ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, September 27, 2026

ഒന്നാം ക്ലാസ് അധ്യാപകരുടെ ഡയറിത്തുടിപ്പുകള്‍ - 2

  

16 സെപ്റ്റംബർ 2026

പെൻസിൽത്തുമ്പിൽ വിരിഞ്ഞ വിസ്മയങ്ങൾ; കുഞ്ഞു ഭാവനകളുടെ മാന്ത്രികച്ചെപ്പ് തുറന്നപ്പോൾ

മനസ്സ് നിറഞ്ഞുതുളുമ്പുന്ന, വല്ലാത്തൊരു സന്തോഷമുള്ള ദിവസം!

ഒരു അധ്യാപികയെന്ന നിലയിൽ ക്ലാസ്സ് മുറി ഇത്രമേൽ വിസ്മയിപ്പിച്ച നിമിഷങ്ങൾ അപൂർവ്വമാണ്. 

ഇന്നാണ് മലയാളം ക്ലാസ്സിൽ 'പിറന്നാൾ സമ്മാനം' എന്ന പാഠഭാഗം പൂർത്തിയായത്. അമ്മുക്കിടാവിന്റെ നിഷ്കളങ്കമായ കഥ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ തൊട്ടിരുന്നു. വെറുതെ പാഠം തീർത്തുപോയാൽ പോരല്ലോ; അവരുടെ ഭാവനയുടെ ചിറകുകൾക്കൊന്ന് കാറ്റടിച്ചു കൊടുക്കണമെന്ന് തോന്നി.

അങ്ങനെയാണ് 'സാങ്കല്പിക ഡയറി' എന്ന ആശയം മുന്നോട്ട് വെച്ചത്— "നിങ്ങൾ അമ്മുക്കിടാവ് ആണെന്ന് സങ്കൽപ്പിച്ച്, ആ പിറന്നാൾ ദിവസം ഡയറിയിൽ എന്തെഴുതും?" വിശകലന ചോദ്യങ്ങളിലൂടെ കുറച്ചു ചർച്ചയൊക്കെ നടത്തിയ ശേഷമാണ് കുരുന്നുകൾ പെൻസിലുമെടുത്ത് എഴുതിത്തുടങ്ങിയത്.

ഡയറിക്കുറിപ്പുകൾ വായിച്ചു തുടങ്ങിയ എന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നുപോയി!

ഓരോ വരിയിലും തുളുമ്പിനിന്നത് കുഞ്ഞുഭാവനകളുടെ മാസ്മരിക ലോകമായിരുന്നു. പിറന്നാളായിട്ട് ഒരു ഉമ്മ മാത്രമേ കിട്ടിയുള്ളൂ, തനിക്ക് മുത്തു മതിയായിരുന്നു എന്നായിരുന്നു ഋത്വിക്കിന്റെ പരാതി.

കുട്ടികളുടെ നിഷ്കളങ്കമായ കൊതികൾ!

ഇഷാനിയുടെ ഭാവന പറന്നത് മറ്റൊരു വഴിക്കാണ്; മുത്തം തന്ന പൂമ്പാറ്റയുടെ ചിറകിലെ വർണ്ണപ്പുള്ളികളെക്കുറിച്ചാണ് അവൾ വാചാലയായത്. പണ്ട് അവളുടെ പൂന്തോട്ടത്തിലും അങ്ങനെയൊരു അതിഥി വന്നിട്ടുണ്ടത്രേ!

അർവയ്ക്കാവട്ടെ പിറന്നാളിന് കേക്കും സദ്യയും കിട്ടാത്തതിന്റെ കുഞ്ഞു സങ്കടമായിരുന്നു മനസ്സ് നിറയെ.

എന്നാൽ ജോയലിന്റെ വരികൾ വായിച്ചപ്പോൾ ഉള്ളൊന്നു തണുത്തു— തനിക്ക് സമ്മാനം തരാൻ കൂട്ടുകാർ എത്രമാത്രം കഷ്ടപ്പെട്ടു, എന്ത് നല്ല കൂട്ടുകാരാണ് തനിക്കുള്ളത് എന്ന സ്നേഹമായിരുന്നു അവന്റെ താളുകളിൽ.

എത്രയെത്ര വ്യത്യസ്തമായ ചിന്തകൾ! ഒരു കഥയെ ഓരോ കുരുന്നും കണ്ടത് ഓരോ കണ്ണുകളിലൂടെയാണ്. "ടീച്ചറേ, നമുക്ക് ഇനിയും ഇതുപോലെ എഴുതണം" എന്ന് കുട്ടികൾ ഒരേസ്വരത്തിൽ പറഞ്ഞപ്പോൾ കിട്ടിയ സംതൃപ്തിക്ക് പകരം വെക്കാൻ ഒന്നുമില്ല. വൈകുന്നേരം ഒരു രക്ഷിതാവിന്റെ സന്ദേശം കൂടിയെത്തി: "ഇത് എന്റെ മോൻ തന്നെ എഴുതിയതാണോ ടീച്ചറേ? വിശ്വസിക്കാനേ പറ്റുന്നില്ല!"

കുഞ്ഞുങ്ങളുടെ മനസ്സ് എത്ര മനോഹരമായ ഒരു പൂന്തോട്ടമാണ്! അവരുടെ ചിന്തകൾക്ക് അതിരുകളില്ല, കാപട്യങ്ങളില്ല. ഒരു പിടി നല്ല അനുഭവങ്ങളും കുറെയേറെ കുഞ്ഞു ചിരികളും ബാക്കിവെച്ച് ഈ ദിവസവും കടന്നുപോകുന്നു. അധ്യാപനം ഇത്രമേൽ മനോഹരമാകുന്നത് ഇത്തരം മാന്ത്രിക നിമിഷങ്ങളിലാണ്!

വാണി. കെ

എ യു പി എസ് അടയ്കാപുത്തൂര്‍


 


Saturday, September 26, 2026

ഒന്നാം ക്ലാസ് അധ്യാപകരുടെ ഡയറിത്തുടിപ്പുകള്‍ -1

24.09.2026

വ്യാഴം

🌱 കുഞ്ഞുവിത്തേ… ഉണരൂ… 🌱

ഒന്നാം ക്ലാസിലെ കേരളപാഠാവലിയിലെ “പൂവ് ചിരിച്ചു” എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസിലെ കുരുന്നുകൾ നടത്തിയ ഒരു ചെറിയ പ്രവർത്തനം ഇന്ന് കുട്ടികളുടെ മനസ്സിൽ വലിയൊരു സന്തോഷമായി മാറിയിരിക്കുകയാണ്.

. അവർ ആഗസ്റ്റ് 13നാണ് വിത്തുകൾ നട്ടത് . വിത്ത് നനച്ച് അവർ തങ്ങളുടെ കുഞ്ഞുചെടിയെ കാത്തിരിക്കാൻ തുടങ്ങി. (ഓരോ കുട്ടിക്കും ഓരോ ഗ്രോബാഗ് ഒരുക്കി നൽകിയിരുന്നു)

“ടീച്ചറേ, എന്റെ വിത്ത് ഇന്ന് മുളയ്ക്കുമോ?” രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഫിസ ചോദിച്ചു.

“എന്റെ ഗ്രോബാഗിൽ ആദ്യം പൂവ് വരും!”സിയ പറഞ്ഞു.

“ടീച്ചറേ, നാളെ നോക്കുമ്പോൾ ഇത്രയും വലിയ ചെടിയായിരിക്കുമോ?” മുസ്തഫ ചോദിച്ചു.

കുട്ടികൾ ചോദിച്ചു കൊണ്ടേയിരുന്നു. ദിവസവും സ്കൂളിലെത്തിയാൽ ആദ്യം അവർ ഓടിയെത്തുന്നത് തങ്ങളുടെ ഗ്രോബാഗുകൾക്കരികിലേക്കായിരുന്നു.

“എന്റെ ചെടിക്ക് വെള്ളം കൊടുക്കണം…”

“നീ അധികം വെള്ളം ഒഴിക്കല്ലേ… "

“നോക്കൂ… ഇവിടെ ഒരു ചെറിയ മുള വന്നിട്ടുണ്ട്!”

എന്നിങ്ങനെ പരസ്പരം വിളിച്ചുകാണിച്ച് അവർ ആ കുഞ്ഞുമുളകളെ അത്ഭുതത്തോടെ നോക്കി.

പക്ഷേ എല്ലാ ഗ്രോബാഗുകളിലും ഒരുപോലെ മുള വന്നില്ല. ചില കവറുകളിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ചെറിയൊരു മാറ്റവും കാണാനായില്ല. അപ്പോൾ ചിലരുടെ മുഖത്ത് നിരാശ നിറഞ്ഞു.

“ടീച്ചറേ, എന്റെ വിത്ത് ഉറങ്ങുകയാണോ?”

“എന്താ എന്റെ വിത്ത് മുളയ്ക്കാത്തത്?”

“നമുക്ക് കുറച്ചുകൂടി കാത്തിരിക്കാം… അത് തീർച്ചയായും ഉണരും.”

വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ടുപോകുന്നതിന് മുമ്പ് ചില കുഞ്ഞുങ്ങൾ മുള വരാത്ത ഗ്രോബാഗുകൾക്കരികിൽ ചെന്നിരുന്ന് അവരുടേതായ രീതിയിൽ വിത്തിനോട് സംസാരിക്കുമായിരുന്നു.

“കുഞ്ഞുവിത്തേ… ഉണരൂ… ഉണരൂ…”

“ഞങ്ങൾ എല്ലാ ദിവസവും നിന്നെ നോക്കാൻ വരും.”

“നീ പേടിക്കണ്ട… ഞങ്ങൾ വെള്ളം തരാം.”

“വേഗം പുറത്തേക്ക് വാ… ഞങ്ങൾക്ക് നിന്നെ കാണണം!”

ആ കുഞ്ഞുസംഭാഷണങ്ങൾ കേൾക്കുമ്പോൾ, അവർ ഒരു വിത്തിനോടല്ല, ഒരു കുഞ്ഞുജീവനോടാണ് സംസാരിക്കുന്നതെന്ന് തോന്നുമായിരുന്നു. ❤️

ദിവസങ്ങൾ കടന്നുപോയി. കാത്തിരിപ്പിന് വിരാമം. മുളകൾ തലനീട്ടി. കുഞ്ഞുചെടികൾ വളർന്നു. പിന്നെ പൂക്കൾ വിരിഞ്ഞു. ഇപ്പോൾ വെണ്ടയ്ക്കാ പറിക്കാറായിത്തുടങ്ങി.

സ്വന്തം കൈകളാൽ നട്ടുവളർത്തിയ ചെടിയിൽ നിന്ന് ആദ്യമായി വെണ്ട പറിക്കുമ്പോൾ കുട്ടികളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.

“ടീച്ചറേ… ഇത് ഞാനാണ് നട്ടത്!”

“നോക്കൂ ടീച്ചറേ, എന്റെ വെണ്ട എത്ര വലുതാണ്!”

ഒരു ചെറിയ വിത്തിൽ നിന്ന് ആരംഭിച്ച യാത്ര ഇന്ന് കുട്ടികൾക്ക് കാത്തിരിപ്പിന്റെയും കരുതലിന്റെയും ക്ഷമയുടെയും പരിശ്രമത്തിന്റെയും സന്തോഷത്തിന്റെയും വലിയൊരു പാഠമായി മാറിയിരിക്കുന്നു.

പാഠപുസ്തകത്തിലെ “പൂവ് ചിരിച്ചു” എന്ന പാഠം ഇന്ന് ഞങ്ങളുടെ ക്ലാസ് മുറിക്ക് പുറത്തും ചിരിക്കുന്നു. 🌼

വിത്തുകൾ മുളച്ചു…

ചെടികൾ വളർന്നു…

പൂക്കൾ വിരിഞ്ഞു…

കായ്കൾ നിറഞ്ഞു…

അതോടൊപ്പം നമ്മുടെ കുഞ്ഞുമനസ്സുകളിലും പ്രകൃതിയോടുള്ള സ്നേഹത്തിന്റെ വിത്തുകൾ മുളച്ച് വളരുകയാണ്. 🌱💚

കുട്ടികൾ വിത്ത് നട്ടു…

സ്നേഹത്തോടെ പരിപാലിച്ചു…

പ്രതീക്ഷയോടെ കാത്തിരുന്നു…

ഒടുവിൽ അവർ കൊയ്തെടുത്തത് വെണ്ടയ്ക്കകൾ മാത്രമല്ല—

സ്വന്തം പരിശ്രമത്തിന്റെ സന്തോഷ നിമിഷം കൂടിയായിരുന്നു. ❤️

ഫാത്തിമത്ത് സുഹറ.കെ

ഒന്നാം ക്ലാസിലെ അധ്യാപിക ,

എ.എൽ.പി.എസ്.അമ്മനൂർ

 

അനുബന്ധം

ഗ്രോബാഗില്‍ വിത്ത് വളര്‍ന്നപ്പോള്‍ കുട്ടികളുടെ ഡയറികളിലും എഴുത്ത് മുളച്ചു. ക്ലാസ് പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ശക്തമായ അനുഭവം ആകുമ്പോള്‍ അത് ഡയറിയിലാവുക സ്വാഭാവികം.

ഡയറികള്‍ വായിക്കാം. 







 

 

Wednesday, September 23, 2026

കുഞ്ഞുപുസ്തകവും ചിത്രകഥയും രചനോത്സവവും

  • കുഞ്ഞുപുസ്തകം  

    ( പൂവ് ചിരിച്ചു) ,  
    ↓
    സംയുക്ത ഡയറി 

     ( രണ്ടാം യൂണിറ്റിന് ശേഷം), 
    ↓
    ചിത്രകഥ  

    ( പിറന്നാള്‍ സമ്മാനം)
    ↓
    രചനോത്സവം 

     ( പിന്നേം പിന്നേം ചെറുതായി പാലപ്പം മുതല്‍),

    ↓ 

    കുഞ്ഞുവർത്തമാനം
    ↓

    കാർട്ടൂൺ ഡയറി
    ↓
    കുട്ടിപ്പാട്ട് പുസ്തകം
    ↓

    കൂട്ടെഴുത്തുപത്രം
    ↓

  •  എന്നീ പ്രവർത്തനങ്ങളെ ഒരുമിച്ച് നോക്കുമ്പോൾ അവയ്ക്ക് ഒരു പൊതുസവിശേഷതയുണ്ട്. ഭാഷ കുട്ടിയുടെ അനുഭവം, ആശയം, ഭാവന, താളബോധം എന്നിവ പ്രയോജനപ്പെടുത്തി കുട്ടി സ്വന്തം ഭാഷ രൂപപ്പെടത്തുകയാണ്. അത് സര്‍ഗാത്മകമായതിനാല്‍ ആസ്വാദ്യവുമാണ്. അതിന്റെ കുട്ടിത്തവും തനിമയും മുതിര്‍ന്നവരെ ആകര്‍ഷിക്കും. അവരുടെ പ്രതികരണം പ്രചോദനം നല്‍കുന്നു. തന്റെ ഭാഷയ്കും രചനയ്കും അംഗീകാരം കിട്ടുന്നു എന്നത് ചെറുപ്രായത്തില്‍ കൂടുതല്‍ എഴുതാന്‍ പ്രേരകമാകും.
 എന്റെ കുഞ്ഞുപുസ്തകം വിശദാംശങ്ങള്‍

പ്രവർത്തനഘട്ടങ്ങള്‍

ഘട്ടം ഒന്ന് ആശയരൂപീകരണം.

  1. ഓരോ കുട്ടിക്കും കുഞ്ഞുപുസ്തകം നല്‍കുന്നു.

  2. ടീച്ചര്‍ തയ്യാറാക്കിയ കുഞ്ഞുപുസ്തകം പരിചയപ്പെടുത്തുന്നു.

ഘട്ടം രണ്ട് ഉള്ളടക്കം തീരുമാനിക്കല്‍

  1. കുട്ടി പഠിച്ച അല്ലെങ്കിൽ പരിചയപ്പെട്ട ഒരു കഥ തിരഞ്ഞെടുക്കുന്നു.( ഉദാ-കുഞ്ഞുചെടിയുടെ കഥ)

  2. കഥ ക്രമത്തില്‍ പറയിക്കുന്നു

  3. എന്തെല്ലാം സംഭവങ്ങള്‍? ഓരോ സന്ദര്‍ഭവും കുട്ടികള്‍ പറയുന്നു

ഘട്ടം മൂന്ന് ആവിഷ‍്കാരം

  1. എങ്കില്‍ ഓരോ സംഭവത്തിന്റെയും ചിത്രം ഓരോ പേജിലായി വരയ്കാമോ? ഓരോ രംഗത്തിനും സ്വന്തമായി ചിത്രം വരയ്ക്കുന്നു. ചിത്രത്തിന്റെ ഭംഗി പരിഗണിക്കേണ്ടതില്ല.

  2. ഓരോ രംഗത്തിലും എന്താണ് കുറിപ്പായി എഴുതേണ്ടത്.? അതിനനുസരിച്ചുള്ള വരികൾ എഴുതുന്നു. (ഒന്ന്, രണ്ട് പേജുകളിലെ മാത്രം പൊതുവായി ചര്‍ച്ച ചെയ്ത ശേഷം എല്ലാവരും എഴുതുന്നു)

  3. ബാക്കിയുള്ള പേജുകളില്‍ തനിയെ എഴുതുന്നു. ( കുഞ്ഞെഴുത്ത്, ചാര്‍ട്ട് ഇവ നോക്കാന്‍ പാടില്ല)

  4. ആവശ്യമെങ്കിൽ മാത്രം മൂലകഥയിലെ വാക്യങ്ങൾ അതേ പോലെ ഉപയോഗിക്കുന്നു.

  5. കൂടുതല്‍ പഠന പിന്തുണ ആവശ്യമായവരുടെ അടുത്തിരുന്നു കുട്ടി വരച്ച ചിത്രങ്ങളെക്കുറിച്ച് ചെറു സഹായകചോദ്യങ്ങൾ ചോദിച്ച് എഴുതാന്‍ വ്യക്തിഗത പിന്തുണനൽകണം ( ആശയം രൂപപ്പെടുത്താനുള്ള ചോദ്യങ്ങള്‍, തെളിവുവാക്കുകള്‍ നല്‍കിയുള്ള തിരുത്തല്‍പിന്തുണ)

  6. കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരുടെ രചനകള്‍ക്ക് കുട്ടിട്ടീച്ചര്‍മാരുടെ പിന്തുണ ഉറപ്പാക്കണം.

  7. എഴുതുമ്പോള്‍ തെറ്റ് വന്നാല്‍ വെട്ടിയെഴുതുന്ന രീതി എല്ലാവരെയും പരിശീലിപ്പിക്കണം

  8. കൂടുതല്‍ തെറ്റ് വന്നാല്‍ തെറ്റിയഭാഗത്തിന് മുകളില്‍ പേപ്പര്‍ ഒട്ടിച്ച് ശരിയാക്കി എഴുതുന്ന രീതിയും പരിചയപ്പെടുത്തണം. ഇതിനായി ചെറുപേപ്പര്‍ സ്ട്രിപ്പുകള്‍ ടീച്ചര്‍ കരുതണം.

ഘട്ടം നാല് പങ്കിടലും വിലയിരുത്തലും

  1. കഥ പൂര്‍ത്തീകരിച്ചാല്‍ പഠനക്കൂട്ടത്തില്‍ കുട്ടികൾക്ക് മാറി മാറി വായിക്കാൻ അവസരം നൽകണം. അപ്പോഴും മെച്ചപ്പെടുത്തല്‍ വരുത്താം.

  2. അങ്ങനെ കുട്ടി സ്വന്തം ചിത്രകഥാപുസ്തകം നിർമ്മിക്കുന്നു.

ഘട്ടം അഞ്ച് കവര്‍ രൂപകല്പന ചെയ്യല്‍

  1. കഥയ്ക് പേരിടല്‍. ഓരോ കുട്ടിക്കും പ്രത്യേകം പേരിടാം

  2. കുട്ടികൾ തയ്യാറാക്കിയ ചിത്രകഥാപുസ്തകങ്ങൾക്ക്‌ കവർ പേജ് നൽകല്‍. കവര്‍ പേജില്‍ കഥയുടെ പേര്, രചയിതാവിന്റെ പേര്, കവര്‍ ചിത്രം എന്നിവ വേണം. ലഘുബാലസാഹിത്യകൃതികള്‍ പരിചയപ്പെടുത്തി കവര്‍പേജിലെ ലേ ഔട്ട് സംബന്ധിച്ച സാധ്യതകള്‍ ബോധ്യപ്പെടാന്‍ അവസരം ഒരുക്കണം.

ഘട്ടം ആറ് പ്രകാശനം

  1. ചിത്രകഥകളുടെ പ്രകാശനം നടത്തുന്നു. കുട്ടികളുടെ ചിത്രകഥകൾ ഡിജിറ്റൽ രൂപത്തിലാക്കി നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കണം

ഘട്ടം ഏഴ് തുടര്‍രചനകള്‍

  • കുട്ടിയുടെ മനസ്സിൽ പതിയുന്ന തരത്തിലുള്ള കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും ഉള്ള കഥകൾ തുടർന്നു വരുന്ന പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി നൽകുക. കുട്ടികള്‍ തന്നെ രംഗങ്ങള്‍ തീരുമാനിച്ച് ചിത്രീകരിച്ച് കഥ എഴുതണം. കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് വ്യക്തിഗത പിന്തുണ നല്‍കണം.

  • ക്ലാസില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളാകുമ്പേഴേക്കും മൂന്നോ നാലോ കുഞ്ഞുകഥകളും പുസ്തകങ്ങളും തയ്യാറാക്കണം.

    കുഞ്ഞു പുസ്തകം എങ്ങനെ തയ്യാറാക്കാം.?

    1. A4 പേപ്പര്‍ എടുക്കുക

    2. നീളഭാഗം  3 തുല്യ ഭാഗങ്ങളായി മടക്കുക (7cmവീതം)

    3. വീതിഭാഗം  3 തുല്യഭാഗങ്ങളായി മടക്കുക (10 cm വീതം )

    4. മടക്ക് പാട് വച്ച് കത്രിക കൊണ്ട് മുറിക്കുക

    5. ഒരു A4 ഷൂറ്റിൽ നിന്ന് 18 ചെറുപേജുകൾ (9 താളുകള്‍)

    6. മുറിച്ചു കിട്ടിയ പേപ്പറിൻ്റെ വലുപ്പത്തിൽ കട്ടിയുള്ള കവർ പേജ്  ഉണ്ടാക്കുക (ഇടംവലം പേജുകൾ മടക്കിയാൽ അകത്ത് താളുകൾ വയ്ക്കാവുന്ന രീതി) റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കവര്‍, ക്ഷണക്കുറികള്‍ എന്നിവ പ്രയോജനപ്പെടുത്താം.

    7. അതിനുള്ളിൽ മുറിച്ച പേപ്പറുകൾ വച്ച് സ്റ്റാപ്ലർ പിൻ ചെയ്യുക

    8. കവർ പേജ് മറിക്കാവുന്ന വിധത്തിൽ ഇടതു വശം പിൻ ചെയ്തതിനോട് ചേർന്ന് മടക്കുക

    9. കവറിലും ആദ്യ പേജിലും പുസ്തകത്തിന്റെ പേരും രചയിതാവിന്റെ പേരും എഴുതുക

    കുഞ്ഞുപുസ്തക നിര്‍മ്മാണം വീഡിയോ

    https://www.youtube.com/watch?v=RRGYvMyuHxk 

     

    എന്റെ ചിത്രകഥാപുസ്തകം

    കിനാവ് എന്ന് ചിത്രകഥ പരിചയപ്പെട്ടതിന് ശേഷം കുട്ടികള്‍ അത് മാതൃകയാക്കി നടത്തിയ ഏതാനം രചനകള്‍ പരിചയപ്പെടാം.

    അജൽ, എസ് പി എസ് കരിയൻകോട് 

    Naba meharin kk,AMLPS PANAMANNA

    സദ TP
    CVNMAMLPS WEST CHATHALLUR

     

     

    Rizna fathima R 
    Sariga public school 
    Kariyankode
     
     

    ചിത്രകഥ എഴുതുന്നതിലൂടെ

    • ☐ സ്വന്തം ആശയം അവതരിപ്പിക്കുന്നു
    • ☐ കഥയ്ക്ക് തുടക്കം നൽകുന്നു
    • ☐ സംഭവങ്ങൾ ക്രമത്തിൽ അവതരിപ്പിക്കുന്നു
    • ☐ കഥാപാത്രങ്ങളെയും പ്രവർത്തനങ്ങളെയും അവതരിപ്പിക്കുന്നു
    • ☐ ചിത്രവും എഴുത്തും ബന്ധിപ്പിക്കുന്നു
    • ☐ പരിചിതമായ വാക്കുകൾ സ്വതന്ത്രമായി ഉപയോഗിക്കുന്നു
    • ☐ സ്വന്തം രീതിയിൽ വാക്യങ്ങൾ നിർമ്മിക്കുന്നു
    • ☐ പരിചയപ്പെട്ട അക്ഷരങ്ങള്‍ ഉപയോഗിക്കുന്നു
    • ☐ സ്വന്തം എഴുത്ത് വായിക്കാൻ ശ്രമിക്കുന്നു
    • ☐ അധ്യാപക/കൂട്ടുകാരുടെ പ്രതികരണം സ്വീകരിച്ച് എഴുത്ത് മെച്ചപ്പെടുത്തുന്നു

    പലപ്പോഴും അവസാനത്തെ ഘട്ടം ക്ലാസുകളില്‍ വിലമതിക്കപ്പെടാറില്ല.

    “കുട്ടി എത്ര തെറ്റുകൾ വരുത്തി?” എന്നതിനു പകരം
    “കുട്ടിക്ക് എന്താണ് പറയാനുള്ളത്, അത് എങ്ങനെ ഭാഷയിലൂടെ പ്രകടിപ്പിച്ചു, അടുത്ത ഘട്ടത്തിലേക്ക് എങ്ങനെ നയിക്കാം?”

    എന്നതാണ് പ്രധാന ചോദ്യം.

     രചനോത്സവത്തിലേക്ക്

    ഒന്നാം ക്ലാസിലെ കഥയെഴുത്തിന്റെ വികസനക്രമം

    1. പരിചിത കഥ ചിത്രകഥയായി പുനരാവിഷ്കരിക്കുന്നു
    കേട്ടതോ വായിച്ചതോ ആയ കഥ സ്വന്തം വാക്കുകളിൽ പറയുന്നു/എഴുതുന്നു.

    2.സ്വന്തം അനുഭവത്തിൽ നിന്ന് ചിത്രകഥ എഴുതുന്നു

    3. കഥാചിത്രങ്ങളുടെ സഹായത്തോടെ കഥ എഴുതുന്നു
    തുടർച്ചയായ 3–4 ചിത്രങ്ങൾ നൽകുന്നു. ചിത്രങ്ങൾ നോക്കി സംഭവങ്ങൾ ക്രമപ്പെടുത്തി എഴുതുന്നു.

    4.  ചിത്രവും സൂചനാവാക്കുകളും നൽകി കഥ പൂർത്തിയാക്കുന്നു
    അംഗീകാരം നല്‍കല്‍

    “ആരാണ് ഏറ്റവും നല്ല കഥ എഴുതിയത്?” എന്ന രീതിയിലുള്ള അംഗീകാരം ഒഴിവാക്കുന്നത് നല്ലതാണ്. പകരം വിവിധ നേട്ടങ്ങൾ അംഗീകരിക്കാം. ഉദാഹരണത്തിന്:

    🌟 നല്ല തുടക്കം
    🌟 രസകരമായ കഥാപാത്രം
    🌟 പുതിയ വാക്ക് ഉപയോഗിച്ചു
    🌟 നല്ല അവസാനം
    🌟 സ്വന്തം ആശയം
    🌟 ചിത്രവും കഥയും ബന്ധിപ്പിച്ചു
    🌟 കൂട്ടുകാരന്റെ കഥ ശ്രദ്ധയോടെ കേട്ടു
    🌟 സ്വന്തം കഥ തിരുത്തി

    അങ്ങനെ വന്നാൽ എഴുത്തിൽ മുന്നിലുള്ള കുട്ടിക്ക് മാത്രമല്ല, ഓരോ കുട്ടിക്കും ഏതെങ്കിലും ഒരു മേഖലയിലെ വിജയം അനുഭവിക്കാൻ കഴിയും.

     കാക്ക പായസം വച്ച് കഥ കുട്ടികള്‍ക്ക് തനിയെ വികസിപ്പിക്കാം. അതിന് പ്രയാസം നേരിടുന്നുവെങ്കില്‍ സഹായസൂചന നല്‍കിയുള്ള രീതി സ്വീകരിക്കാം. മാതൃക ചുവടെ നല്‍കുന്നു 

  • കാക്ക പായസം വച്ചു. 
  • കൂട്ടുകാരേ വാ വാ. 
  • കൂട്ടുകാര്‍ വന്നു. 
  •  വാ വാ വാ കേട്ട്. മഴയും വന്നു. 
  • കാ കാ കാ. കാക്ക കരച്ചിലായി. 
  • പോ പോ പോ മഴേ.
  •  പട്ടി കുരച്ചു. 
  • മഴ പോയി. 
  • കാക്ക ചിരിച്ചു. 

ഈ വരികള്‍ ക്രമം തെറ്റിച്ച് ബോർഡിൽ എഴുതുന്നു ചിത്രത്തില്‍ ചേര്‍ത്ത് തരാമോ?

രീതി രണ്ട്. 
ചിത്രം നോക്കൂ കഥ വികസിപ്പിക്കൂ. ചെറിയവാക്യമാണ് ഓരോ ചിത്രത്തിന് താഴെയും എഴുതേണ്ടത്
രീതി മൂന്ന് 
പഠനക്കൂട്ടങ്ങളില്‍ രചന  

Monday, September 21, 2026

പിന്നേം പിന്നേം ചെറുതായി- അക്ഷങ്ങളുടെ എഴുത്തുരീതി

 ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം എന്നിവയിലേക്ക് കടക്കുമ്പോള്‍ അക്ഷരഘടനമാത്രം ശ്രദ്ധിച്ചാല്‍ പോര. ക, ച, ട, ത, പ എന്നീ വര്ഗമൂലാക്ഷരങ്ങള്‍ പഠിച്ച ശേഷമാണ് അതേ വര്‍ഗത്തിലെ മറ്റ് അക്ഷരങ്ങളിലേക്ക് കടക്കുന്നത്, എല്ലാ വര്‍ഗാക്ഷരങ്ങളുടെയും ഉച്ചാരണസൂക്ഷ്മത അവര്‍ മനസ്ലിലാക്കണം.  ഈ പാഠത്തില്‍ ഥ, ദ, ധ എന്നിവ വരുന്നുണ്ട്. അവ എങ്ങനെ ഉച്ചരിക്കണമെന്ന് മനസ്സിലാക്കണം. വ്യജ്ഞന ചിഹ്നങ്ങളും വരുന്നു, അവയുടെ എഴുത്തുരീതി അക്ഷരവുമായി ചേര്‍ത്താണ് അവതരിപ്പിക്കുന്നത്. ക് എന്ന വര്‍ണ്ണത്തോട് യ ചേരുമ്പോഴാണ് ക്യ ആകുന്നത്. നിദ്ര, പത്രം ഗ്രാമം, ക്രമം എന്നിവ ഉച്ചരിച്ച് നോക്കൂ ര, റ എന്നിവയെ പ്രതിനിധീകരിക്കുന്ന വ്യഞ്ജനചിഹ്നമാണ്. അത് പ്രയോഗത്തിലൂടെ മനസ്സിലാക്കുകയേ വഴിയുള്ളു. 













 

Monday, September 14, 2026

ടീച്ചറും രക്ഷിതാവും- വ്യക്തിഗത മീറ്റിംഗ് പരമ്പര

  


 സ്നേഹസ്പർശം 

സ്കൂൾ SRG യിൽ CPTA എങ്ങനെ ഫലപ്രദമായി നടത്താം എന്ന ചർച്ചയിൽ നിന്നാണ് വ്യക്തിഗത സിപി ടി എ എന്ന ആശയം ഉരുത്തിരിഞ്ഞു വന്നത്. അങ്ങനെ സ്നേഹ സ്പർശം എന്ന പേരിൽ എല്ലാ ക്ലാസിലും ഇപ്രാവശ്യത്തെ പാദവാർഷിക മൂല്യനിർണയാനന്തര സി പി ടി എ നടത്താൻ ധാരണയായി. ഒന്നാം ക്ലാസ്സിൽ ഒരു ദിവസം അഞ്ചുരക്ഷിതാക്കൾ എന്ന രീതിയിലാണ് പ്ലാൻ ചെയ്തത്.

  • ഓരോ രക്ഷിതാവിനും 30 മിനിറ്റ് വീതം സമയം നൽകാൻ തീരുമാനിച്ചു

  • ഉച്ചയ്ക്ക് ശേഷം 2 30 മുതൽ 5 മണി വരെയാണ് ഓരോ ദിവസവും സമയം കണ്ടെത്തിയത്.

  • ഇതനുസരിച്ച് ഓരോ ദിവസവും വരേണ്ട രക്ഷിതാക്കളുടെ പേരും സമയവും ക്ലാസ് ഗ്രൂപ്പ് വഴി നൽകി.

  • 10/9/26 വ്യാഴാഴ്ച മുതൽ മീറ്റിംഗ് ആരംഭിച്ചു.


  • ആദ്യദിവസം വളരെ ഭംഗിയായി അവസാനിച്ചപ്പോൾ ആത്മവിശ്വാസം വർദ്ധിച്ചു.

ഓരോ രക്ഷിതാവും ഒരേ സ്വരത്തിൽ എടുത്തുപറഞ്ഞു ഈ രീതിയിൽ മീറ്റിംഗ് നടത്തിയത് വളരെ നല്ലൊരു തീരുമാനമായെന്ന്. വർഷത്തിൽ ഒരു തവണ ഇത്തരത്തിൽ ഒരു മീറ്റിംഗ് നടത്തുന്നത് എന്തുകൊണ്ട് വളരെയേറെ ഗുണം ചെയ്യുമെന്നും അവർ അഭിപ്രായപ്പെട്ടു.

  • പഠന പിന്തുണ ആവശ്യമായ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒന്നിച്ചുള്ള മീറ്റിംഗിൽ തങ്ങളുടെ കുട്ടിയെ കുറിച്ച് പറയുമ്പോൾ അനുഭവപ്പെട്ടിരുന്ന പ്രയാസം ഇവിടെ പരിഹരിക്കപ്പെട്ടു

  • വ്യക്തിഗത മീറ്റിംഗിൽ യാതൊരു സങ്കോചവും കൂടാതെ അവർ ടീച്ചറോട് തുറന്നു സംസാരിച്ചു.

  • പരീക്ഷ പേപ്പർ വിശകലനം കൂടാതെ വായന കാർഡ് വായന, എഴുത്ത് എന്നിവയും രക്ഷിതാക്കളുടെ മുന്നിൽ വെച്ച് നടത്തിയത് കുട്ടികൾ സ്വതന്ത്ര വായനയിലും എഴുത്തിലും എത്ര ദൂരം താണ്ടി എന്ന് മനസ്സിലാക്കാൻ അവരെ സഹായിച്ചു.

  • ടീച്ചറും കുട്ടിയും രക്ഷിതാവും തമ്മിലുള്ള ഒരു ഹൃദയബന്ധം കൂടുതൽ ഊഷ്മളമായി.


മുപ്പക് മിനിറ്റ് നടന്ന പ്രവര്‍ത്തനങ്ങള്‍

1. വിദ്യാഭ്യാസ വിശകലനവും തുടർനടപടികളും – റിപ്പോർട്ട്  വിശകലനവും പരിഹാരബോധനവും (Evaluation & Remedial Discussion): കുട്ടിയുടെ പരീക്ഷാ ഉത്തരക്കടലാസുകളുടെ വിശകലനത്തിലൂടെ കണ്ടെത്തിയ പ്രധാന പോരായ്മകളെക്കുറിച്ച് രക്ഷിതാവുമായി വിശദമായി ചർച്ച ചെയ്തു. കുട്ടിയുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഇനി നൽകേണ്ട പരിഹാര പ്രവർത്തനങ്ങൾ ഏതൊക്കെയാണെന്ന് തീരുമാനിക്കുകയും വീട്ടിലും ക്ലാസിലും നൽകേണ്ട പിന്തുണയെക്കുറിച്ച് ധാരണയിലെത്തുകയും ചെയ്തു.

2. സ്വതന്ത്ര രചനയും അനുബന്ധ പ്രവർത്തനങ്ങളും :* ഉത്തരക്കടലാസിലെ ചോദ്യങ്ങൾക്ക് പുറമെ, കുട്ടിയുടെ സ്വതന്ത്ര രചനാശേഷി വിലയിരുത്തുന്നതിനായി മുൻപ് ക്ലാസിൽ നൽകിയ ഒരു പ്രവർത്തനം രക്ഷിതാവിന് മുന്നിൽ അവതരിപ്പിച്ചു.

  • പ്രവർത്തനം: അധ്യാപികയുടെ തിരുത്തലുകളോ ഇടപെടലുകളോ ഇല്ലാതെ, കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഒരു ജീവിയെക്കുറിച്ച് (പൂച്ച, തത്ത തുടങ്ങിയവ) A4 ഷീറ്റിന്റെ മുൻവശത്ത് മലയാളത്തിലും, മറുവശത്ത് ഇംഗ്ലീഷിലും വിവരണങ്ങൾ തയ്യാറാക്കാൻ നൽകിയിരുന്ന പ്രവർത്തനമായിരുന്നു ഇത്.

  • വിലയിരുത്തൽ: ഉത്തരക്കടലാസുകളിൽ സ്വതന്ത്രരചനയുടെ കുറവ് പ്രകടമായിരുന്നെങ്കിലും, ഈ A4 ഷീറ്റ് പ്രവർത്തനത്തിൽ കുട്ടികൾ വളരെ നല്ല ഭാഷയിലാണ് വിവരണം എഴുതിയിരുന്നത്. കുട്ടിയുടെ ആശയം വ്യക്തമായിരുന്നുവെങ്കിലും ചില ചിഹ്നപിഴവുകളും അക്ഷരത്തെറ്റുകളും കണ്ടെത്തി. 


3. ഭാഷാവികസനത്തിനായുള്ള തുടർതീരുമാനങ്ങൾ: സ്വാഭാവികമായ രചനാശേഷി കുട്ടിക്കുള്ളതിനാൽ, ഇത്തരം ചിഹ്ന-അക്ഷര തെറ്റുകൾ തിരുത്തിക്കൊണ്ട് മലയാളത്തിലെയും ഇംഗ്ലീഷിലെയും സ്വതന്ത്ര രചനാശേഷി (Creative Writing) എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് രക്ഷിതാവുമായി ചർച്ച ചെയ്യുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ആവശ്യമെങ്കിൽ ഇതിൽ മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാവുന്നതാണ്.

റീഡിങ് കാർഡുകളും ഇംഗ്ലീഷ് പാഠപുസ്തകവും ഒരുമിച്ച് ഉപയോഗിച്ച് കുട്ടികളിൽ സ്വതന്ത്ര വായന (Independent Reading) പ്രോത്സാഹിപ്പിച്ച പ്രക്രിയ വളരെ ലളിതവും ഫലപ്രദവുമാണ്.

  • പ്രവർത്തനം: സ്വതന്ത്ര വായനയും എഴുത്തും (Independent Reading and Writing)

  • ഉപയോഗിച്ച സാമഗ്രികൾ: റീഡിങ് കാർഡുകൾ (Reading Cards), ഇംഗ്ലീഷ് പാഠപുസ്തകം

പ്രക്രിയ :*

  1. വായനാ മുന്നൊരുക്കം: റീഡിങ് കാർഡുകളിലെയും പാഠപുസ്തകത്തിലെയും ലളിതമായ ഭാഗങ്ങൾ കുട്ടികൾക്ക് സ്വതന്ത്രമായി വായിക്കാൻ നൽകി.

  2. വായന: മുൻകൂട്ടി നിശ്ചയിച്ച സമയത്തിനുള്ളിൽ കുട്ടികൾ തനിയെ വായന പൂർത്തിയാക്കി.

  3. എഴുത്ത് (Follow-up Activity): വായനയ്ക്ക് ശേഷം, ചില കുട്ടികളെക്കൊണ്ട് വായിച്ച ആശയങ്ങളെ ആസ്പദമാക്കി ഒന്നും രണ്ടും വാക്യങ്ങൾ സ്വന്തമായി എഴുതിച്ചു. 

  4. വിലയിരുത്തൽ (Reflection / Feedback): കാർഡുകളിലെ ചിത്രങ്ങളും ലളിതമായ വാക്യങ്ങളും പാഠപുസ്തകത്തിലെ ഉള്ളടക്കവുമായി ബന്ധപ്പെടുത്തി വായിക്കാൻ കുട്ടികൾക്ക് സാധിച്ചു. സ്വതന്ത്രമായി വായിക്കാനും ചെറുവാക്യങ്ങൾ സ്വന്തമായി നിർമ്മിക്കാനുമുള്ള കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഈ പ്രവർത്തനം സഹായിച്ചു.

കുറഞ്ഞ സമയത്തിനുള്ളിൽ (30 മിനിറ്റ്) ഇത്രയും വിശദമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിച്ചത് മികച്ച സമയപരിപാലനത്തിന്റെ തെളിവാണ്.

ഈ രീതിയുടെ പ്രധാന സവിശേഷതകളും മേന്മകളും

  • കുട്ടികളുടെ കുറിപ്പുകളും ടീച്ചറുടെ നിരീക്ഷണങ്ങളും തമ്മിൽ ഒത്തുനോക്കാൻ സാധിക്കുന്നു.

  • രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം: അധ്യാപകന്റെ നിരീക്ഷണം വായിച്ച ശേഷം രക്ഷിതാക്കളുടെ അഭിപ്രായങ്ങളും കൂട്ടിച്ചേർക്കലുകളും) രേഖപ്പെടുത്താൻ അവസരം നൽകുന്നത് രക്ഷിതാക്കളിൽ പങ്കാളിത്ത ബോധം വളർത്തുന്നു.

പരിമിതികള്‍

ഒരോ ദിവസവും ഓരോ രക്ഷിതാവിനും അരമണിക്കൂര്‍ വീതം നീക്കി വയ്കുമ്പോള്‍ ഒരാഴ്ചത്തെ ഉച്ചകഴിഞ്ഞുള്ള സമയം ഉപയോഗിക്കേണ്ടിവരും.

എന്താണ് പരിഹാരം?

ഉച്ചയിടവേള സമയത്തും രാവിലെയും നാല്മണിക്ക് ശേഷവുമായി ഒരു ദിവസം മൂന്ന് എന്ന കണക്കില്‍ രക്ഷിതാക്കളെ ക്ഷണിക്കാം.

ഓരോ ദിവസവും ഓരോ രക്ഷിതാവുമായി ഓണ്‍ലൈനില്‍ സംസാരിക്കാം.


അധിക വായനയ്ക്

ഒന്ന് - ഫിന്‍ലാന്റ്

ഫിൻലാന്റിൽ സ്കൂളുകളും രക്ഷിതാക്കളും തമ്മിൽ ആശയവിനിമയം നടത്താൻ 'Wilma' എന്ന പ്രത്യേക ആപ്പ്/സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു. ഇതിലൂടെ അധ്യാപകർ അയക്കുന്ന അറിയിപ്പുകളും കുട്ടികളുടെ ദൈനംദിന വിശേഷങ്ങളും രക്ഷിതാക്കൾ കാണുകയും ആവശ്യമായ കാര്യങ്ങളിൽ രക്ഷിതാക്കൾ തമ്മിൽ സന്ദേശങ്ങൾ കൈമാറുകയും ചെയ്യുന്നു.

സാമൂഹിക കൂട്ടായ്മകളും പരിപാടികളും: സ്കൂൾ സമയത്തിന് ശേഷം രക്ഷിതാക്കളും കുട്ടികളും ഒത്തുചേരുന്ന 'പിക്നിക്കുകൾ', കളിദിനങ്ങൾ, കാപ്പി സൽക്കാരങ്ങൾ (Coffee mornings) എന്നിവ രക്ഷിതാക്കൾ തന്നെ മുൻകൈയെടുത്ത് സംഘടിപ്പിക്കാറുണ്ട്. ഇത് രക്ഷിതാക്കൾ തമ്മിൽ വലിയൊരു പിന്തുണ ശൃംഖല (Support Network) സൃഷ്ടിക്കുന്നു.

ഫിൻലാന്റിലെ പ്രൈമറി സ്കൂളുകളിൽ 'കാപ്പി സൽക്കാരങ്ങൾ' (Coffee Evenings / Vanhempainilta) അല്ലെങ്കിൽ വട്ടത്തിൽ ഇരുന്ന് സംസാരിക്കുന്ന രീതിയുണ്ട്.

അനൗദ്യോഗികമായ തുടക്കം (Informal Start)

  • വൈകുന്നേരം 5:30-ന് രക്ഷിതാക്കൾ സ്കൂളിലെ ക്ലാസ് റൂമിലോ കോമൺ ഹാളിലോ എത്തുന്നു.

  • ഹാളിൽ ബെഞ്ചുകൾ വരിവരിയായി ഇട്ടിട്ടുണ്ടാവില്ല. പകരം, കസേരകൾ വട്ടത്തിൽ തിരിച്ചിട്ടിരിക്കും (Circle Arrangement).

  • ഒരു വശത്ത് കാപ്പിയും (Coffee), ചായയും, ചെറുപലഹാരങ്ങളും ഒരുക്കിവെച്ചിട്ടുണ്ടാകും. രക്ഷിതാക്കൾ കാപ്പിയെടുത്ത് പരസ്പരം കുശലാന്വേഷണം നടത്തി അയവുള്ള അന്തരീക്ഷത്തിൽ സംസാരിച്ചു തുടങ്ങുന്നു.

ഒത്തുചേരലിന്റെ പ്രക്രിയ (The Process)

  • തുല്യത അധിഷ്ഠിതമായ ഇരിപ്പ് (No Stage or Podium):

    അധ്യാപിക സ്റ്റേജിലോ ഡയസിലോ അല്ല നിൽക്കുന്നത്. അധ്യാപികയും രക്ഷിതാക്കളോടൊപ്പം വട്ടത്തിൽ ഇരിക്കുന്നു. ഇവിടെ ആരും പ്രസംഗിക്കുന്നില്ല.

  • തുറന്ന സംവാദം (Open Dialogue): അധ്യാപിക ഒരു ചെറിയ ചോദ്യത്തോടെ ചർച്ചയ്ക്ക് തുടക്കമിടുന്നു

അനുഭവങ്ങൾ പങ്കുവെക്കൽ (Sharing Experiences):രക്ഷിതാക്കൾ ഓരോരുത്തരായി തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു.

കൂട്ടായ തീരുമാനങ്ങൾ. ഇവിടെ അധ്യാപികയോ സ്കൂളോ ഒരു നിയമവും അടിച്ചേൽപ്പിക്കാറില്ല. പകരം, വട്ടത്തിലിരിക്കുന്ന രക്ഷിതാക്കൾ പരസ്പരം സംസാരിച്ച് ക്ലാസിന് പൊതുവായ ഒരു ധാരണയിൽ (Common Consensus) എത്തുന്നു


രണ്ട്-ഓസ്ട്രേലിയ

ഓസ്ട്രേലിയൻ ഗവൺമെന്റ്, നാഷണൽ പേരന്റ് ബോഡികൾ (ACSSO, APC) എന്നിവരുമായി ചേർന്ന് വികസിപ്പിച്ചെടുത്ത സമഗ്രമായ വിദ്യാഭ്യാസ മാർഗ്ഗരേഖയാണ് 'ഫാമിലി–സ്കൂൾ പാർട്ണർഷിപ്പ്സ് ഫ്രെയിംവർക്ക്' (Family–School Partnerships Framework). കുട്ടികളുടെ സമഗ്രവികാസത്തിനും പഠനമികവിനും കുടുംബങ്ങളും സ്കൂളുകളും തമ്മിലുള്ള പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന ആശയത്തിലാണ് ഇത് അധിഷ്ഠിതമായിരിക്കുന്നത്

അടിസ്ഥാന തത്ത്വങ്ങൾ (Core Principles)

  • കുടുംബമാണ് ആദ്യത്തെ അധ്യാപകർ: കുട്ടിയുടെ ആദ്യത്തെയും നിരന്തരവുമായ അധ്യാപകർ കുടുംബാംഗങ്ങളാണ്.

  • കൂട്ടുത്തരവാദിത്തം: കുട്ടിയുടെ വ്യക്തിത്വ വികസനത്തിലും പഠനനേട്ടങ്ങളിലും സ്കൂളിനും വീടിനും തുല്യ പങ്കാളിത്തമുണ്ട്.

  • പഠനം സ്കൂളിൽ മാത്രം നടക്കുന്നില്ല; വിവിധ സാഹചര്യങ്ങളിലും ഇടങ്ങളിലും നടക്കുന്നു

  • വൈവിധ്യങ്ങളെ സ്വാഗതം ചെയ്യൽ: കുടുംബങ്ങളുടെ സാമൂഹിക, സാംസ്കാരിക വൈവിധ്യങ്ങളെ അംഗീകരിക്കുകയും അത് പഠനാന്തരീക്ഷം മെച്ചപ്പെടുത്താൻ ഉപയോഗിക്കുകയും ചെയ്യുക..

  • പരസ്പര ബഹുമാനവും വിശ്വസ്തതയും: സ്കൂളും കുടുംബവും തമ്മിലുള്ള ബന്ധം പരസ്പരവിശ്വാസം, ആദരവ്, പങ്കുവെക്കപ്പെട്ട ഉത്തരവാദിത്തം എന്നിവയിൽ അധിഷ്ഠിതമായിരിക്കണം.

മൂന്ന്. ന്യൂസിലാൻഡ്

Learning Story / Documentation Model

Learning Story എന്താണ്?

ലളിതമായി പറഞ്ഞാൽ,

കുട്ടി എന്തെങ്കിലും പഠനാനുഭവത്തിൽ ഏർപ്പെടുമ്പോൾ അധ്യാപകൻ അത് ശ്രദ്ധിക്കുന്നു, രേഖപ്പെടുത്തുന്നു, അതിൽനിന്ന് കുട്ടിയുടെ പഠനം വ്യാഖ്യാനിക്കുന്നു, അടുത്ത പഠനസാധ്യത ചിന്തിക്കുന്നു; പിന്നീട് ആ രേഖ കുട്ടിയുമായും കുടുംബവുമായും പങ്കുവെച്ച് വീണ്ടും പഠനത്തിലേക്ക് കൊണ്ടുവരുന്നു.

ഉദാഹരണം

മഴവില്ല് വരയ്ക്കുകയായിരുന്നു അനു. ചിത്രത്തിന്റെ താഴെ അവൾ ‘മഴ’ എന്ന് എഴുതി. അധ്യാപകൻ ചോദിച്ചപ്പോൾ ‘മഴ പെയ്തിട്ട് വെയിൽ വന്നാൽ മഴവില്ല് വരും’ എന്ന് അവൾ പറഞ്ഞു. കഴിഞ്ഞ ആഴ്ച മഴയെക്കുറിച്ചുള്ള സംഭാഷണത്തിലും അവൾ മഴവില്ലിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോൾ അനുഭവം, സംഭാഷണം, ചിത്രം, എഴുത്ത് എന്നിവ തമ്മിൽ ബന്ധിപ്പിച്ച് സ്വന്തം ആശയം പ്രകടിപ്പിക്കാൻ അവൾ ശ്രമിക്കുന്നു.

കുട്ടിക്ക് എന്ത് ചെയ്യാൻ കഴിയുന്നില്ല? എന്നല്ല Learning Story ചോദിക്കുന്നത്:

  • കുട്ടിക്ക് എന്ത് ചെയ്യാൻ കഴിയുന്നു?
    എന്തിലാണ് കുട്ടിക്ക് താൽപര്യം?
    എങ്ങനെ ശ്രമിക്കുന്നു?
    എങ്ങനെ പ്രശ്നപരിഹാരം നടത്തുന്നു?
    എങ്ങനെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നു?
    എങ്ങനെ പഠനം വികസിപ്പിക്കുന്നു?