Thursday, January 29, 2015

ക്ലാസ് പത്രപ്രദര്‍ശനം പരിശീലനാനുഭവമായി


 പ്രഥമാധ്യാപകര്‍ക്ക് വേണ്ടി മാവേലിക്കര ഉപജില്ലയില്‍ നടത്തിയ പരിശീലനപരിപാടിയിലെ ആദ്യ സെഷന്‍ പുതുമയയുളളതായി.  
വിവിധ വിദ്യാലയങ്ങള്‍ പ്രസിദ്ധീകരിച്ച ക്ലാസ് പത്രങ്ങളുടേയും സ്കൂള്‍ പത്രങ്ങളുടേയും പ്രദര്‍ശനമാണ് പരിശീലന തന്ത്രമെന്ന നിലയില്‍ വിജയം കണ്ടത്. 
50 പത്രങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്.
നവംബര്‍മാസം ഡയറ്റിന്റെ നേതൃത്വത്തില്‍ നടന്ന പ്രഥമാധ്യാപകപരിശീലനത്തിലാണ് ക്ലാസ് പത്രങ്ങളുടെ സാധ്യത പരിചയപ്പെടുത്തിയത്

 • ക്ലാസ് മികവുകള്‍ സമൂഹത്തിലെത്തിക്കുന്നതിന്
 • ക്ലാസ് പി ടി എ യില്‍ പങ്കിടുന്നതിന്
 • വിദ്യാര്‍ഥികളുടെ രചനാപരമായ കഴിവ് വികസിപ്പിക്കുന്നതിന്
 • എഡിറ്റിംഗിലുളള നൈപുണി വികസിപ്പിക്കുന്നതിന്
 • വായനയിലെ പിന്നാക്കാക്കാര്‍ക്ക് താല്പര്യജനകമായ വായനാസാമഗ്രി എന്ന നിലയില്‍ ഉപയോഗിക്കുന്നതിന്
 • പ്രാദേശികപാഠമെന്ന നിലയില്‍ പ്രയോജനപ്പെടുത്തുന്നതിന്
 • വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്
 • വിദ്യാലയമികവുകള്‍ അക്കാദമിക യോഗങ്ങളില്‍ പങ്കിടുന്നതിന്
 • കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിനുളള അധ്യാപകരുടെ ശേഷി വികസിപ്പിക്കുന്നതിന്
വൈവിധ്യമുളള പത്രങ്ങളാണ് വിദ്യാലയങ്ങള്‍ പങ്കിട്ടത്

Saturday, January 17, 2015

സീനത്ത് ടീച്ചറുടെ വിദ്യാലയത്തില്‍

തേവലപ്പുറം എല്‍ പി സ്കൂളിലേക്കുളള വഴി ചോദിച്ച് രണ്ടാം കുറ്റിയില്‍ നിന്നും തിരിഞ്ഞു. റോഡിന്റെ ഇടതുവശത്താണ് വിദ്യാലയം. വണ്ടി വലിയ ഒരു കമാനം കടന്നു മുന്നോട്ടുപോയി. തേവലപ്പുറം എന്ന ബോര്‍ഡായിരുന്നല്ലോ അത്. ചെറിയ ഇടറോഡ്. പ്രധാനറോഡില്‍ നിന്നാല്‍ തന്നെ കാണാം ആകാശനീലയുടെ കുളിര്‍മയുളള ഒരു വിദ്യാലയം. ആകര്‍ഷകം. സമുദ്രത്തിന്റെ പ്രമേയമാണ് സ്കൂള്‍ ഭിത്തിയില്‍. ആ നീലിമയും പ്രമേയവും തെരഞ്ഞെടുത്തത് നന്നായി. ബാല ( വിദ്യാലയം പഠനോപകരണം ) എന്ന ആശയം വികൃതമാക്കപ്പെട്ടിട്ടില്ല.
ആദ്യം കണ്ടത് പുസ്തകത്തൊട്ടിലാണ്. ഉച്ചവായനയ്കാണ് ഈ തൊട്ടില്‍. വായനക്കാര്‍ കൂടുമ്പോള്‍ ഓഫീസില്‍ കയറാം. പ്രഥമാധ്യാപികയുടെ മുറിയില്‍ പുസ്തകങ്ങള്‍ തരം തിരിച്ചുവെച്ചിട്ടുണ്ട് വായിക്കാം.
ഞാന്‍ ഓഫീസ് റൂമിലേക്ക് കയറി.അവിടെ കുട്ടികളുടെ ഉല്പന്നങ്ങളും പുരസ്കാരങ്ങളും .ഒന്നു രണ്ടു ചാര്‍ട്ടുകള്‍ കണ്ണിലുടക്കി. ഒന്നിതായിരുന്നു. എല്ലാവര്‍ക്കും എ ഗ്രേഡ്. ഈ ലക്ഷ്യം എത്രമാത്രം നേടി? ഞാന്‍ സീനത്ത് ടീച്ചറോടു ചോദിച്ചു.

Sunday, January 11, 2015

നാടിന് നവ്യാനുഭവമായി സ്കൂളിന്റെ സൗഹൃദസംഗമം


വെട്ടിയാര്‍ ഗവ മുഹമ്മദന്‍ എല്‍ പി സ്കൂളിലെ പ്രഥമാധ്യാപിക വിളിച്ചു
ഈ സ്കൂള്‍ വരെ വരുമോ
എന്തിനാണ് ടീച്ചര്‍?
കോര്‍ണര്‍ പിടി എ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാണ്

എനിക്ക് ക്രിസ്തുമസ് അവധിക്കേ സമയം കിട്ടൂ . എന്തു ചെയ്യും?
സാരമില്ല അവധിക്കും ഇവിടുത്തെ അധ്യാപകരെത്തും
ആ മറുപടി പ്രധാനം. ഞാന്‍ ഡിസംബര്‍ ഇരുപത്തിനാലാം തീയതി സ്കൂളിലെത്തി
രാവിലെ തന്ന എല്ലാ അധ്യാപകരും വന്നിട്ടുണ്ട്
എസ് എം സി ചെയര്‍പേഴ്സണ്‍ വരാന്‍ അല്പം വൈകും
പി ടി എ വൈസ് പ്രസിഡന്റ് പന്ത്രണ്ടുമണിക്കകം എത്തിച്ചേരും
മുന്നേറാന്‍ മനസുളള വിദ്യാലയം

വിദ്യാലയസൗഹൃദസംഗമം
ഡയറ്റ് സമ്പൂര്‍ണ ഗുണമേന്മാ വിദ്യാലയമാനേജ്മെന്റ് പദ്ധതി നടപ്പിലാക്കുന്ന വിദ്യാലയമാണത്. വിദ്യാലയവും സമൂഹവും തമ്മിലുളള ബന്ധത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോര്‍ണര്‍ പി ടി എ നടത്താന്‍ സ്കൂള്‍ ആഗ്രഹിക്കുന്നത്
പുതുവത്സരദിനത്തില്‍ തന്നെ പരിപാടി എന്നു തീരുമാനിച്ചു
കോര്‍ണര്‍ പി ടി എയില്‍ ഒതുങ്ങാതെ അല്പം വിപുലമാക്കി നാടിന്റെ ആഘോഷമാക്കാമോ?
എന്റെ ചോദ്യത്തിന് അനുകൂലമായ പ്രതികരണം
പിന്നെ വളരെ വേഗമായി ആസൂത്രണം
വിദ്യാലയസൗഹൃദസംഗമത്തിലേക്ക് ആലോചന വളര്‍ന്നു

Tuesday, January 6, 2015

ക്ലാസ് പി ടി എയില്‍ എന്താണ് പങ്കിടേണ്ടത്?ചൂണ്ടുവിരലിലെ കഴിഞ്ഞ ലക്കം കുറിപ്പിനോട് പ്രതികരിച്ച് ശ്രീ അലി ഇങ്ങനെ ചോദിച്ചു

"ക്ലാസ് പി ടി എയില്‍ ഓരോ വിദ്യാര്‍ഥിയുടെയും പഠനപ്രശ്‌നങ്ങള്‍ വിലയിരുത്താറുണ്ടോ?ആ വിലയിരുത്തലുകള്‍ ഓരോ രക്ഷിതാവിനെ എങ്ങിനെയാണ് ബോധ്യപ്പെടുത്താറുള്ളത്?.ബിഎഡില്‍ അനക്‌ഡോട്ട് റെക്കോര്‍ഡിനെ കുറിച്ചൊക്കെ കേട്ടിരുന്നു.ഈ രീതി തുടരുന്ന സ്‌കൂളുകള്‍ ഉണ്ടോ...താങ്കളുടെ അനുഭവം പങ്കുവെക്കുമല്ലോ...”

