ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, January 2, 2023

UDF ൻ്റെ കാലത്ത് ലിംഗസമത്വവും ലിംഗനീതിയുമാകാം LDF അത് പറയാൻ പാടില്ല!

"കേരളീയ സമൂഹത്തെ ലിംഗ രഹിത അരാജക സമൂഹമാക്കി മാറ്റാനുള്ള ഒളി അജണ്ടകളാണ് ജൻഡർ ജസ്റ്റിസ്, ജെൻഡർ ഇക്വാളിറ്റി, ജൻഡർ സ്പെക്ട്രം, ജൻഡർ ഓഡിറ്റിംഗ് എന്നീ പദങ്ങളിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. ലിംഗ രഹിത സമൂഹം കുടുംബഘടനയെ തകർക്കും." പറയുന്നത് അധ്യാപകരുടെ പേരിലുള്ള ഒരു സംഘടനയാണ്. ബാക്കി കൂടി നോക്കാം

സർക്കാർ അവതരിപ്പിച്ച ചർച്ചാ ക്കുറിപ്പിൽ 8,16, 20, 69, 71, 79, 81 എന്നീപേജുകളിൽ ഇത്തരം പദാവലികൾ ഉണ്ട് എന്ന് വിമർശനമാണ് ഈ സംഘടന മുന്നോട്ട് വെക്കുന്നത്. സർക്കാർ  ലിബറൽ ലൈംഗികതയാണ് മുന്നോട്ടുവെക്കുന്നത് ' വിപണി കോർപ്പറേറ്റ് താൽപര്യങ്ങളാണ് ഈ നവ ലൈംഗികത വാദത്തിന് പിന്നിൽ എന്ന ആരോപണമുന്നയിക്കുന്നു രസകരമായ സംഗതി ഇവർ തന്നെ പറയുന്നു ജനറൽ ഇക്വാളിറ്റി ഓഡിറ്റിംഗ്, സെൻസിറ്റിവിറ്റി എന്നീ പദങ്ങളുടെ വിവക്ഷ എന്താണെന്ന്

വിശദീകരിക്കുന്നില്ല എന്ന് ! എന്തുകൊണ്ടാണ് വിശദീകരിക്കാത്തത് എന്ന് ചോദ്യമുണ്ട്. വിശദീകരിക്കപ്പെട്ടില്ല എങ്കിൽ തങ്ങൾക്ക് തോന്നും വിധം വിശദീകരിക്കാം എന്നാണോ ഈ സംഘടനയുടെ വിദ്യാഭ്യാസ ബോധം പറയുന്നത്? എങ്കിൽ അപകടകരമാണത്. കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് എന്ന സംഘടനയാണ് കാൽ നൂറ്റാണ്ടിൻ്റെ വിദ്യാഭ്യാസം വിലയിരുത്തപ്പെടാതെ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതെങ്ങനെ എന്ന ലഘുലേഖയിൽ മേൽ സൂചിപ്പിച്ച വാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്.


ഡോ.എം.കെ. മുനീർ MLA, ഈ ലേഖകൻ കൂടി പങ്കെടുത്ത പാഠ്യപദ്ധതി ചർച്ചായോഗത്തിൽ പറഞ്ഞത് ഇപ്രകാരം.

"അമേരിക്കയിൽ ബോയ് ലവേഴ്‌സ് ഓർഗനൈസേഷൻ ഉണ്ട്. അത്തരം കാര്യങ്ങൾ ഇവിടേയും വന്നേക്കാം." (കേരള ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് യൂണിയൻ (കെ.എച്ച്.എസ്.ടി.യു.) കോഴിക്കോട് ഒക്ടോബർ 22 ന് നടത്തിയ സംവാദം)


2022 ഡിസംബർ 12ന് അബ്ദുറഹ്മാന്‍ രണ്ടത്താണി കണ്ണൂരിൽ പറഞ്ഞത് കൂടി വായിക്കാം:

"കൗമാരക്കാലത്ത് ആൺകുട്ടിയേയും പെൺകുട്ടിയേയും ഒരുമിച്ച് ഇരുത്തിയാൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുമത്രേ. എന്നിട്ടോ..പഠിപ്പിക്കേണ്ട വിഷയം കേൾക്കുമ്പോഴാണ്– എന്തൊക്കെയാണെന്നോ സ്വയംഭോഗവും സ്വവർഗരതിയും "



ലിംഗസമത്വം എന്ന വാക്ക് പറ്റില്ല ലിംഗനീതി എന്ന പദം ആകാമെന്ന് മറ്റൊരു വാദം.


പുതിയ സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി തയ്യാറാക്കിയ ചര്‍ച്ചാക്കുറിപ്പിലെ ലിംഗസമത്വം, ലിംഗ പദവി, ലിംഗനീതി എന്നീ പദങ്ങളെ ആക്രമിക്കുന്നവര്‍ 2013 ൽ യു ഡി എഫ് സർക്കാർ പുറത്തിറക്കിയ  പാഠ്യപദ്ധതി നയരേഖ ഒന്നു വായിച്ചു നോക്കുന്നത് നന്നായിരിക്കും. 


വിദ്യാഭ്യാസ ലക്ഷ്യങ്ങൾ പറയുമ്പോൾ

ലിംഗനീതി പരിഗണിക്കണം എന്ന് വ്യക്തമായി പറയുന്നു.(പേജ് 7 )

അതേ പേജിൽത്തന്നെ സ്ത്രീ പുരുഷ സമത്വം എന്നത് ഉറപ്പു വരുത്തേണ്ട ആത്യന്തിക പ0ന നേട്ടമാണെന്ന് പറയുന്നു.

നിയമബോധം എന്ന ശീർഷകത്തിൽ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് കുട്ടികളിൽ ധാരണയുളവാക്കണം എന്ന് പറയുന്നു. തുടർന്ന്

ലിംഗനീതി

 എന്ന ഭാഗത്ത് 'പാഠ്യപദ്ധതി ലിംഗ സമത്വവും ലിംഗ നീതിയും ഉറപ്പാക്കുന്നതാകണം. ആണ്‍-പെണ്‍ വിവേചനം. പാഠ്യപദ്ധതിയില്‍ കടന്നുവരാന്‍ പാടില്ല. പാഠപുസ്തകങ്ങളിലെ ചിത്രങ്ങളില്‍ പോലും ലിംഗനീതിയുടെ കാഴ്ചപ്പാടുണ്ടാവേണ്ടതുണ്ട്چ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

മൂല്യങ്ങൾ, മനോഭാവങ്ങൾ, പ്രതിബദ്ധത എന്നിവ വളർത്തുന്നതിനുതകുന്ന മേഖലകൾ പറയുമ്പോൾ ആശയ മേഖലകളായി നിർദേശിക്കുന്നതിലൊന്ന് ലിംഗനീതിയാണ്.


ഭാഷാപOനം പൊതുവായ ലക്ഷ്യങ്ങൾ സൂചിപ്പിക്കുമ്പോഴും ലിംഗനീതി പരിപോഷിപ്പിക്കണം എന്നാണ് വ്യക്തമാക്കുന്നത്.

സാമൂഹിക ശാസ്ത്ര ഉദ്ദേശ്യങ്ങൾ അപ്പർ പ്രൈമറി തലത്തിൽ ലിംഗനീതി, സമത്വം എന്നിവ സംബന്ധിച്ച ആശയ രൂപീകരണം നടത്തൽ, ഹൈസ്കൂൾ തലത്തിൽ ലിംഗനീതി, സമത്വം എന്നിവ സംബന്ധിച്ച അവബോധം സൃഷ്ടിക്കൽ, നിലപാട് സ്വീകരിച്ച് സാമൂഹിക രംഗത്ത് ഇടപെടാനുള്ള ശേഷി വികസിപ്പിക്കൽ, ഹയർ സെക്കണ്ടറിയിൽ ലിംഗ സമത്വം സംബന്ധിച്ച ഉയർന്ന ധാരണകൾ ആർജിക്കലും സമൂഹത്തിൽ ഇടപെടലും ആണ് വേണ്ടത് എന്ന് രേഖ.

ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഉതകുന്ന തലത്തില്‍ സാമ്പത്തീക സ്ഥിതി, ലിംഗം, ജാതി, മതം, പ്രദേശം എന്നിവ സംബന്ധിച്ച വിടവ് കുറക്കാനും സാമൂഹ്യ പരിവര്‍ത്തനം സാധ്യമാക്കാനുള്ള ഉപാധിയായി ശാസ്ത്രം അവത രിപ്പിക്കുന്നത് എന്ന് 2013ലെ നയരേഖയില്‍ പേജ് 57 ല്‍ കൊടുത്തിരിക്കുന്നു.


ഇനി എൽ ഡി എഫ് സർക്കാർ പുറത്തിറക്കിയ ചർച്ചാ രേഖയിലെ പ്രസക്തഭാഗങ്ങൾ നോക്കാം. ലൈംഗിക അരാജകത്വത്തിൻ്റെ ആശയങ്ങളാണോ അതിലുള്ളത്?


പേജ് നമ്പർ 18,

ഇനം 23 പാർശ്വവൽക്കരിക്കപ്പെടുന്നവരായ സ്ത്രീകൾ, പിന്നോക്കം നിൽക്കുന്നവർ എന്നിവരുടെ അവകാശങ്ങൾ ഉൾക്കൊള്ളുന്നതും അവർക്ക് ഇടം നൽകുന്നതുമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ രൂപീകരിക്കപ്പെടേണ്ടതുണ്ട്.

തുല്യതയും സമത്വവും ലക്ഷ്യം വെക്കുമ്പോഴും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്ന ജനറൽസെൻസിറ്റീവ് അല്ലാത്ത സാമൂഹിക വ്യവസ്ഥയെ ഉയർന്ന മാനവികത ബോധം കൊണ്ട് പുനർ നിർമ്മിക്കേണ്ടതുണ്ട്. ഇവിടെയാണ് പാഠ്യപദ്ധതിയുടെ ഊന്നൽ മേഖലകളിൽ പുനരാലോചന ആവശ്യമായി വരുന്നത്.

വിമർശന ചിന്തയും സർഗാത്മകതയും സ്കൂൾ വിദ്യാഭ്യാസകാലം മുതൽ തന്നെ കുട്ടികളുടെ ശീലങ്ങളായി വികസിക്കപ്പെടണം.


 പേജ് നമ്പർ 20 

 ഇനം 28 

ലിംഗ തുല്യത, ലിംഗ നീതി എന്നിവ സംബന്ധിച്ച കേരളീയ സമൂഹത്തിൻറെ പൊതുബോധം വിമർശനപരമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.

സ്ത്രീധനധന കൊലപാതകങ്ങളും അക്രമങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലാതെ ആയിട്ടുണ്ട് .

ജനറൽ സ്പെക്ട്രത്തെ കുറിച്ചുള്ള ധാരണകളും വികസിക്കുന്നില്ല. ഒരു വ്യക്തിയുടെ വളർച്ചയുടെ

നിർണായക ഘട്ടത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് സ്കൂൾ ക്യാമ്പസിൽ ആണ് .

ലിംഗനീതി, ലിംഗ തുല്യത സംബന്ധിച്ച കാര്യങ്ങളും ലിംഗാവബോധവും കുട്ടികളിൽ വളർത്താൻ നിലവിലെ സ്കൂൾ വിദ്യാഭ്യാസ ഘട്ടത്തിലെ പരിമിതികൾ അഭിമുഖീകരിക്കേണ്ടതുണ്ട് .

ബോധന രീതികൾ, സ്കൂൾ ക്യാമ്പസ്, കളിസ്ഥലം എന്നിവ ഓഡിറ്റിങ്ങിന് വിധേയമാക്കേണ്ടതുണ്ട് .

ഇതിന് സഹായകമായ രീതിശാസ്ത്രം എങ്ങനെ കഴിയും ?


പേജ് നമ്പർ 23 

ഇനം 3 

ജനാധിപത്യബോധം ,മതനിരപേക്ഷത, സാമൂഹ്യനീതി ,പരിസ്ഥിതി ബോധം, ശാസ്ത്രീയഅവബോധം ,ചരിത്രബോധം, സാംസ്കാരികത ലിംഗ നീതി, ബഹുസ്വരത എല്ലാവരെയും ഉൾക്കൊള്ളും ഉൾക്കൊള്ളൽ എന്നിവയെല്ലാം നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളാണ് 

അദ്ധ്യായം 16 

ലിംഗനിധിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം 

ഭരണഘടനയുടെ ആർട്ടിക്കിൾ 15 മതം, ജാതി, ലിംഗം, വർണം, വർഗ്ഗം, പ്രദേശം എന്നിവയുടെ പേരിൽ വിവേചനം അനുവദിക്കുന്നില്ല.

 ആർട്ടിക്കിൾ 14 എല്ലാ തരത്തിലുമുള്ള സമത്വം വിഭാവനം ചെയ്യുന്നു. ജൻഡർ അഥവാ ലിംഗഭേദം

 എന്നത് സാമൂഹിക നിർമ്മിതിയാണ് .

നീതിയിൽ അധിഷ്ഠിതമായ സാമൂഹിക സൃഷ്ടി സാധ്യമാകണമെങ്കിൽ എല്ലാത്തരത്തിലും ഉള്ള നീതിയുറപ്പാകാൻ ആകണം .

ഇതിൽ പ്രധാനമാണ് ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം. ഈ നിലപാട് പാഠ്യപദ്ധതിയിലൂടെ എങ്ങനെ അഭീകരിക്കാം ?

വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്ന് ലിംഗപരമായ സവിശേഷതയാൽ ഒരു കുട്ടിയെയും മാറ്റിനിർത്താൻ പാടില്ല.

 ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്നത് ലോകത്തിൻറെ മുൻഗണനാ പട്ടികയിലുണ്ട് .

ഇന്നലെകളിൽ ആൺ, പെൺ എന്ന വിഭാഗങ്ങളെ പരിഗണിച്ചാണ് ലിംഗനീതിയെക്കുറിച്ച് പറഞ്ഞതെങ്കിൽ, എല്ലാ ലിംഗവിഭാഗങ്ങളെയും  പരിഗണിച്ചാവണം  ഇനിയുള്ള വിദ്യാഭ്യാസം.

പ്രവർത്തന പങ്കാളിത്തം, വിദ്യാഭ്യാസത്തിൻറെ തുടർച്ച , തൊഴിൽ എന്നിവയെല്ലാം ഏറെയും കുറഞ്ഞും ലിംഗപരമായ അസമത്വം നിലനിൽക്കുന്നു.

ഇത് കണ്ടെത്തി പരിഹരിക്കുന്നതിന് സ്കൂൾ വിദ്യാഭ്യാസത്തിൻറെ എല്ലാ ഘട്ടങ്ങളിലും എല്ലാ സന്ദർഭങ്ങളിലും കഴിയണം . സാമൂഹ്യവും സാംസ്കാരികവുമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന പാർശ്വവൽകൃത സമൂഹത്തെ കൂടി ഉൾക്കൊള്ളുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമായി മാറണം. സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിലൂടെ കടന്നുവന്ന കേരളീയ സമൂഹം പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാ വിവേചനങ്ങളും മറന്ന് ഒന്നായ നിരവധി അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട് .എന്നാൽ അത്തരം മനോഭാവം ഭിന്നിച്ചു പോകുന്ന സന്ദർഭങ്ങൾ നിരവധിയാണ് . സ്ത്രീകൾക്കും പെൺകുട്ടികൾക്കും ട്രാൻസ്ജെൻഡറുകൾക്കും മറ്റ് ലിംഗ ന്യൂനപക്ഷ വിഭാഗങ്ങൾക്കും എതിരായുള്ള അതിക്രമങ്ങൾ, കൊലപാതകങ്ങൾ, പ്രണയ കൊലപാതകങ്ങൾ, ദുരഭിമാനക്കൊല, സദാചാര പോലീസ് തുടങ്ങിയ സാമൂഹിക തിന്മകൾ ആശങ്ക ഉണർത്തും വിധം വർധിച്ചു വരുന്നു. അതിനെ തരണം ചെയ്തു സമത്വബോധം വളർത്തിയെടുക്കാൻ പാഠ്യപദ്ധതിക്കാവണം.

അക്കാദമി രംഗത്ത് പെൺകുട്ടികൾ മുൻപന്തിയിൽ എത്തിയിട്ടുണ്ടെങ്കിലും തൊഴിൽമേഖലയിലും സമൂഹത്തിന്റെ മറ്റ് മേഖലകളിലും (രാഷ്ട്രീയം, സാംസ്കാരിക, സ്പോർട്സ്, തീരുമാനമെടുക്കുന്നിടങ്ങൾ ) അർഹമായ മുന്നേറ്റം സാധ്യമാകണമെങ്കിൽ ലിംഗനീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം അനിവാര്യമാണ്. ഇതെങ്ങനെ സാധിക്കും ?



പാഠ്യപദ്ധതി, പാഠപുസ്തകം, വിദ്യാലയ അന്തരീക്ഷം, ബോധന രീതികൾ ഇവയാണ് ലിംഗനീതി വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള പ്രധാന ഉപാധികൾ. കേരളം വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്ക് പരിവർത്തിക്കപ്പെടുമ്പോൾ ലിംഗപരമായ നീതി ഉറപ്പാക്കണമെങ്കിൽ നമ്മുടെ പാഠ്യപദ്ധതിയിൽ നവീന മാറ്റങ്ങൾ ആവശ്യമാണ് .

വ്യക്തികളും സമൂഹവും ലിംഗവിവേചനരഹിതമായി പെരുമാറുമ്പോൾ കുട്ടികളുടെ ഫലപ്രദമായ വളർച്ചയ്ക്കും വികാസത്തിനും മാത്രമല്ല സമൂഹത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമത്തിന് അത് കാരണമാകും .

ഇക്കാര്യത്തിലും നിർദ്ദേശങ്ങൾ ഉണ്ടാവണം 

കൂടാതെ താഴെ പറയുന്ന കാര്യങ്ങളും പരിഗണിച്ച് നിർദ്ദേശങ്ങൾ ഉണ്ടാവണം 

ഒന്ന് വീടുകളിൽ കുട്ടികൾക്ക് ലിംഗ വ്യത്യാസമില്ലാതെ പഠനം, കളികൾ ജീവിതാനുഭവങ്ങൾ എന്നിവയിൽ പങ്കാളികളാകുന്നതിന് വേണ്ടത്ര അവസരം ലഭിക്കേണ്ടതല്ലേ? അതിനെക്കുറിച്ച് നിങ്ങൾക്കുള്ള അഭിപ്രായം എന്താണ്?

രണ്ട് പാഠപുസ്തകങ്ങളിലെ ചിത്രങ്ങൾ, ഭാഷാപ്രയോഗം, ഉദാഹരണങ്ങൾ, പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ, നിലനിൽക്കുന്ന സാമൂഹിക അവസ്ഥ അതുപോലെ തുടരുന്നതിന് സഹായകമായ തരത്തിലാണ് പാഠപുസ്തകങ്ങൾ ഉൾപ്പെടെയുള്ള പഠന സാമഗ്രികൾ ഉള്ളത് എന്ന വിമർശനം ഉണ്ട് ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടതല്ലേ? മൂന്ന് വീട്ടുജോലികൾ കുടുംബാംഗങ്ങൾ പങ്കിട്ടെടുക്കേണ്ടതാണെന്ന് സന്ദേശം നൽകാൻ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം സമ്പ്രദായത്തിന് എത്രമാത്രം കഴിയുന്നുണ്ട്?

നാല് സ്കൂൾതലത്തിൽ എല്ലാ പ്രവർത്തനങ്ങളിലും പെൺകുട്ടികൾക്ക് പുലർത്തുന്നുണ്ടെങ്കിലും വളർന്നു വരുമ്പോൾ പൊതുസമൂഹത്തിൽ അവരുടെ പങ്കാളിത്തം പിന്നോട്ട് പോകുന്നത് എന്തുകൊണ്ടായിരിക്കും?

 5 തുല്യ അവസരം, അധികാര പങ്കാളിത്തം , പൊതു ഇടങ്ങളുമായുള്ള സമ്പർക്ക സന്ദർഭങ്ങൾ എന്നിവയിൽ ലിംഗ നീതിയിലധിഷ്ഠിതമായ വിദ്യാലയ പ്രവർത്തനങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് എന്താണ് അഭിപ്രായം ?

നിർദ്ദേശങ്ങൾ ഉണ്ടാകണം 

6 പുസ്തകങ്ങൾ, കലാരൂപങ്ങൾ അച്ചടി -ദൃശ്യമാധ്യമങ്ങൾ , നവമാധ്യമങ്ങൾ എന്നിവയിലൂടെ കുട്ടി പരിചയപ്പെടുത്തുന്ന നീതിയുക്തമല്ലാത്ത ഭാഷാപ്രയോഗങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? വളർന്നു വരുന്ന കുട്ടികൾക്ക് മാനവികതയിൽ  ഊന്നിയ ഭാഷ സ്വീകരിക്കാൻ വിദ്യാഭ്യാസത്തിലൂടെ കഴിയണ്ടേ?

 7 വിദ്യാഭ്യാസ പുരോഗതി നേടിയിട്ടും സ്ത്രീധനം, പ്രണയ ക്കൊലപാതകം പോലുള്ള സാമൂഹ്യ തിൻമകൾ നിലനിൽക്കുന്നത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ പരിമിതിയെ ആണോ സൂചിപ്പിക്കുന്നത് ? ആണെങ്കിൽ ഇത്തരം കാര്യങ്ങൾ പാഠ്യപദ്ധതിയിൽ എങ്ങനെയാണ് പരിഗണിക്കേണ്ടത് ?

8 പുതിയ പാഠ്യപദ്ധതിയിൽ ലിംഗ നീതി, ലിംഗസമത്വം എന്നിവ കുട്ടികളിൽ വികസിപ്പിക്കാൻ നിങ്ങൾക്ക് നൽകാനുള്ള നിർദ്ദേശങ്ങൾ എന്തെല്ലാം?


വസ്തുതകൾ അതേ പോലെ മുകളിൽ കൊടുത്തിട്ടുണ്ട്. വിമർശകർക്ക് ലിംഗസമത്വം, ലിംഗനീതി എന്നൊക്കെ പറഞ്ഞാൽ ലൈംഗികതയാണ്. അതു തിരുത്താനുള്ള മാർഗം പഠിക്കുക എന്നതു തന്നെ. അനുബന്ധങ്ങൾ അതിന് സഹായകമാകും.


അനുബന്ധം

1️⃣

*ലിംഗ സമത്വം* ജെന്റർ തുല്യത (Gender Equality) എന്നും അറിയപ്പെടുന്നു. സ്ത്രീപുരുഷ-ട്രാൻസ്ജെന്ഡർ വിഭാഗങ്ങൾക്കും മറ്റ് ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്കും (LGBT) തുല്യ പരിഗണന ഉറപ്പുവരുത്തുക (Equity), ലിംഗ ഭേദത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം (Gender based discrimination) കാണിക്കാതിരിക്കുക എന്നിവയാണു ലിംഗസമത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് *ഐക്യരാഷ്ട്ര സഭയുടെ* *ലക്ഷ്യമാണ്* . 

ഒരു ലിംഗ വിഭാഗത്തിന്റെയും ശാരീരിക- മാനസിക പ്രത്യേകതകൾ അവരുടെ അവകാശങ്ങൾ നിഷേധിക്കാൻ കാരണമാകരുത് എന്നാണ് ഉദ്ദേശിക്കുന്നത്.

2️⃣

 *ലിംഗനീതി* എന്ന പദം ഇതുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നതാണ്. വിവിധ ലിംഗ വിഭാഗങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ശാക്തീകരണമാണ് ലിംഗ സമത്വത്തിന്റെ ലക്ഷ്യം. സ്ത്രീകളുടെയും ട്രാൻസ് ജൻഡറുകളുടേയും ഉന്നതിക്കായി നടപ്പിലാക്കുന്ന പദ്ധതികൾ ഇതിന്‌ ഉദാഹരണമാണ്. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ തുടങ്ങിയ സമസ്ത മേഖലകളിലും എല്ലാ ലിംഗവിഭാഗങ്ങൾക്കും തുല്യത ഉറപ്പുവരുത്തുക എന്നൊരു ലക്ഷ്യം ഇതിനുണ്ട്. ലിംഗ സമത്വവും, ലിംഗനീതിയുമൊക്കെ ഒരു _രാജ്യം അല്ലെങ്കിൽ പ്രദേശം കൈവരിച്ച വികസനത്തിന്റെ സൂചികയായും_ ഉപയോഗിക്കാറുണ്ട്. സ്ത്രീകൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും സമൂഹത്തിൽ വേരോടിയ ലിംഗ അസമത്വത്തിന്റെയും (Gender Inequality) ലിംഗ വിവേചനത്തിന്റെയും ഉപോത്പന്നങ്ങൾ ആണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.


(അവലംബം വിക്കിപീഡിയ)


അനുബന്ധം 2

സമത്വം, ലിംഗനീതി, ലിംഗ നിക്ഷ്പക്ഷത…

കീര്‍ത്തി പ്രഭ 

(ആഗസ്റ്റ് 28, 2022)


ലിംഗ നിക്ഷ്പക്ഷത (ജന്‍ഡര്‍ ന്യൂട്രാലിറ്റി), ലിംഗ സമത്വം (ജന്‍ഡര്‍ ഇക്വാളിറ്റി), ലിംഗ നീതി (ജന്‍ഡര്‍ ഇക്യുറ്റി) ഈ മൂന്ന് വാക്കുകളും നമ്മള്‍ കേള്‍ക്കാറുണ്ട്. ഇവ മൂന്നും തമ്മിലുള്ള വ്യത്യാസങ്ങളും എന്താണ് ഈ വാക്കുകളിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും വ്യക്തമായി അറിയാത്തത് കൊണ്ട് തന്നെ ഈ മൂന്ന് വാക്കുകളും തര്‍ക്ക വിഷയമായി നമുക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ട്. സ്ത്രീക്കും പുരുഷനും ട്രാന്‍സ്ജന്‍ഡറിനും എല്ലാ കാര്യങ്ങളിലും തുല്യത വേണം എന്ന് പറയുമ്പോള്‍ സംശയങ്ങള്‍ ഉണ്ടാവുക സ്വഭാവികമാണ്. ഈ തുല്യത അല്ലെങ്കില്‍ ലിംഗസമത്വം എന്ന വാക്ക് തന്നെ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്.അവിടെയാണ് നമ്മളധികം ഉപയോഗിക്കാത്ത ലിംഗനീതി എന്ന വാക്കിന് പ്രസക്തിയുണ്ടാകുന്നത്. ചെറിയൊരു ഉദാഹരണത്തിലൂടെ ആ വാക്കുകള്‍ തമ്മിലുള്ള വ്യത്യാസം വിവരിക്കാന്‍ ശ്രമിക്കട്ടെ.

നല്ല ഉയരമുള്ളതും ഇടത്തരം ഉയരമുള്ളതും തീരെ ഉയരമില്ലാത്തതും ആയ മൂന്ന് പേര്‍ക്ക് ഒരു മതിലിനു അപ്പുറത്തുള്ള ക്രിക്കറ്റ് കളി കാണണം. അതിനായി അവര്‍ക്ക് ഒരേ ഉയരമുള്ള മൂന്ന് ബെഞ്ചുകള്‍ നല്‍കുന്നു. കൂടുതല്‍ ഉയരമുള്ളയാള്‍ക്ക് ബെഞ്ചില്ലാതെ തന്നെയും ഇടത്തരം ഉയരമുള്ളയാള്‍ക്ക് ബെഞ്ചില്‍ കയറി നിന്നിട്ടും മതിലിനപ്പുറത്തെ ക്രിക്കറ്റ് കാണാന്‍ കഴിയും. പക്ഷെ ഉയരം തീരെ കുറഞ്ഞയാള്‍ക്ക് ബെഞ്ചില്‍ കയറി നിന്നാലും മതിലിനപ്പുറത്തെ കാഴ്ച കാണാന്‍ പറ്റില്ല. മൂന്ന് പേര്‍ക്കും ഒരേ ഉയരമുള്ള ബെഞ്ച് നല്‍കിക്കൊണ്ട് അവിടെ നമ്മള്‍ നടപ്പിലാക്കിയത് സമത്വമാണ്. പക്ഷെ ആ സമത്വം കൊണ്ട് മൂന്ന് പേര്‍ക്കും ഗുണമുണ്ടാവുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. നേരെ മറിച്ച് ഉയരം കൂടുതലുള്ളയാള്‍ക്ക് ബെഞ്ച് കൊടുക്കാതെയും ഇടത്തരം ഉയരമുള്ളയാള്‍ക്ക് ബെഞ്ച് നല്‍കിയും ഉയരം തീരെ കുറഞ്ഞയാള്‍ക്ക് നേരത്തെ നല്‍കിയതിനേക്കാളും കൂടുതല്‍ ഉയരമുള്ള ബെഞ്ച് നല്‍കുകയും ചെയ്താല്‍ അവിടെ നീതി നടപ്പിലാകും. അത് സമത്വത്തിലേക്കുള്ള മാര്‍ഗവുമാകും. മനുഷ്യരെല്ലാം പല രീതികളില്‍ വ്യത്യസ്തരാണ്.

ഈ വ്യത്യാസങ്ങളുള്ളത് കൊണ്ട് എല്ലാവര്‍ക്കും ജീവിക്കാനും ജീവിതം ആസ്വദിക്കാനുമുള്ള അവകാശങ്ങളില്‍ വ്യത്യസ്തത ഉണ്ടാവാന്‍ പാടില്ല. അതിനു പറ്റുന്ന രീതിയില്‍ ഉള്ള സംവിധാനങ്ങള്‍ ഉണ്ടാക്കാനാണ് സമൂഹവും ഭരണകൂടവും എല്ലാം ശ്രമിക്കേണ്ടത്. ലിംഗനീതി നടപ്പിലായാല്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ കൈകടത്തി അവരെ നിയന്ത്രിക്കാനുള്ള അവസരങ്ങളും സാമൂഹിക അധികാരം ചിലരിലുണ്ടാക്കിയ ഭ്രമങ്ങളും മറ്റുള്ളവന്‍റെ ത്യാഗത്തെയും വേദനയെയും മഹത്വവല്‍ക്കരിച്ചു കൊണ്ടോ അല്ലാതെയോ ചൂഷണം ചെയ്ത് ജീവിക്കാനുള്ള മനുഷ്യന്‍റെ സ്വാഭാവികമായ വാസനകളും അധികാരം ഉണ്ടാക്കിത്തരുന്ന സവിശേഷമായ ചില പദവികളും മാത്രമേ നഷ്ടമാവുകയുള്ളു. ഒരു പൗരന്‍ എന്ന രീതിയിലുള്ള നിങ്ങളുടെ അവകാശങ്ങള്‍ക്ക് യാതൊരു കോട്ടവും സംഭവിക്കില്ല. അതുകൊണ്ട് തന്നെ ലിംഗനീതിയെന്ന് കേള്‍ക്കുമ്പോള്‍ അസ്വസ്ഥരാവേണ്ട ആവശ്യം തീരെയില്ല. കുട്ടികള്‍, വൃദ്ധജനങ്ങള്‍ ഭിന്നശേഷിക്കാര്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങി പല കാരണങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെട്ട വര്‍ഗ്ഗങ്ങളെ കൂടി നമ്മുടെ സാമൂഹിക പുരോഗതിയുടെ ഭാഗമാക്കിയാല്‍ മാത്രമേ ഒരു സമൂഹത്തിന് വളര്‍ച്ചയുണ്ടാവുകയുള്ളൂ. ബഹുഭൂരിപക്ഷം ആളുകളും സാമൂഹിക പുരോഗതിയുടെ ഭാഗമാകാതെ ഇരിക്കുമ്പോള്‍ ഒരു സമൂഹം ഒരിക്കലും ആരോഗ്യത്തോടെ മുന്നോട്ട് നടക്കില്ല. അതുകൊണ്ടുതന്നെയാണ് സ്ത്രീകളെയും ഭിന്നലിംഗക്കാരെയും ദുര്‍ബലവിഭാഗങ്ങളെയും ഒക്കെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയിട്ടുള്ള പരിശ്രമങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആണും പെണ്ണും മറ്റ് ലിംഗവിഭാഗങ്ങളും തമ്മില്‍ ശാരീരിക പ്രകൃതിയില്‍, പെരുമാറ്റ രീതിയില്‍, ശബ്ദത്തില്‍, വൈകാരികതകളില്‍, ലൈംഗികതയില്‍ അങ്ങനെ നിരവധി അസമത്വങ്ങള്‍ ഉണ്ട്. പിന്നെ എങ്ങനെയാണ് സമത്വം സാധ്യമാവുക? അതിന് ഒരേയൊരു ഉത്തരം മാത്രമേ ഉള്ളൂ. സ്ത്രീകളുടെയും പുരുഷډാരുടെയും മറ്റ് ലിംഗന്യൂനപക്ഷങ്ങളുടെയും ജീവശാസ്ത്ര പരമായും, വൈകാരികമായും ശാരീരികമായും ലൈംഗികമായും ഉള്ള വ്യത്യാസങ്ങള്‍ ഒരിക്കലും അവരുടെ സാമൂഹികമായ ഇടപെടലുകള്‍ക്കോ ഭരണഘടനാ പ്രകാരം ഒരു പൗരനുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നതിനോ തടസ്സമാവാന്‍ പാടില്ല. ലിംഗ വ്യത്യാസം കൊണ്ട് മാത്രം സാമൂഹികവിവേചനങ്ങള്‍ ഉണ്ടാകുന്ന അവസ്ഥയില്‍ മാറ്റം വരണം എന്നതാണ് ഈ വാക്കുകളൊക്കെ ലക്ഷ്യമിടുന്നത്.

അതല്ലാതെ ഒരു വിഭാഗത്തിന് മറ്റൊരു വിഭാഗത്തിന്‍റെ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഉപകരണം അല്ല ലിംഗനീതി. ലിംഗനീതി നടപ്പാക്കുന്നതിലൂടെ നിലവില്‍ ആധിപത്യം ഉള്ള വിഭാഗത്തിന് ഒന്നും നഷ്ടപ്പെടുന്നില്ല, അവരുടെ പ്രിവിലേജ് അവിടെ തന്നെ നിലനിര്‍ത്തിക്കൊണ്ട് മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്കും ആ പ്രിവിലേജ് ലഭ്യമാക്കുക എന്ന് മാത്രം. സമത്വം വേണമെങ്കില്‍ പിന്നെ പ്രത്യേകം ടോയ്ലറ്റ് എന്തിനാ, ബസില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം എന്തിനാ, അധികാര സ്ഥലങ്ങളിലും ചില ഉദ്യോഗങ്ങള്‍ക്കും ഒക്കെ സ്ത്രീകള്‍ക്ക് സംവരണം എന്തിനാ, സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക നിയമങ്ങള്‍ എന്തിനാ, ഭിന്നലിംഗക്കാരെ സംരക്ഷിക്കാന്‍ പ്രത്യേക നിയമങ്ങള്‍ എന്തിനാ ഈ ചോദ്യങ്ങളൊക്കെ എന്താണ് ലിംഗസമത്വം എന്നും എന്താണ് ലിംഗനീതി എന്നും ലിംഗ നിക്ഷ്പക്ഷത എന്നും മനസിലാക്കിയാല്‍ ഇല്ലാതാവും. വിവിധ ലിംഗത്തില്‍ പെട്ടവര്‍ ഒരുപോലെ നടക്കുകയും ഒരുപോലെ പ്രവര്‍ത്തിക്കുകയും ഒരുപോലെ വസ്ത്രം ധരിക്കുകയും ചെയ്യുന്നതല്ല ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് മനസിലാക്കിയാല്‍ തീരാവുന്ന തര്‍ക്കങ്ങളേ ഇവിടെയുള്ളൂ.

സ്ത്രീകള്‍ പുരുഷډാരെ പോലെ നടക്കുന്നതും പുരുഷډാര്‍ സ്ത്രീകളെ പോലെ നടക്കുന്നതും ആണ് ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് കരുതുന്നവരാണ് അധികവും. ഒരു വ്യക്തിക്ക് ഭരണഘടന അനുവദിച്ചു കൊടുക്കുന്ന അവകാശങ്ങള്‍ അവരുടെ ലിംഗത്തിന്‍റെ പേരില്‍ ഒരു വ്യക്തിയോ സംഘടനയോ മതമോ മറ്റാരെങ്കിലുമോ നിഷേധിക്കുകയാണെങ്കില്‍ അതിനെതിരെ ശബ്ദിക്കുകയാണ് ന്യൂട്രാലിറ്റിയും സമത്വവും ലിംഗനീതിയും ചെയ്യുന്നത്.അതിലേക്കുള്ള മാര്‍ഗങ്ങള്‍ തന്നെയാണ് ജന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ പോലെയുള്ള ആശയങ്ങള്‍. അതുകൊണ്ട് തന്നെ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രത്തെ പിന്തുണയ്ക്കാന്‍ പുരുഷډാര്‍ സാരിയും ചുരിദാറും ധരിക്കേണ്ട കാര്യമില്ല. അവയൊന്നും ജന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രമല്ല എന്ന് മനസിലാക്കിയാല്‍ മതി. വീടുകളും സ്കൂളുകളും തന്നെയാണ് ലിംഗ നീതിയുടെയും ലിംഗസമത്വത്തിന്‍റെയും ബാലപാഠങ്ങള്‍ തുടങ്ങാന്‍ ഏറ്റവും നല്ലത്. ശരീരം എളുപ്പത്തില്‍ ചലിപ്പിക്കാവുന്ന പാന്‍റും ഷര്‍ട്ടുമൊക്കെ എല്ലാ ജന്‍ഡറിലുള്ളവര്‍ക്കും കംഫര്‍ട്ടബിള്‍ ആണെന്നതില്‍ തര്‍ക്കമൊന്നുമില്ല. വസ്ത്രസ്വാതന്ത്ര്യത്തിലെ കൈകടത്തലാണ് ഈ ആശയം എന്ന് മതങ്ങള്‍ നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണ്.

സമൂഹം ഓരോ ജെന്‍ഡറുകള്‍ക്കും ചില ധര്‍മങ്ങളും കടമകളും വിലക്കുകളും കല്പിച്ചു കൊടുത്തിട്ടുണ്ട്. അസമത്വത്തിന്‍റെ ആരംഭം അവിടെ നിന്ന് തന്നെ ആവാം. സാമൂഹികമോ മതപരമോ ആയ ഇത്തരം അസമത്വങ്ങളെല്ലാം ചില സംസ്കാരങ്ങളുടെ ഭാഗമായി വളര്‍ന്നു വന്നതാണ്. അതുകൊണ്ട് തന്നെയാണ്. ലിംഗസമത്വം എന്ന ആശയം പലരുടെയും ശത്രു ആകുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും പൗരവകാശങ്ങള്‍ക്കും ഒക്കെ കല്പിച്ചു കൊടുക്കുന്ന വിലക്കുകള്‍ തന്നെയാണ് മതങ്ങളുടെയൊക്കെ അടിത്തറ. ലിംഗ വിവേചനം ഇല്ലാതെ എല്ലാ പൗരډാര്‍ക്കും ഭയമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഒരു അന്തരീക്ഷം ഉണ്ടാക്കുക എന്നതാണ് ജന്‍ഡര്‍ ന്യൂട്രാലിറ്റി അഥവാ ലിംഗ നിക്ഷ്പക്ഷത കൊണ്ട് ഉദ്ദേശിക്കുന്നത്. സമത്വം എന്ന ആശയം എന്താണെന്ന് ആദ്യം നമുക്ക് ബോധ്യപ്പെടണം. പരസ്പരം പോരാടിച്ചോ കലഹിച്ചോ മാത്രം നേടാവുന്ന ഒന്നല്ല അത്. അംഗീകരിക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ വളര്‍ന്നു വരേണ്ട ഒരു ജീവിത രീതിയാണത്.