ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍. Show all posts
Showing posts with label പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍. Show all posts

Friday, June 3, 2022

വിദ്യാഭ്യാസ രംഗത്തെ നിശബ്ദ വിപ്ലവം

എന്താണ് ഈ വാർത്താ ഗ്രൂപ്പിൻ്റെ പ്രത്യേകത?

കോഴിക്കോട് ജില്ലയിൽ ,പേരാമ്പ്ര കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന വാർത്താ ഗ്രൂപ്പ് മൂന്നുവർഷം പിന്നിടുന്നു എന്നതാണോ?

2019 ജൂൺ 3 നാണ് വാർത്ത എന്ന പേരിൽ ഒരു വാട്സാപ്പ് ഗ്രൂപ്പ് ആരംഭിക്കുന്നത്. പിന്നീടത് 8 വാട്സാപ്പ് ഗ്രൂപ്പുകളും ഒരു ടെലഗ്രാം ഗ്രൂപ്പുമായി വളർന്നു എന്നതാണോ?

അതു മാത്രമല്ല, ലക്ഷ്യവും ഏറെ പ്രസക്തം

കാഴ്ചാ പരിമിതർ, മറ്റ് ഭിന്നശേഷിക്കാർ , കിടപ്പിലായവർ , വയോജനങ്ങൾ എന്നിവർക്ക് പത്ര വാർത്തകൾ വായിച്ചു കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം.

മാതൃഭൂമി, മലയാള മനോരമ, ദി ഹിന്ദു എന്നീ പത്രങ്ങളിലെ വാർത്തകളാണ് ദിവസവും വായിച്ച് പോസ്റ്റ് ചെയ്യുന്നത്. ഓരോ വാർത്തയും 10 മിനുട്ടു വീതമുണ്ടാകും. 

കൂടാതെ ദിവസവും ഒരു പുസ്തകവും പരിചയപ്പെടുത്തും.

ഒന്നാം വാർഷികത്തിന്    അന്നത്തെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ: സി രവിന്ദ്രനാഥ് ആശംസാ സന്ദേശമയച്ചു.

എല്ലാദിവസവും രാവിലെ 9 മണിക്കു മുൻപായി എല്ലാ വിഭവങ്ങളും പോസ്റ്റ് ചെയ്യും. പത്രമില്ലാത്ത അവധി ദിവസങ്ങളിൽ ഓൺലൈൻ പത്രത്തിൽ നിന്നാണ് വാർത്തകൾ വായിക്കുന്നത്.

ജി രവി യുടെ നേതൃത്വത്തിൽ സി കെ വിനോദൻ (റിട്ട എ ഇ ഒ ) ദിവ്യ ദാമോദരൻ (ലക്ചറർ ഡയറ്റ് ) അധ്യാപകരായ ടോമി കെ.സി ,സുരേന്ദ്രൻ പുത്തഞ്ചേരി , മിനി വില്യംസ് എന്നിവരും , വിദ്യാർത്ഥികളായ വൃന്ദ ജി രവി ,ദിവ്യ രാജീവ്എന്നിവരുമാണ് വാർത്താ ഗ്രൂപ്പിനെ നയിക്കുന്നത്.

2000ൽ കൂടുതൽ കാഴ്ചാപരിമിതർ ദിവസേനെ വാർത്തകൾ കേൾക്കുന്നു. ശാരീരിക പരിമിതികൾ അനുഭവിക്കുന്നവരും വയോജനങ്ങളും അടക്കം 6000 ൽ കൂടുതൽ  പേർ വാർത്തകൾ കേൾക്കാൻ ഈ ഗ്രൂപ്പിനെ ആശ്രയിക്കുന്നു. 

നേരിട്ട് കേൾക്കുന്നവരുടെ എണ്ണമാണ് മുകളിൽ സൂചിപ്പിച്ചത്. വ്യക്തികൾ ഷെയർ ചെയ്തും വിദ്യാലയങ്ങളിൽ പ്രക്ഷേപണം ചെയ്തും നിരവധി ആളുകളിലേക്ക് വാർത്ത എത്തുന്നുണ്ട്. നൂറിലധികം ഗ്രൂപ്പുകളിലേക്ക് വാർത്ത ഷെയർ ചെയ്ത് എത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.

കോവിഡ് കാലത്ത് ശ്രോതാക്കളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. ഇത് വലിയൊരംഗീകാരമായാണ് വാർത്താ ഗ്രൂപ്പ് കണക്കാക്കുന്നത്.

വാട്സാപ്പിൽ എട്ടു ഗ്രൂപ്പുകളിലായാണ് ഇപ്പോൾ പ്രക്ഷേപണം. പ്രവാസികൾക്കായി മൂന്നു ഗ്രൂപ്പുകൾ വാർത്തയുടേതായി പ്രവർത്തിക്കുന്നു. ഒരു ടെലഗ്രാം ഗ്രൂപ്പും പ്രവർത്തിക്കുന്നു.

അനവധി ആളുകൾ വാർത്ത കേൾക്കുന്നുണ്ടെങ്കിലും കാഴ്ചാ പരിമിതർക്കും കിടപ്പിലായവർക്കും , വയോജനങ്ങൾക്കും വാർത്തയെത്തിക്കുക എന്നതാണ്തുടക്കത്തിലും , ഇപ്പോഴും ലക്ഷ്യം. 

ഒരു ദിവസം പോലും മുടക്കമില്ലാതെ വാർത്താ ഗ്രൂപ്പ്  2022 ജൂൺ 2 ന് മൂന്നു വർഷം പൂർത്തിയാക്കുന്നു.

കൂടുതൽ പുതുമകളോടെ കൂടുതൽ വായനക്കാരിലേക്കെത്താനുള്ള ശ്രമത്തിലാണ് നാലാം ജൻമദിനത്തിൽ വാർത്തയുടെ അണിയറ പ്രവർത്തകർ.

യാതൊരു സാമ്പത്തീക ലാഭവും പ്രതീക്ഷിക്കാതെയാണ് വാർത്താ ഗ്രൂപ്പ് മുന്നോട്ടു പോകുന്നത്.



ഈ ജൂൺ 3 

ഭിന്നശേഷിക്കാർക്കായി പ്രതിദിനം സമയം നീക്കിവെച്ച

 രവിയുടെയും കൂട്ടരുടെയും പ്രവർത്തനങ്ങളോട് ആദരവ് പ്രകടിപ്പിക്കാം. 

അത് സ്വന്തം സ്ഥാപനത്തെ, ക്ലാസിനെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ടാകട്ടെ.


Friday, May 8, 2015

കുട്ടികളോടുളള ഗുണാത്മക സമീപനം

പാഠ്യപദ്ധതിയോ , പാഠപുസ്തകമോ മാത്രമല്ല അക്കാദമിക വളര്‍ച്ചയെ  നിയന്ത്രിക്കുന്നത് ,അതിലേറെ കുട്ടികളോടുള്ള ഗുണാത്മക  സമീപനമാണ് .
80% കെയർ  .അതിനാൽ  കുട്ടികളോടുള്ള ഗുണാത്മക  സമീപനം
അധ്യാപക  പരിശീലനത്തിന്റെ ഭാഗമായി  ചര്‍ച്ച ചെയ്യപെടെണ്ടാതാണ് മേലധികാരികൾ  ,അല്ലെങ്കിൽ തുടർ പരിശീലനങ്ങളിൽ അദ്ധ്യാപകരുടെ സമീപനം നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമാകേണ്ടാതാണ് .
അദ്ധ്യാപകരുടെ കുട്ടികളോടുള്ള ഗുണാത്മക  സമീപനം  വർധിപ്പിക്കാനാണ്  ഞാൻ  ശ്രമിച്ചതെങ്കിലും പരോക്ഷമായി  കുട്ടികളുടെ  അക്കാദമിക  വളര്‍ച്ചയും  ഈ  പ്രവർത്തനത്തിലൂടെ നേടാൻ  കഴിഞ്ഞു  എന്നത്  ഏറെ  സന്തോഷകരമാണ്
ഈ  പ്രവർത്തനങ്ങളിലൂടെ കടന്നു പോകുമ്പോൾ അധ്യാപരിലുണ്ടാകുന്ന ആത്മവിശ്വാസം  ചർച്ചകളിൽ കാണുന്ന അവരുടെ സംതൃപ്തി ഇതെല്ലം എൻറെ  സർവിസിൽ എനിക്കു കിട്ടുന്ന അവാർഡുകൾ ആണ് .
ഒരു എച് എമിന്റെ തസ്തികയില്‍ ഇരുന്നാല്‍ അക്കാദമിക് തലം നഷ്ട്ടപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നു . പലരും പറഞ്ഞു അക്കാദമിക് തലം നിലനിര്‍ത്തിക്കൊണ്ട് തന്നെ തുടരാൻ മിനിക്ക് കഴിയും എന്ന്  .ഇപ്പോൾ എനിക്ക് തോന്നുന്നു  അവർ തന്ന ആത്മവിശ്വാസം എനിക്ക് പ്രയോജനപ്രദമായി എന്ന് .കാരണം 10 വർഷം എസ് എസ് എ യിൽ നിന്ന് പ്രവർത്തിച്ചതിൽ കൂടുതൽ എനീക്കിത് സന്തോഷം  തരുന്നു .                                      മിനി മാത്യു, പ്രഥമാധ്യാപിക , വാഴക്കുളം യു പി എസ് പെരുമ്പാവൂര്‍
മുന്‍ ലക്കത്തിന്റെ(സ്നേഹത്തിന്റെ ബോധന ശാസ്ത്രം പെരുമ്പാവൂരിൽ) തുടര്‍ച്ച .സഹാധ്യാപകരുടെ മികവുകളിലൂടെ മിനി വിദ്യാലയാനുഭവങ്ങള്‍ പങ്കിടുന്നു.

അനുഭവങ്ങള്‍- 1.
കാജലിന്റെ ഉപദ്രവം കാരണം പരാതി കേട്ടിരുന്ന കാലത്ത് ഞങ്ങൾ ഹോം വിസിറ്റിന്റെ ഭാഗമായി സിദ്ധാർത്ഥ് എന്ന കുട്ടിയുടെ വീട്ടില്‍ ചെന്നു. ഞാനവനോട് ചോദിച്ചു 'മോനെ കാജൽ നിങ്ങളെ വല്ലാതെ ഉപദ്രവിക്കുന്നുണ്ടോ?" അവൻ പറഞ്ഞ മറുപടി ഇതായിരുന്നു " അതേയ് റ്റീച്ചറേ, കാജൽ  വയ്യാത്ത കുട്ടിയല്ലേ , അവനെന്തെങ്കിലും കുറുമ്പ് കാട്ടുമ്പോൾ ഞങ്ങൾ മാറിപ്പോകും . മറ്റേ (ക്സ് ) കുട്ടിയില്ലേ അവൻ ഈ വര്‍ഷം വന്നല്ലെയുള്ളൂ അവന് അറിയില്ലല്ലോ കാജലിനോട്‌ എങ്ങനെ വേണം എന്ന് , അവൻ തിരിച്ചെന്തെങ്കിലും പറയും . അത് കാരണം കാജലിന് അവനോട്  ദേഷ്യാ , അതാ പ്രശ്നം ഇവിടെ യഥാർഥത്തിൽ സിദ്ധാര്‍ഥ് ആരാണ്  ? ! എത്ര മാത്രം ലോകവീക്ഷണം! പക്വമായ സമീപനം. മുതിര്‍ന്നവരുടെ പക്വതയുളള നാലാം ക്ലാസുകാര്‍ യഥാര്‍ഥത്തില്‍ ചെറിയവരല്ല.
 ആരാണ് കാജല്‍?

