ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, May 30, 2015

മരിച്ചു ജീവിച്ച വട്ടാര്‍കയം സ്കൂള്‍


വിദ്യാലയങ്ങള്‍ അടച്ചു പൂട്ടരുത് നിലനിറുത്താന്‍ മാര്‍ഗമുണ്ട്.

2014 ജൂണില്‍ ഒരു കുട്ടിപോലും പ്രവേശനം നേടിയില്ല. മാത്രമല്ല ഒരു കുട്ടി പോലും ഒരു ക്ലാസിലുമില്ലാതിരുന്ന വട്ടാര്‍കയം എല്‍ പി സ്കൂളില്‍ 2015 മെയ് ഇരുപത്തിയാറായപ്പോഴേക്കും പതിനെട്ടു കട്ടികള്‍  ചേര്‍ന്നു കഴിഞ്ഞു. നിലനിറുത്താനായുളള സമരത്തിന്റെ വിജയമാണിത്.

പഠിക്കാന്‍ വിദ്യാര്‍ഥികളെ കിട്ടാതെ അടച്ചു പൂട്ടിയെന്നു വിധിയെഴുതിയ റാന്നി മന്ദമരുതി വട്ടാര്‍കയം സര്‍ക്കാര്‍ സ്‌കൂളിന്‌ പുതു ജീവന്‍ ലഭിച്ച കഥയാണിത്. പ്രഥമാധ്യാപിക അടക്കം നാല്‌ അധ്യാപകര്‍ ഉണ്ടായിരുന്ന വട്ടാര്‍കയം എല്‍.പി സ്‌കൂളില്‍ 2014-15 അധ്യയന വര്‍ഷം പ്രവേശനത്തിന്‌ ആരും എത്തിയില്ല. കുട്ടികള്‍ ഇല്ലാത്തതിനാല്‍ സ്‌കൂള്‍ പൂട്ടുമെന്ന്‌ പ്രചരിപ്പിക്കുകയും പ്രഥമാധ്യാപികയടക്കമെല്ലാവരും സ്ഥലം മാറ്റത്തിനു ശ്രമിക്കുകയും ചെയ്തപ്പോള്‍ ഇവിടെ ഉണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികളും ടി സി വാങ്ങിപ്പോയി.. പ്രഥമാധ്യാപികയും റാന്നിയില്‍ തന്നെയുള്ള മറ്റൊരു സ്‌കൂളിലേക്കു സ്‌ഥലം മാറി പോയി. പകരം എത്തിയ പ്രഥമാധ്യാപികയ്ക് സ്‌കൂള്‍ അടച്ചുപൂട്ടി താക്കോല്‍ കൈമാറാനുള്ള ചുമതലയേ നിര്‍വഹിക്കാനുണ്ടായിരുന്നുള്ളു.
സര്‍ക്കാര്‍ സ്‌കൂളിനു സമീപത്തായി പ്രവര്‍ത്തനം തുടങ്ങിയ ചില അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളുടെ സ്വാധീനം മൂലം അടച്ചുപൂട്ടേണ്ടിവന്ന വട്ടാര്‍കയം സ്‌കൂളിനെ നിലനിര്‍ത്താന്‍ കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ റാന്നി മേഖലാ കമ്മറ്റി രംഗത്തെത്തി. പരിഷത്ത്‌ പ്രസിഡന്റ്‌ ടി.ജെ. ബാബുരാജ്‌, സെക്രട്ടറി ജോബി മാത്യു എന്നിവര്‍ ഗ്രാമപഞ്ചായത്ത്‌ മുന്‍ അംഗം ജോസ്‌ കൊച്ചുമേപ്രത്തിന്റെ സഹായത്തോടെ സ്‌കൂളിന്റെ ചുറ്റുവട്ടത്തെ വീടുവീടാന്തരം കയറിയിറങ്ങി. തലമുറകള്‍ക്ക്‌ അറിവു പകര്‍ന്നു നല്‍കിയ സര്‍ക്കാര്‍ സ്‌കൂള്‍ ഇല്ലാതാകുന്നതിന്റെ ദുഃഖം അവര്‍ നാട്ടുകാരുമായി പങ്കുവച്ചു. വട്ടാര്‍കയം സ്‌കൂളിലെ അധ്യാപികയുടെ മകന്‍ അണ്‍ എയ്‌ഡഡ്‌ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി എങ്ങനെ സുരക്ഷിതമാകുമെന്നായിരുന്നു മറ്റു രക്ഷിതാക്കളുടെ പരാതി. അധ്യാപികയുടെ മകനെ ഈ സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിച്ചാല്‍ തങ്ങളുടെ മക്കളേയും അയയ്‌ക്കാന്‍ സന്നദ്ധമാണെന്നാണ്‌ രക്ഷിതാക്കള്‍ അറിയിച്ചത്‌. തുടര്‍ന്നു നടന്ന ചര്‍ച്ചയിലാണ്‌ അധ്യാപികയായ സീമ മകന്‍ ശ്രീകിരണിനെ വട്ടാര്‍കയം ഗവ.എല്‍.പി സ്‌കൂളില്‍ ചേര്‍ത്തത്‌. വിദ്യാര്‍ഥിയുടെ പ്രവേശന കാര്യത്തിലും ചില തര്‍ക്കങ്ങള്‍ ഉണ്ടായെങ്കിലും നാട്ടുകാരും പരിഷത്ത്‌ പ്രവര്‍ത്തകരും ശക്‌തമായ നിലപാടു സ്വീകരിച്ചതോടെ വട്ടാര്‍കയം ഗവ.എല്‍.പി.എസിന്‌ പുതു ജീവന്‍ പകര്‍ന്ന്‌ ശ്രീകിരണ്‍ ഇവിടുത്തെ ഏക വിദ്യാര്‍ഥിയായി
സ്കൂളിന് കൈത്താങ്ങായി ശാസ്ത്രസാഹിത്യ പരിഷത്ത്
സ്കൂളിനെ കൈപിടിച്ചുയര്‍ത്താന്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ബൃഹത് പദ്ധതി തയ്യാറാക്കി. ഇതിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയും പൂര്‍വ്വാധ്യാപകരെ ആദരിക്കുകയും ചെയ്ത ചടങ്ങ് വികാരനിര്‍ഭരമായി. കുട്ടികള്‍ക്കായി കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു സംഘടിപ്പിച്ച വരമേളം പുതിയ അനുഭവമായി. റാന്നിയിലെ സ്വകാര്യ അണ്‍എയിഡഡ് സ്കൂളുകളെ വെല്ലുന്ന കെട്ടിടവും മറ്റ് അത്യാധുനിക സൗകര്യങ്ങളുമുള്ള സ്കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് സ്കൂള്‍ നിലനിര്‍ത്തുന്നതിനായി കുട്ടികളെ ആകര്‍ഷിക്കുന്ന വിവിധ പരിപാടികളുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തുവന്നത്. നാട്ടുകാരുടെ സഹായത്തോടെ കൂടുതല്‍ കുട്ടികളെ സ്കൂളിലേക്ക് ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി സര്‍വ്വീസില്‍നിന്ന് വിരമിച്ച അഞ്ച് പേര്‍ ഉള്‍പ്പെടെ ആറ് പൂര്‍വ്വാധ്യാപകരെ യോഗത്തില്‍ പൊന്നാടയണിഞ്ഞ് ആദരിച്ചു. കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.

വട്ടാര്‍കയം സ്‌കൂളിനെ നിലനിറുത്താന്‍ പ്രഥമാധ്യാപികയെ ജനം മണിക്കൂറോളം തടഞ്ഞുവെക്കുന്നു.

ചരിത്രസ്മരണയിലേക്ക് പറിച്ചെറിയാന്‍ വിട്ടുകൊടുക്കില്ല എന്ന ഉറച്ച മനസോടെ ജനം ഒരു വിദ്യാലയത്തിന്റെ നിലനില്പിനായി സംഘടിച്ചു. ആവേശകരമായ അനുഭവം. ആരാണ് പറഞ്ഞത് പൊതു വിദ്യാലയത്തെ ആര്‍ക്കും വേണ്ടെന്ന്? ഇനി കുട്ടികള്‍ വരില്ലെന്ന്? ജനതയുടെ വികാരമായി വിദ്യാലയം മാറണം. ബന്ധുത്വം സ്ഥാപിക്കണം. അധ്യാപകര്‍ മാതൃകകാട്ടണം. ജനം കൂടെ വരും. അതാണ് വട്ടാര്‍കയം സ്കൂളിലെ അനുഭവം സൂചിപ്പിക്കുന്നത്. രണ്ട് അധ്യാപികമാര്‍ സ്കൂള്‍ പൂട്ടിപ്പോകുമെന്നു ഭയന്ന് ഓണ്‍ലൈനായി സ്ഥനം മാറ്റത്തിന് അപേക്ഷിച്ചിരുന്നു. ഒന്നാം പ്രവൃത്തിദിനം വട്ടാര്‍കയം സ്കൂളില്‍ ഒറ്റക്കുട്ടി പോലും ഹാജര്‍ബുക്കില്‍ ഉണ്ടായിരുന്നമില്ല. ജൂലായ് മാസം ഇവര്‍ നടത്തിയ കഠിനപ്രയത്‌ന ഫലമായി നാല് കുട്ടികളെ ഇവിടെ ചേര്‍ക്കാന്‍ കഴിഞ്ഞു..ആദ്യം ചേര്‍ത്തത് സ്ഥലംമാറ്റം ലഭിച്ച അധ്യാപിക സീമയുടെ മകനെയാണ്. പിന്നീട് മറ്റ് മൂന്നുപേരും എത്തി. ഒരു കുട്ടിപോലും ഇല്ലാതിരുന്ന സ്‌കൂളില്‍ ജൂലായ് 30നാണ് 3-ാം ക്ലാസ് വിദ്യാര്‍ഥിയായി ശ്രീകിരണ്‍ എത്തിയത്. പിന്നീട് അലന്‍, യോഷിത, അലീന അജി എന്നിവര്‍കൂടി ശ്രീകിരണിന് കൂട്ടായി അലന്‍ 3-ാം ക്ലാസിലെത്തി .ആറാമത്തെ പ്രവൃത്തിദിനവും കഴിഞ്ഞാണ് വിദ്യാര്‍ഥികളെ ചേര്‍ത്തതെന്നതിനാല്‍ ഈ കുട്ടികളുടെ എണ്ണം സര്‍ക്കാരിന്റെ ലിസ്റ്റില്‍ ഇല്ലെന്ന സാങ്കേതിക കാരണം വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍  ചൂണ്ടിക്കാട്ടി അധ്യാപകരെ സ്ഥലം മാറ്റാന്‍ നടപടി സ്വീകരിച്ചു. സ്‌കൂള്‍ നിലനിര്‍ത്താന്‍ സമിതി പ്രവര്‍ത്തകര്‍ക്കൊപ്പം സ്ഥലംമാറ്റ ഉത്തരവില്‍ പേരുളള സീമ, ജിജി തോമസ് എന്നീ അധ്യാപകരും സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഈ രണ്ട് അധ്യാപികമാരെ സ്ഥലംമാറ്റരുതെന്ന് ആവശ്യപ്പെട്ട് വകുപ്പുമന്ത്രി, ഡി.പി.., ഡി.ഡി. എന്നിവര്‍ക്കൊക്കെ സമിതി ഭാരവാഹികള്‍ നേരിട്ട് നിവേദനം നല്‍കി. സ്‌കൂള്‍ നിലനിര്‍ത്താന്‍ സഹായിക്കുമെന്ന ഉറപ്പും മന്ത്രി നല്‍കിയിരുന്നു. സ്ഥലം മാറ്റ ഉത്തരവ് വിദ്യാലയത്തിലെത്തി എന്ന വാര്‍ത്ത നാട്ടില്‍ പടര്‍ന്നത് കാട്ടുതീ പോലെ. കടന്നലിളകുന്ന പോലെ നാട്ടുകാര്‍ വിദ്യാലയത്തിലേക്ക് പറന്നെത്തി. മൂന്നൂറിലധികം പേര്‍ ഒത്തുകൂടി.
 
നാട്ടുകാര്‍ പ്രഥമാധ്യാപികയെ മണിക്കൂറോളം തടഞ്ഞുവച്ചു. സ്‌കൂള്‍സമയം കഴിഞ്ഞും ഉപരോധം തുടര്‍ന്നു. അധ്യാപകരെ മാറ്റരുതെന്ന നാട്ടുകാരുടെ അപേക്ഷയും പ്രതിഷേധവും അവഗണിച്ച്, ഇവര്‍ക്ക് ചൊവ്വാഴ്ച റിലീവിങ് ഓര്‍ഡര്‍ നല്‍കിയതോടെയാണ് സ്‌കൂള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പ്രഥമാധ്യാപികയെ തടഞ്ഞുവച്ചത്. സ്ഥലംമാറ്റത്തില്‍ തീരുമാനമുണ്ടാക്കാതെ പോകാന്‍ അനുവദിക്കില്ലെന്നുപറഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തിയ എ...യേയും തടഞ്ഞുവയ്ക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍, ജനപ്രതിനിധികളുും നേതാക്കളും ഡി.പി..യുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്, തല്‍ക്കാലം അധ്യാപികമാര്‍ സ്‌കൂളില്‍ തുടരട്ടെയെന്ന് ഡി.പി.. ...യ്ക്ക് നിര്‍ദ്ദേശം നല്‍കി. വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം നഎഇഒ , അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവുകള്‍ മരവിപ്പിച്ചതായി സ്കൂള്‍ ഇന്‍സ്പെക്ഷന്‍ ഡയറിയില്‍ എഴുതി നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ഇതിനുശേഷമാണ് നാട്ടുകാര്‍ വിജയാരവം മുഴക്കി മടങ്ങിയത്.. ഇത്രയും സമയം സ്‌കൂളിലെ വിദ്യാര്‍ഥികളായ അലന്‍, ശ്രീകിരണ്‍, ജോഷിത, അലീന എന്നിവര്‍ സ്‌കൂളില്‍ത്തന്നെ യുണ്ടായിരുന്നു. നാട്ടുകാര്‍ സ്‌കൂള്‍ ഉപരോധിക്കുന്നതറിഞ്ഞ് റാന്നി പോലീസും സ്‌കൂളിലെത്തിയിരുന്നു. ഈ അനുഭവം പാഠമാക്കണം, ഇതൊരു സന്ദേശമാണ്. പൂട്ടാനൊരുങ്ങുന്ന ഏവര്‍ക്കും. ഒരിക്കല്‍ പൂട്ടിപ്പോയാല്‍ പിന്നെ തുറക്കില്ലെന്ന സത്യം വഴി തെളിയിക്കട്ടെഇതിനുശേഷമാണ് നാട്ടുകാര്‍ സ്‌കൂളില്‍നിന്ന് പിരിഞ്ഞുപോയത്.
