ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, February 18, 2022

കൊവിഡ് കാലത്തും സ്മാർട്ട് ട്രാക്കിൽ ഞങ്ങളുണ്ട്

"മോളേ, എട്ടു മണിയാകുന്നു." അമ്മയുടെ ഓർമപ്പെടുത്തൽ.

"ചേച്ചീ, വാ എട്ടു മണിയായി. " അനുജൻ്റെ തിടുക്കം.

ഓട്ടസമയമായി എട്ടു മണി മാറിയിരിക്കുന്നു. എൻ്റെ മാത്രമല്ല എട്ട് ഡിയിൽ പഠിക്കുന്ന എല്ലാവരുടെയും. ഒരു ക്ലാസിലെ കുട്ടികളെല്ലാം ഒരേ സമയം കൊവിഡ് കാലത്ത് ഓടുന്നതെന്തിനാ? എവിടെയാ ഓട്ടം എന്നൊക്കെയാകും നിങ്ങളുടെ ചിന്ത. വീടിന് ചുറ്റും ചിലർ ഓടും, ഇടവഴിയിലൂടെ ഓടുന്നവരുണ്ട്, മുറ്റത്ത് വട്ടംചുറ്റി ഓടുന്നവരുണ്ട്, റോസിലൂടെ ഓടുന്നവരുമുണ്ട്. മനസ്സുണ്ടോ ഓടാൻ ഇടവുമുണ്ട്. അഞ്ചു മുതൽ 10 മിനിറ്റ് വരെയാണ് ഓട്ടം.ഇത് ഞങ്ങളുടെ സ്വന്തം "സ്മാർട്ട് ട്രാക്ക് " ഓൺലൈൻ കായിക പരിശീലന പരിപാടിയുടെ ആദ്യ ഇനമാണ്.

 എന്താണ് സ്മാർട്ട് ട്രാക്ക്?


കൊവിഡ് കാരണം എല്ലാവരും വീട്ടിലിരിക്കുകയല്ലേ? ഓടാനും ചാടാനും കളികൾക്കും പൂട്ടു വീണില്ലേ? മൊബൈൽ ഫോണിൽ നോക്കി നോക്കി കണ്ണും കഴുത്തുമൊക്കെ കഴയ്ക്കുന്നില്ലെ? മേലനങ്ങാതെ തിന്നു തിന്ന് വണ്ണം കൂടുന്നില്ലേ? യേസ് മുളിയാൽപ്പോര. എന്തു ചെയ്യണമെന്നും ആലോചിക്കണം. നിങ്ങൾ ആലോചിച്ചോ? ഞങ്ങൾ ആലോചിച്ചു; കായിക ക്ഷമത വർധിപ്പിക്കാൻ ഒരു ഓൺലൈൻ പരിപാടി ഞങ്ങളുടെ ഉഷ ടീച്ചർ പ്ലാൻ ചെയ്തു. ഗൂഗിൾ മീറ്റ് കൂടി. ഞങ്ങളുടെ ഡിവിഷൻ അതേറ്റെടുക്കാൻ തീരുമാനിച്ചു.അങ്ങനെയാ സ്മാർട്ട് ട്രാക്ക് എന്ന പരിപാടി പിറന്നത്.

 ഞങ്ങളുംപരിശീലകരാണ്

ഇപ്പോ ഞങ്ങൾ കുട്ടികൾ തന്നെയാണ് കൂട്ടുകാരെ പരിശീലിപ്പിക്കുന്നത്. 24 പേർ കായികപരിശീലനത്തിൻ്റെ മാസ്റ്റർടെയിനർമാരായി മാറിയിട്ടുണ്ട്. രണ്ടു പേരു വീതമുള്ള ടീം ആയി സ്കൂളിലെ മുഴുവൻ കൂട്ടുകാരെയും പരിശീലിപ്പിക്കാനാണ് ആലോചിക്കുന്നത്. നടുവു വേദനയും കഴുത്തു വേദനയുമൊക്കെ പമ്പ കടക്കുമെന്നു പറഞ്ഞാൽ ആരാ വേണ്ടാന്ന് പറയുക? ഹൃദയ ശ്വാസകോശ ക്ഷമത ഓക്സിജൻ സ്വീകരിക്കുന്നതിൻ്റെ അളവ് കൂട്ടും.അതാകട്ടെ മസ്തിഷ്കത്തിനും പ0നത്തിനും ഊർജം പകരും.ഇത് പറഞ്ഞാൽ മനസിലാകാത്ത കുട്ടികൾ ഉണ്ടാവുമോ? അവരേറ്റെടുക്കും, തീർച്ച. ചുറുചുറുക്കും പ0നോത്സാഹവും ദിനചര്യ ചിട്ടപ്പെടലുമൊക്കെ  ഈ പരിപാടിയിലൂടെ ഞങ്ങൾക്ക് ലഭിച്ചത് മറ്റു ക്ലാസുകാരോടു പറയും. നിങ്ങൾക്കും ഏറ്റെടുക്കണമെന്ന് തോന്നുന്നുണ്ടോ? 

 ഓൺലൈൻ വ്യായാമം

ഓട്ടം കഴിഞ്ഞു വരുമ്പോഴേക്കും ഉഷടീച്ചറുടെ ഗൂഗിൾ മീറ്റിൻ്റെ ലിങ്ക് മൊബൈലിൽ വന്നിട്ടുണ്ടാകും.വീഡിയോ ഓണാക്കി ഇത്തിരി ദൂരത്തായി വയ്ക്കണം; നമ്മളെ പൂർണമായും കാണത്തക്കവിധം.

മുറിയിലെ കസേരയും മേശയുമൊക്കെ ഒതുക്കി സ്ഥലമൊരുക്കിയെടുക്കണം.മുറ്റത്തുമാകാം.ടെറസ്റ്റുള്ളവർക്ക് അവിടെയും ചെയ്യാം. പറമ്പിലായാലും കുഴപ്പമില്ല. ആരെങ്കിലും കണ്ടാലോ? കാണട്ടെ അതാണ് അഭിമാനം.

മൊബൈലിൽ നിർദ്ദേശം നൽകുക മാത്രമല്ല എങ്ങനെ ചെയ്യണമെന്ന് കാണിച്ചു കൊടുക്കുകയും ചെയ്യും. അതനുസരിച്ച് ഓരോരുത്തരും വ്യായാമമുറകൾ ചെയ്യണം. വീട്ടിലുള്ളവർക്കും പങ്കാളിയാകാം. ഞങ്ങൾ മാസ്റ്റർ ട്രെയിനി മാരും അപ്പോൾ അത് ചെയ്യും. ഉഷ ടീച്ചർ വീഡിയോയിലൂടെ എല്ലാവരെയും നിരീക്ഷിക്കുന്നുണ്ടാകും. പാവം ടീച്ചർക്ക്  ഗല്ലൻ ബാരെ സിൻഡ്രോം എന്ന അസുഖം ബാധിച്ചു. കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചതിനെ തുടന്നുണ്ടായതാണ്. ശരീരത്തളർച്ചയൊന്നും ടീച്ചറുടെ മനസിനെ തളർത്തിയില്ല. അതാ ഞങ്ങടെ ടീച്ചർ.ടീച്ചർക്കും സ്മാർട്ട് ട്രാക്ക് പരിപാടി മാനസികാരോഗ്യം നൽകുന്നുണ്ട്.

മൂന്നു ഘട്ടങ്ങളിലായാണ് നാൽപത്തഞ്ച് മിനിറ്റ് നേരത്തെ പരിശീലനം. നിന്നുള്ള പ്രവർത്തനങ്ങളിൽ തുടങ്ങും കാൽപാദം മുതൽ കഴുത്തു വരെയുള്ള സന്ധി ബന്ധങ്ങൾക്ക് ഗുണകരമാകുന്ന ലളിതമായ മുറകൾ. പിന്നെ ഇരുന്നുള്ള വ്യായാമമുറകൾ, ഒടുവിൽ ജമ്പിംഗ് എക്സർസൈസ്.

വ്യായാമത്തിന് മുമ്പ് എല്ലാവരും പ്രഭാതകൃത്യങ്ങൾ ചെയ്തിരിക്കും. സ്കൂൾ കാലത്തെ പോലെ ദിനചര്യ ചിട്ടപ്പെടാൻ ഇത് സഹായിക്കുന്നു. യൂണിഫോമിൽ കയറിയില്ല എന്ന ഒരു കുറവേയുള്ളൂ. വ്യായാമം കഴിയുമ്പോഴേക്കും നന്നായി വിശക്കും. അപ്പോഴേക്കും ഭക്ഷണം തയ്യാറായി കാത്തിരിപ്പുണ്ടാകും. 

ഒരു കാര്യം കൂടി പറയട്ടെ ഏഴ് ഡിയിൽ നിന്ന് ഞങ്ങൾ എട്ട് ഡിയിൽ എത്തിയപ്പോൾ പത്തു പതിനാലു പുതിയ കുട്ടികൾ സഹപാഠികളായി. ഈ സ്മാർട്ട് ട്രാക്ക് പരിപാടിയിലൂടെ അവരെ കാണാനും നിർദ്ദേശം നൽകാനും ആശയ വിനിമയം നടത്താനും അവസരം കിട്ടി. അവരിലും ചിലർ പരിശീലകരായി. നെയ്യപ്പം തിന്നാൽ രണ്ടുണ്ടു ഗുണം എന്ന് പറഞ്ഞ പോലെ ഈ പരിപാടി കൊണ്ട് ഒത്തിരി പ്രയോജനങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് മനസ്സിലായില്ലേ? ഏതു പ്രതിസന്ധിയിലും സാധ്യതയുടെ ഒരു വാതിൽ തുറക്കാനുണ്ടാകും. അതിൻ്റെ താക്കോൽ നിങ്ങളുടെ പക്കലും ഉണ്ട്. 

നിരഞ്ജന,

അഭിരാം

എട്ട് ഡി

കലവൂർ ജി എച്ച് എസ് എസ്

ആലപ്പുഴ


No comments: