ടീച്ചറെ ഇത് എനിക്ക് രണ്ടും ശരിയും സ്റ്റാറും വേണം .
ഇതാണ് മാധവിൻ്റെ ഒരു ഡയറിയുടെ തലക്കെട്ട്! അതും ഒന്നാം ക്ലാസിലെ കുരുന്നിൻ്റെ. ഇങ്ങനെ എഴുതാൻ കാരണമുണ്ട്. എൻ്റെ ഡയറി കേമമാണെന്ന് ഒരു തിരിച്ചറിവ് ഉള്ളിൽ കിടപ്പുണ്ട്. രണ്ടു ശരിവേണം എന്നത് എന്തെഴുതിയാലും ഒരു ശരി മാത്രമിട്ടു ശീലച്ച അധ്യാപകർക്കുള്ള കൊട്ടാകാം. ശ്രദ്ധിച്ചു വായിച്ചാൽ ഒത്തിരി ശരി ഇടാൻ വകയുണ്ടെന്ന്. ഈ മോൻ പറയുന്നത് ഡയറി എഴുതുമ്പോൾ അമ്മ ഒപ്പം കൂടേണ്ട എന്നാണ്. എന്താ കാര്യം ഞാൻ പറയുന്നതൊന്നും അമ്മ സമ്മതിക്കില്ല. അമ്മ വാക്കു മാറ്റി എഴുതിക്കും! തൻ്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിലുള്ള അമ്മയുടെ കടന്നുകയറ്റം അങ്ങനെ വക വെച്ചു കൊടുക്കാൻ പറ്റുമോ? അമ്മ വിളിച്ചു പറഞ്ഞു. "ടീച്ചറേ, ഓൻ സമ്മതിക്കുന്നില്ല തിരുത്താൻ. അതിനാൽ തെറ്റൊക്കെയൊ ണ്ടാകുമേ, എൻ്റെ കൊഴപ്പമല്ല "
രണ്ടു ശരിയും ഒരു സ്റ്റാറും അവകാശപ്പെട്ട ആ ഡയറി ഞാൻ ടൈപ്പ് ചെയ്തു. പ്രശ്നങ്ങൾ അതേ പോലെ നിലനിറുത്തിയിട്ടുണ്ട്.
- ജൂൺ മാസം 30 ന് ഒന്നാം ക്ലാസ്സിലെ മുഴുവൻ അമ്മമാരുടെയും യോഗം വിളിച്ചു. നിർദേശങ്ങൾ നൽകി.
- ഓരോ ദിവസവും കുറച്ചു സമയം കുട്ടികളോടൊപ്പം ഇരുന്ന് ആ ദിവസം അവർ കണ്ട, അനുഭവിച്ച കാര്യങ്ങൾ പറയിപ്പിക്കുന്നു.
- അതിൽ ഏറ്റവും പ്രധാനപെട്ട 1/2 കാര്യങ്ങൾ അമ്മമാർ തിരഞ്ഞെടുക്കുന്നു.(രാവിലെ എണീറ്റു, കുളിച്ചു, പതിവ് രീതികൾ ഒഴിവാക്കുന്നു)
- അത് എഴുതാൻ കഴിയുന്ന വാക്യങ്ങൾ ചർച്ചയിലൂടെ രൂപപ്പെടുത്തുന്നു. ഭേദഗതികൾ പറഞ്ഞു കൊടുക്കുന്നു.
- അതിൽ കുട്ടികൾക്ക് അറിയുന്ന അക്ഷരങ്ങൾ അവർ പെൻസിൽ കൊണ്ടു എഴുതുന്നു.
- ബാക്കി ഭാഗം അമ്മമാർ പേന കൊണ്ടും എഴുതി പൂർത്തിയാക്കുന്നു.
- പേജിൻ്റെ പകുതി ഭാഗത്ത് എഴുതുന്ന കാര്യവുമായി ബന്ധപെട്ടു ചിത്രം കുട്ടികൾക്ക് കഴിയുന്ന രീതിയിൽ വരയ്ക്കുന്നു. നിറം നൽകുന്നു
- പിറ്റേ ദിവസം ടീച്ചർ പരിശോധിക്കുന്നു. സ്റ്റാറും ശരിയും സമ്മതത്തോടെയുള്ള തിരുത്തലും നടക്കുന്നു.
ഡയറിയിലെ ആദ്യ പേജുകളിൽ അമ്മയെഴുത്താണ് കൂടുതൽ.ക്രമേണ കുട്ടിയെഴുത്ത് കുടി വരുന്നതു കാണാം.
പാലയാട് LPസ്കൂളിലെ എസ്.സുസ്മിത വികസിപ്പിച്ച ഈ രചനാ തന്ത്രം പൂന്തേൻ മലയാളത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുസ്മിത ടീച്ചർ പൂന്തേൻ മലയാളം സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗമാണ്..
പൂന്തേൻ മലയാളം ആ വിദ്യാലയത്തിൽ രണ്ടു പാവങ്ങൾ പൂർത്തിയായി. അതിന്റെ ആവേശത്തിലാണ് സംസ്ഥാന ശിൽപശാലക്ക് ആ സ്കൂൾ ആഥിത്യം നടത്തിയത്. ടീച്ചർ സ്വന്തം വീട് മുഴുവനായി മറ്റു ജില്ലകളിൽ നിന്ന് വന്നവർക്ക് പാർക്ക് നൽകി. പി ടി എ സംഘാടനത്തിന്റെ ജനകീയ രീതി കാണിച്ചു തന്നു.
കുട്ടികളുടെ ഡയറികൾ കാണാൻ കൂടിയാണ് ഞാൻ അവിടെ പോയത്. കുട്ടിയും രക്ഷിതാവും ചേർന്നുള്ള ഈ രചന (സംയുക്ത രചന) ഒരു മാതൃകയാണ്. പൂന്തേൻ മലയാളം നടപ്പിലാക്കുന്ന വിദ്യാലയങ്ങൾ ഇത് ഏറ്റെടുത്തിട്ടുണ്ട്. ആശയാവതരണ രീതിയുടെ ഉയർന്ന രൂപങ്ങളിൽ ഒന്നാണീ സംയുക്ത രചന..
ക്ലാസിലെ കുറച്ചു ഡയറികൾ കൂടി പരിചയപ്പെടാം