ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, January 7, 2024

കേട്ടറിവിൽ തുടങ്ങിയ ഒന്നാം ക്ലാസ്

  • ഒന്നാം  ക്ലാസിലെ അവധിക്കാല പരിശീലനം ലഭിച്ചില്ല
  • കേട്ടറിവ് വെച്ച് തുടങ്ങി
  • രണ്ടാം ടേമിൽ ഡി ആർ ജി ആയതിന് ശേഷമാണ് വ്യക്തതയുണ്ടായത്.
  • ഡിആർ ജി എന്ന നിലയിൽ പരിശീലനം നൽകിയപ്പോൾ ''ഇതൊന്നും നടക്കുന്ന കാര്യമല്ല ടീച്ചറേ " എന്ന പ്രതികരണം ഉണ്ടായി. ജൂൺ മുതൽ നടത്തേണ്ടവ നടത്താത്ത ചിലരും ഉണ്ടായിരുന്നു.
  • വൈകിയാണ് പലതും തുടങ്ങിയത്. എങ്കിലും അഭിമാനം
"സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനത്തിന് ചെന്നപ്പോൾ ബുദ്ധി കുറവ് ഉണ്ട് എന്ന് പറഞ്ഞ് പ്രവേശനം നിരസിച്ച ഒരു വിദ്യാർത്ഥി എൻ്റെ ക്ലാസിലുണ്ട് . ദേ ആ കുട്ടിയുടെ രചനകളാണിവ " ലിഷ ടീച്ചർ തെളിവ് പങ്കിട്ടു. ബേള ഗവ.വെൽഫെയർLPS ൽ ജനുവരി 6 ന് നടന്ന അധ്യാപക സംഗമത്തിൽ .അത് വായിക്കൂ

"കേരളത്തിന്റെ ഏറ്റവും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗവ. എൽപിഎസ് കുഞ്ചത്തൂരിൽ ഇക്കൊല്ലം ജൂൺ മാസത്തിൽ സ്ഥലംമാറ്റം ലഭിച്ച് ചെല്ലുമ്പോൾ ഒന്നാം ക്ലാസ് ചാർജ് ലഭിക്കുന്നു. 

കഴിഞ്ഞ വെക്കേഷനിൽ അധ്യാപക പരിശീലനത്തിൽ മൂന്നാം ക്ലാസിലേക്ക് ആണ് പരിശീലനം ലഭിക്കുന്നത്. അതിനാൽ ഒന്നാം ക്ലാസ് ചാർജ് വളരെ ആശങ്കയോടെയാണ് ഏറ്റെടുക്കുന്നത്.  ഭാഷാ ന്യൂനപക്ഷ പ്രദേശത്ത്  മലയാളം പഠിപ്പിക്കുന്നതിൽ വളരെയേറെ പ്രതിസന്ധികൾ നേരിടേണ്ടി വരികയും ചെയ്തു. 

പ്രധാനമായും രക്ഷകർത്താക്കൾക്ക് മലയാളഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള അറിവില്ലായ്മ പ്രതിസന്ധി സൃഷ്ടിക്കുന്നുവെങ്കിലും ഒന്നാം ക്ലാസിലെ എല്ലാ വിദ്യാർത്ഥികൾക്കും ഭാഷാപരിജ്ഞാനം ലഭ്യമാക്കുക എന്നത് വെല്ലുവിളിയായി തന്നെ ഏറ്റെടുത്തു.

  • ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം വ്യത്യസ്തമായിരുന്നു. 
  • അവരുടെ സാമ്പത്തിക നിലയും വ്യത്യസ്തമായിരുന്നു. 
  • രക്ഷകർത്താക്കളുടെ ഭാഗത്തുനിന്നും കുട്ടികളുടെ പഠനകാര്യത്തിലുള്ള പിന്തുണയും കുറവാണ്. 
  • അതിനാൽത്തന്നെ കുട്ടികൾക്കുള്ള പഠന പ്രവർത്തനങ്ങൾ ക്ലാസ് റൂമിൽ തന്നെ നിർവഹിക്കുന്നതിനുള്ള സാഹചര്യം  ഉണ്ടാക്കിയിരുന്നു. 
  • ജൂലൈ മാസത്തിൽ സംയുക്ത ഡയറി പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ഡയറി എഴുതുന്നതിന് നോട്ടുബുക്കുകൾ കൊണ്ടുവരണമെന്ന് പറഞ്ഞപ്പോൾ രണ്ടു കുട്ടികൾ മാത്രമാണ് ആദ്യം കൊണ്ടുവന്നത്. ബാക്കിയുള്ള കുട്ടികൾക്ക് സാമ്പത്തിക പരാധീനത തന്നെയായിരുന്നു പ്രധാന തടസ്സം. അതിനാൽ അവർക്ക് അധ്യാപിക തന്നെ വാങ്ങി നൽകുകയുണ്ടായി.
  •  സംയുക്ത ഡയറി പ്രവർത്തനത്തിന്റെ ഫല സിദ്ധിയുടെ കാര്യത്തിൽ തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ സചിത്ര പുസ്തക രചനയിലൂടെ അത്തരം ആശങ്കകൾ ഇല്ലാതാകുകയും കുട്ടികളുടെ പഠനനിലവാരം ഉറപ്പായും ഉയർത്താൻ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടാവുകയും ചെയ്തു. 
  • ആദ്യകാലങ്ങളിൽ വിവിധ വാട്സപ്പ് ഗ്രൂപ്പുകളിൽ ലഭ്യമായിരുന്ന ഫ്രെയിം വർക്കുകളുടെ സഹായത്തോടെയാണ് എന്റെ ക്ലാസുകൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിരുന്നത്. 
  • ഒന്നാം പാദ പരീക്ഷയിൽ കുട്ടികളുടെ പ്രകടനത്തിൽ എനിക്ക് തൃപ്തി വരാത്തതിനാൽ, കുട്ടികളുടെ പ്രകടനം മികച്ചതാക്കുന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണത്തിന് മുതിരുകയും ചെയ്തു.
  • അപ്പോഴാണ് ഒന്നാം ക്ലാസ് ഡി ആർ ജി പരിശീലനത്തിന് അവസരം ലഭിച്ചത്. 
  • ഡി ആർ ജിയിലും ക്ലസ്റ്ററിലും ലഭിച്ച പരിശീലന പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിൽ വരുത്തുന്നതിനുമുള്ള എല്ലാ സംശയങ്ങളും അവസാനിപ്പിച്ചു.
  •  ക്ലസ്റ്റർ പരിശീലനത്തിനുശേഷം പഠന പ്രവർത്തനങ്ങൾ പൂർണമായും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ക്ലാസ് പിടിഎ വിളിക്കുകയും രക്ഷിതാക്കൾക്ക് സംയുക്ത ഡയറി, സചിത്ര പുസ്തകം എന്നീ പഠന പ്രവർത്തനങ്ങൾ കൊണ്ട് വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചും ഇത്തരം പ്രവർത്തനങ്ങൾ വിജയകരമാക്കുന്നതിന് രക്ഷിതാക്കളുടെ പങ്കും അവരുടെ പിന്തുണ ഏത് നിലയ്ക്ക് ഉണ്ടാകണം എന്നതിനെ കുറിച്ചും ബോധവൽക്കരണം നടത്തി. 
  • പഠന സാമഗ്രികൾ, വിദ്യാർത്ഥികളെ കൂടി പങ്കാളികളാക്കിക്കൊണ്ട് തയ്യാറാക്കിയതിന്റെ ഫലമായി വിദ്യാർത്ഥികൾക്ക് പാഠഭാഗം കൂടുതൽ ഹൃദിസ്ഥമാക്കുന്നതിന് ഉപകാരപ്പെട്ടു. 
  • തുടർന്ന് രണ്ടാം ക്ലസ്റ്റർ പരിശീലനത്തിലൂടെ ഭാഷോത്സവ പ്രവർത്തനങ്ങൾ ആരംഭിച്ചു. മുതിർന്ന ക്ലാസിലെ വിദ്യാർത്ഥികളുടെ പിന്തുണയോടു കൂടി കൂട്ടെഴുത്ത് പ്രവര്‍ത്തനം സുഗമമാക്കാൻ കഴിഞ്ഞു. 
  • കുട്ടികൾ തയ്യാറാക്കിയ ഡയറിക്കുറിപ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവ പുസ്തകരൂപത്തിൽ തയ്യാറാക്കി. 
  • 'മുകുളം' എന്ന പേരിൽ പുസ്തക പ്രകാശനം 2023 ഡിസംബർ നാലിന് നടത്തി. 
  • മഞ്ചേശ്വരം ബി ആർ സി കോര്‍ഡിനേറ്റർ ശ്രീമതി. പ്രസന്ന പരിപാടിയിൽ പങ്കെടുത്തു. പ്രധാന അധ്യാപകൻ ശ്രീ. എച്ച്. രാധാകൃഷ്ണ പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു.  
  • ഭാഷോത്സവ പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പത്രം 'ബാല ലോകം' എന്ന പേരില്‍ സ്കൂൾ അസംബ്ലിയിൽ വച്ച് പുറത്തിറക്കി.  പ്രസിദ്ധീകരിച്ച പത്രം സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
  • തുടർന്ന് പാട്ടരങ്ങ് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിന് കുട്ടികള്‍ക്ക് പരിശീലനം നൽകി. അതിനാവശ്യമായ പാട്ടുകൾ പ്രിന്റ് ചെയ്തു വിദ്യാർഥികൾക്ക് നൽകി. അവർ പരിചയിച്ച അക്ഷരങ്ങളുടെ സഹായത്തോടെ പാട്ടുകൾ വായിച്ചു തുടങ്ങുകയും അധ്യാപിക നൽകിയ പിന്തുണയോടുകൂടി പാട്ടുകൾ മനസ്സിലാക്കുന്നതിനും കഴിഞ്ഞു. 
  • പാട്ടരങ്ങ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച ഈണങ്ങളുടെ സഹായത്തോടെ പാട്ടുകൾ കൂടുതൽ ആകർഷകമാക്കി കുട്ടികൾക്ക് പരിചയപ്പെടുത്താൻ സാധിച്ചു.  കുട്ടികൾ പാഴ്വസ്തുക്കൾ കൊണ്ട് തയ്യാറാക്കിയ ചെണ്ട, കിലുക്ക്, ഡോലക്ക് എന്നിവ വാദ്യോപകരണങ്ങള്‍ ആയി ഉപയോഗിച്ച് ക്ലാസ് മുറിയിൽ തന്നെ പാട്ടരങ്ങു് സംഘടിപ്പിച്ചു.
  • ബാല മാസികയിൽ പ്രസിദ്ധീകരിച്ചിരുന്ന ഒരു കഥ തെരഞ്ഞെടുത്ത്, അതിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും കഥാസന്ദർഭങ്ങളും ഓരോ കുട്ടിയു്ം അവതരിപ്പിക്കുന്ന നിലയിൽ വിഭജിച്ച് വിദ്യാർത്ഥികൾക്ക് നൽകി. അവ വേദിയിൽ അവതരിപ്പിക്കുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകി. ഡിസംബർ 11 കാസർഗോഡ് ജില്ലയിൽ പ്രാദേശിക അവധി ആയിരുന്നതിനാൽ റീഡേഴ്സ് തിയേറ്റർ ഡിസംബർ 12ന് നടത്തി. 
  • അങ്ങനെ ഭാഷോത്സവ പ്രവർത്തനങ്ങൾ വളരെ സംതൃപ്തിയോടെ പൂർത്തിയാക്കുവാൻ സാധിച്ചു. 
  • തുടർന്ന് രണ്ടാം പാദപരീക്ഷയിൽ ഭാഷോത്സവ പ്രവർത്തനങ്ങളുടെയും സംയുക്ത ഡയറി പ്രവർത്തനങ്ങളുടെയും ഗുണങ്ങൾ നേരിട്ട് അനുഭവവേദ്യമായി. 
  • ഒന്നാം പാദ പരീക്ഷയിൽ ഉത്തര കടലാസിൽ കുട്ടികളുടെ പേര് എഴുതുന്നതിന് ബോർഡിൽ പേരെഴുതി കൊടുക്കണം എന്ന അവസ്ഥ ആയിരുന്നുവെങ്കിൽ രണ്ടാം പാദപരീക്ഷയിൽ ഇംഗ്ലീഷിലും മലയാളത്തിലും സ്വന്തമായി പേര് എഴുതുന്നതിന് കുട്ടികൾക്ക് സാധിച്ചു.  
  • ക്ലാസിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിക്ക്  പേരിന്റെ അവസാന അക്ഷരം എഴുതുന്നതിൽ ആദ്യദിനം മാത്രമായൊരു പിന്തുണ ആവശ്യമായിരുന്നുവെങ്കിൽ പിന്നീട് സ്വന്തമായി പേരെഴുതിക്കാൻ സാധിച്ചു.
  • ചോദ്യ കടലാസിലെ ചോദ്യങ്ങൾ അവതരിപ്പിച്ചപ്പോൾ എല്ലാ കുട്ടികളും അവയോട് ശരിയായി നിലയിൽ പ്രതികരിക്കുകയും അവയുടെ ഉത്തരങ്ങൾ പെട്ടെന്ന് തന്നെ കണ്ടെത്തുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. 
  • വളരെ അഭിമാനകരമായ നിമിഷമായിരുന്നു അത്. എല്ലാ വിദ്യാർത്ഥികൾക്കും പഠനം അനായാസവും അനുഭവവേദ്യവുമായി കണ്ടതിൽ സന്തോഷമുണ്ട്.
  • അഞ്ചു വിദ്യാർഥികൾ മാത്രമാണ് എന്റെ ക്ലാസ്സിൽ ഉള്ളത് അതിൽ ഒരാൾ ഏറ്റവും മികച്ച നിലവാരം പുലർത്തുന്ന കുട്ടിയാണ്.
  •  സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനത്തിന് ചെന്നപ്പോൾ ബുദ്ധി കുറവ് ഉണ്ട് എന്ന് പറഞ്ഞ് പ്രവേശനം നിരസിച്ച ഒരു വിദ്യാർത്ഥിയും കൂട്ടത്തിലുണ്ട്. 
  • തുടക്കത്തിൽ പിന്തുണ ആവശ്യമായ മൂന്നു പേരിൽ ഒരാൾ അവനായിരുന്നു. എന്നാൽ ഇപ്പോൾ ഒരു അധ്യാപിക എന്ന നിലയിൽ എനിക്ക് ഏറ്റവും അഭിമാനം നൽകുന്നതും അവനാണ്. 
  • എല്ലാദിവസവും ഡയറി എഴുതുന്നതിലും പഠന പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിലും അവനെ കഴിഞ്ഞ മറ്റാരും ഉള്ളൂ. അവൻ നേടിയ പഠന പുരോഗതി അവന്റെ മാതാവ് കണ്ണുനീരോടുകൂടി പറഞ്ഞത് നമ്മുടെ പാഠ്യപദ്ധതി പ്രവർത്തനത്തിന്റെ വിജയത്തിന്റെ തെളിവാണ്.
  • പിന്തുണ ആവശ്യമായ മറ്റു രണ്ടു കുട്ടികളും അവർ പഠിച്ച ഏത് അക്ഷരവും ഉദാഹരണത്തിന് ഒയുടെ ചിഹ്നം ണ്ട, ത്സ എന്നിങ്ങനെയുള്ള കൂട്ടക്ഷരങ്ങൾ എവിടെ കണ്ടാലും അത് തങ്ങൾ പഠിച്ച പാഠഭാഗവുമായി കൂട്ടിച്ചേർത്ത് പറയുന്നത് വളരെ സന്തോഷകരമായ കാര്യമാണ്. ഏത് അക്ഷരവും അത് ചേർന്ന് വരുന്ന ചിഹ്നങ്ങളും കൂട്ടി വായിക്കുവാൻ ഉള്ള അവരുടെ ശ്രമം പഠന പ്രവർത്തനങ്ങൾക്ക് പിന്തുണയാണ്. ഭാഷോത്സവം പോലുള്ള ഇത്തരം പ്രവർത്തനങ്ങൾ മലയാളം ഭാഷയിൽ മാത്രമല്ല ഇംഗ്ലീഷ് ഭാഷയിലും കൂടി ഏർപ്പെടുത്തുന്നത് നല്ലതായിരിക്കും എന്നൊരു നിർദ്ദേശവും കൂടി എനിക്ക് ഇതിനോടൊപ്പം പങ്കുവയ്ക്കാൻ ഉണ്ട്. അതിലുപരി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ ഗ്രൂപ്പുകളിലൂടെയും മറ്റ് നവമാധ്യമങ്ങളിലൂടെയും ശ്രമിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഒന്നാം ക്ലാസ് അധ്യാപകരെയും അവർക്ക് വേണ്ടത്ര നിർദ്ദേശങ്ങൾ നൽകിവരുന്ന  വ്യക്തികൾക്കും ഒരുപാട് നന്ദിയും ഞാൻ ഇതിനോടൊപ്പം അറിയിക്കുന്നു.


ലിഷ അന്നക്കുട്ടി

ക്ലാസ് അധ്യാപിക, (1ബി)

ജി എൽ പി എസ്

കുഞ്ചത്തൂര്‍

മഞ്ചേശ്വരം ഉപജില്ല

No comments: