ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, June 15, 2019

പൊതുവിദ്യാലയങ്ങളിൽ നിശ്ശബ്ദവസന്തം


പൊതുവിദ്യാലയങ്ങൾ മാറുകയാണ്. സർക്കാർ സ്കൂളുകൾ രണ്ടാംതരം പൗരന്മാരെയാണ് സൃഷ്ടിക്കുന്നതെന്ന പൊതുബോധത്തിനും വലിയ മാറ്റം വന്നിരിക്കുന്നു. സർക്കാർ, എയ്ഡഡ് സ്കൂളുകൾ അടച്ചുപൂട്ടലിന്റെ മുനമ്പിലായിരുന്ന കാലത്തുനിന്ന് കേരളം അതിവേഗം ബഹുദൂരം മുന്നേറി എന്നു വ്യക്തമാക്കുന്നതാണ് സർക്കാരിന്റെ ആറാം പ്രവൃത്തിദിന കണക്കെടുപ്പ്.
ഈ വർഷം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ 1.63 ലക്ഷം വിദ്യാർഥികളാണ് കൂടുതൽ ചേർന്നിട്ടുള്ളത്. ആകെയുള്ള 37.16 ലക്ഷം വിദ്യാർഥികളിൽ 11.69 ലക്ഷം സർക്കാർ മേഖലയിലും 21.58 ലക്ഷം എയ്ഡഡ് മേഖലയിലുമാണ്. അൺ എയ്ഡഡിൽ 3.89 ലക്ഷം കുട്ടികളുണ്ട്. ഈവർഷം 38,000 കുട്ടികളാണ് അൺ എയ്ഡഡിൽ കുറഞ്ഞത്. പൊതുവിദ്യാലയങ്ങൾ തിരിച്ചുപിടിക്കുകയെന്ന സർക്കാർനയം വലിയ വിജയം നേടിയിരിക്കയാണെന്ന പ്രകടമായ സൂചനയാണിത്. മൂന്നുവർഷം പിന്നിട്ട പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് മികച്ച ഫലം കണ്ടുതുടങ്ങി എന്നർഥം.
ആഗോളീകരണത്തിന്റെ ഭാഗമായി തൊണ്ണൂറുകളുടെ തുടക്കംമുതൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തഴച്ചുവളർന്നതോടെ സർക്കാർ നേരിട്ടുനടത്തുന്ന പൊതുവിദ്യാലയങ്ങൾ ദൈന്യത്തിന്റെ പ്രതീകങ്ങളായി മാറി.
പൊട്ടിപ്പൊളിഞ്ഞ, നല്ല ബെഞ്ചും ഡെസ്കുമില്ലാത്ത, നല്ല ശൗചാലയങ്ങളില്ലാത്ത, വലിയ വിജയങ്ങളില്ലാത്ത, മലയാളംമാത്രം സംസാരിക്കുന്ന, സമരങ്ങൾ നടക്കുന്ന ഇടമെന്ന പ്രതിച്ഛായയായിരുന്നു പൊതുവിദ്യാലയങ്ങളുടേത്. സമരങ്ങളില്ലാത്ത, ഇംഗ്ലീഷ് സംസാരിക്കുന്ന, വലിയ സൗകര്യങ്ങളും വലിയ ഫീസും വാങ്ങുന്ന സ്വകാര്യ സ്കൂൾ സംരംഭങ്ങൾക്ക് മുന്നിൽ പൊതുവിദ്യാലയം എന്നത് പരാജയത്തിന്റെ പ്രതീകമായി. അതാണ് ഇപ്പോൾ പഴങ്കഥയായി മാറിയത്.
പൊതുവിദ്യാലയം എന്നത് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന യത്നമാണ് ഇവിടെ വിജയം കണ്ടത്. ഏതു സ്വകാര്യ വിദ്യാലയത്തോടും കിടപിടിക്കാൻ ശേഷിയുള്ള ഒന്നായി പൊതു വിദ്യാലയത്തെ മാറ്റിയെടുക്കാൻ കഴിയുമെന്ന് തെളിയിക്കാനായത് സർക്കാരിന്റെ നിശ്ചയദാർഢ്യം തന്നെയാണ്. വിദ്യാഭ്യാസരംഗത്ത് ഒരു നിശ്ശബ്ദ വിപ്ലവത്തിനുതന്നെയാണ് ഇതു വഴിയൊരുക്കിയിരിക്കുന്നത്. കേരളത്തിന് എന്തുകൊണ്ടും അഭിമാനിക്കാവുന്ന നേട്ടമാണിത്.
പരീക്ഷാഫലത്തിലും പൊതുവിദ്യാലയങ്ങൾ നല്ലമാറ്റം കാഴ്ചവെക്കുന്നുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിൽ സർക്കാർ, എയ്ഡഡ് മേഖലയിൽ 2017-829 വിദ്യാലയങ്ങൾ 100 ശതമാനം വിജയം നേടിയപ്പോൾ 2018-ൽ അത് 1176-ഉം 2019-1312 -ഉം ആയി വർധിച്ചിട്ടുണ്ട്. തീർത്തും മത്സരാധിഷ്ഠിതമായ ലോകത്ത് പൊതുവിദ്യാലയങ്ങൾക്ക് കൈവന്ന ഈ നവോന്മേഷം നിലനിർത്തുകയെന്നത് പ്രധാനമാണ്. പൊതുജന പങ്കാളിത്തവും തദ്ദേശസ്ഥാപനങ്ങളുടെ സക്രിയമായ ഇടപെടലും ഇതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതു തുടർന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.
അടിസ്ഥാനസൗകര്യങ്ങൾ വളർത്തിയെടുക്കാൻ ആവശ്യമായ നിക്ഷേപം പൊതുവിദ്യാലയങ്ങളിൽ അനിവാര്യമാണ്. കമ്പോളത്തിലെ ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്താനാവില്ല. ഭാവിയുടെ നിക്ഷേപമാണ് അവിടെ നടക്കുന്നത്. പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുകയെന്നത് വിദ്യ നേടാനുള്ള ഏതൊരു വിദ്യാർഥിയുടെയും അവകാശം സംരക്ഷിക്കുക എന്നതുതന്നെയാണ്. അതു പണംകൊടുത്ത് വിദ്യ വാങ്ങാൻ ശേഷിയുള്ളവർക്ക് മാത്രമായിക്കൂടാ. സമൂഹത്തെ ആഴത്തിൽ വിഭജിക്കുന്നതിനു മാത്രമേ അതു വഴിയൊരുക്കൂ. പൊതുവിദ്യാലയങ്ങൾ സംരക്ഷിച്ചെങ്കിൽമാത്രമേ ഈ വിഭജനത്തിന്റെ മുറിവുകൾ നമുക്ക് തുടച്ചുനീക്കാനാവൂ. സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആ വഴിയിലെ മാർഗദീപമായി മാറട്ടെ.
(14 Jun 2019,  ന് മാതൃഭൂമി എഴുതിയ എഡിറ്റോറിയല്‍ ആണിത്)

 

No comments: