ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label പഠനമാധ്യമം. Show all posts
Showing posts with label പഠനമാധ്യമം. Show all posts

Sunday, June 3, 2018

മാതൃഭാഷബോധനമാധ്യമ വിദ്യാലയത്തിന്റെ ജൈത്രയാത്ര


2014ൽ ശ്രീ.എം.പി.രാഘവൻ മാസ്റ്റർ പ്രഥമാധ്യാപകനായി ചുമതലയേൽക്കുന്ന അവസരത്തിൽ ഒന്നാം  തരത്തിൽ7പേർമാത്രം. ഒന്നു മുതൽ നാലുവരെ  ക്ലാസ്സുകളിലായി ആകെ 32 കുട്ടികൾ.
അധ്യാപകരെയും രക്ഷിതാക്കളെയും ഒപ്പം നിർത്തി അക്കാദമിക മികവിനായി വ്യക്തമായ കർമ്മ പരിപാടികളുമായി  മാഷ് മുന്നോട്ടു പോയി
ഒരു വർഷം പിന്നിട്ടപ്പോൾ  2015-16ൽ ഒന്നാം ക്ലാസ്സിലേക്ക് 22 കുട്ടികൾ പ്രവേശനം നേടി.ആകെ കുട്ടികളുടെ എണ്ണം 56 ആയി.
2016-1768 ഉം 2017-18 82 ഉം ആയി  കുട്ടികളുടെ എണ്ണം വീണ്ടും വർധിച്ചു
ചുറ്റുവട്ടത്തുള്ള ചില വിദ്യാലയങ്ങൾ സമാന്തര ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിച്ച് കുട്ടികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ മലയാളം മീഡിയത്തിൽ പഠിച്ച കുട്ടികളുടെ മികവ് രക്ഷിതാക്കളെയും പൊതു സമൂഹത്തെയും ബോധ്യപ്പെടുത്തിക്കൊണ്ടാണ് രാഘവൻ മാഷും സഹപ്രവർത്തകരും എൻറോൾമെന്റ് ക്യാമ്പെയിൻ നടത്തുന്നത്. എം.എൽ., എസ്.എസ്.എ ഗ്രാമപഞ്ചായത്ത് തുടങ്ങി കിട്ടാവുന്ന ഏജൻസികളിൽ നിന്നെല്ലാം സാമ്പത്തിക സഹായം ലഭ്യമാക്കി വിദ്യാലയാന്തരീക്ഷം ആകർഷകമാക്കാനും, ആവശ്യമായ അടിസ്ഥാന
സൗകര്യങ്ങൾ ഒരുക്കാനും ഇതിനകം സാധിച്ചു.ഇത് സ്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റി.
നാലു ക്ലാസ്മുറികളും സ്മാർട്ട് ആയതോടെ  ഐ.സി.ടി സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തിഗണിത ലാബും പഠനപ്രവർത്തനങ്ങൾക്ക് ഏറെ സഹായകമാകും. സർവ്വശിക്ഷ അഭിയാന്റെ സഹായത്തോടെ നിർമ്മിച്ച മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ പുറം വാതിൽ പഠനം കൂടുതൽ കാര്യക്ഷമമാകും...
കാര്യങ്ങൾ ഇത്രയുമായപ്പോൾ
അധ്യാപകർ  കുട്ടികളെ അന്വേഷിച്ച് അങ്ങോട്ടു പോകാതെ അഡ്മിഷനു വേണ്ടി സ്കൂൾ അന്വേഷിച്ച്  രക്ഷിതാക്കൾ ഇങ്ങോട്ടു വരുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ 'ഗവ: എൽ.പി.സ്കൂൾ കൂലേരി 'എന്ന ഈ പൊതു വിദ്യാലയം. ഈ വർഷം ഒന്നാ ക്ലാസ്സിലേക്ക് 33 കുട്ടികൾ ഇതിനകം ചേർന്നു കഴിഞ്ഞു.
2, 3, 4 ക്ലാസ്സുകളിലേക്ക് അൺ എയിഡഡ് വിദ്യാലയങ്ങൾ വിട്ട് കുറച്ചു കുട്ടികൾ കൂടി എത്തുമെന്നും മാഷ് പ്രതീക്ഷിച്ചു. അത് യാഥാര്‍ഥ്യമായി 16 വർഷത്തിനു ശേഷം കൂലേരിയിലെ കുട്ടികളുടെ എണ്ണം ഇക്കുറി 101ൽ എത്തി!
2 കുട്ടികളുമായി ആനാദായപ്പട്ടികയിൽ  ഇടം പിടിച്ച് അടച്ചു പൂട്ടലിന്റെ  വക്കോളമെത്തിയ ഈ സർക്കാർ  വിദ്യാലയത്തിന്റെ ഉയർത്തെഴുന്നേൽപ്പ് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകർക്കെല്ലാം ആവേശം പകരുന്നതാണ്.അതുകൊണ്ടുതന്നെയാണ്
കൂലേരി സ്കൂളിനെ തെരഞ്ഞെടുത്തത്.
നാലാം തരം വിട്ടിറങ്ങുന്ന മുഴുവൻ കുട്ടികളെയും എല്ലാ പഠന നേട്ടങ്ങളുടെയും  അവകാശികളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഒരു കുട്ടിയും പിന്നിലാവാത്ത വിദ്യാഭ്യാസത്തിനുള്ള പുതിയ വർഷത്തെ കർമ്മ പരിപാടികൾ പ്രവേശനോത്സവ വേദിയിൽത്തന്നെ  അവതരിപ്പിച്ചാണ് കൂലേരിയിലെ അധ്യാപകരും, പി.ടി., എം.പി.ടി.എ കമ്മറ്റികളും വിദ്യാലയ വികസന സമിതിയും മുന്നോട്ട് പോകുന്നത്. പ്രവേശനോത്സവ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് വി.പി.ഫൗസിയ വിദ്യാലയത്തിന്റെ അക്കാദമിക മികവിനെ പ്രകീർത്തിക്കുകയും പുതുവർഷത്തിൽ എല്ലാ വിധ പിന്തുണ വാഗ്ദാനം നൽകുകയും ചെയ്തിട്ടുണ്ട്..

