ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, August 15, 2012

സ്വാതന്ത്ര്യ ദിനത്തില്‍ ഈ വാര്‍ത്തകള്‍ വായിക്കാതിരിക്കണം

   ഈ വര്‍ഷം ആദ്യം പത്രങ്ങളില്‍ വന്ന ചില വാര്‍ത്തകള്‍
പ്രവേശനോല്സവത്ത്തിന്റെ മാധുര്യം ഇങ്ങനെ ആണ് ഇവര്‍ക്ക്
നമ്മുടെ പരിഗണന സി ബി എസ് ഇ സ്കൂളുകളും മറ്റുമാണല്ലോ
അതിനിടയ്ക്ക് ഈ വാര്‍ത്തകള്‍ കണ്ടാലും വായിക്കരുത്
വായിച്ചാലും മിണ്ടരുത്
ഇവര്‍ ദുര്‍ബലരുടെ മക്കള്‍
ആദ്യം വെള്ളം ചുമക്കണം; പിന്നെ പഠിക്കാം
 16 Jun 2012


മൂന്നാര്‍: ചിന്നക്കനാല്‍ ഗവ. തമിഴ് ഹൈസ്‌കൂളിലെ കുട്ടികള്‍ സ്‌കൂളിലെത്തിയാല്‍ ആദ്യം പോകുന്നത് വെള്ളം ചുമക്കാന്‍. ചിന്നക്കനാല്‍ ഗവ. തമിഴ് ഹൈസ്‌കൂളിലെ കുട്ടികള്‍ക്കാണ് ഈ ഗതികേട്.

കാരണം സ്‌കൂളില്‍ കുടിവെള്ളം നിലച്ചിട്ട് മാസം ആറ് കഴിഞ്ഞു. രാവിലെ വെള്ളം ചുമന്ന് സ്‌കൂളിലെത്തിച്ചാലേ ഉച്ചഭക്ഷണം പാകംചെയ്യാന്‍ സാധിക്കൂ. 310 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇവരെല്ലാം പാവപ്പെട്ട തൊഴിലാളികളുടെ കുട്ടികളാണ്. കിലോമീറ്ററുകള്‍ താണ്ടിയാണിവര്‍ പഠിക്കാനെത്തുന്നത്. തങ്ങള്‍ക്കുവേണ്ട കുടിവെള്ളം ഇവര്‍തന്നെ വീടുകളില്‍നിന്ന് കൊണ്ടുവരുന്നു.


കുട്ടികള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കുവേണ്ട യാതൊരു അടിസ്ഥാന സൗകര്യവും സ്‌കൂളില്‍ ഇല്ല. സ്‌കൂളിലെ മൂത്രപ്പുരയുടെ അവസ്ഥയാണ് ഏറെ പരിതാപകരം.


പെണ്‍കുട്ടികളുടെ മൂത്രപ്പുരയ്ക്കുള്ളില്‍ കാട്പിടിച്ചുകിടക്കുന്നു. തുറസ്സായ സ്ഥലത്തുള്ള മൂത്രപ്പുരയ്ക്ക് വാതില്‍പോലും ഇല്ല. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കുട്ടികള്‍ക്ക് രോഗം വരാനുള്ള സാധ്യതയുമുണ്ട്.


സ്‌കൂളിന്റെ അവസ്ഥ ചൂണ്ടിക്കാണിച്ച് സ്‌കൂള്‍ അധികൃതര്‍ പലതവണ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല

 
ഏലപ്പാറ സ്‌കൂളിന് ഇന്നും ദുരിതപാഠങ്ങള്‍
 11 Jun 2012
ഉപ്പുതറ: പുതിയ അധ്യയനവര്‍ഷത്തിലും ഏലപ്പാറ ഗവ.ഹൈസ്‌കൂളിന്റെ ദുരിതാവസ്ഥയ്ക്ക് പരിഹാരമില്ല. സ്‌കൂളില്‍ ആവശ്യത്തിന് അധ്യാപകരില്ല.വിദ്യാര്‍ഥികള്‍ക്ക് ഇരുന്നുപഠിക്കാനു ള്ള ബഞ്ചകളും ഡെസ്‌ക്കുകളുമില്ല. തമിഴ്(2), ഇംഗ്ലീഷ്(1), മലയാളം(1) വര്‍ക്ക് എക്‌സ്​പീരിയന്‍സ്(1) എന്നിങ്ങനെ അഞ്ച് അധ്യാപകരുടെ കുറവാണ് ഇപ്പോഴുള്ളത്.

പ്യൂണ്‍, സ്വീപ്പര്‍ എന്നീഒഴിവുകളിലും ജീവനക്കാരില്ല. കഴിഞ്ഞവര്‍ഷത്തേക്കാള്‍ അമ്പതേളം കുട്ടികള്‍ പുതിയതായി ഈ വര്‍ഷം ചേര്‍ന്നിട്ടുണ്ട്. 35 ബഞ്ചും35 ഡെസ്‌കുമാണ് ഇപ്പോള്‍ കുറവുള്ളത്.


ബഞ്ചും ഡെസ്‌കും ഇല്ലാത്തതിനാല്‍ കുട്ടികള്‍ നിന്നുപഠിക്കുന്ന ചിനത്രമടക്കം 'നിന്നുപഠിക്കാന്‍ ഒരുവിദ്യാലയം' എന്ന തലക്കെട്ടില്‍ മാതൃഭൂമി വാര്‍ത്ത നപ്രസിദ്ധീകരിച്ചിരുന്നു. ഒരുബഞ്ചില്‍ ഒന്‍പത് കുട്ടികളെവരെ തിക്കിയിരുത്തിയാണ് പഠിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസ്സെടുക്കുകയും വിദ്യാഭ്യാസ ഡയറക്ടറോടും ജില്ലാ കളക്ടറോടും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.


അടിസ്ഥാനവികസനത്തിന് ഇ.എസ്.ബിജിമോള്‍ എം.എല്‍.എ. പതിനഞ്ച് ലക്ഷം രൂപ അനുവദിക്കുകയും സ്‌കൂളിലെ സാമനഗ്രികള്‍ വാങ്ങാനുള്ള മുഴുവന്‍ പണവും ജില്ലാപഞ്ചായത്ത് നല്കുമെന്ന് നപ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബഞ്ചും ഡെസ്‌കും പണിയാന്‍ ഒന്നര ലക്ഷംരൂപ അനുവദിച്ചതല്ലാതെ ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് മറ്റു നടപടിയുണ്ടായില്ല. ഡെസ്‌കും ബഞ്ചും പണിയാനുള്ള കരാര്‍ അടുത്തദിവസം ക്ഷണിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.


2010 ജനവരിയിലാണ് നൂറ്റിനാല് പഞ്ചായത്ത് സ്‌കൂളുകള്‍ക്കൊപ്പം ഏലപ്പാറ ഗവ.ഹൈസ്‌കൂളും സര്‍ക്കാര്‍ ഏറ്റെടുത്തത്.ഏറ്റെടുത്ത സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാര്‍ പിരിഞ്ഞുപോയതിനു പകരം ഹെഡ്മാസ്റ്റര്‍മാരെ നിയമിച്ചിട്ടില്ല. സീനിയര്‍ അസിസ്റ്റന്റുമാര്‍ക്ക് ചാര്‍ജ് നല്കിയിരിക്കുകയാണ്. ഇതേ അവസ്ഥയാണ് ഏലപ്പാറ സ്‌കൂളിലും ഉള്ളത്.


സ്‌കൂളോ സിമന്റ് ഗോഡൗണോ!
 12 Jun 2012

വെള്ളത്തൂവല്‍:ഹൈറേഞ്ചിലെ ആദ്യ ഗവ.സ്‌കൂളായ വെള്ളത്തൂവല്‍ സ്‌കൂള്‍ 66 വര്‍ഷം പിന്നിട്ടിട്ടും ബാലാരിഷ്ടതകളുടെ നടുവില്‍. പന്നിയാര്‍, ചെങ്കുളം, പവര്‍ഹൗസുകളുടെ നിര്‍മ്മാണ ഘട്ടത്തില്‍ സിമന്റുഗോഡൗണായിരുന്ന കെട്ടിടത്തിലും മറ്റുമാണ് സ്‌കൂളിലെ ക്ലാസ്മുറികള്‍ പ്രവര്‍ത്തിക്കുന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുള്‍പ്പെടെ ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തിന് യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളുമില്ല. പ്രതിസന്ധികള്‍ക്കിടയിലും ഉന്നതവിജയം നേടുന്ന സ്‌കൂളാണിത്. ആദ്യകാലങ്ങളില്‍ അമ്പതുകിലോമീറ്റര്‍ ചുറ്റളവിലുള്ള ഏഴു പഞ്ചായത്തുകളിലെ വിദ്യാര്‍ഥികള്‍ കാല്‍നടയായി സ്‌കൂളിലെത്തി പഠനം നടത്തിയിരുന്നു. ഇപ്പോള്‍ 20 കിലോമീറ്റര്‍ ചുറ്റളവില്‍നിന്നുള്ളവര്‍ ഇവിടെയെത്തി പഠിക്കുന്നു. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സിക്ക് 100 ശതമാനം വിജയവും ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 96.4 ശതമാനം വിജയവും ഈ സ്‌കൂള്‍ നേടി. പന്ത്രണ്ട് ഏക്കര്‍ സ്ഥലത്ത് ചിതറിക്കിടക്കുന്ന കെട്ടിടങ്ങളിലാണ് സ്‌കൂളിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം. ഹൈസ്‌കൂളില്‍ നിന്ന് ഇപ്പോള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തണമെങ്കില്‍ ഒരു കിലോ മീറ്റര്‍ ദൂരം സഞ്ചരിക്കണം. അടിസ്ഥാന സൗകര്യങ്ങളുള്ള സുരക്ഷിതമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് ഹൈറേഞ്ചിലെ ഈ ആദ്യകാല വിദ്യാലയത്തെ സംരക്ഷിക്കണമെന്ന് പി.ടി.എ. ആവശ്യപ്പെട്ടു. 
ഒന്‍പത് പഞ്ചായത്തുകളില്‍ 800ലധികം കുട്ടികള്‍ ജനിതകവൈകല്യമുള്ള കുട്ടികള്‍ ജില്ലയില്‍ പെരുകുന്നു
 11 Jun 2012
കട്ടപ്പന: ജനിതകവൈകല്യമുള്ള കുട്ടികളുടെ എണ്ണം ജില്ലയില്‍ പെരുകുന്നതായി സൂചന. ജനിതകവൈകല്യമുള്ള കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന 'വോളന്ററി ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ്' (വൊസാര്‍ഡ്) എന്ന സാമൂഹിക സന്നദ്ധ സംഘടന നടത്തിയ പ്രാഥമിക പഠനത്തിലാണ് ജില്ലയില്‍ ജനിതകവൈകല്യമുള്ള കുട്ടികളുടെ എണ്ണം പെരുകുന്നതായി കണ്ടെത്തിയത
കട്ടപ്പന,
 കുമളി,
 ഇരട്ടയാര്‍, 
നെടുങ്കണ്ടം,
 വണ്ടന്മേട്,
 ചക്കുപള്ളം,
 വണ്ടിപ്പെരിയാര്‍,
 കരുണാപുരം,
 കാഞ്ചിയാര്‍ എന്നീ ഒന്‍പത് പഞ്ചായത്തുകളിലാണ് വിവരശേഖരണം നടത്തിയത്. ഹൈറേഞ്ചിലെ ഒന്‍പത് പഞ്ചായത്തുകളില്‍ മാത്രം എണ്ണൂറിലധികം കുട്ടികളില്‍ ജനിതകവൈകല്യം കണ്ടെത്തി.

അന്തര്‍ദേശീയ ശരാശരി ആയിരത്തിന് മൂന്ന് എന്ന തോതിലാണെങ്കില്‍, ജില്ലയില്‍ ഇത് നൂറിന് മൂന്ന് എന്നായിരിക്കുമെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്. ജനിതക വൈകല്യമുള്ള കുട്ടികളെ സംബന്ധിച്ച് സംസ്ഥാനതലത്തില്‍ പഠനങ്ങള്‍ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇതിന്റെ ഭീകരത എത്രമാത്രമെന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല.


കീടനാശിനികളുടെ അമിത ഉപയോഗം, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ കുടുംബത്തിലുണ്ടാകുന്ന മാനസികസംഘര്‍ഷം, മദ്യപാനം, പുകവലി, ലഹരിമരുന്നുകളുടെ ഉപയോഗം, ഇംഗ്ലീഷ് മരുന്നുകളുടെ പാര്‍ശ്വഫലം, പോഷകാഹാരങ്ങളുടെ കുറവ് തുടങ്ങി നിരവധി ഘടകങ്ങളാണ് ജനിതകവൈകല്യങ്ങള്‍ക്ക് കാരണം. വിഷലിപ്തമായ അന്തരീക്ഷത്തില്‍ ജീവിക്കുന്നതും കുടിവെള്ളത്തില്‍ ധാതുലവണങ്ങളുടെ അളവ് കൂടുതലാകുന്നതും ജനിതകവൈകല്യങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.


ജനിതകവൈകല്യങ്ങളില്‍ ഭൂരിഭാഗവും വിദഗ്ദ്ധചികിത്സയിലൂടെ സുഖപ്പെടുത്താന്‍ കഴിയുമെങ്കിലും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ആധുനിക സംവിധാനങ്ങളും ആരോഗ്യമേഖലയിലില്ല. ശിശുരോഗ വിദഗ്ദ്ധരുടെ അപര്യാപ്തതയാണ് ഇക്കാര്യത്തില്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി. അത്യാധുനിക സൗകര്യങ്ങളുള്ള ആസ്​പത്രികളില്‍ പോകാനുള്ള സാമ്പത്തിക ബുദ്ധിമുട്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.


സൗജന്യമായി മാര്‍ഗനിര്‍ദേശങ്ങളും ചികിത്സയും സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പാക്കുകയാണ് ചെറിയതൊതിലെങ്കിലും ഇതിനുള്ള പരിഹാരമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളും വിദഗ്ദ്ധരും പറയുന്നു.

............................................................

ബാലവേലയുടെ പേരില്‍ പണി പോയി; പഠനത്തിന് പണം കണ്ടെത്താനാകാതെ സൂര്യ
 15 Jun 2012



ചേര്‍ത്തല: പതിനെട്ട് തികയാതെ പെട്രോള്‍പമ്പില്‍ ജോലിക്കുപോയത് കുറ്റമോ? ബാലവേലയുടെ പേരില്‍ പണി നഷ്ടപ്പെട്ട സൂര്യക്ക് സംശയം തീരുന്നില്ല. മികച്ചനിലയില്‍ പ്ലസ്ടു വിജയിച്ച ഈ പെണ്‍കുട്ടി ഉപരിപഠനത്തിന് ഇനി എന്തുവഴി എന്ന ആലോചനയിലാണ്.

കോളജില്‍ ചേരാനുള്ള പണത്തിനായാണ് 17 കാരി സൂര്യ പെട്രോള്‍ പമ്പില്‍ ജോലിക്കുകയറിയത്. പരിശോധനക്ക് ലേബര്‍ ഓഫീസിലെ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ സൂര്യ ജോലിചെയ്യുന്നത് കുറ്റകൃത്യമായി കണ്ടെത്തി. അപ്പോള്‍ത്തന്നെ പമ്പുടമ പറഞ്ഞുവിടുകയും ചെയ്തു.


ചേര്‍ത്തല എന്‍.എസ്.എസ്.കോളജില്‍ ബി.കോമിന് പ്രവേശനം ലഭിച്ച സൂര്യക്ക് പഠിക്കണം. പണവും വേണം. വീട്ടിലെ പ്രാരാബ്ധമാണ് 17 കാരിയെ പെട്രോള്‍ പമ്പിലെത്തിച്ചത്.


ചേര്‍ത്തല നഗരസഭ 9 ാം വാര്‍ഡ് ഇരവിമംഗലത്ത് സുധാകരന്റെയും തങ്കമണിയുടെയും രണ്ടുമക്കളില്‍ ഇളയവളാണ് 17 കാരിയായ സൂര്യമോള്‍. പ്ലസ്ടു പരീക്ഷ കഴിഞ്ഞപ്പോള്‍ തുടര്‍പഠനത്തിന് പണം കണ്ടെത്താന്‍ സൂര്യ നഗരത്തിലെ പെട്രോള്‍ പമ്പിലെത്തുകയായിരുന്നു. ദിവസം 125 രൂപ കൂലി. ഇടിഞ്ഞുവീഴാറായ ഷെഡ്ഡില്‍ കാറ്റിനോടും മഴയോടും മല്ലടിച്ചാണ് സൂര്യ പഠിച്ചത്. പെയിന്റിങ് തൊഴിലാളിയായ അച്ഛന്‍ രോഗബാധിതന്‍. ചേച്ചി സൗമ്യമോള്‍ ചേര്‍ത്തല എന്‍.എസ്.എസ്. കോളജില്‍ ബി.കോം അവസാനവര്‍ഷ വിദ്യാര്‍ഥിനി. വീട്ടുവേലയ്ക്കുപോകുന്ന അമ്മയുടെ ചെറിയ വരുമാനത്തില്‍ ഒതുങ്ങിനിന്നാണ് ഇരുവരുടെയും പഠനം.


കോളജില്‍ ചേരാന്‍ അമ്മയുടെ വരുമാനം മാത്രം പോരാതെവരുമെന്ന് മനസ്സിലാക്കിയാണ് സൂര്യ സ്വയം അധ്വാനിക്കാനിറങ്ങിയത്. രണ്ടുവര്‍ഷംമുമ്പ് നഗരസഭയില്‍നിന്ന് ചേരിനിര്‍മാര്‍ജനത്തിന്റെ ഭാഗമായി 1,20,000 ഇവര്‍ക്ക് വീടിനായി അനുവദിച്ചിരുന്നു. അതില്‍ 60,000 കൈപ്പറ്റി നിര്‍മിച്ച അടിത്തറ അതേപടി കിടക്കുന്നു. കൈപ്പറ്റിയ പണം തിരികെ അടയ്ക്കാന്‍ നോട്ടീസും വന്നിട്ടുണ്ട്.


പ്രതിസന്ധികള്‍ക്കിടയിലും പഠനത്തില്‍ സന്ധിചെയ്യുന്നില്ല സഹോദരിമാര്‍. പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.

 

2 comments:

Jijo Kurian said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

ഒന്നും പറഞ്ഞിട്ടു കാര്യമില്ല. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്കൊക്കെ നമ്മുടെ ഭരണ സംവിധാനം ഉപയോഗിച്ചുതന്നെ നിസാരമായി പരിഹാരം കാണാവുന്നതേയുള്ളൂ. പക്ഷെ പറഞ്ഞിട്ടെന്ത്?