ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, May 18, 2018

എന്തുകൊണ്ട് പൊതുവിദ്യാഭ്യാസത്തിനു വേണ്ടി നിലകൊളളണം?


  • എന്തുകൊണ്ട് പൊതുവിദ്യാഭ്യാസം?
  • അണ്‍ എയ്ഡഡ് വിദ്യാലയങ്ങളെ എതിര്‍ക്കുന്നതെന്തുകൊണ്ട്? അവിടെയും നന്മയില്ലേ ? അതിനെ അംഗീകരിച്ചുകൂടേ? 
  • പൊതുവിദ്യാലയങ്ങളില്‍ കൂടുതല്‍ മികവുണ്ടാക്കി ആകര്‍ഷിച്ചാല്‍ പോരെ?
  • മികവെന്നാല്‍ ഉയര്‍ന്ന ഗ്രേഡ് മാത്രമാണോ?
  • അക്കാദമികവും സാമൂഹികവും വൈകാരികവുമായ മികവുകള്‍ ഒരേ പോലെ പരിഗണിക്കണ്ടേ?
  • ഇടതുപക്ഷത്തിലും വലതുപക്ഷ വിദ്യാഭ്യാസ ദര്‍ശനപാത പിന്തുടരുന്നവരുണ്ടോ?

Education is a social process. Education is growth. Education is not a preparation for life; education is life itself.- John Dewey (1939)

വിദ്യാഭ്യാസത്തെക്കുറിച്ച് രണ്ട് കാഴ്ചപ്പാടുകള്‍ ഉണ്ട്
ഒന്ന് )വിദ്യാഭ്യാസം സമൂഹത്തിന്റെ ഉത്തരവാദിത്തമാണ് , സാമൂഹിക പ്രക്രിയയാണ്.
സമൂഹത്തിനുവേണ്ടി സമൂഹത്താല്‍ നിറവേറ്റപ്പെടുന്നതാണ്.
  • ഈ ചിന്താധാരയോട് ഒട്ടി നില്‍ക്കുമ്പോള്‍ മാത്രമേ വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്താനാകൂ.
  • സൗജന്യ വിദ്യാഭ്യാസത്തെക്കുറിച്ച് ആവശ്യമുന്നയിക്കാനാകൂ.
  • സമൂഹം നിശ്ചയിക്കുന്ന വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്ക് അനുപൂരകമായ പാഠ്യപദ്ധതിയും പഠനരീതിയും വേണമെന്നു പറയാനാകൂ.
  • എല്ലാവരെയും ഉള്‍ക്കൊളളിക്കണമെന്നു വാദിക്കാനാകൂ. സര്‍ക്കാര്‍ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ മുതല്‍ മുടക്കണമെന്നും ഏറ്റവും ഗുണനിലവാരമുളള വിദ്യാഭ്യാസം സമൂഹത്തിലെ അംഗമെന്ന നിലയില്‍ കുട്ടിക്ക് പ്രാപ്യമാക്കണമെന്ന പ്രസക്തമായ കാര്യം അജണ്ടയാകൂ.
  • സാമൂഹികമാറ്റത്തിനു വേണ്ടിയാണ് വിദ്യാഭ്യാസമെന്നും നാം പ്രതീക്ഷിക്കുന്ന ഭാവിസമൂഹത്തിന്റെ സവിശേഷതകളും രീതികളും പ്രതിഫലിപ്പിക്കുന്ന തരം പൊതുവിദ്യാഭ്യാസത്തിന്റെ സ്വഭാവം നിര്‍ണയിക്കാനാകൂ.
  • മതേതര ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ അടിത്തറയിലാണ് അത് പടുത്തുയര്‍ത്തുക.
  • എല്ലാ വിധ വിവേചനങ്ങളെയും ( ധനിക, ദരിദ്ര, വര്‍ണ, വര്‍ഗ, ജാതി, മത, ലിംഗ) അത് നിഷേധിക്കും.
  • എല്ലാ കുട്ടികളെയും കഴിവുളളവരായി കാണും. ഓരോ കുട്ടിയും സവിശേഷമായ പരിഗണന അര്‍ഹിക്കുന്നവളാണ് എന്ന് നിലപാടെടുക്കും.
  • കുട്ടിയുടെ സമഗ്ര വികസനത്തിനുളള വിദ്യാഭ്യാസ പ്രക്രിയ രൂപപ്പെടുത്തും
  • പ്രവേശനനിയന്ത്രണങ്ങള്‍ ഉണ്ടാകില്ല.
  • ലാഭനഷ്ട ഭാഷയില്‍ വിദ്യാഭ്യാസത്തെ കാണില്ല. ആദായം അനാദായം എന്നിങ്ങനെ തരം തിരിക്കില്ല.
  • സാമൂഹിക നവോത്ഥാന നായകരും പുരോഗമന പ്രസ്ഥാനങ്ങളും ഇത്തരം വിദ്യാഭ്യാസത്തിനു വേണ്ടിയാണ് വാദിച്ചത്, സമരം ചെയ്തത്, പ്രവര്‍ത്തിച്ചത്.
