ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, October 8, 2015

പരീക്ഷയും അക്കാദമികാവലോകനവും


ഓരോ പരീക്ഷയും വിദ്യാലയത്തിന്റെ അക്കാദമിക പഠനമാണ്. പരീക്ഷയിലൂടെ ലഭിക്കുന്ന ദത്തങ്ങളെ പലവിധത്തില്‍ വിശകലനം ചെയ്യണം. കേവലം എത്ര കുട്ടികള്‍ ഏതെല്ലാം ഗ്രേഡില്‍ നില്‍ക്കുന്നുവെന്നു മാത്രം കണ്ടെത്തിയാല്‍ വിശകലനമാകില്ല. ഓരോ ചോദ്യത്തിന്റെയും ഉന്നം എന്തായിരുന്നു? അതിനോട് കുട്ടികള്‍ പ്രതികരിച്ചതെങ്ങനെ? എന്തെല്ലാം നേട്ടങ്ങള്‍? പ്രശ്നങ്ങള്‍? പൊതുപ്രവണതകള്‍? വേറിട്ട പ്രശ്നങ്ങള്‍ ഇവയെല്ലാം കണ്ടെത്തി നിര്‍ദ്ദേശങ്ങളും പ്രവര്‍ത്തനപരിപാടികളും തയ്യാറാക്കണം. ഇതെങ്ങനെ നടത്താം? വിശകലനരീതി എപ്രകാരമാകണം? ഇത്തരമൊരു അന്വേഷണമാണ് ഞാന്‍ ഒരു വിദ്യാലയത്തില്‍ ചെയ്തത്.
പ്രക്രിയ
  • നാലാം ക്ലാസിലെ മുഴുവന്‍ കുട്ടികളുടെയും മലയാളത്തിന്റെ ഉത്തരക്കടലാസ് ശേഖരിച്ചു
  • ഓരോ കുട്ടിയുടെയും ഓരോ ഉത്തരവും വായിക്കുകയും ശ്രദ്ധേയമായ കാര്യങ്ങള്‍ കുറിക്കുകയും ചെയ്തു
  • പൊതു പ്രവണതകള്‍ കണ്ടെത്തി. ഓരോ കുട്ടിയുടേയും സഹായമേഖലകളും കണ്ടെത്തി
  • അധ്യാപികയില്‍ നിന്നും ഉത്തരക്കടലാസ് വിശകലനം ചെയ്തതിന്റെ തിരിച്ചറിവുകള്‍ ശേഖരിച്ചു
  • എന്റെ കണ്ടെത്തലുകള്‍ പങ്കിട്ടു
  • ചില പ്രവര്‍ത്തനപരിപാടികള്‍ തയ്യാറാക്കി
  • എസ് ആര്‍ ജി കൂടി
  • എല്ലാവരുമായി കണ്ടെത്തലുകള്‍ പങ്കിട്ടു
  • സമാനമായ പ്രശ്നങ്ങള്‍ ഓരോ അധ്യാപികമാരും അവതരിപ്പിച്ചു
  • നവം ഒന്നാം തീയതി വരെ എല്ലാ ക്ലാസുകളിലും ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിച്ചു.
  • നവം ഒന്നിന് ഭാഷാനിലവാരം കണ്ടെത്തുന്നതിനുളള പ്രവര്‍ത്തനം നടത്തും
വിശകലനവിശദാംശങ്ങള്‍
ക്ലാസ് നാല് മലയാളം പരീക്ഷയുടെ ഉത്തരക്കടലാസാണ് വിശകലനം നടത്തിയത്. പരീക്ഷയ്ക്
അനുഭവക്കുറിപ്പ്, ആസ്വാദനക്കുറിപ്പ്, കഥ, സംഭാഷണം എന്നിവയായിരുന്നു എഴുതാനുണ്ടായിരുന്നത്
പഴഞ്ചൊല്ല്, പിരിച്ചെഴുത്ത്, പകരം പദം കണ്ടെത്തല്‍ എന്നിവയും ഉണ്ടായിരുന്നു. പ്രധാന വ്യവഹാരരൂപങ്ങളെ ആസ്പദമാക്കിയാണ് വിശകലനം നടത്തിയത്
അതിപ്രകാരം ( ഒരു കുട്ടിയുടെ ഉത്തരക്കടലാസിന്റെ വിശകലനമാണ് ചുവടെ )
വിദ്യാര്‍ഥിയുടെ പേര്ഃ ആനന്ദ്കൃഷ്ണന്‍
അനുഭവക്കുറിപ്പ്
3/4
ഭാഷാപരമായ പ്രശ്നങ്ങള്‍
1.അനുഭവക്കുറിപ്പില്‍ ഭാവികാലവും (ഊഞ്ഞാലിടും പായസം വെക്കും,പുലികളിയും വരും)ഉള്‍പ്പെടുത്തി.
2.വിവരണവും അനുഭവക്കുറിപ്പും തമ്മിലുളള വ്യത്യാസം അറിയില്ല.
നാട്ടുസംഭാഷണ രീതിയില്‍ എഴുതുന്നു.
3. ബന്ദുക്കള്‍,പ്രാവിസം,ഉണുണ്ടക്കും,ഉഞാലിടും,വീട്ടല്‍ ( ട്ടി) എന്നിങ്ങനെ എഴുതിയിരിക്കുന്നു
4.ചിഹ്നനം പാലിക്കുന്നില്ല.
5. ചോദ്യം വായിച്ചു ശരിക്കും മനസിലാക്കാനുളള കഴിവ് ഇനിയും കൂട്ടേണ്ടതുണ്ട്.( കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ പറഞ്ഞു. കൊടുത്ത കാര്യങ്ങള്‍ വിട്ടുകളഞ്ഞു.)
കുറിപ്പ് തയ്യാറാക്കാം
(ഒരു പീ‍ഡയെറുമ്പിനും വരുത്തത്)
3/3
1.മികച്ച രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിവുണ്ട്
2. വാക്കുകളുടെ പ്രയോഗത്തിലെ ഔചിത്യം സൂക്ഷ്മമായി കണ്ടെത്തിയ ഏക വിദ്യാര്‍ഥി.
(എല്ലാ ജീവികളും ദൈവത്തി സൃഷ്ടിയാണ്
ഏറ്റവും ചെറിയജീവി ഉറുമ്പിനെ പോലും നമ്മള്‍ ഉപദ്രവിക്കരുത്.)
3. വാക്യ ക്രമീകരണം നന്ന്
ചിഹ്നനം പാലിക്കുന്നില്ല.
സ്വയം വായിച്ച് തിരുത്തുന്ന ശീലമില്ല. (ദൈവത്തി സൃഷ്ടിയാണ്)
വാക്യങ്ങളുടെ ആവര്‍ത്തനം സംഭവിക്കുന്നു.
( നമ്മള്‍ ഒരു ജീവിയെപോലും ഉപദ്രവിക്കരുത്)
4/4
സംഭാഷണം തയ്യാറാക്കാം
കലപ്പയും ട്രാക്ടറും
കഥാപാത്രത്തെ ഉള്‍ക്കൊണ്ടു
സന്ദര്‍ഭത്തിന് അനുയോജ്യം
തുടര്‍ച്ചയുണ്ട്
കലപ്പയുടെ സങ്കടം പ്രതിഫലിപ്പിക്കുന്നു
നിലക്ക് ( നിനക്ക്),പടത്ത് ( പാടത്ത്)
മൊഴുനത് ( മുഴുന്നത്),എല നിലവൊയിയും
ഉപയോക്കത്തില്ല,ധേവത്ത് ( ദേഹത്ത്)
പല അക്ഷരങ്ങളും മാറിപ്പോകുന്നു. നിനക്ക് എന്നതിന് നിലക്ക് എന്നെഴുതിയത് ന അറിയാത്തതുകൊണ്ടല്ല.പടത്ത് എന്നെഴുതിയ കുട്ടി മറ്റിടങ്ങളില്‍ ദീര്‍ഘം ഉപയോഗിക്കുന്നുണ്ട്. ഉപയോക്കത്തില്ല എന്നതില്‍ ഒരക്ഷരം വിട്ടുപോയി (ഗി)
3/4
ആസ്വാദനക്കുറിപ്പ്
കവി പരിചയം
നല്ല ഈണത്തിലും താളത്തിലും പാടാന്‍ കഴിയും
എനിക്ക് ഈ കവിത ഇഷ്ടമാണ്.
പ്രകുര്ർതിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്
പലനിറമുളള കുടകള്‍ പിടിച്ചുപൊകുന്ന കുട്ടികളെകണ്ടപ്പോള്‍ കവി ബാല്യം ഓര്‍ത്തു
ആവര്‍ത്തനം
ആശയം മനസിലാക്കിയിട്ടില്ല
പദങ്ങള്‍, വരികള്‍ വ്യാഖ്യാനിച്ചിട്ടില്ല
കവിത ഉള്‍ക്കൊണ്ടിട്ടില്ല. വീട്ടുപോയവ
(പുതുമണം, (പുതുമഴ, പുത്തനുടപ്പ്, പുതുപുസ്തകം..
കാലം പുതുക്കുന്നു
നീരാമ്പല്‍ പോലാം
മഴവെളളച്ചാലുകള്‍ നീന്തിയെത്തുന്ന പൊടിമീന്‍നിര )
ആസ്വാദനാംശങ്ങളെക്കുറിച്ച് വ്യക്തതയില്ല. ക്ലാസ് അനുഭവങ്ങളുടെ പരിമിതിയാകാം കാരണം


കഥ എഴുത്ത്


കഥയായില്ല. വിവരണമേ ആയിട്ടുളളൂ
കഥയുടെ ക്രാഫ്റ്റ് എന്താണ് എന്നു വ്യക്തമല്ലെന്നു തോന്നുന്നു.

പൊതുവായ നീരീക്ഷണങ്ങള്‍
  1. എല്ലാ കുട്ടികളും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയിട്ടുണ്ട്
  2. എഴുതിയവ വായിച്ചെടുക്കാന്‍ കഴിയും
  3. കുട്ടികളുടെ ഉത്തരങ്ങളിലെ മികവുകള്‍ ക്ലാസില്‍ അംഗീകരിക്കപ്പെടണമായിരുന്നു
  4. കഥ എഴുതുന്നതില്‍ കുട്ടികള്‍ എല്ലാ പ്രയാസം നേരിട്ടു. (അത് ചോദ്യത്തിന്റെ പ്രശ്നമാണോ എന്നു പരിശോധിക്കേണ്ടതുണ്ട്. അതോ കഥാരചനാനുഭവങ്ങളെ ഒരുക്കുന്ന ക്ലാസ് രീതിയുടെ പ്രശ്നമാണോ? അധ്യാപകസഹായിയില്‍ കഥയുടെ പ്രവര്‍ത്തനനിര്‍ദ്ദേശം പരിശോധിക്കണം എങ്കിലേ വ്യക്തത ലഭിക്കൂ)
  5. എല്ലാ കുട്ടികള്‍ക്കും ഏതെങ്കിലും വിധത്തിലുളള ഭാഷാപരമായ പ്രശ്നങ്ങളുണ്ട്. ക്ലാസിലെ പ്രശ്നങ്ങള്‍ താഴെ നല്‍കുന്നു.
    അവ വിശകലനം ചെയ്യാനുളള ചില സൂചനകളും ചോദ്യങ്ങളും
    1. ചോദ്യം വായിച്ചു ശരിക്കും മനസിലാക്കി ഉത്തരമെഴുതാന്‍ കഴിയാത്തവരുണ്ട്.അതിനാല്‍ പൂര്‍ണതയിലെത്താനാകുന്നില്ല.
      • ഓരോ വാക്യവും വ്യത്യസ്തമായ രീതിയിലാണോ കുട്ടികള്‍ ഉള്‍ക്കൊളളുന്നത് എന്നു അന്വേഷിച്ചിട്ടുണ്ടോ ?
      • ആഴത്തിലുളള വായന പരിശീലിപ്പിക്കാനെന്താണ് ചെയ്യുക?
      • വാക്യങ്ങളിലെ സൂചനകളെ ശ്രദ്ധിപ്പിക്കാനുളള പ്രവര്‍ത്തനം എങ്ങനെ ഒരുക്കാം?
    1. ചിഹ്നനം പാലിച്ചെഴുതുന്നതില്‍ ബഹുഭൂരിപക്ഷം കുട്ടികളും ശ്രദ്ധിക്കേണ്ടതുണ്ട്
      • ഏതു ക്ലാസില്‍ മുതല്‍ ആരംഭിക്കണമായിരുന്നു
      • എസ് ആര്‍ ജിയില്‍ ഇതുവരെ എന്തുകൊണ്ട് ചര്‍ച്ച ചെയ്തില്ല
      • ഒന്നാം ക്ലാസ് മുതല്‍ സംഭാഷണമെഴുതിയിട്ടും ഇക്കാര്യം അവഗണിക്കപ്പെട്ടതെന്തുകൊണ്ട്?
      • ഈ പ്രശ്നം ഒരാഴ്ചകൊണ്ട് പരിഹരിക്കപ്പെടാവുന്നതല്ലേ?
    1. വാക്യഭംഗി എങ്ങനെയാണ് വരുത്തേണ്ടതെന്ന ധാരണ കുട്ടികള്‍ക്ക് ലഭിക്കണം
      • വാക്യങ്ങള്‍ ഓരോ രീതിയില്‍ ആരംഭിക്കുന്നത് ക്ലാസില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോ?
      • ആശയത്തില്‍ മാത്രമാണോ ക്ലാസ് ശ്രദ്ധിക്കുന്നത്?
      • എഡിറ്റിംഗ് പ്രക്രിയ ഉപേക്ഷിക്കപ്പെടുകയാണോ?
      • ഇത്തരം കാര്യങ്ങള്‍ എല്ലാ ക്ലാസുകാരും ശ്രദ്ധിക്കേണ്ടതല്ലേ?
      • എന്തു തെളിവാണ് എഡിറ്റിംഗ് സംബന്ധിച്ച് ക്ലാസില്‍ ഉളളത്?
    1. ആശയക്രമീകരണം, ഖണ്ഡികാകരണം എന്നിവ സംബന്ധിച്ച ബോധ്യത്തോടെ രചനയില്‍ ഏര്‍പ്പെടേണ്ടതുണ്ട്.
      • ഏതു ക്ലാസ് മുതല്‍ ഖണ്ഡികാകരണം ആരംഭിക്കണമെന്നാണ് സ്കൂളിലെ ധാരണ?
      • എങ്ങനെയാണ് ആശയങ്ങളെ ക്രമീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതിന് പദസൂര്യന്റെ ( ഗ്രാഫിക് ഓര്‍ഗനാൈസേഴ്സ് ) സാധ്യത പ്രയോജനപ്പെടുത്തിയോ?
      • തുടക്കം ഒടുക്കം എന്നിവ ക്ലാസ് ചര്‍ച്ചയില്‍ വരുത്താനുളള ആസൂത്രണം മാന്വലില്‍ ഉണ്ടോ?
      • ഓരോ കുട്ടിയുടേയും രചനമെച്ചപ്പെടുത്തുക എന്ന താല്പര്യത്തോടെ എങ്ങനെ ഇടപെടാമെന്ന അറിവുണ്ടോ?
    1. അനുഭവക്കുറിപ്പില്‍ അനുഭവതലം എങ്ങനെ ഉള്‍പ്പെടുത്തണം എന്നതിനെക്കുറിച്ച് അവ്യക്തത
      • അനുഭവ വിവരണം, വസ്തുവിവരണം, സംഭവവിവരണം, യാത്രാവിവരണം, ദൃക്സാക്ഷി വിവരണം എന്നിവയിലെല്ലാം ഒരേ സമീപനമാണോ സ്വീകരിക്കേണ്ടത്?
      • അനുഭവതലം എങ്ങനെയാണ് ആവിഷ്കരിക്കുക. മഴ നനഞ്ഞു എന്നു പറയലാണോ മഴ നനഞ്ഞപ്പോഴുളള അനുഭവമാണോ എഴുതേണ്ടത്? എങ്കില്‍ ഇന്ദ്രായനുഭവങ്ങളെയും മുന്നനുഭവങ്ങളേയും ചിന്തകളേയും എല്ലാം ഉള്‍പ്പെടുത്തുന്ന അനുഭവക്കുറിപ്പ് തയ്യാറാക്കുന്ന പ്രക്രിയ എന്താണ്?
      • അധ്യാപകസഹായി ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നുണ്ടോ?
      • എങ്ങനെ ഇതില്‍ ഇടപെടും?
    1. ആസ്വാദനാംശങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ കുട്ടികള്‍ക്കില്ല.
      • നാലാം ക്ലാസിലെ കുട്ടികള്‍ക്ക് വ്യവഹാരരൂപത്തിന്റെ സവിശേഷതകള്‍ പറയാന്‍ കഴിയേണ്ടതല്ലേ?
      • സ്വയം വിലയിരുത്തലിനും പരസ്പര വിലയിരുത്തലിനും അവസരം നല്‍കണമെങ്കില്‍ ലളിതമായ മാനദണ്ഡങ്ങള്‍ കുട്ടികള്‍ രൂപപ്പെടുത്തേണ്ടതല്ലേ?
      • അത് ആസൂത്രണക്കുറിപ്പില്‍ വരാത്തതല്ലേ കാരണങ്ങളിലൊന്ന്?
    1. കവിതയിലെ വ്യാഖ്യാനത്തില്‍ കുട്ടികളുടെ സ്വതന്ത്ര്യം അവര്‍ക്കറിയില്ല.
      • കവിയുടെ ഓരോ പ്രയോഗത്തിനും പദത്തിനും ഒന്നിലധികം അര്‍ഥതലങ്ങളുണ്ടെന്ന് കുട്ടിക്ക് അനുഭവം കിട്ടിയോ?
      • സ്വന്തം വ്യാഖ്യാനം മൂല്യമുളളതാണെന്ന തിരിച്ചറിവുണ്ടോ?
      • ഒരേ പ്രയോഗത്തെ, പദത്തെ കുട്ടികള്‍ വ്യത്യസ്ത രീതിയില്‍ വ്യാഖ്യാനിക്കാനുളള പ്രക്രിയ എപ്രകാരമാണ് ഒരുക്കിയത്?
      • വ്യത്യസ്ത കാഴ്ചപ്പാടുകളെ മാനിക്കുന്നക്ലാസ് ആണോ നമ്മുടേത്?
    1. സ്വതന്ത്ര രചനാസന്ദര്‍ഭങ്ങളും തെറ്റു തിരുത്തലും സംബന്ധിച്ച പ്രശ്നം
      • അക്ഷരങ്ങളും ചിഹ്നങ്ങളും കൂട്ടക്ഷരങ്ങളും പലവിധത്തില്‍ പഠിപ്പിച്ചിട്ടും കുട്ടികള്‍ തെറ്റു വരുത്തുന്നെങ്കില്‍ കാരണമെന്ത്?
      • അക്ഷരമാല എഴുതാനും അക്ഷരം തിരിച്ചറിയാനും കഴിയുന്ന കുട്ടികള്‍ തെറ്റു വരുത്തുന്നതിനെ എങ്ങനെ സമീപിക്കും?
      • സ്വതന്ത്രരചനാസന്ദര്‍ഭങ്ങളിലെ എഴുത്തും തിരുത്തും അനുവദിക്കുന്നുണ്ടോ?
      • പരസ്പരം എഡിറ്റിംഗ്, ക്ലാസ് എഡിറ്റിംഗ്, വ്യക്തിഗത എഡിറ്റിംഗ്, പിന്തുണാ എഡിറ്റിംഗ് എന്നിവ നടത്താത്തതെന്തുകൊണ്ട്?
      • കുട്ടികളുടെ രചനകളെ എല്ലാ ദിവസവും മെച്ചപ്പെടുത്തുന്നുണ്ടോ?
      • തെളിവുകള്‍ വെച്ച് സ്വയം മെച്ചപ്പെടുത്തുക എന്നത് കുട്ടിയുടെ ശീലമാക്കാനെന്താണ് വഴി?
      • എഡിറ്റിംഗ് ബോധത്തോടെയുളള പെറുക്കിവായന അവര്‍ക്കറിയുമോ?
    1. വായിച്ചു ഗ്രഹിക്കലിന്റെ ഉയര്‍ന്ന തലം എങ്ങനെ ( ഉറുമ്പ്, മീന്‍ നിര..) എന്ന അനുഭവ തലം കിട്ടാതെ പോകുന്നു.
      • വിശകലനാത്മക ചോദ്യങ്ങള്‍ കുറയുന്നത്
      • ആശയം കണ്ടെത്തലില്‍ സൂചനകളെ വികസിപ്പിക്കാത്തത്
      • കേവലം ആശയഗ്രഹണചോദ്യങ്ങളിലും ഭാഷാവസ്തുതകളിലും കുടുങ്ങിക്കിടക്കുന്നത്.
      • ലളിതമായ അനുഭവങ്ങളില്‍ നിന്നും തുടങ്ങാത്തത്..
  1. ക്ലാസ് പി ടി എയില്‍ എങ്ങനെയാണ് പരീക്ഷാവിശകലനം നടത്തേണ്ടത് എന്ന അവ്യക്തത
      • രക്ഷിതാവിന് സഹായിക്കാന്‍ കഴിയും വിധം കുട്ടികളുടെ പ്രശ്നങ്ങളെ അവതരിപ്പിക്കാറുണ്ടോ?
      • ഓരോ പ്രശ്നത്തിനും ഓരോ പ്രവര്‍ത്തനപരിപാടി കൂടി വെക്കണം. ക്ലാസില്‍ ചെയ്യുന്നത്, വീട്ടില്‍ ചെയ്യേണ്ടത് എന്ന രീതിയില്‍
      • പുരോഗതിയുടെ അളവുകോല്‍ സംബന്ധിച്ച ധാരണ രൂപീകരിക്കപ്പെടേണ്ടേ?
      • മികച്ച ഉദാഹരണങ്ങള്‍ പരിചയപ്പെടുത്തി സാധ്യത ബോധ്യപ്പെടുത്തണ്ടേ?
      • ആവശ്യമെങ്കില്‍ പ്രക്രിയയിലൂടെ അവരെ കടത്തി വിടുകയല്ലേ നല്ലത്?
      • ഇതിനായ് ഓരോ ക്ലാസിനും ക്ലാസ് പി ടി എ മോഡ്യൂള്‍ തയ്യാറാക്കിയാലോ?
      • ക്ലാസ് പി ടി എ അല്ല ക്ലാസ് തല ശില്പശാലയായി അതു മാറ്റി കാര്യക്ഷമമാക്കാമോ?
ഉത്തരക്കടലാസിന്റെ സൂക്ഷ്മ വിശകലനം എന്നതിന് വിദ്യാലയം പ്രാധാന്യം നല്‍കണം എന്നു പറയുന്നത് കുട്ടികളുടെ നിലവാരം ഉയര്‍ത്താനാണ് എന്ന മുകളിലെ ചര്‍ച്ചയില്‍ നിന്നും വ്യക്തമാകുമല്ലോ?
അതത് അധ്യാപകര്‍തന്നെ വഴി വെട്ടിത്തെളിക്കുകയാണ് വേണ്ടത്. സഹായം ആവശ്യമുണ്ടെങ്കി്‍ല്‍ തേടുക.
എസ് ആര്‍ ജി ശക്തിപ്പെടുത്താത്ത ( ചിന്തയും പ്രക്രിയയും അന്വേഷണവും കൊണ്ട് ) പ്രഥമാധ്യാപകര്‍ക്കും എസ് ആര്‍ ജി കണ്‍വീനര്‍മാര്‍ക്കും കുഞ്ഞുങ്ങളുടെ മനോദുഖത്തിന്റെ പങ്ക് അനുഭവിക്കേണ്ടി വന്നേക്കാം.


ഈ കുറിപ്പ് ചര്‍ച്ചയ്കുളളത്. നിങ്ങളുടെ അഭിപ്രായവും പ്രതികരണവും കൊണ്ടേ പൂര്‍ണമാകൂ.
അക്കാദമിക അലസതയുളളവര്‍ പ്രതികരിക്കേണ്ടതില്ല

5 comments:

suja said...

എന്തിനാണു നാലാം ക്ലാസ് കുട്ടികളെക്ക്ക്കൊണ്ട് ഇത്രയും വ്യവഹാരരൂപങ്ങൾ ചെയ്യാൻ ആവശ്യപ്പെടുന്നത്?
ആസ്വാദനക്കുരിപ്പ് 6-7 ക്ലാസുകളിൽ പരിശീലിച്ചാൽ പോരെ ?
അതുപോലെ വാര്ത്ത എഴുതൽ,
ഏതായാലും പുതിയ മലയാളം പുസ്തകം കുട്ടികള്ക്ക് ഒരു ദിശാബോധം നല്കാൻ ഉതകുന്നാതാണെന്നു പറയാം ഇംഗ്ലീഷ് പുസ്തകവും അങ്ങനെതന്നെ

drkaladharantp said...

ഇവിടെ ഇത്തവണത്തെ പരീക്ഷയുടെ ഉത്തരവിശകലനത്തെക്കുറിച്ചാണ് ചര്‍ച്ച.
പഠനനേട്ടങ്ങളില്‍ വ്യവഹാരരരൂപമുണ്ടെങ്കില്‍ അതു വിലയിരുത്തപ്പെടണം.
പുസ്തകത്തിന്റെ മേന്മ കുട്ടികളുടെ നിലവാരത്തിളക്കത്തിലാണ് കണ്ടെത്തേണ്ടത്.
അതിന് വിശകലനം അനിവാര്യമാണെന്നു തോന്നുന്നു.

N.Sreekumar said...
This comment has been removed by the author.
jayasree.k said...

ഉത്തരക്കടലാസ് ഇത്തരത്തില്‍ സൂക്ഷ്മ വിശകലനം ഇത് വരെ നടത്തിയിട്ടില്ല .കുട്ടിക്ക് പൊതുവായും ക്ലാസ്സില്‍ പൊതുവായും ഉള്ള ഭാഷാ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിച്ച മുന്നനുഭവം ഉണ്ട് .ഈ പോസ്റ്റില്‍ സൂചിപ്പിച്ച ഭാഷാ പ്രശ്നങ്ങള്‍ ഏറിയും കുറഞ്ഞും എന്‍റെ ക്ലാസ്സിലും ഉണ്ട് .


1.ചിഹ്നനം പാലിച്ചെഴുതുന്നതില്‍ ബഹുഭൂരിപക്ഷം കുട്ടികളും ശ്രദ്ധിക്കേണ്ടതുണ്ട്.
2. വാക്യഭംഗി എങ്ങനെയാണ് വരുത്തേണ്ടതെന്ന ധാരണ കുട്ടികള്‍ക്ക് ലഭിക്കണം
3. ആശയക്രമീകരണം, ഖണ്ഡികാകരണം എന്നിവ സംബന്ധിച്ച ബോധ്യത്തോടെ രചനയില്‍ ഏര്‍പ്പെടേണ്ടതുണ്ട്.
4. ആസ്വാദനാംശങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ കുട്ടികള്‍ക്കില്ല.
5. കവിതയിലെ വ്യാഖ്യാനത്തില്‍ കുട്ടികളുടെ സ്വതന്ത്ര്യം അവര്‍ക്കറിയില്ല
6. വായിച്ചു ഗ്രഹിക്കലിന്റെ ഉയര്‍ന്ന തലം എങ്ങനെ എന്ന അനുഭവ തലം കിട്ടാതെ പോകുന്നു.

ഓരോ കുട്ടിയേയും ഭാഷാപരമായ അടുത്ത തട്ടിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ ഉയര്‍ത്താന്‍ ഇത്തരം സൂക്ഷ്മ വിശകലനവും തുടര്‍ന്ന് വ്യക്തികളെ പരിഗണിച്ചുള്ള സൂക്ഷ്മതല ആസൂത്രണവും വേണ്ടി വരും എന്ന് ബോധ്യം വരുന്നുണ്ട് .വ്യക്തിഗത ഫീഡ് ബാക്ക് കൊടുക്കാന്‍ ഇത്തരം വിശകലനം സഹായകമാണ് .തുടര്‍ന്ന് നിരന്തരമായി വിലയിരുത്തി മെച്ചപ്പെടുത്തി മുന്നേറിയാല്‍ ഒരു മാസം കൊണ്ട് ഭാഷ മെച്ചപ്പെടുത്താന്‍ പറ്റും എന്ന് തോന്നുന്നു .ഓരോ കുട്ടിയുടെയും ഭാഷാപരമായ നേട്ടങ്ങളെയും പ്രശ്നങ്ങളെയും വിശകലനം ചെയ്യുക എന്ന ഒരു ചിന്ത തന്നെ നിരന്തര വിലയിരുത്തലിന്റെ ഭാഗമായി ചര്‍ച്ച ചെയ്തതായി അറിവില്ല .നിരന്തരവും സമഗ്രവുമായ വിലയിരുത്തല്‍ കീറാമുട്ടിയായി ....വില്ലനായി ഇപ്പോഴും വിലസുന്നു .ഞാന്‍ മലയാളം എടുക്കുന്നില്ല എങ്കിലും മലയാളം ടീച്ചറുമായി ചേര്‍ന്ന് എന്‍റെ ക്ലാസ്സില്‍ ചെയ്തു നോക്കാന്‍ ഒരു ശ്രമം നടത്തും .സ്കൂള്‍ എസ് ആര്‍ ജി യില്‍ ചര്‍ച്ച ചെയ്യും .പ്രവര്‍ത്തന പാക്കേജ് കൂടി പങ്കു വച്ചിരുന്നെങ്കില്‍ ഏറ്റെടുക്കുന്നവര്‍ക്ക് സഹായകം ആയേനെ .

N.Sreekumar said...

നാലാം ക്ലാസ്സിലെ ഉത്തരക്കടലാസ് വിശകലനമാതൃക അവതരിപ്പിച്ചത് എല്ലാ അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ് . ഇതുവരെ ഇങ്ങനെ ഒരു മാതൃക അധ്യാപകപരിശീലനത്തില്‍ അവതരിപ്പിച്ചു കണ്ടിട്ടില്ല. പക്ഷേ അക്കാദമിക അലസതയുള്ളവര്‍ പ്രതികരിക്കേണ്ട എന്നുള്ള നിര്‍ദ്ദേശം ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. വരുന്ന കമന്റുകളില്‍ നിന്നും അക്കാദമിക അലസതയില്ലാത്ത ബ്ലോഗ് വായനക്കാരുടെ എണ്ണം ലഭിക്കുമല്ലോ എന്നോര്‍ത്ത് സന്തോഷം തോന്നുന്നു.

അങ്ങയുടെ നിരീക്ഷണത്തില്‍ നിന്നും താഴെപ്പറയുന്ന ചോദ്യങ്ങള്‍ക്കു പ്രസക്തിയുണ്ടോ?

1. ഉത്തരമാതൃകകള്‍ പരിശോധിച്ചതില്‍ പകര്‍ത്തി എഴുത്ത്, കേട്ടെഴുത്ത് ഇവയ്ക്കുള്ള സാധ്യത തീര്‍ത്തും ഒഴിവാക്കാനായിട്ടുണ്ട് എന്നു വിശ്വസിക്കുന്നുണ്ടോ?

(പകര്‍ത്തിയെഴുത്ത് - അടുത്തിരിക്കുന്ന കുട്ടി എഴുതുന്നത് സൗകര്യപ്രദമായി പകര്‍ത്തിയെഴുതാനുള്ള സാധ്യത, കേട്ടെഴുത്ത് - ചോദ്യവിശദീകരണമെന്ന രീതിയില്‍ അധ്യാപികപറയുന്നത് ഉത്തരമാണെന്നു മനസ്സിലാക്കി അത് കേട്ടെഴുതുവാനുള്ള കഴിവ് )

2. ഉത്തരക്കടലാസില്‍ മാര്‍ക്കുദാനം നടത്തി അധ്യാപികയുടെ പ്രാഗത്ഭ്യം രക്ഷാകര്‍ത്താക്കളെ മനസ്സിലാക്കി, അവരുടെ പ്രീതി നേടുവാന്‍ അധ്യാപിക ശ്രമിച്ചിട്ടില്ലെന്നു ബോധ്യപ്പെട്ടോ?

3. നിലവാരമുള്ള ഉത്തരങ്ങളെഴുതിയ മൂന്നോ നാലോ കുട്ടികളെ വിളിച്ച് അവരെഴുതിയ ഉത്തരങ്ങള്‍ക്കുള്ള ചോദ്യങ്ങളില്‍ എതെങ്കിലും ഒരെണ്ണം നല്കി ഉത്തരങ്ങളുടെ പരിശുദ്ധി , മൗലികത എന്നിവ പരീക്ഷിക്കപ്പെട്ടോ?

4. കഥയെഴുതുന്നതില്‍ കുട്ടികള്‍ക്ക് എന്തുകൊണ്ടാണ് പ്രയാസം അനുഭവപ്പെട്ടത്? ഒരേ കഥ തന്നെ എല്ലാവര്‍ക്കും ചിന്തിക്കുവാന്‍ കഴിയില്ലെന്നുള്ള സാമാന്യയുക്തിക്ക് സാധ്യതയുണ്ടോ?

5. അധ്യാപിക നല്‍കുന്ന ചോദ്യവും ഉത്തരവും അതുപോലെ ഉരുവിട്ടു പഠിച്ച് (ഗണിതം ഉള്‍പ്പെടെ) പരിക്ഷയെഴുതുവാന്‍ കഴിയുന്ന ഓര്‍മശക്തി പരീക്ഷണ പരീക്ഷ നമ്മുടെ സംസ്ഥാന സിലബസില്‍ അവസാനിപ്പിച്ചുവെങ്കിലും മറ്റു സിലബസ് പിന്തുടരുന്നവര്‍ അതു തുടരുകയാണെന്ന് ആക്ഷപിക്കുന്ന നമ്മുടെ ഒരു അധ്യാപിക ഉത്തരം പറഞ്ഞുകൊടുത്ത് ( അതും മൂല്യനിര്‍ണയത്തിനായി മുന്‍കൂട്ടി നല്‍കുുന്ന ഉത്തര സൂചിക നോക്കി വായിച്ച്) പരീക്ഷ തന്നെ പ്രഹസനമാക്കി മാറ്റുന്നെങ്കില്‍ ഓര്‍മശക്തി പരീക്ഷയേക്കാള്‍ നമ്മുടെ പരീക്ഷ അധഃപതിക്കില്ലേ?

6. നോക്കി എഴുതാന്‍ സാധ്യമല്ലാത്ത രീതിയില്‍ അകറ്റിയിരുത്തിയാണോ പ്രൈമറിയില്‍ പരീക്ഷ നടത്തേണ്ടത്? അതോ സാധാരണക്ലാസിലെ പോലെ ഇരുത്തിയോ?

7. ഏതെങ്കിലും വിദ്യാഭ്യാസ ആഫീസറന്മാര്‍ പരീക്ഷാസമയത്ത് പ്രൈമറി സ്ക്കൂള്‍ സന്ദര്‍ശിച്ചതായും ഒരു വിഷയത്തിന്റെ പരീക്ഷ തീരുംവരെ ആ സ്ക്കൂളില്‍ ചെലവഴിച്ചതായും അറിയാമോ?

8. നല്ല രീതിയില്‍ പരീക്ഷ നടത്തുന്ന പ്രൈമറി സ്കൂള്‍ അധ്യാപകരെ അഭിനന്ദിക്കുന്നതിനും പരീക്ഷ പ്രഹസനമാക്കുന്നവരെ തിരിച്ചറിയുന്നതിനും സംവിധാനമുണ്ടോ?

9. പ്രഹസനമാക്കുവാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങള്‍ നിലവിലുണ്ടോ?

10. ഏഴാം ക്ലാസ്സില്‍ നിരക്ഷരരായ കുട്ടികളുണ്ടോ?

11. ഏഴാം ക്ലാസ്സില്‍ ഗണിതത്തിലെ അടിസ്ഥാനക്രിയകളറിയാത്ത എത്ര കുട്ടികളുണ്ട്?

12. വിദ്യാഭ്യാസവകുപ്പിനു പുറത്തുള്ള ഏജന്‍സിയെക്കൊണ്ട് ഡയറ്റ് മോഡല്‍ സ്ക്കൂളുകള്‍ സാമ്പിളായി എടുത്ത് സര്‍വ്വേ നടത്തിക്കുകയും സര്‍വ്വേ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്യുവാന്‍ കഴിയുമോ?

13. കുട്ടികളുടെ എണ്ണം കുറവായ, ഡയറ്റിനു (DIET) സമീപമുള്ള സ്കൂളുകളില്‍ അക്കാദമിക പിന്‍തുണ നല്‍കി മാതൃകാസ്ക്കൂളുകളാക്കി മാറ്റുന്നതില്‍ എന്തു തടസ്സമാണ് നിലവിലുള്ളത്?

ഈ പോസ്റ്റിനെ അധ്യാപകരുടെ അലസതയ്ക്കു് എതിരെയുള്ള സന്ദേശമായി കൂടി ഞാന്‍ കാണുന്നു.
ഇതുപോലെയുള്ള നീരീക്ഷണങ്ങള്‍ നടത്തിയ മറ്റ് അധ്യാപകരുടെ കുറിപ്പുകള്‍ ലഭ്യമാണെങ്കില്‍ പോസ്റ്റാക്കുമല്ലോ? അനുഭവമാണല്ലോ ഗുരു.