ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, January 6, 2015

ക്ലാസ് പി ടി എയില്‍ എന്താണ് പങ്കിടേണ്ടത്?ചൂണ്ടുവിരലിലെ കഴിഞ്ഞ ലക്കം കുറിപ്പിനോട് പ്രതികരിച്ച് ശ്രീ അലി ഇങ്ങനെ ചോദിച്ചു

"ക്ലാസ് പി ടി എയില്‍ ഓരോ വിദ്യാര്‍ഥിയുടെയും പഠനപ്രശ്‌നങ്ങള്‍ വിലയിരുത്താറുണ്ടോ?ആ വിലയിരുത്തലുകള്‍ ഓരോ രക്ഷിതാവിനെ എങ്ങിനെയാണ് ബോധ്യപ്പെടുത്താറുള്ളത്?.ബിഎഡില്‍ അനക്‌ഡോട്ട് റെക്കോര്‍ഡിനെ കുറിച്ചൊക്കെ കേട്ടിരുന്നു.ഈ രീതി തുടരുന്ന സ്‌കൂളുകള്‍ ഉണ്ടോ...താങ്കളുടെ അനുഭവം പങ്കുവെക്കുമല്ലോ...”

ക്ലാസ് പി ടി എയില്‍ എന്താണ് പങ്കിടേണ്ടത്?

വിദ്യാഭ്യാസ അവകാശനിയമത്തില്‍, പങ്കിടേണ്ട കാര്യങ്ങളെന്തെല്ലാമെന്ന് കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്

 1. കുട്ടികളുടെ ഹാജര്‍ നില
 2. പഠനപുരോഗതി
 3. പഠനശേഷി
 4. കുട്ടിയെ സംബന്ധിക്കുന്ന മറ്റു വിവരങ്ങള്‍

അതായത് കുട്ടിയെ സംബന്ധിക്കുന്ന ഇത്രയും വിവരങ്ങള്‍ മാതാപിതാക്കളെ അധ്യാപകര്‍ അറിയിക്കുക എന്നത് കുട്ടിയുടെ അവകാശത്തില്‍ വരും. ഈ പ്രാധാന്യം തിരിച്ചറിഞ്ഞാണോ വിദ്യാലയങ്ങളില്‍ ക്ലാസ് പി ടി എ നടത്തുന്നത്?
ക്ലാസ് പി ടി എ സംഘാടനത്തിന്റെ ചില ഉദാഹരണങ്ങളും സാധ്യതകളും ഇതാ


ഹാജര്‍ നില പങ്കിടുന്നതിന് ഒരു ചാര്‍ട്ട് മതിയാകും

 • എല്ലാ ദിവസവും ഹാജരായവര്‍
 • തുടര്‍ച്ചയായി ഹാജരാകാത്തവര്‍
 • ഇടവിട്ടാണെങ്കിലും ഹാജര്‍ നഷ്ടം ഉളളവര്‍

എന്നിങ്ങനെയാകാം അവതരണം. കുട്ടി സ്കൂളില്‍ വരാത്ത ദിവസം ഹാജര്‍രേഖപ്പെടുത്തുന്ന പ്രവണതയുണ്ട്. (ഉച്ചഭക്ഷണപരിപാടിയുടെ കണക്ക് ശരിയാക്കാനാണോ പല സ്കൂളുകളും ഈ മണ്ടത്തരം കാട്ടുന്നത്?) ഹാജരാകാത്ത ദിനങ്ങളിലെ പഠനനഷ്ടം എങ്ങനെ പരിഹരിക്കാം എന്ന ആലോചന നടക്കുന്നില്ലെങ്കില്‍ ഈ വിവരങ്ങള്‍ അവതരിപ്പിച്ചിട്ടെന്തു ഫലം? പതിനഞ്ചു ദിവസത്തില്‍ കൂടുതല്‍ ഹാജരാകാത്ത കുട്ടിയെ സ്കൂളിലെത്തിക്കേണ്ട ചുമതല എസ് എം സിയ്ക്കാണ്. അങ്ങനെയെങ്കില്‍ എസ് എം സിയെ അറിയിച്ചതും തുടര്‍നടപടികളും കൂടി ക്ലാസ് പി ടി എയില്‍ അവതരിപ്പിക്കാം.

ചൂണ്ടുവിരലില്‍ കൊട്ടാരക്കരയിലെ ജോണ്‍സാറിന്റെ (ഉമ്മന്നൂര്‍ പഞ്ചായത്തിലെ അമ്പലക്കര) വിദ്യാലയത്തിലെ അനുഭവം പങ്കിട്ടിരുന്നു.അതിങ്ങനെ

വരാത്ത കുട്ടികള്‍

ക്ലാസില്‍ ഫോണ്‍നമ്പര്‍ ലിസ്റ്റുണ്ട്. രണ്ടു ദിവസത്തിലധികം വരാത്ത കുട്ടികളെ വീട്ടില്‍ പോയി കാണും. ആദ്യം ഫോണ്‌. പിന്നെ ഭവനസന്ദര്‍ശനം.

ആലപ്പുഴ വെണ്‍മണി ജെ ബി എല്‍ പി സ്കൂളിലും സമാനമായ രീതിയാണുളളതെന്നു ചൂണ്ടിക്കാട്ടിയിരുന്നതോര്‍ക്കുക.

ഇങ്ങനെ കുട്ടികളുടെ അസാന്നിധ്യം പരിഹരിക്കാനായി ചെയ്ത കാര്യങ്ങള്‍ പൊതുവായി അധ്യാപിക ക്ലാസ് പി ടി എയില്‍ പങ്കിടുന്നത് മറ്റു രക്ഷിതാക്കളുടെ ഉത്തരവാദിത്വബോധം വര്‍ധിപ്പിക്കും.

പഠനപുരോഗതി എങ്ങനെ പങ്കിടും?

പുരോഗതി എന്ന വാക്ക് നേരത്തെ ഉണ്ടായിരുന്ന നിലയില്‍ നിന്നും എത്രത്തോളം മുന്നേറ്റമുണ്ടാക്കി എന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. താരതമ്യം ചെയ്യാതെ കുട്ടി അതു ചെയ്തു ഇതു ചെയ്തു, പതിപ്പുണ്ടാക്കി, പരീക്ഷണം നടത്തി എന്നൊക്കെ പറഞ്ഞാല്‍ പോര. അധ്യാപികയുടെ പ്രോഫഷണലിസം പ്രകടമാക്കേണ്ട സന്ദര്‍ഭമാണിത്.

ഓരോ മാസവും നേടേണ്ട പഠനനേട്ടം/ ശേഷികളെക്കുറിച്ച് അധ്യാപകസഹായിയിലും സിലബസിലും സൂചിപ്പിച്ചിട്ടുണ്ട്. ഈ ശേഷികളാകട്ടെ വിവിധ യൂണിറ്റുകളിലെ പല സന്ദര്‍ഭങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ വികസിക്കുന്നവയാണ്. അതുകൊണ്ടു തന്നെ മുന്‍ നിലവാരം പറയാന്‍ കഴിയും.

പാട്ടുകളം ആര്‍ ആര്‍ എല്‍ പി എസില്‍

ആലപ്പുഴ ജില്ലയിലെ പാട്ടുകളം ആര്‍ ആര്‍ എല്‍ പി എസില്‍ ചെന്നപ്പോള്‍ നാലാം ക്ലാസിലെ ലീഡറുമായി ഞാന്‍ അഭിമുഖം നടത്തി.ക്ലാസ് വിശേഷങ്ങളാണ് സംസാരിച്ചത്. ക്ലാസ് പി ടി എ എങ്ങനെ നടത്തുന്നുവെന്ന് കുട്ടിക്ക് വ്യക്തമായ ധാരണയുണ്ട്. ഓരോ കുട്ടിയുടേയും പോര്‍ട്ട് ഫോളിയോ അമ്മമാര്‍ക്ക് നല്‍കും. പോര്‍ട്ട് ഫോളിയോയോ അതെന്താ? എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ലീഡറുടെ മറുപടി 'ഫയല്‍ എന്നായിരുന്നു. അതിലെന്തെല്ലാം? ഞങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെഴുതിയത് എന്നു മറുപടി.

അധ്യാപിക പറഞ്ഞതിങ്ങനെ

"ഓരോ ക്ലാസ് പി ടി എയിലും അടുത്തമാസം കുട്ടികളുടെ പോര്‍ട്ട് ഫോളിയോയില്‍ ഉള്‍പ്പെടുത്തുന്ന ഇനങ്ങള്‍ അവതരിപ്പിക്കും. രക്ഷിതാക്കള്‍ അത് എഴുതി എടുക്കും. വിശദീകരണവും നല്‍കും. അടുത്ത ക്ലാസ് പി ടി എയില്‍ വരുമ്പോള്‍ രക്ഷിതാക്കള്‍ ഈ കുറിപ്പുമായി വരും. ഓരോരുത്തരും മക്കളുടെ പോര്‍ട്ട് ഫോളിയോ വിശകലനം ചെയ്യും. മുന്‍ നിലയില്‍ നിന്നും എന്തു മാറ്റം ഉണ്ടായി എന്ന ചര്‍ച്ചയും നടക്കും.”

ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെങ്കില്‍ നാം ഉദാഹരണം വെച്ച് പരിശോധിക്കണം.നാലാം ക്ലാസ് ഗണിതത്തിലെ ഏതാനും പഠനനേട്ടങ്ങള്‍ നോക്കുക

 • ചതുരത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിയലും ചുറ്റളവു കാണലും
 • ലിറ്റര്‍ മില്ലി ലിറ്റര്‍,മീറ്റര്‍, സെന്റി മീറ്റര്‍, മില്ലി മീറ്റര്‍, ഗ്രാം,കിലോഗ്രാം, ക്വിന്റല്‍ എന്നീ അശയങ്ങള്‍ മനസിലാക്കലും അവ ഉപയോഗിച്ചുളള ക്രിയകള്‍ ചെയ്യലും
 • നാലക്ക സംഖ്യകളെ പത്ത്, നൂറ് ,ആയിരം എന്നിവകൊണ്ട് മനക്കണക്കായി ഗുണിക്കാനുളള ശേഷി
 • ഭിന്നസംഖ്യകളെ താരതമ്യം ചെയ്യാനുളള കഴിവ്

ഭാഷയില്‍

 • കാഴ്ച,കേഴ്വി,ഗന്ധം എന്നിവയുമായി ബന്ധപ്പെട്ട അനുഭവം വായനക്കാരുടെ മനസില്‍ ഉണര്‍ത്താന്‍ കഴിയും വിധമെഴുതുന്ന വര്‍ണന
 • വസ്തുക്കള്‍, വ്യക്തികള്‍, സംഭവങ്ങള്‍,ദൃശ്യങ്ങള്‍, ചിത്രങ്ങള്‍ എന്നിവയുടെ നേരനുഭവം ലഭിക്കത്തക്കവിധത്തില്‍ വസ്തുനിഷ്ഠമായി എഴുതുന്ന വിവരണം ( ശൈലികളും ചൊല്ലുകളും പ്രയോഗങ്ങളും ഉള്‍പ്പെടുത്തി എഴുതിയത്)

ഇംഗ്ലീഷില്‍

 • Describes one's experience
 • Construct conversations
 • Engages in discussion
 • Write diary
 • Makes announcement
 • Prepares speech
 • Write reports

പരിസരപഠനത്തില്‍

 • നിരീക്ഷിച്ചും കുറിപ്പുകള്‍ വിശകലനം ചെയ്തും ജീവികള്‍ക്ക് ആഹാരസമ്പാദനത്തിന് അനുകൂലനങ്ങള്‍ ഉണ്ടെന്നു കണ്ടെത്തുക, ആഹാരബന്ധങ്ങള്‍ കണ്ടെത്തി പട്ടികപ്പെടുത്തുക, നിഗമനം രൂപീകരിക്കുക, ആഹാരബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ജീവികള്‍ തമ്മിലുളള പരസ്പര ബന്ധം കണ്ടെത്തുക, ആഹാരബന്ധങ്ങളുടെ ഫ്ലോ ചാര്‍ട്ട് തയ്യാറാക്കുക

ശേഷികള്‍ രക്ഷിതാക്കള്‍ക്കു മനസിലാകും വിധം അധ്യാപിക വ്യാഖ്യാനിക്കണം. ഉദാഹരണം നല്‍കി ബോധ്യപ്പെടുത്തണം. എന്നിട്ട് ഇവ കുട്ടികള്‍ എത്രമാത്രം നന്നായി നേടി എന്നല്ലേ പങ്കിടേണ്ടത്.?ഇതേ ശേഷികളില്‍ എന്തായിരുന്നു മുന്‍നില?( ആദ്യത്തെ സന്ദര്‍ഭമാണ് ഈ മാസമെങ്കില്‍ ഇനി എപ്പോള്‍ എങ്ങനെ നില ഉയര്‍ത്തും?) ഇത്തരം ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ അധ്യാപിക

 • ഓരോ കുട്ടിയുേയും പ്രവര്‍ത്തനത്തെ വിശകലനം ചെയ്യണം
 • നോട്ട് ബുക്കിലൂടെ കടന്നു പോകണം.
 • പോര്‍ട്ട് ഫോളിയോ കൃത്യമാക്കണം.
 • പ്രതികരണപ്പേജിലെ കുറിപ്പ് അര്‍ഥപൂര്‍ണമാക്കണം.
 • ആവശ്യമായ പിന്തുണ നല്‍കി കുട്ടിയെ മുന്നേറാന്‍ സഹായിക്കണം.
 • ക്ലാസ് പി ടി എയില്‍ ബോധ്യപ്പെടുത്താനുളള രീതിയും ആലോചിക്കണം

അപ്പോള്‍ മാത്രമാണ് വിദ്യാഭ്യാസ അവകാശനിയമം ആഗ്രഹിക്കുന്ന ഗുണനിലവാരമുളള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സഹായകമായ ക്ലാസ് പി ടി എ ആയി അതു മാറൂ.

പൊതു വിദ്യാലയങ്ങളില്‍ മക്കളെ വിട്ട രക്ഷിതാക്കള്‍ക്ക് ആത്മവിശ്വാസം വരൂ.

അവകാശനിയമത്തിന്റെ അന്തസത്ത എസ്‍ ആര്‍ ജിയില്‍ ചര്‍ച്ച ചെയ്ത് ക്ലാസ് പി ടി എ നടത്തണം.

പഠനശേഷി പങ്കിടല്‍ രീതി

മൂന്നാമതായി ക്ലാസ് പി ടി എയില്‍ നടക്കേണ്ടത് കുട്ടികളുടെ പഠനശേഷി പങ്കിടലാണ്

അമ്പലക്കര സ്കൂളിലെ ഒരു പി ടി എ മീറ്റിംഗില്‍ ഞാന്‍ പങ്കെടുത്തപ്പോള്‍ അനുഭവിച്ചത് നോക്കൂ.

ജനകീയം ഈ പി ടി എ മീറ്റിംഗ്.


ഇന്നത്തെ (07/10/13) അജണ്ട മൂല്യനിര്‍ണയം ആയിരുന്നു .ഞാന്‍ പ്രതീക്ഷിച്ചത് ഓണപ്പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നല്‍കി പ്രോഗ്രസ് കാര്‍ഡും ഗ്രേഡുകളുടെ കണക്കും ഒക്കെയായിരിക്കും നടക്കുക എന്നാണ്. അതല്ല സംഭവിച്ചത്.നാല്പതോളം രക്ഷിതാക്കള്‍ വന്നിട്ടുണ്ട്. രണ്ടുമണിക്കാണ് യോഗം.

ഞാന്‍ ആ യോഗത്തെ ശ്രദ്ധയോടെ നിരീക്ഷിച്ചു.

പ്രഥമാധ്യാപകന്‍ ഓരോ രക്ഷിതാവിനെയും പേരെടുത്തു വിളിക്കും.

അപ്പോള്‍ അവര്‍ സ്വന്തം കുട്ടിയുടെ കഴിവുകളും പരിമിതികളും പറയണം.അധ്യാപിക അപ്പോള്‍ വിശദീകരണം നല്‍കണം. പ്രശ്നത്തിന്റെ ആഴവും പരിഹാരവും ലക്ഷ്യം പൂര്‍ത്തീകരിക്കുന്ന കാലവും വ്യക്തമാക്കും

രക്ഷിതാവ്-ഗണിതത്തില്‍ കുട്ടിക്ക് പ്രയാസമുണ്ട്.

പ്രഥമാധ്യാപകന്‍-എന്താണ് പ്രശ്നം?

പട്ടികയറിയില്ല.

ഏതു സംഖ്യയുടെ ?

എട്ടില്‍ കൂടുതലുളള സംഖ്യകള്‍.

അധ്യാപിക "അയ്യോ അവനെല്ലാം അറിയാം. ഇന്നും ചെയ്തല്ലോ. എന്നാല്‍ മലയാളത്തില്‍ വേഗതിയില്‍ വായിക്കില്ല.”

അതു അടുത്ത യോഗത്തിനു മുമ്പായി പരിഹരിക്കും എന്ന് എച് എം.

അധ്യാപിക കുട്ടിയെക്കുറിച്ചുളള രക്ഷിതാവിന്റെ പ്രതികരണം കുറിച്ചെടുക്കുന്നു.

"എന്റെ കുട്ടിക്ക് നാലാം ക്ലാസില്‍ ഇതുവരെയായിട്ടും മലയാളം അറിയില്ല. “

അധ്യാപിക "ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നും കഴിഞ്ഞ മാസം വന്ന കുട്ടിയാണ് .മലയാളം പഠിച്ചുവരുന്നേയുളളു..രണ്ടുമാസംകൂടി വേണ്ടിവരും.”

പരസ്യ വിലയിരുത്തല്‍ രക്ഷിതാവിനെന്തും പറയാം. സംതൃപ്തിയില്ലെങ്കില്‍ അക്കാര്യം തുറന്നു പറയാം.

"പ്രോജക്ട് ചെയ്യാന്‍ രാത്രിയിലും ശല്യപ്പെടുത്തുന്നു. എഴുതും ...വായിക്കുന്നില്ല.” ഒരാള്‍ ഇങ്ങനെ പരാതിപ്പെട്ടു.

"വലിയ കുഴപ്പമില്ലാത്ത രീതിയില്‍ മുന്നോട്ടു പോകുന്നു.” വേറൊരാള്‍ തൃപ്തി അറിയിച്ചു.

"വ്യത്യസ്തമായ വഴിയില്‍ ശീലിപ്പിക്കുന്നതിനാല്‍ ഗണിതത്തില്‍ മുന്നിലാണ്. ഡയറ്റില്‍ നിന്നും വന്ന സാര്‍ പറഞ്ഞ രീതിയാണ് ഞാന്‍ ഉപയോഗിക്കുന്നത്. മനസില്‌ ചെയ്യുന്ന രീതി.കുട്ടിയെ സഹായിക്കുന്ന രീതിയാണ്" ഒരു രക്ഷിതാവ് .

പ്രഥമാധ്യാപകന്‍ ഒരു കുട്ടിയെ വിളിച്ചു ലോഹ്യം ചോദിച്ചു. ഒരു മാസം കൊണ്ട് മുന്നിലെത്താം മോനേ. എല്ലാ ദിവസവും വരണം. എന്തുണ്ടെങ്കിലും എന്നോടു പറയണേ‍‍

രക്ഷിതാക്കളുടെ ഫീഡ് ബാക്ക് ശേഖരിക്കല്‍.കുട്ടികള്‍ക്കെന്തെല്ലാം കഴിയും രക്ഷിതാക്കളുടെ പ്രതികരണം. വിഷയാടിസ്ഥാനത്തില്‍. അധ്യാപകര്‍ അതു രേഖപ്പെടുത്തുന്നു.ക്ലാസ് പി ടി എ അനുഭവമാതൃകകള്‍

ജനുവരി പതിമൂന്നിനു ഉച്ചയ്ക്ക് ശേഷമായിരുന്നു ക്ലാസ് പി ടി എ .

കുട്ടികള്‍ നടത്തുന്ന ക്ലാസ് പി ടി എ ഞാന്‍ ആദ്യമായി കാണുകയാണ്.

സ്വാഗതം പറഞ്ഞത് അരുണ്‍ . നല്ല രീതിയില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും  സ്വാഗതം പറഞ്ഞു.

തുടര്‍ന്ന് ഓരോ വിഷയത്തെ കുറിച്ചും കുട്ടികള്‍ അവതരണം നടത്തി

 • മലയാളം- മരിയ ക്ലാസില്‍ മഴക്കുറിപ്പ് തയ്യാറാക്കിയത് രക്ഷിതാക്കളെ പരിചയപ്പെടുത്തി.

 • ഇംഗ്ലീഷ് -എന്തൊക്കെ ഇതിനോടകം തയ്യാറാക്കി എന്ന് ഹന്ന പറഞ്ഞു.

 • ഗണിതം.എന്തെല്ലാമാണ് പഠിച്ചത് അത് കൊണ്ടുള്ള പ്രയോജനം എന്തൊക്കെ എന്ന് അരുണ്‍ വിവരിച്ചു,

 • പരിസര പഠനം-നന്ദന

ഇങ്ങനെ ക്ലാസില്‍ പഠിച്ച കാര്യങ്ങള്‍ കുട്ടികള്‍ പങ്കിട്ടു. ആരും പറഞ്ഞു കൊടുക്കാതെ അവര്‍ ഇങ്ങനെ അവതരിപ്പിക്കുമ്പോള്‍ ഈ തലമുറ വളരെ നല്ല നിലവാരത്തിലാനെന്നു എനിക്ക് തോന്നി.

അതിനു ശേഷം ടീച്ചര്‍

 • പോര്‍ട്ട്‌ ഫോളിയോ,
 • ഗണിതമൂല,
 • പരീക്ഷണ മൂല
 • ക്ലാസ് ലൈബ്രറി പ്രവര്‍ത്തനം ഇവയൊക്കെ പരിചയപ്പെടുത്തി.

 • മൂല്യ നിര്‍ണയ പേപ്പര്‍ അമ്മമാര്‍ക്ക് നല്‍കി.അവരെ കൊണ്ട് വിലയിരുത്തിച്ചു .
 • പിന്നീട് അമ്മമാര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞു.
  (ഇടുക്കി ഇഞ്ചിയാനി സ്കൂളിലെ അനുഭവം)

ശ്രീ ഒയോളം നാരായണന്‍ മാഷ് പ്രഥമാധ്യാപകനായിരുന്നപ്പോള്‍ ബേക്കല്‍ ഫിഷറീസ് എല്‍ പി സ്കൂളില്‍ ക്ലാസ് പി ടി എ പുതിയ രീതിയിലാണ് നടത്തിയത്.ക്ലാസ് പി ടി എ കൂടുന്ന അന്ന് സവിശേഷ ബാലസഭ ഉണ്ട്. കഴിഞ്ഞമാസം നേടിയ കഴിവുകള്‍ കുട്ടികള്‍ ഈ പ്രത്യേക ബാലസഭയില്‍ അവതരിപ്പിക്കും .മാതാ പിതാക്കള്‍ കുട്ടികളുടെ കഴിവിന്റെ പ്രകടനം വിലയിരുത്തും. അധ്യാപകര്‍ അതിനു വിശദീകരണവും നല്‍കും. പിന്നെ മറ്റു അജണ്ടകള്‍ ചര്‍ച്ച ചെയ്യും.

ഏറണാകുളത്ത് ഏതാനം സ്കൂളുകള്‍ കുട്ടികള്‍ നയിക്കുന്ന ക്ലാസ് പി ടി എ നടത്തി വരുന്നു. അതിന്റെ പ്രക്രിയ ഇങ്ങനെ.

 • എസ് ആര്‍ ജി കൂടി ചര്‍ച്ച
 • കുട്ടികളുമായി ആലോചന.
 • അവതരിപ്പിക്കേണ്ട ഇനങ്ങള്‍ തീരുമാനിക്കുന്നു.(പഠിച്ചതിന്റെ തെളിവുകളായി പ്രദര്‍ശിപ്പിക്കേണ്ട ഉല്‍പ്പന്നങ്ങള്‍, കുട്ടികള്‍ അവതരിപ്പിക്കേണ്ട പരിപാടികള്‍ -അത് പരീക്ഷണമാകാം, നാടകമാകാം,സംഭാഷണം ആകാം , കാവ്യ ദൃശ്യങ്ങള്‍ ആകാം, വിവരണമാകാം...)
 • ക്ഷണക്കത്ത് കുട്ടികള്‍ തയ്യാറാക്കും.
 • രജിസ്ട്രേഷന്‍ കുട്ടികള്‍
 • അധ്യക്ഷത ,സ്വാഗതം , കുട്ടികള്‍,
 • കുട്ടികളുടെ അവതരണം കഴിഞ്ഞാല്‍ ട്രൈ ഔട്ട് ക്ലാസ്
 • പിന്നെ ചര്‍ച്ച.
 • പിന്തുണാ മേഖലകളും തുടര്‍ പ്രവര്‍ത്തനങ്ങളും ആലോചിക്കല്‍.

ഇതാണ് അവര്‍ സ്വീകരിക്കുന്ന രീതി.മറ്റു സാധ്യതകളും ഉണ്ട്

ചിലത് കഴിഞ്ഞ ലക്കങ്ങളില്‍ പങ്കിട്ടിരുന്നു

വിദ്യാഭ്യാസ അവകാശ നിയമത്തില്‍ സഞ്ചിതാഖ്യാനരേഖ തയ്യാറാക്കണമെന്നു നിര്‍ദ്ദേശമുണ്ട്

പക്ഷേ! അവകാശ നിയമത്തിലെ അക്കാദമിക ഊന്നലുകള്‍ പലരും അവഗണിക്കുന്നു

എന്നാല്‍ അക്കാദമിക സത്യസന്ധതയുളള അധ്യാപകര്‍ ആരെയും ബോധ്യപ്പെടുത്താനല്ലെങ്കിലും കടമകള്‍ കൂടുതല്‍ ഭംഗിയായി നിറവേറ്റും
അവരാണ് നന്നായി ക്ലാസ് പി ടി എ നടത്തുന്നവര്‍.

No comments: