ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, January 26, 2019

പഠനോത്സവത്തിന്റെ ആസൂത്രണാനുഭവങ്ങള്‍


വിദ്യാലയങ്ങള്‍ പഠനോത്സവാസൂത്രണത്തിലാണ്. ചിലേടത്ത് തുടങ്ങി. ചിലേടത്ത്
ആലോചനാഘട്ടത്തിലാണ്. ചിലരാകട്ടെ ആവേശത്തിലും. മറ്റു ചിലരാകട്ടെ അവ്യക്തതയിലും.
ചുണ്ടുവിളാകം സ്കൂളിലെ കുട്ടികള്‍ പഠനോത്സവ പോസ്റ്ററുമായി നില്‍ക്കുന്ന ചിത്രം നോക്കൂ. ഓരോ കുട്ടിയും പഠനോത്സവം ഏറ്റെടുത്തിരിക്കുകയാണ് അവിടെ.സഞ്ജുവും മാതാപിതാക്കളും ചേര്‍ന്ന് പാതയോരത്ത് ഒരു കുട സ്ഥാപിച്ച് അതിനു താഴെ പോസ്റ്ററും പതിച്ചു. പതിനഞ്ചിടത്ത് പോസ്റ്റര്‍ പതിക്കാന്‍ കുട്ടികള്‍തന്നെ തീരുമാനിച്ചു,.റിപ്പബ്ലിക് ദിനം പഠനോത്സവ പ്രചണപ്രവര്‍ത്തനോദ്ഘാടന ദിനം കൂടിയായി.
ആലപ്പുഴ ജില്ലയിലെ വിവിധ ബി ആര്‍ സികളിലും പഞ്ചായത്തുകളിലും പഠനോത്സവം എങ്ങനെ ആസൂത്രണം ചെയ്തു എന്നതിനെക്കുറിച്ചുളള അന്വേഷണം നടത്തി
കിട്ടിയ വിവരങ്ങള്‍ പങ്കിടുന്നത് പഠനോത്സവം ആസൂത്രണം ചെയ്യുന്നവര്‍ക്ക് സഹായകമാകും എന്നു കരുതുന്നു
പഠനോത്സവത്തിന് പഞ്ചായത്തുകളുടെ പിന്തുണ ആവശ്യമുണ്ടോ?
ആലപ്പുഴ ജില്ലയിലെ ഭുരിപക്ഷം പഞ്ചായത്തുകളിലും പഞ്ചായത്തുകളിലും പി ഇ സി കൂടി. ഹരിപ്പാട് ബി ആര്‍ സി പരിധിയിലുളളവയുടെ വിശദാംങ്ങള്‍ നോക്കുക. പളളിപ്പാട്(19.01.19), വീയപുരം(17.01.19),ചെറുതന(18.01.19), ചിങ്ങോലി (17.01.19), കാര്‍ത്തികപ്പള്ളി(18.01.19), ചേപ്പാട് (19.01.19),ഹരിപ്പാട്(17.01.19) , മുതുകുളം (18.01.19) പഞ്ചായത്തുകളില്‍ പഠനോത്സവം അജണ്ടയായി പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കൂടി. പ്രധാനതീരുമാനങ്ങളിവയാണ്
  • ജനപ്രതിനിധികള്‍ മുഴുവന്‍ വിദ്യാലയങ്ങളില്‍ നടക്കുന്ന പഠനോത്സവങ്ങളില്‍ പങ്കെടുക്കും.
  • പഠനോത്സവത്തിനായുളള സ്കൂള്‍തല സംഘാടകസമിതി യോഗങ്ങളിലും ജനപ്രതിനിധികള്‍ പങ്കെടുക്കും,
  • എല്ലാ വിദ്യാലയങ്ങളിലും പഠനോത്സവം സ്കൂളിനു പുറത്തുളള വേദിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു.
  • വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തു.
  • അക്കാദമികമായ കാര്യങ്ങളാകണം പഠനോത്സവത്തില്‍ അവതരിപ്പിക്കേണ്ടത്.
