ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, March 19, 2015

മനോരമേ, ഇതാണോ നല്ല പാഠം?

2015    ജനുവരി പതിനാറാം തീയതി മലയാള മനോരമ പ്രഥം എന്ന സംഘടനയുടെ പഠനറിപ്പോര്‍ട്ടിനോടൊപ്പം ബി എസ് വാര്യരുടെ ഒരു കുറിപ്പു കൂടി ചേര്‍ത്തുവെച്ച്  പ്രസിദ്ധീകരിച്ചപ്പോള്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളെല്ലാം മോശമായി. പി എസ് സി മുഖാന്തിരം നിയമിതരായ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ അര്‍പ്പണബോധമില്ലാത്തവരുമായി !മനോരമ എന്തിനാണ് ഒരു വശത്തുകൂടി നല്ലപാഠവുമായി പൊതുവിദ്യാലയങ്ങളെ സമുദ്ധരിക്കുവാന്‍ ശ്രമിക്കുകയും അതേസമയം തന്നെ ഇത്തരം വേലത്തരങ്ങളിലൂടെ അപമാനിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നത്? അസര്‍ (Annual Status on Education Reoport -ASER) റിപ്പോര്‍ട്ടിലെ വസ്തുകളെ തങ്ങള്‍ക്കിഷ്ടമുളളവിധം വ്യാഖ്യാനിക്കുകയാണ് മനോരമ ചെയ്തത്. 2010 ല്‍ നിന്നും വ്യത്യസ്തമായ പ്രവണത വിദ്യാഭ്യാസ നിലവാരത്തില്‍ 2014 ല്‍ കാണിക്കുന്നുവെങ്കില്‍ അതിന്റെ സാമൂഹിക രാഷ്ടീയ അന്തരീക്ഷം കൂടി പരിശോധിക്കണം. പ്രവര്‍ത്തനാധിഷ്ഠിത പാഠ്യപദ്ധതിയില്‍ വെളളം ചേര്‍ത്തതിനു ശേഷമുളള ഗുണനിലവാര ശോഷണം  ഈ റിപ്പോര്‍ട്ടില്‍ നിന്നും വായിച്ചെടുക്കാം. സ്വകാര്യ അണ്‍ എയിഡഡ് വിദ്യാലയങ്ങള്‍ക്ക് സ്തുതി പാടിയവരും ഉത്തരം പറയണം. കാരണം ആ വിദ്യാലയങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് പഠനം. അത്തരത്തില്‍ വിശകലനം ചെയ്യാനുളള വിവരങ്ങള്‍ പ്രഥം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുണ്ട്. മനോരമയുടെ കണ്ണില്‍ അതു പെടില്ല. പൊതുവിദ്യാഭ്യാസത്തെ അവഹേളിക്കാനുളള ആസൂത്രിത ശ്രമത്തെ പ്രതിരോധിക്കാന്‍ പ്രഥം റിപ്പോര്‍ട്ടിലെ വസ്തുതകളും വിവരങ്ങളും പരിശോധിച്ചുളള   വിശകലനം അനിവാര്യമാണ്.

ആടിനെ പട്ടിയാക്കല്‍
    ഏതൊരു പഠനത്തിലെയും കണ്ടെത്തലുകളെ പരിശോധിക്കേണ്ടത് അതിനാസ്പദമാക്കി. സാമ്പിളിനെ അടിസ്ഥാനമാക്കിയാണ്. പ്രഥം  സ്കൂള്‍ കേന്ദ്രീകരിച്ചല്ല പഠനസാമ്പിള്‍ തെരഞ്ഞെടുത്തത് . വീടുകളെ ആണ് സാമ്പിളായി പരിഗണിച്ചത്. ആ വീടുകളിലുളള കുട്ടികള്‍ ഏതു തരം വിദ്യാലയത്തില്‍ പഠിക്കുന്നവരായാലും അവരുടെ കഴിവാണ് അളന്നത്. അതയാത് സര്‍ക്കാര്‍ , സ്വകാര്യ, അണ്‍ എയിഡഡ് വിദ്യാലയങ്ങളുടെ നിലവാരമാണ് ഈ റിപ്പോര്‍ട്ടില്‍  പ്രതിഫലിക്കുന്നത് (“Children are tested at home rather than in school, allowing all children to be tested rather than just those in school. This also ensures that children in different types of schools – government, private or religious – are captured in the survey”-. അസര്‍ റിപ്പോര്‍ട്ട് ),സ്ഥിതി ഇതായിരിക്കേ ബി എസ് വാര്യരെന്തിനാണ് സര്‍ക്കാര്‍ സ്കൂളിനെ മാത്രം ആക്രമിച്ചത്? മനോരമ അത്തരമൊരു അവസരം സൃഷ്ടിച്ചത്? സാമ്പിളിനെ പ്പറ്റി സൂചിപ്പിക്കാതെ ഇങ്ങനെ അവതരിപ്പിച്ച് തെറ്റിദ്ധാരണ പരത്തുന്നതാണോ നല്ല പാഠം?
നന്മ കാണുന്നതാണ് നല്ല പാഠം.
    പഠനനിലവാരത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആറേഴ് സംസ്ഥാനങ്ങളിലാണ് കേരളത്തിന്റെ സ്ഥാനം . പട്ടിക നോക്കുക. മിസോറാം, പഞ്ചാബ്, സിക്കീം, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് മറ്റുളളവ. ഇത് കേരളീയര്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. മൂന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളിലെ ഗണിത ഭാഷാ ശേഷികളില്‍ യഥാക്രമം77.8 ശതമാനവും 60.6ശതമാനവുമാണ് കേരളത്തിന്റെ നില. ഭാഷയില്‍ കേരളത്തിന് നാലാം സ്ഥാനവും ഗണിതത്തില്‍ ആറാം സ്ഥാനവും. ആറുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികളുടെ കാര്യത്തില്‍ ഭാഷയില്‍ ഒന്നാം സ്ഥാനവും ഗണിതത്തില്‍ ഏഴാം സ്ഥാനവും. പക്ഷേ ഈ നേട്ടം കാണാതെ മനോരമ പറയുന്നു കേരളം മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന്. ഈ നില പോര എന്നു പറയാം. പക്ഷേ ഇത്രത്തോളം ഇകഴ്ത്തരുതായിരുന്നു. അയാളുടെ മുഖം കറുത്തിരിക്കുന്നു  എന്നൊരാള്‍ പറഞ്ഞാല്‍ നാം കരുതുന്നതെന്താണ് ? മുഖത്തുളള ചെറിയമറുകിനെ ആണുദ്ദേശിച്ചതെന്ന് കരുതുമോ? മറുകുണ്ടെന്നതു സത്യം തന്നെ. അതിനു കറുപ്പാണെന്നതും. മുഖത്തു കറുപ്പുണ്ടെന്നതും. പക്ഷേ പറച്ചില്‍ രീതി തെറ്റിദ്ധാരണയുളവാക്കും. തൊണ്ണൂറു ശതമാനം കുട്ടികള്‍ക്കും അറിയാം എന്നു പറയുന്നതിനു പകരം പത്തുശതമാനം വായിക്കില്ലെന്നു പറഞ്ഞാല്‍ ഗണിതപരമായി ശരിയാണ്. പക്ഷേ ഭൂരിപക്ഷപ്രവണതെയ മറച്ചുപിടിച്ചെഴുതുന്നത് നല്ല വിശകലനരീതി ആകില്ലെന്നു  മനോരമ മനസിലാക്കണം. പത്തോ ഇരുപതോ ശതമാനം കുട്ടികള്‍ക്ക് മലയാളം എഴുതാനറിയാതെ വന്നതു കുട്ടികള്‍ കൂട്ടത്തോടെ ഇംഗ്ലീഷ് മീഡിയത്തിലേക്കു പോയതിനാലോണോ എന്നു മനോരമയ്ക് ചിന്തിക്കാമായിരുന്നു. ഏതു ജില്ലകളിലെ കുട്ടികളാണ് പിന്നാക്കമായതെന്നു നോക്കാമായിരുന്നു. അതിന്റെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം പരിശോധിക്കാമായിരുന്നു. അത്തരം കാരണങ്ങള്‍ പരിശോധിക്കാതെ മുന്‍വിധിയോടെ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകരെ ഒന്നിനും കൊളളാത്തവരാക്കി അടച്ചാക്ഷേപിക്കാന്‍ ഈ ദത്തങ്ങള്‍ ഉപയോഗിച്ചു കൂടായിരുന്നു.സ്കൂള്‍ വിദ്യാഭ്യാസം പിളളേരുകളിയാകരുതെന്ന് തലക്കെട്ടില്‍ ദൃഷ്ടിദോഷം പകര്‍ത്തരുതായിരുന്നു.
കേരളത്തിലെ ഏതു ജില്ലകളാണ് പിന്നില്‍?

  കേരളത്തിലെ വിവിധ ജില്ലകളില്‍ ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠിക്കുന്നവരില്‍ മലയാളം വാക്കുകളും അക്ഷരങ്ങളും വായിക്കാന്‍ കഴിയാവുന്നവരുടെ വിവരമാണ് ചുവടെയുളള പട്ടികയില്‍ മൂന്നാം കോളത്തിലുളളത്. ഏതെക്കെ ജില്ലകളാണ് പിന്നില്‍? കാസര്‍ ഗോഡ്, മലപ്പുറം, പാലക്കാട് , പത്തനംതിട്ട.  ഈ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യവിദ്യാലയങ്ങളുളള പത്തനംതിട്ട എന്തുകൊണ്ട് പിന്നിലായി?
സംഖ്യകള്‍ തിരിച്ചറിയുന്നതിനുളള കഴിവിലും പിന്നില്‍ മലപ്പുറവും വയനാടുമുണ്ടല്ലോ.
മൂന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ പഠിക്കുന്നവരില്‍ (വ്യവകലനക്രിയയുടെ കാര്യത്തില്‍ ) പിന്നാക്കം നില്‍ക്കുന്ന ജില്ലകളില്‍ പാലക്കാട് , മലപ്പുറം, വയനാട് കാസര്‍ഗോഡ് വരുന്നു.
(ഇതേ ക്ലാസുകാരിലെ ഭാഷാപരമായ ശേഷി ഉയര്‍ന്നതുമാണ്. എഴുപതു ശതമാനത്തില്‍ താഴെ പോയത് കൊല്ലവും ഇടുക്കിയും.) പിന്നാക്കം നില്‍‍ക്കുന്നുവെന്നു നാം കരുതുന്ന ജില്ലകളിലെ നിലവാരം ഇപ്പോഴും പിന്നാക്കം തന്നെ. ജില്ലകളുടെ സാമൂഹിക സാമ്പത്തിക സ്ഥിതിയും നിലവാരവും തമ്മിലുളള ബന്ധം ഇതു പ്രകടമാക്കുന്നു. സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയങ്ങളുടെ നിലവാരമാക്കി  ഇതെങ്ങനെ  വ്യാഖ്യാനിക്കും? പ്രയാസമുണ്ട്.ഏറ്റവു കൂടുതല്‍ സ്വകാര്യവിദ്യാലയങ്ങളുളള പത്തനംതിട്ട ജില്ല അത്ര മുന്നിലല്ല. ഏറ്റവും കുറവ് സ്വകാര്യവിദ്യാലയങ്ങളുളള ജില്ലകളില്‍ പെട്ട കൊല്ലം അത്ര പിറകിലുമല്ല. പ്രഥം തന്നെ സര്‍ക്കാര്‍, എയിഡഡ് അണ്‍ എയിഡഡ് എന്നിങ്ങനെ  സ്കൂളുകളെ തരം തിരിച്ച് കണക്കു തരണം. അല്ലാതെ മനോരമ നടത്തുന്ന രീതി ശാസ്ത്രീയ വ്യാഖ്യാനമല്ല. ഒരു കാര്യം ഉറപ്പിച്ചുപറയാം ,പിന്നാക്ക ജില്ലകളില്‍ നടത്തുന്ന  ഇടപെടലുകള്‍ വേണ്ടത്ര ഏശുന്നില്ല. എസ് എസ് എ പോലുളള സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മ, ക്ലസറ്റര്‍ പരിശീലനങ്ങള്‍ വഴിപാടുകളായത്, ചില ഭരണപക്ഷ അധ്യാപകസംഘടനകളുടെ താല്പര്യങ്ങല്‍ സംരക്ഷിക്കുന്നതിനായി ബി ആര്‍ സികളെ നോക്കുകുത്തികളാക്കിയത് , സാധ്യായ ദിനങ്ങളുടെ എണ്ണം കുറച്ച് പരീക്ഷകള്‍ കൂട്ടിയത്, നിരന്തരവിലയിരുത്തലും പോര്‍ട്ട്ഫോളിയോയുമെല്ലാം ദുര്‍ബലമായത്, ഭാഷാപഠനസമീപനം പഴയരീതിയിലേക്ക് പോയത്, പഠനവീടുകള്‍ ഇല്ലാതായത് ..അതെ കഴിഞ്ഞ മൂന്നു നാലു വര്‍ഷങ്ങളായി നടത്തിയ അക്കാദമിക പ്രവര്‍ത്തനദൗര്‍ബല്യമാണോ ഇത്തരം അവസ്ഥയ്ക്ക് കാരണമെന്നു പരിശോധിക്കപ്പെടണം
സ്വകാര്യവിദ്യാലയങ്ങള്‍ കൂടുമ്പോള്‍ നിലവാരം കൂടുന്നില്ല
സ്വകാര്യ വിദ്യാലയങ്ങളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം വര്‍ഷം തോറും കൂടി വരുന്നു എന്നാണ് അസറിന്റെ റിപ്പോര്‍ട്ടില്‍ കാണുന്നത്. (ഗ്രാഫ് നോക്കുക) നമ്മള്‍ക്കറിയാം അണ്‍ എയിഡഡ് മേഖലയിലാണ്
സ്കൂളുകള്‍ കൂടുന്നതെന്ന്. എന്നിട്ടും കേരളത്തിന്റെ പൊതു നിലവാരത്തില്‍ അതു പ്രതിഫലിക്കുന്നില്ലെങ്കില്‍ അത്തരം വിദ്യാലയങ്ങള്‍ കാര്യമായ സംഭാവന ചെയ്യുന്നില്ലെന്നു കരുതുന്നതില്‍ തെറ്റില്ല. ഈ കാലയളവില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ആരുടെ പക്ഷത്തായിരുന്നു.? പൊതുവിദ്യാലയങ്ങളെ ദുര്‍ബലപ്പെടുത്താന്‍ സഹായകമായ രീതിയില്‍ അണ്‍ എയിഡഡ് മേഖലയെ വളര്‍ത്തി എന്നല്ലേ ഈ ഗ്രാഫ് സൂചിപ്പിക്കുന്നത്?
ട്യൂഷന്‍ എവിടെയാണ് കൂടുതല്‍?
നാലാം ക്ലാസുവരെയുളള സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികളില്‍ 9.1% പേര്‍ ട്യുഷനെ ആശ്രയിക്കുന്നു. സ്വകാര്യവിദ്യാലയങ്ങളിലുളളവരിലാകട്ടെ 16.1 %  പേരും.
ആറുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്നവരില്‍ സര്‍ക്കാര്‍ സ്കൂളുകളിലുളളവരേക്കാള്‍ 8.9ശതമാനം കുട്ടികളാണ് സ്വകാര്യവിദ്യാലയങ്ങളില്‍ നിന്നും  ട്യൂഷനുപോകുന്നത്.എന്തേ സ്വാകാര്യ വിദ്യാലയങ്ങള്‍ക്ക് നിലവാരം കൂടുതലാണെങ്കില്‍ കൂടുതല്‍ പേര്‍ ട്യൂഷനു പോകേണ്ടിവരുന്നു?
പ്രതിവര്‍ഷം നിലവാരം താഴേക്ക്

2010 മുതല്‍ വിവിധ ക്ലാസുകളില്‍ ഭാഷയിലും ഗണിതത്തിലുമുളള നിലവാരമാണ് ചുവടെയുളള പട്ടികകളില്‍. നിലവാരം ഉയരുന്നില്ല എന്നു മാത്രമല്ല വീഴ്ചയുടെ ആഴം വലുതുമാണ്. വിദ്യാഭ്യാസരംഗത്തിന്റെ മങ്ങിയ മുഖമാണ് ഇതു പ്രതിഫലിപ്പിക്കുന്നത് എന്നതില്‍ സംശയമില്ല. എതു കേരളീയനേയും നിരാശപ്പെടുത്തും. പക്ഷേ തകര്‍ച്ചയ്ക്കുളള കാരണം പരിശോധിക്കുമ്പോള്‍ പരിഗണിക്കേണ്ട ചിലതുണ്ട്.
  • രണ്ടായിരത്തിപ്പത്തില്‍ നിന്നും രണ്ടായിരത്തി പതിനാലിലേക്കുളള ദൂരം എന്താണ്?( സാമൂഹികം, രാഷ്ട്രീയം)
  •  പാഠ്യപദ്ധതി സമീപനത്തില്‍ വെളളം ചേര്‍ത്തെന്ന ആക്ഷേേപത്തെ ചെറുക്കാനായി അതു നിലവാരം ഉയര്‍ത്തനാണെന്നു പറഞ്ഞവര്‍ ഇപ്പോള്‍ എന്തു പറയുന്നു? 
  • എവിടെപ്പോയി അസീസ് കമ്മറ്റി? 
  • എവിടെ വിമര്‍ശനാത്മകബോധനത്തെ എതിര്‍ത്ത അധ്യാപകസംഘടനകള്‍? 
നാലു വര്‍ഷം കൊണ്ട് കേരളത്തിനുണ്ടായത് പുരോഗതിയല്ല എന്നല്ലേ അസര്‍ റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍? കേരളവിദ്യാഭ്യാസത്തില്‍ ഗുണകരമായമാറ്റം വരുത്തിയ പാഠ്യപദ്ധതിയെ തകര്‍ക്കാന്‍ കൂട്ടുനിന്നവരാരെല്ലാമാണെന്ന് നമ്മുക്കറിയാം. ആധികാരിക പഠനറിപ്പോര്‍ട്ടുകള്‍ സത്യം വിളിച്ചുപറഞ്ഞേക്കാം എന്ന ഭീതി മൂലമാണ് ഒരു മുഴം മുമ്പേ എന്ന രീതിയില്‍ സര്‍ക്കാര്‍ സ്കൂളിനും അവിടുത്തെ അധ്യാപകര്‍ക്കുമെതിരേ ചെളിവാരിയെറിയാന്‍ മുത്തശ്ശിപ്പത്രം ഇറങ്ങിപ്പുറപ്പെട്ടത്. അണ്‍ എയിഡഡ്
വിദ്യാലയങ്ങള്‍ക്കും ഇക്കാലയളവില്‍ നിലവാരം താഴേക്ക് കൊണ്ടുപോകാനേ കഴിഞ്ഞുളളൂ.ഇക്കാര്യവും അവര്‍ക്ക് മറച്ചുവെക്കേണ്ടതുണ്ട്. ഏതൊരു പഠനത്തെയും അതിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തില്‍ നോക്കിക്കാണണം. സാമൂഹികജ്ഞാനനിര്‍മിതി വാദം വേണ്ട എന്നു പറഞ്ഞവര്‍ ഇപ്പോഴെന്തു പറയുന്നു എന്ന ചോദ്യം വളരെ ഉച്ചത്തില്‍ ചോദിക്കാന്‍ ഈ പഠനം കേരളത്തെ പ്രേരിപ്പിക്കുന്നു.
മനോരമയുടെവാര്‍ത്ത കൂടി വായിക്കൂ.


No comments: