ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, February 21, 2025

ഒന്നാം ക്ലാസിലെ കേരളപാഠാവലി വിനിമയവും പരിഡ് ലഭ്യതയും

 

ഒന്നാം ക്ലാസിലെ കേരളപാഠാവലി വിനിമയവും പരിഡ് ലഭ്യതയും

ചെറുപഠനം

ഡോ. ടി. പി. കലാധരന്‍



ആമുഖം

കേരളത്തിലെ ഒന്ന്, രണ്ട് ക്ലാസുകളില്‍ ഉദ്ഗ്രഥിത പഠനരീതിയാണ് 1996 മുതല്‍ നടപ്പിലാക്കി വന്നത്. അസീസ് കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരം പാഠപുസ്തകം പരിഷ്കരിച്ചപ്പോള്‍ ഗണിതത്തിന് പ്രത്യേക പുസ്തകം കൊണ്ടുവരികയും ഉദ്ഗ്രഥനം എന്ന പേര് തുടരുകയും ചെയ്തു. ഒന്നാം ക്ലാസിലെ അന്നത്തെ അധ്യാപകസഹായിയിലാകട്ടെ കല, പ്രവൃത്തിപരിചയം, കായിക വിദ്യാഭ്യാസം എന്നിവയ്ക് പഠനനേട്ടങ്ങള്‍ സൂചിപ്പിക്കുകയുണ്ടായില്ല. ഫലത്തില്‍ പരിസരപഠനവും മലയാളവുമായി ഉദ്ഗ്രഥനം ചുരുങ്ങി. പഠനനേട്ടങ്ങള്‍ നിശ്ചയിക്കാത്തതിനാല്‍ കലാ കായിക പ്രവൃത്തിപരിചയ പിരീഡുകള്‍ മറ്റ് വിഷയങ്ങള്‍ക്കായി വിനിയോഗിക്കപ്പെട്ടു. 2024 ല്‍ പാഠപുസ്തകം പരിഷ്കരിച്ചപ്പോള്‍ മലയാളം, പരിസരപഠനം, പ്രവൃത്തിപരിചയം, കലാവിദ്യാഭ്യാസം, ആരോഗ്യ കായിക വിദ്യാഭ്യാസം എന്നാണ് കേരളപാഠാവലിയില്‍ അച്ചടിച്ചത്. അതായത് ഈ വിഷയങ്ങള്‍ക്കെല്ലാം പരിഗണന നല്‍കുകയും പഠനലക്ഷ്യങ്ങള്‍ തീരുമാനിക്കുകയും പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

2015- 16 അക്കാദമിക വര്‍ഷം നാല്പത്തി നാലാമത് സ്കൂള്‍ കരിക്കുലം സ്റ്റീയറിംഗ് കമ്മിറ്റി അംഗീകരിച്ച സ്കൂള്‍ പ്രവര്‍ത്തനക്രമം കേരളസ്കൂള്‍ പാഠ്യപദ്ധതി 2013 എന്ന മാര്‍ഗരേഖയില്‍ ഒന്നാം ക്ലാസില്‍ മലയാളം 10, പരിസരപഠനം 5, കലാവിദ്യാഭ്യാസം 3, പ്രവൃത്തിപരിചയം 3, ആരോഗ്യകായിക വിദ്യാഭ്യാസം 3 എന്നിങ്ങനെ ആഴ്ചയില്‍ 24 പിരീഡുകളാണ് കേരളപാഠാവലിക്കായി നീക്കി വെച്ചിട്ടുള്ളത്. 6, 5, 4, 1 എന്നിങ്ങനെ യഥാക്രമം ഇംഗ്ലീഷ്, ഗണിതം, അറബിക്/സംസ്കൃതം, സര്‍ഗവേള എന്നിവയ്കും അനുവദിച്ചു. എല്‍ പി സ്കൂളുകളില്‍ അറബിക്/സംസ്കൃതം പിരീഡുകളില്‍ മറ്റ് കുട്ടികള്‍ക്ക് കലാകായിക പ്രവൃത്തിപരിചയ ക്ലാസുകള്‍ നല്‍കി ക്രമീകരിക്കാവുന്നതാണ് എന്ന നിര്‍ദേശവും ഉണ്ട്. മാതൃഭാഷയ്ക് സമയം കുറയാത്ത വിധത്തില്‍ ടൈം ടേബിള്‍ ക്രമീകരിക്കുവാന്‍ പ്രഥമാധ്യാപകര്‍ ശ്രദ്ധിക്കണമെന്നും സൂചിപ്പിക്കുന്നു. 40 മിനിറ്റ് , 35 മിനിറ്റ്, 30 മിനിറ്റ് എന്നിങ്ങനെ സമയദൈര്‍ഘ്യമുള്ള പിരീഡുകളാണ് നിര്‍ദ്ദേശിച്ചത്. ആകെ എട്ട് പിരീ‍‍ഡുകള്‍. ആദ്യത്തെ മൂന്ന് പിരീഡുകള്‍ക്ക് 40 മിനിറ്റ് വീതവും അടുത്ത മൂന്ന് പിരീഡുകള്‍ക്ക് 35 മിനിറ്റ് വീതവും തുടര്‍ന്നുള്ളവ മുപ്പത് മിനിറ്റ് വീതവുമാണ്. ഓരോ വിഷയത്തിന്റെയും പരീഡുകളുടെ എണ്ണം പറയുകയും ആകെ ലഭിക്കേണ്ട മണിക്കൂര്‍ പറയാതിരിക്കുകയും ചെയ്തപ്പോള്‍ വിദ്യാലയങ്ങളില്‍ ഓരോ വിഷയത്തിനും ലഭിക്കുന്ന പഠനമണിക്കൂര്‍ പലതായി. മാതൃക ടൈംടേബിള്‍ തയ്യാറാക്കിക്കൊടുക്കാന്‍ ഔദ്യോഗികസംവിധാനം ശ്രമിച്ചുമില്ല.

2024 ല്‍ പരിഷ്കരിച്ച പാഠപുസ്തകം വിനിമയം ചെയ്ത അധ്യാപകര്‍ സമയം തികയുന്നില്ല എന്ന പരാതി ഉന്നയിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ലഭ്യമായ സമയത്തിന്റെ നിജസ്ഥിതി അറിയുന്നതിനായി ഈ പഠനം ഏറ്റെടുക്കുന്നത്.

പഠനലക്ഷ്യങ്ങള്‍

  1. ഒന്നാം ക്ലാസില്‍ പ്രതിദിനം എത്ര പിരീഡ് കേരളപാഠാവലിയുടെ വിനിമയത്തിനായി പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് കണ്ടെത്തുക

  2. ഹൈസ്കൂളിനോട് ചേര്‍ന്നുള്ളതും അല്ലാത്തതുമായ ഒന്നാം ക്ലാസുകളിലെ പിരീഡ് ലഭ്യത താരതമ്യം ചെയ്യുക

  3. പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുക.

പഠനത്തിന്റെ പരിമിതികള്‍

2024-25 വര്‍ഷം ഒന്നാം ക്ലാസിലേക്ക് തയ്യാറാക്കിയ വര്‍ക്ക് ബുക്ക് സ്കൂള്‍ തുറന്ന് ഒരു മാസം വൈകിയാണ് വിദ്യാലയങ്ങളില്‍ എത്തിയത്. പ്രതികൂല കാലാവസ്ഥ രണ്ടാഴ്ചത്തെ അധ്യയനത്തെ ബാധിച്ചു. ദിനാചരണങ്ങള്‍, മേളകള്‍ തുടങ്ങിയവയ്കും പഠനസമയം വിനിയോഗിച്ചിട്ടുണ്ട്. പാഠങ്ങളുടെ എണ്ണം, പ്രവര്‍ത്തനങ്ങളുടെ എണ്ണം എന്നിവയും സ്വാധീനഘടകങ്ങളാണ്. ഈ പഠനത്തില്‍ അവ പരിഗണിച്ചിട്ടില്ല.

സാമ്പിള്‍

ഒന്നാം ക്ലാസില്‍ പഠിപ്പിക്കുന്ന 1194 അധ്യാപകരില്‍ നിന്നാണ് വിവരം ശേഖരിച്ചത്. അതില്‍ 87 അധ്യാപകര്‍ ഹൈസ്കൂളിനോട് അനുബന്ധിച്ചുള്ള ഒന്നാം ക്ലാസില്‍ പഠിപ്പിക്കുന്നവരാണ്. ഒന്നാം ക്ലാസിലെ ഒന്നഴക് അധ്യാപകക്കൂട്ടായ്മയില്‍ ചോദ്യങ്ങള്‍ നല്‍കിയാണ് വിവരശേഖരണം നടത്തിയത്.

ദത്ത വിശകലനം

ഒന്നാം ക്ലാസില്‍ ക്ലാസ് ടീച്ചര്‍ സിസ്റ്റം ആണ് പൊതുവേ നടപ്പിലാക്കിവരുന്നത്. ഒരു ടീച്ചര്‍ തന്നെ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നതിനാല്‍ ചില വിദ്യാലയങ്ങളില്‍ പ്രത്യേകം ടൈം ടേബിള്‍ തയ്യാറാക്കാറില്ല. അത് സംബന്ധിച്ച വിവരവും ശേഖരിക്കുന്നതിന് തീരുമാനിച്ചു. കേരളപാഠാവലിക്ക് ആഴ്ചയില്‍ 24 പിരീഡുകള്‍ എന്നത് അടിസ്ഥാനമാക്കി ഒരു ദിവസത്തെ പിരീഡുകള്‍ കണക്കാക്കിയാല്‍ അഞ്ച് പരീഡ് വീതം നാല് ദിവസവും ഒരു ദിവസം നാല് പിരീഡും ലഭിക്കേണ്ടതുണ്ട്. ഒരു ദിവസം കേരളപാഠാവലിക്ക് ലഭിക്കുന്ന പിരീഡുകള്‍ എത്രയാണ്? എന്ന മുഖ്യ ചോദ്യത്തിന് രണ്ട്, മൂന്ന്, നാല്, അഞ്ച്, ടൈം ടേബിളില്ല എന്നിങ്ങനെ അഞ്ച് പ്രതികരണങ്ങളില്‍ ബാധകമായ ഒന്ന് തെരഞ്ഞെടുക്കാനാണ് ആവശ്യപ്പെട്ടത്. പന്ത്രണ്ട് ഒന്നഴക് ഗ്രൂപ്പുകളിലെയും എച് എസിനോട് അനുബന്ധിച്ചുള്ള ഒന്നാം ക്ലാസുകളിലെയും അവസ്ഥയാണ് ചുവടെ പട്ടികയിലുള്ളത്.

പട്ടിക 1. ഹൈസ്കൂളിനോട് ചേര്‍ന്ന ഒന്നാം ക്ലാസുകളിലെ പിരീഡ് ലഭ്യത

വിദ്യാലയങ്ങള്‍

ഒരു ദിവസം കേരളപാഠാവലിക്ക് ലഭിക്കുന്ന പിരീഡുകള്‍

TOTAL

രണ്ട്

മൂന്ന്

നാല്

അഞ്ച്

ടൈം ടേബിളില്ല

ആകെ

33

43

11

0

0

87

%

38%

49%

13%

0

0

100

13% വിദ്യാലയങ്ങളില്‍ മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിക്കുന്നതിനോടടുത്ത് പിരീഡുകള്‍ കേരള പാഠാവലിയുടെ വിനിമയത്തിന് ലഭിക്കുന്നത്.

പട്ടിക 2 പ്രൈമറി മാത്രമുള്ള വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസുകളിലെ പിരീഡ് ലഭ്യത

വിദ്യാലയങ്ങള്‍

ഒരു ദിവസം കേരളപാഠാവലിക്ക് ലഭിക്കുന്ന പിരീഡുകള്‍

TOTAL

രണ്ട്

മൂന്ന്

നാല്

അഞ്ച്

ടൈം ടേബിളില്ല

ആകെ

810

242

42

4

9

1107

%

73

22

4

0.4

0.6

100

പ്രൈമറി മാത്രമുള്ള വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസുകളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതിനോടടുത്ത് പിരീഡുകള്‍ ലഭിക്കുന്നവ അഞ്ച് ശതമാനം മാത്രം. ബഹുഭൂരിപക്ഷം (73%) വിദ്യാലയങ്ങളിലും രണ്ട് പിരീഡാണ് ലഭിക്കുന്നത്.

പട്ടിക 3 ഹൈസ്കൂളിനോട് ചേര്‍ന്നുള്ളതും അല്ലാത്തതുമായ ഒന്നാം ക്ലാസുകളിലെ പിരീഡ് ലഭ്യത

വിദ്യാലയങ്ങള്‍

ഒരു ദിവസം കേരളപാഠാവലിക്ക് ലഭിക്കുന്ന പിരീഡുകള്‍

TOTAL

രണ്ട്

മൂന്ന്

നാല്

അഞ്ച്

ടൈം ടേബിളില്ല

ആകെ

843

285

53

4

9

1194

%

70

25

4

0.4

0.6

100

  • കേരളപാഠാവലിക്ക് പ്രതിദിനം രണ്ട് പിരീഡുകളുള്ള വിദ്യാലയങ്ങള്‍ 70% വരും.

  • അതായത് വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച ആകെ പിരീഡുകളുടെ 59 ശതമാനം രണ്ട് പിരീഡുള്ള ക്ലാസുകളില്‍ ലഭിക്കാതെ പോകുന്നു. (ആഴ്ചയില്‍ ലഭിക്കേണ്ട ആകെ പിരീഡുകള്‍ 24, പ്രതിദിനം രണ്ട് പിരീഡുള്ള ഒന്നാം ക്ലാസില്‍ ലഭിക്കുന്നത് 10 (41%)

  • മൂന്ന് പിരീഡുകള്‍ ലഭിക്കുന്നിടത്ത് ആകെ പിരീഡുകളുടെ 62.5% ലഭിക്കുന്നു. 25 % വിദ്യാലയങ്ങളിലാണ് മൂന്ന് പിരീഡുകള്‍ പ്രതിദിനം ഉള്ളത്.

  • പ്രതീക്ഷിച്ചത്ര പിരീഡുകള്‍ ലഭിക്കാത്ത അവസ്ഥ പാഠങ്ങള്‍ യഥാസമയം തീരാതിരിക്കുന്നതിന് വഴിയൊരുക്കും

കണ്ടെത്തലുകള്‍

  1. ആഴ്ചയില്‍ 24 പിരീഡുകള്‍ കണക്കാക്കി തയ്യാറാക്കിയ പാഠ്യപദ്ധതിയും പാഠപുസ്തകവും ഫലപ്രദമായി വിനിമയം ചെയ്യുന്നതിന് പര്യാപ്തമായ പിരീഡുകള്‍ ബഹുഭൂരിപക്ഷം വിദ്യാലയങ്ങളിലും ലഭിക്കുന്നില്ല. പാഠങ്ങള്‍ സമയബന്ധിതമായി തീരാത്തതിന് ഇതും ഒരു കാരണമാണ്. ഈ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ വരും വര്‍ഷവും പ്രതിസന്ധി തുടരും.

  2. പര്യാപ്തമായ സമയം ലഭിക്കാത്ത സാഹചര്യത്തില്‍ കലാ കായിക പ്രവൃത്തി പരിചയ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കപ്പെട്ടേക്കാം. ഇത് കുട്ടികളുടെ വികസനാവശ്യങ്ങളെ ബാധിക്കും. ഓരോ ദിവസവും ഇവയിലേതെങ്കിലും വരത്തക്ക വിധം സര്‍ക്കാര്‍ തയ്യാറാക്കിയ വിഷയാടിസ്ഥാന സമയക്രമീകരണത്തെയാണ് ബാധിക്കുക. എല്ലാ ദിവസവും ഈ വിഷയങ്ങള്‍ ഇല്ലാതാകുന്നത് കുട്ടികളുടെ പഠനോത്സാഹത്തെ ബാധിക്കും. മാനസികമായി മുഷിപ്പുണ്ടാക്കും. പഠനത്തെ ബാധിക്കും. അധ്യാപനത്തെയും.

  3. പുതിയ പുസ്തകങ്ങള്‍ വിനിമയം ചെയ്യാന്‍ സമയം തികയുന്നില്ല എന്ന പരാതി ഉടലെടുക്കുന്നതിന് ഒരു കാരണം ശാസ്ത്രീയമായി തയ്യാറാക്കിയ ടൈംടേബിള്‍ ഇല്ലാത്തതാണ്.

  4. രണ്ടോ മൂന്നോ പീരീഡുകള്‍ മാത്രം കേരളപാഠാവലിക്ക് മാറ്റി വെക്കുമ്പോള്‍ ബാക്കി പിരീഡുകള്‍ മറ്റ് വിഷയങ്ങള്‍ക്കായി വിനിയോഗിക്കുന്നുണ്ടാകണം. ഓരോ പാഠപുസ്തകത്തിനും ( ഇംഗ്ലീഷ്, കേരളപാഠാവലി, ഗണിതം) രണ്ട് പിരീഡ് വീതം എന്ന രീതി പിന്തുടരുന്ന നിരവധി വിദ്യാലയങ്ങളുണ്ടാകാം.

  5. ഒരു ദിവസം അഞ്ച് പിരീഡിനുള്ള പ്രവര്‍ത്തനമാണ് കേരളപാഠാവലി നിര്‍ദ്ദേശിക്കുന്നത്. രണ്ട് ദിവസത്തേക്ക് പത്ത് പിരീഡ്. രണ്ട് ദിവസം കൊണ്ട് തീരേണ്ട പാഠങ്ങള്‍ ദിവസം രണ്ട് പിരഡ് മാത്രം ഉപയോഗിക്കുന്നവര്‍ ഒരാഴ്ചകൊണ്ടാകും തീര്‍ക്കുക. ഒരാഴ്ചത്തെ ഇരുപത്തിനാല് പിരീഡ് അവര്‍ക്ക് രണ്ടര ആഴ്ചകൊണ്ടാണ് കിട്ടുക. അതായത് തുടക്കം മുതല്‍ ആഴ്ചകളോളം വൈകി മാത്രമേ പാഠഭാഗങ്ങള്‍ തീരൂ. ഒരു മാസം കഴിയുമ്പോഴേക്കും എന്താകും അവസ്ഥ എന്നു നോക്കാം. നാല് ആഴ്ച ഒരു മാസമുണ്ടെന്ന് കണക്കാക്കിയാല്‍ 24x4=96 പിരീഡ് കിട്ടേണ്ട സ്ഥാനത്ത് നാല്പത് പിരീഡാണ് (4x10) കിട്ടുക.

  6. പാഠ്യപദ്ധതി വിനിമയവുമായി ബന്ധപ്പെട്ട് ഇത്തരമൊരു പ്രശ്നം ഫീല്‍ഡില്‍ ഉണ്ടാകുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം ടൈംടേബിള്‍ വിദ്യാലയങ്ങളിലുണ്ടാക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പാക്കാത്തതിനാലാകണം.

നിര്‍ദ്ദേശങ്ങള്‍

  1. ഓരോ വിഷയത്തിനും പിരീഡുകള്‍ നിര്‍ദ്ദേശിക്കുന്നതോടൊപ്പം ആകെ എത്ര പഠനമണിക്കൂര്‍ ലഭിക്കണമെന്നും സൂചിപ്പിക്കേണ്ടതാണ്.

  2. പ്രാഥമിക ക്ലാസുകളില്‍ മാതൃഭാഷയ്ക് പ്രാധാന്യമുള്ളതിനാല്‍ നാല്പത് മിനിറ്റിന്റെ ആദ്യത്തെ രണ്ട് പിരീഡുകള്‍ മാതൃഭാഷയ്കായി നീക്കി വെക്കാവുന്നതാണ്.

  3. മൂന്നാമത്തെ നാല്പത് മിനിറ്റിന്റെ പിരീഡ് ഗണിതത്തിനായും നിര്‍ദ്ദേശിക്കാവുന്നതാണ്.

  4. മാതൃകാ ടൈം ടേബിള്‍ എല്ലാ ക്ലാസുകളിലെയും അധ്യാപകസഹായിയില്‍ ഉള്‍പ്പെടുത്തുന്നത് 40, 35, 30മിനിറ്റുകള്‍ വീതം പിരീഡ് സംവിധാനം നിലനില്‍ക്കുമ്പോള്‍ ഏകീകൃത രീതി കൊണ്ടുവരാന്‍ സഹായിക്കും.

  5. ഒരു വിഷയത്തിന് നിര്‍ദ്ദേശിച്ച പിരീഡുകള്‍ യാതൊരു കാരണവശാലും മറ്റ് വിഷയങ്ങള്‍ക്കായി വകമാറ്റരുത്. പ്രത്യേകിച്ചും കലാ കായിക പ്രവൃത്തി പരിചയ പിരീഡുകള്‍.

  6. ജൂണ്‍മാസം ടൈംടേബില്‍ തയ്യാറാക്കണമെന്ന് നിര്‍ദേശമുണ്ട്. ടൈം ടേബിളിന്റെ പകര്‍പ്പ് ഉപജില്ലാ ഓഫീസറുടെ പരിഗണനയ്കായി സമര്‍പ്പിക്കണമെന്ന് നിര്‍ദേശിക്കാവുന്നതാണ്.

അനുബന്ധം

വിദ്യാലയങ്ങള്‍

ഒരു ദിവസം കേരളപാഠാവലിക്ക് ലഭിക്കുന്ന പിരീഡുകള്‍

TOTAL

രണ്ട്

മൂന്ന്

നാല്

അഞ്ച്

ടൈം ടേബിളില്ല

ഗ്രൂപ്പ് 1

119

20

1

0

1

141

ഗ്രൂപ്പ് 2

69

27

6

0

4

106

ഗ്രൂപ്പ് 3

64

27

7

0

0

98

ഗ്രൂപ്പ് 4

83

21

3

0

0

107

ഗ്രൂപ്പ് 5

54

27

7

1

1

9 0

ഗ്രൂപ്പ് 6

48

40

3

0

3

94

ഗ്രൂപ്പ് 7

107

31

2

1

0

141

ഗ്രൂപ്പ് 8

69

16

1

0

0

86

ഗ്രൂപ്പ് 9

50

9

5

1

0

65

ഗ്രൂപ്പ് 10

61

16

3

1

0

81

ഗ്രൂപ്പ് 11

39

5

4

0

0

48

ഗ്രൂപ്പ് 12

47

3

0

0

0

50


810

242

42

4

9

1107