സമൂത്തെ വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കുന്നു
സമൂഹവും വിദ്യാലയവും തമ്മില്‍ നല്ല ബന്ധമില്ലെന്ന അവസ്ഥ മറികക്കുകയാണ് ആദ്യം വേണ്ടതെന്ന കണ്ടെത്തല്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സ്കൂള്‍ സംരക്ഷണസമിതി പ്രവര്‍ത്തകരെ പ്രേരിപ്പിച്ചു. വിദ്യാലയത്തില്‍ നടത്തിയ ഓണോഘോഷ സദ്യയിലും ആഘോഷങ്ങളിലും പങ്കെടുത്തത് ഇരുന്നൂറ്റി മുപ്പത്തി രണ്ടുപേര്‍! നാടുമഴുവന്‍ ചര്‍ച്ചാവിഷയമായി. വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യം കൊണ്ടും സംഘാടന മികവുകൊണ്ടും ആവേശം സൃഷ്ടിക്കാനായി. വിദ്യാലയത്തില്‍ നടത്തുന്ന ഓരോ പ്രവര്‍ത്തനവും വിദ്യാലയത്തെ നിലനിറുത്തേണ്ടതുണ്ട് എന്ന ആശയം പ്രചരിപ്പിക്കാനുളള വേദിയാക്കി മാറ്റി.
5 പേര്‍ മാത്രമുള്ളിടത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന് 120 വിദ്യാര്‍ഥികള്‍
വട്ടാര്‍കയം ഗവ. എല്‍.പി.സ്‌കൂളില്‍ ആവേശകരമായിരുന്നു സ്വാതന്ത്ര്യദിനാഘോഷം. സ്‌കൂള്‍ സുരക്ഷാസമിതിയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളില്‍ പ്രദേശത്തെ പല വിദ്യാലയങ്ങളില്‍ പഠിക്കുന്നവരായ 120 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്ക് സമ്മാനം നല്‍കിയതിനൊപ്പം പങ്കെടുത്തവര്‍ക്കെല്ലാം പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തത് കുട്ടികള്‍ക്ക് ആഹ്ലാദമായി.
നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിലായിരുന്നു വിദ്യാരംഭം നടന്നു. കുട്ടികളുടെ സംഗീതാര്‍ച്ചനയും ഉണ്ടായിരുന്നു. അഞ്ച് കുട്ടികള്‍ ഇവിടെ ആദ്യാക്ഷരം കുറിച്ചു. രാജു ഏബ്രഹാം എം.എല്‍.. കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചുകൊണ്ട് വിദ്യാരംഭം പരിപാടി ഉദ്ഘാടനം ചെയ്തു. റാന്നി നിയോജകമണ്ഡലത്തിലെ ഒരു വിദ്യാലയവും അടച്ചുപൂട്ടാന്‍ അനുവദിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംഗീത വിദ്യാരംഭം
സംഗീത സംവിധായകന്‍ വിജയന്‍ ദക്ഷിണ സ്വീകരിച്ചുകൊണ്ടാണ് സംഗീതവിദ്യാരംഭത്തിന് തുടക്കമിട്ടത്. എല്ലാ ശനിയാഴ്ചയും സംഗീതക്ലാസ് .സാമ്പത്തികമായി ഉയര്‍ന്ന നിലയിലുളളവരുടെ കുട്ടികള്‍ സംഗീതം പഠിക്കാനായി വിദ്യാലയത്തിലെത്തി. ചിത്രരചനാ ക്ലാസും ആരംഭിച്ചു. സംഗീതാഭ്യസനത്തിനും ചിത്രകലാപരിശീലനത്തിനുമായി നൂറ്റിയിുപത്തഞ്ച് കുട്ടികള്‍ എല്ലാ ശനിയാഴ്ചയിലും വട്ടാര്‍കയം സ്കൂളിലെത്തി. കഥയുടേയും പാട്ടിന്റെയും ആസ്വാദനാലാപന പരിപാടികളും സംഘടിപ്പിക്കപ്പെട്ടു.
അധ്യാപകര്‍ക്ക് ശംബളം നിഷേധിക്കന്നു.
ഒരു പ്രതിസന്ധി മറി കടക്കമ്പോള്‍ അടുത്തത്. എല്ലാം വിദ്യാലയത്തെ സംരക്ഷിക്കേണ്ടവരുടെ ഭാഗത്തുനിന്നുമാണെന്നതാണ് വിചിത്രം. സാങ്കേതിക കാര്യങ്ങളുന്നയിച്ച് ജീവത്തായ പ്രശ്നത്തെ അവഗണിക്കുന്ന ചുവപ്പുനാടാസംസ്കാരം. സ്കൂല്‍ സംരക്ഷിക്കാനിറങ്ങിത്തിരിച്ച നാട്ടകാരെ നിരാശരാക്കുന്ന സമീപനം. നാട്ടുകാരുടെ ഇടപെടല്‍കൊണ്ട് അടച്ചുപൂട്ടല്‍ ഒഴിവായ വട്ടാര്‍കയം ഗവ. എല്‍.പി. സ്‌കൂളിന്റെ നിലനില്പിനായി പ്രവര്‍ത്തിച്ച അധ്യാപികമാര്‍ക്ക് ശമ്പളം നിഷേധിച്ചു. സ്‌കൂളില്‍ കുട്ടികളെ കൊണ്ടുവരാന്‍ നാട്ടുകാരോടൊപ്പം പ്രവര്‍ത്തിച്ച അധ്യാപികമാര്‍ സ്‌കൂളില്‍ തുടര്‍ന്നാല്‍ ശമ്പളം തടയാനാണ് നിര്‍ദ്ദേശമുണ്ടായത്.. തസ്തിക ഇല്ലാത്ത സ്‌കൂളില്‍ അധ്യാപകരെ നിലനിര്‍ത്തുകയും, അവരുടെ ശമ്പളം നല്‍കുകയും ചെയ്താല്‍ അത് ഹെഡ്മാസ്റ്ററുടെ ബാധ്യതയായി കണക്കാക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി. കെട്ടി ഉയര്‍ത്തിക്കൊണ്ടുവന്നതെല്ലാം തട്ടിത്തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് സ്കൂള്‍ സംരക്ഷണസമിതി തീരുമാനിച്ചു. സ്‌കൂളില്‍ കുട്ടികളില്ലാത്ത അവസ്ഥയില്‍ നല്‍കിയ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ അപേക്ഷയുടെ മറുപടിയിലാണ് സ്ഥലംമാറ്റം ലഭിച്ചാല്‍ അതു റദ്ദു ചെയ്യാന്‍ കഴിയില്ലെന്ന് വിശദീകരണം കിട്ടിയത്. വിവരാവകാശപ്രകാരം ലഭിച്ച വിശദീകരണത്തില്‍ അധ്യാപികമാര്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും. വിദ്യാഭ്യാസമന്ത്രിയേയും പൊതവിദ്യാഭ്യാസ ഡയറക്ടറേയും കണ്ട് അഭ്യര്‍ഥിച്ചു. അധ്യാപികമാര്‍ മാസങ്ങളോളം ശംബളമില്ലാതെ ജോലി ചെയ്തു. ഒടുവില്‍ അനുകൂലമായ തീരുമാനം ഈ മധ്യവേനലവധിക്കാലത്ത് ഉണ്ടായി. ( അതിനിയും വിദ്യാലയത്തിലെത്തിയിട്ടില്ല.)
അക്കാദമികമായ ഇടപെടലിലൂടെ അവബോധം വളര്‍ത്തുന്നു
രണ്ടു കുട്ടികള്‍ അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ നിന്നാണ് വട്ടാര്‍കയം സ്കൂളിലെത്തിയത്. അവര്‍ക്ക് എഴുതാനും വായിക്കാനും അറിയുമായിരുന്നില്ല. പൊതുവിദ്യാലയത്തില്‍ ചേര്‍ത്തതിലൂടെ ആ കുട്ടികള്‍ക്കുണ്ടായ മാറ്റം സ്കൂള്‍ സംരക്ഷണ സമിതി സമൂഹവുമായി പങ്കുവെച്ചു. കൂടാതെ കേരളസിലബസ് പുസ്തകങ്ങള്‍ സമീപത്തെ മറ്റു വിദ്യാലയങ്ങളിലെ പുസ്തകങ്ങളഉമായി താരതമ്യം ചെയ്യാനവസരം നല്‍കി. അറിഞ്ഞുബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുക എന്നതിനാണ് സമൂഹത്തെ പ്രേരിപ്പിച്ചത്. സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകളും ആരംഭിച്ചു. അധ്യാപകര്‍ക്ക് ലഭിക്കുന്ന പരിശീലനം, വിദ്യാലയത്തിലെ ഓരോ അധ്യാപകരുടേയും കഴിവുകള്‍ എന്നിവയും സമീപത്തെ അണ്‍എയിഡഡ് വിദ്യാലയങ്ങളമായി തട്ടിച്ചുനോക്കാന്‍ അവസരം നല്‍കി. നിരന്തരം വീടുവീടാന്തരം കയറിയിറങ്ങി. പൊതവിദ്യാലത്തില്‍ ചേര്‍ത്താല്‍ നിലവാരമുളള വിദ്യാഭ്യാസം ലഭിക്കുമെന്നുറപ്പു നല്‍കി. ആ വാക്ക് നിറവേറ്റിയില്ലെങ്കില്‍ സ്കൂള്‍ സംരക്ഷണ സമിതിയോട് പരാതിപ്പെടാം. പരിഹാരമുണ്ടാകും. നാടിളക്കിയുളള നിരന്തര ശ്രമം.അതാണിവിടെ ഉണ്ടായത്
സമുദായസംഘടനകള്‍ നടത്തുന്ന യോഗങ്ങളില്‍ ശ്രീ ബാബുരാജ് അരമണിക്കൂര്‍ സമയം ഇരന്നു വാങ്ങി വട്ടാര്‍കയം സ്കൂളിനുവേണ്ടി അഭ്യര്‍ഥന നടത്തി. കെ എസ് ഇ ബിയിലെ ഓവര്‍സീയറും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകനുമായ അദ്ദേഹം കിട്ടുന്ന അവസരങ്ങളിലെല്ലാം വിദ്യാലയത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. സ്വന്തം ലീവും ഒഴിവു ദിനങ്ങളും സമര്‍പ്പിച്ച് മുന്നില്‍ നിന്നു. ഒപ്പം ആലിച്ചന്‍ ആരതി, അധ്യാപകരായ കെ.സീമ, ജിജി തോമസ് എന്നിവരും .
അന്തരീക്ഷം അനുകൂലവും പ്രതികൂലവും
റാന്നി ഉപജില്ലയിലെ 163 അധ്യാപകരുടെ മക്കള്‍ അണ്‍എയിഡഡ് വിദ്യാലയങ്ങളിലാണ് പഠിക്കുന്നത്. ജനപ്രതിനിധികളടക്കം പക്ഷഭേദമന്യേ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളടേയും നേതാക്കളും അണ്‍എയിഡഡ് സ്കൂളുകളെ ആശ്രയിക്കന്നു. സി ബി എസ് ഇയുടെ പോലും അംഗീകാരമില്ലാത്ത പതിനൊന്നു വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മുന്‍ എം എല്‍ എയുടെ പേരിലുളള അണ്‍എയിഡഡ് വിദ്യാലയത്തിന് അംഗീകാരത്തിനായി ശ്രമം. വട്ടാര്‍കയം സ്കൂളില് നിിന്നും അര കിലോമീറ്റര്‍ ദൂരത്താണ് ഈ വിദ്യാലയം. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചാല്‍ മതി ഇംഗ്ലീഷ് പഠിക്കുന്നുണ്ടോ എന്നതു പ്രശ്നമല്ലെന്ന കരുതുന്ന സമൂഹം. വാഹനങ്ങളിലെത്തി വാഗ്ദാനങ്ങള്‍ നല്‍കി കുട്ടികളെ അയല്‍പക്കമല്ലാത്ത വിദ്യാലയങ്ങളിലേക്ക് കൊണ്ടുപോകുന്ന അവസ്ഥ. ഇത്തരം പ്രതികൂല സഹാചര്യം നിലനില്‍ക്കേയാണ് സ്കൂള്‍ സംരക്ഷണസമിതി പ്രത്യാശയോടെ പ്രവര്‍ത്തിക്കുന്നത്. തൊട്ടടുത്ത എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും തോറ്റത് നാല്പത്തിയൊന്നു പേര്‍. ജില്ലാ ഓഫീസല്‍ താല്കാലിക നിയമനത്തിനായി അപേക്ഷ നല്‍കിയത് തൊഴില്‍ രഹിതരായ 338 ബി ടെക്ക് കാര്‍. അണ്‍എയിഡഡ് സ്കൂളിലെ ഫീസ്, നിലവാരമില്ലായ്മ , അംഗീകാരമില്ലാത്ത വിദ്യാലയങ്ങളുടെ ഭാവി തുടങ്ങിയ ബോധ്യപ്പെടുന്ന ഉദാഹരണങ്ങളുണ്ട് സമിതിക്ക് അവതരിപ്പിക്കാന്‍. നിരന്തരം സംവാദതലം വളര്‍ത്തക്കൊണ്ടുമാത്രമേ സമൂഹത്തിനുളള തെറ്റായ ധാരണകളെ തിരുത്താനാകൂ എന്നു സമിതി കരുതുന്നു. വിശ്വസനീയമായ തെളിവുകളും അനുഭവങ്ങളുമാണ് പ്രധാനം.
കൂടുതല്‍ കുട്ടികള്‍ എത്തുന്നു
2015 മെയ് ഇരുപത്തിയാറായപ്പോഴേക്കും പതിനെട്ടു കട്ടികള്‍ വട്ടാര്‍കയം എല്‍ പി സ്കൂളില്‍ ചേര്‍ന്നു കഴിഞ്ഞു. നിലനിറുത്താനായുളള സമരത്തിന്റെ വിജയമാണിത്.
ഈ അനുഭവത്തില്‍ നിന്നും എത്തിച്ചേരാവുന്ന നിഗമനങ്ങള്‍
  • സമൂഹവുമായുളള വിദ്യാലയ ബന്ധം ശക്തിപ്പെടുത്തന്നതിലൂടെ മത്രമേ പൊതുവിദ്യാലയങ്ങള്‍ക്ക് നിലനില്‍ക്കാനാരൂ.
  • അനാകര്‍കമെന്നു മുദ്രകുത്തി റീത്തു സമര്‍പ്പിക്കപ്പെട്ട വിദ്യാലയത്തെപ്പോലും തിരിച്ചെടുക്കാന്‍ കഴിയും
  • പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് പ്രദേശികമായ ബോധ്യപ്പെടാവുന്ന തെളിവുകള്‍ സഹിതം സമൂഹവുമായി നിരന്തരം സംവദിക്കുന്നതിലൂടെയുളള അവബോധ നിര്‍മിതി വിദ്യാലയത്തെ ശക്തിപ്പെടുത്താന്‍ സഹായകമാണ്
  • എല്ലാ വിഭാഗം ജനങ്ങളേയും വിദ്യാലയവുമായി അടുപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്.
