ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label പാഠ്യപദ്ധതി പരിഷ്കരണം. Show all posts
Showing posts with label പാഠ്യപദ്ധതി പരിഷ്കരണം. Show all posts

Monday, January 2, 2023

UDF ൻ്റെ കാലത്ത് ലിംഗസമത്വവും ലിംഗനീതിയുമാകാം LDF അത് പറയാൻ പാടില്ല!

"കേരളീയ സമൂഹത്തെ ലിംഗ രഹിത അരാജക സമൂഹമാക്കി മാറ്റാനുള്ള ഒളി അജണ്ടകളാണ് ജൻഡർ ജസ്റ്റിസ്, ജെൻഡർ ഇക്വാളിറ്റി, ജൻഡർ സ്പെക്ട്രം, ജൻഡർ ഓഡിറ്റിംഗ് എന്നീ പദങ്ങളിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. ലിംഗ രഹിത സമൂഹം കുടുംബഘടനയെ തകർക്കും." പറയുന്നത് അധ്യാപകരുടെ പേരിലുള്ള ഒരു സംഘടനയാണ്. ബാക്കി കൂടി നോക്കാം

സർക്കാർ അവതരിപ്പിച്ച ചർച്ചാ ക്കുറിപ്പിൽ 8,16, 20, 69, 71, 79, 81 എന്നീപേജുകളിൽ ഇത്തരം പദാവലികൾ ഉണ്ട് എന്ന് വിമർശനമാണ് ഈ സംഘടന മുന്നോട്ട് വെക്കുന്നത്. സർക്കാർ  ലിബറൽ ലൈംഗികതയാണ് മുന്നോട്ടുവെക്കുന്നത് ' വിപണി കോർപ്പറേറ്റ് താൽപര്യങ്ങളാണ് ഈ നവ ലൈംഗികത വാദത്തിന് പിന്നിൽ എന്ന ആരോപണമുന്നയിക്കുന്നു രസകരമായ സംഗതി ഇവർ തന്നെ പറയുന്നു ജനറൽ ഇക്വാളിറ്റി ഓഡിറ്റിംഗ്, സെൻസിറ്റിവിറ്റി എന്നീ പദങ്ങളുടെ വിവക്ഷ എന്താണെന്ന്

വിശദീകരിക്കുന്നില്ല എന്ന് ! എന്തുകൊണ്ടാണ് വിശദീകരിക്കാത്തത് എന്ന് ചോദ്യമുണ്ട്. വിശദീകരിക്കപ്പെട്ടില്ല എങ്കിൽ തങ്ങൾക്ക് തോന്നും വിധം വിശദീകരിക്കാം എന്നാണോ ഈ സംഘടനയുടെ വിദ്യാഭ്യാസ ബോധം പറയുന്നത്? എങ്കിൽ അപകടകരമാണത്. കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് എന്ന സംഘടനയാണ് കാൽ നൂറ്റാണ്ടിൻ്റെ വിദ്യാഭ്യാസം വിലയിരുത്തപ്പെടാതെ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതെങ്ങനെ എന്ന ലഘുലേഖയിൽ മേൽ സൂചിപ്പിച്ച വാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്.


ഡോ.എം.കെ. മുനീർ MLA, ഈ ലേഖകൻ കൂടി പങ്കെടുത്ത പാഠ്യപദ്ധതി ചർച്ചായോഗത്തിൽ പറഞ്ഞത് ഇപ്രകാരം.

"അമേരിക്കയിൽ ബോയ് ലവേഴ്‌സ് ഓർഗനൈസേഷൻ ഉണ്ട്. അത്തരം കാര്യങ്ങൾ ഇവിടേയും വന്നേക്കാം." (കേരള ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് യൂണിയൻ (കെ.എച്ച്.എസ്.ടി.യു.) കോഴിക്കോട് ഒക്ടോബർ 22 ന് നടത്തിയ സംവാദം)


2022 ഡിസംബർ 12ന് അബ്ദുറഹ്മാന്‍ രണ്ടത്താണി കണ്ണൂരിൽ പറഞ്ഞത് കൂടി വായിക്കാം:

"കൗമാരക്കാലത്ത് ആൺകുട്ടിയേയും പെൺകുട്ടിയേയും ഒരുമിച്ച് ഇരുത്തിയാൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുമത്രേ. എന്നിട്ടോ..പഠിപ്പിക്കേണ്ട വിഷയം കേൾക്കുമ്പോഴാണ്– എന്തൊക്കെയാണെന്നോ സ്വയംഭോഗവും സ്വവർഗരതിയും "



ലിംഗസമത്വം എന്ന വാക്ക് പറ്റില്ല ലിംഗനീതി എന്ന പദം ആകാമെന്ന് മറ്റൊരു വാദം.


പുതിയ സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി തയ്യാറാക്കിയ ചര്‍ച്ചാക്കുറിപ്പിലെ ലിംഗസമത്വം, ലിംഗ പദവി, ലിംഗനീതി എന്നീ പദങ്ങളെ ആക്രമിക്കുന്നവര്‍ 2013 ൽ യു ഡി എഫ് സർക്കാർ പുറത്തിറക്കിയ  പാഠ്യപദ്ധതി നയരേഖ ഒന്നു വായിച്ചു നോക്കുന്നത് നന്നായിരിക്കും. 


വിദ്യാഭ്യാസ ലക്ഷ്യങ്ങൾ പറയുമ്പോൾ

ലിംഗനീതി പരിഗണിക്കണം എന്ന് വ്യക്തമായി പറയുന്നു.(പേജ് 7 )

അതേ പേജിൽത്തന്നെ സ്ത്രീ പുരുഷ സമത്വം എന്നത് ഉറപ്പു വരുത്തേണ്ട ആത്യന്തിക പ0ന നേട്ടമാണെന്ന് പറയുന്നു.

നിയമബോധം എന്ന ശീർഷകത്തിൽ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് കുട്ടികളിൽ ധാരണയുളവാക്കണം എന്ന് പറയുന്നു. തുടർന്ന്

ലിംഗനീതി

 എന്ന ഭാഗത്ത് 'പാഠ്യപദ്ധതി ലിംഗ സമത്വവും ലിംഗ നീതിയും ഉറപ്പാക്കുന്നതാകണം. ആണ്‍-പെണ്‍ വിവേചനം. പാഠ്യപദ്ധതിയില്‍ കടന്നുവരാന്‍ പാടില്ല. പാഠപുസ്തകങ്ങളിലെ ചിത്രങ്ങളില്‍ പോലും ലിംഗനീതിയുടെ കാഴ്ചപ്പാടുണ്ടാവേണ്ടതുണ്ട്چ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

മൂല്യങ്ങൾ, മനോഭാവങ്ങൾ, പ്രതിബദ്ധത എന്നിവ വളർത്തുന്നതിനുതകുന്ന മേഖലകൾ പറയുമ്പോൾ ആശയ മേഖലകളായി നിർദേശിക്കുന്നതിലൊന്ന് ലിംഗനീതിയാണ്.


ഭാഷാപOനം പൊതുവായ ലക്ഷ്യങ്ങൾ സൂചിപ്പിക്കുമ്പോഴും ലിംഗനീതി പരിപോഷിപ്പിക്കണം എന്നാണ് വ്യക്തമാക്കുന്നത്.

സാമൂഹിക ശാസ്ത്ര ഉദ്ദേശ്യങ്ങൾ അപ്പർ പ്രൈമറി തലത്തിൽ ലിംഗനീതി, സമത്വം എന്നിവ സംബന്ധിച്ച ആശയ രൂപീകരണം നടത്തൽ, ഹൈസ്കൂൾ തലത്തിൽ ലിംഗനീതി, സമത്വം എന്നിവ സംബന്ധിച്ച അവബോധം സൃഷ്ടിക്കൽ, നിലപാട് സ്വീകരിച്ച് സാമൂഹിക രംഗത്ത് ഇടപെടാനുള്ള ശേഷി വികസിപ്പിക്കൽ, ഹയർ സെക്കണ്ടറിയിൽ ലിംഗ സമത്വം സംബന്ധിച്ച ഉയർന്ന ധാരണകൾ ആർജിക്കലും സമൂഹത്തിൽ ഇടപെടലും ആണ് വേണ്ടത് എന്ന് രേഖ.

ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഉതകുന്ന തലത്തില്‍ സാമ്പത്തീക സ്ഥിതി, ലിംഗം, ജാതി, മതം, പ്രദേശം എന്നിവ സംബന്ധിച്ച വിടവ് കുറക്കാനും സാമൂഹ്യ പരിവര്‍ത്തനം സാധ്യമാക്കാനുള്ള ഉപാധിയായി ശാസ്ത്രം അവത രിപ്പിക്കുന്നത് എന്ന് 2013ലെ നയരേഖയില്‍ പേജ് 57 ല്‍ കൊടുത്തിരിക്കുന്നു.


ഇനി എൽ ഡി എഫ് സർക്കാർ പുറത്തിറക്കിയ ചർച്ചാ രേഖയിലെ പ്രസക്തഭാഗങ്ങൾ നോക്കാം. ലൈംഗിക അരാജകത്വത്തിൻ്റെ ആശയങ്ങളാണോ അതിലുള്ളത്?


പേജ് നമ്പർ 18,

ഇനം 23 പാർശ്വവൽക്കരിക്കപ്പെടുന്നവരായ സ്ത്രീകൾ, പിന്നോക്കം നിൽക്കുന്നവർ എന്നിവരുടെ അവകാശങ്ങൾ ഉൾക്കൊള്ളുന്നതും അവർക്ക് ഇടം നൽകുന്നതുമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ രൂപീകരിക്കപ്പെടേണ്ടതുണ്ട്.

തുല്യതയും സമത്വവും ലക്ഷ്യം വെക്കുമ്പോഴും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്ന ജനറൽസെൻസിറ്റീവ് അല്ലാത്ത സാമൂഹിക വ്യവസ്ഥയെ ഉയർന്ന മാനവികത ബോധം കൊണ്ട് പുനർ നിർമ്മിക്കേണ്ടതുണ്ട്. ഇവിടെയാണ് പാഠ്യപദ്ധതിയുടെ ഊന്നൽ മേഖലകളിൽ പുനരാലോചന ആവശ്യമായി വരുന്നത്.

വിമർശന ചിന്തയും സർഗാത്മകതയും സ്കൂൾ വിദ്യാഭ്യാസകാലം മുതൽ തന്നെ കുട്ടികളുടെ ശീലങ്ങളായി വികസിക്കപ്പെടണം.


 പേജ് നമ്പർ 20 

 ഇനം 28 

ലിംഗ തുല്യത, ലിംഗ നീതി എന്നിവ സംബന്ധിച്ച കേരളീയ സമൂഹത്തിൻറെ പൊതുബോധം വിമർശനപരമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.

സ്ത്രീധനധന കൊലപാതകങ്ങളും അക്രമങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലാതെ ആയിട്ടുണ്ട് .

ജനറൽ സ്പെക്ട്രത്തെ കുറിച്ചുള്ള ധാരണകളും വികസിക്കുന്നില്ല. ഒരു വ്യക്തിയുടെ വളർച്ചയുടെ

നിർണായക ഘട്ടത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് സ്കൂൾ ക്യാമ്പസിൽ ആണ് .

ലിംഗനീതി, ലിംഗ തുല്യത സംബന്ധിച്ച കാര്യങ്ങളും ലിംഗാവബോധവും കുട്ടികളിൽ വളർത്താൻ നിലവിലെ സ്കൂൾ വിദ്യാഭ്യാസ ഘട്ടത്തിലെ പരിമിതികൾ അഭിമുഖീകരിക്കേണ്ടതുണ്ട് .

ബോധന രീതികൾ, സ്കൂൾ ക്യാമ്പസ്, കളിസ്ഥലം എന്നിവ ഓഡിറ്റിങ്ങിന് വിധേയമാക്കേണ്ടതുണ്ട് .

ഇതിന് സഹായകമായ രീതിശാസ്ത്രം എങ്ങനെ കഴിയും ?


പേജ് നമ്പർ 23 

ഇനം 3 

ജനാധിപത്യബോധം ,മതനിരപേക്ഷത, സാമൂഹ്യനീതി ,പരിസ്ഥിതി ബോധം, ശാസ്ത്രീയഅവബോധം ,ചരിത്രബോധം, സാംസ്കാരികത ലിംഗ നീതി, ബഹുസ്വരത എല്ലാവരെയും ഉൾക്കൊള്ളും ഉൾക്കൊള്ളൽ എന്നിവയെല്ലാം നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളാണ് 

അദ്ധ്യായം 16 

ലിംഗനിധിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം 

ഭരണഘടനയുടെ ആർട്ടിക്കിൾ 15 മതം, ജാതി, ലിംഗം, വർണം, വർഗ്ഗം, പ്രദേശം എന്നിവയുടെ പേരിൽ വിവേചനം അനുവദിക്കുന്നില്ല.

 ആർട്ടിക്കിൾ 14 എല്ലാ തരത്തിലുമുള്ള സമത്വം വിഭാവനം ചെയ്യുന്നു. ജൻഡർ അഥവാ ലിംഗഭേദം

 എന്നത് സാമൂഹിക നിർമ്മിതിയാണ് .

നീതിയിൽ അധിഷ്ഠിതമായ സാമൂഹിക സൃഷ്ടി സാധ്യമാകണമെങ്കിൽ എല്ലാത്തരത്തിലും ഉള്ള നീതിയുറപ്പാകാൻ ആകണം .

ഇതിൽ പ്രധാനമാണ് ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം. ഈ നിലപാട് പാഠ്യപദ്ധതിയിലൂടെ എങ്ങനെ അഭീകരിക്കാം ?

വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്ന് ലിംഗപരമായ സവിശേഷതയാൽ ഒരു കുട്ടിയെയും മാറ്റിനിർത്താൻ പാടില്ല.

 ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്നത് ലോകത്തിൻറെ മുൻഗണനാ പട്ടികയിലുണ്ട് .

ഇന്നലെകളിൽ ആൺ, പെൺ എന്ന വിഭാഗങ്ങളെ പരിഗണിച്ചാണ് ലിംഗനീതിയെക്കുറിച്ച് പറഞ്ഞതെങ്കിൽ, എല്ലാ ലിംഗവിഭാഗങ്ങളെയും  പരിഗണിച്ചാവണം  ഇനിയുള്ള വിദ്യാഭ്യാസം.

പ്രവർത്തന പങ്കാളിത്തം, വിദ്യാഭ്യാസത്തിൻറെ തുടർച്ച , തൊഴിൽ എന്നിവയെല്ലാം ഏറെയും കുറഞ്ഞും ലിംഗപരമായ അസമത്വം നിലനിൽക്കുന്നു.

ഇത് കണ്ടെത്തി പരിഹരിക്കുന്നതിന് സ്കൂൾ വിദ്യാഭ്യാസത്തിൻറെ എല്ലാ ഘട്ടങ്ങളിലും എല്ലാ സന്ദർഭങ്ങളിലും കഴിയണം . സാമൂഹ്യവും സാംസ്കാരികവുമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന പാർശ്വവൽകൃത സമൂഹത്തെ കൂടി ഉൾക്കൊള്ളുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമായി മാറണം. സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിലൂടെ കടന്നുവന്ന കേരളീയ സമൂഹം പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാ വിവേചനങ്ങളും മറന്ന് ഒന്നായ നിരവധി അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട് .എന്നാൽ അത്തരം മനോഭാവം ഭിന്നിച്ചു പോകുന്ന സന്ദർഭങ്ങൾ നിരവധിയാണ് . സ്ത്രീകൾക്കും പെൺകുട്ടികൾക്കും ട്രാൻസ്ജെൻഡറുകൾക്കും മറ്റ് ലിംഗ ന്യൂനപക്ഷ വിഭാഗങ്ങൾക്കും എതിരായുള്ള അതിക്രമങ്ങൾ, കൊലപാതകങ്ങൾ, പ്രണയ കൊലപാതകങ്ങൾ, ദുരഭിമാനക്കൊല, സദാചാര പോലീസ് തുടങ്ങിയ സാമൂഹിക തിന്മകൾ ആശങ്ക ഉണർത്തും വിധം വർധിച്ചു വരുന്നു. അതിനെ തരണം ചെയ്തു സമത്വബോധം വളർത്തിയെടുക്കാൻ പാഠ്യപദ്ധതിക്കാവണം.

അക്കാദമി രംഗത്ത് പെൺകുട്ടികൾ മുൻപന്തിയിൽ എത്തിയിട്ടുണ്ടെങ്കിലും തൊഴിൽമേഖലയിലും സമൂഹത്തിന്റെ മറ്റ് മേഖലകളിലും (രാഷ്ട്രീയം, സാംസ്കാരിക, സ്പോർട്സ്, തീരുമാനമെടുക്കുന്നിടങ്ങൾ ) അർഹമായ മുന്നേറ്റം സാധ്യമാകണമെങ്കിൽ ലിംഗനീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം അനിവാര്യമാണ്. ഇതെങ്ങനെ സാധിക്കും ?



പാഠ്യപദ്ധതി, പാഠപുസ്തകം, വിദ്യാലയ അന്തരീക്ഷം, ബോധന രീതികൾ ഇവയാണ് ലിംഗനീതി വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള പ്രധാന ഉപാധികൾ. കേരളം വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്ക് പരിവർത്തിക്കപ്പെടുമ്പോൾ ലിംഗപരമായ നീതി ഉറപ്പാക്കണമെങ്കിൽ നമ്മുടെ പാഠ്യപദ്ധതിയിൽ നവീന മാറ്റങ്ങൾ ആവശ്യമാണ് .

വ്യക്തികളും സമൂഹവും ലിംഗവിവേചനരഹിതമായി പെരുമാറുമ്പോൾ കുട്ടികളുടെ ഫലപ്രദമായ വളർച്ചയ്ക്കും വികാസത്തിനും മാത്രമല്ല സമൂഹത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമത്തിന് അത് കാരണമാകും .

ഇക്കാര്യത്തിലും നിർദ്ദേശങ്ങൾ ഉണ്ടാവണം 

കൂടാതെ താഴെ പറയുന്ന കാര്യങ്ങളും പരിഗണിച്ച് നിർദ്ദേശങ്ങൾ ഉണ്ടാവണം 

ഒന്ന് വീടുകളിൽ കുട്ടികൾക്ക് ലിംഗ വ്യത്യാസമില്ലാതെ പഠനം, കളികൾ ജീവിതാനുഭവങ്ങൾ എന്നിവയിൽ പങ്കാളികളാകുന്നതിന് വേണ്ടത്ര അവസരം ലഭിക്കേണ്ടതല്ലേ? അതിനെക്കുറിച്ച് നിങ്ങൾക്കുള്ള അഭിപ്രായം എന്താണ്?

രണ്ട് പാഠപുസ്തകങ്ങളിലെ ചിത്രങ്ങൾ, ഭാഷാപ്രയോഗം, ഉദാഹരണങ്ങൾ, പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ, നിലനിൽക്കുന്ന സാമൂഹിക അവസ്ഥ അതുപോലെ തുടരുന്നതിന് സഹായകമായ തരത്തിലാണ് പാഠപുസ്തകങ്ങൾ ഉൾപ്പെടെയുള്ള പഠന സാമഗ്രികൾ ഉള്ളത് എന്ന വിമർശനം ഉണ്ട് ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടതല്ലേ? മൂന്ന് വീട്ടുജോലികൾ കുടുംബാംഗങ്ങൾ പങ്കിട്ടെടുക്കേണ്ടതാണെന്ന് സന്ദേശം നൽകാൻ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം സമ്പ്രദായത്തിന് എത്രമാത്രം കഴിയുന്നുണ്ട്?

നാല് സ്കൂൾതലത്തിൽ എല്ലാ പ്രവർത്തനങ്ങളിലും പെൺകുട്ടികൾക്ക് പുലർത്തുന്നുണ്ടെങ്കിലും വളർന്നു വരുമ്പോൾ പൊതുസമൂഹത്തിൽ അവരുടെ പങ്കാളിത്തം പിന്നോട്ട് പോകുന്നത് എന്തുകൊണ്ടായിരിക്കും?

 5 തുല്യ അവസരം, അധികാര പങ്കാളിത്തം , പൊതു ഇടങ്ങളുമായുള്ള സമ്പർക്ക സന്ദർഭങ്ങൾ എന്നിവയിൽ ലിംഗ നീതിയിലധിഷ്ഠിതമായ വിദ്യാലയ പ്രവർത്തനങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് എന്താണ് അഭിപ്രായം ?

നിർദ്ദേശങ്ങൾ ഉണ്ടാകണം 

6 പുസ്തകങ്ങൾ, കലാരൂപങ്ങൾ അച്ചടി -ദൃശ്യമാധ്യമങ്ങൾ , നവമാധ്യമങ്ങൾ എന്നിവയിലൂടെ കുട്ടി പരിചയപ്പെടുത്തുന്ന നീതിയുക്തമല്ലാത്ത ഭാഷാപ്രയോഗങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? വളർന്നു വരുന്ന കുട്ടികൾക്ക് മാനവികതയിൽ  ഊന്നിയ ഭാഷ സ്വീകരിക്കാൻ വിദ്യാഭ്യാസത്തിലൂടെ കഴിയണ്ടേ?

 7 വിദ്യാഭ്യാസ പുരോഗതി നേടിയിട്ടും സ്ത്രീധനം, പ്രണയ ക്കൊലപാതകം പോലുള്ള സാമൂഹ്യ തിൻമകൾ നിലനിൽക്കുന്നത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ പരിമിതിയെ ആണോ സൂചിപ്പിക്കുന്നത് ? ആണെങ്കിൽ ഇത്തരം കാര്യങ്ങൾ പാഠ്യപദ്ധതിയിൽ എങ്ങനെയാണ് പരിഗണിക്കേണ്ടത് ?

8 പുതിയ പാഠ്യപദ്ധതിയിൽ ലിംഗ നീതി, ലിംഗസമത്വം എന്നിവ കുട്ടികളിൽ വികസിപ്പിക്കാൻ നിങ്ങൾക്ക് നൽകാനുള്ള നിർദ്ദേശങ്ങൾ എന്തെല്ലാം?


വസ്തുതകൾ അതേ പോലെ മുകളിൽ കൊടുത്തിട്ടുണ്ട്. വിമർശകർക്ക് ലിംഗസമത്വം, ലിംഗനീതി എന്നൊക്കെ പറഞ്ഞാൽ ലൈംഗികതയാണ്. അതു തിരുത്താനുള്ള മാർഗം പഠിക്കുക എന്നതു തന്നെ. അനുബന്ധങ്ങൾ അതിന് സഹായകമാകും.


അനുബന്ധം

1️⃣

*ലിംഗ സമത്വം* ജെന്റർ തുല്യത (Gender Equality) എന്നും അറിയപ്പെടുന്നു. സ്ത്രീപുരുഷ-ട്രാൻസ്ജെന്ഡർ വിഭാഗങ്ങൾക്കും മറ്റ് ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്കും (LGBT) തുല്യ പരിഗണന ഉറപ്പുവരുത്തുക (Equity), ലിംഗ ഭേദത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം (Gender based discrimination) കാണിക്കാതിരിക്കുക എന്നിവയാണു ലിംഗസമത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് *ഐക്യരാഷ്ട്ര സഭയുടെ* *ലക്ഷ്യമാണ്* . 

ഒരു ലിംഗ വിഭാഗത്തിന്റെയും ശാരീരിക- മാനസിക പ്രത്യേകതകൾ അവരുടെ അവകാശങ്ങൾ നിഷേധിക്കാൻ കാരണമാകരുത് എന്നാണ് ഉദ്ദേശിക്കുന്നത്.

2️⃣

 *ലിംഗനീതി* എന്ന പദം ഇതുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നതാണ്. വിവിധ ലിംഗ വിഭാഗങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ശാക്തീകരണമാണ് ലിംഗ സമത്വത്തിന്റെ ലക്ഷ്യം. സ്ത്രീകളുടെയും ട്രാൻസ് ജൻഡറുകളുടേയും ഉന്നതിക്കായി നടപ്പിലാക്കുന്ന പദ്ധതികൾ ഇതിന്‌ ഉദാഹരണമാണ്. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ തുടങ്ങിയ സമസ്ത മേഖലകളിലും എല്ലാ ലിംഗവിഭാഗങ്ങൾക്കും തുല്യത ഉറപ്പുവരുത്തുക എന്നൊരു ലക്ഷ്യം ഇതിനുണ്ട്. ലിംഗ സമത്വവും, ലിംഗനീതിയുമൊക്കെ ഒരു _രാജ്യം അല്ലെങ്കിൽ പ്രദേശം കൈവരിച്ച വികസനത്തിന്റെ സൂചികയായും_ ഉപയോഗിക്കാറുണ്ട്. സ്ത്രീകൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും സമൂഹത്തിൽ വേരോടിയ ലിംഗ അസമത്വത്തിന്റെയും (Gender Inequality) ലിംഗ വിവേചനത്തിന്റെയും ഉപോത്പന്നങ്ങൾ ആണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.


(അവലംബം വിക്കിപീഡിയ)


അനുബന്ധം 2

സമത്വം, ലിംഗനീതി, ലിംഗ നിക്ഷ്പക്ഷത…

കീര്‍ത്തി പ്രഭ 

(ആഗസ്റ്റ് 28, 2022)


ലിംഗ നിക്ഷ്പക്ഷത (ജന്‍ഡര്‍ ന്യൂട്രാലിറ്റി), ലിംഗ സമത്വം (ജന്‍ഡര്‍ ഇക്വാളിറ്റി), ലിംഗ നീതി (ജന്‍ഡര്‍ ഇക്യുറ്റി) ഈ മൂന്ന് വാക്കുകളും നമ്മള്‍ കേള്‍ക്കാറുണ്ട്. ഇവ മൂന്നും തമ്മിലുള്ള വ്യത്യാസങ്ങളും എന്താണ് ഈ വാക്കുകളിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും വ്യക്തമായി അറിയാത്തത് കൊണ്ട് തന്നെ ഈ മൂന്ന് വാക്കുകളും തര്‍ക്ക വിഷയമായി നമുക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ട്. സ്ത്രീക്കും പുരുഷനും ട്രാന്‍സ്ജന്‍ഡറിനും എല്ലാ കാര്യങ്ങളിലും തുല്യത വേണം എന്ന് പറയുമ്പോള്‍ സംശയങ്ങള്‍ ഉണ്ടാവുക സ്വഭാവികമാണ്. ഈ തുല്യത അല്ലെങ്കില്‍ ലിംഗസമത്വം എന്ന വാക്ക് തന്നെ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്.അവിടെയാണ് നമ്മളധികം ഉപയോഗിക്കാത്ത ലിംഗനീതി എന്ന വാക്കിന് പ്രസക്തിയുണ്ടാകുന്നത്. ചെറിയൊരു ഉദാഹരണത്തിലൂടെ ആ വാക്കുകള്‍ തമ്മിലുള്ള വ്യത്യാസം വിവരിക്കാന്‍ ശ്രമിക്കട്ടെ.

നല്ല ഉയരമുള്ളതും ഇടത്തരം ഉയരമുള്ളതും തീരെ ഉയരമില്ലാത്തതും ആയ മൂന്ന് പേര്‍ക്ക് ഒരു മതിലിനു അപ്പുറത്തുള്ള ക്രിക്കറ്റ് കളി കാണണം. അതിനായി അവര്‍ക്ക് ഒരേ ഉയരമുള്ള മൂന്ന് ബെഞ്ചുകള്‍ നല്‍കുന്നു. കൂടുതല്‍ ഉയരമുള്ളയാള്‍ക്ക് ബെഞ്ചില്ലാതെ തന്നെയും ഇടത്തരം ഉയരമുള്ളയാള്‍ക്ക് ബെഞ്ചില്‍ കയറി നിന്നിട്ടും മതിലിനപ്പുറത്തെ ക്രിക്കറ്റ് കാണാന്‍ കഴിയും. പക്ഷെ ഉയരം തീരെ കുറഞ്ഞയാള്‍ക്ക് ബെഞ്ചില്‍ കയറി നിന്നാലും മതിലിനപ്പുറത്തെ കാഴ്ച കാണാന്‍ പറ്റില്ല. മൂന്ന് പേര്‍ക്കും ഒരേ ഉയരമുള്ള ബെഞ്ച് നല്‍കിക്കൊണ്ട് അവിടെ നമ്മള്‍ നടപ്പിലാക്കിയത് സമത്വമാണ്. പക്ഷെ ആ സമത്വം കൊണ്ട് മൂന്ന് പേര്‍ക്കും ഗുണമുണ്ടാവുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. നേരെ മറിച്ച് ഉയരം കൂടുതലുള്ളയാള്‍ക്ക് ബെഞ്ച് കൊടുക്കാതെയും ഇടത്തരം ഉയരമുള്ളയാള്‍ക്ക് ബെഞ്ച് നല്‍കിയും ഉയരം തീരെ കുറഞ്ഞയാള്‍ക്ക് നേരത്തെ നല്‍കിയതിനേക്കാളും കൂടുതല്‍ ഉയരമുള്ള ബെഞ്ച് നല്‍കുകയും ചെയ്താല്‍ അവിടെ നീതി നടപ്പിലാകും. അത് സമത്വത്തിലേക്കുള്ള മാര്‍ഗവുമാകും. മനുഷ്യരെല്ലാം പല രീതികളില്‍ വ്യത്യസ്തരാണ്.

ഈ വ്യത്യാസങ്ങളുള്ളത് കൊണ്ട് എല്ലാവര്‍ക്കും ജീവിക്കാനും ജീവിതം ആസ്വദിക്കാനുമുള്ള അവകാശങ്ങളില്‍ വ്യത്യസ്തത ഉണ്ടാവാന്‍ പാടില്ല. അതിനു പറ്റുന്ന രീതിയില്‍ ഉള്ള സംവിധാനങ്ങള്‍ ഉണ്ടാക്കാനാണ് സമൂഹവും ഭരണകൂടവും എല്ലാം ശ്രമിക്കേണ്ടത്. ലിംഗനീതി നടപ്പിലായാല്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ കൈകടത്തി അവരെ നിയന്ത്രിക്കാനുള്ള അവസരങ്ങളും സാമൂഹിക അധികാരം ചിലരിലുണ്ടാക്കിയ ഭ്രമങ്ങളും മറ്റുള്ളവന്‍റെ ത്യാഗത്തെയും വേദനയെയും മഹത്വവല്‍ക്കരിച്ചു കൊണ്ടോ അല്ലാതെയോ ചൂഷണം ചെയ്ത് ജീവിക്കാനുള്ള മനുഷ്യന്‍റെ സ്വാഭാവികമായ വാസനകളും അധികാരം ഉണ്ടാക്കിത്തരുന്ന സവിശേഷമായ ചില പദവികളും മാത്രമേ നഷ്ടമാവുകയുള്ളു. ഒരു പൗരന്‍ എന്ന രീതിയിലുള്ള നിങ്ങളുടെ അവകാശങ്ങള്‍ക്ക് യാതൊരു കോട്ടവും സംഭവിക്കില്ല. അതുകൊണ്ട് തന്നെ ലിംഗനീതിയെന്ന് കേള്‍ക്കുമ്പോള്‍ അസ്വസ്ഥരാവേണ്ട ആവശ്യം തീരെയില്ല. കുട്ടികള്‍, വൃദ്ധജനങ്ങള്‍ ഭിന്നശേഷിക്കാര്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങി പല കാരണങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെട്ട വര്‍ഗ്ഗങ്ങളെ കൂടി നമ്മുടെ സാമൂഹിക പുരോഗതിയുടെ ഭാഗമാക്കിയാല്‍ മാത്രമേ ഒരു സമൂഹത്തിന് വളര്‍ച്ചയുണ്ടാവുകയുള്ളൂ. ബഹുഭൂരിപക്ഷം ആളുകളും സാമൂഹിക പുരോഗതിയുടെ ഭാഗമാകാതെ ഇരിക്കുമ്പോള്‍ ഒരു സമൂഹം ഒരിക്കലും ആരോഗ്യത്തോടെ മുന്നോട്ട് നടക്കില്ല. അതുകൊണ്ടുതന്നെയാണ് സ്ത്രീകളെയും ഭിന്നലിംഗക്കാരെയും ദുര്‍ബലവിഭാഗങ്ങളെയും ഒക്കെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയിട്ടുള്ള പരിശ്രമങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആണും പെണ്ണും മറ്റ് ലിംഗവിഭാഗങ്ങളും തമ്മില്‍ ശാരീരിക പ്രകൃതിയില്‍, പെരുമാറ്റ രീതിയില്‍, ശബ്ദത്തില്‍, വൈകാരികതകളില്‍, ലൈംഗികതയില്‍ അങ്ങനെ നിരവധി അസമത്വങ്ങള്‍ ഉണ്ട്. പിന്നെ എങ്ങനെയാണ് സമത്വം സാധ്യമാവുക? അതിന് ഒരേയൊരു ഉത്തരം മാത്രമേ ഉള്ളൂ. സ്ത്രീകളുടെയും പുരുഷډാരുടെയും മറ്റ് ലിംഗന്യൂനപക്ഷങ്ങളുടെയും ജീവശാസ്ത്ര പരമായും, വൈകാരികമായും ശാരീരികമായും ലൈംഗികമായും ഉള്ള വ്യത്യാസങ്ങള്‍ ഒരിക്കലും അവരുടെ സാമൂഹികമായ ഇടപെടലുകള്‍ക്കോ ഭരണഘടനാ പ്രകാരം ഒരു പൗരനുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നതിനോ തടസ്സമാവാന്‍ പാടില്ല. ലിംഗ വ്യത്യാസം കൊണ്ട് മാത്രം സാമൂഹികവിവേചനങ്ങള്‍ ഉണ്ടാകുന്ന അവസ്ഥയില്‍ മാറ്റം വരണം എന്നതാണ് ഈ വാക്കുകളൊക്കെ ലക്ഷ്യമിടുന്നത്.

അതല്ലാതെ ഒരു വിഭാഗത്തിന് മറ്റൊരു വിഭാഗത്തിന്‍റെ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഉപകരണം അല്ല ലിംഗനീതി. ലിംഗനീതി നടപ്പാക്കുന്നതിലൂടെ നിലവില്‍ ആധിപത്യം ഉള്ള വിഭാഗത്തിന് ഒന്നും നഷ്ടപ്പെടുന്നില്ല, അവരുടെ പ്രിവിലേജ് അവിടെ തന്നെ നിലനിര്‍ത്തിക്കൊണ്ട് മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്കും ആ പ്രിവിലേജ് ലഭ്യമാക്കുക എന്ന് മാത്രം. സമത്വം വേണമെങ്കില്‍ പിന്നെ പ്രത്യേകം ടോയ്ലറ്റ് എന്തിനാ, ബസില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം എന്തിനാ, അധികാര സ്ഥലങ്ങളിലും ചില ഉദ്യോഗങ്ങള്‍ക്കും ഒക്കെ സ്ത്രീകള്‍ക്ക് സംവരണം എന്തിനാ, സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക നിയമങ്ങള്‍ എന്തിനാ, ഭിന്നലിംഗക്കാരെ സംരക്ഷിക്കാന്‍ പ്രത്യേക നിയമങ്ങള്‍ എന്തിനാ ഈ ചോദ്യങ്ങളൊക്കെ എന്താണ് ലിംഗസമത്വം എന്നും എന്താണ് ലിംഗനീതി എന്നും ലിംഗ നിക്ഷ്പക്ഷത എന്നും മനസിലാക്കിയാല്‍ ഇല്ലാതാവും. വിവിധ ലിംഗത്തില്‍ പെട്ടവര്‍ ഒരുപോലെ നടക്കുകയും ഒരുപോലെ പ്രവര്‍ത്തിക്കുകയും ഒരുപോലെ വസ്ത്രം ധരിക്കുകയും ചെയ്യുന്നതല്ല ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് മനസിലാക്കിയാല്‍ തീരാവുന്ന തര്‍ക്കങ്ങളേ ഇവിടെയുള്ളൂ.

സ്ത്രീകള്‍ പുരുഷډാരെ പോലെ നടക്കുന്നതും പുരുഷډാര്‍ സ്ത്രീകളെ പോലെ നടക്കുന്നതും ആണ് ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് കരുതുന്നവരാണ് അധികവും. ഒരു വ്യക്തിക്ക് ഭരണഘടന അനുവദിച്ചു കൊടുക്കുന്ന അവകാശങ്ങള്‍ അവരുടെ ലിംഗത്തിന്‍റെ പേരില്‍ ഒരു വ്യക്തിയോ സംഘടനയോ മതമോ മറ്റാരെങ്കിലുമോ നിഷേധിക്കുകയാണെങ്കില്‍ അതിനെതിരെ ശബ്ദിക്കുകയാണ് ന്യൂട്രാലിറ്റിയും സമത്വവും ലിംഗനീതിയും ചെയ്യുന്നത്.അതിലേക്കുള്ള മാര്‍ഗങ്ങള്‍ തന്നെയാണ് ജന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ പോലെയുള്ള ആശയങ്ങള്‍. അതുകൊണ്ട് തന്നെ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രത്തെ പിന്തുണയ്ക്കാന്‍ പുരുഷډാര്‍ സാരിയും ചുരിദാറും ധരിക്കേണ്ട കാര്യമില്ല. അവയൊന്നും ജന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രമല്ല എന്ന് മനസിലാക്കിയാല്‍ മതി. വീടുകളും സ്കൂളുകളും തന്നെയാണ് ലിംഗ നീതിയുടെയും ലിംഗസമത്വത്തിന്‍റെയും ബാലപാഠങ്ങള്‍ തുടങ്ങാന്‍ ഏറ്റവും നല്ലത്. ശരീരം എളുപ്പത്തില്‍ ചലിപ്പിക്കാവുന്ന പാന്‍റും ഷര്‍ട്ടുമൊക്കെ എല്ലാ ജന്‍ഡറിലുള്ളവര്‍ക്കും കംഫര്‍ട്ടബിള്‍ ആണെന്നതില്‍ തര്‍ക്കമൊന്നുമില്ല. വസ്ത്രസ്വാതന്ത്ര്യത്തിലെ കൈകടത്തലാണ് ഈ ആശയം എന്ന് മതങ്ങള്‍ നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണ്.

സമൂഹം ഓരോ ജെന്‍ഡറുകള്‍ക്കും ചില ധര്‍മങ്ങളും കടമകളും വിലക്കുകളും കല്പിച്ചു കൊടുത്തിട്ടുണ്ട്. അസമത്വത്തിന്‍റെ ആരംഭം അവിടെ നിന്ന് തന്നെ ആവാം. സാമൂഹികമോ മതപരമോ ആയ ഇത്തരം അസമത്വങ്ങളെല്ലാം ചില സംസ്കാരങ്ങളുടെ ഭാഗമായി വളര്‍ന്നു വന്നതാണ്. അതുകൊണ്ട് തന്നെയാണ്. ലിംഗസമത്വം എന്ന ആശയം പലരുടെയും ശത്രു ആകുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും പൗരവകാശങ്ങള്‍ക്കും ഒക്കെ കല്പിച്ചു കൊടുക്കുന്ന വിലക്കുകള്‍ തന്നെയാണ് മതങ്ങളുടെയൊക്കെ അടിത്തറ. ലിംഗ വിവേചനം ഇല്ലാതെ എല്ലാ പൗരډാര്‍ക്കും ഭയമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഒരു അന്തരീക്ഷം ഉണ്ടാക്കുക എന്നതാണ് ജന്‍ഡര്‍ ന്യൂട്രാലിറ്റി അഥവാ ലിംഗ നിക്ഷ്പക്ഷത കൊണ്ട് ഉദ്ദേശിക്കുന്നത്. സമത്വം എന്ന ആശയം എന്താണെന്ന് ആദ്യം നമുക്ക് ബോധ്യപ്പെടണം. പരസ്പരം പോരാടിച്ചോ കലഹിച്ചോ മാത്രം നേടാവുന്ന ഒന്നല്ല അത്. അംഗീകരിക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ വളര്‍ന്നു വരേണ്ട ഒരു ജീവിത രീതിയാണത്.


Wednesday, November 27, 2013

ശ്രേഷ്ഠമലയാളത്തെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്തേക്കും!

24 അക്ഷരങ്ങള്‍ മാത്രമുള്ള പണിയ ഭാഷ പറയുന്ന വിദ്യാര്‍ഥി 51 അക്ഷരങ്ങളുള്ള മലയാളം സംസാരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥ കേരളത്തിലുണ്ട്. 
"ഒന്നുമുതല്‍ പത്ത് വരെ ക്ളാസുകളില്‍ വയനാട് ജില്ലയില്‍ മാത്രം 29,548 ആദിവാസി വിദ്യാര്‍ഥികളുണ്ട്. തങ്ങളുടെ മാതൃഭാഷയും സംസ്കാരവും അവഹേളിക്കപ്പെട്ട് ഓരോ വര്‍ഷവും വയനാട്ടിലെ സ്കൂളുകളില്‍ നിന്ന് കൊഴിഞ്ഞുപോകുന്ന ഇത്തരം കുട്ടികളുടെ എണ്ണം 1000ത്തിനും 2000ത്തിനും ഇടയ്ക്കാണ്. "
                                                           (പത്രവാര്‍ത്ത -04/09/2012 - 08:58ഒ.മുസ്തഫ മാധ്യമം)
 
ശ്രേഷ്ഠമലയാളി ഈ അവസ്ഥയോട് എങ്ങനെ പ്രതികരിക്കും? എല്ലാവരേയും മാനകമലയാളം പഠിപ്പിക്കാന്‍ വാശി പിടിച്ച് തനത് മലയാളത്തെ കുടിയൊഴിപ്പിക്കുന്നതാണോ ശ്രേഷ്ഠത. മാതൃഭാഷ ബോധനമാധ്യമമെന്ന പൊതു സമീപനം ഇംഗ്ലീഷ് മീഡിയത്തിലേക്കു പോകുന്നവരെ മാത്രം ചൂണ്ടിപ്പറഞ്ഞാല്‍ മതിയോ? ആദിവാസി ഭാഷ പുറം പോക്കിലെ ഭാഷയാണോ? അതിനും ഇല്ലേ കരുത്ത്? നോക്കൂ ഡോ. അസീസ് തരുവണ ദേശാഭിമീനി വാരികയിലെഴുതിയ ആദിവാസി ഭാഷകളെ ആരു സംരക്ഷിക്കും എന്ന ലേഖനത്തില്‍ നിന്നുളള ഉദാഹരണം. ആളുകളെ കയറ്റുന്ന മിനിബസ്സിന് (ഢമി) പണിയ ഭാഷ നല്‍കിയ വാക്ക് "ബച്ചിനെ പുള്ളൈ" (ബസ്സിന്റെ കുട്ടി എന്നര്‍ഥം. )ബള്‍ബിനു "മുട്ടെ ബുളാക്കു" (മുട്ടയുടെ രൂപത്തിലുള്ള വിളക്ക്) ട്യൂബ് ലൈറ്റിന് "ബടി ബുളാക്ക്" (വടി വിളക്ക്) ബാങ്കിനു "പണെ പീടിഎ" (പണപ്പീടിക) ബ്രെയിസിയറിനു "മുലെ കുപ്പെയ" (മുലക്കുപ്പായം) . എന്തേ മലയാളത്തിലെ ഭാഷത്തലവന്‍മാര്‍ക്കും തലൈവികള്‍ക്കും ഇതുപോലെ വിനിമയ ക്ഷമതയുളള പുതുപദങ്ങള്‍ വഴങ്ങയില്ല. സംസ്കൃതത്തിലേ ചിന്തിക്കൂ എന്നുണ്ടോ? തങ്കളുടെ വീടുകളില്‍ ക്ലോസറ്റുള്ള കക്കൂസും ട്യൂബ്ലൈറ്റും മറ്റടിസ്ഥാന സൗകര്യങ്ങളും വേണമെന്നാവശ്യപ്പെട്ടുകൊണ്ട് പണിയര്‍ നടത്തിയ ഒരു പ്രകടനത്തിലെ മുദ്രാവാക്യം ഇങ്ങനെയായിരുന്നു: "ബടിബുളാക്കും പിഞ്ഞാണ കക്കൂച്ചും ഞങ്ങക്കും ബേണം ചര്‍ക്കാറെ" ഈ മുദ്രാവാക്യത്തിനു ഉശിരു പോരെന്നാര്‍ക്കാണ് തോന്നിയത്?( സ,ഷ,ശ എന്നിവയ്ക്കു പകരം ച ഉപയോഗിക്കുന്ന രീതിയാണീ ഭാഷയില്‍) ഈ ഭാഷയ്ക്ക് കാരിരുമ്പിന്റെ മുറുക്കം ഇല്ലെന്ന് പരിഷ്കൃതസംസ്കൃത മലയാളി ചിന്തിച്ചോ? ബോധനമാധ്യമത്തെ സംബന്ധിച്ച കീഴാളപക്ഷ സമീപനം എന്നാണ് രൂപപ്പെടുത്തുക. 'പുറാളര്‍' എന്ന വാക്കാണ് മാര്‍ജിനലൈസ്ഡ് പദത്തിനുളള തനിമലയാളമെന്ന്. "ഞങ്ങള്‍ പുറാളരല്ലേ" എന്നു അവര്‍ വിവേചനമറിഞ്ഞു പറയും വരെ നാം തിരിച്ചറിഞ്ഞോ? പാര്‍‌ശ്വവത്കരിക്കപ്പെട്ടവര്‍ എന്നു പറഞ്ഞാലേ ആഢ്യബോധ മലയാളിക്കു ദഹിക്കൂ . ഭാഷയിലെ ഈ അധീശബോധത്തെ വേരോടെ പിഴുതെറിഞ്ഞാലേ ബോധനമാധ്യമ ചര്‍ച്ച ആരംഭിക്കാന്‍ കഴിയൂ.
ഈ വര്‍ഷം പാലക്കാട് രണ്ടുമൂന്നു തവണ പോകാന്‍ കഴിഞ്ഞു. അട്ടപ്പാടി പ്രദേശത്തെ കുട്ടികള്‍ പഠനനിലവാരത്തില്‍ പിന്നില്‍. കാരണം ഒന്നാം ക്ലാസില്‍ വെച്ചാരംഭിക്കുന്നു. ആദിവാസിയുടെ വീട്ടു ഭാഷയും വിദ്യാലയഭാഷയും രണ്ടാണ്. കുട്ടി കണ്ണും മിഴിച്ചിരിക്കുകയാണ്. അവള്‍ പ്രവേശനോത്സവ ദിനം മുതല്‍ പിന്നിലാകുന്നു. ഒരു വര്‍ഷം കൊണ്ട് ആത്മവിശ്വാസം നഷ്ടപ്പെടും. പതിയെ പൊരുത്തപ്പെടുമെങ്കലും പഠനവളര്‍ച്ചമുരടിച്ചു തന്നെ നില്‍ക്കും.ശിശുകേന്ദ്രിത സമീപനത്തില്‍ ഇവിടുത്തെ ശിശുക്കള്‍ പെട്ടില്ല. ഇതൊക്കെ കാണാനും കേള്‍ക്കാനും ജീവിതേന്ദ്രിയമുളള ആരും ഭരണത്തലപ്പത്തില്ലാത്ത സാംസ്കാരിക കേരളമാണോ നമ്മുടേത്?
ശ്രേഷ്ഠഭാഷാ പാഠാവലി എങ്ങനെയിരിക്കും ?
എന്റെ സ്വന്തം ജില്ലയുടെ മൊഴിച്ചന്തവും ചന്തമാന്ന് അതംഗീകരിക്കുമോ? ഞങ്ങള്‍ പത്തനംതിട്ടക്കാര്‍ സാധുക്കളാണ്. പെറ്റിക്കോട്ടിട്ടു നടക്കുന്ന കൊച്ചു പെമ്പിള്ളേരെ പിടിച്ചു കെട്ടിച്ചയക്കാത്ത ജില്ലക്കാരാ. സന്താനപ്പെരുക്കവും കൊറവ്. ജാതീം മതോം പറഞ്ഞുളള വഴക്കും വക്കാണവും കൊറവാ.സൗഹാര്‍ദ്ദജനാധിപത്യം ഒരു പരിധിവരെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു.. പറയാന്‍ തുടങ്ങിയത് ഞങ്ങളുടെ ഭാഷയെക്കുറിച്ചാണ്. ഒളളതു പറഞ്ഞാല്‍ ഇങ്ങനെയാ ഞങ്ങടെ നാട്ടുഭാഷ ( ഫാഷ ,ബാഷ, പാഷ എന്നൊക്കെ പറയുന്ന അതുതന്നെ. പറഞ്ഞത് ശരിയല്ലിയോ ? ) അതൊന്നു എഴുതട്ടെ ഇവിടെ.
എന്റെ നാട്ടില്‍ പണ്ട് ചേളാവില്‍ പാക്കും പറങ്ങാണ്ടിയും തുക്കി വിക്കുമായിരുന്നു. ചെണ്ടമുറിയനും ( കപ്പപ്പുഴുക്കും) കരണം പൊട്ടീം കൂട്ടിത്തിന്നും.വാട്ടുകപ്പേം വെളളുകപ്പേം. ഓലിയില്‍ ഒറവ ഉണ്ടാകും. കയറും പാളേം വേണ്ട. ചെരട്ട കൊണ്ട് കോരാം. ചുറ്റുവട്ടത്തെ പിളേളരും പിറുങ്ങണീം തന്തേം തള്ളേമെല്ലാം കുളിക്കുന്നതും അലക്കുന്നതും മറ്റും ഇവിടെ. ഉടുക്കാക്കുണ്ടികളായ പിളളാരു് പതിവ് കാഴ്ച. കുറിയാണ്ടുടുത്താണ് ആണുങ്ങളുടെ കുളി.വെളളമില്ലാത്തപ്പോള്‍ വീട്ടുകാര്‍ ഒളള ചെരട്ടേം കുടുക്കേമെല്ലാം കൊണ്ടുവവരും,വെളളമൂറ്റാന്‍.എല്ലാവര്‍ക്കും കിണറില്ല.എന്നാലേതു കിണറ്റീന്നും ആര്‍ക്കും കോരാം. ആണും പെണ്ണും അയ്യത്തു പണി ചെയ്യും. വൈന്നേരം മുക്കിനു കടേപ്പോവും. "എങ്ങോട്ടു പോവാ?” എന്നു ചോദിച്ചാല്‍ "കടേപ്പോവാ" എന്നുത്തരം "എന്തോത്തിനാ?” "എന്തവാ കേട്ടില്ല" "എന്തോത്തിനാ പോന്നേന്ന് ?" "അരിസാമാനങ്ങളു വാങ്ങാന്‍”.വീട്ടില്‍ വന്ന് പെമ്പിറന്നോരോടു പറയൂം "കട്ടങ്കാപ്പി അനത്തിത്താടീ”. അതു കേള്‍ക്കെ പിളേളരു പറയും. "ഞങ്ങക്കും.” "ഇപ്പോഴല്ലിയോ മോന്തിയത്?” .അപ്പോ അവരു മുഞ്ഞീം വീര്‍പ്പിച്ചിരിക്കും. ഓട്ടു ഗ്ലാസിലോ കുഴിയന്‍ പിഞ്ഞാണത്തിലോ വെച്ചു നീട്ടീയാല്‍ മുകം തെളിയും. "അമ്മോ ,ഇച്ചിരി മധുരം കൂടി .” "പഞ്ചാരയോ?നല്ല അനത്തു വെച്ചു തരും.പറഞ്ഞേക്കാം”. ഇതിന്റെയൊക്കെ പെരുവിരലു തൊട്ടുച്ചി വരെ വയറാ എന്നു കളിയാക്കും, മഴക്കാലം വന്നാല്‍ ചെറ്റപ്പഴുതില്‍ കൂടി കാറ്റു കടക്കും ( ചെറ്റകള്‍ എന്നു പ്രയോഗിച്ച് നിങ്ങള്‍ ഞങ്ങളുടെ ജിവിതത്തെ നിന്ദിച്ചില്ലേ? ). അക്കരമലയില്‍ നിന്നും കോടമഞ്ഞു വളര്‍ന്നു നിറയും. അതിനു മീതേ ഇരുളും. തുമ്പിക്കൈവണ്ണത്തി മഴ പെയ്യും.ഏറയത്താകെ ഏലിച്ചിലടിച്ച് നനയും. പര്യാമ്പുറത്ത് ചേമ്പിലകള്‍ രാവിലത്തെ സൂര്യവെട്ടത്തിനു നേരേ പിടക്കാന്‍ കരുതിയിട്ടുണ്ടാകും. നേരം വെളുത്താല്‍ പിളളാര്‍ക്ക് വിശേഷങ്ങള്‍ ഒത്തിരി ഒണ്ടാകും. ആഴാന്തല് ഒടിഞ്ഞത് ,മഴ പെയ്തപ്പം ഈടി ഇടിഞ്ഞത്.ചെളിവെളളത്തില്‍ കുട്ടന്‍മാക്രി ചാടിയത്. ചൊറിത്തവള വന്നത്.കിണ്ടീം കിണ്ണോം കൂട്ടി മുട്ടിയത്.കാലായിലെ വലിയ പൊനത്തില്‍ പന്നിയെലി ചത്തത്.കൂട്ടുകാരുടെ വിശേഷം പറയല്‍ തോരില്ല. "ഞാന്‍ എന്റെ കണ്ണു കൊണ്ടു കണ്ടതാ കിഴുത്തേക്കൂടി മുട്ടനൊരു കരിമ്പാമ്പു കേറി പോയത്.” "നല്ലോണം കണ്ടോ അതിനെ? “ താണ്ടേ, ഒരു കാര്യം പറഞ്ഞേക്കാം പുളുവടിക്കരുത്. “
എന്താ നാളിതുവരെ ഈ പത്തനംതിട്ടമലയാളത്തിന് ഒരു പാഠാവലിയിലും സംഭാഷണ രൂപത്തില്‍ പോലും ഇടം കിട്ടാത്തത്? എന്താ എച്ചില്‍ഭാഷയാണോ ഞങ്ങളുടേത്?പത്തനംതിട്ടയുടെ പടയണിപ്പാട്ടിലിങ്ങനെ ചില വരികളുണ്ട്.
എച്ചിലെച്ചിലെച്ചിലെങ്കില്‍
പിറന്ത പൂമിയുമെച്ചില്
പിറന്ത പൂമിയുമെച്ചിലെങ്കില്‍
നടന്ത പൂമിയുമെച്ചില്
നടന്ത പൂമിയുമെച്ചിലെങ്കില്‍
കറന്തപാലുമെച്ചില്
കറന്ത പാലുമെച്ചിലെങ്കില്‍
പിറന്തപിളളയുമെച്ചില്
പിറന്ത പിളളയുമെച്ചിലെങ്കില്‍
വായിലെച്ചിലു പോകുമോ?
അമ്പത്തൊന്നക്ഷരം കൂടുന്ന പന്തത്തെക്കുറിച്ചു തപ്പു കൊട്ടി പാടിയപ്പോഴും പൂമി, പിറന്ത തുടങ്ങിയ വാക്കുകളെ മാനകീകരിക്കാന്‍ തയ്യാറാകത്ത മനസു് കാണാതെ പോകരുത്, വളളുവനാടന്‍ മലയാളത്തിനും പൊന്നാനി മലയാളത്തിനും തലശേരി മലയാളത്തിനും കാസര്‍ഗോടുമലയാളത്തിനും പാറശാല മലയാളത്തനും മട്ടാഞ്ചേരി മലയാളത്തിനും കോട്ടയം മലയാളത്തിനും കോഴിക്കോടന്‍ മലയാളത്തിനും തൃശൂര്‍ മലയാളത്തിനും തീരദേശമലയാളത്തിനും കൊങ്കിണിമലയാളത്തിനും ആദിവാസി മലയാളത്തിനും അങ്ങനെ പലമലയാളത്തിനും പ്രാതിനിധ്യം വരത്തക്കവിധം ഭാഷാപഠനത്തെ ജനാധിപത്യവത്കരിക്കുമ്പോഴാണ് കുട്ടി സ്വന്തം ജീവിതത്തെ സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന പാഠങ്ങള്‍ പരിചയപ്പെടുക. വൈവിധ്യത്തെ മാനിക്കുക. ജൈവവൈവിധ്യ സംരക്ഷണം പോലെ ഭാഷാവൈവിധ്യത്തയും ഭാഷയിലെ വൈവിധ്യത്തേയും സംരക്ഷിക്കണം അപ്പോള്‍ മാത്രമാണ് ഭാരതത്തിന്റെ സമൃദ്ധവും വൈവിധ്യപൂര്‍ണവുമായ പരമ്പരാഗതമായ സമ്പത്തിനര്‍ഹയാകുവാന്‍ പ്രയത്നിക്കും എന്ന പ്രതിജ്ഞ പാഴ് വാക്കാകാതിരിക്കുക. വരമൊഴി ശ്രേഷ്ടം വാമൊഴി കാഷ്ടം എന്ന മനോഭാവം മാറണം. ഗ്രാമ്യഭാഷ മോശം, തെരുവുഭാഷ മോശം എന്നൊക്കെ ഇല്ലത്തിരുന്ന് അയിത്തം പറയുന്ന കേസരികള്‍ക്ക് മുയലുകള്‍ പൊട്ടക്കിണറു കാണിച്ചു കൊടുക്കണം. ഭാഷാ പഠനം സാംസ്കാരിക പഠനം കൂടിയാണെങ്കില്‍ അതിന്റെ വിശാലത അംഗീകരിക്കണം. അന്തിയടപ്പന്‍ , നാല്പതാം നമ്പര്‍മഴ,ഇരുട്ടു കുത്തിമഴ എന്നിങ്ങനെയുളള മഴകളെ അറിയണമെങ്കില്‍ ഇടുക്കിമലയാളം അറിയണം. ഐന്തിണസാഹിത്യത്തിന്റെ പേരിലല്ലേ ശ്രേഷ്ഠത വാദിച്ചു വാങ്ങിയത്? കുറിഞ്ചി നാട്ടിലെ മലയാളം ,മുല്ലൈ നാട്ടിലേയും നൈതല്‍ നാട്ടിലേയും മലയാളം മലയാളമാണെന്നു അംഗീകരിക്കണം. സംഘകാലപ്പഴമപ്പെരുമയുടെ വേരുകളിലേക്കു പൊകുന്ന മലയാളി അച്ചടിയന്ത്രം തീരുമാനിച്ചതോ അധികാരികള്‍ നിശ്ചയിച്ചതോ ആയ ഭാഷയിലൂടെ മാത്രം ചിന്തിക്കരുത്.
ജനമലയാളം എന്ന ലേഖനത്തില്‍ കെ ഇ എന്‍ , ഭാഷയിലെ രക്തസാക്ഷിയായ ഒറ്റപ്പാലത്തെ ശിവരാമനെന്ന പതിനേഴുകാരനെ ഓര്‍മിപ്പിക്കുന്നു . നായരുടെ പീടികയില്‍ ചെന്നു ഉപ്പു ചോദിച്ചതിന് ശവരാമനെ തല്ലിക്കൊന്നു. അധസ്ഥിതര്‍ ഉപ്പെന്നു ഉച്ചരിച്ചുകൂടാ. പുളിക്കുന്നതെന്നേ പറയാവൂ. "തമ്പ്രാനെന്നു വിളിക്കയുമില്ല പാളേല്‍ കഞ്ഞി കുടിക്കയുമില്ല" എന്ന കര്‍ഷകത്തൊഴിലാളി മുദ്രാവാക്യവും ചരിത്രത്തില്‍ നിന്നെടുത്തു ചേര്‍ത്തു വെക്കുന്നു. ഭാഷയിലെ ജനാധിപത്യവത്കരണത്തിന്റെ സമരമലയാളമാണിത്. വര്‍ത്തമാനകാലമലയാളം ആവശ്യപ്പെടുന്നത് തനത് സാംസ്കാരികരൂപങ്ങളെ നിലനിറുത്താനാണ്. ആഗോളീകരിക്കുക എന്നു പറയുന്ന പോലെ ഏകീകരിക്കുക എന്നതിലും ജനതയുടെ വൈവിധ്യത്തെ നിഷേധിക്കലുണ്ട്. ഭാഷയുടെ പൊതു നിരത്തില്‍ കയറി നടക്കാന് അധസ്ഥിതന് അവകാശം നിഷേധിക്കുമ്പോള്‍ പ്രതിരോധിക്കുന്നതും മലയാളപ്രകൃതിയുടെ കുന്നും കുഴിയും പുഴയും പാടവും മണ്ണുമാന്തിയന്ത്രം കൊണ്ട് നിരപ്പാക്കുന്നതു പോലെ ആദിവാസികളടക്കമുളളവരുടെ പ്രാദേശിക മൊഴിഭാവങ്ങളെ അപമാനിച്ച് ഏകീകരിക്കാനുളള ഔദ്യോഗിക ശ്രമമായി വിദ്യാഭ്യാസം മാറരുതെന്നു പറയുന്നതും തല ഉയര്‍ത്തി നില്‍ക്കാനുളള പുറാളപക്ഷജനാധിപത്യബോധവും പ്രകൃതിസ്നേഹവുമാണ്.
"ഒരേ രാഗത്തിലുളള പാട്ടുകള്‍ മാത്രം കേട്ട്, ഒരേ രുചിയുളള ഭക്ഷണം മാത്രം കഴിച്ച്, ഒരേ ഭാഷയില്‍ മാത്രം മൊഴിഞ്ഞിരുന്നാല്‍ നാടിന്റെ സംസ്കാരത്തില്‍ മറ്റെന്താണുണ്ടാവുക?” എന്നു വി.ജി തമ്പി ചോദിക്കുന്നു (തൃശൂരങ്ങാടിയുടെ മൊഴിയഴകുകള്‍) അദ്ദേഹം തുടരുന്നു "ഭാഷാശാസ്ത്രഗ്രന്ഥങ്ങളില്‍ നിന്നും എഴുന്നേറ്റു വരുന്ന നിഗമനങ്ങളം പതുക്കെ നമ്മുക്കിനി ഒഴിവാക്കണം.മലയാളഭാഷയുടെ കുന്നിറങ്ങി വന്ന് ചുവട്ടിലെ മണല്‍ത്തരികള്‍ തൊട്ടുനോക്കാന്‍ സമയമായി.ഭാഷ അതിന്റെ ജൈവവൈവിധ്യം കൊണ്ടാണ് നിലനില്‍ക്കുന്നത്.വ്യത്യാസങ്ങളുടെ ബഹുലതകളിലാണ് അതിന്റെ ഉയിര്.”
നല്ല വിദ്യാഭ്യാസത്തെക്കുറിച്ചുളള കാഴ്ചപ്പാട്
കുപ്പിപ്പാലല്ല അമ്മയുടെ മുലപ്പാലാണ് കു‌ഞ്ഞിനു കൊടുക്കേണ്ടതെന്നു പരസ്യം ചെയ്തത് ശാസ്ത്രം പഠിച്ച അഭ്യാസ്തവിദ്യരോടായിരുന്നു എന്നത് വിരോധാഭാസമാണ്. നാം നേടിയ വിദ്യാഭ്യാസത്തെ പല്ലിളിച്ചു കാട്ടുന്ന നിരവിധി സന്ദര്‍ഭങ്ങളുണ്ട്. പോഷകാഹാരത്തെക്കുറിച്ചുളള പാഠത്തില്‍‌ പഞ്ഞിപ്പുല്ലിനു സ്ഥാനമില്ലാതെ പോയതു പോലെയെത്ര വിഡ്ഢിത്തങ്ങള്‍ നാം പഠിപ്പിച്ചു. ലോകത്തുളള ഏതിനേയും കുറിച്ച് പഠിപ്പിച്ച പാഠപുസ്തകങ്ങളില്‍ വിദ്യാഭ്യാസവളര്‍ച്ചയുടെ ചരിത്രമില്ല. പഞ്ചമിയെന്ന പെണ്‍കുട്ടിയും കത്തിയെരിഞ്ഞ വിദ്യാലയവുമില്ല. മാതൃഭാഷയില്‍ പഠിക്കാനവസരം കിട്ടിയതിന്റെ ഫലമായുണ്ടായ ഉണര്‍വിന്റെ കാഴ്ചകളില്ല. ഭാഷയും അധികാരവും തമ്മിലുളള ബന്ധത്തെ ചര്‍ച്ച ചെയ്യുന്നില്ല. നല്ല ആരോഗ്യപരിപാലനം എങ്ങനെയെന്നറിയുന്നതു പോലെ നല്ല വിദ്യാഭ്യാസം എന്തെന്നും കുട്ടികള്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ പഠിക്കണം. ഗാന്ധിജിയുടെ നയീ താലീം മുതല് ഗോപാലകൃഷ്ണന്റെയും ബേബിയുടേയും സാരംഗും കനവുമടക്കമുളള ഇടപെടലുകളുടെ പാതകള്‍ ചര്‍ച്ചയ്ക്ക വിധേയമാക്കണം. അപ്പോഴാണ് വിദ്യാഭ്യാസത്തെക്കുറിച്ച് ശരിയായ അവബോധമുണ്ടാവുക. അതില്ലാതെ വരുമ്പോള്‍ രക്ഷാകര്‍തൃകുപ്പായമിടുന്ന സന്ദര്‍ഭത്തില്‍ അനുയോജ്യവിദ്യാഭ്യാസമെന്തെന്നു തീരുമാനിക്കാനാവാതെ കമ്പോളത്തിന്റെ പ്രലോഭനങ്ങള്‍ക്കു വിധേയരായിപ്പോകാം. വിദ്യാഭ്യാസത്തെക്കുറിച്ചുളള വിദ്യാഭ്യാസമില്ലാത്ത സമൂഹമാണ് കേരളം.അവബോധരൂപവത്കരണം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ഇവിടുത്തെ രാഷ്ട്രീയസാമൂഹിക പ്രസ്ഥാനങ്ങളുടെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. ബോധനമാധ്യമത്തിന്റെ കാര്യത്തിലും ഈ കാഴ്ചപ്പാടില്ലായ്മ് പ്രകടമാണ്.
ബോധനമാധ്യമം.
ആയിരത്തിത്തൊളളായിരത്തി തൊണ്ണൂറ്റിയാറിലാണ് ശാസ്ത്രസാഹിത്യപരിഷത്തിന്റെ ആവശ്യപ്രകാരം അശോക് മിത്രയുടെ നേതൃത്വത്തില്‍ ഒരു വിദ്യാഭ്യാസകമ്മീഷന്‍ പ്രവര്‍ത്തിച്ചത്. ഡോ. അനന്തലക്ഷ്മി,പ്രൊഫ. എന്‍ ബാലകൃഷ്ണന്‍നായര്‍, ഡോ.കെ. ഗോപാലന്‍,ശ്രീ. ടി എന്‍‌. ജയചന്ദ്രന്‍,ഡോ. സി. ടി. കുര്യന്‍,പ്രൊഫ.കെ.എന്‍. പണിക്കര്‍,ശ്രീ. പി. കെ .ഉമാശങ്കര്‍,പ്രൊഫ. എം .വിജയന്‍ എന്നിവരടങ്ങുന്നതായിരുന്നു കേരള വിദ്യാഭ്യാസകമ്മീഷന്‍. ഈ റിപ്പോര്‍ട്ടില്‍ ബോധനമാധ്യമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഭാഷയും സാഹിത്യവും അധ്യയനമാധ്യമവും എന്ന ഒരധ്യായം ഉണ്ട്. അതില്‍ ഇപ്രകാരം പറയുന്നു.
  • "രാജ്യത്തെ ഏറ്റവും സമ്പന്നമായ ഭാഷകളിലൊന്നാണ് മലയാളം.
  • കേരളത്തിലെ വിദ്യാഭ്യാസഘടനയെ ദോഷകരമായി ബാധിക്കുന്ന ഒറു ഭാഷാപ്രശ്നം കേരളത്തിലുണ്ട്. രണ്ടു നൂറ്റാണ്ടുകളോളം ഇന്ത്യയെ അടക്കിവാണ കൊളോണിയലിസത്തിന്റെ ബാക്കിപത്രമാണ് ആ പ്രശ്നം.
  • കേരളത്തില്‍ പോലും സംസ്ഥാനത്തെ മുഖ്യഭാഷയായ മലയാളത്തിന്റെ അതീവധന്യതയെക്കുറിച്ചുളള അവബോധം വ്യാപകമായിരുന്നിട്ടും ഇംഗ്ലീഷിനോടുളള വിധേയത്വം നിലനിന്നു.
  • ഭൗതികശാസ്ത്രങ്ങളിലായാലും ദര്‍ശനം,സാമ്പത്തികശാസ്ത്രം മുതലായയ വിഷയങ്ങളിലായാലും ഏറ്റവും ഉചിതമായ മാധ്യമം എന്ന നിലയിലുളള സഹജമായ ഗുണവിശേഷങ്ങള്‍ മലയാളത്തില്ല എന്നു കരുതുവാന്‍ തക്ക ന്യായങ്ങല്‍ നിലനില്‍ക്കുന്നില്ല. കല, ശാസ്ത്രങ്ങള്‍ എന്നീ പ്രധാന വിഷയങ്ങളില്‍ വിദ്യാഭ്യാസപരമായ ആവശ്യങ്ങല്‍ നിറവേറ്റുന്നതിന് മതിയായവിധം പദാവലി വിപുലീകരിക്കുകയും വ്യാപിപ്പിക്കുകയമാണ് ആവശ്യമായിട്ടുളളത്.
  • ഒരു ഭാഷ ഉപയോഗിക്കപ്പെടുമ്പോള്‍ ആ ഭാഷ ചിറകുവെക്കുന്നുവെന്ന് എല്ലാ ഭാഷകളുടേയും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
  • ഭാഷാന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ മലയാളവും ഉള്‍‌പ്പെടുത്തിക്കൊണ്ട് അവരുടെ ഭാഷകളും പഠിപ്പിക്കാവുന്നതാണ്. മൂന്നാം ക്ലാസ് മുതല്കോ മറ്റോ മലയാളം തുടങ്ങാം.
  • ഗോത്രസമൂഹങ്ങളുടെ കാര്യത്തില്‍ അവരുടെ പ്രദാശികസംസാരഭാഷയില്‍ അധ്യയനം ആരംഭിച്ചതിനു ശേഷം മതിയായ സമയപരിധിക്കകം മലയാള ലിപിയിലേക്കും ഭാഷയിലേക്കും മാറ്റമാകാം.
  • സമത്വപൂര്‍ണമായ ഒരു വിദ്യാഭ്യാസസമ്പ്രദായം ഉറപ്പുവരുത്താന്‍ സാധ്യമായ എല്ലാ തലങ്ങളിലും അധ്യയനമാധ്യമമെന്ന നിലയില്‍ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് പരിവര്‍ത്തനം ചെയ്തേ പറ്റൂ.പോസ്റ്റ് സെക്കണ്ടറി ഘട്ടങ്ങളില്‍ മലയാളം അധ്യയനമാധ്യമമാക്കുന്നതിനുളള ഗതിവേഗം ത്വരിതപ്പെടുത്തേണ്ടതിന് ആവശ്യമെങ്കില്‍ പാഠപുസ്തകങ്ങളും മറ്റു രേഖകളും നിര്‍മിക്കുന്നതിനുളള ഏര്‍പ്പാടുകള്‍ ചെയ്യാവുന്നതാണ്.
  • ഗവണ്മെന്റിന്റെ സംവിധാനത്തിന് അതീതമായ പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്ന-ഉദാഹരണത്തിന് ധര്‍മസ്ഥാപനങ്ങളുടേയോ തികഞ്ഞ വാണിജ്യസ്ഥാപനങ്ങള്‍ തന്നെയോ- അധ്യയനഭാഷയായി ഇംഗ്ലീഷോ മറ്റോതെങ്കിലും ഭാഷയൊ ഉപയോഗപ്പെടുത്താനാഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ക്കതിന് വിഭവശേഷി ഉണ്ടെങ്കില്‍ പോലും അത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിച്ചുകൂടാ,”
കേരളവിദ്യാഭ്യാസകമ്മീഷന്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍‌ സമൂഹം ഉള്‍ക്കൊണ്ടില്ല എന്നു വേണം കരുതാന്‍. ഇംഗ്ലീഷ് മീഡിയം പൊതുവിദ്യാഭ്യാസത്തിനകത്തു കയറി. ആല്‍ മരങ്ങള്‍ പുരയുടെ മച്ചില്‍ വേരാഴ്ത്തി വളരുമ്പോള്‍ അവയെ വെച്ചുകൊണ്ടിരുന്നാല്‍ അതു ചുമരുകളും നിലങ്ങളും തുരന്ന് പുരയെ മറ്റൊന്നാക്കി മാറ്റും. 2010-11 വര്‍ഷം കേരളത്തിലെ വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് മാധ്യമത്തില്‍ പഠിച്ചവരുടെ കണക്ക് നോക്കൂ. (പൊതുവിദ്യാഭ്യാസവകുപ്പിന്റെ സെലക്ടഡ് എഡ്യൂക്കേഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം )
വിവിധ ധാരകള്‍
വിദ്യാര്‍ഥികളുടെ എണ്ണം
കേരള സിലബസ് -ഇംഗ്ലീഷ് മീഡിയം
832973 (സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 85875 ,എയിഡഡ് വിദ്യാലയങ്ങളില്‍ 437528,അണ്‍ എയിഡഡ് 308885 )
കേന്ദ്രീയ വിദ്യാലയം
42110
നവോദയ
6736
ഐസി എസ് ഇ
92416
സി ബി എസ് ഇ
636666
പൊതുവിദ്യാഭ്യാസത്തിനകത്ത് ഏതാണ്ട് നാലഞ്ചു ലക്ഷം കുട്ടിക‌ള്‍ മലയാളം ഉപേക്ഷിച്ചവരായി ഉണ്ട്. രണ്ടു ഡിവിഷനുണ്ടെങ്കില്‍ മാത്രമേ മൂന്നാമത്തേതായി ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ അനുവദിക്കൂ. (GO(MS)156/12 Gedn. Dtd TVPM 22nd May 2012) ഡിവിഷന്‍ ഫാള്‍ ഉണ്ടാകുന്ന സാഹചര്യത്തിലെന്തു ചെയ്യണമെന്നതില്‍ ഈ ഉത്തരവു വഴി ഇളവ് അനുവദിച്ചിട്ടുണ്ട്. പക്ഷേ ഒരു ഡിവിഷന്‍മാത്രമുളള വിദ്യാലയങ്ങളിലും നിയമത്തെ കാറ്റില്‍ പറത്തി ക്ലാസുകളെ ഇംഗ്ലീഷ് മീഡിയമാക്കി പരിവര്‍ത്തിപ്പിക്കുന്നു എന്ന ആക്ഷേപം വ്യാപകമാണ്. അതായത് മുകളിലെ പട്ടികയില്‍ സൂചിപ്പിച്ചതിന്റെ ഇരട്ടിയോളം കുട്ടികള്‍ ഇംഗ്ലീഷ് ധാരയിലുണ്ടാകാം. 2011 കഴിഞ്ഞ് ഇപ്പോള്‍ 2013 ആയി. ഈ സംഖ്യയില്‍ ഭീമമായ വര്‍‌ധനവു സംഭവിച്ചിരിക്കാം. മുപ്പത്തിയാറു ലക്ഷം കുട്ടികളില്‍ മൂന്നിലൊന്നോളം ഇംഗ്ലീഷ് മീഡിയത്തെ വരിച്ചു കഴിഞ്ഞു എന്നനുമാനിക്കാം. ഈ സ്ഥിതി വിശേഷത്തിലാണ് നാം ശ്രേഷ്ഠഭാഷാ പദവി വാങ്ങിയത് എന്നതോര്‍ക്കണം.അധ്യാപകര്‍ അവരുടെ മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്തതുമാത്രമാണ് എല്ലാത്തിനും കാരണമെന്നു പറയുന്നത് തടിതപ്പലാണ്.
 ബഹുജനപുരേഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സാസ്കാരികസംഘടനകളുടെയും സര്‍വീസ് സംഘടനകളുടെയും ട്രേഡ്യൂണിയനുകളുടെയും സജീവപ്രവര്‍ത്തകരും നേതാക്കളും ഇക്കാര്യത്തിലെന്തു ചെയ്തു എന്നു അവരുടെ വാസസ്ഥലത്ത് പരിശോധിക്കണം. നയിക്കേണ്ടവരുടെ മൗനസമ്മതം അണികളെ വഴിതെറ്റിച്ചുവോ? ബോധനമാധ്യമം തെരഞ്ഞെടുക്കുന്നത് വ്യക്തിയുടെ സ്വാതന്ത്ര്യമായി അനുവദിക്കുമ്പോള്‍ പൊതുവിദ്യാഭ്യാസത്തിന്റെ സാമൂഹികതലവും മാതൃഭാഷയുടെ സാസ്കാരികതലവും ത്യജിക്കുകയാണ്. അല്ലെങ്കില്‍ കേരളത്തെയും മലയാളത്തേയും ഒറ്റുകൊടുക്കുകയാണ്
ഭാഷാ സാമ്രാജ്യത്വം
Robert Phillipson'( 1992 ), Linguistic Imperialism എന്ന പുസ്തകത്തിലൂടെ ഇംഗ്ലീഷിന്റെ അധിനിവേശത്തെക്കുറിച്ച് താക്കീത് തരുന്നു. അദ്ദേഹം നവകോളനിവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ ഇതു പരിശോധിക്കുന്നു.
പഠിപ്പിക്കാന്‍ പറ്റിയ ഭാഷ ഇംഗ്ലീഷാണ്, ഇംഗ്ലീഷ് പഠിപ്പിക്കേണ്ടത് അന്നാട്ടുകാരായാല്‍ നന്ന്
ഏറ്റവും ചെറുപ്രായത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നുവോ അത്രയും നല്ലത്, കൂടുതല്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നുവോ അത്രയും മെച്ചം, മറ്റുഭാഷകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇംഗ്ലീഷിന്റെ നിലവാരം കുറയും തുടങ്ങിയ കപട വാദങ്ങളുന്നയിച്ച് ബ്രിട്ടീഷ് കൗണ്‍സിലും മറ്റ് ഏജന്സികളും ലോകത്തെ ഭാഷകളെയും സംസ്കാരത്തേയും അടിമപ്പെടുത്തുവാന്‍ ശ്രമിക്കുന്നു.സാംസ്കാരിക അധീശത്വത്തിന്റെയും സാമ്പത്തിക മേധാവിത്വത്തിന്റേയും മുഖമാണ് ഇന്ന് ഇംഗ്ലീഷിനുളളത്. ഇതരഭാഷകളെ ദുര്‍ബലപ്പെടുത്തുന്നതൊടൊപ്പം ഭാഷയെ മൂലധനമാക്കുന്നതിനും( ഇംഗ്ലീഷിന്റെ വിപണി വിപുലപ്പെടുത്താന്‍ ബ്രീട്ടീഷ് പ്രധാനമന്ത്രി വരെ ഇതരരാജ്യങ്ങളിലെ ഭരണനത്തലവരുമായി ധാരണയിലെത്തുന്നതും തദ്ദേശീയമായ പ്രതിഭകള്‍ വളര്‍ന്നു വന്നാല്‍ അവരെ തങ്ങളുടെ റിസോഴ്സ് പേഴ്സണാക്കി നിരായുധീകരിച്ച് ഭാവിയിലെ അപകടങ്ങളെ ഒഴിവാക്കുന്ന ബ്രിട്ടീഷ് കൗണ്‍സില്‍ തന്ത്രവും ഉദാഹരണം) അവര്‍ ശ്രമിക്കുന്നു. വളരെ വിപുലമായ ചര്‍ച്ച ആവശ്യമുളള സംഗതിയാണ് ബോധനമലയാളവുമായി ബന്ധപ്പെട്ടുളളത്. ഇത്തരം ഗൗരവമുളള ചര്‍ച്ചകളില്ലാതെ പാഠ്യപദ്ധതി പരിഷ്കരിക്കുന്നത് ശ്രേഷ്ഠമലയാളത്തെ രക്ഷിക്കാന്‍ സഹമായകമാകുമോ?കേരളത്തിലെ വിദ്യാഭ്യാസത്തേയും.