10 ദിവസത്തെ സന്നദ്ധതാ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ നിറഞ്ഞ സന്തോഷവും സംതൃപ്തിയും മാത്രം.
- എല്ലാ ദിവസവും മികവാർന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് കഴിഞ്ഞു.
- എല്ലാ നിലവാരക്കാരെയും പരിഗണിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ .
- പേശീവികാസം, ഭാഷാശേഷി വികാസം, ക്രമമായി ഓർത്തു പറയുവാനുള്ള അവസരo,
- സർഗ്ഗാത്മക പ്രകടനത്തിനുള്ള അവസരം,
- ശാസ്ത്ര കൗതുകമുണർത്തുന്ന പരീക്ഷണങ്ങൾ,
- അക്ഷര ബോധം ഉറപ്പിക്കുന്നതിനായി പുനരനുഭവ സാധ്യതയുള്ള ഇംഗീഷ് പ്രവർത്തനങ്ങൾ,
- രസകരമായ ഗണിതകേളികൾ, ഗണിതരൂപങ്ങൾ തിരിച്ചറിയൽ എല്ലാം കോർത്തിണക്കി മികവാർന്ന പ്രവർത്തനങ്ങളാണ് എല്ലാം.
- Rhythmic song - ൽ ഏറെ പിന്തുണ വേണ്ട (ഓട്ടിസം) കുട്ടിയിലും താൽപ്പര്യവും, കൗതുകവും ഉണർത്തി പങ്കാളിയാക്കാൻ സാധിച്ച.
- എറിയാം നേടാം , കാന്തകൗതുകം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തപ്പോഴുള്ള കുഞ്ഞുങ്ങളുടെ ആവേശം വളരെ വലുതായിരുന്നു.
- കഥകളെല്ലാം തന്നെ വേഗത്തിൽ മനസ്സിലാക്കുന്നതിനും ക്രമമായി പറയുന്നതിനും കൂടുതൽ പേർക്കും കഴിഞ്ഞു.
- ചെറു ചോദ്യങ്ങളിലൂടെ എല്ലാവരെയും ക്ലാസിൽ ശ്രദ്ധയോടെ ആകർഷിച്ചിരുത്താൻ സാധിച്ചു.
- English attendance chart-ൽ tick mark ചെയ്യാൻ അവസരം കിട്ടിയതായിരുന്നു ചിലർക്ക് സന്തോഷമായത്. എല്ലാ English activity യും മികച്ച നിലവാരം പുലർത്തി.
എല്ലാ പ്രവർത്തനങ്ങളും സന്തോഷത്തോടെ കുഞ്ഞുങ്ങൾ ഉൾക്കൊണ്ടു എങ്കിലും ചെറുതായി പാളിപ്പോയ പ്രവർത്തനങ്ങളാണ് " സോപ്പുകുമിള പറത്തലും, മഴയായതിനാൽ ഇല വിയർക്കുമോ? എന്നതും.
ചിലദിവസങ്ങളിലെ പ്രവർത്തനങ്ങളുടെ ആധിക്യവും പ്രശ്നമായി
ഓരോ കുട്ടിയ്ക്കും പിന്തുണ കൊടുത്തു കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്യേണ്ടി വന്നപ്പോൾ സമയം തികയാതെ വന്നു.
ഒരു ദിവസം പരമാവതി അഞ്ച് പ്രവർത്തനങ്ങളായിരുന്നെങ്കിൽ കുറച്ചു കൂടി ആയാസരഹിതമായി ചെയ്തു തീർക്കാൻ കഴിഞ്ഞേനെ.
ജയശ്രീ.S
ഗവ.എൽ.പി.എസ്.
പന്നിവിഴഈസ്റ്റ്
അടൂർ
2
ഒന്നൊരുക്കം ഓരോ ദിവസവും എന്റെ കുട്ടികൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഓരോ ദിവസവും ടീച്ചറെ ഇന്നെന്താണ് കളികൾ എന്ന് ചോദിച്ചുകൊണ്ടാണ് എന്റെ മക്കൾ ക്ലാസ്സിലേക്ക് എത്തിയത് ചിത്രം വരയ്ക്കാനും പാട്ട് പാടാനും കളികളിൽ ഏർപ്പെടാനും എല്ലാവരും ഉത്സാഹത്തോടെ മുന്നിലേക്ക് എത്തി.
മീനിനെ ഉണ്ടാക്കിയപ്പോഴും ടിഷ്യൂ പേപ്പർ മരം ഉണ്ടാക്കിയപ്പോഴും എന്റെ ക്ലാസ്സിലെ ഒരു വിരുതൻ ചോദിച്ചു ടീച്ചർ ഇതൊക്കെ എങ്ങനെ പഠിച്ചു?. ഓരോ ദിവസവും അവർക്കു അത്ഭുതം ആയിരുന്നു. ഓരോ ദിവസവും പാടുന്ന പാട്ടുകൾ അടുത്ത ദിവസം ക്ലാസ്സിൽ പാടാനും ക്ലാസ്സ് പി റ്റി എ യിൽ രക്ഷിതാക്കളെ പാട്ട് പാടി സ്വീകരിക്കാനും എന്തൊരു ആവേശമായിരുന്നു മക്കൾക്ക്. ഒന്നൊരുക്കം കഴിഞ്ഞ് കഴിഞ്ഞദിവസം പാഠഭാഗം ആരംഭിച്ചപ്പോൾ പറവയെ ഉണ്ടാക്കി നൽകിയപ്പോൾ അവരുടെ മുഖത്ത് ഉണ്ടായ സന്തോഷം ചെറുതൊന്നുമല്ല. പറവയുടെ ചിറക് പറക്കുന്നത് കണ്ടപ്പോൾ അവർ പറയുകയാ എടാ ടീച്ചർക്ക് ഭയങ്കര ബുദ്ധിയാ 😄.. അങ്ങനെ എന്റെ മക്കളുടെ മുന്നിൽ ഞാനും star ആയി. ഞങ്ങൾ ഓരോ ദിവസവും ആഘോഷിക്കുകയാണ്.