Friday, May 1, 2015

സ്നേഹത്തിന്റെ ബോധന ശാസ്ത്രം പെരുമ്പാവൂരിൽ


 സർ , 
എസ് ആര്‍ ജി യിലൂടെ ഈ വര്‍ഷം ഞങ്ങൾ കൈവരിച്ച നേട്ടം ,എന്റെ 80% അധ്യാപകരും നല്ല
സഹരക്ഷിതാവ് ആയി മാറി എന്നതാണ് . എല്ലാ  വെള്ളിയാഴ്ചയും ആണ് യോഗം .അന്നെല്ലാവരും വൈകിയേ പോകൂ . പ്രശ്നക്കാരായ കുട്ടികളെക്കുറിച്ചുളള  പരാതികൾ ,പരിഭവങ്ങൾ  ഇവയൊന്നും പ്രശ്നമായി പറയാത്ത അല്ലെങ്കിൽ അവയെല്ലാം  സ്നേഹം , വാത്സല്യം , പ്രത്യേക പരിഗണന ഇവയിലൂടെ പരിഹരിക്കുന്നവരാകണം എന്റെ സുഹൃത്തുകൾ .അതിനായി അവരെ ഒരുക്കുകയാണ് ചെയ്തത് . വളരെ നല്ല ഒരു റിസൾട്ട്‌ ആണ്  എനിക്ക് കിട്ടിയത് . എല്ലാവരും പ്രശ്നപരിഹരണത്തിനു കണ്ടെത്തിയ മാര്ഗത്തിന്റെ പൊതു ഘടകം സ്നേഹം , വാത്സല്യം , പ്രത്യേക പരിഗണന ഇവയാണ്  .  ആരോപണങ്ങൾ നേരിട്ടിരുന്ന എന്റെയും പ്രശ്നം പരിഹരിക്കപ്പെടുകയായിരുന്നു  ഈ തന്ത്രത്തിലൂടെ,...
മിനിമാത്യു പെരുമ്പാവൂര്‍

 (കഴിഞ്ഞ ലക്കം ചൂണ്ടുവിരലില്‍ എസ് ആര്‍ ജിയെക്കുറിച്ച് കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതു വായിച്ച മിനി എനിക്ക് മെയില്‍ അയച്ചു. അതാണിത്.എനിക്ക് മിനിയെ അറിയാം. എസ് എസ് എയില്‍ മിനി നന്നായി പ്രവര്‍ത്തിച്ചിരുന്നു. ആ ബി ആര്‍ സിയിലും പോയിട്ടുണ്ട്.
മിനിയുടെ വിദ്യാലയത്തിലും പോയിട്ടുണ്ട്. മിനി സ്കൂളില്‍ നടത്തിയ ഇടപെടലിന്റെ വിശദാംശം അയച്ചു തരാന്‍ അഭ്യര്‍ഥിച്ചു. അതാണി പരമ്പരയായി ചൂണ്ടുവിരല്‍ പ്രസിദ്ധീകരിക്കുന്നത്. 
മിനിയുടെ കുറിപ്പ് വായിക്കൂ.)
 
സ്നേഹത്തിന്റെ ബോധന ശാസ്ത്രം പെരുമ്പാവൂരിൽ വടക്കേ വാഴക്കുളം യു പി സ്കൂൾ, ശിശു സൌഹൃ സ്കൂൾ ആക്കുന്നതിനായി ഞാൻ നടത്തിയ ചില പ്രവർത്തനങ്ങളും അതെന്റെ അധ്യാപകരിലും ഉണ്ടാക്കിയ തിരിച്ചറിവുകളുമാ് ഇവിടെ പങ്കു വക്കുന്നത്

Sunday, October 26, 2014

ദൈവദൂതനെപ്പോലെ ഒരധ്യാപകന്‍


(Oct 12/2014 ന് അരുണ്‍ പി. ഗോപി മാധ്യമം ഓണ്‍ലൈനില്‍ എഴുതിയ കുറിപ്പാണിത് )

‘‘ഇരുളിലാണ്ടവര്‍ക്ക് മുമ്പില്‍ ദൈവം പലരൂപത്തില്‍ പ്രത്യക്ഷപ്പെടില്ലേ,  
എന്‍െറ മക്കളുടെ ദൈവമായി ആ ചെറുപ്പക്കാരന്‍ ചിരിച്ചുകൊണ്ട് വീട്ടിലേക്ക് കയറിവന്നു.’’ 
(ആത്മകഥ: വി പോസ്റ്റീവ് - ടി.കെ. രമ)

കൊട്ടിയൂരിലെ ടി.കെ. രമയെ ഓര്‍മയില്ലേ; ഒരുപക്ഷെ, അവരെക്കാള്‍ നിങ്ങള്‍ക്കു പരിചിതം അക്ഷരയെയും അനന്ദുവിനെയും ആയിരിക്കും. എയ്ഡ്സ് എന്ന രോഗത്തിന്‍െറ പേരില്‍ പുരോഗമന കേരളം ഭ്രഷ്ട് കല്‍പിച്ച രണ്ടു മക്കളുടെ ഹതഭാഗ്യയായ അമ്മയാണ് രമ. അതുവരെ അജ്ഞാതമായി മാത്രം കേട്ടിരുന്ന എയ്ഡ്സ് എന്ന നാലക്ഷരത്തിന്‍െറ ഭീതിയില്‍ സമൂഹം ഇവരെ ഒറ്റുകാരായി ചിത്രീകരിച്ചു. പലപ്പോഴും ആത്മഹത്യയുടെ വക്കിലത്തെിയ ഈ അമ്മ പറക്കമുറ്റാത്ത തന്‍െറ കുട്ടികള്‍ക്ക് വേണ്ടി മാത്രം ജീവിക്കുകയായിരുന്നു. ഒരിക്കലും തളരാത്ത ആ മനസ്ഥൈര്യം നഷ്ടപ്പെട്ടത് രോഗത്തിന്‍െറ പേരില്‍ അക്ഷരക്കും അനന്ദുവിനും വിദ്യാഭ്യാസം നിഷേധിച്ചപ്പോഴായിരുന്നു. പഠിക്കാനുള്ള തന്‍െറ പൊന്നോമനകളുടെ അവകാശം നിഷേധിച്ചതാകട്ടെ മറ്റ് കുട്ടികളുടെ മാതാപിതാക്കളും.

എച്ച്..വി ബാധിതര്‍ എന്ന മുദ്രകുത്തി അക്ഷര ദാഹം നിഷേധിച്ച അക്ഷരക്കും അനന്ദുവിനുമായി ഒരുപാട് ശബ്ദങ്ങള്‍ ഉയര്‍ന്നുവന്നിരുന്ന കാലം. വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ രൂപപ്പെട്ട സമരമുഖത്തിന് നേതൃത്വം നല്‍കികൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്തും സയന്‍സ് വിഷന്‍ പ്രവര്‍ത്തകരും കടന്നുവന്നു. ഒടുവില്‍ അന്നത്തെ മുഖ്യമന്ത്രിയായ എ.കെ. ആന്‍റണി ഇടപെട്ട് പൊതുവിദ്യാലയത്തില്‍ പഠിക്കാനുള്ള അവകാശം ഈ കുരുന്നുകള്‍ക്ക് നല്‍കുകയായിരുന്നു. പക്ഷേ, പ്രശ്നമവസാനിച്ചില്ല. എച്ച്..വി ബാധിതരായ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ തങ്ങളുടെ കുട്ടികളെ വിടില്ളെന്ന് മറ്റ് രക്ഷിതാക്കളും തീരുമാനമെടുക്കുന്നു. അവസാനം ഒരൊത്തുതീര്‍പ്പ്. അക്ഷരെയെയും അനന്ദുവിനെയും പഠിപ്പിക്കാനായി പ്രത്യേകമായൊരു ക്ളാസ്റൂം ഒരുക്കുക. സാംസ്കാരിക കേരളം ലജ്ജിച്ച നടപടിയായിരുന്നു അത്. 14 വയസ് വരെ നിര്‍ബന്ധിതവും സാര്‍വത്രികവുമായി വിദ്യാഭ്യാസമെന്നത് മൗലികാവകാശമായുള്ള ഒരു രാഷ്ട്രത്തിലായിരുന്നു രോഗത്തിന്‍െറ പേരില്‍ ഈ വിവേചനം.

Friday, November 16, 2012

അനുരൂപീകരണപഠനസാമഗ്രികളുടെ നിര്‍മാണം കോട്ടയം മാതൃക


കോട്ടയം ജില്ലയിലെ മൂലവട്ടം അമൃതസ്കൂള്‍ പ്രത്യേകപരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി എല്ലാ വിഷയങ്ങളിലെയും പഠനസാമഗ്രീകള്‍ അനുരൂപീകരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു.സംസ്ഥാനത്താദ്യമായാണ് ഒരു വിദ്യാലയം ഇത്തരം പ്രവര്‍ത്തനം ഏറ്റെടുക്കുന്നത്. സ്കൂള്‍ മുഴുവനും മനസ്സര്‍പ്പിക്കുന്നു എന്നതാണിതിന്റെ സമിശേഷതമായായി ചൂണ്ടിക്കാട്ടുന്നത്.
ചിത്രരചനയില്‍ മികവുപുലര്‍ത്തുന്ന പത്തു വിദ്യാര്‍ഥികള്‍, കംമ്പ്യൂട്ടര്‍ പരിജ്ഞാനമുളള അധ്യാപകര്‍, കലാധ്യാപകന്‍, റിസോഴ്സ് അധ്യാപിക, വിഷയാധ്യാപകര്‍ എന്നിവരുടങ്ങുന്ന ടീമാണ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിക്കുന്നത്.
പ്രവര്‍ത്തനമിങ്ങനെ
  • സബ്ജക്ട് കൗണ്‍സില്‍ യോഗം
  • പാഠപുസ്തകവിശകലനം
  • ഒരോ പാഠത്തിലും നേടേണ്ട പ്രധാന ആശയങ്ങള്‍, ധാരണകള്‍ ഇവ കണ്ടെത്തല്‍
  • ശേഷി നേടുന്നതിനു സഹായകമായ പ്രധാന പഠനപ്രവര്‍ത്തനങ്ങളുടെ വിശദപരിശോധനയും പഠനസാമഗ്രികള്‍ ലിസ്റ്റ് ചെയ്യലും
  • മുന്‍ഗണന തീരുമാനിക്കല്‍
  • റിസോഴ്സ് അധ്യാപികയുമായി വിഷയാധ്യാപകര്‍ ചര്‍ച്ച നടത്തുന്നു
  • അനുരൂപീകരണ സാധ്യതകള്‍ കണ്ടെത്തുന്നു
  • വിദ്യാര്‍ഥികള്‍, കംമ്പ്യൂട്ടര്‍ പരിജ്ഞാനമുളള അധ്യാപകര്‍, കലാധ്യാപകന്‍, റിസോഴ്സ് അധ്യാപിക, വിഷയാധ്യാപകര്‍ എന്നിവര്‍ അനുരൂപീകരണരീതി സ്വാംശീകരിക്കുന്നു
  • ശനിയാഴ്ച്ച പഠനസാമഗ്രി നിര്‍മാണ ശില്പശാല
  • കംമ്പ്യൂട്ടറില്‍ തയ്യാറാക്കുന്നവ വിഷയാടിസ്ഥാനഫോള്‍ഡറില്‍ , രൂപങ്ങള്‍, ചിത്രങ്ങള്‍, മോഡലുകള്‍ എന്നിവയും തയ്യാറാക്കി

Saturday, August 25, 2012

അനുരൂപീകരണം -കുട്ടിയുടെ സൂക്ഷമാവശ്യങ്ങള്‍ പരിഗണിച്ച് -3


 കുട്ടികള്‍ കഴിവിന്റെ കാര്യത്തില്‍ പലതലങ്ങളിലാണ് എന്ന വസ്തുത എപ്പോഴും ഓര്‍മയില്‍ വെച്ചു കൊണ്ടാകണം അനുരൂപീകരണം നടത്തേണ്ടത്. പൊതു പ്രവണതകളുടെ അടിസ്ഥാനത്തില്‍ ചില വിഭാഗങ്ങളായി തിരിച്ചു സമീപിക്കേണ്ടി വരും. ശ്രദ്ധാ ചാഞ്ചല്യം മൂലം പഠനപ്രശ്നങ്ങള്‍ അനുഭവിക്കുന്ന കുട്ടികളുടെ കാര്യം ആദ്യം പരിശോധിക്ക
ശ്രദ്ധാപരിമിതി ഉളള കുട്ടികള്‍ (Children with Attention disorder)
ക്ലാസില്‍ ശ്രദ്ധിക്കാതിരിക്കുക എന്നതു ബോധപൂര്‍വം ചിലര്‍ ചെയ്യുന്നതാണെന്ന മിഥ്യാധാരണയാണ് കൂടുതല്‍ അധ്യാപകര്‍ക്കുമുളളത്. ചില കുട്ടികള്‍ ശ്രദ്ധാപരിമിതി ഉളളവരാണെന്ന കാര്യം അധ്യാപകര്‍ അംഗീകരിക്കാന്‍ സന്മനസ്സു കാട്ടണം. ഈ വിഭാഗം കുട്ടികളും പ്രത്യേകപരിഗണന അര്‍ഹിക്കുന്നവരാണ്.
ഇവര്‍(ക്ക്)-
  • ഉളളടക്കമോ പ്രക്രിയയോ ഏറെ നേരം ശ്രദ്ധിക്കുവാന്‍ കഴിയുന്നില്ല
  • വേഗം താല്പര്യം നഷ്ടപ്പെടുന്നു
  • എളുപ്പത്തില്‍ ശ്രദ്ധ വ്യതിചലിക്കപ്പെടുന്നു.
  • ഉപരിപ്ലവമായി മാത്രം വിവരങ്ങള്‍ മനസ്സിലാക്കുന്നു
  • ആശയങ്ങളെ പരസ്പരം ബന്ധിപ്പിച്ചു മനസ്സിലാക്കാന്‍ പ്രയാസം നേരിടുന്നു.
  • ആഴത്തില്‍ വിശകലനം ചെയ്യാന്‍ ആവുന്നില്ല
  • അവ്യക്തമോ ഭാഗികമോ ആയ ധാരണാതലം
ഇവയൊക്കെ ക്ലാസില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു ( അധ്യാപികയുടെ ശകാരം, പരിഹാസം, ശിക്ഷ, താക്കീത്, അവഗണന, പരാതി, ശല്യക്കാര്‍ എന്ന ലേബലിങ്, കുട്ടിയെ പറ്റി പ്രതീക്ഷ വെച്ചു പുലര്‍ത്തായ്ക, മുന്‍ വിധി, സഹപാഠികളുടെ പരിഹാസം, കുട്ടിക്കു സ്വന്തം കഴിവിനെക്കുറിച്ചു അവിശ്വാസം, പഠനത്തിന്റെ ഓരോ പ്രവര്‍ത്തനഘട്ടവും വരാനിരിക്കുന്ന പ്രശ്നത്തെ ഓര്‍മിപ്പിക്കുന്ന അസ്വാസ്ഥ്യം..) കുട്ടിയുടെ പഠനത്തെ പ്രചോദിപ്പിക്കാനോ അനുഭവപ്പെടുന്ന പ്രശ്നം പരിഹരിക്കാനോ സഹയകമല്ല അധ്യാപികയുടെ ഇടപെടല്‍പ്രതികൂലത.
അധ്യാപിക എന്തു ചെയ്യണം
1ഭൗതികാന്തരീക്ഷപുനക്രമീകരണം
-കുട്ടിയുടെ സ്ഥാനം -മുമ്പില്‍, അധ്യാപികയുടെ ചാരെ,
-ശ്രദ്ധ വ്യതിചലിക്കാനിടയുളളവ ക്രമീകരിക്കല്‍-ഉദാഹരണം പുറംകാഴ്ചകളിലേക്കുളള ദൃഷ്ടിയാത്ര. ക്ലാസിന്റെ ജനാലയുടെ പകുതിക്കു താഴെ കര്‍ട്ടണ്‍ ഇട്ടാല്‍ അത്തരം പുറംകാഴ്ചകള്‍ തടയും. തുറന്ന മുറിയിലാണ് കുട്ടി പഠിക്കുന്നതെങ്കില്‍ ക്ലാസ് നാലു ചുമരുകളുമുളളമുറിയിലേക്കു ഈ കുട്ടിക്കു വേണ്ടി മാറ്റുകയോ സ്കീന്‍ വക്കുകയോ വേണം.
-വൈവിധ്യമുളള പ്രവര്‍ത്തനങ്ങള്‍ നടത്താനിടം
എപ്പോഴും ബഞ്ചില്‍ ഓരേ സ്ഥാനത്ത് ഇരുന്നു പഠിക്കുന്ന സാഹചര്യം ഒഴിവാക്കണം. ക്ലാസില്‍ പലവിധപ്രവര്‍ത്തനങ്ങള്‍ക്കിടം മുന്‍കൂട്ടി തീരുമാനിച്ചു ക്രമീകരിക്കണം. അവതരണസ്ഥലം, സംഘപ്രവര്‍ത്തനയിടങ്ങള്‍,നിര്‍മാണപ്രവര്‍ത്തനസ്ഥലം, റഫറന്‍സ് ഏരിയ എന്നിങ്ങനെ.ഒരേ പിരീഡില്‍ത്തന്നെ പലയിടങ്ങളിലായി കുട്ടികള്‍ക്കു പ്രവര്‍ത്തിക്കാനവസരം ആസൂത്രണവേളയില്‍ത്തന്നെ നിര്‍ണയിക്കണം.
2ചിന്താശൈലി മാനിച്ചുളളപുനക്രമീകരണം.
-വിവരങ്ങളെ ദഹനപ്പരുവത്തില്‍ നല്‍കല്‍
ഒരേ സമയം ആശയങ്ങളുടെ പ്രവാഹം, കുത്തൊഴുക്ക് ക്ലാസില്‍ നടന്നാല്‍ എന്തു സംഭവിക്കും.? അവയെല്ലാം കൂടിക്കുഴഞ്ഞ് സങ്കീര്‍ണമായ അവ്യക്തത ശ്രദ്ധാപരമിതിയുളള കുട്ടികള്‍ക്കുണ്ടാകും.
അതിനാല്‍ കുട്ടിയില്‍ രൂപപ്പെടേണ്ട ആശയങ്ങള്‍ കണക്കിലെടുത്തു വിവരങ്ങളെ ദഹനപ്പരുവത്തില്‍ നല്‍കണം. ചെറിയ ചെറയി വിവരകൂട്ടങ്ങള്‍ അല്ലെങ്കില്‍ ഒന്നുമായി ബന്ധിപ്പിച്ച് ഗ്രഹിക്കാവുന്ന തരത്തില്‍ ക്രമീകരിച്ചവ, അതുമല്ലെങ്കില്‍ അനുഭവവുമായി കോര്‍ത്ത് അവതരിപ്പിക്കുന്നവ, മനോചിത്രങ്ങള്‍ രൂപ്പെടാന്‍ ഉതകുന്ന വിധത്തില്‍, ചിത്രസമേതം..
അധ്യാപികയുടെ അവതരണം മാത്രം പോര വായനാപാഠവും മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ പരിഗണിച്ചു അനുരൂപീകരിക്കേണ്ടി വരും.(എത്ര വര്‍ഷം സര്‍വീസായി? ഉണ്ടോ കൈവശം ഒരു അനുരൂപീകരണപാഠമെങ്കിലും? ഇനിയും എത്ര വര്‍ഷം സര്‍വീസുണ്ട്? പ്രതീക്ഷിക്കാമോ? )
-ഒരേ കാര്യം പലരീതിയില്‍
ചിന്തയുടെ സജീവത ആവശ്യപ്പെടുന്നതും പല രീതിയില്‍ വൈജ്ഞാനികമണ്ഡലത്തിലേക്കു പ്രവേശിക്കാന്‍ കഴിയുന്നതുമായ സമീപനം സ്വീകരിക്കണം.
  • വാദിക്കല്‍.
കുട്ടികള്‍ക്ക് വാദമുഖങ്ങള്‍ അവതരിപ്പിക്കാനവസരം നല്‍കുമ്പോള്‍ അവര്‍ ലഭ്യമായ വിവരത്തെ ആധാരമാക്കി തെളിവുകളുടയോ യുക്തിയുടെയോ പിന്‍ബലത്തില്‍ പല സാധൂകരണ തന്ത്രങ്ങള്‍ സ്വീകരിച്ചു വിയോജിക്കലോ യോജിക്കലോ പിന്തുണയ്ക്കലോ തളളിക്കളയലോ നടത്തും . ഇതു അനുവദിക്കമ്പോള്‍ ക്ലാസിനു ചൂടുകൂടും. എല്ലാവരുടെയും ശ്രദ്ധ അടുത്തയാളുടെ എതിര്‍വാദങ്ങളില്‍ ആയിരിക്കും. അതിനെ വീണ്ടുമൊരാള്‍ മലര്‍ത്തിയടിച്ചേക്കാം. ഈ സജീവത ശ്രദ്ധാപരിമിതിയുളള കുട്ടിയെ രണ്ടു രീതിയല്‍ സ്വാധീനിക്കും .ഒന്ന് താനെന്തു നിലപാടു എടുക്കും ? എങ്ങനെ വാദിക്കും? എന്നതിനെ ആസ്പദമാക്കിയുളള ചിന്തയും പഠനവും.രണ്ട് മറ്റുളളവരുടെ വാദങ്ങള്‍ കേള്‍ക്കുന്നതു വഴിയുളള അറിവു നിര്‍മാണം.
  • കുട്ടിയും അധ്യാപികയും നടത്തുന്ന താരതമ്യപ്പെടുത്തല്‍
വിവരങ്ങളെ താരത്മ്യപ്പെടുത്തി അവതരിപ്പിക്കുക ( വൈരുദ്ധ്യം ചൂണ്ടിക്കാട്ടുക, വ്യത്യാസം കണ്ടെത്തുക, പൊതു പ്രവണതകള്‍ കണ്ടെത്തുക, സമാനമായ കാര്യങ്ങള്‍ പ്രകാരം തരംതിരിക്കുക, ) ഇങ്ങനെ ചെയ്യുമ്പോള്‍ അറിവിന്റെ ആഴം വര്‍ധിക്കും. കേട്ടതോ വായിച്ചതോ ആയ കാര്യങ്ങളുടെ അയവെട്ടലും പോഷകസ്വാംശീകരണവും നടക്കും.
  • ചര്‍ച്ചയും വിശകലവും
ക്ലാസില്‍ ചര്‍ച്ച നടത്താറുണ്ടെന്നാണ് മിക്ക അധ്യാപകരും അവകാശപ്പെടുന്നത്. ചര്‍ച്ച എങ്ങനെയാണ് നടത്തുക. ഒരു പ്രമേയം കുടുതല്‍ വിശകലനം ചെയ്യണമെന്നു തോന്നല്‍ ക്ലാസിനുണ്ടവുകയും അതു സ്വാഭാവികചര്‍ച്ചയിലേക്കു വികസിപ്പിക്കുകയുമാണോ നടക്കുന്നത്. ചര്‍ച്ചാ വിഷയം അവതരിപ്പിച്ചതിനു ശേഷം എല്ലാവര്‍ക്കും തയ്യാറേടുപ്പിനു സമയം കൊടുക്കാറുണ്ടോ? അപ്പോള്‍ കൂടുതല്‍ പിന്തുണ ആവശ്യമുളള കുട്ടിയുടെ ചിന്തയെ ഇളക്കി ദിശാസൂചന നല്‍കുന്ന ചോദ്യങ്ങള്‍ ഉന്നയിക്കാറുണ്ടോ? ചര്‍ച്ചയില്‍ അവതരിപ്പിക്കപ്പെടുന്ന കാര്യങ്ങളെ അപ്പപ്പോള്‍ ബോര്‍ഡില്‍ രേഖപ്പെടുത്താറുണ്ടോ? അങ്ങനെ രേഖപ്പെടുത്തുന്നതിന്റെ ക്രമം ആശയ രൂപീകരണത്തിനു സഹയകമായ വിധത്തില്‍ സമാനമായവ ബവ്ധിപ്പിക്കാന്‍ കഴിയുന്ന വിധത്തിലാണോ? ഓരോ പുതിയ ആശയങ്ങളും എല്ലാവരുടേതുമാകാന്‍ എന്തു വിശകലന തന്ത്രമാണ് സ്വീകരിക്കുക. നിഗമനരൂപീകരണത്തിലെ പങ്കാളിത്തം എങ്ങനെയായിരിക്കുമെന്നു ആസൂത്രണം ചെയ്യാറുണ്ടോ? ഈ കാര്യങ്ങള്‍ക്കെല്ലാം തൃപ്തികരമായ ഉത്തരം ലഭിക്കുന്ന വിധം നടത്തുന്ന ചര്‍ച്ച ശ്രദ്ധാപരിമിതി ഉളളവര്‍ക്കു അനുഗ്രഹമായിരിക്കും.
  • ആശയങ്ങളെ ക്രമപ്പെടുത്തല്‍
ആശയങ്ങളെ എങ്ങനെയെല്ലാം ക്രമീകരിക്കാമോ ആ സാധ്യതകള്‍ മുഴുവന്‍ പ്രയോജനപ്പെടുത്തണം. ഗ്രാഫിക് ഓര്‍ഗനൈസേഴ്സ് നല്ല ഫലം ചെയ്യും ( ചൂണ്ടു വിരല്‍ ഗ്രാഫിക് ഓര്‍ഗനൈസേഴ്സ് പരിചയപ്പെടുത്തിയിട്ടുളളത് നോക്കുക )
  • ഫീഡ് ബാക്ക് ഉറപ്പാക്കല്‍
ഇടക്കിടെ കുട്ടിക്കു അനുകൂലമായ ഫീഡ്ബാക്ക് നല്കുന്നതു രണ്ടു രീതിയില്‍ ഗുണം ചെയ്യും. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും തന്റെ സഹായത്തിനു അധ്യാപികയുടെ നിരന്തരസജീവസാന്നിദ്ധ്യം ഉണ്ടെന്നുളള തിരിച്ചറിവിന്റെ പ്രചോദനവും ഉണ്ടാകും.
  • സംഗ്രഹരൂപമവതരിപ്പിക്കല്‍
ഇതു വരെ കണ്ടെത്തിയ കാര്യങ്ങള്‍ സംഗ്രഹിച്ചവതരിപ്പിക്കണം. അതു വാചികമായാല്‍ പോര ചാര്‍ട്ട്, ചിത്രീകരണങ്ങള്‍, ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്,നിറച്ചേരുവയുളള പദബന്ധക്കുറിപ്പ് തുടങ്ങില രീതികള്‍ സ്വീകരിക്കണം.അധ്യാപനക്കുറിപ്പു തയ്യാറാക്കുമ്പോള്‍ ഇതും രൂപകല്പന ചെയ്യുന്നതു ശ്രദ്ധ കേന്ദ്രീകരിക്കാനുപകരിക്കും.
  • ചിന്തയെക്കുറിച്ചുളള ചിന്ത
താന്‍ ചിന്തിച്ചതും മറ്റുളളവര്‍ ചിന്തിച്ചതും താരതമ്യം ചെയ്യാനവസരം ഒരുക്കണം. ഓരോരുത്തരും ചിന്തിച്ച രീതി പ്രധാനമാണ്. ചിന്തിച്ച കാര്യവും . ഇവ രണ്ടും പങ്കു വെക്കാന്‍ അവസരം കിട്ടണം.ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ ചിന്തയെക്കുറിച്ചുളള ചിന്ത നടത്തണമെന്നു ഔചിത്യപൂര്‍വം തീരുമാനിക്കണം. ഈ തന്ത്രം ഏതു ക്ലാസിനും ഉപയോഗിക്കാവുന്നതാണ്.
3 വൈകാരികാന്തരീക്ഷത്തിന്റെ പുനക്രമീകരണം.
പിരിമുറുക്കം, ഭീതി, ആശങ്ക, അവിശ്വാസം, അപകര്‍ഷത, കുറ്റബോധം, താല്പര്യമില്ലായ്മ, വെറുപ്പ്, ദുഖം, നിരാശ,ഉള്‍വലിയല്‍ തുടങ്ങിലവയിലേക്കു നയിക്കുന്ന വാക്കുകളോ പ്രവര്‍ത്തികളോ അധ്യാപികയുടെയോ സഹപാഠികളുടയോ ഭാഗത്തു നിന്നുമുണ്ടായിക്കൂടാ. വിജയബോധം, ആഹ്ലാദം , വൈകാരികസംതൃപ്തി, നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്ന ഇഷ്ടപ്പെടല്‍, സഹപാഠികള്‍ നല്‍കുന്ന പിന്തുണയുടെ ഫലമായി രൂപപ്പെടുന്ന അടുപ്പം, തനിക്കും പരിഗണനയും മികവുകളുമുണ്ടെന്ന തിരിച്ചറിവും അംഗീകാരവും നല്‍കുന്ന പഠനതാല്പര്യം എന്നിവയാണ് ക്ലാസില്‍ ഉണ്ടാകേണ്ടത്.
നിത്യവും കുട്ടിയുടെ പ്രതീക്ഷാ നില ഉയര്‍ത്തണം.
എല്ലാ ദിവസവും നാലു മണിക്കു ഇന്നെന്തെല്ലാം പഠിച്ചു , നേടി എന്നു കുട്ടിയെ അടുത്തു വിളിച്ചു വിലയിരുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.
ഈ കുട്ടിയില്‍ നിന്നും ഇന്നു ഞാന്‍ എന്തു പ്രതീക്ഷിച്ചിരുന്നു , എത്രത്തോളം നേടാനായി ? നാളെ എന്തു പ്രതീക്ഷിക്കുന്നു? അതിനായി എന്തിടപെടല്‍ വേണ്ടി വരും എന്നു അധ്യാപകരും ആലോചിക്കണം.


രണ്ടാം ക്ലാസ് .2011 ജനുവരി :കൂടുതല്‍ പരിഗണന അര്‍ഹിക്കുന്ന ഒരു മോള്‍ ക്ലാസിന്റെ നടുത്തളത്തിലേക്ക് വരുന്നു.ടീച്ചര്‍ ഒപ്പം ഉണ്ട്.രക്ഷിതാക്കളുടെ ഇടയില്‍ അവളുടെ അമ്മയും . അമ്മയുടെ കണ്ണുകള്‍ വിടര്‍ന്നു.മറ്റു കുട്ടികള്‍ വന്നു ആശയപ്രകാശനം നടത്തിയ വേദിയില്‍ തന്റെ മകള്‍..കുഞ്ഞിനു സങ്കോചമില്ല അവള്‍ എല്ലാവരും കേള്‍ക്കെ നന്നായി ഭാഷ പ്രയോഗിച്ചു.ഉശിരന്‍ വായന.അപ്പോള്‍ അമ്മ കരയുകയായിരുന്നു.ആനന്ദക്കണ്ണീര്‍ .മനസ് തുളിമ്പിപ്പോയി.കണ്ണീര്‍ ഒപ്പുംപോഴേക്കും മോള്‍
  അടുത്തെത്തിക്കഴിഞ്ഞിരുന്നു .സ്നേഹസംഗമം.കാക്കാട്ടിരി സ്കൂളിലെ അനുഭവം ഞങ്ങള്‍ പകര്‍ത്തി.
പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് വേണ്ടി ക്ലാസ് മാറുന്നതിന്റെ ദൃഷ്ടാന്തമാണ് ഇത്. എവിടെയൊക്കെ ഈ കുന്കുങ്ങള്‍ക്ക് വേണ്ടി അധ്യാപകര്‍ പരിശ്രമിക്കുന്നുവോ അവിടെയെല്ലാം അമ്മമാര്‍ സ്നേഹത്തിന്റെ നിറമിഴികളില്‍ ഒരായിരം നന്ദിയുമായി ഉള്ളില്‍ പറയും. ഈ ടീച്ചറിന് പുണ്യമേ വരൂ. ഈ ടീച്ചറിനെ കിട്ടിയത് എന്റെ കുട്ടീടെ ഭാഗ്യം.