2024, ഒക്‍ടോബര്‍ 4 ·ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഫേസ് ബുക്കില്‍ പങ്കിട്ട കുറിപ്പും ദേവികയുടെ ഡയറിയും വായിക്കാം.
കേരളത്തിലെ ക്ലാസ് മുറികളിൽ ഭാവനയുടെയും ഭാവുകത്വത്തിന്റെയും മഴവില്ല് വിരിയുകയാണ് എന്നതിന്റെ തെളിവാണ് എ എൽ പി എസ് അമ്മന്നൂരിലെ കൊച്ചു മിടുക്കി ദേവികയുടെ ഡയറിക്കുറിപ്പുകൾ. തൻ്റെ ചുറ്റുമുള്ള കാര്യങ്ങളാണ് ഒന്നാം ക്ലാസുകാരി ദേവിക ഡയറിയിൽ കുറിക്കുന്നത്.
കുഞ്ഞുങ്ങളുടെ ഡയറിയെഴുത്തിനെ വളരെ ആഹ്ലാദത്തോടെയാണ് രക്ഷിതാക്കൾ നോക്കിക്കാണുന്നത് എന്ന് ദേവികയുടെ അമ്മ എം.അംബികയുടെ കുറിപ്പിൽ നിന്ന് വ്യക്തമാകും.
"എൻ്റെ കുഞ്ഞ് ഡയറി എഴുതാൻ പറഞ്ഞപ്പോൾ ഇതൊക്കെപ്പൊ എന്ത് എന്ന് തോന്നിയിരുന്നു പക്ഷേ ഡയറി എഴുതാൻ തുടങ്ങിയതിനു ശേഷം ചുറ്റും നടക്കുന്ന കാര്യങ്ങൾ അവൾ ശ്രദ്ധിക്കാൻ തുടങ്ങി.
എന്തിനെ പറ്റിയായാലും ചെറുജീവികൾ, ഉറുമ്പ് പുഴു പഴുതാര, അരണ അങ്ങനെ എല്ലാം.
ഒരു ദിവസം എന്നോട് പറഞ്ഞു അമ്മേ ഒരു അരണ നമ്മുടെ പുതിയ വീടിൻ്റെ തറയിൽ മാളമുണ്ടാക്കി താമസിക്കുന്നു. ഞാൻ എന്നും കാണാറുണ്ട് എന്നൊക്കെ. അത് ഡയറി എഴുതിയാലൊന്ന് ചോദിക്കും. അതുപോലെ കുളിക്കുമ്പോൾ പഴുതാരയെ കണ്ടത്, പൂച്ച പ്രസവിച്ചപ്പോൾ കുഞ്ഞുങ്ങളെ ഞങ്ങളുടെ കട്ടിലിൻ്റെ ചുവട്ടിൽ അവളുടെ ഷൂസിൻ്റെ ബോക്സിൽ ഭദ്രമാക്കി കൊണ്ടു വച്ചത് എല്ലാം അവൾ കൗതുകത്തോടെ നിരീക്ഷിക്കുന്നു.
പൂച്ച കുഞ്ഞ് എന്ന് കണ്ണു തുറക്കും? നടക്കും? അവൾ ആലോചിക്കുന്നു, ചോദിക്കുന്നു, പറയുന്നു.
ഇന്ന് ഇതെഴുതാം ലെ അമ്മേ ....അങ്ങനെയങ്ങനെയൊരുപാട് വലിയ കുഞ്ഞു മാറ്റങ്ങൾ.
ടീച്ചർ പറഞ്ഞപോലെ ഡയറി എഴുതുന്നതിൻ്റെ പ്രാധാന്യം ഞാനും അറിയുന്നു.
ഇതുവരെ ഒരു ദിവസം പോലും മുടങ്ങാതെ അവൾ ഡയറി എഴുതുന്നു. ഓണം ലീവിന് വീട്ടിൽ പോകുമ്പോൾ അവൾ ആദ്യം ബാഗിൽ എടുത്തു വച്ചതും അവളുടെ ഡയറിയായിരുന്നു.
ടീച്ചർക്ക് ഒരുപാട് നന്ദി."
എം.അംബിക
ദേവികയുടെ അമ്മ
എ എൽ പി സ്കൂൾ അമ്മനൂർ
No comments:
Post a Comment