Wednesday, June 1, 2016

ഇത് രക്ഷിതാക്കളുടെ വിശ്വസ്തവിദ്യാലയമായിരിക്കും

മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ടാഗോര്‍ മെമ്മോറിയല്‍ സ്കൂളില്‍ പ്രവേശനോത്സവ ചടങ്ങിനു ശേഷം വളരെ പ്രധാനപ്പെട്ട ഒരു അക്കാദമിക പ്രവര്‍ത്തനം നടന്നു. ഒന്നാം ക്ലാസിലെ നൂറു രക്ഷിതാക്കള്‍ ഒന്നാം മാസത്തെ പഠനനേട്ടങ്ങള്‍ അടങ്ങിയ വളരുന്ന ഫയല്‍ അധ്യാപകരില്‍ നിന്നും ഏറ്റു വാങ്ങി. പഠനനേട്ടങ്ങള്‍ രക്ഷിതാക്കള്‍ക്ക് വിശദീകരിച്ചുകൊടുക്കുക എന്നതായിരുന്നു എന്റെ ചുമതല. അവര്‍ക്ക് ഉപയോഗിക്കാവുന്ന ചെക്ക് ലിസ്ററാണിത്. കുട്ടി ഈ കഴിവ് ആര്‍ജിച്ചോ എന്ന് പരിശോധിക്കാം. ഓരോന്നിനും നേരെ അത് കുട്ടി നേടിയെങ്കില്‍ ശരിയടയാളം നല്‍കി വേണം അടുത്തമാസത്തെ ക്ലാസ് പി ടി എയില്‍ വരാന്‍. അധ്യാപകര്‍ പറഞ്ഞു . എല്ലാ കുട്ടികളും എല്ലാ പഠനനേട്ടവും ആര്‍ജിച്ചിരിക്കും ഉറപ്പ്. നിങ്ങള്‍ നിരാശപ്പെടില്ല.വളരെ ആവേശത്തോടെയാണ് രക്ഷിതാക്കള്‍ ഈ ഫയല്‍ രീതിയെ ഉള്‍ക്കൊണ്ടത്. അക്കാദമിക മോണിറ്ററിംഗിന്റെ ജനകീയ രൂപമാണ് മാരാരിക്കുളത്തെ അധ്യാപികമാര്‍ വികസിപ്പിക്കുന്നത്. അടുത്ത ക്ലാസ് പി ടി എയില്‍ തെളിവുകള്‍ വെച്ച് ഓരോ കുട്ടിയുടെയും നിലവാരം അവതരിപ്പിക്കും. ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ ഉണ്ടാകും. കുട്ടികളുടെ പ്രകടനങ്ങളും. അന്നേ ദിവസം ജൂലൈ മാസത്തെ പഠനനേട്ടങ്ങളുടെ ലിസ്റ്റ് പരിചയപ്പെടുത്തും. അവധിക്കാലത്ത് രണ്ട് റസിഡന്‍ഷ്യല്‍ ശില്പശാലകളാണ് ഈ വിദ്യാലയം നടത്തിയത്.സംസ്ഥാനതല ശില്പശാലകള്‍ തന്നെ. രണ്ടാമത്തെ ശില്പശാലയിലാണ് പഠനനേട്ടങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയത്. ഒന്നാം ക്ലാസിലെ മൂന്നു ടേമിലെയും പഠനനേട്ടങ്ങളും അന്താരാഷ്ട്ര പാഠ്യപദ്ധികളും പരിഗണിച്ചിട്ടുണ്ട്. ഗണിതത്തില്‍ സ്പൈറലിംഗ് സാധ്യത ആരാഞ്ഞതിനാല്‍ സമയവും രൂപയും രൂപങ്ങളും എല്ലാം കടന്നു വന്നു ( ഇപ്പോള്‍ ആദ്യത്തെ മാസം കാര്യമായ ഗണിതാശയങ്ങള്‍ ഇല്ല തന്നെ. പ്രീപ്രൈമറി തലത്തിലുളളവയാണ് പലതും. ബാലകൈരളി കടന്നു വന്ന മാരാരിക്കളത്തെ കുട്ടികളുടെ പഠനാവശ്യങ്ങള്‍ അഭിസംബോധന ചെയ്യുവിധം അനുയോജ്യവത്കരണം നടത്തിയിട്ടുണ്ട്) പഠനനേട്ടങ്ങള്‍ ഉദാഹരണ സഹിതം , ആവശ്യമായ വിശദീകരണത്തോടെ പരമാവധി വ്യക്തത വരുത്തിയാണ് നല്‍കിയിരിക്കുന്നത്. പാഠപുസ്തകത്തെക്കാള്‍ പഠനനേട്ടങ്ങള്‍ക്കാവും ഊന്നല്‍. ആവശ്യമായ പഠനസാമഗ്രികള്‍ വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്.ഇന്നത്തെ ദിവസം ( പ്രവേശനോത്സവ ദിനം) ഈ വിദ്യാലയത്തില്‍ ഗവേഷണാത്മകമായ ഇടപെടലിന് അധ്യാപകര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെ അഭിമാനം. ( ഇന്ന് രക്ഷിതാക്കള്‍ക്ക് നല്‍കിയ പഠനേട്ടങ്ങളുടെ ലിസ്റ്റും കുറിപ്പും ചുവടെ നല്‍കുന്നു. )



കലവൂര്‍ ടാഗോര്‍മെമ്മോറിയല്‍ എല്‍ പി സ്കൂള്‍
പ്രീതിക്കുളങ്ങര

വീടൊരുക്കവും വിലയിരുത്തലും
ജൂണ്‍ 2016

പ്രിയപ്പെട്ട രക്ഷിതാക്കളേ,

നമ്മുടെ വിദ്യാലയത്തിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ മുഖ്യധാരാമാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് കേരളം മുഴുവന്‍ അറിയിച്ചുകൊണ്ടിരിക്കുന്നത്. ഈ വിദ്യാലയത്തിലെ ഓരോ പ്രവര്‍ത്തനവും കണ്ടു പഠിക്കാന്‍
വിവിധ ജില്ലകളില്‍ നിന്നും വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വന്നുകൊണ്ടിരിക്കുന്നു എന്നത് നമ്മുക്കോരോരുത്തര്‍ക്കും അഭിമാനകരമാണ്. ഈ സാഹചര്യത്തില്‍ പ്രീതിക്കുളങ്ങര ടാഗോര്‍ മെമ്മോറിയല്‍ സ്കൂളിലെ രക്ഷിതാക്കള്‍ കേരളത്തിനാകെ മാതൃക സൃഷ്ടിക്കേണ്ടവരാണ് എന്നു നാം തിരിച്ചറിയുന്നു. ഈ സ്കൂളില്‍ പ്രവേശിക്കപ്പെട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉന്നതനിലവാരമുളള പഠനം ഉറപ്പാക്കുന്നതിന് രക്ഷിതാക്കളുടെ സജീവമായ ഇടെപടലും പിന്തുണയും ആവശ്യമാണ്

വേറിട്ട ക്ലാസ് പി ടി എ

  • എല്ലാ മാസവും 100% രക്ഷിതാക്കളും പങ്കെടുക്കുന്ന ക്ലാസ് പി ടി എ നാം ലക്ഷ്യമിടുന്നു
  • ഓരോ ക്ലാസ് പി ടി എയിലും അടുത്ത മാസം കുട്ടികള്‍ ആര്‍ജിക്കേണ്ട പഠനശേഷികളുടെ അച്ചടിച്ച ലിസ്റ്റ് രക്ഷിതാക്കള്‍ക്ക് കൈമാറും
  • എല്ലാ വിഷയങ്ങളിലും ലക്ഷ്യമിട്ട പഠനശേഷി സ്വന്തം കുട്ടി നേടിയിട്ടുണ്ടോ എന്നു പരിശോധിക്കുവാന്‍ ഈ ലിസ്ററ് സഹായകമാണ്.
  • രക്ഷിതാക്കള്‍ക്ക് മനസിലാകും വിധം പഠനശേഷികള്‍ വിശദീകരിച്ച് നല്‍കുന്നതിനാല്‍ കുട്ടിയെ വീട്ടിലും സഹായി ക്കാനാകും.
  • നല്‍കിയ പഠനശേഷിപ്പട്ടിക പ്രകാരം കുട്ടികള്‍ എത്രമാത്രം കഴിവു നേടി എന്ന് തെളിവു സഹിതം അടുത്ത ക്ലാസ് പി ടി എയില്‍ പങ്കിടും. ( കുട്ടികളുടെ രചനകള്‍ പരിശോധിക്കല്‍, തത്സമയപ്രകടനങ്ങള്‍, അധ്യാപകരുടെ വിലയി രുത്തില്‍ കുറിപ്പുകള്‍, ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ പങ്കിടല്‍ തുടങ്ങി രക്ഷിതാക്കള്‍ക്ക് ബോധ്യപ്പെടും വിധമാ യിരിക്കും അവതരണം.
  • കുട്ടിയുടെ പഠനനേട്ടങ്ങള്‍ മനസിലാക്കാനും തടസ്സങ്ങള്‍ മറികടക്കാനും സഹായകമായ പ്രതിമാസ ക്ലാസ് പി ടി എയില്‍ മുടങ്ങാതെ പങ്കെടുത്താല്‍ മാത്രമേ സ്വന്തം കുട്ടിയുടെ പഠനനിലവാരം ആഗ്രഹിക്കുന്ന രീതിയില്‍ എത്തിക്കാനാകൂ.

വീടൊരുക്കം

  • പഠിക്കുന്ന കുട്ടിയുടെ വീട് പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതാകണം
  • ഓരോ ദിവസവും ക്ലാസില്‍/ സ്കൂളില്‍ നടന്ന കാര്യങ്ങള്‍ കുട്ടികളോട് ചോദിക്കണം. വിശദീകരിക്കുവാന്‍ ആവശ്യ പ്പെടണം
  • വീട്ടില്‍ വെച്ച് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അന്വേഷിക്കണം. ആവശ്യമെങ്കില്‍ സഹായി ക്കണം. കുട്ടി തന്നെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണം.
  • അധ്യാപികയുടെ കുറിപ്പുകള്‍ നോട്ട് ബുക്കിലുണ്ടാകും . അതു പ്രകാരം കുട്ടി പ്രവര്‍ത്തിക്കുന്നുെന്ന് ഉറപ്പുവരുത്തണം
  • പുസ്തകങ്ങള്‍ വായിച്ചുകൊടുക്കണം. അതിന്റെ ഉളളടക്കത്തെക്കുറിച്ച് ചര്‍ച്ച നടത്തണം.
  • പത്രത്തില്‍ വരുന്ന ചിത്രങ്ങള്‍, കുട്ടി അറിയേണ്ട വിശേഷങ്ങല്‍ ഇവ കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തണം. പത്രം വായിക്കാന്‍ പ്രചോദിപ്പിക്കണം.
  • ബാലമാസികകളും ചിത്രകഥകളും വായിക്കുന്നത് തെറ്റല്ല. വായനയുടെ ലോകത്തേക്കുളള ആദ്യപടിയാണത്. പാഠപുസ്തകത്തിനു പുറത്തുളള വായനാസാമഗ്രികള്‍ കുട്ടി പരിചയപ്പെടേണ്ടതുണ്ട്
  • സംശയങ്ങള്‍ ഉന്നയിക്കുന്നതിനെ പ്രോത്സാഹിപ്പിക്കണം. എന്തുകൊണ്ട്? എങ്ങനെ? തുടങ്ങിയ ചോദ്യങ്ങള്‍ കുട്ടി ഉന്നയിച്ചാല്‍ അതിന് ഉത്തരം കണ്ടെത്തിക്കൊടുക്കണം.
  • കുട്ടിയുടെ നോട്ട് ബുക്ക്, പുസ്തകം എന്നിവ ആകര്‍ഷകമായി സൂക്ഷിക്കുവാന്‍ പ്രോത്സാഹനം നല്‍കണം
  • അധ്യാപികയുമായി ആശയവിനിമയം നടത്തി കുട്ടിയുടെ മികവുകളും കൂടുതല്‍ മെച്ചപ്പെടേണ്ട മേഖലകളും മനസിലാക്കി സഹായിക്കണം
  • കുട്ടിയുടെ സര്‍ഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കണം.
  • കുട്ടികളുടെ കഴിവു വളര്‍ത്താനും അവ പ്രകടിപ്പിക്കാനും ലഭിക്കുന്ന ഒരു അവസരവും പാഴാക്കരുത്.
  • ആയിരം പഠനമണിക്കൂര്‍ കുട്ടിയുടെ അവകാശമാണ്. അതിനാല്‍ത്തന്നെ മുടങ്ങാതെ വിദ്യാലയത്തിലെത്തുന്നു ഏന്നുറപ്പു വരുത്തണം

ചുവടെ നല്‍കിയിരിക്കുന്ന പഠനശേഷികളാണ് കുട്ടി ഓരോ വിഷയവുമായി ബന്ധപ്പെട്ട് ജൂണ്‍മാസം നേടേണ്ടത്. അവ നേടുന്ന മുറയ്ക് ബാധകമായ കോളത്തില്‍ ശരിയടാളം നല്‍കുക. മാസാവസാനം ക്ലാസ് പി ടി എയ്ക് വരുമ്പോള്‍ ഈ പരിശോധനാപ്പട്ടിക കൂടി പൂരിപ്പിച്ച് കൊണ്ടുവരണം

