ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, March 17, 2013

തുല്യതാപഠിതാക്കളും സെക്കണ്ടറിവിദ്യാഭ്യാസവും.


Study report
സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതിട്ട മലയാളമണ്ണില്‍ അറിവിന്റെ സാര്‍വ്വത്രീകരണം എന്നും ഒരു ലക്ഷ്യം തന്നെയായിരുന്നു . അധസ്ഥിത സമൂഹത്തിന്റെ അജണ്ടയില്‍ നേടിയെടുക്കേണ്ട അവകാശമായി അറിവ് മാറി. സമ്പൂര്‍ണ സാക്ഷരതാ പ്രവര്‍ത്തനം വഴി എഴുതാനും വായിക്കാനും പഠിച്ചവര്‍ ആ പാതയില്‍ കൂടുതല്‍ മുന്നേറണമെന്ന് ആഗ്രഹിക്കുകയും അതിനനുസൃതമായി സര്‍ക്കാരിന്റെയും സാക്ഷരതാ മിഷന്റെയും ഭാഗത്തു നിന്നും സവിശേഷ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുകയും ചെയ്തപ്പോള്‍ അത് ആവശ്യാധിഷ്ഠിത പഠനത്തിന്റെ സമാന്തരധാര സൃഷ്ടിച്ചു. നവസാക്ഷരര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ആയിരുന്നു ആദ്യ ലക്ഷ്യം. നാലാം ക്ലാസ് തുല്യതാ പരിപാടിയോടുളള പ്രതികരണം ആശാവഹമായിരുന്നു. നാലാം ക്ലാസ് തുല്യതാപരീക്ഷയില്‍ വിജയിച്ചവര്‍ക്കു കുടുതല്‍ പഠിക്കാനുളള അവസരം ഒരുക്കേണ്ടത് അനിവാര്യമായി. അങ്ങനെ ഏഴാം ക്ലാസ് തുല്യതാപരിപാടിയും തുടര്‍ന്ന് പത്താം ക്ലാസ് തുല്യതാ പരിപാടിയും കേരളത്തില്‍ ആവിഷ്കരിച്ചു നടപ്പിലാക്കി.

ഏഴു വര്‍‌ഷം മുമ്പാണ് കേരളസാക്ഷരതാമിഷന്‍ പത്താം ക്ലാസ് തുല്യതാപരിപാടി ആരംഭിച്ചത്. തുല്യതാപരിപാടിപ്രകാരം ഏഴാം ക്ലാസ് വിജയിച്ചവരും ഔപചാരിക വിദ്യാഭ്യാസത്തിലൂടെ സെക്കണ്ടറി തലത്തിലെത്തി വിജയകരമായി പൂര്‍ത്തീകരിക്കാത്തവര്‍ക്കും പത്താം ക്ലാസ് തുല്യതാപരിപാടിയില്‍ ചേരാവുന്നതാണ്. ഓരോ വര്‍ഷവും തുല്യതാപഠിതാക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവാണ് കാണുന്നത്. ഈ പ്രവണത പ്രത്യേക പഠനം ആവശ്യപ്പെടുന്നു. എന്തെന്തു കാരണങ്ങളാലാണ് ഇവര്‍ ഔപചാരിക വിദ്യാഭ്യാസ ധാരയില്‍ നിന്നും പുറന്തളളപ്പെട്ടത്? അല്ലെങ്കില്‍ അവര്‍ക്കു പൊതുവിദ്യാഭ്യാസം അപ്രാപ്യമായത്? ഇപ്പോള്‍ അവരില്‍ പഠനതൃഷ്ണയുണ്ടാകുവാന്‍ കാരണമെന്താണ്.? തുല്യതാ പഠനത്തോട് അവര്‍ക്കുളള സമീപനം എന്താണ്? എന്നീ കാര്യങ്ങള്‍ പരിശോധിക്കുന്നത് പ്രസക്തമാണ്.
പഠനലക്ഷ്യങ്ങള്‍
  1. തുല്യതാപഠിതാക്കള്‍ ഔപചാരിക സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തീരിക്കാന്‍ കഴിയാതെ പോയതിന്റെ കാരണങ്ങള്‍ കണ്ടെത്തുക
  2. ഒരിക്കല്‍ പഠനം നിറുത്തിയവര്‍ ഇപ്പോള്‍ പത്താം ക്ലാസ് തുല്യതാപരിപാടിയില്‍ ചേരുവാന്‍ തീരുമാനിച്ചതിന്റെ കാരണങ്ങള്‍ കണ്ടെത്തുക
  3. സെക്കണ്ടറി വിദ്യാഭ്യാസത്തിലെ കൊഴിഞ്ഞു പോക്ക് പരിഹരിക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ രൂപ്പെടുത്തുക.
പഠനരീതി
വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ഇടുക്കി ജില്ലയെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്.
ജില്ലയില്‍ പീരുമേട് ,തൊടുപുഴ,വണ്ടിപ്പെരിയാര്‍,കട്ടപ്പന ,വാഴത്തോപ്പ് എന്നീ അഞ്ച് പഠനകേന്ദ്രങ്ങളാണുളളത് . എല്ലാ പഠനകേന്ദ്രങ്ങള്‍ക്കും പ്രാതിനിധ്യം വരത്തക്ക വിധം 119 പഠിതാക്കളെ സാമ്പിളായെടുത്തു. ചോദ്യാവലി ഉപയോഗിച്ചു സര്‍വെ രീതിയിലൂടെ വിവരം ശേഖരിച്ചു.
പഠിതാക്കളിലെ സ്തീ -പുരുഷ പ്രാതിനിധ്യം
പഠനവിധേയമായ തുല്യതാ പഠിതാക്കളില്‍ 67ശതമാനം പേരും വനിതകളാണ്. 33 ശതമാനം മാത്രമാണ് പുരുഷന്മാര്‍. തുല്യതാ പഠിതാക്കളില്‍ കൂടുതല്‍ സ്തീകള്‍ അണെന്നതിന്റെ അര്‍ഥം സ്തീകള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതിനു വേണ്ട സാമൂഹിക പിന്തുണ കിട്ടിയില്ല എന്നാണ്. ഇത് കുടുംബത്തിലെ വിദ്യാഭ്യാസപരഗണനകളില്‍ സ്ത്രീകള്‍ക്കു രണ്ടാം സ്ഥാനം മാത്രം കല്പിക്കപ്പെടുന്നതില്‍ മാറ്റം വരാത്ത കൊണ്ടാകണം .കുടുംബങ്ങളുടെ സാമ്പത്തികസാംസ്കാരിക സ്ഥിതിയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. അതു കൊണ്ടു തന്നെ അത്തരം കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്.
പ്രായം
തുല്യതാ പഠിതാക്കളുടെ പ്രായം പരിശോധിച്ചാല്‍ നാല്പത് വയസ്സില്‍ താഴെയുളളവര്‍ 76ശതമാനം വരും. അവരില്‍ത്തന്നെ 21-30 പ്രായപരിധിയിലുളളവര്‍ മുപ്പത്തി രണ്ടു ശതമാനവും ഇതുപത്തിയെന്നു വയസ്സില്‍ താഴെയുളളവര്‍ എട്ടു ശതമാനവുമുണ്ട്. നാല്പത് വയസ്സിനു മുകളിലുളള 24ശതമാനം പേരുണ്ട് അവരില്‍ 7 ശതമാനം അമ്പതു കഴിഞ്ഞവരാണ്. 93 % പേരും അമ്പതില്‍ താഴേ പ്രായമുളളവരാണ്. അതായത് കേരളപ്പിറവിക്കു ശേഷം ജനിച്ചവര്‍.ആയിരത്തിത്തൊളളായിരത്തി എഴുപതുകള്‍ മുതല്‍ ജനിച്ചവരാണ് നാല്പത് വയസ്സില്‍ താഴെയുളള 76ശതമാനത്തില്‍ പെടുന്നത്. വിദ്യാഭ്യാസ സൗകര്യങ്ങളുടെ വ്യാപനഘട്ടത്തിലും വിദ്യാഭ്യാസത്തില്‍ നിന്നും പുറന്തളളപ്പെടുന്നവരുണ്ട് എന്നാണിതു സൂചിപ്പിക്കുന്നത്.
ഇനിയുളള ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുകിട്ടിയ വാദ്യാഭ്യാസ അവസരം പ്രയോജനപ്പെടുത്താന്‍ അമ്പതു വയസ്സു കഴി‍ഞ്ഞവരുള്‍പ്പടെ മുന്നോട്ടു വന്നു എന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
വിദ്യാഭ്യാസയോഗ്യത
പത്താം ക്ലാസ് തുല്യതാപരിപാടിയില്‍ ചേര്‍ന്നവരില്‍ എട്ടു ശതമാനം പേര്‍ ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുളളവരാണ്. അതായത് ഏഴാം ക്ലാസ് തുല്യതാ പരിപാടിയില്‍ പങ്കെടുത്തു വിജയിച്ചവരേക്കാള്‍ പലകാരണങ്ങളാല്‍ ഹൈസ്കൂള്‍ ക്ലാസുകളില്‍ വെച്ചു പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായവരാണ് പത്താം ക്ലാസ് തുല്യതാപരിപാടിയുടെ ഗുണഭോക്താക്കളില്‍ 92% പേരും. ആകെയുളളവരില്‍ 17% പേര്‍ ഒമ്പതാം ക്ലാസില്‍ വെച്ചു പഠനം നിറുത്തിയവരാണ്. 33% പേര്‍ എട്ടാം ക്ലാസ് വരെ പഠിച്ചു. അതായത് തുല്യതാ പഠിതാക്കളില്‍ 50%പത്താം ക്ലാസിലെത്താതെ പഠനം നിറുത്തിയവരാണ്. പത്താംക്ലാസ് വരെ പഠിച്ചവര്‍ 52 % ഉണ്ട്.

കേരളത്തില്‍ സെക്കണ്ടറി വിഭാഗത്തില്‍ കൊഴിഞ്ഞുപോക്ക് ഉണ്ട് എന്നാണിത് സൂചിപ്പിക്കുന്നത്. പഠിതാക്കളുടെ പ്രായം പരിഗണിച്ചാല്‍ കുറെയേറെ വര്‍ഷമായി കൊഴിഞ്ഞു പോക്കിന്റെ പ്രവണത തുടരുന്നതായി മനസിലാക്കാം. കൊഴിഞ്ഞു പോക്കിനു പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ തുല്യതാപരിപാടി ഒരു കാലത്തും അവസാനിപ്പിക്കാനാകാത്ത ഒന്നായി മാറും. ഇതു പൊതു വിദ്യാഭ്യാസത്തിന്റെ ശോഭ കെടുത്തും. പഠനം ഇടയ്ക്കു വെച്ചു നിറുത്തുവാനുളള കാരണങ്ങള്‍ ആരാഞ്ഞപ്പോള്‍ കിട്ടിയ വിവരങ്ങള്‍ പരിശോധിക്കാം.
എന്തു കൊണ്ടാണ് പഠനം നിറുത്തിയത്?
പഠനം ഇടയ്കു വെച്ചുപേക്ഷിക്കപ്പെടാനുളള ഒന്നിലധികം കാരണങ്ങള്‍ ഉണ്ടാകാനിടയുളളതിനാല്‍ അവയെല്ലാം ശേഖരിക്കുന്നതിനു ശ്രമിക്കുകയുണ്ടായി. തുല്യാതാപഠിതാക്കള്‍ വ്യക്തമാക്കിയ കാരണങ്ങള്‍ ചുവടെ നല്‍കുന്നു.
ക്രമനമ്പര്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാഞ്ഞതിന്റെ കാരണം
%
1
തോറ്റു പോയതിനാല്‍
52
2
വീട്ടിലെ സാമ്പത്തിക പ്രയാസം
42
3
ചില വിഷയങ്ങള്‍ പ്രയാസമായതിനാല്‍
33
4
പഠിക്കാന്‍ താല്പര്യം തോന്നിയില്ല
24
5
ജോലിക്കു പോകേണ്ടി വന്നതിനാല്‍
22
6
പ്രോത്സാഹിപ്പിക്കാന്‍ ആരുമുണ്ടായില്ല
22
7
കുടുംബ പ്രശ്നങ്ങള്‍
20
8
സ്കൂളിലേക്കുളള ദൂരക്കൂടുതല്‍
16
9
ആരോഗ്യപരമായ കാരണങ്ങള്‍
15
10
കൂട്ടുകാര്‍ കളിയാക്കുന്നതിനാല്‍
2
11
അധ്യാപകരുടെ പെരുമാറ്റം
0
12
മറ്റു കാരണങ്ങള്‍
3

അമ്പത്തിരണ്ട് ശതമാനം പേര്‍ തോല്‍വി കാരണമാണ് പഠനം എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടി വന്നത് എന്നു സൂചിപ്പിച്ചു. പഠനത്തില്‍ പിന്നാക്കമായിപോകുന്നവരെ പ്രത്യേകം പരിഗണിച്ചുളള ബോധനരീതിയുടെ അഭാവം, തോല്‍വിയെ വ്യക്തഗതപ്രശ്നമായി മാത്രം കാണുന്ന രീതി, ആത്മവിശ്വാസവും പിന്തുണയും വേണ്ടപ്പോള്‍ നല്‍കാത്തത് തുടങ്ങിയ ഘടകങ്ങള്‍ തോല്‍വിയിലേക്കു നയിച്ചിട്ടുണ്ടാകാം. 33 ശതമാനം പേര്‍ 'ചില വിഷയങ്ങള്‍ പഠിക്കാന്‍ പ്രയാസമായിരുന്നുവെന്നു' വ്യക്തമാക്കിയിട്ടുണ്ട്. പാഠ്യപദ്ധതിയും ബോധനരീതിയും ഇവിടെ പ്രതിക്കൂട്ടിലാകുന്നു. അഭിരുചിക്കിണങ്ങുന്ന വിദ്യാഭ്യാസം സാധ്യാമാക്കാത്തിടത്തോളം ഇത്തരം പ്രവണതകള്‍ തുടരാം.

വീട്ടിലെ സാമ്പത്തിക പ്രയാസം കാരണം പഠനം നിറുത്തേണ്ടി വന്നവരാണ് 42 ശതമാനം. ജോലിക്കു പോകേണ്ടി വന്നത് കാരണമായി സൂചിപ്പിച്ച ഇരുപത്തിരണ്ടു ശതമാനമുണ്ട് .പഠിക്കേണ്ട കാലത്ത് പണിക്കു പോകേണ്ടി വരുന്ന ദയനീയമായ സ്ഥിതി കേരളത്തില്‍ നിലവിലുണ്ട് .ഇതു വേണ്ടത്ര പ്രാധാന്യത്തോടെ പൊതു സമൂഹം ചര്‍ച്ച ചെയ്യുന്നില്ല . ദരിദ്രജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയെകുറിച്ചു സമൂഹം കൂടുതല്‍ ജാഗ്രതയോടെ സമീപിക്കേണ്ടതുണ്ട്.

കുടുംബപ്രശ്നം, ദൂരം എന്നിവയടക്കം പഠനം നിറുത്തുവാനുളള മറ്റു കാരണങ്ങളും പ്രസക്തമാണ്. വിദ്യാലയത്തിനെ മാത്രം കേന്ദ്രീകരിച്ചുളള ഇടപെടലുകള്‍ക്ക് പരിമിതിയുണ്ടെന്നാണിതു സൂചിപ്പിക്കുന്നത്. നിര്‍ദ്ദിഷ്ട പ്രായത്തിലുളള എല്ലാവരും ഗുണതയോടെ പഠനം പൂര്‍ത്തിക്കുന്നുണ്ടെന്നുറപ്പാക്കല്‍ പ്രാദേശിക സമൂഹത്തിന്റെ അജണ്ടയാകണം. അതിനുളള സാമൂഹിക മോണിറ്ററിംഗ് സംവിധാനം വികസിപ്പിക്കേണ്ടതാണ്.പഞ്ചായത്ത് വിദ്യാഭ്യാസ സമതികളുടെ പ്രവര്‍ത്തനരീതി പുനര്‍നിര്‍ണയിക്കപ്പെടുകയും വേണം.
രക്ഷിതാക്കളുടെ വിദ്യാഭ്യാസ യോഗ്യത
തുല്യതാപഠിതാക്കളുടെ രക്ഷിതാക്കള്‍ എത്രത്തോളം വിദ്യാഭ്യാസം ചെയ്തവരാണ്?. മുപ്പത്തഞ്ച് ശതമാനം പഠിതാക്കളുടെ രക്ഷിതാക്കള്‍ മാത്രമാണ് സെക്കണ്ടറി വിദ്യാഭ്യാസയോഗ്യത നെടിയത്.ഹയര്‍സെക്കണ്ടറി തലത്തിലെത്തിയവര്‍ കേവലം മൂന്നു ശതമാനം മാത്രം. അമ്മമാരില്‍ പന്ത്രണ്ട് ശതമാനം നിരക്ഷരരും ഇരുപത്തിയാറ് ശതമാനം ലോവര്‍ പ്രൈമറിവിദ്യാഭ്യാസമുളളവരുമാണ്.പഠിതാക്കളുടെ അച്ഛന്മാരുടെ കാര്യം പരിഗണിച്ചാല്‍ നിരക്ഷരരും ലോവര്‍ പ്രൈമറി വിദ്യാഭ്യാസമുളളവരുമാണ് യഥാക്രമം 7, 21 ശതമാനം പേര്‍. മാതാപിതാക്കളുടെ താഴ്നവിദ്യാഭ്യാസനിലവാരം മക്കളുടെ പഠനത്തെ സ്വാധീനിച്ചിട്ടുണ്ടാകണം. ഇതു വീട്ടില്‍ നിന്നും ലഭിക്കേണ്ട പ്രചോദനത്തിന്റെ തോത് കുറയുന്നതിനിടയാക്കിയിട്ടുണ്ട് എന്നനുമാനിക്കാവുന്നതാണ്. 22 ശതമാനം പഠിതാക്കള്‍ പഠനം നിറുത്തുവാനുളള കാരണങ്ങളിലൊന്നായി 'വീട്ടില്‍ പ്രോത്സാഹിപ്പിക്കുവാനാരുമില്ലായിരുന്നു'വെന്ന് ചുണ്ടിക്കാട്ടിയത് ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ്. തുല്യത പോലുളള പ്രപാടികള്‍ ഫലപ്രദമായി നടപ്പിലാക്കിയില്ലെങ്കില്‍ വിദ്യാലയത്തില്‍ നിന്നും കൊഴിഞ്ഞു പോയവരുടെ മക്കളും ഭാവിയില്‍ വീടുകളില്‍ നിന്നും പിന്തുണയും പ്രചോദനവും കിട്ടാത്തതുമൂലമുളള പ്രശ്നങ്ങള്‍ അനുഭവിക്കാനിടയുമുണ്ട്.
എന്തുകൊണ്ടു തുല്യതാപഠനത്തിനെത്തി?
പത്താം ക്ലാസ് തുല്യതയ്ക്കു ചേരുന്നതിനു കാരണങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.
ക്രമനമ്പര്‍
കാരണങ്ങള്‍
%
1
തൊഴില്‍പരം
50
2
ഉദ്യോഗകക്കയറ്റം
8
3
ഉപരിപഠനം
7
4
പത്താംക്ലാസ് ജയിക്കണമെന്ന മോഹം
3
5
കാരണം വ്യക്തമാക്കാത്തവര്‍
32
കൂടുതല്‍ പഠിക്കണമെന്നു ആഗ്രഹം മൂലം എത്തിയവര്‍ ഏഴു ശതമാനം മാത്രമാണ്. മൂന്നു ശതമാനം പേര്‍ക്കു പത്താം ക്ലാസ് ജയിക്കുകയെന്ന അതിയായ മോഹമാണ് പ്രചോദകഘടകം.ഫലത്തില്‍ അമ്പത്തിയെട്ടു ശതമാനം തൊഴില്‍പരമായ കാരണങ്ങളാലാണ് തുല്യതാപഠനത്തിനെത്തിയത്. പഠിതാക്കളുടെ തൊഴില്‍ നില സംബന്ധിച്ച വിവരങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ തെളിച്ചം നല്‍കും.
തൊഴില്‍
ഏതെങ്കിലും തൊഴിലുളളവരാണ് 70% പേരും. പഠിതാക്കളുടെ തൊഴില്‍ സംന്ധിച്ച വിശദാംശങ്ങള്‍ നോക്കാം. അങ്കണവാടി ഹെല്പര്‍ ( 33.7% ) ,ഡ്രൈവര്‍ ( 13.3 %) ,പ്യൂണ്‍ (4.8% ), തയ്യല്‍ (4.8% ), ഹോട്ടല്‍ വേല ( 3.6% ) കെട്ടിടനിര്‍മാണത്തൊഴില്‍ ( 2.4%), കൃഷി ( 8.4% ) മറ്റ് അസംഘടിത തൊഴിലുകളായ മരപ്പണി, വാഹനത്തൊഴില്‍, പാചകത്തൊഴില്‍, വീട്ടുവേല, കൂലിപ്പണി എന്നിവയിലേര്‍പ്പെട്ടിരിക്കുന്നവര്‍ 29% വും വരും. ഇവരുടെ തൊഴിലുകള്‍ പരിശോധിച്ചാല്‍ മിക്കതും താഴ്ന്നവരുമാനം ലഭിക്കുന്നതും സ്ഥിരതയില്ലാത്തവയുമാണ്. വിദ്യാഭ്യാസ യോഗ്യത തൊഴിലിനെയും വരുമാനത്തെയും സാമൂഹിക പദവിയെയും വലിയതോതില്‍ സ്വാധീനിക്കുന്നു എന്ന തിരിച്ചറിവ് തുല്യതാവിദ്യാഭ്യാസപരിപാടിയില്‍ ചേരുന്നതിനു കാരണമായിട്ടുണ്ട്.കൂടുതല്‍ വരുമാനമുളള തൊഴില്‍ ലക്ഷ്യമിട്ടാണ് തുല്യതാപഠനത്തിനെത്തയതെന്ന അഭിപ്രായത്തെ സാധൂകരിക്കുന്നതാണ് ഈ വിവരങ്ങള്‍. തൊഴില്‍രഹിതരായ മുപ്പതുശതമാനം പേര്‍ തുല്യതാപഠിതാക്കളായുണ്ട്.
തുല്യതപഠനത്തെക്കുറിച്ചുളള വിലയിരുത്തല്‍
തുല്യത ക്ലാസിലെ പഠനം തൃപ്തികരമാണെന്നു നൂറുശതമാനം പേരും അഭിപ്രായപ്പെട്ടു. അധ്യാപകര്‍ നല്ല പ്രോത്സാഹനവും സഹായവും നല്‍കുന്നവെന്നും മനസ്സിലാകുന്ന രീതിയില്‍ പഠിപ്പിക്കുന്നുവെന്നുംഎല്ലാ കേന്ദ്രങ്ങളിലെയും പഠിതാക്കള്‍ അഭിപ്രായപ്പെട്ടു. അധ്യാപകരുടെ പോരുമാറ്റവും അവരില്‍ മതിപ്പുളവാക്കിയിട്ടുണ്ട്.
പഠനവുമായി ബന്ധപ്പെട്ടു നേരിടുന്ന പ്രധാന പ്രയാസങ്ങളിലൊന്നായി ചൂണ്ടിക്കാട്ടിയത് പഠനകേന്ദ്രത്തിലേക്കുളള ദൂരക്കൂടുതലാണ്. രാവിലെ വീട്ടില്‍ നിന്നും ഉച്ചഭക്ഷണം തയ്യാറാക്കി വരുന്നതിനു പ്രയാസമുണ്ട്.ജോലി,മതപരമായ ചടങ്ങുകള്‍ എന്നിവ കാരണം എല്ലാ ക്ലാസുകളിലും മുടങ്ങാതെ പങ്കെടുക്കാന്‍ പറ്റാത്തതെ വരുന്നതും പഠനത്തില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു.
തുല്യതാപരിപാടി മെച്ചപ്പെടുത്തുന്നതിനായി സൗജന്യ ഉച്ചഭക്ഷണ പരിപാടി തുല്യതാക്ലാസുകള്‍ക്കും ബാധകമാക്കുക, ദൂരം പരിഗണിച്ച് കേന്ദ്രങ്ങള്‍ പുനക്രമീകരിക്കുക എന്നിവയാണ് പഠിതാക്കള്‍മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ .
കണ്ടെത്തലുകള്‍
  1. ഹൈസ്കൂള്‍ ക്ലാസുകളില്‍ നിന്നും കൊഴിഞ്ഞു പോയവരാണ് ബഹുഭൂരിപക്ഷം തുല്യതാപഠിതാക്കളും.
  2. തോല്‍വികാരണം പഠനം നിറുത്തിയവര്‍ അമ്പത്തിരണ്ടു ശതമാനംപേരുണ്ട്. ചിലവിഷയങ്ങള്‍ പ്രയാസമായതും പഠിക്കാന്‍ താല്പര്യം തോന്നാത്തതും കാരണം പഠനം ഉപേക്ഷിച്ചവരുമുണ്ട്. അതായത് സെക്കണ്ടറി തലത്തിലെ പാഠ്യപദ്ധതി , ബോധനരീതി എന്നിവ കൊഴിഞ്ഞു പോക്കിനു കാരണമായിട്ടുണ്ട്.
  3. ശിശുകേന്ദ്രിത ബോധനരീതി ഓരോ കുട്ടിയുടെയും ആവശ്യത്തെ പരിഗണിക്കുന്നതും കുട്ടിയുടെ പ്രശ്നങ്ങള്‍ കണ്ടെത്തി യഥാസമയം അനുയോജ്യമായ സഹായവും പ്രോത്സാഹനവും നല്കുന്നതുമാണെങ്കിലും സെക്കണ്ടറി തലത്തിലെ ഒരു വിഭാഗം കുട്ടികള്‍ക്ക് അത്തരം പിന്തുണ ലഭിക്കാത്തത് ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നു,.
  4. പഠിതാക്കളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ കൊഴിഞ്ഞു പോക്കിലേക്കു നയിച്ചിട്ടുണ്ട്. കുടുംബത്തിലെ സാമ്പത്തിക പ്രയാസം, ജോലിക്കു പോകേണ്ടി വന്നത് എന്നിവ പഠനം നിറുത്തുവാനുളള കാരണമായി നല്ലൊരു ശതമാനം പേര്‍ ചൂണ്ടിക്കാട്ടി.
  5. പ്രോത്സാഹനം കിട്ടാത്തത് ,കുടുംബപ്രശ്നങ്ങള്‍ , വിദ്യാലയത്തിലേക്കുളള ദൂരക്കൂടുതല്‍ എന്നിവയും കൊഴിഞ്ഞു പോക്കലേക്കു നയിച്ചിട്ടുണ്ട്.
  6. കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നയിക്കണമെന്ന ആവശ്യബോധമാണ് ഇപ്പോള്‍ തുല്യതാപരിപായില്‍ ചേരുന്നതിനു പ്രേരിപ്പിച്ചത്.
  7. അധ്യാപകര്‍ നല്ല പ്രോത്സാഹനവും സഹയാവും നല്‍കുന്നതിനാല്‍ തുല്യതാപഠനം തൃപ്തി നല്‍കുന്നു.
നിര്‍ദ്ദേശങ്ങള്‍
  1. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ദൗര്‍ബല്യങ്ങള്‍ കാരണം കൊഴിഞ്ഞുപോയവരെ തുല്യതാപരിപിടിയിലൂടെ പഠിപ്പിക്കുക എന്നതിനു പകരം എല്ലാ വിദ്യാര്‍ഥികള്‍ക്കും ഗുണമേന്മയുളള വിദ്യാഭ്യാസം ഉറപ്പാക്കുന്ന വിധം സെക്കണ്ടറി വിദ്യാഭ്യാസം കൂടുതല്‍ കാരക്ഷമമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണം.
  2. പാഠ്യപദ്ധതി പുനരാലോചനയ്കു വിധേയമാക്കണം.എല്ലാവര്‍ക്കും ഒരേ തരം പാഠ്യപദ്ധതി നിര്‍ബന്ധിക്കേണ്ടതുണ്ടതില്ല സാമാന്യ നിലവാരം ( ഒ ലവല്‍ ), സവിശേഷ നിലവാരം (എ ലവല്‍) പാഠ്യപദ്ധിതികളെക്കുറിച്ചുളള ആലോചനകള്‍ പ്രാവര്‍ത്തികമാക്കുന്നതിനു നടപടി സ്വീകരിക്കണം. ഇതു വഴി ചില വിഷയങ്ങളില്‍ പ്രയാസമുളളതു കാരണം പഠനം ഉപേക്ഷിക്കുന്ന അവസ്ഥയ്ക്കു പരിഹാരം കാണുവാനും താല്പര്യമുളള വിഷയത്തില്‍ ഉയര്‍ന്ന പഠനത്തിനു വഴിയൊരുക്കുന്നതിനും കഴിയും.
  3. ബോധനരീതിയില്‍ വ്യക്തിഗത പരിഗണനയുണ്ടാകണം. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൂടി വഴങ്ങും വിധം collaborative learning groups രൂപീകരിക്കണം. പഠനപ്രക്രിയയുടെ ഓരോ ഘട്ടത്തിലും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൈത്താങ്ങ് നല്‍കുന്ന രീതി പ്രാവര്‍ത്തികമാക്കണം..
  4. വിദ്യാഭ്യാസ അവകാശനിയമം എട്ടാം ക്ലാസ് വരെയുളള കുട്ടികളെയാണ് അതിന്റെ പരിധിയില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് പത്താം ക്ലാസ് വിദ്യാഭ്യാസം അവകാശമായി പ്രഖ്യാപിക്കണം.
  5. കുട്ടികളുടെ സാമൂഹിക സാമ്പത്തിക കുടുംബ പ്രശ്നങ്ങള്‍ മനസ്സിലാക്കി പ്രദേശികമായ പിന്തുണാപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും ഓരോ വിദ്യാര്‍ഥിയുടെയും പഠനത്തെ ട്രാക്ക് ചെയ്യുന്നതിനു സംവിധാനമൊരുക്കുന്നതിനും പഞ്ചായത്തുകളെ ചുമതലപ്പെടുത്തണം. ഇപ്പോള്‍ ഹൈസ്കൂള്‍ വിദ്യാലയങ്ങളുടെ ചുമതല ജില്ലാ പഞ്ചായത്തിനാണ്. കുട്ടികളുടെ പഠനം ഇടമുറിയാതെ നടക്കുന്നവെന്നു മോണിറ്റര്‍ ചെയ്യുന്നതിനുളള ചുമതല ഗ്രാമപഞ്ചായത്തുകള്‍ക്കു നല്‍കാവുന്നതാണ്.
  6. ഒരു കുട്ടി പഠനം ഉപേക്ഷിക്കുന്നത് വലിയൊരു സാമൂഹിക ,അക്കാദമിക പ്രശ്നമായി കാണുന്നതിനു പകരം ആ കുട്ടിയുടെ വ്യക്തിപരമായ പ്രശ്നമായി കാണുന്ന സമീപനം മാറണം. ഔദ്യോഗിക സംവിധാനം പഠനപ്രയാസങ്ങളനുഭവിക്കുന്ന കുട്ടികളെ മുഖ്യധാരയില്‍ നിലനിര്‍ത്തുന്നതിന് കൂടുതല്‍ ക്രിയാത്മകമായ പരിപാടികള്‍ ആസൂത്രണം ചെയ്യണം. അധികകോച്ചിംഗ് എന്ന ഒറ്റമൂലി മാത്രം പ്രയോഗിക്കുകയല്ല വേണ്ടത്.
  7. കുട്ടികള്‍ പരാജയപ്പെടുന്നതിനുളള കാരണം വിദ്യാലയത്തിലും അധ്യാപകരിലും മാത്രമല്ല .കരിക്കുലം നിര്‍മാതാക്കളടക്കമുളളവര്‍ ഇതിനു കാരണക്കാരാണ്. ഇത്തരം സമിതികള്‍ക്ക് ഗവേഷണസംസ്കാരം ഉണ്ടാകണം.
  8. പൊതുവിദ്യാഭ്യാസത്തിനറെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുക, സമൂഹത്തിന്റെ പഠനോത്സുകതയെ പ്രോത്സാഹിപ്പിക്കുന്നതിനു സഹായകമായ പ്രദേശിക പഠനക്കൂട്ടായ്മകള്‍ വളര്‍ത്തിക്കൊണ്ടു വരിക, വിദ്യാഭ്യാസം അവകാശമാണെന്ന നിലപാട് സമൂഹബോധത്തില്‍ ശക്തമാക്കുക തുടങ്ങിയ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്താലേ മിക്കച്ച സാംസ്കാരിക വിദ്യാഭ്യാസ അവബോധമുളള കേരളം രൂപപ്പെടൂ.
T.P.Kaladharan

2 comments:

Prasanna Raghavan said...

വളരെ ശ്രദ്ധേയമായ അറിവുകൾ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്നു എന്നു പറയുന്ന ഒരു സ്റ്റേറ്റിൽ നിന്നാണ് ഇത്തരം വിവരങ്ങൾ വരുന്നത്, എന്നത് വളരെ ചിന്തിപ്പിക്കേണ്ട ഒരു കാര്യമാണ്; അതുപോലെ ഈ കൊഴിഞ്ഞുപോക്കിനു വിധേരായവരിൽ എത്ര ശതമാനം ജാതിമതപര വ്യവസ്ഥകൾ അനിസരിച്ച് ‘മുന്നോക്കരും’ ‘പിന്നോക്കരും’ ആണെന്നുള്ളതും അറിയേണ്ടതുണ്ട്; സംവരണം എത്ര തലം വരെ പ്രയോജനപ്പെട്ടു എന്നുള്ളതും ഇതിന്റെ ഒരു പാർശ്വതല ബെനൈഫിറ്റ് ആയി പഠിക്കുന്നതു നന്നായിരിക്കും.

harixcd said...

ഒഴിവു ദിനങ്ങളിൽ പത്താംതരം തുല്യത ക്ലാസ്സ്‌ എടുക്കാൻ പോകാറുണ്ട്. ക്ലാസ്സ്‌ മുറിയിലെ എണ്ണം സങ്കടപെടുത്താറുണ്ട്. തിരിച്ചു സ്കൂളിൽ എത്തിയാൽ വിഷമം തോന്നും. ഇതിലെ ഏതെങ്കിലും കുട്ടികൾ തോറ്റാൽ അവർ തുല്യത ക്ലാസ്സിനെത്തും . കഴിഞ്ഞ ആറു മാസമായി ഈ ചിന്ത കടന്നു കൂടിയിട്ട്. ഗൗരവമായി പരിഹരിക്കണം. ക്ലാസിന് എത്തിയിലെങ്കിലും ജയിക്കാം എന്ന ചിന്ത തുല്യത ക്ലാസ്സുകളിൽ കടന്നു കൂടിയിട്ടുണ്ടോ എന്നും പരിശോധിക്കണം.