  • ഫീസ് എടുത്തുകളയല്‍, സൗജന്യ പാഠപുസ്തകം, സ്കൂള്‍ ഉച്ച ഭക്ഷണപരിപാടി, സ്കോളര്‍ഷിപ്പുകള്‍, അധസ്ഥിത വിഭാഗങ്ങള്‍ക്കുളള സഹായം, പ്രത്യേകപരിഗണന അര്‍ഹിക്കുന്നവര്‍ക്കുളള പിന്തുണ, കരിക്കുലം കമ്മറ്റി, സ്കൂള്‍ പ്രാപ്യത ഉറപ്പാക്കല്‍, ഭൗതികസൗകര്യം ഉയര്‍ന്ന നിലവാരത്തിലാക്കി മികച്ച പഠനാന്തരീക്ഷം ഒരുക്കല്‍ തുടങ്ങിയവ ഈ കാഴ്ചപ്പാടിന്റെ ഭാഗമാണ്.
  • കുട്ടികളില്‍ മാറ്റത്തിനുളള മനോഭാവം സൃഷ്ടിക്കല്‍, മുന്‍വിധികള്‍, യാഥാസ്ഥിതിക ചിന്താഗതികള്‍, അന്ധവിശ്വാസം, സാമൂഹിക സാംസ്കാരിക വിവേചനങ്ങള്‍, മതനിരപേക്ഷതയ്ക് വെല്ലുവിളിയുയര്‍ത്തുന്ന സ്വാധീനങ്ങള്‍ എന്നിവയില്‍ നിന്നും മുക്തരാകുന്നതിനുളള പ്രാപ്തി, പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുളള സമീപനം, സാമ്പത്തികാസമത്വത്തിന്റെ കാരണവിശകലനം എന്നിവയിലൂടെ മാറ്റത്തിനു വേണ്ടി നിലപാടു സ്വീകരിക്കാനുളള കഴിവ്, സാമൂഹികമാറ്റത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ആദരിക്കാനും അംഗീകരിക്കാനും അനുകരിക്കാനും മാറ്റത്തിനായി സ്വയം അനുരൂപീകരിക്കപ്പെടാനുമുളള സന്നദ്ധത, മാറ്റത്തിനെതിരായ ശക്തികളെ പ്രതിരോധിക്കാനുളള ആശയദൃ‍ഢതയും മനക്കരുത്തും ശരിതെറ്റുകളും നേട്ടകോട്ടങ്ങളും ജനപക്ഷത്തു നിന്നും വിശകലനം ചെയ്യാനുളള പാടവം ആരോഗ്യകരമായ സമൂഹസൃഷ്ടിക്കാവശ്യമായ ജനാധിപത്യമൂല്യബോധം, നേതൃത്വമേറ്റെടുക്കല്‍, ചുമതലകളില്‍ നിന്നും വഴുതിമാറാതിരിക്കല്‍, സാമൂഹികമാററത്തിന്റെ വക്താവെന്ന നിലയിലും പ്രവര്‍ത്തകരെന്ന നിലയിലും ഉറച്ച ജ്ഞാനാടിത്തറ, പുതിയകാര്യങ്ങള്‍ പഠിക്കാനുളള തൃഷ്ണ, ബഹുസംസ്കാരസമൂഹത്തില്‍ പരസ്പരം മാനിക്കാനുളള മനോഭാവം തുടങ്ങിയവയൊക്കെസമൂഹമാറ്റത്തിനായുളള പുരോഗമന വിദ്യാഭ്യാസ ധാര മുന്നോട്ടുവെക്കും
2) വിദ്യാഭ്യാസം വ്യക്തിയുടെ ഉത്തരവാദിത്തമാണ് എന്നതാണ് രണ്ടാമത്തെ കാഴ്ചപ്പാട് . വ്യക്തിപരമായ നേട്ടം ലഭിക്കുന്നതിനാല്‍ വ്യക്തിതന്നെയാണ് അതിന്റെ ബാധ്യതമുഴുവന്‍ വഹിക്കേണ്ടത്
  • വ്യക്തിപരമായ നേട്ടം ലക്ഷ്യമിടുന്നതിനാല്‍ സൗജന്യവിദ്യാഭ്യാസം എന്ന ആശയം ബാധകമല്ല
  • എല്ലാത്തിനും ഫീസ് നിര്‍ബന്ധം. പണമുളളവര്‍ പഠിക്കട്ടെ ( മുതല്‍ മുടക്കാന്‍ കഴിയുന്നവര്‍ നിക്ഷേപിക്കട്ടെ) എന്ന സമീപനം
  • അതിനാല്‍ത്തന്നെ ഉയര്‍ന്ന സാമ്പത്തിക നിലയുളളവരെ ഉള്‍ക്കൊളളുകയും വരേണ്യതാല്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും. വരേണ്യവിഭാഗങ്ങളാണുളളതെന്ന് എന്താ തെളിവ് എന്നു ചോദിച്ചേക്കാം . അതിന്റെ പ്രാതിനിധ്യവും പ്രവര്‍ത്തനസംസ്കാരവും പരിശോധിച്ചാല്‍ ബോധ്യപ്പെടും
  • വിദ്യാഭ്യാസത്തെ ലാഭത്തിനുളള ഉപാധിയാക്കി കാണുന്നു. വിദ്യാഭ്യാസം മാര്‍ക്കറ്റ് ചെയ്യപ്പെടുകയാണ്. ഉപഭോക്താവിന്റെ താല്പര്യങ്ങള്‍ നടത്തിപ്പിനു ഭീഷണിയാണെങ്കില്‍ മാത്രം സംരക്ഷിക്കപ്പെടും. അല്ലാത്ത പക്ഷം നടത്തിപ്പുകാരുടെ താല്പര്യങ്ങളേ മുന്നില്‍ നില്‍ക്കൂ. രക്ഷാകര്‍തൃസമിതിക്ക് നീതിക്കുവേണ്ടി പോരാടാനാകില്ല. ജീവനക്കാര്‍ക്ക് മാന്യമായി വേതനം നല്‍കില്ല. അവധിക്കാലത്ത് ക്ലാസില്ലെങ്കിലും ഫീസീടാക്കും. പുറത്താക്കല്‍ ഭീഷണിയുടെ അന്തരീക്ഷം നിലനിറുത്തും. ഔദാര്യം അനുഭവിച്ചോളൂ എന്ന മട്ട്.
  • പാഠപുസ്തകം, യൂണിഫോം, ബാഗ് , കുട. പെന്‍സില്‍, പേന, സ്കെയില്‍ തുടങ്ങിയവയെല്ലാം കമ്പോളത്തില്‍ നിന്നും വാങ്ങി ഉയര്‍ന്ന വിലയ്ക് കുട്ടിക്ക് നല്‍കി അതും ലാഭമുണ്ടാക്കാനുളള അവസരമാക്കി മാറ്റും. സ്കൂളില്‍ നിന്നല്ലാതെ അവ വാങ്ങുന്നത് നിയമലംഘനമായി പ്രഖ്യാപിക്കും
  • വിദ്യാഭ്യാസം സാമൂഹത്തിന്റെ നിലവിലുളള ചൂഷണാധിഷ്ടിത രീതിയെ അപ്പാടെ സംരക്ഷിക്കുന്നതിനുളളതാണെന്ന നിലപാടാണ് സ്വീകരിക്കുക. ഈ വ്യവസ്ഥയ്കെന്താ കുഴപ്പം? പ്രശ്നങ്ങള്‍ ചില വ്യക്തികള്‍ ഉണ്ടാക്കുന്നതല്ലേ അതു പരിഹരിച്ചാല്‍ മതി എന്ന രീതിയിലുളള ലളിതവത്കരണചിന്ത കുട്ടിയില്‍ നിറയ്കും.
  • വ്യവസ്ഥാദാസന്മാരെ സൃഷ്ടിക്കുന്നതിനാകും സാമൂഹിക മാറ്റത്തെ ഭയക്കുന്ന ശക്തികള്‍ ശ്രമിക്കുക. അതിനാല്‍ത്തന്നെ കര്‍ശനമായ അച്ചടക്കം കരുണയില്ലാതെ നടപ്പിലാക്കും.
  • പ്രത്യേകപരിഗണന അര്‍ഹിക്കുന്നവരെ സ്വീകരിക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കും.അവര്‍ക്കുവേണ്ടി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതും സമയം കണ്ടെത്തി പിന്തുണാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ദുര്‍വ്യയമായി കണക്കാക്കും.
  • കഴിവുളളവര്‍ അതിജീവിക്കട്ടെ എന്ന സമീപനമാണ് സ്വീകരിക്കുക. അതിനാല്‍ത്തന്നെ എല്ലാ കുട്ടികളെയും കഴിവുളളവരായി പരിഗണിക്കില്ല. തോല്പിച്ച് പുറത്താക്കല്‍ വലിയ തെറ്റായി കാണുകയില്ല. അതാകട്ടെ പരമാവധി ലാഭമെടുത്ത ശേഷം സ്ഥാപനത്തിന്റെ പേരിനെ ബാധിക്കാത്ത വിധം രഹസ്യമായിട്ടായിരിക്കുകയും ചെയ്യും. ഒമ്പതാം ക്ലാസ് തോല്‍പ്പിക്കല്‍ ക്ലാസായി തീരുമാനിക്കുന്നതിന്റെ യുക്തി ഇതാണ്
  • കുട്ടിയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്നില്ല. ലാഭം ലഭിക്കുമെങ്കില്‍ താല്പര്യമുളളവര്‍ക്ക് അധികഫീസ് നല്‍കി പരിശീലിക്കാവുന്ന ഇനങ്ങളാണ് പല വിഷയങ്ങളും. ( കല, പ്രവൃത്തിപരിചയം....)

  • വിദ്യാഭ്യാസത്തെ കമ്പോളച്ചരക്കായി കാണുന്നതിനാല്‍ അതിന് പ്രചാരകരെയും സമൂഹത്തെ സ്വാധീനിക്കുന്ന ഗുണഭോക്താക്കളെയും ആവശ്യമുണ്ട്. എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്നതിനായി മതമേലധ്യക്ഷന്മാര്‍, രാഷ്ട്രീയനേതാക്കള്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ദളിതരിലെ സമ്പന്നവിഭാഗം തുടങ്ങിയവരെ ഉപയോഗിക്കും. സ്ഥാപന നടത്തിപ്പുകാരായും രക്ഷിതാക്കളായും ഇത്തരം വിഭാഗങ്ങളെ ലഭിക്കുന്നത് തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പൊതുസമ്മതി നേടുന്നതിനും സഹായകമാണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്.
  • ജനാധിപത്യമതേതര കാഴ്ചപ്പാടുകള്‍ വളര്‍ത്തുക എന്നത് ലക്ഷ്യമല്ല. അതിനാല്‍ത്തന്നെ മതപരമായ വിഭാഗീയത പരോക്ഷമായി പ്രോത്സാഹിപ്പിക്കും. മതവിശ്വാസം പ്രചരിപ്പിക്കാനും ഇതരമതവിഭാഗങ്ങളിലെ കുട്ടികളില്‍ വിദ്യാലയമതാനുകൂല മനോഭാവം വളര്‍ത്താനും ബോധപൂര്‍വം ശ്രമിക്കും ( പ്രഭാതപ്രാര്‍ഥന, ഉച്ച ഭക്ഷണപ്രാര്‍ഥന, മതചിഹ്നങ്ങളുടെ സജീവത, സന്മാര്‍ഗ പാഠങ്ങള്‍, ക്ലാസ് ലൈബ്രറി എന്ന സാധ്യത പ്രയോജനപ്പെടുത്ത് മതബാലസാഹിത്യം വായിപ്പിക്കല്‍, മൂല്യവിദ്യാഭ്യാസത്തിന്റെ പേരില്‍ മതബോധനം, മതദിനാചരണങ്ങള്‍, മതവിജ്ഞാനപ്പരീക്ഷ, മതാനുകൂല ദിനപ്പത്രങ്ങള്‍ ലഭ്യമാക്കല്‍, തരം കിട്ടുമ്പോഴൊക്കെ പഠനാശയങ്ങളില്‍ മതപരമായ വ്യാഖ്യാനം സന്നിവേശിപ്പിക്കല്‍ തുടങ്ങിയവ)
  • വിവേചനങ്ങള്‍ പ്രകൃത്യായുളളതാണെന്ന ധാരണപകരുന്നു. (അതിനാലാണ് കോട്ടയത്തെ പ്രസിദ്ധമായി ഒരു പളളിക്കൂടത്തില്‍ ആണ്‍ കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഇത്രമീറ്റര്‍ അകലം പാലിച്ചു നിന്നേ സംസാരിക്കാവൂ എന്ന നിബന്ധന വെച്ചത്. തിരുവനന്തപുരത്തെ ഒരു വിദ്യാലയത്തിലെ വിജയാഹ്ലാദത്തെപ്പോലും ലൈംഗികാതിക്രമമായി വിലയിരുത്തിയത്. പൊതു ഇടവേളകള്‍ എടുത്തു കളഞ്ഞത്. മുലക്കച്ചമേല്‍ക്കുപ്പായം പെണ്‍കുട്ടികള്‍ക്ക് തുന്നിപ്പിച്ചത്.)
  • തദ്ദേശീയമായ ഭാഷയോടും സംസ്കാരത്തോടും അവജ്ഞ നിറയ്കും ( മാതൃഭാഷ സംസാരിച്ചാല്‍ പിഴ, മുണ്ടുടുത്താല്‍ ശിക്ഷ തുടങ്ങിയവ ഉദാഹരണം)
  • അംഗീകൃതപാഠപുസ്തകങ്ങള്‍ കഴിവതും ഒഴിവാക്കും. വിദഗ്ധര്‍ അംഗീകരിക്കാത്തതും സ്വകാര്യപ്രസാധകര്‍ തയ്യാറാക്കിയതുമായി പുസ്തകങ്ങളാണ് ഉപയോഗിക്കുക. ( പീസ് സ്കൂള്‍ അതിന്റെ സാധ്യത ചൂഷണം ചെയ്ത് വെട്ടിലായത് നാം കണ്ടു) 
    • പണം കോടുത്താണ് കുട്ടി വിദ്യ വാങ്ങിയത്. സമൂഹത്തിന്റെ സേവനരംഗത്തില്‍ നിന്നും അനുഭവം കുറവായിരിക്കും. അതിനാല്‍ തന്നെ എല്ലാം പണക്കണ്ണിലൂടെയേ നോക്കിക്കാണൂ. മാതാപിതാക്കളെ പരിചരിക്കുന്നതു പോലും ലാഭനഷ്ടക്കണക്കിലായിരിക്കും. സ്വാര്‍ഥമതികളുടെ ലോകമായിരിക്കും മത്സരാധിഷ്ടിതമായി പഠനരീതിയില്‍ നിന്നും  ഉല്പാദിപ്പിക്കപ്പെടുക. സമൂഹത്തിന്റെ വാത്സല്യത്തില്‍ പഠിച്ചവര്‍ക്കാണ് സമൂഹത്തോട് കടപ്പാട് കൂടുക. 
    • ഒരേ മതത്തിന്റെയും ജാതിയുടെയും കച്ചവടവിദ്യാലയങ്ങള്‍ വ്യാപകമായിയിത്തുടങ്ങി. ധനികരുടെ ഏകവിളകളായിരുന്നു കഴിഞ്ഞ ദശകത്തിലെങ്കില്‍ ഇപ്പോള്‍ അത് മതജാതിധനിക ഗ്രൂപ്പുകളായി മാറി. അപകടകരമായ വിദ്യാഭ്യാസം എന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കേവലം കുട്ടികളുടെ എണ്ണം കൂട്ടാനുളള സൂത്രവിദ്യ അല്ല.  
തസ്തികനഷ്ടം സംഭവിച്ച അധ്യാപകരെ പുനര്‍നിയമിക്കാനുളള ഏര്‍പ്പാടുമല്ല
സമാന്തര ഇംഗ്ലീഷ് മാധ്യമഡിവിഷനുകള്‍ കൂട്ടാനുളള പരിപാടിയല്ല
അത് നവകേരളസൃഷ്ടിക്കുളള  വിദ്യാഭ്യാസ മുന്നേറ്റമാണ്.
കച്ചവടവിദ്യാഭ്യാസത്തിനെതിരായി ജനപക്ഷവിദ്യാഭ്യാസം പടുത്തുയര്‍ത്തുകയാണ്
സാംസ്കാരികാധിനിവേശത്തിനെതിരായ പ്രതിരോധമാണ്
വര്‍ഗീയതയ്ക്കതിരായ മാനവികവിദ്യാഭ്യാസമൊരുക്കലാണ്
സര്‍വവിധ വിവേചനങ്ങള്‍ക്കും ഏതിരായി  നിലയുറപ്പിക്കുന്ന, മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന, മതേതരജനാധിപത്യ പെരുമാറ്റശീലങ്ങളുളള,   ഉയര്‍ന്ന പാരിസ്ഥിതികാവബോധമുളള, സുസ്ഥിരവികസനത്തിനുസൃതമായി സമൂഹത്തെ രൂപപ്പെടുത്താനുളള വൈജ്ഞാനിക അടിത്തറയുളള, സ്വയം പഠനശേഷിയുളള , വിമര്‍ശനാവബോധമുളള, ലിംഗനീതിയില്‍ വിശ്വസിക്കുന്ന, പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ പക്ഷം ചേരുന്ന, ഉയര്‍ന്ന  സാമൂഹികബോധമുളള വിദ്യാര്‍ഥി സമൂഹം രൂപപ്പെടണം. അതിന് കാണാപാഠം പഠനത്തിന്റെ രീതി പോരാതെ വരും. സഹവര്‍ത്തിത പഠനത്തിന്റെ പുതുമാനങ്ങള്‍ തേടേണ്ടിവരും.
  • ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം എഞ്ചിനീയറിങ്‌ കോളേജിൽ എൻട്രൻസ്‌ പരീക്ഷയിലൂടെ മെറിറ്റ്‌ ക്വാട്ടയിൽ പ്രവേശനം നേടിയ കുട്ടികളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം പഠനവിധേയമാക്കി. ദിവസക്കൂലിക്കാരുടെയും കർഷകത്തൊഴിലാളിമാരുടെയും മക്കൾ ഒരു ശതമാനം മാത്രം. 85% കുട്ടികളും ഏറ്റവും കൂടുതൽ വരുമാനമുള്ള 15% കുടുംബങ്ങളിൽ നിന്നുള്ളവർ. NGO മാരുടെ കുട്ടികളേക്കാൾ കൂടുതൽ ഗസറ്റഡ്‌ ഓഫീസർമാരുടേത്‌. ക്ലെർക്കുമാരെക്കാൾ കൂടുതൽ ബാങ്ക്‌/LIC ഓഫീസർമാരുടെ മക്കൾ. സാധാരണക്കാരുടെ മക്കള്‍ക്കും ബുദ്ധിയും പഠനശേഷിയുമുണ്ട്. അവര്‍ക്ക് അക്കാദമിക പിന്തുണ വേണ്ടത്ര ലഭിക്കുന്നില്ല. അത് മാറണം. നിരവധി ദേശീയപഠനങ്ങളില്‍ അധസ്ഥിത വിഭാഗം കുട്ടികളുടെ നിലവാരം പൊതുവിഭാഗത്തെക്കാള്‍ കുറവാണെന്നു കാണുന്നു. ഈ അക്കാദമിക അനീതി അവസാനിപ്പിക്കണം. അതിനും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഊന്നല്‍ നല്‍കുന്നു
അനുബന്ധം
കേരളശാസ്ത്രസാഹിത്യ പരിഷത്തിന്റെ കച്ചവടവത്കരിക്കപ്പെടുന്ന വിദ്യാഭ്യാസരംഗം എന്ന ലഘുലേഖയില്‍ നിന്ന് ചില കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
വിദ്യാഭ്യാസത്തിന്റെ കച്ചവടവത്‌കരണം എന്നുവച്ചാൽ എന്താണ്‌?
  • കമ്പോളത്തിൽ ലഭിക്കുന്ന വസ്‌തുക്കളും സേവനങ്ങളും പോലെ കാശു കൊടുത്തു വാങ്ങാവുന്നതും കാശുള്ളവർക്ക്‌ മാത്രം വാങ്ങാവുന്നതുമായ ഒരു ചരക്ക്‌ ആയി വിദ്യാഭ്യാസവും മാറുന്നു എന്നതാണിതിലെ സൂചന. ലാഭമോഹത്തോടെ പണം മുടക്കി വിദ്യാലയങ്ങൾ നടത്തുന്നു എന്നതാണ്‌ ഇതിന്റെ കാതലായ ഭാഗം.  
  • ലാഭകരമല്ലാത്ത വിദ്യാലയങ്ങൾ പൂട്ടുക മുതലായ നടപടികൾ എടുക്കുമ്പോൾ സർക്കാർ പോലും ഈ സമീപനം സ്വീകരിക്കുന്നു എന്നു കരുതേണ്ടിവരും. ഇതിന്റെ ഭാഗമായി കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന്‌ കൂടുതൽ ഫീസ്‌, കാശില്ലാത്തവർക്ക്‌ സാദാ വിദ്യാഭ്യാസം, കാശു കൂടുതൽ കൊടുത്താൽ അക്കാദമിക യോഗ്യത കുറഞ്ഞവർക്കും പ്രവേശനം മുതലായ കച്ചവട തന്ത്രങ്ങളും വരാം.
തന്റെ കുട്ടി എവിടെ പഠിക്കണം, എന്തു പഠിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം രക്ഷിതാവിനില്ലേ? ഇതൊരു മൗലികാവകാശമല്ലേ?
  • ഇതൊരു തെറ്റായ വ്യാഖ്യാനമാണ്‌. വ്യക്തിസ്വാതന്ത്ര്യത്തിന്‌ പരമപ്രാധാന്യം നൽകുന്ന മുതലാളിത്ത രാജ്യങ്ങളിൽ പോലും ഇത്തരമൊരു പൗരാവകാശം അംഗീകരിക്കപ്പെട്ടിട്ടില്ല. ദീർഘകാലം സ്വിറ്റ്‌സർലാണ്ടിൽ താമസിച്ചിട്ടുള്ള പ്രഫ. നൈനാൻ കോശി പറയുകയുണ്ടായി : എന്റെ മകൾക്ക്‌ സ്‌കൂൾ പ്രായം തികഞ്ഞപ്പോൾ ടൗൺ വിദ്യാഭ്യാസ കാര്യാലയത്തിൽ നിന്ന്‌ എനിക്കൊരു അറിയിപ്പ്‌ കിട്ടുകയായിരുന്നു;
  • താങ്കളുടെ കുട്ടിയെ ഏറ്റവും സമീപസ്ഥമായ ............ സ്‌കൂളിലേക്ക്‌ അലോട്ടു ചെയ്‌തിരിക്കുന്നു, എന്ന്‌.
  • അതുപോലെ തന്നെ അമേരിക്കയിലും, വർണവിവേചനം അവസാനിപ്പിക്കാനായി വെള്ളക്കാർ തിങ്ങിപ്പാർക്കുന്ന വാർഡുകളിൽനിന്ന്‌ നിർബന്ധപൂർവം കുട്ടികളെ ബസിൽ കയറ്റി കറുത്തവരുടെ വാർഡിലുള്ള സ്‌കൂളുകളിലേക്കും മറിച്ചും കൊണ്ടെത്തിക്കാനും അങ്ങനെ സിറ്റിയിലെ എല്ലാ സ്‌കൂളുകളിലും കറുപ്പ്‌-വെളുപ്പ്‌ അനുപാതം തുല്യമാക്കാനും സുപ്രീം കോടതി വിധിതന്നെയുണ്ടായി.  
  • ഇതെല്ലാം കാണിക്കുന്നത്‌ പരിഷ്‌കൃതരാജ്യങ്ങളിലെല്ലാം വിദ്യാഭ്യാസത്തെ ഒരു സ്വകാര്യ ഏർപ്പാടായിട്ടല്ല, മറിച്ച്‌ ഒരു സാമൂഹ്യസംരംഭമായിട്ടാണ്‌ കാണുന്നത്‌ എന്നാണ്‌. അതിന്‌ ഒരു സാമൂഹ്യലക്ഷ്യമുണ്ട്‌. സാമൂഹികമായ കാഴ്‌ചപ്പാടുണ്ട്‌.  
എല്ലാ സ്‌കൂളുകളും ഒരേനിലവാരത്തിലെത്തിച്ചാലല്ലേ അതൊക്കെ ശരിയാവൂ?
  • തീർച്ചയായും ശരിയാണ്‌. അതുകൊണ്ടാണ്‌ വിദ്യാഭ്യാസം സ്റ്റേറ്റിന്റെ ചുമതലയിലാകണം എന്നു പറയന്നത്‌. എല്ലാ സ്‌കൂളുകളും ഒരേപോലെ ആക്കാൻ കഴിഞ്ഞില്ലെങ്കിലും മിനിമം സൗകര്യങ്ങൾ ഉറപ്പുവരുത്താൻ കഴിയണം. മിനിമം ഭൗതിക സൗകര്യങ്ങൾ, യോഗ്യതയുള്ള അധ്യാപകർ, ഒരേ പാഠ്യപദ്ധതി ഇത്രയും ഉറപ്പാക്കാം. പക്ഷേ ഇതുപോലെതന്നെ പ്രധാനമാണ്‌ പഠനാന്തരീക്ഷവും. അതുറപ്പാക്കണമെങ്കിൽ രക്ഷാകർത്തൃസംഘടനകളുടെ സഹകരണം കൂടിവേണം.
ധനശേഷിയുള്ള രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ സ്വകാര്യ വിദ്യാലയങ്ങളിലേക്കു മാറ്റിയാൽ സർക്കാരിന്റെ വിദ്യാഭ്യാസച്ചെലവുഭാരം അത്രകണ്ടു കുറയില്ലേ? അതു നല്ലതല്ലേ? ആ പണം കൊണ്ട്‌ സർക്കാർ സ്‌കൂളുകൾ കൂടുതൽ നന്നാക്കാമല്ലോ?
  • ഒറ്റ നോട്ടത്തിൽ അതു ശരിയാണെന്നു തോന്നാം. പക്ഷേ ആ സമീപനത്തിൽ പല അപകടങ്ങളും ഉണ്ട്‌. ഒന്നാമത്‌, അമേരിക്കയിൽ കറുത്ത കുട്ടികളും വെളുത്ത കുട്ടികളും ഇടകലർന്നിരുന്നു പഠിക്കണമെന്നു നിഷ്‌കർഷിച്ചതുപോലെ സമൂഹത്തിലെ എല്ലാ തട്ടുകളിലുമുള്ള കുട്ടികൾ ഇടകലർന്നിരുന്നു പഠിക്കുമ്പോഴുണ്ടാകുന്ന അനുഭവം വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്‌. അടച്ചുപൂട്ടിയ വാനിൽ കയറി ഉയർന്ന മതിൽക്കെട്ടുള്ള സ്‌കൂളിൽ ചെന്ന്‌ പാവപ്പെട്ട കുട്ടികളുമായി കൂട്ടിത്തൊടാതെ പഠിച്ചു ജയിച്ച്‌ രാജ്യത്തിന്റെ ഭാഗധേയവിധാതാക്കളായി വളർന്നുവരുന്ന വർഗം നാടിന്നാപത്താണ്‌. അതുകൊണ്ടുതന്നെ എല്ലാത്തരം കുട്ടികളും ഒന്നിച്ചു പഠിക്കുന്ന സ്‌കൂളുകളാണു നമുക്കു വേണ്ടത്‌. രണ്ടാമതായി വരേണ്യവർഗ സന്തതികൾ സർക്കാർ സ്‌കൂളുകൾ വിട്ടുപോകുന്നതോടെ അവ രണ്ടാംതരം സ്ഥാപനങ്ങളായി മാറും, ഉദ്യോഗസ്ഥരുടെ അശ്രദ്ധയ്‌ക്കും അവഗണനയ്‌ക്കും പാത്രമാകും, സമൂഹവും അവയെ ക്രമേണ എഴുതിത്തള്ളും. സ്‌കൂളുകളുടെ നിലവാരമയുർത്തുക എന്ന സമൂഹപ്രശ്‌നത്തിന്‌ വ്യക്തിപരമായി സ്വകാര്യപരിഹാരം ലഭ്യമാകുന്നതോടെ സാമൂഹികമായ പ്രശ്‌നപരിഹാരം മുൻഗണന അല്ലാതാകും എന്നതാണ്‌ സാർവത്രിക അനുഭവം. ആരോഗ്യസേവനത്തിലും ഗതാഗത പ്രശ്‌നത്തിലും പൊതുവിതരണ സംവിധാനത്തിലും ഇതു ബാധകമാണ്‌.
നല്ല മാർക്കു വാങ്ങണം, എൻട്രൻസ്‌ ജയിക്കണം, എഞ്ചിനീയറോ ഡോക്ടറോ ആകണം .... ഇതൊക്കെയല്ലേ പ്രധാനം?
  • ആണോ?  
    • എഞ്ചിനീയറും ഡോക്ടറും ആയിട്ടും സ്വസ്ഥമായ കുടുംബജീവിതം ഇല്ലാത്തവർ,  
    • സാമൂഹികബോധമില്ലാതെ തികച്ചും തൻകാര്യം നോക്കികളായി ജീവിക്കുന്നവർ,  
    • പണമുണ്ടാക്കുന്നതിന്‌ അഴിമതിയുൾപ്പെടെ എന്തും ചെയ്യാൻ മടിക്കാത്തവർ,  
    • നാട്ടുകാര്യം പോയിട്ട്‌ വീട്ടുകാര്യം പോലും നോക്കാത്തവർ,  
    • സ്വന്തം ജീവിതപങ്കാളിയോടുപോലും മാന്യമായി പെരുമാറാനറിയാത്തവർ,  
    • വ്യക്തിത്വത്തിലെ ഏങ്കോണിക്കൽ കാരണം കൂട്ടുകാരില്ലാത്തവർ,  
    • വഴക്കാളികൾ, സർവപുച്ഛക്കാർ.... ഇങ്ങനെ എന്തെല്ലാം പെരുമാറ്റത്തകരാറുകളുള്ളവരാണ്‌ നമുക്കു ചുറ്റും.  
    • സാമൂഹികമായ  കാഴ്‌ചപ്പാടും സമൂഹത്തിലെ വിവിധ തട്ടുകളിലുള്ള ജനങ്ങളെപ്പറ്റി നേരിട്ടുള്ള അറിവും വിദ്യാഭ്യാസത്തിലൂടെയാണല്ലോ കിട്ടേണ്ടത്‌. അൺ എയ്‌ഡഡ്‌ സ്‌കൂളുകളിൽ പഠിച്ചവരെല്ലാം മോശമാകുമെന്നോ പൊതുവിദ്യാലയത്തിൽ പഠിച്ചവരെല്ലാം സാമൂഹിക പ്രതിബദ്ധതയുള്ളവരാകുമെന്നോ അല്ല പറഞ്ഞുവരുന്നത്‌. പക്ഷേ, അഭിലഷണീയമായ പെരുമാറ്റരീതികൾ ഉൾക്കൊള്ളാനുള്ള ഒരു സാഹചര്യം പൊതുവിദ്യാലയങ്ങളിലാണ്‌ കൂടുതൽ ഉള്ളത്‌. അൺ എയ്‌ഡഡ്‌ സ്ഥാപനങ്ങൾ സമൂഹാധിഷ്‌ഠിത കാഴ്‌ചപ്പാട്‌ കുട്ടികളിൽ അങ്കുരിപ്പിക്കുന്നില്ല, പൊതുവിൽ. എന്നിട്ടും തിരുത്തപ്പെടാതെ പോകുന്നവരുണ്ട്‌. അല്ലാതെതന്നെ കുറ്റമറ്റ പെരുമാറ്റരീതികൾ ശീലിക്കുന്നവരുമുണ്ട്‌. എങ്കിലും വിദ്യാഭ്യാസത്തിന്‌ സ്വഭാവരൂപീകരണത്തിൽ നല്ലൊരു പങ്കുള്ള സ്ഥിതിക്ക്‌ വിദ്യാലയ സാഹചര്യങ്ങളുടെ സ്വാധീനം അഗണ്യമാവാനിടയില്ല.

2 comments:

Preetha tr said...

സമഗ്രം. സംക്ഷിപ്തം. കാലികപ്രശ്നാപഗ്രഥനം.കേരളത്തിൻെറ ഇന്നത്തെ അവസ്ഥയുടെ ആത്മാർഥമായ ആവിഷ്ക്കാരം.തങ്ങൾക്ക് മക്കളെ ഏതു സ്കുളിലും പഠിപ്പിക്കാം എന്ന മിഥ്യാധാരണ കുട്ടികളെ എങ്ങനെ, സമൂഹത്തെ എങ്ങനെ ജീർണ്ണതയിലേക്ക് നയിക്കുന്നു എന്ന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആവിഷ്ക്കരിക്കുന്നു.വിദ്യാഭ്യാസത്തിൻ്റെ യഥാർത്ഥലക്ഷ്യത്തെക്കുറിച്ചുള്ള ഒരുൾവിളിയാണീ ലേഖനം. ഒരുപക്ഷേ നാം എന്ന ജനത മുഴുവൻ വായിക്കേണ്ട കേരളത്തിൻ്റെ ആത്മവിലാപത്തിൻ്റെ ഏടുകളാവുമിത്. സാമൂഹീകരണം നഷ്ടമായി എല്ലാറ്റിനേയും ലാഭനഷ്ടക്കണക്കുകളുടെ അടിസ്ഥാനത്തിൽ കാണുന്ന ഒരു തലമുറ ഇനിയെങ്കിലും ഉണ്ടാവാതിരിക്കാൻ പൊതുവിദ്യാഭ്യാസം ശക്തമാകണമെന്ന ലേഖകൻ്റെ ആഗ്രഹം കേരളജനതയുടെ ആഗ്രഹമായി മാറട്ടെ.

Vision said...

" പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കേവലം കുട്ടികളുടെ എണ്ണം കൂട്ടാനുളള സൂത്രവിദ്യ അല്ല.
തസ്തികനഷ്ടം സംഭവിച്ച അധ്യാപകരെ പുനര്‍നിയമിക്കാനുളള ഏര്‍പ്പാടുമല്ല
സമാന്തര ഇംഗ്ലീഷ് മാധ്യമഡിവിഷനുകള്‍ കൂട്ടാനുളള പരിപാടിയല്ല
അത് നവകേരളസൃഷ്ടിക്കുളള വിദ്യാഭ്യാസ മുന്നേറ്റമാണ്." ഇത് സ്ഥാപിച്ചെടുക്കാന്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളെ വിശകലനം ചെയ്യുകയാണിവിടെ .വിദ്യഭ്യാസത്തെ സംബന്ധിച്ചുള്ള പൊതു ബോധം വാര്‍പ്പ് മാതൃകയില്‍ ഉള്ളതാണ് .അത് കച്ചവട ..കമ്പോള വിദ്യഭ്യാസത്തെ തുണക്കുന്നതാണ് .വേറിട്ട മാതൃകകള്‍ സൃഷ്ടിച്ചെടുത്ത് പൊതു ജനങ്ങളെ വിശ്വാസത്തില്‍ എടുക്കാന്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കഴിയണം .അതിന് കൂട്ടായ ശ്രമം ആവശ്യമാണ് .കേരളത്തില്‍ ഉരുത്തിരിയുന്ന ഘടനാപരമായ മാറ്റം പോലും ഇതില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തും .സ്വപ്നം കാണുന്നത് പോലെ അടുത്ത അധ്യനവര്‍ഷം മികവിന്‍റെ വര്ഷം ആകട്ടെ എന്നാശംസിക്കുന്നു .അതിന് കരുത്തു പകരുന്നതാണ് ഈ പോസ്റ്റ്‌