ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, January 19, 2018

ഉയര്‍ന്ന പഠനനിലവാരവുമായി കേരളം. NCERT REPORT

"കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് വര്‍ത്തമാനം പറയേണ്ടത് ചാരുകസേരയില്‍ കിടന്നല്ല. ക്ലാസ് മുറികളിലെ സജീവത നേരിട്ട് മനസിലാക്കിയാകണം" എന്നൊരു സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു. പഠനനിലവാരത്തെക്കുറിച്ച് അഭിപ്രായം പറയേണ്ടത് അക്കാദമിക പഠനങ്ങളുടെ അടിസ്ഥാനത്തിലാകണം. ഊഹങ്ങളും മുന്‍വിധികളുമല്ല. ശാസ്ത്രീയമായ വിവരങ്ങളാണ് പ്രധാനം.വസ്തുനിഷ്ഠമായി പറയുക എന്നതും അറിവിന്റെ അളവുകോലാണ്.
അക്കാദമിക നിലവാരം പഠനവിധേയമാക്കുന്നതിന് ചില അംഗീകൃതരീതികളുണ്ട്.
പഠനം നടത്തുന്ന ഏജന്‍സി, പഠന രീതി ( സാമ്പളിംഗ്, ചോദ്യാവലിയുടെ ഗുണത, വിവരശേഖരിക്കുന്നവരുടെ വൈദഗ്ധ്യം തുടങ്ങിയവ ) എന്നിവയെല്ലാം പരിശോധിച്ചാണ് അക്കാദമിക പഠനങ്ങളെ വിലയിരുത്തുക.
ദേശീയ തലത്തില്‍ എന്‍ സി ഇ ആര്‍ ടി മൂന്നു വര്‍ഷം വീതമുളള ഇടവേളകളില്‍ അക്കാദമിക പഠനം നടത്താറുണ്ട്. സംസ്ഥാനങ്ങളിലെ നിലവാരം താരതമ്യം ചെയ്യുകയായിരുന്നു ഇതുവരെയുളള ലക്ഷ്യം
ഇത്തവണ അതില്‍ മാറ്റം വരുത്തി.
  • ജില്ലകളുടെയും വിദ്യാലയങ്ങളുടെയും വിവരങ്ങളാണ് അവര്‍ നല്‍കുന്നത്. കാരണം പ്രാദേശികമായി ഇടപെടുന്നതിന് പരിഹാര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് സഹായകം അതാണം. 
  • മറ്റൊരു സവിശേഷത പഠനനേട്ടങ്ങളെ അടിസ്ഥാനമാക്കിയുളള വിശകലന രീതിയാണ്. ഏതെല്ലാം പഠനനേട്ടങ്ങളിലാണ് ഓരോ ജില്ലയും മുന്നില്‍ നില്‍ക്കുന്നത് ഏതെല്ലാം പഠനനേട്ടങ്ങളിലാണ്  പിന്നില്‍ നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ട് കാര്‌‍ഡില്‍ സൂചിപ്പിക്കുന്നു. പഠന വിടവ് കണ്ടെത്തി തുടര്‍ പ്രവര്‍ത്തനാസൂത്രണത്തിന് ഇത് വഴിയൊരുക്കും. 
  • പട്ടിക ജാതി, പട്ടിക വര്‍ഗം തുടങ്ങിയ സാമൂഹിക വിഭാഗങ്ങളെ അടിസ്ഥാനമാക്കിയുളള വിശകലനരീതി തുടരുന്നുണ്ട്. അക്കാദമിക തുല്യത ഊന്നിയുളള പ്രവര്‍ത്തനങ്ങളുടെ അനിവാര്യത ശ്രദ്ധയില്‍ പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം
കേരളത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാലയളവിലാണ് ഈ പഠനം നടന്നിട്ടുളളത്. ഒരു വര്‍ഷം കൊണ്ട് എന്ത് സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞു എന്നതു പരിശോധിക്കാന്‍ വിമര്‍ശകര്‍ക്കും പൊതുവിദ്യാലയങ്ങളുടെ അഭ്യുദയകാംക്ഷികള്‍‌ക്കും അവസരമൊരുക്കും.
മൂന്ന് അഞ്ച് ക്ലാസുകളിലെ വിവരങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്. 
ഇപ്പോള്‍ 2014 ലെ നിലയേക്കാള്‍ വര്‍ധനവുണ്ട്. അതായത് ഉയര്‍ന്ന നിലയില്‍ സ്ഥിരത പ്രതിഫലിപ്പിക്കുന്നു. രണ്ടു കാലത്ത് രണ്ടു വ്യത്യസ്ത സാമ്പിളുപയോഗിച്ച് നടത്തിയ പഠനത്തില്‍  ഉയര്‍ന്ന നിലവാരമെങ്കില്‍ നമ്മുടെ പഠനരീതിക്ക് ശക്തമായ നിലവാര അടിത്തറയുണ്ടെന്നു മനസിലാക്കാം.
2012,2015 എന്നീ വര്‍ഷങ്ങളിലെ പഠനനിലവാരത്തില്‍ അഞ്ചാം ക്ലാസില്‌‍ ഭാഷയില്‍ മികച്ച നിലവാരമായിരുന്നു. ശരാശരി സ്കോര്‍ ആണ് അന്ന് എന്‍ സി ഇ ആര്‍ ടി പങ്കിട്ടത്. ശതമാനത്തിലാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടിലുളത്. ഇത്തവണ 68% ആണ്.  വിവിധ ക്ലാസുകളില്‍ ഉയര്‍ന്ന സ്കോര്‍ ലഭിച്ചവരുടെ വിവരം കൂടി പരിശോധിച്ചാലേ കൃത്യമായ ഗുണനിലവാരചിത്രം ലഭിക്കൂ
മുപ്പത് ശതമാനത്തില്‍ താഴെയുളളവര്‍ വളരെക്കുറവ്. എന്നാല്‍ അമ്പത് ശതമാനത്തിനു മുകളിലാണ് ബഹുഭൂരിപക്ഷവും

മലയാളം
ഉയർന്ന നിലയിലുള്ളവർ -അമ്പത് ശതമാനത്തിനു മുകളിൽ സ്കോർ നേടിയവർ.  (ബ്രാക്കറ്റിൽ നൽകിയിരിക്കുന്നത് 75% നു മുകളിൽ സ്കോർ നേടിയവരുടെ ശതമാനം.)
  • ക്ലാസ് മൂന്ന്             88% (49% )
  • ക്ലാസ് അഞ്ച്           83% (46%)
ഗണിതം           
  • ക്ലാസ് 3                 85%   (50 %  )
  • ക്ലാസ് 5                 72%   (36%)
പരിസര പ0നം
  • ക്ലാസ് 3                   93% (59%)
  • ക്ലാസ് 5                   88% (39%
 എട്ടാം ക്ലാസ് നിലവാരത്തെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ എഴുതിയത് ചുവടെ നല്‍കുന്നു.
"While Class 8 students in Thiruvananthapuram recorded a pass percentage of 56.37 in mathematics, boys secured a higher pass mark — 58.18 — while girls secured 53.99 in the subject. Bengaluru North came in third with 35.19%, followed by Hyderabad and Chennai (33.48% and 31.19%, respectively)."
എട്ട്.    മലയാളം 75% (30%) നിലവാരവും ഉയര്‍ന്നത് തന്നെ. ഭാഷപഠിക്കാത്ത കുട്ടികളാണ് വിദ്യാലയങ്ങളില്‍ എന്ന് സ്കൂളിന്റെ പടി കഴിഞ്ഞ പത്തിരുപതുവര്‍ഷമായി കയറാത്ത ചിലര്‍ ആക്ഷേപിക്കുന്നതിനുളള മറുപടിയാണ് മൂന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ ഉയര്‍ന്ന ഭാഷാപഠനനിലവാരം
ഇത്തവണത്തെ നാസ് ദേശീയതലത്തില്‍ തയ്യാറാക്കിയ പഠനനേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. അവിടെ എട്ടാം ക്ലാസിലേക്ക് നിശ്ചയിച്ചിരിക്കുന്ന  പല പഠനനേട്ടങ്ങളും ഇവിടെ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നിവയുടെ ഉളളടക്കത്തിലാണ് വ്യത്യാസം കൂടുതലും. അതിനാല്‍ത്തന്നെ ഈ വിഷയങ്ങളുടെ നിലവാരം എട്ടാം ക്ലാസില്‍ ഗണിതത്തേക്കാള്‍ താഴെയാണ്.( വരും വര്‍ഷം പഠനനേട്ടങ്ങള്‍ പുതുക്കി നിശ്ചയിക്കുവാന്‍ കേരളം തയ്യാറാക്കേണ്ടതുണ്ട്.
സര്‍വേ എങ്ങനെ സ്വാധീനിക്കും?
ഓരോ ജില്ലയുടെയും ഓരോ വിഷയത്തിലും ഓരോ പഠനനേട്ടത്തിലുമുളള നിലവാരം എന്‍ സി ഇ ആര്‍ ടി തയ്യാറാക്കിയിട്ടുണ്ട്. ഏതേത് പഠനട്ടങ്ങളിലാണ് ഇനിയും മുന്നേറേണ്ടത് എന്ന് സൂചിപ്പിച്ചിട്ടുണ്ട്.  എല്ലാ കുട്ടികള്‍ക്കും അത് ഉറപ്പാക്കാനുളള സാമഗ്രികള്‍, പഠനതന്ത്രങ്ങള്‍, അധ്യാപകപരിശീലന രീതി എന്നിവ അതത് ജില്ലകളും സംസ്ഥാനവും വികസിപ്പിക്കണം. എന്‍ സി ഇ ആര്‍ ടി യുടെ നേതൃത്വത്തില്‍ വിഭവപിന്തുണ നല്‍കുന്നതിനും ആലോചന നടക്കുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് ഇത് ഉപകാരപ്രദമാണ്. നിര്‍ദിഷ്ടക്ലാസുകളിലെ പഠനനേട്ടങ്ങള്‍ എല്ലാ കുട്ടികള്‍ക്കും ഉറപ്പാക്കുന്നതിന് സഹായകമായ ആസൂത്രണം നടത്തുന്നതിന് ദിശാബോധം ലഭിക്കും.
ഒരു ഉദാഹരണം പരിശോധിക്കാം. വയനാട് ജില്ലയുടെ അഞ്ചാം ക്ലാസിലെ നാസ് റിപ്പോര്‍ട്ടാണ് ചുവടെ. ഏതെല്ലാം പഠനനേട്ടങ്ങളാണ് പരിഗണിച്ചതെന്നും ഓരോന്നിലും വയനാടിന്റെ പ്രകടനം എങ്ങനെയെന്നും വ്യക്തമാണ്. ഇത്ര സൂക്ഷ്മമായി ജില്ലതിരിച്ച് മുന്‍ റിപ്പോര്‍ട്ടുകളില്‍ എന്‍ സി ഇ ആര്‍ ടി വിശകലനം നടത്തിയിരുന്നില്ല. അതിനാല്‍ത്തന്നെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും പരിമിതി ഉണ്ടായിരുന്നു. 
 ഏതൊക്കെ പഠനനേട്ടങ്ങളിലാണ് പിന്നാക്കാവസ്ഥ എന്ന് ക്രോഡീകരിച്ചു നല്‍കിയിരിക്കുന്നു.ഗണിതത്തിന്റെ പ്രക്രിയാശേഷികളുമായി ബന്ധപ്പെട്ടവയാണ് അതില്‍ പലതും.അമ്പതുശതമാനത്തിലധികം കുട്ടികള്‍ നേട്ടം കൈവരിച്ചവയാണെങ്കിലും എല്ലാവര്‍ക്കും നേട്ടം എന്ന ലക്ഷ്യത്തോടെ ഇടപെടണം എന്നാണ് എന്‍ സി ഇ ആറ്‍ ടിയുടെ നിര്‍ദേശം. അത് സ്വാഗതം ചെയ്യപ്പെടണം
ഒന്നാം ടേം മുതല്‍ കേരളത്തിലെ അധ്യാപകര്‍ ക്ലസ്റ്റര്‍ പരിശീലനങ്ങളില്‍ ഇത്തരം ഫലവിശകലനം നടത്തുന്ന രീതി പരിചയപ്പെടുന്നുണ്ട്. പല അധ്യാപകരും അത് പ്രാവര്‍ത്തികമാക്കുന്നുമുണ്ട്. അതിനാ‍ത്തന്നെ കേരളത്തെ സംബന്ധിച്ചിടത്തോളം ഓരോ ടേം പരീക്ഷാസന്ദര്‍ഭവും അക്കാദമികപഠനസന്ദര്‍ഭം കൂടിയാണ്. അത് കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകണം.
എല്ലാ വര്‍ഷവും എന്‍ സി ഇ ആറ്‍ ടി പഠനം നടത്തുമെന്നാണ് അറിയുന്നത്. എല്ലാ വിദ്യാലയങ്ങളെയും ഉള്‍ക്കൊളളുന്ന സെന്‍സസ് രീതിയായിരിക്കും അടുത്തതെന്നു സൂചന. അങ്ങനെയെങ്കില്‍ ഓരോ വിദ്യാലയത്തിന്റെയും പഞ്ചായത്തിന്റെയും നിലവാരം പരസ്യരേഖയായി മാറും. കേരളത്തിലെ വിദ്യാലയങ്ങളെ സംബന്ധിച്ചിടത്തോളം സമൂഹത്തിന്റെ വിശ്വാസ്യത നേടിയെടുക്കുന്നതിനുളള ആധികാരികതെളിവുകള്‍ നല്‍കാനുളള സാധ്യതയാണ് തെളിയുന്നത്. പ്രതിബദ്ധതയുളള അധ്യാപകരെ സംബന്ധിച്ചിടത്തോളം അല്ലെങ്കില്‍ മികച്ച വിദ്യാലയങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ആഹ്ലാദം പകരും.  എന്നാല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സാമൂഹിക പ്രസക്തി മനസില്‍ തട്ടാത്ത ഒരു ന്യൂനപക്ഷം പേര്‍ക്ക് അവരുടെ സ്വതസിദ്ധമായ അലസതയുടെ ആമത്തോടില്‍ നിന്നും മോചിതരാകാന്‍ വിസമ്മതിക്കും.ചില അധ്യാപകസംഘടനകളെ കൂട്ടു പിടിക്കാന്‍ ശ്രമിക്കും. പക്ഷേ അവര്‍ക്കും കാലത്തിന്റെ വിളിക്ക് കാത് നല്‍കാതിരിക്കാനാകില്ല.

 പൊതുവിദ്യാലയങ്ങളിലേക്ക് ഒന്നര ലക്ഷത്തോളം കുട്ടികള്‍ വന്നു ചേര്‍ന്ന ഈ വ്ര്‍ഷത്തില്‍ത്തന്നെ അക്കാദമിക നിലവാരപഠനത്തില്‍ മികച്ച പ്രകടനം നടത്തുന്നതിന് വിദ്യാലയങ്ങള്‍ക്ക് കഴിഞ്ഞത് രക്ഷിതാക്കളെയും സമൂഹത്തെയും സംതൃപ്തിപ്പെടുത്തും. എന്നാല്‍ ദേശീയനിലവാരത്തിനും മുകളിലാണ് എന്നതല്ല ലക്ഷ്യം . അന്തര്‍ദേശീയ നിലവാരമാണ്. മികച്ച വിദ്യാഭ്യാസത്തിന്റെ കേരളീയമാതൃക അത് അസാധ്യമല്ല.

7 comments:

Nisha Panthavoor said...

Move together...for a greater dream..🙏🙏🙏

Unknown said...

വിവരത്തിനൊപ്പം വിശകലനം കൂടി നൽകിയത്
നന്നായി.

T T Paulose Pazhamthottam said...

എനിക്ക് പരിചയമുള്ള അധ്യാപക സുഹൃത്തുക്കളും അവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മകളും പത്തു മുതൽ നാലുവരെയുള്ള സമയത്തിനുമപ്പുറം ,അവധി ദിനങ്ങളും ശനിയും ഞായറും പ്രയോജനപ്പെടുത്തി അക്കാദമിക്ക് പ്രവർത്തനങ്ങൾ നടത്തുന്നു.

P. Radhakrishnan Aluveetil said...

പൊതു വിദ്യാഭ്യാസ സംരക്ഷണം സാധ്യമാണ് എന്ന് ഈ റിപ്പോർട്ട് നമ്മെ ചുമതലപ്പെടുത്തുന്നു

Ambili. S said...

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഓർമ്മപ്പെടുത്തുന്നത് മികവുകളിലേക്കുള്ള ചവിട്ടുപടികൾ ഓരോന്നും സാവധാനം കടന്നു പോവുമ്പോൾ ലക്ഷ്യം അടുത്തെത്തി എന്നുതന്നെയാണ് ....അതു തന്നെയാണ് ഈ സർവേ നമുക്ക് മുന്നിൽ തുറന്നിടുന്നതും ..

Unknown said...

വിദ്യാഭ്യാസ രംഗത്ത് അധ്യാപകർ നടത്തുന്ന കഠിനയത്നങ്ങൾ അംഗീകരിക്കപ്പെടുന്നു എന്നതിൽ സന്തോഷം

Unknown said...

"ഓരോ ജില്ലയുടെയും ഓരോ വിഷയത്തിലും ഓരോ പഠനനേട്ടത്തിലുമുളള നിലവാരം എന്‍ സി ഇ ആര്‍ ടി തയ്യാറാക്കിയിട്ടുണ്ട്. ഏതേത് പഠനട്ടങ്ങളിലാണ് ഇനിയും മുന്നേറേണ്ടത് എന്ന് സൂചിപ്പിച്ചിട്ടുണ്ട്. എല്ലാ കുട്ടികള്‍ക്കും അത് ഉറപ്പാക്കാനുളള സാമഗ്രികള്‍, പഠനതന്ത്രങ്ങള്‍, അധ്യാപകപരിശീലന രീതി എന്നിവ അതത് ജില്ലകളും സംസ്ഥാനവും വികസിപ്പിക്കണം. എന്‍ സി ഇ ആര്‍ ടി യുടെ നേതൃത്വത്തില്‍ വിഭവപിന്തുണ നല്‍കുന്നതിനും ആലോചന നടക്കുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് ഇത് ഉപകാരപ്രദമാണ്.
കേരളത്തിന്‍റെ സാഹചര്യത്തില്‍ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ഒരു ജില്ലകളും തയ്യാറാക്കുകയും വികേന്ദ്രീകൃതവും നൂതനവുമായ മോനിട്ടരിംഗ് ,തത്സമയ പിന്തുണ എന്നിവ വിഭാവനം ചെയ്യുകയും നടപ്പാക്കുകയും ചെയ്യാന്‍ ഈ പഠനം പ്രേരണയും ദിശാബോധവും നല്‍കട്ടെ എന്ന് പ്രത്യാശിക്കുന്നു .ഓരോ സ്കൂളും സ്വപ്നം കാണുന്ന അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുമ്പോള്‍ ഉള്ള നേട്ടവും കോട്ടവും വിലയിരുത്തി തത്സമയ അക്കാദമിക സഹായം നല്കാന്‍ കഴിഞ്ഞാല്‍ അന്താരാഷ്ട്ര നിലവാരം എന്ന ലക്‌ഷ്യം കേരത്തിനു വിദൂരമല്ല .എല്ലാ ആശംസകളും .