ക്ലാസ് പി ടി എയില്‍ എന്താണ് പങ്കിടേണ്ടത്?

വിദ്യാഭ്യാസ അവകാശനിയമത്തില്‍, പങ്കിടേണ്ട കാര്യങ്ങളെന്തെല്ലാമെന്ന് കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്

 1. കുട്ടികളുടെ ഹാജര്‍ നില
 2. പഠനപുരോഗതി
 3. പഠനശേഷി
 4. കുട്ടിയെ സംബന്ധിക്കുന്ന മറ്റു വിവരങ്ങള്‍

അതായത് കുട്ടിയെ സംബന്ധിക്കുന്ന ഇത്രയും വിവരങ്ങള്‍ മാതാപിതാക്കളെ അധ്യാപകര്‍ അറിയിക്കുക എന്നത് കുട്ടിയുടെ അവകാശത്തില്‍ വരും. ഈ പ്രാധാന്യം തിരിച്ചറിഞ്ഞാണോ വിദ്യാലയങ്ങളില്‍ ക്ലാസ് പി ടി എ നടത്തുന്നത്?
ക്ലാസ് പി ടി എ സംഘാടനത്തിന്റെ ചില ഉദാഹരണങ്ങളും സാധ്യതകളും ഇതാ

Sunday, December 28, 2014

കരുത്തും രുചിയുമുളള പഠനാനുഭവങ്ങള്‍

ആമുഖം
"ആരാണ് പുതിയഅധ്യാപകര്‍? സംശയം വേണ്ട എന്നും സ്വയം പുതുക്കുന്നവര്‍ തന്നെ. അല്ലാത്തവര്‍ പൂപ്പല്‍പിടിച്ചവര്‍"
ആധികാരികാനുഭവപഠനങ്ങള്‍

ആലപ്പുഴയില്‍ നിന്നും ചേര്‍ത്തലയ്ക് പോകുമ്പോള്‍ വളവനാട് കവലയില്‍ വലതുവശത്തായ് ഒരു ചെറിയ എല്‍ പി സ്കൂളുണ്ട്. കുട്ടികള്‍ ധാരാളം
ഞാന്‍ ആ സ്കൂളില്‍ പ്രതീക്ഷകളോടെയാണ് എത്തിയത്. എല്ലാ വിദ്യാലയങ്ങളിലും അങ്ങനെ തന്നെ. സ്കൂളിലെത്തിയാല്‍ എനിക്ക് എല്ലാ ക്ലാസുകളുടേയും വരാന്തയിലൂടെ ചുറ്റി സന്ദര്‍ശനമുണ്ട്. ചില അടയാളങ്ങള്‍ നമ്മെ ക്ലാസിലേക്ക് ക്ഷണിക്കും. അത്തരം അടയാളങ്ങള്‍ തീരെ നിസാരമായിരിക്കാം മറ്റുളളവര്‍ക്ക്.
പി ജെ എല്‍ പി സ്കൂളിലെ ജയശ്രീടീച്ചറുടെ ക്ലാസിലെ ചുമരില്‍ ഒരു വലിയ ഇന്‍ലാന്റ്. അതില്‍ കത്തെഴുതിയിരിക്കുന്നു. എനിക്ക് ആ ക്ലാസിലേക്ക് കയറാന്‍ ഈ കത്ത് നിമിത്തമായി.
ഞാന്‍ ടീച്ചറോടു ചോദിച്ചു. ടീച്ചറേ ഈ കത്തെന്തിനാ എഴുതിയത്?
ടീച്ചര്‍ പറഞ്ഞു


"ആര്‍ദ്രയുടെ കത്തിനെക്കുറിച്ച് പാഠമുണ്ട്. പക്ഷേ ഈ കുട്ടികളാരും ഇന്‍ലാന്റ് കണ്ടിട്ടില്ല. ക്ലാസില്‍ സാങ്കല്പിക കത്തെഴുതിയ അനുഭവമല്ലാതെ വീട്ടിലാരും കത്തെഴുതുന്നതു കുട്ടികള്‍ കണ്ടിട്ടുപോലുമില്ല ( കാലം മാറിയിരിക്കുന്നു. ഫോണ്‍ വന്നപ്പോള്‍ കത്തെഴുത്ത് മാഞ്ഞു) തപാല്‍ വകുപ്പിന്റെ സേവനത്തെക്കുറിച്ച് നല്ല ധാരണയുമില്ല.കത്തെഴുതുമ്പോഴാകട്ടെ രണ്ടോ മൂന്നോ വാക്യങ്ങള്‍ കഴിഞ്ഞാല്‍ കുട്ടികള്‍ തുടരാന്‍ പ്രയാസപ്പെടുന്നു. ആത്മാംശമില്ല.

ഞാന്‍ എന്റെ പഴയകത്തുകളില്‍ ചിലത് അവരെ വായിച്ചുകേള്‍പ്പിച്ചു. സ്വന്തം അനുഭവങ്ങളുടെ രേഖപ്പെടുത്തലുകള്‍ അവര്‍ പരിചയപ്പെട്ടു. കത്തെഴുത്തിലെ അനുഭവപരിമിതിക്ക്  പരിഹാരമായി ഇന്‍ലാന്റ് വാങ്ങി അധ്യാപികയ്ക് കത്തെഴുതാന്‍ എല്ലാ കുട്ടികളും തീരുമാനിച്ചു. അവരെല്ലാം എനിക്ക് വീട്ടിലേക്ക് കത്തെഴുതി. നല്ല ഒന്നാന്തരം കത്ത്. ഞാനവര്‍ക്കെല്ലാം മറുപടിയും അയച്ചു
പോസ്റ്റുമാനും അത്ഭുതമായി. എന്നും ടീച്ചര്‍ക്ക് കത്ത് വരുന്നല്ലോ എന്നു പറഞ്ഞു.
കുട്ടികള്‍ക്ക് അവരുടെ ജീവിതത്തിലെ ആദ്യത്തെ കത്ത് എന്റെ വകയാണ്.അവരെഴുതിയതും എനിക്കാണ്. “
കത്തെഴുതാന്‍ പഠിക്കേണ്ടതിങ്ങനെ തന്നെയാണ്. ആധികാരികാനുഭവ പഠനം എന്നു വിളിക്കാം.
ഞാന്‍ കുട്ടികളുടെ കത്തുകള്‍ വായിച്ചു . എന്തെല്ലാം സ്വകാര്യങ്ങള്‍. വീട്ടുകാര്‍ ടീച്ചറെക്കുറിച്ച് പറയുന്നത്.ടീച്ചറുടെ പഠിപ്പിക്കലിനെക്കുറിച്ച്, സ്നേഹത്തെക്കുറിച്ച്, സ്വന്തം വീട്ടിലെ വിശേഷങ്ങളെപ്പറ്റി.. ഇരുപുറവും നിറച്ചെഴുതിയിരിക്കുന്നു.മനസില്‍ നിന്നുളള ഒഴുക്ക് പ്രകടം. എഴുത്തിന്റെ ത്രില്‍. അധ്യാപനസാധ്യതകളുടെ വാതില്‍ തുറന്നിടണം അധ്യാപകര്‍

വരണ്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും ക്ലാസിനെ മോചിപ്പിക്കുക ,കുട്ടികളേയും"എന്നൊരു മുദ്രാവാക്യം എല്ലാ വിദ്യാലയങ്ങളുടേയും സ്റ്റാഫ് റൂമില്‍ വേണമെന്നു തോന്നുന്നു.
ടീച്ചറേ ഇതുപോലെ വേറെ എന്തെങ്കിലും ? 
എനിക്കുറപ്പുണ്ട് സര്‍ഗാത്മകാധ്യാപനത്തിന്റെ വെളിച്ചം പ്രിസത്തിലെന്ന പോലെ ക്ലാസുകളില്‍ വര്‍ണരാജി സൃഷ്ടിക്കും
. അതിനാലാണ് ചികഞ്ഞുളള ഈ ചോദ്യം

Friday, December 19, 2014

മുറ്റത്ത് വിമാനമുളള പളളിക്കൂടം


ഞാന്‍ സ്കൂളിന്റെ മതിലിനിപ്പുറം റോഡില്‍ വണ്ടി നിറുത്തി ഇറങ്ങി.റോഡില്‍ നിന്നുളള കാഴ്ചയാണിത്. ഒരു വിമാനം വിദ്യാലയമുറ്റത്ത്.
 സ്കൂള്‍ കെട്ടിടം പൊതുവിദ്യാലയത്തിന്റെ പ്രൗഡി പ്രതിഫലിപ്പിക്കുന്നു.പ്രത്യേകവികസനാനുമതി പ്രകാരം രണ്ടുകോടി രൂപ മുടക്കി ശ്രീ തോമസ് ഐസക് എം എല്‍ എ പണികഴിപ്പിച്ചതാണിത് പെരുനേരുമംഗലം സര്‍ക്കാര്‍ എല്‍ പി സ്കൂളിന്റെ ഈ കെട്ടിടം.


എവിടെയാണ് ഓഫീസ് ? ദാ അവിടെ വിശ്വസിക്കാനായില്ല
ഒരു വീടിന്റെ കെട്ടും മട്ടും. വിദ്യാലയം കുട്ടികളുടെ വീടാണല്ലോ

രണ്ടാം നിലയില്‍ നിന്നും താഴേക്ക് നോക്കി. മേല്‍ക്കൂരക്കാഴ്ചയും തെറ്റില്ല.  
പഠനമൂല്യമുളള മേല്‍ക്കൂരപ്പുറം.
അതാ അവിടെ ആ വിമാനത്തില്‍ നിന്നും യാത്രികര്‍ ഇറങ്ങുന്നു!
എനിക്ക് കൗതുകം കൂടി.ഞാന്‍ അങ്ങോട്ടടുത്തു

Tuesday, December 16, 2014

എസ്‍ ആര്‍ ജി, അക്കാദമിക പിന്തുണാരീതി, നന്മയുടെ കണ്ണട


ആ വിദ്യാലയത്തില്‍ ചെന്നു. അവിടെ കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നവെന്നാണ് പ്രഥമാധ്യാപിക പറയുന്നത്. ഞാന്‍ പല പ്രഥമാധ്യാപകരോടും ചോദിക്കുമ്പോള്‍ ഇത്തരം മതിപ്പ് പ്രതികരണം കിട്ടുന്നു. അത് സന്തോഷകരമാണ്. പക്ഷേ ക്ലാസിലേക്ക് കയറുമ്പോള്‍ ആ സന്തോഷം പലപ്പോഴും മങ്ങുന്നു.
(അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കിട്ടിയ അനുഭവവും അറിവും വെച്ചുളള സ്വയം വിലയിരുത്തലാണത്. ) അധ്യാപകരുമായി ചര്‍ച്ച ചെയ്യുകയും എസ് ആര്‍ ജി മിനിറ്റ്സ് വിശകലനം നടത്തുകയും ചെയ്തു. എസ് ആര്‍ജിയില്‍ ഒരു അക്കാദമിക പ്രശ്നം പോലും വേണ്ടവിധം അപഗ്രഥിക്കുകയോ പരിഹാരം കണ്ടെത്തുകയോ ചെയ്തിട്ടില്ല.ഒഴുക്കന്‍ മട്ടിലുളള എഴുത്ത്.( അവരും പറയുന്നു എസ് ആര്‍ ജി നന്നായി നടത്തുന്നുവെന്ന്)
2.
എന്റെ സന്ദര്‍ശനം വിദ്യാലയങ്ങളിലെ പ്രശ്നങ്ങള്‍ കണ്ടെത്താനല്ല. ഉപദേശങ്ങള്‍ നല്‍കാനുമല്ല. വിദ്യാലയം നേരിടുന്ന അക്കാദമിക പ്രശ്നങ്ങള്‍ പരിഹരിക്കാനുളള ആശയപരവും പ്രായോഗികവുമായ സഹായം അധ്യാപകര്‍ക്ക് നല്‍കാനാണ്. പറയുന്ന കാര്യങ്ങള്‍ ബോധ്യപ്പെടണമെങ്കില്‍ അനുഭവം വേണം. അതു നല്‍കണം.
ഒ എസ് എസ് അഥവാ അക്കാദമിക പിന്തുണ നല്‍കുക എന്നാല്‍ ഉപദേശിക്കുക എന്നല്ല.ഇതാ ഒരുനുഭവം