  • പൊതുവിദ്യാലയസംരക്ഷണ പ്രവര്‍ത്തകര്‍ പ്രതിസന്ധികളില്‍ പതറാതെ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചാല്‍ മാറ്റം സാധ്യമാണ്


Sunday, May 24, 2015

വിദ്യാലയവികസനത്തിന് കരുത്തേകാനാകണം എസ് എം സി ശാക്തീകരികണം


  • വിദ്യാലയങ്ങളുടെ വികസനപദ്ധതി തയ്യാറാക്കേണ്ടതാരാണ്?  
  • അവയുടെ നിര്‍വഹണപുരോഗതി വിലയിരുത്തേണ്ടതോ
  •  സമഗ്രമായ വിദ്യാലയ വികസനപദ്ധതിയുടെ അടിസ്ഥാനത്തിലാണോ നമ്മുടെ സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നത്
  •  വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗരേഖ പ്രകാരം തങ്ങള്‍ നിര്‍വഹിക്കേണ്ട ചുമതലകളും കര്‍ത്തവ്യങ്ങളും സംബന്ധിച്ച വ്യക്തമായ ധാരണയോടെയാണോ എസ് എം സി അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്?  
എസ് എം സി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രായോഗികമായ ഉത്തരം അന്വേഷിക്കുന്നതിനാണ് ആലപ്പുഴ ഡയറ്റ് എസ് എം സി അംഗങ്ങള്‍ക്ക് വേണ്ടി ദ്വിദിന ശില്പശാലകള്‍ സംഘടിപ്പിച്ചത്. പരിശീലനം പ്രകടമായ മാറ്റം ഉറപ്പുവരുത്തുംവിധമാകണമെന്നു ഡയറ്റിനു വാശി ഉണ്ടായിരുന്നു. അതിനാല്‍ത്തന്നെ ഫോളോഅപ് നടത്തി. പരിശീലനത്തിനന്റെ സ്വാധീനം വിദ്യാലയത്തിലെത്രമാത്രം എന്നു കണ്ടെത്തി. എല്ലാ പരിശീലനങ്ങളും ഇങ്ങനെയാക്കണം. 
ശില്പശാലയുടെ ഉളളടക്കം
  1. വിദ്യാഭ്യാസ അവകാശ നിയമവും സമൂഹവും
  2. സ്കൂള്‍ മാനേജ് മെന്റ് കമ്മറ്റിയുടെ ചുമതലകള്‍,ഇടപെടല്‍ മേഖലകള്‍
  3. വിദ്യാലയവികസനപദ്ധതി
  4. എസ് എം സി സംഘാടനം
ശില്പശാലയില്‍ പങ്കെടുത്ത എസ് എം സി ചെയര്‍പേഴ്സണ്‍ ശ്രീമതി ഉഷാ പ്രദീപ് ഇങ്ങനെ വിലയിരുത്തി
“2014 ഡിസംബറില്‍ നെടുമുടി എന്‍ എസ് എല്‍ പി സ്കൂളില്‍ വെച്ചു രണ്ടു ദിവസം നടന്ന എസ് എം സി അംഗങ്ങള്‍ക്കുവേണ്ടിയുളള പരിശീലനം വളരെയധികം ഫലപ്രദമായിരുന്നു. വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ അധ്യാപകരും എസ് എം സി അംഗങ്ങളും അവരുടെ വിദ്യാലയങ്ങളില്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുകയുണ്ടായി. എസ് എം സിയില്‍ എത്ര അംഗങ്ങളുണ്ടായിരിക്കണമെന്നും വിദ്യാലയവികസനപദ്ധതി എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും ഓരോ മാസവും ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നതിനെക്കുറിച്ചും മനസിലായി. സ്കൂളിലെ കുട്ടികളുടെ എണ്ണം അടുത്ത വര്‍ഷം കൂട്ടുന്നതിന് എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നതിനെക്കുറിച്ച് അറിവു കിട്ടി. എന്റെ സ്കൂളില്‍ നിന്നും പ്രഥമാധ്യാപികയും മൂന്നു എസ് എം സി അംഗങ്ങളുമാണ് പങ്കെടുത്തത്. രണ്ടാമത്തെ ദിവസം ഒരു എസ് എം സി യോഗം നടത്തിക്കാണിച്ചു. ഞങ്ങള്‍ നിരീക്ഷണഗ്രൂപ്പായിരുന്നു. നെടുമുടി സ്കൂളിലെ എസ് എം സി അംഗങ്ങളാണ് യോഗം നടത്തിയത്.എസ് എം സി യോഗം നിരീക്ഷിക്കുന്നതിന് ചില കാര്യങ്ങള്‍ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. അതു പ്രകാരം നിരീക്ഷിച്ച് പോരായ്മകള്‍ കണ്ടെത്തി അവതരിപ്പിച്ചു. എങ്ങനെയാണ് ഒരു എസ് എം സി മീറ്റിംഗ് കൂടേണ്ടതെന്നും ഓരോ പ്രതിനിധിയുടയും പങ്കെന്താണെന്നും ഈ പരിശീലനത്തിലൂടെ എനിക്ക് മനസിലായി. ഞങ്ങളുടെ വിദ്യാലയത്തിലെ വികസനപദ്ധതി തയ്യാറാക്കുമ്പോള്‍ ഏതെല്ലാം കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കണമെന്നും എനിക്ക് മനസിലായി.
ശില്പശാലയുടെ ലക്ഷ്യങ്ങള്‍
ശ്രീമതി ഉഷാപ്രദീപിന്റെ അനുഭവം ശില്പശാലയുടെ ലക്ഷ്യങ്ങളുമായി തട്ടിച്ചുനോക്കിയാലോ പരിശീലനം എത്രമാത്രം ഫലപ്രദമായി എന്നു കണ്ടെത്താനാകൂ. ശില്പശാലയുടെ ലക്ഷ്യങ്ങള്‍ ഇവയായിരുന്നു.
  1. സ്വന്തം ചുമതലകള്‍ സംബന്ധിച്ച് എസ് എം സി അംഗങ്ങള്‍ക്ക് വ്യക്തത പകരുക
  2. പ്രായോഗികാനുഭവത്തിലൂടെ എസ് എം സി യോഗനടത്തിപ്പനെ സംബന്ധിച്ച ധാരണ മെച്ചപ്പെടുത്തുക
  3. വിദ്യാലയ വികസന പദ്ധതി തയ്യാറാക്കുന്നതിന് പ്രാപ്തി നേടുക
  4. എസ് എം സി , പി ടി എ എന്നിവയുടെ പ്രവര്‍ത്തനം സംബന്ധിച്ച അവ്യക്തത പരിഹരിക്കുക
എസ് എം സി ശില്പശാലയ്ക്ക് മുമ്പ്
സമ്പൂര്‍ണ ഗുണമേന്മാവിദ്യാലയ മാനേജ്മെന്റില്‍ എസ് എം സി യ്ക് സുപ്രധാനമായ പങ്കാണുളളത്. അതിനാലാണ് ഡയറ്റ് എസ് എം സി അംഗങ്ങളെ ശാക്തീകരിക്കുന്നതിന് നടപടി സ്വീകരിച്ചത്. നിലവിലുളള എസ് എം സിയുടെ പ്രവര്‍ത്തനങ്ങള്‍ വിശലകനം ചെയ്ത് പരിമിതികള്‍ കണ്ടെത്തിയ ശേഷം ആസൂത്രണം ചെയ്ത പരിശീലനമായതിനാല്‍ അത് പങ്കാളികളെ തൃപ്തിപ്പെടുത്തി. കേവലം ബോധവത്കരണ തലത്തിലൊതുക്കാതെ ശാക്തീകരണമാനത്തില്‍ സമീപച്ചതിനാലാണ് ഈ പരിപാടി വിജയം കണ്ടത്. പരിശീലനം നടത്തുന്നതിനു മുമ്പ് ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ വിദ്യാലയം സന്ദര്‍ശിച്ച് എസ് എം സി മിനിറ്റ്സ് വിശകലനം നടത്തി.പ്രഥമാധ്യാപികയുമായി ആശയവിനിമയംനടത്തി എസ് എം സി സംബന്ധിച്ച് നിലവിലുളള സ്ഥിതി മനസിലാക്കി. പങ്കാളിത്തം ഉറപ്പാക്കാനും ആവശ്യകതാബോധം സൃഷ്ടിക്കാനും ശില്പശാല സംഘാടനക്രമീകരണത്തിനും കൂടി ഈ മുന്നൊരുക്കസന്ദര്‍ശനം സഹായകമായി.
ശേഷം എന്തു സംഭവിച്ചു?
ശില്പശാലയില്‍ പങ്കെടുത്തവര്‍ തിരികെ വിദ്യാലയത്തിലെത്തിയതിനു ശേഷം എന്തു സംഭവിച്ചു എന്നറിയണം. വിദ്യാലയത്തില്‍, എസ് എം സി പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും ഗുണപരമായമാററം ഉണ്ടായോ? അത്തരമൊരു അന്വേഷണമാണ് ഇവിടെ നടത്തുന്നത്.
വെട്ടിയാര്‍ മുഹമ്മദന്‍ എല്‍ പി സ്കൂള്‍
  • ചുനക്കരയില്‍ നടന്ന പരിശീലനത്തില്‍ പത്ത് എസ് എം സി അംഗങ്ങളാണ് പങ്കെടുത്തത്
  •  അവര്‍ വിദ്യാലയപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആസൂത്രിതമായി ചെയ്യുന്നതിനു തീരുമാനിച്ചു. ജനുവരി , ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ വശദമായ വികസനകലണ്ടര്‍ തയ്യാറാക്കി
  •  ത്രിവത്സരവിദ്യാലയവികസനപദ്ധതി രൂപപ്പെടുത്തി
  • എസ് എം സി യോഗം എല്ലാവരുടേയും സജീവപങ്കാളിത്തത്തോടെ ജനാധിപത്യപരമായി സംഘടിപ്പിച്ച് പരിശീലനത്തില്‍ നിന്നും ലഭിച്ച തിരിച്ചറിവുകള്‍ പ്രായോഗികമാക്കി.
  •  ഭവനസന്ദര്‍ശനം നടത്തി.  
  • കൂടുതല്‍ കോര്‍ണര്‍ പി ടി എകള്‍ സംഘടിപ്പിച്ചു
  • വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കി വരുന്നു.
കേളമംഗലം എല്‍ പി സ്കൂള്‍
  • അഞ്ച് അംഗങ്ങളാണ് പങ്കെടുത്തത്. എസ് എം സി ശില്പശാലയില്‍ നിന്നും കിട്ടിയ ധാരണയുടെ അടിസ്ഥാനത്തില്‍ വിദ്യാലയവികസനപദ്ധതി മെച്ചപ്പെടുത്താനുളള നടപടികള്‍ സ്വീകരിച്ചു
കാവാലം ജി എല്‍ പി എസ്
  • മാതൃകാപരമായ രീതിയില്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി കൂടുവാന്‍ കഴിഞ്ഞു. 
  • ലൈബ്രറി വികസനം ആയിരുന്നു മുഖ്യ അജണ്ട. ഈ മേഖലയിലുളള പ്രവര്‍ത്തനം എസ് എം സി ഏറ്റെടുത്തു നടപ്പിലാക്കി
നെടുമുടി എന്‍ എസ് എല്‍ പി എസ്
  • പതിനാറ് എസ് എം സി അംഗങ്ങളും ശില്പശാലയില്‍ പങ്കെടുത്തിരുന്നു
  •  വിദ്യാലയവികസനചര്‍ച്ചയില്‍ കണ്ടെത്തിയ പല പരിമിതികളും പരിഹരിക്കാന്‍ എസ് എം സി സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി
  •  ഭവനസന്ദര്‍ശനം നടത്തി.  
  • കൃഷിയെ പഠനവുമായി ബന്ധിപ്പിച്ചു ( മുമ്പ് കൃഷി മാത്രമേ ഉണ്ടായിരുന്നുളളൂ).  
  • പരിസരത്ത് വളര്‍ന്നു നിന്ന കാട് വെട്ടിനീക്കി. പരിസരം വൃത്തിയാക്കി
  • അംഗനവാടി പ്രവര്‍ത്തകരില്‍ നിന്നും വിദ്യാലയത്തിന്റെ കാച്ച്മെന്റ് ഏറിയയിലുളള കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിച്ചു. 
  • ഭവനസന്ദര്‍ശനം നടത്തി വിദ്യാലയമികവുകള്‍ സമൂഹത്തിലെത്തിച്ചു.  
  • എസ് എം സി യോഗം മാതൃകാപരമായി കൂടി.  
  • പുതുവര്‍ഷദിന പുസ്തകസമാഹരണം നടത്തി. കോര്‍ണര്‍ പി ടി എ സംഘടിപ്പിച്ചു
ഗവണ്മെന്റ് വെല്‍ഫെയര്‍ എല്‍ പി എസ് ചുനക്കര
  • ശില്പശാല ഈ സ്കൂളില്‍ വെച്ചായിരുന്നു നടത്തിയത്.എല്ലാ എസ് എം സി അംഗങ്ങളും പങ്കെടുത്തിരുന്നു. 
  • ശില്പശാലയില്‍ രൂപപ്പെട്ട ധാരണയുടെ അടിസ്ഥാനത്തില്‍ വിദ്യാലയവികസനപദ്ധതി തയ്യാറാക്കി.  
  • അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ നിന്നും രണ്ടു കുട്ടികളെ എസ് എം സി ഈ സ്കൂളിലേക്ക് എത്തിച്ചു.  
  • എല്ലാ അംഗങ്ങളുടേയും പരിപൂര്‍ണ പങ്കാളിത്തവും ചര്‍ച്ചകളിലെ ഇടപെടലുകളും തീരുമാനങ്ങളിലെ കൃത്യതയും ഒക്കെ ഉറപ്പാക്കി മെച്ചപ്പെട്ട രീതിയില്‍ എസ്‍ എം സി യോഗം സംഘടിപ്പിച്ചു.  
  • എസ് എം സി ചെയര്‍മാന്‍ യോഗനടപടികള്‍ സജീവമാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പ്രകടിപ്പിച്ചു.  
  • കോര്‍ണര്‍ പി ടി എ സംഘടിപ്പിച്ചു.  
  • സ്കൂള്‍ വാര്‍ഷികം ജനകീയ ഉത്സവമാക്കാന്‍ തീരുമാനിച്ചു.
തേവലപ്പുറം ഗവ എല്‍ പി സ്കൂള്‍, കാവില്‍ തെക്ക്
  • മുഴുവന്‍ എസ് എം സി അംഗങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കടെുക്കാനവസരം ലഭിച്ചു .  
  • പരിശീലനത്തെത്തുടര്‍ന്ന് വിദ്യാലയപ്രവര്‍ത്തനങ്ങളില്‍ എസ് എം സി അംഗങ്ങള്‍ കൂടുതലായി മുഴുകാന്‍ തുടങ്ങി.  
  • സമൂഹത്തിന്റെ വിവിധ തുറകളിലുളളവരുടെ പിന്തുണ വര്‍ധിപ്പിച്ചു. 
