വൈദ്യുതി നിലച്ചിട്ട് ഇന്ന് മൂന്നാമത്തെ ദിവസമാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി കനത്ത മഴയാണ് . ഇടയ്ക്കിടെ ശക്തമായ കാറ്റും. മരങ്ങൾ വൈദ്യുതി ലൈനിലൂടെ പൊട്ടി വീണു കിടക്കുന്നു. ഇന്നും വൈദ്യുതി ലഭിക്കുമെന്ന പ്രതീക്ഷയില്ല. വാട്ടർ ടാങ്കിൽ വെള്ളം തീർന്നിരിക്കുന്നു . കയറും കപ്പിയും ബക്കറ്റുമായി കിണറിന് അരികിലേക്ക് നടന്നു. വെള്ളം കോരിയിട്ട് കാലം ഏറെ ആയിരിക്കുന്നു. വെള്ളം കോരി പാത്രം നിറക്കവെ ഓർമ്മകൾ ബാല്യകാലത്തിലേക്ക് ഒഴുകി.
പണ്ട് വീട്ടിൽ വൈദ്യുതി കണക്ഷൻ ഇല്ല. വീട്ടിലെ മൂത്ത മകൻ ആയതുകൊണ്ട് രാവിലെ കിണറ്റിൻ കരയിൽ നിരത്തി വെച്ച വലിയ ചെമ്പ് പാത്രങ്ങളിൽ വെള്ളം നിറയ്ക്കേണ്ട ജോലി എന്റെതാണ് . മടി ആണെങ്കിലും ചെയ്യാതെ വയ്യ. ഒരു തമാശയ്ക്ക് കിണറിന്റെ അടിയിൽ സ്പർശിക്കുന്നത് വരെ ബക്കറ്റ് വെള്ളത്തില്‍ താഴ്ത്തി മുകളിലേക്ക് വലിക്കും. എന്തൊരു സുഖമാണെന്നോ വലിക്കാൻ. ഭാരം തോന്നുകയേ ഇല്ല. എന്നാൽ ജലോപരിതലം പിന്നിടുന്നതോടെ ബക്കറ്റിലെ ജലത്തിൻറെ ഭാരം കൂടും പിന്നീട് ആഞ്ഞാഞ്ഞു വലിക്കണം. ആരായിരിക്കും ജലത്തിനുള്ളിൽ നിന്ന് ബക്കറ്റ് ഉയർത്തി തരുന്നത് എന്ന സംശയം മനസ്സിൽ കുറേകാലം തങ്ങിനിന്നു.
ഒരു ചെറിയ പരീക്ഷണത്തിലൂടെ ആണ് സയൻസ് മാഷ് ഇതിനുള്ള ഉത്തരം നൽകിയത് . ഒരു ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിൽ ജലത്തിൽ താഴ്ത്തി വച്ച് കൈ എടുത്തപ്പോൾ ബോട്ടിൽ തെറിച്ചു മുകളിലേക്കുയർന്നു. ജലത്തിൽ മുങ്ങി ഇരിക്കുന്ന വസ്തുവിൽ ജലം ഒരു ബലം മുകളിലേക്ക് പ്രയോഗിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കി. ആ ബലമാണ് പ്ലവക്ഷമബലം. പ്ലവക്ഷമ ബലത്തെ കുറിച്ച് കൂടുതൽ ചിന്തിച്ചുകൊണ്ട് ഞാൻ വീണ്ടും ബക്കറ്റ് കിണറിന്റെ ആഴത്തിലേക്ക് താഴ്ത്തി.
ഒരു വസ്തു ദ്രവത്തിൽ ഭാഗികമായോ പൂർണമായോ മുങ്ങിയിരിക്കുമ്പോള്‍ ആ ദ്രവം വസ്തുവിൽ മുകളിലേക്ക് ഒരു ബലം പ്രയോഗിക്കുന്നു ഈ ബലമാണ് പ്ലവക്ഷമബലം
ഓട്ടോറിക്ഷ
അന്നൊരു ഞായറാഴ്ച ആയിരുന്നു. ഒരാഴ്ചയുടെ ക്ഷീണം മുഴുവൻ ഉറങ്ങി തീർക്കാൻ തീരുമാനിച്ച ദിവസം. എന്നാൽ പതിവിനു വിപരീതമായി അന്ന് രാവിലെ ഭാര്യയുടെ ഉറക്കെയുള്ള വിളി കേട്ടാണ് ഞെട്ടി എഴുന്നേറ്റത്. താഴേക്ക് ഇറങ്ങിവരാനാണ് ഭാര്യ വിളിച്ചു കൂവുന്നത് . താഴേക്ക് സ്റ്റെയർകേസ് പടികളിറങ്ങുമ്പോൾ ദേഷ്യം മുഴുവൻ ഒരു തുറിച്ചുനോട്ടമാക്കി ഭാര്യയുടെ നേരെ എറിഞ്ഞു . രമേശൻ പുറത്ത് വന്നു നിൽക്കുന്നുണ്ട് . ഈ ദേഷ്യം മുഴുവൻ അവനോട് തീർക്കരുത്. ഭാര്യ പതുക്കെ പറഞ്ഞു.
പുറത്ത് നല്ല മഴയാണ്. രമേശൻ കാർപോർച്ചില്‍ നനഞ്ഞു കുതിർന്നു നിൽക്കുന്നുണ്ട് . ദേഷ്യത്തെ പുഞ്ചിരിയിലേക്ക് മാറ്റാൻ ശ്രമിച്ചു ഞാൻ ചോദിച്ചു എന്തുപറ്റി രമേശാ? രാവിലെ വണ്ടി സ്റ്റാർട്ട് ആകുന്നില്ല . ഒന്ന് തള്ളി സ്റ്റാർട്ട് ആക്കാന്‍ സഹായിക്കണം. എന്റെ സഹപാഠിയായിരുന്നു രമേശന്‍. ഏഴാം ക്ലാസ് വരെ, പിന്നീട് പഠിക്കണമെന്ന് അവനു തോന്നിയില്ല .അന്ന് ഏഴാം ക്ലാസ് വിദ്യാഭ്യാസം അത്ര മോശമല്ലാത്ത യോഗ്യത ആയിരുന്നു . പിന്നീട് രമേശൻ പല ജോലികൾ ചെയ്തു ഒന്നിലും ഉറച്ചില്ല. ആരെയും അനുസരിക്കുന്നത് അയാൾക്ക് ഇഷ്ടമല്ലായിരുന്നു . അവസാനം ഒരു ഓട്ടോറിക്ഷ ഡ്രൈവർ ആയി അയാൾ സംതൃപ്തിയോടെ ജീവിതം കരു പിടിപ്പിച്ചു.
ഞങ്ങൾ രണ്ടുപേരും ഓട്ടോയുടെ അടുത്തേക്ക് നടന്നു . എന്നാൽ മനസ്സിൽ തോന്നിയ ഒരു കുസൃതിയില്‍ ഞാൻ പറഞ്ഞു . ശരി നമുക്ക് രണ്ടുപേർക്കും ഓട്ടോറിക്ഷയില്‍ കയറിയിരുന്നു തള്ളാം. അപ്പോൾ മഴ നനയണ്ടല്ലോ?
അപ്പോൾ രമേശന് സംശയം ഓട്ടോറിക്ഷയുടെ ഉള്ളിൽ കയറിയിരുന്നു തള്ളിയാൽ വണ്ടി നീങ്ങുമോ ? പറയുന്നത് സയൻസ് സാറാണ് . ശരിയായിരിക്കും . രമേശൻ ബാക്ക് സീറ്റിൽ കയറിയിരുന്നു വണ്ടി തള്ളി തുടങ്ങി. വണ്ടി ചലിക്കുന്നില്ല. ആഞ്ഞു തള്ളി നോക്കി വണ്ടി ഒന്നു കുലുങ്ങുക മാത്രം ചെയ്തു . പുറത്തിറങ്ങിയപ്പോള്‍ ഭാര്യയുടെ ചിരി രമേശന്റെ ചമ്മല്‍ ഇരട്ടിപ്പിച്ചു. ഞാന്‍ പറഞ്ഞു ഒരു വസ്തുവിനെ ചലിപ്പിക്കണമെങ്കിൽ ബാഹ്യബലം ആവശ്യമാണ് . ആന്തര ബലത്തിന് ഓട്ടോറിക്ഷയെ ചലിപ്പിക്കാനാവില്ല .
സാറേ ഫിസിക്സ് പറയാതെ വണ്ടി ഒന്നും തള്ള് സാറേ. ഇക്കുറി ഞങ്ങൾ രണ്ടുപേരും ഓട്ടോയെ ആഞ്ഞു തള്ളി .പുറകിൽ നിന്ന് എത്ര ശക്തിയായി തള്ളിയിട്ടും ഓട്ടോറിക്ഷ അനങ്ങുന്നില്ല . കുട ചുമലിൽ നിന്നും താഴെ വച്ച് വീണ്ടും ആഞ്ഞു തള്ളി ഒരു രക്ഷയും ഇല്ല . ഇതെന്താ സംഭവം തല ചരിച്ചു നോക്കിയപ്പോൾ രമേശന് മുൻവശത്ത് നിന്ന് എനിക്കെതിരായാണ് തള്ളുന്നത് . രമേശാ നീ എന്താണ് കാണിക്കുന്നത് ? അത് നമ്മൾ രണ്ടുപേരും എതിർദിശയില്‍ ബലം പ്രയോഗിച്ചാൽ വണ്ടി നീങ്ങില്ല. ഇത്തരം സന്തുലിത ബലത്തിന് വസ്തുവിനെ ചലിപ്പിക്കാൻ ആവില്ല . നീ എന്റെ വശത്തേക്ക് വാ.
നമുക്ക് ഒരുമിച്ച് ഒരേ വശത്തേക്ക് തള്ളാം.
അസന്തുലിത ബലം പ്രയോഗിച്ചതോടെ വളരെ നിഷ്‍പ്രയാസം ഓട്ടോറിക്ഷ നീങ്ങി തുടങ്ങി . ഈ ഒരു കാര്യവും രമേശനെ ഓർമ്മിപ്പിക്കാൻ ഞാൻ മറന്നില്ല . അസന്തുലിത ബാഹ്യ ബലമാണ് വസ്തുക്കളെ ചലിപ്പിക്കുന്നത്.
ഒരു ആശയത്തെ പല രീതികളിൽ അവതരിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും പ്രോത്സാഹിപ്പിക്കണം.
ഈ അധ്യാപകൻ രാവും പകലും കുട്ടികൾക്കു വേണ്ടി പ്രയത്നിക്കുകയാണ്. വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ്.
സുരേഷ് മാഷ് ചിത്രകഥാരൂപത്തിൽ പാഠം മാറ്റി എഴുതിയത് മുമ്പൊരിക്കൽ പങ്കിട്ടിരുന്നു.അത് വായിക്കാൻ
http://learningpointnew.blogspot.com/2021/06/blog-post.html?m=1
1 comment:
👍go ahead മാഷേ
Post a Comment