ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, July 6, 2016

വട്ടേനാട് സ്കൂളില്‍ വായനയ്ക് സ്വന്തം പാഠ്യപദ്ധതി


വട്ടേനാട് എല്‍ പി സ്കൂളിലെ എം വി രാജന്‍മാഷ് വായനയ്ക് സ്വന്തമായി ഒരു പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതാകട്ടെ ക്ലാസനുഭവങ്ങളിലൂടെ വികസിപ്പിച്ചു വന്നതുമാണ്. കുട്ടികളുടെ വായനയുടെ ആഴവും തലങ്ങളും വൈവിധ്യവും ലക്ഷ്യമിടുന്നതല്ല നിലവിലുളള ഔദ്യോഗിക പാഠ്യപദ്ധതി എന്നു തിരിച്ചറിഞ്ഞിട്ടും പരീക്ഷാകേന്ദ്രിത വിദ്യാഭ്യാസത്തില്‍ നിന്നും വിമോചിതരാകുവാന്‍ നമ്മുക്ക് കഴിയുന്നില്ലല്ലോ? ആഗ്രഹിക്കാഞ്ഞിട്ടാണ്. ഓരോ വിദ്യാലയവും പൊതു ചട്ടക്കൂടില്‍ നിന്നും സ്വന്തം പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനു ശ്രമിച്ചാല്‍ എത്രയെത്ര മാതൃകകള്‍ നമ്മുക്ക് ലഭിക്കും?
വട്ടേനാട് എല്‍ പി എസിലെ വായനാപാഠ്യപദ്ധതിക്ക് മുപ്പത് മോഡ്യൂളാണ് ഉളളത്. അവയിലൂടെ കുട്ടികള്‍ കടന്നു പോകണം
ഒരു മോഡ്യൂള്‍ ഇവിടെ പരിചയപ്പെടുത്താം.
പ്രവര്‍ത്തനം ഒന്ന് -എന്റിഷ്ടം
നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അഞ്ച് ആളുകള്‍ ആരെല്ലാമാണ്? എഴുതൂ. ഓരോരുത്തരായി വായിക്കൂ ( ആദ്യാവസരം പിന്നാക്കക്കാര്‍ക്ക് )അമ്മ, അച്ഛന്‍ എന്നിങ്ങനെ കുട്ടികള്‍ പറയുന്ന പേരുകള്‍ ബോര്‍ഡിലേക്ക്. ( അവരവര്‍ എഴുതിയതുമായി പൊരുത്തപ്പെടുത്തി നോക്കണം )
കൂടുതല്‍ പേരും എഴുതിയ വാക്കേത്?
ആദ്യം എഴുതിയതാരുടെ പേര്?
എന്തുകൊണ്ടായിരിക്കാം ആദ്യം ആ പേര് എഴുതിയത്?
പരമാവധി കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന വ്യക്തിയെക്കുറിച്ച് പറയാന്‍ അവസരം ( എന്തുകൊണ്ട് എന്ന വിശദീകരണം നടത്താന്‍ ചിലര്‍ക്ക് വിശകലനചോദ്യങ്ങള്‍ വേണ്ടിവരുമെങ്കില്‍ ആവാം)
ശരി, ഇനി നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയെക്കുറിച്ച് മറ്റുളളവരോട് പറയാനുളളത് എന്താണ്? ഒന്നോ രണ്ടോ വാക്യങ്ങള്‍ മതിയാകും.
വ്യക്തിഗതരചന. ( പിന്നാക്കക്കാര്‍ക്ക് പിന്തുണ)
വായിച്ചവതരിപ്പിക്കല്‍
പ്രസക്തമായ വാക്യങ്ങള്‍ ബോര്‍ഡിലേക്ക് ( പ്രത്യേകിച്ചും പിന്നാക്കം നില്‍ക്കുന്നവര്‍ പറയുന്നത്. അവരുടെ ചെറിയ മികവുകള്‍ പോലും അംഗീകരിക്കപ്പെടണം)
അമ്മയോട് ഇഷ്ടമുളളവര്‍ പറഞ്ഞ വാക്യങ്ങള്‍ ടിക് ചെയ്യുന്നു.
ഇനി അടുത്ത പ്രവര്‍ത്തനത്തിലേക്ക് പോകാം
ടീച്ചര്‍ ഒരു ചെറിയ രചന പരിചയപ്പെടുത്താം
(ചാര്‍ട്ടില്‍)
എന്റെ കുടത്തില്‍ നിറയാന്‍
പുഴയ്ക്
ഒരു പുഞ്ചിരി മാത്രം മതി
- പി. രാമന്‍
ഈ കവി എന്തിനെക്കുറിച്ചാണ് എഴുതിയിരിക്കുന്നത് ?( പുഴ, പുഞ്ചിരി എന്നെല്ലാം ഉത്തരം പ്രതീക്ഷിക്കുന്നു)
ഈ കവിതയ്ക് ഒരു തലക്കെട്ട് കൊടുക്കൂ
തലക്കെട്ട് എഴുതല്‍ (വ്യക്തിഗതം) അവതരണം.
എന്തുകൊണ്ട് അങ്ങനെയൊരു തലക്കെട്ട് നല്‍കി? വിശദീകരിക്കല്‍- ചര്‍ച്ച
ഉദാഹരണത്തിന് ഒരു കുട്ടി പുഴയുടെ പുഞ്ചിരി എന്നാണ് തലക്കെട്ടെഴുതിയത്. എങ്കില്‍ ചര്‍ച്ചയുടെ ഭാഗമായി ഉന്നയിക്കാവുന്ന ചോദ്യങ്ങള്‍
 1. പുഴ പുഞ്ചിരിക്കുമോ?
 2. എങ്കില്‍ എന്താണ് പുഴയുടെ പുഞ്ചിരി?
 3. പുഴയില്‍ വെയില്‍ തട്ടി പ്രതിഫലിക്കുന്നു എന്നു പറയുന്നതാണോ പുഴയുടെ പുഞ്ചിരി എന്നു പറയുന്നതാണോ അധികം ചന്തം? ( മറ്റു വ്യാഖ്യാനങ്ങളും ആകാം)
 4. പുഞ്ചിരിക്കുന്ന പുഴ എന്നു പറയുമ്പോള്‍ പുഴയുടെ എന്തെല്ലാം പ്രത്യേകതകള്‍ നമ്മുടെ മനസിലേക്ക് വരുന്നുണ്ട് ?
ഇതേപൊലെ കാവ്യാസ്വാദനത്തിലേക്ക് നയിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിക്കണം. ചര്‍ച്ചയിലൂടെ മികച്ച തലക്കെട്ട് തെരഞ്ഞെടുക്കുകയുമാകാം.
കവി നല്‍കിയ തലക്കെട്ട് ചാര്‍ട്ടില്‍ എഴുതുന്നു. അമ്മ
 • അമ്മയും പുഴയും തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ?
 • അമ്മയില്‍ നിറഞ്ഞൊഴുകുന്നതെന്താണ്?
 • അമ്മയ്കെന്നോട് വലിയ സ്നേഹമുണ്ട് എന്നു പറയുന്നതിനേക്കാള്‍ ഇങ്ങനെ പറയുന്നതുകൊണ്ടെന്തു ഗുണം?
 • എന്റെ കുടത്തില്‍ എന്നു കവി എന്തായിരിക്കും കുടം?
കുട്ടികളുടെ പ്രതികരണത്തിനനുസരിച്ച് ആവശ്യമായ ചോദ്യങ്ങള്‍ ചോദിച്ച് ചര്‍ച്ച ഫലപ്രദമാക്കണം.
 • ഇനി നിങ്ങളുടെ ഊഴമാണ് അമ്മയെക്കുറിച്ച് നിങ്ങള്‍ എഴുതൂ. അതില്‍ പുഴ, കുടം എന്നീ വാക്കുകള്‍ ഉണ്ടാകരുത്. പരമാവധി നാലോ അഞ്ചോ വാക്യങ്ങള്‍ മതി.
രചനകളുടെ അവതരണം, ചര്‍ച്ച എന്നിവ ഏറെ പ്രധാനമാണ്.രചനകളെ മുന്‍ നിറുത്തി ചോദ്യങ്ങള്‍ പോസിറ്റീവായി ചോദിക്കണം. പ്രതിഭയുടെ ചെറുസൂചനകളെങ്കിലുമുളള വരികള്‍ ബോര്‍ഡില്‍ എഴുതി വീണ്ടും വായിച്ച് ചര്‍ച്ച ചെയ്യണം.
അമ്മയെക്കുറിച്ചുളള കൂടുതല്‍ രചനകളുടെ പരിചയപ്പെടുത്തലോടെയാകണം ഈ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടത്.
കോഴിക്കു‍ഞ്ഞേ കോഴിക്കുഞ്ഞേ നിന്‍
പുന്നാരയമ്മയെവിടെപ്പോയി?
മുല്ലപ്പൂ വാങ്ങാന്‍ കടയില്‍ പോയി
കോഴിക്കു‍ഞ്ഞേ കോഴിക്കുഞ്ഞേ നിന്‍
പുന്നാരയമ്മയെവിടെപ്പോയി?
കടുകും മുളകും വാങ്ങാന്‍ പോയി
കോഴിക്കു‍ഞ്ഞേ കോഴിക്കുഞ്ഞേ നിന്‍
പുന്നാരയമ്മയെവിടെപ്പോയി?
ചോദിക്കല്ലേ ചോദിക്കല്ലെ എന്റെ
പുന്നാരയമ്മയെ ചോദിക്കല്ലേ
- ഗായത്രീ ദേവി . കെ
( ജി വി എച് എസ് എസ് കാരാക്കുറിശ്ശി)
അമ്മയ്ക് എന്തു സംഭവിച്ചു?
അതു നമ്മുക്കെങ്ങനെ മനസിലായി?
നേരിട്ടു പറയുന്നതിനു പകരം ഇങ്ങനെ പറയുന്നത് നല്ലാതാണോ?

നീരുറവ
ഞാന്‍ ആദ്യമായി നീരുറവ കണ്ടത്
എന്റെ അമ്മയുടെ കണ്ണില്‍ നിന്നാണ്
ഒരു വെയിലായി
എനിക്കതിനെ വറ്റിക്കാനാകുമോ?
- മുന്‍സര്‍ ഷാജന്‍  
(എച് എ യു പി എസ് അക്കര, കാവശ്ശേരി)
 • വേനല്‍ പലപ്പോഴും അത്ര സുഖകരമല്ല. നീരുറവ വറ്റിക്കുന്ന വെയില്‍പ്രത്യേകിച്ചും. എന്നാല്‍ ഇവിടുത്തെ വേനലോ? വെയിലോ?
( വാക്കുകള്‍ക്ക് അതിനില്ലാത്ത് പുതിയ അര്‍ഥം ഉണ്ടാക്കിക്കൊടുക്കാന്‍ കവിക്ക് കഴിയും)

രചനയും വായനയും ഇഴചേര്‍ത്ത ഈ വായനാപാഠ്യപദ്ധതിയില്‍ കുട്ടികളുടെ രചനകള്‍ പ്രയോജനപ്പെടുത്തുന്നു. ഒന്നിലേറെ കവിതകള്‍ പരിചയപ്പെടുന്നു. കാവ്യ ചര്‍ച്ചയും നടക്കുന്നു.
 • പാഠപുസ്തകങ്ങളില്‍ കവിത കാവ്യസ്വാദനത്തിനല്ല പരിചയപ്പെടുത്തുന്നത്. പഠിപ്പിക്കലാണ്. കവിത പഠിപ്പിക്കാതിരിക്കാന്‍ അധ്യാപകര്‍ തയ്യാറാകണം. ഈ മോഡ്യൂള്‍ നിങ്ങളോട് അങ്ങനെ ആവശ്യപ്പെടുന്നില്ലേ?
 • കവിതകളുടെ സമൃദ്ധമായ ശേഖരമില്ലാത്ത അധ്യാപകര്‍ മലയാളം പഠിപ്പിക്കുമ്പോള്‍ അവര്‍ അധ്യാപകസഹായിയുടെ വിനിമയക്കാരായി ചുരുങ്ങിപ്പോകും. മലയാളം മാഷ്, ടീച്ചര്‍ വളരണം മലയളത്തില്‍.
 • വ്യാഖ്യാനിക്കാനുളള കഴിവാണ് വളര്‍ത്തേണ്ടത്. ഒരു കവിതയില്‍ നിന്നും ക്ലാസിലെ ഓരോരുത്തരും ഓരോരോ കവിത കണ്ടെത്തുന്ന പ്രക്രിയ ക്ലാസില്‍ നടക്കുന്നുണ്ടോ?
രാജന്‍മാഷ് 2014 മുതല്‍ വായനാപാഠ്യപദ്ധതി സ്കൂളില്‍ നടത്തുന്നു. പാലക്കാട് ജില്ലയ്കാകെ മാതൃകയാക്കാന്‍ ഇത് വഴിയൊരുക്കി.
 • ഈ പാഠ്യപദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരു സംഘം അധ്യാപകര്‍ രാജന്‍മാഷില്‍ നിന്നും നേരിട്ട് അനുഭവം സ്വീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. രാ‍ജന്‍ മാഷ് സമ്മതിച്ചിട്ടുമുണ്ട്. നിങ്ങളും കൂടുന്നോ?
  tpkala@gmail.com
(തുടരും)

12 comments:

jyothy unni said...

കവിത എന്ന വിഷയം ഏറെ ചർച്ച ചെയ്യപ്പെട്ര ണ്ട തും പo ന വിധേയമാക്കേണ്ട തുമാണ്. ബഹു ഭൂരിപക്ഷം അധ്യാപകർക്കും കാ വ്യാസ്വാദനം ഒരു കീറാമുട്ടിയാണ്. എന്തു കൊണ്ട് അധ്യാപക പരിശീലന പരിപാടിയിൽ ഇതിനു പ്രാധാന്യം കൊടുക്കാത്തത് ? സാർ വളരെ മനോഹരമായി ഈ പ്രവർത്തനം നടത്തിയിരിക്കുന്നു. അഭിനന്ദനങ്ങൾ. ഒരു രണ്ടു വരിക്കവിതയ്ക്ക് ഇത്ര മാത്രം സാധ്യതയുണ്ട്. പിന്നെ എന്തിനാണ് താഴ്ന്ന ക്ലാസ്സുകളിൽ നെടുനീളൻ കവിതകൾ ?

ബിന്ദു .വി എസ് said...

കവിത എന്നത് അനുഭൂതിയുടെ ഭാഗവും കൂടിയാണ് .അത് ചില വാക്കിലും മൊത്തം വരികളിലും പടര്‍ന്നിരിക്കും .ഇത് രക്തത്തിലേക്ക് വലിച്ചെടുക്കുന്ന സങ്കീര്‍ണ്ണമായ പ്രക്രിയയാണ് ആസ്വാദനം .അല്ലെങ്കില്‍ വെറും വാക്കില്‍ ഇഷ്ടം "എന്നേ പറയുമായിരുന്നുള്ളൂ .പി രാമന്റെ കവിത മനസ്സിനെ മാത്രമല്ല ശ രീരത്തെയും സ്വാധീനിക്കുന്നു .നാം അറിയാതെയുള്ള പെര്‍ഫോമന്‍സ് നമ്മിലുണ്ടാകുന്നു .വായനയില്‍ മുഴുകുന്ന ആളുകളെ ശ്രദ്ധിച്ചാല്‍ അറിയാം .മാമ്പഴം " ചൊല്ലിത്തീരുമ്പോള്‍ കണ്ണില്‍ വെള്ളം നിറയണം .അര്‍ഥം മാത്രം അന്വേഷിക്കുന്നവര്‍ക്കു അതുണ്ടാവില്ല .പക്ഷെ ഇത്തരത്തില്‍ അനുഭൂതി പഠനം സാധ്യമാക്കാന്‍ കഴിയുന്നുണ്ടോ എന്നത് ചോദ്യമായി നില നില്‍ക്കുന്നു .ജീവിതത്തില്‍ വെണ്ണ എന്തെന്ന റി യാത്ത കുട്ടികളോട് അതിന്റെ രുചിയും മണവും നിറവും പറഞ്ഞു വെണ്ണക്കണ്ണന്‍ അവതരിപ്പിക്കുമ്പോള്‍ നാവില്‍ കയ്പ്പ് നുരയ്ക്കും . .

Nandan Nkc said...

നല്ല ആശയം . Best wishes

preenasanthosh said...

വളരെ ഉപകാരപ്രദം അതോടൊപ്പം ഈ ആശയം ഷെയർ ചെയ്ത സാറിന് നന്ദി

preenasanthosh said...

വളരെ ഉപകാരപ്രദം അതോടൊപ്പം ഈ ആശയം ഷെയർ ചെയ്ത സാറിന് നന്ദി

PRADEEP PURUSHOTHMAN said...

പുതുമയുള്ളതും ആഹ്ലാദകരവുമായ ഒരു ശ്രമം. കുട്ടികളിലെ സർഗാത്മകതയും സ്നേഹവും കവിതാസ്വാദനബോധവും ഉണർത്താൻ സഹായകമാവും ഈ പരീക്ഷണം എന്ന് ഉറപ്പാണ്. എം.വി.രാജൻ മാഷിന് ആശംസകൾ

PRADEEP PURUSHOTHMAN said...

പുതുമയുള്ളതും ആഹ്ലാദകരവുമായ ഒരു ശ്രമം. കുട്ടികളിലെ സർഗാത്മകതയും സ്നേഹവും കവിതാസ്വാദനബോധവും ഉണർത്താൻ സഹായകമാവും ഈ പരീക്ഷണം എന്ന് ഉറപ്പാണ്. എം.വി.രാജൻ മാഷിന് ആശംസകൾ

GLPSCHOOL PERUMPARAMBA said...

നല്ല ആശയം രാജന്‍ മാഷിന് ആശംസകള്‍
പി.പി സരസ്വതി ജി.എല്‍.പി പെരുംപരമ്പ

Sunu Azhakath said...

കവിതയെഴുത്തിന്റെയും ഭാവുകത്വത്തിന്റെയും സാമ്പ്രദായിക രീതികള്‍ക്കപ്പുറത്തേയ്ക്ക് നമ്മുടെ കുട്ടികള്‍ പോകുന്നു എന്നതിന്റെ തെളിവാണ്‍ ഞങ്ങളുടെ സ്ക്കൂളിലെ എഴുത്തുകൂട്ടം കവികളില്‍നിന്ന് വര്‍ഷം തോറും രൂപപ്പെടുന്ന നൂറിലധികം രചനകള്‍ മുര്‍സല്‍ ഷാജഹാന്‍ അതിലൊരു പേരു മാത്രം.. രാജന്‍ മാസ്റ്ററുടെ ഈ സം രം ഭം മാതൃകാപരം. ആശംസകള്‍. സുനന്ദന്‍ എച്ച് എ യു പി സ്ക്കൂള്‍ അക്കര

Dr Kaladharan TP said...

അക്കര സ്കൂളിന്റെ കാവ്യപാഠ്യപദ്ധതി കേരളത്തിലേക്ക് കൈമാറാന്‍ സമയമായി

Mahesh Sarang said...
This comment has been removed by the author.
Mahesh Sarang said...

ഞാന്‍ ആദ്യമായി നീരുറവ കണ്ടത്
എന്റെ അമ്മയുടെ കണ്ണില്‍ നിന്നാണ്
ഒരു വെയിലായി എനിക്കതിനെ വറ്റിക്കാനാകുമോ?.............സര്‍ഗാത്മകമായി എഴുതാനും വരികള്‍ക്കിടയില്‍ വായിക്കാനും കുട്ടികള്‍ക്ക് കഴിയണം.മുമ്പ് സാര്‍ നാലിലാംകണ്ടം സ്കൂളിലെ രക്ഷിതാക്കളോടും അധ്യാപകരോടും പറഞ്ഞതുപോലെ...കല്ലിന്റടുക്കിലെ ഞണ്ടേ.....