ഭാഷയിലെ പഠനനേട്ടങ്ങള്‍

  1. ചിത്രങ്ങള്‍ വ്യാഖ്യാനിച്ച് കണ്ടെത്തിയ കാര്യങ്ങള്‍ നാലോ അഞ്ചോ ലഘുവാക്യങ്ങളില്‍ വാചികമായി വിവരിക്കുന്നു . വിശകലനാത്മക ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നു
  2. ആവര്‍ത്തിച്ചു വരുന്ന പദങ്ങള്‍, കഥാപാത്രങ്ങളുടെ പേരുകള്‍, താളാത്മകമായ പദങ്ങള്‍, മനസില്‍ തങ്ങി നില്‍ക്കുന്ന ക്രിയാപദങ്ങള്‍ ,പ്രയോഗങ്ങള്‍ എന്നിവ വാക്യത്തില്‍ നിന്നും ഒറ്റയായി നില്‍ക്കുമ്പോഴും തിരിച്ചറിയുന്നു, വായിക്കുന്നു ( വീട് നല്ല വീട്, തത്ത തത്തി വന്നു, പാറി പാറി, കണ്ടു, വന്നു, താര, അരി, വിതറി, കോഴി, കൂട്, പമ്മി പമ്മി..)
  3. സമാന താളം, ഘടന എന്നിവ പാലിച്ച് പദങ്ങള്‍ ഉചിതമായ സ്ഥാനത്ത് ചേര്‍ത്ത് ലളിതമായ കവിതകള്‍ പൂരിപ്പിച്ച് പൂര്‍ണമാക്കുന്നു ( വീട് നല്ല വീട് എന്റെ സ്വന്തം വീട്, എന്തു നല്ല വീട് എന്നതു പോലെ, പൂവ് നല്ല പൂവ്, പൂച്ച നല്ല പൂച്ച....)
  4. കവിതകള്‍ താളത്തില്‍ ഏറ്റു ചൊല്ലി ആസ്വദിക്കുന്നു,
  5. ആസ്വദിച്ച കവിതകള്‍ മറ്റുളളവര്‍ക്കു മുമ്പാകെ അവതരിപ്പിക്കുന്നു
  6. സഹായത്തോട ലഘു വാക്യങ്ങളെഴുതുന്നു. (തത്ത വന്നു, കാക്ക പാറി.... )
  7. കഥകള്‍ , കവിതകള്‍ എന്നിവ കേട്ട് ആസ്വദിക്കുന്നു.
  8. ആസ്വദിച്ച കഥകള്‍ ഉച്ചാരണവ്യക്തതയോടെ അവതരിപ്പിക്കുന്നു.
ചിത്രകലയിലെ പഠനനേട്ടങ്ങള്‍
  1. ശയങ്ങളും അനുഭവങ്ങളും നിറച്ചേരുവ, സൂക്ഷ്മമായ വിന്യാസം, അനുപാതം, പൂര്‍ണത എന്നിവ പരിഗണിച്ച് തനിമയോടെ ക്രയോണ്‍സ് ഉപയോഗിച്ച് ചിത്രീകരിക്കുന്നു (വീട്, കുടുംബം) -
  2. കേട്ട കഥകളെയും കവിതകളെയും ആസ്പദമാക്കി ചിത്രം വരയ്കുന്നു.
പരിസരപഠനത്തിലെ പഠനനേട്ടങ്ങള്‍
  1. ലിസ്റ്റ് വായിച്ച് സവിശേഷതകള്‍ പരിഗണിച്ച് തരം തിരിക്കുന്നു ( നടന്നു വന്നവര്‍, പറന്നു വന്നവര്‍)
  2. ശരിയായ ബന്ധങ്ങള്‍ കണ്ടെത്തി വരച്ചു യോജിപ്പിക്കുന്നു ( ജീവി, പാര്‍പ്പിടം)
  3. വീട്ടിലെ ഓരോ മുറിയുടെയും ഉപയോഗം വിശദീകരിക്കുന്നു
  4. വീട്ടുപകരണങ്ങളുടെ വൈവിധ്യവും ഉപയോഗവും പ്രാധാന്യവും മറ്റു സവിശേഷതകളും വിശദമാക്കുന്നു
  5. വീടിന്റെ മേല്‍ക്കൂര, തറ, ചുമര് എന്നിവയുടെ പ്രത്യേകതകളും പ്രയോജനവും കാര്യകാരണസഹിതം വ്യക്തമാക്കുന്നു
  6. വാതിലുകളുടെയും ജനാലകളുടെയും പ്രത്യേകതയും ആവശ്യവും തിരിച്ചറിയുന്നു.
  7. മനുഷ്യനുമാത്രമല്ല വീടുകള്‍ എന്നു തിരിച്ചറിയുന്നു.
  8. പക്ഷികളുടെ കൂടുകളുടെ പ്രത്യേകതകള്‍ അന്വേഷിച്ചറിയുന്നു . പക്ഷികള്‍ക്ക് സ്ഥിരമായി പാര്‍ക്കാനുളളതല്ല അവയെന്നു തിരിച്ചറിയുന്നു
  9. വീടിന്റെ ഉപയോഗം വ്യക്തമാക്കുന്നു
പ്രവൃത്തിപരിചയത്തിലെ പഠനനേട്ടങ്ങള്‍
  1. വിവിധതരം പാര്‍പ്പിടങ്ങളുടെ ചിത്രം ശേഖരിക്കുന്നു. ആല്‍ബം തയ്യാറാക്കുന്നു. പാര്‍പ്പിടപ്പതിപ്പ്.അടിക്കുറിപ്പെഴുതുന്നു.
  2. ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് വീട് നിര്‍മിക്കുന്നു ( കടലാസ്, ഈര്‍ക്കില്‍, കൂടുകള്‍...) നിര്‍മാണ പ്രോജക്ട്.
ഗണിതത്തിലെ പഠനനേട്ടങ്ങള്‍
  1. ഒന്നിലധികം വസ്തുക്കളുടെ വലുപ്പം ഗണിതപരമായി താരതമ്യം ചെയ്യുന്നു. (വണ്ണം, നീളം, ഉയരം, വീതി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വലുപ്പം എന്ന ആശയത്തെ വിശദീകരിക്കുന്നു.)
  2. നീളം, അകലം, ദൂരം,ഉയരം എന്നിവയെ ഒരു ആരംഭസ്ഥാനത്തെ ആധാരമാക്കി വിശദീകരിക്കുന്നു. ( നീളം കൂടിയത്, കൂടുതല്‍ ദൂരത്തിലുളളത്, അടുത്തുളളത്, ഏറ്റവും അടുത്തുളളത്, തൊട്ടടുത്തുളളത്, ഉയരം- ആള്‍ പൊക്കം, മരത്തോളം ഉയരം, കെട്ടിടത്തോളം ഉയരം....ബഞ്ചുകള്‍ തമ്മിലുളള അകലം)
  3. അകത്ത്/ പുറത്ത്, മുകളില്‍/ താഴെ, വലത്ത് / ഇടത്ത്, മുന്നില്‍/ പിന്നില്‍, ആരംഭസ്ഥാനത്തെ ആധാരമാക്കി വിശദീകരിക്കുന്നു.
  4. രണ്ടു കൂട്ടത്തിലുളള വസ്തുക്കളുടെ എണ്ണത്തെ ഒറ്റ നോട്ടത്തിലും ഒന്നിനൊന്നു പൊരുത്തപ്പെടുത്തിയും കൂടുതല്‍ കുറവ് കണ്ടെത്തി പറയുന്നു. ചിത്രീകരിക്കുന്നു ( അഞ്ചില്‍ താഴെയുളള വസ്തുക്കള്‍)
  5. ഒന്നു മുതല്‍ അഞ്ചുവരെ സംഖ്യകളെ തിരിച്ചറിയുന്നു.എണ്ണുന്നു. എഴുതുന്നു
  6. അഞ്ചുവരെയുളള എണ്ണത്തെ പകുതി, തുല്യം, കൂടുതല്‍, കുറവ്, സമം എന്നിങ്ങനെ വിശദീകരിക്കുന്നു.
  7. ഫൈവ് ഫ്രെയിമില്‍ ഗണിതക്രിയകള്‍ ചിത്രീകരിക്കുന്നു.
  8. ഒരു രൂപ, രണ്ടു രൂപ, അഞ്ചുരൂപ നാണയങ്ങള്‍ തിരിച്ചറിയുന്നു.
  9. രണ്ടു രൂപയും ഒരു രൂപയും ഉപയോഗിച്ച് വിവിധതരത്തില്‍ അഞ്ചുരൂപയുടെ ചില്ലറയാക്കി പ്രദര്‍ശിപ്പിക്കുന്നു
  10. ക്ലോക്കില്‍ നിന്നും സമയം കണ്ടെത്തുന്നു .
  11. പകുതി എന്ന ആശയത്തെ വിവിധ സന്ദര്‍ഭങ്ങളുമായി ബന്ധപ്പെടുത്തി മനസിലാക്കുന്നു ( രാവും പകലും, കുപ്പിയിലെ വെളളം, നീളത്തിന്റെ പകതി, വസ്തുക്കളുടെ പകുതി, ( ഇല)
  12. പകുതിയാക്കാന്‍ പറ്റുന്ന സംഖ്യകളും അല്ലാത്തവയും വസ്തുക്കള്‍ വെച്ച് കണ്ടെത്തി വിശദീകരിക്കുന്നു.( 2,4/3,5 )
  13. രൂപങ്ങളെ മൂന്നു വശമുളളവ, നാലു വശമുളളവ എന്നിങ്ങനെ തിരിച്ചറിയുന്നു. (2,4)
  14. വശങ്ങള്‍ ,മൂലകള്‍ എന്നിവ സംബന്ധിച്ച് നിരീക്ഷണഫലങ്ങള്‍ അവതരിപ്പിക്കുന്നു
  15. നാലു വശം, മൂന്നു വശം ഇവയുളള രൂപങ്ങള്‍ ഉപയോഗിച്ച് ചിത്രം വരയ്കുന്നു
  16. അഞ്ചുവരെയുളള സംഖ്യാബന്ധം ( whole, part) ചിത്രീകരിക്കുന്നു ( 5=2+3, 5=3+2,)
  17. പ്രശ്നപരിഹരണപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു ( ഉദാ, രണ്ടു വ്യത്യസ്തമായ പാത്രങ്ങളില്‍ ജലം. ഏതിലാണ് കൂടുതല്‍? ചുരുട്ടിയ നൂല് , വലിച്ചുകെട്ടിയ നൂല്. ഏതിനായിരിക്കും നീളക്കൂടുതല്‍? രണ്ടു കൂട്ടങ്ങള്‍. ഏതിലാണ് കൂടുതല്‍?)



വിദ്യാര്‍ഥിയുടെ പേര് ......................................................................
ക്ലാസ് ഒന്ന്
ഡിവിഷന്‍ ..................
രക്ഷിതാവിന്റെ പേരും ഒപ്പും
...................................................................................................................................................
എല്ലാ ക്ലാസുകളിലും ഇതേ പോലെ രക്ഷിതാക്കളുടെ വിലയിരുത്തലുണ്ടാകും. രണ്ട്, മൂന്ന് , നാല് ക്ലാസുകളില്‍  പ്രീടെസ്റ്റ് ഫലം കൂടെ ഉള്‍പ്പെടുത്തിയ പ്രഥമക്ലാസ് പി ടി എ അടുത്താഴ്ച നടക്കും. രക്ഷിതാക്കളുടെ നേതത്വത്തിലുളള വായനാസാമഗ്രി നിര്‍മാണ ശില്പശാല ജൂണ്‍ പതിനൊന്നിന്

(അടുത്ത ലക്കത്തില്‍ സ്കൂളിന്റെ സ്വന്തം വായനാസാമഗ്രികള്‍.)

Friday, October 2, 2015

ഇഗ്ലീഷ് മീഡിയത്തിന്റെ വ്യാപനവും ഇന്ത്യയിലെ പൊതുവിദ്യാലയങ്ങളും


1835 ല്‍ നിന്നും 2035 ലേക്കുളള വിദ്യാഭ്യാസ ദൂരം എന്തായിരിക്കും? ഇനിയും ഇരുപത് വര്‍ഷത്തിനു ശേഷം എന്തു സംഭവിക്കും എന്ന ഇപ്പോഴേ ആലോചിക്കണമോ എന്നു ചോദിച്ചേക്കാം. പ്രവണതകളിങ്ങനെയെങ്കില്‍ എന്തു സംഭവിക്കുമെന്ന് പ്രവചനങ്ങള്‍ നടത്തുന്നത് ചില മുന്‍കരുതലുകള്‍ എടുക്കാന്‍ സഹായിക്കും.1835 ഫെബ്രുവരി രണ്ടിനാണ് പ്രസിദ്ധമായ മെക്കാളെ മിനിറ്റ്സ്. അതേ വര്‍ഷം മാര്‍ച്ച് ഏഴിന് വില്യം ബന്റിക് വിദ്യാഭ്യാസ നയവും പ്രഖ്യാപിച്ചു. ഇന്ത്യാക്കാരെ ഇഗ്ലീഷ്ബോധനമാധ്യമത്തില്‍ പഠിപ്പിക്കാനുളള തീരുമാനം.
മഹാത്മാഗാന്ധി മാതൃഭാഷയില്‍ പഠിക്കണമെന്ന ആശയം അവതരിപ്പിച്ചു. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഓരോന്നായി പ്രസംഗങ്ങളിലും ബാഹ്യാവരണത്തിലും മാത്രമായി പരിമിതപ്പെടുത്തി ആദര്‍ശഹത്യ നടത്തുന്ന അഭിനവ ഗോഡ്സേമാരായി നടത്തിപ്പുകാര്‍ മാറുന്നതും നാം കാണുന്നു. ഗാന്ധിയോ മെക്കാളെയോ വിജയിക്കുക എന്ന ചോദ്യമാണ് 1835 ല്‍ നിന്നും 2035 ലേക്കുളള വിദ്യാഭ്യാസ ദൂരം ഉന്നയിക്കുക.

1,652 ഭാഷകളുളള രാജ്യമാണ് ഇന്ത്യ.അതില്‍ 47 ഭാഷകള്‍ മാത്രമാണ് ബോധനമാധ്യമമായി ഉപയോഗിക്കുന്നത്. ഈ ഭാഷകള്‍ ഓരോന്നായി വിദ്യാലയങ്ങളില്‍ നിന്നും പടിയിറങ്ങുകയാണ്. കേന്ദ്ര ഏജന്‍സിയുടെ കണക്കുകള്‍ ( മാനവ വിഭവശേഷീ വികസന മന്ത്രാലയത്തിനു കീഴിലുളള National University of Education Planning and Administration ക്രോഡീകരിച്ച District Information System for Education (DISE) ) അപഗ്രഥിച്ച് ദേശീയ മാധ്യമങ്ങള്‍ പങ്കിട്ട ചില കാര്യങ്ങള്‍ ചുവടെ നല്‍കുന്നു.

Friday, June 13, 2014

ശിവദാസന്‍നായര്‍ എംഎല്‍എയും മലയാളം മീഡിയവും തമ്മിലെന്ത്?



(02-Jun-2014 നു ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയാണിത്.ഇടതുപക്ഷ പത്രം വിരുദ്ധരാഷ്ട്രീയപ്രസ്ഥാനത്തിലെ പ്രധാനവ്യക്തിയെ മാനിച്ച് എഴുതിയ ഈ കുറിപ്പ് ആദ്യം വായിക്കൂ)



"സ്വന്തം ലേഖകന്‍ പത്തനംതിട്ട: ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആറന്മുളയെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് കോണ്‍ഗ്രസ് നേതാവായ അഡ്വ. കെ ശിവദാസന്‍ നായര്‍. ഭരണകക്ഷി എംഎല്‍എ എന്നനിലയില്‍ സര്‍ക്കാരിന്റെ ഏത് നയങ്ങളെയും പിന്തുണയ്ക്കാന്‍ ബാധ്യതപ്പെട്ടയാള്‍. ഒരു പടികൂടി കടന്ന് സര്‍ക്കാരിന്റെ വക്താവിനെപ്പോലെ പ്രവര്‍ത്തിക്കുന്നയാളും. എന്നാല്‍ മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ശിവദാസന്‍ നായരുടെ നയം വേറെയായിരുന്നു. ഭാര്യ പ്രൊഫ. ലളിതമ്മയ്ക്കും ആ നയത്തോടായിരുന്നു യോജിപ്പ്. ഇവരുടെ മകള്‍ എസ് അശ്വതി ഇപ്പോള്‍ ഒറിസയില്‍ സാമൂഹ്യക്ഷേമ ഡയറക്ടറായ ഐഎഎസ് ഉദ്യോഗസ്ഥയാണ്. വീട്ടില്‍ കല്യാണിയെന്നും ശിവദാസന്‍ നായര്‍ "കല്ലൂ" എന്നും ഓമനിച്ചു വിളിക്കുന്ന അശ്വതി പഠിച്ചതെല്ലാം മളയാളം മീഡിയത്തില്‍. ആറന്മുളയില്‍ നിന്ന് ബസ് കയറി ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് ഹൈസ്കൂളില്‍, കേരള സിലബസില്‍, മലയാളം മീഡിയത്തില്‍ പഠിക്കുമ്പോള്‍ ഐഎഎസ്കാരിയാകുമെന്ന പ്രതീക്ഷയൊന്നും അശ്വതിക്കുമുണ്ടായിരുന്നില്ല. പത്തനംതിട്ടയില്‍ അഭിഭാഷകനായിരിക്കെ കാര്‍ഷിക വികസന ബാങ്കിന്റെയും ഡിസിസിയുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ച ശിവദാസന്‍ നായര്‍. യുജിസി നിലവാരത്തില്‍ ശമ്പളം കൈപ്പറ്റുന്ന പരുമല ദേവസ്വം ബോര്‍ഡ് കോളേജിലെ പ്രൊഫസറായ ലളിതമ്മ. ഈ ഒരു പശ്ചാത്തലത്തില്‍ അശ്വതിയെ ഏതെങ്കിലും വമ്പന്‍ സ്കൂളില്‍ സിബിഎസ്സി/ഐസിഎസ്ഇ സിലബസില്‍ പഠിപ്പിക്കാന്‍ മാര്‍ഗമില്ലാത്തവരുമല്ല. പക്ഷേ അവരുടെ നയപരമായ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു അശ്വതിയുടെ ഉയര്‍ച്ചകള്‍. നാട്ടുമ്പുറത്തെ സാധാരണക്കാരിയായി, ബസില്‍ യാത്ര ചെയ്ത്, കാഴ്ചകളില്‍ നിന്ന് സമൂഹത്തെ അറിഞ്ഞ്, അനുഭവങ്ങള്‍ നേടിയതാണ് തന്റെ വിജയങ്ങളുടെ രഹ്യമെന്ന് അശ്വതിയും തുറന്നു സമ്മതിക്കും.

ആ മാതൃക എന്തുകൊണ്ട് മലയാളി സ്വീകരിക്കുന്നില്ല എന്ന ചോദ്യമുയരുമ്പോഴാണ് വിദ്യാഭ്യാസത്തോടും വിദ്യാലയങ്ങളോടുമുള്ള മലയാളിയുടെ "നയ വ്യതിയാനം" മനസിലാകുന്നത്. ഇംഗ്ലീഷ് മാത്രം സംസാരിക്കുകയും അതനുസരിച്ചില്ലെങ്കില്‍ ഫൈന്‍ ഈടാക്കുകയും ചെയ്യുന്നതാണ് മികച്ച വിദ്യാഭ്യാസത്തിന്റെ "യൂണിവേഴ്സിറ്റി" എന്ന് തെറ്റായി ധരിച്ചുപോയ മലയാളി അതിന്റെ കുടുക്കിലാണിപ്പോള്‍. ഇക്കാര്യത്തില്‍ സമ്പന്നനെന്നോ, ഇടത്തരക്കാരനെന്നോ,സാധാരണക്കാരനെന്നോ വ്യത്യാസമില്ല. മക്കളെ ഉന്നതങ്ങളിലെത്തിക്കാനാണീ പരിശ്രമങ്ങളെല്ലാം. പക്ഷേ തന്നെ നടക്കാന്‍ ശേഷിയില്ലാത്ത കുട്ടിയോട് "ഉലക്കവിഴുങ്ങാന്‍ നിര്‍ബന്ധിക്കുന്നതിന് തുല്യമാണ്" അത്. സ്കൂളിലെയും ട്യൂഷന്‍ സെന്ററിലെയും കഠിന പരിശീലനത്തിനൊടുവില്‍ യന്ത്രമായി മാറുന്നകുട്ടി സ്വന്തം കുടുംബത്തോടുപോലും ബാധ്യതയില്ലാത്ത അരാഷ്ട്രീയത്തിന്റെ അരാജകാവസ്ഥയിലാണ് ചെന്നുപതിക്കുന്നത്. (എന്തും ചെയ്യാന്‍ മടിക്കാത്ത കുട്ടിക്കുറ്റവാളികളുടെ എണ്ണം പെരുകുന്നതാണ് സമീപകാല വാര്‍ത്തകള്‍). കടം വാങ്ങിയും പട്ടിണികിടന്നും ബ്ലേഡ്കാരില്‍ നിന്ന് വാങ്ങിയുമൊക്കെ ഫീസ് നല്‍കി പത്താം ക്ലാസ് കഴിയുമ്പോഴേക്കും രക്ഷകര്‍ത്താവിന്റെയും നടുവൊടിയും. അപ്പോള്‍ വീണ്ടും തുടര്‍ വിദ്യാഭ്യാസത്തിന് കേരള സിലബസിനെ ആശ്രയിക്കുന്ന സ്ഥിതിയും വര്‍ധിച്ചു വരുന്നുണ്ട്.

മാറേണ്ടത് സിലബസല്ല. മനോഭാവമാണ്. ഇവിടെയാണ് സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ പ്രസക്തി. അവയൊന്നും റിയല്‍ എസ്റ്റേറ്റ്പോലെ ലാഭം കൊയ്യാന്‍ ഉണ്ടാക്കിയവയല്ല. സേവന തല്‍പ്പരതയോടെ അറിവു പകര്‍ന്നു നല്‍കാനും നല്ല വ്യക്തിത്വങ്ങളെ കരുപ്പിടിപ്പിക്കാനും ലക്ഷ്യമിട്ടുള്ളവയായിരുന്നു. അണ്‍ എയ്ഡഡ് പ്രളയത്തില്‍ അവയ്ക്കൊക്കെ പ്രതിസന്ധി നേരിടേണ്ടിവന്നു. എന്നാലും അവയെല്ലാം വിജയത്തിന്റെ കാര്യത്തില്‍ മറ്റാരെയും വെല്ലുവിളിക്കാവുന്ന ഉയര്‍ച്ചയിലാണ്. സര്‍ക്കാര്‍ മേഖലയില്‍ കിസുമം, കട്ടച്ചിറ സ്കൂളുകള്‍ ഫിനിക്സ് പക്ഷിയെപ്പോയൊണ് ഉയര്‍ത്തെഴുനേറ്റത്. സംപൂജ്യ പട്ടികയില്‍പെട്ട് ജില്ലയെ നാണം കെടുത്തിയ ആ വിദ്യാലയങ്ങള്‍ ഇന്ന് അഭിമാനത്തിന്റെ വിജയക്കൊടിയുമായി നിലകൊള്ളുന്നു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അര്‍പ്പണ മനോഭാവത്തിന് ഇനി ഉദാഹരണം തേടി എവിടെയും പോകേണ്ടതില്ല. ജില്ലയില്‍ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളെല്ലാം കാലത്തിനൊത്ത് ഉയരുകയുമാണ്. ഇത് തങ്ങളുടെ നിലനില്‍പ്പിന്റെ കൂടി കാര്യമെന്ന് ബോധ്യപ്പെട്ട് അധ്യാപകര്‍ കൂടുതല്‍ പ്രതിജ്ഞാ ബദ്ധമാകുമ്പോള്‍ നിലവാരത്തില്‍ ഉയര്‍ന്ന നില കൈവരിക്കുകയാണ്. ഇത് വിദ്യാഭ്യാസ കച്ചവടക്കാരെ തെല്ലൊന്നുമല്ല പ്രകോപിതരാക്കുന്നത്

................................................
എന്തുകൊണ്ടാണ് ദേശാഭിമാനിക്ക് ഇടതുപക്ഷ എം എല്‍ എമാരെ ഉദാഹരിക്കാന്‍ കഴിയാതെ പോയത്?
ആ വിടവ് വായനക്കാര്‍ നികത്തണം
കേരളത്തിലെ എല്ലാ എം എല്‍ എ മാരും ജിവിതംകൊണ്ട് പൊതുവിദ്യാലയങ്ങളോട് ചേര്‍ന്നു നില്‍ക്കുകയാണോ?
ഒരു കണക്കു ശേഖരണം ആകാം.
.................................................
മലയാളം അധ്യാപരുടെ ഭാവി മലയാളത്തിന്റേയും
വിദ്യാലയങ്ങളുടെ മുന്നില്‍ ഫ്ലക്സ് ബോര്‍ഡ്. ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് മീഡിയം. ആ വിദ്യാലയങ്ങളില്‍ കുട്ടികള്‍ ഉണ്ട്.എട്ടു കുട്ടികളഉളള ക്ലാസും ഇംഗ്ലീഷ് മീഡീയം. അല്ലെങ്കില്‍ അഴരേയും കിട്ടില്ലെന്നു സ്കൂളധികാരികള്‍. ഈ കുട്ടികള്‍ യു പി കഴിഞ്ഞ് ഏതാനു വര്‍ഷത്തിനു ശേഷം എട്ടാം ക്ലാസ് ഇംഗ്ലീഷ് മീഡിയത്തില്‍ ചേരാന്‍ തുടങ്ങും. അന്നു മുതല്‍ പടയിറങ്ങുന്നവരാകും മലയാളം എച് എസ് എ മാര്‍.മറ്റു വിളയക്കാര്‍ ഭാഷമാറി നിലനിന്നേക്കാം.
1 ഒരു സുഹൃത്തു പറഞ്ഞു: മലയാളം മാഷന്മാരുടെ യോഗത്തില്‍ മക്കളെവിടെ പഠിക്കുന്നുവെന്ന ചോദ്യത്തിനു മൗനമായിരുന്നു മറുപടി എന്ന്.( രണ്ടു രീതിയില്‍ ഇവരുടെ ഉപജീവനമായിരുന്നു പൊതു വിദ്യാഭ്യാസം. തൊഴിലിടം, പിന്നെ മലയാളം. എന്നിട്ടും ഇവരും ജിവിതത്തില്‍ മറുകണ്ടം ചാടി)
2 തൃശൂരിലെ സജി പറഞ്ഞു :ഒരു യുവമലയാളസാഹിത്യകാരി പരസ്യമായി ചോദിച്ചത്രേ അയ്യോ ! എന്റെ കുഞ്ഞിനെ മലയാളം മീഡിയത്തില്‍ ചേര്‍ക്കാനോ? ചിന്തിക്കാനാവുന്നില്ല. എഴുത്തുകാരുടെ കൂറെവിടെ?


3 തിരുവനന്തപുരത്തെ സാംസ്കാരിക പ്രവര്‍ത്തക പറഞ്ഞു :സഹസമരപുരോഗമനക്കാരുടെ പലരുടേയും  മക്കള്‍ കേന്ദ്രീയ വിദ്യാലയത്തിലാണ്. അവര്‍ക്കും മലയാളം വേണ്ട.
4.  മേലേ തലം മുതല്‍ താഴേ തലം വരെയുളള രാഷ്ട്രീയക്കാരുടെ മക്കള്‍ ഏതു മീഡിയത്തിലാണ് പഠിക്കുന്നത്?( ബോധനമാധ്യമത്തില്‍ വലതുപക്ഷവും ഇടതുപക്ഷവുമില്ല!?) 
അപ്പോള്‍ ആര്‍ക്കാണ് മലയാളം വേണ്ടത്? 
.......................................................................
വേണം പുരോഗമനപരീക്ഷണവിദ്യാലയങ്ങള്‍
വെല്ലുവിളി നേരിടുന്ന ഭാഷ, വെല്ലുവിളി നേരിടുന്ന പൊതുവിദ്യാലയങ്ങള്‍
ഈ സാഹചര്യത്തില്‍ ഇംഗ്ലീഷിലും മലയാളത്തിലും കരുത്തുളള നിലവാരമുളള വിദ്യാഭ്യാസം ഇവിടെ ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കും ലഭിക്കുമെന്നു പ്രഖ്യാപിക്കുന്ന 
സമൂഹത്തിന് ഓഡിറ്റ് ചെയ്യാനവസരം നല്‍കാന്‍ വാതില്‍ തുറന്നിടുന്ന
 തെളിയിക്കുന്ന 
പുരോഗമനപരീക്ഷണവിദ്യാലയങ്ങള്‍ വേണ്ടതുണ്ട്.
ചൂണ്ടിക്കാണിക്കാനാവണം
തെളിവുസഹിതം
തയ്യാറുണ്ടോ പുതിയ സമരം തുടങ്ങാന്‍.
 അനുബന്ധം
മാതൃഭാഷയുടെ അപമൃത്യു സ്വപ്നം കാണുന്ന മലയാളികളോട്
മാതൃഭാഷയുടെ അപമൃത്യു സ്വപ്നം കാണുന്ന മലയാളികളോട്

     


    Friday, February 21, 2014

    മലായാളത്തിന്റെ ഭാവി വിദ്യാലയങ്ങളുടേയും


    മാതൃഭാഷയെക്കുറിച്ച് വളരെ ശ്രദ്ധേയമായ ഒരു പുസ്തകം വായിച്ചു. ശ്രീ : കെ.സേതുരാമന്‍ എഴുതിയ മലയാളത്തിന്റെ ഭാവി ഭാഷാ ആസൂത്രണവും മാനവ വികസനവും. മാതൃഭൂമിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. 
    അതിലെ ചില കാര്യങ്ങള്‍ ലോക മാതൃഭാഷാദിനത്തില്‍ പങ്കിടുകയാണ്.
    ഇംഗ്ലീഷിനെ പുണര്‍ന്നു പൊളളിയ രാജ്യമുണ്ട്
    • രണ്ടായിരത്തി രണ്ടില്‍ മലേഷ്യന്‍ സര്‍ക്കാര്‍ ശാസ്ത്രവും ഗണിതവും ഇംഗ്ലീഷില്‍ പഠിപ്പിക്കുന്നതിനു തീരുമാനമെടുത്തു.അതു വരെ പഠനമാധ്യമം മലായ്, ചൈനീസ്,തമിഴ് എന്നിവയായിരുന്നു. ആറുവര്‍ഷക്കാലത്തെ പരീക്ഷണത്തില്‍ നിന്നും അവര്‍ക്കു മനസിലായത് വിദ്യാഭ്യാസത്തിന്റെ നിലവാരം വളരെ താഴാനേ ഈ നടപടി വഴിയൊരുക്കിയുളളൂ എന്നാണ്. 2009 ല്‍ വീണ്ടും പഠനമാധ്യമം മാതൃഭാഷയിലേക്കു കൊണ്ടുവന്നു.
    ഏതു രാജ്യത്താണ് മികച്ചനിലവാരമുളള വിദ്യാഭ്യാസമുളളത്?
    • പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍റ് അസസ്മെന്റ് (PISA),അന്താരാഷ്ട്ര തലത്തില്‍ വിദ്യാഭ്യാസഗുണനലവാരം കണക്കാക്കുന്ന പ്രധാന പരീക്ഷയാണ്. അറുപത്തിയഞ്ചു രാജ്യങ്ങള്‍ പങ്കെടുത്ത 2009 ലെ പരീക്ഷയില്‍ ചൈന, കൊറിയ, ഹോംങ്കോഗ്,ഫിന്‍ലാന്റ്, സിംഗപ്പൂര്‍ എന്നിവയാണ് മുന്നില്‍. ഈ രാജ്യങ്ങളിലെ കുട്ടികള്‍ മാതൃഭാഷയിലാണ് പഠിക്കുന്നത്
    • ഇന്റര്‍നാഷണല്‍ മാത്ത്മാറ്റിക്സ് ആന്‍ഡ് സയന്‍സ് സ്റ്റഡി ആണ് മറ്റൊരു അന്താരാഷ്ട്രപ്പരീക്ഷ.നാലും ഏട്ടും ക്ലാസുകളിലെ കുട്ടികളുടെ ശാസ്ത്രത്തിലും ഗണിതത്തിലുമുളള നിലവാരം ആണ് പരിശോധിക്കുക.2007ല്‍ അമ്പത്തൊമ്പതു രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.കൊറിയ, ജപ്പാന്‍, ഫിന്‍ലാന്റ്,തായ്വാന്‍ എന്നിവ ഉയര്‍ന്ന സ്കോര്‍ നേടി.മാതൃഭാഷയിലെ പഠനം ഈ വിഷയങ്ങളില്‍ കുട്ടികല്‍ക്ക് മുന്നിലെത്തുന്നതിനു തടസ്സമായില്ല.
    • എഡ്യൂക്കേഷണല്‍ ഇനിഷ്യേറ്റീവ് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ മുന്തിയ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളില്‍ നടത്തിയ പഠനത്തില്‍ ഈ വിദ്യാലയങ്ങളിലെ കുട്ടികള്‍ ലോകശരാശരിയിലും താഴെയാണെന്നു കണ്ടെത്തി.(2006)
    • അന്താരാഷ്ട്ര ഗണിത-ശാസ്ത്ര ഒളിമ്പ്യാഡുകളില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളുടെ പ്രകടനം മാതൃഭാഷയിലൂടെ ബോധനം നടത്തുന്ന രാജ്യങ്ങളുടേതിനേക്കാള്‍ പിന്നിലാണ്. ( ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേസ്, ഫിലിപ്പൈന്‍സ് മലേഷ്യ എന്നീ രാജ്യങ്ങളിലെ കുട്ടികള്‍ ഇംഗ്ലീെ,ില്‍ പരീക്ഷ എഴുതി പിന്നിലായപ്പോള്‍ ചൈന,ഇന്തോനേഷ്യ, കൊറിയ, തായ്ലന്റ്, വിയറ്റ്നാം, തായ്വാന്‍ എന്നീ രാജ്യങ്ങളിലെ കുട്ടികള്‍ അവരുടെ മാതൃഭാഷയിലെഴുതി മുന്നിലെത്തി.)
    • 2010 ലെ ഗണിത ഒളിമ്പ്യാഡില്‍ ഉന്നതസ്ഥാനം നേടിയ ആദ്യത്തെ ഇരുപത് രാജ്യങ്ങളിലെ കുട്ടികള്‍ മാതൃഭാഷയില്‍ പഠിച്ചവരും പരീക്ഷ അതേ ഭാഷയിലെഴുതിയവരുമാണ്.
    ഉന്നതവിദ്യാഭ്യാസത്തിനു മാതൃഭാഷ അശക്തമോ?
    കേരളത്തില്‍ പൊതുവേ ആളുകളുടെ വിശ്വാസമാണ് ഉന്നതവിദ്യാഭ്യാസത്തിനു മാതൃഭാഷ പര്യാപ്തമല്ലെന്ന്. അതിനാല്‍ പ്ലസ് ടു മുതല്‍ ആംഗലേയം തന്നെ. എന്താണ് ലോകത്തെ അവസ്ഥ?
    • മെഡിക്കല്‍, എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, നിയമം എന്നീ കോഴ്സുകളില്‍ പഠനമാധ്യമം മാതൃഭാഷയിലുളള നിരവധി രാജ്യങ്ങളുണ്ട്. ചൈനീസ്, സ്പാനിഷ്,പോര്‍ച്ചഗീസ്, ജാപ്പാനീസ്,ജര്‍മന്‍, വിയറ്റ്നാമീസ്,ഫ്രഞ്ച്, കൊറിയന്‍,ഇറ്റാലിയന്‍,ടര്‍ക്കിഷ്,പോളിഷ്, ഉക്രേനിന്‍, മലായ്, പേര്‍ഷ്യന്‍, അസേറി പിന്നെ ഇംഗ്ലീഷ് നാട്ടിലെ അവരുടെ മാതൃഭാഷയും.(ഇന്ത്യയിലെ ഏതു മാതൃഭാഷ ഈ നിലയിലേക്കു പരിഗണിച്ചു? അധമബോധം നയിക്കുന്ന ജനതയും ഭരണകൂടവും!)
    എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
    • ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്കായുളള ആവശ്യം കൂടിക്കൊണ്ടിരിക്കുകയാണ്. 2003-2006 കാലയളവിലാണ് വര്‍ധനയുടെ പ്രവണത കടിയത്. ആന്ധ്രാപ്രദേശില്‍ നൂറുശതമാനം വര്‍ധന. സര്‍ക്കാര്‍ എല്ലാ വിദ്യാലയങ്ങളും ഇംഗ്ലീഷ് മാധ്യമമാക്കാന്‍ തീരുമാനിച്ചു. തമിഴ്നാട്ടില്‍ 17% മഹാരാഷ്ട്രയില്‍ 12%, പഞ്ചാബില്‍4%, ഹിമാചല്‍പ്രദേശില്‍4%, കര്‍ണാടകയില്‍2%, കേരളത്തില്‍ 3%വീതം ഇംഗ്ലീഷ് മീഡയത്തിലേക്കുളള വര്‍ധനവുണ്ടായി.
    • മുംബൈ നഗരത്തില്‍ മറാത്തി മീഡിയക്കാര്‍ 4.31 ലക്ഷം.അതേ സമയം ഇംഗ്ലീഷ് മീഡിയക്കാര്‍ 5.57 ലക്ഷം (2009)
    • വാര്‍ത്തകള്‍ ശുഭകരമല്ല. ജമ്മുവില്‍ എല്ലാ വിദ്യാലയങ്ങളും ഇഗ്ലീഷ് മാഡിയത്തിലാക്കുമെന്ന് വിദ്യാഭ്യസമന്ത്രി (2003 FEB 16), പഞ്ചാബില്‍ ഗ്രാമീണവിദ്യാര്‍ഥികള്‍ക്ക ഗുണപരമായ വിദ്യാഭ്യാസം നല്‍കാന്‍ ഇരുപത്തിയൊന്നു ഇംഗ്ലീഷ് മീഡിയം മോഡല്‍സ്കൂളുകള്‍ സ്ഥാപിച്ചപ. ബംഗാളില്‍ ഇംഗ്ലീഷ് മീഡിയം മദ്രസകള്‍ ആരംഭിക്കാന്‍ 2010-11 തീരുമാനം.
    മാതൃഭാഷ പഠനനിലവാരത്തെ ദോഷകരമായി ബാധിക്കുമോ?ഗവേഷണങ്ങള്‍ എന്തു പറയുന്നു?
    • മാതൃഭാഷാ വിദ്യാഭ്യാസം വിദ്യാര്‍ഥികളെ സ്വന്തം കാലില്‍ നിറുത്തുകയും അവരുടെ ബുദ്ധിസാമര്‍ഥ്യം പോലെ തന്നെ അവരുടെ വ്യക്തിത്വവും വികസിപ്പിക്കുകയും ചെയ്യും (THE IMPORTANCE OF MOTHERTONGUE BASED SCHOOLING FOR EDUCATIONAL QUALITY ,UNESCO 2004, Benson,Carole)
    • മെച്ചപ്പെട്ട അറിവുനേടലിന് ,വിജ്ഞാനത്തിന് മാതൃഭാഷാടിസ്ഥാനവിദ്യാഭ്യാസം. പ്രൈമറിതലത്തിലെ വിദ്യാഭ്യാസത്തിനുവേണ്ടി ജി എട്ട് രാജ്യങ്ങളിലെ ഒരു വികസിത രാജ്യം പോലും ,യൂറോപ്യന്‍യുണിയനിലെ രാജ്യങ്ങളിലൊന്നു പോലും, ഒ ഇ സി ഡി രാജ്യങ്ങളും ഒരു വിദേശഭാഷയെ ഉപയോഗിക്കുന്നില്ല.
    മാതൃഭാഷയുടെ അവഗണന എങ്ങനെ ബാധിക്കും?
    • സാഹിത്യം, മാനവിക വികസനം, സാമ്പത്തിക പുരോഗതി,സാങ്കേതികവിദ്യാമേല്‍ക്കോയ്മ, ഇന്റര്‍നെറ്റ്, വെബ്സൈറ്റുകള്‍ എന്നിവയിലെല്ലാം മാതൃഭാഷാബോധനമാധ്യമ രാജ്യങ്ങള്‍ മുന്നിലാണ്.( സ്ഥിതിവിവരക്കണക്കുകള്‍ ഈ പുസ്തകത്തിലുണ്ട്)
    • അധികാരം,തൊഴില്‍ ,ഉന്നതവിദ്യാഭ്യാസം, സിവില്‍ സര്‍വീസ്, എന്നിവയിലെല്ലാം വൈദേശികഭാഷയെ ആദരിച്ചിരുത്തുന്ന മനോഭാവമാണ് പ്രശ്നങ്ങള്‍ക്കു കാരണം.
    • വോട്ടു ചോദിക്കുന്ന ഭാഷയില്‍ ജനങ്ങളെ ഭരിക്കുമ്പോഴേ ജനാധിപത്യം ചലനാത്മകമാകൂ.. ജനങ്ങള്‍ക്കു മനസിലാകാത്ത ഭാഷയില്‍ ഭരിക്കുമ്പോഴാണ് അഴിമതി കൂടുന്നത്.
    കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പുസ്തകം തന്നെ വായിക്കണം.  
    വിദേശഭാഷാമാധ്യമപഠനത്തെക്കുറിച്ചുളള കെട്ടുകഥകള്‍ ഓരോന്നായി പൊളിച്ചെറിയുന്ന പുസ്തകം. ആധികാരിക പഠനത്തിന്റെ പിന്‍ബലം.  
    ശക്തമായ നിരീക്ഷണങ്ങള്‍ ധാരാളം.അധിനിവേശത്തിന്റെയും ഭാഷാസാമ്രാജ്യത്വത്തിന്റെയും തലങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ പുസ്തകം വിലപ്പെട്ട തിരിച്ചറിവുകളിലേക്കു നയിക്കും. വായിക്കാതിരിക്കരുത്.
    ( പവര്‍പോയന്റ് പ്രസന്റേഷനുളള സ്ലൈഡുകളെ മനസില്‍ കണ്ടാണ് ഈ കുറിപ്പ് ഇങ്ങനെ തയ്യാറാക്കിയത്.ആവശ്യക്കാര്‍ സമൂഹ,രക്ഷാകര്‍തൃ യോഗങ്ങളില്‍ പ്രയോജനപ്പെടുത്തുക)