ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, June 29, 2025

പ്രതിവാര ഒണ്‍ലൈന്‍ ക്ലാസ് പി ടി എ ഒന്നാം ക്ലാസില്‍ സാധ്യമോ?

 രക്ഷിതാക്കളുടെ ഓണ്‍ലൈന്‍ ക്ലാസ് പി ടി എ എന്നത് അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി ഗവേഷണാത്മകമായി ചെയ്യാനാണ് വലിയഴീക്കല്‍ സ്കൂളിലെ പ്രീജടീച്ചര്‍ തീരുമാനിച്ചത്.  രക്ഷിതാക്കളുടെ പങ്കാളിത്തം എങ്ങനെയാകും? ഓണ്‍ലൈന്‍ രീതി വിജയിക്കുമോ എന്നിങ്ങനെയുള്ള ആശങ്കകള്‍. ആ വിദ്യാലയത്തില്‍ നടത്തിയ ഓണ്‍ലൈന്‍ ക്ലാസ് പി ടി എയുടെ അനുഭവങ്ങളിലേക്ക് പോകാം. മൂന്ന് ഓണ്‍ലൈന്‍ ക്ലാസ് പിടിഎ ആണ് ഇതുവരെ നടത്തിയത് (11/06/25, 20/06/25, 27/06/25)

27/06/ 2025  _7.30. P.M നടത്തിയ ഓണ്‍ലൈന്‍ ക്ലാസ് പി ടി എ വിശദാംശങ്ങള്‍

അജണ്ട

⏹️പാഠഭാഗം ഏഴു ദിവസം പ്രവർത്തനങ്ങൾ പിന്നിട്ടപ്പോൾ രക്ഷിതാക്കളുടെ പ്രതികരണങ്ങൾ പങ്കിടല്‍.

⏹️ കുഞ്ഞുങ്ങൾ ക്ക് ചിത്രകഥ പുസ്തകം വായിച്ചു കൊടുക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍.

⏹️ പുസ്തക കൂടാരം

⏹️ കുഞ്ഞുങ്ങളുടെ Class room അനുഭവങ്ങള്‍ വീട്ടിൽ വന്ന്പങ്കിടുന്നതിനോടുള്ള പ്രതികരണങ്ങള്‍

⏹️ വായനക്കാർഡ് വായന എങ്ങനെ?

⏹️ ക്ലാസ് മുറിയിൽ പഠനാന്തരീക്ഷത്തിൽ മാറ്റം വരുത്തേണ്ടതുണ്ടോ? എങ്കിൽ നിർദ്ദേശം

⏹️ സ്കൂൾ അനുഭവം 4 ആഴ്ച കഴിയുമ്പോൾ വിലയിരുത്തൽ .

പങ്കാളിത്തം  

⏹️മുഴുവൻരക്ഷിതാക്കളും ഓൺലൈൻ ക്ലാസ് 'പിടിഎയിൽ പങ്കെടുത്തു. 

⏹️കാലാവസ്ഥ പ്രശ്നം മൂലംNet  പ്രശ്നമുണ്ടായിരുന്ന രക്ഷിതാക്കൾ അടുത്തുള്ള കുഞ്ഞുങ്ങളുടെ വീട്ടിലേക്ക് എത്തി അവരോടൊപ്പം ഓൺലൈനിൽ മീറ്റിംഗിൽ പങ്കെടുത്തു. ഏറെ സന്തോഷകരമായ ഒരു അനുഭവമായിരുന്നു.

പ്രതികരണങ്ങള്‍ 

⏹️ഓരോ രക്ഷിതാവും കുഞ്ഞുങ്ങളെക്കുറിച്ച് വ്യക്തമായി സംസാരിച്ചു. 

⏹️സ്കൂൾ തുറന്ന സമയത്ത് കുഞ്ഞുങ്ങളിൽ നിന്നും ഇപ്പോൾവന്ന മാറ്റങ്ങൾ, 

വിദ്യാലയാനുഭവങ്ങള്‍ പങ്കിടുന്ന കുട്ടികള്‍ 

⏹️സ്കൂൾ അനുഭവങ്ങൾ പറയുന്നതിനുള്ളതാൽപര്യം പ്രകടിപ്പിക്കുന്നു കഥ പറയാനും പാട്ടു ' പാടാനും ചിത്രങ്ങൾ വരയ്ക്കാനും നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്യാനും കുഞ്ഞുങ്ങൾ ഏറെ ഉത്സാഹം കാണിക്കുന്നതായി ഓരോ രക്ഷിതാവും പറഞ്ഞു.

എഴുത്തും വായനയും 

⏹️കുഞ്ഞുങ്ങൾ ഇപ്പോൾ പാഠഭാഗത്തുനിന്നും ആശയാവതരണ രീതിയിൽ പിന്നിട്ട പഠിച്ചുകഴിഞ്ഞ റ, ന, പ ട ത  താ  പാ  ടി   തി  etc എന്നീ അക്ഷരങ്ങൾ കൂട്ടത്തിൽ നിന്ന്  തിരിച്ചറിഞ്ഞ് വായിക്കുന്നു  എന്ന് രക്ഷിതാക്കൾ പറഞ്ഞു.

⏹️ചിത്രകഥ പുസ്തകങ്ങൾ കുഞ്ഞുങ്ങൾക്ക് രക്ഷിതാക്കൾ വായിച്ചു കൊടുക്കുന്നുണ്ട് 

⏹️സ്കൂളിൽനിന്ന് കൊടുത്തുവിട്ട പുസ്തകം കഥകൾ കുഞ്ഞുങ്ങൾ കേട്ടതിൽ നിന്ന് നന്നായി പറയാൻ ശ്രമിക്കുന്നുണ്ട് 

⏹️സ്കൂളിലെ അവതരിപ്പിക്കുന്ന പാo ഭാഗവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ചും കഥകളും കുഞ്ഞുങ്ങൾ വീട്ടിൽ ചെന്ന് പറയുന്നുണ്ട്. 

പുസ്തകക്കൂടാരം 

⏹️പുസ്തകക്കൂടാരം വായനയ്ക്കായി ഉപയോഗപ്പൊടുത്തുന്നത് നല്ലൊരു പ്രവർത്തനമാണെന്നും കുഞ്ഞുങ്ങൾ പുസ്തകം എടുത്തുനോക്കി ചിത്രത്തിൽ നിന്ന് അവരുടെ രീതിയിലെ കഥകൾ പറയാൻ ശ്രമിക്കുന്നതും അടുത്തുള്ള വായനശാലയിൽ പോയി കൂടുതൽ പുസ്തകങ്ങൾ എടുത്തു വായിച്ചു തരണം മെന്ന് :'3 'കുഞ്ഞുങ്ങൾ ആവശ്യപ്പെതായും രക്ഷിതാക്കൾ പറഞ്ഞു.

⏹️വായന ക്കൂടാരത്തിലേക്ക് വയ്ക്കാൻ പുസ്തകം ഇല്ലായിരുന് കുഞ്ഞുങ്ങൾക്ക് പുസ്തകം ടീച്ചർ കൊടുത്തുവിട്ടത് നല്ല കാര്യമാണെന്ന് രക്ഷിതാക്കൾഅഭിപ്രായപ്പെട്ടു.

വായനക്കാര്‍ഡുകളുടെ ഉപയോഗം 

⏹️വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുന്ന വായന കാർഡുകൾ രക്ഷിതാക്കൾക്ക് പറഞ്ഞിരിക്കുന്ന നോട്ടുബുക്കിൽ എഴുതി കുട്ടികളെ കൊണ്ട് വായിപ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.

⏹️എല്ലാവരും ആ രീതിയിൽ തന്നെ കുഞ്ഞുങ്ങളെ കൊണ്ട് വായിക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞു.

പഠനാന്തരീക്ഷവും പഠനതാല്പര്യവും 

⏹️ക്ലാസ് മുറിയിലെ പഠനാന്തരീക്ഷത്തിൽ ഇപ്പോൾ മാറ്റങ്ങൾ ഒന്നും വരുത്തേണ്ടതില്ലെന്നും ഈ രീതിയിൽ തന്നെ മുന്നോട്ടു പോകുന്നതാണ് നല്ലതെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

⏹️സ്കൂൾ തുറന്നുഒരു മാസം പിന്നിടുമ്പോൾ കുഞ്ഞുങ്ങൾക്ക് സ്കൂളിലേക്ക് വരുന്നതിന് താല്പര്യം വർദ്ധിച്ചെന്നും സ്കൂളിൽ ചെന്നാൽ കഥയും പാട്ടും പടം വരയ്ക്കലും പരീക്ഷണവും എല്ലാം കൊണ്ട് ക്ലാസ് റൂം അനുഭവങ്ങൾ കുഞ്ഞുങ്ങൾക്ക് സ്കൂളിലേയ്ക്ക് വരാൻ താല്പര്യമുണർത്തു ന്നു എന്നും ക്ലാസ് റൂം പ്രവർത്തനങ്ങൾ കുഞ്ഞുങ്ങളിൽ നല്ല രീതിയിൽ പഠന പുരോഗതി ഉണ്ടാക്കുന്നതെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിലെ പങ്കിടലിനെക്കുറിച്ച് 

⏹️അതുപോലെതന്നെ ദിവസവും ക്ലാസ് മുറിയിലെ അനുഭവങ്ങൾ പഠന പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നത് എന്തൊക്കെയാണ് ക്ലാസ് മുറിയിൽ നടക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കാനും കുഞ്ഞുങ്ങൾപറയുന്ന കാര്യങ്ങൾ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന് മനസ്സിലാക്കാനും അവർക്ക് വേണ്ട പിന്തുണ വീട്ടിൽ നൽകാനും രക്ഷിതാക്കൾക്ക് സാധിക്കുന്നുണ്ട്.

മീറ്റിഗ് സജീവമായി

⏹️⏹️7.30 ന്  ആരംഭിച്ച മീറ്റിംഗ് 8.50 വരെ നീണ്ടു നിന്നു. അജണ്ടയുടെ അടിസ്ഥാനത്തിൽ ഓരോന്നിനെക്കുറിച്ചും വ്യക്തമായ ചർച്ച നടത്തി. കുട്ടികളുടെ വായന ആശയാവതരണ രീതിയിലൂടെ കുഞ്ഞുങ്ങൾക്ക് കൂടുതൽ പഠന നേട്ടം ഉണ്ടാകുന്നുണ്ട് എന്ന് രക്ഷിതാക്കൾ തിരിച്ചറിയുന്നുണ്ട്. അക്ഷരങ്ങൾ വാക്കുകൾ വായനക്കഡുകൾ തിരിച്ചറിഞ്ഞത് വായിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്നു എന്ന രക്ഷിതാക്കളുടെ പ്രതികരണത്തിൽ നിന്നും മനസ്സിലാക്കാം.

⏹️'എഴുത്തിൻ്റെ ഘട്ടത്തിലേയ്ക്ക് കടന്നപ്പോഴാണ് കൂടുതൽ പ്രയാസം നേരിട്ടത്.

ബോർഡ് എഴുത്തിന് കൂടുതൽ സമയം നൽകി അത് പരിഹരി ക്കാൻ ശ്രമിയുന്നതിൻ്റെ ഫലം (ഇടവേള സമയം ഭക്ഷണം ') കണ്ടു തുടങ്ങിയിട്ടുണ്ട്. അത് തുടർന്നു കൊണ്ടു പോകാൻ തീരുമാനിച്ചു.

⏹️ആശയ അവതരണത്തിലൂടെ ഉറയ്ക്കുന്ന അക്ഷരങ്ങൾ ആവർത്തി ച്ചു വരുന്ന കുഞ്ഞു കഥകൾ ശേഖരിച്ചും എഴുതിയുംഓരോ കുട്ടിയ്ക്കും ആഴ്ചയിൽ രണ്ട് കഥകൾ വീതം രക്ഷിതാക്കൾ വായിച്ചു കേൾപ്പിക്കാനും പുസ്തക കൂടാരത്തിലേയ്ക്കുമായി  Copy എടുത്ത് നൽകാൻ തീരുമാനിച്ചു.

⏹️അടുത്ത ആഴ്ച Class PTA സ്കൂളിൽ വെച്ച് കൂടാൻ തീരുമാനിച്ചു. [ 07/05/2025 ശനി ]

⏹️വായനയുമായി ബന്ധപ്പെട്ട ' കഥവായന തുടർന്ന് മുന്നോട്ട് കൊണ്ടു പോകാൻ തീരുമാനിച്ചു.

'⏹️ക്ലാസ് പി ടി എ യിൽ രക്ഷിതാക്കളുടെ കഥാ വതരണം നടത്താൻ തീരുമാനിച്ചു.

⏹️⏹️⏹️⏹️ ടീച്ചറുടെ വിലയിരുത്തല്‍

  • രക്ഷിതാക്കളുടെ പൂർണ പങ്കാളിത്ത ത്തോടെ തന്നെ Online PTA കൂടാൻ സാധിച്ചു എന്നത് രക്ഷിതാക്കൾ പൂർണ പിൻതുണ നൽകുന്നു എന്നതാണ്.
  • ആദ്യ മീറ്റിംഗുകളിൽ നിന്നും വ്യത്യസ്തമായി എല്ലാ രക്ഷിതാക്കളും  അഭിപ്രായങ്ങൾ തുറന്നു പറയുന്നുണ്ട്.
  • കുഞ്ഞുങ്ങൾ വീട്ടിൽ വന്ന് പറയുന്ന Class Room  അനുഭവങ്ങൾ
  • അവർ വീട്ടിൽ പഠനനവുമായി ബന്ധപ്പെട്ട് ചെയ്യുന്ന കാര്യങ്ങൾ
  • കുഞ്ഞുങ്ങൾ പിന്നോക്കം നിൽക്കുന്ന മേഖല ഇങ്ങനെ ഓരോന്നും വ്യക്തമാക്കി പറയാൻ രക്ഷിതാക്കൾ ശ്രമിച്ചു.
  • എത്ര പറഞ്ഞിട്ടും വിശേഷങ്ങൾ തിരാത്തതു പോലെ രക്ഷിതാക്കൾ. കുഞ്ഞുങ്ങൾക്ക് രക്ഷിതാക്കളിൽ നിന്നും കിട്ടാൻ ഇടയില്ലാത്ത പിൻതുണ ഏതെന്ന് മനസ്സി ലാക്കാനും സാധിച്ചു.
  • അതിൻ്റെ അടിസ്ഥാനത്തിൽ കുഞ്ഞുങ്ങൾക്ക് പിൻതുണയ്ക്ക് കൂടുതൽ സമയം മാറ്റി വെയ്ക്കക്കേണ്ടതുണ്ട് എന്ന് മനസ്സി ലായി (4 കുഞ്ഞുങ്ങൾ).
  • പുനരനുഭവ പ്രവർത്തനങ്ങൾ കുഞ്ഞുങ്ങൾക്ക് കൂടുതൽ നൽകേണ്ട തുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചു.
  • 0nline PTA എന്തു കൊണ്ടും നല്ല ഒരു തീരുമാനമാണ്.
  • സ്കൂളിൽ എത്തി കുഞ്ഞുങ്ങളുടെ വിവരങ്ങൾ അന്വേഷിക്കും പോലെ അറിയുന്ന തുപോലെ
  • ജോലി യ്ക്ക്തടസ്സമില്ലാതെ അറിയാൻ രക്ഷിതാക്കൾക്ക് സാധിക്കുന്നു. ഒപ്പം കുഞ്ഞുങ്ങളുടെ കുടുംബ സാഹചര്യം കൂടി മനസ്സിലാക്കി
  • കുഞ്ഞുങ്ങളെ അറിയാനും അവർക്ക് വേണ്ട പിൻതുണ എന്തെന്ന് മനസ്സി ലാക്കാനും ഏറെ സഹായകമാകുന്നുണ്ട്. 0nline Class PTA.

ജി.എച്ച് എസ് എസ്

വലിയഴീക്കൽ

Saturday, June 28, 2025

അക്ഷരം ഉറപ്പിക്കലും ഉപപാഠങ്ങളും

2025 ജൂണ്‍ 30ന് ഒരു ടീച്ചര്‍ അധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിട്ടതാണ് മുകളില്‍ കാണുന്നത്. അക്ഷരം ഉറപ്പിക്കാനായി യാന്ത്രികപ്രവര്‍ത്തനം നല്‍കുന്ന രോഗം ഇനിയും മാറാത്തവര്‍ ഉണ്ട്. അസംബന്ധവാക്കുകള്‍ കുട്ടികളെക്കൊണ്ട് തയ്യാറാക്കിപ്പിക്കുന്നവര്‍ അനുഭവത്തില്‍ നിന്നും പാഠം പഠിക്കുന്നില്ല . ഏറെക്കാലം തുടര്‍ന്നു വന്ന രീതി unlearn ചെയ്യാന്‍ കഴിയാത്തവരുണ്ട് എന്നത് പുതിയ പാഠപുസ്തകം നേരിടുന്ന വെല്ലുവിളികളിലൊന്നാണ്.
ആദ്യത്തെ അക്ഷരം താഴെ താഴെ എഴുതിയ ശേഷം അടുത്ത അക്ഷരങ്ങൾ എഴുതുന്ന രീതി!
മറ്റൊരു ടീച്ചര്‍ (T1) അക്ഷരം ഉറപ്പിക്കാനായി ചെയ്യുന്ന പ്രവര്‍ത്തനം അക്ഷരപദസൂര്യന്‍ നിര്‍മ്മിക്കലാണ്. ഊന്നല്‍ നല്‍കേണ്ട അക്ഷരം നല്‍കും. അത് ചേര്‍ന്നുവരുന്ന വാക്കുകള്‍ കുട്ടികള്‍ പറയും. ടീച്ചര്‍ അത് ചാര്‍ട്ടില്‍ എഴുതും. കുട്ടികളെക്കൊണ്ട് വായിപ്പിക്കും. ഇത് വാട്സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചയായി.

ആ ചര്‍ച്ച ചുവടെ നല്‍കുന്നു

ടീച്ചർ പറഞ്ഞതുപോലെ ഞാൻ കുട്ടികളുടെ പങ്കാളിത്തത്തോടെ രൂപീകരിക്കാവുന്ന ഒരു അക്ഷര പദസൂര്യനുണ്ടാക്കി അത് ചുവടെ

"ഇനിയുള്ള പ്രോസസ് പറയൂ."

ടീച്ചര്‍ അപ്പോള്‍ വിശദീകരിച്ചു. "പദസൂര്യന്‍ ബോർഡില്‍ എഴുതി ഇട്ടു.ഏതൊക്കെ വാക്കുകൾ കുട്ടികൾക്ക് വായിക്കാൻ കഴിയുന്നു എന്ന് വേണേൽ നോക്കാം, അവ ഉപയോഗിച്ച് ഒരു കഥ പറയാമല്ലോ, (അധ്യാപിക പറഞ്ഞാലും മതി )കഥ കുട്ടികൾക്ക് മനസ്സിലായ ശേഷം ചോദ്യങ്ങൾ ആകാം. കൂട്ടിച്ചേർത്ത് പറയുവാന്‍ അവസരം നൽകാമല്ലോ"

ടീച്ചറുടെ വിശദീകരണത്തില്‍ അവ്യക്തത തോന്നിയപ്പോള്‍ ഞാന്‍ ചോദിച്ചു

"പറയുന്നതൊന്നും എല്ലാവർക്കും വായിക്കാൻ അറിയില്ലല്ലോ? ഉദാ: ദക്ഷിണ (ക്ഷ പരിചയമില്ല), ദു:ഖം (ഖ പരിചയമില്ല) എന്തു ചെയ്യും? ഹൃ ചിഹ്നം പരിചയമില്ല"

ടീച്ചറുടെ മറുപടി ഇതായിരുന്നു: "അവിടെ നമ്മൾ അക്ഷരങ്ങൾ ഘടന പറഞ്ഞു വ്യക്തമാക്കണമല്ലോ, അറിയാത്ത അക്ഷരങ്ങൾ, പല വാക്കുകൾ പറയിക്കാം, ബോർഡ്‌ എഴുത്തും കട്ടിക്ക് എഴുത്തും സാധ്യമാണല്ലോ"

അപ്പോള്‍ മറ്റൊരു ടീച്ചര്‍ ഇടപെട്ട് പ്രതികരിച്ചു.

"ഇതിപ്പോ വലിയ പ്രയാസം ആയി തോന്നുകയാണ്. കുട്ടിയുടെ അനുഭവവും ഇതും തമ്മിൽ എന്തൊരു വിടവാണ്! വാക്ക് പറഞ്ഞാലും അതിന്റെ എഴുത്ത് കുട്ടിയ്ക്ക് വളരെ അപരിചിതം ആയിരിക്കും."

വേറൊരാള്‍ വിമര്‍ശനാത്മക ചോദ്യം ഉന്നയിച്ചു. "കുട്ടിയുടെ അനുഭവമണ്ഡലവുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം വാക്കുകൾ എഴുതുന്നതിലൂടെ എന്ത് ആശയ രൂപീകരണമാണ് കുട്ടിയിൽ നടക്കുന്നത്?"

അപ്പോള്‍ ടീച്ചര്‍ ഇങ്ങനെ പറഞ്ഞു

"കഥ പോലെ ആശയം അവതരിപ്പിച്ചാല്‍ കുഞ്ഞുങ്ങൾക്ക് എളുപ്പം അല്ലെ?"

നാലാമത്തെ ടീച്ചര്‍ വിശദീകരണം തേടി എങ്ങനെ ആണ് ടീച്ചർ?

അപ്പോള്‍ ഞാന്‍ കഥയുടെ ഒരു സാധ്യത പങ്കിട്ടു.

ഒരിടത്ത് *ദയ* എന്ന പേരുള്ള കുട്ടി ഉണ്ടായിരുന്നു.

സൂര്യൻ *ഉദിച്ചപ്പോൾ* അവൾ നടക്കാനിറങ്ങി.

*സദ്യ* കഴിക്കണം.

ഒത്തിരി *ദൂരം* നടന്നു.

നടന്നിട്ടും നടന്നിട്ടും അവൾക്ക് സദ്യ കിട്ടിയില്ല.

അവൾ *ദു:ഖിച്ചു* .

അപ്പോൾ മരങ്ങൾ അവൾക്ക് പഴസ്സദ്യ നൽകി.

"കഥയായി ഇനിയുള്ള പ്രോസസ് പറയൂ" എന്ന് ടീച്ചറോട് ആവശ്യപ്പെട്ടു.

ടീച്ചറുടെ പ്രതികരണം:"അതിൽ നിന്നും പല വാക്കുകൾ ഉണ്ടാക്കാം ശ്രമിക്കാം,,, ദയക്കു ദീനം ആയി എന്ന് ഒന്നു എഴുതി നോക്കിയാലോ,, അവിടെ ദീ എഴുതാൻ കഴിയുന്നില്ലെങ്കിൽ കട്ടിക്ക് എഴുത്ത്, ബോർഡ്‌ എഴുത്ത്, ഘടന എഴുത്ത്, പിന്തുണയും പ്രവർത്തികമാണല്ലോ? ഒരു ഉദാഹരണം പറഞ്ഞതല്ലേ, ആശയം ഉറപ്പിച്ച ശേഷം എഴുതിലേക്ക് പോകാമല്ലോ അവിടെ അല്ലെ എഡിറ്റിങ് നടക്കുന്നത്. ക്ലാസ്സിൽ എപ്പഴും ആദ്യമേ എഴുതുവല്ലല്ലോ, നമ്മൾ അവർക്ക് അതിനുള്ള സാഹചര്യം ഒരുക്കി അവസാനം അല്ലെ എഴുതാൻ തുടങ്ങുന്നത്?"

അതായത് ടീച്ചര്‍ പറഞ്ഞുപറഞ്ഞ് ആദ്യത്തെ അക്ഷരപദസൂര്യനില്‍ നിന്നും കഥയിലേക്ക് വന്നു, കഥയെ പ്രോസസ് ചെയ്യാന്‍ തീരുമാനിച്ചു. 

"പദ സൂര്യൻ്റെ യാന്ത്രികതയില്ലാതെ ഇത്തരം ഒരു ചിത്രകഥ ഉപയോഗിച്ചാൽ എന്താണ് കുഴപ്പം? ടീച്ചർ കഥയിലേക്ക് വരുന്നുണ്ടല്ലോ?"

ചിത്രകഥ ഉപപാഠമാകുമ്പോള്‍.  

ഈ കുട്ടിയുടെ പേര് പറയാമോ? രണ്ടക്ഷരമുള്ള പേരാണ്. കുട്ടികളുടെ പ്രതികരണങ്ങള്‍. അവസാനിക്കുന്നത് യ യിലാണ്. മായ, ലയ എന്നിങ്ങനെ പ്രതീക്ഷിത പ്രതികരണം. അതൊന്നുമല്ല. ടീച്ചര്‍ ബോര്‍ഡില്‍ ദിയ എന്ന് എഴുതുന്നു. ( വായിക്കാന്‍ ആവശ്യബോധം സൃഷ്ടിച്ചുവോ? )

  • തുടര്‍ന്ന്  ചിത്രങ്ങള്‍ നോക്കി എന്താണ് സംഭവിച്ചതെന്ന് കുട്ടികളെക്കൊണ്ട് പറയിക്കുന്നു.

 

കുട്ടികളുടെ ആശയങ്ങള്‍ക്കൂടി പ്രയോജനപ്പെടുത്തി ചുവടെയുള്ള വാക്യങ്ങള്‍ ഓരോ ഫ്രെയിമിനും രൂപപ്പെടുത്തുന്നു. ചില വിശകലന ചോദ്യങ്ങള്‍ വേണ്ടിവരും 


ദിയ, ദൂരം, ദാഹം, ദേഹം, സദ്യ എന്നീ വാക്കുകള്‍ ദ ചേര്‍ന്നതാണ്. ദയുമായി പല ചിഹ്നങ്ങള്‍ ചേരുന്നുമുണ്ട്. ദാഹവും ദേഹവും വന്നതിനാല്‍ ഏ സ്വരത്തിന്റെ ചിഹ്നവും കൃത്യമായി ഊന്നാന്‍ സാധിക്കും. ഏതെങ്കിലും കുട്ടികള്‍ക്ക് ഏതെങ്കിലും അക്ഷരത്തില്‍ കൂടുതല്‍ അനുഭവം വേണ്ടി വന്നാല്‍ ഇത്തരം ഉപപാഠങ്ങള്‍ തയ്യാറാക്കുകയാണ് വേണ്ടത്.

ഹാജരാകാത്ത കുട്ടികളുടെ അനുഭവവിടവ് പരിഹരിക്കാനും ഉപപാഠങ്ങള്‍ സഹായകമാണ്.

ഉപപാഠങ്ങള്‍ തയ്യാറാക്കുമ്പോള്‍

  • അനുഭവം കൂടുതല്‍ വേണ്ട അക്ഷരങ്ങളെയും ചിഹ്നങ്ങളെയും കേന്ദ്രീകരിച്ചാകണം
  • ചിത്രസഹായത്തോടെ ഉപപാഠങ്ങള്‍ തയ്യാറാക്കാന്‍ ശ്രമിച്ചാലേ പങ്കാളിത്ത രീതിയില്‍ ആശയം രൂപപ്പെടുത്താനാകൂ.
  • രൂപപ്പെടുത്താന്‍ സാധ്യതയുള്ള വാക്യങ്ങളെ സംബന്ധിച്ച് ടീച്ചര്‍ക്ക് മുന്‍കൂട്ടി ധാരണ വേണം
  •  ആ വാക്യങ്ങള്‍ മനസ്സില്‍ വെച്ചാകണം വിശകലന ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടത്
  • കുറുവാക്യങ്ങളാകുന്നത് നന്ന്
  • വാക്കുകള്‍ പരിചയപ്പെട്ട അക്ഷരങ്ങളുള്ളവയാകണം. 
  • ഒരു കഥയുടെയോ വിവരണത്തിന്റെയോ സംഭാഷണത്തിന്റെയോ ആശയതലം വേണം
  • പൂര്‍ണതയുണ്ടാകണം.
  • ഉപപാഠം ഉപയോഗിക്കുമ്പോള്‍ വായനയുടെ പ്രക്രിയാഘട്ടങ്ങളിലൂടെ കടന്നുപോകണം
  • കുട്ടിക്ക് സ്വന്തം രീതിയില്‍ പടം വരച്ച് എഴുതാനും അവസരം ഒരുക്കാം.
  • ആശയാവതരണരീതിയോട് നീതി പുലര്‍ത്തുന്നതാകണം
  • കുട്ടിക്ക് മററുള്ളവരുമായി പങ്കിടാന്‍ കഴിയുന്ന ഒരു പുതിയ കഥ കിട്ടണം. അത് ക്ലാസില്‍ വായിച്ച് അവതരിപ്പിക്കാനും അവസരം നല്‍കണം.
  • ആവര്‍ത്തനവിരസമല്ലാത്ത അനുഭവമായിരിക്കണം.

2023-24വര്‍ഷം ചിഹ്നത്തിട്ടമില്ലാത്ത കുട്ടികള്‍ക്കായി ക്ലസ്റ്റര്‍ പരിശീലനത്തില്‍  ഉപയോഗിച്ച ഉപപാഠമാണ് ചുവടെയുള്ളത്. ഒ, ഒ എന്നിവയുടെ ചിഹ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നു. പൂരിപ്പിക്കാനുള്ള രീതിയിലാണ് തയ്യാറാക്കിയത്. ടീച്ചറും കുട്ടികളും ഒത്തുചൊല്ലി ചൂണ്ടിവായന നടത്തി കണ്ടെത്തല്‍ വായനയും കഴിഞ്ഞ് പൂരിപ്പിച്ചെഴുതണം. ഓരോ കുട്ടിയും ഓരോ കാര്യം ആയിരിക്കും ചേര്‍ക്കുക. എല്ലാവരും കൊക്കര കോ എന്ന് എഴുതിയാലേ പാട്ടിന്റെ രീതിക്ക് ചേരൂ.  

മറ്റൊരു ടീച്ചര്‍ റ, വ, പ, ക, ല എന്നിങ്ങനെ അക്ഷരങ്ങള്‍ നല്‍കി വാക്കുണ്ടാക്കാന്‍. കുട്ടികള്‍ ഉണ്ടാക്കിയ 'വാക്കു'കളാണ്. അക്ഷരങ്ങള്‍ ചേര്‍ത്ത് വച്ചാല്‍ വാക്കായി എന്നാണ് കുട്ടികളുടെ വിചാരം. 

  • റവ, റപ, റക, റല, വറ, വപ, വക, വല, പറ, പവ, പക, പല, കറ, കവ, കല, ലറ, ലവ, ലപ, ലക..

കുട്ടി സ്വന്തം യുക്തിവച്ച് വാക്കുണ്ടാക്കും ടീച്ചര്‍ സമ്മതിക്കില്ല.തെറ്റ്, തെറ്റ് ,തെറ്റ് എന്ന് പറയും. ഇവയില്‍ പലതും വെട്ടിക്കളഞ്ഞു. കുട്ടിക്ക് ബോധ്യപ്പെടുന്നില്ല.
യാന്ത്രികമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടുന്ന കുട്ടിയുടെ പദസമ്പത്ത് പ്രധാനമാണ്. സത്യത്തില്‍ ഇതിലേതൊക്കെ ഭാഷയിലുള്ള വാക്കുകളാണെന്ന് ടീച്ചര്‍ക്കും അറിയില്ല. ഉദാഹരണത്തിന്  വപ എന്നൊരു വാക്കുണ്ട്. ടീച്ചര്‍ക്കറിയാത്തതെല്ലാം തെറ്റ് എന്നതാണല്ലോ ടീച്ചറുടെ സമീപനം? 

ഒരു ആശയപരിസരത്തിലേക്ക് കൊണ്ടുവന്ന് വാക്യങ്ങള്‍ നിര്‍മിക്കുന്നതിനാണ് ആശയാവതരണരീതിയില്‍ ശ്രമിക്കുന്നത്. ക്ലാസില്‍ എട്ട് പത്ത് വായനപാഠങ്ങളുണ്ടാകും. രൂപീകരണപാഠങ്ങളടങ്ങിയ ചാര്‍ട്ടുകള്‍ വേറെയും അവയെല്ലാം സമൃദ്ധമായ വായനാനുഭവങ്ങള്‍ പ്രദാനം ചെയ്യും. അവ ഉപയോഗിച്ച് കണ്ടെത്തല്‍ വായന നടത്തിയാല്‍ പോരെ? 


മറ്റൊരു വീഡിയോ. ഇതും 2025 ജൂൺ മാസത്തെയാണ്. ഒന്നാം ക്ലാസിൽ ഒന്നാം പാഠത്തിൽ ആറ് അക്ഷരങ്ങളാണ് പരിചയപ്പെടുത്തുന്നത്. ടീച്ചർ അക്ഷരമാലയിലെ മുഴുവൻ അക്ഷരങ്ങളും നൽകി.
പ്രീ സ്കൂളിൽ ഒന്നാം ക്ലാസിലെ ഉള്ളടക്കം പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ! കുറച്ചു കുട്ടികൾ വാക്കുണ്ടാക്കി. മറ്റുള്ളവർ നിലാവത്ത് കണ്ണ് മങ്ങി നടക്കുന്നതു പോലെ. എത്ര സമയം പാഴാക്കുന്നു!

ആശയാവതരണരീതിയില്‍ അക്ഷരബോധ്യത്തിനായി ചെയ്യുന്ന കാര്യങ്ങള്‍

  1. അക്ഷരഘടന പറഞ്ഞ് പരിചയപ്പെടുത്തല്‍
  2. ചാര്‍ട്ടെഴുത്തും ബോര്‍ഡെഴുത്തും
  3. പിന്തുണബുക്കിലെഴുത്തും കട്ടിക്കെഴുത്തും
  4.  മൂന്ന് തലങ്ങളിലുള്ള കണ്ടെത്തല്‍ വായന
  5. തെളിവെടുത്തെഴുത്ത്
  6. പൊരുത്തപ്പെടുത്തിയെഴുത്ത്
  7. ബോര്‍ഡെഴുത്തും എഡിറ്റിംഗും
  8. പുതിയസന്ദര്‍ഭങ്ങളില്‍ പരിചയപ്പെട്ട അക്ഷരങ്ങള്‍ തിരിച്ചറിയല്‍ ( വായനപാഠങ്ങള്‍)
  9. അക്ഷര പുനരനുഭവം
  10. ഉപപാഠങ്ങള്‍
  11. അക്ഷരബോധ്യച്ചാര്‍ട്ട് തയ്യാറാക്കി പിന്തുണാവസരങ്ങള്‍ ഉറപ്പാക്കല്‍
  12. സംയുക്തഡയറിയെഴുത്ത്. 

 ആശയാവതരണരീതി എന്താണെന്ന് കൃത്യമായ ധാരണയില്ലാത്തവര്‍ ക്രമേണയേ ആ പാതയിലേക്ക് വരൂ. 

 

1. കുട്ടികള്‍ക്ക് എല്ലാവര്‍ക്കും അക്ഷരബോധ്യം ഉണ്ടാകണം. (അക്ഷരബോധ്യമെന്നത് ഒറ്റയ്ക്ക് നില്‍ക്കുന്ന ലിപിയും അതിന്റെ ഉച്ചാരണവും തമ്മില്‍ ബന്ധിപ്പിക്കാനുള്ള കഴിവ് മാത്രമല്ല. തന്റെ ആശയങ്ങള്‍ എഴുതിപ്രകടിപ്പിക്കാനുള്ള പ്രയോഗസന്ദര്‍ഭങ്ങളില്‍ ശരിയായ രീതിയില്‍ അക്ഷരം ഉപയോഗിക്കാനുള്ള കഴിവ്, പരിചയപ്പെട്ട അക്ഷരങ്ങള്‍ വരുന്ന രചനകളും (തന്റെയും മറ്റുള്ളവരുടെയും) അച്ചടിച്ചവയും വായിച്ചുമനസ്സിലാക്കാനുള്ള കഴിവ്, എഴുതിയ കാര്യം പരിശോധിച്ച് മെച്ചപ്പെടുത്താനുള്ള കഴിവ് (എഡിറ്റിംഗ്) തുടങ്ങിയവ ഉള്‍പ്പെടും.)

2. അക്ഷരം സ്വായത്തമാക്കല്‍ എല്ലാവരിലും ഒരേ കാലയളവില്‍ നടക്കണമെന്നില്ല. അതിനാല്‍ ഒരു അക്ഷരം പരിചയപ്പെടുത്തി തൊട്ടടുത്ത രണ്ട് പാഠങ്ങളിലെ പുനരനുഭവം പ്രധാനമാണ്. അക്ഷരം പരിചയപ്പെടുത്തുന്ന പാഠത്തില്‍ത്തന്നെ ചിലര്‍ക്ക് അക്ഷരബോധ്യം ഉണ്ടാകാം. ചിലര്‍ക്ക് തൊട്ടടുത്ത പാഠത്തില്‍ അത് നേടാനാകും. ബാക്കിയുള്ളവര്‍ക്ക് അടുത്ത പാഠത്തിലെ പുരനരനുഭവം കഴിയുമ്പേഴേക്കും അക്ഷരം സ്വായത്തമാക്കാനാകും.

3. എന്നാല്‍ സ്ഥിരഹാജരില്ലാത്ത കുട്ടികള്‍ ഈ നേട്ടം കൈവരിക്കുന്നതില്‍ പിന്നാക്കമായിപ്പോകും. അവര്‍ക്ക് സവിശേഷ പിന്തുണ നല്‍കുന്നതിന് കഴിയണം. അവരെ കാലികമാക്കുക എന്നത് വെല്ലുവിളിയാണ്. സ്ഥിരഹാജരില്ലാത്തവരുടെ പഠനവിടവ് വേണ്ടത്ര പരിഗണിക്കാതെ പോകുന്ന സ്ഥിതി അവസാനിപ്പിക്കണം.

4. അക്ഷരം പരിചയപ്പെടുത്തിയ പാഠവും തൊട്ടടുത്ത രണ്ടുപാഠങ്ങളും പരിഗണിക്കാതെ ചിലര്‍ പരിചയപ്പെടുത്തിയ പാഠത്തില്‍വച്ച് തന്നെ അക്ഷരം ഉറപ്പിക്കുന്നതിനായി അധ്യാപകസഹായിയിലോ പാഠപുസ്തകത്തിലോ ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നല്‍കും.

പാഠവിനിമയത്തിന് സമയം തികയുന്നില്ല എന്ന് പരാതി പറയുന്നവരാണ് ഇത്തരം അധികപ്രവര്‍ത്തനങ്ങള്‍ നല്‍കുന്നത്. അധികപ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തുകയും പാഠവിനിമയത്തിന് സമയം കിട്ടാതിരിക്കുകയും ചെയ്യുന്ന രീതി മൊത്തം പാഠങ്ങളുടെയും വിനിമയം വൈകിക്കുകയും നേരെചൊവ്വെ പ്രക്രിയ പാലിക്കാന്‍ സ്വയം അനുവദിക്കാതിരിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം പല ക്ലാസുകളിലും സംഭവിച്ച ഇത്തരം അക്കാദമികപ്രതിസന്ധി ഈ വര്‍ഷം തുടരരുത്. ഇങ്ങനെയുള്ള ക്ലാസുകളില്‍ ലക്ഷ്യം അകലെയായിരിക്കും.

5. അധികപ്രവര്‍ത്തനങ്ങളുടെ കൂട്ടത്തില്‍ പെടുന്നവയാണ്  യാന്ത്രികമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍.

6. നമ്മള്‍ പറഞ്ഞത് അക്ഷരബോധ്യച്ചാര്‍ട്ട് തയ്യാറാക്കണമെന്നാണ്. അക്ഷരബോധ്യച്ചാര്‍ട്ട് കഴിഞ്ഞ വര്‍ഷം കുറച്ച് അധ്യാപകര്‍ തയ്യാറാക്കിയിരുന്നു. ഏതെല്ലാം അക്ഷരങ്ങളും ചിഹ്നങ്ങളും ഏതെല്ലാം കുട്ടികള്‍ക്ക് ഏതെല്ലാം പാഠങ്ങളില്‍ വെച്ച് സ്വായത്തമാക്കാന്‍ കഴിഞ്ഞു/ കഴിഞ്ഞിട്ടില്ല എന്നു കണ്ടെത്തുന്നതിനും അക്ഷരബോധ്യമില്ലാത്തവര്‍ക്ക് ഉപപാഠങ്ങള്‍ തയ്യാറാക്കി അനുഭവം ഒരുക്കുന്നതിനും ആണ് അങ്ങനെ ചെയ്തത്. അതായത് ശരിയായി പ്രശ്നനിര്‍ണയം നടത്തി ആവശ്യാധിഷ്ഠിതമായി വ്യക്തിഗത ശ്രദ്ധ നല്‍കി ഇടപെടുന്ന രീതി ആണത്.

7. എല്ലാവരെയും ഒരു പോലെ കണ്ട് പൊതുവായി തെരഞ്ഞെടുത്ത അക്ഷരം നല്‍കി യാന്ത്രികമായി വാക്കുണ്ടാക്കലും പരസ്പരബന്ധമില്ലാതെ വാക്യമുണ്ടാക്കലും ആവശ്യമില്ല. കാരണം അത്തരം ആലോചനകളില്‍ വരുന്ന വാക്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചവയല്ല. അതിലെ പല അക്ഷരങ്ങളും ചിലപ്പോള്‍ കുട്ടികള്‍ക്ക് പ്രയാസം ഉണ്ടാക്കും. അതു മാത്രമല്ല ആശയാവതരണരീതിയുടെ സമീപനത്തില്‍ നിന്നും തെന്നിമാറലാണത്.

എന്തല്ല ആശയാവതരണ രീതി?

  1. യാന്ത്രികമായ പ്രവർത്തനങ്ങളല്ല
  2. പരസ്പര ബന്ധമില്ലാതെ ഒറ്റപ്പെട്ട വാക്യങ്ങളുടെ പ്രയോഗമല്ല.
  3. പാഠഭാഗത്തോട് യോജിക്കാത്ത വാക്കുകളുടെ അവതരണമല്ല.
  4. പുനരനുഭവം ഉറപ്പാക്കാത്ത വാക്യ പദ സന്നിവേശമല്ല
  5. പഠന പ്രക്രിയയിൽ നിന്ന് അക്ഷരങ്ങളെ അകറ്റി നിറുത്തലല്ല.
  6. അക്ഷരാവതരണ രീതിയും പദാവതരണ രീതിയും ചേർത്തു കുഴയ്ക്കലല്ല
  7. അക്ഷരങ്ങളുടെയോ പദങ്ങളുടെയോ ആശയങ്ങളുടെയോ യാന്ത്രികമായ ആവർത്തന അഭ്യാസങ്ങളല്ല.
  8. കുട്ടിക്ക് വായിക്കാൻ കഴിയാത്ത ദൈർഘ്യമേറിയ പാഠങ്ങൾ അച്ചടിച്ചു നൽകലല്ല
  9. വിരസമോ യാന്ത്രികമോ ആയ പ്രവർത്തനാധിക്യത്താൽ കുട്ടിയെ വെറുപ്പിക്കലല്ല.
  10. അക്ഷരബോധ്യത്തോടെയുള്ള എഴുത്തിനെ അവഗണിക്കലല്ല
  11. അക്ഷരങ്ങൾ ആവർത്തിച്ച് വരുന്ന , പ്രാസമൊത്ത പാട്ടുകൾ പാടിപ്പിക്കലല്ല
  12. യാന്ത്രികമായ പ്രവർത്തനങ്ങൾ കുത്തി നിറയ്ക്കലല്ല.
  13. കുട്ടിയുടെ താല്പര്യത്തെ ഉണർത്താത്ത യാന്ത്രികമായ വാക്യാവതരണമല്ല.
  14. ആശയമുണ്ടായാൽ മതി അക്ഷരം അറിയണ്ട എന്ന ചിന്ത അല്ല.


അനുബന്ധം

2025 ൽ ഒരു വിദ്യാലയത്തിൽ രൂപപ്പെട്ടത്. ( വിമർശനാത്മകമായി പരിശോധിക്കൂ )


Friday, June 27, 2025

പറവകൾ പാറി പാഠവിനിമയപുരോഗതിയും .....

1465 ഒന്നാം ക്ലാസ് അധ്യാപകരിൽ നടത്തിയ സർവ്വേ പ്രകാരം

🔴 ബഹുഭൂരിപക്ഷം അധ്യാപകരും (64%) അഞ്ച് ദിവസത്തിന് മുകളിലാണ്.

🔴16% പേർ 30/6/25 ന് പാഠം തീർക്കാൻ സാധ്യതയുണ്ട് (മഴയവധി ഇല്ലെങ്കിൽ )

🔴17 ശതമാനം അധ്യാപകർ പാഠ വിനിമയത്തിൽ വളരെ പിന്നിലാണ്.

 *എന്തെല്ലാമാണ് കാരണങ്ങൾ* ?

👉1 ദുരിതാശ്വാസ ക്യാമ്പായതിനാൽ ക്ലാസ് തുടങ്ങാനായില്ല

👉2 ഒന്നൊരുക്കം നീട്ടിക്കൊണ്ടുപോയി. അവധി വന്നതൊന്നും പരിഗണിക്കാതെ പത്ത് ദിവസം പൂർത്തിയാക്കാൻ ശ്രമിച്ചു

👉3 വർക്ക് ബുക്ക് കിട്ടാൻ വൈകി ( അത്തരം സാഹചര്യത്തിൽ എങ്ങനെ തുടങ്ങാം എന്ന് TM ൽ സൂചിപ്പിച്ചത് അവഗണിച്ചു)

👉4 പാഠപുസ്തകം വൈകി (കുഞ്ഞെഴുത്തിലെ വർക്ക് തീരുമ്പോഴാണ് TB വേണ്ടി വരിക എന്ന് TMൽ സൂചിപ്പിച്ചിരുന്നു)

👉5 അക്ഷരമാല പഠിപ്പിക്കാൻ പോയി

👉6 പറവ പാറി എന്ന തലക്കെട്ട് തുടക്കത്തിൽ എഴുതിപ്പിച്ചും തീയതി എഴുതിപ്പിച്ചും പാഠപുസ്തകത്തിലെ വരികൾ അതേ ക്രമത്തിൽ ചെയ്ത് പിന്നെ കുഞ്ഞെഴുത്തിലേക്ക് വന്ന ഒരു ടീച്ചറുണ്ട്

👉7 ഡിപ്പാർട്ട്മെൻ്റ് വിളിച്ച ലഹരി, ശുചിത്വം, സുംബാ ഡാൻസ് പരിശീലനങ്ങൾ എല്ലാത്തിനും ഒരാൾ പോകുന്നു.

👉8 പരിചയപ്പെടുത്തുന്ന ദിവസം തന്നെ അക്ഷരം ഉറപ്പിക്കാൻ ശ്രമിക്കുന്നു

👉9 നിലമ്പൂരിൽ തെരഞ്ഞെടുപ്പ്, മഴയ വധി 5 ദിവസം 

👉10 അധ്യാപികയ്ക്ക് ലീവ് എടുക്കേണ്ടി വന്നു

👉 11 ഒന്നാം ക്ലാസിൽ പല അധ്യാപകർ  Subject മാറി എടുക്കുന്നതിനാൽ ടീച്ചിംഗ് മാന്വൽ ഒരു ദിവസത്തെ കംപ്ലീറ്റ് ആവുന്നില്ല. ആദ്യത്തെ ഒന്നോ രണ്ടോ പിരീഡ് മാത്രം കേരളപാഠാവലിക്ക്. സമയം കിട്ടുന്നില്ല

👉 12 കുട്ടികൾ കൂടുതൽ ആണ്. മാനേജ് ചെയ്യാൻ കഴിയുന്നില്ല

👉 13 കുട്ടികള്‍ സ്ഥിരമായി ക്ലാസിലെത്തുന്നില്ല.  

➖➖➖➖➖➖➖➖➖

1, 9, 10 ഒഴികെ മറ്റെല്ലാം വേണമെന്ന് വച്ചാൽ മറികടക്കാമായിരുന്നു.

👇👇👇👇

ഇനം 11 ഗുരുതരമാണ്. വിദ്യാലയം സൃഷ്ടിച്ച അശാസ്ത്രീയമായ സമയക്രമീകരണം.

പാഠം വൈകിത്തുടങ്ങിയ ഈ 17% അധ്യാപകർ ജൂലൈ 15നകം ഒന്നാം യൂണിറ്റ് തീർത്തില്ലെങ്കിൽ ഒന്നാം ടേമിലെ പാഠഭാഗങ്ങൾ തീർക്കാനാകില്ല.

🔴ടേം പരീക്ഷ ആഗസറ്റ് 20ന് തുടങ്ങും

ഇവർ വളരെ പ്രയാസപ്പെടുകയും പ്രക്രിയ ഒന്നും പാലിക്കാതെ ക്ലാസ് എടുക്കാൻ നിർബന്ധിതരാവുകയും ഫലം കിട്ടാതെ വരികയും ചെയ്യും.

ഏത് പ്രശ്നത്തിനും പരിഹാരമുണ്ട്. ചില സാധ്യതകള്‍ പങ്കിടുകയാണ്. 

അശാസ്ത്രീയമായ പിരീഡ് വിഭജനക്കാർ 

നിങ്ങളുടെ വിദ്യാലയത്തില്‍ ഒന്നാം ക്ലാസില്‍ നാല് അധ്യാപകര്‍ ക്ലാസ് എടുക്കുന്നുണ്ട് എന്നു കരുതുക. ഒരാള്‍ കേരള പാഠാവലി , ഒരാള്‍ ഇംഗ്ലീഷ്, ഒരാള്‍ ഗണിതം, ഒരാള്‍ അറബിക്.

ഇനി ഈ സമയക്രമീകരണച്ചാര്‍ട്ട് നോക്കൂ. എല്ലാ ദിവസവും ഒന്ന്, രണ്ട് പിരീഡുകള്‍ മലയാളത്തിന് നീക്കിവെച്ചിരിക്കുന്നു.  എല്ലാദിവസവും മൂന്നാം പിരീഡ് ഗണിതത്തിനും അഞ്ചാം പിരീഡ് ഇംഗ്ലീഷിനുമാണ്. വെള്ളിയാഴ്ച മാത്രം നാലാം പിരീഡ് കൂടി ഗണിതത്തിന് ഉണ്ട്. അറബിക്കിന് നാലാം പിരീഡും മാറ്റിവെച്ചു. ബാക്കി വരുന്ന പിരീഡുകളെല്ലാം കേരളപാഠാവലിയിലെ മറ്റ് വിഷയങ്ങള്‍ക്കാണ്. അതായത്  കേരളപാഠാവലിക്ക് ആഴ്ചയില്‍ അനുവദിക്കപ്പെട്ട ഇരുപത്തിനാല് പിരീഡുകള്‍ ലഭിക്കും. മറ്റ് വിഷയങ്ങളായ ഇംഗ്ലീഷ്, ഗണിതം എന്നിവ കൈകാര്യം ചെയ്യുന്നവര്‍ യഥാക്രമം മൂന്നും അഞ്ചും പിരീഡുകളിലാണ് ഒന്നാം ക്ലാസിലെത്തേണ്ടത്. ഈ സമയം കേരളപാഠാവലി കൈകാര്യം ചെയ്യുന്ന ടീച്ചര് മറ്റ് ക്ലാസുകളിലും പോകണം. ടൈം ടേബിള്‍ അതനുസരിച്ച് ക്രമീകരിക്കണം. സമയവിന്യാസം സംബന്ധിച്ച് സംശയം ഉണ്ടായപ്പോഴാണ് നാം ട്രെയിനെ ഉദാഹരിച്ചത്.

ഒരു ദിവസത്തെ എട്ട് പിരീഡ് ബോഗികളുള്ള ഒരു ട്രെയിനായി സങ്കല്പിക്കുക. സംവരണം ചെയ്ത ബോഗികളില്‍ അതാത് വിഭാഗക്കാര്‍ മാത്രമേ കയറാനാകൂ എന്നതുപോലെ ഇംഗ്ലീഷിനും ഗണിതത്തിനും അനുവദിച്ചത്ര പിരീഡുകളേ എടുക്കാനാകൂ. അറബിക്കിന് വേണ്ടി റിസേര്‍വ് ചെയ്ത പിരീഡ് അതിനുള്ളതാണ്. ഒന്നിലധികം പേര്‍ ഒന്നാം ക്ലാസ് കൈകാര്യം ചെയ്തു എന്നതുകൊണ്ട് മതിയായ പിരീഡ് ലഭിക്കുന്നില്ല എന്ന് പറയുന്നത് യുക്തിരഹിത ആസൂത്രണം കൊണ്ടാണ്.

ഇത്തരം വിദ്യാലയങ്ങളില്‍ നേരിടുന്ന പ്രധാന പ്രശ്നം ഒന്നാം ക്ലാസിലെ പരിശീലനം കിട്ടാത്ത അധ്യാപകര്‍ ക്ലാസ് എടുക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്നതാണ്. ഇപ്പോഴത്തെ രീതി പ്രകാരം ക്ലാസ് അടിസ്ഥാനത്തിലാണല്ലോ പരിശീലനം. നിങ്ങളുടെ ഒന്നാം ക്ലാസില്‍ പരിശീലനം ലഭിക്കാത്തവരാകും കേരളപാഠാവലി വിനിമയം ചെയ്യുന്നത് എങ്കില്‍ അത് തിരുത്തണം. കുട്ടികളുടെ അക്കാദമിക ക്ഷേമമാണേ അധ്യാപകരുടെ താല്പര്യങ്ങളാണോ വലുത് എന്ന് ആലോചിക്കണം.

ഒന്നൊരുക്കം പരിപാടി നീട്ടിക്കൊണ്ടുപോയവര്‍, മഴയവധി ബാധിച്ചവര്‍, ലീവെടുക്കേണ്ടി വന്നതിനാല്‍ പാഠം തുടങ്ങാന്‍ വൈകിയവര്‍, ദുരിതാശ്വാസ ക്യാമ്പ് കാരണം ക്ലാസ് നടത്താനാകാത്തവര്‍

കഴിഞ്ഞ വര്‍ഷം ഒരു മാസം മുഴുവന്‍ സന്നദ്ധതാ പ്രവര്‍ത്തനത്തിന് നീക്കിവെച്ചവരുണ്ട്. അക്കാരണത്താല്‍ അവരുടെ പാഠം തുടങ്ങാന്‍ വൈകി.  എല്ലാവരും മുട്ടപ്പരീക്ഷണാനുഭവവും ദേശാടനക്കിളിയുടെ രംഗാവിഷ്കാരവും പങ്കിട്ടപ്പോള്‍ ഇക്കൂട്ടര്‍ അസ്വസ്ഥരായി, പാഠങ്ങളെല്ലാം അനിശ്ചിതാവസ്ഥയിലായി. ഈ വര്‍ഷം അത് ആവര്‍ത്തിക്കാതിരിക്കാനാണ് പത്ത് ദിവസത്തെ ഒന്നൊരുക്കം എന്ന് കൃത്യമായി പറഞ്ഞത്. പതിനെട്ടാം തീയതി വരെയായിരുന്നു ലക്ഷ്യമിട്ടത്. 

