24
അക്ഷരങ്ങള്‍
മാത്രമുള്ള പണിയ ഭാഷ പറയുന്ന
വിദ്യാര്‍ഥി 51
അക്ഷരങ്ങളുള്ള
മലയാളം സംസാരിക്കാന്‍
നിര്‍ബന്ധിക്കപ്പെടുന്ന
അവസ്ഥ കേരളത്തിലുണ്ട്.
"ഒന്നുമുതല്‍
പത്ത് വരെ ക്ളാസുകളില്‍ വയനാട്
ജില്ലയില്‍ മാത്രം 29,548
ആദിവാസി
വിദ്യാര്‍ഥികളുണ്ട്.
തങ്ങളുടെ
മാതൃഭാഷയും സംസ്കാരവും
അവഹേളിക്കപ്പെട്ട് ഓരോ
വര്‍ഷവും വയനാട്ടിലെ സ്കൂളുകളില്‍
നിന്ന് കൊഴിഞ്ഞുപോകുന്ന
ഇത്തരം കുട്ടികളുടെ എണ്ണം
1000ത്തിനും
2000ത്തിനും
ഇടയ്ക്കാണ്.
"
(പത്രവാര്‍ത്ത
-04/09/2012
- 08:58ഒ.മുസ്തഫ
മാധ്യമം)
ശ്രേഷ്ഠമലയാളി
ഈ അവസ്ഥയോട് എങ്ങനെ പ്രതികരിക്കും?
എല്ലാവരേയും
മാനകമലയാളം പഠിപ്പിക്കാന്‍
വാശി പിടിച്ച് തനത് മലയാളത്തെ
കുടിയൊഴിപ്പിക്കുന്നതാണോ
ശ്രേഷ്ഠത.
മാതൃഭാഷ
ബോധനമാധ്യമമെന്ന പൊതു സമീപനം
ഇംഗ്ലീഷ് മീഡിയത്തിലേക്കു
പോകുന്നവരെ മാത്രം ചൂണ്ടിപ്പറഞ്ഞാല്‍
മതിയോ?
ആദിവാസി
ഭാഷ പുറം പോക്കിലെ ഭാഷയാണോ?
അതിനും
ഇല്ലേ കരുത്ത്?
നോക്കൂ
ഡോ.
അസീസ്
തരുവണ ദേശാഭിമീനി വാരികയിലെഴുതിയ
ആദിവാസി
ഭാഷകളെ ആരു സംരക്ഷിക്കും
എന്ന ലേഖനത്തില്‍ നിന്നുളള
ഉദാഹരണം.
ആളുകളെ
കയറ്റുന്ന മിനിബസ്സിന് (ഢമി)
പണിയ
ഭാഷ നല്‍കിയ വാക്ക് "ബച്ചിനെ
പുള്ളൈ"
(ബസ്സിന്റെ
കുട്ടി എന്നര്‍ഥം.
)ബള്‍ബിനു
"മുട്ടെ
ബുളാക്കു"
(മുട്ടയുടെ
രൂപത്തിലുള്ള വിളക്ക്)
ട്യൂബ്
ലൈറ്റിന് "ബടി
ബുളാക്ക്"
(വടി
വിളക്ക്)
ബാങ്കിനു
"പണെ
പീടിഎ"
(പണപ്പീടിക)
ബ്രെയിസിയറിനു
"മുലെ
കുപ്പെയ"
(മുലക്കുപ്പായം)
. എന്തേ
മലയാളത്തിലെ ഭാഷത്തലവന്‍മാര്‍ക്കും
തലൈവികള്‍ക്കും ഇതുപോലെ
വിനിമയ ക്ഷമതയുളള പുതുപദങ്ങള്‍
വഴങ്ങയില്ല.
സംസ്കൃതത്തിലേ
ചിന്തിക്കൂ എന്നുണ്ടോ?
തങ്കളുടെ
വീടുകളില്‍ ക്ലോസറ്റുള്ള
കക്കൂസും ട്യൂബ്ലൈറ്റും
മറ്റടിസ്ഥാന സൗകര്യങ്ങളും
വേണമെന്നാവശ്യപ്പെട്ടുകൊണ്ട്
പണിയര്‍ നടത്തിയ ഒരു പ്രകടനത്തിലെ
മുദ്രാവാക്യം ഇങ്ങനെയായിരുന്നു:
"ബടിബുളാക്കും
പിഞ്ഞാണ കക്കൂച്ചും ഞങ്ങക്കും
ബേണം ചര്‍ക്കാറെ"
ഈ
മുദ്രാവാക്യത്തിനു ഉശിരു
പോരെന്നാര്‍ക്കാണ് തോന്നിയത്?(
സ,ഷ,ശ
എന്നിവയ്ക്കു പകരം ച ഉപയോഗിക്കുന്ന
രീതിയാണീ ഭാഷയില്‍)
ഈ
ഭാഷയ്ക്ക് കാരിരുമ്പിന്റെ
മുറുക്കം ഇല്ലെന്ന് പരിഷ്കൃതസംസ്കൃത
മലയാളി ചിന്തിച്ചോ?
ബോധനമാധ്യമത്തെ
സംബന്ധിച്ച കീഴാളപക്ഷ സമീപനം
എന്നാണ് രൂപപ്പെടുത്തുക.
'പുറാളര്‍'
എന്ന
വാക്കാണ് മാര്‍ജിനലൈസ്ഡ്
പദത്തിനുളള തനിമലയാളമെന്ന്.
"ഞങ്ങള്‍
പുറാളരല്ലേ"
എന്നു
അവര്‍ വിവേചനമറിഞ്ഞു പറയും
വരെ നാം തിരിച്ചറിഞ്ഞോ?
പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍
എന്നു പറഞ്ഞാലേ ആഢ്യബോധ
മലയാളിക്കു ദഹിക്കൂ .
ഭാഷയിലെ
ഈ അധീശബോധത്തെ വേരോടെ
പിഴുതെറിഞ്ഞാലേ ബോധനമാധ്യമ
ചര്‍ച്ച ആരംഭിക്കാന്‍ കഴിയൂ.
ഈ
വര്‍ഷം പാലക്കാട് രണ്ടുമൂന്നു
തവണ പോകാന്‍ കഴിഞ്ഞു.
അട്ടപ്പാടി
പ്രദേശത്തെ കുട്ടികള്‍
പഠനനിലവാരത്തില്‍ പിന്നില്‍.
കാരണം
ഒന്നാം ക്ലാസില്‍ വെച്ചാരംഭിക്കുന്നു.
ആദിവാസിയുടെ
വീട്ടു ഭാഷയും വിദ്യാലയഭാഷയും
രണ്ടാണ്.
കുട്ടി
കണ്ണും മിഴിച്ചിരിക്കുകയാണ്.
അവള്‍
പ്രവേശനോത്സവ ദിനം മുതല്‍
പിന്നിലാകുന്നു.
ഒരു
വര്‍ഷം കൊണ്ട് ആത്മവിശ്വാസം
നഷ്ടപ്പെടും.
പതിയെ
പൊരുത്തപ്പെടുമെങ്കലും
പഠനവളര്‍ച്ചമുരടിച്ചു തന്നെ
നില്‍ക്കും.ശിശുകേന്ദ്രിത
സമീപനത്തില്‍ ഇവിടുത്തെ
ശിശുക്കള്‍ പെട്ടില്ല.
ഇതൊക്കെ
കാണാനും കേള്‍ക്കാനും
ജീവിതേന്ദ്രിയമുളള ആരും
ഭരണത്തലപ്പത്തില്ലാത്ത
സാംസ്കാരിക കേരളമാണോ നമ്മുടേത്?
ശ്രേഷ്ഠഭാഷാ
പാഠാവലി എങ്ങനെയിരിക്കും ?
എന്റെ
സ്വന്തം ജില്ലയുടെ മൊഴിച്ചന്തവും
ചന്തമാന്ന് അതംഗീകരിക്കുമോ?
ഞങ്ങള്‍
പത്തനംതിട്ടക്കാര്‍ സാധുക്കളാണ്.
പെറ്റിക്കോട്ടിട്ടു
നടക്കുന്ന കൊച്ചു പെമ്പിള്ളേരെ
പിടിച്ചു കെട്ടിച്ചയക്കാത്ത
ജില്ലക്കാരാ.
സന്താനപ്പെരുക്കവും
കൊറവ്.
ജാതീം
മതോം പറഞ്ഞുളള വഴക്കും വക്കാണവും
കൊറവാ.സൗഹാര്‍ദ്ദജനാധിപത്യം
ഒരു പരിധിവരെ വളര്‍ത്തിയെടുക്കാന്‍
കഴിഞ്ഞു..
പറയാന്‍
തുടങ്ങിയത് ഞങ്ങളുടെ
ഭാഷയെക്കുറിച്ചാണ്.
ഒളളതു
പറഞ്ഞാല്‍ ഇങ്ങനെയാ ഞങ്ങടെ
നാട്ടുഭാഷ (
ഫാഷ
,ബാഷ,
പാഷ
എന്നൊക്കെ പറയുന്ന അതുതന്നെ.
പറഞ്ഞത്
ശരിയല്ലിയോ ?
) അതൊന്നു
എഴുതട്ടെ ഇവിടെ.
എന്റെ
നാട്ടില്‍ പണ്ട് ചേളാവില്‍
പാക്കും പറങ്ങാണ്ടിയും
തുക്കി വിക്കുമായിരുന്നു.
ചെണ്ടമുറിയനും
(
കപ്പപ്പുഴുക്കും)
കരണം
പൊട്ടീം കൂട്ടിത്തിന്നും.വാട്ടുകപ്പേം
വെളളുകപ്പേം.
ഓലിയില്‍
ഒറവ ഉണ്ടാകും.
കയറും
പാളേം വേണ്ട.
ചെരട്ട
കൊണ്ട് കോരാം.
ചുറ്റുവട്ടത്തെ
പിളേളരും പിറുങ്ങണീം തന്തേം
തള്ളേമെല്ലാം കുളിക്കുന്നതും
അലക്കുന്നതും മറ്റും ഇവിടെ.
ഉടുക്കാക്കുണ്ടികളായ
പിളളാരു് പതിവ് കാഴ്ച.
കുറിയാണ്ടുടുത്താണ്
ആണുങ്ങളുടെ കുളി.വെളളമില്ലാത്തപ്പോള്‍
വീട്ടുകാര്‍ ഒളള ചെരട്ടേം
കുടുക്കേമെല്ലാം
കൊണ്ടുവവരും,വെളളമൂറ്റാന്‍.എല്ലാവര്‍ക്കും
കിണറില്ല.എന്നാലേതു
കിണറ്റീന്നും ആര്‍ക്കും
കോരാം.
ആണും
പെണ്ണും അയ്യത്തു പണി ചെയ്യും.
വൈന്നേരം
മുക്കിനു കടേപ്പോവും.
"എങ്ങോട്ടു
പോവാ?”
എന്നു
ചോദിച്ചാല്‍ "കടേപ്പോവാ"
എന്നുത്തരം
"എന്തോത്തിനാ?”
"എന്തവാ
കേട്ടില്ല"
"എന്തോത്തിനാ
പോന്നേന്ന് ?"
"അരിസാമാനങ്ങളു
വാങ്ങാന്‍”.വീട്ടില്‍
വന്ന് പെമ്പിറന്നോരോടു
പറയൂം "കട്ടങ്കാപ്പി
അനത്തിത്താടീ”.
അതു
കേള്‍ക്കെ പിളേളരു പറയും.
"ഞങ്ങക്കും.”
"ഇപ്പോഴല്ലിയോ
മോന്തിയത്?”
.അപ്പോ
അവരു മുഞ്ഞീം വീര്‍പ്പിച്ചിരിക്കും.
ഓട്ടു
ഗ്ലാസിലോ കുഴിയന്‍ പിഞ്ഞാണത്തിലോ
വെച്ചു നീട്ടീയാല്‍ മുകം
തെളിയും.
"അമ്മോ
,ഇച്ചിരി
മധുരം കൂടി .”
"പഞ്ചാരയോ?നല്ല
അനത്തു വെച്ചു തരും.പറഞ്ഞേക്കാം”.
ഇതിന്റെയൊക്കെ
പെരുവിരലു തൊട്ടുച്ചി വരെ
വയറാ എന്നു കളിയാക്കും,
മഴക്കാലം
വന്നാല്‍ ചെറ്റപ്പഴുതില്‍
കൂടി കാറ്റു കടക്കും (
ചെറ്റകള്‍
എന്നു പ്രയോഗിച്ച് നിങ്ങള്‍
ഞങ്ങളുടെ ജിവിതത്തെ
നിന്ദിച്ചില്ലേ?
). അക്കരമലയില്‍
നിന്നും കോടമഞ്ഞു വളര്‍ന്നു
നിറയും.
അതിനു
മീതേ ഇരുളും.
തുമ്പിക്കൈവണ്ണത്തി
മഴ പെയ്യും.ഏറയത്താകെ
ഏലിച്ചിലടിച്ച് നനയും.
പര്യാമ്പുറത്ത്
ചേമ്പിലകള്‍ രാവിലത്തെ
സൂര്യവെട്ടത്തിനു നേരേ
പിടക്കാന്‍ കരുതിയിട്ടുണ്ടാകും.
നേരം
വെളുത്താല്‍ പിളളാര്‍ക്ക്
വിശേഷങ്ങള്‍ ഒത്തിരി ഒണ്ടാകും.
ആഴാന്തല്
ഒടിഞ്ഞത് ,മഴ
പെയ്തപ്പം ഈടി ഇടിഞ്ഞത്.ചെളിവെളളത്തില്‍
കുട്ടന്‍മാക്രി ചാടിയത്.
ചൊറിത്തവള
വന്നത്.കിണ്ടീം
കിണ്ണോം കൂട്ടി മുട്ടിയത്.കാലായിലെ
വലിയ പൊനത്തില്‍ പന്നിയെലി
ചത്തത്.കൂട്ടുകാരുടെ
വിശേഷം പറയല്‍ തോരില്ല.
"ഞാന്‍
എന്റെ കണ്ണു കൊണ്ടു കണ്ടതാ
കിഴുത്തേക്കൂടി മുട്ടനൊരു
കരിമ്പാമ്പു കേറി പോയത്.”
"നല്ലോണം
കണ്ടോ അതിനെ?
“ താണ്ടേ,
ഒരു
കാര്യം പറഞ്ഞേക്കാം
പുളുവടിക്കരുത്.
“
|
എന്താ
നാളിതുവരെ ഈ പത്തനംതിട്ടമലയാളത്തിന്
ഒരു പാഠാവലിയിലും സംഭാഷണ
രൂപത്തില്‍ പോലും ഇടം കിട്ടാത്തത്?
എന്താ
എച്ചില്‍ഭാഷയാണോ
ഞങ്ങളുടേത്?പത്തനംതിട്ടയുടെ
പടയണിപ്പാട്ടിലിങ്ങനെ ചില
വരികളുണ്ട്.
എച്ചിലെച്ചിലെച്ചിലെങ്കില്‍
പിറന്ത
പൂമിയുമെച്ചില്
പിറന്ത
പൂമിയുമെച്ചിലെങ്കില്‍
നടന്ത
പൂമിയുമെച്ചില്
നടന്ത
പൂമിയുമെച്ചിലെങ്കില്‍
കറന്തപാലുമെച്ചില്
കറന്ത
പാലുമെച്ചിലെങ്കില്‍
പിറന്തപിളളയുമെച്ചില്
പിറന്ത
പിളളയുമെച്ചിലെങ്കില്‍
വായിലെച്ചിലു
പോകുമോ?
അമ്പത്തൊന്നക്ഷരം
കൂടുന്ന പന്തത്തെക്കുറിച്ചു
തപ്പു കൊട്ടി പാടിയപ്പോഴും
പൂമി,
പിറന്ത
തുടങ്ങിയ വാക്കുകളെ മാനകീകരിക്കാന്‍
തയ്യാറാകത്ത മനസു് കാണാതെ
പോകരുത്,
വളളുവനാടന്‍
മലയാളത്തിനും പൊന്നാനി
മലയാളത്തിനും തലശേരി മലയാളത്തിനും
കാസര്‍ഗോടുമലയാളത്തിനും
പാറശാല മലയാളത്തനും മട്ടാഞ്ചേരി
മലയാളത്തിനും കോട്ടയം
മലയാളത്തിനും കോഴിക്കോടന്‍
മലയാളത്തിനും തൃശൂര്‍
മലയാളത്തിനും തീരദേശമലയാളത്തിനും
കൊങ്കിണിമലയാളത്തിനും ആദിവാസി
മലയാളത്തിനും അങ്ങനെ
പലമലയാളത്തിനും പ്രാതിനിധ്യം
വരത്തക്കവിധം ഭാഷാപഠനത്തെ
ജനാധിപത്യവത്കരിക്കുമ്പോഴാണ്
കുട്ടി സ്വന്തം ജീവിതത്തെ
സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന
പാഠങ്ങള്‍ പരിചയപ്പെടുക.
വൈവിധ്യത്തെ
മാനിക്കുക.
ജൈവവൈവിധ്യ
സംരക്ഷണം പോലെ ഭാഷാവൈവിധ്യത്തയും
ഭാഷയിലെ വൈവിധ്യത്തേയും
സംരക്ഷിക്കണം അപ്പോള്‍
മാത്രമാണ് ഭാരതത്തിന്റെ
സമൃദ്ധവും വൈവിധ്യപൂര്‍ണവുമായ
പരമ്പരാഗതമായ സമ്പത്തിനര്‍ഹയാകുവാന്‍
പ്രയത്നിക്കും എന്ന പ്രതിജ്ഞ
പാഴ് വാക്കാകാതിരിക്കുക.
വരമൊഴി
ശ്രേഷ്ടം വാമൊഴി കാഷ്ടം എന്ന
മനോഭാവം മാറണം.
ഗ്രാമ്യഭാഷ
മോശം,
തെരുവുഭാഷ
മോശം എന്നൊക്കെ ഇല്ലത്തിരുന്ന്
അയിത്തം പറയുന്ന കേസരികള്‍ക്ക്
മുയലുകള്‍ പൊട്ടക്കിണറു
കാണിച്ചു കൊടുക്കണം.
ഭാഷാ
പഠനം സാംസ്കാരിക പഠനം
കൂടിയാണെങ്കില്‍ അതിന്റെ
വിശാലത അംഗീകരിക്കണം.
അന്തിയടപ്പന്‍
,
നാല്പതാം
നമ്പര്‍മഴ,ഇരുട്ടു
കുത്തിമഴ എന്നിങ്ങനെയുളള
മഴകളെ അറിയണമെങ്കില്‍
ഇടുക്കിമലയാളം അറിയണം.
ഐന്തിണസാഹിത്യത്തിന്റെ
പേരിലല്ലേ ശ്രേഷ്ഠത വാദിച്ചു
വാങ്ങിയത്?
കുറിഞ്ചി
നാട്ടിലെ മലയാളം ,മുല്ലൈ
നാട്ടിലേയും നൈതല്‍ നാട്ടിലേയും
മലയാളം മലയാളമാണെന്നു
അംഗീകരിക്കണം.
സംഘകാലപ്പഴമപ്പെരുമയുടെ
വേരുകളിലേക്കു പൊകുന്ന മലയാളി
അച്ചടിയന്ത്രം തീരുമാനിച്ചതോ
അധികാരികള്‍ നിശ്ചയിച്ചതോ
ആയ ഭാഷയിലൂടെ മാത്രം ചിന്തിക്കരുത്.
ജനമലയാളം
എന്ന ലേഖനത്തില്‍ കെ ഇ എന്‍
,
ഭാഷയിലെ
രക്തസാക്ഷിയായ ഒറ്റപ്പാലത്തെ
ശിവരാമനെന്ന പതിനേഴുകാരനെ
ഓര്‍മിപ്പിക്കുന്നു .
നായരുടെ
പീടികയില്‍ ചെന്നു ഉപ്പു
ചോദിച്ചതിന് ശവരാമനെ
തല്ലിക്കൊന്നു.
അധസ്ഥിതര്‍
ഉപ്പെന്നു ഉച്ചരിച്ചുകൂടാ.
പുളിക്കുന്നതെന്നേ
പറയാവൂ.
"തമ്പ്രാനെന്നു
വിളിക്കയുമില്ല പാളേല്‍
കഞ്ഞി കുടിക്കയുമില്ല"
എന്ന
കര്‍ഷകത്തൊഴിലാളി മുദ്രാവാക്യവും
ചരിത്രത്തില്‍ നിന്നെടുത്തു
ചേര്‍ത്തു വെക്കുന്നു.
ഭാഷയിലെ
ജനാധിപത്യവത്കരണത്തിന്റെ
സമരമലയാളമാണിത്.
വര്‍ത്തമാനകാലമലയാളം
ആവശ്യപ്പെടുന്നത് തനത്
സാംസ്കാരികരൂപങ്ങളെ
നിലനിറുത്താനാണ്.
ആഗോളീകരിക്കുക
എന്നു പറയുന്ന പോലെ ഏകീകരിക്കുക
എന്നതിലും ജനതയുടെ വൈവിധ്യത്തെ
നിഷേധിക്കലുണ്ട്.
ഭാഷയുടെ
പൊതു നിരത്തില്‍ കയറി നടക്കാന്
അധസ്ഥിതന് അവകാശം നിഷേധിക്കുമ്പോള്‍
പ്രതിരോധിക്കുന്നതും
മലയാളപ്രകൃതിയുടെ കുന്നും
കുഴിയും പുഴയും പാടവും
മണ്ണുമാന്തിയന്ത്രം കൊണ്ട്
നിരപ്പാക്കുന്നതു പോലെ
ആദിവാസികളടക്കമുളളവരുടെ
പ്രാദേശിക മൊഴിഭാവങ്ങളെ
അപമാനിച്ച് ഏകീകരിക്കാനുളള
ഔദ്യോഗിക ശ്രമമായി വിദ്യാഭ്യാസം
മാറരുതെന്നു പറയുന്നതും തല
ഉയര്‍ത്തി നില്‍ക്കാനുളള
പുറാളപക്ഷജനാധിപത്യബോധവും
പ്രകൃതിസ്നേഹവുമാണ്.
"ഒരേ
രാഗത്തിലുളള പാട്ടുകള്‍
മാത്രം കേട്ട്,
ഒരേ
രുചിയുളള ഭക്ഷണം മാത്രം
കഴിച്ച്,
ഒരേ
ഭാഷയില്‍ മാത്രം മൊഴിഞ്ഞിരുന്നാല്‍
നാടിന്റെ സംസ്കാരത്തില്‍
മറ്റെന്താണുണ്ടാവുക?”
എന്നു
വി.ജി
തമ്പി ചോദിക്കുന്നു (തൃശൂരങ്ങാടിയുടെ
മൊഴിയഴകുകള്‍)
അദ്ദേഹം
തുടരുന്നു "ഭാഷാശാസ്ത്രഗ്രന്ഥങ്ങളില്‍
നിന്നും എഴുന്നേറ്റു വരുന്ന
നിഗമനങ്ങളം പതുക്കെ നമ്മുക്കിനി
ഒഴിവാക്കണം.മലയാളഭാഷയുടെ
കുന്നിറങ്ങി വന്ന് ചുവട്ടിലെ
മണല്‍ത്തരികള്‍ തൊട്ടുനോക്കാന്‍
സമയമായി.ഭാഷ
അതിന്റെ ജൈവവൈവിധ്യം കൊണ്ടാണ്
നിലനില്‍ക്കുന്നത്.വ്യത്യാസങ്ങളുടെ
ബഹുലതകളിലാണ് അതിന്റെ ഉയിര്.”
നല്ല
വിദ്യാഭ്യാസത്തെക്കുറിച്ചുളള
കാഴ്ചപ്പാട്
കുപ്പിപ്പാലല്ല
അമ്മയുടെ മുലപ്പാലാണ് കുഞ്ഞിനു
കൊടുക്കേണ്ടതെന്നു പരസ്യം
ചെയ്തത് ശാസ്ത്രം പഠിച്ച
അഭ്യാസ്തവിദ്യരോടായിരുന്നു
എന്നത് വിരോധാഭാസമാണ്.
നാം
നേടിയ വിദ്യാഭ്യാസത്തെ
പല്ലിളിച്ചു കാട്ടുന്ന നിരവിധി
സന്ദര്‍ഭങ്ങളുണ്ട്.
പോഷകാഹാരത്തെക്കുറിച്ചുളള
പാഠത്തില്‍ പഞ്ഞിപ്പുല്ലിനു
സ്ഥാനമില്ലാതെ പോയതു പോലെയെത്ര
വിഡ്ഢിത്തങ്ങള്‍ നാം പഠിപ്പിച്ചു.
ലോകത്തുളള
ഏതിനേയും കുറിച്ച് പഠിപ്പിച്ച
പാഠപുസ്തകങ്ങളില്‍
വിദ്യാഭ്യാസവളര്‍ച്ചയുടെ
ചരിത്രമില്ല.
പഞ്ചമിയെന്ന
പെണ്‍കുട്ടിയും കത്തിയെരിഞ്ഞ
വിദ്യാലയവുമില്ല.
മാതൃഭാഷയില്‍
പഠിക്കാനവസരം കിട്ടിയതിന്റെ
ഫലമായുണ്ടായ ഉണര്‍വിന്റെ
കാഴ്ചകളില്ല.
ഭാഷയും
അധികാരവും തമ്മിലുളള ബന്ധത്തെ
ചര്‍ച്ച ചെയ്യുന്നില്ല.
നല്ല
ആരോഗ്യപരിപാലനം എങ്ങനെയെന്നറിയുന്നതു
പോലെ നല്ല വിദ്യാഭ്യാസം
എന്തെന്നും കുട്ടികള്‍
ഏതെങ്കിലും ഒരു ഘട്ടത്തില്‍
പഠിക്കണം.
ഗാന്ധിജിയുടെ
നയീ താലീം മുതല് ഗോപാലകൃഷ്ണന്റെയും
ബേബിയുടേയും സാരംഗും കനവുമടക്കമുളള
ഇടപെടലുകളുടെ പാതകള്‍
ചര്‍ച്ചയ്ക്ക വിധേയമാക്കണം.
അപ്പോഴാണ്
വിദ്യാഭ്യാസത്തെക്കുറിച്ച്
ശരിയായ അവബോധമുണ്ടാവുക.
അതില്ലാതെ
വരുമ്പോള്‍ രക്ഷാകര്‍തൃകുപ്പായമിടുന്ന
സന്ദര്‍ഭത്തില്‍
അനുയോജ്യവിദ്യാഭ്യാസമെന്തെന്നു
തീരുമാനിക്കാനാവാതെ കമ്പോളത്തിന്റെ
പ്രലോഭനങ്ങള്‍ക്കു വിധേയരായിപ്പോകാം.
വിദ്യാഭ്യാസത്തെക്കുറിച്ചുളള
വിദ്യാഭ്യാസമില്ലാത്ത സമൂഹമാണ്
കേരളം.അവബോധരൂപവത്കരണം
ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്.
ഇവിടുത്തെ
രാഷ്ട്രീയസാമൂഹിക പ്രസ്ഥാനങ്ങളുടെ
ഭാഗത്തു നിന്നും ഇക്കാര്യത്തില്‍
വീഴ്ചയുണ്ടായിട്ടുണ്ട്.
ബോധനമാധ്യമത്തിന്റെ
കാര്യത്തിലും ഈ കാഴ്ചപ്പാടില്ലായ്മ്
പ്രകടമാണ്.
ബോധനമാധ്യമം.
ആയിരത്തിത്തൊളളായിരത്തി
തൊണ്ണൂറ്റിയാറിലാണ്
ശാസ്ത്രസാഹിത്യപരിഷത്തിന്റെ
ആവശ്യപ്രകാരം അശോക് മിത്രയുടെ
നേതൃത്വത്തില്‍ ഒരു
വിദ്യാഭ്യാസകമ്മീഷന്‍
പ്രവര്‍ത്തിച്ചത്.
ഡോ.
അനന്തലക്ഷ്മി,പ്രൊഫ.
എന്‍
ബാലകൃഷ്ണന്‍നായര്‍,
ഡോ.കെ.
ഗോപാലന്‍,ശ്രീ.
ടി
എന്‍.
ജയചന്ദ്രന്‍,ഡോ.
സി.
ടി.
കുര്യന്‍,പ്രൊഫ.കെ.എന്‍.
പണിക്കര്‍,ശ്രീ.
പി.
കെ
.ഉമാശങ്കര്‍,പ്രൊഫ.
എം
.വിജയന്‍
എന്നിവരടങ്ങുന്നതായിരുന്നു
കേരള വിദ്യാഭ്യാസകമ്മീഷന്‍.
ഈ
റിപ്പോര്‍ട്ടില്‍
ബോധനമാധ്യമത്തെക്കുറിച്ച്
ചര്‍ച്ച ചെയ്യുന്ന ഭാഷയും
സാഹിത്യവും അധ്യയനമാധ്യമവും
എന്ന ഒരധ്യായം ഉണ്ട്.
അതില്‍
ഇപ്രകാരം പറയുന്നു.
- "രാജ്യത്തെ ഏറ്റവും സമ്പന്നമായ ഭാഷകളിലൊന്നാണ് മലയാളം.
- കേരളത്തിലെ വിദ്യാഭ്യാസഘടനയെ ദോഷകരമായി ബാധിക്കുന്ന ഒറു ഭാഷാപ്രശ്നം കേരളത്തിലുണ്ട്. രണ്ടു നൂറ്റാണ്ടുകളോളം ഇന്ത്യയെ അടക്കിവാണ കൊളോണിയലിസത്തിന്റെ ബാക്കിപത്രമാണ് ആ പ്രശ്നം.
- കേരളത്തില്‍ പോലും സംസ്ഥാനത്തെ മുഖ്യഭാഷയായ മലയാളത്തിന്റെ അതീവധന്യതയെക്കുറിച്ചുളള അവബോധം വ്യാപകമായിരുന്നിട്ടും ഇംഗ്ലീഷിനോടുളള വിധേയത്വം നിലനിന്നു.
- ഭൗതികശാസ്ത്രങ്ങളിലായാലും ദര്‍ശനം,സാമ്പത്തികശാസ്ത്രം മുതലായയ വിഷയങ്ങളിലായാലും ഏറ്റവും ഉചിതമായ മാധ്യമം എന്ന നിലയിലുളള സഹജമായ ഗുണവിശേഷങ്ങള്‍ മലയാളത്തില്ല എന്നു കരുതുവാന്‍ തക്ക ന്യായങ്ങല്‍ നിലനില്‍ക്കുന്നില്ല. കല, ശാസ്ത്രങ്ങള്‍ എന്നീ പ്രധാന വിഷയങ്ങളില്‍ വിദ്യാഭ്യാസപരമായ ആവശ്യങ്ങല്‍ നിറവേറ്റുന്നതിന് മതിയായവിധം പദാവലി വിപുലീകരിക്കുകയും വ്യാപിപ്പിക്കുകയമാണ് ആവശ്യമായിട്ടുളളത്.
- ഒരു ഭാഷ ഉപയോഗിക്കപ്പെടുമ്പോള്‍ ആ ഭാഷ ചിറകുവെക്കുന്നുവെന്ന് എല്ലാ ഭാഷകളുടേയും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
- ഭാഷാന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ മലയാളവും ഉള്‍പ്പെടുത്തിക്കൊണ്ട് അവരുടെ ഭാഷകളും പഠിപ്പിക്കാവുന്നതാണ്. മൂന്നാം ക്ലാസ് മുതല്കോ മറ്റോ മലയാളം തുടങ്ങാം.
- ഗോത്രസമൂഹങ്ങളുടെ കാര്യത്തില്‍ അവരുടെ പ്രദാശികസംസാരഭാഷയില്‍ അധ്യയനം ആരംഭിച്ചതിനു ശേഷം മതിയായ സമയപരിധിക്കകം മലയാള ലിപിയിലേക്കും ഭാഷയിലേക്കും മാറ്റമാകാം.
- സമത്വപൂര്‍ണമായ ഒരു വിദ്യാഭ്യാസസമ്പ്രദായം ഉറപ്പുവരുത്താന്‍ സാധ്യമായ എല്ലാ തലങ്ങളിലും അധ്യയനമാധ്യമമെന്ന നിലയില്‍ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് പരിവര്‍ത്തനം ചെയ്തേ പറ്റൂ.പോസ്റ്റ് സെക്കണ്ടറി ഘട്ടങ്ങളില്‍ മലയാളം അധ്യയനമാധ്യമമാക്കുന്നതിനുളള ഗതിവേഗം ത്വരിതപ്പെടുത്തേണ്ടതിന് ആവശ്യമെങ്കില്‍ പാഠപുസ്തകങ്ങളും മറ്റു രേഖകളും നിര്‍മിക്കുന്നതിനുളള ഏര്‍പ്പാടുകള്‍ ചെയ്യാവുന്നതാണ്.
- ഗവണ്മെന്റിന്റെ സംവിധാനത്തിന് അതീതമായ പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്ന-ഉദാഹരണത്തിന് ധര്‍മസ്ഥാപനങ്ങളുടേയോ തികഞ്ഞ വാണിജ്യസ്ഥാപനങ്ങള്‍ തന്നെയോ- അധ്യയനഭാഷയായി ഇംഗ്ലീഷോ മറ്റോതെങ്കിലും ഭാഷയൊ ഉപയോഗപ്പെടുത്താനാഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ക്കതിന് വിഭവശേഷി ഉണ്ടെങ്കില്‍ പോലും അത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിച്ചുകൂടാ,”
കേരളവിദ്യാഭ്യാസകമ്മീഷന്‍
മുന്നോട്ടുവെച്ച ആശയങ്ങള്‍
സമൂഹം ഉള്‍ക്കൊണ്ടില്ല എന്നു
വേണം കരുതാന്‍.
ഇംഗ്ലീഷ്
മീഡിയം പൊതുവിദ്യാഭ്യാസത്തിനകത്തു
കയറി.
ആല്‍
മരങ്ങള്‍ പുരയുടെ മച്ചില്‍
വേരാഴ്ത്തി വളരുമ്പോള്‍ അവയെ
വെച്ചുകൊണ്ടിരുന്നാല്‍ അതു
ചുമരുകളും നിലങ്ങളും തുരന്ന്
പുരയെ മറ്റൊന്നാക്കി മാറ്റും.
2010-11 വര്‍ഷം
കേരളത്തിലെ വിദ്യാലയങ്ങളില്‍
ഇംഗ്ലീഷ് മാധ്യമത്തില്‍
പഠിച്ചവരുടെ കണക്ക് നോക്കൂ.
(പൊതുവിദ്യാഭ്യാസവകുപ്പിന്റെ
സെലക്ടഡ് എഡ്യൂക്കേഷണല്‍
സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം
)
വിവിധ
ധാരകള്‍
|
വിദ്യാര്‍ഥികളുടെ
എണ്ണം
|
കേരള
സിലബസ് -ഇംഗ്ലീഷ്
മീഡിയം
|
832973
(സര്‍ക്കാര്‍
വിദ്യാലയങ്ങളില്‍ 85875
,എയിഡഡ്
വിദ്യാലയങ്ങളില്‍ 437528,അണ്‍
എയിഡഡ് 308885
)
|
കേന്ദ്രീയ
വിദ്യാലയം
|
42110
|
നവോദയ
|
6736
|
ഐസി
എസ് ഇ
|
92416
|
സി
ബി എസ് ഇ
|
636666
|
പൊതുവിദ്യാഭ്യാസത്തിനകത്ത്
ഏതാണ്ട് നാലഞ്ചു ലക്ഷം
കുട്ടികള്‍ മലയാളം ഉപേക്ഷിച്ചവരായി
ഉണ്ട്.
രണ്ടു
ഡിവിഷനുണ്ടെങ്കില്‍ മാത്രമേ
മൂന്നാമത്തേതായി ഇംഗ്ലീഷ്
മീഡിയം ഡിവിഷന്‍ അനുവദിക്കൂ.
(GO(MS)156/12 Gedn. Dtd TVPM 22nd
May 2012) ഡിവിഷന്‍
ഫാള്‍ ഉണ്ടാകുന്ന സാഹചര്യത്തിലെന്തു
ചെയ്യണമെന്നതില്‍ ഈ ഉത്തരവു
വഴി ഇളവ് അനുവദിച്ചിട്ടുണ്ട്.
പക്ഷേ
ഒരു ഡിവിഷന്‍മാത്രമുളള
വിദ്യാലയങ്ങളിലും നിയമത്തെ
കാറ്റില്‍ പറത്തി ക്ലാസുകളെ
ഇംഗ്ലീഷ് മീഡിയമാക്കി
പരിവര്‍ത്തിപ്പിക്കുന്നു
എന്ന ആക്ഷേപം വ്യാപകമാണ്.
അതായത്
മുകളിലെ പട്ടികയില്‍
സൂചിപ്പിച്ചതിന്റെ ഇരട്ടിയോളം
കുട്ടികള്‍ ഇംഗ്ലീഷ്
ധാരയിലുണ്ടാകാം.
2011 കഴിഞ്ഞ്
ഇപ്പോള്‍ 2013
ആയി.
ഈ
സംഖ്യയില്‍ ഭീമമായ വര്‍ധനവു
സംഭവിച്ചിരിക്കാം.
മുപ്പത്തിയാറു
ലക്ഷം കുട്ടികളില്‍ മൂന്നിലൊന്നോളം
ഇംഗ്ലീഷ് മീഡിയത്തെ വരിച്ചു
കഴിഞ്ഞു എന്നനുമാനിക്കാം.
ഈ
സ്ഥിതി വിശേഷത്തിലാണ് നാം
ശ്രേഷ്ഠഭാഷാ പദവി വാങ്ങിയത്
എന്നതോര്‍ക്കണം.അധ്യാപകര്‍
അവരുടെ മക്കളെ ഇംഗ്ലീഷ്
മീഡിയത്തില്‍ ചേര്‍ത്തതുമാത്രമാണ്
എല്ലാത്തിനും കാരണമെന്നു
പറയുന്നത് തടിതപ്പലാണ്.
ബഹുജനപുരേഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സാസ്കാരികസംഘടനകളുടെയും സര്‍വീസ് സംഘടനകളുടെയും ട്രേഡ്യൂണിയനുകളുടെയും സജീവപ്രവര്‍ത്തകരും നേതാക്കളും ഇക്കാര്യത്തിലെന്തു ചെയ്തു എന്നു അവരുടെ വാസസ്ഥലത്ത് പരിശോധിക്കണം. നയിക്കേണ്ടവരുടെ മൗനസമ്മതം അണികളെ വഴിതെറ്റിച്ചുവോ? ബോധനമാധ്യമം തെരഞ്ഞെടുക്കുന്നത് വ്യക്തിയുടെ സ്വാതന്ത്ര്യമായി അനുവദിക്കുമ്പോള്‍ പൊതുവിദ്യാഭ്യാസത്തിന്റെ സാമൂഹികതലവും മാതൃഭാഷയുടെ സാസ്കാരികതലവും ത്യജിക്കുകയാണ്. അല്ലെങ്കില്‍ കേരളത്തെയും മലയാളത്തേയും ഒറ്റുകൊടുക്കുകയാണ്
ബഹുജനപുരേഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സാസ്കാരികസംഘടനകളുടെയും സര്‍വീസ് സംഘടനകളുടെയും ട്രേഡ്യൂണിയനുകളുടെയും സജീവപ്രവര്‍ത്തകരും നേതാക്കളും ഇക്കാര്യത്തിലെന്തു ചെയ്തു എന്നു അവരുടെ വാസസ്ഥലത്ത് പരിശോധിക്കണം. നയിക്കേണ്ടവരുടെ മൗനസമ്മതം അണികളെ വഴിതെറ്റിച്ചുവോ? ബോധനമാധ്യമം തെരഞ്ഞെടുക്കുന്നത് വ്യക്തിയുടെ സ്വാതന്ത്ര്യമായി അനുവദിക്കുമ്പോള്‍ പൊതുവിദ്യാഭ്യാസത്തിന്റെ സാമൂഹികതലവും മാതൃഭാഷയുടെ സാസ്കാരികതലവും ത്യജിക്കുകയാണ്. അല്ലെങ്കില്‍ കേരളത്തെയും മലയാളത്തേയും ഒറ്റുകൊടുക്കുകയാണ്
ഭാഷാ
സാമ്രാജ്യത്വം
Robert
Phillipson'( 1992 ), Linguistic
Imperialism എന്ന
പുസ്തകത്തിലൂടെ ഇംഗ്ലീഷിന്റെ
അധിനിവേശത്തെക്കുറിച്ച്
താക്കീത് തരുന്നു.
അദ്ദേഹം
നവകോളനിവത്കരണത്തിന്റെ
പശ്ചാത്തലത്തില്‍ ഇതു
പരിശോധിക്കുന്നു.
പഠിപ്പിക്കാന്‍
പറ്റിയ ഭാഷ ഇംഗ്ലീഷാണ്,
ഇംഗ്ലീഷ്
പഠിപ്പിക്കേണ്ടത് അന്നാട്ടുകാരായാല്‍
നന്ന്
ഏറ്റവും
ചെറുപ്രായത്തില്‍ ഇംഗ്ലീഷ്
പഠിപ്പിക്കുന്നുവോ അത്രയും
നല്ലത്,
കൂടുതല്‍
ഇംഗ്ലീഷ് പഠിപ്പിക്കുന്നുവോ
അത്രയും മെച്ചം,
മറ്റുഭാഷകള്‍
ഉപയോഗിക്കുകയാണെങ്കില്‍
ഇംഗ്ലീഷിന്റെ നിലവാരം കുറയും
തുടങ്ങിയ കപട വാദങ്ങളുന്നയിച്ച്
ബ്രിട്ടീഷ് കൗണ്‍സിലും മറ്റ്
ഏജന്സികളും ലോകത്തെ ഭാഷകളെയും
സംസ്കാരത്തേയും അടിമപ്പെടുത്തുവാന്‍
ശ്രമിക്കുന്നു.സാംസ്കാരിക
അധീശത്വത്തിന്റെയും സാമ്പത്തിക
മേധാവിത്വത്തിന്റേയും മുഖമാണ്
ഇന്ന് ഇംഗ്ലീഷിനുളളത്.
ഇതരഭാഷകളെ
ദുര്‍ബലപ്പെടുത്തുന്നതൊടൊപ്പം
ഭാഷയെ മൂലധനമാക്കുന്നതിനും(
ഇംഗ്ലീഷിന്റെ
വിപണി വിപുലപ്പെടുത്താന്‍
ബ്രീട്ടീഷ് പ്രധാനമന്ത്രി
വരെ ഇതരരാജ്യങ്ങളിലെ
ഭരണനത്തലവരുമായി ധാരണയിലെത്തുന്നതും
തദ്ദേശീയമായ പ്രതിഭകള്‍
വളര്‍ന്നു വന്നാല്‍ അവരെ
തങ്ങളുടെ റിസോഴ്സ് പേഴ്സണാക്കി
നിരായുധീകരിച്ച് ഭാവിയിലെ
അപകടങ്ങളെ ഒഴിവാക്കുന്ന
ബ്രിട്ടീഷ് കൗണ്‍സില്‍
തന്ത്രവും ഉദാഹരണം)
അവര്‍
ശ്രമിക്കുന്നു.
വളരെ
വിപുലമായ ചര്‍ച്ച ആവശ്യമുളള
സംഗതിയാണ് ബോധനമലയാളവുമായി
ബന്ധപ്പെട്ടുളളത്.
ഇത്തരം
ഗൗരവമുളള ചര്‍ച്ചകളില്ലാതെ
പാഠ്യപദ്ധതി പരിഷ്കരിക്കുന്നത്
ശ്രേഷ്ഠമലയാളത്തെ രക്ഷിക്കാന്‍
സഹമായകമാകുമോ?കേരളത്തിലെ
വിദ്യാഭ്യാസത്തേയും.