ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, August 17, 2019

നന്മയുടെ പാഠങ്ങള്‍

"മുഖ്യമന്ത്രിക്ക് പൈസ ഇടല്ലേ..ഇടല്ലേ എന്നു നിങ്ങൾ നിലവിളിക്കുന്നില്ലേ..അതിനെ പറ്റിയാ...
കഴിഞ്ഞ പ്രളയകാലത്താണ്..
CUSAT ഇൽ ക്യാമ്പ് നടക്കുന്ന സമയം. എന്റെ താമസവും ജോലിചെയ്യുന്ന ബ്രാഞ്ചും എല്ലാം CUSAT നു അടുത്തുള്ള കങ്ങരപ്പടി എന്ന സ്ഥലത്തതാണ്.സാധാരണക്കാരാണ് കൂടുതലും.ഒരു ദിവസംപ്രായമുള്ള ഒരമ്മ ബാങ്കിലേക്ക് കേറി വന്നു.ആ വരലും നിപ്പും ഒക്കെ കണ്ടാ അറിയാം,ആദ്യമായാണ് ബാങ്കിനുള്ളിലേക്ക് കേറുന്നത് എന്ന്‌.അടുത്ത് ചെന്ന് ഞാൻ കാര്യം തിരക്കി."
വെള്ളം കേറി ദുരിതപ്പെടുന്നവർക് മുഖ്യമന്ത്രിയുടെ ആ ഫണ്ടില് ഇവിടെ പൈസ ഇടാൻ പറ്റുമോ മോളേ..കുറച്ചു പൈസ ഉണ്ട് കയ്യിൽ..പെട്ടെന്ന് എന്തേലും ആപത്ത് പറ്റിയാ പുള്ളകൾക്(പുള്ള എന്നാൽ മോൻ/മോള് എന്നൊക്കെയാ ഇവിടുത്തെ നാട്ടുഭാഷയിൽ) ഒരു സഹായമാട്ടേന്നു കൂട്ടി വച്ചതാ..ഇതിപ്പോ വെള്ളം കേറി ഒഴുകിപ്പോനാ
വിധിയെങ്കിൽ,ഇതു പെട്ടീലിരുന്നാ ആർക്കു ഗുണം..?
പുള്ള ഇതങ്ങിട്ടെരെ..ന്ന് ഒരു പ്ളാസ്റ്റിക് കവർ എനിക്ക് നീട്ടി ആ 'അമ്മ.
"ഇതെത്ര രൂപയുണ്ട്.."
അറിയില്ല..വീട്ടിലിരുന്നു എണ്ണിപെറുക്കിയാ പുള്ളോള് കാണും..പിന്നീ ഇടല് നടക്കൂല്ല.."ഞാനേ ആശോത്രി പോകാൻ ഇറങ്ങിയതാ
ഒരു രസീത് പൂരിപ്പിക്കണം..
അമ്മേടെ ഒരു ഒപ്പ് വേണം..
".. അതൊന്നും വേണ്ട ...പുള്ള ഇതെങ്ങിട്ടാൽ മതി."
ഒടുവിൽ ഞാൻ നിർബന്ധിച്ച് വൗച്ചറിൽ പേരും ഒപ്പും വാങ്ങി,ആശുപത്രിയിൽ നിന്ന് തിരികെ വരും വഴി വന്നു രസീതു വാങ്ങി കൊള്ളാം(വാങ്ങിയില്ലെങ്കിൽ അതു എന്റെ ജോലിയെ ബാധിക്കും എന്നു പറഞ്ഞോണ്ട്‌ മാത്രം സമ്മതിച്ചു)എന്ന ഉറപ്പിൻ മേൽ ആളെ വിട്ടു..
അകത്തു കൊണ്ടുപോയി പൊതി തുറന്നു.
കുറേ പേപ്പർ പൊതികളിലായിരുന്ന നോട്ടുകൾ എല്ലാം കൂടി എന്നീ എടുത്തപ്പോൾ,44100/-രൂപ..!!
ഒരു പക്ഷെ ഇത്രേം രൂപ ഉണ്ടന്ന് ആ അമ്മക്കു അറിയിലെങ്കിലോ...എന്തോ ഞാൻ ആ പൈസ ഇട്ടില്ല...
കുറേ കഴിഞ്ഞ്പ്പോൾ ആളെത്തി.
"അമ്മേ ഇതു ഇത്തിരി കൂടുതൽ ഉണ്ടല്ലോ..ഇത്രേം ഇടണോ..?
"എല്ലാങ്കുടെ എത്രെണ്ട്‌.."
"44100/-"
ന്റെ പുള്ളേ.. അവറ്റോൾടെ നെലവിളീം കഷ്ടപ്പാടും നമ്മളും കാണുന്നതല്ലേ ടീവീല്..
ഈ പൈസകൊണ്ടു എന്താവാനാ..
അതങ്ങു ഇട്ടേരെ..
അവരുടെ കണ്ണു നിറഞ്ഞു..
എന്റേം.
അകൗണ്ടിൽ ക്യാഷ് ഇട്ട് രസീതും കൊണ്ടു പുറത്തിറങ്ങി ചെന്നു..കൈകൾ കൂട്ടി പിടിച്ച് കണ്ണ് ചേർത്തു..
പോകാനിറങ്ങിയപ്പോ വീണ്ടും ഓർമിപ്പിച്ചു "പുള്ളോള് അറിയേണ്ട.അവർക്ക് ഇഷ്ടപ്പെട്ടില്ലെലോ.."
സത്യം..അവരുടെ പേരോ എന്തിന് മുഖം പോലും എനിക്ക് നന്നായി ഓർക്കാൻ പറ്റുന്നില്ല.
പക്ഷെ,പെട്ടീല് സൂക്ഷിച്ചു വച്ചിരുന്ന ആ നോട്ടുകളുടെ മണോം, തൊണ്ട ഇടറി പറഞ്ഞ വാക്കുകളും ഇപ്പോഴുംഉണ്ട് ഉള്ളിൽ.
അവരെപ്പോലുള്ളവരുടെ നാടാണ് കേരളം...
നമ്മൾ കരകേറുക തന്നെ ചെയ്യും.."
( ബാങ്ക് ഉദ്യോഗസ്ഥയായ വസുജ കുറിച്ചത്)
2






