ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label ഭാഷാപഠനം. Show all posts
Showing posts with label ഭാഷാപഠനം. Show all posts

Wednesday, July 5, 2023

എഴാം ക്ലാസിലെ കുട്ടി പത്രത്തിൽ ലേഖനമെഴുതുമോ?

 മുഖ്യധാരാ മാധ്യമത്തിൽ ഏഴാം ക്ലാസിലെ കുട്ടിയുടെ അനുഭവക്കുറിപ്പ് പ്രസിദ്ധീകരിച്ചു. നല്ല ഭാഷയിൽ ആശയങ്ങൾ പ്രകാശിപ്പിച്ചിട്ടുണ്ട്. കലയക്കോട് സ്കൂൾ ആദരിക്കപ്പെടേണ്ടത്. ആ വിദ്യാലയത്തെ മുമ്പും ഈ ബ്ലോഗ് പരിചയപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകർ അവിടെയുണ്ട്. വിവേക് വിശ്വത്തിൻ്റെ കുറിപ്പ് വായിക്കൂ

കതിരുകാളയ്ക്കൊപ്പം

 -----------------------------------


        നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി കതിരുകാള കാണുന്നത്.  അമ്മയുടെ വീടിനടുത്തുള്ള അമ്പലത്തിൽ വച്ച്.  നെൽക്കതിരുകൾ കൊണ്ട് കാളയുടെ രൂപത്തിൽ കെട്ടിയുണ്ടാക്കുന്നതാണ് കതിരുകാള. പല ക്ഷേത്രങ്ങളിലും ഉത്സവത്തിന് കതിരുകാള കെട്ടി കളിക്കാറുണ്ട്. കൃഷിയുടെയും വിളവെടുപ്പിന്റെയും അടയാളമായി അതിനെ കാണാം.  ചിലർ നേർച്ചയായും വഴിപാടായും കതിരുകാള കെട്ടാറുണ്ട്. ഇങ്ങനെ പല കാര്യങ്ങളും അമ്മ പറഞ്ഞു തന്നിരുന്നു.


      ആദ്യ കാഴ്ചയിൽത്തന്നെ കതിരുകാള എനിക്ക് ഇഷ്ടമായി. ആഡംബരങ്ങൾ ഒന്നുമില്ലാത്ത തനി നാടൻ കലാരൂപം. വലിയച്ഛൻ കെട്ടിയൊരുക്കിയതാണ് ആ കാളയെന്ന് അമ്മ പറഞ്ഞപ്പോൾ ആശ്ചര്യം തോന്നി.  അച്ഛനത് നാട്ടിലേക്ക് കൊണ്ടുവന്നു.  നാട്ടിലെ ശിവരാത്രി ഉത്സവത്തിന് കതിരുകാളയെടുക്കുകയും അച്ഛൻ തന്നെ കാളക്കാരനാവുകയും ചെയ്തു.  കാളയുടെ കയറു പിടിച്ചു കൊണ്ടുള്ള അച്ഛന്റെ ചുവടുകൾ കാണാൻ നല്ല ഭംഗിയായിരുന്നു.

        ഈ വർഷത്തെ ഉത്സവത്തിന് സ്വന്തമായി ഒരു കതിരുകാള വേണമെന്ന് അച്ഛൻ പറഞ്ഞപ്പോൾ എല്ലാവരും സമ്മതിച്ചു.  കൊയ്ത്ത് തുടങ്ങിയപ്പോൾ ത്തന്നെ അച്ഛനും കൂട്ടുകാരും കൂടി ആവശ്യത്തിന് കതിരുകൾ കൊണ്ടുവന്നു. പിന്നെ വേണ്ടത് മുളകളാണ്.  കായലിന്റെ മറുകരയിലാണ് മുളകളുള്ളത്.  മുള വെട്ടാൻ  അച്ഛനും കൂട്ടുകാർക്കുമൊപ്പം ചേട്ടനും ഞാനും കൂടി പോയി. വള്ളത്തിലായിരുന്നു യാത്ര.  പാട്ടു പാടിയും വർത്തമാനം പറഞ്ഞും സന്തോഷത്തോടെ ഞങ്ങൾ അക്കരെയെത്തി.  പടർന്നു പന്തലിച്ചു കിടക്കുന്ന മുളങ്കൂട്ടങ്ങളിൽ നിന്ന് ആവശ്യത്തിന് വെട്ടിയെടുത്തു. വലിച്ചു മാറ്റാനും കെട്ടിയൊതുക്കാനും ഞാനും സഹായിച്ചു.  വള്ളത്തിലിരുന്ന് വെളളത്തിലൂടെ വലിച്ചാണ് മുളകൾ ഇക്കരെയെത്തിച്ചത്.

        ഉണങ്ങും മുമ്പേ മുളകളെല്ലാം  ചെത്തിമിനുക്കി വൃത്തിയാക്കി വച്ചു.  കതിരുകൾ കോർത്ത് ചരടിൽ കെട്ടാൻ എല്ലാവരും കൂടെ ചേർന്നു.  മുളങ്കമ്പുകളും ചെറിയ പട്ടികകളും ചേർത്ത് കാളയുടെ ചട്ടക്കൂട് തയാറാക്കി.  അത് വയ്ക്കോൽ കൊണ്ട് പൊതിഞ്ഞു കെട്ടി. കോർത്തു വച്ചിരുന്ന കതിർമാല അതിന്മേൽ നന്നായി ഒതുക്കി ചുറ്റിക്കെട്ടി.  വലിയച്ഛനാണ് തടിയിൽ കാളയുടെ മുഖം ഉണ്ടാക്കിത്തന്നത്. നിറം കൊടുത്തപ്പോൾ അത് കൂടുതൽ മനോഹരമായി. കതിരുകൾ കൊണ്ടു തന്നെയാണ് വാലും ഉണ്ടാക്കിയത്. കൊതുമ്പിൽ തീർത്ത ചെവികൾ കൂടി പിടിപ്പിച്ചപ്പോൾ ശരിക്കും കതിരുകാളയായി.  നാലു പേർക്ക് തോളിലെടുക്കാൻ പാകത്തിൽ വലിയ രണ്ട് മുളകളിൽ അത് നന്നായി ഉറപ്പിച്ചു. മാമന്റെ മകൻ ഉണ്ടാക്കിത്തന്ന കലപ്പയും കൂടിയായപ്പോൾ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
ശിവരാത്രി ദിവസം വൈകുന്നേരം ഞങ്ങൾ കതിരുകാളയുമായി കലയ്ക്കോട് അമ്മാരത്ത് ക്ഷേത്രത്തിലെത്തി.  അവിടെയപ്പോൾ കുതിരയെടുപ്പിന്റെ തയാറെടുപ്പുകൾ നടക്കുകയായിരുന്നു.  പെട്ടെന്നു തന്നെ ഞങ്ങളും തയാറായി. അച്ഛന്റെ നാലു കൂട്ടുകാർ കാളയെ തോളിലേറ്റി. ചെണ്ടമേളത്തിന്റെ അകമ്പടിയിൽ  കാളയെ ഉയർത്തിയും താഴ്ത്തിയും ചരിച്ചും ഉലച്ചും താളത്തിൽ കളിക്കാൻ തുടങ്ങി. കയറു പിടിച്ച് ഞാൻ കാളക്കാരനായി. ആദ്യമായാണ് ഞാൻ കാളക്കാരനാകുന്നത്. എനിക്കതിൽ വലിയ അഭിമാനം തോന്നി.

           കാളയുമായി അവർ ഓടിയപ്പോൾ ഞാനും കൂടെ ഓടി. ഓടുന്ന കാളയെ പിടിച്ചു നിർത്തണമല്ലോ. കലപ്പയേന്തി അച്ഛനും കൂടെത്തന്നെയുണ്ടായിരുന്നു. നെടും കുതിരയ്ക്കൊപ്പം ഞങ്ങളും വയലിലാകെ താളത്തിൽ ഓടിക്കളിച്ചു.  പലയിടത്തും വീണെങ്കിലും അതിന്റെ വേദനയൊന്നും ഞാൻ അറിഞ്ഞതേയില്ല.  ഇടയ്ക്ക് എന്റെ കൂട്ടുകാരും ഒപ്പം കൂടി. പിന്നെ നടന്ന കരപ്രദക്ഷിണത്തിലും കതിരുകാളയുമായി ഞങ്ങളുണ്ടായിരുന്നു.  താലപ്പൊലിയും അമ്മവിളക്കും പൂത്തിരി മേളവും കഴിഞ്ഞപ്പോഴേക്കും നേരം ഒത്തിരി വൈകി.

        " അടുത്ത വർഷവും ഞാൻ തന്നെ കാളക്കാരനാകാം. " മടങ്ങുമ്പോൾ ഞാനച്ഛനോട് പറഞ്ഞു. അച്ഛനും സന്തോഷത്തോടെ സമ്മതിച്ചു.  ഇനി കാത്തിരിപ്പാണ്, അടുത്ത ശിവരാത്രി വരെ. കാളയെടുക്കാൻ ഞങ്ങളും, കാണാൻ എന്റെ ഗ്രാമവും.

വിവേക് വിശ്വം
ക്ലാസ് : 7
ഗവ: യു.പി.എസ്. കലയ്ക്കോട്,
കൊല്ലം


Sunday, June 26, 2022

റീഡേഴ്സ് തീയറ്റര്‍: വായനാശേഷീ വികസനതന്ത്രം

രംഗസജ്ജീകരണമോ ചമയങ്ങളോ ഇല്ലാതെ ഒരു സംഘം വായനക്കാര്‍ വേദിയില്‍ വന്ന് നാടകീയ വായന നടത്തുന്നതിനെയാണ് റീഡേഴ്സ് തീയറ്റര്‍ എന്നു വിളിക്കുന്നത്. ഈ തന്ത്രം കേരളത്തിലെ വിദ്യാലയങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടോ എന്നു സംശയമാണ്. ആലപ്പുഴയിലെ കടക്കരപ്പള്ളി എല്‍ പി സ്കൂള്‍ വായനാദിനപരിപാടികളുടെ ഭാഗമായി 360 കുട്ടികളെയും പങ്കെടുപ്പിച്ച് ഏകദിന ചങ്ങലവായന നടത്തുകയുണ്ടായി. അത് സാധ്യതയാണ് . റിഡേഴ്സ് തീയേറ്റര്‍ തന്ത്രമാണ് ഉപയോഗിക്ക


ന്നതെങ്കില്‍ ധാരാളം ഗുണങ്ങളുണ്ട്

എന്തിന് റിഡേഴ്സ് തീയേറ്റര്‍

    • ഒഴുക്കോടെയുള്ള വായനക്ക്

    • ഭാവം ഉൾക്കൊണ്ട് ശബ്ദ വ്യതിയാനത്തോടെ വായിക്കാൻ

    • വായനയിലെ ആത്മവിശ്വാസ വളർച്ചക്ക്

    • ആശയഗ്രഹണ വായനക്ക്

എങ്ങനെ?

    1. കഥ തെരഞ്ഞെടുക്കുക (കഥാപാത്രങ്ങൾ, സംഭവങ്ങൾ കൂടുതലുള്ളത്)

    2. വായനക്കൂട്ടത്തെ തീരുമാനിക്കുക

    3. കഥയെ ചെറു ഭാഗങ്ങളാക്കുക

    4. വയനാ സ്ക്രിപ്റ്റ് ( സംഭാഷണങ്ങൾ ) എഴുതിച്ചേർക്കുക

    5. ഓരോ അംഗവും വായിക്കേണ്ട ഭാഗങ്ങൾ തീരുമാനിക്കുക

    6. ഇടവിട്ട് ഊഴം വരുന്നുവെന്ന് ഉറപ്പാക്കുക

    7. റിഹേഴ്സൽ ചെയ്യാൻ അവസരം നൽകുക

    8. സ്റ്റേജ് ക്രമീകരിക്കുക

    9. പരസ്യം (വിവിധ ക്ലാസുകളിൽ ) നൽകുക

    10. വായനാനുഭവം ഒരുക്കുക

സ്ക്രിപ്റ്റ് എഴുത്ത് എങ്ങനെ?

  • രണ്ടു വിഭാഗം എഴുത്തുവേണം. ഒന്ന് പശ്ചാത്തല വിവരണം, രണ്ട് കഥാപാത്ര സംഭാഷണം. സംഭാഷണങ്ങൾ കൂടുതൽ വേണം

  • നീണ്ട വാക്യങ്ങൾ പാടില്ല

  • ഒരാൾ ഒരു തവണ. ഒന്നോ രണ്ടോ വാക്യങ്ങൾ മാത്രം  വായിക്കുന്ന രീതിയിൽ ക്രമപ്പെടുത്തണം

  • പരിചിതമായ കഥകളെ സംഭാഷണ കഥകളായി പുനരാവിഷ്കരിക്കാം

  • ടീച്ചർ സ്ക്രിപ്റ്റ് തയ്യാറാക്കുന്നതാണ് നല്ലത്.

  • തുടക്കത്തിൽ ചെറിയ കഥകൾ മതിയാകും

  • രണ്ടിലധികം പേർക്ക് പശ്ചാത്തല പശ്ചാത്തല വിവരണത്തിനും കഥാപാത്രങ്ങളുടെ എണ്ണത്തിന് അനുസരിച്ച് മറ്റുള്ളവർക്കും വായിക്കാൻ ചുമതല നൽകണം. 

  • സംഭാഷണങ്ങളിൽ സ്വാഭാവികത വേണം.

  • എല്ലാ കുട്ടികൾക്കും മുഴു രൂപത്തിൽ വായനാ സ്ക്രിപ്റ്റ് നൽകണം. അവരവർ വായിക്കേണ്ടതുമാത്രം മാർക്ക് ചെയ്താൽ മതി.

  • അധ്യാപിക തുടക്കത്തിൽ മാതൃക കാട്ടണം. ഒരോരോ കുട്ടികളുടെ റോൾ ഏറ്റെടുത്ത്, വായിക്കുന്ന രീതി പരിചയപ്പെടുത്തണം.

  • ഒരു കഥയെ ഏതു ക്ലാസിലെ കുട്ടികളുടെ നിലവാരത്തിലേക്കും മാറ്റാൻ കഴിയും

  • ഇതര ഭാഷാ ക്ലാസുകളിലും ഈ തന്ത്രം പ്രയോജനപ്പെടുത്താം.

  • ഒരു കുട്ടിക്ക് മുൻകൂട്ടി വായനാഭാഗം ലഭിക്കുന്നതിനാൽ സ്വയം പരിശീലനത്തിന് അവസരമുണ്ട്. കാണാത പഠിക്കലല്ല.

  • ഭാവം +ശരീരഭാഷ + വായനയുടെ വേഗതാനിയന്ത്രണം + ഉച്ചാരണവ്യക്തത  ഇവയുടെ സമന്വയിപ്പിക്കലിൽ വൈദഗ്ധ്യം ആർജിക്കലാണ്.

  • തമാശയും ആകാംക്ഷയും കഥയിലും സംഭാഷണത്തിലും വരുന്നത് നന്ന്.

സ്ക്രിപ്റ്റ് മാതൃക വായിക്കുമ്പോള്‍ കൂടുതല്‍ വ്യക്തത കിട്ടും.


അനാന്‍സിയും ചേനക്കുന്നുകളും

വേദിയിൽ:

നറേറ്റർ 1, 2, 3, 4

കഥാപാത്രങ്ങൾ : 

അനാൻ സി, 

ഭൗഭൗ, 

കാള ബ്രോ, 

കോഴിയമ്മാമ്മ.


1

നറേറ്റർ 1: ഒരിക്കൽ ഒരിടത്ത് ഒരു ദുഷ്ട സ്വഭാവമുള്ള ഒരാൾ താമസിച്ചിരുന്നു.

വിചിത്രമായ പേരുള്ള ആൾ. 5 എന്നായിരുന്നു പേര്

അയാൾക്ക് അത്ഭുത മാന്ത്രിക വേലകൾ അറിയാമായിരുന്നു


നരേറ്റർ 2: 5 എന്ന പേര് ആരാണാവോ ഇട്ടത്. അയാൾ സ്വന്തം പേരിനെ വെറുത്തു. മറ്റുള്ളവർ പരിഹസിച്ചു. 


നറേറ്റർ 3: അയാള്‍ വരുമ്പോഴൊക്കെ കുട്ടികൾ 5 തവണ കൈ കൊട്ടും (കൊട്ടൽ) എന്നിട്ട് പൊട്ടിച്ചിരിക്കും ( പൊട്ടിച്ചിരിക്കുന്നു)


നറേറ്റർ 4: അഞ്ചിന് കലിപ്പു വന്നു. കലശലായ കോപം. എല്ലാത്തിനെയും പാഠം പഠിപ്പിക്കുന്നുണ്ട്. അഞ്ച് പിറുപിറുത്തു. അഞ്ചിന് ഭ്രാന്ത് പിടിച്ച പോലെയായി. ഇനി ഈ പട്ടണത്തില്‍ ആരെങ്കിലും അഞ്ച് എന്നു പറഞ്ഞാല്‍ അവര്‍ ആവിയായി പോകട്ടെ. പിന്നെ ആരൊക്കെ അറിഞ്ഞോ അറിയാതെയോ അഞ്ച് എന്നു ഉച്ചരിച്ചാല്‍... ശൂ..


നറേറ്റർ1: ഇത് വലിയ പ്രശ്നമുണ്ടാക്കി.

കുട്ടികളോട് അഞ്ചിന്റെ ഗുണനപട്ടിക ചോദിക്കാന്‍ അധ്യാപകര്‍ ഭയന്നു.

കച്ചവടക്കാര്‍ അഞ്ചുരൂപ വിലയുളള സാധനങ്ങള്‍ വില്‍ക്കാതെയായി.

കൈയിലെത്ര വിരലുണ്ടെന്ന് ചോദിക്കാതായി.

നാലില്‍ നിന്നും ജയിക്കുന്ന കുട്ടികളെ അഞ്ചില്‍ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ മടിച്ചു


നറേറ്റർ 2.: ഒരു ദിവസം കച്ചവടക്കാനോട് കളിപ്പാട്ടത്തിന്റെ വില ചോദിച്ചു.

കച്ചവടക്കാരന്‍: ഈ കളിപ്പാട്ടത്തിനോ? വെറും----

നറേറ്റർ 3: വൂഷ്.... കച്ചവടക്കാരന്‍ ഇരുന്നിടം നോക്കൂ.. ആവിമാത്രം! പുകച്ചുരുളുകള്‍ പോലെ ഒരു മങ്ങല്‍.


നറേറ്റർ 4: അനാന്‍സി എന്നു പേരുളള കുരുട്ടുപണി ചെയ്യുന്ന ഒരു കൂറ്റന്‍ ചിലന്തി അതേ പട്ടണത്തില്‍ താമസിച്ചിരുന്നു. അതിന്റെ കുടുംബത്തിന് തീറ്റ വേണ്ടത്ര കിട്ടിയിരുന്നില്ല. ജീവിക്കാനാവശ്യമായ ബുദ്ധി അതിനുണ്ടായിരുന്നില്ല. ഉളളതോ കുരുട്ടുബുദ്ധിയും.

നറേറ്റർ 1: അങ്ങനെയിരിക്കെ ആന്‍സി അഞ്ചിന്റെ വിശേഷം അറിഞ്ഞു. ഈ അവസരത്തെ എങ്ങനെ മുതലാക്കാമെന്ന് അനാന്‍സി ചിന്തിച്ചു.

അനാന്‍സി : ഹുംംംംം ഇഥൊരു വല്ലാത്ത കാലം തന്നെ. വയറ് പൊരിഞ്ഞു സഹിക്കാന്‍ പറ്റുന്നില്ല. ഞാന്‍ എന്തെങ്കിലും വേലത്തരം കാട്ടിയേ പറ്റൂ. ചത്തുപോകാതിരിക്കാന്‍ വേറെന്തു മാര്‍ഗം?

നറേറ്റർ2: അനാന്‍സിക്ക് ഒരു കൗശലം തോന്നി. അത് വലിയ അഞ്ച് കുന്നുകള്‍ പിഴുതെടുത്ത് റോഡില്‍ വെച്ചു.

നറേറ്റർ 3: ഓരോ കുന്നിലും തടമെടുത്തു. ചാണകത്തില്‍ മുക്കിയ ചേനവിത്ത് നട്ടു. മണ്ണിട്ടു മൂടി. വെളളമൊഴിച്ചു. ചേനകള്‍ വളരാന്‍ തുടങ്ങി. അനാന്‍സിയുടെ അത്യാഗ്രഹവും വളരാന്‍ തുടങ്ങി

നറേറ്റർ 4: അനാന്‍സി കുന്നുകളുടെ ചുവട്ടില്‍ കാത്തിരുന്നു. ആരെങ്കിലും ഒന്നു വന്നെങ്കില്‍. അപ്പോള്‍ അതാ ഭൗ ഭൗ വരുന്നു. കുട്ടിയും കടിച്ചു പിടിച്ചാ വരവ്. കുട്ടയിലോ എല്ലും ഇറച്ചീം. അനാന്‍സി വളരെ മാധുര്യത്തോടെ ഭൗ ഭൗവിനോട് സംസാരിച്ചു.

അനാന്‍സി: നമസ്കാരം പ്രിയ ശ്വാനജീ...ഓ അങ്ങ് തിരക്കിലാണെന്നു തോന്നുന്നു. എങ്കിലും ഈയുളളവനെ സഹായിക്കാതിരിക്കില്ല. അങ്ങയുടെ വിശാല മനസ്സ് എന്നെ തള്ളിക്കളയില്ല. അല്ല അങ്ങയ്ക് കാഴ്ചശക്തി എങ്ങനെ? ചെറുപ്പമാണല്ലോ? അതോ പ്രായമായോ? ഇത് ഞാന്‍ ചേന നട്ട കുന്നുകളാണ്. എത്ര കുന്നുകളില്‍ ചേനയുണ്ടെന്നു പറയാമോ?

ഭൗ ഭൗ: എന്റെ പ്രായത്തെയും കാഴ്ചശക്തിയെയും ഓര്‍ത്ത് താങ്കള്‍ വിഷമിക്കേണ്ട. നിങ്ങള്‍ക്ക് പണ്ടുമുതലേ കണക്കില്‍ നല്ല തിട്ടമാണെന്ന് എനിക്കറിയാം. തിരക്കുണ്ട് ഞാന്‍ പോകട്ടെ.

3

നറേറ്റർ 1:

ബുദ്ധിയുളള നായ കുട്ടയുമായി നടന്നു നീങ്ങി. അല്ലെങ്കിലും നിന്നെപ്പോലുളള നായകളെ വിശ്വസിക്കാന്‍ പറ്റില്ല. പോ പോ എന്ന് അനാന്‍സി പറഞ്ഞു

നറേറ്റർ2: അപ്പോഴാണ് അതു വഴി കാളവന്നത്. തലയില്‍ ഒരു കുട്ട പഴവുമുണ്ട്.

അനാന്‍സി: ഹലോ കാളബ്രോ, നിങ്ങള്‍ എനിക്ക് ഒരു കൈ സഹായം തരുമോ?

കാളബ്രോ: എന്താ പ്രശ്നം?

അനാന്‍സി: ഞാന്‍ ചെറുപ്പത്തില്‍ രോഗിയായിരുന്നു. സ്കൂളില്‍ പോകാന്‍ പറ്റിയില്ല. കണക്കും പഠിച്ചില്ല. ദേ എത്ര മലകളില്‍ ചേനകൃഷി ഉണ്ടെന്ന് ഒന്നു പറയാമോ?

കാളബ്രോ: ആഹാ ഇപ്പം പറയാമല്ലോ? 1..2..3..4..5…..

നറേറ്റർ 3:

ഫയ്.. കാളബ്രോ നിന്ന നില്‍പ്പില്‍ കാണാതായി. പഴക്കുട്ട നിലത്തേക്ക് വീണു ചിതറി. അനാന്‍സി അതെല്ലാം വാരിയെടുത്ത് വീട്ടിലേക്ക് വേഗം പോയി.

നറേറ്റർ 4:

ഇങ്ങനെ മാസങ്ങളോളം അനാന്‍സി മൃഗങ്ങളെ പറ്റിച്ചു. ആമയും മൂങ്ങയും വഞ്ചിതരായി. മുയലും തേളും പറ്റിക്കപ്പെട്ടു. അനാന്‍സിയുടെ വീട്ടില്‍ എന്നും നല്ല ശാപ്പാടും.

നറേറ്റർ 1:

തിന്നു തിന്ന് അനാന്‍സിക്ക് വണ്ണം വെച്ചു. കാലുകള്‍ എട്ടുദിക്കിലേക്കും നീണ്ടു. വയറു കുട്ടകം പോലെയായി.

നറേറ്റർ 2: ഒരു ദിവസം കോഴിയമ്മാമ പച്ചക്കറിയുമായി അതിലേ വന്നു. നാടന്‍പാട്ടും പാടിയാണ് വരവ്. പച്ചക്കറി വിറ്റിട്ടുവേണം കുഞ്ഞുങ്ങള്‍ക്കുളള തീറ്റ വാങ്ങാന്‍.

നറേറ്റർ 3: കോഴിയമ്മാമ നാലാം മല ചുറ്റി. അപ്പോള്‍ അനാന്‍സി മരങ്ങളില്‍ വീശിവിരിച്ചിരുന്ന വലയില്‍ നിന്നും ഊര്‍ന്നിറങ്ങി.

4

അനാന്‍സി: അല്ല ഇതാര്. കോഴിയമ്മാമ്മയല്ലിയോ? കണ്ടിട്ടെത്ര നാളായി? എനിക്ക് ചെറിയ സഹായം വേണമായിരുന്നു.

കോഴിയമ്മാമ്മ: മിസ്റ്റര്‍ ചിലന്തി, അനാന്‍സി എന്നല്ലേ തങ്കളുടെ പേര്?

അനാന്‍സി : അതെ അതെ

കോഴിയമ്മാമ്മ: എന്താ നിന്റെ പ്രശ്നം. വേഗം പറ. കുറുക്കനോ കീരിയോ വരും മുമ്പ് കുഞ്ഞുങ്ങളുടെ അടുത്തെത്തണം.

അനാന്‍സി: ഞാന്‍ ഈ കുന്നുകളില്‍ ചേന നട്ടു. പക്ഷേ എത്ര കുന്നുകളില്‍ എന്നെനിക്കറിയില്ല. ഒന്ന് എണ്ണിപ്പറയാമോ? പ്ലീസ്...

നറേറ്റർ 4: കോഴിയമ്മാമ്മയ്ക് അനാന്‍സിയുടെ ഉദ്ദേശ്യം പിടികിട്ടി. കഴിഞ്ഞ ആഴ്ച തേളാശാനെ ആവിയാക്കുന്നത് ചേനത്തടത്തില്‍ ചിക്കി ചികയുമ്പോളഅ‍ കോഴിയമ്മാമ്മ ഒളിച്ചു കണ്ടതാ.

നറേറ്റർ 1: കോഴിയമ്മാമ്മ അവസാനത്തെ കുന്നിന്റെ മുകളില്‍ കയറി. നേറുകയിലെത്തി.

കോഴിയമ്മാമ്മ : അനാന്‍സി എല്ലാ കുന്നുകളിലും ചേനയുണ്ട്. 1...2…3…4 പിന്നെ ഞാന്‍ നില്‍ക്കുന്ന ഈ കുന്നിലും

നറേറ്റർ 2: അനാന്‍സിക്ക് ദേഷ്യം വന്നു.

അനാന്‍സി: നിങ്ങളെന്താ കാണിക്കുന്നത്? ഇങ്ങനെയാണോ എണ്ണുന്നത്? ശരിയായി എണ്ണൂ.

കോഴിയമ്മാമ്മ: എന്താ നീ ഉദ്ദേശിക്കുന്നതെന്ന് എനിക്കു മനസ്സിലായില്ലല്ലോ ചങ്ങതീ.

അനാന്‍സി : പിന്നെ ഞാന്‍ നില്‍ക്കുന്ന ഈ കുന്നിലും എന്നു പറഞ്ഞാല്‍ എനിക്ക് മനസ്സിലാകില്ല എത്രകുന്നിലുണ്ടെന്ന്. അതുകൂടി എണ്ണിപ്പറയൂ.


നറേറ്റർ 3: കോഴിയമ്മാമ്മ വീണ്ടും എണ്ണാന്‍ തുടങ്ങി.

കോഴിയമ്മാമ്മ: നിനക്ക് ഒന്ന് രണ്ട് മൂന്ന് നാലു കുന്നുകളില്‍ ചേനയുണ്ട് , പിന്നെ ഒരു കുന്നില്‍ക്കൂടി ചേനയുണ്ട്.

 5

നറേറ്റർ 4: അനാന്‍സിക്ക് ദേഷ്യം ഇരച്ചുകയറി. അത് ബഹളം വെച്ചു.

അനാന്‍സി : zZZZzzz അങ്ങനെയല്ല എണ്ണേണ്ടത്?

കോഴിയമ്മാമ്മ: പിന്നെങ്ങനെ? നീ ആഗ്രഹിക്കുന്ന രീതിയില്‍ ഞാന്‍ എണ്ണാം പറഞ്ഞുതരൂ.

നറേറ്റർ 1: അനാന്‍സിയെ വിറയ്കാന്‍ തുടങ്ങി അത് ഉച്ചത്തില്‍ പറഞ്ഞുു.

അനാന്‍സി: നീ ഇങ്ങനെ എണ്ണണം. ശ്രദ്ധിച്ചു കേട്ടോളൂ. 1…2…3…4…5…

നറേറ്റർ2:ശൂ ...അനാന്‍സി നിന്നിടത്ത് പുക പോലെ എന്തോ കുറച്ചുനേരം കണ്ടു.

നറേറ്റർ 3: അന്നു രാതി ഉറങ്ങന്‍ നേരത്ത് കോഴിയമ്മാമ്മ കുഞ്ഞുങ്ങളോട് അനാന്‍സിയുടെ കഥ പറഞ്ഞു.




.


Sunday, October 25, 2020

ചിത്രപരാവർത്തനം മധുരം സൗമ്യം ദീപ്തം

 തൃശൂരിലെ ഹയര്‍സെക്കണ്ടറി


മലയാളം അധ്യാപകരുടെ കൂട്ടായ്മ
,രണ്ടു ചോദ്യങ്ങള്‍ അവര്‍ ഉന്നയിച്ചു

  • കൊറോണക്കാലത്തെ ഓൺലൈൻ പഠനത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തം എങ്ങനെ ഉറപ്പു വരുത്താം?

  • വിഷ്വൽ മീഡിയയിലുള്ള അഭിരുചിയെ ഭാഷാ-സാഹിത്യപഠനവുമായി എങ്ങനെ സമന്വയിപ്പിക്കാം?

അതിന്റെ ഉത്തരമാണ്

ചിത്ര പരാവർത്തനം

എന്താണ് ചിത്രപരാവര്‍ത്തനം?

  • പദ്യത്തിനെ ഗദ്യത്തിലേക്കെന്ന പോലെ പാഠത്തിലെ ആശയത്തെ ചിത്രങ്ങളുടെ സഹായത്തോടെ ആവിഷ്ക്കരിക്കൽ

  • +2 മലയാള പാഠങ്ങൾ ആസ്വദിച്ചതിന്റെയും അപഗ്രഥിച്ചതിന്റെയും ആഴത്തില്‍ സ്വാംശീകരിച്ചതിന്റെയും പഠനോല്പന്നങ്ങൾ കൂടിയാണിത്

Wednesday, September 11, 2019

ബഹുഭാഷകളുളള ക്ലാസുകള്‍ നേരിടുന്ന പ്രശ്നങ്ങളും മാതൃഭാഷയും

വയനാട് വൈവിധ്യമുളള ഗോത്രഭാഷകളാല്‍ സമ്പന്നമാണ്. വിവിധ ഗോത്രഭാഷകള്‍ വീട്ടുഭാഷയായിട്ടുളള കുട്ടികള്‍ പൊതുവിദ്യാലയത്തിലെത്തുന്നു. പക്ഷേ, അവിടെ ഇതരഭാഷയായ മലയാളത്തിലാണ് പാഠങ്ങള്‍. കുട്ടി ഭാഷാപ്രതിസന്ധിയിലൂടെ കടന്നു പോകുന്നു. ഗോത്രഭാഷയുടെ വൈവിധ്യം മനസിലാക്കാനായി ചുവടെ നല്‍കിയിരിക്കുന്ന കഥകള്‍ വായിക്കുക.
1.
ഗിര്‍ര്‍ര്‍...
മണിക്കുന്ന് മലെന്ത നിന്ത് ഗിര്‍ര്‍ര്‍
നെ്രി അലറത് ഗിര്‍ര്‍ര്‍
മെന്റിക എ്ഞ്ചത്
യാറും ആ മലെല് ഹെത്തത്കാണെ ഗിര്‍ര്‍ര്‍
മോഡ നെ്രിനെ പെ്റ്റിസലെ തീര്‍മാനിച്ചത്ത്
പഞ്ഞിമേഖനെ ഹറാശ്ശിബ്ട്ടത്ത്
ആടായും മാനായും പഞ്ഞിമേഘ പോത്തു
ഹായ്.. ആടിനെ കെ്ണ്ടോട്ടു നരി്ക് പൂതി
ഒന്തോട്ടോ
ഒറ്റസാട്ട
തെക്കുറ്റി കളഗേക്ക്
ശിര്‍ര്‍ര്‍
( കാട്ടുനായ്ക്ക )

2.
ഗിര്‍ര്‍ര്‍
മണിക്കുന്ന് മലണ് ഗിര്‍ര്‍ര്‍
നരിയത് കറയ്്ന്ത് ഗിര‍ര്‍ര്‍
എല്ലാവരും പേടിച്ചേ
ആരും മലേല് കേറാണ്ടിരിക്കിണ്ടിയത് ഗിര്‍ര്‍
ആകാശം നരിയെ പറ്റിക്കണ്ടി തീരുമാനിച്ചിക്ക്ണി
പഞ്ഞിമേഘത്തെ പറത്തിവിട്ടഞ്ഞാ
ആടായും മാനായും പഞ്ഞിമേഘമൊക്കെ പോയ
ആയ്, ആടിനെ കണ്ടപ്പ നരിക്ക് മറം
ഇന്നിറ്റോ
ഒറ്റച്ചാട്ടം
തലകുത്തി തായക്ക്
ശിിര്‍ ര്‍ര്‍
(തച്ചനാടന്‍മൂപ്പന്‍)
3
ഗിര്‍ര്‍ര്‍
മണിക്കുന്ന് മലെല് നിന്ന് ഗിര്‍ര്‍ര്‍
നെരിയാണ് കരയിനത് ഗിര്‍ര്‍ര്‍
ആള്‍ക്കാറ് പേടിക്കും
ആറും ആ മനെല് പൊകാണ്ടിരിക്കുവാമാണ് ഗിര്‍ര്‍ര്‍
ആകാശം നരിയെ പറ്റിക്കുവം തീരുമാനിച്ച്
പഞ്ഞിമേഘങ്ങളെ പറത്തിവിട്ട്
ആടായും മാനായും പഞ്ഞിമേഘങ്ങള് പെയ്യ്
ഹായ് ആടിനെ കണ്ട് നെരിക്ക് കൊതി എന്ന്ത്ത്
ഒറ്റച്ചാട്ടം
തലകുത്തി താളേക്ക്
ശിര്‍ര്‍ര്‍
( കുറുമ)
4 പണിയഭാഷയിലുളളതാണ് മുകളിലെ ചിത്രീകരണത്തിലുളളക്
ചൂച്ച നിന്ന പേരെന്തായി? ( പണിയ )
നിന്ന എശറുയാന? (കാട്ടുനായ്ക്ക)
നിന്റെ പേരെന്താണ് എന്നാണ് ചോദ്യം.
ഊരാളി ഭാഷയില്‍ അമ്മന്‍ എന്ന പദം ഉപയോഗിക്കുന്നത് അച്ഛന്‍ എന്ന അര്‍ഥത്തിലാണ്. അമ്മ എന്നതിന് അബ്ബെ എന്നും പറയുന്നു. അടിയര്‍ അവ്വെ എന്നാണ് അമ്മയെ സൂചിപ്പിക്കുന്നത്.
ഈ കുട്ടികളിരിക്കുന്ന ക്ലാസില്‍ അധ്യാപിക അമ്മ എന്നു പറയുമ്പോള്‍ കുട്ടികള്‍ അമ്മനെ ഓര്‍ക്കുക സ്വാഭാവികം. അച്ഛനെന്നു കേട്ടാല്‍ അച്ചെ ആണെന്നു കരുതും. അതാകട്ടെ ഉയര്‍ന്ന ജാതിക്കാരെ ഉദ്ദേശിച്ചുളളതും.
സാക്ഷരതാ യജ്ഞത്തിന്റെ കാലത്ത് പ്രേരക്മാരിലൊരാള്‍ ഇലയുടെ ചിത്രം കാട്ടി ഇല എന്നു പറഞ്ഞപ്പോള്‍ "ചപ്പിനാ പടം കാണിച്ചു കാഞ്ഞ് ഇലൈ പോലും" എന്നാണ് ആദിവാസി പ്രതികരിച്ചത് എന്ന് അരിക്കല്ല് എന്ന പ്രാദേശിക പദകോശത്തില്‍ ( അരിക്കല്ലെന്നാല്‍ ആലിപ്പഴമാണ് ) കെ കെ ബിജു സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിരീക്ഷണം നോക്കുക
"മലയാളം മനസിലാകാത്ത ഗോത്രവിദ്യാര്‍ഥികളെ പരിഹസിക്കുകയാണ് പലപ്പോഴും അധ്യാപകര്‍ മുതിരാറ്, മനസിലാകാത്ത ഭാഷോ ലോകവും പരിഹാസവുമാണ് ക്ലാസ് മുറികളില്‍ ഗോത്ര വിദ്യാര്‍ഥികളുടെ ഒറ്റപ്പെടലിന്റെയും തുടര്‍ന്നുളള കൊഴിഞ്ഞുപോക്കിന്റെയും യഥാര്‍ഥ കാരണം. “
ഭാഷാ വൈവിധ്യം വയനാട്ടില്‍ മാത്രമല്ല ഉളളത്.
പണിയ,കുറുമ. കുറിച്യ, കാട്ടുനായ്ക, നായ്ക്ക, അടിയ, ഊരാള്യ ( വയനാട്)
പണിയര്‍, ചേലനായ്ക്കന്‍, കാട്ടുനായിക്കന്‍, അറനാടന്‍, മുതുവാന്‍, കുറുമര്‍ ( മലപ്പുറം)
മന്നാന്‍, മുതുവാന്‍ ( ഇടുക്കി )
എറണാകുളം ജില്ലയിലടക്കം കേരളത്തില്‍ പുതിയ പ്രവണതയും ദൃശ്യമാണ്. ഇതരസംസ്ഥാനക്കാരായ കുട്ടികള്‍ ധാരാളമായി വിദ്യാലയത്തിലെത്തുന്നു
ഇവിടെയെല്ലാം മാതൃഭാഷ നിരസിക്കുകയും മലയാളഭാഷ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്.
അധ്യാപകരും കുട്ടികളും തമ്മില്‍ ആശയവിനമയ വിടവുണ്ടാകുന്നു. വയനാട്ടില്‍ മെന്റര്‍ ടീച്ചര്‍മാരെയും എറണാകുളത്ത് വിദ്യാഭ്യാസ പ്രവര്‍ത്തകയെയും നിയമിച്ചിട്ടുണ്ട്. മലയാളത്തിലേക്ക് പരുവപ്പെടുത്തുക എന്നതിനപ്പുറം മാതൃഭാഷയായിരിക്കണം ബോധനമാധ്യമമെന്ന നിലപാടൊന്നും ഇതിനു പിന്നിലില്ല. താല്കാലിക പരിഹാരമെന്ന നിലയിലല്ലാതെ ഇത്തരം ഇടപെടലുകളെ കാണാനാകില്ല
ഇതരസംസ്ഥാനകുട്ടികളെക്കുറിച്ചുളള പഠനം
എറണാകുളം ജില്ലയില്‍ എസ് എസ് എ ഇതരസംസ്ഥാനക്കുട്ടികളെ സംബന്ധിച്ച് ഒരു പഠനം നടത്തുകയുണ്ടായി.അതിന്റെ പ്രധാന കണ്ടെത്തലുകള്‍ ചുവടെ നല്‍കുന്നു
  • 2541കുട്ടികളാണ് എറണാകുളം ജില്ലയിലെ ഇതരസംസ്ഥാന വിദ്യാര്‍ഥികള്‍
  • ബഹുഭൂരിപക്ഷം അധ്യാപകര്‍ക്കും ഇവരുമായി ഹിന്ദിയില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്നില്ല
  • ഇതരസംസ്ഥാന വിദ്യാര്‍ഥികളില്‍ മൂന്നിലൊന്നുഭാഗം മാത്രമാണ് ഹിന്ദി മാതൃഭാഷയായിട്ടുളളവര്‍
  • അതിനാല്‍ ഹിന്ദി ഉപയോഗിച്ച് പരിഹാരം കാണാമെന്ന രീതി പര്യാപ്തമാകില്ല
  • ഹിന്ദി, ബംഗാളി, ഒറിയ, ആസാമീസ്, തമിഴ്, ഭോജാപ്പൂരി, മാര്‍വാടി ഭാഷക്കാരാണുളളത്
  • നിയോഗിക്കപ്പെട്ട വിദ്യാഭ്യാസ പ്രവര്‍ത്തകയ്കും എല്ലാ ഭാഷകളും വശമില്ല
  • ഏതെങ്കിലും ഇതരഭാഷയില്‍ പ്രാവീണ്യമുളള വിദ്യാഭ്യാസ പ്രവര്‍ത്തകരില്ലാത്ത വിദ്യാലയങ്ങളും ജില്ലയിലുണ്ട്.
  • 2016-17ല്‍453, 2017-18ല്‍ 107 എന്നിങ്ങനെയാണ് വിദ്യാലയത്തിലെത്താത്ത കുട്ടികളെക്കുറിച്ചുളള സര്‍വേയില്‍ കണ്ടെത്തിയ എണ്ണം
  • ബഹുഭാഷാ ബഹുസംസ്കാര ക്ലാസുകളില്‍ എങ്ങനെ പഠിപ്പിക്കണമെന്നതു സംബന്ധിച്ച് അധ്യാപകര്‍ക്ക് പരിശീലനം ലഭിച്ചിട്ടില്ല
  • ഇതരഭാഷാസമൂഹത്തില്‍ നിന്നും വരുന്ന കുട്ടികളുടെ ശക്തിദൗര്‍ബല്യങ്ങള്‍ , സാംസ്കാരിക പരിസരം, പശ്ചാത്തലം ഇവ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ അധ്യാപകര്‍ക്ക് കഴിയുന്നില്ല,
എറണാകുളത്തെ ബഹുഭാഷാ വിദ്യാലയത്തിലെ അവസ്ഥ കേസ് സ്റ്റഡി
ബഹുഭാഷാ വിദ്യാര്‍ഥികളുളള ഒരു എല്‍ പി വിദ്യാലയത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തകയുമായി ഞാന്‍ സംസാരിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. ഈ വിദ്യാഭ്യാസ പ്രവര്‍ത്തകയെ പ്രത്യേക പദ്ധതിയുടെ ഭാഗമായി നിയമിച്ചതാണ്. മൂന്നു വര്‍ഷമായി വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു .ആ വിദ്യാലയത്തിലെ കുട്ടികളുടെ മാതൃഭാഷാടിസ്ഥാനത്തിലുളള തരംതിരിവാണ് ചുവടെയുളള പട്ടികയില്‍ നിന്നും വായിച്ചെടുക്കാവുന്നത്.

  1. ഈ വിദ്യാലയത്തില്‍ പ്രീപ്രൈമറിയുണ്ട്. അവിടെ ഇംഗ്ലീഷ് മീഡിയമാണ്. ഇംഗ്ലീഷ്, ഗണിതം, പൊതുവിജ്ഞാനം, മലയാളം എന്നിവ പഠിപ്പിക്കുന്നു .
  2. ഇതേ വിദ്യാലയപരിസരത്തുതന്നെ അങ്കണവാടിയുമുണ്ട്. അവിടെ വിനിമയ ഭാഷ മലയാളം. പഠനരീതി വികാസമേഖല പരിഗണിച്ചും.
  3. സ്കൂളിലെ പഠനമാധ്യമം മലയാളം.
  4. അങ്കണവാടിയിലെ മലയാളമാധ്യമക്കാര്‍ ഈ വിദ്യാലയത്തിലല്ല ചേരുക
  5. എന്നാല്‍ പ്രീസ്കൂളിലെ ഇംഗ്ലീഷ് മീഡിയംകാര്‍ ഈ വിദ്യാലയത്തിലാണ് ചേരുക.
  6. എന്തേ കാരണം? ഇവിടെ ഇംഗ്ലീഷ് മീഡിയം ഇല്ലാത്തതിനാലാണെന്നു പറയുന്നു (?)
  7. അടുത്ത രസകരമായ സംഗതി നാലാം ക്ലാസ് കഴിഞ്ഞാല്‍ ഈ വിദ്യാലയത്തിലെ കുട്ടികളെല്ലാം അടുത്ത സ്കൂളിലെ ഇംഗ്ലീഷ് മീഡിയത്തിലാണ് ചേരുക.
  8. വിദ്യാഭ്യാസ പ്രവര്‍ത്തകയുടെ കുട്ടി നാലാം ക്ലാസില്‍ പഠിക്കുന്നു. ഏക മലയാളിക്കുട്ടി. ആ കുട്ടിക്ക് നാല് ഭാഷകളറിയാം. മലയാളം, ഇംഗ്ലീഷ് എന്നിവ സ്കൂളില്‍ നിന്നും പഠിപ്പിച്ചത്. തമിഴും ഹിന്ദിയും സഹപാഠികളില്‍ നിന്നും പഠിച്ചത്. സ്വയം പഠിച്ച ഭാഷകളില്‍ നന്നായി ആശയവിനിമയം നടത്തും. മാത്രമല്ല ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും നാലു ഭാഷകള്‍ അറിയാം.
  9. കുട്ടികളുമായി ഇടപഴകുന്നതിന് ഭാഷ ഒരു തടസ്സമല്ല.
  10. ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന ഇതരസംസ്ഥാനക്കുട്ടികള്‍ പ്രീപ്രൈമറിയിലെ സഹപാഠികളുമായുളള സമ്പര്‍ക്കത്തിലൂടെ മലയാളം സ്വായത്തമാക്കിയാണ് വരുന്നത്. കേട്ടു മനിസിലാക്കാനും അത്യാവശ്യം പറയാനും കഴിയും)
  11. ഇതരസംസ്ഥാനകുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇംഗ്ലീഷ് മീഡിയമാണ് താല്പര്യം.
  12. നൂറുശതമാനം ഹിന്ദിക്കുട്ടികളുളള ക്ലാസിലും അധ്യാപകര്‍ മലയാളത്തിലേ സംസാരിക്കൂ. അതിനാല്‍ പരിസരപഠനം കുട്ടികള്‍ക്ക് മനസിലാകുന്നില്ല.
  13. ഗണിതത്തില്‍ ഇതരസംസ്ഥാനക്കാരായ കുട്ടികള്‍ മികവ് പ്രകടിപ്പിക്കുന്നുണ്ട്
  14. മൂന്നു വര്‍ഷം തമിഴ്കുട്ടികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിലൂടെ വിദ്യാഭ്യാസ പ്രവര്‍ത്തക തമിഴ് പഠിച്ചിട്ടുണ്ട്.
  15. എല്ലാ ദിവസവും രാവിലെ താല്പര്യഭാഷയില്‍ ക്ലാസുണ്ട്.
  16. ഓരോ മണിക്കൂര്‍ ഓരോ ക്ലാസില്‍ വീതം വിദ്യാഭ്യാസ പ്രവര്‍ത്തക ചെല്ലുകയും ഇതര സംസ്ഥാനക്കുട്ടികള്‍ക്ക് സഹായം നല്‍കുകയും ചെയ്യും. അധ്യാപിക പറയുന്ന കാര്യം തത്സമയം കുട്ടിക്ക് കുട്ടിയുടേതായ ഭാഷയില്‍ മനസിലാക്കിക്കൊടുക്കുകയാണ് ചെയ്യുക ( ബഹുഭാഷകള്‍ എങ്ങനെ പ്രായോഗികമായി അഭിസംബോധന ചെയ്യുമെന്ന ചോദ്യത്തിന് ഈ വിദ്യാഭ്യാസ പ്രവര്‍ത്തകയ്ക്ക് തമിഴും അറിയാം എന്ന മറുപടിയാണ് ലഭിച്ചത് )
  17. നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു ബീഹാറിക്കുട്ടിയുടെ ഇളയത് ഒന്നാം ക്ലാസിലെത്തി. ചേച്ചി വീട്ടില്‍ പഠിക്കുന്നതിനൊപ്പം കൂടി ആ കുട്ടി മലയാളം എഴുതാനും വായിക്കാനും കഴിവ് നേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തക പറഞ്ഞു. ( പ്രീപ്രൈമറി കുട്ടികളുമായി ഇടപഴകി മലയാളം നേടിയ കുട്ടികളാണ് ഒന്നിലെത്തുക എന്നും പറഞ്ഞു. മലയാളം കേട്ടാല്‍ മനസിലാകുന്ന കുട്ടികള്‍ക്കുളളതാണോ കോഡ് സ്വിച്ചിംഗ്?)
  18. കോഡ് സ്വച്ചിംഗ് രീതിയില്‍ മലയാളം എഴുതാനുളള പരിശീലനം നല്‍കുന്നുണ്ട്. മൂന്നു മാസം കൊണ്ട് മലയാളം പഠിക്കുമെന്ന് ഈ പ്രവര്‍ത്തക പറഞ്ഞു.
  19. ഒന്നാം ക്ലാസില്‍ കോഡ് സ്വിച്ചിംഗ് രീതിയില്‍ മലയാളം പഠിപ്പിച്ച ശേഷം തുടര്‍ന്നുളള ക്ലാസുകളിലേക്ക് കയറ്റം കിട്ടുമ്പോള്‍ അവിടെ നല്‍കുന്ന പിന്തുണ അതത് വിഷയത്തെ ആശയസ്വാംശീകരണത്തിനുളളതാണോ അതോ ഭാഷ പഠിപ്പിക്കലാണോ എന്നതു സംബന്ധിച്ച് വ്യക്തത ലഭിച്ചില്ല.
  20. കോഡ് സ്വിച്ചിംഗിന് ഹിന്ദി ഉപയോഗിക്കുന്നതായി പറഞ്ഞു. ബോര്‍ഡില്‍ ഹിന്ദി എഴുതുകയും ചെയ്യും എന്നാല്‍ ഹിന്ദി എഴുതാനും വായിക്കാനും പഠിപ്പിക്കുകയുമില്ല. അവരുടെ സിലബസിന്റെ ഭാഗമല്ലാത്തതിനാലാണത്.
  21. കോഡ് സ്വിച്ചിംഗ് ഹിന്ദിയില്‍ നടത്തുമ്പോള്‍ തമിഴ് കുട്ടികളെന്തു ചെയ്യും? തമിഴില്‍ എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും പ്രാവീണ്യമില്ല.
വിശകലനച്ചോദ്യങ്ങള്‍
  1. പ്രൈമറി തലത്തില്‍ മാതൃഭാഷയാകണം ബോധനമാധ്യമമെന്ന നിലപാടാണ് ശാസ്ത്രീയം. എങ്കില്‍ നൂറുശതമാനം ഹിന്ദി മാതൃഭാഷക്കാരുളള ക്ലാസില്‍ വിനിമയ ഭാഷ എന്താകണം? മലയാളഭാഷക്കാര്‍ ന്യൂനപക്ഷമായ ക്ലാസുകളിലോ? കേരളത്തിലെത്തി എന്നതുകൊണ്ട് മലയാളം അടിച്ചേല്‍പ്പിക്കണമോ? ഇംഗ്ലീഷ് മാധ്യമക്ലാസുകള്‍ ചെയ്യുന്ന അതേ മാതൃഭാഷാനിരാസമല്ലേ ഇതും?
  2. പ്രീപ്രൈമറിയില്‍ ഇംഗ്ലീഷ് മാധ്യമം, അപ്പര്‍ പ്രൈമറിയില്‍ ഇംഗ്ലീഷ് മാധ്യമം എങ്കില്‍ ലോവര്‍ പ്രൈമറിയില്‍ എന്താകണം? മാതൃഭാഷ? മലയാളം?
  3. ഈ കുട്ടികള്‍ ഏതെങ്കിലും കാലത്ത് സ്വന്തം നാട്ടില്‍ പോകേണ്ടി വന്നാല്‍ മലയാള പഠനം അവരെ സഹായിക്കുമോ? അവിടെച്ചെന്നാല്‍ ഇംഗ്ലീഷ് മാധ്യമ വിദ്യാലയത്തിലാണത്രേ ചേരുന്നത്!
  4. അവരുടെ മാതൃഭാഷയില്‍ എഴുതാനും വായിക്കാനും പ്രൈമറിക്ലാസുകളില്‍ പരിശീലിപ്പിക്കുന്നതല്ലേ നല്ലത്?
  5. മലയാളം മലയാളിക്കുട്ടികളുമായുളള സ്വാഭാവിക സമ്പര്‍ക്ക സന്ദര്‍ഭങ്ങളിലൂടെ പഠിക്കുന്നതിനാല്‍ കാര്യങ്ങള്‍ കേട്ടുമനസിലാക്കാന്‍ ഒരു പരിധി വരെ അവര്‍ക്ക് കഴിയുന്നു. എന്നാല്‍ ഇംഗ്ലീഷിന്റെ സ്ഥിതി ഇതല്ല. കളിക്കൂട്ടുകാരില്‍ നിന്നും അത് കിട്ടുകയില്ല. ചെറുപ്രായത്തില്‍ മലയാളം സ്വായത്തമാക്കല്‍ പ്രക്രിയ നടന്നിരിക്കുന്ന സ്ഥിതിക്ക് മലയാളം ഇംഗ്ലീഷ് പോലെ അപരിചിത രണ്ടാം ഭാഷയല്ല. എങ്കില്‍ സ്വീകരിക്കേണ്ട തന്ത്രം എന്താകണം?
  6. കുട്ടികള്‍ കൊഴിഞ്ഞുപോകുന്നുണ്ടെങ്കില്‍ അതിനു കാരണം അവരുടേതല്ലാത്ത ഭാഷയില്‍ ബോധനം നിര്‍വഹിക്കുന്നതുകൊണ്ടല്ലേ?
  7. ബഹുഭാഷാസിദ്ധി നേടിയ കുട്ടികളുടെ ഈ അനുഭവം അവരുടെ തുടര്‍പഠനത്തില്‍ അനുഗ്രഹമായിത്തീരുന്നുണ്ടോ?
  8. ഗോത്രഭാഷ മാതൃഭാഷയായിട്ടുളള സമൂഹത്തില്‍ എന്തായിരിക്കണം നിലപാട്?
  9. ഇടുക്കിയില്‍ തമിഴ് നാട്ടില്‍ നിന്നും തൊഴിലാളികള്‍ വന്ന് തെയിലത്തോട്ടങ്ങളില്‍ സ്ഥിരതാമസം ആരംഭിച്ചപ്പോഴാണ് അവിടെ തമിഴ് മാധ്യമ വിദ്യാലയങ്ങളാരംഭിക്കുന്നത്. സമാനമായി ഇതരസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികള്‍ വന്നാല്‍ ഏതു മാധ്യമത്തിനാകണം മുന്‍ഗണന?
ഇവിടെ ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് കേരളസമൂഹത്തില്‍ ഭാവിയില്‍ തീരുമാനമെടുക്കേണ്ട നയപരമായ കാര്യങ്ങളുണ്ട് എന്ന തോന്നുന്നതു കൊണ്ടാണ്. 
മാതൃഭാഷയിലുളള പഠനമാണ് മെച്ചമെന്ന് ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു.
മാതൃഭാഷയെന്നാല്‍ വീട്ടില്‍ സംസാരിക്കുന്ന ഭാഷയാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
 ആംഗലേയ വാദക്കാര്‍ മലയാളത്തോട് ചെയ്തത് മലയാളി ഗോത്രഭാഷകളോടും ഇതരസംസ്ഥാനകുട്ടികളോടും ചെയ്യുന്നു.
ബഹുഭാഷാക്ലാസിലെ പഠനം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ട്.