ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, September 20, 2013

കുട്ടികളുടെ കാവ്യസഞ്ചാരം

(ഒരു അധ്യാപകിയുടെ പരാതി ഇങ്ങനെ "കവിതയുടെ ആസ്വാദനക്കുറിപ്പെഴുതാന്‍ പറഞ്ഞാല്‍ കുട്ടികള്‍ അതിന്റെ പ്രധാന ആശയം മാത്രം എഴുതിവെക്കുന്നു" മറ്റൊരാള്‍ക്ക് തൃപ്തി കിട്ടുന്നില്ല. ഇനിയുമൊരാള്‍ക്ക്  ആസ്വാദനക്കുറിപ്പിന്റെ പ്രക്രിയ അറിയില്ല. നിങ്ങള്‍ ഇപ്പോള്‍ പഠിപ്പിക്കുന്ന രീതി പങ്കിടാന്‍ അഭ്യര്‍ഥിച്ചു. ആ അനുഭവം തുടര്‍ന്നുളള ചര്‍ച്ച..ഇവിയലൂടെ രൂപപ്പെട്ട ആശയങ്ങളാണ് ഈ പോസ്റ്റില്‍)

വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലില്‍ വീണേ
കുഞ്ഞിളം കൈയ്യില്‍
മെല്ലെ കോരിയെടുക്കാന്‍ വാ

ഈ കവിത പരാമര്‍ശിക്കേണ്ടി വന്നത് കുമാരനാശാന്റെ അമ്പിളി എന്ന കവിത പഠിപ്പിക്കുന്നതിന് അധ്യാപിക നടത്തിയ ആസൂത്രണക്കുറിപ്പ് കണ്ടതിന്റെ വെളിച്ചത്തിലാണ്. ആ കുറിപ്പില്‍  കവിതയില്‍ നിന്നും പ്രതീക്ഷിക്കുന്ന ഉത്തരങ്ങളെ ഉന്നം വെച്ചുളള ചോദ്യങ്ങളുണ്ട്. വെളളാട്ടിന്‍ കുട്ടി എന്നു പറയാന്‍ കാരണമെന്ത്? വെളളിയോടത്തിലാരാണ് വരുന്നത്? അമ്പിളി, മരത്തില്‍ നിന്നും എത്ര ദൂരത്തിലാണ് നില്‍ക്കുന്നത്?..
ഇങ്ങനെ കവിത 'പഠിപ്പിക്കുക'യയിരുന്നല്ലോ പണ്ടും ചെയ്തിരുന്നത്? പഠിപ്പിച്ച് പഠിപ്പിച്ച് കവിതയെ വെറുക്കുന്ന ചെറുമനസാക്കിയില്ലേ? നമ്മുടെ അധ്യാപകര്‍ പാഠപുസ്തകത്തിനു പുറത്തുളള കവിത വായിക്കാറുണ്ടോ? അവ സ്റ്റാഫ് റൂം ചര്‍ച്ചകളിലേക്കു വരാറുണ്ടോ? കലോത്സവങ്ങളിലെ കവിതചൊല്ലല്‍ എന്ന ഇനം ഉളളതുകൊണ്ട് കൂടുതല്‍ കവിതകള്‍ കേള്‍ക്കാന്‍ അവസരം ലഭിക്കുന്ന ചിലരുണ്ട്.പ്രൈമറി വിദ്യാലയങ്ങളിലെ അധ്യാപകര്‍ കവിതയുടെ പ്രാഥമികവിദ്യാഭ്യാസം നേടേണ്ടതുണ്ട്.
  • കവിതകളോട് ആഭിമുഖ്യമില്ലാത്ത അധ്യാപകര്‍ക്ക് കവിത പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോ?
  • നമ്മുടെ അധ്യാപകര്‍ കാവ്യവിരക്തിയുളളവരായതെങ്ങനെ?
  • അധ്യാപകപരിശീലനങ്ങള്‍ കൂടുതല്‍ സര്‍ഗാത്മകമാകേണ്ടേ? അധ്യാപകരുടെ ആസ്വാദനശേഷി ഉയര്‍ത്താനുളള പ്രക്രിയ?.
  • കുട്ടി കാവ്യപാഠങ്ങള്‍ തീര്‍ക്കേണ്ടവരാണെന്ന ചിന്തയും വേണം. അതിനെനിക്ക് കഴിയുന്നുണ്ടോ?ഇത്തരം ആത്മപരിശോധന നടത്തേണ്ടതുണ്ട്
നന്നായി കവിത ആസ്വദിക്കുന്ന അധ്യാപകരുണ്ട്. കവിതാഭ്രാന്തു പിടിച്ചവര്‍. ആദരിക്കപ്പെടേണ്ടത്ര കാവ്യാവഗാഹം. അവരുടെ ക്ലാസിലും കാവ്യസംസ്കാരം കൂട്ടികളില്‍ രൂപപ്പെടുന്നില്ല. കാരണം അവര്‍ എല്ലാം കണ്ടെത്തിക്കഴിഞ്ഞു. അതു വിസ്തരിച്ച് ഹ..ഹായ്..ഭാവത്തോടെ അങ്ങനെ അവതരിപ്പിക്കും. മുറുക്കാന്‍ ചെല്ലം അടുത്തില്ലെന്ന ഒരു കുഴപ്പമേ ഉളളൂ. അവരുടെ വിചാരം തങ്ങളെപ്പോലെ കുട്ടികളും കവിതയുടെ കാണാ മാനങ്ങള്‍ കാണുകയാണെന്നാണ്. കുട്ടികള്‍ പരിക്ഷയ്ക്കു വരാനുളള ചോദ്യത്തിനുളള എന്തു സംഗതികള്‍ കിട്ടുമെന്ന ആലോചനയിലും.
മറ്റൊരു കൂട്ടര്‍ കുട്ടികളോട് അളന്നു തൂക്കിയ ചോദ്യങ്ങള്‍ ചോദിക്കും. കുട്ടികള്‍ കണ്ടെത്തണം. എങ്കിലും മുകളില്‍ സൂചിപ്പിച്ച കൂട്ടരേക്കാള്‍ മികച്ച ആസ്വാദനപ്രക്രിയാധാരണ ഇവര്‍ക്കുണ്ട്. എന്നാലും അതു പോര. ആ കവിതയ്ക്ക മാത്രം ബാധകമായ ചോദ്യങ്ങളായതിനാല്‍ ആ അനുഭവം വെച്ച് മറ്റൊരു കവിതയെ സ്വയം സമീപിക്കാന്‍ കുട്ടികള്‍ക്ക് കഴിയാതെ പോകും.
കവിതയില്‍ നിന്നും കുട്ടി കവിതയെ കണ്ടെടുക്കണം. കണ്ടെടുക്കല്‍ പ്രക്രിയയില്‍ അന്വേഷക ദൗത്യമാണുളളത്. കണ്ടെത്തുന്നത് പലവിധമായിരിക്കും. കാരണം അതു കവിതയാണ്. കുട്ടിയാണ് വ്യാഖ്യാതാവ്. വിശകലനം കുട്ടി നടത്തണം.
കവിതകളോട് ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് വേണ്ടത്?
കവിതയെ ആഴത്തില്‍ മനസിലാക്കാനുളള ചോദ്യങ്ങളുന്നയിക്കാന്‍ കുട്ടി ശ്രമിക്കണം. നല്ല ചോദ്യങ്ങളുന്നയിക്കുന്നതില്‍ പരിശീലനം വേണ്ടിവരും. വേണമെങ്കില്‍ ഒരു ചാര്‍ട്ടില്‍ എല്ലാ കവിതകള്‍ക്കും ബാധകമാക്കാവുന്ന ചോദ്യങ്ങളെഴുതിയിടാം. ഇവ വെച്ച് ഒരു കവിതയെ ആസ്വാദനപമായി സമീപിക്കുകയും വേണം.
കവിതയുമായി ബന്ധപ്പെട്ട വിശകലനത്തിന് ഞാന്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍
  • ഈ കവിതയില്‍ എന്തെല്ലാം ആശയങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്? ഈ കവി ഈ കവിതയിലൂടെ എന്തെല്ലാമാണ് പകരുന്നത്?
  • കവിതയെ ആകര്‍ഷകമാക്കുന്ന എന്തെല്ലാം ഘടകങ്ങളിതില്‍ കാണാന്‍ കഴിയും?
  • കവിതയില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട വരി, പ്രയോഗം, ഭാഗം ..ഏതാണ്? എന്താണ് അതിനു കാരണം?
  • ഏതൊക്കെ പദങ്ങളാണ് സവിശേഷമായ അര്‍ഥം പ്രദാനം ചെയ്യുന്നത്? (എല്ലാ പദങ്ങളേയും പിരശോധിച്ചുളള കണ്ടെത്തല്‍)
  • നിര്‍ദ്ദിഷ്ട വരിയില്‍ പ്രസ്തുത പദം ഇങ്ങനെ ഉപയോഗിച്ചതു വഴി കവിതയ്കുണ്ടായ തിളക്കം എന്താണ്?
  • ഈ പ്രയോഗത്തെ എങ്ങനെയാണ് ഞാന്‍ വ്യാഖ്യാനിച്ചത്? മറ്റുളളവര്‍ വ്യാഖ്യാനിച്ചത്?
  • ആദ്യ വായനയില്‍ കാണാത്ത കാര്യങ്ങള്‍ വിശകലനാത്മക വായനയില് കണ്ടെത്താന്‍ കഴിഞ്ഞുവോ? ഇനിയുെ എന്തെങ്കിലും മുത്തുകള്‍ ശ്രദ്ധയില്‍പ്പെടാതെ കിടപ്പുണ്ടോ?
  • ഈ കവിത എന്നിലുണര്‍ത്തിയ ഓര്‍മകള്‍ എന്തെല്ലാമാണ്? ഭാവനയില്‍ തെളിഞ്ഞ ചിത്രം എന്താണ്?
  • ഈ കവിത ആരുടെ പക്ഷത്തു നിന്നാണ് പ്രമേയത്തെ സമീപിച്ചത്?
  • (ഉയര്‍ന്ന ക്ലാസിലെത്തുമ്പോള്‍ ഉപയോഗിച്ച ബിംബങ്ങളുടെ ഔചിത്യം എത്രത്തോളം എന്നു ചോദിക്കണം...., )
  • കവിതയുടെ ഏതെങ്കിലും ഘടകം എന്റെ വിശകലനാത്മക വായനയ്ക്ക് വഴങ്ങതെ പോയോ? പരിഗണിക്കപ്പെടാതെ പോയോ? എനിക്കു പിടി തരാതെ കിടക്കുന്ന കാര്യങ്ങളിനിയുമുണ്ടോ?
  • ..............................................................................................................................................................
  • ..................................................................................................
  • .....................................................................................................................

2. കാവ്യ ചര്‍ച്ചയില്‍ നിന്നും കാവ്യസഞ്ചാരത്തിലേക്ക്
വ്യക്തിഗതമായുളള കണ്ടെത്തലുകള്‍ നടത്തി ഗ്രൂപ്പില്‍ അവതരിപ്പിച്ച് ചാര്‍ട്ടിലെ ചോദ്യക്രമത്തില്‍ പൊതു ചര്‍ച്ചയും കഴിയുമ്പോള്‍ കവിതയുടെ ഹൃദയമിടിപ്പ് ചെവിചേര്‍ത്തു വെച്ചറിഞ്ഞവരായിത്തീരും കുട്ടികള്‍. നല്ലൊരു കാവ്യ ചര്‍ച്ച ക്ലാസില്‍ നടക്കും. അധ്യാപികയും പങ്കു ചേരും. കാര്യങ്ങള്‍ ആവതരിപ്പിക്കുന്നതിനു ക്രമം തീരുമാനിക്കാം. ആദ്യം ശബ്ദഭംഗി വേണോ. മനസിലാക്കിയ പൊതുവായ ആശയങ്ങള്‍ വേണമോ?മനോഹരമായി പ്രയോഗങ്ങളുടെ വ്യാഖ്യാനങ്ങള്‍ വേണമോ എന്നൊക്കെ കൂട്ടായി തീരുമാനിക്കുന്നത് നന്ന്. എല്ലാവര്‍ക്കും പറയാനവസരം നല്‍കണം. എത്ര വട്ടം പറയണം എന്നതിന് തോരും വരെ എന്ന നിലപാടാകാണം. കാവ്യചര്‍ച്ച കഴിഞ്ഞാലുടന്‍ ആവരോട് ആസ്വാദനക്കുറിപ്പെഴുതാന്‍ പറയരുത്. താരതമ്യക്കുറിപ്പെഴുതാനാവശ്യപ്പെടരുത്. ഈ കവിതയെക്കുറിച്ച് ഒന്നുമേ ചെയ്യാനാവശ്യപ്പെടരുത്. കാരണം അത് എല്ലാവരും ആസ്വദിച്ചു കഴിഞ്ഞു ഇനി അരെ ബോധ്യപ്പെടുത്താനാണ് ആസ്വാദനക്കുറിപ്പ്? അത്തരം ചടങ്ങുകളാണോ വേണ്ടത്? മറിച്ച് കാവ്യസഞ്ചാരം ഇഷ്ടപ്പെട്ടുവെങ്കില്‍ അടുത്ത യാത്രയുടെ ദിനവും മുഹൂര്‍ത്തവും നിശ്ചയിക്കാം. സ്വയം യാത്ര നടത്തട്ടെ. അതിനുളള വിഭവങ്ങള്‍ തേടാനായി ലൈബ്രറിയിലേക്ക് ഒന്നിച്ചു പോകാം. പുസ്തകങ്ങളെടുക്കാം. അവരവര്‍ വായിക്കുന്നതിന്റെ അസ്വാദനക്കുറിപ്പെഴുതാം, അതാവണം മറ്റുളളവരുടെ പാഠം. അസ്വാദനക്കുറിപ്പിന്റെ സൂചകങ്ങള്‍ പൊതു ചര്‍ച്ചയിലൂടെ വികസിപ്പിക്കണം. എന്നിട്ടു മാത്രമേ രചനയിലേക്കു കടക്കാവൂ.
  1. കവിതകളിലെ
  • ആശയം,
  • അര്‍ഥഭംഗി,
  • ശബ്ദഭംഗി എന്നിവ ഉള്‍പ്പെടുത്തി ആസ്വാദനക്കുറിപ്പു തയ്യാറാക്കാനുളള കഴിവ് ( എന്താണിത് കൊണ്ട് ഓരോരുത്തരും മനസിലാക്കിയത്? ഉദാഹരണസഹിതം വ്യക്തത വരുത്തണം)
  1. കവിതയിലെ
  • ആശയം,
  • വരികള്‍,
  • പദങ്ങള്‍,
  • പ്രയോഗങ്ങള്‍ എന്നിവയെക്കുറിച്ചുളള സ്വന്തം അഭിപ്രായം ഉള്‍പ്പെടുത്തി ആസ്വാദനക്കുറിപ്പു തയ്യാറാക്കാനുളള കഴിവ്. ( സ്വന്തം അഭിപ്രായം ഉള്‍പ്പെടുത്തുന്നതെങ്ങനെ എന്നും അതിന്റെ ആവശ്യകതയും തിരിച്ചറിയണം)
  1. തെറ്റില്ലാത്ത ഭാഷയില്‍ രചനനിര്‍വഹിക്കാനുളള കഴിവ് ( എന്നു വെച്ചാല്‍,,?)
  2. ആസ്വാദനക്കുറിപ്പ് മറ്റുളളവര്‍ക്കുളള ആസ്വാദനാനുഭവമാണെന്നു കവിതിയിലേക്കുളള ക്ഷണപത്രിയയാണെന്നും തിരിച്ചറിഞ്ഞുളള ക്രമീകരണവും ഭാഷച്ചന്തവും
  3. ആസ്വാദനക്കുറിപ്പ് ആസ്വാദ്യാനുഭവം പകരും വിധം ക്ലാസില്‍ അവതരിപ്പിക്കുന്നതിനുളള കഴിവ്. (അധ്യാപികയ്ക്ക മാര്‍ക്കും ഗ്രേഡുമിടാനല്ല ഇവ. ആസ്വാദനത്തിന്റെ ലോകത്തില്‍ സ്വന്തം പുര പണിയലാണ്.) നന്നായി ആസ്വദിച്ച കവിത മനസില്‍ പതിയും. അതിനാല്‍ മനസില്‍ നിന്നെടുത്തു ചൊല്ലാനും കഴിയണം. ആസ്വാദനക്കുറിപ്പ് അവതരിപ്പിക്കുന്നതിന്റെ മുമ്പോ പിമ്പോ കവിതാവതരണം ഉണ്ടാകണം.
3 .അധ്യാപകരുടെ ആശങ്കകള്‍.
വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലില്‍ വീണേ
കുഞ്ഞിളം കൈയ്യില്‍
മെല്ലെ കോരിയെടുക്കാന്‍ വാ
ചന്ദനക്കിണ്ണം എന്ന പ്രയോഗം എന്തിനാണ് നടത്തിയത് എന്ന് കുട്ടിക്കു മനസിലായില്ല. അവര്‍ അതിനെ അവഗണിച്ചു. അത്തരം സന്ദര്‍ഭത്തില്‍ എന്തു ചെയ്യും.?വിശദീകരിച്ചു കൊടുക്കാമോ
പാടില്ല. അധ്യാപിക ഫോക്കസ് ചെയ്യണം. ചിട്ടയായി സംശയങ്ങള്‍ ഉന്നയിക്കണം.
  • ചന്ദനക്കിണ്ണം എന്ന വാക്ക് ആരെങ്കിലും പരിശോധിച്ചിരുന്നോ? എല്ലാവര്‍ക്കും ഒരേ ആശയമാണോ കിട്ടിയത്?
  • എനിക്കു തോന്നുന്നത് അത് നാം ഒന്നു കൂടി വിശകലനം ചെയ്യേണ്ടതുണ്ടെന്നാണ്. (പ്രതികണത്തിന് അവസരം നല്‍കണം)
  • അമ്പിളിക്കിണ്ണം എന്നു പ്രയോഗിച്ചാല്‍ കിട്ടുന്നതിനേക്കാള്‍ എന്തെങ്കിലും കൂടുതല്‍ അര്‍ഥസൂചനകള്‍ ഇവിടെ ലഭിക്കുന്നുണ്ടോ? ( പ്രതികരണത്തിനു ക്ഷണിക്കല്‍)
  • മഞ്ഞ നിറത്തെ സൂചിപ്പിക്കാനായിരുന്നെങ്കില്‍ മഞ്ഞക്കിണ്ണം എന്നു പോരായിരുന്നോ? (ചിന്തയില്‍ വെല്ലുവിളിയുണര്‍ത്തല്‍)
  • ചന്ദനം എന്ന വാക്കു തന്നെ ഉപയോഗിച്ചതെന്തിനാകും? ( ഇങ്ങനെ ചിന്തയെ നയിക്കാം. )
  • കുട്ടികള്‍ വിശകലനത്തില്‍ മുന്നേറണം. അതിനുളള ഉറക്കെചിന്തിക്കലും നടത്താം. എനിക്കു തോന്നുന്നത് ചന്ദനത്തിന്റെ എന്തെല്ലാമോ സവിശേഷതകള്‍ കവി മനസില്‍ കണ്ടിട്ടുണ്ടാകുമെന്നാണ്.
  • ചന്ദനം ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും കുട്ടികള്‍ നിലാവിന്റെ കുളിര്‍മയും പരിശുദ്ധിയും നിറവും പ്രതിനിധീകരിക്കുന്ന പദൗചിത്യം കണ്ടെത്തണം. അതിലേക്കുളള ചിന്താപാതയാണ് ഒരുക്കേണ്ടത്.
  • ഈ വിശകലനാനുഭവം പിന്നീട് നിരന്തരം പ്രയോജനപ്പെടുത്തണം. പുതിയ കവിതകള്‍ വരുമ്പോള്‍ "ചന്ദനക്കിണ്ണം " എന്ന പദം ചിന്തയുടെ ഗതി നിയന്ത്രിക്കാനുളള സൂചകമായി ഉപയോഗിക്കാം. കുട്ടികളുടെ ഓര്‍മിയില്‍ ചില കാവ്യാനുഭവങ്ങള്‍ ശക്തമായി കിടക്കണം. അതിനെ അടിസ്ഥാനമാക്കി സമീപിക്കാനായി വീണ്ടും വീണ്ടും അതോര്‍മിപ്പിക്കാം.
  • ഇത്തരം ചര്‍ച്ച മറ്റു വരികളിലേക്കും വിശകലനാത്മക സഞ്ചാരം പ്രേരിപ്പിക്കും. അപ്പോള്‍ കുട്ടി വിശാലമായ കായലിനെ ആകാശത്തിന്റെ കണ്ണാടിയായി കാണും. താഴെയും മുകളിലും നിലാവു പൂത്ത ആകാശം.ആ മനോചിത്രം തന്നെ എത്ര ഗംഭിരം. കുഞ്ഞിളം കൈ.. കുഞ്ഞുമനസ് ആഗ്രഹിച്ച ചന്ദ്രന്‍ ഇതാ താഴെ. എങ്കില്‍ കോരിയെടുക്കാം.. കുട്ടിയുടെ പക്ഷത്തു നിന്നുളള ചിന്ത... നാലുവരിയുടെ നിലാച്ചന്ദനം കുട്ടികളുടെ തിരുനെറ്റിയില്‍.
4. ചിന്തയുടെ ചിട്ടപ്പെടലിന് ഗ്രാഫിക് ഓര്‍ഗനൈസര്‍
കുമാരനാശാന്റെ അമ്പിളി എന്ന കവിതയുടെ ആസ്വാദനപ്പട്ടിക സ്വയം പൂര്‍ത്തിയാക്കുക
ആസ്വാദന പരിഗണനകള്‍
ഞാന്‍ കണ്ടെത്തിയത്,
എന്റെ അഭിപ്രായം
കൂട്ടുകാരുടെ കണ്ടെത്തലുകളില്‍ എനിക്കു സ്വീകാര്യമായവ
  • കവിതയുടെ പൊതു ആശയം, പ്രധാന ആശയങ്ങള്‍


  • വാങ്മയ ചിത്രങ്ങളാല്‍ മികവുളള ഭാഗങ്ങളും അതിന്റെ മിഴിവും


  • എനിക്ക് എറ്റവും ഇഷ്ടപ്പെട്ട വരികള്‍
  • ( കാരണങ്ങള്‍)


  • ശബ്ദഭംഗിയുളള വരികള്‍
    ( ശബ്ദ ഭംഗിക്കു കാരണം)


  • സവിശേഷമായ അര്‍ഥം നല്‍കുന്ന പദങ്ങള്‍, പ്രയോഗങ്ങള്‍




  • പദങ്ങളുടെ ഔചിത്യം


  • കവിത
    എന്നിലുണര്‍ത്തിയ ചിന്തകള്‍ ഓര്‍മകള്‍
  • സമാന കാവ്യാനുഭവങ്ങള്‍


  • കവിത
    യിലെ ഭാവം, നിലപാട്, പക്ഷം..


ആസ്വാദനപ്പട്ടികയില്‍ നിന്ന് ആസ്വാദനചര്‍ച്ചയിലേക്ക്. ഗ്രൂപ്പിലും ക്ലാസില്‍ പൊതുവായും.അധ്യാപികയുടെ അസ്വാദനപ്പട്ടിക പരിചയപ്പെടല്‍.അതിനോടുളള പ്രതികരണം.( രണ്ടു മൂന്നു തവണ ആസ്വാദനപ്പട്ടിക തയ്യാറാക്കിയ അനുഭവം കാര്യങ്ങള്‍ ചിട്ടപ്പെടത്തുന്നതിനു കുട്ടിയെ പര്യാപ്തയാക്കും. ക്രമേണ ആസ്വാദനപ്പട്ടിക ഒഴിവാക്കാം)
  1. ആസ്വാദന തടസ്സങ്ങള്‍ പരിഹരിക്കണം. പദം പിരിച്ചു പദച്ചേരുവ മനസിലാക്കിയില്ലെങ്കില്‍ തെറ്റായ അര്‍ഥം ലഭിച്ചേക്കാം. അതിനുളള നല്ല ഉദാഹരണമാണ് 'മോഹനാകൃതിക്കുണ്ടി,തന്‍ പിന്നാലെ". വ്യക്തിഗത വായന കഴിഞ്ഞ് രണ്ടാം വായന പദച്ചേരുവ മനസിലാക്കി വേണം. ഗ്രൂപ്പില്‍ വരികള്‍ മാറി മാറി നിറുത്തി നിറുത്തി വായിച്ച് പിന്നെ ചേര്‍ത്തു ചൊല്ലിപ്പോകണം.
  2. കുട്ടികളുടെ ആസ്വാദനക്കുറിപ്പുകള്‍ മെച്ചപ്പെടുത്തുക എന്നതിനര്‍ഥം ആസ്വാദനശേഷി മെച്ചപ്പെടുത്തുക എന്നാണ്. അതിന് എല്ലാവരും കടന്നു പോയ കവിത തന്നെ പരിഗണിക്കണം. അമ്പിളിയുടെ ഗ്രാഫിക് ഓര്‍ഗനൈസര്‍ എഴുതിയ കുട്ടികള്‍ക്ക് ചില സംശയങ്ങള്‍ കാണും. പൊതു ചര്‍ച്ച നടത്തി അവ പരിഹരിക്കണം. ഗ്രാഫിക് ഓര്‍ഗനൈസറിലെ ഓരോ ഇനവും ഓരോ കുട്ടിയും ഓരോരോ രിതിയിലാവും കണ്ടിട്ടുണ്ടാവുക.അത് ഓരോന്നായി പൂര്‍ണപങ്കാളിത്താവതരണം നടത്തി കൂട്ടിച്ചേര്‍ത്തും മിനുക്കിയും ശോഭിപ്പിക്കണം. ചിന്തയുടെ വര്‍ണരാജി .
  3. അന്ധധാരണകളുണ്ടാകാതെ നോക്കണം. ആസ്വാദനക്കുറിപ്പ് എഴുതുമ്പോള്‍ ആദ്യം കവിയെ പരിചയപ്പെടുത്തണം എന്നു സുപ്രീംകോടതി വിധിയൊന്നുമില്ല. കവിതയെ എങ്ങനെ പരിചയപ്പെടുത്താം? വൈവിധ്യമുളള രീതികളുടെ പരീക്ഷണം നടത്തണം. കവിതയുടെ നാലുവരി. അല്ലെങ്കില്‍ ഏറ്റവും ആസ്വാധ്യാനുഭവം തന്ന കാര്യം, അതുമല്ലെങ്കില്‍ ഈ കവിത വായിച്ചില്ലായരുനനെങ്കിലുണ്ടാകാവുന്ന നഷ്ടസൂചന, കവിതയുടെ മഹത്വം, കവിയുടെ പക്ഷം, നിലപാട് എന്നിവയിലൂടെ കവിതയിലേക്കെത്തല്‍... ഇങ്ങനെ പല തുടക്കസാധ്യത ആലോചിക്കണം. ആശയ ക്രമീകരണവും പ്രധാനമാണ്. ഗ്രാഫിക് ഓര്‍ഗനാസറിലെ ഇനങ്ങള്‍ക്കു താന്‍ നിശ്ചയിക്കുന്ന ക്രമം നല്‍കാം. അവയുടെ മുത്തുകോര്‍ക്കല്‍ അതിലും പ്രധാനം തന്നെ. ഇവയൊക്കെ ക്ലാസില്‍ പ്രോസസ് ചെയ്യണം. പലപ്പോഴും അവ ഉണ്ടാകാറില്ല.
  4. കവിതാശില്പശാലയിലേക്ക്. കുട്ടികള്‍ കവിതയുടെ സൃഷ്ടാക്കള്‍ കൂടിയാകണം. അതിനും വിദ്യാലയത്തില്‍ പ്രതിമാസം അവസരം കിട്ടണം. പഠനപ്രവര്‍ത്തനത്തിന്റെ വാലായുളള രചന മാത്രം പോര.
  5. കാവ്യവാരം. ആലോചിച്ചു കൂടേ? .
അധ്യാപികയുടെ തിരിച്ചറിവുകള്‍ തുടരാലോചനകള്‍
പാഠം അമ്പിളി
പാഠം ഗ്രാഫിക് ഓര്‍ഗനൈസര്‍ ഉപയോഗിച്ചുളളതൊഴികെ ഒരു പ്രവര്‍ത്തനവും നടത്താതെ നേരിട്ട് ആസ്വാദനക്കുറിപ്പെഴുതാനായി നല്‍കി. കാവ്യചര്‍ച്ചയുടെ മുന്നനുഭവത്തെ പ്രയോജനപ്പെടുത്താനാണ് പറഞ്ഞത്.
  1. കുട്ടികള്‍ അതിശയിപ്പിച്ചു. ഏതു പുതിയ കവിതയും അവര്‍ക്കു വഴങ്ങും.
  2. ഗ്രാഫിക് ഓര്‍ഗനൈസര്‍ ചെയ്തത് ആസ്വാദനക്കുറിപ്പിനെ മെച്ചപ്പെടുത്തി. ഇനിയും മെച്ചപ്പെടാനുണ്ട്.
  3. എല്ലാവരും ഒരേ പോലെ തുടങ്ങി. വൈവിധ്യമില്ല.
  4. മനോഹരമായ വാക്യങ്ങളെല്ലാവര്‍ക്കും വഴങ്ങുന്നു. ആ മനോഹാരിത അവര്‍ക്ക് ഫീഡ് ബാക്ക് ആയി ലഭിക്കണം. അഭിമാനച്ചാര്‍ട്ട് തയ്യാറാക്കണം. അതില്‍ ശ്രദ്ധേയമായ രീതിയിലെഴുതിയ ഭാഗം മാത്രം ഓരോരുത്തരും നിര്‍ദ്ദിഷ്ട സ്ഥലത്ത് എഴുതണം
  5. ആശയക്രമീകരണത്തിലും വൈവിധ്യം വരുത്തണം. മുന്‍ഗണന നിശ്ചയിക്കണം. കവിതിലെ ക്രമത്തില് തന്നെ എഴുതാനാണ് കുട്ടികള്‍ ശ്രമിച്ചത്. ആസ്വാദനപ്പട്ടികയിലെ ക്രമവും അതേപോലെ പാലിക്കേണ്ടതില്ല എന്നു ബോധ്യപ്പെടണം
  6. ഇനിയും കണ്ടെത്തല്‍ നടത്താമായിരുന്നു. വെളളിമേഘശകലങ്ങളാം നുര,വിണ്ണാകും , ദേവകള്‍, കളിയാടിത്തുഴയുക,വെളളിയോടം എന്നീ പദങ്ങളുളള രണ്ടാം പാദം വീണ്ടും പരിഗണിക്കാനാവശ്യപ്പെടണം. ഈ പദങ്ങള്‍ നല്‍കുന്ന സൂചനകളെല്ലാം കണ്ടെത്തിയോ? അവരുടെ ചിന്തയെ മൂര്‍ച്ചയുളളതാക്കണം. ഇതേ പോലെ മറ്റു ഭാഗങ്ങള്‍ സ്വയം പുനര്‍വിശകലനം ചെയ്യാനാവശ്യപ്പെടണം. ആസ്വാദനക്കുറിപ്പെഴുതി എന്നത് പാഠം അടച്ചു എന്നതിന്റെ അടയാളമല്ല. പാഠം തുറക്കാനുളള അവസരമാണ്.
  7. ഭാഷാഭംഗി എന്താണെന്നു കുട്ടികള്‍ രചനാവേളയില്‍ ആലോചിക്കുന്നില്ല. തെറ്റുതിരുത്തലല്ല അത്, കൂടുതല്‍ മിനുക്കിയെടുക്കലാണ്. മിനുക്കിന്‍ മിടുക്ക്- അതിന്റെ പ്രക്രിയ പരിചയപ്പെടുത്തണം
  8. കവിയെ പരിചയപ്പെടുത്തല്‍ യാന്ത്രികമാണ്. കവിത നന്നായി അസ്വദിച്ച കുട്ടി കവിയെ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കണം.
  9. വാക്യഘടനാപരമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. പ്രതിധ്വനി വായന നടത്തണം. കുട്ടിയുടെ വായനയെത്തുടര്‍ന്നതേ ഭാഗം അധ്യാപിക വായിക്കല്‍. അപ്പോള്‍ തിരിച്ചറിയുവാന്‍ സഹായകമായ വിധം വേണ്ടിടത്ത് ഊന്നല്‍ നല്‍കണം.
  10. കണ്‍സല്‍ട്ടന്‍റ്. അധ്യാപിക ഇവിടെയുണ്ട്. വഴിമുട്ടുമ്പോള്‍ സമീപിക്കണം. പദവുമായി വരാം.പ്രയോഗവുമായി വരാം.മനസിലാകാത്ത ഭാഗവുമായി വരാം. ചിന്താതടസ്സം നീക്കാനുളള ചോദ്യം കിട്ടും.
  11. അക്ഷരത്തെറ്റ് -മനോഭൂപടം, എഡിറ്റര്‍മാരുടെ സഹായവും മേലൊപ്പും.
  12. കവിതയില്‍ നിന്നും വരികള്‍ ഉദ്ധരിച്ചെഴുതുന്നതിന്റെ രീതി, ഗുണം, തെരഞ്ഞെടുപ്പിന്റെ ഔചിത്യം എന്നിവ ചര്‍ച്ച ചെയ്യണം
  13. ഒരേ കാര്യത്തോട് എല്ലാവരും എങ്ങനെ സമീപിച്ചു എന്നറിയിക്കണം. കൂടുതല്‍ സാധ്യത മനസിലാക്കാന്‍ സഹായകം
  14. കവിത വായിക്കാത്ത ഒരാള്‍ക്ക് വ്യക്തമാകും വിധം തെളിവും ഉദാഹരണങ്ങളും നല്‍കാനും കഴിയണം
  15. അധ്യാപികയുടെ രചന. ( പല രീതിയില്‍ തുടങ്ങാനുളള ശ്രമം, പലമാനങ്ങളില്‍ കാണാനാകുമെന്ന വെളിച്ചം, എഴുത്തിലെ പദങ്ങളുടെ തെരഞ്ഞെടുപ്പ്, വെട്ടിത്തിരുത്തിയെങ്ങനെ മെച്ചപ്പെടുത്തിയെന്നു കുട്ടികള്‍ കാണുന്ന മാതൃക. രചനാ പ്രക്രിയ കരടും അസലും പരിചയപ്പെടുത്തണം. അധ്യാപികയുടെ ആലോചനാനുഭവം കൂടി പങ്കിടണം. അറിയാനായി നടത്തിയ ശ്രമങ്ങള്‍..)
  16. ഓരോ ആഴ്ചയും കവിത ആസ്വദിച്ചവതരിപ്പിക്കുന്ന അധ്യാപികയാകാനെന്തു ചെയ്യണം?



അനുബന്ധം.1
വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലില്‍ വീണേ
കുഞ്ഞിളം കൈയ്യില്‍
മെല്ലെ കോരിയെടുക്കാന്‍ വാ

മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
മഞ്ഞണി തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ
കാലി മേയുന്ന പുല്ലാനിക്കാട്ടില്‍
കണ്ണിമാങ്ങാ കടിച്ചു നടക്കാം
കാറ്റിന്‍ പാദസരങ്ങള്‍ കിലുക്കാം
ഒന്നീ മഞ്ചാടി കുന്നിലേറാം (2)പിന്നില്‍ വന്നു കണ്ണു പൊത്താം
കണ്ടുവെന്നു കള്ളം ചൊല്ലാം
കാണാത്ത കഥകളിലെ രാജാവും റാണിയുമാകാം
ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം
പീലി നീര്‍ത്തുന്ന കോല മയിലായ്
മൂക്കിലോടുന്ന മേട്ടിലൊളിക്കാം
സ്വര്‍ണ മീനായ് നീന്തി തുടിക്കാം
വഞ്ചിപ്പാട്ടിന്റെ വിണ്ണിലേറാം ( വെണ്ണിലാ...)കണ്ണാടം പൊത്തിക്കളിക്കാം
മണ്ണപ്പം ചുട്ടു വിളമ്പാം
ചക്കരമാവിന്‍ ചോട്ടില്‍ കൊത്തങ്കല്ലാടാമെന്നും
ആലിലകള്‍ നാമം ചൊല്ലും അമ്പലം കാണാം
നാളെ കിന്നാരക്കുരുവിക്കു ചോറൂണ്
പിന്നെ അണ്ണാറക്കണ്ണനു പാലൂട്ട്
ദൂരെ അപ്പൂപ്പന്‍ താടിക്കു കല്യാണം
കുട്ടിയാനയ്ക്ക് നീരാട്ട് (വെണ്ണിലാ..)

3 comments:

ബിന്ദു .വി എസ് said...

ആസ്വാദനം എന്നതു മനസ്സിന്റെ സഞ്ചാരം ഭ്രാന്തമായി വേണ്ടി വരുന്ന പ്രക്രിയയാണ്[മുതിര്‍ന്നവര്‍ക്ക് ]കുട്ടികളാകട്ടെ ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പാകത്തില്‍ കുറെ ഉത്തരങ്ങള്‍ കണ്ടെത്തി വയ്ക്കുന്നു.അവരില്‍ ചിലര്‍ സദൃശങ്ങളായ കാഴ്ചകള്‍ ,കവിതകള്‍ എന്നിവ പങ്കു വച്ചേക്കും.ഇതിനെ ക്ലാസിന്റെ മൊത്തം പ്രക്രിയയാക്കി മാറ്റെണ്ടതുണ്ട്.വായന ,ധാരാളം കവിതകള്‍ കേള്‍ക്കല്‍ ഇവ യാകും ആദ്യപടി .ആസ്വാദന ക്കുറിപ്പ്‌ എഴുതാനുള്ള ശേഷി കൈ വരിക്കുന്ന കുട്ടി തീര്‍ച്ചയായും അപരിചിതമായ ഒരു കവിതയെ ക്കുറിച്ച് ഉടനടി വിശകലനം നടത്താനും കഴിയുന്നവളാകും .എങ്കിലും സമാനമായ മട്ടില്‍ ഉല്‍പ്പന്നം കിട്ടുമ്പോള്‍ പ്രക്രിയയില്‍ ഒരു വലിച്ചില്‍ അനുഭവപ്പെടുന്നു .ഓരോ കുട്ടിയുടെയും സര്‍ഗ ശേഷിക്കു ഈ എഴുത്തില്കൂടുതല്‍ പ്രാധാന്യം നല്കുകയാവും നന്നെന്നു അനുഭവം .ശാസ്ത്രീയമായ ആസ്വാദന ക്കുറിപ്പ് എന്തെന്നാണ് ഈ പോസ്റ്റ് എന്നെ പഠിപ്പിച്ചത് .

premjith said...

നല്ലപാഠം...ഒരു ആസ്വാദനകുറിപ്പ്‌ തയ്യാറാക്കുന്നതിനുള്ള വഴികള്‍ അതിമനോഹരം .പഠനത്തിന്റെ വഴികള്‍ കൂട്ടുകാരെ പരിചയപ്പെടുത്തുന്ന ജോലിയാണ് അദ്ധ്യാപകന്‍ നിര്‍വഹിക്കേണ്ടത് ...അതിനുപകരം ക്ലാസ്സ്‌ മുറിയുടെ കോണ്ട്രാക്റ്റ്ര്‍ ആകുകയാണ് ഇപ്പോള്‍ നടക്കുന്നത് .കവിതയെ വിശകലനം ചെയ്യുന്നതിനുള്ള വിവിധ വഴികള്‍ വിവരിച്ചത് ഭാഷാപഠനത്തെ വളരെയധികം സഹായിക്കും

Unknown said...

prayogigamaya reethi avatharippikkunnathukondavam saasthram kadannath...valare nalla aswathanam undakanamengil adyam teacherude manasile kettazhikkanam..aswathikuvan vembunna kunjungalalle munpil.. kaavyasancharathinu nanni.