ജിഷ കൃഷ്ണൻ
ഗുരുകുലം യു പി സ്കൂൾ ആങ്ങമൂഴി
3
ഒന്നൊരുക്കം പ്രവർത്തനങ്ങൾ വളരെ ഭംഗിയായി തന്നെ ചെയ്തു പൂർത്തിയാക്കുവാൻ സാധിച്ചു. ഒന്നൊരുക്കത്തിലെ ഇല വിയർക്കുമോ എന്ന പ്രവർത്തനം മാത്രം പൂർത്തിയാക്കാൻ സാധിച്ചില്ല അന്നുമുതൽ തുടങ്ങിയ മഴ കാരണമാണ് എന്നാൽ പിന്നീട് എപ്പോഴെങ്കിലും ആ പരീക്ഷണം കുട്ടികൾക്ക് മുന്നിൽ ചെയ്യണമെന്ന് ഞാൻ വളരെ ആഗ്രഹിക്കുന്നു കാരണം ആ പ്രവർത്തനത്തിലൂടെ എത്തപ്പെടുന്ന നിഗമനം എന്താണെന്ന് അറിയുവാൻ കുട്ടികൾക്ക് ആഗ്രഹമുണ്ട്, ബാക്കി എല്ലാ പ്രവർത്തനങ്ങളും കുട്ടികൾ വളരെ ഭംഗിയായി പൂർത്തിയാക്കുവാൻ സാധിച്ചിട്ടുണ്ട് പുതിയ സ്കൂളിലേക്ക് പുതിയ കൂട്ടുകാരുടെ മുന്നിൽ പുതിയ അധ്യാപികയുടെ മുന്നിൽ എത്തപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ഒന്നൊരുക്കം എന്ന ഈ സന്നദ്ധ പ്രവർത്തനങ്ങൾ വളരെ ഗുണകരമാണ് അധ്യാപിക, കൂട്ടുകാർ, സ്കൂൾ, പഠന സമീപനങ്ങൾ അറിയുവാനും കൂടുതൽ ഇഷ്ടത്തോടെ പഠനത്തോട് സമീപിക്കുവാനും കുഞ്ഞുങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങൾ വളരെ നല്ലതാണ് എന്റെ കുഞ്ഞുങ്ങൾ എല്ലാവരും ഓരോ പ്രവർത്തനം ചെയ്യുമ്പോഴും വളരെ ആകാംക്ഷയോടും താല്പര്യത്തോടും കൂടെ ആണ് സ്കൂളിലേക്ക് എത്തിയിരുന്നത് ഒരു പ്രവർത്തനം ചെയ്യുമ്പോഴും അത് വീഡിയോ ആക്കുന്നതിൽ കുട്ടികളും വളരെ താല്പര്യമുള്ളവർ ആയിരുന്നു അവരുടെ ചിത്രങ്ങൾ മാധ്യമങ്ങൾ വഴി വരുന്നത് അടുത്ത ദിവസം വന്ന് എന്നെക്കൊണ്ട് ഫോണിൽ കാണിക്കാൻ പറയും, പാഠഭാഗത്തേക്ക് കടന്നിട്ടും ടീച്ചറെ ഇന്നും നമ്മൾ എന്താ ചെയ്യാൻ പോകുന്നത് എന്നാണ് കുട്ടികളുടെ ചോദ്യം, അവർ ഇതുവരെയും ഒന്നൊരുക്കം വിടാൻ ഉദ്ദേശിച്ചിട്ടില്ല എന്ന് തോന്നുന്നു . അത്രത്തോളം എന്റെ കുഞ്ഞുങ്ങൾ ഓരോരുത്തരും ആസ്വദിച്ച് ചെയ്തിട്ടുണ്ട് അവർക്ക് ഒപ്പം തന്നെ ഞാനും ഒന്നൊരുക്കം പ്രവർത്തനങ്ങൾ വളരെ ആസ്വദിച്ചിരുന്നു വളരെ പെട്ടെന്ന് തന്നെ ഒന്ന് അവസാനിച്ചു എന്ന് തോന്നിപ്പോയി. ഇതുപോലുള്ള നിരവധി പ്രവർത്തനങ്ങളുമായി അടുത്ത വർഷവും സന്നദ്ധ പ്രവർത്തനങ്ങൾ ഉണ്ടാവണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.
.......................................................................
ഞാൻ എം. ഡി യു. പി. സ് വെള്ളാറ മേമല സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അഭിരാമിയുടെ അമ്മയാണ് എന്റെ മകൾ ഈ വർഷമാണ് ആ സ്കൂളിലേക്ക് പഠിക്കുവാനായി പോയത് അവൾ ആദ്യം പോകുവാൻ വലിയ വിഷമമായിരുന്നു എന്നാൽ ഇപ്പോൾ അവൾ രാവിലെ തന്നെ എഴുന്നേറ്റ് സ്കൂളിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്.അവളുടെ ടീച്ചർ വളരെ നന്നായി കുഞ്ഞുങ്ങളെ പഠിപ്പിക്കുകയും പാട്ടുകൾ കഥകൾ വീഡിയോകൾ പങ്കെടുക്കുകയും ചെയ്യാറുണ്ട് എന്നാൽ ഞങ്ങൾ അതിനു വേണ്ട പ്രാധാന്യം കൊടുത്തിരുന്നില്ല എന്നാൽ ടീച്ചർ ഞങ്ങളെ നിരന്തരം കോൺടാക്ട് ചെയ്യുകയും എന്റെ മകളുടെ പഠന കാര്യങ്ങൾ സംസാരിക്കുകയും ചെയ്യാറുണ്ട് എന്റെ കുഞ്ഞിന് വന്ന നല്ല മാറ്റം ടീച്ചറിന്റെ ഇടപെടൽ മൂലമാണ്. ഇപ്പോൾ വീട്ടിൽ വന്നാൽ ഉടനെ ടീച്ചറെ കുറിച്ചും ക്ലാസിൽ ചെയ്ത പാട്ടുകളും, കഥകളും ഡാൻസും ചില പരീക്ഷണങ്ങളും ഞങ്ങളെ വന്നു കാണിക്കാറുണ്ട് അവൾ ഇത്രയും നന്നായി ഓരോന്നും ചെയ്യുവാൻ കാരണം അവളുടെ പ്രിയപ്പെട്ട ടീച്ചറാണ് ഒരുപാട് സന്തോഷം.
ശ്രീരഞ്ജിനി
എം. ഡി. യു. പി. സ് വെള്ളാറ മേമല
പത്തനംതിട്ട
4
ഞാൻ 17 വർഷമായി ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപികയാണ്.ഈ വർഷം ഒന്നാം ക്ലാസ്സിൽ22 കുട്ടികളാണുള്ളത്.മുൻവർഷങ്ങളെക്കാളും പുതുമയാർന്നതും താല്പര്യ ജനകവുമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ വർഷത്തെ ഒന്നൊരുക്കം സന്നദ്ധത പ്രവർത്തനങ്ങൾ. ഈ സ്കൂളിൽ പ്രീ പ്രൈമറിയിൽ പഠിച്ചിരുന്ന കുട്ടികൾ നേരത്തെ ക്ലാസിൽ വരാൻ മടി കാണിച്ചിരുന്നെങ്കിലും ഇപ്പോൾ ക്ലാസിലേക്ക് വരാൻ നല്ല താല്പര്യം കാണിക്കുന്നുവെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഞാൻ സ്കൂളിലേക്ക് എത്തുമ്പോഴേ വാ ടീച്ചറെ നമുക്ക് കളിക്കാം, പാടാം എന്നൊക്കെ പറഞ്ഞ് കുട്ടികൾ ചുറ്റും കൂടും. ഒരു അന്യസംസ്ഥാനക്കുട്ടി എന്റെ ക്ലാസിൽ ഉണ്ട്. ആ കുട്ടി പോലും വളരെ താല്പര്യത്തോടെയാണ് ഒന്നൊരുക്കം പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. പാട്ട് പാടുമ്പോഴും ലഘു പരീക്ഷണങ്ങളിലും എല്ലാം വളരെ താല്പര്യത്തോടെയും കൗതുകത്തോടെയും ആയിരുന്നു കുട്ടികളുടെ പങ്കാളിത്തം. ഒരു അധ്യാപിക എന്ന നിലയിൽ വളരെ സന്തോഷവും ആത്മവിശ്വാസവും ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ആയിരുന്നു ഒന്നൊരുക്കത്തിൽ ഉണ്ടായിരുന്നത്.
ബീന. അധ്യാപിക
ജി. എൽ. പി എസ് പള്ളിക്കൽ
--------------------------------------------------------------------------------------
18 വർഷം ഒന്നാം ക്ലാസിൽ പഠിപ്പിക്കുകയും ഇപ്പോൾ പ്രധാമാധ്യാപികയായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്ത എനിക്ക് ഒന്നൊരുക്കം പ്രവർത്തന പാക്കേജ് തയ്യാറാക്കിയതിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞു എന്നത് ഏറെ സന്തോഷകരമാണ്. തികച്ചും വ്യത്യസ്തമായ തും പുതുമയാർന്നതുമായ പ്രവർത്തനങ്ങൾ ആയിരുന്നു ഇതിൽ ഉൾപ്പെടുത്തിയിരുന്നത്. വർഷങ്ങളായി ഒന്നാംക്ലാസിൽ പഠിപ്പിച്ചതിനാൽ പ്രമോഷനായപ്പോഴും ഒന്നാം ക്ലാസിൽ പോകാനാണ് എനിക്ക് ഏറെ ഇഷ്ടം. പുതിയ സ്കൂളിൽ ഒന്നാം ക്ലാസിലെ ടീച്ചറോടൊപ്പം പ്രവർത്തനങ്ങൾ ചെയ്യിക്കാനും ഒരു ഭാഗമാകാൻ സാധിച്ചു കുട്ടികളെല്ലാവരും വളരെ താല്പര്യത്തോടു കൂടി പ്രവർത്തനങ്ങൾ ചെയ്യുന്നത് കാണാൻ കഴിഞ്ഞു. അന്യസംസ്ഥാനത്തിലുള്ള ഒരു കുട്ടി വളരെ താല്പര്യത്തോടെപാട്ട് പാടുന്നതും മറ്റു കളികളിൽ ഏർപ്പെടുന്നതും കണ്ടപ്പോൾ സന്തോഷം തോന്നി. പനിയായിരുന്ന കുട്ടികൾ പോലും സ്കൂളിൽ വരാൻ താല്പര്യം പ്രകടിപ്പിക്കുന്നു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഒന്നൊരുക്കം പ്രവർത്തനങ്ങൾ ടീച്ചർ കൃത്യമായി ചെയ്യുകയും ഫോട്ടോസ് വീഡിയോസ്, ക്ലാസ് ഗ്രൂപ്പുകളിൽ പങ്കിടുകയും ചെയ്തു. കുട്ടികൾ കഥ പറഞ്ഞു ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കിട്ടു. പ്രഥമാധ്യാപിക എന്ന നിലയിൽ ടീച്ചർക്ക് വേണ്ട എല്ലാ പിന്തുണയും നൽകി. ഒന്നൊരുക്കം പ്രവർത്തനങ്ങൾ ഏറെ സന്തോഷത്തോടെയാണ് അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഏറ്റെടുത്തതെന്ന് നിസ്സംശയം പറയാൻ സാധിക്കും. പുതുമയാർന്ന ഇത്തരം പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഒന്നൊരുക്കം പ്രവർത്തനങ്ങൾ തയ്യാറാക്കിയതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി നന്ദി, സന്തോഷം, അഭിമാനം 🙏🥰
ജിഷി. എ
HM
ജി. എൽ. പി.എസ് പള്ളിക്കൽ
5
നമസ്ക്കാരം, ഞാൻ ഒന്നാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന അഭിറാമിന്റെ അമ്മയാണ്. സ്കൂൾ തുറന്ന് നടന്ന ഒന്നൊരുക്കം എന്ന പരിപാടിയിൽ പാട്ടുകൾ, കഥകൾ, ചിത്രരചനകൾ കളറിംഗ് തുടങ്ങിയ അതി മനോഹരമായതും കുഞ്ഞുങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള ഒരു പരിപാടിയാണ് ഇത്. സ്കൂളിൽ നിന്ന് കുട്ടികൾ വീട്ടിൽ വന്നാൽ സ്കൂളിൽ നടന്ന കാര്യങ്ങൾ ചെയ്യാനും അത് മറ്റുള്ളവരോട് പറയാനും അവർ കൂടുതൽ താല്പര്യം കാണിക്കുന്നു. അതി മനോഹരമായി ഈ ക്ലാസുകൾ എടുത്ത് കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കുകയും അടുത്ത ദിവസം ഒരു മടിയും കൂടാതെ സ്കൂളിലേക്ക് വരാനുള്ള താല്പര്യം ഉണ്ടാക്കി കൊടുക്കുകയും ചെയ്ത ബീന ടീച്ചറിന് വളരെയധികം നന്ദി അറിയിക്കുന്നു അതോടൊപ്പം സ്കൂളിനും നന്ദി അറിയിക്കുന്നു.
ശ്രീജ
രക്ഷകർത്താവ്
6
ഒന്നൊരുക്കംസന്നദ്ധതാ പ്രവർത്തനങ്ങൾ ഓരോ ദിവസവും ഉത്സാഹത്തോടെയും താല്പര്യത്തോടെയും എന്റെ മക്കൾ ഏറ്റെടുത്തു. ഒന്നാമത്തെ പ്രവർത്തനമായ മഴനടത്തം താളത്തിനൊത്ത് സ്വതന്ത്രമായി ചലിച്ചുകൊണ്ട് മക്കൾഏറ്റുപാടി. മഴ മഴ മഴ എന്ന് ഞാൻ വ്യത്യസ്ത ഭാവത്തിലും ശബ്ദ വ്യതി യാനത്തിലും പാടിയപ്പോൾ പുഴ പുഴ പുഴ എന്ന് ഞാൻ പാടിയതുപോലെ വ്യത്യസ്ത ഭാവത്തിലും ശബ്ദ വ്യത്യാസത്തിലും മക്കളും പാടി. അന്നത്തെ എല്ലാ പ്രവർത്തനങ്ങളും മക്കൾ വളരെ രസകരമായി തന്നെ ചെയ്തു. അന്നത്തെ കുട്ടികളുടെ ഉത്പന്നത്തിൽ നിന്നും എനിക്ക് ഏറ്റവും ഇഷ്ടമായതും എന്നെ രസിപ്പിച്ചതും മുഹമ്മദ് ഹനാൻ വരച്ച മഴകാഴ്ചയായിരുന്നു. അവനെ എ ഫോറിൽ നിറയെ വെള്ളമാണ് വരച്ചത്. എന്താണ് ഇങ്ങനെ എന്ന് ചോദിച്ചപ്പോൾ മഴയത്ത് ഇവിടെ നിറയെ വെള്ളപ്പൊക്കമാണ് ഒന്നും കാണാൻ കഴിയുന്നില്ല എന്നാണ് അവന്റെ മറുപടി.
ഗണിത പ്രവർത്തനങ്ങളായ ചെറുത് വലുത്, വലുത് നിന്ന് ചെറുതിലേക്ക്, പെറുക്കാം അടുക്കാം, രൂപങ്ങൾ തിരിച്ചറിയാം, എത്ര ഭാരം താങ്ങും, തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാം കുട്ടികൾ ഉത്സാഹത്തോടെ ചെയ്തു. എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് തനിയെ ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങൾ ആയിരുന്നു. ലളിതമായ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആയതു കൊണ്ട് ചെയ്യിക്കാനും ചെയ്യാനും എളുപ്പത്തിൽ കഴിഞ്ഞു. Move and freeze, Hi, Hello തുടങ്ങിയ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ക്ലാസിൽ വളരെ രസകരമായി ചെയ്യിക്കാൻ കഴിഞ്ഞു.
രണ്ടാം ദിവസത്തെ ചെടി ഭംഗിയാക്കാം പ്രവർത്തനവും മണ്ണിൽ വീണുപുരണ്ടു കളിച്ചു അഭിനയ ഗാനവും കുട്ടികൾക്ക് ഇഷ്ടപ്പെട്ട പ്രവർത്തനങ്ങൾ ആയിരുന്നു.
ആകാശത്തിലൂടെ ചുറ്റിപ്പറക്കുന്ന ചെമ്പരു ന്തിനെയും, ഏഴു നിറത്തിൽ മിന്നി മിനുങ്ങുന്ന വാർമഴവില്ലിനെയും, വൺ ടൂ ത്രീ ഫോർ താളത്തിൽ പാടിയ തന്നാരം പാട്ടും കുട്ടികളിൽ സന്നദ്ധതാ പ്രവർത്തനങ്ങളോട് ഇഷ്ടം തോന്നുകയും അവരുടെ സർഗാത്മകതയെ ഉണർത്തുന്ന തരത്തിലുള്ളതും ആയിരുന്നു.
" കല്യാണത്തിന് പോകണ്ടേ കുഞ്ഞികാക്കേ പോന്നോളൂ " പാട്ട് കുട്ടികൾക്ക് വളരെ ഇഷ്ടമായി. പ്രധാന അധ്യാപിക ക്ലാസിൽ പോയപ്പോൾ അയിസിൻ മുഹമ്മദ് താളത്തിൽ ഇങ്ങനെ പാടി
" കല്യാണത്തിന് പോകേണ്ടേ
കുഞ്ഞി ടീച്ചറെ പോന്നോളൂ "
"തന്നാരം തക തന്നാരം മിന്നൽ കണ്ടു തന്നാരം" ഇത്തരത്തിലുള്ള വരികൾ കൂട്ടിച്ചേർക്കാനുള്ള പാട്ടുകൾ ഏറ്റെടുക്കുകയും താളത്തിനൊത്ത് വരികൾ കണ്ടെത്തി പറയാനും അവർക്ക് കഴിഞ്ഞു. ചില പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കാൻ കഴിയാത്തതും, ചില പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ കുറച്ച് ബുദ്ധിമുട്ട് നേരിട്ടെങ്കിലും വൈവിധ്യമായ പ്രവർത്തനങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു ഒന്നൊരുക്കം. കുട്ടികളുമായി ഒരു മാനസിക ബന്ധം ഉണ്ടാക്കാൻ സന്നദ്ധത പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതുകൊണ്ടാണ് വസുധ ഓടിവന്ന് ഒരു ഉമ്മ തന്നതും ഞാൻ ടീച്ചർക്കൊരുമ്മ കൊടുത്തു എന്നു പറഞ്ഞതും. ഇത്തരത്തിൽ കുട്ടികളുമായി നല്ലൊരു സുഹൃദ്ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.പിന്തുണ ആവശ്യമുള്ള മൂന്നു കുട്ടികളെ കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്. എന്തുതന്നെയായാലും ഒന്നൊരുക്കത്തിലൂടെ തുടങ്ങിയ ഒന്നാം ക്ലാസ് ഒന്നാംന്തരം ആകും എന്നതിൽ സംശയമില്ല.
വിൻസി വി കെ
മേപ്പയൂർ എൽ പി സ്കൂൾ
മേലടി ബി ആർ സി
7
അവധിക്കാല അധ്യാപക പരിശീലനത്തിൽ *ഒന്നൊരുക്കം* മോഡ്യൂൾ ലഭ്യമായതിനാൽ വ്യക്തമായൊരു ആസൂത്രണത്തോടുകൂടി തന്നെ രണ്ടാം ദിവസം മുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഭാഷാപ്രവർത്തനങ്ങളെല്ലാം ലളിതവും കുട്ടികൾക്ക് നന്നായി ആസ്വാദ്യകരവുമായിരുന്നു. എടുത്തു പറയാനുള്ളത് ലഘു പരീക്ഷണങ്ങളാണ്. ചുറ്റുപാടുമുള്ള വസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും ഏർപ്പെടുന്നതിനു വേണ്ടി നൽകിയ പ്രവർത്തനങ്ങളെല്ലാം തന്നെ കുട്ടികളിൽ കൂടുതൽ കൗതുകമുണർത്തി. *ആരാണ് കേമൻ, ഇല വിയർക്കുമോ? കാന്തകൗതുകം, കുമിള പരീക്ഷണം* എന്നിവയെല്ലാം, കുട്ടികൾ വീണ്ടും വീണ്ടും ചെയ്യണമെന്ന് പറഞ്ഞുകൊണ്ടിരുന്നു.ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് കടന്നുവന്ന കുട്ടികൾക്ക് അവരുടെ വികാസ മേഖലകളെ ബന്ധപ്പെടുത്തി തയ്യാറാക്കി തന്ന *ഒന്നൊരുക്കം* പ്രവർത്തനങ്ങൾ ധാരാളം ഉണ്ടെങ്കിലും വളരെയധികം ഉപകാരപ്രദമായി.
*കളിയിലൂടെയും കഥയിലൂടെയുമുള്ള പഠനം കുട്ടികളിൽ സന്തോഷം ഉളവാക്കുന്നുണ്ടെന്നും ക്ലാസിൽ ചെയ്യുന്ന പ്രവർത്തനങ്ങളും പരീക്ഷണങ്ങളും കുട്ടികൾക്ക് ഇഷ്ടപ്പെടുന്നു എന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.*
പ്രവർത്തനങ്ങൾ പത്തു ദിവസം കൊണ്ട് തീരാത്തതിനാൽ തുടർന്നുവരുന്ന ദിവസങ്ങളിൽ പാഠപുസ്തക പ്രവർത്തനങ്ങളോടൊപ്പം കുട്ടികൾക്ക് ആകർഷണീയമായ ഒരുക്കം പ്രവർത്തനങ്ങളും തുടരുന്നു.
രമ്യ പി
ഒന്നാം ക്ലാസ്സ് അധ്യാപിക
GLPS അച്ചൂരാനം,
വൈത്തിരി സബ്ജില്ല
വയനാട്.
8
ഞാൻ ജി എൽപിഎസ് ജി എച്ച് എസ് കൊടുങ്ങല്ലൂർ സ്കൂളിലെ ഒന്നാം ക്ലാസ് അധ്യാപികയാണ്..ഒ ന്നൊരുക്കം സന്നദ്ധ ത പ്രവർത്തനങ്ങൾ സ്കൂളിൽ പൂമ്പാറ്റകളെ പോലെ പറന്നെത്തിയ കുരുന്നുകൾക്ക് പൂക്കാലം തന്നെ തീർക്കുന്ന തരത്തിലുള്ളതായിരുന്നു..
ഓരോ പ്രവർത്തനങ്ങളിലൂടെ കടന്നുപോകുമ്പോഴും കുഞ്ഞുങ്ങൾ കൂടുതലായി അധ്യാപികയോടും കൂട്ടുകാരോടും അടുത്തിടപഴകാൻ തുടങ്ങി..
ഗ്രൂപ്പ് പ്രവർത്തനങ്ങൾ വാശിയോടെ മത്സരിച്ചു..
പാട്ടുകൾ ഉത്സവമാക്കി മാറ്റി..
എന്റെ മക്കൾക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്
" മണ്ണിൽ വീണു"
ഉരുണ്ടുരുണ്ടിട്ട്..
എന്ന് പാടുമ്പോഴും
ആക്ഷൻ കാണിക്കുമ്പോഴും
അങ്ങോട്ടുമിങ്ങോട്ടും മത്സരമായിരുന്നു..
കുമിളകൾ പറ ത്തുന്ന പരീക്ഷണം ആണ് അവർ കൂടുതൽ ആസ്വദിച്ച് ചെയ്തത്..
ടിഷ്യൂ പേപ്പർ കൊണ്ടുള്ള മരനിർമാണവും.. വളരെ നല്ലതായിരുന്നു..
വെള്ളത്തുള്ളികൾ ടിഷ്യു പേപ്പറിലേക്ക് പതിപ്പിക്കുമ്പോൾ പച്ചനിറം പരന്നു കാണുമ്പോൾ കയ്യടിച്ചു എന്റെ മക്കൾ..
തീപ്പെട്ടി കൊള്ളി കൊണ്ട് രൂപങ്ങൾ നിർമ്മിച്ചപ്പോഴും കളർ എ ഫോർ പേപ്പർ കൊണ്ട്
വാഹനങ്ങൾ ഉണ്ടാക്കിയപ്പോഴും മീനിനെ നിർമ്മിച്ചതും പരുന്ത് ചായമടിച്ചപ്പോഴും
ചെമ്പരത്തിപ്പൂ നിർമ്മാണത്തിലും കുട്ടികൾ മികവുപുലർത്തി..
കത്രിക ആദ്യമായി ഉപയോഗിക്കുന്നതാണ് എന്ന് തോന്നുമായിരുന്നില്ല..
വെട്ടാനും പശ പച്ച തേക്കാനും ഒട്ടിക്കാനും കൃത്യതയോടെ ചെയ്യാൻ തുടങ്ങി..
എല്ലാ കഥകളും ടീച്ചർ പറയുന്ന ഭാവം ഉൾക്കൊള്ളുകൊണ്ട് ആകാംക്ഷയോടെ കേട്ടിരുന്നു..
പിറ്റേദിവസം ആ കഥകൾ നമുക്ക് പറഞ്ഞു തരുന്നതിൽ മികവുലർത്തി..
ഒന്നൊരുക്കം പ്രവർത്തനങ്ങൾ മികവുറ്റതാക്കിയത് കഥകളും പാട്ടുകളും പരീക്ഷണങ്ങളും ഗണിതകേളികളും അതിൽ ഉൾപ്പെട്ടിരിക്കുന്ന ഇംഗ്ലീഷ് പ്രവർത്തനങ്ങളും എല്ലാം എല്ലാം കൊണ്ടുമാത്രം..
കുട്ടികളുടെ ശാരീരിക പേശി വികാസത്തിന് ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും
മാനസിക ഉല്ലാസം കൈവരിക്കുന്നതിലും സംഘപ്രവർത്തനങ്ങൾ ചെയ്തുകൊണ്ട് മുന്നേറുന്നതും ആയിരുന്നു.
ഓരോ പ്രവർത്തനവും അധ്യാപകരുടെയും കുട്ടികളുടെയും മാനസികാരോഗ്യം വർദ്ധിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.
പമ്പയുടെ തീരത്തുള്ള മാരമൺ ഓർമ്മയുടെ ഓളങ്ങളിൽ നീന്തിത്തുടിക്കുകയാണ്.. അവർ ഷോപ്പിൽ നേതൃത്വസ്ഥാനത്ത് നിന്ന് പ്രവർത്തിച്ച കലാധരൻ മാഷ് അമുൽ റോയ് സർ.. വരികൾ ചിട്ടപ്പെടുത്തിയ ശചി ന്ദ്രൻ മാഷ്., കൃഷ്ണൻ മാഷ്, ലത ടീച്ചർ, എല്ലാവരും മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്..പാട്ടുകൾ ഓരോന്നും വ്യത്യസ്തമായഈണത്തിൽ ഉള്ളതായിരുന്നു.. അതും മികച്ച പ്രവർത്തനമായിരുന്നു ഒന്നാം ക്ലാസിൽ ഒന്നൊരുക്ക പ്രവർത്തനത്തിന്റെ.. അണിയറ ശില്പികൾക്ക് ആശംസകൾ. അതോടൊപ്പം ഒരുപാട് സ്നേഹവും
അശ്വതി കെ എസ്
ജി എൽ പി എസ് സി എച്ച് എസ് കൊടുങ്ങല്ലൂർ
9
*ഒന്നൊരുക്കത്തിലൂടെ* ഒന്നാം ക്ലാസുകാർ ഒന്നാന്തരക്കാരാവാൻ ഒരുങ്ങിക്കഴിഞ്ഞു. ഒന്നൊരുക്കം മൊഡ്യൂൾ പ്രകാരം കൃത്യമായ ആസൂത്രണത്തോടെയാണ് ഒന്നാം ക്ലാസുകാരെ വരവേറ്റത്. പത്തു ദിവസം നീണ്ടു നിന്ന പ്രവർത്തനങ്ങളിൽ ചില ഗെയിമുകൾ ഒഴികെ ബാക്കി എല്ലാ പ്രവർത്തനങ്ങളും ചെയ്തു. **നിർമ്മാണ പ്രവർത്തനങ്ങളുംപരീക്ഷണങ്ങളും* കുട്ടികൾ നന്നായി ആസ്വദിച്ചു. ഓരോ ദിവസത്തെയും **പാട്ടുകൾ* ഭൂരിഭാഗം കുട്ടികളും വരികൾ മറക്കാതെ പാടിത്തരുന്നുണ്ട്. *കുമിള പറത്തൽ,* *മഴവില്ല് നിർമ്മാണം*, *നിറംമാറുന്ന പൂവ്**, *സ്പോഞ്ചിനും ദാഹം* തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താൽപര്യമുള്ളതായി കണ്ടു. നിർമ്മാണ പ്രവർത്തനങ്ങളിൽ കത്രിക കുട്ടികളുടെ കയ്യിൽ കൊടുക്കുമ്പോൾ അൽപം പേടിയുണ്ടായിരുന്നെങ്കിലും അവർ മഴവില്ലിൻ്റെ വർണ്ണങ്ങളും മറ്റും സൂക്ഷ്മതയോടെയും കൃത്യമായും മുറിച്ചെടുത്തു. പശതേക്കാൻ ഇയർബഡ്സ് കൊടുത്തെങ്കിലും കുറച്ചു പേർ കൈ കൊണ്ടു തന്നെ പശ ചേർത്ത് ഒട്ടിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ പ്രതീക്ഷ സമയത്തിലും കൂടുതൽ സമയം ചിലവഴിക്കേണ്ടി വന്നുവെങ്കിലും പ്രവർത്തനങ്ങളെല്ലാം ഫലപ്രാപ്തിയിലെത്തി. ക്ലാസിൽ ശിശുസൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും കുഞ്ഞുങ്ങളെ പഠനതൽപരരായി ഒന്നാം ക്ലാസിലേക്ക് വരവേൽക്കാനും ഒന്നൊരുക്കം പ്രവർത്തനങ്ങൾ ഏറെ പ്രയോജനപ്പെട്ടു.മാത്രമല്ല രക്ഷിതാക്കളും സംതൃപ്തരാണ്.ഓരോ ദിവസത്തെയും പ്രവർത്തന വീഡിയോകൾ ക്ലാസ് ഗ്രൂപ്പിൽ പങ്കു വച്ചപ്പോൾ നല്ല പ്രതികരണമാണ് ലഭിച്ചത്.മൊഡ്യൂളിൽ വിനിമയം ചെയ്യപ്പെട്ട കഥകൾ കുട്ടികൾ വീടുകളിലെത്തി പറഞ്ഞു കൊടുക്കുന്ന വീഡിയോ രക്ഷിതാക്കൾ ഗ്രൂപ്പിൽ അയച്ചു തരുന്നത് കണ്ടപ്പോൾ ഒന്നാം ക്ലാസ്അധ്യാപിക എന്ന നിലയിൽ സംതൃപ്തയായി. കുട്ടികളും രക്ഷിതാക്കളും ചേർന്ന ഒന്നാം ക്ലാസ് കുടുംബം ഒരുങ്ങിക്കഴിഞ്ഞു
Aswathi p p
Gups.Tharuvana
Mananthavadi (Subdistrict )
10
ക്ലാസ് എന്ന സങ്കല്പത്തിന് പൂർണമായും ഇണങ്ങിചേരാത്ത, വെറും 3 കുട്ടികൾ മാത്രം ഒന്നാം തരത്തിൽ പ്രവേശനം നേടിയ ഒരു സർക്കാർ സ്കൂളിലെ അധ്യാപികയാണ് ഞാൻ. എല്ലാവരും ഈ ഗ്രൂപ്പിൽ ദിനംപ്രതിയുള്ള പ്രവർത്തന വീഡിയോകൾ പോസ്റ്റ് ചെയ്യുമ്പോൾ എന്റെ ക്ലാസ്സിലേത് അയക്കാൻ കുട്ടികളുടെ കുറവ് മൂലം ആശങ്ക തോന്നിയിട്ടുണ്ട്. അത്കൊണ്ട് തന്നെ ഒരു പ്രവർത്തനത്തിന്റെ ഫോട്ടോ മാത്രമാണ് നാളിതുവരെ ഞാൻ പങ്കുവെച്ചിട്ടുള്ളത്. എന്റെ അതേ അവസ്ഥയിലൂടെ കടന്ന് പോകുന്ന കുറച്ച് അദ്ധ്യാപകരെങ്കിലും ഈ ഗ്രൂപ്പിൽ ഉണ്ടാവും. ചെറിയ സങ്കോചത്തോടെയാണെങ്കിലും കുറവ് കുട്ടികളുള്ള ക്ലാസ്സിൽ ഒന്നൊരുക്കം മോഡ്യുളിൽ പറഞ്ഞിട്ടുള്ള പ്രവർത്തനങ്ങളെല്ലാം എങ്ങനെ ചെയ്തു? അത് വിജയം കണ്ടോ തുടങ്ങിയ കാര്യങ്ങൾ ഷെയർ ചെയ്യണമെന്ന് തോന്നി. മോഡ്യുളിലെ പ്രവർത്തനങ്ങൾ കൂടുതലും ഗ്രൂപ്പ് തലത്തിൽ ചെയ്യേണ്ടവയായിരുന്നു. അത്കൊണ്ട് തന്നെ അവയെ വ്യക്തിഗതമായി ചെയ്യാൻ സാധിക്കുന്ന പ്രവർത്തനങ്ങളാക്കി മാറ്റേണ്ടി വന്നു. കൂടുതൽ കുട്ടികളില്ലാതെ സാധ്യമല്ല എന്നുള്ള പ്രവർത്തനങ്ങൾ ലഞ്ചിനു ശേഷമുള്ള എക്സ്ട്രാ ടൈമിൽ രണ്ടാം ക്ലാസിലെ കുട്ടികളെ കൂടി ഉൾപ്പെടുത്തി ചെയ്യിപ്പിച്ചു. അതിന് മുന്നേ തന്നെ ഒന്നിലെ കുട്ടികൾക്കുള്ള പ്രവർത്തനമാണെന്നും അവരെ സപ്പോർട്ട് ചെയ്യുക മാത്രമാണ് വേണ്ടതെന്നും രണ്ടാം ക്ലാസ്സിലെ കുട്ടികളെ ബോധ്യപ്പെടുത്തി. ഡിജിറ്റൽ ഡോക്യൂമെന്റഷൻ കൃത്യമായി ചെയ്യുകയും ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ടായിരുന്നു. 2 കുട്ടികളുടെ വീട്ടിൽ തമിഴാണ് സംസാരിക്കുന്നത്.അത്കൊണ്ട് തന്നെ ആശയവിനിമയം നടക്കുന്ന സമയത്ത് ആദ്യം അവർ സംസാരിക്കാൻ മടിച്ചു. പിന്നീട് പ്രോത്സാഹനത്തിലൂടെ തമിഴ് കലർന്ന മലയാളത്തിലാണെങ്കിലും കൂടുതലായി സംസാരിക്കാൻ രണ്ടാഴ്ച കൊണ്ട് അവർ സജ്ജരായി. ഇതിൽ ഒരു കുട്ടി അങ്കണവാടിയിൽ പോലും പോവാത്ത ആളായത് കൊണ്ട് അവന്റെ കാര്യത്തിൽ ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോൾ അവൻ പ്രവർത്തനങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. സന്നദ്ധതാ പ്രവർത്തനം കൊണ്ടുള്ള ഉദ്ദേശ്യമെന്തോ അത് സാക്ഷാത്കരിക്കാൻ സാധിച്ചതിൽ സംതൃപ്തയാണ്. ഇതിനെല്ലാം പ്രധാന കാരണം ഗ്രൂപ്പുകളിൽ വരുന്ന അപ്ഡേറ്റുകൾ ആണ്. ഈ കൂട്ടായ്മയാണ് എന്റെ പാഠപുസ്തകം.ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന ഏരിയ ടൗണിന് വളരെ അടുത്തായത് കൊണ്ടും ഭൗതിക സൗകര്യങ്ങൾ കുറവായത് കൊണ്ടും, സ്വകാര്യ സ്കൂളുകളിലേക്ക് വീണ്ടും ഒഴുക്ക് കൂടിവരുന്ന ഇന്നത്തെ സാഹചര്യത്തിൽ ഒരു കുട്ടിയെങ്കിലും അടുത്ത അധ്യയനവർഷം കൂടിയാൽ വല്യ വിജയമാണ്. ഈ വർഷം കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാനും അത് മറ്റുള്ളവരിലേക്ക് എത്തിക്കാനും അത് വഴി കൂടുതൽ കുട്ടികളെ ആകർഷിക്കാനും സാധിക്കണമെന്നുള്ള പ്രാർത്ഥന മാത്രം.
ഷാഹിൻ മോൾ. എസ്
ജി. എൽ. പി. എസ് നെയ്തുകാർ സ്ട്രീറ്റ്, പാലക്കാട്
11
ഒന്നൊരുക്കം സന്നദ്ധതാ പ്രവർത്തനങ്ങൾ കുഞ്ഞുങ്ങളിൽ ഏറെ മാറ്റം സൃഷ്ടിച്ചു.
ആദ്യദിനങ്ങളിൽ നിന്നും സന്നദ്ധത പ്രവർത്തനങ്ങൾ അവസാന ദിനത്തിൽ എത്തിയപ്പോൾ കുഞ്ഞുങ്ങൾക്ക്
കഥ ,പാട്ട്, അഭിനയം ലഘുപരീക്ഷണങ്ങൾ , നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയിൽ മികച്ച മാറ്റം പുലർത്താൻ സാധിച്ചു.
പാഠഭാഗത്തേയ്ക്ക് കടക്കുന്നതിനു മുൻപ് നല്ല രീതിയിൽ ചിട്ടപ്പെടുത്തിയ ഈ ഒന്നൊരുക്കം സന്നദ്ധത പ്രവർത്തനങ്ങൾ കുഞ്ഞുങ്ങൾ ആഘോഷത്തോടെ ഏറ്റെടുത്തു. ഒന്നാം ക്ലാസിൽ തന്നെ ലഘു പരീക്ഷണത്തിൻ്റെ സാധ്യതകൾ ഉൾപ്പെടുത്തിയത് കുഞ്ഞുങ്ങളുടെ നിരീക്ഷണവും നിഗമനരൂപീകരണ ചിന്തകളും വർദ്ധിപ്പിച്ചിട്ടുണ്ട്.
നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം ക്ലാസ് മുറിയിൽ പങ്കെടുത്ത തുപോലെ വീടുകളിൽ കുഞ്ഞുകൾ ചെയ്തു. [കൈയുറയിലെ പറവ, വിരൽ പാവകൾ, മുഖം മൂടി നിർമ്മാണം, മഴവില്ല് വെട്ടി ഒട്ടിക്കൽ മീൻനിർമ്മാണംതുടങ്ങിയവ ]
മഴ പ്പാട്ടുകൾ, കൃഷിപ്പാട്ട് എന്നിവ കുഞ്ഞുങ്ങൾ വീടുകളിൽ രക്ഷിതാക്കളെയും കൂട്ടി പാടി.
കുഞ്ഞുങ്ങൾക്കൊപ്പം കുടുംബാംഗങ്ങൾ കൂടി ഒന്നൊരുക്കം പ്രവർത്തനങ്ങളിൽ പങ്കാളികളായി.
കുമിള പറഞ്ഞൽ , കാന്ത കൗതുകം, പൂവിന് നിറം മാറുമോ , സ്പോഞ്ചിൻ്റെ ദാഹം മാറൽ,
കൂടുതൽ വെള്ളം കൊള്ളുന്നത് എവിടെ? തുടങ്ങിയ പ്രവർത്തനങ്ങളിൽ വളരെ ഉത്സാഹത്തോടെയും ആകാക്ഷയോടെയും കുഞ്ഞു കൾ പങ്കെടുത്ത് നിരീക്ഷിച്ചു.
വളരെ ശ്രദ്ധയോടെ നിരീക്ഷിക്കാനുള്ള ശേഷി കുഞ്ഞുങ്ങൾക്ക് ലഭിച്ചിട്ടുണ്ട് .കുഞ്ഞുങ്ങളെല്ലാം ഈ പ്രവർത്തനങ്ങളെല്ലാം വീടുകളിൽ ചെന്ന് ചെയ്തു നോക്കൂകയും ചെയ്തു.
ഗണിതശേഷി വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും ഗണിതത്തൽ താല്പര്യവും കൂട്ടുവാൻ ഉതകുന്ന മികച്ച രീതിയിൽ ഉള്ള സന്നദ്ധതാ പ്രവർത്തനങ്ങളാ യിരുന്നു ഒന്നൊരുക്കത്തിൽ ഉണ്ടായിരുന്നത്. കുഞ്ഞുങ്ങളിൽ ഗണിതത്തിൽ താൽപര്യം ഉണ്ടാകുന്ന രീതിയിൽ കളികളിലൂടെയുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഏറെ മാറ്റം സൃഷ്ടിച്ചു.ഞാനാണ് കേമൻ ചെറുത് വലുത് അടുക്കൽ തുടങ്ങിയ എല്ലാ ഗണിത പ്രവർത്തനങ്ങളും മികച്ചതായിരുന്നു.
ഇംഗ്ലീഷിന്റെ ബോൾ പാസിംഗ് ആക്ടിവിറ്റി,റിഥമിക് നെയിം ട്രീ, ക്യാച്ച് ദി ബലൂൺതുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും കുഞ്ഞുങ്ങൾക്ക് താല്പര്യം വർദ്ധിപ്പിക്കുന്ന രീതിയിൽ ഉള്ളതായിരുന്നു.
ആദ്യത്തെ മൂന്ന് ദിവ ദിവസത്തെ പ്രവർത്ത നങ്ങൾ സമയ ബന്ധിതമായി തീർക്കാൻ പ്രയാസം നേരിട്ടു. 3 ദിവസത്തെപ്രവർത്തങ്ങൾ 4 ദിവസ മാക്കി നൽകിയിരുന്നെങ്കിൽ നന്നായിരുന്നു.
തുടർന്നു വന്ന ദിവസങ്ങളിലെ പ്രവർത്തനങ്ങൾ കൃത്യമായി ചെയ്തു.
പാഠഭാഗത്തേക്ക് കടക്കുന്ന സമയത്ത് കുഞ്ഞുങ്ങൾ പാഠഭാഗവുമായി നല്ല രീതിയിൽ സമയബന്ധിതമായി മുന്നോ പോകാൻ ഒന്നൊരുക്കം പ്രവർത്തനങ്ങൾക്ക് സാധിക്കും എന്നതിൽ സംശയമില്ല.
പ്രീജ യു
ജി എച്ച് എസ് എസ് വലിയഴീക്കൽ
അമ്പലപ്പുഴ സബ് ജില്ല
ആലപ്പുഴ
.........................................................
എന്റെ മകൻ വിശ്വദർപ്പൺ ജൂൺ 2ന് ഒന്നാം ക്ലാസിലേക്കു പോകുന്നു എന്നോർത്തപ്പോൾ തന്നെ ഒരു രക്ഷകർത്താവെന്ന നിലയിൽ നല്ല ആവലാതി ഉണ്ടായിരുന്നു. ഒന്നാം ക്ലാസ് എന്നത് കുഞ്ഞ് ഇതുവരെ അനുഭവിച്ചു വന്നിരുന്ന സാഹചര്യങ്ങൾ അല്ല എന്നത് എന്നെ വളരെ ആകുലപ്പെടുത്തിയിരുന്നു. എന്നാൽ വലിയഴീക്കൽ ഗവൺമെന്റ് എച്ച് എസ് എസ് ഒന്നാം ക്ലാസിലെ ആദ്യദിനം തന്നെ അങ്ങനെയുള്ള ചിന്തകൾ എല്ലാം തന്നെ ടീച്ചർ അകറ്റിയിരുന്നു. തുടക്കം മുതൽ തന്നെയുള്ള ക്ലാസ് പ്രവർത്തനങ്ങൾ മകൻ വീട്ടിൽ വന്ന് വാതോരാതെ സംസാരിക്കുന്നതും അതു അവനിൽ ഉണ്ടാക്കിയ കൗതുകവും കുഞ്ഞിന്റെ ശ്രദ്ധയും അവൻ തരുന്ന വാചകങ്ങളും എന്നെ സന്തോഷിപ്പിക്കുന്നു. ക്ലാസ് പ്രവർത്തനങ്ങൾ കളിയോടൊപ്പം ആണെന്നുള്ളതും കുഞ്ഞുങ്ങളിൽ മടുപ്പ് ഉണ്ടാക്കുന്നില്ല. വെക്കേഷൻ സമയങ്ങളിൽ ഉണ്ടായിരുന്ന ടിവി മൊബൈൽ ഫോൺ ഉപയോഗം പോലുള്ള കാര്യങ്ങളിലും മാറ്റം വന്നിരിക്കുന്നു. എന്നെ ഏറെ ആകർഷിച്ചത് 10 മണി മുതൽ നാലുമണിവരെ സ്കൂളിൽ നടക്കുന്ന കാര്യങ്ങൾ കുഞ്ഞിനാൽ കഴിയും വിധം എന്നോട് പറഞ്ഞു തരാൻ ശ്രമിക്കുന്നതാണ്. എന്തെങ്കിലും വിട്ടു പോകുന്നുണ്ടോ എന്ന് അവൻ തന്നെ ശ്രദ്ധിക്കുന്ന പോലെ, അവൻ രസിച്ചതൊക്കെയും എന്നെ അറിയിക്കുവാൻ താല്പര്യം കാണിക്കുന്നത് പോലെ..അതിൽ ഒരു 75% അവൻ വിജയിക്കുന്നുണ്ട്.നിലവിൽ കുഞ്ഞെഴുത്തു പുസ്തകത്തോടു പ്രത്യേക ഇഷ്ടമുള്ളത് പോലെ തോന്നുന്നു. എല്ലാത്തിലും ഉപരി കൃത്യമായ കാര്യങ്ങൾ ക്ലാസ് ഗ്രൂപ്പിലൂടെയും ഓൺലൈൻ മീറ്റിങ്ങിലൂടെയും രക്ഷകർത്താക്കളെ അറിയിക്കുന്ന,ഞങ്ങൾ രക്ഷകർത്താക്കളേക്കാൾ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് പ്രിയപ്പെട്ട ടീച്ചറും ഒരു അഭിവാജ്യ ഘടകമാണെന്ന് പറയാതിരിക്കാൻ ആവുന്നില്ല. പഠനം അവനിൽ രസകരമായ ഒരു അനുഭവമാക്കി മാറ്റിയ ഈ ദിനങ്ങൾക്ക് ടീച്ചറോട് രക്ഷകർത്താവ് എന്ന നിലയിൽ ഞാൻ നന്ദി അറിയിക്കുന്നു.. വരും ദിനങ്ങൾക്കായി ഏറെ പ്രതീക്ഷയോടെ...
ജിഷ (അമ്മ )
വിശ്വദർപ്പൺ
ജി.എച്ച് എസ് എസ് വലിയഴീക്കൽ
ഒന്നാം ക്ലാസിലെ ഒന്നൊരുക്കം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്കൂൾ സന്ദർശിക്കുകയും ക്ലാസ് തലത്തിൽ കുട്ടികളെ വിവിധ വിഷയങ്ങൾ കോർത്തിണക്കി പാട്ടുകളുടെയും കഥകളുടെയും കളികളുടെയും രൂപത്തിൽ കുട്ടികളിലേക്ക് അറിവ് പകരുന്ന മികച്ച പ്രവർത്തനങ്ങൾ ക്ലാസിൽ ചെയ്തുവരുന്നു. കുട്ടികൾ ആവേശപൂർവം ഓരോ ക്ലാസിൽ പങ്കെടുക്കുകയും അവരുടെ ചെറിയ ചെറിയ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ കളികളുടെ രൂപത്തിൽ ലഭിക്കുകയും ചെയ്യുന്നു. മികച്ച പ്രവർത്തനമാണ് ഒന്നാം ക്ലാസ് അധ്യാപിക പ്രീജ ടീച്ചർ കുഞ്ഞുങ്ങൾക്കായി നൽകി വരുന്നത്.
സരിത സുനിൽ
ക്ലസ്റ്റർകോർഡിനേറ്റർ
BRC അമ്പലപ്പുഴ
ഒന്നാം ക്ലാസ്സിലെ പ്രവർത്തനങ്ങളെല്ലാം ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെയും സർഗ്ഗശേഷി വളർത്തുന്നവയും പഠന മികവിലേക്കു നയിക്കുന്നവയുമാണ്.
പ്രകൃതിയെ അടുത്തറിയാൻ പ്രാപ്തമാക്കുന്ന പ്രവർത്തനങ്ങൾ ഓരോ കാര്യങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനു കുട്ടികളെ തയ്യാറാക്കും. ഗ്രൂപ്പായുള്ള പ്രവർത്തനങ്ങൾ പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻ നിരയിലേക്ക് എത്താൻ സഹായിക്കും.
ജ്യോതി ലക്ഷ്മി
സ്കൂൾ കൗൺസലർ
12
std 1
ഒന്നൊരുക്കം
സന്നദ്ധതാ പ്രവർത്തനങ്ങൾ
ഒന്നൊരുക്കം പ്രവർത്തനങ്ങൾ കുഞ്ഞുങ്ങ ളിൽ ഉല്ലാസകരമായ അനുഭവം ഉണ്ടായി . 10ദിവസത്തെ പ്രവർ ത്ത നങ്ങൾ കുട്ടികളിൽ അനന്ദ കരമായി ഏറ്റെടുത്തു . കഥ ടീച്ചർ വരരെ രസകരമായും അഭിനയിച്ചും ഭാ വാത് മകമായും പറഞ്ഞു .കുട്ടികൾ ആ കഥ തിരിച്ചു അഭിനയ ഭാവ ത്തോടെ പറയാൻ മിടുക്കു ള്ള വരായി മാറി .വീട്ടിൽ പോയി ആ കഥ അമ്മയോട് പറഞ്ഞു .കഥ യിലെ കുഞ്ഞു ചോദ്യ ങ്ങൾക്ക് ഉത്തരം പറയുവാൻ മികവ് പുലർ ത്തി
കഥ യിലെ സംഭാ ഷണത്തെ അഭിനയിക്കു വാൻ അഭിനയ മികവ് പുലർത്തി .
പാട്ട് താളാത്മക രീതിയിൽ പാടി അവത രിപ്പിക്കാ ൻ കഴിവു പുലർ ത്തി .
സ്വന്തം പേരുകൾ കണ്ടെത്തി എടുത്ത് ഒട്ടിക്കുന്ന തിൽ അവർക്കു വളരെ സന്തോഷ മായി രുന്നു .ലഘു പരീക്ഷണങ്ങൾ ചെയ്യൂന്നതിലും നിരീക്ഷത്തി ലും അവർ മിടുക്കു കാട്ടി .
നിഗമനത്തിൽ എത്താ നുള്ള കഴിവ് നേടാൻ സാധിച്ചു .
നിമ്മാണ പ്രവർത്ത ങ്ങൾ ക്ലാസ്സിലെ പോലെ വീട്ടിലും അവർ ചെയ്തു രക്ഷിതാക്കൾക്കും ഇതിൽ ഇതിൽ പങ്കാ ളികൾ ആകാൻ കഴിഞ്ഞു .അവരും വളരെ സന്തോഷത്തോടെ ഈ പ്രവർത്തനങ്ങൾ ഏറ്റെടുത്തു .
ഗണിത പ്രവർത്ത ന ങ്ങൾ വളരെ ഉല്ലാ സകരമായി ചെയ്തു .ഗണിതാല്പര്യം ഉണ്ടാക്കുന്ന തര ത്തി ലുള്ള പ്രവർത്തനങ്ങൾ ആയിരുന്നു .കൂട്ട ങ്ങൾ ആക്കല്‍ ,വലുത് ചെറുത് ,ഞാനാണ് കേ മൻ .തുടങ്ങിയ വ വളരെ രസകരമാ യി കുട്ടികൾ ചെയ്തു .അത് പോലെ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ വളരെ നല്ല താ യി രുന്നു .ബോൾ പാസ്സിങ് ആക്ടിവിറ്റി തുടങ്ങിയവ കുട്ടികൾ വളരെ സന്തോഷ ത്തോടെ ചെയ്തു .എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി തന്നെ വളരെ മനോഹരമാ യും രസപ്രദ മാ യും കുട്ടികളിൽ പ്രാവർ ത്തിക മാക്കു വാൻ എനിക്ക് സാധിച്ചു .കുട്ടികളിൽ ശാരീരികവും മാനസികവും കായികവും തുടങ്ങിയ എല്ലാ മേഖ ല കളിലൂടെ യുള്ള മികവ് പുലർ ത്താൻ ഒന്നൊരുക്കം സന്ന ദ്ധ താ പ്രവർത്ത ങ്ങൾ സഹായിച്ചു .എന്നതിൽ വലിയ സന്തോഷമുണ്ട് .ഇനിയും ഈ പ്രവർത്ത ങ്ങൾ തുടര ട്ടെ .
സുഗന്ധി .എസ്
govt ഇഞ്ചിവിള പാറശ്ശാല
തിരുവനന്തപുരം .
......................................
Ishani A Midhun's mom, Ashma Roy
STD - 1
Govt lps inchivila, parassala Trivandrum.
സ്കൂൾ തുറന്നപ്പോൾ തന്നെ കുട്ടികളെ കൂടുതൽ പ്രവർത്തനങ്ങളിൽ ഉൾകൊള്ളിക്കാൻ മുന്നൊരുക്കം പദ്ധതിക്കായി. വീട്ടിൽ ഇരുന്നു ചാർട്ടുകൾ നിർമിക്കാൻ ഞങ്ങൾ സഹായിക്കുന്ന പോലെ തന്നെ ക്ലാസ് ടീച്ചർ കുട്ടികളെ ഒരുപാട് സഹായിച്ചു. പഠിച്ചു മനസ്സിലാക്കും പോലെ തന്നെ ഓരോ പ്രവർത്തനങ്ങൾ ചെയ്തും കുഞ്ഞുങ്ങൾ ഒരുപാട് പുതിയ കാര്യങ്ങൾ പഠിച്ചു. അത് അവർ ഒരിക്കലും മറക്കാൻ സാധിക്കാത്ത വിധം തറവായ്. മാത്രമല്ല crafts ഉണ്ടാക്കാനും ഒരുപാട് ഇഷ്ടപെടുന്നുണ്ട്. ഈ പദ്ധതി ഇനിയും മുന്നോട്ട് പോകട്ടെ എന്ന് ആഗ്രഹിക്കുന്നു, ഇത് ആവിഷ്‌കരിച്ചവർക്കും ഇത് ഏറ്റെടുത്ത് നടത്തിയ ടീച്ചർക്കും ഒരുപാട് നന്ദി.
No comments:
Post a Comment