ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, November 29, 2024

പ്രക്രിയ പാലിച്ച ക്ലാസ്

 7 പേർ, ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

പ്രക്രിയ പാലിച്ചാണ് ഈ അധ്യാപിക ക്ലാസ് നയിക്കുന്നത്.
26 കുട്ടികളുണ്ട്.
ടീച്ചർ പറയുന്നു:
"ഒന്നാം ക്ലാസ് അധ്യാപിക എന്ന നിലയിൽ മുൻവർഷത്തേക്കാൾ ഏറെ സംതൃപ്തയാണ് ഞാൻ. കഴിഞ്ഞ വർഷങ്ങളിലൊക്കെ നമ്മൾ ക്ലാസ്സിൽ പഠിപ്പിച്ചു പോകുന്നുവെങ്കിലും എത്ര കുട്ടികൾക്ക് എന്തൊക്കെ കൃത്യമായി അറിയാം എന്നുള്ള ധാരണ ശരിയായ രീതിയിൽ ഇല്ലായിരുന്നു. എന്നാൽ ഈ വർഷത്തെ പഠന രീതി തികച്ചും വ്യത്യസ്തമാണ്. ഓരോ കുട്ടിയും ഏതൊക്കെ അക്ഷരങ്ങൾ,ചിഹ്നങ്ങൾ സ്വാംശീകരിച്ചെടുക്കുന്നു എന്ന് കൃത്യമായി പറയാൻ സാധിക്കുന്നു. സംയുക്ത ഡയറിയെഴു ത്തും അതിന്റെ പ്രാധാന്യവും എല്ലാ രക്ഷകർത്താക്കളും ഉൾക്കൊണ്ട് ഏറ്റെടുത്തു എന്നുള്ളത് ഏറെ സന്തോഷമാണ്.ആദ്യമൊക്കെ 1,2 രക്ഷകർത്താക്കൾ കുട്ടിയുടെ എഴുത്തും അമ്മയുടെ എഴുത്തും അമ്മ തന്നെ എഴുതുന്നതായും പേപ്പറിൽ എഴുതി കുഞ്ഞുങ്ങൾ നോക്കി എഴുതുന്നതായും കണ്ടെത്തി. തുടർന്ന് രക്ഷകർത്താക്കൾക്ക് വീണ്ടും സംയുക്ത ഡയറി എന്താണെന്ന് അതിന്റെ പ്രാധാന്യം എന്താണെന്ന് ഉള്ള അവബോധം നൽകി . തുടർന്ന് അത്തരം പ്രവണതകൾ ഒഴിവാക്കി. ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ കുട്ടികളുടെ ഡയറികൾ പങ്കിട്ടത് എല്ലാ രക്ഷകർത്താക്കൾക്കും പ്രചോദനമായി.കഴിഞ്ഞവർഷത്തെ ഒരു രക്ഷകർത്താവിന്റെ ഇളയ കുട്ടി ഈ വർഷം ഒന്നാം ക്ലാസിൽ ആയതിനാൽ സംയുക്ത ഡയറി കുട്ടികളുടെ ലേഖനത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തി എന്ന് നേർ അനുഭവത്തിലൂടെ മനസ്സിലാക്കികൊടുത്തു. 100 ദിവസത്തിൽ കൂടുതൽ ഡയറി എഴുതിയ കുട്ടികൾക്ക് സമ്മാനം നൽകിയത് എല്ലാവർക്കും കൂടുതൽ പ്രചോദനമായി. തുടർന്ന് കുട്ടികൾ മത്സരമാണ് ഡയറി എഴുതാൻ.
വായന,ലേഖനം തുടങ്ങിയ പ്രവർത്തനങ്ങൾ പല ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ മിക്ക കുട്ടികളും നന്നായി വായിക്കാൻ ശ്രമിക്കുന്നുണ്ട്. പുതുതായി നമ്മുടെ സ്കൂളിൽ ചേർന്ന കുട്ടിയുടെ രക്ഷിതാവ് പറഞ്ഞത് കുട്ടി എന്ത് കണ്ടാലും( ബസ്സിന്റെ ബോർഡ്, പത്രം ഉൾപ്പെടെ ) വായിക്കാൻ ശ്രമിക്കുന്നുവെന്നും എഴുത്തിലും വായനയിലും കുട്ടിക്ക് മാറ്റമുണ്ടെന്നും അഭിപ്രായപ്പെട്ടു. ആ രക്ഷകർത്താവിന്റെ സ്വന്തം താല്പര്യ പ്രകാരമാണ് നമ്മുടെ സ്കൂളിൽ വിട്ടതെന്നും ഇപ്പോൾ അവർക്കതിൽ അഭിമാനം തോന്നുന്നതായും പറഞ്ഞു. അധ്യാപിക എന്ന നിലയിൽ ഇതൊക്കെ അഭിമാന നിമിഷങ്ങളായി തോന്നി. ഈ വർഷത്തെ പഠന രീതികളും തന്ത്രങ്ങളും ആണ് ഈ മാറ്റങ്ങൾക്ക് കാരണം എന്ന് ഞാൻ വിശ്വസിക്കുന്നു. ഒന്നാമത്തെ യൂണിറ്റിൽ പക്ഷികളുടെ ശബ്ദം കേട്ട് തിരിച്ചറിഞ്ഞ് ഏത് പക്ഷിയാണെന്ന് പറയുന്ന പ്രവർത്തനം കുട്ടികൾ നന്നായി ഉത്തരം പറഞ്ഞപ്പോൾ എനിക്ക് അതിശയം ഉളവാക്കി. കുട്ടികളുടെ നിരീക്ഷണ പാടവം വളരെ കൂടുതലാണെന്ന് മനസ്സിലാക്കാൻ സാധിച്ചു.
കലാകായിക പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി പോകുന്നതിനാൽ കുട്ടികൾക്ക് വളരെ താല്പര്യമാണ്.
പാട്ടരങ്ങ് പ്രവർത്തനം വളരെ നല്ലൊരു ആശയമായിരുന്നു. ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങൾ ഇതിനകം ഒട്ടേറെ പാട്ടുകൾ സ്വായത്തമാക്കി. പുതുമയാർന്ന ഇത്തരം പാട്ടുകൾ അസംബ്ലിയിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. എന്നും കുറച്ച് സമയം ഇതിനായി ഞങ്ങൾ മാറ്റിവയ്ക്കാറുണ്ട്.
ആദ്യമൊക്കെ എന്തെങ്കിലും ചിത്രങ്ങൾ വരയ്ക്കാൻ പറഞ്ഞാൽ എനിക്കറിയില്ല എന്ന് പറഞ്ഞു കരയുന്ന കുട്ടികൾ വരെ ഉണ്ടായിരുന്നു. അവരുടേതായ രീതിയിൽ വരയ്ക്കാൻ വേണ്ട പ്രോത്സാഹനങ്ങൾ കൊടുത്തതിനാൽ ഇപ്പോൾ എന്ത് വരയ്ക്കാൻ പറഞ്ഞാലും ആത്മവിശ്വാസത്തോടെ അവർ വരയ്ക്കുന്നുണ്ട്.
നിർമ്മാണ പ്രവർത്തനങ്ങളിലും ശില്പശാലയിലും രക്ഷകർത്താക്കളുടെ പങ്കാളിത്തം വളരെ വലുതാണ്.പിന്നേം പിന്നേം ചെറുതായി പാലപ്പം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പലഹാര പ്രദർശന പ്രവർത്തനത്തിലും രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.
ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങൾക്ക് എന്ത് പഠിക്കാനാ?എന്ത് പഠിപ്പിക്കാനാ?
എന്നുള്ള പൊതു ചോദ്യത്തിന്റെ മറുപടിയാണ് ഈ വർഷത്തെ നമ്മുടെ ഒന്നാം ക്ലാസ് കാർ. വര,പാട്ട്,നിർമ്മാണം, സ്വതന്ത്ര രചന, കഥപറയൽ , ചെറുപുസ്തക വായന,തുടങ്ങിയ ഏത് പ്രവർത്തനങ്ങളിലും മാറ്റുരയ്ക്കാൻ പ്രാപ്തരായി മാറുന്നു നമ്മുടെ ഒന്നാം ക്ലാസ് കുരുന്നുകൾഎന്നത് അഭിമാനത്തോടെ പറയാൻ സാധിക്കും.26കുട്ടികളിൽ 90 ശതമാനവും ഒന്ന്, രണ്ട് യൂണിറ്റുകളിലെ 33 ലിപികളും സ്വായത്തമാക്കി. ഓരോ പാഠം കഴിയുമ്പോഴുംസംയുക്ത ഡയറി നോക്കിഏതെല്ലാം അക്ഷരങ്ങളും ചിഹ്നങ്ങളും ഓരോ കുട്ടിയും സ്വാംശീകരിച്ചു എന്ന് കണ്ടെത്താൻ സാധിക്കും"
ജിഷി.A
ജി. എൽ. പി. എസ് പഴകുളം

No comments: