ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, December 24, 2013

ലാപ് ടോപ്പിലെ ആസൂത്രണക്കുറിപ്പുകളും രേഖകളും കെ വി മോഹനന്‍ മാഷും.


-->
മലയാളം അധ്യാപകനായ കെ വി മോഹനന്‍ മാഷ് കഴിഞ്ഞ പാഠ്യപദ്ധതി പരിഷ്കകരണത്തിലും പാഠപുസ്തക നിര്‍മാണത്തിലും പങ്കാളിയായിരുന്നു. പറയുന്നകാര്യങ്ങളെല്ലാം അദ്ദേഹം തന്റെ വിദ്യാലയത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രദ്ധിച്ചു. (പല റിസോഴ്സ് പേഴ്സണും അങ്ങനെയല്ല.)
അധ്യാപകന്റെ ആസൂത്രണം, അത് സര്‍ഗാത്മകപ്രവര്‍ത്തനമാണ്. മോഹനന്‍ മാഷ് തന്റെ ലാപ് ടോപ്പിലാണ് സമഗ്രാസൂത്രണവും പാഠക്കുറിപ്പുകളും തയ്യാറാക്കുന്നത്.കഴിഞ്ഞ ദിവസം അതു കാണുവാനിടയായി. ഞാന്‍ അത്ഭുതപ്പെട്ടുപോയി, ഒരു യൂണിറ്റിന്റെ ടീച്ചീംങ് മാന്വല്‍ അമ്പത്തി മൂന്നു പേജ്! അത് കൈയ്യെഴുത്താണെങ്കില്‍ ഏകദേശം നൂറോളം പേജു വരും.ഈ പാ
ഠക്കുറിപ്പുകള്‍ യഥാസമയം പ്രിന്റെടുത്ത് പ്രഥമാധ്യാപികയ്ക്കു നല്‍കും. ലാപ് ടോപ്പില്‍ തയ്യാറാക്കുന്നതു കൊണ്ട് ഒത്തിരി ഗുണങ്ങള്‍ ഉണ്ട്
  • ഓരോ വര്‍ഷത്തെയും അനുഭവം പരിഗണിച്ച് കൂട്ടിച്ചേര്‍ക്കല്‍ നടത്താന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ മെച്ചം.
  • തയ്യാറാക്കിയതില്‍ തന്നെ നിരന്തരം മെച്ചപ്പെടുത്തല്‍ സാധ്യമാണ്
  • ഓരോ യൂണിറ്റിനും ഓരോ ഫോള്‍ഡറായതിനാല്‍ അതാതിന്റെ
    • സമഗ്രാസൂത്രണം,
    • ടീച്ചിംഗ് മാന്വല്‌,
    • ഓഡിയോ വിഡിയോ റിസോഴ്സ് മെറ്റീരിയലുകള്‍,
    • സ്വയം തയ്യാറാക്കിയ വര്‍ക്ക് ഷീറ്റുകള്‍,
    • മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍,
    • കഴിഞ്ഞ വര്‍ഷത്തെ കുട്ടികളുടെ ശ്രദ്ധേയമായ ഉല്പന്നങ്ങള്‍
    • അനുഭവക്കുറിപ്പുകള്‍ ഇവ സൂക്ഷിക്കാനാകും.
  • സുഹൃത്തുക്കളായ മലയാളം അധ്യാപകര്‍ക്ക് പങ്കുവെക്കാനും ഇതു സഹായകം. മറ്റുളളവര്‍ തയ്യാറാക്കിയ വിഭവങ്ങളുടെ ശേഖരവും മോഹനന്‍ മാഷ് പ്രയോജനപ്പെടുത്തുന്നു. സ്വയം വളര്‍ച്ചയ്ക്ക് പ്രയോജനപ്രദം.
  • ക്ലസ്റ്റര്‍ പരിശീലനം ഇല്ലെങ്കിലെന്ത് ഇതു പോലെ ഓണ്‍ ലൈന്‍ അനുഭവങ്ങള്‍ പങ്കിടല്‍ ആലോചിക്കാമല്ലോ.
  • കംമ്പ്യൂട്ടര്‍ പരിശീലനം കിട്ടിയ അധ്യാപകരാണ് പ്രൈമറി തലം മുതലുളളത്.എല്ലാവര്‍ക്കും ഇങ്ങനെ പാഠങ്ങളെ സമീപിക്കാവുന്നതാണ്.
മലയാളഭാഷ പഠിക്കുന്ന കുട്ടികള്‍ എങ്ങനെയുളളവരാകണം ?
കെ വി മോഹനന്‍ മാഷ് ജനാധിപത്യ വാദിയാണ്. അദ്ദേഹം കുട്ടികളുമായി ആലോചിച്ച് പ്രവര്‍ത്തന ലക്ഷ്യം തീരുമാനിക്കുന്നു.
മലയാളഭാഷ പഠിക്കുന്ന കുട്ടികള്‍ എങ്ങനെയുളളവരാകണം ? അവര്‍ തീരുമാനിച്ചതിങ്ങനെ-
  • അക്ഷരത്തെറ്റു കൂടാതെ ഭാഷ എഴുതി പ്രകടിപ്പിക്കുന്നവര്‍
  • കാവ്യാത്മകമായ ഭാഷ ഉപയോഗിക്കുന്നവര്‍
  • മികച്ച വായനക്കാര്‍-ആനുകാലികങ്ങള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍ എന്നിവ വായിച്ച്
    പ്രതികരിക്കുന്നവര്‍.
  • സ്വന്തമായി സര്‍ഗസൃഷ്ടികള്‍ തയ്യാറാക്കുന്നവര്‍- കഥ, കവിത, ലേഖനം.....
  • മലയാളസാഹിത്യനായകരെ അറിയാനും പരിചയപ്പെടാനും ശ്രമിക്കുന്നവര്‍.
(വളരെ ലളിതമാണ് ലക്ഷ്യങ്ങള്‍. ഏറ്റവും ഉയര്‍ന്ന തലവും താഴ്ന തലവും പ്രതിഫലിപ്പിക്കുന്നവ. നാളത്തെ സമൂഹത്തിലെ മലയാളി ഇങ്ങനെ കഴിവുളളവരായിരിക്കണം.)
അതിന്റെ ഭാഗമായി ഈ വര്‍ഷം ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളും അവര്‍ തീരുമാനിച്ചു.
പ്രവര്‍ത്തനങ്ങള്‍
  • മുഴുവന്‍ കുട്ടികളും എഴുതാനും വായിക്കാനും രണ്ടു മാസത്തിനകം പ്രാപ്തരായിരിക്കും. ( പ്രത്യേക പ്രോജക്ട്)
  • സാഹിത്യതല്പരരാകും- ഓരോ മാസവും ഓരോ മേഖലയിലൂന്നി പ്രവര്‍ത്തനങ്ങള്‍ നടത്തും
  • നാടകസംഘം- ഓരോ ക്ലാസ്സില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 പേര്‍ അടങ്ങുന്ന സംഘം
  • ഓരോ മാസവും പ്രത്യേക പരിപാടികള്‍ - ക്രിസ്തുമസ് അവധിക്കാലം സ്കൂള്‍ നാടകോത്സവം.
  • ഓരോ മാസവും ഓരോ സാഹിത്യകാരനെ പരിചയപ്പെടല്‍
  • മൂന്നു ടേമിലും ഒരു ദിവസം വീതമുള്ള ചലച്ചിത്രോത്സവം.-പ്രത്യേക ആശയങ്ങളിലൂന്നി.
  • സ്കൂള്‍ കയ്യെഴുത്തുമാസിക- ടേമില്‍ ഒന്നു വീതം.
  • അച്ചടിച്ച മാസിക -ജനുവരിയില്‍ പുറത്തിറക്കും.
  • ദിനാചരണങ്ങള്‍,
  • ലൈബ്രറി വികസനവും നവീകരണവും.
  • കലാസന്ധ്യകള്‍-കഥകളി, കൂത്ത്, സംഗീതശില്പം.....
  • ഒന്നാംടേമില്‍ പത്താംക്ലാസ്
  • രണ്ടാംടേമില്‍ ഒമ്പതാംക്ലാസ്
  • മൂന്നാംടേമില്‍ എട്ടാംക്ലാസ്
ഒന്ന്, മൂന്ന് വെള്ളിയാഴ്ച്ചകളില്‍ ഉച്ചയ്ക്ക് ആനുകാലികം-ചര്‍ച്ച. ( ഓരോ ആനുകാലികങ്ങള്‍)

വര്‍ഷാദ്യത്തെ പ്രവര്‍ത്തനം പരിചയപ്പെടാം.
പുതുവര്‍ഷത്തെ വരവേല്ക്കാന്‍ 'റോസ് 'പഠനോത്സവം
മഞ്ചേരി-വിജ്ഞാനത്തിന്റെ ചെപ്പു തുറന്ന് 'റോസ് ' പഠനോത്സവം മഞ്ചേരി ഗവണ്മെന്റ് ഗേള്‍സ്ഹൈസ്കൂളില്‍ അരങ്ങേറി. മെയ് 2 ന് പത്താംക്ലാസിലേക്കു ജയിച്ച മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പഠനോത്സവമാണ് നടന്നത്. റോസ് പദ്ധതിയുടെ ഭാഗമായി നടന്ന പ‌ഠനോത്സവം മഞ്ചേരി മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ കണ്ണിയന്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് ശ്രീമതി സുബൈദ ചെങ്ങരത്ത് സംസാരിച്ചു. പി.ടി. എ പ്രസി‍ഡന്റ് ശ്രീ അബ്ദുല്‍നാസര്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ശ്രീ. കെ.വി മോഹനന്‍ 'റോസ്' പദ്ധതി വിശദീകരിച്ചു. ശ്രീ ഇസ്മായില്‍ പൂതനാരി സ്വാഗതം പറഞ്ഞു.
സര്‍വ്വശ്രീ.
    1)ദിനേശന്‍ പാഞ്ചേരി ( മലയാളം/ അഭിനയം)
    2)സതീശന്‍മാസ്റ്റര്‍- ഇംഗ്ലീഷ്
    3)എന്‍.കെ. മണി (ശാസ്ത്രം)
    4)സുധീഷ്ഷേണായി (സാമൂഹ്യശാസ്കം)
    5മനോജ് (നാടന്‍പാട്ട്)
    6അഷ്റഫ് (ഹിന്ദി)
    7)നാരായണനുണ്ണി /വേണു പുഞ്ചപ്പാടം (ഗണിതം)
    8)ഷാജിമാസ്ററര്‍ --ചിത്രം
    തുടങ്ങിയവര്‍ ക്ലാസുകളെടുത്തു. രാവിലെ 9 മണിക്കാരംഭിച്ച കേമ്പ് വൈകിട്ട് 5 മണിക്ക് സമാപിച്ചു
  • ഏതു പ്രവര്‍ത്തനം കഴിഞ്ഞാലും കുട്ടികളുടെ വിലയിരുത്തലുണ്ടാകും. ഇതാ പ്രതികരണങ്ങള്‍
പഠനോത്സവത്തെക്കുറിച്ച് കുട്ടികള്‍ പറയുന്നു.
  • മഞ്ചേരി ജി.ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. കാരണം മറ്റൊരു സ്കൂളിലും ഇത്തരമൊരു ക്ലാസ് കിട്ടിയിട്ടുണ്ടാവില്ല.
  • എനിക്ക് ഈ വിദ്യാലയത്തോട് വെറുപ്പായിരുന്നു. എന്നാല്‍ ഈ ക്യാമ്പോടെ ഞാന്‍ ഈ വിദ്യാലയത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങി...
  • ഈ ബാച്ചിന്റെ ഭാഗ്യമാണ് ഈ ക്ലാസ്. ഇതു ഞങ്ങള്‍ക്ക് ആത്മവിശ്വാസം തന്നു.
  • ഇന്നത്തെ ക്ലാസ് ഒരു ക്ലാസല്ലായിരുന്നു..മറിച്ച് ഒരനുഭവമായിരുന്നു.
  • ഓരോ ക്ലാസും തുടങ്ങിക്കഴിയുമ്പോഴേക്കും സമയം പെട്ടെന്നു തീര്‍ന്നുപോകുന്നു
  • ആരോ വാച്ചിലെ സൂചി തിരിച്ചു വെക്കുന്നതുപോലെ... 4.30 ആയപ്പോഴേക്കും
  • എന്റെ മനസ്സില്‍ ഒരു വേദന..സത്യം പറഞ്ഞാല്‍ വീട്ടിലേക്കു പോകാന്‍തന്നെ തോന്നുന്നില്ല.
  • പാട്ടും വിഷയങ്ങളുടെ പ്രയാസമില്ലായ്മയും...ബെല്ലടിക്കല്ലേ എന്നു വിചാരിച്ചുപോയി...
  • ഇതേ രീതിയില്‍ അറബിയുടെ ക്ലാസും വേണം.
  • ഓരോ അധ്യാപകന്റെയും അവതരണശൈലിയും സംസാരരീതിയും വ്യത്യസ്തവും
    ആകര്‍ഷണീയവുമായിരുന്നു.
  • കടുത്ത ചൂടിലും ഇവിടുന്നു കിട്ടിയ കുളിര്‍മ മനസ്സിലെ എല്ലാ ചിന്തകളെയും മാറ്റി..
  • ക്ലാസുകളെടുത്തവര്‍ക്കും ഞങ്ങള്‍ക്കും ചായയും മറ്റും വിതരണം ചെയ്തത് ഇവിടത്തെ
    അധ്യാപകരുടെ വലിയ മനസ്സാണ്. ഞങ്ങളെ ഇത്രയധികം ശ്രദ്ധിക്കുന്നതിനും ഞങ്ങള്‍ക്കായി പ്രയാസപ്പെടുന്നതിനും നന്ദി..
  • ചുരുങ്ങിയ സമയംകൊണ്ട് കണക്കിനോടുള്ള എന്റെ ഭയം മാറ്റി താല്പര്യമുണര്‍ത്തി..
  • എല്ലാ സാറന്മാരുടെയും സ്വഭാവം നന്നായിരുന്നു. അവര്‍ സുഹൃത്തുക്കളെപ്പോലെയാണ്
    ക്ലാസുകളെടുത്തത്.
  • ഞങ്ങളുടെ മടിയും പേടിയും നാണവുമെല്ലാം മാറ്റി സമൂഹത്തിന്റെ മുന്നില്‍ ഉയര്‍ന്ന
    സ്ഥാനത്തെത്താന്‍ ഞങ്ങളെ സഹായിച്ച ക്ലാസ്...
  • ഇങ്ങനെയുള്ള ക്ലാസുകള്‍ ഇനിയും കിട്ടുകയാണെങ്കില്‍ എനിക്കും കൂട്ടുകാര്‍ക്കും ഉന്നത
    വിജയം നേടാന്‍ കഴിയും. അതോടൊപ്പം ഈ സ്ഥാപനത്തിന്റെ അഭിമാനമാവാനും..
  • പത്താംക്ലാസിന്റെ തുടക്കം ഇങ്ങനെ ഒരു ക്യാമ്പിലൂടെയായത് നന്നായി...
  • വാത്സല്യത്തിന്റെയും ലാളിത്യത്തിന്റെയും ലോകത്തേയ്ക്കൊരു കുതിച്ചുചാട്ടം.
  • കോഴിക്കോട്ടുനിന്നും എറണാംകുളത്തുനിന്നും വഴിക്കടവുനിന്നുമെല്ലാം വന്ന
    അധ്യാപകര്‍....അധ്യാപിക എന്ന മഹത്തായ വാക്കിന്റെ അര്‍ത്ഥം ഇന്നറിഞ്ഞു.
    ഇപ്പോള്‍ മനസ്സില്‍ ഒരു കാര്യം മാത്രം..വിജയം
  • എന്തൊരു നല്ല തുടക്കം..!! ഒടുക്കവും ഇതുപോലെയാവട്ടെ.... ഈ ഒരു വര്‍ഷം എങ്ങനെ നയിക്കണം എന്ന് ഒരു ദിവസം കൊണ്ടാണ് പഠിച്ചത്. ജി.ജി.എച്ച്.എസ്.എസിന്റെ ചരിത്രത്തില്‍ ആദ്യമായാണോ ഇങ്ങനെയൊരുഗ്രന്‍പരിപാടി എന്നറിയില്ല. ആദ്യമായിട്ടാണെങ്കില്‍ ഇത്രത്തോളം നന്നായത് ക്ലാസ് എടുത്ത മുഴുവന്‍ അധ്യാപകരുടെയും അര്‍പ്പണമനോഭാവം കൊണ്ടു മാത്രമാണ്. ഞങ്ങള്‍ക്ക് ഇതു ലഭിച്ചത് എസ്.എസ്.എല്‍.സി യുടെ ഭാഗമായിട്ടാണ്. ഇനി ഞങ്ങളുടെ പിന്‍പിലൂടെ 10 ലേക്ക് കയറി വരുന്ന കൂട്ടുകാര്‍ക്ക് ഇത് ചെറിയ ക്ലാസിലേ നല്കാന്‍ നമ്മുടെ സ്കൂളിനു കഴിയേണ്ടതുണ്ട്. അത് വിജയത്തിന്റെ മുന്നോടിയാണ്. ക്ലാസെടുക്കാന്‍ വന്ന അധ്യാപകരെക്കുറിച്ച് അഭിപ്രായം പറയാന്‍ അര്‍ഹതയുണ്ടോ എന്നെനിക്കറിയില്ല. വളരെ നല്ല അധ്യാപകന്‍. അവരെ ഇങ്ങോട്ടെത്തിച്ചവര്‍ അതിലും സ്നേഹം നിറഞ്ഞ അധ്യാപകര്‍. ക്ലാസുകളിലിരുന്ന് മുഷിയില്ല. ഉറക്കം വരില്ല. ഉണര്‍ന്ന് ഉന്മേഷത്തോടെ ക്ലാസെടുക്കാന്‍ ഇവര്‍ക്കെങ്ങനെയാണ് കഴിയുന്നത്? ഇന്റര്‍വെല്ലുകളില്ലാതെ, ഒരു കുട്ടിപോലും പുറത്തുപോകാനാഗ്രഹിക്കാതിരിക്കുന്നു. അങ്ങോട്ടുമിങ്ങോട്ടുമുള്ള നടത്തം ഒരു വിഷമമേയല്ലായിരുന്നു. അപ്പോഴും ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു-ഓരോ ക്ലാസിന്റെയും മേന്മയെക്കുറിച്ച്. ഇവരെല്ലാരുമുള്ള ഒരു സ്കൂളിലെ വിദ്യാര്‍ഥിയാകാന്‍ ഞാനും ആഗ്രഹിക്കുന്നു. ഭാവിയില്‍ അങ്ങനെയൊരു ഭാഗ്യം തരണേയെന്നു പ്രാര്‍ഥിക്കുന്നു......
ആത്മവിശ്വാസം പകര്‍ന്ന് മോട്ടിവേഷന്‍ ക്ലാസ്
മഞ്ചേരി-2013-14 വര്‍ഷത്തില്‍ പത്താംക്ലാസിലേക്കു വിജയിച്ചമുഴുവന്‍ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമുള്ള മോട്ടിവേഷന്‍ ക്ലാസ് ഏപ്രില്‍ 26,27,29,30 തിയ്യതികളില്‍ സ്കൂള്‍ മള്‍ട്ടിമീഡിയാഹാളില്‍ നടന്നു. ,ബി,സി/ഡി..എഫ്,/ജി.എച്ച്, /ജെ,കെ എന്നിങ്ങനെ നാലു ബാച്ചായാണ് ക്ലാസ് നടന്നത്. രാവിലെ 10 മുതല്‍ 12.30 വരെ കുട്ടികള്‍ക്കും ഉച്ചയ്ക്ക്2മുതല്‍ 4 വരെ രക്ഷിതാക്കള്‍ക്കും വേണ്ടിയാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചത്. കുട്ടികള്‍ നേരിടുന്ന പ‌ഠനപ്രയാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതി നോടൊപ്പം ഭാവിയില്‍ ഏറ്റെടുക്കാന്‍ പോകുന്ന'റോസ്" പ്രവര്‍ത്തനപദ്ധതിയും കേമ്പില്‍ ചര്‍ച്ച ചെയ്തു. കുട്ടികളും രക്ഷിതാക്കളും പരിപാടികള്‍ സ്വാഗതം ചെയ്യുകയും എല്ലാവിധ പിന്തുണയും വാഗ്ദാനം നല്കുകയും ചെയ്തു. നാലു ദിവസവും ശ്രീ. കെ.വി മോഹനന്‍മാസ്റ്റര്‍ ക്ലാസ്സിനു നേതൃത്വം നല്കി. ഹെഡ് മിസ്ട്രസ് ശ്രീമതി സുബൈദ ചെങ്ങരത്ത് കേമ്പ് ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി ഹെഡ് മാസ്റ്റര്‍ ശ്രീ കോയമാസ്റ്റര്‍, വിജയഭേരി കണ്‍വീനര്‍ ഇസ്മായില്‍പൂതനാരി, സൈതലവിമാസ്റ്റര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മോട്ടിവേഷന്‍ ക്ലാസിനെക്കുറിച്ച് കുട്ടികള്‍
-ഇത്തരമൊരനുഭവം ആദ്യം......
-എല്ലാ വിഷയങ്ങളിലും A+ നേടാനുള്ള ആത്മവിശ്വാസം കൈവന്നു....
-ലക്ഷ്യത്തിലേക്കു കുതിക്കണമെന്ന തോന്നലുണ്ടായി...
-പരീക്ഷയെക്കുറിച്ച് പേടിയില്ലാതായി......
-അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടുകാരുടെയും സഹായത്തോടെ
-100 ശതമാനം വിജയമെന്ന വിദ്യാലയത്തിന്റെ സ്വപ്നം സഫലമാക്കും.
-മറ്റു ക്ലാസിലെ കുട്ടികള്‍ക്കും മോട്ടിവേഷന്‍ ക്ലാസ് നല്കണം....
-രാവിലെ മടിച്ചുമടിച്ചാണ് വന്നത്..ഇപ്പോള്‍ ഈ ക്ലാസില്‍
പങ്കെടുത്തിരുന്നില്ലെങ്കില്‍ വലിയൊരു നഷ്ടമായിരുന്നെന്നു തോന്നുന്നു.
-മനസ്സിന് ആശ്വാസം ലഭിച്ചതുപോലെ ....
-ഇത്തരം ക്ലാസുകള്‍ രക്ഷിതാക്കള്‍ക്കും നല്കണം.........
-കഠിനമായി ശ്രമിക്കണമെന്നും ശ്രമിച്ചാല്‍ എന്തും നേടാമെന്നും തോന്നി...
വിഷയസമിതി
വിദ്യാലയത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടണമെങ്കില്‍ അതിന്റെ ആസൂത്രണം മെച്ചപ്പെടണം. മഞ്ചേരി ഹൈസ്കൂളിലെ സ്കൂള്‍ സബ്ജക്ട് കൗണ്‍സില്‍ യോഗത്തിലേക്കുളള ആസൂത്രണക്കുറിപ്പാണ് ചുവടെ
വിഷയസമിതിയോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്.
ഭാഗം-1- എസ്.ആര്‍.ജി തീരുമാനം റിപ്പോര്‍ട്ടുചെയ്യല്‍- പരമാവധി10മിനിട്ട്
  • *ഒന്നാം ടേം പരീക്ഷയിലെ പൊതു നിലവാരം -ഗ്രേഡ് - പിറകോട്ടു പോകാനുള്ള കാരണം.
*ഇനി ചെയ്യാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍
  • -വൈകുന്നേരം 4 മുതല്‍ 5 വരെ ക്ലാസ്സ് . തിങ്കളാഴ്ച്ച മുതല്‍-പങ്കാളിത്തം നിര്‍ബന്ധം.
  • -മുന്നോക്കം നില്‍ക്കുന്നവര്‍ക്കം വൈകിട്ട് 4 മുതല്‍ ക്ലാസ്. ഏതാണ്ട് 160 കുട്ടികള്‍.
  • -മറ്റു കുട്ടികള്‍ക്ക് രാവിലെ 9 മണി മുതല്‍ ക്ലാസ്സ്.
  • -മലയാളം ക്ലാസ്സ് രാവിലെ 8 .30 മുതല്‍,
  • -ഇതിനായി മുന്നോക്കം ( 6 +നു മുകളില്‍ സ്കോര്‍ നേടിയ കുട്ടികള്‍) പിന്നോക്കം നില്‍ക്കുന്നവരുടെയും പട്ടിക തയ്യാറാക്കല്‍. വിഷയത്തിനാവശ്യമായ മൊഡ്യൂള്‍ തയ്യാറാക്കല്‍.
  • -ഓരോ വിഷയവും മോട്ടിവേഷന്‍ ക്ലാസ്സായി മാറണം.
  • -കണക്ക്, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് തുടര്‍ച്ചയായി 5 ദിവസവും മറ്റു വിഷയങ്ങള്‍ക്ക് 2ദിവസം വീതവുമാണ് ക്ലാസ് ലഭിക്കുക.
  • -ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് ചായ, പലഹാരം നല്കണം. ഏതാണ്ട് 90 ദിവസം. പ്രതീക്ഷിക്കുന്ന ചെലവ് 125000.-സാമ്പത്തികം ഒരു കുട്ടി 50 രൂപ.(പത്താംക്ലാസ് മാത്രം) ബാക്കി സ്പോണ്‍സറിംഗ് വഴി കണ്ടെത്താന്‍ പി.ടി.എ തീരുമാനിക്കണം. ഒരു ദിവസത്തെ ചെലവിന് 1000 രൂപ വീതം.സ്പോണ്‍സറിംഗിന് താല്പര്യമുള്ളവരുടെ പേരു ശേഖരിക്കല്‍.
-ജനുവരി 1 മുതല്‍ രാവിലെ 7.30 മുതല്‍ മുന്നോക്ക/ പിന്നോക്കക്കാര്‍ക്ക് ക്ലാസ്. കൂടുതല്‍
സഹായം ആവശ്യമുള്ളവര്‍ക്ക് വൈകിട്ട് 4മുതല്‍ 5.30 വരെ ക്ലാസ്. രക്ഷിതാക്കളുടെ സഹായസഹകരണങ്ങള്‍ ആവശ്യമാണ്.
-NMMS, NTS, LSS,USS പരീക്ഷകള്‍ക്ക് പ്രത്യേക പരീശീലനം അടുത്ത ആഴ്ചമുതല്‍.
-എസ്,സി കുട്ടികളുടെ പഠനാവസ്ഥ കണ്ടെത്തല്‍. ഇതിനായി 10 ,ബി,,ജെ ക്ലാസ്സുകളില്‍
വിലയിരുത്തല്‍ നടത്തണം. ആവശ്യമെങ്കില്‍ രക്ഷിതാക്കളുടെ കൂടി സഹകരണത്തോടെ
പ്രത്യേക പരിശീലനങ്ങള്‍ നല്കണം.
-സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലെ പാഠഭാഗങ്ങളില്‍ നിന്നുള്ള വര്‍ക്ക് ഷീറ്റുകള്‍
തയ്യാറാക്കി നവംബര്‍ 5നു മുമ്പ് എസ്.ആര്‍.ജി കണ്‍വീനറെ ഏല്പിക്കണം. നവംബര്‍ 9ന്
കുട്ടികള്‍ക്ക് നല്കണം. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30-!.55 വരെ ക്ലാസ്സില്‍ ചര്‍ച്ച ചെയ്യണം..ടൈംടേബിള്‍ പൊതുവായി നല്കും.
-പത്താം ക്ലാസ് പാഠഭാഗങ്ങള്‍ ഡിസംബര്‍ 31 നു മുമ്പ് തീര്‍ക്കണം.
-പൂര്‍വവിദ്യാര്‍ത്ഥിനീസംഘടനരൂപീകരണം- വിവിധ ഘട്ടങ്ങളായി നവംബര്‍ 15 നു മുന്‍പ്
പൂര്‍ത്തിയാക്കണം.
ഭാഗം- 2 മറ്റധ്യാപകരുടെ പ്രതികരണം പരമാവധി 10 മിനിട്ട്
ഭാഗം-3 ചര്‍ച്ച- തീരുമാനമെടുക്കല്‍-ചുമതല നല്കല്‍. 15 മിനിട്ട്
നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ധനാത്മകമായി കണ്‍വീനറുടെ ക്രോഡീകരണം.
CPTA
സബ്ജക്ട് കൗണ്‍സില്‍ മാത്രമല്ല ക്ലാസ് പി ടി എ സംവിധാനവും വിദ്യാഭ്യാസ ഗുണനിലവാരമുയര്‍ത്താന്‍ വളരെ ഫലപ്രദമാണ്. അതിന്റെ ആസൂത്രണക്കുറിപ്പിങ്ങനെ
ചര്‍ച്ച ചെയ്യേണ്ടത്.
  • -കുട്ടികളുടെ ഇപ്പോഴത്തെ അവസ്ഥ- അവതരണം -കുറിപ്പിന്റെ അടിസ്ഥാനത്തില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍- കൂട്ടായ പരിഹാരം.
  • ഈ വര്‍ഷത്തെ ലക്ഷ്യത്തെ എങ്ങനെ ബാധിക്കുമെന്ന് വിശകലനം.
  • -ക്ലാസ് പരീക്ഷകളിലെത്തി നില്‍ക്കുന്ന അവസ്ഥ.
  • -ടേം മൂല്യനിര്‍ണയത്തില്‍ നാം പ്രതീക്ഷിക്കുന്ന സമ്പൂര്‍ണവിജയം.
  • ഇനി നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍.
    • -വിവിധ വിഷയങ്ങളില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള ക്ലാസ്സുകള്‍.
    • -വിജയഭേരി ക്ലാസ്സുകള്‍.
    • -ഒന്നാം ഘട്ട ഗൃഹസന്ദര്‍ശനം. (റംസാനു ശേഷം)
    • -വിഷയക്ലബ്ബുകളു‌ടെ പ്രവര്‍ത്തനം.
  • -സൈബര്‍ക്രൈം ചര്‍ച്ച
  • -വിവിധ സ്കോളര്‍ഷിപ്പുകള്‍ പരിചയപ്പെടുത്തല്‍.
സ്വയം വിലയിരുത്തല്‍
കുട്ടികള്‍ക്ക് സ്വയം വിലയിരുത്താനുളള ഫോര്‍മാറ്റ് ഇങ്ങനെ. ഇതു ക്രോഡീകരിച്ച് കൂടുതല്‍ സഹായം വേണ്ടതില്‍ പ്രവര്‍ത്തനം നടത്തും.

സ്വയം വിലയരുത്തല്‍ ആസ്വാദനം ഉപന്യാസം കഥാപാത്രനിരൂപണം വിശകലനക്കുറിപ്പ് താരതമ്യക്കുറിപ്പ് യാത്രാവിവരണം സമര്‍ഥനം കത്ത് വിവരണം തിരക്കഥ കാവ്യഭംഗി സംവാദക്കുറിപ്പ് ഡയറി അഭിനന്ദനക്കത്ത് കഥാവിശകലനം ഔചിത്യം പ്രതികരണക്കുറിപ്പ് എഡിറ്റിംഗ് വാങ്മയചിത്രം പ്രയോഗസഭംഗി എഡിറ്റോറിയല്‍ പ്രഭാഷണം
A-മികച്ച നിലവാരത്തില്‍ തയ്യാറാക്കാന്‍ കഴിയും























B-ശരാശരി നിലവാരം























C-ചെറിയ സഹായത്തോടെ ചെയ്യാന്‍ കഴിയും























D-കൂടുതല്‍ സഹായം വേണം























പരസ്പര വിലയിരുത്തല്‍
ക്ലാസിലെ പരസ്പരവിലയിരുത്തലിന്റെ രീതി മോഹനനന്‍ മാഷ് പങ്കിട്ടു. രചന കഴിഞ്ഞാല്‍ കുട്ടികളുടെ ഗ്രൂപ്പുകള്‍ പരസ്പരം കൈമാറി അവ വിലയിരുത്തി സ്കോര്‍ നല്‍കും. പത്തിലാണ് സ്കോര്‍. എന്തു കൊണ്ട് സ്കോര്‍ കുറഞ്ഞു എന്നു വിശദീകരിക്കേണ്ട ചുമതല സ്കോര്‍ നല്‍കിയ ഗ്രൂപ്പിനുണ്ട്. ആസ്വാദനക്കുറിപ്പില്‍ കാവ്യഭാഷ വിശകലനം ചെയ്യാത്തതിനാലാണ് സ്കോര്‍ കുറച്ചത് എന്നു പറഞ്ഞാല്‍ പോര അവരിരാരെങ്കിലും എഴുതിയ ഉദാഹരണം നല്‍കണം.ഇങ്ങനെ ഉദാഹരണസഹിതം അവതരിപ്പിക്കുന്നതിലൂടെ എല്ലാവര്‍ക്കും വ്യക്തമായ ധാരണ ലഭിക്കും. അധ്യാപകന്റെ കൂട്ടിച്ചേര്‍ക്കലും നടത്തിയാല്‍ ഗംഭീരമാകും. വിലയിരുത്തില്‍ പഠനത്തിനാണെന്നു പറഞ്ഞാല്‍ പോര കുട്ടികള്‍ക്കു ബോധ്യപ്പെടണം. അതു നിലവാരം ഉയര്‍ത്താനുളള ഫലപ്രദമായ മാര്‍ഗമാണ്.
ഇനിയും ഏറെ പറയാനും പങ്കുവെക്കാനും ഉണ്ട്.ഇനിയും ഏറെ പറയാനും പങ്കുവെക്കാനും ഉണ്ട്
ഇത്തരം അധ്യാപകരെ പാഠ്യപദ്ധതി പരിഷ്കരണത്തില്‍ പങ്കാളികളാക്കുക തന്നെ വേണമായിരുന്നു. എന്തുകൊണ്ടോ ഇപ്പോള്‍ മോഹനന്‍ മാഷെ വിളിച്ചില്ല.
മനസില്‍ ഒരു ചോദ്യചിഹ്നം കിടക്കട്ടെ.
Photo

Saturday, December 21, 2013

നിഖിലയും നിരന്തര വിലയിരുത്തലും


നിഖിലയുടെ മലയാളത്തിലുളള നിലവാരം വിലയിരുത്തുന്നതിനായി ഞങ്ങള്‍ നാലു ടീമിനെ ചുമതലപ്പെടുത്തി. അവരുടെ വിലയിരുത്തല്‍ കുറിപ്പുകളാണ് ചുവടെ. നിരന്തരവിലയിരുത്തലും ഫീഡ് ബാക്കും സംബന്ധിച്ച് വ്യക്തത തേടുന്നതിന്റെ ഭാഗമായാണ് ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ പ്രവര്‍ത്തനം നടത്തിയതെങ്കിലും ഇന്നും പ്രസക്തം.
ഒന്നാം സംഘത്തിന്റെ വിലയിരുത്തല്‍
അവരുടെ വിലയിരുത്തല്‍ മറ്റുളളവര്‍ വിമര്‍ശനാത്മകമായി പരിശോധിച്ചു. ആ ഗ്രൂപ്പ് നിഖിലയെ വിലയിരുത്തിയതിങ്ങനെ
  • വിവിധഭാഷാരൂപങ്ങളെക്കുറിച്ച് ധാരണ
  • ആകര്‍ഷകമായ ഭാഷയുണ്ട്
  • നൈസര്‍‌ഗികമായി ഭാഷ ഉപയോഗിക്കുന്നു
  • പരിസ്ഥിതി വര്‍ണന നല്ല രീതിയില്‍ നടത്താന്‍ കഴിവുണ്ട്
  • ആശയവും വികാരവും ബന്ധിപ്പിച്ച് എഴുതാന്‍ കഴിയുന്നുണ്ട്
  • വായനാശീലം കൂടുതലുളള കുട്ടി
ഈ വിലയിരുത്തല്‍ മൂന്നാമതൊരാള്‍ക്ക് നല്‍കുന്ന സൂചനയെന്താണ്? സ്വയം വിശദീകരണക്ഷമമാണോ?നിഖിലയുടെ യഥാര്‍ഥ കഴിവുകളെ പ്രതിഫലിക്കുന്നുണ്ടോ? നല്ല ഒരു നോവല്‍ വായിച്ചാല്‍ കൊളളാം,തരക്കേടില്ല,ഉഗ്രന്‍ എന്നൊക്കെ പറഞ്ഞാല്‍ അത് മികവിന്റെ എല്ലാ അര്‍ഥതലങ്ങളും നല്‍കമോ?
ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പിശുക്കുകാട്ടാതെ വിലയിരുത്താന്‍ ആവശ്യപ്പെട്ടു.
രണ്ടാം ഗ്രൂപ്പിന്റെ വിലയിരുത്തല്‍
വിലയിരുത്തലിന്റെ വിലയിരുത്തലിനെ തുടര്‍ന്ന് രണ്ടാം ഗ്രൂപ്പ് അവരുടെ വിലയിരുത്തല്‍ മെച്ചപ്പെടുത്തി അവതരിപ്പിച്ചു
കാവ്യാത്മകമായി ഭാഷ പ്രയോഗിക്കാന്‍ കഴിവുളള കുട്ടിയാണ്.യാത്രാനുഭവത്തില്‍ ആത്മാംശം തുടിക്കുന്ന വരികള്‍ കുട്ടിക്ക് പ്രയോഗിക്കാനായി .ഗ്രാമീണതയോടും അതിന്റെ സൗന്ദര്യത്തോടും കുട്ടിക്ക് അളവറ്റ ഹൃദയബന്ധമുണ്ടെന്ന് വരികളേ്‍ക്കിടയിലൂടെ വായിക്കാം.പട്ടണത്തിന്റെ കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ നിന്നും കല്ലും മുളളും നിറഞ്ഞ പഞ്ചായത്തു റോഡുകള്‍ താണ്ടി ചാലിയാര്‍ പുഴയുടെ തീരത്തെത്തിയാലുളള മനസ്സുഖത്തെക്കുറിച്ച് നിഖില വിവരിക്കുന്നത് ഈ വൈകാരികതലം ഉളളതുകൊണ്ടാണ്.ശൈലീപരമായ മികവ് നിലനിറുത്താന്‍ സാധിക്കുന്നുണ്ട്.സുഗതകുമാരിക്കവിതയെക്കുറിച്ചുളള ആസ്വാദനം വാങ്മയ ചിത്രങ്ങള്‍ പകര്‍ന്നു നല്‍കുവാനുളള കുട്ടിയുടെ കഴിവ് വ്യക്തമാക്കുന്നു.ഭാഷ ഒഴുക്കോടെ പ്രയോഗിക്കാനാകും എന്നത് ശ്രദ്ധേയമാണ്.ഉചിതമായ പദങ്ങള്‍ തെരഞ്ഞെടുത്ത് പ്രയോഗിക്കാനാകുന്നുണ്ട്.ആസ്വാദനക്കുറിപ്പില്‍ ഈ മികവ് പ്രകടമാണ്.വരികള്‍ക്ക് വൈകാരികാംശം തുടിക്കുന്നത് യാത്രാനുഭവത്തിലും ആത്മകഥയിലും ദൃശ്യമാണ്.
വ്യവഹാരരൂപങ്ങള്‍ തമ്മിലുളള അതിര്‍വരമ്പുകള്‍ ചിലപ്പോള്‍ നിഖില ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്.ആത്മകഥയില്‍ യാത്രാനുഭവങ്ങളുടെ പ്രാമുഖ്യം കൂടി വരുന്നത് രചനയെ ബാധിച്ചിട്ടുണ്ട്. ആത്മകഥ,യാത്രാവിവരണം എന്നീ വ്യവഹാരരൂപങ്ങളുടെ വേര്‍തിരിവ് നിഖില ഇനിയും പരിചയപ്പെടണം
(ഏതാണ് നല്ല വിലയിരുത്തല്‍?നിഖിലയ്ക് മെച്ചപ്പെടാന്‍ കൂടി സഹായകം.അഭിമാനിക്കാന്‍ പാകത്തിലുളളത്? രണ്ടാമത്തേത് പരിചയപ്പെടും വരെ ആദ്യത്തേതിനു കുഴപ്പമില്ല എന്നായിരുന്നല്ലോ നമ്മുടെ ചിന്ത)
ഗ്രൂപ്പ് മൂന്ന്
  • ഏതു സന്ദര്‍ഭത്തിലും ഏതു വ്യവഹാരരൂപത്തിലൂടെയും ഏറ്റവും അനുയോജ്യമായി ഭാഷ പ്രയോഗിക്കുവാനുളള കഴിവ് നിഖിലയ്കുണ്ട്.ഭാഷാപ്രയോഗത്തിന്റെ ഔന്നിത്യം ഒരാളുടെ ആത്മാവിഷ്കാരത്തിലാണ്.അത് ആവോളം പ്രകടമാകുന്ന നിരവധി രംഗങ്ങള്‍ ഈ രചനകളിലുണ്ട്.
  • ആലങ്കാരികമായ ഭാഷാപ്രയോഗങ്ങള്‍ രചനകളിലുടനീളം കാണാന്‍ കഴിയും.
    • സിന്ദൂരതിലകം ചാര്‍ത്തിയ പുഴ
    • ഓണപ്പൂവും കാട്ടുതെച്ചിയും ഞങ്ങളെ വരവേല്‍ക്കാന്‍ പൂത്താലവുമായി നില്‍ക്കുകയായിരുന്നു.
  • വരികള്‍ക്കിടയില്‍ വായിക്കുക,അപഗ്രഥിക്കുക തുടങ്ങിയ തുടങ്ങിയ ശേഷികള്‍ കുട്ടിക്കുണ്ട്.നിഖിലയെ എ, ബി തുടങ്ങിയ ഇംഗ്ളീഷ് അക്ഷരങ്ങള്‍ കൊണ്ടു വിലയിരുത്തുക അസാധ്യം
നാലാം ഗ്രൂപ്പ്
ക്ലാസധ്യാപകനുമായി ചര്‍ച്ച ചെയ്ത ശേഷം കുട്ടിയെക്കുറിച്ച് നാലാം ഗ്രൂപ്പ് പറയുന്നു
  • ഭാഷാപഠനത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്നു. ഭാഷാ ക്ലാസുകളില്‍ വളരെ സജീവം.വിമര്‍ശനാത്മകമായി കാര്യങ്ങള്‍ വിശകലനം ചെയ്യും.വസ്തുതകള്‍ അവതരിപ്പിക്കുന്നതിലെ മിതത്വം, ശൈലി ഇവ മികച്ചതാണ്.സെമിനാറുകളില്‍ മോഡറേറ്ററുടെ റോളില്‍ അവള്‍ തിളങ്ങും.
  • ശക്തവും ആകര്‍ഷകവുമായ ഭാഷയില്‍ ആസ്വാദനക്കുറിപ്പുകള്‍ തയ്യാറാക്കും.ആശയം,വാങ്മയചിത്രം,കവിയുടെ ഭാഷ തുടങ്ങിയവയൊക്കെ ആകര്‍ഷകമായ ഭാഷയില്‍ അവതരിപ്പിക്കും. സുഗതകുമാരിയുടെ കവിതകളില്‍ കാണുന്ന കൃഷ്ണഭക്തി,അനുരാഗം,വിരഹിയായ രാധയുടെഭാവം എന്നിവ കൂടി പരിഗണിച്ചാല്‍ ആസ്വാദ‌നക്കുറിപ്പിനു മികവ് കൂടുമായിരുന്നു.( നിഖിലയുടെ നോട്ട് ബുക്ക് പേജ് 5,6,7)
  • യാത്രാനുഭവം മികച്ചതു തന്നെ.ഉപയോഗിച്ച ഭാഷ അതിശയിപ്പിക്കുന്നു. ഭാഷയുടെ ഒഴുക്ക്,ശൈലി,കാഴ്ചയിലെ സൂക്ഷ്മത ഇവയൊക്കെ വളരെ നന്നായിരിക്കുന്നു (പേജ് 50.51)
  • ആത്മകഥ,ഓര്‍മക്കുറിപ്പുകള്‍ ഇവയിലെ ആത്മാംശമുളള ഭാഷ ഏറ്റവും മികച്ചതു തന്നെ ( പേജ് 40)
(തെളിവുകള്‍ സഹിതമുളള നാലാം വിലിയിരുത്തല്‍ എങ്ങനെ? കൂടുതല്‍ ആധികാരികത ഉണ്ടോ?) മുകളില്‍ നല്‍കിയ ഗുണാത്മകക്കുറിപ്പുകളല്ലേ ശരിക്കും നിഖിലയുടെ കഴിവുകളെ പ്രതിഫലിക്കുന്നത്. ഓരോ കുട്ടിയും വ്യത്യസ്തമാണ്. എങ്കില്‍ അതു മാനിക്കുന്നതാകണം വിലയിരുത്തല്‍.
  • ഇത്തരം വിലയിരുത്തല്‍ കുറിപ്പുകള്‍ കുട്ടികള്‍ അന്യോന്യം കൈമാറി വായിക്കും.
  • അത് ഓരോരുത്തര്‍ക്കും തിരിച്ചറിവുകള്‍ നല്‍കും.
  • കുടുതല്‍ മികവിനായുളള ദാഹമുണ്ടാകും.
  • വീട്ടിലുളളവര്‍ക്കും നാട്ടുകാര്‍ക്കും ഭാഷാപഠനത്തെക്കുറിച്ചും കുട്ടിയുടെ ഭാഷാ നിലവാരത്തെക്കുറിച്ചും മതിപ്പുണ്ടാകും.
  • അധ്യാപകനാകട്ടെ എവിടെയും അഭിമാനത്തോടെ പങ്കിടാവുന്ന വിലയിരുത്തലിന്റെ അനുഭവങ്ങളും. നിരന്തരവിലയിരുത്തലിന്റെ ആസ്വാദ്യത അനുഭവിക്കാന്‍ അധ്യാപകര്‍ തയ്യാറാകുമോ?
  • ഒരു ക്ലാസിലെ പത്തു കുട്ടികളുടെ വിലയിരുത്തല്‍ കുറിപ്പുകള്‍ ഒരു മാസം തയ്യാറാക്കാനാകില്ലോ? നാലു മാസം കൊണ്ട് മുഴുവന്‍ കുട്ടികളുടേയും. ഒരു കുട്ടിയെപ്പോലും നന്നായി വിലയിരുത്താന്‍ ശ്രമിക്കാതിരുന്ന താങ്കള്‍ക്ക് കുറ്റബോധം തോന്നുന്നില്ലേ? എല്ലാ വിദ്യാഭ്യാസഭവകുപ്പ് പറയണമെന്നു വകുപ്പുണ്ടോ? താങ്കള്‍ക്കു സ്വന്തമായ അന്വേഷണം ആകാമായിരുന്നു.
അനുബന്ധം (നിഖിലയുടെ രചനകളില്‍ നിന്നും ചില ഭാഗങ്ങള്‍)
  1. ഞാന്‍ നിഖില. മഞ്ചേരി ഗവണ്മെന്റ് ഗേള്‍സ് സ്കൂളിലെ പത്താം തരം വിദ്യാര്‍ഥിനി. എന്റെ ജീവിതത്തില്‍ കഴിഞ്ഞുപോയ വര്‍ഷങ്ങള്‍ എനിക്ക് അവിസ്മരണീയമായ പല അനുഭവങ്ങളും പ്രദാനം ചെയ്തു.എനിക്കു പ്രയപ്പെട്ടതു പലതും നഷ്ടപ്പെടുത്തി. നഷ്ടപ്പെട്ടതിനേക്കാല്‍ ഞാന്‍ എന്നും ഓര്‍മിക്കാനാഗ്രഹിക്കുന്നത് സുഖകരമായ അനുഭൂതികളാണ്.
    കഴിഞ്ഞ വേനലവധിയുടെ മാറ്റു കൂട്ടുന്നതിനായി ഞങ്ങള്‍ മഹാരാഷ്ട്രയിലെ നാസിക്കിലേക്ക് ഒരു വിനോദയാത്ര നടത്തി. തീവണ്ടിയിലായിരുന്നു യാത്ര.നീണ്ടുകിടക്കുന്ന കറുത്ത നാടകള്‍ക്കിടയിലൂടെ ഉത്തരേന്ത്യന്‍ ഗ്രാമീമജീവിതത്തിന്റെ വസന്തത്തെ ആവോളം നുകര്‍ന്നുകൊണ്ടു നടത്തിയ യാത്ര ഇന്നും എന്റെ മനതാരില്‍ മായാതെ കുടികൊളളുന്നു.കണ്ണെത്താ ദുരത്തോളം ചോളവും ഗോതമ്പും വിളഞ്ഞുകിടക്കുന്ന പാടങ്ങള്‍.പച്ചപ്പളുങ്കുമാലകള്‍ തൂങ്ങിക്കിടക്കും മുന്തിരിത്തോപ്പുകള്‍. അവയെല്ലാം കണ്ണിനു കുളിര്‍മയേകുന്നവയാണ്......
  2. എന്റെ അച്ഛന്റെ ജന്മഭൂമിയിലേക്കുളളയാത്ര എനിക്കെന്നും പ്രിയങ്കരമാണ്. മലപ്പുറം ജില്ലിയില്‍ എടവണ്ണയിലെ ചാലിയാര്‍പ്പുഴക്കരയുളള ഒരു ചെറുഗ്രാമത്തിലാണ് അച്ഛന്റെ വീട്.കൊളപ്പാട് എന്നാണ് ആ ഗ്രാമത്തിന്റെ പേര്.........................................................................................
    ചാലിയാര്‍പ്പുഴയുടെ തീരത്തെത്തിയാല്‍ മനസിന് വല്ലാത്തൊരു സുഖമാണ്. എന്റെയും അനുജന്റെയും പൂഹോയ് എന്നുളള വിളികേട്ടാല്‍ വേലായുധേട്ടന്‍ തോണിതുഴഞ്ഞ് ഞങ്ങളുടെ അടുത്തെത്തും.അച്ഛന്റെ ഉര്ര സുഹൃത്താണ് വേലായുധേട്ടന്‍.തോണിയില്‍ കയറിയരുന്നാല്‍ അച്ഛനും വേലായുധേട്ടനും സംഭാഷണത്തില്‍ മുഴുകും. ബസ്ലിലേയും കാറിലേയും ചീറിപ്പാഞ്ഞുളള യാത്രയേക്കാള്‍ എനിക്കഷ്ടമാണ് ഈ തോണിയാത്ര.തോണിയുടെ വളരെ പതുക്കെയുളള ചലനം അതീവഹൃദ്യമാണ്........................തോണി അക്കരെയെത്തി. പുഴയിലേക്കു ഞാന്‍ കാലെടുത്തുവെച്ചു. ചെറുമീനുകള്‍ എന്റെ കാലടികളില്‍ വന്നിക്കിളി കൂട്ടി. അവരുടെ സാന്നിദ്ധ്യം അവര്‍ അറിയിച്ചതാകാം.
    മണല്‍വിരിപ്പിലെ കല്‍‌ക്കണ്ടം പോലുളള വെളളാരം കല്ലുകള്‍ പെറുക്കിയെടുത്തുകൊണ്ട് ഞാന്‍ പതുക്കെ നടന്നു തുടങ്ങി.ഇടവഴിയിലെത്തിയപ്പോള്‍ തുമ്പയും ഓണപ്പൂവും കാട്ടുതെച്ചിയും ഞങ്ങളെ വരവേല്‍ക്കാനായി പൂത്താലവുമായി നില്‍ക്കുകയായിരുന്നു.......................
    ഞങ്ങള്‍ കടവിലെത്തി. ഞാന്‍ ചുറ്റും നോക്കി. വല്ലാത്തൊരു മൂകത.ഒരു മന്ദമാരുതന്‍ പോലും തഴുകുന്നില്ല.വൃക്ഷലതാദികളെല്ലാം നിശ്ചലമായിരിക്കുന്നു.ഞങ്ങളെ പിരിയുന്നതിലുളള ദുഖമായിരിക്കും. പിന്നീടുളള തോണീയാത്ര എനിക്കു രസകരമായി തോന്നിയില്ല.
…........................................................................................................................
ഈ കുറിപ്പ് തയ്യാറാക്കാന്‍ നിഖിലയുടെ ബുക്കുകളുമായി ശില്പശാലയിലെത്തിയ കെ. വി. മോഹനന്‍മാഷോട് കടപ്പാട് . അടുത്ത ലക്കത്തില്‍ മോഹനന്മാഷുടെ അധ്യാപനാനുഭവങ്ങള്‍..
..........................................................................
മലപ്പുറം വിദ്യാഭ്യാസജില്ലയില്‍ 2012 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മലയാളം IIന് ഏറ്റവും കൂടുതല്‍ A+ മഞ്ചേരി ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍. മലപ്പുറം ഡി..ഒ ശ്രീ സഫറുള്ള സാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക അവാര്‍ഡിന് മഞ്ചേരി ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു.
..............................................................................