ഈ വര്ഷം ഒരു ഹെഡ് മാസ്റര്‍ തന്റെ സ്കൂള്‍ വിശേഷങ്ങള്‍ നിരന്തരം ബ്ലോഗിലൂടെ പങ്കു വെച്ച് കൊണ്ടിരുന്നു. സ്കൂള്‍ ചടങ്ങുകളുടെ റിപ്പോര്‍ട്ട് ആയിരുന്നില്ല അവയൊക്കെ. അക്കാദമിക ഉള്‍ക്കാഴ്ചയുടെ പ്രവര്‍ത്തന വഴികള്‍ കാണിച്ചു തരികയായിരുന്നു. ക്ലാസിനകത്തും പുറത്തും നാരായണന്‍ മാഷ് ക്യാമറയുമായി നടന്നു. കുട്ടികളുടെ ചലങ്ങള്‍ ഒപ്പി എടുക്കാന്‍ ..സ്കൂളിന്റെ ' ഇ പോര്‍ട്ട് ഫോളിയോ' ആയി ബ്ലോഗ് മാറി .കേരളത്തിലെ പ്രഥമ അധ്യാപകര്‍ക്ക് ഈ സ്കൂള്‍ ബ്ലോഗിങ് നല്ല സൂചന നല്‍കുന്നു.ഉണര്‍വുള്ള സ്കൂളുകള്‍ക്കെ ഇത്തരം പ്രകാശനങ്ങള്‍ സാധ്യമാകൂ .പൊതു വിദ്യാഭ്യാസത്തെ സാധാരണക്കാരുടെ പക്ഷത്ത് നിന്ന് സമീപിക്കുന്നവര്‍ക്കും
ബേക്കല്‍ ഫിഷറീസ് സ്കൂള്‍ നടത്തിയ ഒരു പഠന യാത്രയുടെ റിപ്പോര്‍ട്ട് എച് എം തയ്യാറാക്കിയിരിക്കുന്നു. ഇത് ടീച്ചര്‍ വേര്‍ഷന്‍ ആയി കാണാം.
യാത്രാ വിവരണത്തിന്റെ തുടക്കം ഗംഭീരം. ഏതു കുട്ടിക്കും മാതൃക. കൂടുതല്‍ ഞാന്‍ പറയുന്നില്ല .സ്കൂളിന്റെ വ്യവഹാര രൂപവും ഭാഷയിലെ വ്യവഹാര രൂപവും ഒന്നായി വായിക്കൂ
................................................................................................................................
ഇടയിലക്കാട്-ഉളിയത്തു കടവ്-ഏഴിമല'....പഠനയാത്ര ലക്ഷ്യത്തിലേക്ക്....




ഇടയിലക്കാടു കാവിലെ ജൈവ വൈവിധ്യത്തെക്കുറിച്ചും ഇത്തരം കാവുകളുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ആനന്ദന്‍ മാഷ് ഞങ്ങള്‍ക്ക് പറഞ്ഞു തന്നു..ഒപ്പം വേണുമാഷും ചേര്‍ന്നപ്പോള്‍ ഒരുപാടൊരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഈ സന്ദശനം വഴി സാധിച്ചു.



ഇളമ്പച്ചി ഖാദി കേന്ദ്രമായിരുന്നു ലക്‌ഷ്യം..പരുത്തിനൂല്‍ നല്ലി ചുറ്റുന്നതും,കളര്‍ മുക്കി ഉണക്കുന്നതും,തുണി നെയ്യുന്നതും,മെത്തകള്‍ ഉണ്ടാക്കുന്നതും എല്ലാം നേരില്‍ കാണാന്‍ ഇവിടെ വെച്ച് കുട്ടികള്‍ക്ക് അവസരമുണ്ടായി.
കിടക്കയില്‍ ഉന്നം നിറയ്ക്കുന്നതും തുന്നുന്നതും ഒഴികെയുള്ള എല്ലാ ജോലികളും സ്ത്രീകളാണ് ചെയ്യുന്നത്.ഓരോരുത്തരും അവരവരുടെ ജോലിയെക്കുറിച്ച് വിശദീകരിച്ചു തന്നു.നൂല്‍ ചുറ്റാനും നെയ്യാനും ഒക്കെ തങ്ങള്‍ക്കും ആകുമോ എന്ന് പരീക്ഷിക്കാനായിരുന്നു ഞങ്ങളുടെ പി.ടി.എ.പ്രസിഡണ്ട് ഉള്‍പ്പെടെ ചിലര്‍ക്ക് താല്‍പ്പര്യം.
സമയം കുറച്ചു വൈകിയതു കൊണ്ട് വളരെ വേഗം അവിടെനിന്നും മടങ്ങി.
മലബാറിലെ ഉപ്പുസത്യാഗ്രഹ കേന്ദ്രമായിരുന്ന പയ്യന്നൂരിനടുത്ത ഉളിയത്തു കടവിലേക്ക് ഞങ്ങളുടെ വാഹനം മെല്ലെ നീങ്ങി.

ഉപ്പു കുറുക്കല്‍ സമരത്തിനു സാക്ഷ്യം വഹിച്ച കവ്വായിപ്പുഴയോരത്തെ ഉളിയത്തു കടവ് അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി...സ്മരണകള്‍ ഇരമ്പുന്ന ഈ മണ്ണില്‍ കാലുകുത്താന്‍ കഴിഞ്ഞത് തന്നെ അഭിമാനം...
''വരിക വരിക സഹജരേ...
സഹന സമര സമയമായ്..
കരളുറച്ചു കൈകള്‍ കോര്‍ത്ത്
കാല്‍ നടയ്ക്കു പോക നാം ... ''സത്യാഗ്രഹികള്‍ പാടിയ ഈ വരികള്‍ കാതുകളില്‍ മുഴങ്ങുന്നതായി ത്തോന്നി..വേണു മാഷ് ഓര്‍മ്മിപ്പിക്കേണ്ട താമസം കുട്ടികള്‍ ഉച്ചത്തില്‍പ്പാടി..''വരിക വരിക സഹജരേ................''
അല്‍പ്പനേരം അവിടെയിരുന്നു...സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന നിമിഷങ്ങള്‍ കുട്ടികളിലേക്ക്എത്തിക്കാന്‍ ആനന്ദന്‍മാഷും വേണുമാഷും ഈ അവസരം പ്രയോജനപ്പെടുത്തി.
കണ്ടല്‍ക്കാടുകള്‍ സമൃദ്ധമായി വളര്‍ന്നു നില്‍ക്കുന്നത് കണ്ടപ്പോള്‍ സ്വാഭാവികമായും അതിനെക്കുറിച്ചും ചര്‍ച്ചയായി.
പല തരത്തിലുള്ള കണ്ടലുകളും അവിടെ ഉണ്ടായിരുന്നു...ഓരോന്നിന്റെ പ്രത്യേകതകളും കുട്ടികള്‍ നിരീക്ഷിച്ചു മനസ്സിലാക്കി.അറിയാത്തവചോദിച്ചു മനസ്സിലാക്കി.
'ഉപ്പൂറ്റി കണ്ടല്‍' വെള്ളത്തിലെ ഉപ്പ് ഊറ്റി എടുത്തതിന്റെ തെളിവ് ഇലകളില്‍ കാണാമായിരുന്നു..ഇലകളില്‍ പറ്റിപ്പിടിച്ച വെളുത്ത പൊടി രുചിച്ചു നോക്കിയപ്പോള്‍ നല്ല ഉപ്പുരസം!




ഏഴിമല നാവിക അക്കാദമി സന്ദര്‍ശിക്കാനായിരുന്നു നേരത്തെ ഞങ്ങള്‍ ലക്ഷ്യമിട്ടിരുന്നത്.അതനുസരിച്ച് അധികൃതരില്‍ നിന്ന് അനുവാദവും വാങ്ങിയിരുന്നു..എന്നാല്‍ രണ്ടു ദിവസം മുമ്പ് നടന്ന കടല്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ കാരണങ്ങളാല്‍ സന്ദര്‍ശനാ നുമതി റദ്ദു ചെയ്യുകയായിരുന്നു... എന്നാലും എഴിമലയിലെക്കുള്ള യാത്ര ഞങ്ങള്‍ മാറ്റി വെച്ചില്ല .കടപ്പുറത്ത് നിന്നും തിരിച്ച ഞങ്ങളുടെ യാത്രയുടെ പ്രധാന ലക്‌ഷ്യം തന്നെ ഈ മലകയറ്റം ആയിരുന്നുവല്ലോ....
സമുദ്ര നിരപ്പില്‍നിന്നും 215 മീറ്റര്‍ ഉയരത്തില്‍, പയ്യന്നൂരിലെ സൂര്യ ട്രസ്റ്റ് എഴിമലയില്‍ സ്ഥാപിച്ച 41 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ യുടെ സമീപത്ത് എത്തുകയായിരുന്നു ഞങ്ങളുടെ ഇപ്പോഴത്തെ ലക്‌ഷ്യം..ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമ യാണത്രെ ഇത്...
പയ്യന്നൂര്‍ കുന്നരു തിരുവില്വാംകുന്ന് ജംഗ്ഷനില്‍ നിന്ന് ടോപ്പ് റോഡിലൂടെ, കണ്ണിനു കുളിര്‍മയേകുന്ന താഴ്വരക്കാഴ്ചകള്‍ കണ്ട് ഞങ്ങളിതാ ഹനുമാന്‍ പ്രതിമ യ്ക്കടുത്ത് എത്തിയിരിക്കുന്നു.... കേട്ടതിലും മനോഹരമായിരിക്കുന്നു ഈ കാഴ്ച!
പടവുകള്‍ കയറി പ്രതിമയുടെ തൊട്ടു മുന്നിലെത്തി.ഹനുമാന്റെ തലവരെ കണ്ണോടിച്ചപ്പോള്‍ ഞങ്ങള്‍ വളരെ ചെറുതായതുപോലെ!
അവിടുത്തെ പുല്‍ത്തകിടിയില്‍ ഇരുന്നു...ഏഴിമലയും ഹനുമാനും തമ്മിലുള്ള ബന്ധം കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു.(മൃതസഞ്ജീവിനിക്കായി പോയ ഹനുമാന്‍ മലയും കയ്യിലേന്തി പറന്നു വരുമ്പോള്‍ അതില്‍ നിന്നും അടര്‍ന്നു വീണ ചെറു കഷണ മാണത്രേ ഏഴിമല... )അപൂര്‍വങ്ങളായ ഔഷധങ്ങള്‍ ഇന്നും ഏഴിമലയില്‍ കാണാം എന്ന് പഴമക്കാര്‍ പറയുന്നു...
.....ഹനുമാന്‍ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും അല്‍പ്പം പടിഞ്ഞാറോട്ട് മാറി ഏറ്റവും ഉയരമുള്ള മറ്റൊരു സ്ഥലമുണ്ട്.ഇവിടെയുള്ള ഉയര്‍ന്ന പാറയുടെ മുകളില്‍ ക്കയറി പടിഞ്ഞാറോട്ട് നോക്കിയാല്‍ കാടും കടലും സംഗമിച്ചു നില്‍ക്കുന്ന മനോഹരമായ ഒരു കാഴ്ച കാണാന്‍ കഴിയും...

