ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, September 10, 2013

പൂര്‍ണ വിദ്യാഭ്യാസം തന്നെ വിദ്യാലയ ലക്ഷ്യം


കലാവിദ്യാഭ്യാസത്തെക്കുറിച്ചുളള ലേഖനത്തിന്റെ രണ്ടാം ഭാഗം.(ചിത്രകലയുടെ അപമൃത്യു സംഭവിക്കുന്ന വിദ്യാലയങ്ങള്‍...ഒന്നാം ഭാഗം)
കലകള്‍ പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നു മാത്രമല്ല ,നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം കുട്ടികളേയും സര്‍ഗവാസനയുളള മറ്റുളളവരേയും കലകളിലേക്ക് തിരിയുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നു.
-NCF 2005
കുട്ടിയുടെ സമഗ്രവികാസം
സമഗ്രവികാസം സംബന്ധിച്ച് പല നിര്‍വചനങ്ങള്‍ ഉണ്ട്. വൈജ്ഞാനികവും സാമൂഹികവും വൈകാരികവും ശാരീരികവും സര്‍ഗാത്മകവുമായി വികാസം എന്നാണ് പൊതുവേ പറഞ്ഞുവന്നിരുന്നത്. വിദ്യാഭ്യാസത്തില്‍ വൈജ്ഞാനിക മാനം മാത്രം മുഖ്യപരിഗണന നേടുകയും മറ്റഉളളവ അവഗണിക്കപ്പെടുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നു പരിശോധിക്കണം. കുട്ടികള്‍ ഭാവനയും കളിയും ഉപയോഗിച്ചു പഠിക്കുന്നതിനെക്കുറിച്ച് ഡ്യൂയി അടക്കമുളളവര്‍ സൂചിപ്പിച്ചിട്ടുണ്ട്. പരീക്ഷണം കാണുന്നതും ആശാരി തടിയില്‍ കൗതുകം തീര്‍ക്കുന്നതും ചെറിയകുട്ടികള്‍ക്ക് ഒരേ പ്രാധാന്യമുളളതാണ്. കലാമാധ്യമങ്ങളിലൂടെയുളള ആത്മപ്രകാശനം കുട്ടികളുടെ ആവശ്യമാണ്.
ബഹുമുഖ ബുദ്ധിയെക്കുറിച്ചുളള കണ്ടെത്തലുകള്‍ കലാപഠനത്തിന് പുതിയമാനം നല്‍കിയിരിക്കുന്നു. ബൗദ്ധികശേഷിയുടെ പരിഗണനയില്‍ വന്നു എന്നതു മാത്രമല്ല എല്ലാവരിലുമുളള സഹജമായ കഴിവാണ് സംഗീതവും ചിത്രകലയും അഭിനയവുമെല്ലാം എന്ന് വിലയിരുത്തപ്പെട്ടു. താരാട്ടു പാടാനുളള കഴിവ് മാതാപിതാക്കള്‍ക്കുണ്ടാകുന്നത് എന്തുകൊണ്ടാണ്? പരമ്പരകളുടെ നിലനില്പും വളര്‍ച്ചയും അനിവാര്യമാക്കുന്ന ജനിതകഘടകമായി സംഗീതം മാറുന്നില്ലേ?. അധ്വാനിക്കുന്നവരുടെ വിനോദക്കൂട്ടായ്മകള്‍ ആദിമസൂഹങ്ങളില്‍ കാണാം. ഇപ്പോഴും ആദിവാസി സമൂഹം വൈകുന്നേരങ്ങളില്‍ ഒന്നിച്ചു കൂടി പാട്ടുകള്‍ പാടുകയും ചുവടുകള്‍ വെക്കുകയും വാദ്യോപകരണങ്ങള്‍ വായിക്കുകയും ചെയ്യുന്നു. ഈ കലാസന്ധ്യയീല്‍ എല്ലാവരും പങ്കെടുക്കും. എല്ലാവരും പാടുകയും ആടുകയും വാദ്യങ്ങള്‍ മാറിമാറി കൈകാര്യംചെയ്യുകയും ചെയ്യും. എല്ലാവരിലും ഈ ശേഷികള്‍ നിലനില്‍ക്കുന്നു. അട്ടപ്പാടിയില്‍ അടുത്തിടെ ഞാന്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. അഞ്ചുവയസില്‍ താഴെയുളള കുട്ടികള്‍ സിനിമാഗാനങ്ങളോട് പ്രതികരിക്കുന്നത് നിരീക്ഷിച്ചു. താളം അവരുടെ ഉളളില്‍ ഉണ്ട്. പാട്ടു കേള്‍ക്കുമ്പോള്‍ അനങ്ങാതെയിരിക്കാനവര്‍ക്കാകുന്നില്ല. അട്ടപ്പാടിയിലെ മുതിര്‍ന്നവര്‍ പറഞ്ഞത് വിദ്യാലയത്തില്‍ പോയിത്തുടങ്ങുന്നതോടെ അട്ടപ്പാടിയുടെ ഇളം തലമുറ താളം നഷ്ടപ്പെടുന്നവരായിത്തീരുന്നു എന്നാണ്.
വയനാട്ടിലെ ബൈരക്കുപ്പയുടെ സമീപത്തുളള ബാവലി സ്കൂളില്‍ ഞാന്‍ ഈ വര്‍ഷം പോയി.അടിയ, ഗൗഡ വിഭാഗങ്ങള്‍ കടുതലുളള പ്രദേശം. അവിടെയുളള എല്ലാ കുട്ടികളുടേയും കഴിവുകള്‍ ലിസ്റ്റു ചെയ്തു.അഞ്ചാം ക്ലാസിലെ ഏതാനം കുട്ടികളുടെ വിവരങ്ങള്‍ നോക്കൂ.
അജ്മല്‍ പി എച് ഏല്പിക്കുന്ന കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ ചെയ്യും.എഴുത്തിലും വായനയിലും മികവുണ്ട്.സ്കൂള്‍ നിയമങ്ങള്‍ പാലിക്കുന്നു.പുസ്തകം,ബാഗ് വൃത്തിയായി സൂക്ഷിക്കും പാട്ടുപാടാനും കഥപറയാനും മിമക്രി മോണോ ആക്ട് തുടങ്ങിയവ അവതരിപ്പിക്കാനും ഇഷ്ടം. സ്പോര്‍ട്സ് ഇനങ്ങളില്‍ താല്പര്യം.ക്രിക്കറ്റ് താരമാകണം
സൂധിജ പാട്ടു പാടും നീന്തും ആടിനെ മേയ്ക്കും.
സൂബീഷ് ക്രിക്കറ്റ്,ഫുഡ്ബോള്‍ മീനിനെ പിടിക്കല്‍ സൈക്കിളോടിക്കല്‍.
ഫുഡ്ബോള്‍ താരമാകണം.
ശ്രീജിത് ട്രില്ലറോടിക്കാനറിയാം.പാട്ടു പാടും കഥ പറയും കഥയെഴുതും.ക്രിക്കറ്റ് കളിക്കും.ഡ്രൈവറാകണം
ഷീജ ചിത്രം വരയ്ക്കും നൃത്തം ചെയ്യും പാട്ടുപാടും വീട്ടുജോലി ചെയ്യും
ധനുഷ പാട്ടുപാടും നീന്തും വീട്ടു ജോലി നന്നായി ചെയ്യും.
ഈ കുട്ടികളുടെ സഹജമായ കഴിവ് പരിപോഷിപ്പിക്കാന്‍ നിലവിലുളള അധ്യാപകര്‍ക്ക് കഴിയുന്നില്ല. പാഠ്യപദ്ധതി നിര്‍ബന്ധിക്കുന്നുമില്ല. എന്താണ് ഫലം കുട്ടികള്‍ വിദ്യാലയത്തിലെത്താന്‍ താല്പര്യം പ്രകടിപ്പിക്കുന്നില്ല.വിദ്യാഭ്യാസത്തിന്റെ പരിഗണനയില്‍ വ്യക്തികളുടെ കഴിവുകള്‍ , താല്പര്യം എന്നിവ വരുന്നില്ലെങ്കില്‍ അതെങ്ങനെ ശിശുകേന്ദ്രിതമാകും?
    ബഹുമുഖ ബുദ്ധിവികാസവും കലാപഠനവും
ബഹുമുഖ ബുദ്ധിയുടെ എട്ടു മാനങ്ങളില്‍ പെട്ടവയെന്ന നിലയില്‍ സംഗീതപരബുദ്ധി, ശാരീരികചലനപരബുദ്ധി, ദൃശ്യസ്ഥലപരബുദ്ധി എന്നിവയെ സമീപിക്കുന്നവര്‍ തന്നെ ഭാഷാപരബുദ്ധിക്കും ഗണിതപരബുദ്ധിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്യുന്ന പ്രവണതയുണ്ട്. എല്ലാ വിധ ബുദ്ധിവിശേഷതകളേയും സ്വാധീനിക്കുന്നതാണ് കലാപഠനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.അവ കലയില്‍ മാത്രമായി പരിമിതപ്പെടുന്നില്ല. എല്ലാ മാനങ്ങളിലുമുളള ബുദ്ധിയുടെ വികാസത്തിന് കല എങ്ങനെ പ്രയോജനപ്പെടുന്നുവെന്നു നോക്കാം.
ബഹുമുഖ ബുദ്ധി
നൃത്തം, അഭിനയം, രംഗകല
സംഗീതം
ശാരീരിക ചലനപരമായ ബുദ്ധി
സ്ഥൂല പേശികളുടേയും സൂക്ഷ്മ പേശികളുടേയും നിയന്ത്രണം നടക്കുന്നു. ചെറിയ ഭാവവ്യത്യിനം പോലും മുഖത്ത് വരുത്താനുളള നൈപുണി. ചുവടുവെക്കാനും ശരീരത്തെ സന്ദര്‍ഭാനുസരണം വിവിധ രീതികളില്‍ അര്‍ഥവത്തായി ഉപയോഗിക്കാനുമുളള കഴിവ് (.നടന്റെ, നടിയുടെ ,നര്‍ത്തകന്റെ, തുളളല്‍ക്കാരന്റെ അവതരണവും ശിക്ഷണവും പരിശോധിക്കുക.)
വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ ശാരീരികചലനപരമായ നൈപുണി, ഗായകരുടെ ശബ്ദനിയന്ത്രണത്തിനുളള കഴിവ്,
ഗണിത യുക്തിചിന്താപരമായ ബുദ്ധി
നൃത്തത്തിലെ താളബദ്ധമായ ചുവടുവെപ്പുകള്‍ , കാലബോധം,സന്ദര്‍ഭങ്ങളുമായി ബന്ധപ്പെടുത്തല്‍.
സംഗീതതതിലെ ഗണിതം.
താള വിന്യാസം ഗണിതപരമാണ്. ശബ്ദത്തിന്റെ പാറ്റേണ്‍, ക്രമീകരണം, എണ്ണം, അവര്‍ത്തനം എന്നിവയിലെല്ലാം ഗണിതമുണ്ട്. ക്രമമായ ചലനമാണ് താളം . ചലനത്തിനു പല ക്രമങ്ങള്‍ . ചലനത്തിന്റെ ദൈര്‍ഘ്യം, സ്വഭാവം, എന്നിവയ്ക്കനുസരിച്ചുണ്ടാകുന്ന പാറ്റേണുകളാണു് വിവിധതാളങ്ങള്‍. താളത്തിന്റെ അടിസ്ഥാനസങ്കല്പങ്ങളിലെല്ലാം ഗണിതത്തിന്റെ സാന്നിദ്ധ്യമുണ്ട്
പ്രകൃതിപരമായ ബുദ്ധി
പ്രകൃതിയിലേയും ജിവിതത്തിലേയും സൂക്ഷ്മ ഭാവങ്ങളും ചലനങ്ങളും നീരീക്ഷിച്ചാല്‍ മാത്രമേ അവയുടെ പുനസൃഷ്ടി സാധ്യമാകൂ. പ്രേക്ഷകരിലേക്ക് വൈകാരികമായ അനുഭൂതി പകരാനിത് ആവശ്യമാണ്.നാടകത്തിലെ രംഗപടം, ദീപവിന്യാസം, വസ്ത്രാലങ്കാരം എന്നിവയിലെല്ലാം പ്രകൃതിപരമായ ബുദ്ധിയുടെ പ്രയോജനപ്പെടുത്തലുണ്ട്.
ഗായകരുടെ ഭാവതലത്തെ സ്വാധീനിക്കുന്ന ഘടകം അവര്‍ക്കുളള അനുഭവങ്ങള്‍ കൂടിയാണ്. കടലനുഭവം ഉളള ഓരാള്‍ സാഗരത്തിന്റെ വിഭിന്നഭാവങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഗാനം പാടുമ്പോള്‍ അയാളുടെ മനോചിത്രം ഗാനത്തെ സ്വാധീനിക്കും. ഗാനങ്ങളിലെ പ്രകൃതിവര്‍ണനകള്‍ പുതിയരീതിയില്‍ പ്രകൃതിയെ കാണുന്നതിനു പ്രേരകമാവുകയും ചെയ്യും. പ്രകൃതിനാദങ്ങള്‍ വാദ്യോപകരണങ്ങളില്‍ സൃഷ്ടിക്കുന്നതിനുളള അനുഭവം. സ്വരങ്ങള്‍ ചിട്ടപ്പെടുത്തിയത് പ്രകൃതിയില്‍നിന്നാണെന്ന നിരീക്ഷണം .
വ്യാക്ത്യാന്തര ബുദ്ധി
കൂട്ടായ്മയുടെ ഉല്പന്നമാണ് രംഗകലകള്‍ എന്നതിനാല്‍ സഹവര്‍ത്തിതസംസ്കാരം വളരുന്നു. മാനസീകമായ ഐക്യപ്പെടല്‍. ഒരു ലക്ഷ്യത്തിനുവേണ്ടി മനസര്‍പ്പിച്ചൊത്തൊരുമയോടെ പ്രവര്‍ത്തിക്കല്‍
സംഗീതം ആലപിക്കുന്നിതിനു മുമ്പുളള ഒരുക്കങ്ങള്‍ ആലോചിക്കുക. സംഗീതസംവിധായകന്‍, റിഹേഴ്സല്‍, വാദ്യോപകരണക്കാര്‍.അവരുടെ റോള്‍..സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ സംഗീതം സംഘപ്രവര്‍ത്തനഫലമാണെന്നു കാണാന്‍ കഴിയും.
ആന്തരിക വൈയക്തിക ബുദ്ധി
ആത്നവിശ്വാസം വര്‍ധിക്കുന്നു. സ്വന്തം കഴിവുയര്‍ത്താനുളള ശ്രമം നടക്കുന്നു.താദാത്മ്യം പ്രാപിക്കുന്നു. മറ്റുളളവരുടെ പക്ഷത്തു നിന്നും നോക്കിക്കാണാന്‍ അവസരം ലഭിക്കുന്നു.
ഭാഷാപരമായ ബുദ്ധി
നാടകരചന, സംഗീതരചന, നിരൂപണം, നാടകത്തിലേയും സംഗീതത്തിലേയും സാഹിത്യാസ്വാദനം, രംഗകലയുടെ ഭാഷ തിരിച്ചറിയല്‍ .
സംഗീതത്തിന്റെ സാഹിത്യം സ്വാംശീകരിക്കാതെ ആലാപനം നന്നാകില്ല.
സംഗീതപരബുദ്ധി
നാടകത്തില്‍ പശ്ചാത്തല സംഗീതവും സംഗീതവും പ്രയോജനപ്പെടുത്തുന്നതിനാല്‍ ഈ കഴിവ് വളര്‍ത്താനവസരം. നര്‍ത്തകിയുടെ ഉളളില്‍ സംഗീതവും താളവും ഒന്നുമില്ലെങ്കില്‍ ചുവടുകള്‍ പൊരുത്തപ്പെടില്ല.(സംഭാഷണങ്ങളില്‍ ഒതുക്കാനാവാത്ത വൈകാരിക തീക്ഷ്ണതകള്‍, ഒരു പാട്ടിലൂടെയോ തീവ്രമായ പശ്ചാത്തല സംഗീതത്തിലൂടെയോ നാടകവേദിയില്‍ ഒരുക്കാന്‍ കഴിയും.)
സംഗീതപരബുദ്ധി
ദൃശ്യ സ്ഥരപരബുദ്ധി
അരങ്ങിലെ സ്ഥലവും സ്ഥാനവും പരിഗണിക്കാതെ അവതരണം ഫലപ്രദമാകില്ല. നര്‍ത്തകിയുടെ കാര്യത്തിലായാലും അഭിനേതാവിന്റെ കാര്യത്തിലായാലും.രംഗസജ്ജീകരണത്തിലേര്‍പ്പെടുന്നവരുടെ കഴിവ്.
സംഗീത ആല്‍ബം നിര്‍മിക്കുമ്പോള്‍ ഇത് പ്രയോജനപ്പെടുകയും വളരുകയും ചെയ്യും.
സാംസ്കാരിക വിദ്യാഭ്യാസം
നാടിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ച് നാം തോരാതെ സംസാരിക്കും. പ്രതിജ്ഞ എടുക്കും
"ഞാന്‍ എന്റെ നാടിനെ സ്നേഹിക്കുന്നു , അതിന്റെ സംപൂര്‍ണവും വൈവിധ്യവുമായ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. ആ സമ്പത്തിനു അര്‍ഹയാകുവാന്‍ ഞാന്‍ എപ്പോഴും പരിശ്രമിക്കുന്നതാണ്.” 
സത്യത്തില്‍ നാം മനസില്‍ തട്ടിയാണോ പ്രതിജ്ഞ എടുക്കുന്നത്.? സാംസ്കാരിക പാരമ്പര്യത്തിന് അര്‍ഹയാകുവാന്‍ എപ്പോഴും പോയിട്ട് വല്ലപ്പോഴുമെങ്കിലും ആത്മാര്‍ഥമായി ശ്രമിച്ചുവോ? അട്ടപ്പാടിയുടെ സാംസ്കാരികപാരമ്പര്യം കേരളത്തിന്റേതു കൂടിയാണല്ലോ. അവരുടെ വാദ്യോപകരണങ്ങളെയും കലകളേയും പരിചയപ്പെടാം. 
1)ത്വിറ്റി ( ചുരക്കുടക്കയില്‍ മുളങ്കുഴല്‍ വെച്ചുളളത് അന്യം നിന്നും പോയി.), 2)പീക്കി(കുറുങ്കുഴല്‍, കൊകാല്‍- എന്നും പേര്.ഞാനപ്പുല്ല്‌ (നറുക്ക്‌) , കോഴിറാക്ക (കോഴിത്തൂവലിന്റെ തണ്ട്‌),ആനക്കാല്‌ (കാന്താരി മുളകിന്റെ തണ്ട്‌ ചെത്തി ഉണ്ടാക്കുന്നത്‌), അളള്‌ (പാലമരം ചെത്തി ഉണ്ടാക്കുന്നത്‌), തണ്ട്‌ (പാലമരം),കൊട (പാലമരം). എന്നിവ കൊണ്ടു നിര്‍മിക്കുന്നു.തണ്ടിന്‌ ഒരു ചാണ്‍ നീളം . ആറു കണ്ണുകള്‍. (ദ്വാരങ്ങള്‍) കുഴലിന്നുണ്ടാകും. കൊടയ്‌ക്ക്‌ രണ്ടിഞ്ച്‌ നീളവും10 ഇഞ്ച്‌ വ്യാസവും. ഈ ആറുഭാഗങ്ങളും നൂലുകൊണ്ട്‌ ബന്ധിച്ചിരിക്കും.)
3)തെരളി(ഓടക്കുഴല്‍),
 4) ചേങ്കില
5)മങ്കെ(ചെറുവിരലിന്റെ വണ്ണമുളള ഒരു കുഴലാണ്‌ . ഓടക്കുഴലിന്റെ വലുപ്പമുളള ഇതിന് ആറ്‌ കണ്ണുകള്‍ ഉണ്ട്).
പാട്ടും ആട്ടവുമായി അരങ്ങേറുന്ന ഇരുളരുടെ രംഗാവതരണത്തിന്‌ പീക്കി, പെറ, മത്തളം, ജാലറ (താളം) എന്നീ നാലു വാദ്യങ്ങളും ഉണ്ടാകും. കൊട്ടുകാര്‍ രണ്ടുപേര്‍ ജോഡിയായി മുന്നിലുണ്ടാകും. അടുത്തു തന്നെ പീക്കിക്കാരനും. അവര്‍ക്ക്‌ പിന്നാലെയാണ്‌ ആട്ടക്കാര്‍. എന്നാല്‍ ഒരു സ്ഥലത്ത്‌ വട്ടത്തില്‍ നൃത്തം വെയ്‌ക്കാന്‍ തുടങ്ങുമ്പോള്‍ വാദ്യക്കാര്‍ നടുവിലാകും. കരടിപ്പാട്ട്‌ പാരാമ (പരുന്തു പാട്ട്‌) (പാരു=പരുന്ത്‌), കുമ്മിപ്പാട്ട്‌ മുതലായ പാട്ടുകള്‍ നൃത്തം ചെയ്യുന്നവര്‍ തന്നെയാണ്‌ പാടാറ്‌. സ്‌ത്രീകളും പുരുഷന്മാരും ചേര്‍ന്നാണ്‌ വൃത്താകാരത്തിലുളള ആട്ടം നടത്തുന്നത്‌.ഓരോ പ്രദേശത്തിനും ഇത്തരം പാരമ്പര്യം ഉണ്ട്. അവ പഠിക്കാനോ പരിശീലിക്കാനോ പോഷിപ്പിക്കാനോ ശ്രമിക്കാതെ നാം റോഡ്ഷോകള്‍ക്കുളള അലങ്കാരമായി ഇവയെ തരം താഴ്ത്തുന്നു. കേരളത്തിന്റെ സമ്പന്നമായ കലാപാരമ്പര്യത്തെ അറിയാതെ വളരുന്ന കുട്ടി പൂര്‍ണവിദ്യാഭ്യാസത്തിന്റെ പരിധിക്കു പുറത്താണ്.( അവലംബം. നാട്ടറിവുകള്‍..www.puzha.com/puzha/cgi-bin/generate-article)

ഗവേഷണപഠനഫലങ്ങള്‍ കലാവിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നു
  • 25000 മിഡില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ പത്തുവര്‍ഷത്തോളം നിരീക്ഷിക്കുകയും അവരുടെ അക്കാദമികനേട്ടവും കലാവിദ്യാഭ്യാസത്തിലെ പങ്കാളിത്തവും വിശകലനം ചെയ്യുകയുമുണ്ടായി, വളരെ സമഗ്രമെന്നു പറയാവുന്ന ഈ പഠനത്തിലും കുട്ടികളുടെപഠനനേട്ടവും മനോഭാവവും പെരുമാറ്റവും കലാപഠനവുായി അനുകൂലബന്ധമുളളതാണെന്നു കണ്ടെത്തി.(Catterall, Chapleau, & Iwanaga, 1999). , സാമൂഹിക സാമ്പതതിക സ്ഥിതിയില്‍ താരതമ്യേന പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളില്‍കലാപഠനത്തില്‍ നന്നായി പങ്കെടുത്ത നാല്പത്തിമൂന്നു ശതമാനം കുട്ടികളും ഭാഷയില്‍ ഉയര്‍ന്ന രണ്ടു ഗ്രേഡുകളില്‍ പെടുമ്പോള്‍ കലാവിദ്യാഭ്യാസത്തില്‍ പങ്കെടുക്കാത്തവലരിലെ ഇരുപത്തിയെട്ടു ശതമാനം കുട്ടികള്‍ മാത്രമോ ഉയര്‍ന്ന നിലക്കാരായുളളൂ. മൊത്തം കുട്ടികളെ പരിഗണിച്ചാല്‍ ( സാമൂഹിക സാമ്പത്തിക നില കണക്കിലെടുക്കാതെ) എഴുപതു ശതമാനം കുട്ടികള്‍ ഉയര്‍ന്ന നിലവാരം പ്രകടിപ്പിച്ചപ്പോള്‍ കലാപഠനത്തില്‍ മുഴുകാത്തവരില്‍ നാല്പത്തിയാറു ശതമാനത്തിനേ മികച്ച പ്രകകടനം ഭാഷയില്‍ പ്രത്യേകിച്ചും വായനയില്‍ കൈവരിക്കാനായുളളൂ.
  • ജ്യോര്‍ജിയയില്‍ ആറുലക്ഷം കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ കണ്ടെത്തല്‍ ഏതൊക്കെ ജില്ലകളില്‍ കലാപഠനത്തിനു പ്രാധാന്യം നല്‍കിയോ അവിടെയെല്ലാം കുട്ടികളുടെ അക്കാദമികനേട്ടവും ഉയര്‍ന്നതാണ് (Music in World Cultures, 1996) എന്നാണ്.
  • മററു കഴിവുകള്‍ ആര്‍ജിക്കുന്നതിലും കലാപഠനം സഹായകമാകുമെന്നുളളതിന്റെ തെളിവുകള്‍ ലഭ്യമാണ്. പ്രശ്നപരിഹരണശേഷി, സഹകരണാത്മകത, പെരുമാറ്റ മാന്യത എന്നിവ വളര്‍ത്താന്‍ പ്രയോജനപ്രദം ((Jensen, 2001). മറ്റുളളവരുമായി നല്ല ബന്ധം സ്ഥാപിക്കാനുളള കഴിവു നേടുന്നു( (Davis, 2008; Noddings, 1992). അക്രമോത്സുകത കുറയ്ക്കുകയും (Respress & Lutfi, 2006).
  • ന്യൂയോര്‍ക്കില്‍ കലയില്‍ കൂടി പഠിപ്പിക്കുക എന്നൊരു പദ്ധതിയുണ്ട് ( LTTA- Learning Through the Arts).ഗണിതവും ശാസ്ത്രവും ഭാഷയും പഠിപ്പിക്കാനും കലയെ പ്രയോജനപ്പെടുത്തുന്നതിലൂടെ കലാപഠനവും സ്വാഭാവികമായി നടക്കും. കല വേറിട്ടു നില്‍ക്കുന്ന ഒന്നായി അവര്‍ കരുതുന്നില്ല. ഇങ്ങനെ അധ്യാപനം നടത്തിയത് കുട്ടികളുടെ എല്ലാവിധ കഴിവുകളും വികസിപ്പിക്കുന്നതിനു സഹായകമായി എന്നാണ് കണ്ടെത്തല്‍.
പലവഴികളിലൂടെ കലാപഠനം
കലാവിദ്യാഭ്യാസത്തിന് പലരീതികള്‍ ഒരേസമയം പ്രയോജനപ്പെടുത്തണം.
  • കലയെ മനസിലാക്കല്‍,
  • കല അഭ്യസിക്കല്‍,
  • കലയിലൂടെ മറ്റു വിഷയങ്ങള്‍ പഠിക്കല്‍,
  • മറ്റു പഠനമേഖലകളിലൂടെ കലാപരമായി വളരാനവസരമൊരുക്കല്‍ (ഐ ടി പഠനം വീഡിയോ ഗ്രാഫിയും സിനിമ നിര്‍മാണവും ഡിസൈനിംഗും ആല്‍ബനിര്‍മാണവും ഫോട്ടോഷോപ്പും ഒക്കെയായി വികസിച്ചത് പോലെ)
ഇങ്ങനെ സംഭവിക്കണമെങ്കില്‍ അധ്യാപകരെല്ലാവരും ഈ വഴികളിലൂടെ സഞ്ചരിക്കാന്‍ സ്വയം തയ്യാറാവുകയാണ് വേണ്ടത്. കല മനസിലാക്കാനുളള ശ്രമം വിദ്യാലയങ്ങളില്‍ കലാ ക്യാമ്പുകള്‍ സംഘടിപ്പിച്ചുകൊണ്ടാരംഭിക്കണം.വിദ്യാര്‍ഥികള്‍ക്കൊപ്പം പഠിതാവാകുക.അങ്ങനെ കിട്ടുന്ന ധാരണകളും വൈദഗ്ധ്യവും ക്ലാസില്‍ പ്രയോജനപ്പെടുത്തുക. പഞ്ചായത്തടിസ്ഥാനത്തില്‍ അധ്യാപക കൂട്ടായ്മകള്‍ ആലോചിക്കാവുന്നതാണ്. സാംസ്കാരിക പ്രവര്‍ത്തകരായ അധ്യാപകസംഘമാണിത്. പൂര്‍ണവിദ്യാഭ്യാസ സങ്കല്പവുമായി സഹകരിക്കാവുന്ന ഏവരേയും കൂട്ടാം. പ്രദര്‍ശനങ്ങള്‍, ശില്പശാലകള്‍, പരിശീലനങ്ങള്‍,ചര്‍ച്ചകള്‍, പഠനയാത്രകള്‍, കലാമണ്ഡലം,സംഗീതിനാടക അക്കാദമി എന്നിവയുമായി സഹകരിച്ചു നടത്താവുന്ന കോഴ്സുകളും പഠനപരിപാടികളും ആസൂത്രണം ചെയ്തു നടപ്പിലാക്കല്‍, പ്രായോഗിക മാതൃകകള്‍ വികസിപ്പിക്കാനുളള ഇടപെടലുകള്‍ സ്വന്തം വിദ്യാലയത്തില്‍ നടത്തല്‍..കലാപഠനനയരേഖ ഓരോ വിദ്യാലയത്തിനും വേണം. കലാപ്രവര്‍ത്തനം വിദ്യാഭ്യാസ സംസ്കാരിക പ്രവര്‍ത്തനമാണ്.

2 comments:

Saija S said...

fully agreed with it

ബിലാത്തിപട്ടണം Muralee Mukundan said...

പൂർണ്ണത തന്നെ ലക്ഷ്യം..!