 3
കൊച്ചി; ടിവിയിൽ പ്രളയകെടുതി കാണുന്നതിനിടെയാണ്‌ കുഞ്ഞുവിഘ്‌നേശ്വർ  തന്റെ സൈക്കിൾ മോഹം ഉപേക്ഷിച്ചത്‌.  ‘എനിക്ക് സൈക്കിൾവേണ്ട . അതിനുള്ള പൈസ നമുക്ക്‌ ദുരിതാശ്വാസത്തിന്‌ കൊടുക്കാം’. വിഘ്‌നേശ്വർ അച്‌ഛനോട്‌ പറഞ്ഞു.കഴിഞ്ഞ ഒരു വർഷമായി സൈക്കിൾ വാങ്ങിക്കുന്നതിനായി കുടുക്കയിൽ ശേഖരിച്ച നാണയതുട്ടുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത് . രാവിലെ പള്ളുരുത്തി പബ്ലിക്ക് ലൈബ്രറിയിൽ വെച്ച് ജോൺ ഫെർണാണ്ടസ് എംഎൽഎ വിഘ്‌നേശ്വറിൽ  നിന്ന് ഫണ്ട് ഏറ്റുവാങ്ങി. 4080 രൂപയുണ്ടായിരുന്നു .
 4
 ഡോ തോമസ് ഐസക്ക് കുറിക്കുന്നു
തിരുവനന്തപുരം കോർപറേഷനിൽ പരിചയപ്പെട്ട ശ്യാം കുമാർ എന്ന സന്നദ്ധപ്രവർത്തകനെ കേരളമറിയണം. എംജി കോളജിലെ സൈക്കോളജി വിദ്യാർത്ഥിയാണ്. മുറിച്ചു കളഞ്ഞ വലതുകാലിനുപകരം കൃത്രിമകാലുപയോഗിച്ചാണ് നടക്കുന്നത്. ശരീരത്തിൽ ഡയാലിസിസിനാവശ്യമായ അഡാപ്റ്റർ ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ‍ ഇടവിട്ട് ട്യൂബിട്ട് മൂത്രം എടുക്കണം. ഇതിനോടകം കഴിഞ്ഞത് പതിനാലു ശസ്ത്രക്രിയകൾ. എന്നാൽ ശരീരത്തിൻ്റെ ഈ പരിമിതികളൊന്നും വകവെയ്ക്കാതെ പ്രളയദുരിതാശ്വാസത്തിനുള്ള കളക്ഷൻ ക്യാമ്പിൽ തന്നാലാവുംവിധം കൈമെയ് മറന്ന് അധ്വാനിക്കുകയാണ് ശ്യാം. ശ്യാമിനെപ്പോലുള്ള നന്മയുടെ തുടിപ്പുകളാണ് അതിജീവനത്തിന്റെ തോണി തുഴയുന്നത്. അതു ലക്ഷ്യം കാണുകതന്നെ ചെയ്യും.
ഞാൻ ചെല്ലുമ്പോൾ വിവിധ സ്ഥലത്തേക്കു കൊണ്ടുപോകാനായി ദുരിതാശ്വാസ സാമഗ്രികൾ‍ പായ്ക്കു ചെയ്യുകയാണ് ശ്യാം കുമാർ. വലതു കാലിനുപകരം കൃത്രിമ കാലുപയോഗിച്ചു നടക്കുന്നു എന്ന കൗതുകത്തിലാണ് ശ്യാമിനോട് സംസാരിച്ചത്. ഈ കൃത്രിമ കാലുപയോഗിച്ച് അടുത്തകാലം വരെ സൈക്കിൾ ചവിട്ടുകയും നീന്തുകയുമൊക്കെ ചെയ്യുമെന്നറിയുമ്പോൾ സ്വാഭാവികമായും ആദരവും വിസ്മയവും തോന്നുമല്ലോ. കാട്ടാക്കടയിലെ വീട്ടിൽ‍ നിന്ന് തിരുവനന്തപുരം നഗരത്തിലേക്കു മാത്രമല്ല, പുറം ജില്ലകളിലേക്കു വരെ ശ്യാം സൈക്കിൾ‍ ചവിട്ടി പോയിട്ടുണ്ട്. ഈ അവസ്ഥയിലും തെങ്ങു കയറാനും ഫുട്ബോൾ‍ കളിക്കാനുമൊക്കെ ശ്യാമിന് ആവേശമായിരുന്നു.
പക്ഷേ, കൂടുതൽ സംസാരിച്ചപ്പോൾ കൌതുകം, അമ്പരപ്പും സങ്കടവും വേദനയും അത്ഭുതവുമൊക്കെയായി കൂടിക്കുഴഞ്ഞു. ശ്യാമിൻ്റെ ശരീരത്തിൽ‍ മൂന്നു വൃക്കകളുണ്ട്. ഡ്യൂപ്ലെക്സ് സിസ്റ്റം എന്ന് വൈദ്യശാസ്ത്ര വിദഗ്ധർ പറയും. വലതുവശത്ത് രണ്ടുവൃക്കകൾ‍ ഒന്നിനു മുകളിൽ‍ ഒന്നായി സ്ഥിതി ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇവയുടെ പ്രവർ‍ത്തനം സാധാരണനിലയ്ക്കല്ല.
ശ്യാമിൻ്റെ മൂത്രസഞ്ചിക്കാകട്ടെ മൂന്നു വയസ്സുകാരൻ്റെ മൂത്രസഞ്ചിയുടെ വലുപ്പമേയുള്ളു. അതിനാൽ വൃക്കകളിൽ‍ നിന്ന് മൂത്രസഞ്ചിയിലെത്തുന്ന മൂത്രം കവിഞ്ഞ് തിരികെ വൃക്കകളിലേക്കു പടരും. റിഫ്ലെക്ട് ആക്ഷൻ‍ എന്നാണ് ഇതിനു പറയുന്നതെന്ന് ശ്യാം തന്നെ വിശദീകരിച്ചു തന്നു. ഇതുമൂലം മൂന്നാമത്തെ വൃക്കയും തകരാറിലായി. ട്യൂബ് ഉപയോഗിച്ചാണ് ഇപ്പോൾ‍ മൂത്രം പുറത്തേക്കെടുക്കുന്നത്.
ശ്യാമിൻ്റെ വലതുകാൽ‍ ജന്മനാ മടങ്ങിയ സ്ഥിതിയിലായിരുന്നു. കാല്‍ നിവർ‍ത്താനാകാതെ വന്നപ്പോൾ‍ ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തു. പത്താമത്തെ വയസ്സിലായിരുന്നു കാല്‍ മുറിച്ചുമാറ്റിയത്.
ഇതിനോടകം പതിനാല് ശസ്ത്രക്രിയകൾ‍ നടത്തിക്കഴിഞ്ഞു. ആദ്യത്തെ പന്ത്രണ്ടെണ്ണത്തിനും ആരുടേയും സഹായം തേടിയില്ല. പക്ഷേ, പണച്ചെലവുണ്ടായ പതിമൂന്നും പതിനാലും ശസ്ത്രക്രിയകൾ‍ക്ക് മറ്റുള്ളവരുടെ സഹായം തേടേണ്ടി വന്നു. അച്ഛൻ ശ്രീകുമാർ കൂലിപ്പണിക്കാരനാണ്. കഴിഞ്ഞ മൂന്നുമാസമായി കോളജിൽ‍ പോകുമ്പോഴും മറ്റും മൂത്രം പോകാനുള്ള ട്യൂബും സഞ്ചിയുമൊക്കെ ശരീരത്തിലുണ്ടാകും.
ഇപ്പോൾ‍ കഠിനമായ പ്രവൃത്തികളൊന്നും ചെയ്യാൻ‍ ശ്യാമിനാകില്ല. ഭാരമൊന്നും ഉയർ‍‍ത്താനാകില്ല. കളക്ഷൻ‍ സെൻ്ററിൽ പായ്ക്കിംഗും കോർഡിനേഷനുമായി ശ്യാം ഓടിനടക്കുന്നു. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ഉറക്കമിളച്ചുള്ള പണി.
രോഗത്തിൻ്റെ മൂർ‍ധന്യാവസ്ഥ കാരണം ഇപ്പോൾ‍ സൈക്ലിംഗ് ഒന്നും ചെയ്യാനാകുന്നില്ലെന്നു പറയുമ്പോൾ‍ ശ്യാമിൻ്റെ കണ്ണു നിറയുകയും വാക്കുകൾ‍ ഇടറുകയും ചെയ്യുന്നുണ്ട്. രണ്ടാഴ്ച ഒരേ കിടപ്പായിരുന്നു. ഇനി ചെയ്യേണ്ട ശസ്ത്രക്രിയക്ക് വളരെ വലിയ തുക വേണം. അത് സങ്കീർ‍ണമാണ്. വൃക്കകളുടെ പ്രവർ‍ത്തനം ഇപ്പോൾ‍ 23 ശതമാനം മാത്രമാണ്. 20 ശതമാനത്തിലേക്കു താഴ്ന്നാൽ‍ ഡയാലിസിസ് വേണ്ടിവരും. പല രോഗങ്ങൾക്കായി 30 ഗുളികയോളം ശ്യാം കഴിക്കുന്നുണ്ട്. എന്നിട്ടും തളരാതെയാണ് ട്യൂബ് ഘടിപ്പിച്ച ശരീരവുമായി ശ്യാം ദുരിതാശ്വാസ ക്യാംപിൽ‍ ഓടി നടക്കുന്നത്.
ആ മനക്കരുത്തിനു മുന്നിൽ വിസ്മയം പൂകാനേ കഴിയൂ. ഇതുപോലുള്ള മനുഷ്യരുടെ ആത്മബലത്തോടെ കേരളം കരകയറുക തന്നെ ചെയ്യും.
ശ്യാമിൻ്റെ നമ്പർ‍: 7907424988
 5

നന്മയുടെ പാഠങ്ങള്‍ പങ്കിടാം.

1 comment:

Preetha Tr said...

സാധാരണക്കാരുടെയും സാമ്പത്തിക പിന്നോക്കാവസ്ഥയിൽ നീറിജീവിയ്ക്കുന്നവരുടേയും നന്മകളുടെ മറവിൽ കള്ളത്തരങ്ങളും ചൂതാട്ടവും അഴിമതിയും ഉണ്ടാകില്ലെങ്കിൽ നന്മകൾക്ക് എന്നും വിലയുണ്ടാകും. അല്ലെങ്കിൽ ആ നന്മകളും പ്രളയത്തിലെ കുത്തൊഴുക്കിൽ ഒലിച്ചുപോകും. തങ്ങൾ വഞ്ചിയ്ക്കപ്പെടുന്നു എന്ന തോന്നൽ സത്യമാണെന്ന് തെളിഞ്ഞാൽ നന്മയുള്ളവർ എന്ന് വിചാരിക്കുന്ന പ്രബുദ്ധ ജനത ഉത്തരവാദിത്തപ്പെട്ട ഗവൺമെന്റിനൊപ്പം ഉണ്ടാവുമോ എന്ന് സംശയമാണ്