  • മഴയവധികാരണം പലയിടത്തും പത്ത് ദിവസം കിട്ടിയില്ല. 
  • ഒരേ ദിവസത്തേക്കും നിശ്ചയിച്ചത് അതത് ദിവസം തീര്‍ന്നില്ല. 
  • ചില അധ്യാപകര്‍ ഒന്നൊരുക്കത്തെ മാറ്റം വരുത്താനാകാത്ത സിലബസ് പോലെ കണ്ടു. തീരാത്ത പ്രവര്‍ത്തനം അവര്‍ അടുത്ത ദിവസത്തേക്ക് പരിഗണിച്ചു, ഫലമോ രണ്ടാം ദിവസത്തെ പ്രവര്‍ത്തനം തീരുന്നത് മൂന്ന് ദിവസം കൊണ്ട്. പത്ത് ദിവസത്തെ ഒന്നൊരുക്കത്തിന് പതിനഞ്ച് ദിവസം എടുക്കേണ്ടി വന്നു, 
  • എന്നാല്‍ ഭൂരിപക്ഷം അധ്യാപകരും ദിവസങ്ങളെ മാത്രം പരിഗണി്ച്ചു.  അവര്‍ പതിനെട്ടിന് ഒന്നൊരുക്കം അവസാനിപ്പിച്ച് പാഠത്തിലേക്ക് പ്രവേശിച്ചു.

ഒന്നാം യൂണിറ്റി്ന്റെ ആദ്യദിനപ്രവര്‍ത്തനം സന്നദ്ധ പ്രവര്‍ത്തനരീതിയിലുള്ളതുമായിരുന്നു. പതിനെട്ടാം തീയതി പാഠം ആരംഭിക്കാമായിരുന്നു, തിരിച്ചുപോയി ചെയ്യാനാകില്ലല്ലോ? വരും ദിവസങ്ങളിലെന്ത് എന്ന് ആലോചിക്കാം . ഇനി ചെയ്യാനാകുന്നത് 

  1. തുടര്‍ന്നുള്ള പാഠങ്ങള്‍ ചിട്ടയായി ചെയ്യുക.
  2. പറവ പാറി എന്നതിനെ ഒമ്പതാം ദിവസത്തെ പ്രവര്‍ത്തനം അവലോകനത്തിനുള്ളതാണ്. തത്കാലം അതൊഴിവാക്കുക. 
  3. എല്ലാ ദിവസവും ആരംഭിക്കുമ്പോള്‍ മുന്‍ദിവസത്തെ കാര്യങ്ങളുടെ അവലോകനത്തിനായി നീക്കിവെച്ച സമയം ( 40 മിനിറ്റ്) പകുതിയാക്കുക (20മിനിറ്റ്). ബാക്കി സമയം പാഠവിനിമയത്തിന് ഉപയോഗിക്കുക
  4. കഥാവേള ഒഴിവ് സമയത്തേക്ക് മാറ്റുക. 
  5. അധ്യാപകസഹായിയില്‍ സൂചിപ്പിച്ചവയല്ലാത്ത അധികപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക
  6. ദിനാചരണങ്ങളുടെ പേരില്‍ ജൂലൈമാസം പഠനപ്രവര്‍ത്തനങ്ങള്‍ക്കുള്ള സമയം മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാതിരിക്കുക
  7. ഒന്നാം ക്ലാസിലെ അധ്യാപിക മാത്രം വിദ്യാലയത്തെ പ്രതിനിധീകരിച്ച് ബി ആര്‍ സിയില്‍ നടക്കുന്ന എല്ലാ പരിപാടിക്കും പോവുക എന്ന രീതി ഉപേക്ഷിക്കുക. ടേണ്‍ വച്ച് പോകട്ടെ.
  8. ഏതൊക്കെ പ്രവര്‍ത്തനങ്ങളുടെ സമയം കുറയ്കാനാകും എന്ന് പരിശോധിക്കുക.

പ്രവര്‍ത്തനപുസ്തകം , പാഠപുസ്തകം ഇവ വൈകിക്കിട്ടിയവരും ഇനിയും കിട്ടാത്തവും മുന്‍ വര്‍ഷത്തെ പാഠപുസ്തകവും ഈ വര്‍ഷത്തെ കുഞ്ഞെഴുത്തും കി്ട്ടിയവരും നേരിടുന്ന പ്രശ്നങ്ങള്‍

 ടീച്ചര്‍മാരുടേതല്ലാത്ത കാരണത്താല്‍ വിഷമിക്കുന്ന അധ്യാപകരാണ് ഈ വിഭാഗം. ഒന്നഴക് സംസ്ഥാന ഗ്രൂപ്പില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ടീച്ചിംഗ് മാന്വല്‍ ഇത്തരം അവസ്ഥ പരിഗണിച്ച് തയ്യാറാക്കണമെന്ന് നിശ്ചയിച്ചത്.

  1. കുഞ്ഞെഴുത്ത് കിട്ടാത്തിടത്ത്  2023-24ല്‍ ഉപയോഗിച്ച പോലെ സചിത്രനോട്ട് ബുക്ക് ഉപയോഗിക്കുക. തുടക്കത്തിലെ മഞ്ഞക്കിളിയെ ആ ബുക്കില്‍ ഒട്ടിച്ച് മരം വരച്ചാല്‍ മതി. രണ്ടാം യൂണിറ്റിലും ഇങ്ങനെ വേണ്ടിവരും.
  2.  എ ഫോര്‍ പേപ്പറില്‍ ഒട്ടിച്ച് എഴുതിച്ചാലും മതി. ആ പേപ്പറുകള്‍ ഫയലാക്കി വെക്കണം എന്ന് മാത്രം
  3. പാഠപുസ്തകം കിട്ടാത്ത വിദ്യാലയങ്ങള്‍- ഒന്നാം യൂണിറ്റില്‍ അവസാനം ഒത്തുവായനയ്കായി പാഠപുസ്തകം ഉപയോഗിക്കുന്നത്. പാഠപുസ്തകത്തിലെ വരികള്‍ ചാര്‍ട്ടിലാക്കി പ്രദര്‍ശിപ്പിച്ച് പ്രവര്‍ത്തനാനുഭവം നല്‍കാം.
  4. പഴയ പുസ്തകം കിട്ടിയിടത്ത് ഇങ്ങനെയും പറ്റാതെ വരും. കാരണം ഒഴിവാക്കിയ ചിഹ്നങ്ങളും അക്ഷരങ്ങളും അതിലുണ്ട്. രക്ഷിതാക്കളുമായി സംസാരിച്ച് സ്റ്റിക്കര്‍ ഒട്ടിക്കാനാകുമോ എന്ന സാധ്യത ആലോചിക്കാം. 

തുടക്കത്തില്‍ത്തന്നെ  അക്ഷരമാല പഠിപ്പിക്കാനും അതത് ദിവസം അക്ഷരം ഉറപ്പിക്കാനും മറ്റാരെല്ലാമോ തയ്യാറാക്കിയ അക്ഷരാവതരണ പദാവതരണരീതി പ്രകാരമുള്ള വര്‍ക്ക് ഷീറ്റ് ഉപയോഗിച്ചവരും നേരിടുന്ന പ്രശ്നങ്ങള്‍

  • ആശയാവതരണരീതിയില്‍ വിശ്വാസമില്ലാത്തവരാണ് ഇക്കൂട്ടര്‍
  • പഴയതും പുതിയതുമായ രീതികള്‍ ഇടകലര്‍ത്തി ഉപയോഗിക്കും
  • കൃത്യമായ ധാരണയില്ല. നിലപാടില്ല
  • അതിന്റെ ഫലമായി ഒത്തിരി അധികപ്രവര്‍ത്തനങ്ങള്‍ ചെയ്യും. പാഠം തീരുകയുമില്ല. എല്ലാ കുട്ടികളും എഴുത്തും വായനയും പഠിക്കുകയുമില്ല. വീട്ടില്‍ പിന്തുണലഭിക്കുന്നവര്‍ മാത്രം മുന്നേറും.
  •  ഒന്നാം ടേമില്‍ ഗവേഷണാത്മകമായി  പുതിയരീതി പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ തീരുമാനിക്കൂ എന്ന് മാത്രമേ അവരോട് പറയാനുള്ളൂ. അവരുടെ ആശയവ്യക്തതയ്കായി മറ്റൊരു കുറിപ്പ് ബ്ലോഗില്‍ നല്‍കുന്നതാണ്. 

കുട്ടികള്‍ കൂടുതലുള്ള ക്ലാസുകള്‍

  • ഒരു ഡിവിഷനില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം കുട്ടികള്‍ വരുന്നത് ബോധനമാധ്യമത്തിന്റെ പേരില്‍ ക്ലാസ് തിരിക്കുമ്പോഴാണ്.
  • മലയാളം മാധ്യമ ക്ലാസില്‍ കുട്ടികള്‍ കുറവും ഇംഗ്ലീഷ് മാധ്യമ ക്ലാസില്‍ കുട്ടികള്‍ നാല്പതിലധികവും
  • കുട്ടികള്‍ കൂടുതലുള്ള ഒന്നാം ക്ലാസ് അധ്യാപകവിദ്യാര്‍ഥി അനുപാതത്തിന്റെ എല്ലാ ശാസ്ത്രീയ നിലപാടുകളെയും റദ്ദ് ചെയ്യുകയാണ്. തസ്തിക അനുവദിക്കുന്നതിന് പോലും ആധാരമായ കാര്യങ്ങളെ അവഗണിക്കുകയാണ്. വ്യക്തിഗത ശ്രദ്ധ ലഭിക്കാനുള്ള കുട്ടിയുടെ അവകാശത്തെ കശക്കിക്കളയുകയാണ്. നിര്‍ദ്ദേശിച്ച പഠനപ്രക്രിയ ഫലപ്രദമായി നടത്താനാകാതെ ടീച്ചറെ വിഷമിപ്പിക്കുകയാണ്.
  •  പരിഹാരം - അറബിക് പഠിപ്പിക്കുമ്പോള്‍ ആ കുട്ടികള്‍ മാത്രമല്ലേ പോകുന്നത്? അതുപോലെ സവിശേഷ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ മാത്രം ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ ഒന്നിച്ചിരിക്കണം. പൊതുവിഷയങ്ങള്‍ ഉള്‍പ്പെടുന്ന കേരളപാഠാവലിയുടെ വിനിമയ സമയം ക്ലാസില്‍ തുല്യമായി കുട്ടികള്‍ വരത്തക്കവിധം ക്രമീകരിക്കണം.
  • പൊതുവിഷയമാണെന്ന് രക്ഷിതാക്കളോട് പറഞ്ഞ് ബോധ്യപ്പെടുത്തണം. 
  • രാവിലത്തെ ഇടവേള കഴിഞ്ഞാലാണ് ഡിവിഷന്‍ മാധ്യമാടിസ്ഥാനത്തില് പ്രവര്‍ത്തിക്കേണ്ടത് . ആറും ഏഴും പിരീഡുകള്‍ വീണ്ടും കേരളപാഠാവലിക്കായി ഒത്തുകൂടണം. തുടക്കത്തില്‍ ഇത്തിരി പ്രയാസം നേരിടാം. പക്ഷേ കുട്ടികള്‍ക്കുണ്ടാകുന്ന നേട്ടം കൂടുതലാകും. ടീച്ചര്‍ക്ക് ഭാരവും കുറയും. പാഠവും യഥാസമയം തീരും.

സ്ഥിരഹാജരില്ലാത്ത കുട്ടികള്‍

ഒന്നാം മാസം തന്നെ വീട്ടില്‍ കുട്ടികളെ മടിപിടിച്ച് ഇരിക്കാന്‍ അനുവദിക്കുന്ന രക്ഷിതാക്കളുണ്ട്. അത് നിരുത്സാഹപ്പെടുത്താനാകണം. 

  1. അത്തരം കുട്ടികളുടെ രക്ഷിതാക്കളെ കുട്ടികളുടെകൂടെ ഇരുത്തി ഓണ്‍ലൈനില്‍ ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കണം. 
  2. കുട്ടി വരാത്ത ദിവസം രക്ഷിതാവിനെ വിളിച്ച് ഇന്ന് കുട്ടിക്ക് നഷ്ടമായ കാര്യങ്ങള്‍ ഇവയാണെന്ന് പറയണം. തുടര്‍ച്ചയായി പറഞ്ഞ് രക്ഷിതാക്കളുടെ ഉത്തരവാദിത്വബോധം കൂട്ടണം . 
  3. ആ കുട്ടിയുടെ അടുത്തുളള മറ്റ് കുട്ടികള്‍ വിദ്യാലയത്തിലുണ്ടെങ്കില്‍ അവരുടെ രക്ഷിതാവ് മുഖേനയും ഇടപെടണം.
  4.  ഇത്തരം കുട്ടികളുടെ രക്ഷിതാവിനെ നേരിട്ട് കാണുന്നതിനും പരിപാടി ആലോചിക്കണം. 
  5. കുട്ടി സ്കൂളില്‍ വരുന്ന സമയം അര മണിക്കൂര്‍ നേരത്തെയാക്കാനാകുമോ? എങ്കില്‍ കുഞ്ഞെഴുത്ത് പൂര്‍ത്തിയാക്കാനാകും. ടീച്ചറും നേരത്തെ എത്തണമെന്ന് മാത്രം
  6. ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കിയപ്പോള്‍ ഹാജരാകാത്ത കുട്ടികളെക്കൂടി കണ്ടാണ് ആദ്യ നാല്പത് മിനിറ്റ് അവലോകനത്തിനായി മാറ്റി വെച്ചത്. ഈ സമയം ഈ കുട്ടികള്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടത്.
  7. പഠനക്കൂട്ടങ്ങള്‍ രൂപീകരിച്ച് ഒഴിവ് സമയ ചാര്‍ട്ട് വായന പ്രോത്സാഹിപ്പിക്കണം. 

ഇതൊക്കെ സാധ്യതകളുടെ അന്വേഷണമാണ്. പൂര്‍ണമാണെന്ന് പറയുന്നില്ല. കുറേ പ്രശ്നങ്ങള്‍ അധ്യാപകരുടേതല്ലാത്ത കാരണങ്ങളാലാണ്. ചിലത് വിദ്യാലയനിര്‍മ്മിതിയും.

അതത് സാഹചര്യത്തില്‍ പ്രശ്നപരിഹാരം ആലോചിക്കണം. അന്വേഷകരാകവുകയും അനുഭവങ്ങള്‍ സൃഷ്ടിക്കുകയും അവ പങ്കിടുകയും ചെയ്യൂ

ഏത് പ്രശ്നത്തോടൊപ്പവും അതിന്റെ പരിഹാരം കൂടി ജനിക്കുന്നുണ്ട്. അത് കണ്ടെത്താനാണ് ശ്രമിക്കേണ്ടത്.  

Thursday, June 26, 2025

വ്യക്തിഗത മാസ്റ്റര്‍ പ്ലാന്‍ എന്ത്? എങ്ങനെ?

വ്യക്തിഗത മാസ്റ്റര്‍ പ്ലാന്‍ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. പലരും പല മാതൃകകള്‍ പങ്കിടുന്നുണ്ട്. ചിലര്‍ പറയുന്നു എന്റെ കുട്ടികള്‍ എന്ന രേഖയാണ് വ്യക്തിഗത മാസ്റ്റര്‍ പ്ലാന്‍ എന്ന്. ചിലരാകട്ടെ പ്ലാന്‍ എന്ന വാക്ക് ഭാവിയിലേക്കുള്ള ആസൂത്രണത്തെ സൂചിപ്പിക്കുന്നു അതിനാല്‍ ആസൂത്രണരേഖയാണിതെന്ന് പറയുന്നു. അവ്യക്തത ഏറെയുണ്ട്. ഇതുവരെ ഇത്തരം പ്ലാനുകളൊന്നുമില്ലാതെ സിലബസ് തീര്‍ത്തിരുന്നല്ലോ? അതുപോലെയങ്ങ് തുടര്‍ന്നാല്‍ പോരെ എന്ന് ചിന്തിക്കുന്നവരും ഉണ്ട്.

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണത ഇനിയും ഉയരണം എന്നതിനോട് വിയോജിക്കേണ്ട കാര്യമില്ല. എപ്ലസ് കിട്ടുന്നവരെ മാത്രം വെച്ചല്ല ഗുണത നിശ്ചയിക്കേണ്ടത്. എല്ലാ കുട്ടികളും അഭിലഷണീയനിലവാരത്തിലെത്തണം. അത് താഴ്ന്ന ഗ്രേഡല്ല. പരാജിതരില്ലാത്ത വിദ്യാലയം, മധ്യഗ്രേഡുകളില്‍ താഴെ ആരുമില്ലാത്ത വിദ്യാലയം എന്നതൊക്കെ സാധ്യമാണ്. അതിന് വ്യത്യസ്തമായ രീതികളും തന്ത്രങ്ങളും വേണ്ടിവരും. വ്യക്തിഗത മാസ്റ്റര്‍ പ്ലാന്‍ അത്തരത്തിലൊന്നാണ്.

വ്യക്തിഗത മാസ്റ്റര്‍ പ്ലാനില്‍ വ്യക്തത വരുത്തുന്നതിന് ചര്‍ച്ച ആവശ്യമാണ്. ചര്‍ച്ചയ്ക് സഹായകമായ കുറിപ്പാണിത്. താഴെക്കൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് ഈ കുറിപ്പ് ലക്ഷ്യമിടുന്നത്. ഒന്നാം ക്ലാസിനെ ആധാരമാക്കിയാകും ചിന്തകള്‍. വായനക്കാരുടെ പ്രതികരണങ്ങള്‍ ചുവടെയുള്ള കമന്റ് കോളത്തില്‍ എഴുതിയിട്ടാല്‍ ചര്‍ച്ചയായി വികസിപ്പിക്കാനും കൂടുതല്‍ ആശയങ്ങളിലേക്ക് പോകാനും വ്യക്തത വരുത്താനും കഴിയും. ചോദ്യങ്ങള്‍

1. എന്താണ് വ്യക്തിഗത മാസ്റ്റര്‍ പ്ലാന്‍ (Individual Master Plan)?

2. എന്താണ് വ്യക്തിഗത വിദ്യാഭ്യാസ പരിപാടിയും (IEP) വ്യക്തിഗത മാസ്റ്റര്‍ പ്ലാനും (IMP) തമ്മിലുള്ള വ്യത്യാസം?

3. എല്ലാ കുട്ടികളുടെയും ഐ എം പി തയ്യാറാക്കേണ്ടതുണ്ടോ?

4. വ്യക്തിഗത മാസ്റ്റര്‍ പ്ലാനിന്റെ ഘടന എന്താകണം?

5. ഓരോന്നിന്റെയും ഉള്ളടക്ക വിശദാംശങ്ങള്‍

6. പ്രവര്‍ത്തന പദ്ധതി വേണമോ?

7. അധ്യാപകര്‍ എന്താണ് ഐ എം പി തയ്യാറാക്കുന്നതിനായി ചെയ്യേണ്ടത്?

8. രക്ഷിതാവിന്റെ റോള്‍ എന്താണ്?

1. എന്താണ് വ്യക്തിഗത മാസ്റ്റര്‍ പ്ലാന്‍ (Individual Master Plan)?

വ്യക്തിഗത മാസ്റ്റർ പ്ലാൻ (IMP) എന്നത് ഓരോ കുട്ടിയുടെയും പഠനത്തിനും വളർച്ചയ്ക്കും വേണ്ടി വ്യക്തിഗത ആവശ്യങ്ങൾ പരിഗണിച്ച് അധ്യാപകന്‍ തയ്യാറാക്കുന്ന, ലളിതവും ലക്ഷ്യാധിഷ്ഠിതവുമായ പദ്ധതി ആണ്."

അതായത് കുട്ടിയുടെ അഭിവൃദ്ധിക്കായുള്ള പദ്ധതിയാണിത്. എന്താണ് കുട്ടിയുടെ ആവശ്യങ്ങള്‍ എന്ന് കണ്ടെത്തി അതനുസരിച്ച് തയ്യാറാക്കുന്നതുമാണ്. കുട്ടിയുടെ പ്രയാസങ്ങളും പ്രശ്നങ്ങളും പഠനവിടവുകളും കണ്ടെത്തിയാല്‍ മാത്രമേ ആവശ്യങ്ങള്‍ നിര്‍ണയിക്കാനാകൂ.

ദേവിക എന്ന കുട്ടിയെ നിരീക്ഷിച്ച ടീച്ചര്‍, കണ്ടെത്തിയത് ആ കുട്ടി പഠനത്തിൽ സ്ഥിരമായി പിന്നാക്കം നില്‍ക്കുന്നു എന്നതാണ്. എഴുത്ത്/വായന/ഗണിതം എന്നിവയില്‍ അടിസ്ഥാനധാരണകള്‍ നേടുന്നതിലാണ് പിന്നാക്കാവസ്ഥ. അതുപോലെ മറ്റുള്ളവരുമായുള്ള പെരുമാറ്റത്തിൽ മുന്‍പിന്‍ ചിന്തയില്ലാതെ പ്രതികരണങ്ങൾ ഉണ്ടാകുന്നു. വരും വരായ്കകള്‍ ആലോചിക്കുന്നില്ല. വൈകാരിക നിയന്ത്രണത്തിൽ പ്രശ്നങ്ങൾ ഉള്ളതിനാല്‍ കൂട്ടുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്നു. ഈ കുട്ടിയുടെ പുരോഗതിക്ക് പദ്ധതി തയ്യാറാക്കുമ്പോള്‍ മുകളില്‍ സൂചിപ്പിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതാണ് ആവശ്യമായി വരിക.

2 IEP (Individualized Education Program) ഉം IMP (Individual Master Plan) ഉം തമ്മിലുള്ള വ്യത്യാസം ?

പ്രത്യേക പരിഗണന ആവശ്യമുള്ള ( ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവര്‍- Learning Disabilities, Autism, ADHD, Speech Delay പോലുള്ളവ തിരിച്ചറിയപ്പെട്ട കുട്ടികൾക്ക്) ഓരോ കുട്ടിക്കും വിദ്യാഭ്യാസ പിന്തുണ നൽകുക എന്നതാണ് IEP (Individualized Education Program)യുടെ ലക്ഷ്യം. പലരാജ്യങ്ങളിലും നിയമപരമായി നിര്‍ദ്ദേശിക്കപ്പെടുന്നു.

IMP (Individual Master Plan)യിലാകട്ടെ, സാധാരണ വിദ്യാർത്ഥികളിൽ പ്രത്യേക ശ്രദ്ധ ആവശ്യമായ കുട്ടികൾക്ക് ( പഠനത്തിൽ പിന്നാക്കം കാണിക്കുന്ന വിദ്യാർത്ഥികൾക്ക്) വ്യക്തിഗത പിന്തുണ നൽകുക എന്നതാണ് ലക്ഷ്യം. അക്കാദമിക താല്പര്യത്തിന്റെ ഭാഗമായി അധ്യാപകര്‍ ഏറ്റെടുക്കുന്നതാണ്.

3. ഒരു ക്ലാസിലെ എല്ലാ കുട്ടികളുടെയും വ്യക്തിഗത മാസ്റ്റര്‍ പ്ലാന്‍ (Individual Master Plan - IMP) തയ്യാറാക്കേണ്ടതുണ്ടോ?

ആദര്‍ശപരമായും അക്കാദമികമായും ആഗ്രഹിക്കാമെങ്കിലും പ്രായോഗികമായി അത്ര സാധ്യമല്ല, പ്രത്യേകിച്ചും ഒരു ടീച്ചര്‍ ഒറ്റയ്ക് മുപ്പത് കുട്ടികളുടെ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കുക എന്നത്.

4. എന്തുകൊണ്ട് മുഴുവൻ കുട്ടികൾക്കുമായി IMP ഒരുക്കുന്നത് പ്രായോഗികമല്ല?

1. സമയം വളരെ കൂടുതല്‍ ആവശ്യമായി വരും

  •  ഓരോ കുട്ടിയുടെയും പ്രൊഫൈൽ തയ്യാറാക്കല്‍,അതിനായുള്ള നിരീക്ഷണം, ലക്ഷ്യനിർണയം, പിന്തുണാരൂപരേഖ വികസിപ്പിക്കല്‍, അവലോകനം എന്നിവ ഉണ്ടാക്കുന്നത് വളരെ സമയം വേണ്ടിവരും.

     30-40 കുട്ടികളുള്ള ഒരു ക്ലാസിൽ ഓരോന്നിനും ഇത്രയും പ്രവർത്തനം നടത്തുന്നത് ടീച്ചറുടെ മറ്റു ഉത്തരവാദിത്തങ്ങളെ ബാധിക്കും.

2. ടീച്ചറുടെ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് കൂടുതൽ പിന്തുണ നൽകാൻ കഴിയില്ല

  •  മുഴുവൻ കുട്ടികൾക്കും വേണ്ടി ഐ എം പി തയ്യാറാക്കി ഇടപെടുമ്പോള്‍ അധിക പിന്തുണ ആവശ്യമായ കുട്ടികൾക്ക് പ്രത്യേക ഊന്നൽ നിഷേധിക്കപ്പെടാന്‍ സാധ്യതയുണ്ട്.

5. എല്ലാ കുട്ടികളെയും പരിഗണിക്കാതിരിക്കുന്നുവെങ്കില്‍ ഇതൊരു പരിഹാരബോധനാസൂത്രണ പദ്ധതിയായി മാറില്ലേ?

മൂന്ന് തട്ടിലുള്ള ഇടപെടലാണ് വേണ്ടത്.

ഒന്ന് : ക്ലാസിലെ 100% കുട്ടികൾക്കായി – എല്ലാ വിഷയങ്ങൾക്കും തക്കതായ പിന്തുണ, ക്ലാസ് രീതികൾ, കൂട്ടായ്മകൾ.

രണ്ട് : കൂടുതൽ ശ്രദ്ധ ആവശ്യമായ 15–20% കുട്ടികൾ – കുറച്ച് area-specific പിന്തുണ, ചെറിയ intervention plans (academic support sheets, extra practice)

മൂന്ന് : Individual Master Plan (IMP) 5–10% കുട്ടികൾക്ക് – സവിശേഷമേഖലകളിലെ വളര്‍ച്ചാതടസ്സം മറികടക്കാനുള്ള വ്യക്തിഗത പദ്ധതി. സവിശേഷ കഴിവുകളുടെ പോഷണവും ഉള്‍പ്പെടുത്താം.

സംയുക്തഡയറി എഴുതിക്കുന്നതിനെ പരിശോധിക്കാം. ഇത് എല്ലാ കുട്ടികളുടെയും ഭാഷാപുരോഗതി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സവിശേഷ പരിപാടിയാണ്. ഒന്നാം തട്ട് പ്രവര്‍ത്തനം എന്ന് വിശേഷിപ്പിക്കാം. രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കുകയും സംയുക്തഡയറി വിലയിരുത്തി ഫീഡ് ബാക്ക് നല്‍കുകയുമാണ് ടീച്ചര്‍ ചെയ്യുക.

എന്നാല്‍ വീട്ടില്‍ ഭാഷാപരമായപിന്തുണ കിട്ടാത്ത കുട്ടികളുണ്ടാകാം. അത് പലതരത്തിലാണ്. മലയാളം മാതൃഭാഷയല്ലാത്ത കുട്ടികള്‍. ഗോത്രവിഭാഗത്തില്‍ പെടുന്ന കുറച്ച് കുട്ടികള്‍ അല്ലെങ്കില്‍ ഹിന്ദി മാതൃഭാഷയായി ഉള്ളവര്‍. വിദ്യാലയത്തിലെ മുതിര്‍ന്ന കുട്ടികളുടെ സേവനം പ്രയോജനപ്പെടുത്തുന്നതിന് തീരുമാനിക്കുമ്പോള്‍ അത് രണ്ടാം തട്ട് പ്രവര്‍ത്തനം ആയി മാറും.

എഴുതുന്നതില്‍ വളരെ പിന്നാക്കം നില്‍ക്കുന്നവരുമുണ്ടാകും. അവര്‍ക്കായി ക്ലാസ് അനുഭവത്തെ വച്ച് നിശ്ചിത സമയം പ്രയോജനപ്പെടുത്തി ടീച്ചര്‍ വ്യക്തിഗതപിന്തുണ നല്‍കി എഴുതിക്കും. വ്യക്തിഗത മാസ്റ്റര്‍ പ്ലാനിലേക്ക് ഇത്തരം ഇടപെടലുകളെ ഉള്‍പ്പെടുത്താനാകും.

6. പിന്തുണയ്ക്ക് വേണ്ടിയുള്ള വ്യക്തിഗത മാസ്റ്റര്‍ പ്ലാനിന്റെ Individual Master Plan (for Student Support) ഘടന എന്താകണം?

1. കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍

  • പേര്

  • ക്ലാസ്:

  • പ്രായം:

  • വിദ്യാലയം:

  • ഐ എം പി തയ്യാറാക്കിയ തീയതി:

  • തയ്യാറാക്കിയ ടീച്ചര്‍:

2. അവസ്ഥ (Baseline Profile)

  • വിദ്യാർത്ഥിയുടെ അക്കാദമിക് നേട്ടങ്ങളും വെല്ലുവിളികളും

  • സാമൂഹിക-വൈഖരികവും വികാരാത്മകവുമായ നില

  • ആരോഗ്യ നില

  • കുടുംബ പശ്ചാത്തലം, ഭാഷ, സംസ്‌കാരം

3. ലക്ഷ്യനിർണ്ണയം (Goal Setting)

(a) ദീർഘകാല ലക്ഷ്യങ്ങൾ (Long-term Goals):

  • അക്കാദമികവും സാമൂഹികവുമായ ലക്ഷ്യങ്ങള്‍, ജീവിത നൈപുണ്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളത്

(b) ഹ്രസ്വകാല ലക്ഷ്യങ്ങൾ (Short-term Goals):

  • രണ്ടോ മൂന്നോ മാസത്തേക്കുള്ളത്

  • വിഷയാടിസ്ഥാനത്തിലും നൈപുണി അടിസ്ഥാനമായും നിശ്ചയിക്കുക

  • മാസത്തിൽ കാണാവുന്ന പുരോഗതി എന്തെന്ന് പ്രതീക്ഷിക്കണം

4. അക്കാദമിക ആസൂത്രണം (Academic Planning)

  • വിഷയങ്ങളിലെ നില ഓരോന്നായി വിശകലനം ചെയ്തതിന്റെ വെളിച്ചത്തില്‍ ശക്തിപ്പെടുത്തേണ്ട മേഖലകൾ കണ്ടെത്തി പ്രവര്‍ത്തനാസൂത്രണം നടത്തണം

  • അധ്യാപനതന്ത്രങ്ങൾ വികസിപ്പിക്കണം

  • ഓൺലൈൻ/ഓഫ്‌ലൈൻ പിന്തുണാ രീതികള്‍ നിശ്ചയിക്കണം

5. ജീവിതനൈപുണ്യവികാസം (Life Skills Development)

  • പഠനത്തെ സ്വാധീനിക്കുന്നതും വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ടതും ആത്മാവബോധ വികാസത്തിനുതകുന്നതുമായ ഇടപെടലുകള്‍

  • സമയം കൈകാര്യം ചെയ്യൽ

  • വ്യക്തിപരമായ ശുചിത്വം

  • സംഘപ്രവര്‍ത്തനസംസ്കാരം

6. മാനസിക സാമൂഹിക പിന്തുണ (Psycho-social Support)

  • ശ്രദ്ധ, ആത്മവിശ്വാസം, ഉത്സാഹം എന്നിവക്ക് പിന്തുണ

  • പ്രതിവാര, പ്രതിമാസ പ്രചോദനാനുഭവങ്ങള്‍

  • ക്രമാതീതമായ ആകാംക്ഷയും ഉത്ക്കണ്ഠയും ലഘൂകരിക്കുന്നതിനുള്ള തന്ത്രങ്ങള്‍

  • സമസംഘവുമായി സംവിദിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും

  • സംഘപ്രവര്‍ത്തനങ്ങള്‍ക്കുള്ളിലെ വ്യക്തിഗത പിന്തുണ

7. രക്ഷിതാവിന്റെ പങ്കാളിത്തം (Parental/Guardian Involvement)

  • വീട്ടിൽ നല്‍കേണ്ട പിന്തുണ

  • ടീച്ചറുമൊത്തുള്ള പ്രതിമാസ വിലയിരുത്തല്‍

  • അദ്ധ്യാപകരുമായി നിരന്തര ആശയവിനിമയം

8. അവലോകനം, മൂല്യനിർണയം (Review & Evaluation)

  • പ്രതിമാസ പുരോഗതി റിപ്പോർട്ടുകൾ

  • നിലവിലുള്ള ലക്ഷ്യങ്ങളിൽ പുരോഗതിയുടെ നില

  • പുതിയ ലക്ഷ്യങ്ങളിലേക്ക് പുതുക്കൽ

  • കുട്ടിയുടെ പ്രതിഫലനങ്ങള്‍

9. പഠനോപാധികളും റിസോഴ്‌സുകളും (Learning Aids & Resources)

  • സഹായകമായ പുസ്തകങ്ങൾ, ആപ്പ്, വര്‍ക്ക് ഷീറ്റ് മുതലായവ

  • ആശയവിനിമയ കാർഡുകൾ , ദൃശ്യപഠനോപകരണങ്ങള്‍, കാര്‍ഡുകള്‍, വായനസാമഗ്രികള്‍

10. ആവശ്യാനുസൃത പിന്തുണാ സേവനങ്ങൾ (Special Support Services if needed)

  • മെന്റര്‍ ടീച്ചര്‍മാരുടെ പങ്ക്

  • കൗൺസിലർ

10. ശ്രദ്ധിക്കേണ്ട പ്രത്യേകതകൾ (Individual Considerations)

  • ഭാഷാ സംസ്‌കാര വ്യത്യാസങ്ങൾ പരിഗണിച്ചുള്ള ഇടപെടല്‍

  • കുട്ടിയ്ക്ക് മാത്രം ബാധകമായ മറ്റ് പരിമിതികള്‍ മറികടക്കല്‍

(തുടരും) 

അടുത്തതില്‍ വ്യക്തിഗത മാസ്റ്റര്‍ പ്ലാനും  അക്കാദമികാസൂത്രണവും