കാലത്തിന്റെ കൂട്ടില്‍ നിന്നും
പറന്നെത്തിയ തത്ത
വിധി നിരത്തിയ
ചീട്ടുകളിലോന്നു കൊത്തിപ്പറിച്ചിട്ടു
പറന്നകലുംപോള്‍
രക്തം പുരണ്ട ഒരു തൂവല്‍
നിലത്തേക്കു വീണു
ആറാം ക്ലാസ് എ ഡിവിഷനില്‍ പഠിക്കുന്ന കിഷോര്‍ എഴുതിയ ഈ കവിത വെറുതെ വായിച്ചു പോകാനാവുമോ? ഉള്ളു മുറിയ്ക്കുന്ന വാക്കുകള്‍ . ഒതുക്കമുള്ള എഴുത്ത്. ഒരു വാക്ക് പോലും അധികമായിട്ടില്ല.
കാലത്തിന്റെ കൂട്, കൊത്തിപ്പറിച്ചിടുക, നിലത്തേക്കു വീണ രക്തം പുരണ്ട തൂവല്‍ ,വിധി നിരത്തിയ ചീട്ടു ഓരോ വാക്കും തൂക്കം ഏറെയുള്ളത്.
പാലക്കാട് ജില്ലയിലെ കാവിശേരിയില്‍ ഒരു വിദ്യാലയം , അല്ല കാവ്യാലയം ഉണ്ട് .എച് എ യു പി സ്കൂള്‍ അക്കര. അവിടെ ധാരാളം കവികള്‍ പഠിക്കുന്നു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല
ദുഖത്തില്‍ മുങ്ങിയ ഒരു മനസ്സില്‍ നിന്നും
ഞാന്‍ സ്നേഹത്തിന്റെ ഒരു പേജു മറിച്ചു നോക്കി
ആ പേജുകളില്‍ ഞാന്‍ കണ്ടത്
ചിറകടിച്ചുയരുന്ന പക്ഷിക്കുഞ്ഞുങ്ങളെ ആണ്
അമ്മക്കിളി നോക്കാതെ,
എന്നെപ്പോലെ അനാഥര്‍
ഭൂമിയില്‍ നിന്നും പൊട്ടി മുളച്ച പോലെ
-സ്വാലിഹ ബി -ആറ് എ
ഭൂമിയില്‍ നിന്നും പൊട്ടി മുളച്ച പോലെ ഒരു കവിത ഇല്ലേ.?
പി എസ .ആഷിഫ എഴുതുന്നു:-
കാറ്റത്ത് പറക്കുന്ന
കരിഞ്ഞുണങ്ങിയ ഇലയെ കാണുമ്പോള്‍
ക്ഷീണിച്ചു വലഞ്ഞ ഒരു കാക്കക്കുഞ്ഞിനെ പോലെ.
മരത്തില്‍ നിന്നും കൊഴിഞ്ഞു വീഴുമ്പോള്‍
അതിനു അടക്കാന്‍ പറ്റാത്ത സങ്കടമുണ്ടാകും.
ആ നിമിഷം
മരത്തിനോട് വിട പറയുകയാണ്
കറുത്തത് കൊണ്ടാകാം
കാറ്റ് അതിനെ മരത്തില്‍ നിന്നും
കൂട്ടുകാരില്‍ നിന്നും
അകറ്റിയത്.
മാസത്തില്‍ രണ്ടു ശനിയാഴ്ചകള്‍ അവര്‍ സ്കൂളില്‍ ഒത്തു കൂടും .
ഒരു സ്കൂളില്‍ നൂറു കുഞ്ഞു എഴുത്തുകാര്‍ ..
ശനിയാഴ്ച സാഹിത്യ ശില്പശാലയാണ് .
അപൂര്‍വ്വം വിദ്യാലയങ്ങളില്‍ മാത്രമുള്ള അനുഭവം.
എല്ലാ മാസവും മുടങ്ങാതെ ഇത് നടത്താന്‍ കൂട്ടിനു മാഷന്മാരുണ്ട്. വിനോദന്‍ മാഷ് കുട്ടികള്‍ക്കൊപ്പം .
ശനിയാഴ്ചയിലെ കാര്യ പരിപാടി ഏകദേശം ഇങ്ങനെ
ആദ്യം കവിതകള്‍ പരിചയപ്പെടല്‍ .
മലയാളത്തിലെ പ്രിയ എഴുത്തുകാരുടെ കവിതകളിലൂടെ കുട്ടികളുടെ സഞ്ചാരം.
