങള്‍
ഓരോ കുട്ടിയുടെയും ഫോട്ടോ പ്രിന്റ് ചെയ്തുളള കാര്‍ഡുകളാണിവ. അതില്‍ കുട്ടിയുടെ നന്മകളും വ്യക്തിത്വഗുണങ്ങളും പഠനമികവുകളും രേഖപ്പെടുത്തണം. തുടര്‍ച്ചയായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറേക്കണ്ടത്. അധ്യാപികക്ക് ടീച്ചിംഗ് മാന്വലിന്റെ പ്രതികരണപ്പേജില്‍ നിന്നും കുറിപ്പിലേക്ക് ആവശ്യമായവ കണ്ടെത്താനാകും. ഒന്നാം ടേം പൂര്‍ത്തിയാകുന്നതോടെ ഏതൊരു കുട്ടിയെക്കുറിച്ചും വളരെ സവിശേഷമായ നാലഞ്ച് വാക്യങ്ഹള്‍ കുറിക്കാനാകും. ശ്രദ്ധിക്കേണ്ടത് സമാനവാക്യങ്ങള്‍ ആവര്‍ത്തിക്കരുത് എന്നതാണ്. കുട്ടികള്‍ക്ക് പരസ്പരം അംഗീകാരം നല്‍കാനും അഭിമാനിക്കാനും ഇത് സഹായകമാകും. ഒന്നാം ടേം മുതല്‍ ഓരോ ദിവസം ഓരോ കുട്ടിയുടെ വീതം താരക്കാര്‍ഡ് ക്ലാസില്‍ ശ്രദ്ധേയമായ രീതിയില്‍ പ്രദര്‍ശിപ്പിക്കണം. കുട്ടിയെ അന്ന് അഭിനന്ദിക്കണം. ഇത്തരം പ്രചോദനങ്ങള്‍ അവരെ വലിയ തോതില്‍ സ്വാധീനിക്കും. താരതമ്യം ചെയ്തു പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
വ്യക്തിത്വസാമൂഹ്യഗുണങ്ങള്‍ വിലയിരുത്തല്‍
വിലയിരുത്തലുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും രീതികളും നടപ്പിലാക്കേണ്ടത് ക്ലാസ് പാര്‍ലമെന്റ് കൂടി ഇത്തരം ആശയം ചര്‍ച്ച ചെയ്ത് ജനാധിപത്യ രീതിയിലാകണം. എത്രമാത്രം ജനാധിപത്യപരമാകുന്നുവോ ക്ലാസ്റൂം സംസ്കാരം അതനുസരിച്ച് കുട്ടിയിലും ജനായത്തബോധം വികസിക്കും. പരസ്പരബഹുമാനം, കൂട്ടായ പ്രവര്‍ത്തനം, വിഭവങ്ങള്‍ പങ്കിടല്‍, ഊഴം കാക്കല്‍, കൂട്ടായ തീരുമാനത്തെ വിലതിക്കല്‍, വൈവിധ്യത്തെ അംഗീകരിക്കല്‍, മറുപക്ഷ വാദങ്ങളെയും കാഴ്ചപ്പാടുകളെയും മാനിച്ചുകൊണ്ട് വിയോജിക്കല്‍, വസ്തുതകളുടെ അടിസ്ഥാനത്തില്‍ നിലപാടുകള്‍ കൈക്കൊളളല്‍, ജനപക്ഷത്തു നിന്നും ചിന്തിച്ചു പ്രവര്‍ത്തിക്കല്‍, തീരുമാനമെടുക്കാനുളള കഴിവ്, വിവേചനങ്ങള്‍ കണ്ടെത്തിപരിഹരിക്കാനുളള കടമനിറവേറ്റല്‍ എന്നിവയെല്ലാം പ്രധാനപ്പെട്ടതാണ്. അവ മനുഷ്യനെ സൃഷ്ടിക്കാനുളള വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. പരിസ്ഥിതിസംരക്ഷണം, വിഭവപരിപാലനം, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, സര്‍ഗാത്മക ശേഷികള്‍, വിമര്‍ശനാവബോധം, ചരിത്രബോധത്തിന്റെയും ശാസ്ത്രബോധത്തിന്റെയും അടിസ്ഥാനത്തില്‍ പ്രശ്നങ്ങളെ സമീപിക്കാനുളള കഴിവ് തുടങ്ങിയവ കണക്കിലെടുക്കണം. സാമൂഹിക നൈപുണികള്‍ പ്രധാനമാണ്. ടാലന്റ് ലാബുമായി ബന്ധപ്പെട്ട കഴിവുകളും പരിഗണിക്കണം. ഇതെല്ലാം പഠനപ്രവര്‍ത്തനങ്ങള്‍, വിദ്യാരംഗം കലാസാഹിത്യവേദി, ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ പാര്‍ലമെന്റ് , ക്ലാസ് തല സംഘാടന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിശകലനം ചെയ്ത് കണ്ടെത്തണം. ഇതെല്ലാം സംബന്ധിച്ച് ചെറിയ സൂചകങ്ങള്‍ കുട്ടിക്ക് മനസിലാകുന്ന ഭാഷയില്‍ വികസിപ്പിക്കണം.
ഫീഡ് ബാക്ക് രജിസ്റ്റര്‍
എല്ലാവരും ഫീഡ് ബാക്ക് നല്‍കുന്നുണ്ടെന്നാണ് വിശ്വാസം. ധനാത്മകവും ഗുണാത്മകവും പ്രചോദനാത്മകവും ആയിരിക്കും അതെന്നും കരുതാം. വാചികമായ ഫീഡ്ബാക്ക് തത്സമയവും രേഖപ്പെടുത്തിയുളളത് കുട്ടിയുടെ നോട്ട് ബുക്കിലും ആകും . പക്ഷേ എല്ലാ കുട്ടികള്‍ക്കും ഫീഡ്ബാക്ക് ലഭിക്കുന്നുണ്ടോ? അറിയില്ല. ഇതിനായി ഒരു രജിസ്റ്റര്‍ അധ്യാപിക സൂക്ഷിക്കണം. കുട്ടികളുടെ പേരിനു നേരെ എപ്പോഴൊക്കെ ഫീഡ് ബാക്ക് നല്‍കി എന്നും അതിന്റെ പ്രതിഫലനം ഉണ്ടായോ എന്നും സൂചിപ്പിക്കും വിധം ഒരു രജിസ്റ്റര്‍. സന്നദ്ധതയുളള അധ്യാപകര്‍, എല്ലാ കുട്ടികളെയും പരിഗണിക്കുന്ന അധ്യാപകര്‍, ഗവേഷണാത്മകമായി കാര്യങ്ങളെ കാണുന്ന അധ്യാപകര്‍ എന്നിവര്‍ക്ക് ഈ ആശയം പ്രയോജനപ്പെടുത്താവുന്നതാണ്.
വിലയിരുത്താനുളള ഉപാധികള്‍
അതത് അധ്യാപകര്‍ക്ക് വികസിപ്പിക്കാനാകണം. ചെക്ക് ലിസ്റ്റാണോ, റേറ്റിംഗ് സ്കേലാണോ എന്നൊക്കെ അവരവര്‍ തന്നെ തീരുമാനിക്കട്ടെ.
വൈവിധ്യമുളള രീതികള്‍
വിലയിരുത്തുന്നതിന് ഓരോ യൂണിറ്റിലും വൈവിധ്യമുളള രീതികള്‍ പ്രയോഗിച്ച് ഏറ്റവും ഫലപ്രദമായവ കണ്ടെത്തുകയാണ് വേണ്ടത്