ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, September 26, 2020

ദേശീയ വിദ്യാഭ്യാസ നയരേഖയും ഭാഷയുടെ രാഷ്ട്രീയവും

 (ദേശീയ വിദ്യാഭ്യാസ നയരേഖ- വിമര്‍ശനാത്മക വായന- രണ്ടാം ഭാഗം )

ഭാഷയിലൂടെ വിനിമയം ചെയ്യപ്പെടുന്ന ഒരാശയം അതിന്റെ യാഥാര്‍ഥ അര്‍ഥം അനാവരണം ചെയ്യുന്നത്

പ്രവൃത്തിയിലൂടെ മൂര്‍ത്തരൂപം കൈക്കൊളളുമ്പോഴാണ്. അതുവരെയുളള നിരവധി വ്യാഖ്യാന സാധ്യകള്‍ക്ക് പൂര്‍ണവിരാമം ഒരു പരിധിവരെ അപ്പോള്‍ സംഭവിക്കുന്നു. അതിലളിതമെന്നു തോന്നാവുന്ന ഒരു ചോദ്യത്തില്‍ പോലും അതിനിഗൂഢമാായ അര്‍ഥം ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകാം. മഹാബലിയോട് വാമനന്‍ ഭിക്ഷ ചോദിച്ച "മൂന്നടി മണ്ണു തരുമോ?" എന്ന ലളിതമായ ചോദ്യം മലയാളികള്‍ക്ക് സുപരിചിതമാണ്. ആ ചോദ്യത്തിന്റെ രാഷ്ട്രീയ വായന നടത്തിയ അസുരുഗുരു ശുക്രാചാര്യരാണ് ചതിച്ചോദ്യമാണതെന്നു വ്യാഖ്യാനിച്ചെടുത്തത്. ആരാണ് ചോദ്യകര്‍ത്താവ് , ഏതു രാഷ്ട്രീയസന്ദര്‍ഭത്തിലാണ് ചോദ്യം എന്നിവ അദ്ദേഹം വിശകലനം ചെയ്തിട്ടുണ്ടാകണം. പ്രത്യക്ഷാര്‍ഥം നിര്‍ദോഷമെന്നു തോന്നാം. ഒരു സാമൂഹിക ക്രമത്തെയാകെ എന്നന്നേക്കുമായി താഴ്ത്തിക്കളയുന്ന ജനവിരുദ്ധ അര്‍ഥവും അതിലുണ്ട് എന്ന തിരിച്ചറിവാണ് മഹാബലിയെ വിലക്കുവാന്‍ ശുക്രാചാര്യരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഇവിടെ വിലക്ക് അവഗണിച്ച് ചോദിച്ചത് നല്‍കുവാന്‍ മഹാബലി തീരുമാനിക്കുന്നു. സേവകരെ വിളിച്ച് 'ഈ ബ്രാഹ്മണന് മൂന്നടി മണ്ണ് അളന്നു കൊടുക്കൂ' എന്നല്ല പറഞ്ഞത് മറിച്ച് "ആളന്നെടുത്തോളൂ" എന്നാണ് പറഞ്ഞത്. ആ ഉത്തരത്തിനും വ്യാഖ്യാനം പലതാണ്. മഹാബലി ഉദ്ദേശിച്ച അടിയളവിന്റെ സാമാന്യബോധത്തെ അടിയറവ് വെയ്കുന്ന ചടുലനീക്കങ്ങളാണ് പിന്നീട് നാം കാണുന്നത്. കൈവിട്ടു പോയ വാക്കിനെ തിരികെ വിളിക്കാനാകാത്തിടത്തോളം ഏകീകൃതമല്ലാത്ത ഏകകമായ അടിയെ തന്റെതായ രീതിയില്‍ വ്യാഖ്യാനിക്കാന്‍ വാമനന് കഴിയും. ഇതും ഭാഷയുടെ ഒരു പ്രശ്നമാണ്. നാം ഉദ്ദേശിക്കുന്നതിനേക്കാള്‍‍ കൂടുതല്‍ വ്യതിരിക്തവും ചിലപ്പോള്‍ വിപരീതവുമായ അര്‍ഥം സംഭവിച്ചേക്കാം. തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം പൊതുധാരണയില്ലാതെ നല്‍കിയാല്‍ എന്ത് ഭവിഷ്യത്തുകള്‍ സംഭവിക്കാം എന്നു കൂടി കഥ വ്യക്തമാക്കുന്നു. സാമൂഹിക നീതി, സമത്വം, പ്രജാക്ഷേമത്തിലധിഷ്ഠിതമായ അസുരഗണത്തിന്റെ അധികാരസ്ഥാനം എന്നിവയെല്ലാം ചവിട്ടിത്താഴ്ത്തപ്പെടുന്നു. ഇവിടെ ഇതു ചര്‍ച്ച ചെയ്യുന്നത് പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്നും സ്വീകാര്യമെന്നും തോന്നുന്ന ആശയങ്ങള്‍ക്ക് രാഷ്ട്രീയവും സാംസ്കാരികവുമായ വായന വേണ്ടി വരും എന്നു സൂചിപ്പിക്കാനാണ്. ദേശീയ വിദ്യാഭ്യാസ നയരേഖയെ അങ്ങനെയേ സമീപിക്കാനാകൂ. ഏതു കാലത്തെ രേഖയായാലും അതില്‍ ഭരണകൂട താല്പര്യങ്ങള്‍ പ്രതിഫലിക്കും. കാലം മാറുമ്പോള്‍ അര്‍ഥതലവും മാറും. അതിനാല്‍ത്തന്നെ വിദ്യാഭ്യാസ നയരേഖയിലെ ചില ആശയങ്ങള്‍ ചൂണ്ടിക്കാട്ടി ഇത് പഴയരേഖകളിലുളള ആശയമാണല്ലോ എന്നു സാധൂകരിക്കുന്നതിലൊന്നും വലിയ കഴമ്പില്ല.
ഭാഷാധിപത്യം
ദേശീയ വിദ്യാഭ്യാസ നയരേഖ 2020 ജൂലൈ 29 ന് പുറത്തിറങ്ങിയത് ഇംഗ്ലീഷിലും ഹിന്ദിയിലുമാണ്. ഇന്ത്യയിലെ മറ്റു പ്രധാനഭാഷകളില്‍ അത് അന്നുതന്നെ പ്രസിദ്ധീകരിക്കുന്നതിന് കഴിയുമായിരുന്നു. അങ്ങനെ ചെയ്യാത്തത് ഒരു സമീപനത്തിന്റെ പ്രശ്നമാണ്. ഭാഷാധിപത്യത്തിന്റെ പ്രകാശനമാണത്. അധീശ ശക്തികളുടെ സാംസ്കാരികോപകരണമാണ് എന്നും ഭാഷ. ജാതി, വംശം, ഭക്ഷണം. ലിംഗം എന്നിവയിലെ വിവേചനം പോലെ തന്നെയാണ് ഭാഷാപരമായ വിവേചനവും. ചിലരുടെ ഭാഷ മഹത്വവും ചിലരുടെ ഭാഷ മ്ലേച്ഛവും ആകുന്നതങ്ങനെയാണ്. 2011 ലെ കാനേഷുമാരി പ്രകാരം ഒന്നാംഭാഷയായോ രണ്ടാഭാഷയായോ മൂന്നാം ഭാഷയായോ ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ ശതമാനം ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 10.6 വരും. ഹിന്ദി സംസാരിക്കുന്നവരാകട്ടെ 57.1 %വും. ബംഗാളി (8.9% ), മറാത്തി (8.2 %), തെലുഗു (7.8 %), തമിഴ് (6.3 %) ഉറുദു(5.2 %) .ഗുജറാത്തി (5.0 %) കന്നഡ (4.94 %), ഒഡിയ (3.56%) ,പഞ്ചാബി (3.02 %) മലയാളം (2.9 %) എന്നിങ്ങനെ ഒട്ടും മോശമല്ല മറ്റുഭാഷകളുടെ നില. ഇന്ത്യയില്‍ ഒന്നാം ഭാഷയായി ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ കണക്കെടുത്താല്‍ 0.02 % പേര്‍ മാത്രമാണുളളത് . അതേസമയം മലയാളം ഒന്നാം ഭാഷയായി സംസാരിക്കുന്നവര്‍ ഭാരതത്തിലെ ആകെ ജനസംഖ്യയുടെ 2.97% വരും. തമിഴ് 5.89 %, കന്നഡ 3.73 % , തെലുഗു 6.93 % എന്നിങ്ങനെയാണ് മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്നവരുടെ കണക്ക്. .ഭാഷാ പ്രാതിനിധ്യം പരിശോധിച്ചാല്‍ ആവഗണിക്കാനാകാത്ത ജനവിഭാഗം ഉപയോഗിക്കുന്ന ഭാഷകളില്‍ ഔദ്യോഗിക രേഖകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാത്തത് ബോധപൂര്‍വമാണ്. ഒരു രാജ്യം ഒരു ഭാഷ എന്ന നിലപാട് അമിത്ഷാ 2019 സെപ്റ്റംബര്‍ 14ന് പ്രഖ്യാപിച്ചതുമായി കൂട്ടിച്ചേര്‍ത്ത് ഇത് വായിക്കേണ്ടതാണ്. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യം നാം കേട്ടതാണ്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ പ്രതിധ്വനിക്കുന്നത്. ഭാഷയ്ക് മതം ഉണ്ടെന്ന് ഉറുദു, മുസ്ലീം, പാകിസ്ഥാന്‍ എന്ന മുദ്രാവാക്യംകൂടി ഉയര്‍ന്നപ്പോള്‍ ലോകം മനസിലാക്കി. ഭരണകൂടം അറിയാനുളള അവകാശത്തെ ഭാഷ ഉപയോഗിച്ച് പ്രതിരോധിക്കാറുണ്ട് . ബീഹാറില്‍ ഡി ബന്ദോപാധ്യായുടെ അധ്യക്ഷതയില്‍ പ്രവര്‍ത്തിച്ച ഭൂപരിഷ്കരണക്കമ്മീഷന്റെ റിപ്പോള്‍ട്ട് നിതീഷ് കുമാര്‍ സി ഡിയിലാക്കി നിയമസഭാംഗങ്ങള്‍ക്ക് നല്‍കി, അതാകട്ടെ ഇംഗ്ലീഷിലും. ഒരു കാരണവശാലും സാധാരണജനങ്ങള്‍ അത് അവരുടെ മാതൃഭാഷയില്‍ വായിക്കരുതെന്നുളള കരുതലാണ് അതിനു പിന്നിലെന്ന് വിമര്‍ശനമുയര്‍ന്നു. ഭൂപരിഷ്കരണം പോലെയുളള നിര്‍ണായക കാര്യങ്ങള്‍, വിദ്യാഭ്യാസ രംഗത്തെ നയങ്ങള്‍ എല്ലാം മറ്റൊരു ജനതയുടെ മാതൃഭാഷയില്‍ മാത്രം ലഭ്യമാക്കാത്തതിനു പിന്നില്‍ വിവേചനത്തിന്റെയും മേധാവിത്വത്തിന്റെയും തലങ്ങളുണ്ട്. ഭാഷ നിര്‍ദോഷമല്ല. കീഴാള ഭാഷയും വരേണ്യ ഭാഷയും എന്ന ദ്വന്ദം രൂപപ്പെടുന്നത് അതിന്റെ സാംസ്കാരികപക്ഷപാതം കൊണ്ടാണ്. ഓരോ കാലത്തും ഓരോ വിഭാഗത്തിനും അതിന്റേതായ അതിരുകള്‍ നിര്‍ണയിച്ചിരുന്നു. എന്തു ചെയ്യണം എന്തു പറയണം എങ്ങനെ പെരുമാറണമെന്നെല്ലാം അലിഖിത നിയമങ്ങള്‍. ഭാഷയിലും വിവേചനം നിലനിന്നു. താഴ്ന്ന വിഭാഗങ്ങളിലെ ആളുകള്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരുടെ ഭാഷ ഉപയോഗിക്കാന്‍ പേടിച്ചു. ഭാഷാപ്പേടിയില്‍ നിന്നും സ്വയംമോചിതനാകാന്‍ ശ്രമിച്ച ബാലനെ കൊന്നുകളഞ്ഞ ഒരു സംഭവം 1936 നവംബര്‍ നാലിന് ബോംബെ സമാചാറില്‍ വാര്‍ത്തയായി. അതിങ്ങനെ-"മലബാറില്‍ ഒറ്റപ്പാലത്ത് ഈഴവ സമുദായത്തില്‍പ്പെട്ട ശിവരാമന്‍ എന്നു പേരായ പതിനേഴുകാരന്‍ ജാതിഹിന്ദുവായ ഒരാളുടെ കടയില്‍ ചെന്ന് ഉപ്പ് ആവശ്യപ്പെട്ടു. ഇവിടുത്തെ ആചാരമനുസരിച്ച് ജാതിഹിന്ദുക്കള്‍ക്ക് മാത്രമേ ഉപ്പെന്ന വാക്ക് ഉച്ചരിക്കാവൂ. ശിവരാമനെപ്പോലെയുളളവര്‍ ഉപ്പിനു പകരം പുളിച്ചാടന്‍ എന്നാണ് പറയേണ്ടത്. മേല്‍ജാതിക്കാരനായ കടയുടമയ്ക് കോപം സഹിക്കാനാകാതെ ശിവരാമനെ കഠിനമായി മര്‍ദിക്കുകയും മര്‍ദ്ദനമേറ്റ് ശിവരാമന്‍ മരിക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്നു" ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലാകെ നടക്കുന്നുണ്ടായിരുന്നു. പലതും ക്രൂരമായിരുന്നു എന്നു പറഞ്ഞാല്‍ പോര അതിക്രൂരമായിരുന്നു. മനുസ്മൃതിയാണ് ജാതിവിവേചനത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ ഇന്ത്യയാകെ അരക്കിട്ടുറപ്പിച്ചത്. അധികാരം കൈയാളിയവരും അവരെ നിയന്ത്രിച്ച പൗരോഹിത്യവിഭാഗവും ഒത്തു ചേര്‍ന്നുളള പരസ്പരസഹായപരിപാടിയായിരുന്നു ജാതിവിവേചനം. വിവേചനത്തിന്റെ ജീവിതരീതി പ്രബലപ്പെടുത്തുന്നതിന് ഭാഷയെ സമര്‍ഥമായി ഉപയോഗിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിലെ ഭാഷാസമീപനത്തിന്റെ രാഷ്ട്രീയ വായന നിര്‍ബന്ധിക്കുന്നത് ഭൂതകാലതിക്താനുഭവങ്ങളുടെയും സമീപകാല വരേണ്യഭാഷാസങ്കുചിതവാദത്തിന്റെണ്.
അര്‍ഥം മാറുന്ന ത്രിഭാഷാനയം
ഭാഷാവൈവിധ്യത്തിന്റെ നാടാണ് ഭാരതം. അതിനാല്‍ത്തന്നെ പ്രാദേശികഭാഷാവികാരം രാഷ്ട്രത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന ആശങ്ക സ്വതന്ത്രഭാരതത്തിന് ഉണ്ടായിരുന്നു. ദേശീയോദ്ഗ്രഥനം ലക്ഷ്യമിട്ടാണ് ത്രിഭാഷാ നയം നടപ്പിലാക്കുന്നത്. അന്നത്തെ അര്‍ഥമല്ല പിന്നീട് ത്രിഭാഷാ നയത്തിന് വന്നുകൂടിയത്. അധികാരബലാബലങ്ങളില്‍ മാറ്റം വരുമ്പോള്‍ ഭാഷയുടെ സ്വാധീനവും സ്ഥാനവും മാറും. ഉദാഹരണമായി ഒരു ചെറുപ്രദേശത്ത് മാത്രം സംസാരിച്ചിരുന്ന ഇംഗ്ലീഷ് പത്തൊമ്പതാം നൂറ്റാണ്ടാകുമ്പോഴേക്കും ലോകത്തെയാകെ കീഴടക്കുന്നത് അധികാരവ്യാപ്തി മൂലമാണ്. പരിവാരസംഘം തുടര്‍ച്ചയായി അധികാരത്തില്‍ വരികയും വൃത്തികെട്ട രീതികളുപയോഗിച്ച് എതിര്‍ പ്രസ്ഥാനങ്ങളിലെ ജനപ്രതിനിധികളെ റാഞ്ചി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് ഭരണാധികാരം വ്യാപിപ്പിക്കുകയും ചെയ്യുമ്പോള്‍ രാഷ്ട്രീയമായി മാത്രമല്ല സാംസ്കാരികമായ ജനാധിപത്യ അടിത്തറ തകര്‍ക്കാനവര്‍ ശ്രമിക്കും. ഇതാകട്ടെ ഒരു സുപ്രഭാതത്തില്‍ സംഭവിക്കുന്നതല്ല. സ്വാധീനമേഖലകളില്‍ നേരത്തെ അന്തര്‍ധാരാപ്രവര്‍ത്തനം ആരംഭിക്കും. 1968 ലെ വിദ്യാഭ്യാസ നയരേഖ പ്രകാരം ത്രിഭാഷാ നയത്തിന്റെ ഭാഗമായി ഹിന്ദി ഭാഷാ സംസ്ഥാനങ്ങളില്‍ ഹിന്ദിയും ഇംഗ്ലീഷും ഒരു തെന്നിന്ത്യന്‍ ഭാഷയും ഹിന്ദിയിതര ഭാഷാസംസ്ഥാനങ്ങളില്‍ അതത് പ്രാദേശിക ഭാഷയും ഹിന്ദിയും ഇംഗ്ലീഷും പഠിക്കണം എന്ന് നിര്‍ദേശിച്ചു. പക്ഷേ ലക്ഷ്യമിട്ട അതേ അര്‍ഥത്തിലിതു നടപ്പിലായോ?. 2014 ആഗസ്റ്റില്‍‍ ലോകസഭയില്‍ മന്ത്രി കിരണ്‍ റിജിജു ഒരു വിശദീകരിച്ചതു പ്രകാരം ത്രിപുര, പുതുച്ചേരി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ ദ്വിഭാഷാനയമാണ് പിന്തുടരുന്നത്. ഹിന്ദി സംസ്ഥാനങ്ങളാകട്ടെ തെന്നിന്ത്യന്‍ ഭാഷകള്‍ക്ക് പകരം മൂന്നാം ഭാഷയായി സംസ്കൃതവും പഠിപ്പിച്ചു . തമിഴ്നാടും പുതുച്ചേരിയുമൊഴികെയുളള തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ ഹിന്ദിയോട് കാണിച്ച സമീപനം വടക്കേയിന്ത്യ പുലര്‍ത്തിയില്ല. അതായത് അമ്പതാണ്ട് കഴിഞ്ഞിട്ടും പ്രായോഗികമാക്കാനാകത്ത ഒരാശയമായി ത്രിഭാഷാ നയം നിലനില്‍ക്കുന്നു. അപ്പോഴാണ് പുതിയ രേഖ കുറച്ചു കൂടി അയഞ്ഞ സമീപനത്തോടെ ഈ നയം അവതരിപ്പിക്കുന്നത്.
മൂന്നു ഭാഷകള്‍ ഏതൊക്കെ വേണമെന്ന് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്നാണ് രേഖ പറയുന്നത്. ജനാധിപത്യത്തില്‍ ഏറെ വഞ്ചിക്കപ്പെടാനുളള തന്ത്രങ്ങളിലൊന്നാണ് തെരഞ്ഞെടുക്കാനുളള അവകാശം നിങ്ങള്‍ക്ക് വിട്ടുതരുന്നു എന്ന ഉദാരത. കഴിഞ്ഞ കുറേ ദശകങ്ങളായി ഹിന്ദി മേഖലയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് സംസ്കൃതാഭിനിവേശവുമായി ബന്ധം ഉണ്ട്. ഇപ്പോള്‍ പതിനാറ് സംസ്ഥാനങ്ങളില്‍ ബി ജെ പിയോ ബിജെ പി സഖ്യമോ ആണ് ഭരണം നടക്കുന്നത്. മൂന്നു ഭാഷകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഈ സംസ്ഥാനങ്ങളുടെ തീരുമാനം എന്തിയിരിക്കും എന്ന് ഊഹിക്കാവുന്നതേയുളളൂ. മൃദുഹിന്ദുത്വം പുലര്‍ത്തുന്ന മറ്റു ഹിന്ദിസംസ്ഥാനഭരണാധികാരികളും വേറിട്ട തീരുമാനമെടുക്കാന്‍ സാധ്യതയില്ല. അങ്ങനെ വന്നാല്‍ നയരേഖയിലെ നിര്‍ദേശം ഏറെ ഗുണം ചെയ്യുക ഹിന്ദിക്കും പ്രത്യേകിച്ച് സംസ്കൃതത്തിനുമായിരിക്കും. തെന്നിന്ത്യന്‍ ഭാഷകളെ നിരാകരിച്ച ഹിന്ദിബല്‍റ്റില്‍ സംസ്കൃതപഠനത്തിന് നയരേഖയിലൂടെ ആധികാരിക പച്ചക്കൊടി ലഭിക്കുകയായി. ഒരു കാലത്ത് ദേശീയോദ്ഗ്രഥനത്തിനായി രൂപപ്പെട്ട ത്രിഭാഷാ നയം സംഘപരിവാരം ഭൂതകാലസംസ്കാരം വിനിമയം ചെയ്യന്നതിനായുളള സംസ്കൃത പഠനം വ്യാപകമാക്കുന്നതിനുളള മാര്‍ഗമായി മാററിയേക്കാം. സംസ്കൃതപഠനത്തിനായുളള അഭിനിവേശം മറ്റു നിര്‍ദേശങ്ങളിലും പ്രകടമാണ്. ഇവിടെ മറ്റൊരു പ്രതിരോധതന്ത്രം രേഖ മുന്നോട്ടുവെക്കുന്നു. ആറാം ക്ലാസ് മുതല്‍ ക്ലാസിക്കല്‍ പദവിയുളള ഭാഷകള്‍ കുട്ടികള്‍ക്ക് തെരഞ്ഞെടുക്കാമത്രേ! വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കന്നഡയും തെലുങ്കും തമിഴും മലയാളവും ബംഗാളിയും കുട്ടികള്‍ തെരഞ്ഞെടുക്കുമെന്നു വിശ്വസിക്കാമോ? അഥവാ തെരഞ്ഞെടുത്താല്‍ത്തന്നെ അവ ആരു പഠിപ്പിക്കും? കുട്ടികളാണ് തെരഞ്ഞെടുക്കേണ്ടത്. അവരുടെ ആവശ്യമനുസരിച്ച് ഒരു വിദ്യാലയത്തിനും വിഷയം ഉള്‍പ്പെടുത്താനാകില്ല. സമീപവിദ്യാലയങ്ങളിലുളളവ പഠിക്കാന്‍ നിര്‍ബന്ധിതരാകാം. രണ്ടു വര്‍ഷത്തെ പഠനം കൊണ്ട് എത്രത്തോളം ഭാഷാ നൈപുണി നേടാനാകും? എങ്കില്‍പിന്നെ സംസ്കൃതത്തിനും ഈ ഓപ്ഷന്‍ അനുവദിച്ചാല്‍ പോരെ? പ്രീപ്രൈമറി മുതല്‍ അത് പഠിപ്പിക്കണമെന്ന് എന്തിനാണ് നിര്‍ബന്ധിക്കുന്നത്?
സജീവഭാഷകള്‍ക്ക് മേല്‍ മൃതഭാഷയുടെ ആധിപത്യം
ത്രിഭാഷാനയത്തില്‍ അയവു വരുത്തി സംസ്കൃതത്തെ കുടിയിരുത്താനായി ചെറിയ ക്ലാസുകളില്‍ ഒന്നിലധികം ഭാഷകള്‍ പഠിപ്പിക്കാമെന്നു സമര്‍ഥിക്കുകയാണ് രേഖ. അഞ്ചുകോടി വിദ്യാര്‍ഥികള്‍ അടിസ്ഥാനഭാഷാശേഷി ഉറയ്കാത്തവരായി ഇന്ത്യയിലുണ്ടെന്നു വിലപിക്കുന്ന ദേശീയവിദ്യാഭ്യാസ നയരേഖ പ്രീപ്രൈമറി ഘട്ടം മുതല്‍ മൂന്നു ഭാഷകള്‍ പഠിപ്പിക്കണമെന്നു ആവശ്യപ്പെടുന്നു. മാതൃഭാഷ നന്നായി പഠിപ്പിക്കാന്‍ പോലും കഴിയാത്തിടത്താണ് മൂന്നു ഭാഷകളുടെ രംഗപ്രവേശനം. ഇതിനായി മുന്നോട്ടു വെക്കുന്ന യുക്തിയാകട്ടെ ഭാഷാര്‍ജനവുമായി ബന്ധപ്പെട്ടതും .രേഖ പറയുന്നു- "രണ്ടു മുതല്‍ എട്ടുവരെ പ്രായത്തിലുളളവര്‍ക്ക് ഒന്നിലധികം ഭാഷകള്‍ പഠിക്കാനുളള സഹജമായ കഴിവുമുണ്ട് ". ശരിയാണ് കുട്ടി ഒന്നിലധികം ഭാഷ സ്വായത്തമാക്കും. അതില്‍ തര്‍ക്കമില്ല. പക്ഷേ അതിന് അനുയോജ്യമായ ഭാഷാന്തരീക്ഷം അനിവാര്യമാണ്. ഉദാഹരണമായി ബാംഗ്ളൂര്‍ പോലെയുളള ബഹുഭാഷാസമൂഹത്തില്‍ വളരുന്ന കുട്ടി തന്റെ സമ്പര്‍ക്കപരിധിക്കനുസരിച്ച് കന്നഡയും തമിഴും മലയാളവും ഇംഗ്ലീഷും സ്വാഭാവികമായി പഠിക്കും. ഇങ്ങനെ ഒന്നിലധികം ഭാഷകള്‍ സ്വായത്തമാക്കുന്നതും സ്കൂളില്‍ ഒന്നിലധികം ഭാഷകള്‍ പഠിപ്പിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഒന്നിലധികം ഭാഷകള്‍ വരുമ്പോള്‍ അതിന് പുതിയതായി പിരീഡ് കണ്ടെത്തേണ്ടി വരും. ഇപ്പോള്‍ കേരളത്തില്‍ ചെറിയ ക്ലാസുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ട്. മൂന്നാമതൊരു ഭാഷയ്ക്ക് പഠനസമയം കണ്ടെത്തുന്നത് മാതൃഭാഷയുടെ ചെലവിലാകാനും ഇടയുണ്ട്. ഗണിതത്തിന്റെ പിരീഡ് കുറയ്ക്കുന്നത് ദോഷം ചെയ്യും. പഠനഭാരം ലഘൂകരിക്കുമെന്നു പറയുന്ന രേഖയാണ് കൂടുതല്‍ ഭാഷകള്‍ ഉള്‍പ്പെടുത്തി പഠനഭാരം കൂട്ടുന്നത്. മാതൃഭാഷയില്‍ അടിസ്ഥാന ഭാഷാശേഷി ഉറപ്പിക്കുന്നതിനുളള മുന്‍ഗണന നഷ്ടമാക്കാനിടയുളള ഏതു നിര്‍ദേശവും നിരാകരിക്കപ്പെടേണ്ടതുണ്ട്. പ്രീപ്രൈമറിയടങ്ങുന്ന ഫൗണ്ടേഷന്‍ ഘട്ടം മുതല്‍ സംസ്കൃതം പഠിപ്പിക്കുന്നതിന്റെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. വാചികബോധനം മതിയാകും. ഒരു മൃതഭാഷയെ കുട്ടികള്‍ക്ക് പഠനഭാരമുണ്ടാക്കി പുനരുജ്ജീവിപ്പിച്ചെടുക്കുന്നതെ? സംസ്കൃതപഠനത്തിന്റെ ആവശ്യകതയെക്കുറിച്ച് രേഖ വാചാലമാകുന്നുണ്ട്. ഗണിതം, ശാസ്ത്രം, വൈദ്യം, നിയമം, സാമ്പത്തികശാസ്ത്രം, രാഷ്ട്രതന്ത്രം, സംഗീതം, ഭാഷാശാസ്ത്രം, നാടകം, വാസ്തുശില്പം തുടങ്ങിയ ജീവിത ത്തിന്റെ എല്ലാ മേഖലകളെക്കുറിച്ചും വൈജ്ഞാനികരചനകള്‍ സംസ്കൃതത്തിലും പ്രാകൃതത്തിലും ലഭ്യമാണെന്നതാണ് മുന്നോട്ടു വെക്കുന്ന സാധൂകരണം. പഴയകാല വിജ്ഞാനം അറിയാന്‍ ഇംഗ്ലീഷനു പകരം ലാറ്റിന്‍ പഠിക്കണമെന്നു പറയുന്നതുപോലെയാണത്. പരിഭാഷപ്പെടുത്തിയ ഗ്രന്ഥങ്ങള്‍ ലഭ്യമായിരിക്കേ മൂലകൃതിയുടെ ഭാഷയില്‍ തന്നെ അക്കാലത്തെ വൈജ്ഞാനികസംഭാവനകള്‍ പരിചയപ്പെടണമെന്നു വാശി പിടിക്കേണ്ടതുണ്ടോ? ഭൂതകാലത്തെ വിഗ്രഹവത്കരിക്കേണ്ട ആവശ്യം ദേശീയഭരണകൂടത്തിനുണ്ട്. സങ്കല്‍പഭൂതകാലത്തില്‍ ചിന്തയെ തളച്ചിടണം. അതിനുളള അനവധി കുത്സിതശ്രമങ്ങളിലൊന്നാണ് സംസ്കൃതത്തിനു വേണ്ടിയുളള ഡിമാന്റ് സൃഷ്ടിക്കല്‍. ദേശീയപൈതൃക സംരക്ഷണത്തിന്റെ പേരു പറഞ്ഞ് മതവികാരം പ്രയോജനപ്പെടുത്തി ഉത്കൃഷ്ടഭാഷ എന്ന ലേബല്‍ ചാര്‍ത്തിയാണ് സംസ്കൃതത്തെ ആനയിക്കുക. ബഹുമത സമൂഹത്തില്‍ ഒരു മതവിഭാഗത്തിന്റെ താല്പര്യഭാഷ അടിച്ചേല്‍പ്പിക്കുന്നത് ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിട വരുത്തും.
1968ലെ രേഖയിലും സംസ്കൃതപഠനത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇതരഭാഷ കളുടെ വളര്‍ച്ചയ്കും ഭാരതത്തിന്റെ സാംസ്കാരിക വികാസത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് സംസ്കൃതം സ്കൂള്‍ തലത്തിലും ഉന്നതവിദ്യാഭ്യാസ തലത്തിലും പഠിപ്പിക്കണം എന്ന് വഴക്കമുളള രീതിയില്‍ നിര്‍ദേശിക്കുകയാണ് അന്ന് ചെയ്തത്. ബിരുദതലത്തില്‍ മറ്റ് ആധുനികഭാഷകള്‍ക്ക് നല്‍കുന്ന പരിഗണന ആകാമെന്നും പറയുന്നു. ഇപ്പോഴത്തെ രേഖ അപ്രകാരമൊരു സമീപനമല്ല സ്വീകരിക്കുന്നത്. ത്രിഭാഷാ നയത്തിലെ ഒരു പരിഗണനാഭാഷയായി എല്ലാ തലങ്ങളിലും ഉള്‍പ്പെടുത്താമെന്നാണ് നയരേഖയുടെ നിലപാട്. നയരേഖ വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസഘടനയിലെ അടിസ്ഥാന ഘട്ടത്തിലും മധ്യഘട്ടത്തിലുമുളള സംസ്കൃതപാഠങ്ങള്‍ ലളിത നിലവാര സംസ്കൃതത്തിലുളളതായിരിക്കണം (Simple Standard Sanskrit -SSS) . സംസ്കൃതം സംസ്കൃതത്തിലൂടെ (Sanskrit through Sanskrit -STS) എന്നെല്ലാം പറയുമ്പോള്‍ അല്ലെങ്കില്‍ സംസ്കൃതഭാരതിയിലെ രീതി പിന്തുടരണമെന്നു കരട് രേഖയില്‍ പറയുമ്പോള്‍ സംസ്കൃത പഠനം ഇന്ത്യയാകെ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് വ്യക്തമല്ലേ? പ്രായോഗികതലത്തില്‍ ആശയവിനിമയത്തിന് ഭാരതീയജനത ഉപയോഗിക്കാത്ത ഒരു ഭാഷ കേവലം സാഹിത്യ പഠനത്തിനും റഫറന്‍സിനും മാത്രമായി എല്ലാ കുട്ടികളും വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളിലും പഠിക്കേണ്ടതില്ല. 2001 ലെ കാനേഷുമാരി പ്രകാരം ഇന്ത്യയില്‍‍ സംസ്കൃതം മാതൃഭാഷയായിട്ടുളളവരുടെ എണ്ണം‍ 14,135 ആയിരുന്നു. 2011 ല്‍ അത് 24,821ആയി . ഭാരത ത്തിലെ ആകെ ജനസംഖ്യയുടെ 0.002 ശതമാനം മാത്രം. കര്‍ണാടകയിലെ രണ്ടായിരത്തില്‍ താഴെ ജനസംഖ്യയുളള മത്തുരു‍ ഗ്രാമം പോലെ ഒഡിഷയിലെയും മധ്യപ്രദേശിലെയും മൂന്നോ നാലോയിടങ്ങള്‍ മാത്രമാണ് സംസ്കൃതഗ്രാമങ്ങളായി വിശേഷിപ്പിക്കപ്പെടുന്നത്. അതും ഭാഷണശിബിരം നടത്തി രൂപപ്പെടുത്തിയെടുത്തതുമാണ്. അന്നാട്ടുകാരുടെ മാതൃഭാഷ സംസ്കൃതമല്ല. ഈ അവസരത്തിൽ ചില സംസ്ഥാനങ്ങളിലെ പ്രവണതകള്‍ കാണാതിരുന്നുകൂടാ. ഉദാഹരണത്തിന് ഉത്തരാഖണ്ഡ് അവരുടെ രണ്ടാം ഔദ്യോഗിക ഭാഷയായി ഭരണഘടനയുടെ  ആർട്ടിക്കിൾ 345 പ്രകാരം സംസ്കൃതത്തെ. ആര്‍ എസ് എസ് പ്രചാരക് ആയിരുന്ന രമേഷ് പൊഖ്രിയാലിന്റെ അഭിലാഷമായിരുന്നു അത്. തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികളും സംസ്കൃതം നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്നാണ്. സമാനമായ മറ്റൊരു നീക്കം ഹിമാചര്‍ പ്രദേശിലാണ് ഉണ്ടായത്. 1975 ലെ ഹിമാചല്‍ പ്രദേശ് ഔദ്യോഗിക ഭാഷാനയമം ഭേദഗതി ചെയ്ത് സംസ്കൃതത്തെ രണ്ടാം ഔദ്യോഗികഭാഷയാക്കി. അവിടെ ധാരാളം ഭാഷകളുണ്ട്. പഹാരി ഭാഷകൾ, കാംഗ്രി, ബിലാസ്പുരി തുടങ്ങിയവയ്ക് പുറമേ പഞ്ചാബി, കാശ്മീരി, നേപ്പാളി, ഇന്തോ തിബത്തന്‍ ഭാഷകള്‍ എന്നിവയും ഉണ്ട്. അതായത് ജനതയുടെ സജീവവ്യവഹാരഭാഷകളെ മാററി നിറുത്തി സംസ്കൃതഭാഷാധിപത്യം സ്ഥാപിക്കുകയാണ്. ഭാവിയില്‍ ഈ പാത ഇതരസംസ്ഥാനങ്ങളും പിന്തുടര്‍ന്നേക്കാം. സംസ്കൃതം സി ബി എസ് ഇ യിലെ നിര്‍ബന്ധിതഭാഷയാക്കണമെന്ന ആവശ്യം കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമായ ശ്രീമതി ഛായാവെര്‍മ മാര്‍ച്ച് മാസത്തില്‍ ഉന്നയിച്ചത് ചേര്‍ത്തുവെച്ചു വായിക്കാം. സുബ്രഹ്മണ്യസ്വാമിയാകട്ടെ നാസാ നിര്‍മിതബുദ്ധിക്ക് അനുയോജ്യമായ ഭാഷ സംസ്കൃതമാണെന്നു കണ്ടെത്തിയതായി പറയുകയും സംസ്കൃതം മൃതഭാഷയാണെന്നു പറയുന്നവര്‍ ബൗദ്ധികമരണം സംഭവിച്ചവരാണെന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സംസ്കൃതത്തിന് അനുകൂലമായ പൊതുസമ്മതി രൂപപ്പെടുത്താനുളള നീക്കങ്ങളായി ഇതിനെ വിലയിരുത്തേണ്ടതുണ്ട്. സംസ്ഥാനങ്ങളുടെ മുന്‍ഗണനകള്‍ അതത് സംസ്ഥാനങ്ങളിലെ സജീവവ്യവഹാരഭാഷകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടണം
ബോധനമാധ്യമവും വീട്ടുഭാഷയും.
കുറഞ്ഞത് അഞ്ചാം ക്ലാസുവരെയെങ്കിലും മാതൃഭാഷയെ ബോധന മാധ്യമമായി ഉപയോഗിക്കണം, എട്ടാം ക്ലാസുവരെയാകുന്നത് നന്ന്, കഴിയുമെങ്കില്‍ സാധ്യമായ തലത്തിലെല്ലാം ആകാം എന്നിവയാണ് രേഖയിലെ നിര്‍ദേശങ്ങള്‍. മാതൃഭാഷ എന്നതിനൊപ്പം വ്യക്തത വരുത്തുന്നതിനായി വീട്ടുഭാഷ, പ്രാദേശികഭാഷ എന്നീ പ്രയോഗങ്ങളും ഉണ്ട്. ഇവിടെ രണ്ടു കാര്യമാണ് ചര്‍ച്ച ചെയ്യേണ്ടത്. വീട്ടു ഭാഷയും നാട്ടു ഭാഷയും ഒന്നല്ലാത്ത ഭാഷാസമൂഹങ്ങളുടെ കാര്യം. ഉദാഹരണമായി കേരളത്തിലെ പണിയ, അടിയ, കാട്ടു നായിക്ക, ഊരാളി, മുതുവ തുടങ്ങിയ ഗോത്രഭാഷകള്‍ വീട്ടുഭാഷയായിട്ടുളള കുട്ടികള്‍, തുളു, കന്നഡ, തമിഴ് എന്നിവ വീട്ടുഭാഷയായിട്ടുളള കുട്ടികള്‍. ഇവരുടെ ഒന്നാം ഭാഷ എന്തായിരിക്കണം? വീട്ടു ഭാഷ തന്നെയാകണം. അങ്ങനെ വരുമ്പോള്‍ രണ്ടാം ഭാഷ അവര്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന സ്വന്തം സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാകണ്ടേ? ആ കുട്ടികള്‍ കേരളീയസമൂഹവുമായി സംവദിക്കേണ്ടവരാണ്. പുതിയലോകസഹാചര്യം പരിഗണിച്ച് അവർക്ക് മൂന്നാം ഭാഷ ഇംഗ്ലീഷാകണം. ഹിന്ദിയുടെ പരിഗണന നാലാമതേ വരാവൂ. ലോവര്‍ പ്രൈമറി തലത്തില്‍  ഫലത്തില്‍ മൂന്നു ഭാഷകളാകും. ചെറിയ ക്ലാസുകളില്‍ മാനകമലയാളം എല്ലാവര്‍ക്കും എന്ന കടുംപിടുത്തം ഉപേക്ഷിക്കുമ്പോഴേ ബോധനമാധ്യമം വീട്ടുഭാഷ എന്ന ആശയത്തോട് നീതി പുലര്‍ത്താനാകൂ. അതായത് പ്രബലഭാഷകളെ മാത്രം പരിഗണിക്കുന്ന രീതി മാറണം. നേരത്തെ വടക്കു കഴിക്കന്‍ സംസ്ഥാനങ്ങളിലെ ഭാഷാ വൈവിധ്യം സൂചിപ്പിക്കുകയുണ്ടായി. ലിപി ഉളളതും ഇല്ലാത്തതുമായ ഭാഷകളുടെ വിശാലഭൂമിയാണ് ഭാരതം. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിൽ ലിപിയില്ലാത്ത ഭാഷകൾ പഠനത്തിന് പ്രയോജനപ്പെടുത്തുന്ന രീതി മാതൃകയാക്കാവുന്നതാണ്. പ്രബല ഭാഷയുടെ ലിപി കടം കൊണ്ട് തനതു ഭാഷയിൽ പാoപുസ്തകങ്ങൾ തയ്യാറാക്കാവു ന്നതാണ് ബഹുഭാഷാ സംസ്ഥാനങ്ങളില്‍ ഓരോ പ്രദേശത്തിനും ബോധനമാധ്യമം മാറണം. ചില പ്രദേശത്തുതന്നെ ഒന്നിലധികം ഭാഷാസമൂഹങ്ങളും ഉണ്ടാകാം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ത്തു കഴിയുന്ന ഡല്‍ഹി, ബോംബെ, കല്‍ക്കട്ട തുടങ്ങിയ പ്രദേശങ്ങളില്‍ ഭാഷാവൈവിധ്യം കൂടും. അതിഥിത്തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന  ധാരാളം വിദ്യാലയങ്ങൾ കേരളത്തിലുണ്ട്. അവർക്കും വീട്ടുഭാഷയിൽ പഠിക്കാൻ അവകാശമുണ്ട്. ഇതൊക്കെ സൂക്ഷ്മ തലത്തില്‍ അഭിസംബോധന ചെയ്യപ്പെടേണ്ട കാര്യങ്ങളാണ് ചെറിയഭാഷാ സമൂഹങ്ങ അവഗണിക്കുമ്പോള്‍ ഒരു സംസ്കാരത്തെ പാര്‍ശ്വവത്കരിക്കുകയാണ്.
ആയിരത്തിത്തൊളളായിരത്തി എഴുപതില്‍ 81 ഭാഷകള്‍ മാതൃഭാഷയെന്ന നിലയിലോ അല്ലാതെയോ ഇന്ത്യന്‍ വിദ്യാലയങ്ങളിലുണ്ടായിരുന്നു. ഏഴാമത് അഖിലേന്ത്യാ വിദ്യാഭ്യാസ സര്‍വേ (2006)പ്രകാരം അത് നാല്‍പ്പത്തേഴായി മാറി. ഇങ്ങനെ ഭാഷകള്‍ വിദ്യാലയങ്ങളില്‍‍ നിന്നും കൊഴിഞ്ഞുപോകുമ്പോള്‍ അല്ലെങ്കില്‍ അവ പുറന്തളളപ്പെടുമ്പോള്‍ പകരം ആധിപത്യം ഉറപ്പിക്കുന്നത് ഇംഗ്ലീഷാണ്. 1999ല്‍ 4.99% ആയിരുന്നു ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങളെങ്കില്‍ 2006 ല്‍ അത് 12.98% മായി ഉയര്‍ന്നു. ഔദ്യോഗിക അംഗീകാരമില്ലാതെ എത്രയോ വിദ്യാലയങ്ങള്‍ ഇംഗ്ലീഷിനെ ബോധനമാധ്യമമായി സ്വീകരിച്ചിട്ടുണ്ടാകും? തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകം ഓരോ വര്‍ഷവും ആയിരം വിദ്യാലയങ്ങള്‍ വീതം ഇംഗ്ലീഷ് മീഡിയമാക്കുകയാണ്. കഴിഞ്ഞ അക്കാദമിക വര്‍ഷം ആയിരം സ്കൂളുകളിലെ ഒന്നാം ക്ലാസ്  അങ്ങനെയാക്കി. 2020 ജനുവരിയില്‍ അടുത്ത ആയിരത്തിനുളള പ്രൊപ്പോസല്‍ സമഗ്രശിക്ഷാ അഭിയാന്‍ കര്‍ണാടക തയ്യാറാക്കി. തമിഴ് നാട്ടിലും 2012-13‍ വര്‍ഷം മുതല്‍ ബോധനമാധ്യമച്ചുവടുമാറ്റം ആരംഭിച്ചിരുന്നു. 5700 സര്‍ക്കാര്‍‍ വിദ്യാലയങ്ങള്‍ ഔദ്യോഗികമായിത്തന്നെ ഇംഗ്ലീഷ്ബോധനമാധ്യമം സ്വീകരിച്ചു. ആന്ധ്രപ്രദേശില്‍ ജഗമോഹന്‍‍ റെഡ്ഢി 2019 നവംബര്‍ 20ന് എല്ലാ സര്‍ക്കാര്‍ സ്വകാര്യ വിദ്യാലയങ്ങളും നിര്‍ബന്ധമായും ഇംഗ്ലീഷ് മീഡിയം ആക്കുന്നതിനുളള ഉത്തരവിറക്കി. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ റാംബോത്ല ശ്രീനിവാസ സുധീഷ് , ശ്രീനിവാസ ഗുണ്ടുരുപലി എന്നിവര്‍ കേസ് ഫയല്‍ ചെയ്യുകയും 2020 ഏപ്രില്‍ മാസം കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദ് ചെയ്യുകയുമുണ്ടായി. ഹിന്ദി സംസ്ഥാനങ്ങളിലും ഇംഗ്ലീഷ് മാധ്യമവത്കരണം മഹാമാരിപോലെ അതിവേഗം പടര്‍ന്നു പിടിക്കുകയാണ്. കാശ്മീരിലും നാഗലാന്റിലും എല്ലാ വിദ്യാലയങ്ങളും ഇംഗ്ലീഷ് മാധ്യമത്തിലേക്ക് മാറി. മാതൃഭാഷാപഠനത്തെ ദുര്‍ബലപ്പെടുത്തുന്നതിന് വേറെയും അജണ്ടയുണ്ട്. ഭാഷാപരമായ സാമ്രാജ്യത്വം എന്ന ആശയം ലോകം ചര്‍ച്ച ചെയ്യുന്നത് കാണാതിരുന്നുകൂടാ. ഭാഷാബോധനശാസ്ത്രത്തിലും ഭാഷാപഠനമുന്‍ഗണനകളിലും ഭാഷാസമീപനങ്ങളിലും പ്രയോജനവാദത്തിലൂന്നിയ തെരഞ്ഞെടുപ്പു കളിലുമെല്ലാം നിഴലിക്കുന്നത് ഭാഷാപരമാസാമ്രാജ്യത്വ താല്പര്യങ്ങളാണ്. ഒരു പ്രബലഭാഷ മറ്റുഭാഷകളെ വിഴുങ്ങുകയാണ് ചെയ്യുക. ഡോ ഫിലിപ്സണ്‍ വളരെ കൃത്യമായി അദ്ദേഹത്തിന്റെ കൃതിയില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ വിഭവങ്ങളും സൗകര്യങ്ങളും പദവികളും പ്രബലമായ ഭാഷയ്ക് കല്‍പിച്ചുകൊടുക്കല്‍, മറ്റുളള ഭാഷകളേക്കാള്‍ ഉത്കൃഷ്ടമായ ഭാഷയാണ് പ്രബലഭാഷ എന്നു വിശ്വസിപ്പിക്കുക, ഇപ്പോഴുളള പല ജീവിതാസമത്വങ്ങളുടെയും കാരണം തെരഞ്ഞെടുത്ത ഭാഷയാണെന്ന് സ്ഥാപിക്കുക എന്നിവയൊക്കെ ചെയ്തുകൊണ്ടാണ് ചെറുഭാഷകള്‍ക്ക് മേല്‍ പ്രബലഭാഷകള്‍ നിര്‍ണായക മേധാവിത്വം നേടുന്നത്. ഭാരണകൂടതാല്പര്യങ്ങള്‍ പ്രാദേശികഭാഷകള്‍ക്ക് ഒപ്പമായിരിക്കില്ല. ഭരണാധികാരികളുടെ താല്പര്യഭാഷ തൊഴിലിനും ഭരണവ്യവഹാരത്തിനുമുളള ഭാഷയായി മാറും. ഇംഗ്ലീഷ് മാധ്യമം മാതൃഭാഷാമാധ്യമവിദ്യാലയങ്ങളെ ഞെരുക്കിയത് ഇത്തരം സാമൂഹിക സാംസ്കാരിക സാഹചര്യം മൂലമാണ്. അധസ്ഥിതര്‍ക്കും സ്ത്രീകള്‍ക്കും വിദ്യനിഷേധിച്ച കാലത്ത് ബുദ്ധന്‍ പാലിഭാഷകൊണ്ട് പ്രതിരോധിച്ചതു ചരിത്രത്തിലുണ്ട് വിദ്യാഭ്യാസ വ്യാപനത്തിന്റെയും പ്രതിരോധത്തിന്റെയും നവോത്ഥാനത്തിന്റെയും ഭാഷ എല്ലായിടത്തും മാതൃഭാഷ തന്നെയാണ്.
കരടു നയരേഖയിൽ പറഞ്ഞതു പോലെ ഇന്ത്യയുടെ അതിസമ്പന്നമായ ഭാഷകളുടെ കരുത്ത് നിലനില്‍ക്കുമ്പോള്‍ത്തന്നെ ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസത്തോടുളള ദൗര്‍ഭാഗ്യകരമായ ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു പ്രവണത ദൃശ്യമാണ് . ഇംഗ്ലീഷിന് മറ്റു ഭാഷകളേക്കാള്‍ സവിശേഷമായ മെച്ചമില്ല. നൂറ്റാണ്ടുകളിലൂടെ തലമുറകളിലൂടെ വികാസം പ്രാപിച്ചവയാണ് ഇന്ത്യന്‍ ഭാഷകള്‍ എന്നു മാത്രമല്ല അവ ശാസ്ത്രീയവുമാണ്. അത് ഇംഗ്ലീഷിനെപ്പോലെ സങ്കീര്‍ണവുമല്ല. ബ്രിട്ടീഷ് ഭരണത്തിനു ശേഷം സാമ്പത്തികമായി ഉയര്‍ന്ന തട്ടിലുളളവര്‍ ഇംഗ്ലീഷ് അവരുടെ ഭാഷയായി സ്വീകരിച്ചു. ഇംഗ്ലീഷ് പരിജ്ഞാനമുളളവരെല്ലാം സവിശേഷജ്ഞാനതലമുള്ള ഉയർന്ന വിഭാഗമാണെന്ന  ധാരണ പരത്തിയും തൊഴിലിന്റെ ഭാഷ ഇംഗ്ലീഷാണെന്നു സ്ഥാപിച്ചും സാമൂഹിക പദവിയുമായി ഭാഷയെ കൂട്ടിക്കെട്ടിയും ബഹുഭൂരിപക്ഷ ഭാഷകളെയും അവ സംസാരിക്കുന്ന സാധാരണ ജനത്തേയും പാര്‍ശ്വവത്കരിക്കാനാണ് ഈ സമീപനം വഴിയൊരുക്കിയത്. ഭാഷയുടെ അധികാരഘടനയെ ചോദ്യം ചെയ്യുകയാണ് വേണ്ടത്. ഭാഷയെ സാമ്പത്തിക സാമൂഹിക സാംസ്കാരിക വിവേചനത്തിനുളള ഉപകരണമാക്കുന്ന അധീശശക്തികളെ ചെറുക്കുവാന്‍ തദ്ദേശീയ ഭാഷകളെ മുന്നില്‍ നിറുത്തേണ്ടതുണ്ട്.
കുട്ടിക്ക് ഏറ്റവും നന്നായി കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുക മാതൃഭാഷ ബോധനമാധ്യ മമായിരിക്കുമ്പോഴാണെന്ന് യുനെസ്. ചൈന, റഷ്യ, ഫ്രാന്‍സ്, കൊറിയ, സിംഗപ്പൂര്‍, ജപ്പാന്‍, ഇറ്റലി, വിയറ്റ്നാം, ജര്‍മനി, ആസ്ത്രേലിയ തുടങ്ങിയ എത്രയോ രാജ്യങ്ങളില്‍ മാതൃഭാഷയാണ് ബോധനമാധ്യമം. അവിടങ്ങളിലൊന്നും ശാസ്ത്ര സാങ്കേതിക സാമ്പത്തിക മേഖലകളിലെ പുരോഗതിക്കോ വിദ്യാഭ്യാസ നിലവാരത്തിനോ മാതൃഭാഷ തടസ്സമല്ല. സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ അവരുടെ നാടിന്റെ ഭാഷയാണ് പഠനമാധ്യമമായും ആശയവിനിമയത്തിനും ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ നിലവാരത്തില്‍ ലോകം മാതൃകയായി ചൂണ്ടിക്കാട്ടുന്ന ഫിന്‍ലാന്റില്‍ ബോധനമാധ്യമം മാതൃഭാഷയാണ്. അതിനാല്‍ മാതൃഭാഷയാകണം ബോധനമാധ്യമം എന്ന് ഉറപ്പിച്ച് പറയേണ്ടതുണ്ട്. നടപടി സ്വീകരിക്കേണ്ടതുമുണ്ട്
സ്വകാര്യ വിദ്യാലയങ്ങളിലടക്കം വീട്ടുഭാഷ ബോധനമാധ്യമമാകണമെന്ന കാര്യത്തില്‍ കൃത്യതയില്ലാത്ത നിലപാടാണ് നയരേഖയക്കുളളത്. ബോധന മാധ്യമം മാതൃഭാഷയല്ലാത്തിടത്ത് ഇരുഭാഷാപാഠപുസ്തകം വേണമെന്ന് നിര്‍ദേശിക്കുമ്പോള്‍ ഇതു വ്യക്തമാകുന്നുണ്ട്. ഇംഗ്ലീഷ് മാധ്യമ പഠനത്തിന് വഴിയൊരുക്കുകയാണ് ചെയ്യുന്നത്. ഒരേ പാഠം ഇംഗ്ലീഷിലും മാതൃഭാഷയിലും ലഭിക്കും. പ്രായോഗിക തലത്തില്‍ പാടത്ത് ഇംഗ്ലീഷില്‍ വിതച്ച് വിളവെടുക്കുകയും മാതൃഭാഷ വരമ്പത്ത് നോക്കുകുത്തിയായി അവശേഷിക്കുകയും ചെയ്യും. മനോഹരമായ ഒരു പാത്രത്തിൽ അതിസൂക്ഷ്മമായ സുഷിരം മതി ജലമപ്പാടെ ചോർന്നു പോകാൻ. ഇരു ഭാഷാ പാഠപുസ്തകമെന്ന പഴുതിലൂടെ ചോർന്നു പോവുക മാതൃഭാഷയായിരിക്കും. ത്രിഭാഷാ നയത്തിലൂടെ സംസ്കൃതത്തിനും ഇരുഭാഷാപാഠ പുസ്തകസമീപനത്തിലൂടെ ഇംഗ്ലീഷിനും ബഹുഭാഷകള്‍ പഠിക്കാനുളള ശേഷിയുണ്ടെന്ന് വാദിച്ച് ചെറിയ ക്ലാസുകളിലടക്കം ഒന്നിലധികം ഭാഷകള്‍ക്കും പരവതാനി വിരിക്കുമ്പോള്‍ അടിയിലമര്‍ന്നു പോകുന്നത് നാടിന്റെ ഭാഷയാണ്, സംസ്കാരമാണ്, ജീവിതമാണ്. തിരുവോണം എന്ന വാക്കിനു പകരം വാമനജയന്തി എന്നു പറയുമ്പോള്‍ പ്രതിഫലിക്കുന്ന ലോകക്രമവും പ്രത്യയശാസ്ത്രവും ഒന്നല്ല. മാതൃഭാഷയ്ക് പകരമായി മറ്റുബോധനമാധ്യമങ്ങള്‍ വരുമ്പോഴും അതിലൂടെ സാക്ഷാത്കരിക്കുവാന്‍ ശ്രമിക്കുന്നത് ആധിപത്യത്തിന്റെ ഭാഷാരാഷ്ട്രീയം തന്നെയാണ്. 

ഡോ ടി പി കലാധരന്‍

ഒന്നാം ഭാഗം വായിക്കാം

https://learningpointnew.blogspot.com/2020/09/blog-post.htmlഅധ്യാപകരെ അടിമകളാക്കുമോ ദേശീയ വിദ്യാഭ്യാസ നയരേഖ ? 

( ചൂണ്ടുവിരല്‍ ബ്ലോഗ് ആരംഭിച്ചിട്ട് പത്തുവര്‍ഷം- വായനക്കാരുടെ പിന്തുണയ്ക് നന്ദി)

Wednesday, September 23, 2020

അധ്യാപകരെ അടിമകളാക്കുമോ ദേശീയ വിദ്യാഭ്യാസ നയരേഖ ?

 

2008 മാര്‍ച്ച് 8 ന് പോര്‍ട്ടുഗീസിലെ ഒരു ലക്ഷം അധ്യാപകര്‍ വലിയൊരു പ്രതിഷേധ പ്രകടനടത്തി.

അധ്യാപകരെ വിലയിരുത്തി സ്ഥാനക്കയറ്റവും സാമ്പത്തികാനുകൂല്യവും നല്‍കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതിനോടുളള പ്രതികരണമായിരുന്നു എല്ലാ അധ്യാപകസംഘട നകളും സംയുക്തമായി ആഹ്വാനം ചെയ്ത ആ സമരം. 1,38,548 അധ്യാപകരെ ഈ നയം പ്രതികൂലമായി ബാധിക്കുമെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി. ധ്യാപകരുടെ ഹാജര്‍, കുട്ടികളുമായുളള ബന്ധം, വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരം, വിവിധ പ്രോജക്ടുകളിലുളള പങ്കാളിത്തം, രക്ഷിതാക്കളുടെ വിലയിരുത്തല്‍ തുടങ്ങിയവയെല്ലാം അധ്യാപകരെ വിലയിരുത്താന്‍ പരിഗണിക്കുമെന്നാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. ഇപ്പോള്‍ കേന്ദ്രം പറയുന്നതിന് സമാനമായ കാര്യങ്ങളാണ് അവിടെ നിര്‍ദേശിക്കപ്പെട്ടത്

കേന്ദ്രവിദ്യാഭ്യാസ നയരേഖയിലെ അധ്യാപനശേഷീ വികസനവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചിട്ടുളള പലകാര്യങ്ങള്‍ക്കും ചിലിയിലെ നയങ്ങളുമായും സാമ്യമുണ്ട് . അധ്യാപന മികവിന്റെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കി. നാലുവര്‍ഷം കൂടുമ്പോള്‍ അവിടെ അധ്യാപകരെ വിലയി രുത്തും. അധ്യാപകരെ വിശിഷ്ടര്‍‍, സമര്‍ഥര്‍ ‍, അടിസ്ഥാന നിലയിലുളളവര്‍, തൃപ്തികരമായി നിലയിലെ ത്താത്തവര്‍ എന്നിങ്ങനെ നാലു തട്ടുകളിലായി തരം തിരിച്ചു കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച കരട് നയരേഖയിലും നാലു തട്ടുകള്‍ സൂചിപ്പിക്കുന്നു . ചിലിയിലെ ഉയര്‍ന്ന നിലയിലുളള രണ്ടു വിഭാഗങ്ങള്‍ക്ക് വേരിയബിള്‍ ഇന്‍ഡുവിജ്വല്‍ പെര്‍ഫോമര്‍സ് അലവന്‍സ് പ്രോഗ്രാം പ്രകാരം അടിസ്ഥാന ശംബളത്തിന്റെ അഞ്ചു ശതമാനം മുതല്‍ ഇരുപത്തഞ്ച് ശതമാനം വരെ സാമ്പത്തികാനുകൂല്യം ലഭിക്കും. പെഡഗോജിക്കല്‍ എക്സലന്‍സ് അവാര്‍ഡും ഉണ്ട്. പത്തുവര്‍ഷത്തേക്ക് പ്രതിമാസം പ്രത്യേക സാമ്പത്തികാനുകൂല്യം ലഭിക്കും. സാമ്പത്തികനേട്ടത്തെ ചോദകമാക്കി അധ്യാപകരെക്കൊണ്ട് പണിയെടുപ്പിക്കുന്ന നയമെന്ന് വിമര്‍ശനം ഉണ്ട്. താഴ്നന്ന നിലയിലുളള രണ്ടു കൂട്ടര്‍ക്കായി അധ്യാപനശേഷീ വികസനപദ്ധതികള്‍ ഉണ്ട്. അതില്‍ പങ്കെടുത്ത ശേഷവും തൃപ്തികരമല്ലാത്ത നിലയിലുളളവല്‍ മെച്ചപ്പെടുന്നില്ലെങ്കില്‍ അവരെ പിരിച്ചുവിടും. ഇത്തരം രീതികള്‍ ലോകത്ത് പല രാജ്യങ്ങളും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഡെന്‍മാര്‍ക്ക് , ഫിന്‍ലാന്റ്, ഐസ്ലാന്റ്, നോര്‍വേ, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ അധ്യാപകരെ വിലയിരുത്തുന്നതിന് കേന്ദ്രീകൃതമായ രീതികളില്ല. എന്നാല്‍ എല്ലാ അധ്യാപകര്‍ക്കും മെച്ചപ്പെടുന്നതിനുളള ഫീഡ് ബാക്ക് നല്‍കുന്നതിന് സംവിധാനം ഉണ്ട്. വിദ്യാഭ്യാസ നിലവാരത്തില്‍ ലോകത്ത് മുന്നില്‍ നില്‍ക്കുന്ന ഫിന്‍ലാന്റ് കുട്ടികള്‍ക്ക് പോലും മാനകീകൃതപരീക്ഷ നടത്തുന്നില്ല. പ്രതിബദ്ധതയുളള അധ്യാപകരില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്. ഫിന്‍ലാന്റിന്റെ വിദ്യാഭ്യാസ നിലവാരം പരിതാപകരമായിരുന്നു. അവര്‍ നൂതനമായ മാര്‍ഗങ്ങളിലൂടെയാണ് ആഗോളതലത്തില്‍ നിലവാരത്തില്‍ ഒന്നാമതെത്തിയത് എന്ന കാര്യം പരിഷ്കര്‍ത്തക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

കേന്ദ്രസര്‍ക്കാര്‍ ശാലാസിദ്ധി എന്ന പേരില്‍ വിദ്യാലയ വിലയിരുത്തല്‍ നടപടി ഏതാനും വര്‍ഷം മുമ്പ് ആരംഭിക്കുകയുണ്ടായി. ചില സംസ്ഥാനങ്ങള്‍ അത് അധ്യാപകരെ വിലിയരുത്തുന്നതിനായി ഉപയോഗിച്ചു. 2017 ല്‍ മഹാരാഷ്ട്രയില്‍ നിന്നും അത്തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്ലാവിദ്യാലയങ്ങളെയും എ ഗ്രേഡില്‍ എത്തിക്കുന്നതിനായി പന്ത്രണ്ട് വര്‍ഷത്തിനു മേല്‍ സേവനകാലമുളള അധ്യാപകരുടെ വിദ്യാലയത്തെ വിലയിരുത്തി മാത്രമേ അവര്‍ക്ക് വേതനവര്‍ധനവ് അനുവദിക്കൂ എന്നാണ് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ശാലസിദ്ധി പ്രോഗ്രാമിലെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് എ ഗ്രേഡ് കണക്കാക്കുക. മറ്റൊരു നിര്‍ദേശം ഒമ്പത് പത്ത് ക്ലാസുകളില്‍ വിജയശതമാനം എണ്‍പതിനു മുകളിലാണെങ്കിലേ ഇംക്രിമിന്റും മറ്റും അനുവദിക്കൂ എന്നതാണ്. വളരെ യാന്ത്രികമായി പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ സാധ്യതയുണ്ടെന്നാണിത് സൂചിപ്പിക്കുന്നത്.

അധ്യാപകര്‍ക്കും വിലയിരുത്തലിലൂടെയുളള സ്ഥാനക്കയറ്റം

ഇതുവരെ കുട്ടികളെ വിലയിരുത്തി സ്ഥാനക്കയറ്റം നല്‍കിയിരുന്ന അധ്യാപകസമൂഹം തങ്ങളുടെ സ്ഥാനക്കയറ്റത്തിന് ഏതെങ്കിലും വിധത്തിലുളള വിലയിരുത്തലിനു വിധേയമായിരുന്നില്ല. ആ സ്ഥിതി മാറുകയാണ്. അധ്യാപകരും നിരന്തര പഠിതാക്കളാകണം. അധ്യാപകര്‍ക്ക് തങ്ങളുടെ തൊഴില്‍പരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും സ്വയം മെച്ചപ്പെടലിനുമുളള നിരവിധി അവസരങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച് നയരേഖയില്‍ നിര്‍ദേശങ്ങളുണ്ട്. ശില്പശാല, ഓണ്‍ ലൈന്‍ പഠനം, മികവുകള്‍ പങ്കിടുന്നതിനുളള വേദികള്‍ എന്നിങ്ങനെ പ്രതിവര്‍ഷം അമ്പതു മണിക്കൂറിന്റെ CPD (Continuous professional development) അവസരങ്ങളാണ് നിര്‍ദേശിക്കുന്നത്. പ്രഥമാധ്യാപകര്‍ക്കും അമ്പതു മണിക്കൂറിന്റെ സവിശേഷ മോഡ്യൂളുകള്‍ ഉണ്ടായിരിക്കും. ഈ തൊഴില്‍ ശേഷീവികസന പരിപാടി സ്ഥാനക്കയറ്റം, ശമ്പളവര്‍ധന എന്നിവക്കും പരിഗണിക്കുമത്രേ. സീനിയോരിറ്റി അടിസ്ഥാനത്തിലുളള രീതി ഇല്ലാതാവുകയും മെറിറ്റടിസ്ഥാനത്തിലുളള പ്രമോഷന്‍ രീതി നടപ്പിലാവുകയും ചെയ്യും. ഇംക്രിമെന്റും കഴിവ് പരിഗണിച്ചാകാനാണ് സാധ്യത. സഹാധ്യാപകരുടെയും കുട്ടികളുടെയും അവലോകനങ്ങള്‍, ഹാജര്‍നില, പ്രതിബദ്ധത, CPD പ്രോഗ്രാമില്‍ വിനിയോഗിച്ച മണിക്കൂറുകള്‍ തുടങ്ങിയവ അധ്യാപകരെ വിലയിരുത്താനായി ഉപയോഗിക്കും എന്നായിരുന്നു കരട് രേഖയില്‍ വിഭാവനം ചെയ്തിരുന്നത്. കേരളത്തിലെ അധ്യാപകര്‍ക്കു മാത്രം വാര്‍ഷിക ഇന്‍ക്രിമെന്റ് , പ്രമോഷന്‍ എന്നിവ അവരുടെ പെര്‍ഫോമന്‍സിനെ അടിസ്ഥാനമാക്കിയും മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്പോഴുളളതുപോലെയും നല്‍കുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. വിവേചനത്തിന്റെ ഒരു മുഖം തെളിഞ്ഞുവരും.

2022ആകുമ്പോഴേക്കും അധ്യാപകരുടെ തൊഴില്‍ പരമായ നിലവാരം നിശ്ചയിക്കുന്നതിന് പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ് സെറ്റിംഗ് ബോഡി (PSSB) പ്രവര്‍ത്തിക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദേശീയ ഏജന്‍സികള്‍ അധ്യാപകരുടെ പെര്‍ഫോമന്‍സ് വിലയിരുത്തുന്നതിനുളള സൂചകങ്ങള്‍ വികസിപ്പിച്ചു വരികയായിരുന്നു. പലയിടത്തും ട്രൈ ഔട്ട് നടത്തുകയും ചെയ്തിട്ടുണ്ട്. വിവിധ നിലവാര ത്തട്ടുകളിലായി അധ്യാപകരെ തരംതിരിക്കുന്നതിനായിരിക്കും ഇത് വഴിയൊരുക്കുക. മുന്‍വിധിയി ല്ലാതെയും അക്കാദമിക ഉള്‍ക്കാഴ്ചയോടെയും വിലയിരുത്തില്‍ നടത്തിയാല്‍ മാത്രമേ അത് ലക്ഷ്യം നേടൂ. വിലയിരുത്തല്‍ ഇംക്രിമെന്റ് , പ്രൊമോഷന്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നതിനെ അധ്യാപകസമൂഹം എങ്ങനെ ഉള്‍ക്കൊളളുമെന്ന് പരിശോധിക്കണം. അധ്യാപകസൗഹൃദപരമല്ലാത്ത ഒന്നും സ്വീകരിക്ക പ്പെടില്ല. പോരായ്മകള്‍ കണ്ടെത്തി സഹായം നല്‍കി മെച്ചപ്പെടുന്നതിന് അവസരം ഒരുക്കാനുളള ഇടപെ ടലിനപ്പുറം തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ഉപയോഗിക്കാന്‍ ഭരണകൂടം തയ്യാറാകരുത്. ട്രൈ ഔട്ട് നടത്തി അധ്യാപകരുടെ വിശ്വാസ്യത ആര്‍ജിക്കുന്നതോടൊപ്പം ഇംക്രിമെന്റുമായും മറ്റും ബന്ധിപ്പിക്കാനുളള നീക്കം ഉപേക്ഷിക്കുകയും വേണം. തുടക്കത്തിലേ അധ്യാപകരുടെ മേല്‍ സമ്മര്‍ദം ഉണ്ടാകാനിട വരുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

അധ്യാപക നിയമന രീതി മാറുമ്പോള്‍

ദേശീയ വിദ്യാഭ്യാസ നയരേഖ പ്രകാരം അധ്യാപകനിയമനം ഇനി മുതല്‍ ഒരു നിശ്ചിത വിദ്യാലയത്തിലായിരിക്കണമെന്നില്. പത്ത് പതിനഞ്ച് സ്കൂളുകള്‍ അടങ്ങിയ സ്കൂള്‍ കോംപ്ലക്സ് എന്ന പുതിയ നിര്‍വഹണസംവിധാനത്തിലായിരിക്കും അത്. എല്ലാ വിദ്യാലയങ്ങളിലും എല്ലാ വിഷയത്തിനും അധ്യാപകരുടെ ലഭ്യത ഉറപ്പാക്കാനാണ് ഇത്തരം ഒരു കേന്ദ്രീകൃത രീതി നിര്‍ദേശിക്കപ്പെടുന്നത്. ഉദാഹരണത്തിന് യു പി വിഭാഗത്തില്‍ അധ്യാപകര്‍ക്ക് തന്റേതല്ലാത്ത വിഷയം പഠിപ്പിക്കേണ്ട അവസ്ഥ നിലവിലുണ്ട്. അത് ഗുണനിലവാരത്തെ സ്വാധീനിക്കുന്നു. ഇംഗ്ലീഷിന് ഇംഗ്ലീഷ് ബിരുദം നേടിയ അധ്യാപകര്‍ തന്നെയാകുന്നത് ഗുണകരമാണ്. ഹിന്ദിക്കും സംസ്കൃതത്തിനും അറബിക്, ഉറുദു എന്നീ വിഷയങ്ങള്‍ക്കും പ്രത്യേക അധ്യാപകരുളളപ്പോള്‍ ഇംഗ്ലീഷിന് അങ്ങനെയല്ല. അതേ പോലെ ഗണിതം , സാമൂഹിക ശാസ്ത്രം, ശാസ്ത്രം എന്നീ വിഷയങ്ങളില്‍ മറ്റു വിഷയങ്ങളേക്കാള്‍‍ നിലവാരം കുറവാണ്. അതത് വിഷയത്തില്‍ ധാരണയുളളവര്‍ പഠിപ്പിക്കുന്നതാണ് അഭികാമ്യം. യു പി വിഭാഗത്തിലെ സേവനകാല അധ്യാപകപരിശീലനത്തില്‍ ഈ പ്രശ്നം എല്ലാ വര്‍ഷവും ഉയര്‍ന്നു വരാറുണ്ട്. ഒരു അധ്യാപികയ്ക് രണ്ടു വിഷയങ്ങളിലേ പരിശീലനം ലഭിക്കുന്നുളളൂ. ചിലപ്പോള്‍ അവര്‍ മൂന്നോ നാലോ വിഷയങ്ങള്‍ പല ക്ലാസുകളിലായി കൈകാര്യം ചെയ്യുന്നുണ്ടാകും. സാഹചര്യത്തിന്റെ സമ്മര്‍ദം മൂലം താല്പര്യമില്ലാത്തതും വേണ്ടത്ത അവഗാഹമില്ലാത്തതുമായ വിഷയം പഠിപ്പിക്കേണ്ടി വരുന്നത് അധ്യാപകരുടെ പക്ഷത്ത് അധ്യയനഭാരം സൃഷ്ടിക്കുന്നുമുണ്ട്. അത് മറികടക്കാന്‍ അവര്‍ ഗൈഡുകളെ ആശ്രയിക്കുന്നത് സ്വാഭാവികം. അപ്പര്‍പ്രൈമറി തലത്തില്‍ ഓരോ വിദ്യാലയത്തിലും വിഷയാടിസ്ഥാനത്തില്‍ തസ്തിക നിര്‍ണയിച്ച നിയമനം നടത്തുന്നില്ല. ക്ലാസിലെ കുട്ടികളുടെ എണ്ണം മാത്രം പരിഗണിച്ചാണ് നിയമനം. നിയമനത്തിനുളള അടിസ്ഥാന അധ്യാപകയോഗ്യതയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ടി ടി സി ( ഡി എല്‍ എഡ്) , ബി എഡ് യോഗ്യതയുളളവര്‍ക്ക് ഇപ്പോള്‍ യു പി തലങ്ങളില്‍ പഠിപ്പിക്കാം. എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ പ്രാവീണ്യം ഇവര്‍ക്കില്ല. ടി ടി സി പരിശീലനത്തില്‍ ഒന്ന് ,രണ്ട് ക്ലാസുകളിലെ ഉദ്ഗ്രഥിത വിഷയങ്ങള്‍, മൂന്ന് നാല് ക്ലാസുകളിലെ ഇംഗ്ലീഷ്, മാതൃഭാഷ, പരിസരപഠനം , യു പി ക്ലാസുകളിലെ ഇംഗ്ലീഷ്, മാതൃഭാഷ,സാമൂഹികശാസ്ത്രം, ശാസ്ത്രം, ഗണിതം എന്നിവയും പരിശീലിക്കണം. ഇത്രയധികം വിഷയങ്ങളില്‍ ആഴത്തില്‍ പരിശീലി ക്കാനുളള പര്യാപ്തമായകാലയളവ് ലഭിക്കുന്നില്ല. ഇതു കൂടാതെ ഐ ടി, പ്രവൃത്തി പരിചയം. കലാവിദ്യാ ഭ്യാസം, കായിക വിദ്യാഭ്യാസം എന്നിവയും പരിശീലിക്കേണ്ടതുണ്ട്. ഐച്ഛിക വിഷയത്തിന്റെ അടിസ്ഥാ നത്തില്‍ മൂന്നു ധാരകളുണ്ടെങ്കിലും ( സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് ) ഫലത്തില്‍ യോഗ്യത നേടിയിറങ്ങുന്നവര്‍ സ്കൂളിലെത്തിയാല്‍ എല്ലാ വിഷയങ്ങളും പഠിപ്പിക്കേണ്ടതുണ്ട്. ഇത് അധ്യയനനിലവാരത്തെ സാരമായി ബാധിക്കും. ഇത്തരം രീതികള്‍ പരിഹരിക്കാനാണ് ഒരു പ്രദേശത്തെ വിദ്യാലയങ്ങളെ ഒന്നിച്ചു കണ്ടുളള നിയനരീതി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. കരട് നയരേഖയില്‍ നിന്നും അന്തിമരേഖയിലേക്ക് വന്നപ്പോള്‍ ഇക്കാര്യത്തില്‍ അയഞ്ഞ സമീപനം പുലര്‍ത്തുന്നുവെങ്കിലും പലേടത്തുമായുളള നിര്‍ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തു വായിച്ചാല്‍ വികേന്ദ്രീകൃത നിയമന രീതിയാണ് ലക്ഷ്യമിടുന്നതെന്നു വ്യക്തം. അങ്ങനെ വന്നാല്‍ ഇപ്പോള്‍ യു പിയിലും മറ്റും തന്റേതല്ലാത്ത വിഷയം പഠിപ്പിക്കുന്ന രീതി മാറും. താന്‍ ഐച്ഛികമായി എടുത്ത വിഷയം മാത്രം പഠിപ്പിച്ചാല്‍ മതിയാകും. ശാസ്ത്രാധ്യാപകര്‍, ഗണിതാധ്യാപകര്‍, ഇംഗ്ലീഷ് അധ്യാപകര്‍ എന്നിങ്ങനെ താഴേ തലത്തിലും അധ്യാപകരുണ്ടാവും.

ഈ ആശയം നടപ്പിലാക്കുന്നതിന് പ്രായോഗികമായി നിരവിധി പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരും. എല്ലാ സ്കൂള്‍ കോപ്ലക്സുകളിലെയും ഡിവിഷനുകളുടെ എണ്ണം തുല്യമാകണ മെന്നില്ല. വിഷയാധ്യാപകരുടെ ആവശ്യകതയും മാറും. അത് കണക്കാക്കി നിയമനം നടത്തുക പ്രയാസമായിരിക്കും. ഒരു പ്രത്യേക വിദ്യാലയത്തിലെ അധ്യാപകര്‍ എന്ന് മേല്‍വിലാസമില്ലാത്ത അവസ്ഥ വരും. പുതിയ രീതി പ്രാവര്‍ത്തികമായാല്‍ ഓരോ ദിവസവും ഓരോരോ സ്കൂളില്‍ പോയി പഠിപ്പിക്കേണ്ടി വരും. പല വിദ്യാലയങ്ങള‍ിലേക്കാണല്ലോ അധ്യാപക നിയമനം. ഓരോ വിദ്യാലയത്തിലും രാവിലെ മുതല്‍ വൈകുന്നേരം വരെ പഠിപ്പിക്കാന്‍ പിരീഡില്ലെങ്കില്‍ അര ദിവസത്തേക്ക് ഒരു വിദ്യാലയം അതിനു ശേഷം മറ്റൊരു വിദ്യാലയം എന്നത് ആലോചിക്കേണ്ടി വരും. ഒട്ടും പ്രായോഗികമാകില്ല അത്. ഒരുനിശ്ചിത വിദ്യാലയത്തിലെ കുട്ടികളെ നന്നായി അറിഞ്ഞ് പിന്തുണ നല്‍കുന്നതില്‍ നിന്നും വിഭിന്നമാണ് ഒരു പ്രദേശത്തെ ധാരാളം കുട്ടികളെക്കുറിച്ച് മനസിലാക്കി പഠിപ്പിക്കുക എന്നത്. രക്ഷിതാക്കളുമായി ഇടപഴകുന്നതിനും പരിമിതി നേരിടും. അധ്യാപനക്കുറിപ്പുകള്‍ വിലയിരുത്തുന്നത് ഇന്ന് അതത് സ്ഥാപനങ്ങളിലെ പ്രഥമാധ്യാപകരാണ്. ഒരു ക്ലാസിലെ കുട്ടികളുടെ നിലവാരവും മുന്നനറിവുകളും പഠനാന്തരീക്ഷവും പരിഗണിച്ചാണ് അധ്യാപനക്കുറിപ്പുകള്‍ തയ്യാറാക്കക. സൂക്ഷ്മതലാ സൂത്രണത്തിന് വഴങ്ങുന്നതാണ് നിലവിലുളള രീതി. നിരന്തരവിലയിരുത്തലിനും സഹായകം. ഒട്ടേറെ വിദ്യാലയങ്ങള്‍ക്കു വേണ്ടി ഒരു ആസൂത്രണക്കുറിപ്പ് വിദ്യാര്‍ഥികളുടെ വൈവിധ്യത്തെയും ആവശ്യ ങ്ങളെയും അഭിസംബോധന ചെയ്യില്ല. ഒരേ ആസൂത്രണക്കുറിപ്പിന്റെ വ്യത്യസ്ത പ്രയോഗ സാധ്യതകള്‍ അന്വേഷിക്കുകയാണ് പരിഹാരം. എത്ര അധ്യാപകര്‍ ആ വെല്ലുവിളി ഏറ്റെടുക്കും?

സ്കൂള്‍ കോപ്ലക്സിന്റെ കേന്ദ്രം പന്ത്രണ്ടാം ക്ലാസു കൂടി ഉള്‍പ്പെടുന്ന സര്‍ക്കാര്‍ വിദ്യാലയമായിരിക്കും. എല്ലാ പഞ്ചായത്തുകളിലും അങ്ങനെ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി ഉണ്ടാകണമെന്നില്ല. കേരളത്തില്‍ ഈ നിര്‍ദേശം ഇതുപോലെ പ്രാവര്‍ത്തികമാക്കാനാവില്ല എന്നു പറയുന്നതിന് വേറെയും കാരണങ്ങ ളുണ്ട്. എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനാധികാരം അതത് മാനേജര്‍മാര്‍ക്കാണ്. അവരത് വിട്ടുകൊടുക്കില്ല. ന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ പ്രത്യേകിച്ചും. എയ്ഡഡ് വിദ്യാലയങ്ങള്‍ സഹകരിക്കാതിരുന്നാല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് മാത്രമായി ഈ സംവിധാനം ക്രമീകരിക്കേണ്ടി വരും. അങ്ങനെയായാല്‍ സ്കൂള്‍ കോംപ്ലക്സ് പരിധി പരിഗണിക്കാതെയും നിയമിക്കേ ണ്ടിവരാം. അപ്പോള്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിയമന പ്രതിസന്ധി ഉടലെടുക്കും. അതത് വിഷയ ങ്ങളില്‍ പ്രാവീണ്യമുളളവര്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുകയും മറ്റിടങ്ങളില്‍ അങ്ങനെയല്ലാതെ വരികയും ചെയ്യുന്നത് എയ്ഡഡ് വിദ്യാലയങ്ങളെ അനാകര്‍ഷകമാക്കും. നിയമന രീതി പൊതുസംവി ധാനത്തിന്റെ കീഴില്‍ കൊണ്ടു വരിക എന്ന നയമാണ് സമവായത്തിലൂടെ സ്വീകരിക്കേണ്ടത്. സാമ്പത്തിക താല്പര്യങ്ങള്‍ക്ക് പകരം അക്കാദമിക താല്പര്യമുളളവര്‍ വിദ്യാലയങ്ങള്‍ നടത്തിയാല്‍ മതി എന്ന് സമൂഹം തീരുമാനിക്കണം. അത്തരമൊരു തീരുമാനത്തിലെത്താനുളള സാധ്യത വിരളമാണ്.

അടിസ്ഥാന അധ്യാപനയോഗ്യത ബി എഡ്

ബിരുദം അധ്യാപകരാകുന്നതിനുളള അടിസ്ഥാന യോഗ്യതയായി മാറും. നാലു വര്‍ഷത്തെ ഉദ്ഗ്രഥിത ബി എഡ് ആണ് രേഖ മുന്നോട്ടു വെക്കുന്നത്. ഫൗണ്ടേഷന്‍ സ്റ്റേജ് മുതല്‍ ഉയര്‍ന്ന ഘട്ടം വരെ എല്ലാ അധ്യാപകര്‍ക്കും ഈ തരത്തിലുളള ബി എഡ് നിര്‍ബന്ധമാണ്. രണ്ടു വര്‍‍ഷത്തെയും ഒരു വര്‍ഷത്തെയും ബി എഡ് നിര്‍ദേശിക്കുന്നുണ്ടെങ്കിലും അതാകട്ടെ എല്ലാത്തിനും ബിരുദം നിര്‍ബന്ധമെന്ന ഉപോധിയോടെയാണ്. തീര്‍ച്ചയായും താഴേതലങ്ങളിലെ അധ്യാപകര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കുന്നത് ഗുണം ചെയ്യും. അതനുസരിച്ച് വേതനവും നിശ്ചയിക്കാന്‍ തയ്യാറാക ണമെന്നു മാത്രം. അധ്യാപകവിദ്യാഭ്യാസത്തിനുളള കരിക്കുലവും മറ്റും നിശ്ചയിച്ച് കോഴ്സാരംഭിച്ച് ആദ്യ ബാച്ച് നിയമനം ലഭിച്ചു വരാന്‍ ചുരുങ്ങിയത് എട്ടു പത്ത് വര്‍ഷമെങ്കിലും എടുത്തേക്കാം. അതുവരെ നിലവിലുളള സംവിധാനത്തെ ഉപയോഗിച്ച് പുതുക്രമീകരണം പ്രകാരമുളള പാഠ്യപദ്ധതി വിനിമയം ചെയ്യുക എന്നതും പ്രതിസന്ധിയാണ്. നിലവിലുളള അധ്യാപകരെ സംരക്ഷിക്കുകയും വേണം. അവര്‍ എല്ലാവരും വിരമിക്കുന്ന കാലം വരെ സങ്കലിതമായ രീതികള്‍ നിലനില്‍ക്കും.

അധ്യാപകയോഗ്യതാപരീക്ഷ നിര്‍ബന്ധമാക്കുമ്പോള്‍

കെ ടെറ്റ് പോലെയുളള അധ്യാപകയോഗ്യതാ പരീക്ഷകള്‍ നയരേഖ നിര്‍ബന്ധമാക്കി യിരിക്കുന്നു. സി ബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകളും ഈ മാനദണ്ഡത്തില്‍ വരുമെന്നാണ് സൂചന. ഇവിടെ പരിശോധിക്കേണ്ട കാര്യം നാലുവര്‍ഷ ബി എഡ് കോഴ്സിനു ശേഷവും കെ ടെറ്റ് പോലുളള യോഗ്യതാനിര്‍ണയ പരീക്ഷ വേണമോ എന്നതാണ്. അതാര്‍ജിച്ചതിനു ശേഷം സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ നേടാന്‍ വീണ്ടും പി എസ് സി പരീക്ഷയും. എന്തുകൊണ്ട് ടെറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും പി എസ് സിക്ക് നിയമനം നടത്തിക്കൂടാ? ഇതേ റാങ്ക് ലിസ്റ്റില്‍ നിന്നുതന്നെ സ്വകാര്യ ഏജന്‍സികള്‍ക്കും നിയമനം നടത്താം. ഗുണനിലവാരം ഉറപ്പാക്കാനുളള മാര്‍ഗവുമായി. ആവശ്യമായ അഭിമുഖം കൂടി നടത്തിയാല്‍ പോരെ? അല്ലെങ്കില്‍ ബി എഡ് പരീക്ഷയുടെ ഒരു പേപ്പറായി ടെറ്റ് ചോദ്യപ്പേപ്പര്‍ കൂടി പരിഗണിച്ചുകൂടാ? പലതട്ടു പരീക്ഷകള്‍ നടത്തി കോച്ചിംഗിന് നിര്‍ബന്ധിക്കുമ്പോള്‍ കോച്ചിംഗ് സമ്പ്രദായത്തിന്റെ രീതികളിലേക്കുളള പരോക്ഷ അധ്യാപകപരിശീലനമായി അതു മാറുകയാണ് ചെയ്യുന്നത്.

എഴുത്തു പരീക്ഷയിലൂടെ മാത്രം അധ്യാപക നൈപുണി വിലയിരുത്തുന്ന ടെറ്റ് പരീക്ഷയുടെ പരിമിതികള്‍‍ മറികടക്കാന്‍ മറ്റു രീതികളും ഉപയോഗിക്കുമെന്നു രേഖ പറയുന്നു . കരട് രേഖയില്‍ വിശദാംശങ്ങളുണ്ട്. രണ്ടു ഘട്ടങ്ങള്‍ ഉണ്ടായിരിക്കും. ആദ്യത്തേത്ത് ടെറ്റ് പരീക്ഷ, രണ്ടാം ഘട്ടമായി പ്രദര്‍ശനക്ലാസെടുക്കല്‍,അഭിമുഖം. ഇതിനായി ഓണ്‍ലൈന്‍ രീതിയും ഉപയോഗിക്കും . പ്രായോഗികത പരിഗണിച്ച 5-7 മിനിറ്റ് ദൈര്‍ഘ്യമുളള പ്രദര്‍ശനക്ലാസുകളുടെ വീഡിയോ അയച്ചുകൊടുക്കുന്നതും ഫോണ്‍മുഖാന്തിരം വിവരശേഖരണം നടത്തുന്നതും സാധ്യതകളാണ്. ഇത് ബി ആര്‍ സി തലത്തിലായിരിക്കും എന്നാണ് കരട് രേഖയിലുണ്ടായിരുന്നത്. ഇതെല്ലാം ബി എഡ് കോഴ്സിലെ വിലയിരുത്തലിലൂടെത്തന്നെ ഉറപ്പാകാന്‍ ശ്രമിക്കുന്നതാണ് അഭികാമ്യം. സ്വാധീനങ്ങളും പലവിധ അനഭലഷണീയ പ്രവണതകളും അഭിമുഖത്തിലും മറ്റും കടന്നുകൂടാം.

പ്രാദേശിക വിദഗ്ധരെ‍ അധ്യാപകരാക്കുന്നത് ഗുണകരമോ?

ഭാഷ, തൊഴില്‍ വിദ്യാഭ്യാസം, കല, കായികവിദ്യാഭ്യാസം തുടങ്ങിയവയ്ക് അധ്യാപകരുടെ കുറവുണ്ടായാല്‍ സ്കൂള്‍ കോംപ്ലസ് പരിധിയില്‍ പ്രാദേശികമായി കണ്ടെത്തി പ്രയോജനപ്പെടുത്താം എന്നു രേഖ പറയുന്നു. മാസ്റ്റര്‍ ഇന്‍സ്ട്രക്ടേഴ്സായി വിവിധ വിഷയങ്ങളില്‍ പ്രാദേശിക വിദഗ്ധരെ നിയോഗിക്കാമത്രേ. ഒരിടത്ത് നാലു വര്‍ഷ ബി എഡ്, ടെറ്റ് എന്നിവ നിഷ്കര്‍ഷിക്കുമ്പോള്‍ മറ്റൊരിടത്ത് ഇതൊന്നുമില്ലാത്ത പ്രാദേശികവിദഗ്ധരെ അധ്യാപകരായി നിര്‍ദേശിക്കുന്നു. അടിസ്ഥാനഭാഷ ഗണിത നൈപുണികള്‍ ഉറപ്പാക്കാന്‍ പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പ്രാദേശികമായി ഉപയോഗിക്കാം. മൂന്നാം ക്ലാസോടെ എല്ലാ കുട്ടികള്‍ക്കും അടിസ്ഥാന ഭാഷാ ഗണിത ധാരണകള്‍ ഉറപ്പാക്കും എന്ന് വിഭാവനം ചെയ്യുന്ന രേഖ അതിനായി അധ്യാപകരെ ഒഴിവാക്കി വിദ്യാലയത്തിനു പുറത്തുളള സാക്ഷരസമൂഹത്തെ ആ ചുമതല ഏല്‍പ്പിക്കുകയാണ് . സാക്ഷരതയുളള ഓരോ വ്യക്തിയും ഓരോ കുട്ടിയെ വീതം വായന പഠിപ്പിക്കണം. കട്ടികള്‍ സഹപാഠിയെ പഠിപ്പിക്കു ന്നതിനെക്കുറിച്ചും രേഖയില്‍ പരാമര്‍ശമുണ്ട്. ഭരണകൂടത്തിന്റെ ആശയങ്ങള്‍ ഒളിച്ചുകടത്തുന്നതിനുളള മാര്‍ഗമാണോ പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരെ വ്യാപകമായി ഉപയോഗിക്കാനുളള തീരുമാനം എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. താഴ്ന്ന ക്ലാസുകളില്‍ അച്ചടിച്ച പാഠപുസ്തകങ്ങളുണ്ടാകില്ല. വാചികപാഠങ്ങളാകും. കഥകളും പാട്ടുകളും കളികളും ഉപയോഗിച്ച് ചെറുമനസുകളില്‍ ബാഹ്യശക്തികള്‍ക്ക് പരുവപ്പെടുത്തല്‍ നടത്താനാകും. അതിനാല്‍ കരുതലോടെ മാത്രമേ ഈ നിര്‍ദേശത്തെ സമീപിക്കാനാകൂ. യോഗ്യതയുളള അധ്യാപകരെ ആവശ്യത്തിന് നിയോഗിക്കുക എന്നതിനു പകരം പുറത്തുളളവരെകൊണ്ട് വിദ്യാല യങ്ങള്‍ ഓടിക്കാമെന്ന ചിന്തയുണ്ടാകാന്‍ പാടില്ല. ശിക്ഷാ കര്‍മി, ശിക്ഷാമിത്ര എന്നിങ്ങനെയുളള പേരുകളില്‍ അറിയപ്പെടുന്ന കരാറടിസ്ഥാനത്തിലുളള അധ്യാപക സംവിധാനത്തിലേക്ക് പല സംസ്ഥാനങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. ഈ പ്രവണത അവസാനിപ്പിക്കണം. കലാ കായിക പ്രവൃത്തിപരിചയമടക്കമുളള വിഷയങ്ങളില്‍ യോഗ്യതയുളള അധ്യാപകര്‍ തന്നെ വേണം. സാന്ദര്‍ഭികമായി ഏതെങ്കിലും വിദ്യാലയങ്ങള്‍ പ്രാദേശിക വൈഗദ്ധ്യം പ്രയോജനപ്പെടുത്തുന്നതും പ്രാദേശിക വൈദഗ്ധ്യത്തെ അധ്യാപകര്‍ക്ക് പകരമായി പ്രതിഷ്ഠിക്കുന്നത് ഒരു വ്യവസ്ഥാപിത രീതിയായി സ്വീകരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.

ഘടനാപരമായ മാറ്റമാണ് അധ്യാപകരെ ബാധിക്കാനിടയുളള മറ്റൊരു പ്രശ്നം. ഫൗണ്ടേഷന്‍ ഘട്ടം പ്രീപ്രൈമറിയും ഒന്ന് , രണ്ട് ക്ലാസുകളും ചേര്‍ന്നതാണ്. ഭാവിയില്‍ പ്രീപ്രൈമറി അധ്യാപകര്‍ ഒന്ന് രണ്ട് ക്ലാസുകളിലേക്ക് നിയോഗിക്കപ്പെടില്ല എന്നതിന് എന്താണുറപ്പ്? ഒമ്പതുമുതല്‍ പന്ത്രണ്ട് വരെ ഒരു യൂണിററാണ്. ഹയര്‍സെക്കണ്ടറി അധ്യാപകര്‍ എന്നൊരു വിഭാഗം അപ്രത്യക്ഷരാകാം. യോഗ്യതയില്ലാത്ത ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് പതിനൊന്നാം ക്ലാസിലും പന്ത്രണ്ടിലും അധ്യാപനം നടത്താനും പറ്റില്ല. ക്രമേണ യോഗ്യത ആര്‍ജിക്കുക എന്ന സമീപനം സ്വീകരിക്കേണ്ടി വരാം. ദേശീയരേഖ ഉദ്ദേശിക്കുന്ന രീതിയില്‍ ലളിതമായി ഇത് പരിഹരിക്കാനാകില്ല.

വിദ്യാഭ്യാസ രീതി എന്നും ഒരേ പോലെ നില്‍ക്കണമെന്ന് ആഗ്രഹിക്കരുത്. മാറ്റം വരണം. അതാകട്ടെ ജനാധിപത്യപരമായ രീതിയിലാകണം. അധ്യാപകസമൂഹത്തിന്റെ വിശ്വാസ്യതയും പിന്തുണയും ആര്‍ജിക്കാതെ ഒരു പരിഷ്കാരവും വിജയിക്കില്ല. സ്കൂള്‍ കോംപ്ലക്സ് അടിസ്ഥാനത്തിലുളള നിയമനവും വിലയിരുത്തലും , വാര്‍ഷിക ഇംക്രിമെന്റിനും സ്ഥാനക്കയറ്റത്തിനും പെര്‍ഫോമന്‍സ് അസസ്മെന്റ്‍, പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരെ വിദ്യാലയത്തിനുളളില്‍ അധ്യാപനത്തിനായി നിയോഗിക്കല്‍ എന്നിവ അധ്യാപകസമൂഹത്തില്‍ വലിയ സമ്മര്‍ദ്ദങ്ങളുണ്ടാക്കും. മേലധികാരികളുടെ പ്രീതിക്ക് പാത്രമായില്ലെങ്കിലോ അല്ലെങ്കില്‍ ഉയര്‍ന്ന അക്കാദമിക ഉള്‍ക്കാഴ്ചയോടെ വിലയിരുത്തപ്പെട്ടില്ലെങ്കിലോ അധ്യാപകരെ പ്രതികൂലമായി ബാധിക്കുന്ന പ്രവണതകള്‍ വളര്‍ന്നു വരാം.  

   അധ്യാപകരെ  തരം തിരിച്ച് ഒഴിവാക്കാനല്ല ശ്രമിക്കേണ്ടത് മറിച്ച് പരിമിതികള്‍ കണ്ടെത്തി പിന്തുണ നല്‍കി നിലനിറുത്താനും മുന്നേറാനുമാണ് ശ്രദ്ധിക്കേണ്ടത്. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ നാം സ്വീകരിക്കുന്ന സമീപനം അതാണല്ലോ. സംവിധാനത്തിന്റെ അടിമകളാക്കുന്നതിനു പകരം ഉയര്‍ന്ന നിലവാരമുളള വിദ്യാഭ്യാസപ്രക്രിയയുടെ ഉടമകളാക്കി അധ്യാപകരെ മാറ്റുന്നതിന് കഴിയേണ്ടതുണ്ട്.

(തുടരും)

‍‍ഡോ ടി പി  കലാധരന്‍