  • പഞ്ചായത്ത് തല പഠനോത്സവം നടക്കുന്ന വിദ്യാലയങ്ങളും തീരുമാനിച്ചു. പളളിപ്പാട്(ജി യു പി എസ് വഴുതാനം ), വീയപുരം(ജി എച് എസ് എസ് വീയപുരം ),ചെറുതന(ജി എന്‍ യു പി എസ് ആയാപറമ്പ്), ചിങ്ങോലി (ജി യു പി എസ് കാര്‍ത്തികപ്പള്ളി), കാര്‍ത്തികപ്പള്ളി(എസ് എന്‍ ഡി പി എച് എസ് മഹാദേവിക്കാട്), ചേപ്പാട് (ജി എല്‍ പി എസ് കണിച്ചനല്ലൂര്‍ ),ഹരിപ്പാട്(ജി ജി എച് എസ് എസ് ഹരിപ്പാട്) , മുതുകുളം (കെ എ എം യു പി എസ് ആയാപറമ്പ്)
  • ഹരിപ്പാട് ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും എസ് ആര്‍ ജി കൂടി പഠനോത്സവം ആസൂത്രണം ചെയ്തിട്ടുണ്ട്.
പി ഇ സി യോഗം പഠനോത്സവത്തെ ജനകീയമാക്കും. പ്രാദേശിക സംഘാടനത്തില്‍ ജനപ്രതിനിധികളുടെ പിന്തുണയുണ്ടാകും. അവര്‍ വിദ്യാലയങ്ങളിലെ അക്കാദമിക മികവുകള്‍ മനസിലാക്കുകയും ജനങ്ങളിലേക്ക് പകരുകയും ചെയ്യും. കേവലം ഉദ്ഘാടകരെന്ന നിലയില്‍ നിന്നും സംഘാടകരെന്ന നിലയിലേക്ക് മാറും. പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും
പഠനോത്സവങ്ങള്‍ സമൂഹത്തിലേക്ക്
ചേര്‍ത്തല ഉപജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വിദ്യാഭ്യാസസസമിതി കൂടി. ഓരോ സ്കൂളും പഠനോത്സവം നടത്തേണ്ട സ്ഥലങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. മണ്ണഞ്ചേരി പഞ്ചായത്തില്‍ ഗ്രന്ഥശാല, പഞ്ചായത്ത് കമ്മ്യൂണിറ്റിഹാള്‍,യു ഐ ടി സെന്റര്‍ , സ്കൂള്‍ മുറ്റം എന്നിവിടങ്ങളില്‍ പഠനോത്സവം നടക്കും, മാരാരിക്കുളം സൗത്തിലാകട്ടെ ബാലകൈരളി, ബ്ലോക്ക് ജംഗ്ഷന്‍,അങ്കണവാടികള്‍, സ്കൂള്‍ മുറ്റം എന്നിവിടങ്ങളിലും മുഹമ്മ പഞ്ചായത്തില്‍ ഒരുമ വായനശാല, പൊന്നാട് പ്രഭാത് വായനശാല, വിക്ടറി ക്ലാസ് ഗ്രൗണ്ട്, കായിക്കര അമ്പലം ഹാള്‍, തുരുത്തന്‍ കവല, അനന്തശയനേശ്വരക്ഷേത്രം ഹാള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പഠനോത്സവം നടക്കുക
  • പഠനോത്സവം വിദ്യാലയത്തിനുളളിലാണ് നടക്കുന്നതെങ്കില്‍ രക്ഷിതാക്കള്‍ മാത്രമേ കാണാനുണ്ടാകൂ.
  • നാട്ടിലെ ശ്രദ്ധേയമായ സ്ഥലത്താണെങ്കില്‍ കൂടുതല്‍ പേര്‍ ഈ സംഭവം അറിയും
    • കുട്ടികളുടെ നിലവാരം , പൊതുവിദ്യാലയങ്ങളിലെ പഠനമികവുകള്‍ ഒക്കെ നാട്ടില്‍ ചര്‍ച്ചയാകും
    • അണ്‍ എയ്ഡഡ് രക്ഷിതാക്കള്‍ പോലും തത്സമയ പ്രകടനങ്ങള്‍ക്ക് തങ്ങളുടെ കുട്ടിക്ക് കഴിവുണ്ടോ എന്നു പരിശോധിക്കും
    • പൊതുവിദ്യാലയങ്ങളിലെ നിലവാരത്തെ സംബന്ധിച്ച തിരിച്ചറിവ് അഡ്മിഷന്‍ കാമ്പെയിനാക്കി പഠനോത്സവത്തെ മാറ്റും
    • കുട്ടികള്‍ക്ക് പ്രാദേശിക സമൂഹത്തിന്റെ അംഗീകാരം ലഭിക്കും
    • പൊതുസദസ്സില്‍ നിസ്സങ്കോചം ആത്മവിശ്വാസത്തോടെ പരിപാടികള്‍ അവതരിപ്പിക്കാനുളള അവസരം കുട്ടികള്‍ക്കും ലഭിക്കും.
    • വിദ്യാലയത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് പ്രാദേശിക പിന്തുണ ലഭിക്കുന്നതിനുളള അനുകൂലമനോഭാവ സൃഷ്ടിയും നടക്കും.
ഉപജില്ലാതല മോണിറ്ററിംഗ് രീതി എപ്രകാരമാകണം?
ഓരോ വിദ്യാലയത്തിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഉപജില്ലാതലത്തില്‍ ആലപ്പുഴയില്‍ ശേഖരിക്കുന്നുണ്ട്. സ്കൂള്‍തല സംഘാടകസമിതി എന്നാണ്? പഠനോത്സവം എന്നാണ് എന്നിവ ക്രോഡീകരിക്കുന്നുണ്ട്. ഉദാഹരണം അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വിവരങ്ങള്‍ ചുവടെ
വിദ്യാലയം
സംഘാടകസമിതി യോഗം
പഠനോത്സവം നടത്തുന്ന തീയതി
തീരദേശ എല്‍ പി എസ് നീര്‍ക്കുന്നം
24.01.19
7.02.19
എച് ഐ എല്‍ പി എസ് നീര്‍ക്കുന്നം
23.01.19
6.02.19
എല്‍ പി എസ് കഞ്ഞിപ്പാടം
24.01.19
5.02.19
എസ് ഡി വി ജി യു പി എസ് നീര്‍ക്കുന്നം
24.01.19
5.02.19
എസ്‍ എന്‍ വി ടി ടി ഐ കക്കാഴം
22.01.19
6.02.19
ഓരോ വിദ്യാലയത്തിലെയും പഠനോത്സവ ഉളളടക്കം
തലവടി ബി ആര്‍ സിയില്‍ ഓരോ പഞ്ചായത്തിലെയും വിവിധ വിദ്യാലയങ്ങളിലെ പഠനോത്സവ ഉളളടക്കം ക്രോഡീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന തകഴി പഞ്ചായത്തില്‍ എല്‍ പി വിഭാഗത്തില്‍ കഥപറയല്‍, കവിതചൊല്ലല്‍, കവിപരിചയം, കൈയെഴുത്ത് മാസിക തയ്യാറാക്കി പ്രകാശിപ്പിക്കല്‍, മലയാളത്തിളക്കത്തില്‍ പങ്കെടുത്ത കുട്ടികളുടെ പുസ്തകവായന, നാടകം, വരികള്‍ കൂട്ടിച്ചേര്‍ക്കല്‍, തത്സമയസംഭാഷണം, , വായനക്കാര്‍ഡ് അവതരണം തുടങ്ങിയവ മലയാളത്തിലും റോള്‍ പ്ലേ, സ്കിറ്റ്, ഹു ആം ഐ, കഥപറയല്‍, വായനക്കാര്‍ഡുകള്‍ വായിക്കല്‍, സംഭാഷണം, തത്സമയനാടകം തുടങ്ങിയ ഇംഗ്ലീഷിലും ലഘുപരീക്ഷണങ്ങള്‍, ഔഷധസസ്യങ്ങള്‍ പരിചയപ്പെടുത്തല്‍, പ്രഥമശുശ്രൂഷ അവതരണം, ശാസ്ത്രബോധവത്കരണം തുടങ്ങിയവ ശാസ്ത്രത്തിലും പ്രായോഗികപ്രശ്നങ്ങള്‍, സ്ഥാനവില കണ്ടെത്തല്‍, സംഖ്യാകാര്‍ഡുകള്‍ ക്രമീകരിക്കല്‍,മാന്ത്രിക ചതുരനിര്‍മാണം തുടങ്ങിയവ ഗണിതത്തിലും നടക്കും. എല്ലാ പഞ്ചായത്തുകളിലെയും എല്‍ പി ,യു പി തലങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്. ഓരോ വിദ്യാലയത്തിലും ആസൂത്രണം ചെയ്തവയാണ് ഇങ്ങനെ ക്രോഡീകരിച്ചത്.
ആസ്വാദ്യവായന
  • ഇങ്ങനെ ക്രോഡീകരിക്കുമ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ കൂടി മനസിലാക്കണം. വിദ്യാലയം ചിന്തിക്കേണ്ടത്
  • കുട്ടികള്‍ കാണാതെ പഠിച്ച് അവതരിപ്പിക്കുകയാണോ അതോ രക്ഷിതാക്കള്‍ക്ക് ഇനം നിര്‍ദേശിക്കാന്‍ അവസരമുണ്ടോ?
  • സംവാദാത്മകമായ രീതിയാണോ?
  • കുട്ടികളുടെ പങ്കാളിത്തമെങ്ങനെ?
  • ഓരോ ക്ലാസിന്റെയും പങ്കാളിത്തമെങ്ങനെ?
  • എല്ലാ ക്ലാസിലും സാമന വിഷയങ്ങളില്‍ വൈവിധ്യമുണ്ടോ?
  • ഈ അവതരണം പ്രചോദനാത്മകമാണോ?

ഉപജില്ലാ ഓഫീസറുടെ അറിയിപ്പ്
ഇന്നു വാട്സാപ്പില്‍ ഷെയര്‍ ചെയ്തു കിട്ടിയതാണ്.
പ്രത്യേക അറിയിപ്പ്‌ -
28.1 .19 തിങ്കളാഴ്ച 10.30 ന് പ്രഥമാധ്യാപക യോഗം .
എല്ലാ പ്രഥമാധ്യാപകരും നിർബന്ധമായും പങ്കെടുക്കണം.
പഠനോത്സവം എന്നു നടത്തും, എന്തെല്ലാം തയാറെടുപ്പുകളായി, ഓരോ ക്ലാസിലെ ഓരോ കുട്ടിയും എന്തെല്ലാം പഠന മികവുകളാണ് അവ തരിപ്പിക്കുന്നത്, സ്വാഗതസംഘം എന്നു വിളിക്കും,ഏതെല്ലാം ജനപ്രതിനിധികളെ വിളിക്കും, എവിടെ വെച്ചാണ് നടത്തുന്നത്, ( കഴിയുമെങ്കിൽ പൊതു ഇടത്തു വെച്ചു നടത്തണം) അങ്ങനെ ചെയ്യാൻ പോകുന്ന എല്ലാ പ്രവർത്തനങ്ങളും എഴുതി തയാറാക്കി കൊണ്ടുവരണം. അവതരിപ്പിക്കണം.
ഡി .ഡി ഇ നിർദ്ദേശം നൽകിയതാണ്. ശനി, ഞായർ രണ്ടു ദിവസമുണ്ട്. അധ്യാപകരെ ശനി ഞായർ ദിവസങ്ങളിൽ കാണാൻ പറ്റുമെങ്കിൽ എല്ലാവരും കൂടി ചർച്ച ചെയ് ത് എഴുതുക അല്ലെങ്കിൽ ഫോണിൽ കൂടി സംസാരിച്ചു തീരുമാനിക്കുക. എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കണം.

പഠനോത്സവം ചിട്ടപ്പെടുത്തുന്നതിനും ആസൂത്രണാനുഭവങ്ങല്‍ പങ്കിടുന്നതിനും ഇത്തരം ഇടക്കാല യോഗങ്ങള്‍ നല്ലതാണ്. പത്ത് വിദ്യാലയങ്ങളിലെ പഠനോത്സവം കഴി‍ഞ്ഞാല്‍ അതിന്റെ അവലോകനം നടത്താനും ആലപ്പുഴ ജില്ലയിലെ ഓരോ ഉപജില്ലയും തീരുമാനിച്ചിട്ടുണ്ട്. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ വേണ്ടിയാണിത്. പഠനോത്സവാനന്തര പ്രവര്‍ത്തനപദ്ധതി തയ്യാറാക്കാന്‍ ശില്പശാലകളും വിവിധ തലങ്ങളില്‍ നടക്കും.
ഓരോ ക്ലാസിലും എന്തു നടക്കുന്നു? ഒരു സ്കൂളിന്റെ ആസൂത്രണം
മൂഹമ്മ സി എം എസ് എല്‍ പി സ്കൂളിലെ പഠനോത്സവ ആസൂത്രണം എങ്ങനെയെന്നു നോക്കാം.
ജനുവരി പതിനെട്ടാം തീയതിയാണ് അവിടെ എസ് ആര്‍ ജി കൂടിയത്
എസ് ആര്‍ ജി തീരുമാനങ്ങള്‍ ഇവയാണ്
  • ഡിവിഷന്‍ അടിസ്ഥാനത്തില്‍ ക്ലാസ് തല പഠനോത്സവങ്ങള്‍ ആദ്യം സംഘടിപ്പിക്കണം
  • നമ്മുടെ വിദ്യാലയം മികവിന്റെ കേന്ദ്രമാണെന്നും പഠനത്തിനെത്തുന്ന കുട്ടികള്‍ അറിവ് നിര്‍മിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന ധാരണ രക്ഷിതാക്കളില്‍ എത്തിക്കുന്നതിനുതകുന്ന രീതിയില്‍ ഒരു അക്കാദമിക ഉത്സവാന്തരീക്ഷം ഓരോ ക്ലാസിലും ഒരുക്കണം
  • ഓരോ ടീച്ചറും പഠനോത്സവത്തിനായി ഒരുക്കങ്ങള്‍ നടത്തണം
  • രക്ഷിതാവിന് മുന്നില്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ലിസ്റ്റ് ചെയ്യണം
  • ആത്മവിശ്വാസത്തോടെ കുട്ടികള്‍ക്ക് അവതരിപ്പിച്ച് വിജയിപ്പിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം
  • ക്ലാസ് തലത്തില്‍ എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തം നല്‍കണം
  • ഓരോ വിഷയം തിരിച്ച് ക്ലാസില്‍ കോര്‍ണറുകള്‍ ഒരുക്കി ഉല്പന്ന പ്രദര്‍ശനം നടത്തണം
  • പ്രദര്‍ശിപ്പിക്കുന്ന വിഷയങ്ങളെക്കുറിച്ച് രക്ഷിതാക്കളോട് വിശദീകരിക്കാന്‍ കുട്ടികള്‍ക്ക് കഴിയണം
  • ഓരോ ക്ലാസിലെയും മികച്ച പ്രവര്‍ത്തനങ്ങളാണ് സ്കൂള്‍ തല പഠനോത്സവത്തില്‍ അവതരിപ്പിക്കേണ്ടത്.
  • മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍
    • രക്ഷിതാക്കളെയും ജനപ്രതിനിധികളെയും ക്ഷണിക്കുന്നതിനുളള കത്ത് ഇംഗ്ലീഷിലും മലയാളത്തിലും കുട്ടികള്‍ തയ്യാറാക്കണം
    • പോസ്റ്ററുകള്‍ തയ്യാറാക്കി പതിക്കണം
    • വാട്സ് ആപ്പ് ക്ലാസ് ഗ്രൂപ്പുകളിലൂടെ പ്രചരണം
    • ബാനറുകള്‍
    • വിളംബര റാലി ( സ്കൂള്‍ തല പഠനോത്സവം)
    • ഫ്ലാഷ് മോബ്
  • പഠനോത്സവ തീയതികള്‍
    • ഫെബ്രുവരി മാസം നാല്, അഞ്ച്, ആറ്,ഏഴ് തീയതികളില്‍ ക്ലാസ് തല പഠനോത്സവങ്ങളും ഒമ്പതാം തീയതി സ്കൂള്‍ തല പഠനോത്സവവും നടത്തണം
  • സ്കൂള്‍ തല പഠനോത്സവം
    • കുട്ടികള്‍ നിര്‍മിച്ച പേപ്പര്‍ ബാഗുകള്‍ നല്‍കി സ്വീകരിക്കണം
    • ക്ലാസ് തല കോര്‍ണറുകളും എക്സിബിഷന്‍ കോര്‍ണറും വേണം
    • രക്ഷിതാക്കളെ പങ്കാളികളാക്കി ചെയ്യാവുന്ന ചില പ്രവര്‍ത്തനങ്ങളും വേണം (ഉദാ- വരയ്കാം സമ്മാനം വാങ്ങാം)
    • സ്കൂള്‍ ഈ വര്‍ഷം ഏറ്റെടുത്ത പത്ത് ഹരിതോത്സവങ്ങളുടെ അവതരണം കുട്ടികള്‍ നടത്തണം.
    • തുടര്‍ന്ന് ക്ലാസ് , വിഷയ പ്രാതിനിധ്യമുളള ഇനങ്ങള്‍
  • പഠനോത്സനത്തിനു ശേഷം ചേരുന്ന ആദ്യ എസ് ആര്‍ ജിയില്‍ പഠനോത്സവത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം.
ഓരോ ക്ലാസിലെയും വിഷയാടിസ്ഥാന മോഡ്യൂള്‍ എനിക്ക് തന്നു. ഒന്നാം ക്ലാസിലെ കുട്ടികള്‍ എന്താണ് അവതരിപ്പിക്കുക? ഞാന്‍ അതിവിടെ പങ്കിടാം. (ഉയര്‍ന്ന ക്ലാസുകളില്‍ ക്രമാനുഗതമായ വളര്‍ച്ച് പ്രതിഫലിപ്പിക്കുന്നുണ്ട്)
മലയാളം
ഇംഗ്ലീഷ്
ഗണിതം
വായനാനുഭവം പങ്കിടല്‍
ക്ലാസ് വാടനാചാര്‍ട്ട് പ്രദര്‍ശിപ്പിക്കും ( കുട്ടിയുടെ പേര, വായിച്ച പുസ്തകങ്ങളുടെ പേര്)
രക്ഷിതാവ് ക്ഷണിക്കുന്ന കുട്ടി നിര്‍ദേശിക്കുന്ന പുസ്തകത്തെക്കുറിച്ചുളള വായനാനുഭവം പങ്കിടും
രക്ഷിതാക്കള്‍ വിലയിരുത്തണം
  • വായനാസാമഗ്രിയുടെ ഉളളടക്കം ബോധ്യപ്പെടും വിധമായിരുന്നോ അവതരണം
  • മറ്റൊരാള്‍ക്ക് വായിക്കാന്‍ പ്രചോദകമാകുന്ന വിധമാണോ അവതരണം
  • മറ്റു സവിശേഷതകള്‍
Pick and speak
പവങ്ങള്‍, പച്ചക്കറികള്‍, കളിപ്പാട്ടങ്ങള്‍, പൂക്കള്‍ തുടങ്ങിയ വസ്തുക്കളോ ചിത്രങ്ങളോ ക്ലാസില്‍ ക്രമീകരിക്കുന്നു
അതില്‍ നിന്നും ഒന്നെടുത്ത് രണ്ടോ മൂന്നോ മിനിറ്റ് അതിനെക്കുറിച്ച് ഇംഗ്ലീഷില്‍ സംസാരിക്കണം.
രക്ഷിതാക്കള്‍ക്ക് നിര്‍ദേശിക്കാം
സംഖ്യാമരം
99വരെയുളള സംഖ്യകളാണ് എഴുതേണ്ടത്.
ഒരു വൃക്ഷം ക്ലാസില്‍ ക്രമീകരിക്കും
കട്ടൗട്ടുകള്‍ (
ഇലകളും കായ്കളും) പെട്ടിയില്‍.
ആര്‍ക്കും സംഖ്യപറയാം
കുട്ടികള്‍ വന്ന് കട്ടൗട്ട് എടുത്ത് അതില്‍ സംഖ്യ എഴുതി വൃക്ഷത്തില്‍ ഫിറ്റ് ചെയ്യും
കഥ വളര്‍ത്തല്‍
പരിചിതമല്ലാത്ത അഞ്ച് കഥകളുടെ ആദ്യഭാഗം, പഠിച്ച കഥയിലെ സംഭാഷണത്തിന്റെ ആദ്യഭാഗം, ചെറിയ കവിതയുടെ ആദ്യഭാഗം കാര്‍ഡില്‍ എഴുതി പെട്ടികളില്‍ വെക്കുന്നു.‍‍‍
കുട്ടികളെല്ലാവരും ഇഷ്ടപ്പെട്ട പെട്ടിയില്‍ നിന്നും ഓരോ കാര്‍ഡ് എടുത്ത് ബാക്കി ഭാഗം അവതരിപ്പിക്കുന്നു
രക്ഷിതാക്കള്‍ വിലയിരുത്തുന്നു
Introducing parents
കുട്ടികള്‍ സഹപാഠികളുടെ രക്ഷിതാക്കളോട് ചോദിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നു
എന്നിട്ട് ആ രക്ഷിതാവിനെ ഇംഗ്ലീഷില്‍ മറ്റുളളവര്‍ക്ക് പരിചയപ്പെടുത്തുന്നു
ചങ്ങാതിയെ കണ്ടെത്തല്‍
15നും 20 നും ഇടയ്കുളള സംഖ്യാവ്യാഖ്യാനങ്ങള്‍ എഴുതിയ കാര്‍ഡുകള്‍.
രണ്ടു സംഖ്യകള്‍ എഴുതാന്‍ കഴിയുന്ന കാര്‍ഡുകള്‍.
രക്ഷിതാവ് കാര്‍ഡ് കുട്ടികള്‍ക്ക് നല്‍കുന്നു.
രക്ഷിതാവ് നിര്‍ദേശിക്കുന്ന സംഖ്യ നടുവിലെ കോളത്തില്‍ എഴുതണം. ആ സംഖ്യയുടെ വ്യാഖ്യാനവും എഴുതണം
ആവശ്യപ്പെടുന്ന പക്ഷം സംഖ്യുടെ മുമ്പും പിമ്പുമുളള സംഖ്യകളും എഴുതണം
എന്റെ അനുഭവം
വ്യത്യസ്ത അനുഭവങ്ങളുടെ നറുക്ക് തയ്യാറാക്കുന്നു,
രക്ഷിതാവ് നറുക്കെടുത്ത് ഇഷ്ടമുളള കുട്ടിയെ ക്ഷണിക്കുന്നു. കുട്ടി നറുക്കുമായി ബന്ധപ്പെട്ട അനുഭവ വിവരണം നടത്തുന്നു.
രക്ഷിതാവിന് വിശദീകരണം തേടാം. രക്ഷിതാവിനും അനുഭവ വിവരണം നടത്താം.
Picture picture
രക്ഷിതാക്കളുടെയോ വിദഗ്ധരുടെയോ ഇംഗ്ലീഷിലുളള നിര്‍ദേശം പാലിച്ച് ചിത്രം പൂര്‍ത്തീകരിക്കുന്നു
കച്ചവടക്കളി
ചെറിയ വിലയുളള സാധനങ്ങള്‍
രണ്ടെണ്ണം രക്ഷിതാവിന് എടുക്കാം. കുട്ടികള്‍ ബില്ല് നല്‍കും
കൊറിയോഗ്രാഫി
വീട്, പൂക്കള്‍, മരങ്ങള്‍ എന്നിവയുടെ കട്ടൗട്ട് ക്രമീകരിച്ചിരിക്കുന്നു
നിര്‍ദേശിക്കുന്ന കുട്ടികള്‍ വന്ന കോറിയോഗ്രാഫി അവതരിപ്പിക്കുന്നു





മുകളില്‍ സൂചിപ്പിച്ച പ്രവര്‍ത്തനങ്ങളുടെ സവിശേഷതകള്‍ എന്താണ്?
  • കാണാപ്പാഠം പഠിപ്പിച്ചത് മുന്‍കൂട്ടി നിശ്ചയിച്ച കുട്ടി അവതരിപ്പിക്കുന്നില്ല
  • ഏതു കുട്ടി അവതരിപ്പിക്കണമെന്ന് രക്ഷിതാവിന് തീരുമാനിക്കാം
  • രക്ഷിതാവ് നിര്‍ദേശിക്കുന്നത് കുട്ടികള്‍ ചെയ്യും
  • ക്ലാസിലെ ഏതു കുട്ടിയെയും വിളിക്കാം ( ആത്മവിശ്വാസമുളള വിദ്യാലയം)
രണ്ടു ദിവസം വൈകിയാലും വേണ്ടില്ല
ഭംഗിയായി നടത്തണം.
എന്ന് തീരുമാനിക്കുക
ഈ വിദ്യാലയത്തില്‍ പ്രവേശിപ്പിക്കൂ
ഓരോ കുട്ടിക്കും ഉയര്‍ന്ന നിലവാരം ഉറപ്പ് 
എന്ന് പ്രഖ്യാപിക്കാനാകണം.
പഠനോത്സവ വേദിയില്‍ വെച്ചു തന്നെ പുതിയ അഡ്മിഷനുളള അപേക്ഷാ സ്വീകരണവും ആലോചിക്കാവുന്നതാണ്.

2 comments:

SIDIN KAYANNA said...

എന്റെ വിദ്യാലയത്തിൽ പഠനോത്സവം നടക്കുന്നത് 6 പ്രദേശങ്ങയിലെ 6 വീട്ട് മുറ്റങ്ങളിലാണ് ജനുവരി - 28 മുതൽ - ഫെബ്രു- 2 വരെ CPTA വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചതിന് ശേഷം ഓരോ പ്രദേശത്തെയും രക്ഷിതാക്കൾ ഗ്രൂപ്പുകളായി തിരിഞ്ഞ് സ്വാഗത സംഘം ഉണ്ടാക്കി. ഓരോ ഗ്രൂപ്പിനും ഓരോ അധ്യാപകർക്ക് ചുമതല. Srg യിൽ 5 കേന്ദ്രങ്ങളായിരുന്നു തീരുമാനിച്ചത്. രക്ഷിതാക്കൾ ഒരു കേന്ദ്രം കൂടി ആവശ്യപ്പെട്ടു.ഓരോ പ്രദേശത്തെയും വീടുകളിൽ കയറി നാട്ടുകാരെ ക്ഷണിക്കുന്നത് അമ്മമാർ ചേർന്ന് ...

drkaladharantp said...

നന്നായി
തീര്‍ച്ചയായും നല്ല പ്രതികരണം ലഭിക്കും
ആശംസ