ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, February 1, 2026

തുമ്പി വിമാനങ്ങള്‍ രണ്ടാം ദിവസം

 രണ്ടാം ദിവസം

സൂചിത്തുമ്പി

പാട്ടരങ്ങ്
10 മിനിറ്റ്

  • എല്ലാദിവസവും ക്ലാസ് ആരംഭിക്കുന്നത് ഉറുമ്പുപാട്ട് പാടിക്കൊണ്ടാകണം. ലാ ലാലാ ലാലലേ..

  • പുസ്തകം നോക്കി വരികള്‍ പാടി ഏറ്റു പാടുന്ന രീതി സ്വീകരിക്കാം

  • കൂടുതല്‍ പേര്‍ക്ക് വായനയ്ക് അവസരം

  • കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരും വായിച്ചുവെന്ന് ഉറപ്പാക്കണം.

പ്രവര്‍ത്തനം മൊഴിക്കിലുക്കം റിഹേഴ്സല്‍ അവതരണം

പഠനലക്ഷ്യങ്ങള്‍

  • തന്നിരിക്കുന്ന കഥ സ്വന്തമായി വായിച്ച് ആശയം ഗ്രഹിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നു.

പ്രതീക്ഷിത സമയം- മൂന്ന് പിരീഡ്

ഘട്ടം ഒന്ന്

വായനയും കണ്ടെത്തലും

തുമ്പിവിമാനങ്ങള്‍ എന്നതിനെ പാഠമെന്നതിലുപരി ബാലസാഹിത്യരചനയായി കാണണം. ബാലസാഹിത്യ വായനയിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ പലമാര്‍ഗങ്ങളുണ്ട്

  1. ചിത്രത്തെ ആസ്പദമാക്കി ജിജ്ഞാസ ഉണര്‍ത്തുന്ന ചോദ്യങ്ങള്‍

  2. ഏതെങ്കിലും കഥാസന്ദര്‍ഭം സൂചിപ്പിച്ച് എന്തായിരിക്കും സംഭവിച്ചതെന്ന് ചോദിക്കല്‍

  3. കുറച്ച് ഭാഗം പറഞ്ഞ് ബാക്കി പ്രവചിക്കാന്‍ ആവശ്യപ്പെടലും അതാണോ സംഭവിച്ചതെന്ന് കണ്ടെത്താനുള്ള വായനയും

  4. …………………………………………..

കടുവത്തുമ്പി

കല്ലന്‍ തുമ്പി, കടുവത്തുമ്പി, സൂചിത്തുമ്പി എന്നിവയുടെ ചിത്രം കാണിച്ച് അവയെ പരിചയപ്പെടുത്തുന്നു.

തുടര്‍ന്ന് പാഠപ്പുസ്തകം പേജ് 133 ലെ അവസാനഭാഗം വായിക്കുന്നു

പറന്നുചെന്ന കടുവത്തുമ്പി വടിവാലുകൊണ്ട് ഒറ്റയടി

കല്ലന്‍ തുമ്പി ഒഴിഞ്ഞുമാറി.

ഊഞ്ഞാല്‍ വള്ളിയില്‍ത്തട്ടി വടിവാല്‍ ഒടിഞ്ഞുതൂങ്ങി.

  • എന്തിനായിരിക്കും കടുവത്തുമ്പി കല്ലന്‍ തുമ്പിയെ അടിച്ചത്?

  • വാല് ഒടിഞ്ഞുതൂങ്ങിയ കടുവത്തുമ്പി പിന്നെ എന്തുചെയ്തുകാണും?

പ്രതികരണങ്ങള്‍

ശരി വായിച്ചുകണ്ടെത്താം

  • രണ്ടുപേരുടെ ഗ്രൂപ്പാക്കുന്നു. പേജ് 132. 133 വായിച്ച് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം. ചിത്രങ്ങളുമായി വരികളെ ബന്ധിപ്പിക്കണം. പൂരിപ്പിക്കാനുള്ളത് പൂരിപ്പിക്കണം. ഏതെങ്കിലും അക്ഷരം പരിചയമില്ലാത്തത് വന്നാല്‍ ടീച്ചറുടെ സഹായം തേടണം.

  • ഒരാള്‍ ഒരു ഭാഗം വായിച്ചാല്‍ ബാക്കി അടുത്തയാല്‍ വായിക്കണം.

കൂടുതല്‍ പിന്തുണവേണ്ടവരുമായി ടീച്ചര്‍ ഒത്തിരിക്കുന്നു.

എങ്ങനെയാണ് അവരുമായി ഒത്തുവായന നടത്തുക?

  • ഒരാള്‍ ഒരു വാക്യം വായിക്കാന്‍ ശ്രമിക്കുന്നു. ഉദാ-സൂചിത്തുമ്പി പറന്നുവുന്നു. ആ വാക്യത്തിലെ ഏതെങ്കിലും അക്ഷരം അറിയാത്തതുണ്ടോ എന്ന് ആദ്യം

    കല്ലന്‍തുമ്പി

    പരിശോധിച്ച ശേഷം ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടണം. മ്പി. ടീച്ചര്‍ കമ്പി എന്നെഴുതി ക- മ്പി വായിച്ച് തെളിവനുഭവം നല്‍കുന്നു. കുട്ടി വായിക്കുന്നു. കുട്ടി സാവധാനം വായിക്കണം സ എന്നാണ് പറയുന്നതെങ്കില്‍ സയാണോ സൂ ആണോ എന്ന് ചോദിക്കാം. ചിഹ്നം ചേര്‍ത്ത് വായിക്കാനാണ് പിന്തുണ നല്‍കേണ്ടത്.

  • ഇങ്ങനെ പിന്തുണയോടെ ഒരാള്‍ വായിച്ച ശേഷം ടീച്ചര്‍ ആ വാക്യം വായിച്ച് അടുത്ത വാക്യവും ഓരോ അക്ഷരത്തിനും ഊന്നല്‍ നല്‍കി സാവധാനം വായിക്കും. അപ്പോള്‍ വിരലോടിച്ച് എല്ലാവരും ഒത്തുവായിക്കണം

  • അതിനടുത്ത വാക്യമാണ് അടുത്തയാള്‍ വായിക്കേണ്ടത്. അടുത്ത വാക്യം വലുതാണെങ്കില്‍ ആദ്യത്തെ ഒന്നോ രണ്ടോ വാക്കുകള്‍ കുട്ടി വായിക്കാന്‍ ശ്രമിച്ചാല്‍ മതി. കുളക്കരയിലെ ഇലത്താവളത്തില്‍ എന്നത് വരെ സഹായം പിന്നീടുള്ള ഹെലിക്കോപ്ടര്‍ പോലെ എന്നത് ടീച്ചര്‍ വായിക്കും സൂചിത്തുമ്പി എന്നത് കുട്ടി വായിക്കും പറന്നിറങ്ങി എന്നതും ടീച്ചര്‍ വായിക്കും. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ആ വാക്യം വായിക്കും

  • ഒന്നിടവിട്ട വാക്യങ്ങള്‍ ടീച്ചറാണ് വായിക്കുക

  • എല്ലാവര്‍ക്കും കൂട്ടിവായനയില്‍ വ്യക്തിഗത പിന്തുണ നല്‍കുന്ന രീതിയാണ്.

  • സൂചിത്തുമ്പി, കടുവത്തുമ്പി എന്നിങ്ങനെ ആവര്‍ത്തിച്ചു വരുന്ന വാക്കുകള്‍ കണ്ടെത്തി അടിവരയിടാന്‍ നിര്‍ദ്ദേശിക്കാം.