പഴയ കാലവും പുതിയ കാലവും കവിതകളുടെ ഹൃദയം തുറക്കും.വായന.ചൊല്ലല്‍ , ചര്‍ച്ച ,കാവ്യാനുഭവത്തിന്റെ ആഴം കൂട്ടുന്ന വിശകലനം .
മാഷും അവരില്‍ ഒരാളായി പങ്കാളിയാകും.
കാവ്യ ഭാഷയുടെ സവിശേഷതലങ്ങള്‍ തേടിയുള്ള അവരുടെ പ്രയാണം . മുങ്ങാം കുഴിയിട്ട് മുത്തുകളുമായി പൊങ്ങി വരുമ്പോഴുള്ള ആഹ്ലാദം.
കവിതകള്‍ പരിചയപ്പെട്ട അനുഭവം കഴിഞ്ഞാല്‍ രചന തുടങ്ങുകയായി . നിശബ്ദമായ കുഞ്ഞു മനസ്സുകളില്‍ അപ്പോള്‍ വാക്കുകള്‍ ചേക്കേറും .
എഴുതിയത് അവതരിപ്പിക്കണം .അവതരണം ചര്‍ച്ചയിലേക്ക് വഴി തുറക്കും.
കറുത്ത കുട്ടി
കണ്ണ് നീരണിഞ്ഞു
ലോകം നനഞ്ഞു
ജോഷ്നയുടെ കവിത -മൂന്നു വരിയെ ഉള്ളൂ. മഴ എന്നാണു പേര് .ചര്‍ച്ചയില്‍ പങ്കെടുത്തു കുട്ടികള്‍ പറയുന്നു ഇത് കറുത്ത എല്ലാ കുട്ടികളുടെയും സങ്കടം ആവാഹിച്ച കവിതയാണെന്ന് .പിന്നെ കറുപ്പിനെ വിശകലനം ചെയ്യുന്നു. ലോകം നനയുക- പ്രത്യക്ഷാര്‍ഥം വിട്ടു ഉയരത്തില്‍ പറക്കുന്ന കവിത
അടുത്ത കവിത അവതരിപ്പിക്കാന്‍ മുര്സല്‍ ഷാജഹാന്‍ മുന്നോട്ട് വരുന്നു
അമ്മ എന്ന കവിത ഇങ്ങനെ .
ഉരുകിത്തീരുന്ന
ഒരു മെഴുകു തിരി പോലെ
അണയുവോളം ഉരുകും
ഓരോ ശില്പശാല കഴിയുമ്പോഴും നല്ല കുറെ രചനകള്‍ ഉണ്ടാകും . അവ ഇന്‍ലാന്റ് മാസികയില് പ്രകാശിപ്പിക്കും.
കവിതാ സമാഹാരവും സ്കൂള്‍പ്രസിദ്ധീകരിക്കുന്നു
കഴിഞ്ഞ മാസം അവരുടെ രണ്ടാമത്തെ പുസ്തകം -പുതിയ ആകാശങ്ങള്‍ -പുറത്തിറങ്ങി.
ഇനിയും പുസ്തകങ്ങള്‍ മുളച്ചു വരും
ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ . അതില്‍ പത്ത് ശതമാനം പേരാണ് എഴുത്തിന്റെ കൂട്ടുകാര്‍
ഏതു സ്കൂളിലും പ്രോത്സാഹനം ആവശ്യമുള്ള അവസരം കൂടുതല്‍ നല്‍കേണ്ട പത്ത് ശതമാനം കുട്ടികള്‍ കാണാതിരിക്കില്ല.
വിദ്യാലയ സംസ്കാരം മാറ്റി എടുക്കാന്‍ അധ്യാപകര്‍ ശ്രമിക്കുമ്പോള്‍ ആ സ്കൂളുകള്‍ ശ്രദ്ധിക്കപ്പെടും
ഈ ശിശുദിനത്തിലെങ്കിലും സ്കൂളിന്റെ സര്‍ഗാത്മക സൌന്ദര്യം കണ്ടെത്താനുള്ള അന്വേഷനത്ത്തിനു തുടക്കം കുറിച്ച് കൂടെ? ഈ കുറിപ്പ് അതിനു നിമിത്തമാകട്ടെ .
പ്രിയപ്പെട്ടവരേ ,
അക്കര സ്കൂളിലെ കുട്ടികള്‍ നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നുണ്ട്
അവരുടെ പ്രവര്‍ത്തനത്തെ നിങ്ങള്‍ എങ്ങനെ നോക്കി കാണുന്നു എന്നു എഴുതുമല്ലോ..