ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label മികവ്. Show all posts
Showing posts with label മികവ്. Show all posts

Wednesday, June 1, 2016

ഇത് രക്ഷിതാക്കളുടെ വിശ്വസ്തവിദ്യാലയമായിരിക്കും

മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ടാഗോര്‍ മെമ്മോറിയല്‍ സ്കൂളില്‍ പ്രവേശനോത്സവ ചടങ്ങിനു ശേഷം വളരെ പ്രധാനപ്പെട്ട ഒരു അക്കാദമിക പ്രവര്‍ത്തനം നടന്നു. ഒന്നാം ക്ലാസിലെ നൂറു രക്ഷിതാക്കള്‍ ഒന്നാം മാസത്തെ പഠനനേട്ടങ്ങള്‍ അടങ്ങിയ വളരുന്ന ഫയല്‍ അധ്യാപകരില്‍ നിന്നും ഏറ്റു വാങ്ങി. പഠനനേട്ടങ്ങള്‍ രക്ഷിതാക്കള്‍ക്ക് വിശദീകരിച്ചുകൊടുക്കുക എന്നതായിരുന്നു എന്റെ ചുമതല. അവര്‍ക്ക് ഉപയോഗിക്കാവുന്ന ചെക്ക് ലിസ്ററാണിത്. കുട്ടി ഈ കഴിവ് ആര്‍ജിച്ചോ എന്ന് പരിശോധിക്കാം. ഓരോന്നിനും നേരെ അത് കുട്ടി നേടിയെങ്കില്‍ ശരിയടയാളം നല്‍കി വേണം അടുത്തമാസത്തെ ക്ലാസ് പി ടി എയില്‍ വരാന്‍. അധ്യാപകര്‍ പറഞ്ഞു . എല്ലാ കുട്ടികളും എല്ലാ പഠനനേട്ടവും ആര്‍ജിച്ചിരിക്കും ഉറപ്പ്. നിങ്ങള്‍ നിരാശപ്പെടില്ല.വളരെ ആവേശത്തോടെയാണ് രക്ഷിതാക്കള്‍ ഈ ഫയല്‍ രീതിയെ ഉള്‍ക്കൊണ്ടത്. അക്കാദമിക മോണിറ്ററിംഗിന്റെ ജനകീയ രൂപമാണ് മാരാരിക്കുളത്തെ അധ്യാപികമാര്‍ വികസിപ്പിക്കുന്നത്. അടുത്ത ക്ലാസ് പി ടി എയില്‍ തെളിവുകള്‍ വെച്ച് ഓരോ കുട്ടിയുടെയും നിലവാരം അവതരിപ്പിക്കും. ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ ഉണ്ടാകും. കുട്ടികളുടെ പ്രകടനങ്ങളും. അന്നേ ദിവസം ജൂലൈ മാസത്തെ പഠനനേട്ടങ്ങളുടെ ലിസ്റ്റ് പരിചയപ്പെടുത്തും. അവധിക്കാലത്ത് രണ്ട് റസിഡന്‍ഷ്യല്‍ ശില്പശാലകളാണ് ഈ വിദ്യാലയം നടത്തിയത്.സംസ്ഥാനതല ശില്പശാലകള്‍ തന്നെ. രണ്ടാമത്തെ ശില്പശാലയിലാണ് പഠനനേട്ടങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയത്. ഒന്നാം ക്ലാസിലെ മൂന്നു ടേമിലെയും പഠനനേട്ടങ്ങളും അന്താരാഷ്ട്ര പാഠ്യപദ്ധികളും പരിഗണിച്ചിട്ടുണ്ട്. ഗണിതത്തില്‍ സ്പൈറലിംഗ് സാധ്യത ആരാഞ്ഞതിനാല്‍ സമയവും രൂപയും രൂപങ്ങളും എല്ലാം കടന്നു വന്നു ( ഇപ്പോള്‍ ആദ്യത്തെ മാസം കാര്യമായ ഗണിതാശയങ്ങള്‍ ഇല്ല തന്നെ. പ്രീപ്രൈമറി തലത്തിലുളളവയാണ് പലതും. ബാലകൈരളി കടന്നു വന്ന മാരാരിക്കളത്തെ കുട്ടികളുടെ പഠനാവശ്യങ്ങള്‍ അഭിസംബോധന ചെയ്യുവിധം അനുയോജ്യവത്കരണം നടത്തിയിട്ടുണ്ട്) പഠനനേട്ടങ്ങള്‍ ഉദാഹരണ സഹിതം , ആവശ്യമായ വിശദീകരണത്തോടെ പരമാവധി വ്യക്തത വരുത്തിയാണ് നല്‍കിയിരിക്കുന്നത്. പാഠപുസ്തകത്തെക്കാള്‍ പഠനനേട്ടങ്ങള്‍ക്കാവും ഊന്നല്‍. ആവശ്യമായ പഠനസാമഗ്രികള്‍ വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്.ഇന്നത്തെ ദിവസം ( പ്രവേശനോത്സവ ദിനം) ഈ വിദ്യാലയത്തില്‍ ഗവേഷണാത്മകമായ ഇടപെടലിന് അധ്യാപകര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെ അഭിമാനം. ( ഇന്ന് രക്ഷിതാക്കള്‍ക്ക് നല്‍കിയ പഠനേട്ടങ്ങളുടെ ലിസ്റ്റും കുറിപ്പും ചുവടെ നല്‍കുന്നു. )



കലവൂര്‍ ടാഗോര്‍മെമ്മോറിയല്‍ എല്‍ പി സ്കൂള്‍
പ്രീതിക്കുളങ്ങര

വീടൊരുക്കവും വിലയിരുത്തലും
ജൂണ്‍ 2016

പ്രിയപ്പെട്ട രക്ഷിതാക്കളേ,

നമ്മുടെ വിദ്യാലയത്തിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ മുഖ്യധാരാമാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് കേരളം മുഴുവന്‍ അറിയിച്ചുകൊണ്ടിരിക്കുന്നത്. ഈ വിദ്യാലയത്തിലെ ഓരോ പ്രവര്‍ത്തനവും കണ്ടു പഠിക്കാന്‍
വിവിധ ജില്ലകളില്‍ നിന്നും വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വന്നുകൊണ്ടിരിക്കുന്നു എന്നത് നമ്മുക്കോരോരുത്തര്‍ക്കും അഭിമാനകരമാണ്. ഈ സാഹചര്യത്തില്‍ പ്രീതിക്കുളങ്ങര ടാഗോര്‍ മെമ്മോറിയല്‍ സ്കൂളിലെ രക്ഷിതാക്കള്‍ കേരളത്തിനാകെ മാതൃക സൃഷ്ടിക്കേണ്ടവരാണ് എന്നു നാം തിരിച്ചറിയുന്നു. ഈ സ്കൂളില്‍ പ്രവേശിക്കപ്പെട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉന്നതനിലവാരമുളള പഠനം ഉറപ്പാക്കുന്നതിന് രക്ഷിതാക്കളുടെ സജീവമായ ഇടെപടലും പിന്തുണയും ആവശ്യമാണ്

വേറിട്ട ക്ലാസ് പി ടി എ

  • എല്ലാ മാസവും 100% രക്ഷിതാക്കളും പങ്കെടുക്കുന്ന ക്ലാസ് പി ടി എ നാം ലക്ഷ്യമിടുന്നു
  • ഓരോ ക്ലാസ് പി ടി എയിലും അടുത്ത മാസം കുട്ടികള്‍ ആര്‍ജിക്കേണ്ട പഠനശേഷികളുടെ അച്ചടിച്ച ലിസ്റ്റ് രക്ഷിതാക്കള്‍ക്ക് കൈമാറും
  • എല്ലാ വിഷയങ്ങളിലും ലക്ഷ്യമിട്ട പഠനശേഷി സ്വന്തം കുട്ടി നേടിയിട്ടുണ്ടോ എന്നു പരിശോധിക്കുവാന്‍ ഈ ലിസ്ററ് സഹായകമാണ്.
  • രക്ഷിതാക്കള്‍ക്ക് മനസിലാകും വിധം പഠനശേഷികള്‍ വിശദീകരിച്ച് നല്‍കുന്നതിനാല്‍ കുട്ടിയെ വീട്ടിലും സഹായി ക്കാനാകും.
  • നല്‍കിയ പഠനശേഷിപ്പട്ടിക പ്രകാരം കുട്ടികള്‍ എത്രമാത്രം കഴിവു നേടി എന്ന് തെളിവു സഹിതം അടുത്ത ക്ലാസ് പി ടി എയില്‍ പങ്കിടും. ( കുട്ടികളുടെ രചനകള്‍ പരിശോധിക്കല്‍, തത്സമയപ്രകടനങ്ങള്‍, അധ്യാപകരുടെ വിലയി രുത്തില്‍ കുറിപ്പുകള്‍, ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ പങ്കിടല്‍ തുടങ്ങി രക്ഷിതാക്കള്‍ക്ക് ബോധ്യപ്പെടും വിധമാ യിരിക്കും അവതരണം.
  • കുട്ടിയുടെ പഠനനേട്ടങ്ങള്‍ മനസിലാക്കാനും തടസ്സങ്ങള്‍ മറികടക്കാനും സഹായകമായ പ്രതിമാസ ക്ലാസ് പി ടി എയില്‍ മുടങ്ങാതെ പങ്കെടുത്താല്‍ മാത്രമേ സ്വന്തം കുട്ടിയുടെ പഠനനിലവാരം ആഗ്രഹിക്കുന്ന രീതിയില്‍ എത്തിക്കാനാകൂ.

വീടൊരുക്കം

  • പഠിക്കുന്ന കുട്ടിയുടെ വീട് പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതാകണം
  • ഓരോ ദിവസവും ക്ലാസില്‍/ സ്കൂളില്‍ നടന്ന കാര്യങ്ങള്‍ കുട്ടികളോട് ചോദിക്കണം. വിശദീകരിക്കുവാന്‍ ആവശ്യ പ്പെടണം
  • വീട്ടില്‍ വെച്ച് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അന്വേഷിക്കണം. ആവശ്യമെങ്കില്‍ സഹായി ക്കണം. കുട്ടി തന്നെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണം.
  • അധ്യാപികയുടെ കുറിപ്പുകള്‍ നോട്ട് ബുക്കിലുണ്ടാകും . അതു പ്രകാരം കുട്ടി പ്രവര്‍ത്തിക്കുന്നുെന്ന് ഉറപ്പുവരുത്തണം
  • പുസ്തകങ്ങള്‍ വായിച്ചുകൊടുക്കണം. അതിന്റെ ഉളളടക്കത്തെക്കുറിച്ച് ചര്‍ച്ച നടത്തണം.
  • പത്രത്തില്‍ വരുന്ന ചിത്രങ്ങള്‍, കുട്ടി അറിയേണ്ട വിശേഷങ്ങല്‍ ഇവ കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തണം. പത്രം വായിക്കാന്‍ പ്രചോദിപ്പിക്കണം.
  • ബാലമാസികകളും ചിത്രകഥകളും വായിക്കുന്നത് തെറ്റല്ല. വായനയുടെ ലോകത്തേക്കുളള ആദ്യപടിയാണത്. പാഠപുസ്തകത്തിനു പുറത്തുളള വായനാസാമഗ്രികള്‍ കുട്ടി പരിചയപ്പെടേണ്ടതുണ്ട്
  • സംശയങ്ങള്‍ ഉന്നയിക്കുന്നതിനെ പ്രോത്സാഹിപ്പിക്കണം. എന്തുകൊണ്ട്? എങ്ങനെ? തുടങ്ങിയ ചോദ്യങ്ങള്‍ കുട്ടി ഉന്നയിച്ചാല്‍ അതിന് ഉത്തരം കണ്ടെത്തിക്കൊടുക്കണം.
  • കുട്ടിയുടെ നോട്ട് ബുക്ക്, പുസ്തകം എന്നിവ ആകര്‍ഷകമായി സൂക്ഷിക്കുവാന്‍ പ്രോത്സാഹനം നല്‍കണം
  • അധ്യാപികയുമായി ആശയവിനിമയം നടത്തി കുട്ടിയുടെ മികവുകളും കൂടുതല്‍ മെച്ചപ്പെടേണ്ട മേഖലകളും മനസിലാക്കി സഹായിക്കണം
  • കുട്ടിയുടെ സര്‍ഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കണം.
  • കുട്ടികളുടെ കഴിവു വളര്‍ത്താനും അവ പ്രകടിപ്പിക്കാനും ലഭിക്കുന്ന ഒരു അവസരവും പാഴാക്കരുത്.
  • ആയിരം പഠനമണിക്കൂര്‍ കുട്ടിയുടെ അവകാശമാണ്. അതിനാല്‍ത്തന്നെ മുടങ്ങാതെ വിദ്യാലയത്തിലെത്തുന്നു ഏന്നുറപ്പു വരുത്തണം

ചുവടെ നല്‍കിയിരിക്കുന്ന പഠനശേഷികളാണ് കുട്ടി ഓരോ വിഷയവുമായി ബന്ധപ്പെട്ട് ജൂണ്‍മാസം നേടേണ്ടത്. അവ നേടുന്ന മുറയ്ക് ബാധകമായ കോളത്തില്‍ ശരിയടാളം നല്‍കുക. മാസാവസാനം ക്ലാസ് പി ടി എയ്ക് വരുമ്പോള്‍ ഈ പരിശോധനാപ്പട്ടിക കൂടി പൂരിപ്പിച്ച് കൊണ്ടുവരണം

ഭാഷയിലെ പഠനനേട്ടങ്ങള്‍

  1. ചിത്രങ്ങള്‍ വ്യാഖ്യാനിച്ച് കണ്ടെത്തിയ കാര്യങ്ങള്‍ നാലോ അഞ്ചോ ലഘുവാക്യങ്ങളില്‍ വാചികമായി വിവരിക്കുന്നു . വിശകലനാത്മക ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നു
  2. ആവര്‍ത്തിച്ചു വരുന്ന പദങ്ങള്‍, കഥാപാത്രങ്ങളുടെ പേരുകള്‍, താളാത്മകമായ പദങ്ങള്‍, മനസില്‍ തങ്ങി നില്‍ക്കുന്ന ക്രിയാപദങ്ങള്‍ ,പ്രയോഗങ്ങള്‍ എന്നിവ വാക്യത്തില്‍ നിന്നും ഒറ്റയായി നില്‍ക്കുമ്പോഴും തിരിച്ചറിയുന്നു, വായിക്കുന്നു ( വീട് നല്ല വീട്, തത്ത തത്തി വന്നു, പാറി പാറി, കണ്ടു, വന്നു, താര, അരി, വിതറി, കോഴി, കൂട്, പമ്മി പമ്മി..)
  3. സമാന താളം, ഘടന എന്നിവ പാലിച്ച് പദങ്ങള്‍ ഉചിതമായ സ്ഥാനത്ത് ചേര്‍ത്ത് ലളിതമായ കവിതകള്‍ പൂരിപ്പിച്ച് പൂര്‍ണമാക്കുന്നു ( വീട് നല്ല വീട് എന്റെ സ്വന്തം വീട്, എന്തു നല്ല വീട് എന്നതു പോലെ, പൂവ് നല്ല പൂവ്, പൂച്ച നല്ല പൂച്ച....)
  4. കവിതകള്‍ താളത്തില്‍ ഏറ്റു ചൊല്ലി ആസ്വദിക്കുന്നു,
  5. ആസ്വദിച്ച കവിതകള്‍ മറ്റുളളവര്‍ക്കു മുമ്പാകെ അവതരിപ്പിക്കുന്നു
  6. സഹായത്തോട ലഘു വാക്യങ്ങളെഴുതുന്നു. (തത്ത വന്നു, കാക്ക പാറി.... )
  7. കഥകള്‍ , കവിതകള്‍ എന്നിവ കേട്ട് ആസ്വദിക്കുന്നു.
  8. ആസ്വദിച്ച കഥകള്‍ ഉച്ചാരണവ്യക്തതയോടെ അവതരിപ്പിക്കുന്നു.
ചിത്രകലയിലെ പഠനനേട്ടങ്ങള്‍
  1. ശയങ്ങളും അനുഭവങ്ങളും നിറച്ചേരുവ, സൂക്ഷ്മമായ വിന്യാസം, അനുപാതം, പൂര്‍ണത എന്നിവ പരിഗണിച്ച് തനിമയോടെ ക്രയോണ്‍സ് ഉപയോഗിച്ച് ചിത്രീകരിക്കുന്നു (വീട്, കുടുംബം) -
  2. കേട്ട കഥകളെയും കവിതകളെയും ആസ്പദമാക്കി ചിത്രം വരയ്കുന്നു.
പരിസരപഠനത്തിലെ പഠനനേട്ടങ്ങള്‍
  1. ലിസ്റ്റ് വായിച്ച് സവിശേഷതകള്‍ പരിഗണിച്ച് തരം തിരിക്കുന്നു ( നടന്നു വന്നവര്‍, പറന്നു വന്നവര്‍)
  2. ശരിയായ ബന്ധങ്ങള്‍ കണ്ടെത്തി വരച്ചു യോജിപ്പിക്കുന്നു ( ജീവി, പാര്‍പ്പിടം)
  3. വീട്ടിലെ ഓരോ മുറിയുടെയും ഉപയോഗം വിശദീകരിക്കുന്നു
  4. വീട്ടുപകരണങ്ങളുടെ വൈവിധ്യവും ഉപയോഗവും പ്രാധാന്യവും മറ്റു സവിശേഷതകളും വിശദമാക്കുന്നു
  5. വീടിന്റെ മേല്‍ക്കൂര, തറ, ചുമര് എന്നിവയുടെ പ്രത്യേകതകളും പ്രയോജനവും കാര്യകാരണസഹിതം വ്യക്തമാക്കുന്നു
  6. വാതിലുകളുടെയും ജനാലകളുടെയും പ്രത്യേകതയും ആവശ്യവും തിരിച്ചറിയുന്നു.
  7. മനുഷ്യനുമാത്രമല്ല വീടുകള്‍ എന്നു തിരിച്ചറിയുന്നു.
  8. പക്ഷികളുടെ കൂടുകളുടെ പ്രത്യേകതകള്‍ അന്വേഷിച്ചറിയുന്നു . പക്ഷികള്‍ക്ക് സ്ഥിരമായി പാര്‍ക്കാനുളളതല്ല അവയെന്നു തിരിച്ചറിയുന്നു
  9. വീടിന്റെ ഉപയോഗം വ്യക്തമാക്കുന്നു
പ്രവൃത്തിപരിചയത്തിലെ പഠനനേട്ടങ്ങള്‍
  1. വിവിധതരം പാര്‍പ്പിടങ്ങളുടെ ചിത്രം ശേഖരിക്കുന്നു. ആല്‍ബം തയ്യാറാക്കുന്നു. പാര്‍പ്പിടപ്പതിപ്പ്.അടിക്കുറിപ്പെഴുതുന്നു.
  2. ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് വീട് നിര്‍മിക്കുന്നു ( കടലാസ്, ഈര്‍ക്കില്‍, കൂടുകള്‍...) നിര്‍മാണ പ്രോജക്ട്.
ഗണിതത്തിലെ പഠനനേട്ടങ്ങള്‍
  1. ഒന്നിലധികം വസ്തുക്കളുടെ വലുപ്പം ഗണിതപരമായി താരതമ്യം ചെയ്യുന്നു. (വണ്ണം, നീളം, ഉയരം, വീതി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വലുപ്പം എന്ന ആശയത്തെ വിശദീകരിക്കുന്നു.)
  2. നീളം, അകലം, ദൂരം,ഉയരം എന്നിവയെ ഒരു ആരംഭസ്ഥാനത്തെ ആധാരമാക്കി വിശദീകരിക്കുന്നു. ( നീളം കൂടിയത്, കൂടുതല്‍ ദൂരത്തിലുളളത്, അടുത്തുളളത്, ഏറ്റവും അടുത്തുളളത്, തൊട്ടടുത്തുളളത്, ഉയരം- ആള്‍ പൊക്കം, മരത്തോളം ഉയരം, കെട്ടിടത്തോളം ഉയരം....ബഞ്ചുകള്‍ തമ്മിലുളള അകലം)
  3. അകത്ത്/ പുറത്ത്, മുകളില്‍/ താഴെ, വലത്ത് / ഇടത്ത്, മുന്നില്‍/ പിന്നില്‍, ആരംഭസ്ഥാനത്തെ ആധാരമാക്കി വിശദീകരിക്കുന്നു.
  4. രണ്ടു കൂട്ടത്തിലുളള വസ്തുക്കളുടെ എണ്ണത്തെ ഒറ്റ നോട്ടത്തിലും ഒന്നിനൊന്നു പൊരുത്തപ്പെടുത്തിയും കൂടുതല്‍ കുറവ് കണ്ടെത്തി പറയുന്നു. ചിത്രീകരിക്കുന്നു ( അഞ്ചില്‍ താഴെയുളള വസ്തുക്കള്‍)
  5. ഒന്നു മുതല്‍ അഞ്ചുവരെ സംഖ്യകളെ തിരിച്ചറിയുന്നു.എണ്ണുന്നു. എഴുതുന്നു
  6. അഞ്ചുവരെയുളള എണ്ണത്തെ പകുതി, തുല്യം, കൂടുതല്‍, കുറവ്, സമം എന്നിങ്ങനെ വിശദീകരിക്കുന്നു.
  7. ഫൈവ് ഫ്രെയിമില്‍ ഗണിതക്രിയകള്‍ ചിത്രീകരിക്കുന്നു.
  8. ഒരു രൂപ, രണ്ടു രൂപ, അഞ്ചുരൂപ നാണയങ്ങള്‍ തിരിച്ചറിയുന്നു.
  9. രണ്ടു രൂപയും ഒരു രൂപയും ഉപയോഗിച്ച് വിവിധതരത്തില്‍ അഞ്ചുരൂപയുടെ ചില്ലറയാക്കി പ്രദര്‍ശിപ്പിക്കുന്നു
  10. ക്ലോക്കില്‍ നിന്നും സമയം കണ്ടെത്തുന്നു .
  11. പകുതി എന്ന ആശയത്തെ വിവിധ സന്ദര്‍ഭങ്ങളുമായി ബന്ധപ്പെടുത്തി മനസിലാക്കുന്നു ( രാവും പകലും, കുപ്പിയിലെ വെളളം, നീളത്തിന്റെ പകതി, വസ്തുക്കളുടെ പകുതി, ( ഇല)
  12. പകുതിയാക്കാന്‍ പറ്റുന്ന സംഖ്യകളും അല്ലാത്തവയും വസ്തുക്കള്‍ വെച്ച് കണ്ടെത്തി വിശദീകരിക്കുന്നു.( 2,4/3,5 )
  13. രൂപങ്ങളെ മൂന്നു വശമുളളവ, നാലു വശമുളളവ എന്നിങ്ങനെ തിരിച്ചറിയുന്നു. (2,4)
  14. വശങ്ങള്‍ ,മൂലകള്‍ എന്നിവ സംബന്ധിച്ച് നിരീക്ഷണഫലങ്ങള്‍ അവതരിപ്പിക്കുന്നു
  15. നാലു വശം, മൂന്നു വശം ഇവയുളള രൂപങ്ങള്‍ ഉപയോഗിച്ച് ചിത്രം വരയ്കുന്നു
  16. അഞ്ചുവരെയുളള സംഖ്യാബന്ധം ( whole, part) ചിത്രീകരിക്കുന്നു ( 5=2+3, 5=3+2,)
  17. പ്രശ്നപരിഹരണപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു ( ഉദാ, രണ്ടു വ്യത്യസ്തമായ പാത്രങ്ങളില്‍ ജലം. ഏതിലാണ് കൂടുതല്‍? ചുരുട്ടിയ നൂല് , വലിച്ചുകെട്ടിയ നൂല്. ഏതിനായിരിക്കും നീളക്കൂടുതല്‍? രണ്ടു കൂട്ടങ്ങള്‍. ഏതിലാണ് കൂടുതല്‍?)



വിദ്യാര്‍ഥിയുടെ പേര് ......................................................................
ക്ലാസ് ഒന്ന്
ഡിവിഷന്‍ ..................
രക്ഷിതാവിന്റെ പേരും ഒപ്പും
...................................................................................................................................................
എല്ലാ ക്ലാസുകളിലും ഇതേ പോലെ രക്ഷിതാക്കളുടെ വിലയിരുത്തലുണ്ടാകും. രണ്ട്, മൂന്ന് , നാല് ക്ലാസുകളില്‍  പ്രീടെസ്റ്റ് ഫലം കൂടെ ഉള്‍പ്പെടുത്തിയ പ്രഥമക്ലാസ് പി ടി എ അടുത്താഴ്ച നടക്കും. രക്ഷിതാക്കളുടെ നേതത്വത്തിലുളള വായനാസാമഗ്രി നിര്‍മാണ ശില്പശാല ജൂണ്‍ പതിനൊന്നിന്

(അടുത്ത ലക്കത്തില്‍ സ്കൂളിന്റെ സ്വന്തം വായനാസാമഗ്രികള്‍.)

Sunday, March 27, 2016

വര്‍ഷാന്ത്യദിനം വരേണിക്കല്‍ സ്കൂളില്‍


2015-16 അക്കാദമിക വര്‍ഷത്തിന്റെ അവസാനദിനം വരേണിക്കല്‍ ഗവ യു പി എസിലാണ് ഞാന്‍ ചെലവിഴിക്കുക. അന്നേ ദിവസം വരേണിക്കലിന്റെ പ്രാദേശിക സമൂഹം മുഴുവന്‍ വിദ്യാലയത്തിലെത്തും. കുറേ വര്‍ഷങ്ങളായി എല്ലാവരാലും അവഗണിക്കപ്പെട്ടു കിടന്ന വരേണിക്കല്‍ സ്കൂളിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ആഘോഷമാണ് അന്നു നടക്കുക. ശ്രീ വിജയകുമാര്‍
കൂത്താട്ടുകുളം എന്ന പ്രഥമാധ്യാപകന്‍ നടത്തിയ അക്കാദമിക ഇടപെടലുകള്‍, ജനാധിപത്യ മാതൃകകള്‍ എന്നിവ വിദ്യാലയത്തെ പ്രിയ വിദ്യാലയമെന്ന പദവിയിലേക്കുയര്‍ത്തി. നൂതനമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് അധ്യാപകരും മാതൃക സൃഷ്ടിച്ചു. മാവേലിക്കര ഉപജില്ലയിലെ നിരവധി പരിശീലനങ്ങളില്‍ വരേണിക്കല്‍ മാതൃകകള്‍ ആവേശം നല്‍കി. ഞാന്‍ സംസ്ഥാനതലവേദികളില്‍ പലവട്ടം വരേണിക്കല്‍ സ്കൂളിന്റെ പ്രവര്‍ത്തനാനുഭവം പങ്കുവെക്കുകയുണ്ടായി. വളരെ നല്ല പ്രതികരണമാണ് അപ്പോഴൊക്കെ ലഭിച്ചത്. ഐ എസ് എം പരിപാടിയുടെ ഭാഗമായാണ് ഞാന്‍ ആ വിദ്യാലയത്തില്‍ പോയത്. അന്നു എത്തിച്ചേര്‍ന്ന ധാരണകള്‍ സ്കൂള്‍ പൊലിപ്പിച്ചു.അതിന്റെ പ്രവര്‍ത്തനാനുഭവം തൃശൂരില്‍ അവര്‍ അവതരിപ്പിച്ചു. അത് ചുവടെ നല്‍കുന്നു.

Friday, January 29, 2016

ഈ സ്കൂളിനെക്കുറിച്ച് എഴുതാനാണെങ്കില്‍ തീരില്ല.


ഉഷാകുമാരിടീച്ചര്‍ക്ക് മികച്ച അധ്യാപികയ്കുളള സംസ്ഥാന അവാര്‍ഡ് ( 2013-14) ദേശീയ അവാര്‍ഡ് (2013-14) എന്നിവ ലഭിച്ചത് അര്‍ഹതയ്കുളള അംഗീകാരം തന്നെയാണ്. ടീച്ചറെ 1998 മുതല്‍ എനിക്കറിയാം. പുല്ലാട് സ്കൂളില്‍ ജോലി ചെയ്യുമ്പോള്‍ റിസോഴ്സ്പേഴ്സണായിരുന്നു. പുതിയപാഠ്യപദ്ധതിയുടെ പരിശീലനങ്ങളില്‍ പങ്കെടുത്തു നേടിയ അക്കാദമിക തെളിച്ചം ടീച്ചറുടെ തുടര്‍ന്നുളള പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിച്ചു.
2004-2005 വര്‍ഷമാണ് പത്തനംതിട്ടയിലെ അയിരൂര്‍ സര്‍ക്കാര്‍ എല്‍ പി സ്കൂളില്‍ പ്രഥമാധ്യാപികയായി ചുമതല ഏല്‍ക്കുന്നത്. അന്ന് ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ കുട്ടികളുടെ എണ്ണം എട്ട്! ഇന്ന് 123.
ഒരു പൊതുവിദ്യാലയത്തെ ചരിത്രത്തിലേക്ക് മായാന്‍ അനുവദിക്കാതെ നാടിന്റെ തിളക്കമാക്കി മാറ്റിയ ആ അധ്യാപികയുടെ വിദ്യാലയത്തിലായിരുന്നു ഇന്ന് ഞാന്‍.ധന്യമായ ഒരു ദിനം.
2014 -15 ല്‍ മികച്ച പി ടി എയ്കുളള സംസ്ഥാന അവാര്‍ഡും ഈ വിദ്യാലയത്തനാണ് ലഭിച്ചത്. മികവിന് അധ്യാപികയ്കും രക്ഷിതാക്കള്‍ക്കും അവാര്‍ഡ് ലഭിക്കുക എന്നത് ഒരു വിദ്യാലയത്തിന്റെ ഔന്നിത്യത്തിന്റെ സൂചികയാണ്.അക്കാദമികവും ജനീകയവുമായ തലങ്ങളെ സമന്വയിപ്പിച്ചതിന്റെ മാതൃകാപരമായ അനുഭവം.

Friday, December 19, 2014

മുറ്റത്ത് വിമാനമുളള പളളിക്കൂടം


ഞാന്‍ സ്കൂളിന്റെ മതിലിനിപ്പുറം റോഡില്‍ വണ്ടി നിറുത്തി ഇറങ്ങി.റോഡില്‍ നിന്നുളള കാഴ്ചയാണിത്. ഒരു വിമാനം വിദ്യാലയമുറ്റത്ത്.
 സ്കൂള്‍ കെട്ടിടം പൊതുവിദ്യാലയത്തിന്റെ പ്രൗഡി പ്രതിഫലിപ്പിക്കുന്നു.പ്രത്യേകവികസനാനുമതി പ്രകാരം രണ്ടുകോടി രൂപ മുടക്കി ശ്രീ തോമസ് ഐസക് എം എല്‍ എ പണികഴിപ്പിച്ചതാണിത് പെരുനേരുമംഗലം സര്‍ക്കാര്‍ എല്‍ പി സ്കൂളിന്റെ ഈ കെട്ടിടം.


എവിടെയാണ് ഓഫീസ് ? ദാ അവിടെ വിശ്വസിക്കാനായില്ല
ഒരു വീടിന്റെ കെട്ടും മട്ടും. വിദ്യാലയം കുട്ടികളുടെ വീടാണല്ലോ

രണ്ടാം നിലയില്‍ നിന്നും താഴേക്ക് നോക്കി. മേല്‍ക്കൂരക്കാഴ്ചയും തെറ്റില്ല.  
പഠനമൂല്യമുളള മേല്‍ക്കൂരപ്പുറം.
അതാ അവിടെ ആ വിമാനത്തില്‍ നിന്നും യാത്രികര്‍ ഇറങ്ങുന്നു!
എനിക്ക് കൗതുകം കൂടി.ഞാന്‍ അങ്ങോട്ടടുത്തു

Thursday, November 27, 2014

ഒരുമയുടെ തിരുമധുരവുമായി വിദ്യാലയങ്ങളെ നയിക്കുന്ന അത്ഭുതം ഇതാ അരയി സ്കൂളിലും


ഇത് അരയി - വിദ്യാഭ്യാസ ഭൂപടത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഗ്രാമം ഇന്ന് കാസര്‍കോട് ജില്ലയുടെ ശ്രദ്ധാകേന്ദ്രമാണ്. മറ്റൊന്നും കൊണ്ടല്ല വേറിട്ട വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ ഒരു ഗ്രാമം തന്റെ ആത്മാവ് തിരിച്ചെടുക്കുമ്പോള്‍ അതിലെ ജീവിക്കുന്ന ഇതിഹാസമായി ഒരു നാടും പൊതു വിദ്യാലയവും.

അരയി ഒരുമയുടെ തിരുമധുരം പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ് മീഡിയങ്ങളുടെയും കേന്ദ്രീയ വിദ്യാലയങ്ങളുടേയും നീരാളിപ്പിടുത്തത്തിനിടയില്‍ നഷ്ടപ്പെട്ടുപോയ സ്വത്വത്തെ വീണ്ടെടുക്കാന്‍ അരയി ഗവ.യു.പി.സ്‌കൂള്‍ നടത്തുന്ന ഐതിഹാസികമായ പ്രതിരോധത്തിന്റെ മകുടോദാഹരണമായി സൗഹൃദത്തിന്റെ സ്‌നേഹത്തുരുത്തായി ഒരുക്കിയ ഓണസദ്യ,

സങ്കുചിത താല്‍പര്യത്തിന്റെ നിലപാടില്‍ നിന്ന് പരസ്പരം പോരടിക്കുന്ന പുതിയ തലമുറയെ പാരമ്പര്യ തികവിന്റെ നന്മയിലേക്ക് തിരിച്ചുകൊണ്ടു വരുവാനും ഒരു പൊതു വിദ്യാലയത്തെ എങ്ങനെ നാടിന്റെ സാംസ്‌ക്കാരിക ചരിത്രത്തില്‍ പ്രതിഷ്ഠിക്കാമെന്നുളള ഉജ്ജ്വലമായ ശ്രമത്തിന്റെ ഭാഗമായിരുന്നു അരയിലെ ഓണസദ്യ. പാരമ്പര്യത്തിന്റെ തികവും സംഘാടനത്തിന്റെ മികവും ഒത്തൊരുമിച്ച ഓണസദ്യയും ആയിരത്തി അഞ്ഞൂറിലേറെ പേര്‍ക്ക് സ്‌നേഹ വിരുന്നൊരുക്കി.ആരാണ് അരയി സ്കൂളിന്റെ സാരഥി.?
ഒറ്റ വര്‍ഷം മതി ഈ പ്രഥമാധ്യാപകന്.
ഈ പ്രഥമാധ്യാപകന്‍ വ്യത്യസ്തനാണ്. അദ്ദേഹം ഒരു വര്‍ഷം ഒരു വിദ്യാലയത്തില്‍ എന്ന ശീലക്കാരനാണ് . ഒറ്റ വര്‍ഷം കൊണ്ട് ആ വിദ്യാലയത്തെ സമൂഹത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കും. വിദ്യാലയം ഉയരത്തിലെത്തും.അതിന്റെ തന്ത്രം ജനകീയതയാണ്.സര്‍ഗാത്മക ചിന്തയാണ്. പ്രതിബദ്ധതയാണ്. കൊടക്കാട് നാരായണന്‍ എന്ന അത്ഭുതം. അദ്ദേഹം തെളിയിക്കുന്നു ഏതൊരു വിദ്യാലയത്തേയും ഒരു വര്‍ഷം കൊണ്ട് മികച്ചതാക്കാം. കൂട്ടക്കനിയും മുഴക്കോമും ബാരയും കാഞ്ഞിരപ്പൊയിലും എല്ലാം ഉദാഹരണം 
ഇപ്പോള്‍ ഇതാ അരയി യു പി സ്കൂള്‍ ..

നഴ്സറി ക്ലാസില്‍ കളിചിരികളുടെ മാമ്പഴക്കാലം, അയല്‍പക്കവായന ,മാതൃകാ അംഗന്‍വാടികള്‍ ,ഇന്റര്‍ നാഷണല്‍ പ്രീ-പ്രൈമറി സ്കൂള്‍, അറിവുത്സവം മികവുത്സവം, ഗണിതവും ഇംഗ്ലീഷും എല്ലാവര്‍ക്കും, എന്റെ ക്ലാസ്മുറി എന്റെ കൊച്ചുവീട് ,ചുമര്‍ കവിത ചുമര്‍ കഥ ചുമര്‍ ഗണിതം ഭാഷാഭിത്തി ,എല്ലാവര്‍ക്കും ഡയറി ,കാര്‍പ്പറ്റ് വിരിച്ച ക്ലാസ്മുറി, ടോയിലറ്റ് അറ്റാച്ച്ഡ് ക്ലാസ്റൂം, ശിശു സൗഹൃദ ഇരിപ്പിടങ്ങള്‍ ,പഠനോദ്യാനം, മള്‍ട്ടിമീഡിയ ക്ലസ് റൂം, സ്കൂള്‍ പോസ്റ്റ് ഓഫിസ് ,സ്കൂള്‍ ബാങ്കിംഗ്, സ്റ്റുഡന്റ് പോലീസ് സ്റ്റേഷന്‍, കുട്ടികളുടെ പ്രൊഫൈല്‍/പോര്‍ട്ട്ഫോളിയോ, നീന്തല്‍ കുളം ,അക്വേറിയം, പച്ചക്കറിത്തോട്ടം, ഓരോ കുട്ടിക്കും ലാപ്ടോപ്പ്, സ്കൂള്‍ തിയേറ്റര്‍ ,ഫിലിം ക്ലബ്ബ്, ആര്‍ട്ട് ഗാലറി, സ്പോട്സ് അക്കാദമി, ഔഷധോദ്യാനം ,അറിവുത്സവ കേന്ദ്രങ്ങള്‍...സാഹിത്യ മ്യൂസിയം ,ഗണിത ലാബ് ,ശാസ്ത്ര സാങ്കേതിക മ്യൂസിയം, അരയി വാണി ,അരയി വിഷന്‍ ചാനല്‍, ഹിസ്റ്ററി പാര്‍ക്ക് ,അധ്യാപക ശാക്തീകരണം അതെ ഒത്തിരി സ്വപ്നങ്ങള്‍ ഒറ്റ വര്‍ഷം കൊണ്ടു സാക്ഷാത്കരിക്കാനുളള പ്രവര്‍ത്തനത്തിലാണ് കൊടക്കാട് നാരായണന്‍. ഇതാ അവ യാഥാര്‍ഥ്യമാകുന്നതിന്റെ ചില തെളിവുകള്‍..

Tuesday, November 18, 2014

ഉപജില്ലാ ഓഫീസര്‍ ഡയറി എഴുതുന്നു

ബാലരാമപുരം ഉപജില്ലാ ഓഫീസര്‍ ഡയറി എഴുതുന്നു. അത് ലോകവുമായി പങ്കുവെക്കുന്നു. ഈ ഡയറി അക്കാദമിക മോണിറ്ററിംഗിന്റേതാണ്. വിദ്യാലയത്തിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ സമൂഹവുമായി പങ്കിട്ട് പൊതുവിദ്യാലയങ്ങളിലെ കരുത്ത് അറിയിക്കുകയാണ്. ഒപ്പം അധ്യാപകരെ അംഗീകരിക്കലുമാണ്. ചൂണ്ടുവിരല്‍ മുന്‍പൊരിക്കല്‍ മുത്ത് എന്ന അദ്ദേഹത്തിന്റെ ബ്ലോഗിനെ പരിചയപ്പെടുത്തിയിരുന്നു.വീണ്ടും മുത്തിലൂടെ കടന്നു പോകാം. ദിനാചരണങ്ങള്‍ക്ക് എല്ലാ വിദ്യാലയങ്ങള്‍ക്കും ആശയപിന്തുണ നല്‍കിയും വിദ്യാര്‍ഥികളുടെ പ്രതികരണങ്ങള്‍ വായിച്ചു പ്രോത്സാഹിപ്പിച്ചും കുട്ടികളുടെ കൂട്ടുകാരനാകാന്‍ ശ്രമിക്കുന്ന ശ്രീ ഹൃഷികേശ് ഒരു മാതൃക വികസിപ്പിക്കുകയാണ്.

എ ഇ ഒ യുടെ ഡയറി വായിക്കൂ..

അഭിനന്ദനങ്ങള്‍ ....  കൂട്ടുകാരുടെ കത്തുകളും അവയിലൂടെ ലോഭമില്ലാതെ ചൊരിയുന്ന സ്നേഹപ്രകടനങ്ങളുമാണ് ഒരു അക്കാദമിക ലീഡറായി മാറാന്‍ എന്നെ എന്നും പ്രചോദിപ്പിച്ചിരുന്നത് . മുത്തിലൂടെ കൈമാറ്റപ്പെടുന്ന അറിവിന്‍റെ വെട്ടങ്ങള്‍ എങ്ങനെ കൂട്ടുകാരില്‍ പ്രതിഫലിക്കുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണങ്ങള്‍ കൂടിയാണ് ഈ കത്തുകള്‍ ..... പക്ഷെ പലപ്പോഴും ഈ കത്തുകള്‍ക്കെല്ലാം മറുപടിയെഴുതുക ദുഷ്കരം തന്നെ ..... മംഗള്‍യാന്‍ പരിപാടിയുമായി ബന്ധപ്പെട്ട് മുത്തില്‍ പ്രസിദ്ധീകരിച്ച പ്രവര്‍ത്തനങ്ങള്‍ കൂട്ടുകാര്‍ ഏറ്റെടുത്തതിന്റെ ചില പ്രതിഫലനങ്ങള്‍ എന്നെത്തന്നെ അതിശയിപ്പിക്കുന്നതായിരുന്നു ...... അവയില്‍ മികച്ചവയെ കുറിച്ചുള്ള ചില കുറിപ്പുകള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു .......

Tuesday, August 26, 2014

പെരുവട്ടൂരില്‍ പെരുമയുളള വിദ്യാലയമുണ്ട്


യുറീക്ക രചനാശില്പശാലയില്‍ പങ്കെടുക്കാനാണ് കൊയിലാണ്ടിയിലെത്തിയത്.
രാജേഷ് വളളിക്കോടും ഞാനും റെയില്‍വേസ്റ്റേഷനിലിറങ്ങി
പന്തലായനി സ്കൂളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് അധ്യാപനത്തിന്റെ അരങ്ങേറ്റം നടത്തിയ ഓര്‍മകള്‍ വരവേല്‍ക്കാന്‍ അവിടെ കാത്തു നിന്നിരുന്നു,
അന്നത്തെ സഹാധ്യാപകനായ ശ്രീ ഗോപി മാഷ്ടെ വീട് അടുത്താണ്. മാഷെ കണ്ട ശേഷം ഞങ്ങള്‍ പെരുവട്ടൂരിലെ ഉജ്ജയിനിയില്‍ എത്തി
ശില്പശാല തുടങ്ങാന്‍ വൈകും. പത്തുമണി വരെ സമയം
സ്വാതന്ത്ര്യ ദിനമാണ്
ഞങ്ങള്‍ നടക്കാനിറങ്ങി
കുട്ടികള്‍ പോകുന്നു.
അവരെ പിന്തുടര്‍ന്ന് ഞങ്ങള്‍ പെരുവട്ടൂര്‍ എല്‍ പി എസില്‍ എത്തി
പരിചയപ്പെട്ടു
അവിടുത്തെ ഗോപാലകൃഷ്ണന്‍ മാഷ് എന്റെ സഹാധ്യാപികയായിരുന്ന ശാന്തേച്ചിയുടെ ബന്ധുവാണ്.
പെരുവട്ടൂര്‍ സ്കൂളിലെ ഒരു അധ്യാപിക ചെങ്ങന്നൂര്‍ ഡയറ്റിലെ പൂര്‍വവിദ്യാര്‍ഥിയുമാണ്.
ഞങ്ങള്‍ക്ക് ഹൃദ്യമായ വരവേല്പ്
ഏതു വിദ്യാലയത്തില്‍ ചെന്നാലും നന്മതിരയുന്ന എനിക്ക് പെരുവട്ടൂര്‍ നല്ല അനുഭവം .
പഠനയാത്ര വഴികാട്ടിപുസ്തകം
വിദ്യാലയങ്ങള്‍ പഠനയാത്ര നടത്താറുണ്ട്
പോകുന്ന സ്ഥലങ്ങളെക്കുറിച്ച് മിക്ക കുട്ടികള്‍ക്കും അവ്യക്തമായ ധാരണയേ കാണൂ
ലക്ഷ്യബോധത്തോടെ യാത്ര ചെയ്യണം. അതിനായി ഓരോ കുട്ടിക്കും സന്ദര്‍ശനസ്ഥലങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന വഴികാട്ടി പുസ്തകം തയ്യാറാക്കി നല്‍കുന്ന വിദ്യാലയമാണിത്. യാത്ര സ്വന്തം ജില്ലയെ അറിയലാക്കിയതും സമീപസ്ഥ ജില്ലയെ ലക്ഷ്യമാക്കിയതും വിനോദമല്ല പഠനമാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതായി.

കവി പാഠപുസ്തകത്തിലെ കവിത ചെല്ലാനെത്തി

വീരാന്‍ കുട്ടിയുടെ കവിത പുതിയ മൂന്നാം ക്ലാസ് പുസ്തകത്തിലുണ്ട്. നക്ഷത്രവും പൂവും. ഇത്തവണത്തെ വായനാവാരത്തിന്റെ ഭാഗമായി വീരാന്‍കുട്ടി വിദ്യാലയത്തിലെത്തി കവിത ചൊല്ലിയപ്പോള്‍ അത് വേറിട്ട അനുഭവമായി. കവിത െഴുതിയ കവി തന്നെ കാവ്യാനുഭവം ഒരുക്കാനെത്തുക എന്ന അസുലഭ മുഹൂര്‍ത്തം.

എല്ലാ വെളളിയാഴ്ചയും വായനാക്കുറിപ്പ് അവതരിപ്പിക്കുന്ന കുട്ടികള്‍

ഓഫീസ് റൂമില്‍ വായനാപ്രവര്‍ത്തനത്തെ വിശദീകരിക്കുന്ന സ്കൂളിന്റെ പോസ്റ്റര്‍.

ഒരോ ക്ലാസിനും പുസ്തകം നല്‍കുന്നു

പുസ്തകവായനയെ പാഠമാക്കുന്ന അധ്യാപകര്‍ അനുഗ്രഹമാണ്

നഗരസഭയിലെ കുട്ടികളുടെ ലൈബ്രറിയില്‍ പോയി. പുസ്തകങ്ങളുടെ വലിയലോകം നേരിട്ടു കണ്ടു. സ്കൂള്‍ ലൈബ്രറിയില്‍ എല്ലാവര്‍ക്കും അംഗത്വം ഉറപ്പാക്കി.അതത് ക്ലാസധ്യാപകരാണ് വായനാപ്രചോദകര്‍
ഗംഭീരം ജനകീയം ഈ വാര്‍ഷികം
ഒരു എല്‍ പി സ്കൂള്‍ വാര്‍ഷികത്തിന്റെ നോട്ടീസ് കണ്ട് ഞാന്‍ അതിശയിച്ചു പോയി. വലിയ വലിയ പരിപാടികളുടെ പ്രോഗ്രാം നോട്ടീസു പോലെ
  • ഉദ്ഘാടനസമ്മേളനം
  • വിളംബരഘോഷയാത്ര
  • പൂര്‍വവിദ്യാര്‍ഥി -അധ്യാപക സമ്മേളനം
  • നഴ്സറി കലോത്സവം
  • സര്‍ഗവിരുന്ന് ( രക്ഷിതാക്കള്‍ അവതരിപ്പിക്കുന്നത്)
  • കലാസന്ധ്യ
  • നൃത്ത സംഗീത നാടകശില്പം
  • സ്മൃതി മധുരം ( പൂര്‍വവിദ്യാര്‍ഥികളുടെ ഗാനമേള)
  • യാത്രയയപ്പുസമ്മേളനം ( യാത്രയാക്കപ്പെട്ട ശ്രീ രമേശ് ബാബു എന്ന പ്രഥമാധ്യാപകന് അഭിമാനിക്കാം. നാടിന്റെ ഹൃദയത്തില്‍ വിദ്യാലയത്തെ പ്രതിഷ്ഠിച്ചതിന്. ഇത്തരം വിപുലമായ ചടങ്ങോടെ വാര്‍ഷികം നടത്താന്‍ കഴിയുന്ന ഈ പൊതു വിദ്യാലയം അക്കാദമിക മികവിലും പിന്നിലല്ല)
 
 
 കുട്ടി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നു
വിദ്യാലയം എല്ലാ വര്‍ഷവും കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി പതിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നു. കൂടാതെ സര്‍ഗശേഷി ഉളള കുട്ടികളെ കണ്ടെത്തി പുസ്തകപ്രകാശനവും .സാമ്പത്തിക പരിമിതി ഇല്ലായിരുന്നെങ്കില്‍ കൂടുതല്‍ പുസ്തകങ്ങള്‍ ഈ വിദ്യാലയത്തില്‍ നിന്നും ഇറങ്ങുമായിരുന്നു. മഴ നനഞ്ഞ പെണ്‍കുട്ടിയുടെ ഒരു കോപ്പി എനിക്ക് അവര്‍ സ്വാതന്ത്ര്യദിനസമ്മാനമായി തന്നു


 ഒരോ കുട്ടിക്കും ഓരോ ചെടി
എത്ര കുട്ടികള്‍ വിദ്യാലയത്തിലുണ്ടോ അത്രയും ചെടികള്‍. കുട്ടികള്‍ക്ക് ക്രമനമ്പര്‍ നല്‍കിയിട്ടുണ്ട്. അവരവരുടെ ചെടികള്‍ പരിപാലിക്കേണ്ട ചുമതല അവരവര്‍ക്കു തന്നെ. ഓണമാകുമ്പേഴേക്കും വിദ്യാലയം അത്തപ്പൂക്കളത്തിനകത്താകും. ലളിതം. മനോഹരം,
എല്‍ എസ് എസ്
എല്ലാ വര്‍ഷവും എല്‍ എസ് എസിനു വിജയിക്കുന്നവര്‍ ഈ വിദ്യാലയത്തിന്റെ അഭിമാനം. തുടര്‍ച്ചയായി നേട്ടം കൊയ്യുന്നത് പഠനമികവിന്റെ ഉദാഹരണം തന്നെ.
 യാത്ര വെറുതേയായില്ല
പൊതുവിദ്യാലയനന്മകള്‍ അനുഭവിക്കുന്നത് പുണ്യം തന്നെ.