  • ചിത്രവുമായി വാക്യങ്ങളെ ബന്ധപ്പെടുത്താം. ഉദാ അതിന്റെ കാലുകളില്‍ ഒരു കൊതുകിനെ ഇറുക്കിപ്പിടിച്ചിരുന്നു എന്ന വാക്യത്തിന് ബ്രാക്കറ്റിട്ട് ഒന്നാം ചിത്രവുമായി വരച്ച് യോജിപ്പിക്കാം.

(മറ്റു പഠനക്കൂട്ടത്തിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയായാല്‍ രണ്ടംഗ വായനക്കൂട്ടത്തെ നാലംഗ വായനക്കൂട്ടമാക്കണം. ചിത്രവും വരികളും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനം നിര്‍ദ്ദേശിക്കണം ഓരോ ആളും ഓരോ പേജ് വീതം വായിക്കുന്നതിനും നിര്‍ദ്ദേശിക്കണം)

  • കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരുടെ പഠനക്കൂട്ടത്തില്‍ എല്ലാവര്‍ക്കും ഓരോ വാക്യം വീതം സഹായത്തോടെ വായിക്കാന്‍ അവസരം കിട്ടിക്കഴിഞ്ഞാല്‍ ബാക്കി ഭാഗം ടീച്ചര്‍ വായിക്കുകയും വിട്ടുപോകുന്ന വാക്കുകള്‍ കുട്ടികള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്താല്‍ മതി. ഉദാഹരണത്തിന് മഞ്ഞ യൂണിഫോമിട്ട …………..പാറി……

  • ഡ്രും ഡ്രും എന്നത് എല്ലാവരും പൂരിപ്പിക്കണം.

  • പിന്തുണബുക്കിലെഴുതിക്കാണിക്കണം.

  • കടുവത്തുമ്പിയുടെ ചിത്രത്തിനടുത്ത് കടുവത്തുമ്പി എന്ന് എഴുതിക്കണം. ത ഇരട്ടിച്ചു എന്ന് ഉറപ്പാക്കണം.

ഘട്ടം രണ്ട്

മൊഴിക്കിലുക്കം അവതരണത്തിന് റിഹേഴ്സല്‍

മൂന്ന് പേര് വീതമുള്ള പഠനക്കൂട്ടമാക്കുന്നു.

പാഠത്തെ പല ഭാഗങ്ങളാക്കി എല്ലാവരും പുസ്തകത്തില്‍ നമ്പരിടുന്നു.

പേജ് 132 - മൂന്ന് ഭാഗങ്ങള്‍ (1,2,3)

പേജ് 133 - മൂന്ന് ഭാഗങ്ങള്‍ (4,5,6)

പേജ് 134 - രണ്ട് ഭാഗങ്ങള്‍ (7, 8)

പേജ് 135 - മൂന്ന് ഭാഗങ്ങള്‍ (9, 10,11)

  • തുടര്‍ന്ന് ക്ലാസിലെ കുട്ടികള്‍ ഒന്ന് മുതല്‍ പതിനൊന്ന് വരെ നമ്പരെടുക്കുന്നു.

  • ഓരോ പഠനക്കൂട്ടത്തിലും ക്രമമായി നമ്പര്‍ വന്നതിന് ശേഷം അടുത്ത പഠനക്കൂട്ടം എന്ന രീതിയിലാണ് നമ്പരെടുക്കേണ്ടത്.

  • തങ്ങള്‍ക്ക് കിട്ടിയ നമ്പര്‍ പ്രകാരമുള്ള ഭാഗം ക്രമമായി ഭാവാത്മകമായി വായിച്ച് അവതരിപ്പിക്കണം. ഇതിനായി പഠനക്കുട്ടത്തില്‍ റിഹേഴ്സല്‍ നടത്തണം.

  • പരസ്പരം സഹായിക്കണം

ക്ലാസിലെ ഒരു കുട്ടി ആമുഖം അവതരിപ്പിക്കണം. ചര്‍ച്ചയിലൂടെ ആശയം രൂപപ്പെടുത്തണം. കാണാതെ പഠിച്ചു പറയാതെ മനസ്സില്‍ നിന്നും വരുന്ന രീതിയില്‍ അവതരിപ്പിക്കണം.

പ്രിയപ്പെട്ട രക്ഷിതാക്കളേ

ഞങ്ങള്‍ ഒന്നാം ക്ലാസുകാര്‍ മൊഴിക്കിലുക്കത്തിന്റെ ഭാഗമായി കഥ വായിച്ച് അവതരിപ്പിക്കുകയാണ്. ഓരോ ഭാഗം ഓരോരുത്തര്‍ എന്ന രീതിയിലാണ് അവതരണം

എല്ലാവര്‍ക്കും സ്വാഗതം.

  • തുടര്‍ന്ന് ക്രമമായി വായിച്ച് അവതരിപ്പിക്കണം

  • ഉച്ചഭാഷിണി സൌകര്യമുള്ള വിദ്യാലയങ്ങള്‍ അത് പ്രയോജനപ്പെടുത്തണം.

ഘട്ടം മൂന്ന്

  • ക്ലാസ് വായനക്കൂടാരത്തിലുള്ള ബാലസാഹിത്യകൃതി ഓരോ പഠനക്കൂട്ടത്തിന് നല്‍കുന്നു. അവ ഭാഗങ്ങളാക്കി വിഭജിച്ച് റിഹേഴ്സല്‍ നടത്തി അടുത്ത ദിവസം ക്ലാസില്‍ അവതരിപ്പിക്കണം.

ഘട്ടം നാല്

  • വീട്ടില്‍ വച്ച് കഥപുസ്തകം തനിയെ വായിച്ച് മൊബൈലില്‍ പകര്‍ത്തി ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടണം

വായനയില്‍ സഹായം വേണ്ടവര്‍ക്ക് പിന്തുണവായനാവസരം ഒരുക്കണം.


തുമ്പിവിമാനങ്ങള്‍ ഒന്നാം ദിവസം

   

തുമ്പി വിമാനങ്ങള്‍

  1. ഔദ്യോഗിക അധ്യാപകസഹായിയിലെ ക്രമമോ പ്രക്രിയയോ ആയിരിക്കില്ല ഈ ആസൂത്രണക്കുറിപ്പില്‍ പിന്തുടരുക.

  2. പ്രതിദിനം നാല് പിരീഡെങ്കിലും കേരളപാഠാവലിയുടെ വിനിമയത്തിനായി പ്രയോജനപ്പെടുത്തുന്ന ക്ലാസുകള്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ് തയ്യാറാക്കിയിട്ടുള്ളത്. ( ശരിക്കും ആഴ്ചയില്‍ ഒരു ദിവസമൊഴികെ എല്ലാ ദിവസവും കേരളപാഠാവലിക്ക് അഞ്ച് പിരീഡാണ് വേണ്ടത്.)

  3. രണ്ടാം ഭാഗം ഒന്നാം ഭാഗത്തെതുപോലെ വിശദമായ പഠനത്തിന് ലക്ഷ്യമിടുന്നില്ല. കുട്ടികളെ സ്വതന്ത്രവായനക്കാരും തനിച്ചെഴുത്തുകാരുമാക്കുന്നതിന് ഊന്നല്‍.

  4. നേരത്തെ പരിചയപ്പെട്ട എല്ലാ അക്ഷരങ്ങളുടെയും പുനരനുഭവം ഉള്ളതിനാല്‍ അത്തരം സന്ദര്‍ഭങ്ങള്‍ കൂടുതല്‍ പിന്തുണ അര്‍ഹിക്കുന്നവര്‍ക്കായി വിനിയോഗിക്കണം.

  5. ചുവന്ന നിറത്തില്‍ നല്‍കിയിട്ടുള്ളത് കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരെ പരിഗണിക്കുന്ന ഇടപെടലുകളാണ്.

രണ്ടാം ക്ലാസിലേക്ക് പ്രവേശിക്കുന്നതിന് സജ്ജമാക്കുന്നതെങ്ങനെയാണ്? അവരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരായി എന്ന് ബോധ്യപ്പെടുത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ വേണം. ക്ലാസിലെ ചെറിയൊരു വിഭാഗത്തിന് കൂടുതല്‍ പിന്തുണ ആവശ്യവുമാണ്. ഈ പാഠത്തിന്റെ വിനിമയത്തില്‍ ഇരുകൂട്ടരെയും പരിഗണിക്കുന്ന ഒരു രീതി സാധ്യമാണോ എന്നാണ് പരിശോധിക്കുന്നത്.

  • ഒരു കൂട്ടര്‍ സ്വതന്ത്രമായി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു

  • കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ ടീച്ചറോടൊപ്പം പ്രവര്‍ത്തിക്കുന്നു

ഒന്നാം ദിവസം

പ്രവര്‍ത്തനം -പാട്ടരങ്ങ് ഉറുമ്പുപാട്ടുകള്‍ ( കുഞ്ഞെഴുത്ത് പേജ് 121)

പഠനലക്ഷ്യങ്ങള്‍

  • പാട്ടിലെ ആശയം ഉള്‍ക്കൊണ്ട് തുടര്‍ വരികള്‍ പൂരിപ്പിച്ച് എഴുതുന്നു.

പ്രതീക്ഷിത സമയം 35 മിനിറ്റ്

പ്രക്രിയാവിശദാംശങ്ങള്‍

  • പഠനക്കൂട്ടങ്ങളാക്കുന്നു

  • ലാ ലാലാ ലാലലേ എന്ന വായ്താരി ബോര്‍ഡില്‍ എഴുതുന്നു. വായ്താരി മാത്രം ഒത്തുചൊല്ലി രസിക്കുന്നു

  • ഓരോ പഠനക്കൂട്ടവും വായ്താരി ചൊല്ലണം

  • തുടര്‍ന്ന് കുഞ്ഞെഴുത്ത് പുസ്തകം നോക്കി കല്യാണത്തിന് പോകേണ്ടേ വരെ വായിക്കുന്നു

  • ഓരോ വാക്കും നിറുത്തി സാവധാനം വായിക്കണം. പിന്നെ ഓരോ വരിയും വായിക്കണം. തുടര്‍ന്ന് നാല് വരിയും വായിക്കണം.കുട്ടികളും അപ്രകാരം ചെയ്യണം

  • തുടര്‍ന്ന് അത്രയും വരികള്‍ ഓരോ പഠനക്കൂട്ടവും ചൊല്ലണം.

  • ബാക്കി വരികള്‍ പഠനക്കൂട്ടങ്ങള്‍ പൂരിപ്പിക്കണം.

കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് ചിഹ്നധാരണ ലഭിക്കുന്നതിനും തെളിവെടുത്ത് എഴുതുന്നതിനും സഹായകമായ പ്രവര്‍‍ത്തനം ( ലാ, ലേ, ല്യ, ല്, ലു, നെ, ഞ്ഞോ, മ്പി )

  • മുകളിലെ വരികള്‍ പകര്‍ത്തിയെഴുതുന്ന ഘട്ടം കഴിഞ്ഞാല്‍ പുതിയതായി വരികള്‍ നിര്‍മ്മിച്ചെഴുതുന്ന ഘട്ടമാണ്.

  • സാധ്യതകള്‍ പഠനക്കൂട്ടത്തിലെ ഓരോരുത്തരും അവതരിപ്പിക്കണം.

  • അവ താളാത്മകമാക്കി മാറ്റണം.

  • ഓരോ പഠനക്കൂട്ടവും കണ്ടെത്തിയ സാധ്യതള്‍ പങ്കിടണം. ടീച്ചര്‍ അവ ബോര്‍ഡില്‍ എഴുതണം. ടീച്ചര്‍ക്കും കൂട്ടിച്ചേര്‍ക്കാം. ( കല്യാണത്തിന് പോകാനല്ലേ ഭംഗിയുള്ളൊരു കമ്മല്, ചന്തമുള്ളൊരു പാദസരം, കുളിച്ചൊരുങ്ങി വരണത്…….)

  • ബോര്‍ഡില്‍ എഴുതിയ വരികള്‍ വായ്താരി ചേര്‍ത്ത് കൂട്ടായി ചൊല്ലുന്നു.

  • അതില്‍ നിന്നും ഇഷ്ടമുള്ള വരി ചേര്‍ത്ത് ഓരോരുത്തരും വ്യക്തിഗതമായി പേജ് 121പൂരിപ്പിക്കുന്നു.

  • പഠനക്കൂട്ടത്തില്‍ പരസ്പരം പരിശോധിക്കുന്നു

  • എന്റെ കുട്ടിപ്പാട്ട് പുസ്തകത്തിലേക്ക് കൂടുതല്‍ വരികള്‍ ചേര്‍ത്ത് എഴുതുവാന്‍ നിര്‍ദേശിക്കാം.

  • ഓരോ പഠനക്കൂട്ടവും പാട്ട്താളമിട്ട് അവതരിപ്പിക്കുന്നു

    നെയ്യുറുമ്പ് എന്ന പേര് മാറ്റി മറ്റ് ഉറുമ്പുകളെ ചേര്‍ത്തും ജീവികളെ ചേര്‍ത്തും പാടാം. 

പ്രവര്‍ത്തനം ചെറുജീവികള്‍ (പാഠപ്പുസ്തകം പേജ് 137)

പഠനലക്ഷ്യങ്ങള്‍

  • ചുറ്റുപാടുമുള്ള ചെറുജീവികളെ നിരീക്ഷിച്ച് അവയുടെ ശാരീരിക പ്രത്യേകതകള്‍ മനസ്സിലാക്കി രേഖപ്പെടുത്തുന്നതിനും കാലുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നതിനും

പ്രതീക്ഷിത സമയം 35 മിനിറ്റ്

പ്രക്രിയാവിശദാംശങ്ങള്‍

ഘട്ടം ഒന്ന്

  • കുട്ടികള്‍ ക്ലാസിലൂടെ നടക്കണം. ടീച്ചര്‍ നമ്പര്‍ പറയും. അപ്പോള്‍ അതനുസരിച്ച് കൂട്ടങ്ങളാകണം. (2,4,6,8 എന്നീ നമ്പരുകളാണ് പറയേണ്ടത്. )

ഘട്ടം രണ്ട്

  • അതിനു ശേഷം ജീവികളുടെ പേരു പറഞ്ഞാല്‍ അതിന്റെ കാലുകളുടെ എണ്ണം എത്രയാണോ അത്രയും പേരുടെ കൂട്ടമാകണം. ഉദാഹരണം പൂച്ച എന്നാണ് പറയുന്നതെങ്കില്‍ നാല് പേരുടെ കൂട്ടമാകണം. ഷഡ്പദങ്ങളുടെയും നാല്‍ക്കാലികളുടെയും പേരുകള്‍ കൂടുതലായി പറയണം

ഘട്ടം മൂന്ന്

  • കളി തീര്‍ന്ന ശേഷം ചെറുജീവികളെ തരം തിരിക്കാം പ്രവര്‍ത്തനം (പാഠപ്പുസ്തകം പേജ് 137) വിലയിരുത്തല്‍ പ്രവര്‍ത്തനമായി നല്‍കണം.

    • അവരവരുടെ അറിവ് അനുസരിച്ച് പൂരിപ്പിച്ചാല്‍ മതി. തെറ്റിപ്പോയാല്‍ പിന്നെ ശരിയാക്കാം.

    • കുട്ടികള്‍ എഴുതിയ ശേഷം ഓരോന്നായി പങ്കിടണം.

    • സ്വീകാര്യമെങ്കില്‍ എല്ലാവരും എഴുതണം. കോളത്തില്‍ കൊള്ളുന്നത്രയും എഴുതിയാല്‍ മതി.

    • എല്ലാവരും എഴുതിയത് ആശയപരമായും ഭാഷാപരമായും ശരിയാണെന്ന് ടീച്ചര്‍ ഉറപ്പുവരുത്തണം. കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരെക്കൊണ്ട് വായിപ്പിക്കണം.

    • വിര, ഒച്ച്

    • പല്ലി, ഓന്ത്….

    • ഉറുമ്പ്, ചിത്രശലഭം...

    • എട്ട് കാലി

    • അട്ട, പഴുതാര

ആല്‍ബനിര്‍മ്മാണം. പേജ് 123 കുഞ്ഞെഴുത്ത്

പഠനലക്ഷ്യങ്ങള്‍

ജീവികളുടെ ചിത്രം ശേഖരിച്ചും സ്വന്തമായി വരച്ചുണ്ടാക്കിയും അവയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് രേഖപ്പെടുത്തിയും ആല്‍ബം തയ്യാറാക്കുന്നു

പ്രവര്‍ത്തനവിശദാംശങ്ങള്‍

  • നിര്‍ദ്ദേശങ്ങള്‍ നല്‍കണം,

  • ചിത്രം ശേഖരിച്ചോ വരച്ചോ വീട്ടില്‍ വെച്ച് പൂര്‍ത്തിയാക്കണം.

  • സംയുക്തഡയറി എഴുത്ത് രീതിയില്‍ ഓരോന്നിനും അടിക്കുറിപ്പ് എഴുതണം.

  • പുസ്തകത്തിലല്ലാതെ പേപ്പറുപയോഗിച്ച് ആല്‍ബം നിര്‍മ്മിക്കുകയുമാകാം.

  • മൂന്നോ നാലോ ദിവസം കൊണ്ട് പൂര്‍ത്തിയാക്കണം

  • ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ നിര്‍ദേശം നല്‍കണം.

  • ആല്‍ബം എല്ലാവരും തയ്യാറാക്കി കഴിഞ്ഞാല്‍ പരസ്പരം വിലയിരുത്തണം

  • ടീച്ചര്‍ ഓരോരുത്തരുടെയും ആല്‍ബം വിലയിരുത്തി ഫീഡ് ബാക്ക് നല്‍കണം.

  • ലേഖനത്തിലെ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കണം.

മൊഴിക്കിലുക്കത്തിലേക്ക്

അവലോകനം

  1. എന്റെ പാട്ടുപുസ്തകത്തില്‍ എത്ര പാട്ടുകളായി?

  2. ഞാന്‍ എത്ര കാര്‍ട്ടൂണ്‍ ഡയറികളെഴുതി?

  3. കുഞ്ഞുവര്‍ത്തമാനങ്ങള്‍ എത്രയായി?

  4. സംയുക്ത ഡയറിയില്‍ നിന്നും രക്ഷിതാവിന്റെ സഹായത്തോടെ നാല് വ്യത്യസ്ത ഉള്ളടക്കമുള്ള ഡയറികള്‍ തിരഞ്ഞെടുത്ത് അടയാളക്കടലാസ് വച്ചോ?

  5. എത്ര പുസ്തകങ്ങള്‍ തനിയെ വായിച്ചു?

  6. എത്ര കഥാക്കുറിപ്പുകള്‍ എഴുതി?

ഇത്രയും അവലോകനം നടത്തിയ ശേഷം രണ്ടാഴ്ചക്കുള്ളില്‍ എണ്ണം കൂട്ടാന്‍ തീരുമാനിക്കണം. ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പൊതുഅവസ്ഥ പങ്കിടണം.

ക്ലാസ് പി ടി എ കൂടി മൊഴിക്കിലുക്കം ചര്‍ച്ച ചെയ്യണം.