  • ചില ഉദാഹരണങ്ങള്‍ ഇതാ- 
    • മേനാത്തേരി വായനശാല സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും മെമ്പര്‍ഷിപ്പ് നല്‍കാനും പുസ്തക വായന പ്രോത്സാഹിപ്പിക്കാനും അവസരം നല്‍കി. 
    • മാമ്പ്രകന്നേല്‍ യുവജനസമിതി സ്കൂള്‍ വാര്‍ഷികാഘോഷത്തിന് ഭക്ഷണം, മൈക്ക്സെറ്റ് എന്നിവ സ്പോണ്‍സര്‍ ചെയ്തു. 
    • പൂര്‍വവിദ്യാര്‍ഥികള്‍ വിദ്യാലയത്തിന് ഷെല്‍ഫുകള്‍ നല്‍കാമെന്നു് ഉറപ്പു നല്‍കി. 
    • കൃഷ്ണപുരം ,മുക്കട സൈമാസ് ഹൈപ്പര്‍മാര്‍ക്കറ്റ് സ്കൂള്‍ വാര്‍ഷികത്തിന് അയ്യായിരം രൂപ നല്‍കി.
    •  രക്ഷിതാക്കളില്‍ ചിലര്‍ വിദ്യാലയത്തിലെ പാചകാവശ്യത്തന് വേണ്ട പാത്രങ്ങള്‍ നല്‍കാന്‍ സന്നദ്ധരായി. 
    • എസ് എം സി കൂടുതല്‍ സജീവമായി.
ഗ്രാമം ഗവണ്മെന്റ് കെ വി ജെ ബി എസ്
  • എസ് എം സി ചെയര്‍മാന്‍ തന്റെ കടമകളും കര്‍ത്തവ്യങ്ങളും ബോധ്യപ്പെട്ടു കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.  
  • കുട്ടികളുടെ പ്രതിനിധി യോഗത്തില്‍ പങ്കെടുക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും തുടങ്ങി.  
  • ജനപ്രതിനിധിയുടെ റോള്‍ വ്യക്തമായി
  •  എല്ലാവരുടേയും പങ്കാളിത്തത്തോടെ എസ് എം സി യോഗം കാര്യക്ഷമമായി, ജനാധിപത്യപരമായി . 
  • ക്ലാസും വിദ്യാലയവും കൂടുതല്‍ ആകര്‍ഷകമാക്കി.  
  • ഗ്രാമശ്രീ അയല്‍പക്ക വായനക്കൂട്ടങ്ങള്‍ ആരംഭിച്ചു. 
  • സ്കൂള്‍ പത്രം തയ്യാറാക്കി വിതരണം ചെയ്തു. 
  • ഗ്രാമം സ്കൂളില്‍ വെച്ചായിരുന്നു എസ് എം സി ശില്പശാല സംഘടിപ്പിച്ചത്. അതിനാല്‍ എല്ലാ എസ് എം സി അംഗങ്ങള്‍ക്കും ശില്പശാലയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. ഇത് എസ് എം സി പ്രവര്‍ത്തനത്തെ ഗുണപരമായി സ്വാധിനിച്ചു.
ഏതെല്ലാം വിദ്യാലയങ്ങള്‍?
എസ് എം സി പരിശീലനം വിദ്യാലയങ്ങളില്‍ വെച്ചു നടത്തണമെന്നാണ് ഡയറ്റ് തീരുമാനിച്ചത്. എസ് എം സി അംഗങ്ങളുടെ സൗകര്യം, പങ്കാളിത്തം ഉറപ്പാക്കാനുളള മാര്‍ഗം ,വിദ്യാലയവികസനചര്‍ച്ചകള്‍ക്ക് അടിസ്ഥാനമാക്കാവുന്ന വിവരസ്രോതസ്സുകളുടെ ലഭ്യത തുടങ്ങിയവ പരിഗണിച്ചാണ് ഇങ്ങനെ തീരുമാനിച്ചത്. ഡയറ്റിന്റെ ഒരു പ്രോഗ്രാമെന്നതിലുപരി സംഘടിപ്പിക്കുന്ന വിദ്യാലയത്തിന്റെ പരിപാടി എന്ന നിലയിലേക്ക് ഈ ശില്പശാലയെ മാറ്റാനും ഇതുവഴി സാധിച്ചു. സംഘാടനത്തില്‍ അതത് കേന്ദ്രങ്ങളിലെ പ്രധാനാധ്യാപകര്‍ വഹിച്ച പങ്ക് വലുതായിരുന്നു.
തീയതി ശില്പശാലാ കേന്ദ്രം പങ്കെടുത്ത വിദ്യാലയങ്ങളും എസ് എം സി അംഗങ്ങളുടെ എണ്ണവും
2014 ഡിസംബര്‍ 19,20 നെടുമുടി എന്‍ എസ് എല്‍ പി എസ്
  1. നെടുമുടി എന്‍ എസ് എല്‍ പി എസ് (16)
  2. കാവാലം ജി എല്‍ പി എസ്(5)
  3. മിത്രകരി വെസ്റ്റ് എല്‍ പി എസ് (5)
  4. കേളമംഗലം എല്‍ പി എസ് (5)
2015 ജനുവരി 19,20 ചുനക്കര വെല്‍ഫെയര്‍ എല്‍ പി എസ്
  1. ചുനക്കര വെല്‍ഫെയര്‍ എല്‍ പി എസ് (16)
  2. വെട്ടിയാര്‍ എല്‍ പി എസ് (10)
  3. തെക്കേക്കര എല്‍ പി എസ് (8)
  4. ചെറുമുഖ എല്‍ പി എസ് (8)
2015ജനുവരി ഗ്രാമം കെ വി ജെ ബി എസ്
  1. ഗ്രാമം കെ വി ജെബി എസ് (16)
  2. ചെറുവല്ലൂര്‍ ജെ ബി എസ് (16)
2015ജനുവരി തെവലപ്പുറം എല്‍ പി എസ്
  1. തേവലപ്പുറം എല്‍ പി എസ് (16)
  2. കായംകുളം ജി എല്‍ പി എസ് (16)
നിരന്തരം പുതുക്കിയ മോഡ്യൂള്‍
ഓരോ ശില്പശാലയിലെയും അനുഭവങ്ങള്‍ വിശകലനം ചെയ്ത് ഉളളടക്കത്തിലും സംഘാടനത്തിലും നിരന്തരം മെച്ചപ്പെടുത്തലുകള്‍ വരുത്താന്‍ ഡയറ്റ് ശ്രദ്ധിച്ചു. മുന്‍കൂട്ടി തയ്യാറാക്കിയ ഒരു പരിശീലന മോഡ്യൂള്‍ അതേ പോലെ എല്ലായിടത്തും ആവര്‍ത്തിക്കുകയല്ല ചെയ്തത്. ആദ്യ ശില്പശാലയില്‍ സമീപവിദ്യാലയങ്ങളില്‍ നിന്നുളള പങ്കാളിത്തം അഞ്ചുവീതമാണ് ഉണ്ടായിരുന്നത്. ഇത് ആ വിദ്യാലയങ്ങളുടെ വികസനപദ്ധതി തയ്യാറാക്കുന്നതിന് സഹായകമല്ല എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന അടുത്ത പരിശീലനത്തില്‍ പങ്കാളിത്തം കൂട്ടി. ശില്പശാലയിലെ വിദ്യാലയങ്ങളുടെ എണ്ണക്കൂടുതലും പ്രശ്നമായി. മൂന്നു വിദ്യാലയങ്ങള്‍ക്ക് മാത്രമേ വികസനപദ്ധതി രൂപീകരണത്തിലേക്ക് കടക്കാന്‍ കഴിഞ്ഞുളളൂ. അടുത്ത പരിശീലനങ്ങളില്‍ രണ്ടു വിദ്യാലയങ്ങളിലെ എല്ലാ എസ് എം സി അംഗങ്ങളുമെന്നു തീരുമാനിച്ചു. ഇത് ഗുണം ചെയ്തു. ഓരോ വിദ്യാലയത്തിലേയും എല്ലാ എസ് എം സി അംഗങ്ങളും പരിശീലിക്കപ്പെടുമ്പോള്‍ മാത്രമേ ഒരേ ആശയതലത്തില്‍ നിന്നുളള പ്രവര്‍ത്തനം സാധ്യമാകൂ. അതേ പോലെ ആദ്യ രണ്ടു ശില്പശാലകളില്‍ ഒരു വിദ്യാലയത്തിലെ എസ് എം സി യോഗം മാത്രം നടത്തി പരിമിതികള്‍ കണ്ടെത്തുന്ന രീതിയായിരുന്നു. മൂന്നും നാലും ശില്പശാലകളില്‍ പരിശീലനത്തില്‍ പങ്കെടുത്ത രണ്ടു വിദ്യാലയങ്ങള്‍ക്കും എസ് എം സി യോഗം നടത്താനും പരസ്പരം നിരീക്ഷിച്ച് മെച്ചപ്പെടുത്താനുളള നിര്‍ദ്ദേശം നല്‍കാനും അവസരമൊരുക്കി. ഇത് എല്ലാവര്‍ക്കും തങ്ങളുടെ മികവുകളും പരിമിതികളും തിരിച്ചറിയാന്‍ ഉപകരിച്ചു. നാലാമത്തെ ശില്പശാലയുടെ ഭാഗമായി കോര്‍ണ്‍ പി ടി എ കൂടി ഒന്നാം ദിവസം സംഘടിപ്പിച്ചിരുന്നു. എങ്ങനെ വിദ്യാലയമികവുകള്‍ സമൂഹവുമായി പങ്കിടാമെന്നതിന്റെ പ്രായോഗികാനുഭവം ഇതിലൂടെ ലഭിച്ചു. ഓരോ സെഷനുകളുടെ ഉളളടക്കത്തിലും പ്രക്രിയയിലും മെച്ചപ്പെടുത്തല്‍ വരുത്തി. വിദ്യാഭ്യാസ അവകാശനിയമം ചര്‍ച്ച ചെയ്യുന്ന സെഷനില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം വേണ്ടിവന്നിരുന്നു. പുതിയ ചര്‍ച്ചാരേഖ തയ്യാറാക്കി അതു പരിഹരിച്ചു. എസ് എം സി പ്രവര്‍ത്തനം വിശകലനം ചെയ്യാന്‍ അതത് വിദ്യാലയങ്ങളുടെ എസ് എം സി മിനിറ്റ്സ് കൂടി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത് രണ്ടാം ശില്പശാലയിലാണ്. വസ്തുതാപരമായ വിശകലനത്തിന് ഇതു സഹായകമായി. ഇങ്ങനെ എല്ലാ സെഷനുകളിലും മെച്ചപ്പെടുത്തല്‍ നടത്തിയ പരിശീലനമോഡ്യൂള്‍ വിദ്യാലയസാഹചര്യങ്ങള്‍ പരിഗണിച്ചുളള സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന രീതി സ്വീകരിച്ചു.
കണ്ടെത്തലുകളും നിര്‍ദ്ദേശങ്ങളും
  • വിദ്യാലയത്തിലെ എല്ലാ എസ് എം സി അംഗങ്ങള്‍ക്കും ഒരോ ധാരണ ലഭിക്കത്തക്ക വിധം പരിശീലനം സംഘടിപ്പിക്കണം
  • പരിശീലനത്തിന്റെ ഉളളടക്കവും ദൈര്‍ഘ്യവും ദിവസവും നിശ്ചയിക്കേണ്ടത് പരിശീലകസ്ഥാപനത്തിന്റെ മാത്രം സൗകര്യം പരിഗണിച്ചാകരുത്. വിദ്യാലയത്തിലുണ്ടാകേണ്ട മാറ്റത്തെ മുന്‍ നിറുത്തിയാകണം. (ഗ്രാമം സ്കൂള്‍ ഞായറാഴ്ചയാണ് രക്ഷിതാക്കള്‍ക്ക് സൗകര്യമെന്ന് അറിയിച്ചപ്പോള്‍ ഡയറ്റ് അതിനു വഴങ്ങിെയതുപോല. )
  • ശില്പശാലയുടെ ഭാഗമായി കോര്‍ണര്‍ പി ടി എ സംഘടിപ്പിക്കുന്നത് ഗുണം ചെയ്യും
  • തയ്യാറാക്കിയ വികസനപദ്ധതി പ്രകാരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തുടര്‍പിന്തുണ ആവശ്യമാണ്. വാര്‍ഷികപദ്ധതിയുടെ നിര്‍വഹണം, ആസൂത്രണം തുടങ്ങിയവ ചിട്ടപ്പെടുത്താന്‍ പരിശീലനം വേണ്ടിവരും
  • പരിശീലനത്തിനു മുന്നോടിയായുളള വിദ്യാലയസന്ദര്‍ശനം പ്രധാനമാണ്. വിദ്യാലയത്തിന്റെ സാധ്യതകളും പരിമിതികളും തിരിച്ചറിഞ്ഞ് പരീശിലനത്തില്‍ ഭേദഗതികള്‍ വരുത്താന്‍ ഇതു സഹായിക്കും. സംഘാടനം മെച്ചപ്പെടുത്തും.
  • എല്ലാ അധ്യാപകര്‍ക്കും ശില്പശാലയിലെ അനുഭവം ലഭിക്കുന്നില്ല. എസ് എം സി പ്രതിനിധികള്‍ മാത്രമാണ് ഇപ്പോള്‍ പരിശീലിക്കപ്പെടുന്നത് . ഇതു പരിഹരിക്കാനുളള തന്ത്രങ്ങള്‍ രൂപപ്പെടുത്തണം. വികസനപദ്ധതി എസ് ആര്‍ ജി യില്‍ ചര്‍ച്ച ചെയ്യണം. ഇതിനായി മുഴുവന്‍ അധ്യാപകരും ഒരു പൂര്‍ണദിനം കൂടിയിരിക്കുന്നതിന് ഡയറ്റ് വേദി ഒരുക്കുന്നത് നന്നായിരിക്കും.
  • ഉപജില്ലാ ഓഫീസര്‍ , ബി ആര്‍ സി എന്നിവരുടെ പൂര്‍ണസമയ പങ്കാളിത്തം ഉറപ്പാക്കാനായില്ല എന്നത് ദൗര്‍ബല്യമാണ്. ഇതും മറികടക്കണം.
  • വിദ്യാലയവികസനപദ്ധതി സമഗ്രമായാല്‍ സമ്പൂര്‍ണ വിദ്യാലയഗുണമേന്മാ മാനേജ്മെന്റ് യാഥാര്‍ഥ്യമാകുന്നതിന് അടിത്തറയാകും.
റിപ്പോര്‍ട്ട് തയ്യാറാക്കിയത്
അനിയന്‍ പി ( ഗവ.യു പി എസ് ഹരിപ്പാട്)
പത്മകുമാരി സി ( ഗവ കെ വി ജെ ബി എസ് ഗ്രാമം)
സിന്ധു കെ( ഗവ വെല്‍ഫെയര്‍ എല്‍ പി എസ് ചുനക്കര)